Wednesday, October 17, 2012

മോഡേണ്‍ യക്ഷിയും സദാചാര ഗുണ്ടകളും!


വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നു. കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത്‌ വിരല്‍ വച്ചു. ചിലരൊക്കെ ജില്ലാ ആശുപത്രിയിലേക്കോടി. ചെന്നവരില്‍ ചില ഭാഗ്യവാന്‍മാര്‍ ആ കാഴ്ച്ച കണ്‍ക്കുളിര്‍ക്കെ കണ്ടു. 

ആശുപത്രി കിടക്കയില്‍ മലര്‍ന്ന്‌ കിടക്കുകയാണവള്‍. ക്ഷീണിതയായിരുന്നു. എങ്കിലും ആളുകള്‍ ഭീതിയോടെയാണ്‌ നോക്കിയത്‌. കാരണം അവളൊരു യക്ഷിയാണ്‌. മനുഷ്യന്റെ ചോരയൂറ്റിക്കുടിക്കുന്ന യക്ഷി!

ക്വട്ടേഷന്‍ കുഞ്ഞാടുകള്‍ (ഇപ്പോള്‍ അവര്‍ക്കും സംഘടനയുള്ളതു കൊണ്ട്‌ ഇങ്ങിനെ പറഞ്ഞില്ലെങ്കില്‍ നാളെ ഹര്‍ത്താലാണ്‌) ആളുമാറി വെട്ടിയ ഒരു ഭാഗ്യദോഷി അവളുടെ കട്ടിലിന്റെ അപ്പുറത്ത്‌ കിടക്കുന്നുണ്ട്‌. അയാളുടെ കട്ടിലിനോടു ചാരി വച്ചിരിക്കുന്ന സ്ടാന്റില്‍ തൂക്കിയിട്ടിരിക്കുന്ന രക്‌തം നിറച്ച ബാഗിലേക്ക്‌ ഇടക്കിടക്കാ യക്ഷി കൊതിയോടെ നോക്കുന്നുണ്ട്‌. 

പാവം, അവളൊരു ദാഹിക്കുന്ന യക്ഷിയാണ്‌. 

കുരിശിനു പകരമാണെന്നു തോന്നുന്നു, യക്ഷിയുടെ കട്ടിലിന്റെ ഓരോ വശത്തുമായി ഒരു കമ്പോണ്ടറും ഒരു നയ്സും നില്‍ക്കുന്നുണ്ട്‌. അവരെ കാണുമ്പോഴൊക്കെ യക്ഷി കരണ്ടുബില്ല് കണ്ട വീട്ടുകാരെ പോലെ ഞെട്ടുകയും വിറക്കുകയും ചെയ്യുന്നുണ്ട്‌. 

സംഗതി കേരളത്തിലാണ്‌ നടന്നിരിക്കുന്നത്‌. കക്ഷി യക്ഷിയാണ്‌ എന്നൊന്നും പറഞ്ഞിട്ട്‌ കാര്യമില്ല. കേരളാ പോലീസിന്‌ സംഗതി കേസാക്കണം. പ്രതികളെ പിടിക്കണം. കോടതിയില്‍ ഹാജറാക്കണം. ആ വഴി കയ്യില്‍ നാലു ദംബിടി വരുന്ന കേസാണ്‌. ഉപേഷ വരുത്താനാവില്ല. 

മാത്രമല്ല, എച്ചികളായ മാധ്യമപ്പട അന്തിച്ചര്‍ച്ചകളില്‍ എന്തൊക്കെയാണ്‌ നിരൂപിച്ച്‌ കളയുക എന്നത്‌ പ്രവചിക്കാന്‍ സാക്ഷാല്‍ കാളൂര്‍ ഭട്ടതിരിപ്പാടിനു പോലും സാധ്യമല്ല. 

