Saturday, July 7, 2012

ഭ്രാന്തന്‍ പാട്ടും അമ്മായി പിരാന്തും


പണ്ടു പണ്ട്,, എന്നു വച്ചാല്‍ കുറേ കൊല്ലങ്ങള്‍ക്ക്‌ മുന്‍പ്‌, ദിനോസറുകള്‍ മുട്ടയിട്ട്‌ പെറ്റുപെരുകിക്കൊണ്ടിരുന്ന കാലത്താണെന്നാന്‌ ഓര്‍മ.. (അരണയും ഞാനും ഒരേ സ്ക്കൂളില്‍ ഒരേ ക്ലാസി ഒരേ ബഞ്ചിലിരുന്ന പഠിച്ചവരായതു കൊണ്ട്‌ ഓര്‍മ ശരിയാവാതിരിക്കാനും ശരിയാവാനും സാധ്യതയുണ്ട്‌). ഒരു ദിവസം രാവിലെ വീടിനതുത്തെവിടെ നിന്നോ ഒരു ബഹളം. ആരോ തല്ലു കൂടുന്നത്‌ പോലെ. അല്ലെങ്കില്‍ കുറേ പേര്‍ ചേര്‍ന്ന്‌ കച്ചറയുണ്ടാക്കുന്നത്‌ പോലെ. അതുമല്ലെങ്കില്‍ സ്റ്റീല്‍ പാത്രക്കടയില്‍ കയറിയ ചാവാളിപ്പട്ടിയെ പാത്രക്കടയിലെ പണിക്കാരെല്ലാവരും കൂടി എറിഞ്ഞോടിക്കുമ്പോഴുണ്ടാകുന്ന പോലൊരു ബഹളം. വീടിന്റെ തൊട്ടടുത്തെവിടെയും ഒരു പാത്രക്കട ഇല്ല. എന്നാല്‍ ഒരു ഹരിജന്‍ കോളനിയുണ്ട്‌. അവിടെ നിന്നാണ്‌ ബഹളം കേള്‍ക്കുന്നത്‌. 

പടച്ചോനെ, ഇന്ന്‌ മാധ (മാധ എന്നത്‌ മാധവേട്ടന്റെ വട്ടപ്പേരാണ്) രാവിലെ തന്നെ പെട്രോളടിച്ചെത്തിയോ? കുടിച്ചോണ്ട്‌ വന്നാല്‍ പിന്നെ കെട്ടിയോളേയും കുട്ടികളേയും മുടിക്കെട്ടിന്‌ പിടിച്ച്‌ കുനിച്ചു നിര്‍ത്തി ഇടിക്കുന്നതിന്നിടയില്‍ പൂരത്തെറി പറയാനും മാധ മിടുക്കനാണ്‌. പഞ്ചായത്തു പൈപ്പിന്റെ മൂട്ടില്‍ വെള്ളത്തിന്‌ കാത്തു നിന്നപ്പോള്‍ വഴിയെ പോയവന്‍ എന്തിനാടീ നിന്നെ നോക്കി ഇളിച്ചത്‌ എന്നു ചോദിച്ചായിരിക്കും ഇടി. ഇടി കൊള്ളുന്നതിന്നിടയിലുള്ള മാധയുടെ ഭാര്യ കാമാക്ഷിയമ്മയുടെ തെറിയാണ്‌ തെറി.. എന്റമ്മോ അസഹനീയം. കാലത്തെ മാധയുടെ പെര്‍ഫോമന്‍സ്‌ കാണാമല്ലോ എന്നോര്‍ത്ത്‌ ഓടിച്ചെന്നു നോക്കുമ്പോള്‍ (ഞാനൊരു മലയാളി ആകയാല്‍ സ്വന്തം വീട്ടിലെ കാര്യത്തെക്കാള്‍ സുഷ്ക്കാന്തി അടുത്ത വീട്ടിലെ കാര്യത്തില്‍ തന്നെ) ബഹളം കേള്‍ക്കുന്നത്‌ മാധയുടെ വീട്ടില്‍ നിന്നല്ല. ഉണ്ണിയുടെ വീട്ടില്‍ നിന്നാണ്‌. ആകെയുള്ള ഒരു സ്പീക്കറിന്റെ ഡയഫ്രത്തിന്റെ പകുതി കൂറ തിന്നുതീര്‍ത്ത, ഒരു പേട്ടു ടേപ്പ്‌ റിക്കോഡറില്‍ ബാഷ എന്ന സിനിമിയിലെ ഞാനാട്ടോകാരന്‍ എന്ന എ ആര്‍ റഹ്മാന്‍ സംഗീതം ചൈത പാട്ട്‌ ഫുള്‍ വോള്യത്തിലിട്ടാല്‍, പെറ്റുമ്മയാണേ സത്യം, കാട്ടാനക്കൂട്ടത്തെ വരെ ഓടിക്കാന്‍ അതിന്റെ പകുതി മതി. 

