Saturday, May 26, 2012

രംഗം നാല്. വസ്ത്രാക്ഷേപം!


പഠിക്കാനൊട്ടും രസമില്ലാത്ത രസതന്ത്രവും, കണക്കും കൂടി ഇടത്തു നിന്നും വലത്തു നിന്നും രാഹുവും കേതുവും കണക്കെ ഉപദ്രവിച്ചോണ്ട്‌ നിന്നിരുന്ന പഠനാരിഷ്ട ബാല്യകാലം. 
എഴുത്താണി അന്നൊരു കുരിശായിരുന്നു. കൂട്ടത്തില്‍ , പത്തിരിയില്‍ ചാറൊഴിച്ച പരുപത്തില്‍ കാത്തു സൂക്ഷിക്കുന്ന പാഠപുസ്‌തകങ്ങള്‍ . സ്വപ്നത്തില്‍ പോലും പേടിപ്പെടുത്താറുണ്ടായിരുന്ന സ്കൂളിലെ ചില അദ്ധ്യാപകര്‍ . മുമ്പെന്നോ വാങ്ങിയ ഐസു മിഠായിയുടെ പൈസയും ചോദിച്ച്‌ പോകുമ്പോഴും വരുമ്പോഴും ശല്ല്യം ചെയ്യുന്ന സ്ക്കൂളിന്റെ മുമ്പിലെ പെട്ടിക്കടക്കാരന്‍ . നേരം വൈകിയെത്തിയതിന്‌ രാവിലെ മാഷില്‍ നിന്നും, വെകുന്നേരം ഉമ്മാന്റെ കയ്യില്‍ നിന്നും മുടങ്ങാതെ കിട്ടാറുണ്ടായിരുന്ന അടി. (ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കരയാന്‍ തോന്നുന്നു. ) 
എല്ലാം പ്രശ്നങ്ങള്‍ മാത്രമായിരുന്നു. ഹിരോഷിമയും നാഗസാക്കിയും നേരിട്ട പ്രശ്നങ്ങളെക്കാല്‍ വലിയ പ്രശ്നങ്ങള്‍ .
എങ്കിലും രസമുള്ള ചിലത്‌ കൂടിയുണ്ടായിരുന്നു. 
പാഠപുസ്‌തകത്തിന്റെ താളുകള്‍ക്കിടയില്‍ സുഖപ്രസവവും കാത്ത്‌ കഴിയുന്ന ഗര്‍ഭിണിയായ മയില്‍പീലി. പോകറ്റ്‌ നിറച്ചും കൊണ്ടു പോകാറുണ്ടായിരുന്ന ചമ്പകപ്പൂക്കള്‍ . ആ ചെമ്പകപ്പൂക്കള്‍ വസൂലക്കാന്‍ വെണ്ടി മാത്രം എന്നോട്‌ ചിരിച്ച്‌ കാണിക്കാറുണ്ടായിരുന്ന സഹപാഠിനികള്‍ . നല്ല നല്ല പാട്ടുകള്‍ പാടിത്തരാറുണ്ടായിരുന്ന പാട്ടു ടീച്ചര്‍ . വീട്ടില്‍ നിന്നും സ്ക്കൂളിലേക്കെത്താനുള്ള രണ്ടുമൂന്ന്‌ കിലോമീറ്റര്‍ ദൂരത്തിന്നിടയിലെ അപ്പയോടും കുറുന്തോട്ടിയോടുമൊക്കെ സംസാരിച്ചോണ്ട്‌ നടക്കാനുള്ള ബാല്യത്തിന്റെ നട്ടപ്പിരാന്ത്‌ . കൂട്ടുകാരും, അവരുമായുള്ള ഇണക്കവും പിണക്കവും മുട്ടനിടികളും.  ചട്ടിയും കുട്ടിയും മുതല്‍ തൊട്ടേറു വരെ നീളുന്ന നാട്ടു കളികളുടെ നീണ്ട ലിസ്റ്റ്‌. മാനത്ത്‌ പാറുന്ന പട്ടം. കയ്യിലെ ഓലപ്പീപ്പി. വടക്കേ തൊടിയിലെ മണ്ട പോയ തെങ്ങ്‌. തെങ്ങിലെ പൊത്തില്‍ പാര്‍ക്കുന്ന തത്ത. കൊള്ളാവുന്ന ഹവായ്‌ ചെരുപ്പ്‌ വെട്ടിയുണ്ടാക്കിയ ചക്ക്രങ്ങള്‍ ഘടിപ്പിച്ച്‌ ഗഡാഗഡിയന്‍മാരായ കളിവണ്ടികള്‍ . ചെരുപ്പ്‌ കേടു വരുത്തിയ വകയില്‍ വീട്ടില്‍ നിന്നും കട്ടുന്ന നല്ല സെയമ്പന്‍ തല്ല്‌. തല്ലു കൊണ്ട്‌ അയ്യോ കിയ്യോ എന്ന്‌ വാവിട്ട്‌ കരയുന്നത്‌ കേട്ട്‌ ചിരിക്കാറുണ്ടായിരുന്ന കുലംകുത്തികളായ കൂട്ടുകാര്‍ ! (അവരായിരുന്നല്ലോ, വണ്ടിയുണ്ടാക്കാന്‍ എന്നെ സഹായിച്ചിരുന്നതും പ്രോത്സാഹിപ്പിച്ചതും)
ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ , ആ വര്‍ഷത്തെ യുവജനോത്സവത്തിന്‌ ഒരു നാടകം കളിക്കാന്‍ എന്നെയും എന്റെ ടീമിനേയും പ്രോത്സാഹിപ്പിച്ചത്‌ പാട്ടു ടീച്ചറായിരുന്നു. ക്ലാസിലൊക്കെ പാട്ടു പീരിയേഡില്‍ ഞങ്ങള്‍ കുട്ടികളെ കൊണ്ട്‌ പാടിക്കുക, കഥ പറയിപ്പിക്കുക, നാടകം കളിപ്പിക്കുക എന്നിവയെല്ലാം ടീച്ചര്‍ ചെയ്യാറുള്ളതാണ്‌. 
അങ്ങിനെ ആ വര്‍ഷത്തെ യുവജനോത്സവത്തിന്‌ ഞങ്ങളുടെ വക ഒരു നാടകവുമുണ്ടായിരുന്നു. വളരെ ചെറിയ ഒരു കഥയാണ്‌ ടീച്ചര്‍ ഞങ്ങള്‍ക്കായി ഉണ്ടാക്കിയിരുന്നത്‌. 
ഒരു ജന്‍മി, ജന്‍മിയുടെ കുടിയാനായ ഒരു കര്‍ഷകന്‍ , കര്‍ഷന്റെ ഭാര്യ, കുഞ്ഞ്‌, പിന്നെ ജന്‍മിയുടെ കുരുത്തം കെട്ട പശു. ഇത്രയുമാണ്‌ പ്രധാന കഥാപാത്രങ്ങള്‍ . ജന്‍മിയും കര്‍ഷകനും നല്ല നിലയില്‍ കഴിഞ്ഞു പോകവെ, ഒരു ദിവസം തന്റെ വയലിലെ വിളയില്‍ ചിലത്‌ നശിച്ച്‌ കിടക്കുന്നത്‌ ജന്‍മി കാണുന്നു. കര്‍ഷകനെ തെറ്റ്ധരിച്ച്‌ ജന്‍മി കര്‍ഷകനെ നാട്‌ കടത്തുന്നു. പിറ്റേന്നും വിളവുകള്‍ നശിക്കുന്നു. മാത്രമല്ല അത്‌ തന്റെ തന്നെ പശുവാണ്‌ നശിപ്പിക്കുന്നത്‌ എന്ന്‌ തിരിച്ചറിയുന്ന ജന്‍മി പശ്ചാതാപ വിവശനായി കര്‍ഷകനെ തേടിപ്പുറപ്പെടുന്നു. ത്രേ ള്ളൂ കഥ.
ജാതക വശാല്‍ ജന്‍മിയാകാനുള്ള യോഗം സദാനന്ദനായിരുന്നു. എനിക്ക്‌ കര്‍ഷകനാകാനും.
നാടകത്തിന്‌ ഞങ്ങളെല്ലാവരുമൊരുങ്ങി. റിഹേയ്സലോട്‌ റിഹേയ്സല്‍ . എന്റെ മാത്രം വീട്ടില്‍ നാടകം കളിയുടെ വിവരമില്ലായിരുന്നു.
ബാല്യജാതകത്തിലെ ചൊവ്വാദോഷമായിരുന്ന മുത്തശ്ശനെങ്ങാനും ഞാന്‍ നാടകം കളിക്കുന്നു എന്നറിഞ്ഞാല്‍ പിന്നെ എന്തൊക്കെ നടക്കും എന്ന്‌ ഊഹിക്കാന്‍ പോലും പറ്റില്ല. അതു കൊണ്ട്‌ അമേരിക്കയുടെ ആറ്റം ബോബിന്റെ രഹസ്യമെന്ന പോലെയാണ്‌ ഈ സംഗതി ഞാനെന്റെ കുടുംബത്ത്‌ നിന്നും മറച്ചു വെച്ചത്‌. 
അങ്ങിനെ ഞങ്ങള്‍ കാത്തു കാത്തിരുന്ന ആ ദിനം വന്നെത്തി. ഇന്നാണ്‌ നാടകം തട്ടേല്‍ കേറുന്നത്‌. നാടക ലോക ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്‌ ഞങ്ങള്‍ നാട്ടാന്‍ പോകുന്നത്‌. 
