Sunday, January 13, 2013

മലപ്പുറവും ഗര്‍ഭഛിദ്രവും ചില ഓണ്‍ലൈന്‍ മങ്കിയാരാധകന്‍മാരും!

തെന്താ കഥ എന്നാലോചിച്ച്‌ അധികമാരും തല പുണ്ണാക്കണ്ട. ഏതോ ഒരു ഓണ്‍ലൈന്‍ സഖാവിന്റെ വക പുതിയ ഒരു വെളിപ്പെടുത്തലുണ്ടായിരിക്കുന്നു. മലപ്പുറം ജില്ലയില്‍ പ്രതിവര്‍ഷം പതിമുവ്വായിരത്തോളം ഗര്‍ഭഛിദ്രങ്ങള്‍ നടക്കുന്നു എന്ന്‌. അതില്‍ തന്നെ നാലായിരത്തോളം അവിഹിത ഗര്‍ഭവും. കണക്കുകള്‍ സത്യമാണോ എന്ന്‌ പടച്ചോനാണേ എനിക്കറിയില്ല. സത്യമാവാനേ തരമുള്ളൂ. ഒരു ദിവസം പതിമൂന്നു ഗര്‍ഭഛിദ്രമൊക്കെ എന്തായാലും മലപ്പുറം ജില്ലയില്‍ നടക്കുന്നുണ്ടാവും. ഈ കണക്ക്‌ കേരളത്തിന്റെ മൊത്തത്തില്‍ ലഭ്യമാവുകയാണെങ്കില്‍ നാളെ നമുക്ക്‌ കള്ളു കുടിയില്‍ ഊറ്റം കൊള്ളുന്ന അല്‍പ്പന്‍മാരെ പോലെ ഗര്‍ഭഛിദ്രത്തിലും ഊറ്റം കൊള്ളാമായിരുന്നു. 

ഞാനീ സംഗതി കാണുന്നത്‌ ഒരു ഫേസ്ബുക്ക്‌ സ്റ്റാറ്റസിലൂടെയാണ്‌. മലയാളികള്‍ക്കൊരു മിഥ്യാധാരണയുണ്ട്‌. ഒരല്‍പ്പം ഇടതുപക്ഷ ചിന്താഗതിക്കാരനായാല്‍ പിന്നെ അവന്‍ വ്യവസ്ഥിതിയോട്‌, അതു നല്ലതാണോ ചീത്തയാണോ എന്നല്ല, നിലവിലുള്ളതിനോട്‌ എതിരിടണം എന്നത്‌. അത്‌ പുരോഗമനത്തിന്റെ ഒരു ഭാഗമാണത്രെ. ഈ സ്റ്റാറ്റസ്‌ ഇട്ട ആളും അത്രയേ ഉള്ളൂ. ആരെന്ത്‌ പറഞ്ഞാലും വിഷയമെന്തായാലും അവസാനം ഒരു കൊട്ട്‌ സദാചാരത്തിനും വസ്‌ത്രധാരണത്തിനുമൊക്കെ കൊടുത്തില്ലെങ്കില്‍ അല്‍പസ്വല്‍പം മൂത്രശങ്കയുള്ള ഇനത്തിലാണ്‌. 

