Sunday, June 3, 2012

കൂപമണ്ഡൂകങ്ങള്‍ക്കൊരു യന്ത്രം.


 

തൊട്ടാവാടിയും, ഊരകവും, കമ്മ്യൂണിസ്റ്റ്‌ പച്ചയും വളര്‍ന്ന പുരയിടത്തില്‍ കൂടി ആ പുലര്‍ക്കാലത്ത്‌ വെറുതെ ഉലാത്തുകയായിരുന്നു ഞാന്‍ . അതൊരു പതിവായിരുന്നു. കാല്‍ രോമങ്ങളില്‍ അള്ളിപ്പിടിക്കുന്ന ഊരകക്കായ്കളെ പ്രാകിപ്പറഞ്ഞു കൊണ്ട്‌ അന്നത്തെ നടത്തം മതിയാക്കി ഉമ്മറത്തെ ചാരുകസേരയില്‍ വന്നിരുന്നു. ചിതലരിച്ചു തുടങ്ങിയ ഗതകാല സ്മരണകളെ മാന്തിച്ചൊറിഞ്ഞു കൊണ്ടിരിക്കവെ, കയ്യില്‍ ഒരു സ്റ്റീല്‍ കപ്പുമായി അവള്‍ അങ്ങോട്ടു വന്നു. ഞാനവളുടെ മുഖത്തു നോക്കിയപ്പോള്‍ അവിടെയെങ്ങും ഘനീഭവിച്ച്‌ കിടക്കുന്ന നിര്‍വികാരതയെ ദര്‍ശിക്കാനായി. എനിക്കറിയാം, ഏതൊരു നിര്‍വികാരതയും ശക്‌തമായ പൊട്ടിത്തെറികള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ മാത്രമാണെന്ന്‌. 
കപ്പ്‌ ചുണ്ടോടടുപ്പിച്ചപ്പോള്‍ തന്നെ മനസ്സിലായി, ഇതും ഒരു പൊക പാളിയ ചായയാണെന്ന്‌. ഓലക്കൊടി കത്തിച്ച്‌ ചായ ഉണ്ടാക്കരുതെന്ന്‌ ഞാനെത്ര പറഞ്ഞിട്ടും ഈ സാധനത്തിനെതെന്താ പടച്ചോനെ മനസ്സിലാവാത്തത്‌ എന്ന്‌ ഞാനെപ്പോഴും ആലോചിക്കാറുണ്ട്‌. പക്ഷെ ഇന്ന്‌ പുക പാളിച്ച മാത്രമല്ല. പഞ്ചസാരയും ഇടാന്‍ മറന്നിരിക്കുന്നു. ഞാന്‍ വീണ്ടും ആ കമല കോമള മുഖത്തേക്ക്‌ നോക്കി. അതിപ്പോഴും ഏത്തക്കൊട്ടയില്‍ വെള്ളം കോരി വച്ച പോലെ അഞ്ചര കട്ടിക്ക്‌ കനത്തില്‍ തന്നെയാണ്‌. 
എന്തേ ബീവീ, ഇതില്‍ നീ പഞ്ചസാരയിടാന്‍ മറന്നോ? ഞാന്‍ ചോദ്യത്തില്‍ അസാരം മധുരം ചാലിച്ചു. 
പഞ്ചസാരയില്ല. ഒറ്റവാക്കിലൊരു മറുപടി. ഇല്ല എന്ന ആംഗ്യത്തിന്‌ ഒരു തിലാം തൂക്കം. 
ഊം.. പഞ്ചസാര ഇല്ല. അപ്പോള്‍ "ഇല്ല" എന്നതാണ്‌ പ്രശ്നം. ആ ഇല്ലായിമയാണ്‌ അവളുടെ മുഖത്തൊരു വല്ലായിമയായി ഘനീഭവിച്ച്‌ കിടക്കുന്നത്‌. അല്ലെങ്കിലും എന്റെ ബീടര്‍ക്ക്‌ എന്നും പരാതിയുള്ളത്‌ ഇല്ല എന്നതാണല്ലോ. കല്ല്യാണത്തിന്റെ പിറ്റേന്ന്‌ അവള്‍ക്കൊരു വെള്ളിപ്പാദസരം വേണമെന്ന്‌ പറഞ്ഞപ്പോള്‍ ഞാന്‍ ഇപ്പോഴല്ല പിന്നെ എന്നൊന്നു പറഞ്ഞു പോയി. അപ്പോള്‍ അവളെന്നോട്‌ തിരിച്ച്‌ പറഞ്ഞത്‌ നിങ്ങള്‍ക്കെന്നോട്‌ ഒട്ടും സ്നേഹമില്ലെന്നായിരുന്നു. പിന്നെ പിന്നെ സമയാ സമയത്ത്‌ ഔഷധം  സേവിക്കുന്ന പോലെ അവളെന്നോട്‌ പറഞ്ഞു കൊണ്ടിരുന്നു. നിങ്ങള്‍ക്കെന്നോട്‌ ഒട്ടും സ്നേഹമില്ലെന്ന്‌. എനിക്കവളോട്‌ സ്നേഹമില്ലാഞ്ഞിട്ടാണോ ഞങ്ങള്‍ക്ക്‌ രണ്ടുണ്ണികള്‍ പിറന്നത്‌? മഹാവികൃതികളായ രണ്ടുണ്ണികള്‍!? 
ഈ പെണ്ണുങ്ങളൊക്കെ സ്നേഹത്തെ പദാര്‍ത്ഥങ്ങളുമായി കൂട്ടിക്കുഴക്കുന്നതെന്തിനാണെന്ന്   മനസ്സിലാവുന്നില്ല. ഒരു സാരി വാങ്ങിക്കൊടുത്തില്ലെങ്കില്‍ , ഒരു മാല വാങ്ങിക്കൊടുത്തില്ലെങ്കില്‍ , വളയുമായി പോകുന്ന ചെട്ടിച്ചിയെ വിളിച്ചിരുത്തി അവളുടെ കൈ നിറയെ വളയിട്ട്‌ കൊടുത്തില്ലെങ്കില്‍ അവള്‍ പറയും എനിക്കവളോട്‌ സ്നേഹമില്ലെന്ന്‌!
കഥയെഴുത്തല്ലാതെ മറ്റൊരു പണിക്കും പോകൂലാന്ന്   ഞാന്‍ എന്നോട്‌ തന്നെ പണ്ടേ സത്യം ചെയ്‌തു പോയതാണ്‌. ആ വകയില്‍ കിട്ടുന്ന നാലഞ്ചണകള്‍ കൊണ്ടാണ്‌ ജീവിത ചക്ക്രം ഞാനിങ്ങനെ എണ്ണയിടാനാവാതെ കരകര ശബ്ദത്തോടെ തിരിച്ച്‌ കൊണ്ടിരിക്കുന്നത്‌. അതിന്നിടയിലാണ്‌ അവളുടെ ഒടുക്കത്തെ സാരിയും പൊട്ടും വളയും കമ്മലും സുറുമയുമൊക്കെ. ഈ ലോകത്ത്‌ ഇത്രമാത്രം അനാവിശ്യ വസ്‌തുക്കള്‍ എന്തിനാണെന്റെ പടച്ചോനേ എന്ന്‌ ഞാനെപ്പോഴും ചിന്തിക്കാറുണ്ട്‌. പഞ്ചസാരയില്ല എന്ന അവളുടെ മറുപടി കേട്ടപ്പോള്‍ ഞാന്‍ തിരിച്ചങ്ങോട്ട്‌ വളരെ  ന്യായമായ ഒരു ചോദ്യം ചോദിച്ചു,
എന്നാല്‍ പിന്നെ നിനക്ക്‌ ഇത്തിരി ചക്കരയെങ്കിലും ഇട്ടു കൂടായിരുന്നോ ചക്കരേ. ?
ചക്കരയുമില്ല... 
അപ്പോ ഞാന്‍ കഴിഞ്ഞാഴിച്ച കൊണ്ടു വന്ന അരക്കിലോ ചക്കര.... ?
ആ.. അതൊക്കെ മക്കള്‍ തിന്നു.. കുറച്ചൊക്കെ ഞാനും തിന്നു... എത്രയെന്നു വച്ചാ വിശന്നിരിക്കുക?
