Saturday, September 29, 2012

കള്ളുഷാപ്പിലെന്താ ലീഗിനു കാര്യം?


മുസ്ലിം ലീംഗ്‌ അങ്ങിനെയാണ്‌. തങ്ങളുടെ അണികളാരും താന്ന തരം കള്ളടിക്കരുത്‌ എന്നവര്‍ക്ക്‌ നിര്‍ബന്ധമുണ്ട്‌. പകരം അവരൊക്കെ മുന്തിയ തരം സ്വദേശീ മൈഡ് വിദേശികളടിക്കണം. അതാണ്‌ ലീഗിന്റെ സ്റ്റാറ്റസ്‌. 

സ്റ്റാറ്റസ്‌ ഉയര്‍ത്തുന്ന കാര്യത്തില്‍ മുസ്ലിം ലീഗിന്റെ നേതാക്കന്‍മാര്‍ പണ്ടേ മിടുക്കന്‍മാരാണ്‌. വെറും മിടുക്കന്‍മാരെന്നു പറഞ്ഞാല്‍ പോര. ബഹുമിടുക്കന്‍മാര്‍... 

ഈ ലോകത്തില്‍ ഓരോ കാര്യങ്ങള്‍ക്കും ഓരോ തലസ്ഥാനമുണ്ടല്ലോ. അതില്‍ മദ്യപാനത്തിന്റെ തലസ്ഥാനം കേരളമാണെന്ന്‌ പറഞ്ഞാല്‍ , സത്യത്തില്‍ അത് തികച്ചും ഒരു അപമാനമാനെങ്കിലും,  അതില്‍ വലിയ അതിശയോക്‌തിയൊന്നും ഇല്ല. സായിപ്‌ കള്ള്‌ കുടിക്കും. അത്‌ വേറെ കാര്യം. ഒരൌണ്‍സ്‌ മദ്യത്തില്‍ അയാളുടെ തലയോളം വലിപ്പമുള്ള ഒരു ഐസുകട്ടയിട്ട്‌, അത്‌ Dilute ചെയ്‌ത്‌, വളരെ പതുക്കെ സിപ്പ്‌ ചെയ്‌ത്‌ കഴിക്കുന്ന ആ കുടിയേയും, ഒട്ടകം വെള്ളം കുടിക്കുന്നത്‌ പോലെ കള്ളടിക്കുന്ന മലയാളിയുടെ കുടിയും തമ്മില്‍ താരതമ്യം ചെയ്‌താല്‍ , അതൊരു മഹാപാപമായിപ്പോകുമോ എന്ന്‌ ഞാന്‍ ന്യായമായും സംശയിക്കുന്നു. 

സായിപിന്റെ നാട്ടിലുമുണ്ട്‌ കുടിച്ച്‌ കോണ്‍ തെറ്റി വശളായി നടക്കുന്ന ആളുകള്‍. നമ്മുടെ നാട്ടില്‍ മാനം മര്യാദക്കു കള്ളുസേവിക്കുന്ന മഹാന്‍മാരില്ലേ? അവരെ പോലെ വിരലിലെണ്ണാവുന്നവര്‍ മാത്രം. 

സംഗതി ഇതൊന്നുമല്ലല്ലോ നമ്മുടെ വിഷയം. നമ്മുടെ വിഷയം മുസ്ലിം ലീഗിന്റെ പുതിയ ആവിശ്യമാണ്. അതായത്‌ കള്ളുഷാപ്പുകളുടെ മറവില്‍ ചാരായവിപണനം നടക്കുന്നതിനാല്‍ കള്ളുഷാപ്പുകള്‍ തന്നെ അങ്ങ്‌ പൂട്ടണം എന്നതാണ്‌ അവരുടെ മുറവിളി. ക്ഷമിക്കണം മുസ്ലിം ലീഗ്‌ ഒറ്റക്കൊന്നുമല്ല. ബഹുമാനപ്പെട്ട ഹൈകോടതിയും കേരളത്തിന്റെ സ്വന്തം മാലാഖ പിള്ളേച്ചനും കൂട്ടിനുണ്ട്‌. എല്ലാവര്‍ക്കും ഒരൊറ്റ ആവിശ്യമേ ഉള്ളൂ. കള്ളു ചെത്ത്‌ വ്യവസായം നിര്‍ത്തലാക്കൂ. പാവം കള്ളു കുടിയന്‍മാരെ രക്ഷിക്കൂ. എന്തൊരു നല്ല ആവിശ്യം!!!

