Tuesday, December 25, 2012

പ്രകാശ വലയമുള്ള പെണ്‍ക്കുട്ടി!




സുഹൃത്ത്‌ നല്‍കിയ പുതിയൊരു നോവല്‍ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. തൊട്ടപ്പുറത്ത്‌ ഗൃഹപാഠം പഠിക്കുന്ന കുട്ടികള്‍ മെബൈല്‍ ഫോണ്‍ ബെല്ലടിച്ചപ്പോള്‍ വായന നിര്‍ത്തി ആയാളെ നോക്കി. ഫോണെടുക്കുന്നതിന്നിടയില്‍ ഒന്നു നോക്കിയപ്പോള്‍, അവര്‍ സ്വച്ചിട്ടതു പോലെ വീണ്ടും പുസ്‌തകത്തിലേക്ക്‌ മുഖം തിരിച്ചു. ചുണ്ടിലൂറിയ ചിരിയുമായ മെബൈലിലേക്ക്‌ നോക്കി. പരിചയമില്ലാത്ത ഒരു നമ്പര്‍! പച്ച ബട്ടണില്‍ വിരലമര്‍ത്തി ചെവിയോട്‌ ചേര്‍ത്ത്‌ ഹലോ പറഞ്ഞു. ഒന്നു രണ്ടു നിമിഷം അപ്പുറത്ത്‌ മൌനം. ഏതോ ഒരു ഹിന്ദി ഗസല്‍ കേള്‍ക്കാം. അതിമനോഹരമായ ഒരീണം. വീണ്ടും ഹലൊ പറഞ്ഞപ്പോഴാണ്‌ അപ്പുറത്തു നിന്നും കാറ്റിന്റെ മര്‍മരം പോലെ ഒരു സ്‌ത്രീ ശബ്ദമൊഴുകി വന്നത്‌. അമ്പരപ്പായിരുന്നു ആദ്യം. പേരു പറഞ്ഞപ്പോള്‍ ആളെ തിരിച്ചറിഞ്ഞു!

ഓര്‍മയുടെ പൊടിപിടിച്ച ഭാണ്ഡക്കെട്ടില്‍ നിന്നും ആ മുഖം ചികഞ്ഞെടുക്കാന്‍ അധികമൊന്നും പ്രയാസപ്പെടേണ്ടി വന്നില്ല. മറവിയുടെ ചിതല്‍ തിന്നു തീര്‍ത്തൊരു പ്രണയമോഹത്തിന്റെ പാടേ നശിക്കാത്ത താഴ്‌വേരില്‍ ഒരു സര്‍പ്പസുന്ദരിയുടെ ജ്വലിക്കുന്ന മുഖം പൂര്‍ണേന്ദു പോലെ തെളിഞ്ഞു വന്നു! അവള്‍ ! 

അവള്‍ എന്നെ വിളിച്ചിരിക്കുന്നു! അതും, ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം? നാളെ അവള്‍ക്കൊന്നു കാണണമത്രെ! എന്തിനാവും? അറിയില്ല! അവളങ്ങിനെയാണ്‌. അത്ഭുതത്തിന്റെ ഒരു മാന്ത്രികച്ചെപ്പ്‌!

കാമ്പസിലെ ബദാം മരത്തിന്റെ തണലില്‍ അവനവള്‍ക്ക്‌ മുന്‍പില്‍ ചഞ്ചലഹൃദയത്തോടു കൂടി നില്‍ക്കുമ്പോള്‍ , അവളുടെ മുഖത്തെ സൌന്ദര്യജ്വാലകള്‍ കണ്ടാസ്വദിക്കാന്‍ കഴിഞ്ഞിരുന്നില്ല. അവളുടെ ചുണ്ടിലെ മൂര്‍ച്ചയുള്ള പരിഹാസ ചിരിയായിരുന്നു കാരണം. അവള്‍ നീട്ടിയ ഒരു കടലാസ്‌ തുണ്ട്‌ വിറക്കുന്ന കൈകളോടെ വാങ്ങി. അതില്‍ നാലേ നാലു വരികള്‍! ഏതോ ഒരു മാപ്പിളപ്പാട്ടിന്റെ ഇശല്‍ പോലെ തോന്നിക്കുന്ന നാലു വരികള്‍... 