ഓ... അവളിപ്പോള്‍ പറഞ്ഞു വരുന്നത്‌ എന്റെ വീട്ടിലെ ദാരിദ്ര്യത്തെ കുറിച്ച്‌. അല്ലെങ്കിലും അവള്‍ക്കതല്ലെ പറയാനുള്ളൂ. കഴിഞ്ഞാഴിച്ചയിലും ഈ ആഴിച്ചയിലുമായി രണ്ടു മൂന്നു ദിവസം അത്താഴപ്പട്ടിണിയായിരുന്നു. അവള്‍ക്കാണെങ്കിലോ, ഞാനിങ്ങനെ കഥയെഴുതി നടക്കുന്നതില്‍ ഒട്ടും താല്‍പര്യമില്ല. നിങ്ങള്‍ക്കെന്താ മനുഷ്യാ വല്ല ജോലിക്കും പോയിക്കൂടെ എന്ന ചോദ്യം കൂടെക്കൂടെ ഉണ്ടാവാറുണ്ട്‌. എനിക്കാണെങ്കില്‍ ആ ചോദ്യം കേള്‍ക്കുന്നതിനെക്കാള്‍ ചതുര്‍ത്ഥിയുള്ള മറ്റൊരു കാര്യവും ഇല്ല. ജോലിക്കു പോവുക. എന്തൊരു മുഷിപ്പന്‍ പരിപാടിയാണത്‌. ഒരു കൂട്ടര്‍ ജോലിക്ക്‌ പോകുന്നു. പാടത്തും പറമ്പിലും ചെളിയിലും വെയിലത്തും മഴത്തും കിടന്ന്‌ കഷ്ട്ടപ്പെടുന്നു. ഒരു കൂട്ടരത്‌ വരമ്പത്ത്‌ നിന്ന്‌ കണ്ടു രസിക്കുന്നു. മോശം! മോശം!! വളരെ മോശം പരിപാടി തന്നെ!!! 
എന്റെ ചിന്തകള്‍ കാടും മലയും കയറിത്തുടങ്ങിയപ്പോള്‍ ഞാനൊരു സല്‍മാ ബീഡിക്ക്‌ തീ കൊളുത്തി. ആത്മാവിലേക്ക്‌ ആ തണുത്ത വെളുപ്പാന്‍ കാലത്ത്‌ ബീഡിപ്പുകയൂതിയപ്പോള്‍ എന്തോ ഒരു സുഖം. താനിപ്പോള്‍ അങ്ങിനെ സുഖിക്കേണ്ട എന്നു കരുതിയാവും അവളൊരു ചോദ്യശരമെയ്‌തു.
അതേയ്‌.. നിങ്ങളിങ്ങനെ ഇരുന്നാ മതിയോ... ഇവിടെ ഒരു മണി അരിയില്ല... 
അരിയും ചോറും ഒരു ബൂര്‍ഷ്വാ വ്യവസ്ഥിതിയുടെ ഉല്‍പ്പന്നമാണ്‌. നമുക്ക്‌ മുട്ടയും പാലും കഴിക്കാം. പോരാത്തതിന്‌ ചിക്കനും.. 
ഞാന്‍ അകത്തേക്കെടുത്ത പുക വളയങ്ങളായി പുറത്തേക്കൂതാന്‍ ശ്രമിക്കുന്നതിന്നിടയില്‍ പറഞ്ഞു. പണ്ടാറമടങ്ങാനായി പുക വളയങ്ങള്‍ പുകയുണ്ടകളായി മണ്ടയിലോട്ട്‌ ഇടിച്ചു കയറി. ക്ഷയരോഗി ചുമക്കുന്നതു പോലെ ഞാന്‍ നെഞ്ചു കുത്തി ചുമച്ചു.. 
മുട്ടേം പാലും.. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട... ന്റെ നാക്ക്‌ ചൊറിഞ്ഞു വരുന്നുണ്ട്ട്ടൊ.... അവളിത്തിരി അരിശത്തില്‍ തന്നെ... 
അതു ശരി.. ചൊറിച്ചിലാണ്‌ നിന്റെ ഹലാക്കല്ലെ.. സാരമില്ല.. നീയൊരു ചേമ്പിന്റെ വിത്തെടുത്ത്‌ തൊലി കളഞ്ഞ്‌ വായിലേക്കിട്‌.. നിന്റെ ചൊറിച്ചില്‍ മാറിക്കൊള്ളും.. 
ഞാനവളുടെ ചൊറിച്ചിലിനൊരു അത്യുഗ്രന്‍ മരുന്നു പറഞ്ഞു കൊടുത്തു. 
രോക്ഷരസത്താല്‍ അവളുടെ മുഖം ചുവന്നു. എന്റെ തോളില്‍ നിന്നും ഒരു റാത്തല്‍ മാംസം തോണ്ടിയെടുക്കാനുള്ള ശ്രമമെന്ന മട്ടില്‍ ഒരു തോണ്ടല്‍ . അതിടക്ക്‌ പതിവുള്ളത്‌ കൊണ്ട്‌ ഞാനത്ര കാര്യമാക്കിയില്ല. 
അണ്ണാക്കിലോട്ട്‌ ചേമ്പല്ല.... ഞാനൊരൂട്ടം പറഞ്ഞാലുണ്ടല്ലൊ... എവിടെ മനുഷ്യാ ഈ വളപ്പിലൊരു ചേമ്പും ചേനിം.. ?
ചേമ്പൊ? ദാ കെടക്കുന്നു നമ്മുടെ വളപ്പിന്റെ കിഴക്കേ അതിരിന്നപ്പുറത്ത്‌, ഇഷ്ടം പോലെ കിടക്കുകയല്ലെ, ചേമ്പും ചേനയും വാഴയുമൊക്കെ.. നീ ചെന്ന്‌ മാന്തെടീ ബീവീ.. കുറച്ചധികം മാന്തിക്കൊ.. എന്നിട്ട്‌ ഇന്നുച്ചക്ക്‌ അതു കൊണ്ട്‌ കൂട്ടാനും വെച്ചൊ.. 
പിന്നേ.. എനിക്ക്‌ പിരാന്തല്ലെ.. കണ്ണീകണ്ട ആള്‍ക്കാരുടെ പറമ്പിലൊക്കെ ചെന്ന്‌ ചേമ്പും ചേനയും മാന്താന്‍.. നിങ്ങളെ തലക്ക്‌ കാര്യമായിട്ടെന്തോ പറ്റിയിട്ടുണ്ട്ട്ടൊ.. അല്ലെങ്കിലിങ്ങനെ കക്കാനൊന്നും പറയൂലല്ലൊ!?
കളവോ? ഇതൊ?? അല്ല ബീവീ! അല്ല!! മോഷണം എന്നു പറയുന്നത്‌ ഉള്ളവന്‍ ഇല്ലാത്തവന്റെ മുതലെടുക്കുമ്പോഴാണ്‌. ഇത്‌ മോഷണമല്ല. യേശു പറഞ്ഞത്‌ നീ കേട്ടിട്ടില്ലെ? ഉള്ളവന്‍ ഇല്ലാത്തവനു കൊടുക്കണമെന്ന്‌! ഉള്ളവന്‍ തന്നില്ലെങ്കില്‍ ഇല്ലാത്തവനെടുക്കണം. 
ഇല്ല.. യേശു അതു പറഞ്ഞപ്പോള്‍ ഞാന്‍ ജനിച്ചിട്ടില്ലായിരുന്നു. 
കഷ്ടം.. നിനക്കൊരല്‍പ്പം നേരത്തെ ജനിക്കാമായിരുന്നു. 
പിന്നെ.. ഇപ്പോളതിന്റെ ഒരു കുറവു മാത്രമെ ഉള്ളൂ. അവള്‍ ചവിട്ടിത്തുള്ളി അകത്തേക്ക്‌ പോയി. തല്‍ക്കാലം രക്ഷപ്പെട്ടു. എന്തായാലും ഇന്ന്‌ പുസ്‌തകക്കടയില്‍ പോകണം. എന്റെ "വിശാലാക്ഷിയും വിമൂകദേവനും" എന്ന മഹാസൃഷ്ടി ഒരു പതിപ്പെങ്കിലും വിറ്റു പോയിട്ടുണ്ടാവും. ആ വകയില്‍ ഒരു അമ്പതുറുപ്പിക വാങ്ങിച്ചാല്‍ , റേഷനരിയിങ്ങ്‌ പോരും. പുഴുവും കല്ലും കഴിച്ചെടുത്താല്‍ വായിലിട്ട്‌ റബറു കണക്കെ ചവപ്പാനിത്തിരി വറ്റു കിട്ടും. മണ്ടരിയെ അതിജീവിച്ച തേങ്ങയരച്ചൊരു ചമ്മന്തിയുമുണ്ടെങ്കില്‍ കൂശാലായി. അയല്‍വാസിയുടെ പറമ്പില്‍ നിന്നൊരഞ്ചാറു മത്തനില പിരിച്ചെടുത്തതു താളിച്ചാല്‍ , ജീവകം അ മുതല്‍ ഋ വരെ ഇങ്ങു പോരും. വീടിന്റെ പിന്നാമ്പുറത്ത്‌ പടുമുള മുളച്ച പപ്പായ കൊണ്ടൊരുപ്പേരി കൂടി വച്ചാല്‍ , ഭക്ഷണം ഭേഷായി. ആനന്ദ ലബ്ധിക്കിനിയെന്ത്‌ വേണം?
