Monday, June 25, 2012

പാത്തൂന്റെ പട്ടിയും പാഷാണം പരമുവും

വൈകുന്നേരം ഒരഞ്ചു മണി നേരത്ത്‌, പാത്തു നല്‍കിയ ചായയും കൊള്ളിക്കിഴങ്ങുമൊക്കെ കഴിച്ച്‌, ഒന്നങ്ങാടിയിലേക്കിറങ്ങിയതാണ്‌ ജബ്ബാര്‍ . ഇടവഴിയില്‍ വച്ച്‌ മുള്ളു മൂത്തൊരു മൂര്‍ഖന്റെ രൂപത്തില്‍ മരണം കാത്തിരിപ്പുണ്ടായിരിന്നു. 
നീലിച്ച ജീവനറ്റ ജബ്ബാറിന്റെ ശരീരത്തെ നോക്കിക്കരയുന്ന പാത്തുവിനെ കാണാനിടയായ നാട്ടിലെ ചില കരപ്പ്രമാണിമാര്‍ക്ക്‌ അന്നു മുതല്‍ അവരുടെ വികാരമണ്ഡലപ്പ്രദേശങ്ങളില്‍ കുന്തിരിക്കം പുകഞ്ഞു തുടങ്ങി. ജബ്ബാറു മരിച്ച മൂന്നിന്റെ അന്നു തുടങ്ങി, ചിലര്‍ പാത്തൂനെ വീടിന്റെ ചുറ്റു വട്ടങ്ങളിലായി ഇറച്ചിക്കടയ്ക്ക്‌ പരിസരങ്ങളില്‍ നായ്ക്കള്‍ അലയുന്ന പോലെ തിരിഞ്ഞും മറിഞ്ഞും നടക്കാന്‍ . 
ആണൊരുത്തനുണ്ടായിരുന്നത്‌ മരിച്ചു. അധികം ബന്ധുബലമൊന്നുമില്ലാത്തൊരു സ്‌ത്രീ. അവര്‍ക്ക്‌ പത്തു മുപ്പത്‌ വയസ്സ്‌ മാത്രം പ്രായം. അവരുടെ പത്താം തരത്തില്‍ പഠിക്കുന്ന ഏകമകള്‍ . രണ്ടുരണ്ടരയേക്കറോളം വരുന്ന വലിയൊരു പുരയിടം. പഴയൊരു ഇരുനില വീട്‌. അത്തിക്കയത്തിന്റെ കരയിലെ ആ വലിയ വീട്ടില്‍ പാത്തുവും മകളും തനിച്ചങ്ങിനെ കഴിയുമ്പോള്‍ എങ്ങിനെ നാട്ടിലെ ഞരമ്പന്‍മാര്‍ ഉറങ്ങും? 
നാലു തലയും നടുവും നരച്ചിട്ടും, ഹീനത്വം വിട്ടുമാറാത്ത നാട്ടിലെ പ്രമാണി ബലാല്‌ അയ്ദറുവായിരുന്നു ഞരമ്പുകളില്‍ ഒന്നാമന്‍. പാത്തുവിനെ ശല്ല്യം ചെയ്യുക എന്നൊരു ലക്ഷ്യവുമായി മാത്രം അയ്ദര്‍മാന്‍ ഓരോ ദിവസവും ഉണര്‍ന്നു. തന്തയുടെ ലക്ഷ്യം പാത്തുവായിരുന്നെങ്കില്‍ , നേരം തെറ്റി ജനിച്ച അയാളുടെ ഓമന പുത്രന്‍ ഹനീഫാക്ക്‌ പാത്തുവിന്റെ മകളിലായിരുന്നു നോട്ടം. 
വിഷയ കാര്യങ്ങളില്‍ പിതാവിനു മുമ്പേ ജനിച്ച മഹാനുഭാവനാണ്‌ ഹനീഫ. ആ കര്യത്തില്‍ നാട്ടിലാര്‍ക്കും ഒരു തര്‍ക്കവുമില്ല. നാട്ടിലെ പെണ്ണുങ്ങളെയൊക്കെ കണ്ണു വച്ച്‌ നടക്കുന്ന പിതാവിനും പുത്രനും, വഴിവക്കിലെവിടെയെങ്കിലുമൊരു പെണ്ണിനെ കണ്ടാല്‍ , മടക്കിക്കുത്തിയ മുണ്ട്‌ മാടിക്കയറ്റി കരിങ്കുണ്ടി പെണ്ണുങ്ങളെ കാണിച്ചൊന്ന്‌ ചൊറിഞ്ഞില്ലെങ്കില്‍ ഒരു പ്രത്യേക തരം അലര്‍ജിയായിരുന്നു. 
