Wednesday, July 18, 2012

റമദാനിനു സ്വാഗതം

നോമ്പിനെ പരിചയപ്പെടുത്തുന്ന, നോമ്പിനെ സംബന്തിക്കുന്ന ഒരു പോസ്റ്റാണിത്. 
------------------------------------------------------------------------------------------

നടന്നുനടന്ന്,നടന്നു നമ്മള്‍
ഖബറിലെത്തിച്ചേര്‍ന്നിടും! 
നാളു കൊഴിയുന്തോറും നമ്മുടെ
ആയുസ്സെണ്ണം കുറഞ്ഞിടും!
വീര്‍പ്പിതൊന്ന്‌ നിന്നുപോയാല്‍ 
ഈ അഹന്ത തീര്‍ന്നിടും! 
വലിയവന്‍ തന്നുള്ള റൂഹവന്‍ 
തന്നെ കൊണ്ടു പോയിടും! 

മരണത്തെ ഓര്‍മിപ്പിക്കുന്ന ഒരു പഴയ മാപ്പിളപ്പാട്ടിന്റെ പല്ലവിയാണ്‌ ഇത്‌. മരണത്തെ ഓര്‍മിക്കുക എന്നത്‌ ഒരു വലിയ കാര്യം തന്നെയാണ്‌. ഈ വര്‍ഷത്തെ റമദാനിലേക്ക്‌ നമ്മുക്കോരോരുത്തര്‍ക്കും ആയുസ്‌ നീട്ടിത്തന്ന പടച്ച തമ്പുരാനെ സ്‌തുതിക്കുന്നു. റമദാനിലേക്ക്‌ സജ്ജമായ ഒരു മനസ്സുമായി മുസ്ലിം ലോകം റമദാനിനെ കാത്തിരിക്കുന്നു. ഒരു റമദാനില്‍ കൂടി എത്തിച്ചേര്‍ന്നതില്‍ സന്തോഷിക്കുന്നു. 

ഓരോ റമദാനും അല്ലാഹുവിന്റെ കാരുണ്യമാണ്‌. അളവറ്റ അല്ലാഹുവിന്റെ കാരുണ്യം. റമദാന്‍ മനുഷ്യനില്‍ നിന്നും അവന്റെ തിന്‍മകളെ കരിച്ച്‌ കളയുന്നു. ആത്മാവിനുള്ള ശുശ്രൂഷയാണ്‌ വൃതം. ഏറെക്കുറെ എല്ലാ മതത്തിലും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ വൃതം നിലനില്‍ക്കുന്നുണ്ട്‌. മനുഷ്യന്‌ തന്റെ മനസ്സിനെ തന്റെ നിയന്ത്രണത്തില്‍ നിര്‍ത്തുവാന്‍ വൃതത്തോളം അവനെ സഹായിക്കുന്ന മറ്റൊരു കര്‍മമില്ല എന്നതാണ്‌ വാസ്‌തവം. വൃതത്തെ മുസ്ലിമീങ്ങളോട്‌ കല്‍പ്പിച്ചു കൊണ്ട്‌ അവതീര്‍ണമായ പരിശുദ്ധ ഖുര്‍ആന്‍ വചനത്തില്‍ തന്നെ എന്തു കൊണ്ടാണ്‌ വൃതം കല്‍പ്പിക്കപ്പെട്ടത്‌ എന്ന്‌ വ്യക്‌തമാക്കിയിട്ടുണ്ട്‌. 

ഹേ സത്യവിശ്വാസികളേ; നിങ്ങളുടെ മുമ്പുണ്ടായിരുന്നവര്‍ക്ക്‌ നോമ്പ്‌ നിര്‍ബന്ധമാക്കപ്പെട്ടിരുന്നത്‌ പോലെ നിങ്ങള്‍ക്കും നോമ്പ്‌ നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ സൂഷ്മതയുള്ളവരാവാന്‍ വേണ്ടി. എന്നാണ്‌ പരിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നത്‌. റമദാനില്‍ നോമ്പ്‌ നോല്‍ക്കുക എന്നത്‌ മുസ്ലിമിനോടുള്ള അല്ലാഹുവിന്റെ കല്‍പനയാണ്‌. ആ കല്‍പന അനുസരിക്കുക എന്നതാണ്‌ അവന്റെ ധര്‍മം. അതിന്റെ ഭൌതിക ഗുണമോ ലൌകിക ഗുണമോ അല്ല, മറിച്ച്‌ രക്ഷിതാവിന്റെ സംതൃപ്‌തിയും, അനുസരണത്തിലെ ആരാധനയുമായിരിക്കണം അവന്റെ പ്രേരകഘടകങ്ങള്‍

