Sunday, July 15, 2012

സ്‌ത്രീധനം ഇസ്ലാമികമോ?

സൂഷ്മതയുള്ളവര്‍ കണ്ണുകള്‍ തുറക്കുകയും, അവര്‍ സമുദായത്തെ വീക്ഷിക്കുകയും ചെയ്‌താല്‍ , കേരളത്തിലെ മുസ്ലിം സ്‌ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഏറ്റവും കടുത്തതും, എല്ലാറ്റിന്റെയും മൂലകാരണമായി നില്‍ക്കുന്നതും ഇസ്ലാമികലോകത്തിന്‌ യാതൊരു പരിചയവുമില്ലാത്ത സ്‌ത്രീധനം എന്ന അനാചാരമായിരിക്കും എന്ന കാര്യം ഉറപ്പിച്ചു പറയാനാവും. Dowry എന്ന ഇംഗ്ലീഷ് പദം അറബിയിലേക്കൊന്ന്‌ തര്‍ജമ ചെയ്‌തു നോക്കിയാല്‍ മഹര്‍ എന്നാണ്‌ അതിന്റെ അര്‍ത്ഥം ലഭിക്കുക. മഹര്‍ എന്നു വച്ചാല്‍ പുരുഷന്‍ സ്‌ത്രീക്ക്‌ നല്‍കേണ്ട വിവാഹ മൂല്യം എന്നാണ്‌ വിവഷ. ആ വിവാഹമൂല്യത്തിന്റെ പൂര്‍ണ ഉടമാവകാശം സ്‌ത്രീക്ക്‌ മാത്രമാണ്‌. 

ഇനി വേണമെങ്കില്‍ സ്‌ത്രീധനത്തെ ചിലര്‍ക്ക്‌ കല്ല്യാണ സമയത്ത്‌ കല്ല്യാണപ്പെണ്ണിന്‌ അവളുടെ ബന്ധുക്കള്‍ നല്‍കുന്ന സമ്മാനമാണെന്ന്‌ വ്യാഖ്യാനിക്കാം. എന്നാല്‍ ഇന്ന്‌ കേരളത്തില്‍ നമുക്കിടയില്‍ പ്രചാരമുള്ള ഈ കൊള്ള അതല്ല. എങ്ങിനെ, ഏതു കോണില്‍ നിന്നു നോക്കിയാലും, ഇന്ന്‌ നമുക്കിടയില്‍ നാം കാണുന്ന ഈ സ്‌ത്രീധനം എന്ന ഏര്‍പ്പാട്‌ ഇസ്ലാമികമല്ല. ഒരു നിലക്കും  ഇസ്ലാമികമല്ല. അതൊരു ദുരാചാരമാണ്‌. ഒരു ദുര്‍നടപടിയാണ്‌. ആര്‍ജവമുണ്ടോ സമുദായത്തിലെ മാതാപിതാക്കള്‍ക്ക്‌? തങ്ങളുടെ ആണ്‍മക്കള്‍ വിവാഹം കഴിക്കുമ്പോള്‍ അവരുടെ അന്തസ്സിന്‌ മുകളില്‍ സ്‌ത്രീധനത്തിന്റെ നാറിയ കണക്കുകള്‍ കോറിയിടാതിരിക്കാന്‍?

കേരളത്തിലെ ചില മുസ്ലിം മതപണ്ഡിതന്‍മാര്‍ക്ക്‌ ഇനിയുമിനിയും കിത്താബിന്റെ താളുകളില്‍ ഭൂതക്കണാടി വച്ച്‌ പരതിനോക്കാം. സ്‌ത്രീധനം ഹറാമാണെന്ന്‌ പറയാനുള്ള യാതൊരു തെളിവുകളും അവര്‍ക്ക് കിട്ടുകയില്ല. കാരണം ഒന്നേ ഉള്ളൂ. അല്ലാഹുവിന്റെ റസൂലിന്റെ കാലത്ത്‌, പരിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ കാലത്ത്‌, ഇസ്ലാമിനെ പരിപൂര്‍ണമായി മാനവരാശിക്ക്‌ സമര്‍പ്പിക്കപ്പെട്ട കാലത്ത്‌, പ്രവാചകനും പ്രവാചകാനുയായികളും വിവാഹം കഴിക്കുകയും കഴിപ്പിച്ചു കൊടുക്കുകയും ചെയ്‌ത കാലത്ത്‌, ഈ നാറിയ പരിപാടി ഇല്ലായിരുന്നു. പില്‍ക്കാലത്ത്‌ ഖുര്‍ആനും ഹദീസുകളും വ്യാഖ്യാനിച്ചു തന്ന സച്ചരിതരായ മഹാപണ്ഡിതന്‍മാരുടെ കാലത്തും ഇപ്പരിപാടി ഇല്ലായിരുന്നു. പിന്നെ നിങ്ങള്‍ക്കെങ്ങിനെ അത്‌ കിത്താബുകളില്‍ കാണാനാവും? 

