Monday, July 9, 2012

പ്രാണമേഘംതോട്ടിന്‍ കരയിലെ പേരറിയാത്തൊരു വൃക്ഷത്തിന്റെ ഉയരത്തിലുള്ള പൊത്തിലേക്ക്‌ ഏന്തി വലിഞ്ഞു നോക്കിയപ്പോള്‍ നീല നിറത്തിലുള്ള നാലു ചെറിയ മുട്ടകള്‍ കണ്ടു. കണ്ണുകളില്‍ സന്തോഷം തിരതല്ലി. ഇന്നലെയും മിനിഞ്ഞാന്നുമായി ഒരു മൈന ആ മരത്തിനെ വിട്ടുമാറാതെ പറന്നു നടക്കുന്നത്‌ ശ്രദ്ധയില്‍ പെട്ടപ്പോഴേ ഉറപ്പിച്ചതാണ്‌ ആ മരത്തിലാ മൈന കൂടു കൂട്ടിയിട്ടുണ്ടെന്ന്‌. ഇനി മുട്ടകള്‍ വിരിയണം. കുഞ്ഞുങ്ങളുണ്ടായിക്കഴിഞ്ഞാല്‍ പറക്കാനാവുന്നതിന്റെ മുന്‍പേ അതിലൊന്നിനെ സ്വന്തമാക്കാം. കൂട്ടുകാരന്‍ ശരീഫിന്റെ കയ്യിലൊരു മാടത്തയുണ്ട്‌. പതം പറയുന്നൊരു മാടത്ത. ഏറെ കൊതിച്ചിട്ടുണ്ട്‌ അതു പോലൊരു മാടത്തയെ സ്വന്തമാക്കാന്‍ . 

മൈനയും നന്നായി പതം പറയുമത്രെ. ഒരു പക്ഷെ തത്തയെക്കാള്‍ നന്നായി. പക്ഷെ ഇതു വരെ പതം പറയുന്നൊരു മൈനയെ കണ്ടിട്ടില്ല. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ പിടിച്ചാലൊരു പക്ഷെ, നല്ലോണം കരിമ്പിലയൊക്കെ കൊടുത്താല്‍ , നാളെ എന്റെ മൈനയും പതം പറയുമായിരിക്കും. അടുത്തെവിടെ നിന്നോ മൈനയുടെ കരച്ചില്‍ കേട്ടപ്പോള്‍ വേഗം മരത്തില്‍ നിന്നും ഇറങ്ങി. മനുഷ്യന്‍ മുട്ടയില്‍ തൊട്ടാലോ, കൂട്ടില്‍ കയ്യിട്ടാലോ മൈന പിന്നെ അടയിരിക്കില്ല. കൂടൊഴിഞ്ഞു പോകുമത്രെ. നേരം ഇരുട്ടിത്തുടങ്ങിയിരിക്കുന്നു. ഓടിക്കിതച്ച്‌ വീട്ടിലെത്തിയപ്പോള്‍ ഉമ്മ കാത്തിരിക്കുന്നുണ്ടായിരുന്നു. 

എവിടായിരുന്നെടാ ഇത്ര നേരോം? ചെമ്മീര്‍ക്കലെ പീട്യേയില്‍ പോയി ലേശം ഒണക്കല്‌ വാങ്ങീട്ട്‌ വരാനെത്ര നേരായി ഞാനന്നെ നോക്ക്ണത്‌. കാത്ത്ന്ന്‌ കാണാതായപ്പൊ സുല്‍ഫിനെ പറഞ്ഞയച്ചു. ഓനാണെങ്കിലൊരു പേടിത്തൂറിയനും. ഇജൊന്ന്‌ ചെന്നോക്ക്യ. 

സുല്‍ഫി അനിയനാണ്‌. ലേശം പേടിയുള്ള കൂട്ടത്തിലും. ഈ മൂവ്വന്തി നേരത്ത്‌ വീടിന്റെ പുറത്തേക്കിറങ്ങി എന്നു കേട്ടപ്പോള്‍ മഹാത്ഭുതം തോന്നി. അവനേയും തിരഞ്ഞ്‌ ചെമ്മീര്‍ക്കലേക്ക്‌ പോകുമ്പോള്‍ പാതി വഴിയില്‍ വച്ചേ കണ്ടു. സുല്‍ഫി കരഞ്ഞുകൊണ്ട്‌ വരുന്നു. ഒറ്റക്കല്ല. ആലിമുസ്ല്യാരുമുണ്ടായിരുന്നു കൂടെ. കണ്ട പാടെ ആലിമുസ്ല്യാര്‍ ചോദിച്ചു. 

അആ.. ഇജ്‌ പെരീലുണ്ടായിട്ടാ ഈ ചെക്കനെ പീടീക്ക്‌ പറഞ്ഞയച്ചത്‌? ആ പറമ്പത്തെ മാണിയാശാരിന്റെ നായിനെ കണ്ടൂന്നും പറഞ്ഞ്‌ പെരും നൊലോളി ചെക്കന്‍. ഞാന്‍ പെരീക്ക്‌ കൂട്ടിക്കൊണ്ടരേന്നു. ഈ പ്രായത്തിലൊക്കെ കുട്ട്യാള്‌ പേടിച്ചാ വല്ല കൊണ്‍ക്കടും പിടിക്കൂലെടാ?

ഞാന്‍ പെരീലില്ലയ്ന്നു ഉസ്‌താദെ.. 

സുല്‍ഫി അപ്പോഴേക്കും കരച്ചിലൊക്കെ നിര്‍ത്തിയിരുന്നു. എന്നെ കണ്ടപ്പോള്‍ അവന്‌ ധൈര്യമായി. ഇനി ഞാന്‍ കൊണ്ടാക്കിത്തരണോ എന്ന ആലിമുസ്ല്യാരുടെ ചോദ്യത്തിന്‌, വേണ്ട ഞങ്ങളു പൊയ്ക്കൊള്ളാം എന്നൊരു  മറുപടിയും കൊടുത്തു. വീട്ടിലെത്തിയപ്പോള്‍ അകത്തു നിന്നിട്ട്‌ ഇരിക്കപ്പൊറുതിയില്ലാഞ്ഞിട്ടാവണം,  ഉമ്മ വീട്ടുമുറ്റവും കഴിഞ്ഞ്‌ ഇടവഴിയോരത്തെത്തിയിരുന്നു. ഉമ്മ അങ്ങിനെയാണ്. ഞങ്ങളുടെ കാര്യത്തില്‍ വലിയ ആധിയായിരുന്നു. 

അന്ന്‌ ഉമ്മയുടെ വക ധാരാളം വഴക്കു കേട്ടു. നേരം നോക്കാതെ കളിച്ചു നടന്നതിനാണെല്ലാം. പാടത്തും പറമ്പിലുമായി തെണ്ടിത്തിരിഞ്ഞു നടന്നാല്‍ മതിയല്ലൊ, വീട്ടിലെ കാര്യമൊന്നും നോക്കണ്ടല്ലൊ, ഇന്നെ സഹായിക്കാനെനിക്കൊരു പെണ്‍കുട്ടിയില്ലാണ്ടെ പോയല്ലൊ എന്നൊക്കെ ഉമ്മ പറയുന്നുണ്ടായിരുന്നു. അവസാനം നീയവിടെ നിക്ക്‌, ഞാനെല്ലാം ബാപ്പാനെ അറീക്കുന്നുണ്ട്‌ എന്നൊരു മഹാഭീഷണിയും. 

