Wednesday, October 24, 2012

ബലിയര്‍പ്പണത്തിന്റെ സ്മൃതിമണ്ഡപത്തില്‍


തന്റെ പ്രിയപുത്രനേയും പത്നി ഹാജിറയേയും പരമകാരുണികന്റെ കല്‍പ്പന പ്രകാരം വിജനമായ മരുഭൂമിയില്‍ താമസിപ്പിച്ചു തിരിച്ചു പോന്നതില്‍ പിന്നെ മഹാനായ പ്രവാചകന്‍ ഇബ്രാഹീ ഖലീലുല്ലാഹി (അ.സ) തന്റെ പ്രവര്‍ത്തികളില്‍ മുഴുകി ഭാര്യ സാറയോടൊപ്പം കഴിഞ്ഞു. ഹാജിറയുടേയും ഇസ്‌ മാഈലിന്റെയും കാര്യത്തില്‍ അല്ലാഹുവിന്റെ സഖാവിന്‌ ഒട്ടും വേവലാതിയില്ലായിരുന്നു.

ഭൂമിക്കടിയിലെ ശിലകള്‍ക്കുള്ളിലെ പുഴുക്കള്‍ക്ക്‌ പോലും ഭക്ഷണമെത്തിച്ചു കൊടുക്കുന്ന മഹാനായ രക്ഷിതാവിനെ അറിയുന്ന രക്ഷിതാവിന്റെ പ്രവാചകന്‍ എന്തിന്‌ വേവലാതിപ്പെടണം? ധിക്കാരിയായ ചക്രവര്‍ത്തിയുടെ അഗ്നികുണ്ഡത്തിലേക്ക്‌ വലിച്ചെറിയപ്പെട്ടപ്പോഴും അദ്ദേഹം വേവലാതിപ്പെട്ടിരുന്നില്ലല്ലോ! പിന്നെ ഒരിക്കലാ ചക്ക്രവര്‍ത്തി അദ്ദേഹത്തോട്‌ പറഞ്ഞു. 

ഇബ്രാഹീം. നീ നിന്റെ ദൈവത്തിനോട്‌ പറയൂ, അവന്റെ സൈന്യവുമായി വരാന്‍. ഞാനിതാ എന്റെ സൈന്യത്തെ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നു. 

അല്ലാഹുവിന്റെ സഖാവിനു കാണാമായിരുന്നു. ലക്ഷത്തില്‍ കൂടുതല്‍ പടയാളികളുള്ള ആ സൈന്യത്തെ. പാറകളെ ചവിട്ടിമെതിക്കാന്‍ കെല്‍പ്പുള്ള പടയാളികള്‍! പക്ഷെ അതു കണ്ടപ്പോഴും അദ്ദേഹം വേവലാതി പൂണ്ടില്ല. ആ സെന്യം തമ്പടിച്ച താഴ്‌വരയുടെ അടുത്തുള്ള കുന്നിന്റെ സുഷിരങ്ങളില്‍ നിന്നും പറന്നുയര്‍ന്ന കൊതുകുകള്‍ ആ സൈന്യത്തെ എത്ര നിസാരമായാണ്‌ നശിപ്പിച്ചത്‌. അല്ലാഹുവുമായി യുദ്ധം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ടവന്‌ ഒരു കൊതുകില്‍ നിന്നു പോലും രക്ഷകിട്ടിയില്ല. 

നുരുമ്പിച്ച ആ സൈന്യത്തെ തന്റെ പിന്നിലാക്കി അല്ലാഹുവിന്റെ സഖാവ്‌ തന്റെ കര്‍മഭൂമിയിലേക്ക്‌ നടന്നു. ഒട്ടും വേവലാതിപ്പെടാതെ!പക്ഷെ, പിരിഞ്ഞിരിക്കുന്ന തന്റെ പുത്രനെ ഓര്‍ത്ത്‌ അദ്ദേഹത്തിന്റെ ഹൃദയം പിടക്കാറുണ്ടായിരുന്നു. ഇബ്രാഹീം എന്ന നാമത്തിന്റെ അര്‍ത്ഥം തന്നെ ദയാലുവായ പിതാവ്‌ എന്നാണല്ലോ! 