പിന്നെ അമാന്തിച്ചില്ല. നേരെ പുസ്‌തക വില്‍പ്പന ശാലയിലേക്ക്‌. ഒരു കൊച്ചു പ്രസാധകന്‍ കൂടിയായ കടക്കാരന്റെ മുഖം എന്നെ കണ്ടതോടെ ചേരാട്ട പോലെ ചുരുണ്ടു കൂടി. കടയിലെത്തിയപ്പോള്‍ ഞാന്‍ കണ്ടു. മുമ്പിലെ പ്രദര്‍ശനക്കൂട്ടില്‍ നിന്നും കടയുടെ ഉള്ളിലേക്ക്‌ മാറിത്താമസിച്ച എന്റെ മഹത്തായ കൃതി, "വിശാലാക്ഷിയും വിമൂകദേവനും" എന്നെ നോക്കി കണ്ണുരുട്ടിക്കാണിക്കുന്നു. 
വല്ലതും വിറ്റോ എന്നു ചോദിക്കുന്നതിന്റെ മുമ്പേ, ഇല്ല എന്നര്‍ത്ഥത്തില്‍ വായ റ പോലെ വളച്ചു കൊണ്ട്‌ കടക്കാരന്‍ തലയാട്ടി. ഇനിയിപ്പോള്‍ എന്ത്‌ ചെയ്യും? കടക്കാരനോട്‌ ഒരു നൂറു ഉറുപ്പിക ചോദിച്ചു. അവന്റെ മുഖം പശു കപ്പിയ കശുമാങ്ങ പോലെയായി. ഹെന്റെ പടച്ചോനെ. ഒരു നൂറു ഉറുപ്പികയുടെ വില പോലുമില്ലാത്തവനായോ ഞാന്‍ ? എന്തായാലും ഒരു വാഗ്വാദത്തിനു ശേഷം വലിയവനായ കടക്കാരന്‍ എനിക്ക്‌ പണം തന്നു.
എന്നെങ്കിലുമൊരിക്കല്‍ എന്റെ "വിശാലാക്ഷിയും വിമൂകദേവനും" വിറ്റു പോകുമ്പോള്‍ അതില്‍ നിന്നും മേല്‍ പണം വസൂലാക്കുമെന്ന ഒരു കഠോരമായ മുന്നറിയിപ്പും അദ്ദേഹം തന്നു. ബസ്‌ കാത്തു നില്‍ക്കുമ്പോള്‍ ഒരു കൂട്ടം കോളേജ്‌ കുമാരിമാരുടെ പിന്നില്‍ അഷ്ടാംഗങ്ങളും കൊണ്ട്‌ നവരസങ്ങള്‍ വിടര്‍ത്തുന്ന ഒരു വിദ്ദ്വാനെയും അവന്റെ കൂട്ടുകാരനെയും കണ്ടു. കുമാരിമാരുടെ കൂട്ടത്തിലൊരു കുമാരിയില്‍ നിന്നും ഇഷ്ടന്‍ ഒരു "വര" സംഘടിപ്പിക്കാനുള്ള പദ്ധതിയാണെന്ന്‌ തോന്നുന്നു. എങ്ങോട്ടോ പോകാനുള്ള ഒരു ബസ്‌ വന്നു നിന്നപ്പോള്‍ കുമാരിമാരെല്ലാം കിളിയുടെ തഴുകലും കണ്ടക്റ്ററുടെ തോണ്ടലുമേല്‍ക്കാനായി ബസ്സിലേക്ക്‌ ചാടിക്കേറി. അണ്ടി കളഞ്ഞ അണ്ണാനെ പോലെ ബസ്സ്‌ പോകുന്നതും നോക്കി നില്‍ക്കുന്ന കുമാര നേയും  അവന്റെ കൂട്ടുകുമാരനേയും നോക്കി നില്‍ക്കേ, കരിയിലയും മണ്ണാങ്കട്ടയും കാശിക്ക്‌ പോകുന്ന പോലെ, തോളോട്‌ തോള്‍ ചേര്‍ന്ന്‌ അവര്‍ അടുത്ത കൃഷി സ്ഥലത്തേക്ക്‌ യാത്രയായി. പോകുന്ന പോക്കില്‍ ഒന്നാം കുമാരന്റെ വക രണ്ടാം കുമാരനോടൊരു ചോദ്യം. ഇനിയിപ്പോ ആ പണിക്കരു സാറിന്റെ ഒരു യന്ത്രം കെട്ടിയാലെ ഓളൊന്ന്‌ കടാക്ഷിക്കൂ എന്നുണ്ടോ?
എന്റെ മനസ്സില്‍ ഒരായിരം ഗോള്‍ഡന്‍ മിന്നാമിന്നികള്‍ മിന്നി. സല്‍മാ ബീഡി ആരോഗ്യത്തിന്‌ അത്യുത്തമമാകയാല്‍ ഞാനൊരെണ്ണം കത്തിച്ച്‌, ഗുമഗുമാന്ന്‌ പുകയെടുത്ത്‌ ആത്മാവിലേക്കെറിഞ്ഞു കൊണ്ടിരുന്നു. എന്റെ തലയിലപ്പോള്‍ പറന്നു കളിക്കുകയായിരുന്ന, സുവര്‍ണ നിറത്തില്‍ പ്രകാശം പരത്തുന്ന മിന്നാമിന്നികളേയും നോക്കി ഞാന്‍ ബീഡി വലിച്ചു കൊണ്ടേ ഇരുന്നു. ബീഡിയുടെ അരഞ്ഞാണച്ചരട്‌ പൊട്ടിപ്പോകുന്നത്‌ വരേയും!
കയ്യിലെ റേഷനരിക്കു പുറമേ, ഒരു കിലോ പച്ചമീനിന്റെ പൊതി കൂടി കണ്ടപ്പോള്‍ അവളുടെ മുഖം സഹസ്രസൂര്യശോഭയോടെ തിളങ്ങി. സന്തോഷാധിക്യം കാരണം എന്റെ വാരിയെല്ലുകള്‍ പൊട്ടിപ്പോകുമാറ്‌ അവളെന്നെ ആലിംഗനം ചെയ്യുമെന്ന്‌ ഞാനാഗ്രഹിച്ചെങ്കിലും, അതുണ്ടായില്ല. അവളെങ്ങിനെ സന്തോഷിക്കാതിരിക്കും? മീനെന്നു വച്ചാല്‍ അവള്‍ക്ക്‌ ജീവനാണ്‌. വാങ്ങിക്കുന്നതാകട്ടെ, കഴിഞ്ഞ പ്രാവിശ്യം മീന്‍ വാങ്ങിയത്‌ എന്നാണെന്ന്‌ മറന്നുകഴിഞ്ഞായിരിക്കും. നല്ലോണം ചാറൊയിച്ച്‌, കുഴച്ചുരുട്ടിയ ചോറ്റുരള കൊണ്ടൊരമ്മാനവുമാട്ടി അവളും കുട്ടികളും ഊണു കഴിക്കുന്നതും നോക്കി തെല്ല്‌ നേരം ഞാന്‍ നിന്നു. സംഗതി കണ്ടിരിക്കാനൊരു ശേലൊക്കെയുണ്ട്‌. 
ഊണു കഴിച്ച്‌ കഴിഞ്ഞ്‌ ഉമ്മറത്തെ ചാരുകസേരയിലെത്തിയ ഞാനൊരു സല്‍മാ ബീഡിക്ക്‌ തീ പിടിപ്പിച്ചു. ആത്മാവിനെ പുകച്ചു ചാടിക്കാനെന്ന വണ്ണം ഒരഞ്ചാറു കവിള്‍ പുക ഗുമഗുമാന്നെടുത്തു. അവളെ വിളിച്ചു. സന്തോഷം സ്ഫുരിക്കുന്ന മുഖവുമായി അവള്‍ വന്നു. ഞാനവളോട്‌ ഇരിക്കാന്‍ പറഞ്ഞു. കസേരയുടെ അരികിലായി അരമതിലില്‍ കാല്‍ഭാഗം ചിതല്‍ തിന്നുതീര്‍ത്ത മരത്തൂണും ചാരി അവളെന്നെയും നോക്കിയിരുന്നു. എന്തോ എന്നൊരര്‍ഥത്തില്‍ .. ഞാനതിന്നിടയിലെഴുതിത്തയ്യാറാക്കിയിരുന്ന ഒരു കുറിപ്പ്‌ അവളുടെ നേരെ നീട്ടി. 