നെഞ്ചകമില്‍ നിന്നുടെ മുഖമൊരു, 
പൌര്‍ണമിരാവിലെ പെന്‍പ്രഭയാണ്‌! 
മലരേ നിന്‍ സ്നേഹമെനിക്കൊരു 
സാഗരമാവുമ്പോള്‍!

കണ്ണുകള്‍ ആ വരികള്‍ക്കിടയില്‍ പിണഞ്ഞു നിന്നു. നെഞ്ചില്‍ നിന്നപ്പോള്‍ പറിച്ചെടുത്ത ഹൃദയം പോലെ അവ തുടിക്കുന്നുണ്ടായിരുന്നു. അതിനു രക്‌തത്തിന്റെ ഗന്ധവും, അതിലലിഞ്ഞു ചേര്‍ന്നൊരു മോഹത്തിന്റെ ദാഹമുണ്ടായിരുന്നു! 

കാമ്പസില്‍ വച്ച്‌ ആദ്യമായി അവളെ കണ്ടപ്പോള്‍ ആ മുഖത്തിനു ചുറ്റും കാന്തിക വലയമായിരുന്നു. ഹൃദയത്തിന്റെ ധമനികളില്‍ കൊളുത്തിട്ട്‌ വലിക്കുന്ന കണ്ണുകള്‍, വട്ടമുഖം, ചേര്‍ന്ന കപോലം. വശ്യമായ അധരവും നാസികയും. പുഞ്ചിരിക്ക്‌ വെഞ്ചാമരം വീശുന്ന നുണക്കുഴികള്‍. ശിലാഹൃദയങ്ങളെ പോലും കവിഹൃദയങ്ങളാക്കാന്‍ പോന്ന സര്‍പസൌന്ദ്യര്യം! അതായിരുന്നു അവള്‍. താളവും മുറുക്കവുമുള്ള ഒരു മാപ്പിളപ്പാട്ടിന്റെ വരികള്‍ പോലെ വശ്യം! സുന്ദരം!

നിശകള്‍ നിദ്രാവിഹീനമായപ്പോള്‍, ദിനരാത്രങ്ങള്‍ പ്രേമതരളിത സ്വപ്നങ്ങളില്‍ കുതിര്‍ന്നപ്പോള്‍, മോഹവും പ്രണയവും നെഞ്ചിനെ വേദനിപ്പിച്ചു തുടങ്ങിയപ്പോള്‍, അറിയാതെ ഒരു കടലാസുതുണ്ടില്‍ കോറിയിട്ടതായിരുന്നു ആ വരികള്‍! പ്രണയം അറിയിക്കാനായി അതവള്‍ക്കു നല്‍കിയപ്പോള്‍, ഒരു പരിഹാസച്ചിരിയോടെ തിരിച്ചു തന്നിരിക്കുന്നു. ഇതെന്താണ്‌ എന്ന അവളുടെ ചോദ്യത്തിന്‌ ഇതെന്റെ പ്രാണനില്‍ നിന്നും പറിച്ചെടുത്ത്‌ ഒരു സുന്ദര സ്വപ്നമാണ്‌ എന്ന്‌ പറയണം എന്നാഗ്രഹമുണ്ടായിരുന്നു. പക്ഷെ, ആയില്ല! പകരം, എനിക്കെന്റെ മനസ്സില്‍ തോന്നിയ ഇഷ്ടം എന്നേ പറയാനായുള്ളൂ. പുച്ഛം കലര്‍ന്ന ചിരിയോടെ അവള്‍ ചോദിച്ചു. 

നമ്മള്‍ ഒരു നല്ല ജോഡിയാണെന്ന്‌ നിനക്ക്‌ തോന്നിയിടുണ്ടോ? 