പുത്രനെ ഓര്‍ത്ത്‌ മിഴികള്‍ പാകിയ നീരുണങ്ങിയ കവിളുമായി ദിനങ്ങള്‍ തള്ളി നീക്കവെ അല്ലാഹുവിന്റെ അനുമതി വന്നു. ഇനി പുത്രനേയും ഹാജിറയേയും സന്ദര്‍ശിക്കാം. മരുഭൂമിയിലൂടെ അന്നദ്ദെഹത്തേയും വഹിച്ചു പാഞ്ഞ ഒട്ടകം പോലും ആ സന്തോഷത്തില്‍ മതിമറന്നിരിക്കും. വിജനമായ ഒരു സ്ഥലത്തായിരുന്നു അദ്ദെഹം തന്റെ ഭാര്യയേയും മകനേയും പാര്‍പ്പിച്ചിരുന്നത്‌. പക്ഷെ, ഇന്നദ്ദേഹം അമ്പരന്ന കണ്ണുകളോടെയാണ്‌ ആ താഴ്‌വര കണ്ടത്‌. കെട്ടിനിര്‍ത്തപ്പെട്ട ഒരു ജലാശയത്തിന്റെ അടുത്തതാ ധാരാളം വീടുകള്‍. 

ആ താഴ്‌വരയുടെ ഉടമസഥ, ആ ജലാശയത്തിണന്റെ ഉടമസ്ഥ, തന്റെ പ്രിയപ്പെട്ട ഭാര്യയാണെന്നറിഞ്ഞപ്പോള്‍ അദ്ദേഹം രക്ഷിതാവിനു നന്ദിയോതിക്കൊണ്ട്‌ ആ മണ്ണില്‍ സുജൂദില്‍ വീണു. ഇബ്രാഹീമിന്റെ രക്ഷിതാവ്‌ തന്നില്‍ ഭാരമര്‍പ്പിച്ചവരുടെ കാര്യത്തില്‍ സര്‍വ്വ പ്രതാപസ്ഥന്‍ തന്നെ. 

കാലം വീണ്ടും കഴിഞ്ഞു. ഇസ്മാഈല്‍ ബാലനായി. ചുറുചുറുക്കുള്ള ബാലന്‍. മക്കാതാഴ്‌വരയുടെ കണ്ണിലുണി. ഹാജിറയുടെ ഹൃദയത്തിന്റെ മിടിപ്പ്‌ പോലും അവനു വേണ്ടിയിട്ടായിരുന്നു. അങ്ങിനെ ഒരു ദിവസം ഉറങ്ങിക്കിടക്കുമ്പോള്‍ പ്രവാചകനായ ഇബ്രാഹീ ഒരു സ്വപ്നം കണ്ടു. ആകാശ ലോകത്ത്‌ നിന്നും അദ്ദേഹത്തോട്‌ ആരോ ബലിയര്‍പ്പിക്കുക എന്ന്‌ വിളിച്ച്‌ പറയുന്നതായിട്ട്‌. ആ സ്വപ്നം അദ്ദെഹം മൂന്ന്‌ ദിവസം തുടര്‍ച്ചയായി കണ്ടു. പ്രവാചകനാണ്‌ ഇബ്രാഹീം. അല്ലാഹുവിന്റെ സഖാവ്‌. പ്രവാചകന്‍മാര്‍ പേകിനാവുകള്‍ കാണാറില്ല. അവരുടെ സ്വപ്നങ്ങള്‍ അവര്‍ക്കുള്ള നിര്‍ദേശങ്ങളാണ്‌. അവരത്‌ അനുസരിക്കാന്‍ ബാധ്യസ്ഥനാണ്‌. എന്താണ്‌ ബലിനല്‍കേണ്ടത്‌ എന്നദ്ദേഹം ആലോചിച്ചപ്പോഴാണ്‌ കാര്യങ്ങള്‍ വ്യക്‌തമാക്കപ്പെട്ടത്‌. തന്റെ പൊന്നോമന പുത്രനെ അല്ലാഹുവിന്‌ ബലി നല്‍കണം. 

