Friday, October 12, 2012

മലാലാ, പ്രിയപ്പെട്ട മാലാഖ!


നീ പറഞ്ഞതെന്തായിരുന്നു? നിന്റെ ആഹ്വാനം എന്തിനായിരുന്നു? നിന്റെ രക്‌തത്തിനായി അവര്‍ ദാഹിച്ചതെന്തിനായിരുന്നു? നിന്റെ തലച്ചോര്‍ തിന്നുവാനോടിയെത്തിയ വെടിയുണ്ടയ്ക്ക്‌ ഇനിയും നിന്റെ പ്രകാശം, നിന്റെ ജീവനെ, നിന്റെ നാഡിഞ്ഞരമ്പുകളില്‍ നിന്നും കട്ടെടുക്കാനായിട്ടില്ല. കെടുത്തിക്കളയാനായിട്ടില്ല. ഇതെഴുതുന്ന ഈ നിമിഷം വരെ. ഇനി അതിനാവാതെയുമിരിക്കട്ടെ. നീ ജീവിക്കണം. നിന്നെ അക്രമിച്ചവരുടെ മുന്നില്‍, അന്തസായി, വിദ്യാസമ്പന്നയായി നീ ജീവിക്കണം. അത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. 

തങ്ങളിലെ ഇരുട്ടിനാല്‍ മറ്റുള്ളവരുടെ ജീവിതത്തിന്റെയും ആത്മാവിന്റെയും പ്രകാശം കെടുത്തിക്കളയാനത്രെ, നിന്റെ ശത്രുക്കള്‍, നിന്റെ തലക്കും നെഞ്ചിനും നിറയൊഴിച്ചത്‌. 

മലാലാ, നീയെത്ര ചെറുപ്പമാണ്‌. കേവലം ഒരു കുട്ടി, ഒരു പെണ്‍ക്കുട്ടി മാത്രം. നാസികളാല്‍ വേട്ടയാടപ്പെട്ട യാഹുദര്‍ക്കിടയില്‍ നിന്നൊരു പെണ്‍ക്കിടാവ്‌ തന്റെ ഡയറി ലോകത്തിനു മുന്നില്‍ തുറന്നു വച്ചപ്പോള്‍, ആ ഡയറിത്താളുകളില്‍ തുടിക്കുന്ന ഒരു ഹൃദയം പൊതിഞ്ഞ്‌ സൂക്ഷിക്കപ്പെട്ടിരുന്നു. അതിന്റെ ധമനികളില്‍ നിന്നും ഇപ്പോഴും രക്‌തം ചീറ്റുന്നുണ്ട്‌. 

പ്രിയപ്പെട്ട കുഞ്ഞനുജത്തീ, നീ ആയുധങ്ങള്‍ മിനുക്കി രാകിയിരുന്നില്ലല്ലോ? നീ യുദ്ധ സന്നാഹങ്ങളൊരുക്കുകയോ, അണികളുടെ മുമ്പില്‍ പതാകവഹിച്ച്‌ നടക്കുകയോ ചെയ്‌തില്ലല്ലോ? എന്നിട്ടും അവര്‍ നിന്റെ നേരെ നിറയൊഴിച്ചു. നിഷ്ഠൂരമായി തന്നെ. നീ നിന്റെ ഡയറിത്താളുകളില്‍ എഴുതി വച്ച നിന്റെ അവകാശങ്ങള്‍ അവര്‍ക്ക്‌ ദഹിച്ചില്ല. നോക്കൂ, നീചന്‍മാര്‍ക്ക്‌ എല്ലായിടങ്ങളിലും ഒരേ മുഖം! ഒരേ സ്വഭാവം! 