പിതാവിനെ കൊണ്ട്‌ പാത്തും, മകനെ കൊണ്ട്‌ പാത്തുവിന്റെ മകളും നന്നേ പ്രയാസപ്പെട്ടു. പോരാത്തതിന്‌ അല്ലറ ചില്ലറ ഞരമ്പന്‍മാര്‍ വേറെയും. ഇവന്‍മാരുടെ ശല്ല്യം കാരണം പാത്തുവിനും മകള്‍ക്കും യാതൊരു സൊയ്‌ര്യവും കിട്ടാതെയായി. പകല്‍ , സൂര്യ വെളിച്ചത്തില്‍ പിന്നെയും സഹിക്കാം. രാത്രി നേരം ജനലില്‍ മാന്താനും വാതിലില്‍ തട്ടാനുമൊക്കെ തുടങ്ങിയതോടെ പാത്തുവിന്‌ തീരെ നില്‍ക്കകള്ളിയില്ലാതെയായി. 
അതിന്നിടയില്‍ തങ്ങള്‍ക്ക്‌ കിട്ടാത്തതിന്റെ കൊതിക്കൂറവ്‌ തീര്‍ക്കാന്‍ ചിലരൊക്കെ പാത്തുവിനും മോള്‍ക്കുമെതിരെ അപവാദം പറഞ്ഞു പരത്താനും തുടങ്ങി. നാട്ടിലെ പരദൂഷണം ചുമന്നികളായ ചിലര്‍ അത്തരം കള്ള വാര്‍ത്തകള്‍ക്ക്‌ തങ്ങളുടേതായ നിറങ്ങള്‍ ചാര്‍ത്തിക്കൊടുത്തു. പക്ഷെ പാത്തു തോല്‍ക്കാനൊന്നും നിന്നില്ല. ആ നാട്ടില്‍ , ആ നാട്ടുകാര്‍ക്കിടയില്‍ ജീവിക്കാന്‍ തന്നെയായിരുന്നു പാത്തുവിന്റെ തീരുമാനം. 
മണ്ണാര്‍ക്കാടുള്ള പാത്തുവിന്റെ ഒരേ ഒരു സഹോദരന്‍ വിവരങ്ങളൊക്കെ അറിഞ്ഞ്‌ വന്നു. തന്റെ കൂടെ വന്നൂടെ എന്ന്‌ ചോദിച്ചപ്പോള്‍ പാത്തുവിന്റെ വക ചോദ്യം അങ്ങിനെ പേടിച്ചാലൊളിക്കാന്‍ അല്ലാന്റെ ദുനിയാവിലെവിടെയാ കാട്‌ എന്നായിരുന്നു. പക്ഷെ പാത്തു ഒന്നാവിശ്യപ്പെട്ടു. തന്റെ വീടിനൊരു കാവലു വേണം. അതിനൊരു നായയെ വേണം. 
പാത്തുവിന്റെ ആങ്ങളയുടെ വീടിന്റെ  അടുത്തൊരാള്‍ മുന്തിയ ഇനം നായകളെ വളര്‍ത്തുന്നുണ്ടായിരുന്നു. അങ്ങിനെ പാത്തുവിന്റെ വീട്ടില്‍ പെട്ടെന്നൊരു ദിവസം ഒരു പട്ടി പ്രത്യക്ഷപ്പെട്ടു. ഒരു ഭയങ്കരിയായ, ശൌര്യമുള്ള പട്ടി. പാത്തുവിന്റെ വളപ്പിലേക്ക്‌ എത്തിപ്പാളി നോക്കുവാനെത്തിയ ബലാല്‌ അയ്ദര്‍മാന്‍ ഇടിവെട്ടുന്നത്‌ പോലുള്ള നായയുടെ കുര കേട്ട്‌ ഞെട്ടിച്ചാടി. 
പാത്തുവിന്റെ വീട്ടിലൊരു പട്ടിയെ കൊണ്ടു വന്നിട്ടുണ്ടെന്ന്‌ മനസ്സിലായപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായി. ഇനി തങ്ങളുടെ കച്ചവടം നടക്കില്ല. പട്ടി വന്നതിന്റെ ശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞു. പാത്തുവിന്റെ വീടിന്റെ ചുറ്റുവട്ടങ്ങളില്‍ ചെന്നു പകലൊന്നും അവരെ ശല്ല്യം ചെയ്യാനോ, രാത്രി കാലങ്ങളില്‍ അവരുടെ ജനാലക്കല്‍ മാന്താനോ നാട്ടിലെ ഞരമ്പന്‍മാര്‍ക്ക്‌ പറ്റാതെയായി. പാത്തുവാണെങ്കിലോ, ബീരാന്‍ കാക്കാന്റെ ഇറച്ചിക്കടയില്‍ നിന്നും രണ്ടാം നമ്പര്‍ ഇറച്ചി വാങ്ങിച്ചു കൊണ്ടു വന്ന്‌ പട്ടിക്ക്‌ തിന്നാന്‍ കൊടുത്തു കൊണ്ടെ ഇരിന്നു. പട്ടിയാകട്ടെ, തിന്ന ഇറച്ചിക്ക്‌ നന്ദി കാണിക്കാന്‍ ഒട്ടും ശുഷ്ക്കാന്തിക്കുറവുണ്ടായതുമില്ല. രാത്രി കാലങ്ങളില്‍ ഒരു ഇലയനക്കം കേട്ടാന്‍ പട്ടി ഇടി വെട്ടുന്ന ശബ്ദത്തില്‍ കുരച്ചു കൊണ്ട്‌ അങ്ങോട്ട്‌ ഓടിയെത്തും. പാത്തുവിന്റെ വീടിന്റെ പരിസരം വിട്ട്‌ പട്ടിയെങ്ങും പോകത്തുമില്ല. ചുരുക്കിപറഞ്ഞാല്‍ പാത്തുവിനും മോള്‍ക്കും സുഖമായി കിടന്നുറങ്ങാമെന്നായി. 
പാത്തു എന്ന മുസ്ലിമിന്റെ വീട്ടിലെ പട്ടി നാട്ടിലൊരു ആഗോള പ്രശ്ണമാവാന്‍ അധികം താമസമൊന്നും വേണ്ടി വന്നില്ല. തങ്ങളുടെ കൃഷി നടക്കില്ല എന്നു മനസ്സിലായപ്പോള്‍ സകല കീടങ്ങളും ചേര്‍ന്ന്‌ പാത്തുവിന്റെ പട്ടിക്കെതിരെ തിരിഞ്ഞു. ഒരു മുസ്ലിമെങ്ങിനെ വീട്ടില്‍ പട്ടിയെ വളര്‍ത്തും? പട്ടി ഹറാമല്ലെ? ആ പട്ടിയെങ്ങാനും ഞങ്ങളുടെ തൊടിയിലും വന്നാലോ? അങ്ങിനെ നോക്കുമ്പോള്‍ ആകെ മൊത്തം പ്രശ്ണം. അതു പിന്നെ ചര്‍ച്ചയായി, മഹല്ലു കമ്മറ്റി കൂടലായി, ഒടുക്കത്തെ അവുലും കഞ്ഞിയായി. 
തോര്‍ത്തു മുണ്ട്‌ തലയില്‍ വളച്ചുകെട്ടി കെട്ടി മുറിക്കയ്യന്‍ കുപ്പായത്തിന്റെ കയ്യ്‌ ഒന്നു കൂടി തൊറുത്ത്‌ കയറ്റി ബലാല്‌ അയ്ദര്‍മാന്‍ പള്ളിക്കമ്മറ്റിയില്‍ പറഞ്ഞു. 
നാട്ടിലൊരു മുസ്ലിമിന്റെ വിട്ടില്‌ ഞമ്മക്ക്‌ തൊടല്‌ ഹറാമായ പട്ടീനെ കൊണ്ടു വന്നു പാര്‍പ്പിച്ചാല്‍ അത്‌ സമ്മതിക്കാനേ പറ്റൂല്ല. അതോണ്ട്‌ മുസ്ലിയാര്‍ ഇപ്പോ തന്നെ പാത്തൂന്നൊട്‌ ആ പട്ടിനെ നാടു കടത്താന്‍ പറ്യണം.. 
സംഗതി പട്ടിനെ തൊടല്‌ ഹറാമാണെന്ന്‌ ഏതു കിതാബിലാ എഴുതിക്കണത്‌ എന്ന്‌ ചോദിക്കാനുള്ള വിവരമൊന്നും നാട്ടിലെ മറ്റു കീടങ്ങള്‍ക്കില്ലായിരുന്നു. വിവരമുള്ള മുസ്ല്യാര്‍ക്കാകട്ടെ, പള്ളിക്കമറ്റിയെ പിണക്കീട്ടൊരു നിലനില്‍പ്പില്ലാത്തതിനാല്‍ കിത്താബിലുള്ള കാര്യങ്ങളൊന്നും കിതാബിലുള്ള പോലെ പറയാനാവാതെ അങ്ങിനെ നിന്നു. ഏതായാലും ഒരു സംഘം അന്നു തന്നെ പാത്തൂന്റെ വീട്ടിലെത്തി. 