പിന്നെയും തുടങ്ങിയോ ഈ പുരാണമെഴുത്ത്‌? എന്നൊരു ചോദ്യത്തോടെ അവളത്‌ വാങ്ങി ഉറക്കെ വായിച്ചു. 
പ്രശ്നബാധിതരെ. നിങ്ങള്‍ക്കിനി ആശ്വസിക്കാം. സൂഫിവര്യന്‍ അല്‍ഷൈഖ്‌ ഖാജാ മുഹമ്മദ്‌ ആലുമൂപ്പന്‍ അല്‍ചിസ്‌തി സ്വന്തം കയ്യാല്‍ തയ്യാറാക്കിയ പ്രശ്ന പരിഹാര യന്ത്രം/ഏലസ്സ് നിങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമേകും. ദാരിദ്ര്യം, രോഗം, ഇഛാഭംഗം എന്നീ കഷ്ടപീഢകളാല്‍ വലയുന്ന ജാതി മത ഭേദ്യമെന്നേ എല്ലാ മനുഷ്യര്‍ക്കുമുള്ള ഒരു ഉത്തമ പരിഹാരമാണിത്‌. താഴെ കാണുന്ന വിലാസത്തില്‍ വെറും നൂറ്റമ്പത്‌ ഉറുപ്പിക മണി ഓര്‍ഡര്‍ ആയി അയക്കുന്നവര്‍ക്ക്‌ അതിവിശിഷ്ടമായ ഈ യന്ത്രം തപാല്‍ മാര്‍ഗം അയച്ചു തരുന്നതാകുന്നു. 
സംഗതി വായിച്ച്‌ കഴിഞ്ഞപ്പോള്‍ അവളെന്നെ ആപാദചൂഡം ഒന്നു നോക്കി. ഇത്തിരി പരിഹാസരസം വിതറിയ ഒരു ചോദ്യം. 
നിങ്ങള്‍ക്കെന്താ പിരാന്തായൊ?
എന്നെ ആ ചോദ്യം കലശലായി ദേഷ്യം പിടിപ്പിച്ചുവെങ്കിലും, അവളുടെ കഴുത്തിലെ ഒന്നൊര പവന്‍ വരുന്ന കനകഹാരമാണെന്റെ പരസ്യപ്രകാരമുള്ള യന്ത്ര ബിസിനസിനുള്ള മൂലധനം എന്ന തിരിച്ചറിവില്‍ ഞാന്‍ , മറ്റേതൊരു പുരുഷനേയും പോലെ പിന്നെയും അല്‍പം സോപിട്ടു തന്നെ സംസാരിച്ചു. 
വിജയത്തിന്റെ മണിമാളികയിലേക്കുള്ള ആദ്യത്തെ ചുവടു വെപ്പിനെ വേണമെങ്കില്‍ നീ പിരാന്തെന്ന്‌ വിളിച്ചോളൂ. ചരിത്രത്തെ ചെറിയൊരു മാറ്റത്തിനെങ്കിലും ആരെങ്കിലും വിധേയമാക്കിയിട്ടുണ്ടെങ്കില്‍ , ആയാളെ സമൂഹം ഭ്രാന്തന്‍ എന്നു വിളിക്കാതിരുന്നിട്ടില്ല. നോക്കൂ.. നമ്മുടെ കുടുംബത്തിന്റെ ഉയര്‍ച്ചയുടേയും ഉന്നമനത്തിന്റെയും തുടക്കമാണ്‌ ഈ കൊച്ചു പരസ്യം. ഇതു നോക്കി നീയും പറയുന്നു ഭ്രാന്താണെന്ന്‌. ചരിത്രം ഒരിക്കലും മാറുന്നില്ല ബീവീ. ഒരിക്കലും മാറുന്നില്ല.. സ്ഥാനങ്ങളും വ്യക്‌തികളും മാത്രമെ മാറുന്നുള്ളൂ.. 
ഊം.. ഇത്‌ ശരിക്കും നട്ടപ്പിരാന്തു തന്നെ. ന്റെ പടച്ചോനെ..ന്റീം കുട്ട്യാളീം കാര്യം.. അല്ല മനുഷ്യാ, ഇതേതാ ഈ സൂഫി.. നിങ്ങള്‍ക്ക്‌ സൂഫി, ഔല്യ എന്നൊക്കെ പറഞ്ഞാലൊരുമാതിരി, നാളികേര വൃക്ഷത്തിന്റെ ഇലയുടെ തലപ്പത്ത്‌ ഒരല്‍പ്പം അഗ്നി പകര്‍ന്ന്‌ കൊണ്ടു വരൂ എന്നു പറയുന്നവരുടെ കൂട്ടായിരുന്നല്ലോ? ഇപ്പോളിതെന്തു പറ്റി?
സത്യമാണു ബീവീ.. അങ്ങിനെ ഒരു സൂഫി ഉണ്ട്‌. സുഫിസ്സമില്ല എന്നു പറയുന്നവനെ അതേ നാളികേര വൃക്ഷത്തില്‍ നിന്നുണ്ടാക്കുന്ന ഉലക്ക എന്ന സാധനത്തില്‍ കിടത്തി ഉരലു കൊണ്ട്‌ തല്ലിക്കൊല്ലണം. 
അവള്‍ തലക്ക്‌ കയ്യും കൊടുത്തിരുന്നു കൊണ്ട്‌ തന്നത്താന്‍ ചോദിച്ചു. 
ന്റെ പടച്ചോനെ.. ഒരു കിലോ മീന്‍ വാങ്ങിച്ചപ്പോത്തിന്‌ ഇത്രേം പിരാന്തൊ?
അതു കേട്ട്‌ ഞാനൊന്ന്‌ ചിരിച്ചു. പൊട്ടിപ്പൊട്ടിച്ചിരിച്ചു. അടര്‍ക്കളത്തിലായുധം നഷ്ടപ്പെട്ട അഭിമന്യു ധര്‍മിഷ്ടനായ കര്‍ണനോട്‌ ആയുധം ചോദിച്ചപ്പോള്‍ അന്ന്‌ കര്‍ണന്‍ ഇവ്വിധം ചിരിച്ചിരുന്നു. ശങ്കക്കു പുറത്തേറിയ അവള്‍ക്കെന്റെ ചിരി കൂടി കണ്ടപ്പോള്‍ കാര്യത്തിലൊരു തീര്‍പ്പിലെത്താന്‍ ശങ്കയുണ്ടായില്ല. പക്ഷെ, അധികനേരം അവളെയാ വ്യസനപര്‍വത്തിലിരുത്താതെ ഞാന്‍ പറഞ്ഞു. 
നിനക്കൊരാശങ്കയും വേണ്ട. എന്റെ തലക്ക്‌ നല്ല സുഖമുണ്ട്‌. ആവോളം വെളിവുണ്ട്‌. അല്ലായിരുന്നെങ്കില്‍ ഞാനിങ്ങനെ ചിന്തിക്കുമായിരുന്നോ? ഈ പരസ്യം അങ്ങോട്ടു കൊടുത്താല്‍ കൂപമണ്ഡൂകങ്ങള്‍ക്കു സമമായ പൊതുജനങ്ങള്‍ ധാരാളം ധാരാളമായി ഈ യന്ത്രം വാങ്ങും. ഫലമോ? ഓരോ യന്ത്രത്തിനും ചുരുങ്ങിയത്‌ നൂറു ഉറുപ്പിക നമ്മുടെ പണപ്പെട്ടിയില്‍ വീഴും. കേവല മാസങ്ങള്‍ കഴിഞ്ഞാല്‍ നാമായിരിക്കും ഈ നാട്ടിലെ ഏറ്റവും വലിയ പണക്കാര്‍.. മനസ്സിലായോ?
എവിടെ.. അവളുടെ അന്തം വിട്ടുള്ള ആ വായപൊളിച്ചിരിത്തം കണ്ടാലറിയം ഞാന്‍ പറഞ്ഞതൊന്നും ആ തലേലോട്ട്‌ കേറിയിട്ടില്ലെന്ന്‌. അവളുടെ മുഖം സുന്നാമക്കി കുടിച്ച കൊച്ചിന്റെ വായ പോലെ കോടിപ്പോയി. അങ്ങിനെ കുറേ നേരം ആകാശത്തു കൂടി ഗോകര്‍ണത്തേക്കും നോക്കിയിരുന്നു. അവസാനം ഒരു നെടുവീര്‍പ്പോടെ ഒരു ചോദ്യം. 
നടക്ക്വോ? 
