Tuesday, July 24, 2012

മദീനയുടെ സ്മരണയില്‍


മദീന ഞെട്ടിത്തരിച്ച ദിവസം. മദീനയിലെ ഓരോ മണല്‍തരിയും കണ്ണീര്‍ വാര്‍ത്ത ദിവസം. 

മദീനാ നിവാസികള്‍ക്കിടയില്‍ കാട്ടു തീ പോലെ ആ വാര്‍ത്ത പരന്നു. അസുഖമായി കിടക്കുകയായിരുന്ന പ്രവാചകന്‍ (സ.അ) ഇഹലോകവാസം വെടിഞ്ഞിരിക്കുന്നു. ഹസ്രത്ത്‌ ആയിഷയുടെ മടിയില്‍ കിടന്ന്‌ അദ്ദേഹം അന്ത്യശ്വാസം വലിച്ചിരിക്കുന്നു. 

മസ്ജിദുന്നബയിലേക്ക്‌ (പ്രവാചകന്റെ പള്ളി) ആളുകള്‍ ഓടിവന്നു. സ്‌ത്രീകളും കുട്ടികളും വൃദ്ധരുമായ പ്രവാചകന്റെ അനുചരന്‍മാരുമെല്ലാം ഓടിക്കൂടി. എങ്ങും കടുത്ത നിലവിളികളുയര്‍ന്നു. ആര്‍ക്കും അത്‌ നിയന്ത്രിക്കാനായില്ല. മദീനാനിവാസികള്‍ , വിശിഷ്യാ പ്രവാചകാനുയായികള്‍ പ്രവാചകന്‍ മരണപ്പെടുമെന്ന്‌ വിശ്വസിച്ചിരിന്നില്ല. ഏറ്റവും ചുരുങ്ങിയത്‌ തങ്ങളുടെ കാലം കഴിയുന്നത്‌ വരെയെങ്കിലും. 

പ്രവാചകാനുയായികളില്‍ പ്രമുഖനായ, ഉമര്‍ (റ.അ) വന്നു. പ്രവാചകനെ (സ.അ) പുതപ്പിച്ചിരുന്ന വെളുത്ത പുതപ്പ്‌ ഒന്നുയര്‍ത്തി നോക്കി. ശേഷം തന്റെ വാള്‍ ഊരിപ്പിടിച്ചു കൊണ്ട്‌ ഉറക്കെ വിളിച്ചു പറഞ്ഞു. 

ആര്‍ക്കാണ്‌ എന്റെ ഹബീബായ പ്രവാചകന്‍ മരിച്ചെന്ന്‌ പറയാനുള്ള ധൈര്യം. അവരുടെ കഴുത്ത്‌ ഞാന്‍ വെട്ടും. നിങ്ങളാരെങ്കിലും ധരിച്ച പോലെ പ്രവാചകന്‍ മരിച്ചതല്ല. അദ്ദേഹം മൂസയെ (അ.സ) പോലെ അല്ലാഹുവുമായുള്ള ഒരു ഉന്നത സംസാരത്തന്‌ പോയതാണ്‌. അത്‌ കഴിയുമ്പോള്‍ ഒരു ഉറക്കമുണരുന്നത്‌ പോലെ അദ്ദേഹം ഉണരുക തന്നെ ചെയ്യും. 

ആ സമയത്താണ്‌ അബൂബക്കര്‍ (റ.അ) ഓടി വന്നത്‌. അദ്ദേഹം പ്രവാചകന്റെ അരികിലിരുന്നു. അവിടുത്തെ തിരുമുഖത്ത്‌ തന്റെ മുഖമമര്‍ത്തി. ചുംബിച്ചു. അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ വാര്‍ന്നൊഴുകി. വിതുമ്പികൊണ്ടദ്ദേഹം പ്രവാചകന്റെ മുഖത്തു നോക്കി ഇങ്ങിനെ പറഞ്ഞു.  