അതിടക്ക്‌ പതിവുള്ളതാണ്‌. തനിക്കൊരു പെണ്‍കുട്ടി ഇല്ലാത്തതില്‍ ഉമ്മക്ക്‌ വലിയ സങ്കടമുണ്ട്‌. ഒരു പെങ്ങളില്ലാത്തതില്‍ എനിക്കുണ്ട്‌ ഇത്തിരി സങ്കടം. പര്യാടത്തെ കുളത്തില്‍ ചാടിക്കുളിക്കാന്‍ കൂട്ടുകാരോടൊത്ത്‌ പോകുമ്പോള്‍, അവരുടെയൊക്കെ പെങ്ങന്‍മാരും മിക്കവാറും അലക്കാന്‍ അവിടെ കാണും. കൂട്ടുകാരോടൊക്കെ അവരുടെ സഹോദരിമാര്‍ സ്നേഹത്തോടെ ഇടപഴകുമ്പോള്‍, അനിയത്തിമാരുമായി അവരില്‍ ചിലരൊക്കെ തല്ലു കൂടുന്നത്‌ കാണുമ്പോള്‍, ഞാനും ആഗ്രഹിച്ചു പോകാറുണ്ട്‌. എനിക്കും ഒരു പെങ്ങളുണ്ടായിരുന്നെങ്കിലെന്ന്‌. 

നാലഞ്ചു ദിവസം കഴിഞ്ഞ്‌ സുല്‍ഫിയോട്‌ തോട്ടിന്‍ കരയിലെ മൈനമുട്ടയുടെ കാര്യം പറയുന്നത്‌ കേട്ടപ്പോള്‍ ഉമ്മ പറഞ്ഞു. 

കണ്ണീകണ്ട സ്ഥലത്തൊന്നും പോയി കയ്യിടാന്‍ നിക്കണ്ട. പാമ്പിന്റെ മുട്ടക്കും നീലക്കളറാണ്‌. പറഞ്ഞില്ലാന്ന്‌ മാണ്ട.. 

പാമ്പിന്റെ മുട്ടക്ക്‌ നീലനിറമാണോ? അറിയില്ല! എങ്കിലും ഉമ്മ പറഞ്ഞതു കൊണ്ടു മാത്രം തന്റെ ഉദ്ധ്യേശം ഉപേക്ഷിക്കാന്‍ തയ്യാറായില്ല. ഇനിയെല്ലാം രഹസ്യമായി മതി എന്നു മനസ്സിലുറപ്പിക്കുകയും ചെയ്‌തു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആരുമറിയാതെ തോട്ടു വക്കത്തെ മരച്ചോട്ടിലെത്തി. ആരെങ്കിലും തന്നെ കാണുന്നുണ്ടോ എന്ന്‌ ചുറ്റുപാടുമൊന്ന്‌ നിരീക്ഷിച്ചു. മെല്ലെ മരത്തിലേക്ക്‌ അള്ളിപ്പിടിച്ച്‌ കയറാന്‍ നേരം പിടിച്ചുതൂങ്ങിയ ചെറുകമ്പൊടിഞ്ഞു. പിടിവിട്ടു മലര്‍ന്നടിച്ച്‌ താഴെ വീണപ്പോള്‍ വലത്തേ കാലിന്റെ മടമ്പില്‍ ഉണങ്ങിയ ഒരു കമ്മ്യൂണിസ്റ്റപ്പയുടെ കുറ്റി തറച്ചു. 

ചെറിയ ഒരു മുറിവേ ഉണ്ടായുള്ളൂവെങ്കിലും അതിന്‌ അസഹ്യമായ വേദനയായിരുന്നു. വീണതിന്റെ സങ്കടവും മുറിവിന്റെ വേദനയും കാരണം നിശബ്ദമായി അവിടെയിരുന്ന്‌ കുറേ നേരം കരഞ്ഞു. കാലില്‍ നിന്നുമിറ്റു വീണ രക്‌തത്തുള്ളികള്‍ക്ക്‌ ചുറ്റിലും കട്ടുറുമ്പുകള്‍ വട്ടം കൂടി. കുറച്ചു കഴിഞ്ഞപ്പോള്‍ മുടന്തി മുടന്തി വീട്ടിലെത്തി. മുടന്തുന്നത്‌ കണ്ടതു കൊണ്ടാവാം ഉമ്മ ഓടിവന്നുകൊണ്ട്‌ ചോദിച്ചു. 

എന്താടാ? എന്താ പറ്റീ?

ഉമ്മയെ കണ്ടപ്പോള്‍ ഒന്നു കൂടി സങ്കടമായി. എങ്കിലുമിനി കരയാന്‍ വയ്യ. കരച്ചില്‍ കടിച്ചമര്‍ത്തിക്കൊണ്ട്‌ പറഞ്ഞു. 

ഒന്ന്‌ വീണു. 

കാലിലെ മുറിഭാഗത്തെ രക്‌തം കണ്ടപ്പോള്‍ നിലവിളിക്കുന്നത്‌ പോലെ ഉമ്മ പറഞ്ഞു. 

ന്റെ പടച്ചോനേ.. ബല്ല്യ മുറിയാണല്ലോ.. 

ഉമ്മ ആ ബേജാറില്‍ എന്നെ ഒന്നെടുക്കാന്‍ ശ്രമിച്ചോ. ശ്രമിച്ചെന്ന്‌ തോന്നുന്നു. പതിനാലു വയസ്സുള്ള എന്നെയുണ്ടോ ഉമ്മാക്ക്‌ എടുക്കാനാവുന്നു. ഉമ്മ എന്നെ ഒരു ചുമലില്‍ താങ്ങി വീട്ടിലേക്ക്‌ നടന്നു. അന്ന്‌ ഇരുട്ടില്‍ തൊടിയിലൂടെ ടോര്‍ച്ചടിച്ച്‌ എന്തോ തിരയുന്ന ഉമ്മയെ ജാനലഴികളില്‍ മുഖമമര്‍ത്തി നോക്കിക്കണ്ടു. തൊടിയില്‍ നിന്നും ചില പച്ചമരുന്നുകളൊക്കെ പറിച്ചു കൊണ്ടു വന്ന്‌ എണ്ണയിലിട്ട്‌ ചൂടാക്കി, കോഴിക്കൂട്ടില്‍ നിന്നൊരു കോഴിയെ പിടിച്ച്‌ അതിന്റെ ഒരു തൂവ്വല്‍ പറിച്ചെടുത്ത്‌, ആറിതണുത്ത മരുന്നെണ്ണയില്‍ കോഴിത്തൂവ്വല്‍ മുക്കി എന്റെ കാലിലെ മുറിവില്‍ പുരട്ടുന്നതിന്നിടയില്‍, എനിക്ക്‌ നോവാതിരിക്കാന്‍ ഉമ്മ ആ മുറിവിലേക്ക്‌ മെല്ലെ മെല്ലെ ഊതുന്നുണ്ടായിരുന്നു. 

