Friday, January 4, 2013

പ്രകാശ വലയമുള്ള പെണ്‍ക്കുട്ടി (രണ്ടാം ഭാഗം)കുന്നിന്‍ മുകളിലെ ഇരുനില മാളികയുടെ ഗേറ്റിന്‌ മുന്നില്‍ കാറു നിര്‍ത്തി ഹോണടിച്ചപ്പോള്‍ ഓട്ടോമെറ്റിക്കായി മുമ്പില്‍ ഗേറ്റ്‌ തുറന്നു. കോളിംഗ്‌ ബെല്ലടിക്കേണ്ടി വന്നില്ല. ധാരാളം കൊത്തുപണികളുള്ള മുന്‍ വാതില്‍ തുറന്നത്‌ അവളായിരുന്നു. അവള്‍!

വലിയ മാറ്റമൊന്നും അവള്‍ക്കുണ്ടായിരുന്നില്ല. സ്വല്‍പ്പം തടി കൂടിയിട്ടുണ്ട്‌ എന്നതൊഴിച്ചാല്‍ ആളിപ്പോഴും ആ പഴയ നാഗസുന്ദരി തന്നെ. അവളുടെ ആ പഴയ പുഞ്ചിരിയും കവിള്‍ ചുഴികളും തന്നെ സ്വാഗതം ചെയ്യവെ, പുഞ്ചിരിക്കാന്‍ പോലും മറന്നു പോയിരുന്നു. അതൊരു വീടായിരുന്നില്ല. ഒരു കൊട്ടാരമായിരുന്നു. അതിന്റെ ഓരോ മുക്കിലും മൂലയിലും പണക്കൊഴിപ്പിന്റെ പളപളപ്പ്‌ കാണാമായിരുന്നു. കുടിക്കാനെന്താ വേണ്ടത്‌ എന്ന അവളുടെ ചോദ്യത്തിന്‌ തണുത്തതെന്തെങ്കിലും എന്നേ പറഞ്ഞുള്ളൂ. അവള്‍ നടക്കുമ്പോള്‍ അവളുടെ വസ്‌ത്രമുലയുന്ന ശബ്ദം ഒരു പാമ്പിന്റെ സീല്‍ക്കാരം പോലെ കേട്ടു. ഇവിടെ ഇവള്‍ മാത്രമെ ഉള്ളൂ? ആരെയും കാണുന്നില്ല! മാത്രമല്ല. അവിടെയെങ്ങും തളം കെട്ടി നില്‍ക്കുന്ന മൂകതയ്ക്ക്‌ വല്ലാത്ത ഒരു ഭാവമുണ്ടായിരുന്നു. സ്മശാനമൂകത പോലെ! ആയുസിന്റെ കണക്കുപുസ്‌തകത്തില്‍ നിന്നും നിമിഷങ്ങളുടെ താളുകള്‍ പറിച്ചെറിഞ്ഞു കൊണ്ടിരിക്കുന്ന ചുമരിലെ ഘടികാരത്തിന്‌ പോലുമുണ്ടായിരുന്നു ആ വന്യമായ നിശബ്ദത!

തണുത്ത പാനീയം കുടിച്ചു കൊണ്ടിരിക്കെ അവളാണ്‌ സംഭാക്ഷണത്തിന്‌ തുടക്കം കുറിച്ചത്‌. 

എന്താ ഒന്നും മിണ്ടാത്തത്‌? തനിക്കിപ്പോഴും എന്നോട്‌ പിണക്കമാണോ?

പിണക്കം? ആര്‍ക്ക്‌? ആരോട്‌? അല്ലെങ്കില്‍ എന്തിന്‌? അമ്പിളിയെ കളിപ്പാട്ടമായി കിട്ടാന്‍ കൊതിച്ചു കരഞ്ഞ കുട്ടിയെ പോലെയല്ലെ താന്‍ . ഒരു ശില ശില്‍പമായി മാറുന്നതു പോലെയാണ്‌ ജീവിതം. ശിലയില്‍ നിന്നെത്രയോ ഭാഗങ്ങള്‍ നിര്‍ദയം കൊത്തിക്കളഞ്ഞാലേ ഒരു ശില്‍പ്പമുണ്ടാകൂ. യാത്രയിലെന്തിന്‌ നാം ഭാരങ്ങളായ ഓര്‍മകള്‍ കൊണ്ടു നടക്കണം? ഇണങ്ങാനിഷ്ടപ്പെട്ട ആ പ്രായം മരിച്ചിട്ടെത്ര കാലമായി. ഇനിയും പിണക്കമോ? പകുതി കുടിച്ചുതീര്‍ത്ത പഴച്ചാറിലേക്കു നോക്കി ഒന്നുരണ്ടു നിമിഷം ഇരുന്നു. ഒന്നും പറയാതെ. പിന്നെ മുഖമുഴര്‍ത്തി അവളുടെ മിഴികളില്‍ നോക്കി. തനിക്കറിയേണ്ടത്‌ ഈ കൂടിക്കാഴ്ച്ചയുടെ അര്‍ത്ഥമെന്താണെന്നായിരുന്നു. ചുണ്ടു പിളരാത്ത ഒരു പുഞ്ചിരിയായിരുന്നു മറുപടി. ഒരല്‍പ്പം നീണ്ട മൌനം. നെഞ്ചില്‍ കനമേറ്റിയ വികാരങ്ങള്‍ , ചിന്തകള്‍ . ഇടറി വീണ ചില നിമിഷങ്ങള്‍ക്ക്‌ ആയിരം നാവുണ്ടായിരുന്നു. അവളിപ്പോള്‍ ദുബായിലാണ്‌. ഭര്‍ത്താവിന്റെയും ഏകമകന്റെയും കൂടെ. ഭര്‍ത്താവ്‌ ദുബായിലെ ഒരു വലിയ ബിസിനസുകാരനാണ്‌. വലിയ ബിസിനസുകാരന്‍ . 