മുസ്ല്യാരെ കൂട്ടത്തില്‍ കണ്ടപ്പോള്‍ പാത്തു അവരെ അകത്തേക്ക്‌ വിളിച്ചു. ഏതായാലും മുസ്ല്യാരേയും കൊണ്ട്‌ നാട്ടിലെ കരപ്രമാണിമാരൊന്നും തന്നെയും തന്റെ മകളേയും വേണ്ടാതീനം ചെയ്യാന്‍ വരില്ല എന്നവര്‍ക്ക്‌ തോന്നിയിരിക്കണം. വന്ന പാടെ മുസ്ല്യാര്‍ പാത്തൂന്നോട്‌ പറഞ്ഞു. 
പാത്തൂ,, ഈ നായിക്കളേയും പന്നികളേയും വീട്ടില്‍ വളര്‍ത്തല്‍ ഞമ്മക്ക്‌ ചേര്‍ന്നതല്ല. ഇവിടെപ്പോ,, അന്റെ പേരിലൊരു പട്ടിനെ വളര്‍ത്തുന്നതില്‍ മഹല്ലു കമ്മറ്റിക്ക്‌ എതിര്‍പ്പുണ്ട്‌. 
അതിന്‌ ന്റെ കൈസറ്‌ ഓലോട്ക്കൊന്നും പോണില്ലല്ലൊ... 
അതല്ല പാത്തൂ.. അതൊരു മുസ്ലിമിന്‌ ചേര്‍ന്നതല്ലല്ലൊ? അപ്പോ ഒരു മുസ്ലിമിന്റെ കാര്യത്തില്‌ മഹല്ല്‌ കമ്മറ്റിക്കൊരു ഉത്തരവാദിത്വമൊക്കെ ഇല്ലെ?
അതൊന്നും ഇച്ചറീല. ഇച്ചും ന്റെ കുട്ടിക്കും സൊയ്‌ര്യായിട്ട്‌ കെടന്നൊറങ്ങണെങ്കില്‍ കൈസറ്‌ മാണം.. 
അതോണ്ടല്ല പാത്ത്യോ.. അന്‍ക്കറീലെ.. ഈ പട്ട്യാളും നായ്ക്കളും ഉള്ള പെരീക്ക്‌ ബറ്‍ക്കത്തിന്റെ മലക്കൊന്നും വരൂല്ലാന്ന്‌.. 
അത്‌ സാരല്ല മോല്യേരെ.. മലക്ക്‌ വന്നില്ലെങ്കിലും മാണ്ടില.. ഇന്റെ പെരീക്ക്‌ ചെയ്ത്താമാരൊന്നും വരാഞ്ഞാ മതി.. അതിന്‌ കൈസറാ നല്ലത്‌... 
മുസ്ല്യാര്‍ പിന്നെ തര്‍ക്കിക്കാനൊന്നും നിന്നില്ല. സംഗതി അവിടെ എന്താണ്‌ നടക്കുന്നത്‌ എന്ന്‌ മുസ്ല്യാര്‍ക്ക് നല്ല വണ്ണം അറിയാമായിരുന്നു താനും. ദീനുല്‍ ഇസ്ലാമിന്റെ അകത്ത്‌ നിന്ന്‌ പാത്തൂന്നോട്‌ പട്ടിയെ വളര്‍ത്താന്‍ പറ്റില്ല എന്നു പറയാനാവില്ല എന്ന്‌ മ്സുല്യാര്‍ അയ്ദറുവിനോട്‌ തറപ്പിച്ച്‌ പറഞ്ഞു. പക്ഷെ അയ്ദറു പിന്‍വാങ്ങിയില്ല പള്ളിക്കമ്മറ്റിയില്‍ തനിക്കുള്ള സ്വാധീനം ഉപയോഗിച്ച്‌ പാത്തുവിന്‌ നേരെ മഹല്ലു വിലക്കെന്ന ആയുധം പുറത്തെടുക്കാന്‍ തന്നെ അയാള്‍ തീരുമാനിച്ചു. 
സംഗതി അത്രയുമായപ്പോഴാണ്‌ പാഷാണം പരമുവിന്റെ വരവ്‌. പരമു നാട്ടിലെ ആസ്ഥാന യുക്‌തി വാദിയാണ്‌. മെലിഞ്ഞ നീണ്ട പരമുവിന്റെ ശരീരത്തില്‍ മാംസമുള്ള രണ്ടേ രണ്ടു ഭാഗം വഴുതനങ്ങ പോലുള്ള മൂക്കും, ഇടങ്ങഴി അരിയുടെ ചോറു വെക്കാവുന്ന മണ്‍ക്കലം പോലുള്ള വയറും മാത്രമായിരുന്നു. 