ഇതിനൊക്കെ പുറമെ യക്ഷി വിഷയം ആധുനികന്‍മാരായ പുരോഗമന സൈദ്ധാന്തികര്‍ വസ്‌ത്രീകരിച്ചു കളഞ്ഞ്‌ സ്വയമുടുക്കുകയും ചെയ്‌തിരിക്കുന്നു. അവരാശുപത്രിയുടെ മുമ്പില്‍ പ്ലക്കാര്‍ഡുകളുമായി കുത്തിയിരിപ്പു സത്യാഗ്രഹം തുടങ്ങിക്കഴിഞ്ഞു. 

സംഗതികളെല്ലാം ലൈവായിക്കാണിക്കാന്‍ സകലമാന ചാനലീന്നുമുള്ള ആളുകളും ക്യാമറയും കോലുമായി വന്നിട്ടുമുണ്ട്‌. 

സംഗതി ഒരു ലോകോത്തര പ്രശ്നം തന്നെ. ഒരു യക്ഷിക്ക്‌ ഈ നാട്ടില്‍ തനിക്കിഷ്ടമുള്ള വസ്‌ത്രം ധരിച്ച്‌ സ്വതന്ത്രയായി നടക്കാനാവില്ലെന്നോ? അന്തിയായാല്‍ പിന്നെ യക്ഷിക്കു പോലും സഞ്ചാരസ്വാതന്ത്ര്യമില്ലാത്ത നാടാണോ കേരളം? പിന്നെ നാം എന്തോന്ന്‌ സ്വാതന്ത്ര്യമാണ്  നേടിയത്‌? ആധുനികന്‍മാര്‍ വളഞ്ഞു നിന്ന്‌ മുദ്യാവാക്ക്യം വിളിക്കുകയാണ്‌. പോലീസുകാര്‍ക്ക്‌ എങ്ങിനെ ഇടപെടാതിരിക്കാനാവും? 

സിഐ ആറുമുഖന്‍ പിള്ള യഥാക്രമം കുരുശ്‌, ഓംകാരം, ചന്ദ്രക്കല എന്നവ ലോക്കറ്റുകളായി ഒരുമിച്ചുകോര്‍ത്തൊരു മാലയും കഴുത്തിലിട്ടാണ്‌ യക്ഷിയുടെ മൊഴയെടുക്കാന്‍ വന്നത്‌. കേരളത്തിലെ ആടിനും കോഴിക്കും വരെ മതവും ജാതിയും ഉള്ളപ്പോള്‍ യക്ഷിക്കും കാണും എന്തായാലും ഒരു മതം. ഏതു മതത്തില്‍ പെട്ട യക്ഷിയാനെങ്കിലും ഇതൊക്കെ കണ്ടു അടങ്ങിക്കൊളളും. യക്ഷിയുടെ ഉപദ്രവത്തിന്‌ ഡിപ്പാര്‍ട്ട്മെന്റില്‍  നിന്നും ബാറ്റയൊന്നും കൊടുത്തു തുടങ്ങിയിട്ടില്ലല്ലോ? 

അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റ്‌ മാനുഫെസ്റ്റോ കൂടി കയ്യില്‍ കരുതിയിട്ടുമുണ്ട്‌. അഥവാ യക്ഷി യുക്‌തിവാദിയാണെങ്കിലോ? യക്ഷി പിടിച്ചാലേ രക്ഷയില്ല. അപ്പോള്‍ പിന്നെ യുക്‌തിവാദിയായ യക്ഷി പിടിച്ചാലോ? 

ശിവ.. ശിവ.. ഓര്‍ക്കാനേ വയ്യ. 

ഇവ്വിധം മുന്നൊരുക്കങ്ങളുമായി വന്ന അദ്ദേഹം യക്ഷിയോട്‌ യഥാവിധി ഓരോ ചോദ്യങ്ങളിങ്ങനെ ചോദിക്കാന്‍ തുടങ്ങി. 

എന്താ പേര്‌?

അന്നോണീന്നാ.. 

അമീബ ബാക്ടീരിയ എന്നൊക്കെ കേട്ടിട്ടുണ്ട്‌. ഇതെന്തോന്ന്‌ പേരാ?

പേരില്ലാന്നാ പറഞ്ഞത്‌. ഞങ്ങള്‍ യക്ഷികള്‍ സ്വന്തമായി പേരിടാറില്ല. നിങ്ങള്‍ മനുഷ്യരാണ്‌ ഞങ്ങള്‍ക്ക്‌ പേരിടുന്നത്‌. 