ഓരോ കഥാപാത്രങ്ങള്‍ക്കുമുള്ള വേഷങ്ങള്‍ സെലക്റ്റ്‌ ചെയ്‌തു തന്നത്‌ പാട്ടു ടീച്ചറാണ്‌. ജന്‍മിയുടെ വേഷത്തിനു മാത്രമെ ഇവിടെ പ്രസക്‌തിയുള്ളൂ എന്നതിനാല്‍ അത്‌ മാത്രം പറയാം. ഒരു ഡബിള്‍ മുണ്ടായിരുന്നു അത്‌. പളപളാ തിളങ്ങുന്ന ഒരു ഒന്നാന്തരം തുണി. കൂട്ടത്തില്‍ ഒരു ചെറിയ മേല്‍ മുണ്ടും.
സദാനന്ദന്‍ സാമാന്യം കഷ്ടപ്പെട്ടാണ്‌ ആ തുണി ഉടുത്തിരുന്നത്‌. ഒരു മേല്‍മുണ്ട്കൂടിയുണ്ടായിരുന്നു ജന്‍മിക്കെങ്കിലും സദാനന്ദന്റെ ശുഷ്ക്ക ശരീരത്തില്‍ ആ മുണ്ടു തന്നെ ഉലക്ക സാരി ചുറ്റിയ പോലെ ആയതിനാല്‍ വേണ്ടെന്ന്‌ വച്ചു. 
നാടകം തുടങ്ങി. സ്റ്റേജിന്റെ മുന്നിലെ സഹപാഠികളടക്കമുള്ള വിദ്യാര്‍ത്ഥീ വിദ്യാര്‍ത്ഥിനികള്‍ മാത്രമല്ല, നാട്ടുകാരും, അദ്ധ്യാപകരുമൊക്കെയുണ്ട്‌.
സഭാകമ്പമൊന്നുമില്ലാതെ ഞങ്ങള്‍ നാടകം മുന്നോട്ട്‌ കൊണ്ടു പോവുകയാണ്‌. 
രംഗം നാല്‌. കര്‍ഷകന്റെ തന്റെ വയലിലെ വിളയെല്ലാം നശിപ്പിച്ചതിന്റെ പേരില്‍ നാടു കടത്തുന്ന രംഗം. 
ജന്‍മിയായി സദാനന്ദന്‍ തലയുയര്‍ത്തി നെഞ്ചു തള്ളി നില്‍ക്കുകയാണ്‌. ചോദ്യചിഹ്നം പോലെ വളഞ്ഞു നില്‍ക്കുന്ന കര്‍ഷകന്‍ ഞാന്‍ .
നാടുകടത്താനുള്ള ഉത്തരവ്‌ കേട്ടതോടെ "ന്റെ തമ്പ്രാനേ, അടിയങ്ങളെ നാടുകടത്തരുതേ" എന്നപേഷിച്ച്‌ കൊണ്ട്‌ കര്‍ഷന്‍ ജന്‍മിയുടെ കാലിലേക്ക്‌ സാഷ്ടാംഗം വീഴുന്ന ഒരു രംഗമുണ്ട്‌. 
വളരെ ടൈമിംഗോടു കൂടി ഞാന്‍ ആ രംഗം അഭിനയിച്ചു. 
ജന്‍മിയുടെ കാലില്‍ വീണ എനിക്ക്‌ എന്താണ്‌ സംഭവിക്കുന്നത്‌ എന്ന്‌ മനസ്സിലായില്ല. ഇടി വെട്ടുന്നത്‌ പോലുള്ള കൂവല്‍ കേള്‍ക്കാം. 
ഞാന്‍ മെല്ലെ തലയുയര്‍ത്തി. ആകെ മൊത്തത്തിലൊരിരുട്ട്‌. 
സംഗതി വളരെ ലളിതമായിരുന്നു. സദാനന്ദന്റെ കാലിലോട്ട്‌ ഞാന്‍ അള്ളിപ്പിടിച്ച്‌ വീണപ്പോള്‍ അവനുടുത്തിരുന്ന ഡബില്‍ മുണ്ട്‌ എന്റെ കൈ തട്ടി അഴിഞ്ഞ്‌ താഴെ വീണതാണ്‌. 
നിര്‍ഭാഗ്യവശാല്‍ രംഗവെളിച്ചത്തില്‍ നിന്നും തന്റെ ജെന്റര്‍ തിരിച്ചറിയല്‍ എക്യുപ്മെന്റ്റ് മറച്ചു പിടിക്കാന്‍ സദാനന്റെ അരയിലൊരു അരഞ്ഞാണ ചരട്‌ പോലുമില്ലായിരുന്നു. സദസ്സിലെ ആളുകള്‍ മാത്രമല്ല, കസേരകള്‍ പോലും കൂവി പോയി. അതും കന്യാകുമാരി മുതല്‍ മഞ്ചേശ്വരം വരെ കേള്‍ക്കുന്ന മട്ടില്‍ . 