തര്‍ക്കിച്ചു കൊള്ളൂ, പ്രവാചകന്‍ അവിടുത്തെ പുത്രി ഫാഥ്വിമാ റദിയല്ലാഹു അന്‍ഹയ്ക്കു നല്‍കിയ സമ്മാനങ്ങളെ എണ്ണിപ്പറഞ്ഞ്‌ നിങ്ങള്‍ തര്‍ക്കിച്ച്‌ കൊള്ളൂ. അന്ത്യനാള്‍ നമ്മിലേക്ക്‌ വന്നെത്തുന്നത്‌ വരെ നമുക്ക്‌ തര്‍ക്കിച്ചിരിക്കാം. പക്ഷെ, പണ്ഡിതസമൂഹമേ, അല്ലാഹുവിന്റെ കോടതിയില്‍ അതേ ഫാഥ്വിമ വിളിച്ചു പറയും, ഇവര്‍ പറയാറുണ്ടായിരുന്ന സ്‌ത്രീധനവും എന്റെ പിതാവ്‌ എനിക്ക്‌ നല്‍കിയ സമ്മാനവും, ഒരു കടുകുമണിയെ അംശിക്കാനാവുന്നതിന്റെ പരമാവതി അംശിച്ചതിന്റെ ഒരു ഭാഗം പോലും സാമ്യതയില്ലാത്തതാണെന്ന്‌. പരിശുദ്ധനായ അല്ലാഹുവിന്റെ കോടതിയുടെ നീതിയില്‍ വിശ്വസിക്കുന്ന ആര്‍ക്കെങ്കിലും അതില്‍ സംശയമുണ്ടാവും എന്ന്‌ തോന്നുന്നില്ല. 

മഹാനായ പ്രവാചകന്‍ പറഞ്ഞിരുക്കുന്നു. അനുവാദവും വിരോധവും വ്യക്‌തമാക്കപ്പെടാത്ത ചില കാര്യങ്ങളുണ്ടാകും. അത്തരം കാര്യങ്ങളെ ഒരാള്‍ സമീപിക്കുകയാണെങ്കില്‍ , അവന്റെ ഉപമ, നിയന്ത്രിത രേഖക്കടുത്ത്‌ ആടുകളെ മേയ്ക്കുന്നവനെ പേലെയാണ്‌. അവന്‍ സൂഷ്മതയോടെ ആടുകളെ മേച്ചു കൊണ്ടിരിക്കുമ്പോള്‍ , ചില ആടുകളതാ നിയന്ത്രണ രേഖ കടന്ന്‌ അപകടമേഖലയിലേക്ക്‌ പോകുന്നു. അവനാകട്ടെ അവയെ തിരിച്ചു കൊണ്ടു വരാനാവുകയും ഇല്ല. സ്‌ത്രീധനത്തോടടുക്കന്നവന്‍ തീര്‍ച്ചയായും ഇതേ പോലെ തന്നെയാണ്‌. ഇസ്ലാമിന് യാതൊരു പരിചയുമില്ലാത്ത ഒരു ദുരാചാരം, അതിന്റെ പേരെടുത്ത്‌ പറഞ്ഞു പ്രവാചകന്‍ നിരോധിച്ചിട്ടില്ല എന്നൊരു മുടന്തന്‍ ന്യായം പറഞ്ഞ്‌, തന്റെ ഇണയുടെ മാതാപിതാക്കളെ ആരൊക്കെ പ്രയാസപ്പെടുത്തിയിട്ടുണ്ടോ, അവരൊക്കെ ആ തിന്‍മയുടെ പങ്ക്‌ പറ്റിക്കഴിഞ്ഞിരിക്കുന്നു. ഈ സമുദായത്തില്‍ നിര്‍ബാദം നടന്നു കൊണ്ടിരിക്ക ഈ മഹാവിപത്തിന്‌ നമ്മള്‍ ഊര്‍ജം പകര്‍ന്നിരിക്കുന്നു. അല്ലാഹുവിന്റെ കോടതിയില്‍ ഉത്തരം പറയാതിരിക്കാന്‍ കഴിയില്ല. വല്ല ഉത്തരവുമുണ്ടോ എന്ന്‌ സ്വയമൊന്ന്‌ ചോദിച്ചു നോക്കുക. 

സമുദായത്തിന്റെ അടിസ്ഥാന വിഭാഗത്തിന്റെ യഥാര്‍ത്ഥ പ്രശ്നങ്ങളിലേക്ക്‌ ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കാത്ത, അവരെ ഒരു ചെറുവിരല്‍ കൊണ്ടെങ്കിലും സഹായിക്കാന്‍ തയ്യാറാവാത്ത, പാവപ്പെട്ട മുസ്ലിം ഭവനങ്ങളുടെ അടുക്കളപ്പുറങ്ങളില്‍ വിങ്ങിപ്പൊട്ടുന്ന വെണ്ണീറണിഞ്ഞ പെണ്‍ക്കുട്ടികളുടെ ജീവിതങ്ങള്‍ കാണാത്ത, പാപപ്പെട്ട മുസ്ലിം പെണ്‍ക്കുട്ടികളുടെ മാതാപിതാക്കന്‍മാരുടെ നെഞ്ചിലാളുന്ന നരകാഗ്നിയുടെ ചൂടറിയാത്ത, വിവാഹാനന്തരം കൊടുത്തു തീര്‍ക്കാന്‍ കഴിയാത്ത സ്‌ത്രീധനത്തിന്റെ പേരില്‍ ഉപേഷിക്കപ്പെടുന്ന പെണ്‍ക്കുട്ടികളുടേയും, അരക്ഷിതരാവുന്ന കുഞ്ഞുങ്ങളേയും കുറിച്ച്‌ യാതിരു വേവലാതിയുമില്ലാത്ത ഒരു കൂട്ടം മതനേതാക്കന്‍മാര്‍, മറ്റെന്തൊക്കെയോ ചില കാര്യങ്ങള്‍ പറഞ്ഞ്‌ പരക്കം പായുന്നത്‌ കാണുമ്പോള്‍ , പറയാതെ വയ്യ. ഈ സമുദായത്തിന്റെ അകത്തളത്തില്‍ തന്നെ ജീര്‍ണത ബാധിച്ചിരിക്കുന്നു. വേദനിപ്പിക്കുന്ന ഒരു സത്യമാണത്‌. നമുക്ക്‌ അപ്രിയമാണെങ്കിലും സത്യം സത്യമല്ലാതാവുന്നില്ലല്ലൊ? 

സ്‌ത്രീധനം എന്ന ദുരാചാരത്തിന്റെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണ്‌ നാം നേരിട്ടു കൊണ്ടിരിക്കുന്നത്‌ എന്നറിയാമോ? അതെണ്ണി നോക്കിയാല്‍ മൈസൂര്‍ മൈസൂറ്‍ കല്ല്യാണങ്ങള്‍ , മുസ്ലിം ഭവനങ്ങളിലെ ഭര്‍ത്താവ്‌ ജീവിച്ചിരിക്കെ വിധവകളെ പോലെ കഴിയേണ്ടി വരുന്ന താരുണ്യമിനിയും വിട്ടുമാറാത്ത പെണ്‍ക്കുട്ടികള്‍ , ബാപ്പമാര്‍ ജീവിച്ചിരിക്കെ യത്തീമുകളെ പോലെ മാതാക്കന്‍മാരുടെ വീടിന്റെ അടുക്കളകളില്‍ ആട്ടും തുപ്പുമേറ്റ്‌ കഴിയുന്ന പിഞ്ചുമക്കള്‍ , അങ്ങിനെ എത്രയെത്ര കാര്യങ്ങളുണ്ട്‌. എല്ലാറ്റിന്റെയും അടിസ്ഥാന കാരണം സ്‌ത്രീധനം മാത്രമാണ്‌. സാമ്പത്തിക ഭദ്രതയില്ലാത്ത ഒരു പിതാവിന്‌ തന്റെ മകള്‍ക്ക്‌ വരുന്ന ഏതൊരു വിവാഹാലോചനയും സ്‌ത്രീധനം കുറവ്‌ ചോദിക്കുന്നു എന്നതിന്റെ പേരില്‍ നടത്തിക്കൊടുക്കേണ്ടി വരുന്നു. അതിന്റെ അനന്തര ഫലമോ, മുസ്ലിമെന്നു ഭാവിച്ച്‌  അമുസ്ലിമിനു പോലും മുസ്ലിം ഭവനങ്ങളില്‍ നിന്നും പെണ്ണു കിട്ടും. ഈ സമുദായം എവിടെയെത്തി നില്‍ക്കുന്നു? ഇതാണോ പ്രവാചകന്‍ സ്നേഹിച്ച ഉമ്മത്തുകള്‍ ? ഇതാണോ പ്രവാചകന്‍ ഉയര്‍ത്തിപ്പിടിച്ച സ്‌ത്രീ സ്വാതന്ത്ര്യം? ഇതാണോ പ്രവാചകന്‍ സ്വപ്നം കണ്ട സ്‌ത്രീ സുരക്ഷിതത്വം? ഇനിയും ചില മുടന്തന്‍ ന്യായങ്ങളില്‍ കടിച്ച്‌ തൂങ്ങിക്കിടക്കുന്ന പണ്ഡിത സമൂഹമേ, നിങ്ങള്‍ മറുപടി പറയുക. 

