Tuesday, October 23, 2012

ജവാനും ഇക്കയും പിന്നെ വടി വിഴുങ്ങിയ പ്രേക്ഷകരും!

താപാന ചവിട്ടിയരച്ച പാവം പ്രേക്ഷകനെ ഇപ്പോ ദാണ്ടെ ജാവാന്‍ ഓടിച്ചിട്ട്‌ വെടിവെക്കുന്നു. സില്‍വര്‍ കുന്നിന്റെ മുകളില്‍ നിന്നും ബലൂണിലുണ്ടാക്കിയ വെളിച്ചത്ത്‌ പട്ടാളം പാവം നാട്ടാരെ വേട്ടയാടാനിറങ്ങിയപ്പോള്‍ , നാട്ടാരുടെ കഥ എന്തായി? ഒന്നേ ആയുള്ളൂ. ബാലന്‍ കെ നായരില്‍ നിന്നും പാതി കീറിയ ബ്ലൌസുമായി ഓടിപ്പാഞ്ഞ ജലജ പ്രാണരക്ഷാര്‍ത്ഥം ഓടിക്കേറിയ വീട്ടിലതാ ടി.ജി.രവിയും കെ.പി.ഉമ്മറും പോരാത്തതിന്‌ പ്രതാപചന്ദ്രനും കൂടി ശീട്ട്‌ കളിച്ചിരിക്കുന്ന. ശേഷം കാര്യം പ്രായ പൂര്‍ത്തിയായവര്‍ക്ക്‌ ചിന്തിച്ച്‌ മനസ്സിലാക്കാം. (പ്രായപൂര്‍ത്തിയാകാത്തവര്‍ പ്രായപൂര്‍ത്തിയാകുന്നതു വരെ കാത്തിരിക്കുക. )

നായകനു രോഗമാണ്‌. വെറും രോഗമല്ല. കോടിയിലൊരാള്‍ക്ക്‌ മാത്രം വരുന്ന ഒട്ടോപ്പ്യോ ഓംളിഗേറ്റോ മത്താപ്പൂ എന്നാണ്‌ രോഗത്തിന്റെ പേര്‌. മെഡിക്കല്‍ ഭാഷയില്‍ വേണമെങ്കില്‍ ചാള്‍സ്‌ ബോണറ്റ്‌ സിന്‍ഡ്രോം എന്നും പറയാം. ഇന്നേ വരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത ഒരു രോഗം, മൂന്നു കോടിക്കിക്കു മുകളിലുള്ള കേരളത്തിലെ ജനങ്ങളില്‍ മൂന്നേ മുക്കാല്‍ കോടി ജനങ്ങളും ഇന്നോളം കേട്ടിട്ടില്ലാത്ത രോഗമെന്നു വേണം പറയാന്‍. 

 നായകന്‌ ഈ രോഗം നല്‍കിയതിലൂടെ തിരക്കഥാകൃത്ത് ഈ സിനിമയുടെ കഥ മഹത്തരവും വളരെ വളരെ വളരെ വിത്യസ്‌തവും ആക്കിയിരിക്കുന്നു. തിരക്കഥാകൃത്താരാ മ്വാന്‍ . എന്തോരം ഗൂഗിളു തപ്പിയിട്ടാണെന്നോ ഇങ്ങിനെ ഒരു കൊസറാകൊള്ളി രോഗമുണ്ടെന്ന്‌ മ്വാന്‍ മനസ്സിലാക്കിയത്‌. 

ഈ രോഗം വന്നാല്‍ പിന്നെ നായകന്‍ കാണുന്നതൊക്കെ ഒരു തരം ഇല്ല്യൂഷനാണ്‌. ന്യൂജനറേഷന്‍ കിടാങ്ങളെ പോലെ സെക്ഷ്വല്‍ ഇല്ല്യൂഷനല്ല. നല്ലൊന്നാന്തരം ഹൊറര്‍ ഇല്ല്യൂഷന്‍. പ്രേതങ്ങള്‍ വരുന്നു, ചോര ചോദിക്കുന്നു, ഡാന്‍സ് ചെയ്യുന്നു, പാട്ട് പാടുന്നു അങ്ങിനെ അങ്ങിനെ ഒരുപാട് കലാപരിപാടികള്‍ ഉണ്ട്.

ഇക്കാ.. ഇക്കാക്ക്‌ വയസ്സായില്ലെ? ഇക്കാക്ക്‌ വയസ്സായില്ല എന്ന്‌ ഇക്കാക്കയും ഇക്കാക്കയുടെ മുടിഞ്ഞ ഫാന്‍സും മാത്രമല്ലാതെ, സുലുത്താത്ത പോലും സമ്മതിച്ച്‌ തരൂല്ല. ആ മോന്റെ പേരു കളയാതെ, ഇങ്ങക്കിനി ശിഷ്ടകാലം വീട്ടിപ്പോയി മൂപ്പത്യേര്‌ ഉണ്ടാക്കിത്തരുന്ന നെയ്ച്ചോറും കൊയിബിരിയാണീം തിന്ന്‌ സുഖായിട്ടങ്ങട്ട്‌ ജീവിച്ചാ പോരെ. ഈ ജാതി എടങ്ങേറും കൊണ്ട്‌ നാട്ടാരുടെ നെഞ്ചത്തോട്ട്‌ വെടിവെക്കാന്‍ വരണോ? 