എന്റെ മാതാപിതാക്കളെ ഞാന്‍ അങ്ങേയ്ക്ക്‌ ബലി നല്‍കുന്നു പ്രവാചകരേ. അല്ലാഹു നിശ്ചയിച്ച ഒരു മരണത്തിന്റെ ശേഷം അങ്ങേയ്ക്ക്‌ മറ്റൊരു മരണമുണ്ടാവുകയില്ല. അങ്ങേയ്ക്ക്‌ അല്ലാഹു നിശ്ചയിച്ച ആ മരണം വന്നെത്തിക്കഴിഞ്ഞിരിക്കുന്നല്ലോ. 

അദ്ദേഹം എഴുനേറ്റ്‌ പുറത്ത്‌ വന്നു. ഉമര്‍ റദിയല്ലാഹു  അന്‍ഹുവിനെ ഒന്നു നോക്കി. പിന്നെ ജനങ്ങളെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ പറഞ്ഞു. 

ഹേ ജനങ്ങളെ, നിങ്ങളില്‍ ആരെങ്കിലും മുഹമ്മദിനെ ആരാധിച്ചിരുന്നെങ്കില്‍ ഇതാ മുഹമ്മദ്‌ മരണപെട്ടിരിക്കുന്നു. നിങ്ങളില്‍ നിന്നാരെങ്കിലും അല്ലാഹുവിനെ ആരാധിച്ചിരുന്നെങ്കില്‍ , അല്ലാഹു ജീവിച്ചിരിക്കുന്നവനും മരണമില്ലാത്തവനുമാണ്‌. 

ശേഷം അദ്ദേഹം ഈ ഖുര്‍ആന്‍ വചനം പാരായണം ചെയ്‌തു. 

മുഹമ്മദ്‌ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിനു മുന്‍പും ദൂതന്‍മാര്‍ വന്നിട്ടുണ്ട്‌. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പിന്തിരിഞ്ഞ്‌ പോവുകയാണോ? ആരെങ്കിലും പിന്തിരിഞ്ഞു പോകുന്ന പക്ഷം അല്ലാഹുവിന്‌ അവരുടെ പിന്തിരിയല്‍ യാതൊരു ദ്രോഹവും വരുത്തുകയില്ല. നന്ദി കാണിക്കുന്നവര്‍ക്ക്‌ അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്‌. 

അപ്പോള്‍ മാത്രമാണ്‌ തങ്ങള്‍ ആ ഖുര്‍ആന്‍ വചനം ഓര്‍ത്തത്‌ എന്നാണ്‌ പ്രമുഖ പ്രവാചകാനുയായികള്‍ പില്‍ക്കാലത്ത്‌ പറഞ്ഞത്‌. അവര്‍ പ്രവാചകന്റെ (സ.അ) മരണം ഉള്‍ക്കൊണ്ടു. മദീനയെ ചൂഴ്ന്നു നിന്നിരുന്ന കാറ്റ്‌ പോലും വിതുമ്പിയ വേളയായിരുന്നു അത്‌. 

ഏറ്റവും ശക്‌തരായ അനുയായികളുടെ നേതാവ്‌, മരണ സമയത്ത്‌ അവര്‍ക്കിടയിലെ ഏറ്റവും ദരിദ്രനായിരുന്നു. സമ്പത്തിനു വേണ്ടിയോ, അധികാരത്തിനു വേണ്ടിയോ മറ്റേതെങ്കിലും ഭൌതിക നേട്ടത്തിനു വേണ്ടിയോ ആയിരുന്നില്ല പ്രവാചകന്‍ (സ.അ) തന്റെ പ്രബോധനം നടത്തിയിരുന്നത്‌ എന്നതിന്റെ സംസാരിക്കുന്ന ദൃഷ്ടാന്തമത്രെ അത്‌. 