ചോദിക്കുന്ന സ്‌ത്രീധനത്തിന്റെ അളവ്‌ കുറഞ്ഞു പോയി എന്നതിനാല്‍ സ്വന്തം മകളെ അത്ര തന്നെ അഡ്രസില്ലാത്ത ഒരാള്‍ക്ക്‌ കെട്ടിച്ചു കൊടുക്കുന്ന മാതാപിതാക്കന്‍മാരെ ഈ സമുദായത്തിലുണ്ടാക്കിയത്‌ സ്‌ത്രീധനമല്ലേ. ഇനിയും നിങ്ങള്‍ ഈ ദുരാചാരത്തിനെതിരെ മൌനം  പാലിക്കുകയാണെങ്കില്‍ , ഓര്‍ക്കുക, മുന്‍ഗാമികളും പിന്‍ഗാമികളും സമകാലീകരും ഒത്തുചേരുന്ന ഒരു മഹാസഭ വരാനിരിക്കുന്നു. കര്‍മവും ചിന്തയും തലമുടി നാരിയ കീറി നന്‍മ തിന്‍മകളെ വേര്‍തിരിച്ചെടുത്ത്‌ യഥാര്‍ത്ത നീതി വിതരണം ചെയ്യപ്പെടുന്ന ഒരു മഹാസഭ. ആ മഹാകോടതില്‍ പൊതുജനങ്ങളുടെ ധനം അന്യായമായി തിന്നവരായി നിങ്ങളെത്താതിരിക്കുക. ഓര്‍ക്കുക, അല്ലാഹു എല്ലാം അറിയുന്നവനാകുന്നു. ഇതാ ഇപ്പോള്‍ തന്നെ സമയം ഒരുപാട് വൈകിയിരിക്കുന്നു എന്ന് നാം തിരിച്ചറിയുക. നമ്മുടെ നിലപാടുകള്‍ നാം നന്നാക്കി തീര്‍ക്കുക. 

മഹല്ലു കമ്മറ്റികള്‍ ഓരോ വിവാഹത്തിനും ഓരോ ഫീസ്‌ വാങ്ങിക്കുന്നുണ്ട്‌. അത്‌ പുരുഷന്‍ കൊടുക്കുന്ന മഹറിന്റെ അളവനുസരിച്ചാണ്‌. ഒരു തരം നികുതി പോലെ. കൂടുതല്‍ മഹറുണ്ടെങ്കില്‍ കൂടുതല്‍ ഫീസുമുണ്ട്‌. സ്‌ത്രീധനം എണ്ണി വാങ്ങിക്കുന്ന വിവാഹങ്ങളില്‍ , മഹറെന്നു പറയുന്നത്‌ സ്‌ത്രീയുടെ പിതാവിന്റെ ചങ്കറുത്ത്‌ വാങ്ങിക്കുന്ന സ്‌ത്രീധനത്തിന്റെ അളവനുസരിച്ചാണ്‌. അപ്പോള്‍ പിന്നെ മഹല്ലുകള്‍ എങ്ങിനെ സ്‌ത്രീധനത്തെ എതിര്‍ക്കും? സ്വന്തം വയറ്റത്തടിക്കാന്‍ ആരെങ്കിലും തയ്യാറാവുമൊ? അതു കൊണ്ട്‌ ഇന്നോ നാളെയോ മറ്റന്നാളോ ഒന്നും കേരളത്തിലെ മുസ്ലിം മഹല്ലു കമ്മറ്റികളില്‍ നിന്നും സ്‌ത്രീധനം വാങ്ങിക്കുന്ന വിവാഹത്തിന്‌ മഹല്ലു കമ്മറ്റിയുടെ സഹകരണം ഉണ്ടാവില്ല എന്നൊരു സര്‍ക്കുലര്‍ പ്രതീക്ഷിക്കുന്നില്ല. 

