Monday, July 2, 2012

മോഹന്‍ ലാലും മദ്യപാനവും


കേരളത്തിന്റെ മദ്യപാനശീലത്തിന്‌ ഒരു ബിലോ ആവറേജ്‌ കുടിയന്‍ എന്നുള്ള സംഭാവനയല്ലാതെ ശ്രീമാന്‍ മോഹന്‍ ലാല്‍ ഒന്നും നല്‍കിയിട്ടില്ല എന്ന്‌ അദ്ദേഹത്തിന്റെ ഫാന്‍സന്‍ ചാത്തന്‍മാര്‍ പോലും സമ്മതിച്ചു തരൂല്ല. അദ്ദേഹവും മദ്യപാനവും തമ്മില്‍ അഭേദ്യമായൊരു പൊക്കിള്‍കൊടി ബന്ധമുണ്ട്‌ എന്നതാണ് സത്യം! അദ്ദേഹം അവതരിപ്പിച്ച ചില ഉഗ്രമൂര്‍ത്തീ ഭാവമുള്ള നായക കഥാപാത്രങ്ങളാണ്‌, കേരളത്തിലെ കുടിയന്‍മാര്‍ക്ക്‌ എങ്ങിനെയൊക്കെ ചാഞ്ഞും ചരിഞ്ഞും കള്ളടിക്കാം എന്ന്‌ പഠിപ്പിച്ചു കൊടുത്തത്‌. മലയാളികള്‍ അതിനു മുന്‍പേ മദ്യപാന ഗുരുക്കന്മാരായിരുന്നു എങ്കിലും, അദ്ദേഹമാണ് അത് ജനകീയ വല്കരിച്ചത്. അദ്ദേഹമാണ്‌ മുന്തിയ മുന്തിയ കള്ളുകൂട്ടുകള്‍ ജനങ്ങള്‍ക്ക്‌ പരിചയപ്പെടുത്തി കൊടുത്തത്‌. പെഗ്ഗുകളുടെ എണ്ണവും, ഓരോ പെഗ്ഗിലിടേണ്ട ഐസ്‌ ക്യൂബിന്റെ കണക്കും മലയാളിക്ക്‌ പഠിപ്പിച്ച്‌ കൊടുത്തതാരാ? നമ്മുടെ ലാലേട്ടന്‍. എങ്കിലും, കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ലാലിന്റെ കള്ളു കുടിയോ, കള്ളു കുടി സിനിമകളോ അല്ല. ലാല്‍ കള്ളു കുടി നിറുത്തിയാല്‍ നാളെ മുതല്‍ ഞാനും നിറുത്തി എന്നു പറയാനൊരു ഫാന്‍സന്‍ പിരാന്തനും തയ്യാറാവില്ല എന്നുമറിയാം. പിന്നെ പോസ്റ്റിന്റെ ടൈറ്റിലില്‍ മോഹന്‍ ലാലും മദ്യപാനവും എന്നു കൊടുത്തതെന്തിനാണെന്ന്‌ ചോദിച്ചാല്‍ , അതൊരു ക്രൌഡ്‌ പുള്ളിങ്ങ്‌ തന്ത്രമാണെന്നേ പറയാനാവൂ. നമ്മള്‍ മലയാളികള്‍ക്ക്‌ പന്ന പരദൂഷണത്തിലും, കൂതറ രാഷ്ട്രീയത്തിലും, പിന്നെ അല്‍പസ്വല്‍പം "A" എന്നിവയിലുമാണ്‌ ഏറെ താല്‍പര്യം എന്ന്‌ തിരിച്ചറിയുന്നിടത്താണ്‌ ഒരു മലയാളം ബ്ളോഗിന്റെ വിജയം. സത്യം പറയാമല്ലോ, മോഹന്‍ ലാല്‍ തന്നെയാണ്‌ ഇപ്പോഴും മലയാളത്തിലെ ക്രൌഡ്‌ പുള്ളിങ്ങ്‌ താരം. 

