Sunday, May 13, 2012

സ്വന്തം അബൂദി.. ഫ്രം ജിന്നങ്ങാടി!

ഒന്നു പ്രശസ്‌തനാവണം. നാലാള്‌ നമ്മെ പറ്റി പറയണം. പത്തു പേരു കണ്ടാല്‍ തിരിച്ചറിയണം.  
"ഓനാളൊരു വെറും മൊയ്ന്തല്ല" എന്ന്‌ അറ്റ്‌ ലീസ്റ്റ്‌ നാട്ടിലെ പരബ്രഹ്മ കീടങ്ങളെങ്കിലും പറയണം. 
എന്തെല്ലാം ചെയ്‌തു നോക്കി. കാ ഫലം നഹി. മണ്ടവരയുണ്ടോ മണ്ടി നടന്നാല്‍ മായുന്നു!?
ഒരു ബല്ല്യക്കാട്ടെ പാട്ടുകാരനായി ആളുകളെയൊക്കെ പാട്ടിലാക്കാമെന്നാദ്യം കരുതി. "ഉമ്മാ നിക്ക്‌ പാട്ട്‌ പഠിക്കണം" എന്നൊരപേഷ ഉമ്മാന്റെ മുമ്പില്‍ വെച്ചപ്പോള്‍ , അത്രേം നേരം സൊയ്‌ര്യക്കേട്‌ വീട്ടിന്നൊഴിഞ്ഞ്‌ കിട്ടുമല്ലോ എന്നോര്‍ത്താവും സമ്മതം മൂളിയത്‌. നേരെ വച്ചു പിടിപ്പിച്ചത്‌ കൊല്ലത്തൂന്നെങ്ങാണ്ടും വന്ന്‌ ഞങ്ങളുടെ നാട്ടില്‍ സംഗീത ക്ളാസ്‌ നടത്തുന്ന രാജേന്ദ്രന്‍ മാഷിന്റെ അടുത്തേക്ക്‌. പാട്ടു പാടാനുള്ള വാസനയുണ്ടോ എന്നറിയാന്‍ അദ്ദേഹം എന്നെക്കൊണ്ടൊരു പാട്ടു പാടിച്ചു. എന്റെ പാട്ടു കേട്ട്‌ അദ്ദേഹം അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമയിലെ കഥാപാത്രത്തെ പോലെ ഒരിരുത്തമിരുന്നു. എന്നിട്ടവസാനം പറഞ്ഞു. 
"മോനെ. മോനിപ്പോ തന്നെ നന്നായിട്ടൊക്കെ പാടുന്നുണ്ട്‌. നിനക്കു പറഞ്ഞു തരാന്‍ എന്റെ അറിവൊന്നും പോര. അതോണ്ട്‌, ന്റെ മോന്‍ പോയിട്ട്‌ വല്ല പോലീസിലും ചേര്‌. നിന്റെ പാട്ട്‌ അങ്ങേയറ്റം വയലന്റായ ഒരു ജനക്കൂട്ടത്തെ മൊത്തം പിരിച്ചുവിടാന്‍ പര്യാപ്‌തമാണ്‌." 
അങ്ങിനെ ആ ലഢു പൊട്ടിപ്പോയി. ഇനിയിപ്പോള്‍ എന്താണൊരു വഴിയെന്ന്‌ ഇരുന്നും കിടന്നും നടന്നുമാലോചിച്ചു. 
അവസാനം, ഒടുക്കത്തിന്റെ മുക്കാകോണില്‍ വച്ച്‌, സകലമാന സ്വപ്നങ്ങളും അട്ടത്തേക്ക്‌ തട്ടാന്നേരം, പൊകപാളിയ ഒരു ഐഡിയ ഉദിച്ചു വന്നു.
ബൂലോകത്തിന്റെ വടക്കേ മുറ്റത്ത്‌ ഗൂഗിളമ്മച്ചിയെ സോപ്പിട്ടൊരു നാലു സെണ്റ്റ്‌ സ്ഥലം ഒപ്പിച്ചെടുത്ത്‌, അവിടിരുന്നൊന്ന്‌ ബ്ളോഗിയേക്കാം എന്നായിരുന്നു ആ ഐഡിയ. 
വാട്ടെ ഫന്റാസ്റ്റിക്ക് ഐഡിയ സേഠ്ജീ.... ഇണ്റ്റയ്ഡിയ കാന്‍ ചെയ്ഞ്ച്‌ ആരാന്റെ ലൈഫ്‌ എന്നാണല്ലോ സേഠ്ജി പറഞ്ഞിരിക്കുന്നത്‌!
ഒരു സാദാ മലയാളിയായതിനാല്‍ അടുത്ത ഏഴു ജന്‍മത്തേക്ക്‌ വിഷയ ദാരിദ്ര്യം എന്നൊന്നുണ്ടാവില്ല. സൂര്യന്‌ താഴെയുള്ള എന്തിനെക്കുറിച്ചും നമുക്കുള്ള അത്രയും അറിവ്‌ മറ്റാര്‍ക്കുമില്ലല്ലൊ? 
എന്തെഴുതണം എന്നൊരു കണ്‍ഫ്യൂഷനൊന്നുമില്ലാതെ, ആരാന്റെ പറമ്പില്‍ തൂറാനിരിക്കുന്നവന്‍ , തൊട്ടു മുമ്പിലൊരു മൂര്‍ഖന്‍ പാമ്പിനെ കണ്ടപ്പോള്‍ ചടപടാന്ന്‌ ചാടിയോടുന്നത്‌ പോലെ, ചറപറാന്ന്‌ എന്തെങ്കിലുമൊക്കെ എഴുതിയാല്‍ മതി. ആഴിച്ചയില്‍ ഒന്നു വീതം മതിയെന്നൊക്കെ ബ്ളോഗാശൂപത്രീലെ പ്രാന്തന്‍മാരു പറയുമെങ്കിലും, ചുരുങ്ങിയത്‌ ഒരഞ്ചെണ്ണമെങ്കിലും വീശിയാലെ ഷാപ്പിലച്ചായനുമായൊക്കെ ഒന്ന്‌ പിടിച്ച്‌ നില്‍ക്കാന്‍ പറ്റൂ. 
