Wednesday, August 22, 2012

ഏകാന്തം


ഏകാന്തതയുടെ താഴ്‌വരയില്‍, വാര്‍ദ്ധക്യത്തിന്റെ ഗഹ്വരത്തില്‍,  കാലൊച്ച കേള്‍പ്പിക്കാതെ വരുന്ന മരണവും കാത്ത്‌; ഇന്നയാള്‍ തനിച്ചാണ്‌. ഇരവിന്റെ നിഗൂഢതകള്‍ക്കുള്ളില്‍ നിന്നും നേര്‍ത്തു കേള്‍ക്കുന്ന തെരുവുനായ്ക്കളുടെ ഓരിയിടല്‍ അയാളെ അസ്വസ്ഥനാക്കുമ്പോള്‍ , വിയര്‍പ്പു കണം പൊടിഞ്ഞു നില്‍ക്കുന്ന നെറ്റിത്തടത്തില്‍ ഇനി ചുംബന മുദ്രകള്‍ പതിയില്ല. 

വെയില്‍ മായുമ്പോള്‍ മാഞ്ഞില്ലാതാവുന്ന നിഴല്‍ക്കൂട്ടു പോലെ, ആത്മാവിന്റെ തന്ത്രികളെ വിരല്‍ തൊട്ടുണര്‍ത്തിയ ആ മൃദുലമായ കരങ്ങള്‍ , വിണ്ണിലെ മേഘപാളികള്‍ക്കിടയിലെവിടെയോ, മെല്ലെ മെല്ലെ മറഞ്ഞു പോയി. 

ഒന്നു പറയാമായിരുന്നു. ഒരു യാത്രയെങ്കിലും. എങ്കില്‍ ഇത്രയും കാലത്തിന്നിടയിലെ സ്നേഹപ്രകടനങ്ങളൊന്നും തന്നെ, തന്റെയുള്ളിലെ മുഴുവന്‍ സ്നേഹത്തേയും പ്രതിഫലിപ്പിച്ചിട്ടില്ലെന്ന്‌ പറയാന്‍ , ഈ ജീവിത സാഹ്‌യാനത്തിന്റെ മങ്ങിയ വേളയിലും തനിക്ക്‌ സമയം കിട്ടാതെ വരില്ലായിരുന്നു. 

സുസ്മിത വദനവുമായി,  പുലര്‍കാല സന്ധ്യകളില്‍ സുഷുപ്‌തിയുടെ കരിമ്പടത്തില്‍ നിന്നും തന്നെ ഇനിയാരു വിളിച്ചുണര്‍ത്തും? ആരുമില്ല! നെടുവീര്‍പ്പൊരു നീര്‍കുമിളയെ പോലെ നെഞ്ചില്‍ പിടഞ്ഞു പൊടിഞ്ഞു. 

മരണത്തെ അയാള്‍ക്കന്ന്‌ ഭയമായിരുന്നു. വാതില്‍ തുറക്കാതെ, ജാലകവിരിയുലക്കാതെ, വിളക്കുനാളമണയ്ക്കാതെ മരണം, ഒരു നാള്‍ തന്നെ തേടിയെത്തും. ജരാനരകള്‍ ബാധിച്ച ശുഷ്ക്കിച്ച ശരീരത്തിന്റെ മജ്ജയില്‍ കൂടി, മാംസത്തില്‍ കൂടി, അസ്ഥികളെ നുറുക്കാതെ നുറുക്കിക്കൊണ്ട്‌ ആത്മാവിനെ ശരീരത്തിന്റെ കൂട്ടില്‍ നിന്നും വലിച്ചെടുക്കും. ശ്വാസം കണ്ഡനാളത്തില്‍ കുരുങ്ങിക്കിടക്കും. കണ്ണുകളിലെ പ്രകാശമണയും. പിന്നെ ശരീരം ജീര്‍ണതയിലേക്ക്‌ സഞ്ചരിക്കും. ഒരു കൈനഖമുന കൊണ്ടു പോലും പോറലേല്‍ക്കാതെ സൂക്ഷിച്ച ശരീരത്തിന്റെ ഓരോ രോമകൂപങ്ങള്‍ക്കിടയിലൂടെയും നുരക്കുന്ന പുഴുക്കള്‍ മാംസമന്വേഷിച്ച്‌ പരസ്പരം മത്സരിക്കും. 

അയാളില്‍ ഭയം കൂടുകൂട്ടിയിട്ടെത്ര നാളുകളായി? 

അത്രയൊന്നും അയാള്‍ക്ക്‌ വയസ്സായിരുന്നില്ല. എങ്കിലും സമപ്രായക്കാരായിരുന്ന രണ്ടു കൂട്ടുകാരുടെ അടുത്തടുത്ത മരണങ്ങള്‍ അയാളെ ഭീതിയിലാഴ്ത്തി. പിന്നീടുള്ള ഓരോ ദിവസവും, ഇത്‌ തന്റെ അവസാന ദിവസമായിരിക്കുമെന്നയാള്‍ ഭയന്നിരുന്നു. 