സത്യം പറഞ്ഞാല്‍ ഈ കള്ളു കുടി, അതിനിയിപ്പോള്‍ വിദേശിയായാലും സ്വദേശിയായാലും ഒരു തരം തരംതാന്ന പരിപാടിയാണ്‌. കള്ളുകുടിയന്‍മാര്‍ ക്ഷമിച്ചില്ലെങ്കിലും തന്തക്ക്‌ വിളിക്കാതിരിക്കുക. (വെറുതെ ഒരാഗ്രഹം). സാധാരണ ഒരു മനുഷ്യന്‌ ഭ്രാന്ത്‌ പിടിച്ചാല്‍ , ബുദ്ധി ഭ്രമം സംഭവിച്ചാല്‍ , അവന്റെ വീട്ടുകാര്‍ അവനെ കാശ്‌ ചിലവിട്ട്‌ ചികിത്സിപ്പിക്കും. എന്നാല്‍ ഒരു മദ്യപാനി ചെയ്യുന്നതെന്താണ്‌. കാശ്‌ അങ്ങോട്ട്‌ കൊടുത്തിട്ട്‌ സ്വന്തം ബുദ്ധിയെ നശിപ്പിക്കുന്നു. ഓര്‍ത്താല്‍ ഇതാണ്‌ ഇമ്മിണി ബല്ല്യ പിരാന്ത്‌. മദ്യപാനത്തോടും മദ്യപാനികളോടും പൊതുവെ എനിക്കൊരു വെറുപ്പുണ്ട്‌. അതു കൊണ്ട്‌ പറഞ്ഞു എന്നേ ഉള്ളൂ. 

ഇന്ന്‌ കേരളത്തിലെ കുടുംബങ്ങള്‍ നേരിട്ട്‌ കൊണ്ടിരിക്കുന്ന സാമൂഹിക തിന്‍മകള്‍ ഒരു വലിയ വിപത്തു തന്നെയാണ്‌ പുരുഷന്‍മാരുടെ മദ്യപാനം. ഭയക്കേണ്ട, കേരത്തിലെ സ്‌ത്രീകള്‍ മത്സരത്തിന്‌ തയ്യാറെടുത്ത്‌ കഴിഞ്ഞിരിക്കുന്നു. ആ വകയിലും ചില കുപ്പികള്‍ ഇപ്പോള്‍ പോട്ടിക്കപെടുന്നുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഇന്ന്‌ മുസ്ലിം ലീഗ്‌ ചെയ്യേണ്ടത്‌, കള്ളു ഷാപ്പ്‌ വ്യവസായങ്ങള്‍ക്കെതിരെ ഇത്തരം ഉടായിപ്പ്‌ വിളംബരങ്ങള്‍ ഇറക്കുകയല്ല. പകരം അണികള്‍ക്കിടയില്‍ മദ്യപാനത്തിനെതിരെ ബോധവല്‍ക്കരണം നടത്തുകയാണ്‌ വേണ്ടത്‌. അതിനുള്ള ആര്‍ജവവും തന്തേടവും മുസ്ലിം ലീഗിന്റെ നേതാക്കന്‍മാര്‍ക്കുണ്ടായാല്‍ , കോണിയിലൂടെ കേറി അങ്ങ്‌ സ്വര്‍ഗത്തിലേക്കെത്താമെന്ന്‌ വിശ്വസിക്കുന്ന ചില മൊയന്തന്‍മാരെങ്കിലും കള്ളു കുടി നിര്‍ത്തി എന്നു വരും. അങ്ങിനെയാണെങ്കില്‍ അതൊരു സല്‍പ്രവര്‍ത്തിയായിരിക്കും. സമുദായത്തിനോ അണികള്‍ക്കോ അത്രവലിയ നന്‍മയൊന്നും പ്രധാനം ചെയ്യാത്ത അഭിനവ മുസ്ലിം ലീഗിന്‌ ഇങ്ങിനെ ഒരു സല്‍കാര്യം ചെയ്യാവുന്നതെ ഉള്ളൂ. കാരണം പാര്‍ട്ടിക്ക്‌ സ്വന്തമായി കള്ളു തൊഴിലാളി യൂനിയനുകള്‍ ഒന്നും ഇല്ലല്ലൊ. 

