Friday, June 15, 2012

വഴിയോരക്കാഴ്ച്ചകള്‍


കോട്ടയത്തു നിന്നും തൃശൂരിലേക്കാണ്‌ ബസ്സ്‌ കിട്ടിയത്‌. സത്യത്തില്‍ ഇറങ്ങാനൊരല്‍പ്പം താമസിച്ചു. പോരാത്തതിന്‌ മുടിഞ്ഞ ട്രാഫിക്ക്‌ ജാമും. ബസ്ടാന്റിലെത്തിയപ്പോഴേക്കും കണക്ക്‌ കൂട്ടിയിരുന്ന ബസ്സ്‌ പോയിരുന്നു. മലപ്പുറത്തേക്ക്‌ നേരിട്ടൊരു ബസ്സ്‌ ഇനി പുലര്‍ക്കാലത്ത്‌ നാലു മണിക്കേ ഉള്ളൂ. ബാംഗ്ലൂരിലേക്ക്‌ പോകുന്ന തമിഴ്നാടിന്റെ ഒരു ട്രാന്‍സ്പോര്‍ട്ട്‌ ബസ്സ്‌ പോകാന്‍ റെഡിയായി നില്‍ക്കുന്നുണ്ടായിരുന്നു. തൃശൂരു വരെ അതില്‍ പോയാല്‍ അവിടെ നിന്നും മലപ്പുറത്തേക്ക്‌ ബസ്സ്‌ കിട്ടും. പിന്നെ ഒന്നുമാലോചിച്ചില്ല. അതില്‍ ചാടിക്കേറി. 
നാളെയാണ്‌ റബ്ബിയുല്‍ അവ്വല്‍ പന്ത്രണ്ട്‌. നബി ദിനം. മദ്രസയിലെ പരിപാടിയില്‍ മോന്റെ വക കഥാപ്രസംഗമുണ്ട്‌. അത്‌ കേള്‍ക്കാന്‍ ബാപ്പച്ചി വന്നേ പറ്റൂ എന്നാണ്‌ മോന്റെ കല്‍പ്പന. അവനെ പിരികേറ്റി അവന്റെ ഉമ്മച്ചിയുണ്ടാക്കിയ പണിയായിരിക്കും എന്നറിയാം. എങ്കിലും അവളേയും മോനേയും കാണാന്‍ പെട്ടെന്നൊരാഗ്രഹം ഉള്ളിലുദിച്ചതിനാല്‍ , മാനേജറുടെ കയ്യും കാലും പിടിച്ച്‌ രണ്ട്‌ ദിവസത്തെ ലീവെടുത്തു. ഇന്നു പോയി മറ്റന്നാള്‍ വൈകുന്നേരം ഇങ്ങോട്ടു തന്നെ തിരിച്ചു വരണം. 
അതിവേഗം നീങ്ങുന്ന ബസ്സില്‍ സുഖകരമായ ഒരാലസ്യത്തില്‍ മിഴികള്‍ പൂട്ടി അങ്ങിനെ ഇരിക്കവേ, മോന്റെ ഓരോ കുസൃതികളും ഭാര്യയുടെ പരിഭവങ്ങളുമൊക്കെ മനസ്സിലോര്‍ത്തു. ഓര്‍ക്കാന്‍ സുഖമുള്ള ഓര്‍മകള്‍ . തണുത്ത കാറ്റു പോലെ സുഖകരമായ അനുഭവങ്ങള്‍ . വയറു നിറഞ്ഞ പക്ഷികള്‍ക്ക്‌ ചേക്കാറാനുള്ള ചില്ല പോലെയാണ്‌ മനുഷ്യന്‌ തന്റെ കുടുംബം. അവിടെ അവര്‍ സുരക്ഷിതത്വവും സമാധാനവും വിശ്രമവും വിനോദവും കണ്ടെത്തുന്നു. 
തൃശൂരിലെത്തിയപ്പോള്‍ നേരം പതിനൊന്ന്‌ മണി കഴിഞ്ഞിരിക്കുന്നു. നല്ല വിശപ്പ്‌ തോന്നുന്നു. ഹോട്ടല്‍ ഭക്ഷണത്തിനോട്‌ പണ്ടേ മടുപ്പാണ്‌. പക്ഷെ യാത്രയിലതും പറഞ്ഞിരിക്കാനാവില്ലല്ലോ. ബസ്ടാന്റിന്റെ സൈഡിലുള്ള തട്ടുകടയില്‍ നിന്നും ഒരു ഡബില്‍ ഓംലറ്റും ഒരു ചുക്കു കാപ്പിയും കഴിച്ചു, ശരിക്കും വയറു നിറഞ്ഞു. പണം കൊടുത്ത്‌ ബാക്കി വാങ്ങിക്കൊണ്ടിരിക്കുമ്പോഴാണ്‌ ശ്രദ്ധിച്ചത്‌, തൊട്ടടുത്തൊരു മനുഷ്യന്‍ , ഒരു അമ്പത്‌ അമ്പത്തഞ്ച്‌ വയസ്സ്‌ പ്രായം വരും. ഒരു വല്ലാത്ത ശബ്ദമുണ്ടാക്കി വിറച്ച്‌ വിറച്ച്‌ നില്‍ക്കുന്നു. പെട്ടെന്നയാള്‍ മുഖമടച്ച്‌ വീണു. കൈകാലുകള്‍ കൊണ്ട്‌ മണ്ണില്‍ ചുരമാന്താന്‍ തുടങ്ങി. 