അപ്പോഴും എന്റെ കാലിലെ ആ കൊച്ചു മുറിവു കണ്ട്‌ ഉമ്മയുടെ മുഖത്ത്‌ ഒരു കുന്നോളം സങ്കടമുണ്ടായിരുന്നു. അത്ര വലിയ വേദനയൊന്നും ആ മുറിവെനിക്കുണ്ടാക്കിയിരുന്നില്ല. വേദനയുടെ തൊണ്ണൂറ്റൊമ്പത്‌ ശതമാനവും ഉമ്മയുടെ ഹൃദയം ഏറ്റെടുത്തതാവാം കാരണം. 

പിറ്റേന്ന്‌ പന്തല്ലൂരിലെ ഒരു ബന്ധുവീട്ടില്‍ കല്ല്യാണത്തിനു പോകാനുണ്ടായിരുന്നു. ഉപ്പ ഗള്‍ഫിലായതിനാല്‍ ഉമ്മയ്ക്ക്‌ പോയേ പറ്റൂ. എല്ലാവരും കൂടി പോകാനിരുന്നതാണെങ്കിലും എന്റെ കാലിലെ മുറിവു കാരണം എന്നെ കൊണ്ടു പോകാന്‍ ഉമ്മ തയ്യാറായില്ല. പകരം, രാവിലെ തന്നെ ശരീഫിന്റെ വീട്ടില്‍ പോയി അവന്റെ കയ്യില്‍ പൈസ കൊടുത്ത്‌ ഉച്ചക്ക്‌ ഹോട്ടലില്‍ നിന്നും വല്ലതും വാങ്ങിക്കൊണ്ടു വന്ന്‌ കഴിക്കാന്‍ പറഞ്ഞു. പോരാത്തതിന്‌ കല്ല്യാണ വീട്ടില്‍ നിന്നും വൈകുന്നേരം വരുമ്പോള്‍ ബിരിയാണി കൊണ്ടു വരാമെന്നും പറഞ്ഞു. പിന്നെയും എന്റെ മുഖത്തു തളം കെട്ടി നിന്നിരുന്ന സങ്കടം, ഉമ്മ നീട്ടിയ അഞ്ചു രൂപ നോട്ടിന്റെ പളപളപ്പില്‍ ഇല്ലാതായി. കാലിലെ മുറിവില്‍ അഴുക്കായി അത്‌ പഴുക്കും എന്നായിരുന്നു കല്ല്യാണത്തിന്‌ കൊണ്ടു പോകാതിരിക്കാന്‍ ഉമ്മ പറഞ്ഞ ന്യായം. അങ്ങിനെ സുല്‍ഫിയും ഉമ്മയും കൂടി കല്ല്യാണത്തിനു പോയി. 

ശരീഫ് എന്റെ കൂടെ ഉച്ച വരെ വീട്ടില്‍ പാമ്പും കോണിയും കളിച്ചിരുന്നു. ഉച്ചക്ക്‌ മഞ്ചേരിയില്‍ പോയി ബിരിയാണി തന്നെ വാങ്ങിച്ചു വന്നു. രണ്ടാളും കൂടി കഴിച്ചു. പിന്നെ അവന്‍ എന്തോ ആവിശ്യത്തിനായി കുറച്ചു കഴിഞ്ഞു വരാം എന്നു പറഞ്ഞ്‌ പോയി. അങ്ങിനെ വീട്ടില്‍ ഞാന്‍ മാത്രമായി. 

വീട്ടില്‍ തനിച്ചായാല്‍ വീട്ടിലെ ടേപ്‌റിക്കോഡര്‍ പോലിരിക്കുന്ന ഉപകരണങ്ങള്‍ അഴിച്ച്‌ അതിന്റെ ഉള്ളിലെ വസ്‌തുക്കളുടെ സൌന്ദര്യമാസ്വദിക്കുക എന്നത്‌ എന്റെ ഒരു ചെറുപ്പകാല വിനോദമായിരുന്നു. ആ വകയില്‍ ഒന്നു രണ്ട്‌ റേഡിയോ ഞാന്‍ കേടുവരുത്തുകയും അതിന്‍മേല്‍ തല്ലു വാങ്ങുകയും ചെയ്‌തിട്ടുണ്ട്‌. അന്ന്‌ അഴിച്ചു നോക്കിയത്‌ ഉപ്പ കഴിഞ്ഞ പ്രാവിശ്യം കൊണ്ടു വന്ന നാഷണല്‍ പാനാസോണിക്കിന്റെ സെറ്റായിരുന്നു. അഴിച്ചു കഴിഞ്ഞ്‌ വീണ്ടും കൂട്ടിയപ്പോള്‍ ദാ കിടക്കുന്നു രണ്ട്‌ മൂന്ന്‌ സ്ക്രൂ ബാക്കി. സെറ്റിന്റെ പിന്‍ഭാഗത്തു കണ്ട വിടവിലൂടെ അതെല്ലാം സെറ്റിന്റെ അകത്തേക്കു തന്നെ ഇട്ടു. 

സമയം നാലുമണിയായി. ഉമ്മ വരാനുള്ള സമയമായിരിക്കുന്നു. ഷരീഫിനെ കാണാനില്ല. ബോറടിക്കുന്നു. അടുക്കളയില്‍ ചെന്നൊന്ന്‌ തപ്പി നോക്കി. വല്ല മിക്ച്ചറോ ചിപ്സോ ഒക്കെ ഉമ്മ എന്നെയും സുല്‍ഫിയേയും കാണാതെ വല്ല സ്ഥലത്തും പാത്തു വച്ചിട്ടുണ്ടാവും. തപ്പിത്തിരഞ്ഞ്‌ ഒടുവില്‍ കണ്ടെത്തി. അരിപാത്രത്തില്‍ സെറിലാക്കിന്റെ ടിന്നിലടച്ച ചിപ്സിനെ. അളവ്‌ കമ്മി വന്നു എന്ന്‌ ഉമ്മാക്ക്‌ തോന്നാത്ത വിധത്തില്‍ അതില്‍ നിന്നും ഒരല്‍പമെടുത്ത്‌ ഉമ്മറത്ത്‌ വന്നിരുന്ന്‌ ഇടവഴിയിലേക്കും കണ്ണു നട്ടിരുന്നു. 

സമയം മുന്നോട്ട്‌ നീങ്ങി. കുറെ നേരമായപ്പോള്‍ ദേഷ്യമായി. ഉമ്മാക്കറിയില്ലെ ഞാനിവിടെ തനിച്ചാണെന്ന്‌? ഒന്ന്‌ നേരത്തെ വന്നൂടെ? അല്ലെങ്കിലും കല്ല്യാണമൊക്കെ കഴിഞ്ഞിട്ടെത്ര നേരമായിക്കാണും? സമയം ഇഴഞ്ഞു നീങ്ങുന്തോറും ദേഷ്യം സങ്കടമായി മാറികൊണ്ടിരുന്നു. ഉമ്മ വന്നാല്‍ ഇന്ന്‌ എന്തായാലും പിണക്കം കാണിക്കും എന്ന്‌ മനസ്സിലുറപ്പിച്ച്‌. സങ്കടം വന്നു നിറഞ്ഞ മിഴികളുമായി കോളാമ്പിപ്പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന വേലിക്കരികില്‍ വന്നു നിന്ന്‌, ഇടവഴിയുടെ അങ്ങേ അറ്റത്തേക്ക്‌ മിഴി നട്ട്‌ കാത്തിരുന്നു. 