നമ്മളില്‍ പലരും സ്‌ത്രീധനും വാങ്ങിയവരാണ്‌. സമൂഹത്തില്‍ ആഴത്തില്‍ വേരോടിയ ഒരു ദൂരാചാരമാണ്‌ സ്‌ത്രീധനം. അതങ്ങിനെ ഒരു ഞൊടിയിട കൊണ്ടൊന്നും നിര്‍ത്താനാവില്ല. നമ്മില്‍ പലര്‍ക്കും സ്‌ത്രീധനം വാങ്ങാതെ വിവാഹം കഴിക്കണം എന്നുണ്ടായിരുന്നു. എന്നാല്‍ മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു മുന്നില്‍ ബലഹീനരാക്കപ്പെട്ടവരുണ്ട്‌ നമ്മില്‍ . നമ്മള്‍ നമ്മുടെ ആണ്‍മക്കളെ കൊണ്ട്‌ വിവാഹം കഴപ്പിക്കുമ്പോള്‍ , ഒന്ന്‌ നാമോര്‍ക്കുക. നമുക്ക്‌ പറ്റിയ തെറ്റ്‌ നമ്മുടെ മക്കള്‍ക്ക്‌ പറ്റരുത്‌. പത്തു തന്തമാര്‍ അങ്ങിനെ തീരുമാനിച്ചാല്‍ മതി. പതിനൊന്നാമതൊരാള്‍ തനിയെ ആ ചങ്ങലയില്‍ വന്നു ചേരും. അതല്ല, സ്റ്റേജില്‍ കയറി പ്രസംഗിക്കുന്ന ചില പണ്ഡിതന്‍മാരുടെ ഇച്ഛക്കപ്പുറം പടച്ച തമ്പുരാനൊന്നും ചെയ്യില്ല എന്നു നിങ്ങള്‍ ധരിച്ചു വച്ചിട്ടുണ്ടെങ്കില്‍ , അവര്‍ സ്‌ത്രീധനം വാങ്ങിക്കുന്നതിന്‌ ഇസ്ലാമില്‍ വിരോധമൊന്നുമില്ല എന്നു പറയുന്നത്‌ കേട്ട്‌ നിങ്ങളവരെ പിന്‍പറ്റാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ , സ്‌ത്രീധനത്തിന്റെ പേരില്‍ നമ്മുടെ നാട്ടില്‍ പീഢിപ്പിക്കപ്പെടുന്ന ഓരോ പെണ്‍ക്കുട്ടിയുടെ കണ്ണുനീരിന്റെയും ഒരു പങ്ക്‌ നിങ്ങള്‍ക്കും വന്നെത്തിച്ചേരുമെന്ന്‌ നിങ്ങളോര്‍ക്കുക. ഒരു ആത്മാവും മറ്റൊരാത്മാവിന് അല്ലാഹുവിന്റെ കല്പനക്കപ്പുരം ഒരു സഹായവും ചെയ്യാന്‍ കഴിയാത്ത ഒരു മഹാടിവസത്തെ കുറിച്ച് താക്കീത് നല്കപ്പെട്ടവരാണ് നമ്മള്‍ . അല്ലാഹു പരിശുദ്ധനും നീതിമാനുമാകുന്നു. പടപ്പുകളെ വിചാരണ ചെയ്യാന്‍ അവന്‍ ധാരാളം മതിയായവനാണ്‌. 

17 comments:

  1. സമുദായത്തിന്റെ അടിസ്ഥാന വിഭാഗത്തിന്റെ യഥാര്‍ത്ഥ പ്രശ്നങ്ങളിലേക്ക്‌ ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കാത്ത, അവരെ ഒരു ചെറുവിരല്‍ കൊണ്ടെങ്കിലും സഹായിക്കാന്‍ തയ്യാറാവാത്ത, പാവപ്പെട്ട മുസ്ലിം ഭവനങ്ങളുടെ അടുക്കളപ്പുറങ്ങളില്‍ വിങ്ങിപ്പൊട്ടുന്ന വെണ്ണീറണിഞ്ഞ പെണ്‍ക്കുട്ടികളുടെ ജീവിതങ്ങള്‍ കാണാത്ത, പാപപ്പെട്ട മുസ്ലിം പെണ്‍ക്കുട്ടികളുടെ മാതാപിതാക്കന്‍മാരുടെ നെഞ്ചിലാളുന്ന നരകാഗ്നിയുടെ ചൂടറിയാത്ത, വിവാഹാനന്തരം കൊടുത്തു തീര്‍ക്കാന്‍ കഴിയാത്ത സ്‌ത്രീധനത്തിന്റെ പേരില്‍ ഉപേഷിക്കപ്പെടുന്ന പെണ്‍ക്കുട്ടികളുടേയും, അരക്ഷിതരാവുന്ന കുഞ്ഞുങ്ങളേയും കുറിച്ച്‌ യാതിരു വേവലാതിയുമില്ലാത്ത ഒരു കൂട്ടം മതനേതാക്കന്‍മാര്‍,

    ReplyDelete
  2. നല്ല എഴുത്ത്. സ്ത്രീധനം വലിയ ശാപമായി തോന്നിയിട്ടുണ്ട്. സ്ത്രീധനം കൊടുക്കാതെയാ ഇക്ക എന്നെ കെട്ടിയത്. കൊടുക്കേണ്ടി വന്നെങ്കില്‍ വാപ്പ കഷ്ടപ്പെട്ടെനെ.

    ReplyDelete
  3. ഒരു മാതിരി എല്ലാ മതങ്ങളില്‍ പെട്ട ആളുകളും സ്ത്രീധനം കൊടുക്കുന്നുണ്ട് വാങ്ങുന്നുണ്ട്. അതുകൊണ്ട് ഇതൊരു മതത്തിനതീതമായ പ്രശ്നമല്ലേ. വിവാഹത്തിന്റെ പേരില്‍ ആര്‍ഭാടം ഒഴിവാക്കണമെന്ന് ഒരു മഹല്ല് കമ്മിറ്റി ആഹ്വാനം ചെയ്തത് ഞാന്‍ ഓര്‍ക്കുന്നു. ഇതു കമ്മിറ്റിയാണ് എന്നോര്‍മ്മയില്ല. അതൊന്നു ഭേദഗതി ചെയ്തു സ്ത്രീധനം കൂടി ഒഴിവാക്കണം എന്ന് പറഞ്ഞിരുന്നെങ്കില്‍......