ആളുകളോടിക്കൂടി. എന്തു പറ്റി എന്നൊരാളുടെ ചോദ്യത്തിന്‌ മറ്റൊരാളുടെ മറുപടി വല്ല വാട്ടീസുമടിച്ചതായിരിക്കും ശവി എന്നായിരുന്നു. ആ പറഞ്ഞവന്റെ മുഖത്തു നോക്കി പറഞ്ഞു. 
മദ്യപിച്ചതൊന്നുമല്ല, അപസ്മാരമാണ്‌. ആരെങ്കിലും വല്ല ഇരുമ്പ്‌ താക്കോലോ മറ്റോ ആ കയ്യിലൊന്ന്‌ വച്ചു കൊടുക്ക്‌. 
വീഴ്ച്ചയുടെ  ആഘാതത്തില്‍ അയാളുടെ നെറ്റി മുറിഞ്ഞ്‌ രക്‌തം വരുന്നുണ്ടായിരുന്നു. പെട്ടിക്കടക്കാരന്‍ പൂട്ടും താക്കോലും അയാളുടെ ഇടങ്കയ്യില്‍ ബലമായി പിടിപ്പിച്ചു. എന്നിട്ടും രണ്ടു മൂന്നു മിനിറ്റെടുത്തു ചുഴലിയുടെ ഇളക്കം നില്‍ക്കാന്‍. ഇളക്കം നിന്നിട്ടും അദ്ദേഹത്തിന്‌ വേണ്ടത്ര ബോധം വന്നില്ല. ഒരു വികൃത ശബ്ദവുമുണ്ടാക്കി വായില്‍ നിന്നൊലിക്കുന്ന നുര തുടക്കാന്‍ പോലുമാവാതെ അയാള്‍ ആളുകളെ പകച്ചു നോക്കുകയാണ്‌. നെറ്റിയിലെ മുറിവില്‍ നിന്നും ഒഴുകുന്ന രക്‌തം ആ മുഖത്തിന്റെ ഒരു ഭാഗം മുഴുവന്‍ ചുവപ്പ്‌ ചായമടിച്ചു. 
ആശുപത്രിയിലേക്ക്‌ കൊണ്ടു പൊയ്ക്കോ. അല്ലെങ്കില്‍ ഇവിടെ കിടന്ന്‌ ചാവും.. 
ഏതോ ഒരു മനുഷ്യസ്നേഹി വിളിച്ചു പറഞ്ഞു. ആളുകളില്‍ ഭൂരിപക്ഷവും അതിനെ അനുകൂലിച്ചു. നിലത്തു നിന്നും അയാളെ പിടിച്ചെഴുനേല്‍പ്പിക്കാന്‍ അയാളുടെ വലംഭഗം പിടിച്ച്‌ സഹായിച്ചു. സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയിരുന്ന ഓട്ടോയിലേക്ക്‌ കയറ്റിയപ്പോള്‍ അയാളുടെ വലതു ഭാഗത്തായതു കൊണ്ട്‌ സ്വാഭാവികമായും ഓട്ടോയില്‍ കേറേണ്ടി വന്നു. അയാളെ കൂടി ഓട്ടോയില്‍ കയറ്റി ഇടംഭാഗത്തു നിന്നും താങ്ങിയ ആള്‍ പറഞ്ഞു. 
ആ പോട്ടെ. 
ഓട്ടോ ഓടിത്തുടങ്ങി. രണ്ടു മൂന്നു നിമിഷം കഴിഞ്ഞാണ്‌ ആ കാര്യം തിരിച്ചറിഞ്ഞത്‌. ഓട്ടോയിലിപ്പോള്‍ തന്നെക്കൂടാതെ അയാളും ഡ്രൈവറും മാത്രമെ ഉള്ളൂ. സമര്‍ത്ഥരായ ജനക്കൂട്ടത്തിന്‌ ആപത്തില്‍ പെട്ട ഒരാളെ എങ്ങിനെ സഹായിക്കാമെന്നും, ആ സഹായത്തിന്റെ അതിര്‍ വരമ്പുകള്‍ എവിടെയാണെന്നും കൃത്യമായിട്ടറിയാം. താനും അങ്ങിനെയല്ലേ? അപകടം പറ്റിയ ആളിന്റെ വലതു ഭാഗത്ത്‌ അറിയാതെ വന്നു പെട്ടതു കൊണ്ട്‌ ഇപ്പോള്‍ ഈ ഓട്ടോയിലിരിക്കുന്നു. അത്ര മാത്രം. ആരും ആരെയും കുറ്റപ്പെടുത്താനുമ്മാത്രം നല്ലവരില്ല. 
മെഡിക്കല്‍ കോളേജിന്റെ കാഷ്വാലിറ്റിയുടെ മുറ്റത്ത്‌ ഓട്ടോ നിന്നു. അവ്യക്‌തമായ ചില വാക്കുകള്‍ മാത്രമല്ലാതെ ഇപ്പോഴും അയാളില്‍ നിന്നൊന്നുമുണ്ടായിട്ടില്ല. ബോധം ശരിക്കും വന്നിട്ടില്ല. ശരീരം കുഴഞ്ഞിരിക്കുന്നു. ഊരോ പേരോ ഒന്നുമറിയില്ല. ഓട്ടോ ഡ്രൈവറുടെ കൂടി സഹായത്തോടെ അയാളെ ഇറക്കി. മുഖം മുഴുവന്‍ ചോരയുമായി വന്ന ആളെ കണ്ടപ്പോള്‍ ആളുകള്‍ക്ക്‌ കൌതുകം. ഒരു കൂട്ടം കാണികള്‍ വട്ടം കൂടി. ആരൊ സ്ട്രെച്ചര്‍ കൊണ്ടു വന്നു. അയാളെ അതിലേക്ക്‌ കിടത്തി. കാഷ്വാലിറ്റിയില്‍ നിന്നും ഏതോ ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടപ്പോള്‍ ഹൃദയത്തിന്റെ മുകളിലാരോ ഒരു ഐസു കട്ട വച്ചത്‌ പോലെ തോന്നി. ഏതോ ഒരു നയ്സ്‌ കൂട്ടം കൂടി നിന്ന കുറേ ആളുകളോട്‌ ദേഷ്യപ്പെടുന്നു. ആ കുഞ്ഞിന്റെ അമ്മയാണെന്ന്‌ തോണുന്ന ഒരു സ്‌ത്രീ ചാലിട്ടൊഴുകുന്ന മിഴികളുമായി എന്തൊക്കെയോ പതം പറഞ്ഞവിടെ ഇരിക്കുന്നുണ്ട്‌. 
സ്ട്രെച്ചറില്‍ നിന്നും അയാളെ ഒരു കട്ടിലിലേക്ക്‌ ഇറക്കി കിടത്തി. ആരാണിയാളുടെ കൂടെ വന്നത്‌ എന്ന ഡോക്ടറുടെ ചോദ്യം കേട്ടപ്പോള്‍ ഓട്ടോ ഡ്രൈവറെ നോക്കി. അവിടെയെങ്ങും കണ്ടില്ല. ഞാനാണെന്നെന്ന്‌ പറഞ്ഞപ്പോള്‍ ഡോക്ടര്‍ ആകെ മൊത്തത്തില്‍ ഒന്നു നോക്കി. എന്തു പറ്റിയതാ എന്ന ചോദ്യത്തിന്‌ അപസ്മാരമിളകി വീണതാണെന്ന്‌ പറഞ്ഞു. പേരു ചോദിച്ചപ്പോള്‍ പേരൊന്നും അറിയില്ലെന്നും പറഞ്ഞു. പുറത്ത്‌ കാത്തിരിക്കാന്‍ പറഞ്ഞ്‌  ഡോക്ടര്‍ അയാളുടെ മുഖത്തേക്ക്‌ ടോര്‍ച്ചടിച്ചു. അവിടെ നിന്നും മാറി നില്‍ക്കുമ്പോള്‍ അറിയാതെ വീണ്ടും ആ സ്‌ത്രീയെ ശ്രദ്ധിച്ചു. നിലത്ത്‌ കുത്തിയിരുന്ന്‌ രണ്ടു കൈകൊണ്ടും തല താങ്ങി കരയുന്നതിന്നിടയില്‍ അവരെന്തൊക്കെയോ പറയുന്നു. ഒരു പക്ഷെ പ്രാര്‍ത്ഥിക്കുകയാവാം. പാവമെന്ന്‌ മനസ്സില്‍ പറഞ്ഞു. അമ്മമാരുടെ സ്നേഹം ഏറ്റവും വലിയ സ്നേഹമാണെങ്കില്‍, അവരുടെ വേദനയും ഏറ്റവും വലിയ വേദനയാവണമല്ലോ?
ആരാ ആ അപസ്മാരത്തിന്റെ കൂടെ വന്നത്‌ എന്ന സിസ്റ്ററുടെ ചോദ്യം കേട്ടപ്പോള്‍ സത്യത്തില്‍ കലി വന്നു. പിന്നെ, അവരിങ്ങനത്തെ എത്ര കേസുകെട്ടുകള്‍ ദിവസവും കാണുന്നതാണ്‌ എന്നോര്‍ത്തു. കണ്ടുകണ്ട്‌ ചിലപ്പോള്‍ മനസ്സ്‌ മുരടിച്ചിട്ടുണ്ടാവും. ഞാനാണെന്ന്‌ പറഞ്ഞു ചെന്നപ്പോള്‍ അയാളുടെ വായയുടെ ഉള്‍ഭാഗം പല്ലു തട്ടി നല്ല പോലെ മുറിഞ്ഞിട്ടുണ്ടെന്നും, ഡെന്റിസ്റ്റ്‌ വരണമെന്നും, അയാള്‍ക്ക്‌ ഓര്‍മ തെളിയുന്നതു വരെ പോകാന്‍ പാടില്ലെന്ന്‌ ഡോക്ടര്‍ പറഞ്ഞെന്നും പറഞ്ഞു. 
ശരിക്കും ഒരു എലിപ്പത്തായത്തില്‍ വീണ എലിയുടെ അവസ്ഥയിലാണിപ്പോള്‍ . കഴിച്ച ഓംലറ്റും ചുക്കു കാപിയും കാരണമാണെന്ന്‌ തോന്നുന്നു വല്ലാതെ എക്കിളെടുക്കുന്നുണ്ട്‌. 
നാട്ടില്‍ കാത്തിരിക്കുന്ന ഭാര്യയെ കുറിച്ചോര്‍ത്തപ്പോള്‍ വല്ലാത്ത ഒരു അമര്‍ഷം തോന്നി. ഒരു മനുഷ്യനെ സഹായിക്കാന്‍ തുനിഞ്ഞാലും പുലിവാലു പിടിക്കും എന്നറിയാത്തവന്‌ ഇങ്ങിനെ തന്നെ വരണം. മുങ്ങിയാലോ? തന്നെ ഇവിടെ ആര്‍ക്കും അറിയില്ല? അവസാനം അങ്ങിനെ ഒരു തീരുമാനത്തിലെത്തി. മുങ്ങാം. 