ഏഷ്യാനെറ്റില്‍ നമ്മള്‍ തമ്മില്‍ എന്ന പേരിലൊരു മഹാസംഭവമുണ്ട്‌ എന്നറിയാത്ത മലയാളി ഉണ്ടെങ്കില്‍, ദൈവത്തിനാണേ അവന്‍ അമേരിക്കയിലോ മറ്റോ ജനിക്കേണ്ടിയിരുന്നവന്‍ ചൊവ്വാ ദോഷം കാരണം കേരളത്തില്‍ ജനിച്ചു പോയവനായിരിക്കും. ആ പരിപാടിയില്‍ സ്പിരിറ്റ്‌ എന്ന സിനിമയുടെ പ്രമോഷനു (പ്രമോഷനൊക്കെ ഇപ്പോളിങ്ങിനെയാണ്‌) വേണ്ടി മോഹന്‍ ലാലും സംവിധായകന്‍ രഞ്ജിത്തുമൊക്കെ വന്നിരുന്നു. കൂട്ടത്തില്‍ കുടിയന്‍മാരും അല്ലാത്തവരുമായ ചില ദേഹങ്ങളും. ഏറ്റവും കൌതുകം ചിലരൊക്കെ തല വഴി ചാക്കിട്ടായിരുന്നു വന്നതെന്നായിരുന്നു. (ഭാര്യമാര്‍ കണ്ടാല്‍ പ്രശ്ണമുണ്ടാക്കുമായിരിക്കും) മൊത്തത്തില്‍ കുടിയന്‍മാരും അല്ലാത്തവരും ചേര്‍ന്ന്‌ പരിപാടി ഒരു വകയാക്കി എന്നു പറഞ്ഞാല്‍ മതിയല്ലൊ. 

സത്യം പറഞ്ഞാല്‍, സ്പിരിറ്റ്‌ എന്ന സിനിമ തന്നെ ഒരു കോമഡിയാണ്‌. ശരിക്കും ആ സിനിമ എടുക്കേണ്ടിയിരുന്നത്‌ രണ്ട്‌ കൂട്ടരായിരുന്നു. ആദ്യപകുതി ബിവറേജ്‌ കോര്‍പറേഷന്‍കാര്‍ക്കും, രണ്ടാം പകുതി എ പി ഉസ്‌താദിനോ, പവത്തിലച്ചനോ ഒക്കെ എടുക്കുകയും ചെയ്യാമായിരുന്നു. ഈ സംവിധാനം എന്നു പറയുന്നത്‌ വെറും സ്റ്റാര്‍ട്ട്‌, ആക്ഷന്‍, ക്യാമറ, കട്ട്‌ എന്നിവ മാത്രമല്ലേ ഉള്ളൂ. വേണമെങ്കില്‍ നായകന്‍ കള്ളടിക്കുമ്പോള്‍ ക്യാമറക്കും ഒപ്പം കള്ളടിക്കാം. പറഞ്ഞു വന്നത്‌, രഞ്ജിത്ത്‌ ഈ ഗുണപാഠം നല്‍കുന്നത്‌ കണ്ടപ്പോള്‍ വേശ്യയെന്നോ, ചാരിത്ര്യമെന്നോ, പ്രസംഗമെന്നോ ഒക്കെ തോന്നിപ്പോയി. വെറും തോന്നലാണ്‌, ആരും കുറ്റപ്പെടുത്തരുത്‌. മദ്യപാനത്തെ ഗ്ലോറിഫൈ ചെയ്‌തൊരു കള്ളതിരുമാലി, മദ്യത്തിന്റെ കൂടെ തൊട്ടു നക്കുന്ന അച്ചാറ്‌ മനുഷ്യാരോഗ്യത്തിലുണ്ടാക്കുന്ന അതിഭീകരമായ രോഗങ്ങളെ കുറിച്ച്‌ ക്ലാസെടുക്കുന്നത്‌ പോലൊരു ഫീലിംഗ്‌. അല്ല, അതൊരു പ്രശ്നമൊന്നും അല്ല. കാരണം വെര്‍ട്ടിക്കലായിട്ടുള്ള ഒരു മാറ്റമല്ല പുള്ളി ഉദ്ധ്യേശിക്കുന്നത്‌, പകരം ഹൊറിസോണ്‍ഡലായിട്ടൊരു മാറ്റമാണ്‌. മലയാളത്തിലെ ന്യൂ ജനറേഷന്‍ സിനിമകളുടെ പിതാവിന്‌ പിടിയും കുടിയുമില്ലാത്ത സിനിമയെടുക്കാനാവുമെന്ന്‌ വ്യാമോഹിക്കുന്നവരെ പിടിച്ച്‌ കുനിച്ചു നിര്‍ത്തി ആസനത്തിലൂടെ ഉലക്ക......... വേണ്ട, ഞാനെന്തിനാ ഇപ്പോ അതൊക്കെ പറയുന്നത്‌. 