നടക്കില്ല... ഓടും.. ഞാന്‍ തറപ്പിച്ച്‌ പറഞ്ഞു. കലക്ക വെള്ളം തെളിയുന്ന പോലെ അവളുടെ മുഖം പതുക്കെപതുക്കെ തെളിഞ്ഞു വന്നു. അവളെന്റെ കയ്യില്‍ നിന്നും പരസ്യത്തിന്റെ കുറിപ്പ്‌ പിന്നെയും വാങ്ങി ഒരു മാത്രകൂടി വായിച്ച്‌ നോക്കി. എന്നാല്‍ പിന്നെ നിങ്ങള്‍ക്കിത്‌ നേരം വൈകാതെ പരസ്യമാക്കാന്‍ നോക്കിക്കൂടെ?
അവിടെയാണ്‌ പ്രശ്നം. ഞാന്‍ നിരാശ പുരട്ടിയ വാക്കുകളോടെ പറഞ്ഞു. പരസ്യം ചെയ്യണമെങ്കില്‍ പണം വേണം. എന്റെ കയ്യില്‍ പണമില്ല. പരസ്യം ചെയ്‌താലെ ജനങ്ങള്‍ സംഗതിയറിയൂ. അവര്‍ അറിഞ്ഞാലേ യന്ത്രം വാങ്ങൂ. യന്ത്രം വാങ്ങിയാലേ നമ്മള്‍ പണക്കാരാകൂ. മൂലധനമാണ്‌ പ്രശ്നം.
നിങ്ങളുടെ സൂഫിയോട്‌ ഇത്തിരി മൂലധനം ചോദിച്ചു കൂടെ?
സത്യമായും എനിക്ക്‌ ദേഷ്യം വന്നു. അണപ്പല്ലു കൊണ്ട്‌ ഞാനാ ദേഷ്യത്തെ അവളറിയാതെ കടിച്ച്‌ പൊട്ടിച്ചിട്ട്‌ പറഞ്ഞു. 
പിന്നെ.. സൂഫിക്ക്‌ മൂലധനമുണ്ടാക്കലല്ലെ പണി? നീയീ വീടിന്റെ അധാരമിങ്ങെടുക്ക്‌. നമുക്കത്‌ പണയം വെക്കാം. അങ്ങിനെ മൂലധനത്തിനുള്ള പണം കണ്ടെത്താം. 
പെര പണയം വെക്ക്യേ???? ഒന്നല്ല.. അവള്‍ ഒരു പാടു പ്രാവിശ്യം ഞെട്ടാനുള്ള ഞെട്ടല്‍ ഒരുമിച്ച്‌ ഞെട്ടി. 
അല്ലാതെ പിന്നെ ഞാനെന്തു ചെയ്യാനാ.. ന്റെ കയ്യില്‍ കമ്മട്ടമൊന്നുമില്ലല്ലോ.. ഉറുപ്പിക അച്ചടിക്കാന്‍ ..  അല്ലെങ്കില്‍ പിന്നെ മറ്റൊരു മാര്‍ഗമുണ്ട്‌.
എന്താണ്‌ എന്നര്‍ഥത്തില്‍ അവളെന്റെ മുഖത്തേക്ക്‌ സൂഷിച്ച്‌ നോക്കി. ഞാന്‍ വീടിന്റെ കഴുക്കോലിലേക്ക്‌ നോക്കികൊണ്ട്‌ പറഞ്ഞു. 
നിന്റെ മാല ഒന്നു തന്നാല്‍ , നമുക്കത്‌ പണയം വെക്കാമായിരുന്നു. 
അവളാദ്യം ക്രൂധയായി എന്നെ ഒന്നു നോക്കി. പിന്നെ ഗഹനമായ ആലോചനയിലാണ്ടു. മാലയോടുള്ള സ്നേഹവും ഭാവിയില്‍ പണക്കാരിയായിമാറാനുള്ള അത്യാഗ്രഹവും കൂടിയുള്ള ദ്വന്ദയുദ്ധത്തില്‍ അവസാനം അത്യാഗ്രഹം ജയിച്ചു. അങ്ങിനെ പരസ്യം പിറ്റേ ദിവസത്തെ പത്രത്തില്‍ അച്ചടിച്ച്‌ വന്നു. ആ പത്രത്താളിലേക്കും നോക്കി അവളും ഞാനും സ്വര്‍ഗരാജ്യവും സ്വപ്നം കണ്ട്‌ കഴിഞ്ഞു. ദിവസങ്ങള്‍ ഒന്നെ രണ്ടെ മൂന്നെ എങ്ങിനെ കഴിഞ്ഞു കൊണ്ടിരുന്നു. അവളിലെ ആവേശവും പ്രതീക്ഷയും മങ്ങി മങ്ങി വരികയും എന്നോടുള്ള ദേഷ്യം കൂടിക്കൂടി വരികയും ചെയ്‌തു കൊണ്ടിരുന്നു. 
പതുക്കെ പതുക്കെ അവളെന്റെ തല നുള്ളി തിന്നാന്‍ തുടങ്ങി. ഉടലു കൂടെ നുള്ളിത്തിന്നാന്‍ തുടങ്ങിയ ഒരു ചൊവ്വാഴിച്ച ദിവസം, അന്ന്‌ പരസ്യം കൊടുത്തിട്ട്‌ എട്ടു ദിവസം തികയുന്നു, എന്റെ വീടിന്റെ മുമ്പില്‍ ഒരു പോസ്റ്റുമാന്‍ പ്രത്യക്ഷപ്പെട്ടു. രണ്ടാളുകള്‍ യന്ത്രത്തിനായി മൂന്നൂറ്‌ ക മണിയോര്‍ഡര്‍ അയച്ചിരിക്കുന്നു. അന്നുതന്നെ യന്ത്രം അവര്‍ക്കയച്ചു കൊടുത്തു. അടുത്ത നാലു ദിവസത്തേക്ക്‌ ആരും ആ വഴി വന്നില്ല. ഒന്നര പവന്റെ കണക്ക്‌ കേട്ടെന്റെ കാത്‌ മരവിച്ചു. എന്നാല്‍ അഞ്ചാം ദിവസം പത്തോളം കത്തുകളുമായി പോസ്റ്റുമാന്‍ വീണ്ടും വന്നു. പിന്നെയും പിന്നെയും വന്നു കൊണ്ടിരുന്നു. രണ്ടു മാസം കഴിഞ്ഞപ്പോള്‍ പരസ്യം ഒന്നു കൂടി കൊടുത്തു. ഇത്തിരി കൂടി വിപുലമായി തന്നെ. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടേ ഇല്ല. എന്നും രാവിലെ ആ ബസ്സ്റ്റോപില്‍ കണ്ട പൂവാലന്‍ ചെറുക്കന്‍മാര്‍ക്ക്‌ ഞാനെന്റെ മനസ്സ്‌ കൊണ്ട്‌ നന്ദി പറയും. 
ഇന്ന്‌ ഞാനൊരു പ്രസ്ഥാനമാണ്‌. ഇമ്മിനി ഉറുപ്പികകളൊക്കെ കൊടുത്ത്‌ വിശാലാക്ഷിക്കും വിമൂകദേവനും ഞാനൊരു അവാര്‍ഡ്‌ ഒപ്പിച്ചെടുത്തു. സംഗതി നാളെ ന്യൂജനറേഷന്‍ മണ്ഡൂകങ്ങള്‍ നമ്മെ പറ്റി വെറും യന്ത്രവ്യാപാരി എന്നു മാത്രം പറയരുതല്ലൊ. ഇന്നിപ്പോള്‍ പുസ്‌തകക്കടയില്‍ എന്റെ പുസ്‌തകത്തിനാളുകള്‍ കടിപിടിയാണ്‌. ഒരവാര്‍ഡ്‌ കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ഏതു ചവറും വാങ്ങാനാളു റെഡി. 
ഇന്നലെ എന്നോടിപ്പോള്‍ ഇത്തിരി ബഹുമാനക്കൂടുതലുള്ള ഭാര്യ ചോദിച്ചു, നിങ്ങളെനിക്കാ സൂഫിയെ ഒന്നു കാണിച്ചു തരാമോ എന്ന്‌? മുമ്പിലെ കണ്ണാടിയില്‍ എന്റെ പ്രതിരൂപം കാണിച്ചു കൊടുത്തു കൊണ്ട്‌ ഞാനാര്‍ത്തട്ടഹസിച്ചു.. പണ്ടു കര്‍ണന്‍ ചിരിച്ച അതേ ചിരി..   