വെയില്‍ മങ്ങിത്തുടങ്ങി. ഇടവഴിയിലെ നിഴലുകള്‍ ഇല്ലാതായിത്തുടങ്ങിയിരിക്കുന്നു. പിണക്കം മറന്നു തുടങ്ങിയിരിക്കുന്നു. നെഞ്ചിന്‍കൂടിന്റെ ഉള്ളിലൊരു തേരട്ടയെ പോലെ ഭയമരിച്ചു നടക്കുന്നു. എന്താണുമ്മ ഇനിയും വരാത്തത്‌. ഇല്ല, ഇത്‌ സാധാരണമല്ല. ഇങ്ങിനെ ഒരു സംഭവം എനിക്ക്‌ പരിചയമില്ല. കുറച്ചു നേരം മുറ്റത്ത്‌ കൂടി അങ്ങോട്ടുമിങ്ങോട്ടും നടന്നു. കാലിലെ മുറിവൊക്കെ മറന്നു പോയിരിക്കുന്നു. 

നേരം നന്നേ ഇരുട്ടി. വീടിന്റെ കോലായിലെ ലൈറ്റിട്ടു. എങ്ങും ഇരുട്ടാണ്‌. കട്ട കുത്തിയ ഇരുട്ടിന്റെ നിഗൂഡതയിലെവിടെയോ എന്നെയും കാത്ത്‌ എന്തോ ഒരു അപകടം പതിയിരിക്കുന്നുണ്ട്‌ എന്ന്‌ എന്റെ മനസ്സിലിരുന്നാരോ ആര്‍ത്തു വിളിച്ചു കെണ്ടിരുന്നു. ഉമ്മ ഒരിക്കലും ഇത്രയും നേരം മനപ്പൂര്‍വം വൈകില്ല. 

ടോര്‍ച്ചെടുത്തു. ഇടവഴിയിലൂടെ നടക്കുമ്പോള്‍ ആ ഇടവഴിയിലെ കട്ടകുത്തിയ ഇരുട്ട്‌ എന്നെ ഒട്ടും ഭയപ്പെടുത്തിയില്ല. ശരീഫിന്റെ വീടിന്റെ മുമ്പിലെത്തി അവനെ ഉറക്കെ വിളിച്ചപ്പോള്‍ അവന്റെ ഉമ്മയാണ്‌ വിളി കേട്ടത്‌. ഉമ്മ ഇനിയും വന്നില്ല. ചിലപ്പോള്‍ അമ്പലപ്പടിക്കല്‍ വന്നു നില്‍ക്കുന്നുണ്ടാവും. ഇടവഴിയിലൂടെ ഓട്ടോറിക്ഷ വരില്ലല്ലോ. വെളിച്ചവും ഉണ്ടാവില്ല. ടോര്‍ച്ചും കൊണ്ട്‌ ഒന്ന്‌ അമ്പലപ്പടി വരെ ചെന്നു നോക്കാന്‍ ഷെരീഫിനെ വിളിക്കാന്‍ വന്നതാണ്‌ എന്നു പറഞ്ഞപ്പോള്‍, അവരെന്റെ കൂടെ ഷെരീഫിനെ വിട്ടു. 

ഇടവഴിയിലൂടെ ടോര്‍ച്ചടിച്ച്‌ അതിവേഗം നടക്കുന്ന എന്റെ കൂടെയെത്താന്‍ ഷെരീഫിന്‌ പ്രയാസപ്പെടേണ്ടി വന്നു. അതിന്നിടയിലും അവനെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അതൊന്നും ഞാന്‍ കേട്ടില്ല. അമ്പലപ്പടിയില്‍ ഇബ്രാഹീം കാക്കാന്റെ പീടികക്ക്‌ മുമ്പിലെ ഇലക്ട്രിക്‌ പോസ്റ്റിന്റെ സ്റ്റേ വയറില്‍ ബലം കൊടുത്ത്‌ ഞാന്‍ കാത്തിരുന്നു. ഇടക്കെപ്പോഴെങ്കിലും വരുന്ന ഓരോ വാഹനത്തിന്റെ ലൈറ്റ്‌ കാണുമ്പോഴും, അതില്‍ ഉമ്മയുണ്ടാകും എന്ന്‌ ഞാനാശ്വസിച്ചു. 

പക്ഷെ അവയിലൊന്നും ഉമ്മയുണ്ടായിരുന്നില്ല. ഓരോ വാഹനത്തിലും ഉമ്മയില്ല എന്ന്‌ തിരിച്ചറിയുമ്പോള്‍ എന്റെ മനസ്സില്‍ പേരറിയാത്തൊരു ഭയം ഇരട്ടിക്കിരട്ടിയായിക്കൊണ്ടിരുന്നു. എനിക്ക്‌ കൈകാല്‍ തളരുന്ന പോലെ തോന്നി. 

ദൂരെ ഒരു ഓട്ടോയുടെ ലൈറ്റ്‌ കണ്ടു. നെഞ്ചിടിപ്പ്‌ കൂടി വന്നു. പടച്ചോനെ, ഈ വണ്ടിയിലെങ്കിലും ഉമ്മയുണ്ടാകണെ. പ്രാര്‍ത്ഥനയും മന്ത്രവുമായി മനസ്സ്‌ തുടിച്ചു നില്‍ക്കേ ആ വണ്ടി അടുത്തു വന്ന്‌ കിതച്ച്‌ കൊണ്ട്‌ നിന്നു. എന്നാല്‍ അതിലും ഉമ്മയില്ലായരുന്നു. ബീരാന്‍കാക്ക എന്ന നാട്ടിലെ പ്രമാണിയാണ്‌ അതില്‍ വന്നിറങ്ങിയത്‌. അദ്ദേഹം നേരെ ഇബ്രാഹീം കാക്കാന്റെ കടയിലേക്ക്‌ പോയി. കൂടെ ഓട്ടോകാരനും. നിരാശ കൊണ്ട്‌ കരയാനായി എന്ന അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ്‌ ബീരാന്‍കാക്ക പറയുന്നത്‌ കേട്ടത്‌. 

പന്തല്ലൂരില്‍ നിന്നും മഞ്ചേരിയിലേക്ക്‌ വരുന്ന ബസ്സ്‌ ആനക്കയത്ത്‌ വച്ച്‌ മറിഞ്ഞ്‌ എട്ടൊമ്പതാള്‍ക്കാര്‍ മരിച്ചിരിക്കുന്നു. ഒരുപാടാളുകള്‍ക്ക്‌ പരിക്കുമുണ്ട്‌. 

ശരീഫ് എന്റെ മുഖത്തേക്ക്‌ നോക്കി. സപ്‌തനാഡികളും തളര്‍ന്ന്‌ ഇപ്പോള്‍ വീഴുമെന്ന മട്ടില്‍ സ്റ്റേവയറില്‍ പിടിച്ച്‌ നില്‍ക്കുകയാണ്‌ ഞാന്‍. ഇബ്രായീംകാക്കാന്റെ കടയില്‍ നിന്നും ഒരു സിഗററ്റും കത്തിച്ച്‌ തിരിച്ചു വന്ന ഓട്ടോകാരന്‍ ഓട്ടോ തിരിക്കുന്നതിന്നിടയിലാണ്‌ ശരീഫ് ചോദിച്ചത്‌. 

