Wednesday, May 16, 2012

കഅ്ബയെ കാണാന്‍ !


യാത്ര:  
1419 മുഹറം 17, (1998 മെയ്‌ 14). അതൊരു വെള്ളിയാഴിച്ച രാവായിരുന്നു. ആ രാത്രി, ജിദ്ധ പട്ടണത്തില്‍ നിന്നും മക്കാ പട്ടണത്തിലേക്കുള്ള വിശാലവീഥിയിലൂടെ ചീറിപ്പാഞ്ഞു പോകുന്ന ഒരു വാഹനത്തില്‍ ഞാനുണ്ടായിരുന്നു. ആദ്യമായി മക്ക എന്ന വിശുദ്ധ നഗരത്തിലേക്കുള്ള യാത്രയാണ്‌. അതിന്റെ ഒരു ത്രില്ലുണ്ട്‌. ഹൃദയം ആ വാഹനത്തെക്കാള്‍ വേഗതയില്‍ സഞ്ചരിക്കുന്ന പോലെ. 
സത്യത്തില്‍ എനിക്ക്‌ രണ്ടു സന്തോഷങ്ങളുണ്ട്‌. അതിലൊന്ന്‌ കുറെ നാളുകള്‍ക്ക്‌ ശേഷം ഞാന്‍ എണ്റ്റെ ബാപ്പയെ കാണും എന്നതാണ്‌. മറ്റൊന്ന്‌ ഏതൊരു മുസ്ലിമിന്റെയും സ്വപ്നമായ കഅ്ബ ഞാനിന്നു കാണും. ഒരു  മുസ്ലിമിന്‌ കഅ്ബ വെറുമൊരു നാട്ടക്കുറിയല്ല. അവന്റെ ഹൃദയത്തിന്റെ ആശയും അഭിലാഷവുമാണ്‌. അഞ്ചു നേരം അവന്‍ നമസ്ക്കരിക്കുന്നത്‌ അങ്ങോട്ട്‌ തിരിഞ്ഞു നിന്നാണ്‌. അത്യുന്നതും, യുക്‌തിമാനും, നീതിമാനുമായ അല്ലാഹുവിന്റെ കല്‍പനയാകുന്നു അത്‌. അതില്‍ ലോക മുസ്ലിമീങ്ങളുടെ ഐക്ക്യമുണ്ട്‌. തുല്ല്യതയുണ്ട്‌. പണക്കാരനും പാവപ്പെട്ടവനും, പണ്ഡിതനും പാമരനും. ഉയര്‍ന്നവനും താഴ്ന്നവനും, കറുത്തവനും വെളുത്തവനും, എല്ലാവരും ഒരൊറ്റ കേന്ദ്രത്തിലേക്ക്‌ മുഖം തിരിക്കുന്നു. ഒരേ ഒരാരാധ്യന്‍ ! ഒരൊറ്റ ഖിബ്‌ല! ഒരൊറ്റ ഗ്രന്ഥം! ഇസ്ലാമിന്റെ അന്തസിലും സമത്വതിലും എന്നെ ജീവിപ്പിക്കുന്ന എന്റെ രക്ഷിതാവേ; നിനക്ക്‌ സ്‌തുതി. നിനക്കൊരായിരം സ്‌തുതി.

ഉമ്മുല്‍ ഖുറഃ:
കാതുകള്‍ കൊട്ടിയടക്കുന്ന വേഗതയിലോടിയെത്തിയ വാഹനം ഉമ്മുല്‍ ഖുറായിലേക്ക്‌ പ്രവേശിച്ചിരിക്കുന്നു. ഉമ്മുല്‍ ഖുറഃ! നാടുകളുടെ മാതാവ്‌ എന്നോ ഗ്രാമങ്ങളുടെ മാതാവ്‌ എന്നോ അര്‍ത്ഥം പറയാം. മക്ക എന്നും ബക്ക എന്നും അറിയപ്പെടുന്ന മഹാ പട്ടണം! അതാണ്‌ ഉമ്മുല്‍ ഖുറഃ! 
ദൂരെ നിന്നേ കണ്ടു. മസ്ജിദുല്‍ ഹറമിന്റെ മിനാരങ്ങള്‍ . പറഞ്ഞറിയിക്കാനാവാത്ത ഒരു ഉള്‍ക്കുളിര്‍ എന്റെ രോമകൂപങ്ങളില്‍ കൂടി വിന്യസിച്ച്‌ കൊണ്ടിരുന്നു. വീഥികള്‍ നിറഞ്ഞൊഴുകുന്ന വാഹനങ്ങളും കാല്‍നട യാത്രക്കാരും. ഇബ്രാഹീം ഖലീല്‍ റോഡിലേക്ക്‌ പ്രവേശിച്ച്‌ ഒരു ചെറിയ കയറ്റം കയറിക്കഴിഞ്ഞപ്പോള്‍ ഞാന്‍ മസ്ജിദുല്‍ ഹറമും, അതിന്റെ വെളുത്ത മാര്‍ബിള്‍ പാകിയ മുറ്റവും ആ മുറ്റത്ത്‌ ആയിരക്കണക്കിണ്‌ മനുഷ്യരേയും വ്യക്‌തമായി കണ്ടു. എന്റെ ഹൃദയം ഇനിയും പഠിച്ചിട്ടില്ലാത്ത വാക്കുകള്‍ വേണം ആ സമയം എന്റെ ആത്മാവിനെ പുതച്ചുകളഞ്ഞ ആ വികാരത്തെ എനിക്ക്‌ കുറിച്ചിടാന്‍. 

