Monday, June 4, 2012

പാര്‍ട്ടിയാണഖില സാരമൂഴിയില്‍


പാര്‍ട്ടിയാണഖില സാരമൂഴിയില്‍ എന്നു പറഞ്ഞത്‌ പിണറായി ദേശത്തെവിടെയോ ഉള്ള ഒരു ശ്രേഷ്ട സന്യാസിയാണ്‌ എന്നാണ്‌ വംഗനാട്ടെ ജനസംസാരം. വംഗനാട്ടുള്ളവര്‍ക്ക്‌ പണ്ടേ ബുദ്ധി കൂടുതലാണല്ലോ? അപ്പോള്‍ പിന്നെ പാര്‍ട്ടിയാണ്‌ ബ്രഹമാണ്ഡത്തിന്റെ അച്ചുതണ്ടെന്നതില്‍ അശേഷം തര്‍ക്കമില്ല തന്നെ. പാര്‍ട്ടിക്കും, പാര്‍ട്ടി മാനിഫെസ്റ്റോ വായിച്ചവര്‍ക്കും ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അത്‌ പാര്‍ട്ടിയാപീസാണെന്നതില്‍ മഹാശിലകള്‍ പോലെ ഉറച്ചതും കടുത്തതുമായ വിശ്വാസമുണ്ട്‌. അങ്ങിനെ വരുമ്പോള്‍ ഭൂമിയിലെ സ്വര്‍ഗം കയ്യാളുന്ന പാര്‍ട്ടിയെ സംരക്ഷിക്കാനായി ആയുധമെടുക്കുകയും, പാര്‍ട്ടിയെ എതിര്‍ക്കുന്നവരെ നിഷ്കാസനം ചെയ്യുകയും ചെയ്യുന്നവരെ ചോദ്യം ചെയ്യാനും അറസ്റ്റ്‌ ചെയ്യാനും ഈ പോലീസിനെന്താണ്‌ കാര്യം? പാര്‍ട്ടിയുടെ അണികളുടെ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്‌ പാര്‍ട്ടിയാപീസില്‍ നിന്നാണ്‌. അല്ലാതെ കച്ചേരിയില്‍ നിന്നല്ല. 
ഈ പാര്‍ട്ടിയെ കുറിച്ചൊരു ചുക്കും ചുണ്ണാമ്പുമറിയാത്ത കുലംകുത്തികളും അശുക്കളും ശിശുക്കളുമായ അമേരിക്കന്‍ ഏജന്റുമാര്‍ പറഞ്ഞു പരത്തുന്ന നുണകള്‍ കൊണ്ടൊന്നും പാര്‍ട്ടി തളരൂല്ല. പാര്‍ട്ടി നേതാക്കന്‍മാരുടെ തൊലിക്കട്ടിയുടെ രഹസ്യമന്വേഷിച്ച്‌ കാണ്ടാമൃഗങ്ങള്‍ അങ്ങ്‌ കലാഹരിയില്‍ നിന്നു പോലും വരുന്നുണ്ട്‌ എന്നാണ്‌ താത്വികാചാര്യന്‍ ഹുങ്ങാവോ ചിങ്ങാവോ പറഞ്ഞിരിക്കുന്നത്‌. അത്തരം നേതാക്കന്‍മാര്‍ക്ക്‌ ഉളുപ്പില്ലായിമ ഒരു അലങ്കാരമായിക്കൂടി കിട്ടിയാല്‍ പിന്നെ പാര്‍ട്ടിക്കെതിരെ അമേരിക്ക കുപ്രചരണങ്ങളല്ല, ആറ്റംബോംബും നാറ്റംബോംബും ഒരുമിച്ചിട്ടിട്ടും കാര്യമില്ല.