നല്ല ജോഡികള്‍! അതിന്റെ മാനദണ്ഡമെന്താണാവോ? തോളോട്‌ തോള്‍ നില്‍ക്കുന്ന സാമ്പത്തിക നിലവാരമോ? അതോ തറവാട്ടു മഹിമയോ? അതോ കച്ചവട കാപട്യങ്ങളിലെ സൌന്ദര്യസങ്കല്‍പ്പങ്ങളോ? അറിയില്ല. അവളുടെ തുടര്‍ വാക്കുകള്‍ ഒരു ശിലാ പ്രതിമ പോലെ കേള്‍ക്കുകയായിരുന്നു. വേണമെന്നു വച്ചിട്ടല്ല. ഭൂമി പിളര്‍ന്ന്‌ താഴേക്കു പോകാന്‍ പുരുഷന്‍മാര്‍ക്ക്‌ വരം കിട്ടാറില്ലല്ലൊ?!

എനിക്കങ്ങിനെ തോന്നുന്നേ ഇല്ല. നിന്നെ ഒരു കൂട്ടുകാരനായി പോലും കാണാനാവില്ലെനിക്ക്‌. എനിക്കാവിശ്യമില്ല. പ്രണയ ലേഖനത്തിലെ ചക്കരവാക്കില്‍ മയങ്ങി പെണ്‍ക്കുട്ടികള്‍ വീണിരുന്ന കാലമൊക്കെ പോയി. അന്തോം കുന്തോമില്ലാത്ത നാലുവരി കവിത കൊണ്ട്‌ എന്നെയങ്ങ്‌ വീഴ്ത്താമെന്ന നിന്റെ മോഹം തന്നെ, നീയൊരു പൊട്ടനാണെന്നതിന്റെ തെളിവാണ്‌. 

അവള്‍ പറഞ്ഞ ഓരോ വാക്കുകളും കൂരമ്പുകളായിരുന്നു. അവ നെഞ്ചിലേക്ക്‌ തുളഞ്ഞു കയറി. അസ്ഥികവചങ്ങളെ തകര്‍ത്തവ, ലോലമായ ഹൃദയ ഭിത്തിയില്‍ രക്‌തം കിനിയുന്ന മുറിപ്പാടുകള്‍ തീര്‍ത്തു. ചവിട്ടേറ്റ ആത്മാഭിമാനത്തിന്റെ മുറിവുകളില്‍ നിനും രക്‌തം പൊടിഞ്ഞു നില്‍ക്കെ, എല്ലാ ഇഷ്ടവും സ്വപ്നങ്ങളും അന്ന്‌, അവിടെ, ആ ബദാം മരത്തിന്റെ ചുവട്ടില്‍ ഇലകള്‍ പോലെ പൊഴിഞ്ഞു പോയി!!!   പിന്നീടവ തളിര്‍ത്തിട്ടെ ഇല്ല!!!

കവിളില്‍ ചൂടുള്ളൊരു ചുംബനം! ഓര്‍മകളില്‍ നിന്നുണര്‍ന്നു നോക്കുമ്പോള്‍ ഒരു പുഞ്ചിരിയുമായി ഭാര്യ. 

എന്താ ഒരാലോചന? മിഴികളില്‍ മിഴി നട്ടവള്‍ ചോദിച്ചു. 

ഏയ്‌ ഒന്നൂല്ല. ഞാനിങ്ങനെ.. മുഴുവിപ്പിക്കാനൊരു പ്രയാസം പോലെ.. 

ഓരോന്നാലോചിക്കുകയായിരുന്നു; ല്ലേ? ഭാര്യ പൂരിപ്പിച്ചു. ഒരു വരണ്ട പുഞ്ചിരിയോടെ അവളുടെ മുഖത്തു നോക്കവെ, അവള്‍ തുടര്‍ന്നു. 

ഈ മനസ്സില്‍ കള്ളമുണ്ടാവുമ്പോള്‍ ചിലരിങ്ങനെ ആണ്‌. വെറുതെ എന്തെങ്കിലുമൊക്കെ ചിന്തിച്ചിരിക്കും.. ഊം.. ആലോചനയൊക്കെ പിന്നെ.. ഇപ്പോ ചെന്ന്‌ നല്ല കുട്ടിയായി കുളിച്ചേ... 