മരണാനന്തരം നമസ്ക്കാര സമയമായപ്പോള്‍ പ്രവാചകന്റെ മുഅദ്ദിനായിരുന്ന (ബാങ്ക്‌ വിളിക്കുന്ന ആള്‍) ബിലാല്‍ (റ.അ) ബാങ്ക്‌ വിളിക്കാന്‍ തുടങ്ങി. പക്ഷെ അത്‌ മുഴുവിപ്പിക്കാനാവാതെ, സങ്കടപ്പെട്ട്‌ പൊട്ടിക്കരഞ്ഞു കൊണ്ട്‌ അദ്ദേഹം വീണു പോയി. പ്രവാചകനില്ലാത്ത മദീനയിലെ ജീവിതം ബിലാല്‍ (റ.അ) തങ്ങള്‍ക്ക്‌ സാധ്യമായ ഒന്നായിരുന്നില്ല. പ്രവാചകന്റെ ഓര്‍മയില്‍ ഒഴുകുന്ന കണ്ണുനീരുമായി അദ്ദേഹം ദമാസ്ക്കസിലേക്ക്‌ പോയി, അവിടെയാണ്‌ ശിഷ്ട കാലം ജീവിച്ചു തീര്‍ത്തത്‌. 

ഇടയ്ക്കൊരു വട്ടം പ്രവാചകന്റെ ഖബര്‍ സന്ദര്‍ശിക്കാനായി അദ്ദേഹം മദീനയിലെത്തി. പ്രവാചകന്റെ മരണ ശേഷം അദ്ദേഹം തന്റെ മുഴുവിക്കാനാവാത്ത ആ ഒരു ബാങ്കല്ലാതെ മറ്റൊരു ബാങ്ക്‌ വിളിച്ചിട്ടില്ലായിരുന്നു. 

ഖലീഫ അദ്ദേഹത്തെ നിര്‍ബന്ധിച്ചു. ആ സ്വരമാധുരി ഒന്നു കൂടി കേള്‍ക്കാന്‍ കൊതിച്ചു. ബിലാല്‍ റദിയല്ലാഹു അന്‍ഹു ബാങ്കു വിളിക്കാനായി നിന്നു. വിതുമ്പുന്ന ആത്മാവുമായി അദ്ദേഹം ബാങ്ക്‌ വിളിച്ചു. മദീനയിലെ മലനിരകള്‍ ഉള്‍പുളകത്തോടെ വീണ്ടുമാ സ്വരമാധുരി കേട്ടു. ഈന്തപ്പനയോലകളുമായി കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഇളം തെന്നല്‍ പോലും കോരിത്തരിച്ച്‌ നിന്നു പോയി. 

പക്ഷെ, മദീനയിലെ ഭവനങ്ങളില്‍ നിന്നും ആബാലവൃദ്ധം ജനങ്ങളും പുറത്തേക്ക്‌ വന്നു. ബിലാലിന്റെ (റ.അ) ബാങ്കൊലി കേട്ടപ്പോള്‍ അവരെല്ലാവരും പ്രവാചകനെ ഓര്‍ത്ത്‌ കരഞ്ഞു കൊണ്ട്‌ മസ്ജിദുന്നബവിയിലേക്ക്‌ ഓടി വന്നു. അവരെല്ലാവര്‍ക്കും പ്രവാചകനെ മാത്രം ഓര്‍ത്ത്‌ തുടിക്കുന്ന ഒരു ഹൃദയമേ ഉണ്ടായിരുന്നുള്ളൂ. 

നിറഞ്ഞൊഴുകുന്ന കണ്ണുനീരും, ഗദ്ഗദം കൊണ്ട്‌ മുറിഞ്ഞു പോകുന്ന വാക്കുകളുമയി ബിലാലെന്ന പൂങ്കുയില്‍ , പ്രവാചകന്റെ പ്രിയപ്പെട്ട അനുയായി, തന്റെ ബാങ്ക്‌ മുഴുവനാക്കി. പക്ഷെ അപ്പോഴേക്കും ആ പരിസരമാകെ ഒഴുകുന്ന മിഴികളും തപിക്കുന്ന ഹൃദയവുമായി മദീനാനിവാസികളെ കൊണ്ട്‌ നിറഞ്ഞിരുന്നു. ഒരിക്കലും അണമുറിയാത്ത പ്രവാചക സ്നേഹത്തിന്റെ മന്ത്രധ്വനികളുമായി. ഇന്നും ലോകമുസ്ലിമീങ്ങളുടെ നെഞ്ചില്‍ ബാക്കിയുള്ളത്‌ ആ പ്രവാചക സ്നേഹത്തിന്റെ അണമുറിയാത്ത നീരുറവ തന്നെ!