പരിപാടിയില്‍ പങ്കെടുത്ത്‌ ലാലും രഞ്ജിത്തും ഒരേ സ്വരത്തില്‍ പറഞ്ഞ ഒരു കാര്യം, മദ്യപാനം തികച്ചും വ്യക്‌തിപരമായ ഒരു കാര്യമാണ്‌ എന്നാണ്‌. തികച്ചും അബദ്ധ ജടിലമായ ഒരു കണ്ടുപിടിത്തമാണത്‌. പുകവലി, മദ്യപാനം വ്യഭിചാരം എന്നു വേണ്ട, ഏറെക്കുറെ മനുഷ്യന്‍ ചെയ്യുന്ന നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സമൂഹത്തില്‍ പ്രതിധ്വനിക്കും എന്നിരിക്കെ, പൊതുവഴിയുടെ അരികില്‍ കുന്നോളം തൂറി വച്ച്‌, ഇതെന്റെ തികച്ചും വ്യക്‌തി പരമായ കാര്യമാണ്‌ എന്നു പറയുന്നതിന്‌ തുല്ല്യമാണ്‌ രഞ്ജിത്തിന്റെയും ലാലിന്റെയും മറ്റു കുടിയന്‍മാരുടെയും വ്യക്‌തിപര വാദം എന്നു പറയുമ്പോള്‍ മഹാകുടിയന്‍മാരം കുഞ്ഞന്‍ കുടിയന്‍മാരും ക്ഷമിക്കുക. ക്ഷമിച്ചില്ലെങ്കിലും വിരോധമൊന്നുമില്ല. മറ്റൊരു മഹാവാദം, കേരളത്തിലെ കള്ളു കുടിയന്‍മാരില്‍ തൊണ്ണൂറ്റിയെട്ട്‌ ശതമാനവും ഒരൌണ്‍സോ രണ്ടൌണ്‍സോ പാനീയം കുടിച്ച്‌ അവനവന്റെ വീട്ടില്‍ കെട്ട്യോള്‍ക്ക്‌ പോലും ഉപദ്രവമുണ്ടാക്കാതെ ജീവിച്ചിരിക്കുന്നവരാണ്‌, ബാക്കിയുള്ള രണ്ടേ രണ്ടു ശതമാനം പേരാണ്‌ കച്ചറകള്‍ എന്ന്‌. പഷ്ട്‌. ഈ കണ്ടു പിടിത്തത്തിന്‌ സത്യത്തിലവര്‍ക്ക്‌ ഒരു കണ്ടയ്നര്‍ നിറച്ചും കള്ളു വാങ്ങിക്കൊടുക്കേണ്ടതാണ്‌. 