നരബലി മനുഷ്യനോട്‌ അല്ലാഹു കല്‍പ്പിച്ചിട്ടില്ല. മനുഷ്യ രക്‌തം അല്ലാഹിന്‌ വേണ്ട. പക്ഷെ, ഇബ്രാഹീം സാധാരണ മനുഷ്യനല്ല. മറിച്ച്‌ അല്ലാഹുവിന്റെ പ്രവാചകനാണ്‌. പോര, അല്ലാഹുവിന്റെ സഖാവാണ്‌. അദ്ദേഹത്തിന്‌ തിരിച്ചറിയാന്‍ കഴിയുന്നുണ്ടായിരുന്നു. ഇത്‌ അല്ലാഹുവിന്റെ വ്യക്‌തമായ പരീക്ഷണമാണെന്ന്‌. എന്റെ രക്ഷിതാവ്‌ എന്നോട്‌ എന്ത്‌ കല്‍പിച്ചുവോ, ഞാന്‍ അത്‌ ചെയ്യുക തന്നെ ചെയ്യും. 

അദ്ദേഹം ഹാജിറയുടെ അടുത്തെത്തി. പിറ്റേ ദിവസം പുലര്‍ച്ചെ തനിക്കും പുത്രനും ഒരു യാത്രയുണ്ട്‌, ആയതിനാല്‍ പുത്രനെ ഒരുക്കി നിര്‍ത്തണം എന്നദ്ദേഹം കല്‍പ്പിച്ചു. പുത്രവിയോഗം അദ്ദേഹം മുന്‍ക്കൂട്ടി കാണുന്നുണ്ടായിരുന്നു. എങ്കിലും അല്ലാഹുവിനോടുള്ള സ്നേഹവും ആരാധനയ്ക്കും മുന്‍പില്‍ അദ്ദേഹത്തിന്‌ മറ്റൊന്നുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്‌ അദ്ദേഹത്തിന്റെ രക്ഷിതാവിനെ അറിയാം. രക്ഷിതാവിന്‌ അദ്ദേഹത്തെയും. 

തന്റെ ഭര്‍ത്താവ്‌ എങ്ങോട്ടാണ്‌ പുത്രനെ കൊണ്ടു പോകുന്നത്‌ എന്ന്‌ ഹാജിറക്കറിയില്ലായിരുന്നു. അവര്‍ പ്രഭാതത്തില്‍ പുത്രനെ കുളിപ്പിച്ചു. തലമുടയില്‍ എണ്ണ തേച്ച്‌ ഭാംഗിയായി വാര്‍ന്ന്‌ കൊടുത്തു. കുഞ്ഞുടുപ്പുകള്‍ ധരിപ്പിച്ച്‌ കൊടുത്തു. സുഗന്ധ ദ്രവ്യം പുരട്ടി. ഇപ്പോള്‍ ഇസ്മാഈലിനെ കണ്ടാല്‍ ബാലാര്‍ക്കന്‍ നാണിച്ച്‌ നില്‍ക്കും. അത്രയ്ക്ക്‌ ശോഭനമായിരുന്നു ആ ബാലന്റെ മുഖം. ആ കവിളില്‍ ഉമ്മ നല്‍കി ആ മാതാവ്‌ തന്റെ ഭര്‍ത്താവിന്റെ കൂടെ തങ്ങളുടെ പുത്രനെ സന്തോഷത്തോടെ യാത്രയാക്കി. തന്റെ ഭര്‍ത്താവും പുത്രനും നടന്നു മറയുവോളം ഒരാത്മനിര്‍വൃതിയോടെ അവരത്‌ നോക്കി നിന്നു. അവര്‍ കാഴ്ച്ചയില്‍ നിന്നും മറഞ്ഞപ്പോള്‍, തിരിച്ച്‌ തന്റെ ഭവനത്തിലേക്ക്‌ കയറാന്‍ നേരം, അവര്‍ തന്റെ പിന്നില്‍ നിന്നൊരു വിളി കേട്ടു. തിരിഞ്ഞു നോക്കിയപ്പോള്‍ വൃദ്ധനായ ഒരു മനുഷ്യന്‍ വടിയൂന്നി നില്‍ക്കുന്നു. ആ മനുഷ്യന്‍ അവരോട്‌ ചോദിച്ചു. 