നിര്‍ബന്ധ വൃതാനുഷ്ടാനം ചാന്ദ്രവര്‍ഷപ്പ്രകാരമുള്ള ഒന്‍പതാമത്തെ മാസമായ റമദാനിലാണ്‌. പ്രവാചകന്‍ സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ ചര്യയും കല്‍പനയും അനുസരിച്ച്‌, ശഅബാന്‍ മാസം മുപ്പത്‌ തികഞ്ഞാലോ, അല്ലെങ്കില്‍ മാസപ്പിറവി കണ്ടാലോ ആണ്‌ നോമ്പ്‌ തുടങ്ങുന്നത്‌. നോമ്പ്‌ അവസാനിക്കുന്നതും, ശവ്വാലിന്റെ മാസപ്പിറവി കാണുമ്പോഴോ, അല്ലെങ്കില്‍ മാസം ദിനമെത്തി പൂര്‍ത്തിയാവുമ്പോഴോ ആണ്‌. 

നോമ്പിന്‌ നിയ്യത്ത്‌ വേണം. രാത്രി നോമ്പിന്റെ നിയ്യത്ത്‌ വെക്കാത്തവന്‌ നോമ്പില്ല എന്ന്‌ പ്രവാചക വചനമുണ്ട്‌. അത്‌ നിര്‍ബന്ധ നോമ്പിനാണ്‌. എന്നാല്‍ സുന്നത്ത്‌ നോമ്പിന്‌ നേരം പുലര്‍ന്നതിന്റെ ശേഷവും നിയ്യത്ത്‌ വെക്കാം. നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങള്‍ ഒരിക്കല്‍ ഹസ്രത്ത്‌ ആയിഷ റദിയല്ലാഹു അന്‍ഹയുടെ അടുക്കല്‍ ചെന്ന്‌ കഴിക്കാന്‍ ഭക്ഷണമെന്തെങ്കിലും ഉണ്ടോ എന്നു ചോദിച്ചപ്പോള്‍ ബീവി പറഞ്ഞത്‌ ഇല്ല എന്നായിരുന്നു. അപ്പോള്‍ പ്രവാചകന്‍ സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങള്‍ പറഞ്ഞു; എന്നാല്‍ ഞാന്‍ നോമ്പ്‌ പിടിക്കുന്നു. ഇത്‌ നേരം വെളുത്തതിന്റെ ശേഷമാണ്‌. 

സുബഹി മുതല്‍ മഗ്‌രിബ്‌ വരെയാണ്‌ നോമ്പിന്റെ സമയം. ആരോഗ്യവും സ്ഥിര ബുദ്ധിയും ഉള്ള എല്ലാ മുസ്ലിമിനും നോമ്പ്‌ നിര്‍ബന്ധമാണ്‌. രോഗികള്‍, പകല്‍ സമയത്ത്‌ കഠിനമായി ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാവുന്ന തൊഴിലാളികള്‍, യാത്രക്കാരന്‍, നോമ്പ്‌ നോല്‍ക്കാന്‍ പറ്റാത്ത വിധം വയസ്സായവര്‍, ശിശുവിന്റെ കാര്യത്തില്‍ ഭയക്കുന്ന ഗര്‍ഭിണികള്‍, കുഞ്ഞിനെ മുലയൂട്ടുന്നവള്, ആര്‍ത്തവക്കാരി, പ്രസവ രക്‌തം പുറപ്പെടുന്നവള്‍ എന്നിവര്‍ റമദാനില്‍ നോമ്പിന്‌ ഇളവു നല്‍കപ്പെട്ടവരാണ്‌. ഇതില്‍ അവസാനത്തെ രണ്ടു കൂട്ടര്‍ ഒഴികെ മറ്റുള്ളവര്‍ പ്രായ്ശ്ചിതമായി സാധുക്കള്‍ക്ക്‌ ഭക്ഷണം ദാനം ചെയ്യേണ്ടതാണ്‌. ഓരോ നോമ്പിനും വെവ്വേറെ കൊടുക്കണം. വയസ്സായവര്‍ ഒഴികെ മറ്റെല്ലാവരും അവരവരുടെ നഷ്ടപ്പെട്ട നോമ്പ്‌ പിന്നീട്‌ നോറ്റു വീട്ടുകയും വേണം.  