അതേയ്‌,, ഞമ്മക്കൊന്ന്‌ ആശുപത്രീല്‌ പോയ്യോക്ക്യാലോ?

ഞാനവനെ ദയനീയമായി നോക്കി. അവനോടിപ്പോയി ഓട്ടോയില്‍ കയറി. ഞാനും. ആശുപത്രിയുടെ മുറ്റം നിറയെ ജനക്കൂട്ടമായിരുന്നു. അപ്പോഴും മുറിവേറ്റ ആളുകളുമായി ചില ജീപ്പുകള്‍ ഇരമ്പി വരുന്നുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ മുറിവേറ്റവരേയും കൊണ്ട്‌ കാഷ്വാലിറ്റിയിലേക്ക്‌ ഓടുകയാണ്‌. കാഷ്വാലിറ്റിയിലെത്തിയപ്പോള്‍ ഒരു കുട്ടിയുടെ ഭയങ്കര നിലവിളി കേട്ടു. സുല്‍ഫിയുടെ ശബ്ദം പോലെ. 

ശരീരത്തിലെ രക്‌തമത്രയും ഉറഞ്ഞ്‌ കട്ടയാകുന്നത്‌ പോലെ തോന്നി. ഓടിച്ചെന്ന്‌ നോക്കിയപ്പോള്‍ ഒരു കൊച്ചു ബാലന്‍, ശരീരം മുഴുവന്‍ കൊച്ചു കൊച്ചു മുറിവുകള്‍, ആ മുറിവുകളില്‍ ടിഞ്ചര്‍ എന്ന മരുന്ന്‌  പുരട്ടുന്ന അറ്റന്റര്‍. അവന്‍ സുള്‍ഫിയായിരുന്നില്ല. ഒരു ആശ്വാസത്തിന്റെ നെടുവീര്‍പ്പുതിര്‍ന്നു. 

പരിക്കു പറ്റിയ ആളുകള്‍ക്കിടയിലെല്ലാം ഞങ്ങള്‍ ഉമ്മയേയും സുള്‍ഫിയേയും തിരഞ്ഞു നടന്നു. ബീഭത്സമായിരുന്നു കാഴ്ച്ച. രക്‌തം പുരണ്ട വസ്‌ത്രങ്ങളോടു കൂടി സ്‌ത്രീകളും കുട്ടികളും മുതിര്‍ന്നവരുമായി ധാരാളം പേര്‌ കാഷ്വാലിറ്റി വാര്‍ഡില്‍ തലങ്ങും വിലങ്ങും കിടക്കുന്നു. അവര്‍കിടയിലെടെയെങ്ങും അവരുണ്ടായിയിരുന്നില്ല. ഉമ്മയും സുല്‍ഫിയും. 

എന്റെ നെഞ്ചിന്റെ ഭാരം എനിക്ക്‌ താങ്ങാന്‍ കഴിയുന്നതിന്റെ അപ്പുറത്തെത്തിയിരിക്കുന്നു. അപ്പോഴും പരുക്കേറ്റ ചിലരേയും കൊണ്ട്‌ ഓട്ടോയും ജീപ്പുമൊക്കെ വരുന്നുണ്ട്‌. കാഷ്വാലിറ്റിയുടെ മുമ്പില്‍ നില്‍ക്കുമ്പോഴാണ്‌ ഒരാള്‍ മറ്റൊരാളോട്‌ പറയുന്നത്‌ കേട്ടത്‌.

മരിച്ചതിലൊരു ഉമ്മയും കുട്ടിയുമുണ്ട്‌. തിരിച്ചറിഞ്ഞിട്ടില്ല. 

ഞാനിപ്പോള്‍ വീഴുമെന്നായി. ശരീഫ് എന്റെ മുഖത്ത്‌ നോക്കി. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത്‌ കണ്ടപ്പോള്‍ എന്തു പറയണമെന്നറിയാതെ അവന്‍ വിഷമിച്ചു. എനിക്കിഷ്ടമില്ലാഞ്ഞിട്ടു കൂടി അവന്‍ എന്നെ കൊണ്ടു പോയത്‌ മോര്‍ച്ചറിയുടെ ഭാഗത്തേക്കാണ്‌. മരണം തിരിച്ചറിഞ്ഞവന്‍ ബലിക്കല്ലിലേക്കെന്ന പോലെ ഞാന്‍ അവന്റെ കൂടെ പോയി. 

അവിടെ നിന്നും ചിലരുടെ കരച്ചില്‍ കേള്‍ക്കാം. ഭീതിപ്പെടുത്തുന്ന കരച്ചില്‍. മരിച്ചവരെ തിരിച്ചറിഞ്ഞ  ബന്ധുക്കളുടെ കരച്ചിലാണത്‌. പിടിച്ചു നിര്‍ത്തിയ കരച്ചില്‍ എന്റെ തൊണ്ടയേയും കുത്തിനോവിക്കുന്നുണ്ടായിരുന്നു. 

അവിടെ മരണപ്പെട്ട ആറുപേരുടെ മൃതദേഹങ്ങള്‍  മോര്‍ച്ചറിക്ക് പുറത്തു താഴെ പായയില്‍ നിരനിരയായി കിടത്തി വെളുത്ത തുണി കൊണ്ട്‌ മൂടിയിട്ടുണ്ട്‌. മഞ്ചേരി ആശുപത്രിയുടെ മോര്‍ച്ചറി അന്ന്‌ വളരെ ചെറിയ മോര്‍ച്ചറിയാണ്‌. രണ്ട്‌ മൃതശരീരങ്ങള്‍ മോര്‍ച്ചറിക്കകത്താണ്‌. എന്നെ മാറ്റി നിര്‍ത്തിയിട്ട്‌ ശരീഫ് അവിടെ കൂടി നിന്ന പോലീസുകാരോട്‌ എന്തൊക്കെയോ സംസാരിക്കുന്നത്‌ ഞാന്‍ നോക്കി നിന്നു. എനിക്കൊന്നിനും ധൈര്യമില്ലായിരുന്നു. പോലീസുകാരിലൊരാള്‍ കൈമാടി വിളിച്ചപ്പോള്‍ അങ്ങോട്ടു ചെന്നു. 

ഉമ്മ ഏതു നിറമുള്ള സാരിയാ മോനെ ഉടുത്തിരുന്നത്‌?

ചോപ്പ്‌ മറുപടി പറഞ്ഞത്‌ ശരീഫാണ്. രാവിലെ അവന്‍ ഉമ്മയെ കണ്ടതാണല്ലൊ. പോലീസുകാര്‍ മുഖത്തോട്‌ മുഖം നോക്കി. പിന്നെ ഒരാള്‍ ചോദിച്ചു. 

അനിയനെത്ര വയസ്സുണ്ട്‌? 

ഒന്‍പത്‌. 