എവിടെയാണ്‌ ഇസ്മാഈല്‍?? 

ഇസ്മാഈല്‍ അവന്റെ പിതാവിന്റെ കൂടെ ഒരു യാത്ര പുറപ്പെട്ടിരിക്കുന്നു. നിങ്ങളാരാണ്‌?

ഹാ കഷ്ടം. ഇബ്രാഹീം അവനെ കൊണ്ടു പോയിരിക്കുന്നത്‌ കൊല്ലാനാണ്‌. വേഗം ചെല്ലൂ. നിങ്ങളുടെ കുഞ്ഞിനെ രക്ഷിക്കൂ. 

ഹാജിറാ ബീവിയുടെ നെഞ്ചില്‍ തീയാളി. അവര്‍ ചോദിച്ചു. 

എന്താണ്‌ നിങ്ങള്‍ പറയുന്നത്‌?

ഞാന്‍ സത്യമാണ്‌ പറയുന്നത്‌. അല്ലാഹുവാണേ സത്യം. ഇബ്രാഹീം ഇസ്മാഈലിനെ കൊണ്ടു പോയിരിക്കുന്നത്‌ അല്ലാഹുവിന്‌ ബലി നല്‍കാനാണ്‌. 

അല്ലാഹുവിന്‌ ബലി നല്‍കാനോ? ഹാജിറായ്ക്ക്‌ ആശ്ചര്യം. 

അതെ അല്ലാഹുവിന്‍ ബലി നല്‍കാന്‍? 

അല്ലാഹുവിന്റെ കല്‍പ്പനയുണ്ടോ?

ഉണ്ടാവും. 

എങ്കില്‍ പിന്നെ നീ നില്‍ക്കേണ്ടതില്ല. അല്ലാഹുവിനറിയാം എന്താണ്‌ വേണ്ടതെന്ന്‌. അല്ലാഹുവിന്റെ കല്‍പ്പന അനുസരിക്കലാണ്‌ അല്ലാഹുവിന്റെ അടിമകളുടെ കടമ. നീ അതില്‍ നിന്നും പിന്തിരിപ്പാന്‍ നോക്കുന്ന പിശാചല്ലേ? 

ഹാജിറാ ബീവിയുടെ ശബദം ഉറച്ചതായിരുന്നു. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തന്നെയും തന്റെ പുത്രനേയും മരണത്തിന്റെ ഈ താഴ്‌വരയില്‍ ഇറക്കി വച്ച്‌ തന്റെ ഭര്‍ത്താവ്‌ തിരിച്ചുമടങ്ങുമ്പോഴും ഹാജിറ പകച്ചിരുന്നില്ല. അന്നും അവര്‍ ഭാരമേല്‍പ്പിച്ചത്‌ തന്റെ രക്ഷിതാവായ അല്ലാഹുവില്‍ തന്നെയായിരുന്നു. 

പിശാച്‌ സ്വന്തം മുഖത്തടിച്ച്‌ അവിടെ നിന്നും ഓടിപ്പോയി. നേരെ ഇബ്രാഹീമിന്റെ അടുത്തെത്തി ഇങ്ങിനെ വിളിച്ചു പറഞ്ഞു. 