ഭക്ഷണം കഴിച്ചാല്‍ നോമ്പ്‌ മുറിയും എന്നറിഞ്ഞു കൊണ്ട്‌ സുബഹിയുടെ ബാങ്ക്‌ കേട്ടതിനു (സമയം വ്യക്‌തമായതിനു) ശേഷം അന്ന പാനീയങ്ങള്‍ കഴിച്ചാലോ, തുപ്പികളയാമായിരുന്ന കഫം ഇറക്കിയാലോ, രക്‌തം കലര്‍ന്ന ഉമിനീര്‍ ഇറക്കിയാലോ, തന്റെ ഏതെങ്കിലും പ്രവര്‍ത്തി കാരണമായി സ്ഖലനം സംഭവിച്ചാലോ, മുങ്ങിക്കുളിക്കുമ്പോള്‍ മൂക്കിലോ ചെവിയിലോ വെള്ളം കടന്നാലോ, ഉണ്ടാക്കി ഛര്‍ദിച്ചാലോ നോമ്പ്‌ മുറിയും. നോമ്പുകാരനാണെന്ന്‌ ഓര്‍മയില്ലാതെ ഇതിലേതെങ്കിലും സംഭവിച്ചാല്‍ നോമ്പ്‌ മുറിയില്ല. ഇനി ഒരാള്‍ എന്തെങ്കിലും കാരണമുണ്ടായാല്‍ നോമ്പ്‌ മുറിക്കാം എന്നു തീരുമാനിച്ചാല്‍, അങ്ങിനെ തീരുമാനിച്ചതിനാല്‍ തന്നെ നോമ്പ്‌ മുറിയുന്നതാണ്‌. 

റമദാനില്‍ രാത്രി കാലങ്ങളില്‍ ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ ലൈംഗീക ബന്ധത്തിന്‌ വിരോധമില്ല. ജനാബത്തുകാരായി കൊണ്ടു തന്നെ അവര്‍ സുബഹിയിലേക്ക്‌ പ്രവേശിച്ചാലും കുഴപ്പമില്ല. പകല്‍ സമയം നോമ്പു നോറ്റ്‌ കിടന്നുറങ്ങുന്ന ഒരാള്‍ക്ക്‌ സ്വപ്നസ്ഖലനം സംഭവിച്ചാല്‍ അതുകൊണ്ട്‌ നോമ്പ്‌ മുറിയില്ല. ചിലര്‍ അങ്ങിനെ തെറ്റുധരിച്ചതായി കണ്ടിട്ടുണ്ട്‌. ഭാര്യ ഭര്‍ത്താവിനേയോ ഭര്‍ത്താവ്‌ ഭാര്യയേയോ ചുംബിക്കുന്നതിനാല്‍ നോമ്പ്‌ മുറിയില്ല. എന്നാല്‍ ഏതൊരു വിധത്തിലുമുള്ള ലൈംഗീകബന്ധവും നോമ്പിനെ മുറിച്ചു കളയും. ലൈംഗീക ബന്ധത്തിലൂടെ നോമ്പു മുറിച്ചു കളയുന്നവര്‍ക്കുള്ള പ്രായശ്ചിത്തം ഇത്തിരി കടുത്തതാണ്‌. അവന്‍ ഒരു അടിമയെ മോചിപ്പിക്കണം. അതിനു കഴിയാത്തവന്‍ തുടര്‍ച്ചയായി അറുപത്‌ നോമ്പ്‌ താന്‍ മുറിച്ച ഒരു നോമ്പിന്‌ പകരം എടുക്കണം. ഒരാള്‍ക്ക്‌ വയസ്സായതിന്റെ പേരിലോ രോഗിയായതിന്റെ പേരിലോ അയാള്‍ക്കതിന്‌ കഴിയില്ലെങ്കില്‍ മാത്രം അയാള്‍ അറുപത്‌ പാവങ്ങള്‍ക്ക്‌ ഭക്ഷണം കൊടുത്താല്‍ മതിയാവും. ബലാല്‍ക്കാരത്താല്‍ നിര്‍ബന്ധിതയായ സ്‌ത്രീ ഇതില്‍ നിന്നൊഴിവാണ്‌. 