17 comments:

 1. ഇതേതാ ഈ സൂഫി.. നിങ്ങള്‍ക്ക്‌ സൂഫി, ഔല്യ എന്നൊക്കെ പറഞ്ഞാലൊരുമാതിരി, നാളികേര വൃക്ഷത്തിന്റെ ഇലയുടെ തലപ്പത്ത്‌ ഒരല്‍പ്പം അഗ്നി പകര്‍ന്ന്‌ കൊണ്ടു വരൂ എന്നു പറയുന്നവരുടെ കൂട്ടായിരുന്നല്ലോ? ഇപ്പോളിതെന്തു പറ്റി?
  സത്യമാണു ബീവീ.. അങ്ങിനെ ഒരു സൂഫി ഉണ്ട്‌. സുഫിസ്സമില്ല എന്നു പറയുന്നവനെ അതേ നാളികേര വൃക്ഷത്തില്‍ നിന്നുണ്ടാക്കുന്ന ഉലക്ക എന്ന സാധനത്തില്‍ കിടത്തി ഉരലു കൊണ്ട്‌ തല്ലിക്കൊല്ലണം.

  ReplyDelete
 2. യന്ത്രങ്ങളുടെ പെരുമാഴയല്ലേ നാട്ടിലെമ്പാടും..ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പോസ്റ്റ്‌..

