Wednesday, June 20, 2012

മുരീദിന്റെ ഫസ്റ്റ് നൈറ്റും ഷെയ്ക്കിന്റെ മന്ത്രിച്ചൂതലും


മുരീദിൻറെ ഫസ്റ്റ് നൈറ്റും ഷെയ്ക്കിൻറെ മന്ത്രിച്ചൂതലും!
#ചെറുകഥ 

ആദ്യരാത്രി മണവാളനെ കാത്തിരുന്ന്‌ കണ്ണു കഴച്ച പുതുപ്പെണ്ണിൻറെ മുന്നിലേക്ക്‌ കടന്നു വന്നത്‌ മണവാളന്‍ ആയിരുന്നില്ല. നീണ്ടതാടിയുള്ള, ജഢകുത്തിയ മുടിയുള്ള, വെളുത്ത കുപ്പായത്തിൻറെ മേലെ പച്ച ഷാൾ  വളച്ചിട്ട ഒരു ഓഞ്ഞ രൂപമായിരുന്നു. രണ്ടു കയ്യിലായി, നാലും നാലും എട്ട്‌ വിരലിലും പലജാതി കല്ലുകള്‍ പതിച്ച മോതിരങ്ങള്‍ ധരിച്ച ഒരു മനുഷ്യന്‍ . കയ്യിലൊരു നൂറു മണികള്‍ കോര്‍ത്ത തസ്ബീഹ്‌ മാലയും.
 
പുതുപ്പെണ്ണ്‌ ഞെട്ടിപ്പോയി. എങ്ങിനെ ഞെട്ടാതിരിക്കും? വരിക്കച്ചക്കേടെ ചുള പോലൊരുത്താനിയിരുന്നു ചെക്കന്‍ . ഇതിപ്പോ പൂഞ്ഞിയൂരി നിലത്ത്‌ വീണ പഴഞ്ചക്കയുടെ അളിഞ്ഞ ചുള പോലുണ്ട്. 

ൻറെ പടച്ചോനെ, ഇനിയീ വീട്ടിലെന്താ വല്ല ജിന്നിൻറെ ഉപദ്രവവുമുണ്ടോ? 

പേടിച്ചു വിറച്ചവള്‍ ചോദിച്ചു.. 

"ഇങ്ങളാരാ??"
 
"ഹൊ.. ഇന്നറീല്ലെ... ?"

വന്ന ആള്‍ക്ക്‌ മഹാ അത്ഭുതം. അത്ഭുതത്തിൻറെ പിന്നാലെ സ്വയം പരിചയപ്പെടുത്തല്‍ 

"ഇജ്ജ് ബേജാറാവണ്ട.. ഞാന്‍ അൻറെ പുത്യാപ്ലന്റെ ഷൈക്കാ.. ഇന്ന്‌ ഇങ്ങളെ ആദ്യര്രത്രിയായതോണ്ട്‌ ഒന്ന്‌ മന്ത്രിച്ചൂതാന്‍ വന്നതാ."
 
"മന്ത്രിച്ചൂതാനോ?" പെണ്ണിനൊന്നും മനസ്സിലായില്ല. അവള്‍ കേട്ടിരിക്കുന്നത്‌ ആദ്യരാത്രിയിലെ മൊത്തം മന്ത്രിച്ചൂതലും  പുത്യാപ്ലൻറെ വകയാണെന്നാണ്‌. 

"ഊം.. അനക്ക്‌ വല്ല ശൈതാൻറെ ഉപദ്രവമുണ്ടെങ്കില്‍ അതിതോടെ മാറിക്കോളും..."
 
"ഇച്ച്‌ ചെയ്ത്താൻറെ ഉപദ്രവൊന്നൂല്ല.. ഇങ്ങളൊന്ന്‌ പൊയ്ക്കാണീം.. ഞാനാളെ വിളിച്ചൂട്ടൂം ട്ടൊ..."
 
"ഇജ്‌ വെറുതെ സുയിപ്പ്ണ്ടാക്കല്ലെ പെണ്ണെ.. അൻറെ  പുത്യാപ്ല അതാക്ക്ണ്‌ അറൻറെ പൊറത്തുണ്ട്‌.. ഓനെന്നെ നല്ല വിശ്യാസ.. പിന്നെന്താ അനക്കൊന്ന്‌...?" 
 