അവളൊരു സാന്ത്വനത്തിന്റെ തണുത്ത കാറ്റായിരുന്നു. ഒരു തണല്‍ . ആ കണ്ണുകളിലെ നക്ഷത്രപ്രകാശവും, ആ ചുണ്ടിലെ വറ്റാത്ത പുഞ്ചിരിയും അയാളുടെ ആത്മാവിന്റെ ഭൂമികയിലേക്കു വീണ മാരിമുത്തുകളായിരുന്നു. 

വരണ്ട മണ്ണിനെ അത്‌ നനച്ചു. പ്രതീക്ഷയുടെ നാമ്പുകളും സ്വപ്നങ്ങളുടെ പൂക്കളുമുണ്ടായി. ജീവഗന്ധമാര്‍ന്ന പൂക്കളെ തേടി ശലഭങ്ങളണഞ്ഞു. ഒരു ചെറുചിരി കൊണ്ടവള്‍ , അയാളുടെ ജീവിതത്തിലൊരു വസന്തം തീര്‍ത്തു. 

ഏകമകന്‍ ഏഴാം കടലിന്റെ അക്കരെ, പവിഴങ്ങള്‍ വാരുന്ന ദ്വീപില്‍ . കിലുങ്ങുന്ന നാണയങ്ങള്‍ കൊണ്ടവന്‍ ജീവിതത്തിന്റെ താളുകളില്‍ പുതിയ പുതിയ കണക്കുകള്‍ കോറിയിട്ടു. സായാഹ്നത്തിന്റെ ഇരുളാര്‍ന്ന മേഘത്തണലില്‍ , നാട്ടിലെ ആ വലിയ മാളികയില്‍ , കാഞ്ചനക്കൂട്ടിലെ പക്ഷികളെ പോലെ അവര്‍ ദിനരാത്രങ്ങള്‍ പരസ്പരം ആശ്വസിപ്പിച്ച്‌ തള്ളി നീക്കി. അയാളും, അവളും. 

മാതാപിതാക്കള്‍ക്ക്‌ വയസ്സായി എന്ന്‌ പുത്രന്‍ തിരിച്ചറിഞ്ഞപ്പോള്‍ പണം കൊടുത്തൊരു ഹോം നയസിനെ ശുശ്രൂഷിക്കാനായി നിയമിച്ചു. മക്കള്‍ക്ക്‌ മാതാപിതാക്കളോട്‌ അങ്ങിനേയും സ്നേഹം പ്രകടിപ്പിക്കാമെന്നാ പുത്രന്‍ പറയാതെ പറയുകയായിരുന്നു. കടമകളുടെ മഹാഗര്‍ത്തങ്ങള്‍ പണമിട്ട്‌ മൂടുന്ന ആധുനികതയുടെ, പുരോഗമനത്തിന്റെ പുതിയ ഉല്‍പന്നം മാത്രമായിരുന്നു സ്നേഹസമ്പന്നനായ ആ മകനും. 

കൊള്ളിമീന്‍ പോലെ ക്ഷണികമായ ഫോണ്‍വിളികള്‍ . ജനികാത്മബന്ധങ്ങള്‍ക്കിടയിലെ അറ്റുപോകാത്ത ചില പൊക്കിള്‍കൊടികള്‍ പോലെ ചില കുശലാന്വേഷണങ്ങള്‍ . സുഖം. സുഖകരം. രണ്ടു വാക്കുകള്‍ . പിന്നെ പണത്തിന്റെ ചില കണക്കുകള്‍ . ആ കണക്കുകള്‍ക്കിടയില്‍ ശ്വാസം മുട്ടി മരിക്കുന്ന ചില സ്വപ്നങ്ങള്‍ , ആശങ്കകള്‍ . ഊര്‍ദ്ധ്വാന്‍ വലിക്കുന്ന വൃദ്ധമോഹങ്ങള്‍ . 

ഉണ്ണിയെ കാണാത്ത മാതൃഹൃദയത്തിന്റെ നൊമ്പരം ഹൃദയത്തിന്റെ പുറങ്കാമ്പുകള്‍ പൊട്ടിച്ച്‌ പുറത്തേക്ക്‌ കണ്ണുനീരായി തെറിക്കുന്നതിന്റെ മുന്‍പേ; വീണു പോകാന്‍ തുടങ്ങുമ്പോള്‍ , ഇടത്തു നിന്നോ വലത്തു നിന്നോ താങ്ങിനിര്‍ത്താനെത്തുന്ന കരങ്ങളെ വേപഥുവോടെ തിരയുന്ന വൃദ്ധഹൃദയത്തിന്റെ ആശങ്കകള്‍ നാവുരിയാടുന്നതിന്റെ മുന്‍പേ;  ഡിസ്കനക്ടാവുന്ന ഇന്‍സ്റ്റാന്റ്  സ്നേഹപ്രകടനങ്ങളായേ ആ ഫോണ്‍വിളികള്‍ അവര്‍ക്കനുഭവപ്പെടാറുള്ളൂ. 