പെണ്‍ക്കുട്ടികള്‍ക്ക്‌ വിദ്യഭ്യാസം നിഷേധിച്ച കാടത്തത്തിനെതിരെ നീ കുറിച്ചിട്ട നാലേ നാലു വരികള്‍, ആ കിരാതന്‍മാരുടെ നെഞ്ചില്‍ തറച്ച നാലായിരം അസ്‌ത്രങ്ങളായിരുന്നു. അവരെ ധിക്കരിച്ച്‌ നീ വിദ്യാലയത്തില്‍ പോയതും അവര്‍ക്ക്‌ സഹിച്ചില്ല. നീ ജീവിച്ചു തുടങ്ങിയിരുന്നില്ല എന്നു പോലും അവരോര്‍ത്തില്ല. നിന്റെ സ്വപ്നങ്ങളിലേക്ക്‌ നിറങ്ങള്‍ ചാലിച്ചു തുടങ്ങിയിട്ടെ ഉണ്ടാവുകയുള്ളൂ. നീ കിനാവുകള്‍ കാണാന്‍ തുടങ്ങുന്നതേ ഉണ്ടാവൂ. അതും അവരോര്‍ത്തില്ല. പരിശുദ്ധനായ നാഥന്റെ ഗ്രന്ഥം അവര്‍ പാരായണം ചെയ്യുന്നു. പിശാചില്‍ നിന്നും അവരതിന്റെ അര്‍ത്ഥവും വ്യാഖ്യാനവും പഠിക്കുന്നു. പിശാച്‌ അവര്‍ക്ക്‌ അവരുടെ പ്രവര്‍ത്തികള്‍ മനോഹരങ്ങളായി കാണിച്ചു കൊടുക്കുന്നു. അവര്‍ നിന്ദ്യരാണ്‌ മലാലാ. ലോകത്തിന്റെ മുമ്പില്‍ അവര്‍ നിന്ദ്യരും ശപിക്കപ്പെട്ടവരുമാകുന്നു. അവര്‍ക്ക്‌ അവരുടെ രക്ഷിതാവിന്റെ അടുത്തേക്ക്‌ മടങ്ങേണ്ടി വരും. അന്ന്‌ രക്ഷിതാവ്‌ നിന്റെ നീതി നിനക്ക്‌ പൂര്‍ത്തീകരിച്ചു തരട്ടെ. 

നീ സ്വപ്നം കണ്ടത്‌ നിനക്കു വേണ്ടി മാത്രമായിരുന്നില്ല. നീ പുസ്‌തകത്താളുകളില്‍ നിന്നും അക്ഷരങ്ങള്‍ പെറുക്കിയെടുക്കാന്‍ നോക്കിയത്‌ നിനക്കു വേണ്ടി മാത്രമായിരുന്നില്ല. നീ നിന്റെ ഡയറിത്താളുകളില്‍ പകര്‍ത്തി വച്ച വേദനകള്‍ നിന്റെതു മാത്രമായിരുന്നില്ലല്ലോ? നിന്റെ കൂട്ടുകാരുടെ വേദനകള്‍ കൂടിയായിരുന്നില്ലേ? നിന്റെ കൊച്ചു ഹൃദയം മറ്റുള്ളവര്‍ക്കു വേണ്ടി കൂടി വേദനിച്ചു. നിന്റെ മാതാപിതാക്കള്‍ പുണ്യം ചെയ്‌തവരാണ്‌ മലാലാ. പുണ്യം ചെയ്‌തവര്‍. 

നിനക്കറിയുമോ മലാലാ. മുസ്ലിമീങ്ങളുടെ പ്രിയപ്പെട്ട മാതാവ്‌, മുത്ത്നബിയുടെ പ്രിയപ്പെട്ട സഹധര്‍മിണി, ഹസ്രത്ത്‌ ആയിഷാ റദിയല്ലാഹു അന്‍ഹ, മദീനയിലെ സ്‌ത്രീകളെ പുകഴ്ത്തി പറയാറുണ്ടായിരുന്നു. മദീനയിലെ സ്‌ത്രീകളെ എനിക്ക്‌ വലിയ ഇഷ്ടമാണ്‌. കാരണം, അവര്‍ വിദ്യ കരസ്ഥമാക്കുന്നതില്‍ മറ്റെല്ലാ സ്‌ത്രീകളെക്കാളും മുമ്പിലാണ്‌ എന്നായിരുന്നു അവര്‍ പറയാറുണ്ടായിരുന്നത്‌. ബദര്‍ രണാങ്കണത്തില്‍ നിന്നും പിടിക്കപ്പെട്ട യുദ്ധ തടവുകാരില്‍ ചിലര്‍ക്ക്‌ മോചനദ്രവ്യം നിശ്ചയിച്ചത്‌, മദീനയിലെ എഴുത്തും വായനയും അറിയാത്ത പത്തു കുട്ടികളെ വീതം എഴുത്തും വായനയും പഠിപ്പിക്കുക എന്നതായിരുന്നു. ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത മഹത്തായ തീരുമാനമായിരുന്നു അത്‌. 