അപ്പോള്‍ പേരു നോക്കി തീവ്രവാദിയാണോ അല്ലെയോ എന്ന്‌ തിരിച്ചറിയാനാവില്ല! ആട്ടെ, സ്വന്തമായി പേരില്ലെന്ന്‌ തെളിയിക്കുന്ന വല്ല രേഖകളും കയ്യിലുണ്ടോ? 

കൈരേഖയുണ്ട്‌

പോരാ.. പാസ്പോട്ടുണ്ടോ?

പാസ്പോട്ടോ? ഇല്ല. 

അപ്പോള്‍ രാജ്യമേതാണെന്നും അറിയില്ല. നിങ്ങള്‍ കുറേ രേഖകള്‍ ഹാജറാക്കേണ്ടി വരും. നിങ്ങള്‍ തീവ്രവാദിയോണോ അല്ലയോ എന്ന്‌ ഞങ്ങളെങ്ങിനെ തിരിച്ചറിയും? 

ഞാനൊരു പാവം യക്ഷിയാണ്‌?

ആട്ടെ. നിങ്ങളെങ്ങിനെ യക്ഷിയായി?

അതൊരു നീണ്ട കഥയാണ്‌. പണ്ട്‌ പണ്ട്‌.. ഒരുപാട്‌ പണ്ട്‌... 

നിര്‍ത്ത്‌.. നിര്‍ത്ത്‌. ഒരു കുഞ്ഞിക്കഥയാക്കി പറഞ്ഞാല്‍ മതി.. 

കുറേ കൊല്ലങ്ങള്‍ക്ക്‌ മുന്‍പ്‌, ഒരു കൊട്ടാരത്തിലെ വേലക്കാരിയായിരുന്നു ഞാന്‍. അവിടുത്തെ ഇളമുറത്തമ്പുരാന്‍ എന്നെ കേറി പ്രേമിച്ചു? 

എങ്ങോട്ട്‌ കേറിപ്രേമിച്ചു!!!????

അല്ല.. ഞങ്ങള്‍ പ്രേമിച്ചെന്ന്‌.. 

ഓകെ.. കണ്ടിന്യൂ... 

എന്തേനൂ!!!!!!?????

ഓ.. ബാക്കി കൂടി പറഞ്ഞു പണ്ടാറടങ്ങാന്‍.. 

ബാക്കിയെന്താ.. സാധാരണ പോലൊക്കെ തന്നെ.. കൊട്ടാരത്തിലെ കാരണവന്‍മാര്‍ എന്നെ ചവിട്ടുന്നു. എന്റെ ബോധം പോകുന്നു. ഞാന്‍ ചത്തെന്നു കരുതി അവരൊക്കെ എന്നെ കത്തിക്കാനായി ചിതയില്‍ വെക്കുന്നു. അപ്പോഴെനിക്ക്‌ ബോധം വരുന്നു. എന്നെ അവര്‍ ജീവനോടെ കത്തിക്കുന്നു. മൂന്നാം നാളില്‍ ഞാന്‍ യക്ഷിയായി പാട്ടൊക്കെ പാടി വരുന്നു. കൊട്ടാരത്തിലെ കാരണവാന്‍മാരെ മൊത്തം കൊല്ലുന്നു. അപ്പോഴേക്കും എങ്ങാണ്ടൂന്നോ ഒരു മന്ത്രവാദി വന്ന്‌ എന്നെ ആണിയിലാവാഹിച്ച്‌ ഒരു കാഞ്ഞിരമരത്തില്‍ തറക്കുന്നു. 

പിന്നെ നീയെങ്ങിനെ പുറത്തു വന്നു.. 

ഇന്നലെ ആ ദോഷ്യാനെറ്റിലെ ആ വസ്ത്രാലര്‍ജിയുള്ള അവതാരിക ആണി ഊരിയെടുത്തപ്പോള്‍ ഞാന്‍ സ്വാതന്ത്ര്യയായി. അവരേതോ റിയാലിറ്റി ഷോ  ചെയ്യുകയായിരുന്നു.