ഒരു മഴ. അതാര്‍ത്തലച്ചു വരുന്നു. അത്‌ കാത്തിരുന്നവരെ ഒന്നു നനയ്ക്കുന്നു. പിന്നെ കാറ്റിന്റെ  കൈകളില്‍ എങ്ങോട്ടോ പോകുമ്പോള്‍ , ഉഷ്ണം പിന്നെയും ബാക്കി. മരത്തിനു പോലും പെയ്യാനൊന്നും ബാക്കി വെക്കാത്ത ഒരു മഴ. പ്രിയപ്പെട്ടവരുടെ ദൂരദേശത്തു നിന്നുള്ള ഫോണ്‍കാളുകള്‍ സ്വന്തക്കാര്‍ക്ക്‌ അങ്ങിനെയേ അനുഭവപ്പെടാറുള്ളൂ. 

മരണഭയത്തിന്റെ രോഗാണുക്കള്‍ കാര്‍ന്നു തിന്നാന്‍ തുടങ്ങിയ നിദ്രയുടെ വികല സ്വപ്നങ്ങള്‍ക്കിടയില്‍ ഞെട്ടിയുണരുന്ന അയാളോട്‌ അവള്‍ ചോദിക്കാറുണ്ടായിരുന്നു.. 

ഇങ്ങിനെ പേടിച്ചാല്‍ മനുഷ്യന്‍ മരിക്കാതിരിക്കുമോ?

അവളുടെ പ്രകാശിക്കുന്ന കണ്ണുകളില്‍ നോക്കി അയാളിരിക്കും. ശരിയാണ്‌. പേടിച്ചാല്‍ മരിക്കാതിരിക്കുമോ? ഇല്ല! 

ഇരുമ്പുമറകള്‍ക്കിപ്പുറത്തേക്കും മരണം കടന്നെത്തും. പക്ഷെ, താന്‍ ഭയക്കുന്നു. വേണ്ട എന്നു വച്ചാലും ആ ഭയം തന്റെ വാരിയെല്ലുകളെ പരസ്പരം കോര്‍ത്തെടുക്കുന്ന വിധത്തില്‍ വാരിപ്പുണരുന്നു. മരിക്കുന്നതിന്റെ മുന്‍പേ തന്റെ മകന്റെ മുഖമൊന്നു കൂടി കണ്ടെങ്കില്‍ . 

അതയാളുടെ അടങ്ങാത്ത ആഗ്രഹമായിരുന്നു. ആഗ്രഹം കേള്‍ക്കുമ്പോള്‍ മകന്‍ പറയും. 

നടന്നാലെത്തുന്ന ദൂരത്താണോ ഞങ്ങള്‍? നാലുപേര്‍ക്ക്‌ ടിക്കറ്റെടുത്ത്‌ നാട്ടിലേക്ക്‌ വരാനെത്രയാ ചെലവ്‌? ലീവുമില്ല. 

ശരിയാണ്‌. ഭീമമായ ചിലവാണ്‌. പിതാവിന്റെ ആഗ്രഹത്തിന്റെ മുകളില്‍ ചിലവിന്റെ കണക്കു വച്ചാല്‍ , ആ വയോധികന്റെ മോഹം ശ്വാസം മുട്ടി മരിച്ചു പോകത്തെ ഉള്ളൂ. മോഹങ്ങള്‍ അയാള്‍ക്കു മുന്നേ മരിക്കാന്‍ സജ്ജമാണ്. 

സായാഹ്നത്തിന്റെ ചുവന്ന മേഘങ്ങളെ നോക്കി, ടെറസിന്റെ മുകളിലെ ചാരു കസേരയില്‍ അയാളിരിക്കുമ്പോള്‍ പിറകില്‍ കാലടി ശബ്ദം കേട്ടു. റേഡിയോയില്‍ നിന്നും വരുന്ന പഴയ ഗാനങ്ങളില്‍ ശ്രദ്ധിച്ചിരിക്കുകയായിരുന്നു അയാള്‍ . മെല്ലെ തിരിഞ്ഞു നോക്കി. 

അതവളായിരുന്നു. ഹോം നയ്സ്‌! 

കയ്യിലെ മരുന്നുകള്‍ അയാള്‍ക്ക്‌ നല്‍കി. വെള്ളം നിറഞ്ഞ സ്റ്റീല്‍ കപ്പും. കൈവിറക്കുന്നതു കാരണം അയാളിപ്പോള്‍ ചില്ലുപാത്രങ്ങള്‍ ഉപയോഗിക്കാറില്ല. ചിലപ്പോള്‍ താഴെ വീണുടയും. ചുവപ്പും വെളുപ്പുമൊക്കെ നിറങ്ങളുള്ള ചില മരുന്നുകള്‍ . 