മഹല്ലു വിലക്കില്‍ തനിക്കിടപെട്ട്‌ വഷളാക്കാന്‍ പറ്റിയ ഒരു വെടിക്കോപ്പാണെന്ന്‌ തിരിച്ചറിഞ്ഞ്‌ പരമു മഹല്ലു വിലക്കിനെ ഊരു വിലക്കെന്ന പേരില്‍ വലിയ ഒച്ചപ്പാടാക്കി. സംഗതി വാര്‍ത്തയായി, പത്രക്കാരായി, മുടിയാനായി സംഗതി മഹല്ലും മഹല്ലു കമ്മറ്റിയുമൊക്കെ നാറി നാശ കോടാലിയാകും എന്ന്‌ മഹല്ല്‌ കമ്മറ്റിക്ക്‌ തന്നെ മനസ്സിലായി. കാരണം, വാര്‍ത്തയും ചോദിച്ചു വന്ന ആള്‍ക്കാരോടൊക്കെ പാത്തു താന്‍ നേരിട്ട പ്രശ്ണങ്ങള്‍ നല്ല വെടിപ്പായിട്ട്‌ പറയാന്‍ തുടങ്ങി. അവസാനം ഗതി കെട്ട്‌ മഹല്ലു കമ്മറ്റി തന്നെ പത്രസമ്മേളനം നടത്തി. 
പാത്തുവിനോ അവരുടെ വീടിനോ യാതൊരു വിധ വിലക്കുകളും ഇല്ലെന്നും, മതപരമായ എല്ലാ കാര്യങ്ങള്‍ക്കും പള്ളിയുമായി അവര്‍ക്കു സഹകരിക്കാമെന്നും, രണ്ടു സ്‌ത്രീകള്‍ മാത്രം താമസിക്കുന്ന ഒരു വീടായതിനാല്‍ വീട്ടുകാവലിന്‌ പാത്തുവിന്‌ ഒന്നല്ല വേണമെങ്കില്‍ രണ്ടോ മൂന്നോ പട്ടികളെ വരെ വളര്‍ത്താമെന്നും, പള്ളിക്കമ്മറ്റിക്കതില്‍ യാതൊരു വിരോധവുമില്ലെന്നും പറഞ്ഞു. അങ്ങിനെ ആ കുരു പൊട്ടിപ്പോയി. 
അതില്‍ പേരെടുത്തതാവട്ടെ പരമുവും. പാഷാണം പരമു എന്നു വിളിച്ചിരുന്ന നാട്ടിലെ ചില ആക്രി പിള്ളാരൊക്കെ പരമുവേട്ടാ എന്ന്‌ ബഹുമാനത്തോടെ വിളിക്കാന്‍ തുടങ്ങി. ദിവസങ്ങളൊരഞ്ചെണ്ണം കഴിഞ്ഞു പോയി. ആറാമത്തെ ദിവസം ആ വാര്‍ത്ത കേട്ടാണ്‌ നാട്ടുകാരുണര്‍ന്നത്‌. തന്റെ വീട്ടിലെ നായയെ മെരുക്കി പരിചയമുള്ള പരമു, പാത്തുവിന്റെ പട്ടിയെ ഒരു വിലയും വെക്കാതെ, തലേന്ന്‌ രാത്രി സമയത്ത്‌ പാത്തുവിന്റെ വീട്ടിലേക്ക്‌, താന്‍ ചെയ്‌തു കൊടുത്ത ഉപകാര സ്മരയുമോര്മിപ്പിച്ചുകൊണ്ട്‌, പാത്തൂ ഈ പാതിവൃത്യവും ചാരിത്ര്യശുദ്ധിയുമൊക്കെ വെറും മണ്ണാങ്കട്ടകളാണ്‌, നീ കതകു തുറക്ക്‌, എന്നു പറഞ്ഞു ചെന്നപ്പോള്‍ , പരമുവിന്റെ കാല്‍ക്കുറകിന്റെ ഒരു കഷ്ണം പാത്തൂന്റെ പട്ടി കടിച്ചെടുത്ത വാര്‍ത്തയായിരുന്നു അത്‌. 
പരമു ഇപ്പോള്‍ ജനറല്‍ ആശുപത്രിയിലാണ്‌. സംഗതി ബലാല്‌ അയ്ദര്‍മാന്‌ ഭേഷായി പിടിച്ചു. നാട്ടിലെ കുണ്ടന്‍മാര്‍ക്കെല്ലാം ഇബ്രായീം കാക്കാന്റെ ചായപ്പീടികയില്‍ നിന്നും ഓരോ ചായയും പഴം പൊരിയും വാങ്ങിച്ചു കൊടുത്തു കൊണ്ടാണ്‌ മൂപ്പര്‌ അതാഘോഷിച്ചത്‌. ആ വകയില്‍ പഴം ചായ എന്നൊരു ഇരട്ടപ്പേരും അന്നു മുതല്‍ നാട്ടിലെ ചെക്കന്‍മാര്‍ മൂപ്പര്‍ക്കിട്ടു. 