എന്നിട്ട്‌.. ?

എന്നെട്ടെന്താ? എന്നെ സ്വാതന്ത്ര്യയാക്കിയ അവതാരികയോടുള്ള സ്നേഹം കാരണം ഞാന്‍ ഞങ്ങളുടെ പരമ്പരാഗത വസ്‌ത്രങ്ങളായ വെള്ളസ്സാരിയും ബ്ലൌസുമൊക്കെ കളഞ്ഞ്‌, അവതാരികയെ പോലെ മോഡേണ്‍ വസ്‌ത്രമുടുത്തോണ്ടു നാട്ടിലേക്കിറങ്ങിയതാ. ആരുടെയെങ്കിലും ചോര കുടിച്ച്‌ ദാഹമൊന്ന്‌ മാറ്റാമെന്നു കരുതിയതായിരുന്നു. ??

എന്നിട്ടാരെയും കിട്ടിയില്ലെ.??

ഇല്ല. റോഡിലൂടെ നടന്ന എന്റെ അടുത്തേക്ക്‌ നാലഞ്ചാളുകള്‍ വരുന്നതു കണ്ടപ്പോള്‍ ഞാനൊന്നു സന്തോഷിച്ചതാണ്‌. കൂട്ടത്തില്‍ മുഴുത്ത ഒരെണ്ണത്തിന്റെ രക്‌തം കുടിക്കാമല്ലോ എന്നു. പക്ഷെ, വന്ന പാടെ അതിലൊരുത്തന്‍ എന്നോട്‌ പറഞ്ഞത്‌, ഈ ജാതി തുണിയുടുത്തോണ്ട്‌ ഇതിലെ നടക്കാന്‍ പറ്റൂല്ല എന്നായിരുന്നു. അതെന്താന്ന്‌ ചോദിച്ചപ്പോള്‍ അതിനു പച്ചത്തെറിയായിരുന്നു മറുപടി. പെട്ടെന്ന്‌ ഒരുപാടാളുകള്‍ അവിടുന്നും ഇവിടുന്നുമൊക്കെ ഓടിവന്ന്‌ എന്നെ ഭേഷായിട്ടങ്ങു പഞ്ഞിക്കിട്ടു. 

നീയൊരു യക്ഷിയല്ലേ? നിനക്കവരെ കീഴ്പ്പെടുത്താനാവില്ലെ?

യക്ഷിയാനെങ്കിലും ഞാനൊരു പെണ്ണല്ലേ? കേരളത്തിലെ സദാചാര പോലീസുകാരുടെ കയ്യിലൊരു സ്‌ത്രീജാതിയെ തനിച്ചു കിട്ടിയാലവളുടെ ഗതി പട്ടികളുടെ കയ്യിലിറച്ചി കിട്ടിയ പോലെയാല്ലെ? അടിവസ്‌ത്രം ഇരുമ്പു കൊണ്ടുണ്ടാക്കിയതായിരുന്നെങ്കില്‍ ചാരിത്ര്യ മെങ്കിലും കിട്ടിയേന്നെ.. ഇതിപ്പോ... എല്ലാം പോയി... 

അപ്പോള്‍ ബലാത്സംഘവും നടന്നോ?

ഇതിന്‌ ബലാത്സംഘമെന്നൊക്കെ പറയാന്‍ പറ്റുമോ സാറേ.. ഇതൊരുമാതിരി പേപ്പട്ടിക്ക്‌ നാരങ്ങാ മിഠായി കിട്ട്യ പോലൊരു കാട്ടിക്കൂട്ടല്‌.... 

ആട്ടെ... ഇവിടെ ഈ ആശുപത്രിക്കിടക്കയില്‍ കിടക്കുമ്പോള്‍ എന്ത്‌ തോന്നുന്നു?