    ReplyDelete
  4. നല്ല ലേഖനത്തിനു അഭിനന്ദനങ്ങള്‍ ..ആശംസകള്‍..,..സ്ത്രീധനം എന്ന വിഷയത്തെ കേന്ദ്രീകരിച്ചു കൊണ്ട് വളരെ നനായി തന്നെ എല്ലാ കാര്യങ്ങളും അവതരിപ്പിച്ചിരിക്കുന്നു. മതങ്ങളില്‍ എന്ത് പറയുന്നു എന്നെനിക്കറിയില്ല. സ്വന്തം യുക്തിയാല്‍ ചിന്തിക്കുമ്പോള്‍ തന്നെ ഈ വിഷയത്തില്‍ വേണ്ട നിലപാടുകള്‍ എടുക്കാന്‍ മനുഷ്യന് കഴിയട്ടെ.

    അബൂതി..ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍..

    ReplyDelete
  5. മഹല്ല് കമ്മറ്റിയില്‍ നിന്ന് തന്നെയാണ് ഇത് തുടങ്ങേണ്ടാതെന്നാണ് എനിക്ക് തോന്നുന്നത്. മഹല്ല് കമ്മറ്റികള്‍ വിവാഹ ഫീസ്‌ നിശ്ചയിക്കുന്നത് തികച്ചും അശാസ്ത്രീയവും
    യാഥാര്‍ത്യബോധം ഇല്ലാതെയുമാണ്. ഉള്ളവരും ഇല്ലാത്തവരും ചിലപ്പോള്‍ വന്‍ സംഖ്യ ഫീസായി കൊടുക്കേണ്ടി വരുന്നു. പിന്നെ അതുവരെ മുടങ്ങി കിടക്കുന്ന വരിസംഖ്യയും
    ഇതോടൊപ്പം പള്ളിക്ക് പിരിഞ്ഞു കിട്ടും എന്ന മെച്ചവുമുണ്ട് നല്ലകാര്യം! കേവലം ഈ വക പിരിവുകള്‍ക്കുപരി വിവാഹത്തിന്റെ മറ്റു തലങ്ങളിലേക്ക് മഹല്ല് കമ്മറ്റിയും പുരോഹിതരും കടക്കുന്നില്ല ചിന്തിക്കുന്നില്ല. പിന്നെ സ്ത്രീധനം എത്ര വാങ്ങുന്നു കൊടുക്കുന്നു എന്ന് അന്നാട്ടില്‍ വാമൊഴിയും വരമൊഴിയുമായി എല്ലാവരും അറിഞ്ഞിരിക്കാനും വഴിയുണ്ടെങ്കിലും ഭൌതിക തെളിവുകളുടെ അഭാവത്തില്‍ അതൊരു
    പരാതിയായി പരിണമിക്കാന്‍ സാധ്യത കുറവുമാണ്. അങ്ങിനെ സംഭവിച്ചാല്‍ തന്നെ പലവിധ സ്വാധീനങ്ങളും വഴി അതെല്ലാം തേഞ്ഞുമാഞ്ഞുപോകും. ശരിക്കും വേണ്ടത് സര്‍ക്കാര്‍ തലത്തില്‍ നിയമം കൊണ്ട് വന്നു എല്ലാ സമുദായങ്ങളും
    തങ്ങളുടെ അംഗങ്ങളെ ഇക്കാര്യത്തില്‍ കൌന്സിലിങ്ങിനു വിധേയരക്കുകയാണ് ചെയ്യേണ്ടത്. കൌണ്‍സിലിംഗ് കൊടുക്കുന്നവര്‍ യാതൊരു കാരണവശാലും തലേക്കെട്ട് കെട്ടിയ
    മുസലിയാരവരുത്. അവര്‍ വിവാഹം നടക്കാന്‍ പോകുന്ന കുടുംബത്തിലെ ഓരോ അംഗത്തെയും എന്താണ് വിവാഹം എന്തിനാണ് വിവാഹം എന്നതിനെ പറ്റി എല്ലാവര്ക്കും പറഞ്ഞു കൊടുക്കട്ടെ. സ്ത്രീധനം എങ്ങിനെയാണ്‌ ഒഴിവക്കപ്പെടെണ്ടത് എന്ന് ജനം മനസ്സിലാക്കി തുടങ്ങാന്‍ അധിക കാലം വേണ്ടി വരില്ല.