നിങ്ങള്‍ ചൈനയില്‍ പോയിട്ടാണെങ്കിലും വിദ്യ അഭ്യസിക്കൂ എന്നു പറഞ്ഞ പ്രവാചകനെ അവര്‍ക്കറിയില്ല. ബാഗ്ദാദില്‍ നിന്നൊരു സ്‌ത്രീക്ക്‌ മക്കയിലേക്ക്‌ സഞ്ചരിക്കാന്‍ തന്റെയും തന്റെ ഒട്ടകത്തിന്റെയും കാര്യത്തില്‍ അല്ലാഹുവിനേയും ചെന്നായ്ക്കളേയുമല്ലാതെ മറ്റൊന്നിനേയും (മനുഷ്യരെ) ഭയക്കേണ്ടാത്ത ഒരു കാലമാണ്‌ എന്റെ സ്വപ്നമെന്ന്‌ പറഞ്ഞ പ്രവാചകനേയും അവര്‍ക്കറിയാന്‍ വഴിയില്ല. അറിവ്‌ സത്യവിശ്വാസിയുടെ കളഞ്ഞു പോയ മുതലാണ്‌ അറിവ്‌, അത്‌ നിങ്ങള്‍ കാണുണിടത്തു വച്ച്‌ കരസ്ഥമാക്കൂ എന്നാഹ്വാനം ചെയ്‌ത പ്രവാചകനേയും അവര്‍ക്കറിയാന്‍ സാധ്യതയില്ല. കാരണം ചുറ്റുമുള്ള പ്രകാശം കെടുത്തിക്കളഞ്ഞ്‌ സ്വയമുണ്ടാക്കിയ ഇരുട്ടില്‍ ജീവിക്കുന്ന അവര്‍ക്കിതൊന്നും അറിയാന്‍ വഴിയില്ല. അവരുടെ ഹൃദയത്തില്‍ ഇരുട്ടാണ്‌ മലാലാ.. കടലിന്റെ അഗാധതകളിലെ ഇരുട്ട്‌ പോലെ മേല്‍ക്കുമേല്‍ അട്ടിയാക്കപ്പെട്ട ഇരുട്ട്‌. എങ്കിലും ചരിത്രം അവര്‍ക്ക്‌ മാപ്പ്‌ നല്‍കില്ല മലാലാ.. നിന്നെ ചരിത്രം മറക്കുകയുമില്ല.. 

13 comments:

 1. പ്രിയപ്പെട്ട കുഞ്ഞനുജത്തീ, നീ ആയുധങ്ങള്‍ മിനുക്കി രാകിയിരുന്നില്ലല്ലോ? നീ യുദ്ധ സന്നാഹങ്ങളൊരുക്കുകയോ, അണികളുടെ മുമ്പില്‍ പതാകവഹിച്ച്‌ നടക്കുകയോ ചെയ്‌തില്ലല്ലോ? എന്നിട്ടും അവര്‍ നിന്റെ നേരെ നിറയൊഴിച്ചു. നിഷ്ഠൂരമായി തന്നെ. നീ നിന്റെ ഡയറിത്താളുകളില്‍ എഴുതി വച്ച നിന്റെ അവകാശങ്ങള്‍ അവര്‍ക്ക്‌ ദഹിച്ചില്ല. നോക്കൂ, നീചന്‍മാര്‍ക്ക്‌ എല്ലായിടങ്ങളിലും ഒരേ മുഖം! ഒരേ സ്വഭാവം!

  ReplyDelete
 2. വെളിച്ചം ദുഃഖമാണുണ്ണി..
  ഇരുട്ടല്ലൊ സുഖപ്രദം..
  എന്നതുപോലാണ് ആ കാട്ടാളന്മാർ.
  മനുഷ്യർ കണ്ണുതുറക്കാൻ അവർ സമ്മതിക്കില്ല.
  എല്ലാം അവരിലൂടെ മാത്രമേ കാണാവൂ...!!

  ReplyDelete
 3. IQR'A എന്ന് ആദ്യ വചനം പഠിപ്പിച്ച ഒരു ഗ്രന്ഥം കയ്യിലുള്ളവര്‍ ചെയ്ത ഇതിനെ കാടത്തം,തെമ്മാടിത്തരം എന്നേ പറയാന്‍ പറ്റൂ...പക്ഷെ സോഷ്യല്‍ സൈറ്റിലെ കപട അഭിനവന്‍ മാര്‍ ലിങ്കാ‍പ്പിയും പൊക്കി പിടിച്ച് മൊത്തം താറടിക്കുന്നത് കാണുമ്പോള്‍ അറിയാതെ ചോദിച്ച് പോകുന്നു അവന്റെയൊക്കെ ............!!!