22 comments:

  1. ഒരു മുസ്ലിമെങ്ങിനെ വീട്ടില്‍ പട്ടിയെ വളര്‍ത്തും? പട്ടി ഹറാമല്ലെ? ആ പട്ടിയെങ്ങാനും ഞങ്ങളുടെ തൊടിയിലും വന്നാലോ? അങ്ങിനെ നോക്കുമ്പോള്‍ ആകെ മൊത്തം പ്രശ്ണം.

    ReplyDelete
  2. അബൂതി.. സൂപ്പര്‍ satire.അയ്ദര്‍ മാനും പരമുവും നമ്മുടെ ജീവിതത്തിലെ നിത്യ കാഴ്ചകള്
    തന്നെ..വളരെ നന്നായി അതി ഭാവുകത്വം ഇല്ലാതെ
    തന്നെ എഴുതി...അഭിനന്ദനങ്ങള്‍...‍

    ReplyDelete
  3. നല്ല ഒഴുക്കുള്ള അവതരണം.... ആശംസകള്‍

    ReplyDelete
  4. നല്ല ഒഴുക്കോടെ വായിച്ചു. :) ശരിക്കും നാടന്‍ ടച്ചു കഥയിലുടനീളം നിലനിര്‍ത്തി. അഭിനന്ദനങ്ങള്‍...

    ReplyDelete
  5. Nannayi ezhuhti, naadan avatharana saily sarikkum ishtappettu, Thnk u abooti

    ReplyDelete
  6. നല്ല അവതരണം ...ആസ്വദിച്ചു വായിച്ചു ! കൂടുതല്‍ വായനക്കാരില്‍ എത്തണമെങ്കില്‍ പോസ്റ്റ്‌ ഇടുന്നതിന്റെ ദൈര്‍ഘ്യം ഒന്ന് കുറച്ചാല്‍ നന്നായിരിക്കും.

