Saturday, February 2, 2013

ശിലാസുന്ദരി


വെയില്‍ ചുട്ടുപഴുത്തു നില്‍ക്കുന്ന ഉച്ചസമയം. ഞായറാഴിച്ചയാണ്‌. പ്ലൈവുഡ്‌ ഫാക്റ്ററിക്ക്‌ അവധിയായതിനാല്‍ അങ്ങാടിയില്‍ വലിയ തിരക്കില്ല. പട്ടണത്തില്‍ നിന്നും കൊണ്ടു വന്ന സ്റ്റേഷനറികള്‍ കടയുടെ ഷെല്‍ഫില്‍ അടക്കി വെക്കുകയായിരുന്ന മനോജ്‌ ഒരനക്കം കേട്ടാണ്‌ തിരിഞ്ഞു നോക്കിയത്‌!സുധാകരന്‍! ചുവന്ന കണ്ണുകളും വലിഞ്ഞു മുറുകിയ മുഖവുമായി കടയുടെ അകത്ത്‌, കയ്യെത്തിപ്പിടിക്കാവുന്ന അകലത്തില്‍. പ്രേതത്തെ കണ്ടതു 0പോലെ അവന്‍ ഭയന്നുചൂളി. ഒരു കുടം ഉമിനീര്‍ ഒരുമിച്ചിറക്കി. ഈശ്വരന്‍മാരെ, അവള്‍ ഇവനോടതു പറഞ്ഞോ? ആ ചിന്ത പോലും അവനെ പേടിപ്പിച്ചു. സുധാകരനെ നോക്കി പുഞ്ചിരിക്കന്നൊരു വിഫല ശ്രമം നടത്തി. മുഖമടച്ചൊരടി. അതും ഇരുമ്പുകൂടം കൊണ്ടുള്ള അടി പോലെ!

കയ്യിലുണ്ടായിരുന്ന സിന്തോള്‍ സോപ്പ്‌ തെറിച്ചു പോയി. ഒരു വശം ചെരിഞ്ഞ്‌ വീഴാന്‍ പോകവെ അറിയാതെ ഷെല്‍ഫിന്റെ വക്കില്‍ പിടിച്ചതു കൊണ്ടു വീണില്ല. നിവര്‍ന്നു നില്‍ക്കുമ്പോള്‍ ഉടലിനാകെ ഒരു വിറയല്‍! കാതില്‍ തേനീച്ച മൂളുന്ന പോലെ! കണ്ണിലാകെ ഇരുട്ട്‌ പടര്‍ന്നു! തലയ്ക്കാകെ ഒരു തരിതരിപ്പും!

നായിന്റെ മോനെ. ന്റെ പെങ്ങളെ പിടിക്കാനായോ നീയ്‌? കല്ലില്‍ കല്ലു കൊണ്ടുരസുന്ന പോലൊയായിരുന്നു സുധാകരന്റെ ശബ്ദം! മറുപടി പറയാനാവാതെ നിന്ന മനോജിന്റെ നെഞ്ചില്‍ കാലുയര്‍ത്തി ഒരു ചവിട്ടായിരുന്നു. രണ്ടു മൂന്നു മിഠായി ഭരണികള്‍ തട്ടിത്തെറിപ്പിച്ചു കൊണ്ട്‌ മനോജ്‌ കടയുടെ പുറത്തേക്കു തെറിച്ചു വീണു. പിന്നാലെ ഒരു കാളക്കൂറ്റനെ പോലെ മുക്കറയിട്ടു കൊണ്ട്‌ സുധാരകനും. വീണു കിടക്കുന്നിടത്തു നിന്നു വലിച്ചുയര്‍ത്തി മനോജിനെ പിന്നെയും ക്രൂരമായി മര്‍ദ്ധിച്ചു. അപ്പോള്‍ മാത്രമാണു അങ്ങാടിയിലുണ്ടായിരുന്നവര്‍ ആ സംഭവമറിഞ്ഞത്‌. ആളുകള്‍ ഓടിക്കൂടി. ആരൊക്കെയോ ചിലര്‍ സുധാകരനെ പിടിച്ചു മാറ്റി. അടങ്ങ്‌ സുധാകരാ. ആ ചെക്കന്‍ ചത്തു പോകും എന്നാരൊക്കെയൊ വിളിച്ചു പറയുന്നുണ്ടായിരുന്നു.കുതറുന്ന സുധകരനോടും കിതക്കുന്ന മനോജിനോടുമായി ആളുകള്‍ക്ക്‌ ചോദിക്കാനുണ്ടായിരുന്നത്‌ എന്താണ്‌ പ്രശ്നം എന്നാണ്‌. അവരോടൊന്നും പറയാന്‍ സുധാകരന്‍ നിന്നില്ല. ആളുകളെ കുതറി മാറ്റിക്കൊണ്ടവന്‍ മനോജിനോട്‌ പറഞ്ഞു.