അല്ലാഹുവിന്റെ റസൂലിന്റെ അടുക്കള്‍ ഒരു വൃദ്ധനായ ആള്‍ വന്നു പറഞ്ഞു. പ്രവാചകരേ ഞാന്‍ നശിച്ചു. എന്തു പറ്റി എന്ന്‌ റസൂലുല്ലാഹി തങ്ങള്‍ ചോദിച്ചപ്പോള്‍, റമദാനില്‍ നോമ്പുകാരനായിരിക്കെ ഞാന്‍ ഭാര്യയെ പ്രാപിച്ചു എന്ന്‌ വൃദ്ധ സ്വഹാബി പറഞ്ഞു. പ്രവാചകന്‍ സ്വല്ലല്ലാഹു അലിഹിവസല്ലമ തങ്ങള്‍ പറഞ്ഞു. 

നിങ്ങളതിന്‌ പ്രായശ്ചിതമായി ഒരു അടിമയെ മോചിപ്പിക്കണം. 

അല്ലാഹുവിന്റെ റസൂലേ, ഞാന്‍ ദരിദ്രനാണ്‌. എന്റെ കയ്യില്‍ അടിമയൊന്നുമില്ല. 

എങ്കില്‍ നിങ്ങള്‍ അറുപത്‌ ദിവസം തുടര്‍ച്ചയായി നോമ്പ്‌ പിടിക്കുക. 

ഞാന്‍ വൃദ്ധനാണ്‌. എനിക്കതിനാവില്ല റസൂലേ.  വൃദ്ധ സ്വഹാബിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ പ്രവാചകന്‍ പറഞ്ഞു. 

എന്നാല്‍ താങ്കള്‍ അറുപത്‌ ദരിദ്രര്‍ക്ക്‌ ഒരു നേരത്തെ ഭക്ഷണം കൊടുക്കൂ. 

വൃദ്ധന്‍ നിരാശയോടെ പറഞ്ഞു. 

എനിക്കതിനാവില്ല പ്രവാചകരേ. ഞാന്‍ അങ്ങേയറ്റം ദരിദ്രനാണ്‌. എന്റെ കയ്യിലൊന്നുമില്ല. 

എങ്കില്‍ നിങ്ങളവിടെ നില്‍ക്കുക. ഇത്രയും പറഞ്ഞു പ്രവാചകന്‍ സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങള്‍ അവിടുത്തെ മറ്റ്‌ കര്‍മങ്ങളിലേക്ക്‌ മുഴുകി. സ്വഹാബിയാകട്ടെ അല്ലാഹുവിന്റെ പ്രവാചകന്‍ നില്‍ക്കാന്‍ പറഞ്ഞതിനാല്‍ അവിടെ നില്‍ക്കുകയും ചെയ്‌തു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ മറ്റൊരു സ്വഹാബി പ്രവാചകന് കുറച്ച്‌ ഈത്തപ്പഴം സമ്മാനമായി കൊണ്ടു വന്നു കൊടുത്തു. ആ ഈത്തപ്പഴം കയ്യിലേന്തി അല്ലാഹുവിന്റെ റസൂല്‍ ചോദിച്ചു. 

എവിടെ? എവിടെയാണ്‌ നേരത്തെ വന്ന ആ മനുഷ്യന്‍?