ഇവിടെ തനിച്ചാണോ നീ? ഈ വലിയ വീട്ടില്‍? അങ്ങിനെ ചോദിക്കാതിരിക്കാനാവുമായിരുന്നില്ല. അല്ലായിരുന്നത്രെ. ഒരു വേലക്കാരിയും ഡ്രൈവറുമുണ്ടായിരുന്നത്രെ. രണ്ട്‌ പേരോടും ഇന്ന്‌ വരണ്ടാന്ന്‌ പറഞ്ഞു. നീയിവിടെ വരുമ്പോള്‍ ഇവിടെ ഞാന്‍ മാത്രം മതി എന്നാണെന്റെ തീരുമാനം എന്നവള്‍ പറഞ്ഞപ്പോള്‍ ആ മുഖത്തേക്ക്‌ സൂക്ഷിച്ച്‌ നോക്കി. അവിടെ ഒരു കുസൃതിച്ചിരിയുണ്ടോ? കണ്ണുകളില്‍ ഒരു തീഷ്ണഭാവമുണ്ടോ? അവളാ പറഞ്ഞതിന്‌ ഒരു ഗൂഢാര്‍ത്ഥമുണ്ടോ? ഹേയ്‌.. തനിക്ക്‌ തോന്നുന്നതാവാം! അതല്ല, ഇതെല്ലാം തന്റെ മനസ്സിന്റെ അഗാധതകളില്‍ താനറിയാതെ ഒളിച്ചു കഴിഞ്ഞിരുന്ന അധമ ചിന്തകളോ? ഒന്നും തിരിച്ചറിയാന്‍ കഴിയുന്നില്ല. ഒന്നും. ആ സാഹചര്യത്തെ! അവളെ! തന്നത്തന്നെ!

അവസാനം അവള്‍ പറഞ്ഞു. രണ്ടാഴിച്ചത്തേക്ക്‌ അവള്‌ ആരെയും കൂട്ടാതെ നാട്ടിലേക്കു വന്നത്‌ ഒന്ന്‌ കാണാന്‍ വേണ്ടി മാത്രമായിരുന്നു എന്ന്‌. പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരം ഹൃദയധമനികളില്‍ കൂടി ഒച്ചിനെ പോലെ ഇഴഞ്ഞു നടക്കവെ, പാതിയിടര്‍ച്ചയും പാതിയത്ഭുതവും ചേര്‍ന്നായിയുന്നു ചോദ്യം. എന്നെ കാണാനൊ? എന്തിന്‌? 

കാണണമെന്ന്‌ തോന്നി. ഒരാഗ്രഹം! ചില ഓര്‍മകള്‍ നായാട്ടു നായ്ക്കളെ പോലെയല്ലേ? നമ്മുടെ ജീവിതത്തിലുടനീളം അവ നമ്മെ പിന്തുടരും. നമ്മുടെ സ്വസ്ഥതയെ കടിച്ചു കീറും. നീയന്നെനിക്കെഴുതിത്തന്ന ആ നാലുവരി കവിതയില്ലേ? അതും അത്തരമൊരോര്‍മയാണ്‌. സത്യം. ഇന്നിപ്പോള്‍ ഫാന്റസിയായ ഒരാഗ്രഹം. ജീവിതത്തില്‍ , സമയത്തിന്റെ പിന്നിലേക്കെന്നു നടക്കണമെന്ന്‌. നടന്നു നടന്ന്‌ ആ പഴയ ബദാംമരച്ചുവടു വരെ നടക്കണം. നീ നീട്ടിയ ഒരു കൈകുമ്പിള്‍ സ്നേഹം ഞാന്‍ തട്ടിത്തെറിപ്പിച്ച ആ ബദാം മരച്ചുവടു വരെ.. 