ഫിദാക്ക അബീ വഉമ്മീ യാ റസൂലല്ലാഹ്‌. 

11 comments:

  1. ഹേ ജനങ്ങളെ, നിങ്ങളില്‍ ആരെങ്കിലും മുഹമ്മദിനെ ആരാധിച്ചിരുന്നെങ്കില്‍ ഇതാ മുഹമ്മദ്‌ മരണപെട്ടിരിക്കുന്നു. നിങ്ങളില്‍ നിന്നാരെങ്കിലും അല്ലാഹുവിനെ ആരാധിച്ചിരുന്നെങ്കില്‍ , അല്ലാഹു ജീവിച്ചിരിക്കുന്നവനും മരണമില്ലാത്തവനുമാണ്‌.

    ReplyDelete
  2. പുണ്യ റസൂലിനു(സ അ)ഒന്ന് വേദനിക്കുന്നത് പോലും ഇഷ്ടപ്പെടാത്ത ആ സമൂഹം, പ്രവാചകന്റെ മരണം യാഥാര്‍ത്യമായപ്പോള്‍ പതറുകയായിരുന്നു..ഒരു യുദ്ധവേളയിലും പ്രവാചകന്‍ (സ അ ) കൊല്ലപ്പെട്ടു എന്ന് ശത്രുക്കള്‍ പ്രചരിപ്പിച്ചപ്പോഴും സ്വഹാബികള്‍ ഭയവിഹ്വലരായി യുദ്ധരംഗത്ത് ശത്രുപക്ഷം നല്ല മുന്നേറ്റം നടത്തി എന്ന് കേട്ടിട്ടുണ്ട്..
    അതായിരുന്നു സ്വഹാബികള്‍ ..അവര്‍ സ്നേഹിച്ചതിന്റെ നൂറിലൊന്നു പോലും നമ്മള്‍ക്ക് പ്രവാചകനോട് സ്നേഹമില്ലാതെ പോകുന്നില്ലേ..

    മരണസമയത്ത് പോലും തന്റെ ഖബ്റിനെ ആരാധനാ കേന്ദ്രമാക്കുന്നതിനെ ഭയപ്പെട്ട് ആയിഷാ ബീവിയുടെ കാതില്‍ മൊഴിഞ്ഞ അതെ റസൂലിന്റെ അനുയായികള്‍ ആ ഖബര്‍ കാണിച്ചും, മുടി കാണിച്ചും ആരാധിക്കുകയും സമ്പാദിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ഒരബൂബക്കര്‍ (റ) ഉണ്ടായിരുന്നെങ്കില്‍ പല മതപുരോഹിതന്മാര്‍ക്കും ചാട്ടവാര്‍ അടിയായിരിക്കും ഫലം ..നല്ല ലേഖനം

    ReplyDelete
  3. മദീന ഞെട്ടി വിറച്ച, ഉമര്‍ (റ) ന് അല്‍പ സമയത്തേക്ക് എന്താണ് നടന്നതെന്ന് ഉള്‍ക്കൊള്ളാന്‍ പോലുമാകാത്ത ആ ദു:ഖ സാന്ദ്രമായ ദിവസമാണ് ചിലര്‍ ആഘോഷ ദിനമാക്കിയിരിക്കുന്നത്. അതും ഒരു ദുരന്തം തന്നെ. ഇരട്ട ദുരന്തം എന്നല്ലാതെ എന്തു പറയാന്‍!

    ReplyDelete
  4. ചിന്തനീയമായ പോസ്റ്റ്‌...പ്രാര്‍ഥനകള്‍.

    ReplyDelete
  5. ആ പൂങ്കുയില്‍ നാദം ഒരിക്കലെങ്കിലും കേട്ടിരുന്നെങ്കില്‍ എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് ......കാരണം എന്നെ സ്വാധീനിച്ച ഒന്നാണ് ബിലാല്‍ (റ.അ) ,ആശംസകള്‍
    മനസ്സിനെ സ്പര്‍ശിച്ചു അവസാന ഭാഗം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി .

    ReplyDelete
  6. നല്ല എഴുത്ത്..സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും നമ്മെ പഠിപ്പിച്ച നബി..സഹനത്തിന്‍റെ സാഹോദര്യത്തിന്റെ മഹാ സാഗരം മുത്ത്‌ റസൂല്‍..

    റംസാന്‍മുബാറക്‌

    ReplyDelete
  7. വളരെ നല്ല പോസ്റ്റ്.താങ്കളുടെ അറിവുകള്‍ വിനയത്തോടേയും നല്ല രീതിയിലും താങ്കള്‍ പങ്കുവയ്ക്കുന്നു.സ്നേഹമാണ് താങ്കളുടെ രീതി.
    Best wishes.
    മുഹമ്മദ് നബിയുടെ മരണദിവസം ആരും ആഘോഷമാക്കി മാറ്റാറില്ല. അദ്ദേഹം ജനിച്ചതും റബ്ബിഉല്‍ അവ്വല്‍ 12 നായതുകൊണ്ട് ജനനത്തില്‍ സന്തോഷിക്കുന്നുവെന്നു മാത്രം.
    നമ്മള്‍ ഇസ്ലാമിക അറിവായി വായിക്കുന്നതും പക൪ത്തുന്നതും എല്ലാം നി൪ഭാഗ്യവശാല്‍ സൌദി വഹാബികള്‍ പ്രചരിപ്പിക്കുന്ന അവരുടെ വേ൪ഷന്‍സ് ഓഫ് ഇസ്ലാമാണ്.മറിച്ചുള്ള അറിവുകള്‍ ലഭ്യമല്ല.മുഹമ്മദ്നബിയുടെ കുടുംബ പരമ്പരയെ ക൪ബ്ബലയില്‍ ചതിച്ചുകൊന്ന ചരിത്രമാണ് സുന്നികളുടേത്.
    മുഹമ്മദ്നബിയുടെ മരണം സ്വാഭാവിക മരണമായിരുന്നുവോ എന്ന് വിശ്വസിക്കുവാനും നി൪വ്വാഹമില്ല. ഖൈബ൪ യുദ്ധ വിജയാനന്തരം ജൂതസ്ത്രീ നല്‍കിയ വിരുന്നില്‍ വിളമ്പിയ വിഷം ചേ൪ത്ത മാംസം കഴിച്ച്, നാലു വ൪ഷം കഴിഞ്ഞ്, ആ മാംസം കാരണമായി എന്‍റെ ഹൃദയമിടിപ്പ് നിന്നുപോകുന്നുവെന്ന് മുഹമ്മദ് നബി പറഞ്ഞതായി ആയിഷ റിപ്പോ൪ട്ട് ചെയ്ത ഹദീസ് കോമന്‍സെന്‍സിന് യോജിക്കുന്നതല്ല. താങ്കള്‍ ഇതില്‍ ചേ൪ത്ത ആല്‍ ഇംറാനിലെ വരികളില്‍ "മുഹമ്മദ് മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍" എന്ന് പറയുന്നുണ്ട്. എന്തിനാണ് അല്ലാഹു "അല്ലെങ്കില്‍ കൊല്ലപ്പെടുകയോ" എന്നു ചേ൪ത്തത്.

    എല്ലാ സഹാബാക്കളും നക്ഷത്രതുല്യരല്ല.സഹീഹുല്‍ ബുഖാരി റിപ്പോ൪ട്ട് ചെയ്ത ഹദീസ് തന്നെ അതിനു തെളിവാണ് ആണ്:"On doomsday, when I will be at the water pond delivering water to those who will be thirsty among my followers, a group of my followers will come to drink but the angels will drive them away and take them to Hell!

    And I'll say: Oh, God! They are my companions!

    But God will tell me: You do not know what they did after your death. They degraded themselves to apostasy ..... Thus, only small number of my companions will escape like deserted camels in the desert." (Sahih Al-Bukhari, Vol VII, Page 206).