മദ്യപാനം നിര്‍ത്തലാക്കേണ്ട ഒന്നു തന്നെയാണ്‌. മനുഷ്യന്‌ ഒരു ഗുണവും കിട്ടാത്ത ഒരു സാധനം. എന്നാല്‍ തിന്‍മയാണെങ്കിലോ ഇഷ്ടം പോലെയുണ്ട്‌ താനും. ഒരു മതിഭ്രമത്തിനു വേണ്ടി സ്വന്തം പോകറ്റിലെ കാശ്‌, അതും തന്റെ മക്കള്‍ക്ക്‌ അരി വാങ്ങിക്കാനുള്ള നയിച്ചുണ്ടാക്കിയ കാശ്‌ കളഞ്ഞു കുളിക്കുന്ന മനുഷ്യരെ വിഢികള്‍ എന്നല്ലാതെ മറ്റെന്താണ്‌ വിളിക്കേണ്ടത്‌? കൂലിപ്പണിക്കാരനായ ഓരോ മലയാളിയും എകദേശം നാന്നൂറും അഞ്ഞൂറും രൂപയ്ക്ക്‌ പണി ചെയ്യുന്നുണ്ട്‌. അതില്‍ മുക്കാല്‍ ഭാഗവും കള്ളിനായി ചിലവഴിക്കാന്‍ ഇവര്‍ക്കെന്താ ഇത്ര വലിയ നേര്‍ച്ചക്കടം? മദ്യവും മയക്കുമരുന്നും, മലയാളിയുടെ ഉപഭോക്‌ത സംസ്ക്കാരവും കൂടിച്ചേര്‍ന്നാണ്‌ യുവജനങ്ങളെ വഴി തെറ്റിച്ച്‌ കള്ളക്കടത്ത്‌, നിയമ ലംഘനങ്ങള്‍ , ക്വട്ടെഷന്‍ തെണ്ടിത്തരം എന്നിവയിലേക്ക്‌ വലിച്ചിഴച്ച്‌ കൊണ്ടു പോയത്‌. 

ചെറുപ്പക്കാര്‍ക്ക്‌ പണം വേണം. അവന്‌ കള്ളടിച്ച്‌ പൂക്കുറ്റിയാവാന്‍ . പൊടി വലിക്കാന്‍ . പെണ്ണു പിടിക്കാന്‍ . ചെത്തി നടക്കാന്‍ . ഏറ്റവും മുന്തിയ ആഢംബര വസ്‌തുക്കള്‍ വാങ്ങിക്കാന്‍ . നേരെ ചൊവ്വേ അദ്ധ്വാനിച്ചാലൊന്നും അതിന്‌ കാശ്‌ തികയില്ല. അപ്പോള്‍ പിന്നെ ഒരു കൊച്ചു പിച്ചാത്തിയുമായി അങ്ങിറങ്ങിക്കൊള്ളും. 

നശിച്ചു കഴിഞ്ഞിരിക്കുന്ന കേരളം. അതിന്റെ എല്ലാ അര്‍ത്ഥത്തിലും. 

ലീഗുകാരേ, നിങ്ങള്‍ക്ക്‌ ചെത്തു കള്ളിനോട്‌ മാത്രമല്ലല്ലോ പഥ്യം? എങ്കില്‍ നിങ്ങള്‍ നിങ്ങളുടെ നേതാക്കന്‍മാരുടെ ആഗ്രഹം പോലെ കള്ളു കുടി ഉപേഷിക്കുക. ചെത്തു കള്ള്‌ മാത്രമല്ല. വാറ്റു കള്ളും. പല ലീഗ്‌ നേതാക്കന്‍മാരുടെ മക്കളും അവരുടെ സില്‍ബന്ധികളും പനമെരുക്കളാണെന്ന്‌ നമുക്കറിയാം. അപ്പോള്‍ പിന്നെ നിങ്ങള്‍ കുടി നിറുത്തിയാല്‍ തന്നെ കേരളത്തില്‍ നാലിലൊന്ന്‌ കുടി നിന്നോളും. അല്ലെങ്കില്‍ പിന്നെ നിങ്ങളുടെ നേതാക്കന്‍മാര്‍ക്ക്‌ നല്ല അണ്ടിക്കുറപ്പ്‌ വേണമായിരുന്നു. പറയുന്ന പ്രവര്‍ത്തി തന്നെ ചെയ്യാന്‍.. ഇതിപ്പോള്‍ രാഷ്ട്രീയക്കാരനായിപ്പോയതു കൊണ്ട്‌ പറയുന്ന പ്രവര്‍ത്തി അറിയാതെ പോലും ചെയ്യണം എന്നില്ലല്ലൊ?

9 comments:

 1. സത്യം പറഞ്ഞാല്‍ ഈ കള്ളു കുടി, അതിനിയിപ്പോള്‍ വിദേശിയായാലും സ്വദേശിയായാലും ഒരു തരം തരംതാന്ന പരിപാടിയാണ്‌. കള്ളുകുടിയന്‍മാര്‍ ക്ഷമിച്ചില്ലെങ്കിലും തന്തക്ക്‌ വിളിക്കാതിരിക്കുക. (വെറുതെ ഒരാഗ്രഹം).