വരവേല്‍പ്പ്‌: 
വാഹനം നിന്നിരിക്കുന്നു. വാതില്‍ തുറന്ന്‌ ഞാന്‍ മെല്ലെ പുറത്തിറങ്ങി. കുന്നിന്‍ മുകളിലെ ഖസറുത്തുര്‍ക്കിയുടെ ഭാഗത്ത്‌ നിന്നും ഓടിവന്നെത്തിയ ഒരിളം കാറ്റെന്നെ വാരിപ്പുണര്‍ന്നപ്പോള്‍ , എന്റെ മനസ്സും ശരീരം തണുത്തു പോയി. എത്ര കാലമായി ഞാന്‍ കാത്തിരിക്കുന്നു. എന്തേ വരാനിത്രയും വൈകി എന്ന്‌ ആ കാറ്റെന്റെ കാതില്‍ മന്ത്രിക്കുന്ന പോലെ. അതെ. മക്ക വിരഹിണിയാണ്‌. തന്നെ കാണാന്‍ കൊതിക്കുന്ന ഓരോ മുസല്‍മാനെയും കാത്ത്‌, തുടിക്കുന്ന ഹൃദയവും, ചുരത്തുന്ന മാറിടവുമായി മക്ക ഉറങ്ങാതെ കാത്തിരിക്കുകയാണ്‌. 
അവിടെ എന്നെയും കാത്ത്‌ ബാപ്പയുണ്ടായിരുന്നു. ഒന്നൊന്നര വര്‍ഷത്തിനു ശേഷം ഞാന്‍ ബാപ്പയെ കാണുമ്പോള്‍ അദ്ദേഹം ഒന്നു കൂടി ക്ഷീണിച്ചിട്ടുണ്ട്‌. എങ്കിലുമാ മുഖം പ്രസന്നമാണ്‌. എന്നെ കണ്ടതിലുള്ള സന്തോഷം ആ മുഖത്ത്‌ വ്യക്‌തമായി കാണാം. എന്നെ ദൂരെ നിന്നും കണ്ടപ്പോള്‍ അദ്ദേഹം ഓടി വന്ന്‌ സലാം ചൊല്ലി എനിക്ക്‌ കൈ തന്നു. മസ്ജിദുല്‍ ഹറമിനെറ്റ് മുറ്റത്ത്‌ അപ്പോള്‍ , ആ നിമിഷം, എന്നെക്കാള്‍ സുഖമനുഭിവിക്കുന്ന മനസ്സുമായി ആരെങ്കിലുമുണ്ടായിരുന്നുവോ? അല്ലാഹു അഅ്‌ലം. 