16 comments:

 1. എന്നാലും 'ജാതക വശാല്‍' കര്‍ഷക വേഷം
  പിടിച്ചു എല്പിച്ചതിന്റെ വാശിക്ക് ജന്മിയോടു
  ചെയ്ത ചതി അല്ലെ അത് മാഷെ ???

  എന്തായാലും സംഭവം കലക്കി..കൊള്ളാം എഴുത്ത്..

  ReplyDelete
  Replies
  1. പിടി കിട്ടി അല്ലെ സാറേ.... :)

   Delete
 2. എനിക്കൊരു സംശയം. ജന്മിയുടെ റോള്‍ അബൂതി തന്നെയല്ലായിരുന്നോന്ന്. എന്നിട്ടിപ്പോള്‍ പാവം സദാനന്ദന് പഴിയും!!!

  ReplyDelete
 3. :) കൊള്ളാല്ലൊ. പച്ചയായാ ആവിഷ്കാരത്തിന്റെ പേരിൽ നാടകത്തിനു ഒന്നാം സമ്മാനം ലഭിച്ചു കാണുമല്ലൊ..

  ReplyDelete
 4. ജന്റര്‍ ഐഡന്റിഫയിങ്ങ് എക്യുപ്മെന്റ് എന്നു പറയുന്നതല്ലെ ഒന്നു കൂടി നല്ലത്?.ഏതായാലും നാടകം നന്നായി.

  ReplyDelete
  Replies
  1. ശരിക്കും.. അങ്ങിനെ തന്നെയാ നല്ലത്..

   Delete
 5. വളരെ രസകരമായ പോസ്റ്റ്‌. സമാനമായ ഒരു അനുഭവം (നാടകം) എന്റെ സ്കൂള്‍ ജീവിതത്തില്‍ ഉണ്ട്. പക്ഷെ മനപൂര്‍വ്വം ഉരിഞ്ഞതാണ് എന്ന് പറഞ്ഞു കൊണ്ട് ഹെഡ് മാസ്ടരുടെ അടിയും കിട്ടി നടന്മാര്‍ക്ക്.
  പോസ്റ്റിനു അഭിനന്ദനങ്ങള്‍