  ReplyDelete
 4. കുഞ്ഞുങ്ങള്‍ക്ക്‌ നേരെ വാളെടുക്കുന്നവന്‍ ദൈവത്തെ തന്നെയാണ് വെട്ടുന്നത്
  കാരണം കുഞ്ഞുങ്ങള്‍ തന്നെയാണ് ദൈവം

  നന്നായി എഴുതി അബൂതി
  ആശംസകള്‍

  ReplyDelete
 5. ഇന്ന് മതത്തെ കുറിച്ച് ഒന്നും അറിയാത്തവര്‍ മതത്തിന് വാ തോരാതെ പ്രസങ്ങിക്കുന്നു.നല്ല വാക്കുകളെ വളച്ചൊടിച്ചു അവര്‍ രക്തം ചിന്തുന്നു.കഷ്ടം.നല്ല വിശ്വാസികള്‍ ഒന്നും ചെയ്യാനില്ലാതെ പകച്ചു നില്‍ക്കുന്നു.കാരണം നിയന്ത്രണം ഇപ്പോള്‍ അവരില്‍ നിന്നും കൈ വിട്ടു പോയി കൊണ്ടിരിക്കുന്നു.

  ReplyDelete
 6. "പരിശുദ്ധനായ നാഥന്റെ ഗ്രന്ഥം അവര്‍ പാരായണം ചെയ്യുന്നു. പിശാചില്‍ നിന്നും അവരതിന്റെ അര്‍ത്ഥവും വ്യാഖ്യാനവും പഠിക്കുന്നു."

  ReplyDelete
 7. ഈ വാക്കുകള്‍ അവസരോചിതമായി.അഭിനന്ദനങ്ങള്‍ .
  മലാലക്ക് പ്രാര്‍ഥനകള്‍

  ReplyDelete
 8. മനസ്സില്‍ സഹജീവികളോട് ദയയും സ്നേഹവും ഇല്ലാത്ത കുറേ കാട്ടാളന്മാര്‍ ഒരു മഹത്തായ മതത്തേയും ഈശ്വരനെത്തന്നെയും തങ്ങളില്‍ നിന്നകറ്റുകയാണ് ചെയ്യുന്നത്! ദൈവത്തിന്‍റെ നാമത്തില്‍ എന്നും പറഞ്ഞ് ഇവര്‍ കാട്ടുന്ന പൈശാചികതയും പാപവും, എത്ര പാപനാശിനിയില്‍ കുളിച്ചാലും തീരില്ല...

  അറിവിന്‍റെ കൈത്തിരിവെട്ടം മോഹിച്ചുവെന്ന ഒരു കുറ്റത്തിന് മരണത്തിന്‍റെ പടിവാതില്‍ക്കല്‍ തള്ളിയിട്ട ആ കുരുന്നു ജീവന് തുണയായി അനേകായിരങ്ങളുടെ പ്രാര്‍ത്ഥനയും സ്നേഹവും ഉണ്ടെന്നിരിയ്ക്കേ അവള്‍ ജീവിതത്തിലേയ്ക്ക് തിരിച്ചു വരുമെന്ന് ആശിയ്ക്കുന്നു. അതിനായി ഞാനും പ്രാര്‍ത്ഥിക്കുന്നു..

  ReplyDelete
 9. വാക്കുകൾക്ക് ആയുധങ്ങളേക്കാൾ മൂർച്ചയുണ്ട്. മലാല തിരിച്ചു വരും, ആയുധങ്ങളെ തോൽപ്പിക്കുവാൻ.

  ReplyDelete
 10. അനീതിക്കെതിരെ ശബ്ദമുയര്തിയതിനാല്‍ പീഡിതയായവരുടെ കൂട്ടത്തിലേക്ക് ഒരാള്‍ കൂടി . പ്രിയപ്പെട്ട മലാല നിനക്ക് വേണ്ടി പ്രാര്‍ത്ഥനകള്‍ മാത്രം .

  ReplyDelete
 11. അബൂതിയുടെ ഈ വാക്കുകള്‍ ആര്‍ക്കെങ്കിലും നന്മക്കായെങ്കില്‍ അതാണ് അബൂതിയുടെ വിജയം.

  ReplyDelete
 12. മാലാല മനസ്സില്‍ ഒരു നൊമ്പരമുണ്ടാക്കി .ആ കുഞ്ഞു മാലാഖയുടെ സ്വ പ്നങ്ങള്‍ കവര്‍ന്നെടുത്ത കാട്ടാളന്‍മാര്‍ തുലയട്ടെ .ആ കുഞ്ഞു മാല്ഖക്ക് വേണ്ടി ഹൃദയം കൊണ്ട് ഒരു മെഴുതിരി കത്തിക്കട്ടെ ഒരിക്കലും അണയാത്ത മെഴുകുതിരി . ഈ അക്ഷങ്ങള്‍ക്ക് എല്ലാ ആശംസകളും ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 13. മലാല ഒരു പ്രതീകം മാത്രമാണ്
  അതിന്റെ അലയൊലികള്‍ തീര്‍ച്ചയായും നാം കാണുക തന്നെ ചെയ്യും
  കാലികവും പ്രസക്തവും ആയ ലേഖനം

  ReplyDelete