നായിന്റെ മോനെ, ഇനിയെന്റെ പെങ്ങള്‌ പോണ വഴീലന്നെ കണ്ടാലുണ്ടല്ലൊ, കൊല്ലും ഞാന്‍. പന്നീ.

അതു വരെ കഥയറിയാതെ നിന്നിരുന്ന നാട്ടുകാര്‍ക്ക്‌ കഥയുടെ എകദേശ പൊരുള്‍ മനസ്സിലായി. നാട്ടിലെ നായര്‍ പ്രമാണിയുടെ മകന്‍ കഥാനായകന്‍! കൊല്ലത്തിക്കിടാവ്‌ നായിക! വില്ലനോ? പരമ റൌഡിയായ അവളുടെ ആങ്ങളയും! നാട്ടുകാരിലോരോരുത്തരും അവരവരുടെ ഭാവനക്കനുസരിച്ച്‌ കഥകള്‍ മനസ്സില്‍ കണ്ടു. ഇയ്യന്റെ അച്ഛനെ പറീപ്പിച്ചല്ലോടാ എന്ന അഹമ്മദാജിയുടെ കുറ്റപ്പെടുത്തല്‍ മനോജിന്റെ നെഞ്ച്‌ പിളര്‍ന്ന്‌ ഹൃദയത്തില്‍ തൊട്ടു. അതിനൊരു കുപ്പിച്ചില്ലിന്റെ മൂര്‍ച്ചയുണ്ടായിരുന്നു. നാട്ടുകാരുടെ പരിഹാസത്തിന്റെ വിഷം പുരട്ടിയ വാക്ക്ശരങ്ങള്‍ പിന്നെയും പിന്നെയും വന്നു കൊണ്ടിരുന്നു. നാട്ടില്‍ ചിലരൊക്കെ ആ കഥ തങ്ങളാലാവുന്ന വിധത്തില്‍ പൊലിപ്പും തൊങ്ങലും വച്ചു കൊണ്ട്‌ പാടി നടക്കുന്ന കുടമണി കെട്ടിയ കാക്കകളെ പോലെയായി!

കൊല്ലന്‍ കണ്ണന്‌ രണ്ടു മക്കളായിരുന്നു. സുധാകരനും വൃന്ദയും. നാലാം ക്ലാസിലേ സുധാകരന്‍ പഠിപ്പു നിര്‍ത്തി. പിന്നെ അച്ഛനെ ആലയില്‍ സഹായിച്ചു. ബാല്യം മുതല്‍ ഇരുമ്പിന്‍മേല്‍ പണിയെടുക്കനിതാലാണോ, എന്തോ, അവന്റെ മനസ്സും ശരീരവും ഇരുമ്പു പോലെയായിരുന്നു. വൃന്ദയ്ക്ക്‌ അഞ്ചു വയസ്സുള്ളപ്പോഴാണ്‌ അവരുടെ അമ്മ മരിച്ചത്‌. കുന്നിന്‍ ചെരുവിലെ വീട്ടുമുറ്റത്തു നിന്നും പത്തടിയോളം താഴ്ച്ചയുള്ള കണ്ടത്തിലെ പാറക്കെട്ടിലേക്ക്‌ തലയടിച്ചു വീണാണ്‌ അമ്മ മരിച്ചത്‌. മുറ്റത്തു നിന്നപ്പോള്‍ തലകറങ്ങി വീണതാണെന്നും, അതല്ല, പുരയിടത്തിനടുത്തുള്ള അഹമ്മദാജിയുടെ തോട്ടത്തിലേക്കു സ്ഥിരമായി വരാറുണ്ടായിരുന്ന തിയ്യന്‍ ശ്രീനിയോട്‌ അവര്‍ക്കുണ്ടായിരുന്ന അടുപ്പം കയ്യോടെ പിടിച്ചപ്പോള്‍ അച്ഛന്‍ ചവിട്ടി വീഴ്ത്തിയതാണെന്നും രണ്ടു വിധത്തില്‍ ജനസംസാരമുണ്ട്‌. സുധാകരന്റെ കൌമാരം നേരിട്ട തിഷ്ണമായ ഈ അനുഭവം, അവനെ ഒരു ധിക്കാരിയും തെമ്മാടിയുമാക്കി മാറ്റി. കൊല്ലന്‍ കണ്ണനു വയ്യാണ്ടായി കിടപ്പിലായപ്പോള്‍ അവനാല പൂട്ടി. പിന്നെ പട്ടണത്തിലെ ഒരു ബസ്‌ ബോഡീ വര്‍ക്ഷോപിലെ വെല്‍ഡറായിട്ട്‌ പോകാന്‍ തുടങ്ങി. നാട്ടുകാര്‍ക്കൊക്കെ അവനെ പേടിയായിരുന്നു. ആരുമായും കൂട്ടില്ല. ഒന്നു പറഞ്ഞു രണ്ടാമത്തേതിന്‌ തല്ലും. ചിലപ്പോള്‍ കത്തിയെടുക്കും. വൃന്ദ പട്ടണത്തിലെ കോളേജില്‍ ഒന്നാം വര്‍ഷം ബികോമിനു പഠിക്കുന്നു. ഒരു കാഞ്ചന ചെമ്പകം പോലെ സുന്ദരിയായ നാടന്‍ പെണ്‍ക്കിടാവായിരുന്നു വൃന്ദ!