എന്തു തോന്നാന്‍? മൂട്ടകള്‍ എന്നെയിങ്ങനെ കടിച്ചു പിടിച്ചിരിക്കുന്നതു കൊണ്ട്‌ കൊതുകുകള്‍ എന്നേം കൊണ്ട്‌ പറക്കുന്നില്ല. മുകളിലെ ആ പങ്കയിപ്പോഴൊന്നും താഴേ വീഴല്ലേന്നൊരൊറ്റ പ്രാര്‍ത്ഥനയേ ഉള്ളൂ... 

അപ്പോള്‍ ശരി.. നിങ്ങളെ അക്രമിച്ചവര്‍ക്കെതിരെ കേസെടുക്കാം. പക്ഷെ യാതൊരു രേഖയുമില്ലാതെ നിങ്ങളെ അങ്ങിനെ വിടാന്‍ പറ്റില്ല. ഇവിടെ ചട്ടങ്ങളും നിയമങ്ങളുമുണ്ട്‌. നിങ്ങളാദ്യം തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണം. നിങ്ങള്‍ യക്ഷിയാണെന്ന്‌ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌. നിങ്ങള്‍ക്ക്‌ പേരില്ലെന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്‌. നിങ്ങള്‍ തീവ്രവാദിയല്ലെന്ന്‌ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌. നിങ്ങള്‍ ജനിച്ചിരുന്നു എന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്‌. നിങ്ങള്‍ മരിച്ചിരുന്നു എന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്‌. പിന്നെ ഈ സര്‍ട്ടിഫിക്കറ്റുകളൊക്കെ ഒറിജിനിലാണെന്ന്‌ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും... 

ഇതൊന്നും കിട്ടിയില്ലെങ്കിലോ?

ഇതൊക്കെ ഉണ്ടായിട്ടു തന്നെ ഇവിടെ ഓരോരുത്തര്‍ കിടന്നു നരകിക്കുകയാണ്‌. അപ്പോള്‍ പിന്നെ ഇതൊന്നുമില്ലാതെയായാലുള്ള അവസ്ഥ ഞാനിപ്പോള്‍ പറയണോ?

സാറെ.. എനിക്കൊരാളുടെ ചോര കുടിക്കണം... 

ചോരയോ? ആരുടെ ചോര?

സുഖമായി ആ കാഞ്ഞിരമരത്തിന്‍മേല്‍ കഴിഞ്ഞു കൂടുകയായിരുന്ന എന്നെ തുറന്നു വിട്ട ആ മൂധേവിയില്ലേ, ദോഷ്യാനെറ്റിലെ ആ അവതാരിക? ആ ഒരുമ്പെട്ടോളുടെ ചോര. !!!

19 comments:

 1. ഇതിന്‌ ബലാത്സംഘമെന്നൊക്കെ പറയാന്‍ പറ്റുമോ സാറേ.. ഇതൊരുമാതിരി പേപ്പട്ടിക്ക്‌ നാരങ്ങാ മിഠായി കിട്ട്യ പോലൊരു കാട്ടിക്കൂട്ടല്‌....

  ReplyDelete
 2. "യക്ഷിയാനെങ്കിലും ഞാനൊരു പെണ്ണല്ലേ? കേരളത്തിലെ സദാചാര പോലീസുകാരുടെ കയ്യിലൊരു സ്‌ത്രീജാതിയെ തനിച്ചു കിട്ടിയാലവളുടെ ഗതി പട്ടികളുടെ കയ്യിലിറച്ചി കിട്ടിയ പോലെയാല്ലെ?" :)

  ReplyDelete
 3. അബൂതി.. നല്ലൊരു അനുഭൂതി തന്ന കഥ.. വേറിട്ട വഴികള്‍ വെട്ടിയെടുക്കുന്നതിനു അഭിനന്ദനം. യക്ഷിക്കും സ്വസ്ഥമായി നടക്കാന്‍ പറ്റാത്ത നടായിപ്പോയി അല്ലെ

  ReplyDelete
 4. വായിച്ചു തുടങ്ങിയാല്‍ തീരുന്നത് അറിയാത്തതു പോലുള്ള സുന്ദരമായ അവതരണം.
  ആവശ്യപ്പെടുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കാന്‍ പോലും സമയമില്ലാത്ത മനുഷ്യന്റെ ജീവിതം.
  വളരെ സരസമായിരിക്കുന്നു.