കേരള ഖജനാവിലേക്ക്‌ ഒഴുകിയെത്തുന്ന കള്ളുകാശിന്റെ കണക്കു പറഞ്ഞ്‌ ചിലപ്പോഴൊക്കെ ചിലര്‍ ഊറ്റം കൊള്ളുന്നത്‌ കാണാം. ദരിദ്രന്‍മാരായ മദ്യപന്‍മാര്‍ക്ക്‌ മദ്യപാനം മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക്‌ ചികിത്സ നടത്താന്‍ കേരള സര്‍ക്കാറിനുണ്ടാവുന്ന ചിലവു കൂടി, ഓരോ വര്‍ഷത്തെ കള്ളിന്റെ വിറ്റുവരവിന്റെ പട്ടിക വാര്‍ത്തയാക്കുന്ന മാധ്യമങ്ങള്‍ക്ക്‌ ധാര്‍മിക ബാധ്യതയുണ്ട്‌. മാധ്യമങ്ങളും ധാര്‍മികതയും തമ്മില്‍ ത്വലാഖ്‌ ചൊല്ലിപ്പിരിഞ്ഞ കെട്ട്യോനും കെട്ട്യോളുമാണെന്ന്‌ അറിയാമ്മേലാഞ്ഞിട്ട്‌ പറയുകയല്ല. ഓരോ സ്വപ്നങ്ങള്‍ പറയുന്നു എന്നു മാത്രം. 

10 comments:

 1. ഏഷ്യാനെറ്റില്‍ നമ്മള്‍ തമ്മില്‍ എന്ന പേരിലൊരു മഹാസംഭവമുണ്ട്‌ എന്നറിയാത്ത മലയാളി ഉണ്ടെങ്കില്‍, ദൈവത്തിനാണേ അവന്‍ അമേരിക്കയിലോ മറ്റോ ജനിക്കേണ്ടിയിരുന്നവന്‍ ചൊവ്വാ ദോഷം കാരണം കേരളത്തില്‍ ജനിച്ചു പോയവനായിരിക്കും.

  ReplyDelete
 2. ആ ഒടുക്കത്തെ 'പാര'ഗ്രാഫ് ചാല'ക്കുടി' ക്കാരും കരു'നാഗ'പ്പള്ളിക്കാരും കാണണ്ട.....

  ReplyDelete
 3. കലാകാരന്റെ ധാര്‍മികത പലപ്പോഴും വെറും പ്രഹസനങ്ങളില്‍ ഒതുങ്ങി പോകാറുണ്ട് എന്നത് സത്യം. അത് കരുതി, എല്ലാവരും...ആ അറിയില്ല. ഇന്നലെകളെ മറന്നു കൊണ്ട് ഇവരെങ്ങാനും നന്നാകാന്‍ ശ്രമിച്ചാല്‍ അതിനും നമ്മുടെ സമൂഹം സമ്മതിക്കില്ല..ഒരിക്കല്‍ ജയിലില്‍ പോയി തിരിച്ചു വന്നവന്റെ അവസ്ഥ എന്തായിരിക്കും സമൂഹത്തില്‍..,..അവന്‍ ഒരിക്കലും പള്ളിയില്‍ പോകാന്‍ പറ്റില്ല, അവനൊരിക്കലും നല്ല കാര്യം പറയാന്‍ പറ്റില്ല. ഇനി ഇപ്പൊ പറഞ്ഞാലോ..അതും കുറ്റം..പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നെ പറയാന്‍ ആകൂ..എന്തയാലും ഉദ്ദേശ്യ ശുദ്ധിയെ നമുക്ക് തല്‍ക്കാലം മാനിക്കാം എന്ന് തോന്നുന്നു..

  കള്ള് കുടിക്കാത്ത ഒരു പറ്റം ആളുകള്‍ " നിങ്ങള്‍ കള്ള് കുടിക്കരുത്..അത് കേടാണ് " എന്ന് വിളിച്ചു പറയുന്നതിനേക്കാള്‍ നല്ലതല്ലേ കള്ള് കുടിക്കുന്ന ഒരാള്‍ ഇതേ ഡയലോഗ് പറയുന്നത്..

  നല്ല ലേഖനത്തിനു ആശംസകള്‍..

  ReplyDelete
 4. സിനിമ എറക്കീട്ടാണെങ്കിലും വേണ്ടില്ല...ഈ നശിച്ച കുടിയൊന്ന് കുറഞ്ഞാല്‍ മതിയാരുന്നു

  ReplyDelete
 5. സിനിമയില്‍ കാണുന്ന ദുശ്ശീലങ്ങള്‍ മാത്രം അനുകരിക്കുകയും സിനിമയിലെ നന്മ മനസ്സിലാക്കാതെയും പോകുന്നവരെ പ്രബുദ്ധരായ പ്രേക്ഷകര്‍ എന്ന് പറയാനാവില്ല.