ഗേഹം:
മക്കയുടെ അന്തരീക്ഷം ചുട്ടു പഴുത്തതാണ്‌. മൊട്ടക്കുന്നുകളും പാറക്കെട്ടുകളും നിറഞ്ഞ ഒരു പ്രദേശമാണ്‌ മക്ക. എങ്കിലും ആധുനികവത്കരിച്ച മസ്ജിദുല്‍ ഹറമിന്റെ മുറ്റത്ത്‌ പാകിയ മാര്‍ബിളുകള്‍ക്ക്‌ നല്ല തണുപ്പാണ്‌. അതിനെക്കാള്‍ തണുത്തതാണ്‌ മത്വാഫിലെ ശുഭ്രശിലകള്‍ക്ക്‌. ആ വെണ്ണക്കല്‍ പാകിയ മുറ്റത്ത്‌ നിന്നു കൊണ്ട്‌ ഞാന്‍ കഅ്ബയെ നോക്കിക്കണ്ടു. എന്റെ മനസ്സിലുണ്ടായിരുന്ന കഅ്ബയുടെ ചിത്രത്തെക്കാള്‍ ഉയരവും വലിപ്പവും തോണിക്കുന്നുണ്ട്‌ കഅ്ബ. ഒരു ഇരുനില കെട്ടിടത്തിന്റെ ഉയരമെങ്കിലുമുണ്ടെന്ന്‌ എനിക്ക്‌ തോണി. ശരിക്കും കഅ്ബയുടെ ഉയരം നാല്‍പത്‌ അടിയാണ്‌. 13.1 മീറ്റര്‍ ഉയരം.
കറുത്ത കില്ല കൊണ്ട്‌ പുതച്ച്‌ മുസല്‍മാന്റെ ഹൃദയത്തിന്റെ കുളിര്‍മ ലോകത്തിന്റെ നെറുകയില്‍ അങ്ങിനെ നില്‍ക്കുകയാണ്‌. പ്രതാപശാലികളായ സഫാ മര്‍വയുടെ താഴ്‌വരയില്‍ ജന്‍മസാഫല്ല്യങ്ങളുടെ മഹാശിഖരങ്ങള്‍ വീശി, തലയുയര്‍ത്തി കഅ്ബയങ്ങിനെ നില്‍ക്കുന്നത്‌ കണ്‍കുളിര്‍മയോടെ ഞാന്‍ നോക്കി നിന്നു. എത്ര മനോഹരമായ നിമിഷങ്ങളായിരുന്നു അത്‌.

ഓര്‍മകള്‍ :
വെറും ഓര്‍മകളല്ല. ജ്വലിച്ച്‌ നില്‍ക്കുന്ന ചരിത്രത്തിന്റെ മുത്തുമണികള്‍ . പരിശുദ്ധ കഅ്ബയുടെ മുറ്റത്ത്‌ നില്‍ക്കുമ്പോള്‍ എങ്ങിനെ നാം ഹബീബായ റസൂലിന്റെ പിരടിയിലേക്ക്‌ ഒട്ടകത്തിന്റെ കുടല്‍മാലകള്‍ ചാര്‍ത്തപ്പെട്ടത്‌ വിസ്മരിക്കും? ഹൃദയം വികൃതമായവര്‍ അന്നും ഇന്നുമുണ്ട്‌. അന്നവര്‍ അത്‌ കൈ കൊണ്ട്‌ ചൈതു. ഇന്നവര്‍ അവരുടെ ഹൃദയം കൊണ്ടത്‌ ചൈത്‌ കൊണ്ടേ  ഇരിക്കുന്നു. പരിശുദ്ധ നാഥന്റെ മുമ്പില്‍ സുജൂദ്‌ ചെയ്യുന്ന പ്രവാചകന്റെ പിരടിയിലേക്ക്‌ അന്നവര്‍ അത്‌ വലിച്ചെറിഞ്ഞു. ആ മാലിന്യക്കൂമ്പാരം! ഭാരം കാരണം തലയുയര്‍ത്താന്‍ കഴിയാതെ അല്ലാഹുവിന്റെ പ്രവാചകന്‍ വിഷമിച്ചു. എത്ര നേരം. ആരും തിരിഞ്ഞു നോക്കിയില്ല. മനസ്സലിവുള്ളവര്‍ ശക്‌തന്റെ ശക്‌തിയോര്‍ത്ത്‌ പിന്തിരിഞ്ഞു. അഞ്ചു വയസ്സുള്ള ഫാത്വിമ എന്ന പെണ്‍ക്കുട്ടി എത്ര വിഷമിച്ചിട്ടുണ്ടാവും ആ മാലിന്യക്കൂമ്പാരം തന്റെ പിതാവിന്റെ പിരടിയില്‍ നിന്നൊന്നെടുത്തു മാറ്റാന്‍. ഈ മുറ്റത്താണ്‌ അന്നാ ബാലികയുടെ കണ്ണുനീരും വിയര്‍പ്പ്‌ തുള്ളിയും വീണത്‌. ഈ മുറ്റത്ത്‌ നിന്നാണ്‌ പ്രവാചകന്‍ തന്റെ രാപ്രയാണത്തിന്‌ തുടക്കം കുറിച്ചത്‌. അങ്ങ്‌ ബൈത്തുല്‍ മുഖദ്ദസിലേക്ക്‌. അവിടെ നിന്നങ്ങോട്ട്‌ വിഹായസിലേക്ക്‌. ഈ മുറ്റത്ത്‌ വച്ചാണ്‌ ഖുറൈഷികള്‍ പ്രവാചകനെ വധിക്കാന്‍ പ്രതിജ്ഞ ചൈതത്‌. ചരിത്രത്തിന്റെ ഓര്‍മകള്‍ നമ്മെ വാരിപ്പുണര്‍ന്ന്‌ ശ്വാസം മുട്ടിച്ച്‌ കളയും നാം ആ തിരുമുറ്റത്ത്‌ നില്‍ക്കുമ്പോള്‍ . 