  ReplyDelete
 3. ഭക്തി തട്ടിപ്പിന്റെ ആധുനിക മുഖം രസകരമായി പറഞ്ഞു.

  ReplyDelete
 4. "അവളാദ്യം ക്രൂധയായി എന്നെ ഒന്നു നോക്കി. പിന്നെ ഗഹനമായ ആലോചനയിലാണ്ടു. മാലയോടുള്ള സ്നേഹവും ഭാവിയില്‍ പണക്കാരിയായിമാറാനുള്ള അത്യാഗ്രഹവും കൂടിയുള്ള ദ്വന്ദയുദ്ധത്തില്‍ അവസാനം അത്യാഗ്രഹം ജയിച്ചു. അങ്ങിനെ പരസ്യം പിറ്റേ ദിവസത്തെ പത്രത്തില്‍ അച്ചടിച്ച്‌ വന്നു. ആ പത്രത്താളിലേക്കും നോക്കി അവളും ഞാനും സ്വര്‍ഗരാജ്യവും സ്വപ്നം കണ്ട്‌ കഴിഞ്ഞു. ദിവസങ്ങള്‍ ഒന്നെ രണ്ടെ മൂന്നെ എങ്ങിനെ കഴിഞ്ഞു കൊണ്ടിരുന്നു" ........... അത്യാർത്തികളായ ഏവർക്കും സംഭവിക്കാവുന്ന അത്യാഹിതം. നന്നായിട്ടുണ്ട്. ആശംസകൾ..........