    ReplyDelete
  6. സ്ത്രീധനം നഗ്നമായ പിടിച്ചുപറിയാണ്,നിലത്ത് തട്ടുന്ന താടിയും ആകാശത്ത്‌ തട്ടുന്ന തൊപ്പിയും വെച്ച് നാടക്കുന്ന പണ്ഡിതന്മാരോടു സ്ത്രീധനത്തെ പറ്റി ചോതിച്ചാല്‍ അവര്‍ ഉടനെ മറുപടിപറയും സമ്മാനം ആരുതന്നാലും വാങ്ങാമെന്ന്, ഇവരുടെ മൂന്തക്ക് രണ്ടു സമ്മാനം കൊടുക്കുന്നവര്‍ക്കായിരിക്കും സ്വര്‍ഗത്തില്‍ അത്തായം

    ReplyDelete
  7. writing with a good purpose. ഈ ബ്ലോഗിലെ ഓരോ പോസ്റ്റും ഒരു നല്ല ലക്ഷ്യത്തിനു വേണ്ടി എഴുതപ്പെടുന്നു.
    നേരം പോക്ക് എഴുത്തിനേക്കാള്‍ എത്രയോ ഉന്നതം ഇത്.
    തുടരുക.

    ReplyDelete
  8. ഏതെന്കിലും മതത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല ഈ കൊടിയ ശാപം. സമൂഹത്തിലെ ഏറ്റവും ഹീനമായ ഒരാചാരം. അതിനെ മതത്തെ സ്നേഹിക്കുന്നവരും ആ നിലക്ക് തന്നെ എതിര്‍ത്ത്‌ തോല്പിക്കുന്നത് നല്ലത് തന്നെ.
    നന്നായി.

    ReplyDelete
  9. സ്ത്രീധനം വളരെ മോശമായ ഒരേര്‍പ്പാടാണ്..
    പക്ഷെ എനിക്ക് കിട്ടണം 100 പവനും 75 ലക്ഷവും.

    ReplyDelete
  10. 'വ്യഭിചാരം ഇസ്ലാമികമോ' എന്ന തലക്കെട്ടായിരുന്നു കൂടുതല്‍ നല്ലത്

    ReplyDelete
  11. നന്നായിട്ടുണ്ട് .. അഭിനന്ദനങള്‍

    ReplyDelete
  12. എഴുത്ത് നന്നായി.

    എന്റെ അഭിപ്രായത്തിൽ സ്ത്രീധനം ഒരു നാണംകെട്ട ഏർപ്പാടാണു. ഒള്ളതുകൊണ്ട് ഓണം പോലെ ആണെലും സ്വന്തം കാലിൽ നിന്ന് കുടുംബം നടത്താൻ കഴിയുന്ന നട്ടെല്ലുള്ളവൻ കെട്ടിയാ മതി എന്ന് വെയ്ക്കണം

    ReplyDelete
  13. ഒരു നല്ല പോസ്റ്റ്‌.. അബൂതിയുടെ മറ്റു പോസ്റ്റുകളും സമൂഹത്തിനു ഒരു നല്ല സന്ദേശം പകര്‍ന്നു നല്‍കുന്നു.. ഇപ്പോള്‍ ചുരുക്കം ആണ്‍കുട്ടികള്‍ ഈ സാമൂഹ്യ തിന്മയെ ഇല്ലാതാക്കാന്‍ വേണ്ടി മുന്നോട്ടു വരുന്നു എന്നത് ഒരു നല്ല കാര്യമാണ്.. പക്ഷെ, അത് ഒരു കൊടുംകാറ്റായി ആഞ്ഞടിച്ചാല്‍ ഇന്ന് സമുദായം എത്തി നില്‍ക്കുന്ന ഈ ജീര്‍ണ്ണാവസ്ഥയില്‍ നിന്നും എന്നേയ്ക്കും ഒരു മോചനം ആകും..ആശംസകളോടെ..

    ReplyDelete
  14. സമൂഹത്തെ ആമൂലാഗ്രം ഗ്രസിച്ച ആപത്ക്കരമായ ദുഷ്പ്രവണതയോടുള്ള രോഷം കത്തുന്ന വരികളോട് മനസാ ഐക്യദാർഡ്യം അറിയിക്കുന്നു. സമുദായത്തിന്റെ ശ്രേയസ്ക്കരമായ നിലനിൽ‌പ്പിനെത്തന്നെ അപകടപ്പെടുത്തുന്ന ഈ ദുഷിച്ച രീതി ഉപേക്ഷിക്കാനുള്ള ബോധവ ത്ക്കരണം എല്ലാ‍വരുടേയും സാമൂഹികബാധ്യതയാണ്. ഈ പോസ്റ്റിനു നന്ദി.

    ReplyDelete
  15. വെറും നേരംപോക്ക് മാത്രമല്ല ബ്ലോഗെഴുത്ത് എന്നതിനൊരു ഉദാഹരണം കൂടിയാണ് ഈ പോസ്റ്റ്‌. വളരെ നന്നായി എഴുതി.
    ഇത്തിരി കാശുള്ളവന്‍ കല്യാണം കൊഴുപ്പ് കൂട്ടാന്‍ ചെയ്യുന്നത്, നാളത്ത ആചാരമായി മാറിക്കൊണ്ടിരിക്കുന്നതാണ് നാട്ടുകാഴ്ച. അത് കൊണ്ട് തന്നെ എതിര്‍ക്കപ്പേടെണ്ടത് സ്ത്രീധനം മാത്രമല്ല. വിവാഹവുമായി ബന്ധപ്പെട്ടുവരുന്ന എല്ലാ ധൂര്ത്തുകളും എതിര്‍ക്കപെടേണ്ടതാണ് .