ഇക്കാക്കൊന്നുല്ലെങ്കില്‍ വെടിവെക്കാനറിയണം. ഇത്‌ ഇക്കാക്ക്‌ വെടിവെക്കാനുമറിയില്ല, തോക്കിലൊട്ട്‌ ഉണ്ടയുമില്ല. ഇപ്പോഴിപ്പോ വെറുമൊരു പൊഹ മാത്രമാണ്‌.. വെറും പൊഹ!

ഇതുപോലിരിക്കുന്ന ഉണ്ടയില്ലാത്ത തോക്കുകളുമായി പല്ലു കൊഴിഞ്ഞ സൂപ്പറുകളും കോലുമിഠായി തിന്നുന്ന സൂപ്പറുകളും കൂടി നാട്ടാരെ നെഞ്ചത്തോട്ട്‌ വെടിവെക്കാനിറങ്ങുന്നതിന്റെ അനന്തര ഫലമാണ്‌ ട്രിവാന്‍ഡ്രം ലോഡ്ജ്‌ പോലിരിക്കുന്ന യൂണിവേയ്സല്‍ അഡല്‍റ്റ്സ്‌ പടങ്ങള്‍ മലയാളത്തില്‍ നിറഞ്ഞോടുന്നത്‌. അത്തരം പടങ്ങള്‍ ഉഗ്രനെന്നും അത്യുഗ്രനെന്നും പറഞ്ഞ്‌ വാഴ്ത്താനിവിടെ ആളുണ്ട്‌. അത്‌ കൊണ്ടെന്താ, ഇത്തരം കൂതറ പടങ്ങള്‍ ഇനിയും അണിയറയില്‍ ഒരുങ്ങുന്നു. അത്ര തന്നെ. മലയാളികളാണെങ്കില്‍ ഇത്തരം പുതുതലമുറ സിനിമകളുടെ കാര്യത്തില്‍ ഗ്രഹിണി പിടിച്ച കൊച്ചിന്‌ ചില്ലി ചിക്കന്‍ കിട്ടിയ പോലെയാണ്‌. വാരി വലിച്ച്‌ എല്ലു പോലും കളയാതെ തിന്നോളും. സംഗതി സായിപിന്റെ ഉച്ചിഷ്ടമാണെങ്കില്‍ അത്‌ തിന്നുന്നതു തന്നെ ഒരന്തസായി കാണുന്നവരാണ്‌ നമ്മില്‍ ചിലര്‍. ജനിതകവൈകല്ല്യം എന്നല്ലാതെ മറ്റെന്തു പറയാന്‍??

ഇതും ഒരു സിനിമയാണ്‌. ഒരു സൂപ്പര്‍ സിനിമ. ഒരു ഡാമിന്റെ ചുറ്റിലും നടക്കുന്ന, രാഷ്ട്രീയം, ഭീരകര പ്രവര്‍തനം, തട്ടിക്കൊണ്ടു പോകല്‍ , അങ്ങിനെ അങ്ങിനെ എല്ലാമെല്ലാമുണ്ട്‌. പോരാത്തതിന്‌ ഇക്ക ഇക്കാന്റെ പോക്കറ്റീന്ന്‌ കാശു ചിലവാക്കിയെടുക്കുന്ന ആദ്യത്തെ പടം. ഇനി എന്തോന്നു വേണം. ഇതൊരു പടമാണ്‌ എന്നല്ല,  ഇതാണ് പടം എന്നേ പറയേണ്ടു. കാണുക.. കണ്ടു കൊള്‍മയിര്‍ കൊള്ളുക. 

5 comments:

 1. ഇക്കാക്കൊന്നുല്ലെങ്കില്‍ വെടിവെക്കാനറിയണം. ഇത്‌ ഇക്കാക്ക്‌ വെടിവെക്കാനുമറിയില്ല, തോക്കിലൊട്ട്‌ ഉണ്ടയുമില്ല. ഇപ്പോഴിപ്പോ വെറുമൊരു പൊഹ മാത്രമാണ്‌.. വെറും പൊഹ!

  ReplyDelete
 2. നിങ്ങളെന്തോ ചെയ്തിട്ടുണ്ട്‌! അല്ലായിരുന്നെങ്കില്‍ ഇങ്ങോട്ടു വരില്ലായിരുന്നല്ലോ....

  ReplyDelete
 3. അന്നോണീ, ശരിയാ.. ഞാനൊരു കൂടോത്രം ചെയ്തിട്ടുണ്ട്‌. ബ്ളോഗിലേക്ക്‌ ആളുകളെ ആകര്‍ഷിക്കുന്ന കൂടോത്രം.

  ReplyDelete
 4. കൂടോത്രം ഫലിച്ചു
  ഞാനും വന്നു

  ReplyDelete