ലോകത്തുള്ള ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും പാര്‍ട്ടിയുടെ പ്രിവിലേജുണ്ട്‌. അതിന്റെ അടിസ്ഥാനത്തിലാണ്‌ അവര്‍ വെട്ടുന്നതും, കുത്തുന്നതും, ബോംബെറിയുന്നതും, കൊല്ലുന്നതും, തരത്തിന്‌ കിട്ടുമ്പോള്‍ സ്‌ത്രീകളെ ബലാത്സംഘം ചെയ്യുന്നതുമെല്ലാം. അതെല്ലാം പാര്‍ട്ടി നോക്കികൊള്ളും. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആളെ കൊന്നാല്‍ പാര്‍ട്ടി അന്വേഷിക്കും. സ്‌ത്രീ പീഢനം നടത്തിയാല്‍ പീഢനത്തിനോ ബലാത്സംഘത്തിനോ ഇരയായ ഇരയെ നാട്ടില്‍ നിന്നേ ഓടിക്കും. അതും പാര്‍ട്ടി അന്വേഷിക്കും. ബോംബുണ്ടാക്കിയാല്‍ പാര്‍ട്ടി അന്വേഷിക്കും. അങ്ങിനെ പാര്‍ട്ടി അന്വേഷിച്ച്‌ കുറ്റാരോപണം തെളിഞ്ഞാല്‍ പാര്‍ട്ടി ഒന്നുകില്‍ തരം താഴ്ത്തും അല്ലെങ്കില്‍ ശാസിക്കും. പാര്‍ട്ടിക്ക്‌ വളരെ വേണ്ടപ്പെട്ട ആളാണെങ്കില്‍ പ്രത്യേക പരിഗണന നല്‍കി കുറ്റരോപിതനാക്കി കേന്ദ്രകമ്മറ്റിയിലേക്കോ പിബിയിലേക്കൊ എടുക്കും. അതാണ്‌ പാര്‍ട്ടി. അതാണ്‌ പാര്‍ട്ടി പ്രിവിലേജ്‌. ഇതൊന്നുമറിയാത്ത കുലംകുത്തികള്‍ , തെണ്ടിപരിഷകള്‍ പാര്‍ട്ടിയെ ഒലത്താമെന്ന മട്ടില്‍ മുന്നോട്ട്‌ വന്നാല്‍ , ആദ്യം പ്രസംഗം, പിന്നെ പ്രകടനം, അതും കഴിഞ്ഞാല്‍ ക്വട്ടേഷന്‍. മൂന്നും താണ്ടിയവരാരും ഭൂമി മലയാളത്തില്‍ ജീവിച്ചിരിപ്പില്ല. 