മകന്റെ നീരുവന്ന മുഖത്തേക്ക്‌ നോക്കുന്തോറും ആ അമ്മയ്ക്ക്‌ സഹിക്കാനായില്ല. എങ്ങിനെ സഹിക്കും, ഇനിയും താരാട്ടുപാടി കൊതി തീര്‍ന്നിട്ടില്ലവര്‍ക്ക്‌. വിവാഹം കഴിഞ്ഞ്‌ വളരെ നാളത്തെ കാത്തിരിപ്പിനു ശേഷം കിട്ടിയ കുട്ടിയാണ്‌! എന്തൊക്കെ നേര്‍ച്ചകള്‍ നേര്‍ന്നു. ഓരോരുത്തര്‍ പറഞ്ഞു കേട്ട എല്ലാ സ്ഥലങ്ങളിലും ചെന്നു. ജാതിയോ മതമോ ഒന്നും നോക്കിയില്ല. ഒരു കുഞ്ഞിക്കാല്‌, അതു മാത്രമായിരുന്നു മോഹം. അമ്പലക്കുളത്തിലെ നാട്ടുപെണ്‍ക്കൂട്ടത്തിന്റെ മാറു പൊള്ളിക്കുന്ന കുശുകുശുപ്പ്‌, മച്ചിയെന്ന പരിഹാസം, ബന്ധുക്കളുടെ ചൂഴ്ന്നുള്ള ചോദ്യം, എല്ലാറ്റിനുമൊടുവില്‍ പതിനാലു വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം, നോമ്പു നോറ്റു കാത്തിരുന്നു കിട്ടിയ കുട്ടിയാണവന്‍. കൈവെള്ളയിലെ മഞ്ഞു തുള്ളി പോലെയാണവനെ കൊണ്ടു നടന്നത്‌. അവന്റെ നിഴലിനു പോലും നോവുന്നതിഷ്ടമായിരുന്നില്ല. അങ്ങിനെയുള്ള അവനെയാണിക്കോലം തല്ലിച്ചതച്ചു വിട്ടിരിക്കുന്നു. അതും ഒരു കാര്യവുമില്ലാത്ത കാര്യത്തിന്‌. അവനെ ഒരാശാരി മരം കൊണ്ടുണ്ടാക്കിയതൊന്നുമല്ലല്ലോ? പള്ള നൊന്തു ഞാമ്പെറ്റതല്ലേ? സങ്കടത്തിന്റെ ഒരു കടല്‍ തന്നെ നെഞ്ചില്‍ തിരയടിക്കുന്നുണ്ട്‌. നെഞ്ചില്‍ കൈ വച്ചു കൊണ്ടവര്‍ സുധാകരനെ പ്രാകി. ഗുണം പിടിക്കൂല, ഒരുകാലത്തും ഗുണം പിടിക്കൂല. പാമ്പു കൊത്തിച്ചാവും.