പ്രവാചകന്‍ സ്വല്ലാല്ലാഹു അലൈഹിവസല്ലമയുടെ മുമ്പിലേക്ക്‌ നീങ്ങി നിന്നാ വൃദ്ധ സ്വഹാബി പറഞ്ഞു. 

ഞാനിവിടെയുണ്ട്‌ അല്ലാഹുവിന്റെ റസൂലേ.. 

പ്രവാചക തിരുമേനി തന്റെ കയ്യിലുണ്ടായിരുന്ന മുഴുവന്‍ ഈത്തപ്പഴവും അദ്ദേഹത്തിനു നേരെ നീട്ടിക്കൊണ്ടു പറഞ്ഞു. 

താങ്കള്‍ ഇതു കൊണ്ടു പോയി ധര്‍മം ചെയ്‌ത്‌ മുറിച്ച നോമ്പിന്‌ പ്രായ്ശ്ചിതം ചെയ്യുക. 

അദ്ദേഹം പ്രവാചകനില്‍ നിന്നും ആ ഈത്തപ്പഴം സ്വീകരിച്ചു. പിന്നെ അതിലേക്കും പ്രവാചകന്റെ മുഖത്തേക്കും മാറിമാറി നോക്കി. അദ്ദേഹത്തിനറിയില്ലായിരുന്നു; ഇതാര്‍ക്കാണ്‌ താന്‍ കൊടുക്കേണ്ടതെന്ന്‌. 

അല്ലാഹുവിന്റെ റസൂലേ, ഞാനിതാര്‍ക്ക്‌ നല്‍കും? എന്നോളം ദരിദ്രനായ മറ്റൊരാളും എന്റെ അറിവിലില്ല. എന്നെക്കാള്‍ ദരിദ്രരായവര്‍ക്കല്ലേ ഞാന്‍ ധര്‍മം കൊടുക്കേണ്ടത്‌?

ഇതു കേട്ടപ്പോള്‍ പ്രവാചകന്‍ സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങള്‍ മനോഹരമായൊന്ന്‌ പുഞ്ചിരിച്ചു. തന്റെ പല്ലുകളില്‍ ചിലത്‌ പുറത്ത്‌ കാണുന്ന വിധത്തില്‍ തന്നെ. ചിരിച്ചു കൊണ്ടു തന്നെ അവിടുന്നാ സ്വഹാബിയോട്‌ പറഞ്ഞു. 

എങ്കില്‍ ഇത്‌ താങ്കെളെടുത്തു കൊള്ളുക. 

സഹോദരങ്ങളേ, ഇതാണ്‌ ഇസ്ലാമെന്ന മതത്തിന്റെ simplicity. ഈ മതം ആരുടെ മേലെയും ഭാരങ്ങള്‍ വച്ചു കെട്ടുന്നില്ല. ആരെയും വെറുതെ വിട്ടിട്ടുമില്ല. അല്ലാഹു തന്റെ കലാമിലൂടെ മനുഷ്യരോടു പറഞ്ഞതോര്‍ക്കുക. 

ഒരാത്മാവിനും അതിനു താങ്ങാവുന്നതിനെക്കാള്‍ ഭാരം നാം ചുമത്തിയിട്ടില്ല. 

ആ വചനത്തെ മുറുകെ പിടിച്ച ഒരു മനുഷ്യനും പരാജയപ്പെടേണ്ടി വന്നിട്ടില്ല. അല്ലാഹുവിനെ ആരാധിക്കണമെന്നൊരാള്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍, അവന്‍ അല്ലാഹുവിനെ അനുസരിക്കട്ടെ. അല്ലാഹുവിന്റെ താല്‍പര്യത്തിനു വേണ്ടി ജീവിക്കട്ടെ. നിങ്ങള്‍ ഭൂമിയിലുള്ളവരെ സഹായിക്കൂ ആകാശത്തുള്ളവന്‍ നിങ്ങളെ സഹായിക്കുമെന്ന പ്രവാചകന്റെ വചനം നാം മറക്കാതിരിക്കുക. അറിവുകള്‍ പങ്കുവെക്കപ്പെടേണ്ടതാണെന്ന ഇസ്ലാമിക കല്‍പന അനുസരിച്ചാണ്‌ ഞാന്‍ ഈ പോസ്റ്റിടുന്നത്‌. അല്ലാതെ ഞാനിതിന്‌ അര്‍ഹനായതു കൊണ്ടോ, ഒരു വലിയ ആലിമായതു കൊണ്ടോ അല്ല. 