ഈ ബൂലോകത്തൊരു ബ്ളോഗ്‌ തുടങ്ങുന്നതിന്റെ മുമ്പ്‌ ബൂലോകത്തെ പൂച്ചകളോടും പുലികളോടും പുല്ലിനോടുമൊക്കെ സമ്മതം വാങ്ങി, കൈകാല്‍ പിടിച്ച്‌ അനുഗ്രഹം വാങ്ങിക്കണം. അല്ലെങ്കില്‍ ബ്ളോഗ്‌ ഫോളോവേയ്സിനെ കിട്ടാതെ, കമന്റ് കിട്ടാതെ, ലൈക്കു കിട്ടാതെ ചാപ്പിള്ളയായി പോകും എന്നാണ്‌ ബ്ളോപനിഷിത്തുകള്‍ എന്ന മഹാകൃതിയില്‍ പറഞ്ഞിരിക്കുന്നു. 
ഇത്‌ ബൂലോകമാണ്‌. ഘടാഘടിയന്‍മാരായ ഷാപിലച്ചായനും പള്ളിമുക്കിലിക്കാകയും പുലികളും പുപ്പുലികളുമായി എഴുത്താണിയുന്തുന്ന ബൂലോകം! പണിക്കരുടെ കവടിയുടെ ബലത്തില്‍ ചെമ്മാനും ചെരുപ്പു കുത്തിയും കൂടി എകാംഗനാടകമവതരിപ്പിക്കുന്ന ബൂലോകം! പോരാത്തതിന്‌ കൊതുകും, കൂത്താടിയും, കുഞ്ഞവറാനും! കൊമ്പനും, വമ്പനും, തുമ്പനും, തുമ്പിയും!!! മഹാന്‍മാരായ ഊരാനും വാരാനുമൊക്കെ വിലസി നടക്കുന്നത്‌ ഈ ബൂലോകത്താണ്‌. ചാത്തനും മറുതയും വടയക്ഷിയും ഈ ബൂലോകത്ത്‌ ഗതികിട്ടാതെ നടക്കുന്നുണ്ടെന്നാണ്‌ പുരാണങ്ങളിലും മറ്റും പറഞ്ഞിരിക്കുന്നത്‌. വായനക്കാരുടെ കുരുത്തവും പൊരുത്തവുമില്ലാത്ത ബ്ളോഗര്‍മാരുടെ ചോരയും നീരുമൂറ്റിക്കുടിക്കാന്‍ തക്കം പാര്‍ത്ത്‌ നടക്കുകയാണത്രെ അവര്‍. എന്റെ ബൂലോകത്തമ്പോറ്റപ്പൈതങ്ങളേ.. കാത്തോളണേ. 
ഒരു യുഗം ഇരുന്നാലോചിച്ചതാണ്‌, പ്രോഫയലില്‍ മെയിലെന്നു വെക്കണോ ഫീമെയിലെന്നു വെക്കണോ? ഫീമെയിലെന്നു വച്ചാല്‍ പിന്നെ വെറും അത്തള കുത്തള തവളാച്ചീ, മറിയം വന്നു വിളക്കൂതി എന്നൊക്കെ എഴുതിയാല്‍ പോലും, ഒരായിരം കമന്റും ഒരു പതിനായിരം ഫോളോവേയ്സിനേയും കിട്ടും. ഇല്ലെങ്കിലോ!? ബാര്‍ട്ടര്‍ സമ്പ്രദായം പോലെ ബൂലോകത്തുള്ള ഓരോ ബ്ളോഗുണ്ണികളുടെ ഉമ്മറത്തും പോയി, ഉത്കൃഷ്ടം, ഉദാത്തം ഉന്‍മാദകരം എന്നൊക്കെ കമണ്റ്റിയാലേ, നമ്മളുടെ പോസ്റ്റില്‍ വന്നു വല്ലവനുമൊക്കെ വല്ല കമണ്റ്റുമിടൂ. എന്നാലും ഈ ന്യൂജനറേഷന്‍ ഭാക്ഷയില്‍ പറഞ്ഞാല്‍ ആറിഞ്ചിന്റെ പുരുഷത്വം കേവലമൊരു ലൈക്കിനും കമണ്റ്റിനും വേണ്ടി ഉറക്കകത്താണോ എന്നൊരു ശങ്ക. ആയതിനാല്‍ ജെണ്റ്റര്‍ കോളത്തില്‍ പുരുഷന്‍ പുരുഷനായി തന്നെ കിടക്കട്ടെ. അല്ല പിന്നെ.. 
പ്രായമുള്ള വായനക്കാരാ, സോറി, പ്രിയമുള്ള വായനക്കാരാ, ജാതിമത പ്രായ ഭേദമില്ലാതെ എന്റെ ഈ കൊച്ചു ബ്ളോഗ്‌ ഈ മഹാ ബൂലോകത്തെ ഒരു  മഹാസംഭവമാക്കിത്തരണം എന്നഭ്യാര്‍ത്ഥിച്ച്‌ കൊള്ളുന്നു. നെക്സ്റ്റ്‌ പോസ്റ്റിംഗുമായി വീണ്ടും സന്ധിപ്പും വരെ... വിട ചോദിച്ചു കൊള്ളുന്നു.. നിങ്ങളുടെ സ്വന്തം അബൂദി.. ഫ്രം ജിന്നങ്ങാടി. 