ആരും ഒന്നും മിണ്ടുന്നില്ല. ആ നിശബ്ദത എന്നെ വല്ലാതെ ഭയപ്പെടുത്തി. ആ പോലീസുകാരുടെ മുഖത്ത്‌ അപ്പോള്‍ കണ്ട ഭാവം, ഒരു ഭീകരസത്വമായി എന്നെ വരിഞ്ഞു മുറുക്കുന്ന പോലെ. ഒരു പോലീസുകാരന്‍ എന്റെ പുറത്തു തട്ടിയിട്ട്‌ എത്രാം ക്ലാസിലാണ് പഠിക്കുന്നത്‌ എന്ന്‌ ചോദിച്ചു. ഞാനദ്ദേഹത്തിന്റെ മുഖത്തേക്ക്‌ നോക്കി. മറ്റൊരു പോലീസുകാരന്‍ ശരീഫിനെ വിളിച്ചു കൊണ്ട്‌ മോര്‍ച്ചറിയുടെ അകത്തേക്ക്‌ പോയി. അവന്റെ പിന്നാലെ പോകാന്‍ തുടങ്ങിയ എന്നെ തോളില്‍ പിടിച്ച്‌ നിര്‍ത്തികൊണ്ട്‌ പോലീസുകാരന്‍ പറഞ്ഞു. 

മോനിവിടെ നിന്നാല്‍ മതി. അവര്‍ കണ്ടു വരട്ടെ. 

ഞാന്‍ ഒന്നും മനസ്സിലാവാതെ അങ്ങിനെ നില്‍ക്കെ മോര്‍ച്ചറിയില്‍ നിന്നും ശരീഫും  പോലീസുകാരനും ഇറങ്ങി വന്നു. ആ പോലീസുകരന്‍ ഹേയ്‌ ഇതവരല്ല എന്ന്‌ പറയുന്നത്‌ കേട്ടപ്പോള്‍, സത്യത്തിലിന്റെ സിരകളിലെ രക്‌തം ഒന്ന്‌ തണുത്തു. കണ്ണില്‍ നിന്നും ചാലിട്ട രണ്ടരുവികള്‍ താടിയിലൊന്നുചേര്‍ന്ന്‌ മണ്ണിലേക്ക്‌ യാത്രയായി. എനിക്കറിയില്ലായിരുന്നു, അത്‌ സന്തോഷത്തിന്റെ  കണ്ണുനീരായിരുന്നോ? അതോ പറഞ്ഞറിയിക്കാനാവാത്ത മറ്റെന്തൊക്കെയോ വികാരങ്ങളുടെ പ്രവാഹമായിരുന്നോ? 

ആധി തിന്ന്‌ പിന്നെയും ആശുപത്രി മുറ്റത്ത്‌ കാത്തു നിന്നു. ഒരു പത്തുപതിനൊന്ന്‌ മണിയായപ്പോഴാണ്‌ ഷെരീഫ്‌ ചോദിച്ചത്‌. 

അല്ലെടാ, ഇനി അന്റുമ്മ വീട്ടിലെങ്ങാനും വന്നിട്ട്‌ അന്നെ കാണാതെ ബേജാറാകുന്നുണ്ടാക്യോ?

ഞാനവന്റെ മുഖത്ത്‌ നോക്കി. വീടിന്റെ താക്കോല്‍ എന്റെ കയ്യിലാണ്‌. വന്നിട്ടുണ്ടെങ്കിലവര്‍ വീട്ടില്‍ കേറാനാവാതെ മുറ്റത്ത്‌ നില്‍ക്കുന്നുണ്ടാവും. ഞങ്ങള്‍ അപ്പോള്‍ തന്നെ തിരിച്ചു. ഓട്ടോയ്ക്ക്‌ കയ്യില്‍ പണമില്ലാത്തതിനാല്‍ മൂന്നര കിലോമീറ്റര്‍ നടന്നാണ്‌ അമ്പലപ്പടിയെത്തിയത്‌. 

ഇബ്രാഹീം കാക്കാന്റെ കടയില്‍ ആനക്കയത്തെ ബസ്സപകടത്തെ കുറിച്ച്‌ പൊടിപ്പും തൊങ്ങലും വച്ച്‌ വിശദീകരിക്കുന്ന കുഞ്ഞാപ്പയും നാലഞ്ചു കേള്‍വിക്കാരുമുണ്ട്‌. അതൊന്നും ശ്രദ്ധിക്കാതെ ഞങ്ങള്‍ വേഗം ഇടവഴിയിലൂടെ നടന്നു. ശരീഫിന്റെ വീടിന്റെ മുമ്പിലെത്തിയപ്പോല്‍ അവിടെ ആളും അനക്കവുമൊന്നുമില്ല. സാധാരണ രാത്രിയായാല്‍ അവന്റെ ഉപ്പ ഒരു ബീഡിയും വലിച്ച്‌ ആ കോലായിയില്‍ ഇരിക്കുന്നുണ്ടാവും. ഇന്നാരുമില്ല. 

ഞങ്ങള്‍ ഓടിപ്പാഞ്ഞ്‌ വീടിന്റെ മുമ്പിലെത്തിയപ്പോള്‍, എന്റെ വീടിന്റെ മുറ്റത്ത്‌ ഉലാത്തുന്ന ശരീഫിന്റെ ബാപ്പയെ കണ്ടു. ഉമറത്തെ അരമതിലിലിരിക്കുന്ന അവന്റെ ഉമ്മയെ കണ്ടു. അവര്‍ക്കു പിന്നില്‍ ചുവന്ന സാരിയുടുത്തെ എന്റെ ഉമ്മ. പുതിയ ഏതോ ഒരു കളിപ്പാട്ടത്തിന്റെ കൌതുകം കണ്ടു കൊണ്ടിരിക്കുന്ന സുല്‍ഫി.. 

എനിക്ക്‌ ശ്വാസം വിലങ്ങി. നിയന്ത്രിക്കാനായില്ല. ഉമ്മാ എന്നുറക്കെ വിളിച്ചു കൊണ്ട്‌ ഒരേങ്ങലോടെ ഒരൊറ്റ ഓട്ടം. ഒട്ടും നിയന്ത്രിക്കാന്‍ കഴിയാതെ കരഞ്ഞു കൊണ്ട്‌ ഉമ്മയെ കെട്ടിപ്പിടിച്ചു. ആ കരച്ചില്‍ ഒരുതരത്തിലും നിയന്ത്രിക്കാന്‍ എനിക്കാവുമായിരുന്നില്ല. കഴിഞ്ഞ കുറേ മണിക്കൂറുകളായി എന്റെ നെഞ്ചില്‍ ഞാന്‍ അണകെട്ടി നിര്‍ത്തിയിരുന്ന സങ്കടത്തിന്റെ  ഭയത്തിന്റെ  ബേജാറിന്റെ വലിയ അണക്കെട്ട്‌ എന്റെ മിഴികളില്‍ കൂടി പൊട്ടിയൊലിച്ചു. 

പാവം.. ചെക്കന്‍ നല്ലോണം പേടിച്ചിട്ടുണ്ട്‌.. 