കുളിക്കണോ? ഭയങ്കര തണുപ്പ്‌... മുഖം ചുളിച്ചു കൊണ്ടാണ്‌ ചോദിച്ചുത്‌. അവള്‍ ചെവിക്കു പിടിച്ചപ്പോള്‍ അറിയാതെ എഴുനേറ്റു. അമ്മയെ അനുസരിക്കുന്ന കുഞ്ഞിനെ പോലെ ബാത്ത്‌റൂമിലേക്ക്‌ നടന്നു. അതിനകത്തേക്ക്‌ തള്ളി വിടുന്നതിന്നിടയില്‍ അവള്‍ പറഞ്ഞു. 

മടിയന്‍. വേഗം ചെന്ന്‌ കുളിച്ചോ.. ഇനി അവിടെ ഇരുന്നൊറങ്ങാന്‍ നിക്കണ്ട.. പിന്നെ ഞാന്‍ കേറി കുളിപ്പിക്കും. പറഞ്ഞില്ലാന്ന്‌ വേണ്ട.. 

ഷവറിന്റെ ടാപ്പ്‌ തിരിച്ചു കൊണ്ടിരിക്കുന്നതിന്നിടയിലും ഊറിച്ചിരിച്ചു പോയി, അവളുടെ ആ വാക്കുകളോര്‍ത്ത്‌. പുറത്തപ്പോള്‍ പ്രകൃതി മഴക്കുളിരിന്റെ പുതപ്പിനാല്‍ ഭൂമിയെ പുതക്കുകയായിരുന്നു. രാവിന്റെ കുളിരില്‍ നേര്‍ത്ത കിതപ്പിന്റെ അകമ്പടിയോടെയുള്ള പങ്കുവെക്കലിന്റെ ലാസ്യതയില്‍ എല്ലാം മറന്നു പോവുമ്പോഴും ആ മഴ പുറത്ത്‌ പെയ്യുന്നുണ്ടായിരുന്നു. രാവറയിലൊരു വികാര പുഷ്പം വിടരവേ, രാഗന്ധിയെ തേടി രതിശലഭമെത്തി. മധുവുണ്ട്‌ മതിവന്നപ്പോള്‍ മലരിന്റെ മാറില്‍ മയങ്ങി. മുകില്‍ ജാലക വാതില്‍ തുറന്നമ്പിളി പാല്‍മഴ ചൊരിയവെ, മഴയേറ്റു നനഞ്ഞവള്‍ മാറിലെയിക്കിളി വാര്‍മുടിത്തുമ്പു കൊണ്ട്‌ മറക്കുകയായിരുന്നു. 

രാവിലെ പതിവു പോലെ വീട്ടില്‍ നിന്നിറങ്ങി. മേലധികാരിയെ വിളിച്ചൊരു അവധി പറഞ്ഞു. നേരെ  നഗരത്തിലുള്ള കൂട്ടുകാരന്റെ കോഫീഷോപ്പിലേക്ക്‌ പോയി. ചാറ്റല്‍ മഴയിലേക്കി നോക്കിയിരിക്കവേ ചിന്തകള്‍ മനസ്സില്‍ മദം കൊള്ളുകയായിരുന്നു. എന്തിനായിരിക്കും അവള്‍ കാണണം എന്നു പറഞ്ഞത്‌? ഇനി ഈ വൈകിയ വേളയില്‍ അവള്‍ക്കെന്നോട്‌ പ്രണയം!? ഏയ്‌.. അതാവില്ല! അല്ല; അങ്ങിനെ തന്നെ ആണോ? ആണെങ്കില്‍!? ഹൃദയമൊന്ന്‌ പിടച്ചു. പ്രണയ സ്വപ്നങ്ങള്‍ അങ്ങിനെയാണ്‌. ചിലപ്പോളവ വരണ്ടുണങ്ങും. വിണ്ടു കീറി നിര്‍ജീവമായി നില്‍ക്കും. ശേഷം; പ്രതീക്ഷയുടെ ഒരു നേര്‍ത്ത ചാറ്റല്‍ മഴ കിട്ടിയാല്‍ മതി. പിന്നെയുമവ നിറഞ്ഞൊഴുകും. മാംസദാഹത്തിന്റെ അപ്പുറത്തുള്ള മനസ്സിന്റെ ചില വികൃതികളാണ്‌ അത്‌. ഒരു പ്രണയവും ഒരു മനസ്സിലും ഒരിക്കലും മരിക്കുന്നില്ല. അവ ഉറങ്ങുന്നെ ഉള്ളൂ. ഉണരാനൊരു സാഹചര്യവും കാത്ത്‌, മനസ്സിന്റെ ആഴങ്ങളില്‍, അവയങ്ങിനെ ഉറങ്ങിക്കിടക്കും. 