    ReplyDelete
  7. രസകരമായി എഴുതി.

    ReplyDelete
  8. നല്ല അവതരണ ശൈലി ... നന്നായി അസ്വദിച്ചു..സസ്നേഹം റഫീഷ് അലിയാര്‍ ..

    ReplyDelete
  9. നന്നായി എഴഉതി. ഫോണ്ട് സൈസ് കൂട്ടാമായിരുന്നു.
    ആശംസകള്‍..

    ReplyDelete
  10. അത്‌ സാരല്ല മോല്യേരെ.. മലക്ക്‌ വന്നില്ലെങ്കിലും മാണ്ടില.. ഇന്റെ പെരീക്ക്‌ ചെയ്ത്താമാരൊന്നും വരാഞ്ഞാ മതി.. അതിന്‌ കൈസറാ നല്ലത്‌... ഗ്രേറ്റ്

    ReplyDelete
  11. നല്ല അവതരണം, ഒഴുക്കുള്ള വായന സമ്മാനിച്ചു...

    ReplyDelete
  12. ഈ പഴം ചായ’ പെരുമ വന്ന കഥ കുഴപ്പമില്ലാതെ അവതരിപ്പിച്ചിട്ടുണ്ട് കേട്ടൊ ഭായ്

    ReplyDelete
  13. എന്നാലും ആ ‘കരിങ്കു....’ ചൊറിയല്‍ അല്പം ഓവറായോ എന്നൊരു സംശയം?.എന്തിനാണ് ഈ ബ്ലോഗിനു നികുഞ്ചം എന്നു പേരിട്ടത്. നല്ല അസ്സല്‍ നാടന്‍ പേരൊന്നും കിട്ടിയില്ലെ?

    ReplyDelete
  14. നല്ല കഥ. രസത്തോടെ ഇരുന്ന് വായിച്ചു..

    ReplyDelete
  15. "അത്‌ സാരല്ല മോല്യേരെ.. മലക്ക്‌ വന്നില്ലെങ്കിലും മാണ്ടില.. ഇന്റെ പെരീക്ക്‌ ചെയ്ത്താമാരൊന്നും വരാഞ്ഞാ മതി.. "
    ഇതാണ് പാത്തൂന്റെ ഹൈലൈറ്റ്‌ ..
    കഥപറയും പോലെ ലളിതമായി എഴുതി.
    ക്ലൈമാക്സ് അല്പം കൂടി ഉഷാര്‍ ആക്കാമായിരുന്നു എന്ന് തോന്നി. അതെങ്ങനെ എന്ന് ചോദിച്ചാല്‍ അറിയില്ല എന്നാവും എന്റെ ഉത്തരം.
    ആശംസകള്‍ നേരുന്നു.ഇനിയും സരസമായ കഥകള്‍ പോരട്ടെ.
    പണ്ട് ഞാനും ഇതുപോലെ ഒരു പാത്തുന്റെ കഥ എഴുതിയിരുന്നു ..അത് ഇവിടെ വായിക്കാം

    ReplyDelete
  16. നന്നായി കേട്ടോ. അഭിനന്ദനങ്ങള്‍

    ReplyDelete
  17. എന്നത്തേയും പോലെ അത്രക്ക് മനോഹരമായിട്ടില്ല..

    ReplyDelete
  18. ഇഷ്ടായി ഈ എഴുത്ത് ....അബൂതി ഇങ്ങിനേം പോസ്റ്റ്‌ എഴുതീട്ടുണ്ടായിരുന്നോ...സാധാരണ ലേഖനങ്ങള്‍ ആണ് ഞാന്‍ ഇവിടെ വരുമ്പോള്‍ കാണാറ്...ഇതെന്തായാലും സംഭവം കലക്കി... അഭിനന്ദനങ്ങള്‍....,...ഇനീം പോരട്ടെ ഇത് പോലത്തെ പോസ്റ്റുകള്‍ ...

    ReplyDelete
  19. പാത്തൂനു ഉപകാര സ്മരണ ഉണ്ടായിരിക്കും എന്ന് പരമുവേട്ടന്‍ കരുതിപ്പോയി !

    ReplyDelete