ഈ റമദാനിനെ നാം അപമാനിക്കാതിരിക്കുക. റമദാനിനെ ബഹുമാനിക്കുക. ഇതിനു തുല്ല്യമായ ദിനങ്ങളൊന്നും ഈ ഭൂമിയില്‍ ആരും കണ്ടെത്തുകയില്ല. ഒരു സുപ്രക്ക്‌ ചുറ്റും ഇരിക്കുന്ന ഭക്ഷണപ്രിയരായ ആളുകള്‍ ഭക്ഷണത്തിലേക്ക്‌ ആര്‍ത്തിയോടെ കൈകള്‍ നീട്ടുന്നതു പോലെ ഇസ്ലാമിനു നേരെ എതിര്‍പ്പിന്റെ കൈകള്‍ ചുറ്റുപാടു നിന്നും നീണ്ടു വരുമെന്ന്‌ പ്രവാചകന്‍ സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങള്‍ പ്രവചിച്ചതാണ്‌. നാം ആ കാലഘട്ടത്തിലൂടെയാണ്‌ കടന്നു പോയിക്കൊണ്ടിരിക്കുന്നത്‌. നമുക്ക്‌ പ്രതിരോധിക്കാം. നല്ല മുസ്ലിമീങ്ങളായി ജീവിച്ച്‌. നന്‍മയില്‍ ജീവിച്ച്‌. നമുക്ക്‌ മാതൃക കാണിക്കാം. 

കാരുണ്യവാനായ അല്ലാഹു പവിത്രമായ ഈ മാസത്തില്‍ നമ്മെയും നമ്മുടെ കുടുംബങ്ങളേയും അനുഗ്രഹിക്കട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു. എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന്‌ അപേഷിക്കുന്നു.

13 comments:

 1. ഈ റമദാനിനെ നാം അപമാനിക്കാതിരിക്കുക. റമദാനിനെ ബഹുമാനിക്കുക. ഇതിനു തുല്ല്യമായ ദിനങ്ങളൊന്നും ഈ ഭൂമിയില്‍ ആരും കണ്ടെത്തുകയില്ല. ഒരു സുപ്രക്ക്‌ ചുറ്റും ഇരിക്കുന്ന ഭക്ഷണപ്രിയരായ ആളുകള്‍ ഭക്ഷണത്തിലേക്ക്‌ ആര്‍ത്തിയോടെ കൈകള്‍ നീട്ടുന്നതു പോലെ ഇസ്ലാമിനു നേരെ എതിര്‍പ്പിന്റെ കൈകള്‍ ചുറ്റുപാടു നിന്നും നീണ്ടു വരുമെന്ന്‌ പ്രവാചകന്‍ സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങള്‍ പ്രവചിച്ചതാണ്‌. നാം ആ കാലഘട്ടത്തിലൂടെയാണ്‌ കടന്നു പോയിക്കൊണ്ടിരിക്കുന്നത്‌. നമുക്ക്‌ പ്രതിരോധിക്കാം. നല്ല മുസ്ലിമീങ്ങളായി ജീവിച്ച്‌. നന്‍മയില്‍ ജീവിച്ച്‌. നമുക്ക്‌ മാതൃക കാണിക്കാം.

  ReplyDelete
 2. വിജ്ഞാനപ്രദമായ പോസ്റ്റ്‌... .റമദാന്റെ എല്ലാ പ്രധാനലക്ഷ്യങ്ങളെയും കാര്യകാരണസഹിതം വിലയിരുത്തി.ആശംസകളോടെ..

  ReplyDelete
 3. റമദാനെക്കുറിച്ച ഈ ഓര്‍മ്മപ്പെടുത്തല്‍ നന്നായിരിക്കുന്നു.