സത്യത്തില്‍ എന്തിനാണ്‌ സുധാകരന്‍ അവനെ തല്ലിയതെന്ന്‌ ആയമ്മക്കറിയില്ലായിരുന്നു. സുധാകരന്‍ അവന്റെ കടയില്‍ ചെന്നെന്തോ കച്ചറയുണ്ടാക്കി എന്നേ അവര്‍ക്കു മനസിലായുള്ളൂ. അന്നു നാട്ടുകാരുടെ പരിഹാസവും മറ്റും സഹിക്ക വയ്യാതായപ്പോള്‍ സന്ധ്യാസമയത്തു തന്നെ കടയടച്ച്‌ വീട്ടിലേക്കു പോന്നതാണവന്‍. അമ്മയോട്‌ വിസ്‌തരിച്ചൊന്നും പറയാനും നിന്നില്ല. നെഞ്ചിലൊരു നോവിന്റെ നെരിപ്പോടുണ്ട്‌. അപമാനത്തിന്റെ ഒരു മൃഗം നെഞ്ചില്‍ ചുര മാന്തുന്നുണ്ട്‌. ഉള്ളിലെ നെരിപ്പോടിലെരിയുന്നത്‌ സങ്കടമാണോ അതല്ല അഭിമാനമാണോ എന്നു തിരിച്ചയിയാനാവുന്നില്ല. മണ്ണില്‍ ജനിക്കേണ്ടിയിരുന്നില്ല എന്നു തോന്നിപ്പോകുന്ന നിമിഷങ്ങളായിരുന്നു അതെല്ലാം! ഓര്‍ക്കുന്തോറും സങ്കടം കടലിരമ്പുന്നതു പോലെ ഇരമ്പുന്നു. വീഴാന്‍ വെമ്പി നില്‍ക്കുന്ന കണ്ണുനീര്‍ത്തുള്ളികള്‍ അവന്റെ കണ്‍കോണില്‍ തിളച്ചു മറിഞ്ഞു.

രാത്രി ഒമ്പതു മണിയായപ്പോഴാണ്‌ അച്ഛനെത്തിയത്‌. തന്റെ മുറിയില്‍ തുറന്നിട്ട ജാലകത്തിലൂടെ പുറത്തെ ഇരുട്ടിലേക്കും നോക്കിയിരിക്കുകയായിരുന്നു മനോജ്‌. കാല്‍പെരുമാറ്റം കേട്ട്‌ നോക്കിയപ്പോള്‍ അച്ഛനാണ്‌. അച്ഛനൊന്നും ചോദിക്കാനോ പറയാനോ നിന്നില്ല. ഒന്നു രണ്ടു നിമിഷം മുഖത്തു നോക്കി നിന്നു. പിന്നെ കൈവീശി ഒരൊറ്റ അടിയായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ! അച്ഛന്റെ പിന്നില്‍ നിഴലു പോലെ നിന്നിരുന്ന അമ്മ ഞെട്ടിപ്പോയി. ഒരു നിലവിളിയോടെ അവരച്ഛനെ വട്ടം കേറിപ്പിടിച്ചു. അമ്മയെ ഒരു ഭാഗത്തേക്ക്‌ തള്ളി മാറ്റുന്നതിന്നിടയില്‍ അതു വരെ കേള്‍ക്കാത്ത ഒരു ശബ്ദതില്‍, അവനു തീരെ പരിചയമില്ലാത്ത മുഖഭാവത്തോടെ അച്ഛന്‍ ചോദിച്ചു.

നിനക്കാ കൊല്ലത്തിപ്പെണ്ണിനെ തന്നെ വേണം! അല്ലേടാ, നായിന്റെ മോനെ!