  ReplyDelete
 2. കള്ള് കുടി നിര്‍ത്തണം എന്ന ആവശ്യം ന്യായം തന്നെയാണ്. ഇക്കാര്യത്തില്‍ ലീഗ് പറഞ്ഞതിനോട് എനിക്ക് വിയോജിപ്പില്ല. സര്‍ക്കാര്‍ ഇടപെട്ട് കൊണ്ട് ഒരു സമ്പൂര്‍ണ മദ്യ നിരിധാനം ഒറ്റയടിക്ക് സാധ്യമാകില്ല എങ്കില്‍ കൂടി ഈ പ്രസ്താവനയെ പോസിടിവ് ആയി മാത്രമേ കാണാന്‍ ഞാന്‍ താല്പ്പര്യപ്പെടുന്നുള്ളൂ . അബൂതി പറഞ്ഞ പോലെ ആദ്യം അണികളിലെ കള്ള് കുടി നിര്‍ത്താന്‍ ശ്രമിക്കണം എന്നതിനോടും യോജിക്കുന്നു. പൊതുവായ ഒരു നിയമം വന്നാല്‍ അതും നില്‍ക്കുകയില്ലേ ?

  ഹരിത രാഷ്ട്രീയമായാലും , ലീഗ് രാഷ്ട്രീയമായാലും, ജനകീയമായ മുന്നേറ്റവും പൊതു താല്‍പ്പര്യങ്ങളും സം രക്ഷിക്കപ്പെടുന്നുവെങ്കില്‍ അത്തരം രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കണം എന്ന് മാത്രമേ എനിക്ക് അഭിപ്രായമുള്ളൂ ...

  ഈ തുറന്നെഴുത്തിനു ആശംസകള്‍ അബൂതി..

  ReplyDelete
 3. മദ്യപാനം നിര്‍ത്തേണ്ടതു തന്നെയാണ് അത് ആരും കൊണ്ടുവന്നാലും ഞാന്‍ സപ്പോര്‍ട്ട് ചെയ്യും!! അതില്‍ ഏതു ജാതിക്കാരന്‍,ഏതു മതക്കാരന്‍,ഏതു നിറമുള്ള പതാകക്കാരന്‍ എന്ന് നോക്കില്ല!! തുലയട്ടേ.....!!

  ReplyDelete
 4. Regulated drink of alcohol is good for health and good for mind.
  I beg these politicians please do not ban toddy.

  ReplyDelete
 5. അന്നോണിച്ചേട്ടാ,,,വളരെ നല്ലതാണ്‌ കേട്ടൊ.... മനസ്സിനും അതെ, ശരീരത്തിനും അതെ.. പല്ല കള്ളു കമ്പനികളുടേയും ഗവേഷണത്തില്‍ കള്ളോളം നല്ലൊരു വസ്തു ഭൂലോകത്തില്ല ചേട്ടാ... ഏതായാലും താങ്കള്‍ പേടിക്കേണ്ട. കേരളത്തില്‍ മദ്യം കല്‍പ്പാന്ത കാലത്തോളം നിരോധിക്കാനൊന്നും പോകുന്നില്ല. ഇതെല്ലാം രാഷ്ട്രീയക്കാരുടെ വെറും ചീറ്റലുകളല്ലേ...

  ReplyDelete
 6. ഒരു സമുതായം നശിക്കുന്ന വിശമാണ് മദ്യം

  ReplyDelete
 7. നിരോധനം എത്രകണ്ട് ഗുണം ചെയ്യും എന്നതില്‍ സംശയമുണ്ട്‌.

  ReplyDelete
 8. ശ്രീജിത്ത്‌ കൊണ്ടോട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ഇട്ട കമന്റു തന്നെ ഇവിടെയും ഇടുന്നു...ഞമ്മന്റെ ആള്‍ക്കാരോന്നും കള്ള് കുടിക്കില്ലല്ലോ! ലവരൊക്കെ മറ്റേത് മാത്രമേ കുടിക്കൂ....(ചോന്ന ബാര്‍ലി ബെള്ളം!) ഒരിക്കല്‍ ഒരു ആഘോഷകാലത്ത് കൊല്ലത്തെയും ചാലക്കുടിയും പിന്നിലാക്കി ഒരു മലപ്പുറം പട്ടണം മുന്നിലെത്തിയത്‌ ഇതോടു ചേര്‍ത്ത് വായിക്കുക.

  ReplyDelete
 9. ഫീനിക്സ് പറഞ്ഞതേ എനിക്കും പറയാനുള്ളൂ

  ലീഗിന്റേത് അണികളുടെ കണ്ണിൽ പൊടിയിടാനുള്ള ഒരു ശ്രമം. ..

  സമ്പൂർണ്ണ മദ്യ നിരോധനവും നിർമ്മാർജ്ജനവുമെന്നും നടപ്പില്ല മോനേ

  മദ്യ വർജ്ജനത്തെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്

  ReplyDelete