പ്രയാസപ്പെട്ട്‌ കുടിച്ചു. തിരിഞ്ഞു മടങ്ങുന്നതിന്റെ മുന്നേ അവള്‍ പറഞ്ഞു. 

നാളെ ഞാന്‍ ഒരല്‍പ്പം വൈകിയേ വരൂ. 

എന്തേ എന്നയാള്‍ ചോദിച്ചില്ല. എങ്കിലും അയാളുടെ നോട്ടത്തില്‍ അങ്ങിനെ ഒരു ചോദ്യം നിറഞ്ഞു തുളുമ്പിയിരുന്നു. 

കഴുത്തില്‍ കയറില്ലാത്ത ഒരു ജന്തുവല്ലേ ഞാന്‍ . കമ്പോളത്തില്‍ ലേലത്തിനു വച്ച ഒരു ഉരു. വ്യവഹാരത്തിന്‌ വിലയൊക്കെണം. വിലയൊക്കുമോ എന്നു നോക്കാന്‍ നാളെ ഒരു കൂട്ടര്‍ വരുന്നുണ്ട്‌. മഹാത്ഭുതങ്ങളൊന്നും സംഭവിച്ചാല്‍ .... 

അവള്‍ മുഴുവിപ്പിച്ചില്ല. സധാരണ മനുഷ്യര്‍ സംസാരിക്കുന്ന പോലെയല്ലല്ലോ ഇവള്‍ ചിലപ്പോള്‍ സംസാരിക്കാറ്‌ എന്നയാളോര്‍ത്തു. പക്ഷെ, അവളാ പറഞ്ഞതിലെ കണ്ണുനീര്‍ കണല്‍ക്കട്ടകള്‍ , അതയാളെ ഉഷ്ണിപ്പിക്കുന്നുണ്ടായിരുന്നു. 

മഹാശിലകള്‍ പൊട്ടിയൊലിച്ച്‌ കന്‍മദമുണ്ടാവാറുണ്ട്‌ എന്ന്‌ കേട്ടിട്ടുണ്ട്‌. പക്ഷെ സമൂഹത്തിലെ ദുര്‍ശിലകള്‍ ഒരിക്കലും പൊട്ടിയൊലിക്കാറില്ലല്ലോ എന്നയാളോര്‍ത്തു. അതങ്ങിനെ കിടക്കും. ഒരുപാട്‌ തലമുറകള്‍ക്ക്‌ വഴിമുടക്കി!

അടുത്തെവിടെയോ നിന്നുള്ള മസ്ജിദില്‍ നിന്നും മഗ്‌രിബിന്റെ ബാങ്ക്‌ മുഴങ്ങിയപ്പോള്‍ അയാളെഴുനേറ്റു. പ്രാര്‍ത്ഥനയുടെ കുളിര്‍മയില്‍ നിന്നുണരുമ്പോള്‍ , പിന്നെയും ഓര്‍മകളുടെ ഉള്ളറകളില്‍ നിന്നൊരു കുപ്പിവള നാദം. 

മൈലാഞ്ചി മൊഞ്ചുള്ള കൈകളില്‍ നിരനിരയായി ചന്തം ചാര്‍ത്തിയിരുന്ന കറുത്ത കുപ്പിവളകളുടെ ഇക്കിളിച്ചിരിയുടെ ശബ്ദം... 

പിന്നീടെപ്പോഴോ ഒരു തേങ്ങലായി, തഴുകലായി തന്റെ നെഞ്ചിലലിഞ്ഞില്ലാതായ ഒരു നാദം.. 

അന്ന്‌, ഇതേ പോലൊരു മഗ്‌രിബിന്റെ ശേഷം, ഇഷാ നമസ്ക്കാരത്തിന്റെ സമയവും കാത്തിരിക്കുമ്പോള്‍ , ദൂരെ എവിടെ നിന്നോ ഓരിയിട്ട ഒരു നായ തന്നെ വല്ലാതെ ഭയപ്പെടുത്തി. മരണത്തിന്റെ ദൂതന്‍മാരെ കാണുമ്പോള്‍ നായ്ക്കള്‍  കരയുമത്രെ. ടെറസില്‍ ഇരുന്നു കൊണ്ട്‌ ചുറ്റും ശ്രദ്ധിച്ചപ്പോള്‍ ചുറ്റുവട്ടങ്ങളിലെ മരങ്ങളിലൊന്നും ഒരില പോലും അനങ്ങുന്നില്ല. കാറ്റ്‌ പോലും നിശ്ചലമായിരിക്കുന്നു. 