കാഷ്വാലിറ്റിയുടെ പുറത്തേക്ക്‌ മെല്ലെ നടന്നു. പുറത്തേക്കുള്ള ചവിട്ടു പടിയില്‍ വച്ച്‌ കാലൊന്ന്‌ തെന്നി വീഴാന്‍ പോയി. ശരിക്കും വീണു എന്നു കരുതിയതാണ്‌. ഉള്ളിന്റെ ഉള്ളില്‍ നിന്നൊരു കാളല്‍ അഗ്നിഗോളം കണക്കെ ഉയര്‍ന്നു വന്ന്‌ തൊണ്ടയില്‍ കുരുങ്ങി. ഒരു നിമിഷത്തെ ഒരു അമ്പരപ്പ്‌. വീണിരുന്നെങ്കില്‍ ? വീഴ്ച്ചയില്‍ വല്ലതും പറ്റിയിരുന്നെങ്കില്‍ ? തന്റെ ബോധം നശിച്ച്‌ താനും ആ മനുഷ്യനെ പോലെയായിരുന്നെങ്കില്‍ ? ഈ അപരിചിതമായ നഗരത്തില്‍ തന്നെ ആരു തിരിച്ചറിയും? ആരു സഹായിക്കും? ഹൃദയമിടിപ്പുകള്‍ ഒരു തീവണ്ടിയുടെ ശബ്ദം പോലെ നെഞ്ചിലുയര്‍ന്ന്‌ കേട്ടു. അരുത്‌. ഉള്ളിലിപ്പോഴും ബാക്കിയുള്ള ആ ഇത്തിരി മനുഷ്യത്വവും നന്‍മയും വഴിയരികിലെ ഓടയിലേക്ക്‌ വലിച്ചെറിഞ്ഞ്‌ പോകരുത്‌. നിങ്ങള്‍ ഭൂമിയിലുള്ളവരെ സഹായക്കൂ. ആകാശത്തുള്ളവന്‍ നിങ്ങളെ സഹായിക്കുമെന്ന പ്രവാചകന്റെ വാഗ്ദാനം കാതുകളില്‍ ഉയര്‍ന്ന്‌ കേള്‍ക്കുന്നു. തിരിഞ്ഞ്‌ കാഷ്വാലിറ്റിയിലേക്കു തന്നെ നടന്നു. 
അയാള്‍ സംസാരിക്കാനൊക്കെ തുടങ്ങി എന്ന്‌ സിസ്റ്റര്‍ വന്നു പറഞ്ഞു. ചെന്നു നോക്കിയപ്പോള്‍ അയാളുടെ ദയനീയനോട്ടം ഹൃദയഭിത്തികളില്‍ തുളച്ചു കയറുന്ന പോലെ തോന്നി. വായക്കകത്ത്‌ മുറിവുണ്ടായതിനാല്‍ സംസാരിക്കാന്‍ പ്രയാസമുണ്ടായിട്ടും, ബദ്ധപ്പെട്ട്‌ അയാള്‍ ചോദിച്ചു. 
ന്റെ പൈസയെവിടെ? 
പണമോ? ഏതു പണം? 
ന്റെ കയ്യിലൊരു പതിനായിരം രൂപയുണ്ടായിരുന്നു. ന്റെ കുട്ടിന്റെ കണ്ണോപ്പറേഷനുള്ള പൈസയാണ്‌. 
തല മിന്നുന്ന പോലെ തോന്നി. 
പണമൊന്നും ഞാന്‍ കണ്ടില്ല. നിങ്ങളസുഖമായി വീണിടത്തു നിന്നും ഒരുപാടു പേര്‍ ചേര്‍ന്നാണ്‌ നിങ്ങളെ ഓട്ടോയിലേക്ക്‌ കയറ്റിയത്‌. ആ ഓട്ടോയും പോയി. നിങ്ങളെ ഇങ്ങോട്ട്‌ കൊണ്ടു വന്നു എന്നല്ലാതെ എനിക്കൊന്നുമറിയില്ല. 
ആ മനുഷ്യന്‍ കൊച്ചു കുഞ്ഞിനെ പോലെ തേങ്ങിക്കരയുന്നത്‌ കണ്ടപ്പോള്‍ വല്ലാത്ത സങ്കടം തോന്നി. ഏതോ ദരിദ്രനായ ഒരു മനുഷ്യനാണ്‌. പതിനായിരം രൂപ അയാളെ സംബന്തിച്ചിടത്തോളം വളരെ വലിയ സംഖ്യയാണ്‌. രക്‌തത്തില്‍ കുളിച്ചു കിടക്കുന്ന ആ മനുഷ്യനെ കണ്ടിട്ടും അയാളുടെ പണം അപഹരിക്കാന്‍ ആരെക്കൊണ്ട്‌ കഴിഞ്ഞു? മനുഷ്യര്‍ പിശാചുകളോട്‌ തിന്‍മയില്‍ മത്സരിക്കുന്നല്ലോ? കഷ്ടം. 