ഇന്നേ വരെ അച്ഛനൊന്ന്‌ നുള്ളി നോവിച്ചിട്ടു പോലുമില്ല. ഒരീര്‍ക്കിലി കൊണ്ടു പോലും അടിച്ചിട്ടില്ല. മനോജെന്നാണ്‌ പേരെങ്കിലും ഉണ്ണീ എന്നല്ലാതെ വിളിച്ചിട്ടില്ല. ആ വലിയ വീടിന്റെ മേല്‍ക്കൂര മൊത്തം തന്റെ തലയിലൂടെ വീണ പോലെയാണ്‌ അവനു തോന്നിയത്‌. ഹൃദയം വികാരശൂന്യമായിപ്പോയി. അന്നാദ്യമായി കാണുന്ന ആളിനെപ്പോലെ അച്ഛന്റെ മുഖത്തേക്കു നോക്കി നിന്നു. ഒരു ശിലാപ്രതിമ പോലെ! അച്ഛന്‍ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. കണ്ണിലൊരു തുള്ളി മുത്തു പോലെ തിളങ്ങുന്നുണ്ടായിരുന്നു. അതവന്റെ നെഞ്ചില്‍ കിടന്നു തിളച്ചു.

ഞങ്ങള്‍ക്കു രണ്ടാള്‍ക്കും ഇത്തിരി വിഷം തന്നിട്ടു പോരായിരുന്നോ, ഈ തോന്ന്യാസം? അച്ഛന്റെ ചോദ്യമൊരു കുന്തമുന പോലെ നെഞ്ചില്‍ തുളച്ചു കയറി. ആത്മാവു പിടഞ്ഞു പോയി. മേനിയുടെ നോവ്‌ മറന്നു പോയി. ഒന്നു പൊട്ടിക്കരയണം എന്നുണ്ട്‌. പക്ഷെ ആവുന്നില്ല. കരച്ചിലങ്ങിനെ തൊണ്ടയില്‍ വന്നു കുത്തി നോവിക്കുന്നു. പുറത്തേക്കു വരുന്നില്ല. അവന്റെ കണ്ണുകള്‍ നിശബ്ദമായി കരയവെ, ഒന്നും മനസ്സിലാവാതെ, അവനെ തല്ലിയതിനും വഴക്കു പറയുന്നതിനും അച്ഛനോടു കയര്‍ത്ത അമ്മയെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി അച്ഛന്‍ ചോദിച്ചു.

എന്തിനാണവന്‍ നിന്റെ മോനെ തല്ലിയത്‌ എന്നറിയ്യോ? അവന്റെ പെങ്ങളൊരുത്തില്ലേ, അതിനെ പറങ്കൂച്ചിക്കാട്ടിലിട്ട്‌ പിടിച്ചതിന്നാണ്‌! ഇനിയെന്തിനാ ഞാനും നീയുമൊക്കെ ഇവന്റെ തന്തയും തള്ളയുമാണെന്നു പറഞ്ഞു ജീവിച്ചിരിക്കുന്നത്‌? ചത്താ പോരെ നമ്മള്‍ക്ക്‌? ഈശ്വരാ,, ഞാനിനി മനുഷ്യരുടെ മുഖത്ത്‌ എങ്ങിനെ നോക്കും.. ചത്താ മതിയായിരുന്നു.. അങ്ങട്ട്‌ ചത്തു കിട്ട്യാ മതിയായിരുന്നു..

അവസാനമാകുമ്പോഴേക്കും അച്ഛന്റെ വാക്കുകള്‍ പൊടിഞ്ഞു വീഴുകയായിരുന്നു. വിതുമ്പിക്കൊണ്ട് അച്ഛന്‍ മുറി വിട്ടി പോയി. പിന്നാലെ അമ്മയും എന്തൊക്കെയോ പതം പറഞ്ഞു കൊണ്ടു പോയി. ഭൂമിയില്‍ താനേകനാണെന്ന്‌ അവനു തോന്നി. ലാവ പോലെ തിളക്കുന്ന നെഞ്ചകം, വിണ്ടു കീറിയ മനസ്സകം. ആ ചിന്തകളിള്‍ ചോര പൊടിഞ്ഞു. മനസ്സ്‌ വാക്ക്ശരശയ്യയില്‍ നിണമൊഴുക്കി ചാവു കാത്ത്‌ കിടക്കുകയാണ്‌. ചുറ്റിലം കഴുകന്‍മാരുടെ ചിറകടി ശബ്ദമാണ്‌. നാണവും മാനവും ജീവിതവുമൊക്കെ കൂടൊഴിഞ്ഞിരിക്കുന്നു. പാമ്പ്‌ മാണിക്ക്യം കാക്കുന്നതു പോലെ, താന്‍ നെഞ്ചില്‍ കാത്ത സ്നേഹത്തിനു പകരം തീ കൊണ്ടൊരു കുപ്പായം തുന്നിത്തന്നിരിക്കുന്നു പെണ്ണൊരുത്തി! എത്ര നാള്‍ പിന്നാലെ നടന്നു. അവളെ തഴുകുന്ന കാറ്റിനോടുള്ള അസൂയയും കൊണ്ട്‌! അവള്‍ ചൂടുന്ന പൂവാകാന്‍ കൊതിച്ച്‌! തിരിച്ചു സ്നേഹിക്കാനാവില്ലെങ്കിലും ദ്രോഹിക്കാതിരിക്കാമായിരുന്നില്ലേ? ഇത്രയും കാലം മോഹിച്ചാശിച്ചതിന്റെ കൂലിയായിട്ടെങ്കിലും!!