ഹേ ഇബ്രാഹീം.. നിങ്ങള്‍ക്കാകെ ഒരു പുത്രനല്ലേ ഉള്ളൂ? നിങ്ങളവനെ അറുക്കാന്‍ കൊണ്ടു പോവുകയാണോ? നിങ്ങളെ തികഞ്ഞ വഴികേടിലാണ്‌ ഞാന്‍ കാണുന്നത്‌. 

ഇബ്രാഹീം അലൈഹിസ്സലാം താഴെ നിന്നും ഒരു കല്ലെടുത്ത്‌ പിശാചിനെ എറിഞ്ഞു. പിശാച്‌ അവിടെ നിന്നും ഓടിപ്പോയി. പിന്നെയും വന്നു. അവന്‍ ഇസ്മാഈലിനോട്‌ ഇങ്ങിനെ വിളിച്ച്‌ പറഞ്ഞു. 

കുഞ്ഞു മകനേ,, ഇസ്മാഈലെ,, നിന്റെ പിതാവ്‌ നിന്നെ ബലി നല്‍കാന്‍ കൊണ്ടു പോവുകയാണ്‌. അയാള്‍ നിന്നെ അറുക്കും. നിന്നെ കൊല്ലും. നീ വേഗം ഓടി രക്ഷപ്പെടൂ.. 

കുഞ്ഞു ഇസ്മാഈല്‍ പിശാചിനോട്‌ പറഞ്ഞു. 

ഞാന്‍ അല്ലാഹുവിന്റെ അടിമയാണ്‌. അവനുള്ള ബലിയാണ്‌ ഞാനെങ്കില്‍ എനിക്കത്‌ വലിയ ഇഷ്ടമാണ്‌. ഞാന്‍ സ്വര്‍ഗം കാണുന്നു. നീ വിളിക്കുന്ന നരകത്തിലേക്ക്‌ വരാന്‍ ഞാനില്ല. 

എല്ലായിടത്തും പരാജിതനായപ്പോള്‍ വലിയ ശബ്ദത്തില്‍ അമറികൊണ്ട്‌ പിശാച് എവിടെയോ പോയൊളിച്ചു. 

വിജനമായ പ്രദേശം. ഇബ്രാഹീ നബി തന്റെ പുത്രനോട്‌ പറഞ്ഞു. 

എന്റെ പൊന്നുമകനേ. നിന്നെ എനിക്കു തന്നത്‌ അല്ലാഹുവാണ്‌. ആ അല്ലാഹുവിന്റെ കല്‍പ്പന നിന്നെ അല്ലാഹുവിന്‌ ബലി നല്‍കണം എന്നാണ്‌. ഞാന്‍ അത്‌ തീരുമാനിച്ചിരിക്കുന്നു. എന്നാല്‍ നിനക്ക്‌ തീരുമാനിക്കാം. നിനക്ക്‌ ബലിയാകാന്‍ മനസ്സുണ്ടോ ഇല്ലയോ?

പുഞ്ചിരിയോടെ ഇസ്മാഈല്‍ പറഞ്ഞു. 

പ്രിയപ്പെട്ട പിതാവേ. ഞാന്‍ മതിവരുവോളം സംസമിലെ വെള്ളം മോന്തിയിരിക്കുന്നു. മതിവരുവോളം എന്റെ കൂട്ടുകാരോടൊത്ത്‌ ചിലവഴിച്ചിരിക്കുന്നു. എന്റെ ആത്മാവ്‌ ആരുടെ കയ്യിലാണോ അവന്‍ ഉദ്ധ്യേശിക്കുന്ന പക്ഷം അടുത്ത നിമിഷം ഞാന്‍ വെറും ജഡമാണ്‌. പിന്നെ ഞാനെന്തിന്‌ വിസമ്മതിക്കണം അവനു ബലിയാവാന്‍. സ്വര്‍ഗം എന്നെ മാടിവിളിക്കുന്നു പിതാവേ. അങ്ങത്‌ സന്തോഷത്തോടെ ചെയ്യുക.  അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ എന്നെ അങ്ങ് ക്ഷമാശീലരുടെ കൂട്ടത്തില്‍ കണ്ടെത്തുന്നതാണ്. 