അവളത്‌ പറയുമ്പോള്‍ വല്ലാത്തൊരു ഭാവമായിരുന്നു ആ മുഖത്ത്‌. കണ്ണുകള്‍ രണ്ട്‌ വൈഡൂര്യം പോലെ തിളങ്ങുന്നുണ്ടായിരുന്നു. തുടുത്ത കവിളും, തരളിതമായ മുഖവും. നേര്‍ത്ത ശബ്ദം. പ്രണയാര്‍ദ്രമായ നോട്ടം. ആ കണ്ണുകളില്‍ നോക്കി നിന്ന നിമിഷങ്ങളില്‍ ഹൃദയത്തില്‍ സ്നേഹ സാന്ദ്രമായ ഒരു കാറ്റ്‌ വീശുന്ന പോലെ. കനത്ത മൌനം മൂടല്‍ മഞ്ഞു പോലെ ഘനീഭവിച്ചു നിന്നു. മനസ്സ്‌ ക്ഷുഭിതസാഗരം പോലെ പ്രക്ഷുബ്ധമായിരുന്നു. കാലപ്രവാഹത്തിന്റെ വരിവെള്ളത്തിലൊലിച്ചു പോയ ജീവിതത്തിലെ ഏറ്റവും തീവ്രമായിരുന്ന മോഹം! ആ മോഹമിതാ ഇന്ന്‌ തന്റെ മുമ്പില്‍ , മുഖത്തെ ആ കാന്തിവലയത്തിനുള്ളില്‍ കത്തിച്ചു വച്ച കര്‍പൂര ദീപം പോലെ നില്‍ക്കുന്നു. ഒന്ന്‌ കൈ നീട്ടുകയെ വേണ്ടൂ. ഒന്നു കൈ നീട്ടുക മാത്രം! 

മിഴികളടച്ചപ്പോള്‍ അകക്കണ്ണില്‍ ചില കാഴ്ച്ചകള്‍ മിന്നി മറഞ്ഞു. ക്യാമ്പസ് വരാന്തയില്‍ ആദ്യമായി അവളെ കണ്ട നിമിഷം. പിന്നെ അവളറിഞ്ഞും അറിയാതെയും അവളെ നോക്കി നിന്ന നിമിഷങ്ങള്‍ . ആ പുഞ്ചിരി, ചലനങ്ങള്‍ , സംസാരം; എല്ലാം മാറിനിന്നാസ്വദിച്ച സുന്ദരനിമിഷങ്ങള്‍ ! അന്നു പ്രണയത്തിന്റെ ചാറ്റല്‍ മഴയില്‍ താനങ്ങിനെ നനഞ്ഞു കുതിര്‍ന്നു നിന്നു. നെഞ്ചകം കുളിര്‍ന്ന്‌! തണുത്ത്‌ വിറച്ച്‌! പൊലിഞ്ഞു പോയ ആ സ്വപത്തിന്റെ വിലയാണോ ഇന്നിവള്‍ തരാന്‍ പോകുന്നത്‌? അതു സ്വീകരിക്കാന്‍ താന്‍ ബലി നല്‍കേണ്ടതെന്താണ്‌? ആരെയാണ്‌?

ആ ചിന്ത നടുക്കിക്കളഞ്ഞു. അറിയാതെ ഓര്‍ത്തു പോയി. വീട്ടില്‍ തനിക്കും മക്കള്‍ക്കും വേണ്ടി അടുളപ്പുകയോട്‌ മല്ലിടുന്ന ഒരു സാധാരണ പെണ്‍ക്കുട്ടിയുടെ മുഖം. തനിക്ക്‌ നോവുമ്പോള്‍ താനറിയാതെ തേങ്ങുന്ന അവളുടെ മനസ്സ്‌. തനിക്കും മകള്‍ക്കും വേണ്ടി അവളുരുകുന്നു. പുകയുന്നു. അവളെ മറന്ന്‌??? അവളുടെ സ്നേഹത്തെ മറന്ന്‌??? അവളുടെ ശ്രദ്ധയെ മറന്ന്‌???

സോറി. ബദാം മരച്ചൂവടു വരെ നടന്നിട്ടിപ്പോള്‍ എന്താവാനാ? കൊഴിഞ്ഞ ഇലകളുടെ സ്മാരകങ്ങള്‍ കാണാം. വെറും സ്മാരകങ്ങള്‍ ! അന്നെന്റെ മനസ്സിന്റെ വന്യമായ ഒരാഗ്രഹമായിരുന്നു നീ. എന്നാലിന്ന്‌ ഞാനറയാത്തതോ, അനുഭവിക്കാത്തതോ ആയ ഒന്നും നിന്റെ കയ്യിലില്ല. ഒന്നും. 