ഈ സംഭവം ഇപ്പോള്‍ ഓര്‍ക്കാന്‍ ഒരു പ്രത്യേക കാരണമുണ്ട്‌. ഉസ്‌താദ്‌ ഹോട്ടല്‍ എന്ന സിനിമയിലെ ഒരു പാട്ടു കേട്ടതാണ്‌ കാരണം. അപ്പം ചുട്ട അമ്മായിക്ക്‌ കച്ചോടം പൂട്ടിയപ്പോള്‍ വട്ടായിപ്പോയ പാട്ട്‌. പാട്ടു കേട്ടതിന്റെ കുളിരും പനിയും ഇപ്പോഴും മാറിയിട്ടില്ല. പാട്ടെന്ന്‌ പറഞ്ഞാല്‍ ഇതാണ്‌ പാട്ട്‌. ദോഷം പറയരുതല്ലോ, പേ പിടിച്ച പട്ടിയെ ഓടിക്കാന്‍ ഈ പാട്ടിന്റെ നാലുവരികള്‍ ധാരാളം മതി. ഇതിപ്പോള്‍ പാട്ടെഴുതിയവനാണോ, അതിന്‌ സംഗീതം കൊടുത്തവനാണോ, പാടിയവര്‍ക്കാണോ, ഇനിയതൊന്നുമല്ല, കേള്‍ക്കുന്ന നമ്മള്‍ക്കാണോ വട്ട്‌ എന്നൊരു സംശയമേ ഉള്ളൂ. ഉള്ള തലയും കൊണ്ട്‌ കുതിരവട്ടത്തോ ഊളമ്പാറയിലോ പോയി വരിനിന്ന്‌ ഷോക്കടിപ്പിച്ചാലേ ആ പാട്ടു കേട്ടതിന്റെ ഒരു അസ്കിത അങ്ങ്‌ മാറുകയുള്ളൂ. 

ചോദിക്കാതിരിക്കാനവുന്നില്ല കേട്ടോ, രാത്രി ശുഭ രാത്രി എന്ന പാട്ടു പാടിയതിന്‌ ആ സന്തോഷ്‌ പണ്ഡിറ്റിന്റെ തന്തയ്ക്കു വിളിച്ച കിടുതാപ്പന്‍മാരൊക്കെ എവിടെ? അവരാരും ഈ പാട്ടു കേട്ടില്ലെ? അതോ ഇതൊരു ന്യൂ ജനറേഷന്‍ പാട്ടായതു കൊണ്ട്‌, ഇതെല്ലാം എന്റെ വെറും അമ്മാവന്‍ സിന്‍ഡ്രം പിടിച്ച തോന്നലുകളാണോ. ഞാനൊരു ആന്റീ പീസ്‌ മോഡലാകയാല്‍ അതിനും സാധ്യതയില്ലാതില്ല. പടച്ചോനെ എനിക്ക്‌ വട്ടായിപ്പോയോ?

അപ്പങ്ങളെമ്പാടും ചുട്ടമ്മായി, ആരംഭമായ മരുമോനിക്ക്‌ എന്ന്‌ തുടങ്ങുന്ന ഒരു രസികന്‍ നാട്ടുപാട്ടുണ്ടായിരുന്നു മലബാര്‍ ഏരിയയില്‍. സ്വന്തമായി കുട്ടികളെ ഉണ്ടാക്കി വളര്‍ത്താനാവാത്ത മണ്ണുണ്ണികള്‍ ആരാന്റെ കുട്ടികളെ ദത്തെടുത്ത്‌ വളര്‍ത്തി വഷളാക്കുന്നത്‌ പോലൊരു കലാപരിപാടിയാണ്‌, ഈ പഴയ പാട്ടുകളുടെ അലകും കഴുക്കോലും തല്ലിപ്പൊട്ടിച്ച്‌ ബെടക്കാക്കി തനിക്കാക്കി നാട്ടുകാരെ പിരാന്താക്കുന്ന ഇപ്പരിപാടി എന്നു പറഞ്ഞാല്‍ , ന്യൂ ജനറേഷന്‍ കിടാങ്ങളേ, നിങ്ങളെന്നെ കല്ലെറിയരുതേ. ന്യൂ ജനറേഷന്‍ പാട്ടുകള്‍ വേണമെന്നാഗ്രഹിക്കുന്നവര്‍ "ഖല്‍ബിലെത്തി" പോലൊരു സാധനമൊക്കെ ആയി വന്നാല്‍ പോരെ. ഇങ്ങിനെ അമ്മായിമാരെ വട്ടാക്കി അമ്മാവന്‍മാര്‍ക്കിട്ടു തന്നെ പണി കൊടുക്കണോ? ഇതിപ്പോള്‍ ഒരു തരം സൂക്കേടാണ്‌. സുഖമില്ലാത്തവന്‍ കോഴിത്തുവ്വല്‍ ചെവിയിലിട്ട്‌ തിരിച്ചുണ്ടാക്കുന്ന സുഖം പോലൊരു പരിപാടി. ഓരോരുത്തരും ഓരോ ബ്രെയിന്‍ മസാജു യന്ത്രം വാങ്ങി ഉപയോഗിക്കേണ്ട സമയം അധിക്ക്രമിച്ചിരിക്കുന്നു. ഈശ്വരോ രക്ഷതു. 