ഇരുണ്ട രാവില്‍ ഉറക്കം വരാതെ തുറന്നു വച്ച ജാലകത്തിലൂടെ പുറത്തെ കട്ട കുത്തിയെ ഇരുട്ടിലേക്കും നോക്കി അവനിരുന്നു. ഒരു മിന്നാമിന്നിയെ പോലും കണ്ടെത്താനാവാത്ത ഒരുട്ട്‌. ചെറുതായി വീശുന്ന കാറ്റില്‍ ഏതോ രാപൂവിന്റെ സുഖകരമല്ലാത്ത ഗന്ധം! സമയം രാവിന്റെ അവസാന യാമങ്ങളിലേക്കുള്ള പ്രയാണത്തിലാണ്‌. അവന്റെ മനസ്സില്‍ ഒരൊറ്റ മുഖം മാതമേ ഉണ്ടായിരുന്നു. വൃന്ദ!

ഇരുനിറമുള്ള ഒരു നാടന്‍ പെണ്‍ക്കുട്ടി. ഭൂമിയെ നോവിക്കാതെയാണവള്‍ നടക്കുന്നതെന്ന്‌ തോന്നും. ആരോടും ചങ്ങാത്തമില്ല. അധികം കൂട്ടുകാരികളുമില്ല. കാലച്ചെറുപ്പത്തില്‍ അവളൊരു കൌതുകം പോലുമായിരുന്നില്ല. പിന്നെ എപ്പോഴോ വളര്‍ച്ചയുടെ ഏതോ ഒരു ഘട്ടത്തില്‍, സ്വപ്നങ്ങള്‍ക്ക്‌ തൂവല്‍ മുളച്ചു. ചിറകുകളായി. എങ്ങിനെ എന്നതു തുടങ്ങി എന്നറിഞ്ഞില്ല. അവളോടൊരിഷ്ടം, ഒരു മോഹം തന്റെ നെഞ്ചില്‍ കൂടു കൂട്ടിക്കഴിഞ്ഞിരുന്നു. ഒരു പൂ വിടരുന്നതു പോലെ പതിയെപ്പതിയെ അവളെന്ന മോഹം കരളില്‍ വിടര്‍ന്നു പ്രണയഗന്ധമേന്തി നിന്നു. അതൊരു കാമം കലര്‍ന്ന സ്നേഹമായിരുന്നു. അതാണു പ്രണയം! മിഴികള്‍ മിഴികളേയും, അധരം അധരത്തേയും, ശരീരം ശരീരത്തേയും മോഹിച്ചു കഴിഞ്ഞേ മനസ്സിലെ ദാഹം തുടങ്ങിയുള്ളൂ. അതു പിന്നെ കടലിലെ വെള്ളം മുഴുവന്‍ കുടിച്ചാലും തീരാത്ത പ്രണയത്തിന്റെ ദാഹമായി! പെയ്യുന്ന മഴ മുഴുവന്‍ കൊണ്ടാലും തീരാത്ത പ്രണയാഗ്നിയുടെ ചൂട്‌! സ്വപ്നതീരങ്ങളില്‍ കൂടി ഭ്രാന്തനെ പോലെയുള്ള അലച്ചില്‍! അതിനൊരു സുഖമുണ്ടായിരുന്നു! ഉറങ്ങുന്നതവളെ സ്വപ്നം കാണാനും, ഉണരുന്നതവളുടെ സ്വരം കേള്‍ക്കാനും മോഹിച്ചു കൊണ്ടായിരുന്നു! തന്റെ കണ്ണില്‍ കാണുന്നതെല്ലാം പൂക്കളും പൂമ്പാറ്റകളുമാകുന്ന അനുഭൂതി! വിടരുന്ന ഓരോ പൂവിലും അവളുടെ മുഖം മാത്രം കണ്ടെത്തുന്ന കൌതുകം!