ഒരു നിമിഷം അവളൊന്ന്‌ പകച്ചു പോയി. 

നിനക്കെന്നെ ഇഷ്ടമായിരുന്നില്ലേ? നീ വന്നപ്പോള്‍ ഞാന്‍ കരുതി നിനക്കിപ്പോഴും എന്നോടാ പഴയ ഇഷ്ടമുണ്ടെന്ന്‌. 

ഇഷ്ടമൊരു വിത്താണ്‌. അതിന്‌ നനവു കിട്ടിയാലെ അതൊരു മരമായി മാറൂ. ആ മരമാണ്‌ സ്നേഹം!  അല്ലെങ്കില്‍ അതുണങ്ങിപ്പോകും! അന്നൊക്കെ നിന്നെ കണ്ടു ഭ്രമിച്ച്‌ പോയിട്ടുണ്ട്‌ ഞാന്‍. പക്ഷെ, നീയിപ്പോള്‍ എനിക്ക്‌ വച്ച്‌ നീട്ടുന്നത്‌ പ്രണയമല്ല. കാമമാണ്‌. വെറും കാമം! ഭര്‍ത്താവിന്റെ കൂടെ കിടന്നിട്ടും കത്തിത്തീരാത്ത കൊഴുപ്പിന്റെ ബാക്കി.. 

no!!  അവളിടക്കു കേറിപ്പറഞ്ഞു. 

no! how silly you are... ഇത്ര മുന്‍വിധി വേണ്ടായിരുന്നു. ഭര്‍ത്താവിന്റെ കൂടെ കിടന്നിട്ടും കത്തിത്തീരാത്ത കൊഴുപ്പത്രെ... അതും കാമത്തിന്റെ കൊഴുപ്പ്‌... 

അവള്‍ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. ഒരല്‍പ്പ നേരം അവള്‍ ജാലകത്തിലൂടെ പുറത്തേക്ക്‌ നോക്കിയിരുന്നു. പിന്നെ പതുക്കെ തന്റെ നൊമ്പരത്തിന്റെ നനഞ്ഞ ഭാണ്ഡക്കെട്ടഴിക്കാന്‍ തുടങ്ങി. ക്യാമ്പസിലാരെയും കൊതിപ്പിച്ച ചിത്രശലഭത്തിന്‌ വരനായി കിട്ടിയത്‌ ദുബായ്‌ എന്ന ആകാശ നഗരത്തിലെ ഒരു ബിസിനസ്‌ മാഗ്നറ്റിനെ. ഉള്ളു നിറഞ്ഞ ആശയും തുടിക്കുന്ന ഹൃദയവുമായി തെല്ലൊരഹങ്കാരത്തോടെ താനയാളെ മണിയറയില്‍ കാത്തുനിന്ന രാത്രി. പുലര്‍ച്ചെ അയാള്‍ വന്നു. മണിയറയില്‍ കാത്തിരിക്കുന്ന പുതുമണവാട്ടിയായിരുന്നില്ല അയാള്‍ക്ക്‌ വലുത്‌. പകരം തന്റെ ബിസിനസ്‌ ബന്ധങ്ങളായിരുന്നു. പുതിയ പുതിയ കച്ചവടപ്പാതകള്‍ വെട്ടിത്തെളിക്കാവുന്ന സൌഹൃദങ്ങളായിരുന്നു. അന്നഴിഞ്ഞു പോയതു തന്റെ വസ്‌ത്രമായിരുന്നില്ല. വ്യക്‌തിത്വമായിരുന്നു. ഉടഞ്ഞു പോയതെന്റെ ജീവിതവും. പിന്നെയിന്നോളം താനയാളുടെ സ്വര്‍ണക്കൂട്ടില്‍ തടവറയിലാണ്‌. തന്റെ സ്വപ്നങ്ങള്‍ , ആശകള്‍ , വികാരങ്ങള്‍ , എല്ലാം തനിക്കു നഷ്ടമായി. എന്തിന്‌; ജീവിതം മുഴുവന്‍.. അയാള്‍ക്കൊരിക്കലും തന്നെ സ്നേഹിക്കാനായിട്ടില്ല. പണത്തെയല്ലാതെ മറ്റൊന്നിനെയും അയാള്‍ സ്നേഹിക്കുന്നുമില്ല. താനും മനുഷ്യസ്‌ത്രീയല്ലെ? എനിക്കും ജീവനില്ലെ? മോഹങ്ങളില്ലെ? 

പക്ഷെ,, നീ അയാളുടെ കുഞ്ഞിനെ പ്രസവിച്ചില്ലെ?? 