അല്ലാഹു ഹൃദയങ്ങളെ ഇണക്കിയവരാണവര്‍. മനുഷ്യരില്‍ ശ്രേഷ്ടര്‍. അല്ലാഹുവിന്റെ പ്രവാചകന്‍മാര്‍. അല്ലാഹുവില്‍ നിന്നും അറിവിന്റെ വാതായനങ്ങള്‍ തുറന്നു കിട്ടിയവര്‍. അല്ലാഹുവിന്റെ ഇഷ്ടത്തിന്റെ ശാദ്വാലതീരത്തു ജീവിക്കുന്നവര്‍. 

ഇബ്രാഹീം അലൈഹിസ്സലാം സ്വപുത്രനെ വെറും മണ്ണില്‍ മലര്‍ത്തിക്കിടത്തി. പക്ഷെ സ്വപുത്രന്റെ മുഖം കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സ്‌ പിടഞ്ഞു പോയി. അദ്ദേഹം ഇസ്മാഈലിനെ കമഴ്ത്തിക്കിടത്തി. ആ ഇളം പിരടിയിലേക്ക്‌ തന്റെ കയ്യിലെ കഠാര വച്ചു. 

പക്ഷെ അല്ലാഹുവിന്റെ ഇംഗിതം മറ്റൊന്നായിരുന്നു. മനുഷ്യരക്‌തമൊഴുക്കിക്കൊണ്ടല്ല പരിശുദ്ധനായ അല്ലാഹു തന്നെ ആരാധിക്കാന്‍ തന്റെ അടിമകളോട്‌ പറഞ്ഞത്‌. അല്ലാഹുവില്‍ നിന്നുമുള്ള കല്‍പ്പന ഇബ്രാഹീ നബിക്ക്‌ എത്തപ്പെട്ടു. മാലാഖ പ്രത്യക്ഷപ്പെട്ട്‌ കൊണ്ട്‌ അല്ലാഹുവിന്റെ സന്ദേശം അല്ലാഹുവിന്റെ സഖാവിനെ അറിയിച്ചു 

ഇബ്രാഹീം.. നിര്‍ത്തുക. താങ്കള്‍ വിജയിച്ചിരിക്കുന്നു. ഇതാ ഈ ആട്ടിന്‍ക്കുട്ടിയെ പുത്രനു പകരം നിങ്ങള്‍ അല്ലാഹുവിന്‌ ബലിനല്‍കുക. 

മാലാഖ ഒരാട്ടിന്‍ കുട്ടിയെ ഇബ്രാഹീം അലൈഹിസ്സലാമിന്‌ നല്‍കി. യഥാവിധി അറുക്കുകയും ബലി നടപ്പിലാക്കുകയും ചെയ്‌തു. പരിശുദ്ധനായ നാഥന്‌ സ്‌തുതിയായിരിക്കട്ടെ. തന്റെ അടിമ സ്വപുത്രനെ വധിക്കുന്നതില്‍ നിന്നും പരിശുദ്ധനായ നാഥന്‍ തന്റെ സഖാവിനെ രക്ഷിച്ചിരിക്കുന്നു. അവന്റെ യുക്‌തി എത്ര വിശാലമാണ്‌. 