പക്ഷെ, ആ സുന്ദര സ്വപ്നതീര്‍ത്തവനേകനായിരുന്നു. ഒരു പുഞ്ചിരി കൊണ്ടോ, ഇഷ്ടമെന്ന വാക്കു കൊണ്ടോ, നോക്കു കൊണ്ടോ വൃന്ദ അവന്റെ പ്രണയത്തിന്റെ തീചൂളയില്‍ വേവുന്ന മനസ്സിനു മരുന്നു പുരട്ടിയില്ല. ഇഷ്ടമവന്‍ പറഞ്ഞു നോക്കി. അവള്‍ കേള്‍ക്കാത്ത മട്ടില്‍ നിന്നു. പക്ഷെ അവളുടെ വഴിയരികിലെ ഒരു ശില പോലെ അവനെന്നും അവളെ കാത്തു നിന്നു. തന്റെ മുമ്പില്‍ കൊട്ടിയടച്ച അവളുടെ ഹൃദയവാതിലുകള്‍ ഒരിക്കലവള്‍ തുറക്കുമെന്നവന്‍ കരുതി. അന്നവള്‍ക്കു നല്‍കാനായി അവന്റെ കയ്യില്‍ ഒരിക്കലും വാടാത്ത ഒരു പിടി പ്രണയത്തിന്റെ ചുംബനപ്പൂക്കളുണ്ടായിരുന്നു. മറ്റാര്‍ക്കും നല്‍കാതെ അവന്‍ കാത്തു സൂക്ഷിച്ച ഒരു പിടി ചുംബനപ്പൂക്കള്‍!

എല്ലാം കഴിഞ്ഞത്‌ ഇന്നലെ വൈകുന്നേരമാണ്‌. ഹാജിയാരുടെ കശുമാവിന്‍ തോട്ടത്തിലൂടെയുള്ള കുറുക്കു വഴിയിലൂടെയാണവള്‍ വീട്ടിലേക്കു പോകാറുള്ളത്‌. നേരെ ഇടവഴി പോയാല്‍ നാലഞ്ചേക്കര്‍ തോട്ടം വളഞ്ഞു ചുറ്റി പോകണം. ഇതാണെങ്കില്‍ എളുപ്പമാണ്‌. അവിടെ അവന്‍ കാത്തിരുന്നു. ഇന്നു രണ്ടാലൊന്നറിയണം എന്ന നിശ്ചയവുമായി. അവനെ ദൂരേന്ന്‌ കണ്ടപ്പോഴെ അവള്‍ മുഖം താഴ്ത്തിയാണു നടന്നത്‌. വഴിയില്‍ അവളുടെ കുറുകെ അവന്‍ കേറി നിന്നു. എന്തോ ധൈര്യം കൈവന്ന പോലെ. എന്നെ ഇഷ്ടമാണെന്നു പറയാതെ നിന്നെ ഇന്നു വിടില്ല എന്നായി അവന്‍. വഴിമാറാന്‍ അവള്‍ പലയാവര്‍ത്തി പറഞ്ഞു നോക്കി. ഒരു രക്ഷയുമില്ല. അവസാനം അവള്‍ പറഞ്ഞു. എനിക്കു നിന്നെ ഇഷ്ടമല്ല!