  ReplyDelete
 6. ശരിക്കും അഭിപ്രായം പറയേണ്ട വിഷയം . കാരണം ഈ പറഞ്ഞ നമ്മള്‍ തമ്മില്‍ പരിപാടി കണ്ടപ്പോള്‍ തമാശ തോന്നി. കലാകേരളത്തില്‍ കള്ളുകുടിയുടെ മഹത്വം വില്‍പ്പനച്ചരക്കാന്നു പണ്ടേ അയ്യപ്പ ബൈജുവിനെ പോലുള്ള മിമിക്രിക്കാര്‍ തെളിയിച്ചതാണ്. മോഹന്‍ ലാല്‍ പല സിനിമയിലും ഇത് അഭിനയിച്ചു കയ്യടി വാങ്ങിയിട്ടുണ്ട്. (നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍ .. തുടങ്ങി ഒരുപാട് ചിത്രങ്ങള്‍ .) മദ്യപാനികള്‍ നമുക്ക് നല്ല കൌതുക കാഴ്ച നല്‍കുന്നു. അവന്റെ ലീലാവിലാസങ്ങള്‍ നമ്മള്‍ രസിച്ചുകൊന്ടു നോക്കി നില്‍ക്കും. ഈ വികാരമാണ് സിനിമയും ചാനലും കാശാക്കുന്നത്‌. .
  ആരും പുണ്യത്തിനായി ഇക്കാലത്ത് കല സൃഷ്ട്ടിക്കുന്നില്ല. രഞ്ജിത്തും കച്ചവടം തന്നെ ചെയ്യുന്നു. തന്ത്രങ്ങളിലൂടെ. മുഖം മറച്ച് ചാനല്‍ കാമറക്കു മുന്നില്‍ ഇരുന്നവരെ പോലെ മുഖം മറക്കാതെ ഇരുന്നവരും നമ്മള്‍ പെട്ടെന്ന് കാണാത്ത ഒരു മുഖംമൂടി അണിഞ്ഞിരുന്നു.

  ReplyDelete
 7. പ്രസക്തമായ ലേഖനം.

  ഉദയപ്രഭന്‍ പറഞ്ഞതു പോലെ സിനിമയില്‍ നിന്നുള്ള നല്ല സന്ദേശങ്ങള്‍ മനസ്സിലാക്കാതെ ദുശ്ശീലങ്ങള്‍ മാത്രം അനുകരിയ്ക്കുന്ന പ്രേക്ഷകരെ എന്തു പറയാന്‍ ?

  ReplyDelete
 8. വളരെ ചിന്തനീയമായ ഒരു കുറിപ്പ്.
  ഈ സിനിമാക്കാരന്‍ തന്നെയല്ലേ
  താന്‍ നടത്തിയ കള്ള് പരസ്യത്തെ
  ന്യായീകരിച്ചു, കുറേക്കാലം മുന്‍പ്
  കേരളത്തിലെ 90% ത്തില്‍ അധികവും
  കള്ളുകുടിയന്മാര്‍ എന്ന് കൊട്ടി ഘോഷിച്ചതും
  നാട്ടുകാര്‍ അതിനു ചുട്ട മറുപടി കൊടുത്തതും.
  ഇപ്പോള്‍ ഏഷ്യ നെറ്റിലൂടെ പുതിയ കസര്‍ത്തുമായി
  പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതും.
  കഷ്ടം ഇത്തരക്കാരുടെ പിന്നാലെ കൂടാന്‍
  കഴുതകള്‍ എന്ന് വിശേഷിപ്പിച്ച ഒരു കൂട്ടരും.
  എങ്ങോട്ടാണ് നാമും നമ്മുടെ നാടും നീങ്ങുന്നത്‌?

  ReplyDelete