9 comments:

 1. ദുബായിക്കാരന്‍ അനുഗ്രഹിച്ചിരിക്കുന്നു ...ഇനിയിപ്പോ പുതിയവരെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നൊരു കുറവ് വേണ്ടല്ലോ...വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കിയാല്‍ നന്നായിരിക്കും.

  ReplyDelete
 2. ഇനി യിപ്പോ പാട്ട് പഠിത്തോം പോലീസാവലും അപ്പി ഇടലും കഴിഞ്ഞു ബാക്കി വരുന്ന പാപം ചുമക്കാന്‍ ഞങള്‍ തന്നെ ആണ് മിടുക്കര്‍
  കൂത്താടിയുടെയും കുഞ്ഞവരാന്റെയും കൂടെ എന്നെ കാവ്യ ഭാവനേ ................
  നിനക്കഭിനന്ദ നം
  നിനക്കഭിനന്ദ നം
  നിനക്കഭിനന്ദ നം

  ReplyDelete
 3. "പുതുമുഖപ്പരട്ടകളെപ്പിടിച്ച് നായകരാക്കുന്ന സംവിധായകരെ വേണാം പറയാന്‍"-പത്മശ്രീ ഡോ: സരോജ് കുമാര്‍...
  എല്ല നമ്പറും പഴയതാണ്‌. ഇവിടെ തമാശിച്ചതും. എന്നിട്ടും ചെറ്യോരു രസമൊക്കെ ഉണ്ട്. തുടര്‍ന്നും അതുണ്ടാകട്ടെ.

  ReplyDelete
 4. എടോ ജിന്നേ ,പ്രായമുള്ള വായനക്കാരന്‍ എന്ന നിലയില്‍ തന്നെപറയട്ടെ അന്റെ ആറിഞ്ചു പൌരുഷം കാണിക്ക് എന്നിട്ടു പറയാം.

  ReplyDelete
 5. ഏതാണ്ട് പുലികളും പുപ്പുലികളും വാലും പരിചയും വെച്ചു കീഴടങ്ങി . അപ്പോഴാണ്‌ അന്റെ പണ്ടാരടങ്ങൽ. ന്നാലും ശെരി ഞമ്മളെ സമ്മതം അനക്കിണ്ട്. അനക്ക് തോന്നേ മുറാദ് ജ്ജി ന്നെ ഹാസിലാക്കിക്കോ.

  ReplyDelete
 6. ഇനിയിപ്പോ അനുഗ്രഹത്തിന്റെ കുറവ് വേണ്ട..ബൂലോഗത്തിലെ ഒരു മുട്ടനാടായി വാഴാന്‍ എല്ലാ വിധ ആശംസകളും..

  ReplyDelete
 7. അങ്ങനെയാവട്ടെ. (ബ്ലോഗിന്റെ പേർ നികുഞ്ചം എന്നാണോ അതോ നികുഞ്ജം എന്നാണോ..?)

  ReplyDelete
 8. എലാവര്‍ക്കും നന്ദി. ഒത്തിരിയൊത്തിരി നന്ദി.
  നികുഞ്ചം എന്ന് തന്നെയാണ് പേര്.

  ReplyDelete
 9. ദീന്‍ അഥവാ ഗുണകാംക്ഷ
  http://www.dharmadhara.com/PK/22.5.2009.html

  ReplyDelete