പ്രദക്ഷിണം:
കഅ്ബയെ പ്രദക്ഷിണം വെക്കുക എന്നത്‌ അല്ലാഹുവിനുള്ള ഒരാരാധനാ കര്‍മമാണ്‌. അല്ലാഹുവിന്റെ കല്‍പനയാണ്‌ അത്‌. അല്ലാഹു അവന്‍ ഉണ്ടാക്കിയതില്‍ അവന്‍ ഇച്ഛിക്കുന്നവയെ മഹത്വപ്പെടുത്തുന്നു. അല്ലാഹു വിരോധിച്ചിരുന്നെങ്കില്‍ ഒരാളും തന്നെ കഅ്ബയെ വലം വെക്കുമായിരുന്നില്ല. അന്നേദിവസം വെള്ളിയാഴിച്ച രാവായതിനാല്‍ തന്നെ മസ്ജിദുല്‍ ഹറമില്‍ വളരെ വലിയ തിരക്കായിരുന്നു. ആയിരക്കണക്കിന്‌ ജനങ്ങള്‍ , വിവിധ വര്‍ണ്ണങ്ങള്‍ , വിവിധ ഭാഷകള്‍ , വിവിധ പ്രായക്കാര്‍ . ഒറ്റക്കും കൂട്ടമായും വിശുദ്ധ കഅ്ബയെ പ്രദക്ഷിണം വെക്കുകയാണ്‌ എല്ലാവരും. ഒഴുകിക്കൊണ്ടിരിക്കുന്ന മനുഷ്യ മഹാസാഗരം. എല്ലാവരും ഒരേ ദിശയിലേക്ക്‌. ഓരോ കൂട്ടത്തിനും ആരെങ്കിലുമൊക്കെ പ്രാര്‍ത്ഥനകള്‍ ചൊല്ലിക്കൊടുക്കുന്നു. എനിക്ക്‌ പ്രാര്‍ത്ഥനകളെല്ലാം ബാപ്പ ചൊല്ലിത്തരികയാണ്‌. സ്‌ത്രീകളും കുട്ടികളും വൃദ്ധരും യുവജനങ്ങളുമെല്ലാമടങ്ങുന്ന വൈവിധ്യം. അവരില്‍ ചിലരുടെ കണ്ണുകള്‍ ചാലിട്ടൊഴുകുന്നത്‌ അല്ലാഹുവിനെ ഭയന്നോ അവനോടുള്ള സ്നേഹം കൊണ്ടോ അല്ലാതെ മറ്റൊന്നും കൊണ്ടായിരുന്നില്ല.
ഞാനാകാശത്തേക്ക്‌ കണ്ണുകള്‍ തിരിച്ചു. അവിടെ കഅ്ബക്ക്‌ മുകള്‍ തെന്നിപ്പറക്കുന്ന പറവകളെ കാണാം. എനിക്ക്‌ പേരറിയാത്ത പറവകള്‍. അവയും ആ ആദിമാരാധനാലയത്തെ വലം വെക്കുകയാണോ? കഅ്ബാലയത്തിന്റെ കില്ലയിലേക്ക്‌ മുഖം പൂഴ്ത്തി നിന്നിട്ടും എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകാതിരുന്നത്‌ തീര്‍ച്ചയായും എന്റെ നഷ്ടം തന്നെയാണ്‌. പരിശുദ്ധ കഅ്ബയുടെ കില്ല പിടിച്ച്‌ ആ വെള്ളിയാഴിച്ച രാവിന്റെ അവസാന യാമങ്ങളിലങ്ങിനെ നില്‍ക്കുമ്പോഴും ഉള്ളുലയാതെ നില്‍ക്കാന്‍ എന്റെ ഹൃദയം അത്രയും കടുത്തതായിരുന്നുവോ? അല്ലാഹു അഅ്‌ലം