ആ സ്റ്റാറ്റസില്‍ ടി ദേഹം ചോദിച്ച രണ്ടു ചോദ്യങ്ങള്‍ കൌതുകമുള്ളതായിരുന്നു. ഒന്ന്‌ സദാചാരത്തിന്റെ പേരില്‍ ഹാലിളകുന്നവര്‍, വിശിഷ്യാ യൂറോപ്പ്‌ അമേരിക്ക തുടങ്ങിയ ഉത്കൃഷ്ട രാജ്യങ്ങളെ പരിഹസിക്കുന്നവര്‍ എന്തേ ഈ കണക്കൊന്നും കാണാത്തൂ എന്ന്‌? നല്ല ചോദ്യം. രണ്ടാമത്തെ ചോദ്യം, സ്‌ത്രീകളുടെ വസ്‌ത്രധാരണാ വിഷയത്തില്‍ താല്‍പര്യമുള്ളവര്‍ (വസ്‌ത്രം ധരിക്കണമെന്ന്‌ വാദിക്കുന്നവര്‍) എന്തേ ഇതൊന്നും കാണാത്തത്‌ എന്ന്‌. അത്‌ വിവരം കെട്ടൊരു ചോദ്യവും ആയി. സ്വതവേ പുരോഗമനവാദിയായതു കൊണ്ട്‌, മനസ്സ്‌ അടഞ്ഞു പോയതാണ്‌ ചോദ്യത്തിന്റെ കാരണം. അല്ലാതെ വിഷയവുമായി വസ്‌ത്രധാരണത്തിനു വല്ല ബന്ധവുമുണ്ടോ? അനിസ്പ്രെ പോലെയാണ്‌ ബന്ധംം. പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. കാരണം വസ്‌ത്ര ധാരണത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ പറയാറ്‌ സ്‌ത്രീകളുടെ നേരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചാണ്‌. ഇത്‌ പരസ്പര ധാരണയോടെ നടക്കുന്ന ലൈംഗീക ബന്ധപ്പെടലിന്റെയോ, അല്ലെങ്കില്‍ എതിര്‍ക്കപ്പെടാനാവാത്ത ഇരകളുടെ അമര്‍ത്തിവച്ച നിലവിളികളുടേയോ അനന്തര ഫലമാണ്‌. ഈ ചര്‍ച്ചയില്‍ വസ്‌ത്രധാണത്തെ കുറിച്ചു പറയുന്നതില്‍ എന്തു പ്രസക്‌തി? അതും ഇതും രണ്ടും രണ്ടാണ്‌. അതു മനസ്സിലാക്കാന്‍ അടഞ്ഞു പോയ സ്വന്തം ബുദ്ധിയൊന്നു തുറന്നു വച്ചാല്‍ മതി. 

ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ വ്യക്‌തമാണ്‌. അമേരിക്കകാരെപ്പോലെയൊന്നും ഇനിയും പുരോഗമിച്ചിട്ടില്ലാത്ത നമ്മള്‍ മലായാളീസ്‌ ഈ വിഷയത്തില്‍ ഇനിയും അമേരിക്കയുടെ സദാചാര മഹ്‌ത്വത്തെ വാഴ്ത്തിപ്പാടിക്കൊണ്ടിരിക്കും. പതിനൊന്നു വയസ്സുള്ള പെണ്‍ക്കുട്ടിയുടെ സ്ക്കൂള്‍ ബാഗില്‍ പുസ്‌തകങ്ങളുടെ കൂടെ കോണ്‍ഡം വെക്കാനുമ്മാത്രം ഉന്നതി കേരളത്തിലെ മാതാക്കള്‍ക്ക്‌ ആയിട്ടില്ല. അമേരിക്കയില്‍ ഓരോ വര്‍ഷം ഏകദേശം ഓരോ മില്ല്യന്‍ അവിവാഹിതരായ സ്‌ത്രീകള്‍ പ്രസവിക്കുന്നുണ്ട്‌. ആ കണക്ക്‌ ചിലപ്പോള്‍ ഇത്തരം ആധുനിക ജീവികള്‍ക്ക്‌ അറിയാനും തരമില്ല. അപ്പോള്‍ പിന്നെ ആ കാര്യത്തില്‍ വല്ല്യ തര്‍ക്കത്തിനു സ്ക്കോപ്പില്ല. 

രണ്ടാമത്തെ കാര്യം. വസ്‌ത്രം. സ്‌ത്രീകള്‍ ലൈംഗീകമായി ഉപയോഗിക്കപ്പെടുമ്പോള്‍, അത്‌ അടുത്ത കുടുംബക്കാരാലും മിത്രങ്ങളാലുമൊക്കെയാകുമ്പോള്‍ അത്‌ വകുപ്പേ വേറെയാണ്‌. തെരുവുകളില്‍ വച്ച്‌ അന്യപുരുഷനാല്‍ സ്‌ത്രീകള്‍ അക്രമിക്കപ്പെടുന്നതിനെയും സ്വഭവനങ്ങള്‍ക്കകത്തു അവള്‍ ചൂഷണം ചെയ്യപ്പെടുന്നതിന്നേയും ഒരെ കണ്ണു കൊണ്ടു കാണാന്‍ ബുദ്ധിയുള്ള മനുഷ്യനാവുമോ? മനുഷ്യര്‍ക്ക്‌ സ്വന്തമായുള്ള സദാചാരം കുടിക്കുന്ന കള്ളിലൊലൊച്ചു പോയാല്‍ പിന്നെ അവനമ്മയെന്നോ പെങ്ങളെന്നോ മകളെന്നോ ഒന്നുമുണ്ടാവില്ല. പുറത്തു നിന്നും കിട്ടുന്ന ഉദ്ധീപനം അമര്‍ത്തിയ നിലവിളികളുമയി തന്റെ മുമ്പില്‍ നില്‍ക്കുന്ന ആരുടെ മുമ്പിലും തീര്‍ക്കും. അതിനു വേണ്ടത്‌ ജനങ്ങള്‍ക്ക്‌ തിരിച്ചറിയാന്‍ കഴിയുന്ന നിയമ നടപടികളാണ്‌. അവിടെയും വരും ചില വിദ്ദ്വാന്‍മാര്‍ മനുഷ്യാവകാശത്തിന്റെ കോടാലിയുമായി. 