9 comments:

 1. അപ്പം ചുട്ട അമ്മായിക്ക്‌ കച്ചോടം പൂട്ടിയപ്പോള്‍ വട്ടായിപ്പോയ പാട്ട്‌. പാട്ടു കേട്ടതിന്റെ കുളിരും പനിയും ഇപ്പോഴും മാറിയിട്ടില്ല. പാട്ടെന്ന്‌ പറഞ്ഞാല്‍ ഇതാണ്‌ പാട്ട്‌. ദോഷം പറയരുതല്ലോ, പേ പിടിച്ച പട്ടിയെ ഓടിക്കാന്‍ ഈ പാട്ടിന്റെ നാലുവരികള്‍ ധാരാളം മതി.

  ReplyDelete
 2. വിഷത്തിനു മറുമരുന്നു വിഷം എന്നപോലെ
  ഊളമ്പാറയില്‍ ഉള്ള വട്ടന്മാരെ കേള്‍പ്പിച്ചാല്‍ അവര്‍ ചിലപ്പോള്‍ നോര്‍മലായെക്കും

  നന്നായി എഴുതി
  ആശംസകള്‍

  ReplyDelete
 3. ഞാൻ ഒറ്റത്തവണയേ കേട്ടുള്ളു... ത്യപ്തിയായി

  ReplyDelete
 4. Piraanthaayaal changalakkidaaam...changalakkum piraanthaayaal .....good post...

  ReplyDelete
 5. എന്നാലും എന്റെ അബൂതീ... ബ്ലോഗിലൂടെ ഈ പാട്ടങ്ങ് പ്രൊമോട്ട് ചെയ്തല്ലോ... ഉടനെ ഞാന്‍ പാട്ടു കേട്ടു. എനിയ്ക്കും വട്ടായെന്നാ തോന്നണേ...

  ReplyDelete
 6. പാട്ട് കേട്ടില്ല....മതിയായി

  ReplyDelete
 7. ശരിയാണു പറഞ്ഞത്, ആ പാട്ട് കേട്ടപ്പോള്‍ അവന്മാരെ തല്ലിക്കൊല്ലണം എന്ന് തോന്നിപ്പോയി. എത്ര നന്നായി എഴുതുന്ന ആളാണു റഫീക് അഹമദ്, അങ്ങേരെന്തിനു ഇതിനു കൂട്ടു നിന്നു.

  ReplyDelete
 8. മാഷെ

  എന്തിനും ഏതിനും മലയാളിയുടെ ഈ വിമര്‍ശനം ഒന്ന് മതിയാക്കിക്കൂടെ ??

  ആ ഒരു പാട്ട് ഒരു ആഘോഷ പരിപാടിയില്‍ പാടിയ ഒരു പാട്ടായി മാത്രമേ എല്ലാവരും കാണുന്നുള്.

  അതും ഇന്നത്തെ തലമുറയ്ക്ക് വേണ്ട രൂപത്തില്‍ താളം വച്ച ഒരു പാട്ട് അത് അതിന്റെ ഈണത്തില്‍ കേട്ടാല്‍ ഒരു രസം ആണ് .

  ഈ ചെറിയ ഒരു കാര്യം മുതല്‍ മലയാളിയുടെ സങ്കുചിതമായ മനോഭാവം , നിലത്തുകിടന്നു മേലോട്ട് തുപ്പുന്നവന്റെ അവസ്ഥയില്‍ ആണ്.

  ഇത് പോലെയുള്ള അന്യ ഭാഷ ഗാനങ്ങള്‍ തികര്‍ത്തു കേരളത്തിലെ മലയാളികള്‍ കേള്‍ക്കുബോള്‍ സ്വന്തം ഭാഷയില്‍ പാടിയ പാട്ടിനോടുള്ള ഈ വിരോധം കാലത്തിനു ഒപ്പം പുറമേ മാറാത്ത മലയാളിയുടെ കപട മനോഭാവം ആണ് എന്നെ ആത്മാവിനു പറയാന്‍ ഉള്ളു.

  ReplyDelete
 9. ഈയടുത്തായി ഇതു പോലുള്ള പാട്ടുകള്‍ കൂടുതലായി ഇറങ്ങുന്നുണ്ട്. 'ആനക്കള്ളന്‍' വരുത്തിയ മാറ്റങ്ങളാണെന്ന് തോന്നുന്നു...

  ReplyDelete