കൃഷ്ണശില: 
ഒരു ഭഗീരഥപ്രയത്നം തന്നെ വേണ്ടി വന്നു, ഹജറുല്‍ അസ്‌വദൊന്ന്‌ മുത്താന്‍. ഇന്നത്തെ പോലെ ക്യൂ സിസ്റ്റം അന്നില്ല. ആരെങ്കിലും വരി നില്‍ക്കാന്‍ തുനിഞ്ഞാല്‍ അവനെ തള്ളി മാറ്റി കയ്യൂക്കുള്ളവന്‍ കാര്യം നേടും. പക്ഷെ ഇന്നങ്ങിനെ അല്ല. ഇന്ന്‌ വരി നിന്നേ കാര്യം നേടാനാവൂ. ഹജറുല്‍ അസ്‌വദിന്റെ അടുത്ത്‌ കയറില്‍ തൂങ്ങിയിരിക്കുന്ന ഒരു പോലീസുകാരനുണ്ട്‌. സുഭാനല്ലാഹ്‌, അദ്ദേഹത്തിന്റെ ക്ഷമ ഒരായിരം പുരുഷന്‍മാരുടെ ക്ഷമക്ക്‌ തുല്ല്യമാണെന്നെ എനിക്ക്‌ തോണുന്നുള്ളൂ. 
ഹജറുല്‍ അസ്‌വദ്‌ ഒരു അത്ഭുതമാണ്‌. അത്‌ മനുഷ്യപാപങ്ങള്‍ ഏറ്റു വാങ്ങി പിന്നെയും പിന്നെയും കറുത്തു കൊണ്ടേ ഇരിക്കുന്നു. പ്രദക്ഷിണസാഗരം നീന്തിക്കടക്കുന്ന വിശ്വാസികള്‍ കറുത്ത ശിലയിലേക്ക്‌ മുഖം ചേര്‍ത്ത്‌ മുത്തുമ്പോള്‍ , പൊറുക്കപ്പെടുന്നത്‌ അവരുടെ പാപങ്ങളാണ്‌. മനുഷ്യ സഹജമായ അവരുടെ പാപങ്ങള്‍ . പരമ കാരുണികനായ അല്ലാഹുവിന്റെ വാഗ്ദാനമത്രെ അത്‌.

പുറത്തെ ഉള്‍ഭാഗം: 
അങ്ങിനെ ഒന്നുണ്ട്‌ പരിശുദ്ധ കഅ്ബക്ക്‌. കൃഷ്ണശില (ഹജറുല്‍ അസ്‌വദ്‌) ഇടതുഭാഗത്തായി കഅ്ബയെ അഭിമുകീകരിച്ച്‌ നില്‍ക്കുമ്പോള്‍ നമ്മുടെ വലതു വശത്ത്‌ ആര്‍ക്ക്‌ രൂപത്തില്‍ മതില്‍ കെട്ടിത്തിരിച്ച സ്ഥലത്ത്‌ കഅ്ബക്ക്‌ മുകളില്‍ കാണുന്ന സുവര്‍ണപ്പാത്തിയുടെ അത്രയും നീളത്തിലുണ്ടായിരുന്നു കഅ്ബ. ആ ഭാഗത്ത്‌ നിന്ന്‌ നമസ്ക്കരിക്കുന്നത്‌ കഅ്ബയുടെ അകത്ത്‌ നിന്ന്‌ നമസ്ക്കരിക്കുന്നതിന്‌ തുല്ല്യമാകുന്നു. റൂക്കൂഉം സുജൂദും ദീര്‍ഘിപ്പിച്ച്‌ അവിടെ നിന്നും നമസ്ക്കരിക്കാന്‍ എനിക്കവസരം നല്‍കിയ അല്ലാഹുവേ, നിനക്ക്‌ നന്ദി, നിനക്കൊരായിരം നന്ദി. 

സഖാവിന്റെ കാല്‍പാടുകള്‍ :
മഖാമ്‌ ഇബ്രാഹീമില്‍ പ്രവേശിച്ചവര്‍ നിര്‍ഭയത്വം വാഗ്ദാനം ചെയ്യപ്പെട്ടവരാണ്‌. അല്ലാഹുവിന്റെ ഖലീലായ ഇബ്രാഹീം നബിയുടെ സുവ്യക്‌തമായ കാല്‍പാടുകള്‍ ആ ശിലയിലുണ്ട്‌. ആ ശിലയെ ബഹുമാനിക്കണമെന്നത്‌ ജഗന്നിയന്താവിന്റെ കല്‍പനയാകുന്നു. ഞാനാശിലയില്‍ പതിഞ്ഞ കാല്‍പാടുകളില്‍ നോക്കി ഒരല്‍പ്പ നേരം നിന്നു. ഇടംഭാഗത്ത്‌ നിന്നും വലംഭാഗത്ത്‌ നിന്നും ഞാനെന്ന ദുര്‍ബലനെ തള്ളിമാറ്റാന്‍ ശ്രമിക്കുന്നവരെയൊന്നും ഞാന്‍ ശ്രദ്ധിച്ചില്ല. ആ കാല്‍പ്പാടുകളുടെ ഉടമസ്ഥനെ കുറിച്ചോര്‍ത്തപ്പോള്‍ നംറൂദിന്റെ അഗ്നികുണ്ഡവും ഇസ്മാഈല്‍ എന്ന പിഞ്ചോമനയുടെ കുരുന്ന്‌ മുഖവും എന്റെ അകക്കണ്ണില്‍ തെളിഞ്ഞു. ഈ കല്ലില്‍ കയറി നിന്നു കൊണ്ട്‌ ഈ കഅ്ബയിലേക്ക്‌ ഖലീലുല്ലാഹി എത്രയെത്ര കല്ലുകള്‍ പെറുക്കു വച്ചിരിക്കും. ഇന്നിതാ ആ മന്ദിരത്തിന്റെ മുറ്റത്ത്‌ പാപക്കറ പുരണ്ട എന്റെ ജീവിതം അലക്കി വെളുപ്പിക്കാന്‍ അല്ലാഹുവിന്റെ ഈ അടിമ വന്നെത്തിയിരിക്കുന്നു. രക്ഷിതാവേ, നീ ഞങ്ങളെ സ്വീകരിക്കേണമേ. ആമീന്‍