പണം മിസ്സായിട്ടുണ്ട്‌ എന്നറിഞ്ഞപ്പോള്‍ ഡോക്ടര്‍ പോലീസിനെ വിളിച്ചു. അങ്ങിനെ അവരും വന്നു. തിരിച്ചും മറിച്ചും ചോദ്യം ചെയ്‌തിട്ടും മറ്റൊരു കഥയും പറയാനില്ലായിരുന്നു. പണം ഞാനെടുത്തിട്ടുണ്ടെങ്കില്‍ ഈ ആളെയും കൊണ്ട്‌ ഞാനാശുപത്രിയില്‍ വരുമോ എന്ന ചോദ്യത്തിന്‌ അതൊക്കെ നിന്റെ തട്ടിപ്പിന്റെ ഭാഗമല്ലേടോ എന്ന പോലീസുകാരുടെ തിരിച്ചുള്ള ചോദ്യം കേട്ടപ്പോള്‍ ആത്മാഭിമാനത്തിന്‌ വല്ലാതെ മുറിവേറ്റു. നന്‍മക്ക്‌ തിന്‍മ പ്രതിഫലം നല്‍കുന്ന ലോകത്തിന്റെ ഇന്നത്തെ ഗതിയോര്‍ത്തപ്പോള്‍ , ഖബറില്‍ കിടക്കുന്നവരേ നിങ്ങളെത്ര ഭാഗ്യവാന്‍മാര്‍ എന്നേ മനസ്സില്‍ വന്നുള്ളൂ. 
വേണ്ട സാര്‍ .. എന്തിനാ മൂപ്പരെ പ്രയാസത്തിലാക്കുന്നത്‌.. എല്ലാം ന്റെ വിധി.. മൂപ്പരെ എനിക്ക്‌ സംശയമില്ല.. 
ക്ഷീണം കാരണം വാടിയ ചേമ്പിന്‍ തണ്ട്‌ പോലെ കുഴഞ്ഞു പോയ അയാളുടെ ശബ്ദം കേട്ടപ്പോള്‍ നന്ദിയും സഹതാപവും ഒരുമിച്ച്‌ തോന്നി. എന്തോ ആവിശ്യാര്‍ത്ഥം അവിടേക്കു വന്ന സിഐ ആണു സത്യത്തില്‍ വലിയ രക്ഷയായത്‌. അദ്ദെഹം ഇടപെട്ടതു കൊണ്ട്‌ കാര്യങ്ങള്‍ വല്ലാതെ വഷളാകാതെ കഴിഞ്ഞു. 
യാത്ര പറയാന്‍ പ്രത്യേകിച്ച്‌ വാക്കുകളൊന്നും കിട്ടിയില്ല. നിറഞ്ഞൊഴുകുന്ന മിഴികളുമായി അയാള്‍ പറഞ്ഞു. 
വീണപ്പോയങ്ങ്‌ ചത്താ മത്യായിരുന്നു. എങ്ങിനെ ന്റെ കുട്ടീടെ മുഖത്ത്‌ നോക്കും.. ഓപ്പറേഷനുള്ള പൈസും കൊണ്ട്‌ ഞാന്‍ ചെല്ലുന്നതും കാത്ത്‌ ഉറങ്ങാതെ കാത്തിരിക്കുന്നുണ്ടാവില്ലെ.. നിക്ക്‌ വയ്യ.. 
ആ നിരാശ തിരിച്ചറിയാനാവുന്നുണ്ടായിരുന്നു. അയാളുടെ കയ്യില്‍ വണ്ടിക്കൂലി കൊടുക്കാനുള്ള പൈസ പോലും ഇല്ലായിരുന്നു. അവിടെ ആ ആശുപത്രി വരാന്തയില്‍ അയാളെ ഒറ്റക്ക്‌ വിട്ടിട്ട്‌ പോകാന്‍ തോന്നിയില്ല. രണ്ടു മൂന്നടി അയാളില്‍ നിന്നും തിരിഞ്ഞു നടന്നപ്പോഴേക്കും കാലുകള്‍ക്ക്‌ വല്ലാത്ത ഭാരം. തിരിഞ്ഞു ചെന്ന്‌ അയാളോട്‌ സ്ഥലപ്പേരു ചോദിച്ചപ്പോള്‍ , അറിയാത്ത ഒരു നാടിന്റെ പേരു പറഞ്ഞു. എങ്കിലുമൊന്നും ആലോചിച്ചില്ല. അയാളുടെ കൈപിടിച്ച്‌ മുറ്റത്തേക്കിറങ്ങി. അവിടെ നിര്‍ത്തിയിട്ടിരുന്ന ഒരു ഓട്ടോയില്‍ കയറി. 
ദുര്‍ഗന്ധം വമിഞ്ഞൊഴുന്ന അഴുക്ക്‌ വെള്ളം ഒലിക്കാതെ കെട്ടി നില്‍ക്കുകയാണെന്ന്‌ തോന്നിക്കുന്ന ഒരു തോടിന്റെ അരികില്‍ കുറേ ചെറിയ വീടുകള്‍ . ആ വീടുകളിലൊന്നിന്റെ മുമ്പില്‍ ഓട്ടോ കിതച്ച്‌ കൊണ്ട്‌ നിന്നു. ഓട്ടോകാരനോട്‌ കാത്തു നില്‍ക്കാന്‍ പറഞ്ഞ്‌, ഇറങ്ങാന്‍ മടിച്ച്‌ നിക്കുന്ന അയാളെയും കൊണ്ട്‌ ഇറങ്ങിയപ്പോള്‍ ഇരുട്ട്‌ മൂടിയ വീടിന്റെ ഉമ്മറത്തൊരു നിഴലനങ്ങി. 