*****                                         *****                                         *****                                         *****

ഈ ദിവസത്തിന്റെ ഓര്‍മയ്ക്കാകുന്നു ലോക മുസ്ലിമീങ്ങള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്‌. അതൊരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ്‌. മഹത്തായ ഒരു ഓര്‍മപ്പെടുത്തല്‍. അല്ലാഹുവിനെ ആരാധിക്കുക എന്നതാണ്‌ മനുഷ്യന്റെ കടമ. അവനെ ആരാധിക്കേണ്ടതിലേക്കായി മനുഷ്യന്‍ സദാചാരങ്ങളെ മുറുകെ പിടിക്കുകയും ദുരാചാരങ്ങളെ കൈവെടിയുകയും വേണം. ഏതൊരു ശരീരവും മരണത്തെ രുചിക്കും. മരണത്തിന്റെ ശേഷം നുരുമ്പിച്ച അവന്റെ അവശിഷ്ടങ്ങളില്‍ നിന്നും അവനെ അവന്റെ രക്ഷിതാവ്‌ പുനര്‍ നിര്‍മിക്കുക തന്നെ ചെയ്യും. വെറുമൊരു ബീജാവസ്ഥയിലായിരുന്ന ഒരു കാലഘട്ടം നമുക്കോരോരുത്തര്‍ക്കും ഉണ്ടായിരുന്നില്ലേ? 

നമ്മുടെ ചുറ്റും നമുക്കെത്രയോ പരീക്ഷണങ്ങളുണ്ട്‌. നാമെന്ന നമ്മുടെ അഹങ്കാരം നമ്മെ നരകത്തിലേക്ക്‌ തള്ളുന്നതിന്റെ മുന്‍പേ നാം സഹജീവികളോട്‌ സഹാനുഭൂതിയുള്ളവരാവുക. മനുഷ്യന്റെയോ മൃഗത്തിന്റെയോ രക്‌തമോ മാംസമോ ഭുജിച്ചല്ല പരിശുദ്ധനായ അല്ലാഹു അടിമകളുടെ മേല്‍ സംതൃപ്‌തരാവുന്നത്‌. ബലിപെരുന്നാല്‍ ദിവസവും അല്ലാത്ത ദിവസങ്ങളിലും മുസ്ലിമീങ്ങള്‍ അല്ലാഹുവിനായി മൃഗങ്ങളെ ബലി കൊടുക്കാറുണ്ട്‌. അങ്ങിനെ ബലി കൊടുക്കുന്ന മൃഗങ്ങള്‍ മനുഷ്യന്‌ ആഹാര യോഗ്യമായ മൃഗങ്ങളെയായിരിക്കും. അല്ലാഹുവിനുള്ള മൃഗബലി എന്നാല്‍, ഒരാള്‍ ആഹാരയോഗ്യമായ ഒരു മൃഗത്തെ അറുത്ത്‌ അതിന്റെ മാംസം അല്ലാഹുവിന്റെ പ്രീതി കാംഷിച്ച്‌ കൊണ്ട്‌ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതാണ്‌. ബലിമൃഗത്തിന്റെ മാംസം പുരോഹിതന്‍മാര്‍ക്കോ മറ്റേതെങ്കിലും ഒരു വിഭാഗം ആളുകള്‍ക്കോ മാറ്റിവെക്കപ്പെടുന്നില്ല. അത്‌ ദരിദ്രജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യപ്പെടുന്നു. അതാണ്‌ അല്ലാഹുവിനുള്ള മൃഗബലി. അതിന്റെ ഗുണഭോക്‌താക്കള്‍ ദരിദ്രരാകുന്നു. അത്‌ ചെയ്യുന്നതാകട്ടെ സമ്പന്നരുമാകുന്നു. 

പ്രിയപ്പെട്ടവരെ. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഈ വിനീത സഹോദരന്റെ പ്രാര്‍ത്ഥനകളോടു കൂടിയ പെരുന്നാള്‍ ആശംസകള്‍. 

16 comments:

  1. പ്രിയപ്പെട്ടവരെ. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഈ വിനീത സഹോദരന്റെ പ്രാര്‍ത്ഥനകളോടു കൂടിയ പെരുന്നാള്‍ ആശംസകള്‍.