  ReplyDelete
 4. ഭക്ഷണം മാത്രം ശ്രദ്ധിക്കുന്നു നമ്മള്‍.
  വിജ്ഞാനപ്രദമായ ലേഖനം

  ഭക്ഷണം നമ്മളെ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇങ്ങനെ ഭാരം കൂടാന്‍ നിന്നുതരാതെ അതു ഓടിരക്ഷപ്പെട്ട് പട്ടിണികൊണ്ട് വയറൊട്ടിയ ഏതെങ്കിലും ആഫ്രിക്കന്‍ കോലത്തിന്റെ വയറില്‍ കയറിപ്പോയേനെ.
  വിശപ്പ് അറിയാന്‍ അവസരമൊരുക്കുന്ന ഈ റമദാനെ എങ്ങനെ വ്യത്യസ്തമാക്കാം. ഇതാ ഒരു വഴി
  http://vision2016.org.in/pdf/Ramadhan1433h.pdf

  ReplyDelete
 5. noombulla kaambulla leaakhanam.... jazak Allah khair...

  ReplyDelete
 6. റമദാനിന്റെ ഊര്‍ജം പൂര്‍ണാര്‍ഥത്തില്‍ ഉള്‍കൊള്ളാന്‍ സാധിക്കട്ടെ..
  റമദാന്‍ മുബാറക്‌...

  ReplyDelete
 7. വിജ്ഞാനപ്രദമായ പോസ്റ്റിന് അഭിനന്ദനങ്ങൾ അബൂതി, റമദാൻ ആശംസകൾ കൂടി അർപ്പിക്കുന്നു...

  റമദാൻ മാസം ആത്മ സംസ്ക്കരണത്തിനുള്ളതാണെന്ന് നാം ഓർക്കുക, ഒരു മാറ്റത്തിനു വേണ്ടി ഈ റമദാൻ ഇടയാവട്ടെ എന്ന് ആഗ്രഹിക്കുന്നു... എനിക്കും വേണം ഒരു മാറ്റം...

  ReplyDelete
 8. ഈ റമദാൻ അനുഗ്രഹങ്ങളും നന്മയും ഏറെ ലഭിക്കുന്നതാവട്ടെ... ആമീൻ....

  ReplyDelete
 9. നന്നായിരിക്കുന്നു അബൂതി. എനിക്കെല്ലാം മനസ്സിലായില്ലെങ്കിലും ഉള്‍ക്കൊണ്ടുകൊണ്ട് വായിക്കാന്‍ പറ്റി. നിങ്ങള്‍ ഭൂമിയിലുള്ളവരെ സഹായിക്കൂ ആകാശത്തുള്ളവന്‍ നിങ്ങളെ സഹായിക്കുമെന്ന ആശയം എത്ര മഹത്തരം. ചില അക്ഷരപിശാചുകള്‍ (സംബന്തിക്കുന്ന-സംബന്ധിക്കുന്ന, വൃതം-വ്രതം, വൃതാനുഷ്ടാനം-അനുഷ്ഠാനം [ഇവിടെ വ്രതമെന്നാല്‍ അനുഷ്ഠാനം എന്നു തന്നെ ആയതുകൊണ്ട് ഏതെങ്കിലും ഒന്ന് മതി] തുല്ല്യമായ-തുല്യമായ)അങ്ങിങ്ങായി കറങ്ങി നടക്കുന്നുണ്ട്. നോമ്പിന്റെ തീവ്രതയില്‍ അവയെല്ലാം നശിച്ചു കൊള്ളും എന്ന് കരുതട്ടെ. റമദാന്‍ ആശംസകള്‍.

  ReplyDelete
 10. നല്ല പോസ്റ്റ്‌.
  എല്ലാവര്ക്കും റമദാന്‍ ആശംസകള്‍ നേരുന്നു.
  ഇനി പെരുന്നാള്‍ കഴിഞ്ഞു കാണാം.
  (ഇന്ഷാ അല്ലാഹ്)

  ReplyDelete
 11. റംസാന്‍ ആശംസകള്‍....

  ReplyDelete
 12. വളരെ നല്ല പോസ്റ്റ്‌. റമദാന്‍ മുബാറക്..

  ReplyDelete