ആ മുഖത്തു വിരിഞ്ഞത്‌ ക്ഷോഭമാണോ, അതോ പരിഹാസമാണോ? തിരിച്ചറിയാനായില്ല! 

ഒരു പുരുഷന്‌ ഒരു സ്‌ത്രീയെ ഗര്‍ഭിണിയാക്കാന്‍ അവളെ രതിമൂര്‍ച്ചയിലെത്തിക്കണമെന്ന്‌ വിശ്വസിക്കുന്നുണ്ടോ നീയും?

ആ വെട്ടിത്തുറന്നുള്ള ചോദ്യത്തിന്റെ മുമ്പില്‍ വല്ലാതെ പതറിപ്പോയി. അല്ല, ചൂളിപ്പോയി! എന്തുത്തരം പറയണം എന്നറിയാതെ നില്‍ക്കവെ അവള്‍ തുടര്‍ന്നു. 

അയാള്‍ വരും. അയാളുടെ പൂതി തീര്‍ക്കാന്‍ . തിരിഞ്ഞു കിടക്കുമ്പോള്‍ എന്നെക്കുറിച്ചയാള്‍ ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ല. ഒരിക്കല്‍ പോലും.... അവളുടെ ഓരോവാക്കിലും അറപ്പിന്റെ പശപശപ്പുണ്ടായിരുന്നു. 

നിനക്ക്‌ വിവാഹ മോചനം നേടിക്കൂടെ? ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ ഇങ്ങിനെ ജീവിക്കണോ? ഒരു പുനര്‍വിവാഹം പ്രയാസമുള്ള കാര്യമൊന്നും ആവില്ലല്ലോ? 

 ഹും.. വിവാഹ മോചനം! പെണ്ണൊരുത്തി വിവാഹ മോചനം നേടി കുടുംബത്തിരുന്നാല്‍ ഇടിഞ്ഞു പൊളിഞ്ഞു വീഴുന്ന തറവാടിന്റെ മഹിമയെ കുറിച്ച്‌ നിനക്കെന്തറിയാം? കുങ്കുമം ചുമക്കുന്ന കഴുതകളെ പോലെയാണ്‌ തറവാട്ടില്‍ പിറന്ന പെണ്ണുങ്ങള്‍ . നിങ്ങളാണുങ്ങള്‍ നെറ്റിപ്പട്ടം പോലെ എടുത്തണിയുന്ന ഈ തറവാടിത്തം, ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക്‌ മിക്കപ്പോഴും ഭാരങ്ങളാണ്‌. മഹാഭാരങ്ങള്‍ . തറവാടിനുണ്ടാവുന്ന ചീത്തപ്പേരിനു മുന്നില്‍ ഞങ്ങള്‍ പെണ്ണുങ്ങളുടെ ജീവിതത്തിനെന്തു വില? 

നീണ്ട മൌനത്തിന്നൊടുവില്‍ അധികമൊന്നും പറയാനുണ്ടായിരുന്നില്ല. ജീവിതത്തില്‍ ഒരുപാട്‌ പ്രതീക്ഷകളും സ്വപ്നങ്ങളുമുണ്ടായിരുന്ന ഒരു പെണ്‍ക്കുട്ടിക്ക്‌ അതെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ഇപ്പോഴവള്‍ ജീവിതത്തെ വെല്ലുവിളിക്കാനിറങ്ങിയതാണ്‌. പക്ഷെ, എന്തു കൊണ്ട്‌ ഞാന്‍? കാമ്പസില്‍ അവളുടെ മുമ്പില്‍ ഞാന്‍ മാത്രമല്ലല്ലോ ചെന്നത്‌? മനുഷ്യ മനസ്സ്‌ ചില്ലപ്പോഴൊക്കെ ഉത്തരം കിട്ടാത്ത ചില കടങ്കഥകള്‍ ചോദിക്കാറുണ്ട്‌. സോഫയില്‍ നിന്നെഴുനേറ്റ്‌ വാതിലിന്റെ നേരെ നടക്കുന്നതിന്നിടയില്‍ പറഞ്ഞു. 

ഞാന്‍ പോകുന്നു. നീയെന്നെ വിളിച്ചപ്പോള്‍ . ഞാന്‍ വന്നു. നിന്റെ ശബ്ദമൊന്നു കേട്ടപ്പോള്‍ , നേരില്‍ കാണാനൊരാഗ്രഹം. പക്ഷെ, നീയാഗ്രഹിക്കുന്നത്‌ എന്നോ ദ്രവിച്ചു കഴിഞ്ഞ ആ പഴയ ബന്ധത്തിന്റെ പുതുക്കലാണെങ്കില്‍ , സോറി, എനിക്ക്‌ താല്‍പര്യമില്ല. എനിക്ക്‌ എന്നെത്തന്നെ വഞ്ചിക്കാനാവില്ല. എന്നെ വിശ്വസിച്ച്‌, എനിക്ക്‌ വേണ്ടി ജീവിക്കുന്നവളെ മറക്കാനാവില്ല. എനിക്കു വേണ്ടതെല്ലാം അവളെനിക്ക്‌ തരുന്നുണ്ട്‌. അതൊരു രസമാണ്‌. സ്വന്തം ഇഷ്ടവും സ്വപ്നവുമൊക്കെ ഒരാള്‍ക്കു വേണ്ടി പാകപ്പെടുത്തുമ്പോള്‍ അനുഭവിക്കുന്ന സുഖം. അതു പറഞ്ഞാല്‍ നിനക്കറിയുമോ എന്നറിയില്ല. 