പ്രകൃതി ഭയന്ന്‌ വിറങ്ങലിച്ച പോലെ.. 

ഒരു പക്ഷെ ഇതുവഴി മരണം വരുന്നുണ്ടാകുമോ? ആ മരണത്തിന്റെ ലക്ഷ്യം താനാവുമോ?

മരണം... അതിനൊരു ഗന്ധമുണ്ടായിരുന്നെങ്കില്‍ ? മരണത്തിനിങ്ങനെ നാമറിയാതെ ചാരെ വന്നു നിന്ന്‌, തൊലിപ്പുറത്ത്‌ ഭയത്തിന്റെ ഇക്കിളി കൂട്ടാനാവുമായിരുന്നോ? അറിയില്ല. 

അവള്‍ അടുത്തു വന്നപ്പോള്‍ ഒരു സുഗന്ധമുണ്ടായിരുന്നു. മണിയറ മുതല്‍ ആത്മാവിനെ ലഹരി പിടിപ്പിച്ച ഒരു സുഗന്ധം. അവളൊരു ഭാര്യ മാത്രമായിരുന്നില്ല. എന്നും ഒരു കാമുകി കൂടി ആയിരുന്നു. 

അയാളുടെ ചാരെ, ആ ടെറസില്‍ കസേരയില്‍ അവളിരിക്കെ അയാള്‍ ചോദിച്ചു. 

നായ്ക്കളുടെ ഓരിയിടല്‍ കേള്‍ക്കുന്നില്ലേ നീയ്‌?

ഊം.. അതിനെന്താ?

നീ നോക്ക്‌. എങ്ങും ഒരില പോലും അനങ്ങുന്നില്ല. ഏതോ ഒരു കിളിയുടെ കരച്ചില്‍ കേട്ടോ.. എന്തോ,, മരിക്കാനടുത്ത പോലെ.. ഉള്ളിലൊരു തണുപ്പ്‌.. 

അവളയാളുടെ അടുത്തേക്ക്‌ ഒന്നു കൂടി ചേര്‍ന്നിരുന്നു. പിന്നെ വിറക്കുന്ന ആ കരങ്ങളില്‍ പിടിച്ച്‌ മെല്ലെ പറഞ്ഞു. 

മരിക്കും മരിക്കും എന്നിങ്ങനെ നിരീച്ചു നടന്നാല്‍ മരിച്ചു കൊണ്ടേയിക്കുകയല്ലേ?

എനിക്കറിയില്ല. എനിക്ക്‌ പേടിയാണ്‌. മരണത്തിന്‌ വലിയ വേദനയുണ്ടാകും. അല്ലേ?

അതിപ്പോ എനിക്കെങ്ങിനെയാ അറിയുക. ഞാന്‍ മരിച്ചിട്ടില്ലല്ലോ. മരിച്ചാലല്ലേ എനിക്കതറിയൂ. 

ഉണ്ടാകും. മരണത്തിന്‌ വേദനയുണ്ടാകും. വേദന കാരണം നമുക്ക്‌ കരയാന്‍ പോലുമാവില്ലത്രെ. കടലിലെ വെള്ളമത്രയും കുടിച്ചാലും തീരാത്ത ദാഹമുണ്ടാകും. 

അയാളൊന്ന്‌ നെടുവീര്‍പ്പിട്ടു. മരിക്കാന്‍ വേണ്ടി താനെന്തിന്‌ ജനിച്ചു എന്ന മട്ടില്‍ . പള്ളിയില്‍ നിന്നും ഇഷായുടെ ബാങ്ക്‌ വിളിയുയര്‍ന്നു. എവിടെ നിന്നോ ചില ചാവാലിപ്പട്ടികള്‍ ബാങ്ക്‌ കേട്ടപ്പോള്‍ ഉച്ചത്തില്‍ ഓരിയിടുന്നുണ്ടായിരുന്നു. അത്‌ പതിവുള്ളതാണ്‌. 

മലര്‍ന്ന്‌ കിടന്നപ്പോള്‍ മുറിയിലെ സീറോ ബള്‍ബിന്റെ അടുത്ത്‌ പറക്കുന്ന ചില പ്രാണികളെ പിടിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന പല്ലിയെ കണ്ടു. തന്റെ ഇരകളേയും കാത്ത്‌ എത്ര ക്ഷമയോടെയാണ്‌ ആ പല്ലി അവിടെ ഇരിക്കുന്നത്‌. പല്ലി മരണത്തിന്റെ അടയാളമാണ്‌. ആ അടയാളം കണ്ടിട്ടും കാണാത്ത ചില പ്രാണികള്‍ മരണത്തിന്റെ വായിലേക്ക്‌ പറന്നു ചെല്ലുന്നു.

പ്രകാശത്തിന്റെ ആകര്‍ഷണ വലയം മാത്രമേ അവര്‍ കാണുന്നുള്ളൂ......... 