നമ്മളിതു പറയുമ്പോള്‍ ചിലര്‍ക്ക്‌ ചൊറിച്ചിലാണ്‌. ആ ചൊറിച്ചില്‍ മാറ്റാന്‍ നമ്മുടെ കയ്യില്‍ മരുന്നില്ല. നന്നായി വരട്ടെ എന്നാശംസിക്കാനേ പറ്റൂ. എന്തായാലും മലപ്പുറത്തു മാത്രമേ ഗര്‍ഭഛിദ്രം നടക്കുന്നുള്ളൂ എന്നൊന്നും പറഞ്ഞാരും ഞെളിഞ്ഞിരിക്കേണ്ട. സ്വന്തം പെണ്‍മക്കളേ നന്നായി സൂക്ഷിച്ചില്ലെങ്കില്‍ നാളെ സ്വന്തം കുടുംബത്തും ചിലപ്പോള്‍ നടത്തേണ്ടി വരും.. ജാഗ്രതെ... 

8 comments:

 1. മലപ്പുറം ജില്ലയില്‍ പ്രതിവര്‍ഷം പതിമുവ്വായിരത്തോളം ഗര്‍ഭഛിദ്രങ്ങള്‍ നടക്കുന്നു എന്ന്‌. അതില്‍ തന്നെ നാലായിരത്തോളം അവിഹിത ഗര്‍ഭവും

  ReplyDelete
 2. മലപ്പുറത്തെന്നല്ല കേരളത്തിൽ മൊത്തം ഗർഭഛിദ്രം നടക്കുന്നുണ്ട്, എന്നാലും ഇത്ര അക്കങ്ങൾ ഉണ്ടോ എന്നത് അറിയില്ല

  ReplyDelete
 3. നമ്മുടെ കയ്യില്‍ മരുന്നില്ല. നന്നായി വരട്ടെ എന്നാശംസിക്കാനേ പറ്റൂ.

  ReplyDelete
 4. എല്ലായിടത്തും ഇതു നടക്കുന്നുണ്ടാകും. പുറത്തറിയുന്നത് കുറച്ചു മാത്രവും

  ReplyDelete
 5. കേരളത്തിലെവിടെയാണ് ഗർഭഛിദ്രം നടക്കാത്തിടം.. ഫെയ്സ് ബുക്ക് പുരോഗമന വാദികൾ സ്റ്റാറ്റസിടുന്നതല്ല യഥാർത്ഥ കണക്കുകൾ

  ReplyDelete
 6. മലപ്പുറത്തെ കുത്തുമ്പോള്‍ ചിലര്‍ക്ക് ഒരു പ്രത്യേക സുഖമാ.. അതിനു അവര്‍ പലതിനെയും കൂട്ട് പിടിക്കും.

  ReplyDelete
 7. മലപ്പുറം ജില്ലയെ വിഭജിച്ചു മഞ്ചേരിയും തിരൂരും ആക്കിയാലോ ...എന്നാ പിന്നെ ഇവര്‍ ആരെ പറയും എന്ന് നോക്കാലോ ...:)

  ReplyDelete
 8. അങ്ങനെ പുരൊഗമനം എന്ന് പറഞു വിളമ്പുന്നവരെ “എരപ്പന്മാരെ” എന്ന് വിളിക്കാനാ എനിക്കിഷ്ടം..

  ReplyDelete