  ReplyDelete
 6. ഈ നാടകത്തിന്റെ പേരില്‍" തന്നെ ആദ്യം തന്നെ ഞാന്‍ സദാചാര കത്രിക വെക്കുന്നു. ശേഷം നാടകത്തിലെ വേഷം, ചിത്രത്തിന് ചുറ്റും സദാചാരത്തിന്റെ ഇലകള്‍ കൊഴിഞ്ഞു കിടക്കുന്നു. ജന്മിത്വവും ബോംബും സദാനന്ദന്റെ നെഞ്ചു തല്ലലും പ്രേക്ഷകര്‍ക്ക്‌ താങ്ങാനാവില്ലെന്നും ഇത്തരം കാഴ്ചകളിലൂടെ ജനം സദാചാരത്തിന്റെ അതിര്‍ വരമ്പുകള്‍ ലംഘിക്കാന്‍ സാധ്യത ഉള്ളതിനാലും ബോംബ്‌ ജന്മിത്വം തുടങ്ങിയ പ്രസ്ഥാവ്യങ്ങള്‍ ക്രൂരമാണ് എന്നതുകൊണ്ടും...
  "സദാനന്ദന്റെ കാലിലോട്ട്‌ ഞാന്‍ അള്ളിപ്പിടിച്ച്‌ വീണപ്പോള്‍ അവനുടുത്തിരുന്ന ഡബില്‍ മുണ്ട്‌ എന്റെ കൈ തട്ടി അഴിഞ്ഞ്‌ താഴെ വീണതാണ്‌.",നിര്‍ഭാഗ്യവശാല്‍ രംഗവെളിച്ചത്തില്‍ നിന്നും തന്റെ ജെന്റര്‍ തിരിച്ചറിയല്‍ എക്യുപ്മെന്റ്റ് മറച്ചു പിടിക്കാന്‍ സദാനന്റെ അരയിലൊരു അരഞ്ഞാണ ചരട്‌ പോലുമില്ലായിരുന്നു. " ഇവിടെ സദാചാരത്തിന്റെ അതിര്‍ വരമ്പ് ലംഘിച്ചിട്ടുണ്ടോ എന്ന് കീറി മുറിച്ചു പരിശോധിക്കെണ്ടാതിനാലും എനിക്കല്പം സമയം കൂടി വേണം ... :)


  അടിപൊളി അബൂതി ആശംസ

  ReplyDelete
  Replies
  1. എന്നെയങ്ങു കൊല്ല്!

   Delete
 7. ha ha ha നാടകാന്ത്യം കലക്കി :)

  ReplyDelete
 8. രാവിലെ തന്നെ നല്ല ഒരു ചിരി സമ്മാനിച്ചു, നന്ദി
  ആശംസകള്‍ !

  ReplyDelete
 9. ഒരു വാചകം അവസാനിപ്പികുമ്പോള്‍ കുത്തും കോമയും ഇടുന്നതിനു മുന്‍പ് ഉള്ള സ്പേസ് ഒഴിവാക്കിക്കൂടെ?!! (ഉപദേശിക്കാന്‍ ഞാന്‍ "ആളല്ല" എന്നാലും പറഞ്ഞൂന്ന് മാത്രം). ആശംസകള്‍!

  ReplyDelete
 10. കുത്തും കോമയും ചില്ലക്ഷരങ്ങള്‍ വരുമ്പോള്‍ ഒരു പ്രശ്നം ഉണുന്നു. എന്റെ കമ്പ്യൂട്ടറിന്റെ കുഴപ്പം ആന്നോ എന്നറിയില.. വിത്യാസം ഇതാണ്. അവള്‍ . അവള്‍.

  ReplyDelete
 11. മുകളില്‍ പറഞ്ഞ പ്രശ്നം എന്റെ ഫോണ്ടിനും ഉണ്ട്. ചില്ലക്ഷരങ്ങളെ അടുത്ത് കണ്ടാല്‍ കുത്തും,കോമയും അവരെ കുത്തിക്കൊടലെടുക്കും. അത്കൊണ്ട് ഞാന്‍ കുത്തും, കോമയേയും ഒരുവിളിപ്പാടകലെ നിര്‍ത്തും. (തന്റെ ജെന്റര്‍ തിരിച്ചറിയല്‍ എക്യുപ്മെന്റ്റ് മറച്ചു പിടിക്കാന്‍ സദാനന്റെ അരയിലൊരു അരഞ്ഞാണ ചരട്‌ പോലുമില്ലായിരുന്നു. )(പാഠപുസ്‌തകത്തിന്റെ താളുകള്‍ക്കിടയില്‍ സുഖപ്രസവവും കാത്ത്‌ കഴിയുന്ന ഗര്‍ഭിണിയായ മയില്‍പീലി.)ഒരു അരഞ്ഞാണച്ചരട് പോലും കെട്ടാത്ത വാക്കുകള്‍ . ഇഷ്ട്ടായി...

  ReplyDelete