പുറത്തേക്കുള്ള വാതില്‍ക്കലോളെമെത്തിയപ്പോഴാണ്‌ അവള്‍ ഒരു പിന്‍വിളി വിളിച്ചത്‌. തിരിഞ്ഞു നോക്കിയപ്പോള്‍ നീട്ടിപ്പിടിച്ച ഓട്ടോഗ്രാഫും പേനയും, നിറഞ്ഞ കണ്ണുകളും.  ഒരു നാലു വരി കവിത. അതാണവളിപ്പോള്‍ ആവിശ്യപ്പെടുന്നത്‌. കവിത! അതൊക്കെ എന്നോ എവിടെയോ കളഞ്ഞു പോയില്ലെ. ബദാം മരത്തിന്റെ കൊഴിഞ്ഞ ഇലകള്‍ പോലെ, ജീവിതത്തില്‍ നിന്നടര്‍ന്നു പോയ ഇലകളാണ്‌ അവയെല്ലാം! എങ്കിലും ആ ഓട്ടോഗ്രാഫ്‌ വാങ്ങി. പിന്നെ അതില്‍ മെല്ലെ കുറിച്ചിട്ടു. അപ്പോള്‌ മനസ്സില്‍ തോന്നിയ ചില വരികള്‍ ! 

നിന്‍മിഴിനീരൊരു മഴയായിപെയ്യുമ്പോള്‍ 
നനയാതെ ഞാന്‍ മാറി നിന്നാലും; 
നിന്‍രാഗകോകിലം പഞ്ചമം പാടുമ്പോള്‍ 
കേള്‍ക്കാത്ത മട്ടില്‍ ഞാന്‍ നിന്നാലും; 
സാന്ദ്രനക്ഷത്രമെ നിന്‍ചിരി കാണാന്‍ 
മണ്ണില്‍ മലരുകള്‍ തപസിരിക്കും! 
വസന്തം ഋതുവിന്‍ പടിവാതിലില്‍ 
നിന്നുടെ കാലൊച്ച കാത്തിരിക്കും!

സ്വിച്ചിടുന്ന ശബ്ദത്തോടൊപ്പം മുറിയിലാകെ വെളിച്ചം പരന്നു. ഇരുട്ടിലേക്ക്‌ തുറന്നു വച്ചിരുന്ന കണ്ണുകളില്‍ പ്രകാശകിരണങ്ങള്‍ കുത്തി നോവിച്ചപ്പോള്‍ മുഖം ചുളിച്ചു. ഭാര്യ അടുത്തു വന്ന്‌ നെറ്റിയില്‍ പതുക്കെ തലോടിക്കൊണ്ട്‌ ചോദിച്ചു. 

കുറവില്ലേ?

വൈകുന്നേരമായപ്പോഴേക്കും വീട്ടിലെത്തിയതാണ്‌. തലവേദന കാരണം ഓഫീസില്‍ നിന്നും നേരത്തെ പോന്നെന്നൊരു കള്ളം പറഞ്ഞു. അവള്‍ പിന്നാലെ നടന്ന്‌ നിര്‍ബന്ധിച്ചപ്പോള്‍ ഒരു വേദന സംഹാരി ഗുളികയും കുടിച്ചു കിടന്നതാണ്‌. അവളുടെ മുഖത്ത്‌ നോക്കി ക്ഷീണം കലര്‍ന്നൊരു പുഞ്ചിരിയോടെ ഉണ്ടെന്ന അര്‍ത്ഥത്തില്‍ തലയാട്ടി. അവള്‍ കട്ടിലില്‍ ഇരുന്നു. മുടിയിഴകളിലൂടെ ആ വിരലുകള്‍ പരതി നടന്നപ്പോള്‍ അവാച്യമായ ഒരനുഭൂതിയാല്‍ കണ്ണുകളടച്ച്‌ അങ്ങിനെ കിടന്നു. അതില്‍ നിന്നുണര്‍ന്നത്‌ മെബൈല്‍ ഫോണിന്റെ മണിനാദം കേട്ടപ്പോഴാണ്‌. ആരോ ഒരു മെസേജയച്ചിരിക്കുന്നു. വല്ല പരസ്യവുമാവും. അവളതെടുത്തു നോക്കി. ആ മുഖത്ത്‌ ഉത്കണ്‍ഠതയുടെ ഭാവങ്ങള്‍ മിന്നിമറയുന്നതു കണ്ടു. നെറ്റി ചുളിയുകയും പിരികമൊടിയുകയും ചെയ്‌തു. കുറച്ചു നേരം അങ്ങിനെ നിന്നവള്‍ ഒരു ചെറു ചിരിയോടെ മെബൈല്‍ നീട്ടിക്കൊണ്ട്‌ പറഞ്ഞു. 