    ReplyDelete
  2. വളരെ നല്ല വിവരണം..താങ്കള്‍ക്കും എന്റെ ബലിപെരുന്നാള്‍ ആശംസകള്‍.

    ReplyDelete
  3. ബലിപെരുന്നാളിന്റെ ചരിത്ര പശ്ചാത്തലം നന്നായി എഴുതി.

    പെരുന്നാളാശംസകൾ നേരുന്നു.

    ReplyDelete
  4. ചരിത്രം അവതരിപ്പിച്ചത്‌ നന്നായി.
    ബലിപെരുന്നാള്‍ ആശംസകള്‍

    ReplyDelete
  5. പോസ്റ്റ് വായിച്ചില്ല....ഇന്ഷ അല്ലാഹ് വായിക്കാം....പെരുന്നാളിന്റെ എല്ലാ സുഗന്ധങ്ങളും സന്തോഷങ്ങളും നേരുന്നു....

    ReplyDelete
  6. ഔതുപള്ളയില്‍ ഉസ്താദ് പറഞ്ഞു തരുന്നപോലെ പറഞ്ഞു തന്നു ഈ ചരിത്രകഥ.
    ഉടനെ കഴുത്തന്റെ തര്ക്കുവപ്പാ
    ഉടയ്യോന്‍ തുണയിലെ നമുക്ക്‌വാപ്പാ.....

    ReplyDelete
  7. ബലിപ്പെരുന്നാൾ ആശംസകൾ...

    ReplyDelete

  8. അബൂതി പെരുനാള്‍ ആശംസകള്‍

    ReplyDelete
  9. പെരുന്നാള്‍ ആശംസകള്‍

    ReplyDelete
  10. നേരത്തെ ഒന്നോടിച്ചു വായിച്ചു.
    ഇപ്പോള്‍ മുഴുവനും വായിച്ചു.
    ഇബ്രാഹിം നബി (അലൈഹിസ്സലാം) ബലി അറുക്കാന്‍ തയാറായി.
    നമ്മളാണെങ്കില്‍ 'പടച്ചോനെ, വേണേല്‍ ഒരു കോഴിയെ അറുത്തു ബിരിയാണി വെച്ച് തിന്നോളാം' എന്ന് പറഞ്ഞ് തര്‍ക്കിക്കും.

    എല്ലാവര്‍ക്കും ബലി-പെരുന്നാള്‍ എന്ന വല്യപെരുന്നാള്‍ ആശംസകള്‍ നേരുന്നു.

    ReplyDelete
  11. ബലി പെരുന്നാളിന്റെ പശ്ചാത്തലം നന്നായി വിവരിച്ചു. പെരുന്നാള്‍ ആശംസകള്‍.

    ReplyDelete
  12. ബലിപെരുന്നാളിനെ പറ്റി കൂടുതല്‍ അറിവ് കിട്ടി.എന്റെ പെരുന്നാള്‍ ആശംസകള്‍

    ReplyDelete
  13. അവതരണം നന്നായി

    ബലി പെരുന്നാള്‍ ആശംസകള്‍...

    ReplyDelete
  14. ബലി പെരുന്നാളിന്റെ അര്‍ത്ഥവും വ്യാപ്തിയും സരള മനോഹരമായി വിവരിച്ചു. അറിയുന്നവര്‍ക്ക് കൂടുതല്‍ അറിയാനും അറിയാത്തവര്‍ക്ക് അറിഞ്ഞു തുടങ്ങാനും ഉതകുന്ന നല്ല അവതരണം

    ReplyDelete
  15. ബലി പെരുന്നാളിന്റെ ചരിത്രം മനോഹരമായി പറഞ്ഞു. ചിലയിടങ്ങളില്‍ വല്ലാത്തൊരു ഫീലിംഗ് .. ഈദ്‌ മുബാറക് അബൂതി..

    ReplyDelete