പതിനാലോ പതിനഞ്ചോ പ്രായം തോന്നിക്കുന്ന ഒരു പാവാടക്കാരി അച്ഛാ എന്നു വിളിച്ചുകൊണ്ടോടി വന്നു. മുഖത്തെ രക്‌തപ്പാടുകളും ബാന്‍ഡേജും കണ്ടപ്പോള്‍ അന്താളിച്ച്‌ നിന്നു. പിന്നെ ഒരു നിലവിളിയോടെ ഓടി വന്ന്‌ അച്ഛന്റെ കൈ പിടിച്ചു. എന്താച്ഛാ എന്നൊരു ചോദ്യം കരച്ചിലായി മാറിപ്പോയി. 
ഒന്നൂല്ല മോളെ.. അച്ഛനൊന്നൂല്ല.. അയാളുടെ ദുര്‍ബലമായ ശബ്ദം. വീടിന്റെ ഉമ്മറത്ത്‌ പ്രകാശം പരത്തിക്കൊണ്ടൊരു വിളക്ക്‌ തെളിഞ്ഞു. ചില നിഴല്‍ രൂപങ്ങള്‍ അവിടെ കാണാനായി. അച്ഛന്റെ കൈ പിടിച്ചു കൊണ്ട്‌ മകള്‍ ഉമ്മറത്തേക്ക്‌ കേറി. അവിടെയുള്ള ഒരു പ്ളാസ്റ്റിക്‌ കസേരയില്‍ അദ്ദേഹം വിറച്ച്‌ വിറച്ചുകൊണ്ടിരുന്നു. 
ഒഴുകുന്ന മിഴികളുമായി ഭാര്യ അയാളുടെ മുറിപ്പാടുകളില്‍ തൊട്ടു തലോടുന്നത്‌ കണ്ടപ്പോള്‍ അറിയാതെ കണ്‍ക്കോണിലൂറി ഒരിറ്റു കണ്ണുനീര്‍ ആരും കാണാതിരിക്കാന്‍ മുഖം തിരിച്ചു കളഞ്ഞു. ഇരുട്ടിന്റെ മറവില്‍ അത്‌ തുടച്ചു കളഞ്ഞ്‌ അയാളോട്‌ ചോദിച്ചു. 
ഞാന്‍ പോട്ടെ. കുറേ ദൂരം പോകാനുണ്ട്‌. മോനെവിടെ.. കണ്ടില്ലല്ലൊ. 
അകത്തു നിന്നും ഒരു പത്തുവയസ്സ്‌ തോന്നിക്കുന്ന കുട്ടി ചുമരില്‍ തപ്പിത്തപ്പി അങ്ങോട്ടു വന്നു. അവനെ കണ്ടപ്പോള്‍ അയാളുടെ മിഴികള്‍ സജലങ്ങളായി. വിതുമ്പാന്‍ പോലുമാവാതെ അയാള്‍ പറഞ്ഞു. 
ന്റെ കുട്ടിന്റെ കണ്ണിന്റെ കാര്യം.. ഈ വീട്ടിലുണ്ടായിരുന്ന പൊട്ടും പൊടീം കൂട്ടിച്ചെര്‍ത്ത്‌ ഒരിത്തിരി പൊന്നുണ്ടായിരുന്നത്‌ വിറ്റു കിട്ട്യ പൈസായിരുന്നു. 
പണം നഷ്ടപ്പെട്ടെന്ന്‌ അപ്പോള്‍ മാത്രമാണ്‌ ആ അമ്മയും മക്കളുമറിയുന്നത്‌. ആ അമ്മയുടേയും മകളുടേയും ഒഴിഞ്ഞ കഴുത്തും കാതുമാണോ, അതോ നിഴരൂപങ്ങളില്‍ ജീവിതത്തിന്റെ നിറം മങ്ങിത്തുടങ്ങിയ ആ കൊച്ചു ബാലന്റെ നിരാശ തിന്നുന്ന മുഖമാണോ, അതൊന്നുമല്ല, മുള ചീന്തുന്നത്‌ പോലുള്ള അവരുടെ കരച്ചിലാണോ ഏറ്റവും കൂടുതല്‍ നോവിച്ചത്‌? അറിയില്ല. ഇനി വയ്യ.. ഇനിയുമിതൊന്നും കണ്ടിരിക്കാനുള്ള മനക്കട്ടിയില്ല. ഒന്നും പറയാന്‍ നിന്നില്ല. ഒന്നും ചോദിക്കാനും. മെല്ലെ ഇറങ്ങി. ഓട്ടോയില്‍ കയറി. 
മൂക്കിലൂടെ തലച്ചോറിലേക്ക്‌ തുളഞ്ഞു കയറുന്ന ദുര്‍ഗന്ധം ഒട്ടും അലോസരപ്പെടുത്തിയില്ല. മനസ്സാകെ മരവിച്ച ഒരു അവസ്ഥയായിരുന്നു. ആ സാധു മനുഷ്യന്റെ പണം അപഹരിക്കാനുമ്മാത്രം ക്രൂരതയുള്ള ദുഷ്ട ജനങ്ങളുള്ള ഈ സമൂഹത്തില്‍ ജീവിക്കേണ്ടി വരുന്നതില്‍ ആത്മനിന്ദ തോന്നി. ഒരു പിഞ്ചു ബാലന്റെ ജീവിതം ഇരുട്ടിലേക്ക് തള്ളി വിട്ടവര്‍ ജീവിക്കുന്ന സമൂഹത്തില്‍ ജീവിക്കുന്നതിനെക്കാള്‍ നിന്ദ്യത മറ്റെന്തിനാണ്‌ അര്‍ഹതപ്പെട്ടത്‌? ഖബറിലുറങ്ങുന്നവരേ, നിങ്ങളെത്ര ഭാഗ്യവാന്‍മാര്‍.. 