  ReplyDelete
 5. ദോഷ്യാനെറ്റിലെ ആ അവതാരിക? ആ ഒരുമ്പെട്ടോളുടെ ചോര. !!!

  ആ യക്ഷിയെ പെട്ടന്ന് വിടൂ, മലയാളം അങ്ങിനെയെങ്കിലും രക്ഷപെടട്ടെ.

  നല്ല സൂപറായിട്ടുണ്ട് :)

  ReplyDelete
 6. മര്‍മ്മങ്ങളില്‍ തൊട്ടും തൊടുവിച്ച്ചുമുള്ള രസകരമായ എഴുത്ത്.. ആശംസകള്‍ അബൂതി..

  ReplyDelete
 7. ദോഷ്യാനെറ്റിലെ ആ അവതാരിക? അദ്ദേഹവും,സന്തോഷ് പന്ധിറ്റും ഒക്കെ ഇപ്പോൾ പോയില്ലേ......അതിണെക്കാൾ ഭയങ്കരമായ ഒരു സീരിയൽ ഏഷ്യാനെറ്റിൽ നടക്കുന്നൂ"അമ്മ" എന്റെ അമ്മോ........ അത് ഒന്ന് കാണണം.....ഈ അവതരണത്തിന് ആശംസകൾ

  ReplyDelete
 8. എന്റെ ഉമ്മോ... കരിനീലകണ്ണുള്ള യക്ഷി... ആശംസകൾ......

  ReplyDelete
 9. അല്ലേലും നമ്മുടെ നാട്ടാര്‍ക്ക് ശരിക്ക് 'ബലാല്‍സംഘം' ചെയ്യാന്‍ കൂടി അറിയില്ല എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്.

  (വായന രസകരമായി)

  ReplyDelete
 10. സംഗതി ഞെരിപ്പാണിട്ടാ..ശരിക്കും ഇഷ്ടായിരിക്കണൂ...അഭിനന്ദന്‍സ്...

  ReplyDelete
 11. രസകരം!
  അഭിനന്ദനങ്ങൾ!

  ReplyDelete
 12. യക്ഷികഥക്ക് ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

  ReplyDelete
 13. ഒരു പാട് ഇഷ്ടായിട്ടോ. നല്ല പുതുമയുള്ള കഥ. അഭിനന്ദനങ്ങള്‍.

  ReplyDelete
 14. വെള്ളസാരി ഉടുക്കാത്ത യക്ഷിയോ..?
  അപ്പൊ അത് യക്ഷിയൊന്നുമാവാൻ സാദ്ധ്യതയില്ല...!
  കഥ നന്നായിരിക്കുന്നു...
  ആശംസകൾ...

  ReplyDelete
 15. യക്ഷിക്ക് പോലും രക്ഷയില്ല അല്ലേ?

  ReplyDelete
 16. അല്ല ഒരു സംശയം ,ബലാല്‍സംഘമാണോ ബലാത്സംഗമാണൊ?.സാധാരണ പത്രത്തിലൊക്കെ വായിച്ച പരിചയം വെച്ചു ചോദിച്ചതാ.....

  ReplyDelete
 17. ഒരു റിയാലിറ്റി ഷോവിലെ അവതാരിക ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി ആ ചാനലിലെ നൂറു സീരിയലുകളില്‍ അഭിനയിക്കാനുള്ള ഓഫറുമായി ആളെത്തും. അതുവരെ ആസ്പത്രി കിടക്കയില്‍ 
  കഴിഞ്ഞു കൂടുക.

  നല്ല എഴുത്ത്.

  ReplyDelete
 18. യക്ഷികളും പിന്നെ....

  ആശംസകള്‍...


  മോഹമെദ്‌ ഇക്കാ..സംഘം

  ചേര്‍ന്നുള്ള സംഗം...

  ഇപ്പൊ പേര് മാറിയല്ലോ അപ്പൊ കുഴപ്പം

  ഇല്ല.പീഡനം അല്ലെ???

  ReplyDelete