ശരീഫിന്റെ ഉപ്പ പറയുന്നത്‌ കേട്ടു. ഉമ്മയുടെ കൈവിരലുകള്‍ എന്റെ മുടിയിഴകളില്‍ കൂടി തഴുകിയപ്പോള്‍ എന്റെ മനസ്സിന്റെ സകല കെട്ടുകളും അഴിഞ്ഞുപോവുകയായിരുന്നു. വല്ലാതെ വിങ്ങുന്ന കാലിലെ മുറിവിന്റെ നോവ്‌ അപ്പോള്‍ മാത്രമാണ്‌ എനിക്ക്‌ തിരിച്ചറിയാനായത്‌. 

അന്ന്‌ രാത്രി നന്നായി പനിച്ച്‌ വിറക്കുന്ന എന്റെ നെറ്റിയില്‍ ഒരു ശീലക്കഷ്ണം നനച്ചിടുമ്പോള്‍ ഞാനെന്റെ ഉമ്മയുടെ കണ്‍ക്കോണില്‍ വെഡൂര്യം പോലെ തിളങ്ങുന്ന രണ്ടു കണ്ണീര്‍ മുത്തുകള്‍ കണ്ടിരുന്നു. 

ഉമ്മയുടെ സ്നേഹം എന്റെ പ്രാണനില്‍ അന്നും ഇന്നും എന്നും പെയ്‌തിറങ്ങുന്ന ജീവന്റെ മേഘം തന്നെ. എന്റെ പ്രാണമേഘം.

32 comments:

 1. സ്വന്തം മാതാവിനെ സ്നേഹിക്കുന്ന എല്ലാവര്‍ക്കുമായി ഞാന്‍ ഈ കഥ സമര്‍പ്പിക്കുന്നു..

  ReplyDelete
 2. ഒരു നല്ല പോസ്റ്റ് അബൂതി, ഇതു വായിക്കുന്ന ഏതൊരാളും പതിനാലു വയസ്സുകാരനാകും. ഭാവുകങ്ങൾ

  ReplyDelete
 3. പ്രാണമേഘം കലക്കി
  വളരെ നല്ല എഴുത്ത്
  വായിച്ചു തീര്നപ്പോള്‍ കണ്ണില്‍ ഒരല്പം നനവ്‌

  ആശംസകള്‍

  ReplyDelete
 4. നന്നായി എഴുതീട്ടുണ്ടല്ലോ. അഭിനന്ദനങ്ങള്‍.....

  ReplyDelete
 5. നനായി എഴുതി എന്നല്ല പറയേണ്ടത്..വളരെ വളരെ നന്നായി എന്ന് തന്നെ പറയണം..

  ആശുപത്രിയില്‍ നിന്നും തിരികെ എത്തി ഉമ്മയെ കാണുമ്പോള്‍ ഓടിപ്പോയി കെട്ടിപ്പിടിക്കുന്ന ഭാഗം ശരിക്കും കണ്ണ് നനയിച്ചു..

  ഇനിയും ഇനിയും ഇതുപോലെ നല്ല രചനകള്‍ ഉണ്ടാവട്ടെ..  എല്ലാ ആശംസകളും...

  ReplyDelete
 6. വല്ലാത്തൊരു വികാരത്തോടെ തന്നെ എഴുതി. അവസാനം ഉമ്മയെ കാണുന്ന ഭാഗമെത്തിയപ്പോള്‍ ശരിക്കും നെഞ്ചൊന്നു പിടഞ്ഞു. വളരെ നല്ലൊരു പോസ്റ്റ്‌..

  ReplyDelete
 7. മാതൃ സ്നേഹത്തിന്റെ ഉദാത്ത കാവ്യം പോലെയുള്ള ഈ രചന മനോഹരമായി

  ReplyDelete
 8. നന്നായി എഴുതി..വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കെന്‍റെ അമ്മയുടെ മുഖം കണ്ണില്‍ തെളിഞ്ഞു...."അമ്മ"

  സ്നേഹത്തോടെ മനു..

  ReplyDelete
 9. മാതൃ സ്നേഹത്തിന്‍റെ ഉദാത്ത ഭാവം... വളരെ നന്നായിട്ടുണ്ട്. കൂടുതല്‍ എഴുതാന്‍ ദൈവം അനുഗ്രഹിക്കട്ടെ.

  ReplyDelete
 10. പാഷാണം പരമുവിനെ സൃഷ്ടിച്ച തൂലികയില്‍നിന്നു ഇത്തരം ഒരു കഥ പ്രതീക്ഷിച്ചില്ല. അവസാനഭാഗതെതിയപ്പോള്‍ നെഞ്ചിലെ ഘനം വര്‍ദ്ധിച്ചു. അതിമനോഹരമായ കഥ. ആശംസകള്‍.

  ReplyDelete
 11. കഥയുടെ നീളം കണ്ടിട്ട് ആദ്യം കമന്റുകളാണ് വായിച്ചത്. പിന്നെ കഥയും. വായിച്ചില്ലെങ്കില്‍ നഷ്ടമായേനെ.

  ReplyDelete
 12. നല്ല ആശയം. ഏറെ ഇഷ്ടായി.

  ReplyDelete
 13. അപ്പോഴും എന്റെ കാലിലെ ആ കൊച്ചു മുറിവു കണ്ട്‌ ഉമ്മയുടെ മുഖത്ത്‌ ഒരു കുന്നോളം സങ്കടമുണ്ടായിരുന്നു. അത്ര വലിയ വേദനയൊന്നും ആ മുറിവെനിക്കുണ്ടാക്കിയിരുന്നില്ല. വേദനയുടെ തൊണ്ണൂറ്റൊമ്പത്‌ ശതമാനവും ഉമ്മയുടെ ഹൃദയം ഏറ്റെടുത്തതാവാം കാരണം.

  ReplyDelete
 14. ഇത്രയും മനസ്സില്‍ത്തട്ടിയൊരു കഥ ഈയടുത്ത് വായിച്ചിട്ടില്ല.സത്യം.
  അവസാനം വരെ ഉദ്വേകം നിലനിര്‍ത്താന്‍ കഴിഞ്ഞു.
  ആ കുഞ്ഞുബാലന്റെ നെഞ്ചിടിപ്പിനോടൊപ്പം ഞങ്ങള്‍ വായനക്കാരുടെ നെഞ്ചിടിപ്പും കൂടുന്നുണ്ടായിരുന്നു..
  ആദ്യായിട്ടാണ്‌ വന്നത്.നല്ലൊരു കഥ വായിക്കാനൊത്തു.
  അഭിനന്ദനങ്ങള്‍.

  ReplyDelete
 15. ഇമ്മീണി വലിയ കഥയാ അബൂത്തി...നല്ല സന്ദേശമുണ്ട്...

  ReplyDelete
 16. മൃഗമനസ്സ്...July 10, 2012 at 10:16 PM

  അബൂതീ.. അമ്മയും ഉമ്മയും ഉള്ള

  എല്ലാവര്ക്കും ഇതിലെ ഓരോ സീനും മനസ്സില്‍

  കാണാന്‍ കഴിയും. വായിച്ചു കഴിഞ്ഞപ്പോ അമ്മയെ കിട്ടിയ ആ പതിനാലുകാരന്റെ അവസ്ഥയില്‍ സമാധാനവും സന്തോഷവും തോന്നി. പക്ഷെ, മോര്‍ച്ചറിയില്‍ കിടക്കുന്നതു ആ അമ്മയെയും മകനെയും ഇതുപോലെ ആരെങ്കിലും കാത്തിരിക്കുന്നുണ്ടാകില്ലേ എന്നാലോചിക്കുമ്പോ.... :(

  ReplyDelete
 17. വളരെ മനോഹരമായ നാടന്‍ പ്രയോഗങ്ങള്‍ ..നല്ല അവതരണം.