പെണ്ണ്‌ വാതില്‍ക്കലേക്ക്‌ നോക്കി. അത്‌ ചാരിക്കിടക്കുകയാണ്‌. ആ വാതിലിൻറെ അപ്പുറത്ത്‌ തൻറെ ഭര്‍ത്താവുണ്ടെന്നോ. ഇങ്ങിനെ ഒരു ആണും പെണ്ണും കെട്ടതിനെയാണോ പടച്ചോനെ എനിക്ക്‌ ഭര്‍ത്താവായി കിട്ട്യേത്‌? ഈ വീട്ടിലെന്താ മനുഷ്യരായി മറ്റാരുമില്ലെ? ഇന്നു കല്ല്യാണം കഴിഞ്ഞെത്തിയ ഒരു പെണ്ണിൻറെ അറയിലേക്ക്‌ ഏതോ ഒരു കാപിരി വന്നു കേറീട്ടും ആരും അത്‌ ശ്രദ്ധിച്ചില്ലെ? ഇതെന്തൊരു വീടാണ്‌? ഇതെന്തൊരു നാടാണ്‌? പെണ്ണിന്റെ തലക്കുള്ളില്‍ ചോദ്യങ്ങള്‍ തേനീച്ചകള്‍ പോലെ മൂളിപ്പറന്നു. 
പുതുപ്പെണ്ണ്‌ അന്തം വിട്ട്‌ ഓരോന്നാലോചിച്ച്‌ കൊണ്ടിരിക്കെ, ഷെയ്ക്ക്‌ അവളുടെ അടുത്തെത്തി. ആ തലയില്‍ കൈ വെക്കാനായി കൈ നീട്ടിയപ്പോള്‍ പിന്നിലേക്ക്‌ മാറിക്കൊണ്ട്‌ ചോദിച്ചു.. 

"എന്ത്‌ പണ്യാ മന്‍ഷാ ഇത്‌?"
 
ഷെയ്ക്കിനിത്തിരി ദേഷ്യം വന്നെങ്കിലും പുഞ്ചിരി തൂകിക്കൊണ്ട്‌ പറഞ്ഞു.
 
"ഇന്നെ ഇജൻറെ ബാപ്പാൻറെ മാതിരി കണ്ടാ മതി. അൻറെ പുത്യാപ്ല ഇച്ചെൻറെ മകൻറെ മാതിര്യാണ്‌. ഞാനൊരു ഷെയ്ക്കാണ്‌. അതോണ്ട്‌ തൊടലൊന്നും ഹറാമല്ല മോളെ." 

അവള്‍ക്കതൊരു പുതിയ അറിവായിരുന്നു. പടച്ചോനെ.. ഇതെന്ത്‌ മതം? ഇങ്ങിനെ ഒക്കെ ഉണ്ടോ? ഇതെങ്ങിനെ ശരിയാവും? 

അവള്‍ ആശയകുഴപ്പത്തിലങ്ങിനെ നില്‍ക്കെ ഷെയ്ക്ക്‌ തൻറെ പണി തുടങ്ങി. ആദ്യമൊക്കെ അവളുടെ തലയില്‍ കൈ വച്ച്‌ എന്തൊക്കെയോ മന്ത്രിക്കുന്നുണ്ടായിരുന്നു. തീട്ടത്തില്‍ ചവിട്ടിയാലെന്ന വണ്ണം അവളങ്ങിനെ അറച്ചു നില്‍ക്കെ അയാള്‍ ഇശ്ശൂ ഇശ്ശു എന്നൊരു ശബ്ദമുണ്ടാക്കി അവളുടെ മുഖത്തേക്ക്‌ ഒരൂത്ത്‌. 

ൻറെ പടച്ചോനെ.. എന്തൊരു നാറ്റം.. ഈ ബലാല് പല്ലും തേക്കൂലേ? അവള്‍ക്ക്‌ തല കറങ്ങുന്ന പോലെ തോന്നി. 

അപ്പോഴാണ്‌ ഷെയ്ക്ക്‌ രണ്ടാം പണി തുടങ്ങിയത്‌. ശിരസ്സിൽ നിന്നും മുതുകിലൂടെ ഉഴിയുന്ന പോലെ കാണിച്ച മൂപ്പർ, അപ്പണിക്കിടയിൽ അറിയാത്ത മട്ടിൽ മാറിലൊന്ന് പിടിച്ചു. അത്രയുമായപ്പോൾ പെണ്ണിൻറെ തൊണ്ടയിൽ നിന്നും ഒരു വല്ലാത്ത ശബ്ദമുണ്ടായി. അത് കേട്ട് ഷെയ്ഖ് ശരിക്കും ഞെട്ടി. 