കുന്നിന്‍ മുകളിലെ ഇരുനില മാളികയുടെ ഗേറ്റിന്‌ മുന്നില്‍ കാറു നിര്‍ത്തി ഹോണടിച്ചപ്പോള്‍ ഓട്ടോമെറ്റിക്കായി മുമ്പില്‍ ഗേറ്റ്‌ തുറന്നു. കോളിംഗ്‌ ബെല്ലടിക്കേണ്ടി വന്നില്ല. ധാരാളം കൊത്തുപണികളുള്ള മുന്‍ വാതില്‍ തുറന്നത്‌ അവളായിരുന്നു. അവള്‍!


(തുടരും)

13 comments:

  1. നല്ല ജോഡികള്‍! അതിന്റെ മാനദണ്ഡമെന്താണാവോ? തോളോട്‌ തോള്‍ നില്‍ക്കുന്ന സാമ്പത്തിക നിലവാരമോ? അതോ തറവാട്ടു മഹിമയോ? അതോ കച്ചവട കാപട്യങ്ങളിലെ സൌന്ദര്യസങ്കല്‍പ്പങ്ങളോ? അറിയില്ല.

    ReplyDelete
  2. താങ്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം ഇന്ന് ഈ സമൂഹം തരും അത് എന്തായാലും അതുതന്നെ ശെരിയും,

    നന്നായി എഴുതി
    ആശംസകൾ

    ReplyDelete
  3. നല്ല ജോഡികള്‍ ആയാലും മനപ്പൊരുത്തം ഇല്ലെങ്കില്‍ എന്ത് കാര്യം !

    ബാക്കി കൂടെ പോരട്ടെ !

    ReplyDelete
  4. പ്രണയ സ്വപ്നങ്ങള്‍ അങ്ങിനെയാണ്‌. ചിലപ്പോളവ വരണ്ടുണങ്ങും. വിണ്ടു കീറി നിര്‍ജീവമായി നില്‍ക്കും. ശേഷം; പ്രതീക്ഷയുടെ ഒരു നേര്‍ത്ത ചാറ്റല്‍ മഴ കിട്ടിയാല്‍ മതി. പിന്നെയുമവ നിറഞ്ഞൊഴുകും.

    കൊള്ളാം കേട്ടോ.

    തുടരൂ, ആശംസകള്‍

    ReplyDelete
  5. ഇത് സസ്പെന്‍സില് ആണ് അല്ലെ ?

    നന്നായി എഴുതി അബൂതി....
    ചില വാചകങ്ങള്‍ നല്ല സുഖം ആയി
    വായിച്ചു....

    പ്രണയം ഉറങ്ങുക ആണ് ഒരിക്കലും മരിക്കാതെ..!!
    ബാക്കി പോരട്ടെ വേഗം....‍

    ReplyDelete
  6. അവളുടെ വലയിൽ വീഴല്ലേ.....

    ReplyDelete
  7. നന്നായി എഴുതി അബൂതി....

    സുന്ദരമായ ഭാഷാപ്രയോഗങ്ങള് തെല്ലിഷ്ടമായി.... ആശംസകള്

    ReplyDelete
  8. കൊള്ളാം അബൂതി .... ബാക്കി വേഗം പോരട്ടെ...............