26 comments:

  1. ഓര്‍ക്കാന്‍ സുഖമുള്ള ഓര്‍മകള്‍ . തണുത്ത കാറ്റു പോലെ സുഖകരമായ അനുഭവങ്ങള്‍ . വയറു നിറഞ്ഞ പക്ഷികള്‍ക്ക്‌ ചേക്കാറാനുള്ള ചില്ല പോലെയാണ്‌ മനുഷ്യന്‌ തന്റെ കുടുംബം. അവിടെ അവര്‍ സുരക്ഷിതത്വവും സമാധാനവും വിശ്രമവും വിനോദവും കണ്ടെത്തുന്നു.

    ReplyDelete
  2. ശെരിക്കും നിങ്ങലെപോലുള്ള മനുഷ്യര്‍ ഇവിടെ ഉള്ളത് കൊണ്ടാണ് ഈ നാട് ത്യവതിന്റെ സ്വന്തം നാട് എന്ന് പറയുന്നത് ... ചെകുത്താന്മാര്‍ കുറച്ച് ഉണ്ടെങ്കിലും .... ദൈവം അനുഗ്രഹിക്കട്ടെ ............

    ReplyDelete
  3. വല്ലാത്ത ഒരു അനുഭവം. ഈ കാലത്ത് നല്ലത് ചെയ്യാന്‍ 
    ഇറങ്ങുന്നത് കൂടി സൂക്ഷിച്ചു വേണം. അതാണല്ലോ അപകടത്തില്‍പ്പെട്ട് രക്തം വാര്‍ന്നൊലിക്കുന്ന മനുഷ്യ ജീവിയെ കണ്ടിട്ട് ഒന്നും ചെയ്യാതെ ജനം സ്ഥലം 
    വിടുന്നത്. പാവപ്പെട്ട ആ മനുഷ്യന്‍റെ ചിത്രം ഉള്ളില്‍ 
    പതിഞ്ഞു.

    ReplyDelete
  4. ലേബല്‍ കഥകള്‍ എന്നെഴുഇതിയതു ശരി തന്നെയോ? അത്രയ്ക്ക് മനസ്സില്‍ തട്ടിയ വിവരണം. അഭിനന്ദനങ്ങള്‍!..

    ReplyDelete
  5. നോവു പകര്‍ന്ന അനുഭവം.

    ReplyDelete
  6. നന്നായി എഴുതി. അതിശയമൊന്നും തോന്നിയില്ല, ആ പതിനായിരം രൂപ പോയ കഥയില്‍. പണ്ട്, തീപിടിച്ച വണ്ടിയില്‍ പെട്ട് കൈ പുറത്തേക്കു നീട്ടി രക്ഷിക്കാന്‍ വിളിച്ചു കരഞ്ഞ സ്ത്രീയെ അവരുടെ കയ്യിലെ വള ഊരിയെടുത്ത് അവരെ ആ തീയിലേക്കു തന്നെ തള്ളിയിട്ട കഥയും കേട്ടിട്ടുണ്ട്. നമ്മുടെ മലയാള നാട്ടില്‍ തന്നെ. അതുകൊണ്ടു അത്ഭുതമൊന്നും തോന്നുന്നില്ല.

    ReplyDelete
  7. ഖബറിലുറങ്ങുന്നവരേ, നിങ്ങള്‍ ഭാഗ്യവാന്മാര്‍.


    ഓര്‍ക്കാന്‍ സുഖമുള്ള ഓര്‍മകള്‍ . തണുത്ത കാറ്റു പോലെ സുഖകരമായ അനുഭവങ്ങള്‍ . വയറു നിറഞ്ഞ പക്ഷികള്‍ക്ക്‌ ചേക്കാറാനുള്ള ചില്ല പോലെയാണ്‌ മനുഷ്യന്‌ തന്റെ കുടുംബം. അവിടെ അവര്‍ സുരക്ഷിതത്വവും സമാധാനവും വിശ്രമവും വിനോദവും കണ്ടെത്തുന്നു.

    ReplyDelete
  8. താങ്കളെപ്പോലുള്ള നന്മ മനസ്സുകള്‍ ഉള്ളത് കൊണ്ടാണ് ഈ ഭൂമി ഇങ്ങിനെയെങ്കിലും നിലനില്‍ക്കുന്നത്. ലേബല്‍ കഥ എന്നാണെങ്കിലും ഒരു അനുഭവക്കുറിപ്പ് തന്നെയെന്നു കരുതുന്നു. എന്നും നന്മകള്‍ നേരുന്നു...

    ReplyDelete
  9. മനസ്സിൽ തട്ടിയ എഴുത്ത്

    ReplyDelete
  10. നായകൻ തടി കേടാക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം...!അല്ലെങ്കിൽ ആ പ്രദേശത്തെ തെളിയാതെ കിടക്കുന്ന സകല കളവിന്റേയും ഉസ്താദ് എന്ന പേരും പിന്നെ ജയിൽ‌വാസം, മാനഹാനി,ഇത്യാദി വേറേയും കിട്ടുമായിരുന്നു..

    ReplyDelete
  11. അനുഭവമോ കഥയോ എന്ന് വേര്‍തിരിച്ചറിയാന്‍ വയ്യാത്ത വിധം നന്നായി എഴുതി ..

    ReplyDelete
  12. നന്നായി എഴുതി,,, നന്മ ചെയ്യാൻ പുറപ്പെട്ട താങ്കൾ രക്ഷപ്പെട്ടത് മഹാഭാഗ്യം. അയാൾക്ക് ബോധം വന്നില്ലെങ്കിൽ കാണാമായിരുന്നു,,,

    ReplyDelete
  13. വല്ലാത്ത ഒരനുഭവം തന്നെ, മാഷേ. നമ്മെക്കൊണ്ടാകുന്ന വിധം അയാളെ സഹായിച്ച ചെയ്ത ആ മനസ്സിനു ഒരു സല്യൂട്ട്

    ReplyDelete
  14. ഇതൊരു കഥ ആയാലും അനുഭവമായാലും, ഇതില്‍ നന്മയുണ്ട്... നമുക്കിടയില്‍ സഹാനുഭൂതി നഷ്ട്ടമാകാത്തവര്‍ ഇപ്പോഴും ഉണ്ട് എന്നത് തന്നെ ഒരു ആശ്വാസം..

    എല്ലാ ഭാവുകങ്ങളും..