നോക്കിയേ.. ഒരു മെസേജ്‌ വഴി തെറ്റി വന്നിരിക്കുന്നു. 

വഴി തെറ്റി മെസേജ്‌ വരികയോ? അത്ഭുതത്തോടെയാണ്‌ മെബൈല്‍ വാങ്ങിച്ചത്‌! ഇംഗ്ലിഷ് ലിപിയില്‍ എഴുതിയ മലയാളം വാക്കുകള്‍ വായിക്കാന്‍ നന്നേ പ്രയാസപ്പെടേണ്ടി വന്നു. 

നന്ദി. നിന്റെ വരവിനും, കവിതക്കും. അവ ഞാനെന്റെ ഹൃദയത്തില്‍ കോറിയിട്ടോള്ളാം. അര്‍ഹമല്ലാഞ്ഞിട്ടു കൂടി ഞാനഗ്രഹിച്ചു. sorry. ഞാന്‍ തിരിച്ചു പോകുന്നു. ആ സ്വര്‍ണക്കൂട്ടിലേക്ക്‌. ഇനിയുള്ള കാലം നിന്റെ പെണ്ണിനോടുള്ള അസൂയയുമായി ഞാന്‍ ജീവിച്ചോളാം. but still I love you.. 

ആളിന്റെ പേരും മറ്റു ഇല്ലായിരുന്നു. അവളുടെ നമ്പര്‍ മെബൈലില്‍ റജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ അതും രക്ഷയായി. 

വഴി തെറ്റി വന്നതാണെന്ന്‌ നിനക്കെങ്ങിനെ മനസ്സിലായി?

ഓ.. അതേതോ കവിക്കയച്ചതല്ലേ? നിങ്ങള്‍ കവിതയൊന്നും എഴുതാറില്ലല്ലോ? 

ഒരു കുസൃതിച്ചിരിയോടെ അവള്‍ പറഞ്ഞപ്പോള്‍ , അവളെ നെഞ്ചോടു ചേര്‍ക്കുന്നതിന്നിടയില്‍ മെല്ലെ പറഞ്ഞു,

ശരിയാ.. ഞാന്‍ കവിതയെഴുതാറില്ലല്ലോ?

അപ്പുറത്തെ മുറിയില്‍ നിന്നും ഗൃഹപാഠം പഠിക്കുന്ന മക്കള്‍ ഒരു പെന്‍സിലിന്റെ കാര്യം പറഞ്ഞ്‌ വഴക്ക് കൂടുന്നതിന്റെ ശബ്ദകോലാഹങ്ങള്‍ കേള്‍ക്കാമായിരുന്നു. 

15 comments:

 1. അവിടെയെങ്ങും തളം കെട്ടി നില്‍ക്കുന്ന മൂകതയ്ക്ക്‌ വല്ലാത്ത ഒരു ഭാവമുണ്ടായിരുന്നു. സ്മശാനമൂകത പോലെ! ആയുസിന്റെ കണക്കുപുസ്‌തകത്തില്‍ നിന്നും നിമിഷങ്ങളുടെ താളുകള്‍ പറിച്ചെറിഞ്ഞു കൊണ്ടിരിക്കുന്ന ചുമരിലെ ഘടികാരത്തിന്‌ പോലുമുണ്ടായിരുന്നു ആ വന്യമായ നിശബ്ദത!

  ReplyDelete
 2. കണ്ടു,വായിക്കുന്നൂ,ആശംസകൾ

  ReplyDelete
 3. vaayichu. kaalaam thirike vilikkunnu manushyare chilappol..

  ReplyDelete
 4. അതിമനോഹരമായി എഴുതിയിരിക്കുന്നു അബൂതി
  എനിക്ക് വളരെ ഇഷ്ടപ്പെട്ടു
  അല്ലെങ്കിലും എനിയ്ക്ക് നേരെ എഴുതുന്ന ഇത്തരം കഥകളാണിഷ്ടം
  അധികം സാഹിത്യമൊന്നുമില്ലാതെ, ജുഗുപ്ശാവഹമായ പ്രയോഗമൊന്നുമില്ലാതെ, ദുരൂഹമായ ഭാഷയൊന്നുമില്ലാതെ സാധാരണ മനുഷ്യര്‍ അവരുടെ സാധാരണ ഭാഷയില്‍ പറയുന്ന സാധാരണ സംഭവങ്ങള്‍ വളച്ചുകെട്ടില്ലാതെ എഴുതുമ്പോള്‍ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും?