    ReplyDelete
  9. ഇതെന്താ നീണ്ട കഥയാണോ? വന്നു കുടുങ്ങിയോ...?

    ReplyDelete
  10. ഞാനിത് നേരത്തെ വായിച്ചിരുന്നു. വായിച്ചു തുടങ്ങിയപ്പോഴാണ് വായിച്ചതാണല്ലോ എന്ന് ഓര്‍മ്മ വന്നത്. അടുത്തത് വായിക്കാന്‍ ഒന്നുകൂടി വായിച്ചു.

    "മാംസദാഹത്തിന്റെ അപ്പുറത്തുള്ള മനസ്സിന്റെ ചില വികൃതികളാണ്‌ അത്‌. " '"
    മറന്നു എന്ന് വിചാരിച്ചാലും തീര്ച്ചപ്പെടുത്തിയാലും മയങ്ങിക്കിടക്കുകയായിരിക്കും.
    അടുത്തത് നോക്കട്ടെ.

    ReplyDelete
  11. ആകാംക്ഷ ജനിപ്പിച്ചു.(ഒരു പ്രണയവും ഒരു മനസ്സിലും ഒരിക്കലും മരിക്കുന്നില്ല. അവ ഉറങ്ങുന്നെ ഉള്ളൂ. ഉണരാനൊരു സാഹചര്യവും കാത്ത്‌, മനസ്സിന്റെ ആഴങ്ങളില്‍, അവയങ്ങിനെ ഉറങ്ങിക്കിടക്കും.)

    ReplyDelete
  12. പ്രണയ സ്വപ്നങ്ങള്‍ അങ്ങിനെയാണ്‌. ചിലപ്പോളവ വരണ്ടുണങ്ങും. വിണ്ടു കീറി നിര്‍ജീവമായി നില്‍ക്കും. ശേഷം; പ്രതീക്ഷയുടെ ഒരു നേര്‍ത്ത ചാറ്റല്‍ മഴ കിട്ടിയാല്‍ മതി. പിന്നെയുമവ നിറഞ്ഞൊഴുകും. മാംസദാഹത്തിന്റെ അപ്പുറത്തുള്ള മനസ്സിന്റെ ചില വികൃതികളാണ്‌ അത്‌. ഒരു പ്രണയവും ഒരു മനസ്സിലും ഒരിക്കലും മരിക്കുന്നില്ല. അവ ഉറങ്ങുന്നെ ഉള്ളൂ. ഉണരാനൊരു സാഹചര്യവും കാത്ത്‌, മനസ്സിന്റെ ആഴങ്ങളില്‍, അവയങ്ങിനെ ഉറങ്ങിക്കിടക്കും. ..അടുത്തത് കൂടി വായിക്കട്ടെ ...ആകാംഷ കൂടി ..

    ReplyDelete
  13. പ്രണയ സ്വപ്നങ്ങള്‍ അങ്ങിനെയാണ്‌. ചിലപ്പോളവ വരണ്ടുണങ്ങും. വിണ്ടു കീറി നിര്‍ജീവമായി നില്‍ക്കും. ശേഷം; പ്രതീക്ഷയുടെ ഒരു നേര്‍ത്ത ചാറ്റല്‍ മഴ കിട്ടിയാല്‍ മതി. പിന്നെയുമവ നിറഞ്ഞൊഴുകും. മാംസദാഹത്തിന്റെ അപ്പുറത്തുള്ള മനസ്സിന്റെ ചില വികൃതികളാണ്‌ അത്‌. ഒരു പ്രണയവും ഒരു മനസ്സിലും ഒരിക്കലും മരിക്കുന്നില്ല. അവ ഉറങ്ങുന്നെ ഉള്ളൂ. ഉണരാനൊരു സാഹചര്യവും കാത്ത്‌, മനസ്സിന്റെ ആഴങ്ങളില്‍, അവയങ്ങിനെ ഉറങ്ങിക്കിടക്കും. ..അടുത്തത് കൂടി വായിക്കട്ടെ ...ആകാംഷ കൂടി ..

    ReplyDelete