    ReplyDelete
  15. നല്ല എഴുത്തിനും നന്മക്കും ഭാവുകങ്ങള്‍.

    പിന്നെ അപസ്മാരം വന്ന് വീഴുമ്പോള്‍ താക്കോല്‍ കൈയില്‍ കൊടുക്കുന്നത് കൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും ഗുണമുണ്ടോ, നാവ് കടിച്ച് മുറിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, തല ഒരു ഭാഗത്തെക്ക് ചെരിച്ച് വച്ചാല്‍ നുരയും പതയും ലങ്സിലേക്ക് ഇറങ്ങില്ല.ധാരാളം കാറ്റ് കിട്ടുന്ന സ്ഥലത്തേക്ക് മാറ്റുക.ഫിറ്റ്സ് ആര്‍ക്കും ഏത് പ്രായത്തിലും എപ്പൊ വേണേലും വരാമെന്നാണു. പടച്ചോന്‍ കാക്കട്ടെ.

    ReplyDelete
  16. നന്മയുള്ള ഈ എഴുത്തിനു എന്റെ ഭാവുകങ്ങള്‍ ...........

    ReplyDelete
  17. നന്മ വറ്റാത്ത മനസ്സുകള്‍ അവശേഷിക്കുന്നുണ്ട്
    ഇന്നും...മനസ്സില്‍ തങ്ങിയ എഴുത്ത്...

    ReplyDelete
  18. നന്നായി ആവിഷ്കരിച്ചിരിക്കുന്നു കേട്ടൊ

    ReplyDelete
  19. കരുണ വറ്റാത്ത മനസ്സുകളാണ് ഈ ഭൂമിയെ ഇന്നും സുന്ദരമായി നിലനിര്‍ത്തുന്നത്.....സസ്നേഹം

    ReplyDelete
  20. കഥയോ അനുഭവമോ?

    അവസ്ഥ നന്നായി പറഞ്ഞു
    ആശംസകള്‍

    ReplyDelete
  21. നികുഞ്ചം എന്ന വാക്ക് സംശയം :))
    നികുഞ്ജമാണോ ശരി?

    ReplyDelete
  22. 'എന്തു പറ്റി എന്നൊരാളുടെ ചോദ്യത്തിന്‌ മറ്റൊരാളുടെ മറുപടി വല്ല വാട്ടീസുമടിച്ചതായിരിക്കും ശവി എന്നായിരുന്നു.'

    എന്തിനും എല്ലാവർക്കും മറുപടികൾക്ക് പഞ്ഞമില്ല. അത് ശ്ടേ പടേ ന്ന് വന്നോളും കാര്യമെന്തായാലും.!

    'രണ്ടു മൂന്നു നിമിഷം കഴിഞ്ഞാണ്‌ ആ കാര്യം തിരിച്ചറിഞ്ഞത്‌. ഓട്ടോയിലിപ്പോള്‍ തന്നെക്കൂടാതെ അയാളും ഡ്രൈവറും മാത്രമെ ഉള്ളൂ.'

    അത് പിന്നത്രയല്ലേ കാണൂ ?
    വല്ല്യേ വർത്തമാനം പറയാനെല്ലാവരും കാണും.
    കേരളത്തിന്റെ ഇന്നത്തെ മന:ശാസ്ത്രം.

    പണം നഷ്ടപ്പെട്ടെന്ന്‌ അപ്പോള്‍ മാത്രമാണ്‌ ആ അമ്മയും മക്കളുമറിയുന്നത്‌. ആ അമ്മയുടേയും മകളുടേയും ഒഴിഞ്ഞ കഴുത്തും കാതുമാണോ, അതോ നിഴരൂപങ്ങളില്‍ ജീവിതത്തിന്റെ നിറം മങ്ങിത്തുടങ്ങിയ ആ കൊച്ചു ബാലന്റെ നിരാശ തിന്നുന്ന മുഖമാണോ, അതൊന്നുമല്ല, മുള ചീന്തുന്നത്‌ പോലുള്ള അവരുടെ കരച്ചിലാണോ ഏറ്റവും കൂടുതല്‍ നോവിച്ചത്‌? അറിയില്ല.

    വളരെ നല്ലതാ ട്ടോ ഈ കുറിപ്പ്. ഞാനിതിനെ കഥ എന്നോ മറ്റുപേരിലോ വിളിക്കാനാഗ്രഹിക്കുന്നില്ല. ഇതാണിന്നിന്റെ നേർക്കാഴ്ച. മറ്റുള്ളവന്റെ ദയനീതയിലും തനിക്ക് പണം കിട്ടണം എന്ന ചിന്ത എല്ലായിടത്തും ഭൂരിപക്ഷത്തിനുമുണ്ട്.
    നല്ലൊരു കുറിപ്പ്. ആശംസകൾ.

    ReplyDelete
  23. ന്റെ നൊമ്പരം പകർത്താനാവുന്നില്ല നിയ്ക്ക്‌..
    അനുഭവമോ കഥയോ ..എന്തുമായികൊള്ളട്ടെ നല്ല മനസ്സുകൾക്ക്‌ പ്രണാമം..പ്രാർത്ഥനകൾ..!

    ReplyDelete
  24. just now read this, simply touching minds..nothing to say further

    ReplyDelete
  25. നന്മ മരിക്കാതിരിക്കട്ടെ,
    സന്തോഷം ഒരുപാടുണ്ട്

    ReplyDelete
  26. മനസ്സിൽ തട്ടുന്നവിധം എഴുതാൻ താങ്കൾക്ക്‌ നല്ല പാടവമുണ്ട്‌. അഭിനന്ദനങ്ങൾ

    ReplyDelete