അയാള്‍ തന്റെ അടുത്ത്‌ കിടക്കുന്ന ഭാര്യയെ നോക്കി. അവളുറങ്ങിക്കിടക്കുകയാണ്‌. ശാന്തമായി. മരണത്തെ അവള്‍ ഭയക്കുന്നില്ല. ഒരു പക്ഷെ തന്റെ മരണ ശേഷം അവള്‍ ഭയക്കുമായിരിക്കും. എങ്ങിനെ അവള്‍ തന്റെ കാലശേഷം ദിനരാത്രങ്ങള്‍ തള്ളി നീക്കും? ഈ ഒറ്റപ്പെട്ട തുരത്തില്‍ , ചില ഓര്‍മകളും, ഇന്നിന്റെ നൊമ്പരങ്ങളുമല്ലാതെ മറ്റെന്തുണ്ടാവും അവള്‍ക്ക്‌ കൂട്ടായി? എത്ര ഭീകരമായിരിക്കും അവള്‍ക്കാ ദിനരാത്രങ്ങള്‍ ? 

ഒരുമിച്ച്‌ ജീവിതം തുടങ്ങാം. ജീവിക്കാം. പക്ഷെ, ഒരുമിച്ച്‌ മരിക്കാനാവില്ലല്ലോ? മരണത്തെ തന്റെ  ഇഷ്ടത്തിനനുസരിച്ച്‌ തിരഞ്ഞെടുക്കാന്‍ അനുവാദമില്ലല്ലോ? 

രാവിന്റെ ഏതോ ഒരു യാമത്തില്‍ , നിദ്ര അയാള്‍ തന്റെ ഇരുണ്ട കയത്തിലേക്ക്‌ കൂട്ടിക്കൊണ്ടു പോയി. പേക്കിനാവുകളുടെ മാറാലകള്‍ മൂടിയ ഒരു കയത്തിലേക്കാണ്‌ അന്ന്‌ നിദ്ര അയാളെ കൊണ്ടു പോയത്‌. അവസാനം, പുലര്‍കാല മഞ്ഞില്‍ തണുത്ത്‌ നില്‍ക്കുന്ന ഒരു താഴ്‌വരയില്‍ തനിക്ക്‌ മുന്നേ ഒരു നിഴല്‍ നടന്നു നീങ്ങുന്നത്‌ അയാള്‍ കണ്ടു. സൂക്ഷിച്ചു നോക്കിയപ്പോള്‍ ആ പോകുന്നത്‌ അവളല്ലേ എന്നൊരു തോന്നല്‍ . ഉറക്കെ വിളിച്ചു നോക്കി. 

ഉണര്‍ച്ചയായിരുന്നു ഫലം. ഫോണ്‍ നിര്‍ത്താതെ ബെല്ലടിക്കുന്നുണ്ടായിരുന്നു. അയാള്‍ അവളെ നോക്കി. 

ഒന്നും കേള്‍ക്കാതെ അവള്‍ അയാളുടെ അടുത്ത്‌ കിടക്കുന്നു. പാതിമാഞ്ഞ ഒരു പുഞ്ചിരിയുമായി. പറ്റിച്ചേ എന്ന മട്ടില്‍ .....

അവളിലെ പ്രാണന്‍ എപ്പോള്‍ ചിറകടിച്ചകന്നു? 

തൊട്ടടുത്ത്‌ കിടന്ന എന്നെയുണര്‍ത്താതെ ഇത്ര ശാന്തമായി അവളെങ്ങിനെ മരിച്ചു? 

പേടിച്ചു കാത്തിരുന്ന എന്നെ കാണാതെ പോയതാണോ മരണം?

അയാളാ തണുത്ത മുഖത്തേക്കും നോക്കി അങ്ങിനെ ഇരുന്നു. നിശബ്ദമായി, കണ്ണുനീര്‍ തുള്ളികളാള്‍ അവളുടെ മുഖത്ത്‌ വജ്രശോഭകള്‍ വരുത്തി. 

ഫോണ്‍ അടിച്ചു കൊണ്ടേ ഇരുന്നു. ഇടവേളകളോടെ. വിറക്കുന്ന കരങ്ങളാള്‍ അയാള്‍ ഫോണെടുത്തു. അപ്പുറത്ത്‌ മോനാണ്‌. പതിവു പോലെ ആദ്യം അന്വേഷിച്ചത്‌ ഉമ്മയെ കുറിച്ചാണ്‌. 

ഉമ്മ,, ഉമ്മ ഉറങ്ങുകയാണ്‌. അവസാനത്തെ ഉറക്കം. 

അപ്പുറത്തു നിന്നും ഒരു തേങ്ങല്‍ ഉരുകിയ ലാവ പോലെ അയാളുടെ കാതുകളില്‍ വീണു. മരിച്ചവര്‍ക്കു വേണ്ടി ജീവിച്ചിരിക്കുന്നവരുടെ സമ്മാനം, രണ്ടു തുള്ളി കണ്ണുനീര്‍ .. 