സ്മരണാവര്‍ത്തി: 
ഏകയായ ഒരു മാതാവ്‌, വറ്റിപ്പോയ തന്റെ മാറിടവുമായി വിജനമായ മരുഭൂമിയില്‍, ദാഹിച്ച്‌ കരയുന്ന തന്റെ പ്രിയപ്പെട്ട കുഞ്ഞിനു നല്‍കാനൊരിത്തിരി വെള്ളം കിട്ടുമോ എന്നന്വേഷിച്ച്‌ ഓടിക്കിതച്ച ആ ഓട്ടം ഇന്നും കോടിക്കണിന്‌ തീര്‍ത്ഥാടകര്‍ ഈ സ്മരണയുടെ പച്ചപ്പില്‍ ഓടിക്കൊണ്ടിരിക്കുന്നു. രക്ഷിതാവിന്റെ അപാരമായ അനുഗ്രഹവും പ്രതീക്ഷിച്ചു കൊണ്ട്‌. വേഗതയിലൊന്ന്‌ നടക്കാന്‍ പോലും പറ്റാത്തത്രയും തിരക്കായിരുന്നു സഫാമര്‍വക്കിടയിലെ ആ നടത്തത്തിന്നിടയില്‍. ശുഭ്രവസ്‌ത്രധാരികളായി രക്ഷിതാവിന്റെ കാരുണ്യകാംക്ഷികള്‍ നനഞ്ഞ നാവും പിടക്കുന്ന ഹൃദയവുമായി ഒരു മലയുടെ ഉച്ചിയില്‍ നിന്നും മറ്റേ മലയുടെ ഉച്ചിയിലേക്ക്‌ രക്ഷിതാവിന്റെ പൊരുത്തം മാത്രം കാംക്ഷിച്ച്‌ നടക്കുന്നു. എല്ലാവര്‍ക്കും ഒരേ ദിശ. എല്ലാവര്‍ക്കും ഒരേ ലക്ഷ്യം. എല്ലാവര്‍ക്കും ഒരേ മന്ത്രം. 

സഫാമര്‍വ: 
സഫയും മര്‍വയും. അടുത്തടുത്തായി ഉയര്‍ന്ന്‌ നില്‍ക്കുന്ന രണ്ടു കുന്നുകള്‍. ഇന്നവയുടെ തലഭാഗത്തിന്റെ ഒരല്‍പ്പം കാണാം. നാളെ അതും കാണാനായില്ല എന്നു വന്നേക്കാം. ആ മലകളെ പൊതിഞ്ഞു കെട്ടി മസ്ജിദുല്‍ ഹറമിന്റെ പുരോഗന പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്‌. അന്ന്‌ എനിക്കാ കുന്നിന്‍ മുകളില്‍ കരിമ്പാറക്കെട്ടിലിരിക്കാനായിരുന്നു. എന്നാല്‍ പിന്നീടൊരിക്കലും അതിനായിട്ടില്ല. ഇനിയാര്‍ക്കും അതിനാവുകയുമില്ല. ഇന്ന്‌ സഫാമര്‍വക്കിടയില്‍ ഓടുന്ന ഒരാള്‍ക്കും ഹാജിറാ ബീവി ഓടിക്കിതച്ച ആ ഓട്ടത്തിന്റെ കാഠിന്യം മനസ്സിലാക്കാന്‍ കഴിയില്ല തന്നെ. കാരണം ഇന്നവന്‍ സഞ്ചരിക്കുന്നത്‌ വക്രതയേറിയ കല്ലുകള്‍ ചവിട്ടി മെതിച്ചല്ല. പകരം തണുത്ത മാര്‍ബിള്‍ ഫലകങ്ങള്‍ക്ക്‌ മുകളിലൂടെയാണ്‌. ആ രണ്ട്‌ മലകള്‍ക്കിടയിലെ നടത്തവും തീര്‍ന്നപ്പോള്‍ എന്റെ ജീവിതത്തിലെ ആദ്യത്തെ ഉംറയുടെ ഇഹ്‌റാമില്‍ നിന്നും ഞാന്‍ മോചിതനായി. ശരിക്കും പറഞ്ഞാല്‍ ജീവന്റെ  നിലമുഴുതുമറിച്ച്‌ ആത്മാവിന്‌ പാഥേയമേകാനായി ഇത്തിരി വിത്തെറിയുകയാണ്‌ ഓരോ തീര്‍ത്ഥാടകനും. 