    ReplyDelete
  8. വളരെ നല്ല പോസ്റ്റ്.താങ്കളുടെ അറിവുകള്‍ വിനയത്തോടേയും നല്ല രീതിയിലും താങ്കള്‍ പങ്കുവയ്ക്കുന്നു.സ്നേഹമാണ് താങ്കളുടെ രീതി.
    Best wishes.
    മുഹമ്മദ് നബിയുടെ മരണദിവസം ആരും ആഘോഷമാക്കി മാറ്റാറില്ല. അദ്ദേഹം ജനിച്ചതും റബ്ബിഉല്‍ അവ്വല്‍ 12 നായതുകൊണ്ട് ജനനത്തില്‍ സന്തോഷിക്കുന്നുവെന്നു മാത്രം.
    നമ്മള്‍ ഇസ്ലാമിക അറിവായി വായിക്കുന്നതും പക൪ത്തുന്നതും എല്ലാം നി൪ഭാഗ്യവശാല്‍ സൌദി വഹാബികള്‍ പ്രചരിപ്പിക്കുന്ന അവരുടെ വേ൪ഷന്‍സ് ഓഫ് ഇസ്ലാമാണ്.മറിച്ചുള്ള അറിവുകള്‍ ലഭ്യമല്ല.മുഹമ്മദ്നബിയുടെ കുടുംബ പരമ്പരയെ ക൪ബ്ബലയില്‍ ചതിച്ചുകൊന്ന ചരിത്രമാണ് സുന്നികളുടേത്.
    മുഹമ്മദ്നബിയുടെ മരണം സ്വാഭാവിക മരണമായിരുന്നുവോ എന്ന് വിശ്വസിക്കുവാനും നി൪വ്വാഹമില്ല. ഖൈബ൪ യുദ്ധ വിജയാനന്തരം ജൂതസ്ത്രീ നല്‍കിയ വിരുന്നില്‍ വിളമ്പിയ വിഷം ചേ൪ത്ത മാംസം കഴിച്ച്, നാലു വ൪ഷം കഴിഞ്ഞ്, ആ മാംസം കാരണമായി എന്‍റെ ഹൃദയമിടിപ്പ് നിന്നുപോകുന്നുവെന്ന് മുഹമ്മദ് നബി പറഞ്ഞതായി ആയിഷ റിപ്പോ൪ട്ട് ചെയ്ത ഹദീസ് കോമന്‍സെന്‍സിന് യോജിക്കുന്നതല്ല. താങ്കള്‍ ഇതില്‍ ചേ൪ത്ത ആല്‍ ഇംറാനിലെ വരികളില്‍ "മുഹമ്മദ് മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍" എന്ന് പറയുന്നുണ്ട്. എന്തിനാണ് അല്ലാഹു "അല്ലെങ്കില്‍ കൊല്ലപ്പെടുകയോ" എന്നു ചേ൪ത്തത്.

    എല്ലാ സഹാബാക്കളും നക്ഷത്രതുല്യരല്ല.സഹീഹുല്‍ ബുഖാരി റിപ്പോ൪ട്ട് ചെയ്ത ഹദീസ് തന്നെ അതിനു തെളിവാണ് ആണ്:"On doomsday, when I will be at the water pond delivering water to those who will be thirsty among my followers, a group of my followers will come to drink but the angels will drive them away and take them to Hell!

    And I'll say: Oh, God! They are my companions!

    But God will tell me: You do not know what they did after your death. They degraded themselves to apostasy ..... Thus, only small number of my companions will escape like deserted camels in the desert." (Sahih Al-Bukhari, Vol VII, Page 206).

    ReplyDelete
  9. ചിന്തനീയമായ വരികള്‍...... ആശംസകള്‍.................... ......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌..... കൊല്ലാം, പക്ഷെ തോല്‍പ്പിക്കാനാവില്ല ............ വായിക്കണേ...............

    ReplyDelete
  10. ആ ജീവിതമാത്രക നമ്മുടെ ജീവിതത്തിനും
    വെളിച്ചവും തെളിച്ചവും നന്മ്മയും വിശുഢിയും നല്‍ക്കടെ നന്നായി ഇഷ്ടമായി , നല്ല അവതരണം
    ആശംസകള്‍ ഒഴിവ് കിട്ടുമ്പോള്‍ ഇതും ഒന്ന്‍ വായിക്കുമെല്ലോ
    http://punnyarasool.blogspot.com/

    ReplyDelete