  ReplyDelete
 18. നല്ല കഥ. ഇനിയും എഴുതൂ..അഭിനന്ദനങ്ങള്‍

  ReplyDelete
 19. ഇത വായിച്ചില്ലെങ്കില്‍ വല്യ നഷ്ടായേനെ...

  ReplyDelete
 20. കണ്ണ് നിറച്ചുകളഞ്ഞല്ലോ ...

  ReplyDelete
 21. ആ സ്നേഹം മറക്കാൻ കഴിയില്ലൊരിക്കലും

  ReplyDelete
 22. ഒരു പാടിഷ്ടായി. നിഷ്കളങ്ക സ്നേഹം നന്നായി അവതരിപ്പിച്ചു. ഭാവുകങ്ങള്‍.

  ReplyDelete
 23. അവസാനം ആയപ്പോളെക്കും കണ്ണുകള്‍ നിറഞ്ഞത് കൊണ്ട്...വീണ്ടും ഒന്ന് കൂടി വായിക്കേണ്ടി വന്നു...നല്ല രചന ...ഇഷ്ടമായി ...പതിനാലു വയസ്സുകാരന്റെ മനോവ്യഥകള്‍കൊപ്പം വായിക്കുന്നവര്‍ക്കും ചെല്ലാനാകും...അതാനിതിന്റെ വിജയം....ഹൃദയം നിറഞ്ഞ ആശംസകള്‍...

  ReplyDelete
 24. കനവിലും നിനവിലും ഒരു മുഖം.... നമ്മുക്കായി ജീവിച്ച ആ മുഖം,,,, ആശംസകള്‍ സുഹൃത്തേ,,,,

  ReplyDelete
 25. സുഹൃത്തേ, എഴുതുന്നു എങ്കില്‍ ഇതുപോലെ എഴുതുക....കണ്ണീര്‍ തുടച്ചുകൊണ്ടാണ് ഇതെഴുതുന്നത്...നല്ലവണ്ണം ഇഷ്ടപ്പെട്ടു...ഭാവുകങ്ങള്‍.

  ReplyDelete
 26. വളരെ നല്ല പോസ്റ്റ്, കണ്ണു നനയിച്ചു ശരിക്കും, പല ഭാഗങ്ങളും വായിക്കുമ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു...

  ഈ നല്ലെഴുത്തിന്റെ എന്റെ ഹൃദ്യമായ ആശംസകള്

  ReplyDelete
 27. ഞാന്‍ ഇന്ന് വീണ്ടും വായിച്ചു
  എന്തോരു ശക്തമായ എഴുത്ത്
  അനുഭവിച്ചിട്ടെഴുതുന്നതുപോലെ
  നേരെ മനസ്സിന്റെ ഉള്ളറകളിലേയ്ക്ക് പാഞ്ഞുപോകത്തക്കവിധം സിമ്പിള്‍ ആയ ഭാഷയും ആഖ്യാനവും

  ReplyDelete
 28. വളരെ നന്നായി പറഞ്ഞു എന്ന് പറയാന്‍ തോന്നുന്നു ,,,,,

  ReplyDelete
 29. Snehamulla Amma markku ...!

  ManOharaM, Ashamsakal...!!!

  ReplyDelete
 30. വായനയില്‍ ഞാന്‍ ഒരു പത്തു വയസ്സുകാരന്‍ ആയി.
  ഈ കഥ ഇതിലും നന്നായി എഴുതാന്‍ ആവുമോ എന്ന്
  എനിക്ക് സംശയം. അത്ര മാത്രം ഹൃദയ സ്പര്‍ശി ആയ
  അവതരണം.

  മോന്റെ കാലില്‍ വന്ന കൊച്ചു മുറിവിനെ ഓര്‍ത്തു
  അമ്മ അവനെ ഒഴിവാക്കി യാത്ര പൊവുന്നു.ആ മുറിവ് അപ്പാടെ
  മറന്നു മൂന്നു കിലോമീടര്‍ നടന്നും ഓടിയും ആ ഉമ്മയുടെ അടുത്തേക്ക്
  മോന്‍ തിരികെ എത്തുന്ന രംഗം ശരിക്കും കണ്ണ് നനയിപ്പിക്കുന്നത്
  ആയിരുന്നു.ഈ കഥയിലെ ഓരോ രംഗത്തും സ്വന്തം അമ്മയെ ഓരോരുത്തരും
  മനസ്സില്‍ കാണുന്നു എന്നത് ആണ് ഈ എഴുത്തിന്റെ വിജയം.

  അബൂതി, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

  ReplyDelete
 31. വൈകിയെങ്കിലും വായിച്ചു കണ്ണും മനസും നിറഞ്ഞു. കല്ലിവല്ലിയിലെ ആറാമത്തെ പോസ്റ്റില്‍ 'ഉമ്മ'യുണ്ട്. അതിലെ വരികള്‍ ഇവിടെ ചേര്‍ക്കുന്നു.
  ഉമ്മ! ഒരായിരം വാക്കുകള്‍ ഒരുമിച്ചു ചേര്‍ത്താലും ഒന്നിനോടും പകരം നില്‍ക്കാത്ത രണ്ടക്ഷരങ്ങള്‍. അടിവയറ്റിനുള്ളില്‍ കൈ-കാലിട്ടടിക്കുമ്പൊഴും അന്തരാത്മാവില്‍ മാതൃത്വത്തിന്‍റെ അനുഭൂതി നുകരുന്ന അതുല്യ പ്രതിഭാസം. ഞരമ്പുകള്‍ക്കിടയില്‍ നിന്നും നോവിന്‍റെ കിരണങ്ങളുയരുമ്പോള്‍ 'ഇതെന്‍റെ സ്വന്തം രക്തമെന്ന്' അഭിമാനം കൊള്ളുന്ന സൂര്യതേജസ്. ഗര്‍ഭപാത്രത്തിനകത്തും പുറത്തും യാതൊരു പോറലുമേല്‍പ്പിക്കാതെ അതിസൂക്ഷ്മ-നിരീക്ഷണം നടത്തുന്ന വാല്‍സല്യവാരിധി. എത്ര പറഞ്ഞാലും പാടിയാലും, വരച്ചാലും കുറിച്ചാലും തീരാത്ത മഹാകാവ്യം!

  സ്നേഹത്തോടെ, യാച്ചു-കണ്ണൂരാന്‍

  ReplyDelete
 32. നല്ല എഴുത്തുകൾ നശിക്കില്ല...
  ഒരൽപം കരയിപ്പിച്ചെങ്കിലും ഞാനും വായിച്ചു...
  അനേകം വായനകൾ ഉണ്ടാവട്ടെ...കാരണം നല്ലൊരു സന്ദേശം ഇതിലുണ്ട്...

  ReplyDelete