6 comments:

 1. പാര്‍ട്ടിയാണഖില സാരമൂഴിയില്‍ എന്നു പറഞ്ഞത്‌ പിണറായി ദേശത്തെവിടെയോ ഉള്ള ഒരു ശ്രേഷ്ട സന്യാസിയാണ്‌ എന്നാണ്‌ വംഗനാട്ടെ ജനസംസാരം. വംഗനാട്ടുള്ളവര്‍ക്ക്‌ പണ്ടേ ബുദ്ധി കൂടുതലാണല്ലോ?

  ReplyDelete
 2. നിങ്ങളുടെ പാര്‍ട്ടി ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊന്നും ചെയ്യാത്തവരാണോ? വെറുതെ കാടിളക്കി വെടിവേക്കല്ലേ

  ReplyDelete
 3. ജയ കേറുമ്പോള്‍ കരുണാനിധിയെ പിടിച്ച് അകത്തിടും.
  കരുണാനിധി ചോദിക്കും “നിങ്ങള്‍ കട്ടിട്ടില്ലേ?”
  തിരിച്ച് കരുണാനിധി കേറുമ്പോള്‍ ജയയ്ക്കെതിരെ കേസെടുക്കും.
  ജയ ചോദിക്കും “നിങ്ങള്‍ കട്ടിട്ടില്ലേ?”
  യു പി ഏ യും എന്‍ ഡി ഏ യും ഇതുതന്നെ ചെയ്യും.
  ഒരു കൂട്ടര്‍ കൊല്ലുമ്പോള്‍ അടുത്ത കൂട്ടര്‍ ചന്ദ്രഹാസമിളക്കും.
  കൊന്നവര്‍ ചോദിക്കും “നിങ്ങള്‍ കൊന്നിട്ടില്ലേ?”
  ചന്ദ്രഹാസമിളക്കിയവര്‍ കൊല്ലുമ്പോള്‍ എതിര്‍ പാര്‍ട്ടി ചോദ്യം ആവര്‍ത്തിക്കും
  “അപ്പോ നിങ്ങള്‍ കൊന്നതോ?”
  ഇവിടെ ചോദ്യങ്ങള്‍ക്ക് മറുചോദ്യമേയുള്ളു.
  ഉത്തരങ്ങളില്ല.
  ഉത്തരങ്ങള്‍ ആര്‍ക്കും വേണ്ട താനും.
  അഴിമതിയെപ്പറ്റി പറഞ്ഞാല്‍ ഉടനെ ചോദ്യം
  “അപ്പോള്‍ അവര്‍ അഴിമതി കാണിച്ചിട്ടില്ലേ?”

  ഇതെന്താ ആദ്യത്തെ അഴിമതിയാണോ?
  ഇതെന്താ ആദ്യത്തെ മോഷണമാണോ?
  ഇതെന്താ ആദ്യത്തെ കൊലപാതകമാണോ?
  നിങ്ങള്‍ ചെയ്തിട്ടില്ലേ?

  മുകളില്‍ ഫിയോനിക്സ് ചോദിച്ചതുപോലെ.

  ReplyDelete
 4. ചില ചോദ്യങ്ങള്‍ തന്നെ ഉത്തരവാദിത്വങ്ങളില്‍ നിന്നുള്ള ഒളിചോട്ടമല്ലേ. ഇന്നത്തെ വാര്‍ത്ത നോക്കൂ, ഒരു നേതാവ് പറയുന്നു പോലീസുകാരെ മുളകുപൊടി, ഉലക്ക, കറിക്കത്തി എന്നിവയുമായി നേരിടണം എന്ന്. എല്ലാവരുടെ കൂട്ടത്തില്‍ നിന്നും ചിലര്‍ തെറ്റുകള്‍ ചെയ്യുന്നുണ്ടാവും. പക്ഷെ സംഘം ചേര്‍ന്ന് ആ തെറ്റുകളെ ഇങ്ങിനെ ന്യായീകരിക്കാമോ? ക്രിമിനലുകളെ ഇങ്ങിനെ സംഘബലം ഉപയോഗിച്ച് സംരക്ഷിക്കാമോ?
  എനിക്കങ്ങിനെ ഒരു പ്രത്യേക പാര്‍ട്ടിയോടും വിധേയത്വമോന്നും ഇല്ല.. :)
  നാളെ കൊണ്ഗ്രസിനെ കുറിച്ചും ഞാന്‍ ഇതിനേക്കാള്‍ ശക്തമായി പോസ്റ്റിട്ടു എന്ന് വരും..
  ഫോനിക്സിന്റെ കമന്റിനു റിപ്ലെ തരാതിരികാനാവില്ല.. അതുകൊണ്ടാണ്..:)

  ReplyDelete
 5. പാര്‍ട്ടികളുടെ പേരുപറഞ്ഞ് ചില മുതലെടുപ്പുകാര്‍ നടത്തുന്ന കൃത്യങ്ങളാണെന്നുതോന്നുന്നു കൊലപാതകങ്ങളും അഴിമതിയുമൊക്കെ. സംശുദ്ധരാഷ്ട്രീയം ഒരു മരീചികയാണെങ്കിലും ചില പ്രതീക്ഷകള്‍ ബാക്കിനില്‍ക്കുന്നു.

  ReplyDelete
  Replies
  1. i am thinking the same too

   Delete