ആ രാവിന്റെ അവസാന യാമങ്ങളിലൊന്നില്‍ മസ്ജിദുല്‍ ഹറമിന്റെ കുളിരാര്‍ന്ന മടിത്തട്ടില്‍ നിന്നും ഞാന്‍ എന്റെ ജീവിതയാത്രയുടെ പ്രധാനപ്പെട്ട മറ്റൊരു ഘട്ടത്തിലേക്ക്‌ യാത്ര ആരംഭിച്ചു. 

19 comments:

  1. മക്ക വിരഹിണിയാണ്‌. തന്നെ കാണാന്‍ കൊതിക്കുന്ന ഓരോ മുസല്‍മാനെയും കാത്ത്‌, തുടിക്കുന്ന ഹൃദയവും, ചുരത്തുന്ന മാറിടവുമായി മക്ക ഉറങ്ങാതെ കാത്തിരിക്കുകയാണ്‌.

    ReplyDelete
  2. അല്‍ഹംദുലില്ലാ.. മനസ്സിനെ കുളിരണിയിച്ച അതീവ ഭക്തി സാന്ദ്രമായ പോസ്റ്റ്‌.. വല്ലാത്ത ഒരു അനുഭൂതി അനുഭവിച്ചു..ആശംസകളോടെ..

    ReplyDelete
    Replies
    1. നന്ദി ഇക്കാ.. ഒത്തിരിയൊത്തിരി നന്ദി..

      Delete
  3. മക്കയെ വളരെ ലളിതമായി പരിജയപെടുത്തി ..ഇത് വരെ അവടെ പോകാന്‍ ഭാഗ്യം ലഭിച്ചിട്ടില്ല അള്ളാഹു തവ്ഫേക് ചെയ്യട്ടെ ആമീന്‍

    ReplyDelete
  4. വാക്കുകളിലെ ചടുലത നന്നായിരിക്കുന്നു. പാരഗ്രാഫ് തിരിചെഴുതിയപ്പോള്‍ എന്തിനാണ് ഓരോ ടൈറ്റിലുകള്‍ കൊടുത്തത്. അതിനു പകരം അവയെ വാക്കുകളിലൂടെ ബന്ധിപ്പിച്ച്ചിരുന്നെങ്കില്‍ കുറെ കൂടി നന്നാകുമായിരുന്നില്ലേ.

    ... ഈ മുറ്റത്ത്‌ വച്ചാണ്‌ ഖുറൈഷികള്‍ പ്രവാചകനെ വധിക്കാന്‍ പ്രതിജ്ഞ ചൈതത്‌. ..ഇവിടെ വെച്ചു തന്നെയാണ് ചരിത്രത്തിലെ സമാനതകളില്ലാത്ത മാക്കം ഫത്ഹ് ലോകത്തിനു മുന്‍പില്‍ വിളമ്പരമായി മുഴങ്ങിയത്.. എഴിതിയാല്‍ തീരാത്ത കാവ്യമാണ് മക്ക.. സഹോദരാ ആ പുണ്യ ഭൂമിയെലേക്ക് ഓര്‍മ്മകളിലൂടെ കൊണ്ട് പോയതിനു നന്ദി. അഭിനന്ദനങ്ങള്‍..

    ReplyDelete
    Replies
    1. നന്ദി ജെഫു. ഒരുപാട് നന്ദി.. വീണ്ടും വരിക.. എഴുതിയപ്പോള്‍ ഒരു വിത്യസ്തക്ക് വേണ്ടിയാണ് ഖന്ധിക തിരിച്ചപ്പോള്‍ തലക്കെട്ട്‌ കൊടുത്തത്. അഭിപ്രായത്തിന് വീട്നും നന്ദി

      Delete
  5. മനോഹരമായ വരികള്‍ കൊണ്ട് തീര്‍ത്ത ഒരു തീര്ഥ യാത്ര വിവരണം ..