പിന്നീടയാള്‍ക്ക്‌ മരണത്തെ ഭയമില്ലായിരുന്നു. അയാള്‍ കാത്തിരുന്നു. പാതി ചാരിയ കതകും, പൊളികളടക്കാത്ത ജാലകവുമായി, ഇണപ്പക്ഷിയൊഴിഞ്ഞ ആ സുവര്‍ണക്കൂട്ടില്‍ തന്റെ ഊഴവും കാത്ത്‌... തെരുവില്‍ നിന്നും മരണദൂതന്റെ ആഗമനം ഘോഷിക്കുന്ന തെരുവുനായ്ക്കളുടെ ആര്‍പ്പു വിളികള്‍ക്ക്‌ കാതോത്ത്‌... 

19 comments:

 1. വാതില്‍ തുറക്കാതെ, ജാലകവിരിയുലക്കാതെ, വിളക്കുനാളമണയ്ക്കാതെ മരണം, ഒരു നാള്‍ തന്നെ തേടിയെത്തും. ജരാനരകള്‍ ബാധിച്ച ശുഷ്ക്കിച്ച ശരീരത്തിന്റെ മജ്ജയില്‍ കൂടി, മാംസത്തില്‍ കൂടി, അസ്ഥികളെ നുറുക്കാതെ നുറുക്കിക്കൊണ്ട്‌ ആത്മാവിനെ ശരീരത്തിന്റെ കൂട്ടില്‍ നിന്നും വലിച്ചെടുക്കും. ശ്വാസം കണ്ഡനാളത്തില്‍ കുരുങ്ങിക്കിടക്കും. കണ്ണുകളിലെ പ്രകാശമണയും.

  ReplyDelete
 2. വാര്‍ദ്ധക്യത്തിന്റെ ആകുലതകള്‍ , നിശ്വാസങ്ങള്‍ നിറഞ്ഞു നില്‍ക്കുണ്ട് ഈ പോസ്റ്റില്‍ ഉടനീളം. നല്ല ഭാഷയും. വിഷയത്തില്‍ പുതുമ ഇല്ലെങ്കിലും പറഞ്ഞ രീതി ഇഷ്ടപ്പെട്ടു. ആശംസകള്‍..

  ReplyDelete
 3. കഥ പറഞ്ഞ രീതി നന്നായി...അഭിനന്ദനങ്ങള്‍.

  ReplyDelete
 4. നല്ല ഭാഷാ , നല്ല അവതരണം. കഥയെക്കാള്‍ ഉപരി കഥ പറഞ്ഞു പോയ രീതി ആകര്‍ഷണീയമായി തോന്നി. ഏകാന്തതയുടെ ഭീകരതയെ നന്നായി വരച്ചു കാണിച്ചു.

  ഈ നല്ല എഴുത്തിനു , അഭിനന്ദനങ്ങള്‍ ...ആശംസകള്‍ ...

  ReplyDelete
 5. അപ്പുറത്തു നിന്നും ഒരു തേങ്ങല്‍ ഉരുകിയ ലാവ പോലെ അയാളുടെ കാതുകളില്‍ വീണു. മരിച്ചവര്‍ക്കു വേണ്ടി ജീവിച്ചിരിക്കുന്നവരുടെ സമ്മാനം, രണ്ടു തുള്ളി കണ്ണുനീര്‍ ..


  നന്നേ ഇഷ്ടമായി കഥ

  ഓണാശംസകള്‍

  ReplyDelete
 6. ആശംസകൾ....സൂക്ഷിച്ച് നോക്കല്യാൽ കാണുന്ന അക്ഷരത്തെറ്റുകൾ തിരുത്തുക,ചില വരികളിലെ കൃത്രിമ സാഹിത്യം എനിക്ക് കല്ല് കടിയായി..ഓണാശംസകൾ നേരുന്നൂ

  ReplyDelete
 7. കൊള്ളാം
  മരണത്തിന് വേദനയുണ്ടോ
  ഇല്ലെന്നാണെന്റെ വിശ്വാസം
  പ്രകൃതത്താല്‍ സംഭവിക്കേണ്ട മരണം വേദനയില്ലാത്തതായിരിക്കും
  ഒരു ഉറക്കത്തിലേയ്ക്ക് വഴുതി വീഴുന്നതുപോലെ

  “കാറ്റ്‌ പോലും നിശ്ചലമായിരിക്കുന്നു”
  വായുവിന്റെ പ്രവാഹമല്ലെ കാറ്റ്
  അതു പിന്നെ എങ്ങനെ നിശ്ചലമാകും
  കാറ്റിന് നിശ്ചലമാകാന്‍ സാദ്ധ്യമല്ല