  നല്ല ഒരു സന്ദേശവുമുണ്ട് കഥയില്‍.
  എല്ലാം കൊണ്ടും എനിയ്ക്കിഷ്ടപ്പെട്ടു

  ReplyDelete
 5. എന്നു വെച്ച് വയക്കു കൂടാതെ വഴക്കു കൂടാമായിരുന്നില്ലെ?.......

  ReplyDelete
 6. അതെ അബൂതി, വഴക്കാക്കാം. അതാ നല്ലത്.
  രണ്ടുപേര്‍ക്കും അറിയാം ഒന്നും മറക്കാതിരിക്കാന്‍ കഴിയില്ലെന്ന്. എന്നിട്ടും കുറെ വാക്കുകള്‍ അല്ലേ....
  ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.

  ReplyDelete
 7. ആദ്യ ഭാഗം ഇഷ്ടപ്പെട്ടു....രണ്ടാം ഭാഗം
  ഉദ്ദേശിച്ച പരിസമാപ്തി തന്നെ...അത് തന്നെ
  ആവണമല്ലോ അബൂതിയുടെ കഥയുടെ സന്ദേശവും...

  അജിത് ചേട്ടന്‍ പറഞ്ഞത് പോലെ ഒരു സാധാരണ കഥ
  നേരെ ചൊവ്വേ പറയുമ്പോള്‍ അത് തന്നെ ആണ് ശരിയും....
  ഇഷ്ടപ്പെട്ടു...ആശംസകള്‍...

  ReplyDelete
 8. വളരെ ഇഷ്ട്ടപ്പെട്ടു. സന്മാര്‍ഗ്ഗ ചിന്താഗതിയിലൂടെയുള്ള കഥയുടെ പോക്കും ഇഷ്ട്ടപ്പെട്ടു. (ഒരു ശില ശില്‍പമായി മാറുന്നതു പോലെയാണ്‌ ജീവിതം. ശിലയില്‍ നിന്നെത്രയോ ഭാഗങ്ങള്‍ നിര്‍ദയം കൊത്തിക്കളഞ്ഞാലേ ഒരു ശില്‍പ്പമുണ്ടാകൂ. യാത്രയിലെന്തിന്‌ നാം ഭാരങ്ങളായ ഓര്‍മകള്‍ കൊണ്ടു നടക്കണം?) ( അതൊരു രസമാണ്‌. സ്വന്തം ഇഷ്ടവും സ്വപ്നവുമൊക്കെ ഒരാള്‍ക്കു വേണ്ടി പാകപ്പെടുത്തുമ്പോള്‍ അനുഭവിക്കുന്ന സുഖം)

  ReplyDelete
 9. വായിച്ചു, ഇഷ്ടമായി. വളരെ നല്ല ഒരു മെസ്സേജ് കിട്ടി, ആശംസകള്‍
  പെന്‍സിലിനു വേണ്ടി " വഴക്ക് " ഒന്ന് ശരിയാക്കിക്കോളൂ

  ReplyDelete
 10. നിന്‍മിഴിനീരൊരു മഴയായിപെയ്യുമ്പോള്‍
  നനയാതെ ഞാന്‍ മാറി നിന്നാലും;
  നിന്‍രാഗകോകിലം പഞ്ചമം പാടുമ്പോള്‍
  കേള്‍ക്കാത്ത മട്ടില്‍ ഞാന്‍ നിന്നാലും;
  സാന്ദ്രനക്ഷത്രമെ നിന്‍ചിരി കാണാന്‍
  മണ്ണില്‍ മലരുകള്‍ തപസിരിക്കും!
  വസന്തം ഋതുവിന്‍ പടിവാതിലില്‍
  നിന്നുടെ കാലൊച്ച കാത്തിരിക്കും!
  മറ്റൊന്നും പറയാനില്ല ...ആശംസകള്‍ .

  ReplyDelete
 11. നല്ല വായന തന്നു, ആസ്വദിച്ചു...

  ReplyDelete
 12. നല്ല എഴുത്ത്....

  ReplyDelete
 13. മിനി.പി.സിJanuary 8, 2013 at 11:17 PM

  ഇഷ്ടായി ....ആശംസകള്‍ !

  ReplyDelete
 14. നല്ല സന്ദേശമുല്കൊള്ളുന്ന കഥ നന്നായി തന്നെ എഴുതി

  ReplyDelete