  ReplyDelete
 5. എത്ര പഠിച്ചാലും പിന്നെയും തട്ടിപ്പിന് നിന്ന് കൊടുക്ക്കുന്നവര്‍ ഉണ്ട് ..പോസ്റ്റ്‌ കലക്കി ....!

  ReplyDelete
 6. ഒരു സല്‍മ ബീഡി വലിച്ചു നോക്കട്ടെ , ഇമ്മാതിരി വല്ലതും ഉദിച്ച്ചാലോ :) അഭിനന്ദനങ്ങള്‍..

  ReplyDelete
 7. അബൂതി കലക്കി കേട്ടോ. ഞാനും ഒരു സല്‍മാ ബീഡി വലിക്കട്ടെ

  ReplyDelete
 8. ഇത് കലക്കി സൂഫീസേ...
  "ഈ പെണ്ണുങ്ങള്‍ എല്ലാം സ്നേഹം പദാര്‍ഥങ്ങളും
  ആയി കൂട്ടി കുഴക്കുന്നത് എന്തെ എന്നാണു
  എന്‍റെ സംശയം"...

  ജീവിത പ്രാരാബ്ധങ്ങളും പ്രശ്നങ്ങളും ഒരു
  മനുഷ്യന്റെ ചിന്താ മണ്ഡലത്തില്‍ ചെലുത്തുന്ന
  സ്വാധീനം,ഇന്നത്തെ സമൂഹത്തിന്റെ മനസ്സ്
  എല്ലാം നല്ല സരസമായ ഫലിതത്തിലൂടെ ഭംഗി
  ആയി അവതരിപ്പിച്ചിരിക്കുന്നു...അഭിനന്ദനങ്ങള്‍

  ReplyDelete
 9. ആദ്യം വിചാരിച്ചു വെറും സല്‍മാ ബീഡിയുടെ പരസ്യം മാത്രമേയുള്ളുവെന്ന്. ഒടുക്കമായപ്പോഴേക്കും ഒരു വിധം നന്നായി. ഇത്രയൊക്കെ വലിച്ചു നീട്ടേണ്ടിയിരുന്നില്ല എന്നൊരു തോന്നല്‍. ഏതായാലും കൊള്ളാം. ആര്‍ക്കും തുടങ്ങാവുന്ന നല്ലൊരു വ്യവസായം തന്നെ!....

  ReplyDelete
 10. മലയാളിയുടെ പൊതു സ്വഭാവത്തിനു കൊടുത്തയേറ് അസ്സലായി...വായിച്ചു കഴിഞ്ഞപ്പോള് മണ്ണികോത്ത് രാമുണ്ണി നായരെന്ന (1903 -1944) സഞ്ജയന്‍ എഴുതിയ രുദ്രാക്ഷ മാഹാത്മ്യം എന്ന കഥ മനസ്സിലോടിയെത്തി...

  ReplyDelete
 11. അൽ‌പ്പം വലിഞ്ഞിഴഞ്ഞെങ്കിലും കഥാന്ത്യം കുശാലായി.

  ReplyDelete
 12. എന്റെ തള്ളെ ഇതെന്താണിത്
  പോളപ്പൻ തന്നെ

  നല്ല എഴുത്ത്, അടിപൊളി ചുമ്മാ അങ്ങ് വായിച്ച് പോകും ആരും

  ആശംസകൾ ഡിയർ

  ReplyDelete
 13. എവിടെയൊക്കെയോ ചിന്താവിഷ്ടയായ ശ്യാമള പോലെ തോന്നിച്ചു.അവതരണം നന്നായി....സമൂഹത്തില്‍ യന്ത്രങ്ങള്‍ ഉടലെടുക്കുന്ന തന്ത്രങ്ങള്‍ക്ക് കാരണം അന്നം,ധനംപ്രശസ്തി,ഇതിനോടുള്ള അമിതാസക്തി തന്നെ എന്ന് തെളിയിക്കുന്ന പോസ്റ്റ്‌..ആശംസകള്‍....

  ReplyDelete
 14. സംഗതി പഴയ സഞ്ജയന്റെ കഥയുടെ തന്തു തന്നെ. പക്ഷേ എഴുത്ത് ശൈലി സൂപ്പർ... ഒരു വേറിട്ട ശൈലി...

  ReplyDelete