"നായിൻറെ മോനെ..  (താനാരോ തന്നാരോ തന താനാരോ തന്നാരോ)...."


പെണ്ണിൻറെ വായില്‍ നിന്നും ചെമ്പും പിച്ചളയും വിളക്കിച്ചേര്‍ത്ത നല്ല നല്ല മുട്ടന്‍ തെറികള്‍ ഷഡ്ജം തികഞ്ഞ്‌, സംഗതികളോടു കൂടി നിര്‍ഗളിച്ചു. മാത്രമല്ല. കയ്യില്‍ കിട്ടിയ എന്തൊക്കെയോ സാധനങ്ങള്‍ കൊണ്ട്‌ നല്ല ഏറും കിട്ടി. 
 
സംഗതി കൈവിട്ടു പോയെന്ന്‌ മനസ്സിലായപ്പോള്‍ ഷെയ്ക്ക്  അറയുടെ വാതില്‍ തുറന്ന്‌ പുറത്തേക്ക്‌ ചാടി.

തട്ടലും മുട്ടലും തെറിവിളിയും ഒക്കെയായി കല്ല്യാണ വീട്ടില്‍ നിന്നും അപശ്ബ്ദങ്ങളുയര്‍ന്നു. 

ചെറുക്കന്‍ അറയിലേക്ക്‌ കേറി ഒരു പത്തു പതിനഞ്ചു മിനിറ്റ്‌ കഴിഞ്ഞ്, മണവാളനെയും മണവാട്ടിയെയും സുയിപ്പാക്കാൻ വേണ്ടി കാത്തിരിക്കുന്ന ചിലരുണ്ടായിരുന്നു, ആ വീടിൻറെ പിന്നാമ്പുറത്ത്. ചെക്കൻറെ കൂട്ടുകാർ. അകത്തു നിന്ന് പെണ്ണ് താനാരോ തന്നാരോ പാടാൻ തുടങ്ങിയപ്പോൾ തന്നെ, ഈ നശൂലം പിടിച്ച കൂട്ടുകാര്‍ ഒച്ചയും ബഹളവുമുണ്ടാക്കി അവര്‍ക്കാവുന്നത്ര സംഗതി വഷളാക്കി. ഇത്രയുമായപ്പോൾ അയലോക്കക്കാർ ഓടിക്കൂടി. 

വീട്ടില്‍ നിന്നും പുറത്തേക്ക്‌ ചാടിയ ഷെയ്ക്കിനെ ഓടിക്കൂടിയ നാട്ടുകാര്‍ വട്ടം പിടിച്ചു. ചോദിക്കാനും പറയാനുമൊന്നും നില്‍ക്കാതെ കിട്ടിയ പാടെ കൊടുത്തു, ഇടത്തും വലത്തും ഭേഷായിട്ടൊരു അഞ്ചാറെണ്ണം. പിന്നെയാണ്‌ എന്താണ്‌ കാര്യമെന്ന ചോദ്യം.. 

"ഇന്നെ തല്ലല്ലീം.. ഞാന്‍ ഷുക്കൂറിൻറെ കെട്ട്യോളെ മന്ത്രിച്ചൂതാന്‍ വന്നതാ..."
 
അപ്പോഴേക്കും ഷെയ്ക്കിൻറെ പിന്നാലെ പുതുമണവാട്ടിയും പുറത്തെത്തി. 

"എന്താ.. എന്താ മോളെ സംഭവം??"
 
ഷെയ്ക്കിൻറെ നേരെ കൈചൂണ്ടി കിതച്ചു കൊണ്ടവള്‍ പറഞ്ഞു. "ഈ നാറി ൻറെ മൊത്തക്ക്‌ പിടിച്ചു..."
 
നാട്ടുകാര്‍ക്ക്‌ സഹിക്കുമൊ? അരയും മുക്കാലുമൊക്കെയായി അവിടെ ഓടിക്കൂടിയ സകല കുലാവി ജനങ്ങളും ചേര്‍ന്ന്‌ ഷെയ്ക്കിനെ നന്നായിട്ടൊന്ന്‌ മന്ത്രിച്ചൂതി പണിക്കുറ്റം തീര്‍ത്തെടുത്തു. 