    ReplyDelete
  6. മനോഹരം ഈ അവതരണം.. ആ പുണ്യ ഭൂമികയ്ലെത്താന്‍ നാഥന്‍ അനുഗ്രഹിക്കട്ടെ. ആമീന്‍

    ReplyDelete
  7. സുന്ദരം മനോഹരം എന്നൊക്കെ പറയാം...പക്ഷെ അതിലേറെ എന്തൊക്കെയോ ആണ് ഈ പോസ്റ്റ്‌ സഹോദരാ. നന്മ നേരുന്നു.

    ReplyDelete
    Replies
    1. നന്ദി.. വീണ്ടും വരിക

      Delete
  8. വളരെ മനോഹരമായി വരച്ചുവെച്ചചിരിക്കുന്നു....
    അഭിനന്ദനങ്ങള്‍....ഇനിയും തുടരട്ടെയെന്ന് ആശംസിക്കുന്നു..

    കൃഷ്ണശില: ????? എന്താണ് ഈ വാക്കിന്‍റെ അര്‍ഥം .??

    ...........

    ReplyDelete
    Replies
    1. നന്ദി...
      കറുത്ത കല്ല്‌ എന്നര്‍ത്ഥം..

      Delete
  9. മക്കാസന്ദർശനത്തിന്റെ അനുഭവങ്ങൾ അനുഭൂതിസാന്ദ്രമായ ഭാഷയിൽ ആവിഷ്ക്കരിച്ചിരിക്കുന്ന ഈ കുറിപ്പ് ഉള്ളിൽ തട്ടുന്നതായി. ആശംസകൾ

    ReplyDelete
  10. സഅയ്:
    പ്രാവാസിനിയായ ഹാജറ, ഒരു കുന്നില്‍ നിന്നും മറ്റൊരു കുന്നിലേക്ക് നിസ്സഹായനായ അരുമാപ്പൈതലിന്നു ഒരിറ്റ് കുടിനീര് തേടി, വേഗത്തില്‍ നടക്കുക മാത്രമല്ല, ഒടുകയുമായിരുന്നുവല്ലോ. ആ ഓട്ടത്തിനിടയില്‍, വിശുദ്ധ ദേവാലയത്തിന്റെ ഓരത്ത് ദാഹിച്ചു വലഞ്ഞു കിടന്നു കൈകാലിട്ടടിച്ചു നിലവിളിക്കുകയായിരുന്ന തന്റെ പൊന്നോമനയുടെ ദിശയിലേക്ക് ഇടയ്ക്കിടെ കണ്ണയക്കുന്നുമുണ്ടായിരുന്നു. അവിടെയാണ് നമുക്കു നല്‍കപ്പെട്ട ഒരു പ്രത്യേക ഓട്ടം. പ്രാര്‍ത്ഥനയുടെ ചൈതന്യവും. റബ്ബിന്‍റെ വിശാലമായ ഉപജീവനം رزقا واسعا തേടി. അതെ, അവിടെ ആ ഓട്ടത്തിനിടയില്‍, തന്നാല്‍ തൊണ്ട നനയേണ്ട മുഴുവന്‍ ആശ്രിതരെയും പ്രതീക്ഷയോടെ ഒന്ന് ഓര്‍ത്തു നെടുവീര്‍പ്പിടാന്‍ പ്രവാസിക്ക് സാധിച്ചാല്‍ നിരാശ്രയനായ പരമകാരുണികന്‍ നമ്മുടെ കൊച്ചു കൊച്ചു ശ്രമങ്ങള്‍ വെറുതെയാക്കില്ല. മൂന്ന് (പ്രവാസ-ജന്മ-പര)ലോകങ്ങളിലും തീര്‍ച്ച.

    ReplyDelete
  11. നന്നായി ഇഷ്ടമായി , നല്ല അവതരണം
    ആശംസകള്‍ ഒഴിവ് കിട്ടുമ്പോള്‍ ഇതും ഒന്ന്‍ വായിക്കുമെല്ലോ
    http://punnyarasool.blogspot.com/

    ReplyDelete
  12. കുറെ ഏറെ നാളുകളായി ബ്ലോഗിൽ കയറിട്ടും എന്തെങ്കിലും എഴുതിയിട്ടും. ഈ പോസ്റ്റ് വായിച്ചപ്പോൾ ,എന്റെ മനസ്സിൽ ഒരായിരം കൊതി : എനിക്കും ഒരിക്കലെങ്കിലും പോകണം,ഇൻഷാ‍ാല്ലാഹ്

    ReplyDelete