  ReplyDelete
 8. മഹാശിലകള്‍ പൊട്ടിയൊലിച്ച്‌ കന്‍മദമുണ്ടാവാറുണ്ട്‌ എന്ന്‌ കേട്ടിട്ടുണ്ട്‌. പക്ഷെ സമൂഹത്തിലെ ദുര്‍ശിലകള്‍ ഒരിക്കലും പൊട്ടിയൊലിക്കാറില്ലല്ലോ എന്നയാളോര്‍ത്തു. അതങ്ങിനെ കിടക്കും. ഒരുപാട്‌ തലമുറകള്‍ക്ക്‌ വഴിമുടക്കി
  നല്ല കഥ ,ഹൃദയത്തില്‍ തട്ടുന്ന രീതിയില്‍ അവതരിപ്പിച്ചു. ആശംസകള്‍.

  ReplyDelete
 9. മഹാശിലകള്‍ പൊട്ടിയൊലിച്ച്‌ കന്‍മദമുണ്ടാവാറുണ്ട്‌ എന്ന്‌ കേട്ടിട്ടുണ്ട്‌. പക്ഷെ സമൂഹത്തിലെ ദുര്‍ശിലകള്‍ ഒരിക്കലും പൊട്ടിയൊലിക്കാറില്ലല്ലോ എന്നയാളോര്‍ത്തു. അതങ്ങിനെ കിടക്കും. ഒരുപാട്‌ തലമുറകള്‍ക്ക്‌ വഴിമുടക്കി
  നല്ല കഥ ,ഹൃദയത്തില്‍ തട്ടുന്ന രീതിയില്‍ അവതരിപ്പിച്ചു. ആശംസകള്‍.

  ReplyDelete
 10. അവതരണം നന്നായിട്ടുണ്ട്....
  ടച്ചിംഗ് ആയി തോന്നി ആശംസകള്‍.

  ReplyDelete
 11. വാര്ദ്ധക്യത്തിന്റെ ഒറ്റപെടല്‍, ഇന്നത്തെ ചര്ച്ചാ വിഷയമാണ്, അതിലുപരി എല്ലാവരും അഭിമുഖീകരിക്കണ്ടതും, ഒഴുക്കുള്ള ഹൃദയ സ്പര്ശിയായ അവതരണം, എല്ലാ ഭാവുകങ്ങളും, ഒപ്പം ഓണാശംസകളും

  ReplyDelete
 12. വായിച്ചു പേടിച്ചു,

  ReplyDelete
 13. നന്നായിരിക്കുന്നു
  മരണമെന്ന നിഴലിനെ പിന്നെയും ഓര്‍മ്മിപ്പിച്ച കഥ .. ആശംസകള്‍...

  ReplyDelete
 14. പ്രിയ സ്നേഹിതാ

  വളരെ ഇഷ്ടമായി താങ്കളുടെ കഥയും, അവതര രീതിയും, ഭാഷയും. അഭിനന്ദനങ്ങള്‍

  ReplyDelete
 15. "തന്റെ ഊഴവും കാത്ത്‌........................"""..........--------===////'.....
  മൃതിയുടെ ലോകത്തേക്കു, രണ്ടു തുള്ളി കണ്ണു നീർ മാത്രമായ നമ്മളുടെ നിയതിചക്രത്തിലേക്ക്‌, കൂട്ടിക്കൊണ്ടു പോകുന്ന രചന.
  നന്നായി അവതരിപ്പിച്ചു.

  ReplyDelete
 16. “കഴുത്തില്‍ കയറില്ലാത്ത ഒരു ജന്തുവല്ലേ ഞാന്‍ . കമ്പോളത്തില്‍ ലേലത്തിനു വച്ച ഒരു ഉരു. വ്യവഹാരത്തിന്‌ വിലയൊക്കെണം. വിലയൊക്കുമോ എന്നു നോക്കാന്‍ നാളെ ഒരു കൂട്ടര്‍ വരുന്നുണ്ട്‌. മഹാത്ഭുതങ്ങളൊന്നും സംഭവിച്ചാല്‍ ....“
  (സംഭവിച്ചാൽ എന്നല്ല,‘സംഭവിച്ചില്ലേൽ’ എന്നല്ലെ ശരി...?)

  നാമെത്ര പുരോഗമിച്ചാലും ഈയൊരു കാര്യത്തിനു മാത്രം ഒരു പുരോഗതിയും വരുമെന്നു തോന്നുന്നില്ല.

  കഥ നന്നായിരിക്കുന്നു.
  ആശംസകൾ....

  ReplyDelete
 17. വെറുതെ ഇരുന്ന എന്നെ മരണത്തെ കുറിച് ഓര്പിച്ചു...മരണം വാതില്‍കല്‍ ഒരു നാള്‍ മഞ്ചലുമായി.....

  ReplyDelete