ദോഷം പറയരുതല്ലൊ. കൂട്ടത്തില്‍ ചെക്കനും, ചെക്കൻറെ തന്തക്കുമൊക്കെ ഉഴിച്ചില്‍ കിട്ടാതിരുന്നില്ല.
 
പിറ്റേന്ന്‌ നേരം വെളുത്തപ്പോള്‍ നാട്ടുകാര്‍ക്കൊരു ശങ്ക. ഇന്നേതു കാര്യത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യണം? 

തലേന്ന് രാത്രി തല്ല് കൊണ്ട് തൂറിയ ഷെയ്ക്കിനെക്കുറിച്ചോ, അതല്ല, രായ്ക്കുരാമാനം തൻറെ വീട്ടിലേക്ക്‌ പോയ പെണ്ണിൻറെ നാട്ടില്‍ നിന്നും, ജീപ്പും വിളിച്ച്‌ വന്ന ബന്ധുമിത്രാദികളെല്ലാം കൂടി സുബഹിൻറെ നേരത്ത്‌ ചെക്കനേം തന്തനേം കൊണ്ടു പോയി നന്നായി പളുങ്കി, ശേഷിച്ചത്‌ പോലീസ്‌ സ്റ്റേഷനില്‍ കൊണ്ടു കൊടുത്തതിനെ കുറിച്ചോ? 

ശുഭം 

11 comments:

  1. ആദ്യരാത്രി ശിഷ്യന്റെ മണിയറയിലേക്ക് പെണ്ണിന് ബറക്കത്തു കൊടുക്കാന്‍ പോയ ഒരു ഷെയ്ക്കിന്റെ കഥ.

    ReplyDelete
  2. കലക്കി , ഈ ആദ്യരാത്രി..ഹി..ഹി..ഹി..

    ReplyDelete
  3. വളരെ ഇഷ്ടപ്പെട്ടു . ആശംസകള്‍.

    ReplyDelete
  4. ഒന്ന് മന്ത്രിച്ചൂതാന്‍ പോലും പറ്റൂല്ലാന്ന് പറഞ്ഞാല്‍...?

    ReplyDelete
  5. ആശംസകള്‍......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... ഇന്നലെ വേളി, ഇന്ന് മുരുക്കുംപുഴ , നാളെ .......?

    ReplyDelete
  6. കലക്കി. ലോകരെ പറ്റിച്ചും ലോകത്തെ പിടുങ്ങിയും ജീവിച്ച് പോകുന്ന ഷെയ്ഖ്‌ തങ്ങന്മാരും മുരീദന്മാരും ഇങ്ങനെ തുറന്നു കാണിക്കപ്പെടണം. ആദ്യമായാണിവിടെ.

    ReplyDelete
  7. എനിക്കിഷ്ടപ്പെട്ട ശൈലി.
    കഥ ശൈക്കുമാര്‍ക്ക് മാത്രമല്ല അവരെ തീറ്റിപോറ്റുന്നവര്‍ക്കും കൊള്ളേണ്ടിടത്ത്‌ കൊള്ളും

    ReplyDelete
  8. ഇന്നും ഇതു പോലെ പറ്റിച്ച് ജീവിക്കുന്ന ജീവികള്‍ ലോകത്തുണ്ട്!!

    ReplyDelete
  9. ഇങ്ങിനെ എത്ര ഷെയ്ഖുമാര്‍. ആത്മീയത ഒന്നാം തരാം കച്ചവട ചരക്ക് തന്നെ.
    ഇതില്‍ വീഴുന്ന ജനങ്ങള്‍ക്കും ഇല്ലേ ഉത്തരവാദിത്തം.
    നല്ല വിവരണം.

    ReplyDelete
  10. ഷേയ്ക്കുമാരെ ഇങ്ങനെ തന്നെ ഷേക്ക് ചെയ്യണം ട്ടാ‍ാ..

    ReplyDelete
  11. ഷേയ്ക്കുമാരെയല്ല തല്ലേണ്ടത്. ഇതൊക്കെ സമ്മതിച്ചു കൊടുക്കുന്ന പൊതുജനമെന്ന കഴുതയേയാണ്..

    ReplyDelete