    കല്യാണം, മരണം എന്നതില്‍ മാത്രമല്ല എല്ലാ മേഘലകളിലും വ്യക്തമായ സ്വാധീനം ചെലുത്തുവാന്‍ കഴിയുന്ന ഒരു സാഹചര്യം ഉണ്ടെങ്കില്‍ മാത്രമേ മഹല്ല് കമ്മറ്റികള്‍ക്കും ഈ വിഷയത്തില്‍ എന്തെങ്കിലും ചെയ്യാനാകൂ. അത്തരം ഒരു ഭരണപരമായ അധികാരം ഉണ്ടാക്കുന്നതില്‍ നമ്മള്‍ എത്രത്തോളം ഇടപെട്ടിട്ടുണ്ട് എന്നതും കൂടി ചേര്‍ത്ത് വായിക്കേണ്ടി വരും അവരുടെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുന്ന സ്ഥലങ്ങളില്‍.

    പോസ്റ്റിനു എല്ലാ വിധ ആശംസകളും..

    ReplyDelete
  16. abooty
    samoohya thinmekethire thankaluyarthiya shabdathinu abhinanthanangal.pakshe ee vishayam kaikaryam cheyumbol vere chilathu koody pariganikendathundu.
    ennu nammalude natile kudumba vevastha prakaram nuclear family aanu nilavilullath.3 aankuttikal ulla oru veetil kalyanam kazhinjal avarku marithamasikan vere veedum sthalavum aavashyamundu.nammalude nattile nilavile sthalavilaye kurichu thankal bodhavananallo.ettavum churigiyath 3 cent sthalam vangi oru cheriya veedu paniyunnathinte chilavum thankalku oohokkam.itharunathil oru purushate saidil ninnum nokiyal avan oru ayshkalam muzhuvan panieduthalam sadyamakathara prashnam nilanilkunnu.naam ellam vikasanam ennu perittu koritharikunna real estate buisinessinte ananthara falam oruvashathu.thankal thankalude nattilulla ettavum pavapetta 2 o,3 o ankutiikalulla veedine kurich orthu nokuka.njangalude veedinte aduthu attarathil dharalam perundu.ethu mediakulude amitha swatheenam moolam nammalude sahodharimare swadheenichirikunna kambola bramam.oro kayanathinu,pera thamasathinum,nalpoolikum puthiya vilakoodiya dressukal venam.mattu maamoolukal vere.ethu oru sadharana annkuttyude varumanathinu appuramanu.

    keralthile pala jwellerikalum vasthralayangalum nilanilkunnathu nammalude sahodhari marude eedhrsha nilapadukal kondanu.enthe koode joly cheyyunna 50000 thinu mukalil salary vangunna sahodara samudayathile sahodarimar valare vila kurancha dressukalum silver kolusukalum upayokikumbol nammalude sahodhari marku eettavum vila koodiya dressum swarana kolusum nirbanham.

    enthu thaneeyayalum bhoomiyude rashtreeyam vere charcha cheyyam.
    sthreedhanam nirulsaha peduthendathanenna karayathil samshayamilla.enneal athodappam samudayathile doorthum nirulsahapeduthendathanu.mahallu nilapadukalkappuram mahllu thalathilulla bodhavalkaranamanu avasyam.koodathe mahallu zakathu swaroopichu vitharanam cheyyukaum ,thanmoolam nerathe soochipich veedinte prashnangal oru parithy parihaikan sadhikum .allathe sthredhan nerodhanam kondu mathram yathoru falavum kanilla.

    sthreedhanthe kurichu mollamar orupadu thereyandathilla.madythe kurichu quraan parncha nilapadu thanneyanu ethinum edukendathu.
    "avar madytehe kurichu chodhikunnu ,parayuka, athil janangalku prayojanmundu, pakshe athu prayojanathe kal athil thinmayanu adankiyirikunnathu"

    prathikaranam pratheeshikunnu.

    njan blogil puthiyathanu.
    malayalam engineyanu ezhuthunathnnu ariyilla.
    ente id
    jaleeltktkj@yahoo.co.in

    ReplyDelete
  17. സമുദായത്തിന് പിടിപെട്ട കാന്‍സര്‍ ആണ് സ്ത്രീധനം.!
    പ്രതികരണം അസ്സലായിരിക്കുന്നു..!
    അഭിവാദ്യങ്ങള്‍..



    wElcOme tO mY wOrLd!

    ReplyDelete