അവനവളെ ചൂഴ്ന്നു നോക്കി. ഇഷ്ടമല്ലെന്നോ? അതെവിടുത്തെ ന്യായം? കൊല്ലം മൂന്നായി പിന്നാലെ നടക്കുന്നു. ഇന്നോളം ഒരു വാക്കും മിണ്ടിയിട്ടില്ല! നാട്ടില്‍ വേറെ പെണ്‍ക്കുട്ടികളില്ലാഞ്ഞിട്ടാണോ? പണ്ടാറം, ഇതിനെ വല്ലാണ്ടങ്ങിഷ്ടപ്പെട്ടു പോയി. എന്റെ പ്രേമം നിരസിക്കാന്‍ ഇവളുടെ കയ്യില്‍ എന്തോന്നുണ്ടായിട്ടാണ്‌. അല്ല നോക്കണേ. ഇവള്‍ക്കെന്തോന്നുണ്ടായിട്ടാ ഇത്ര ചൊരുക്ക്‌. മനുഷ്യനെ കളിയാക്കുന്നതിനുമില്ലേ ഒരതിര്‌? അപ്പോള്‍ തോന്നിയ ഒരു ദേഷ്യത്തിന്‌ അവനവളുടെ കെയ്യില്‍ കയറിപ്പിടിച്ചു. പെണ്ണിന്റെ സ്നേഹം പിടിച്ചു വാങ്ങാന്‍ പറ്റുന്ന ഒന്നാണെന്നു തോന്നിയ ഒരു ദുര്‍ബല നിമിഷത്തിന്റെ അവിവേകമായിരുന്നു അത്‌. കൈ കുതറി അവനെ തള്ളിമാറ്റി അവളൊരൊറ്റ ഓട്ടമായിരുന്നു. പുലിയുടെ വായില്‍ നിന്നുമോടി രക്ഷപ്പെടുന്ന ഒരു പേടമാനിനെ പോലെ.

താനതത്ര കാര്യമാക്കിയിരുന്നില്ല. അതവിടെ തീര്‍ന്നു എന്നു കരുതി. പക്ഷെ അവളോ? റൌഡിയായ ചേട്ടനോടു പറഞ്ഞു. തന്റെയും കുടുംബത്തിന്റെയും മുഴുവന്‍ മാനവും പോയി. താന്‍ നാട്ടുകാരുടെ മുന്നില്‍ വെറുമൊരു പരിഹാസ കഥാപത്രമായി. എല്ലാം അവളൊരുത്തി കാരണം! അവളെ കുറിച്ചോര്‍ക്കുന്തോറും അവണ്റ്റെ ചിന്തകള്‍ക്ക്‌ തീ പിടിച്ചു. മനസ്സ്‌ ചുട്ടു പഴുത്ത്‌ നില്‍ക്കുകയാണ്‌. അവളെ മോഹിച്ച നിമിഷങ്ങളെ അവന്‍ വെറുക്കാന്‍ തുടങ്ങി. ആ പ്രണയചകോരം കരളിന്റെ കൂട്ടില്‍ നിന്നും പറന്നകന്നു. അവന്‍ കാത്തു സൂക്ഷിച്ച ഒരു പിടി ചുംബനപ്പൂക്കള്‍ വാടിക്കരിഞ്ഞു. പകരം, ഇപ്പോള്‍ അവന്റെ ഉള്ളില്‍ പ്രതികാരത്തിന്റെ കടുംകറുപ്പ്‌ നല്‍കുന്ന വന്യമായ ഒരു ലഹരി നുരകള്‍ പതഞ്ഞു നില്‍ക്കുകയാണ്‌. മത്തു പിടിപ്പിക്കുന്ന ലഹരി. അതെ. അവളോടു പ്രതികാരം ചെയ്യണം. പ്രതികാരം പ്രണയത്തെക്കാള്‍ ലഹരി നല്‍കുന്ന ഒന്നാണ്‌. ആ ഒരു ചിന്തയുടെ ഊര്‍ജത്തില്‍ അവനവന്റെ വേദനകള്‍ ആസ്വദിക്കാന്‍ തുടങ്ങുകയായിരുന്നു. രാവിന്റെ അവസാന യാമങ്ങളിലൊന്നില്‍ എപ്പോഴോ തുറന്നു വച്ച ജാലകത്തിന്റെ അഴികളില്‍ മുഖം ചേര്‍ത്തു വച്ച്‌ അവന്‍ മയങ്ങി.

വിജനമായ ഒരു താഴ്‌വാരം! ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ ദുര്‍ഘടമായ പാതയുടെ ഇരുവശത്തും മുള്‍ച്ചെടികളുണ്ടായിരുന്നു. രക്‌തം തണുപ്പിക്കുന്ന ഒരു നിലവിളിയുമായി ആ പാതയിലൂടെ ഓടുകയാണ്‌ വൃന്ദ! അവളുടെ പിറകെ താനും! അവളെ പിടിക്കാനായി നീട്ടിയ കൈകളില്‍ നീണ്ടു വളര്‍ന്ന നഖങ്ങള്‍! എന്തൊരു നിലവിളിയാണവള്‍ നിലവിളിക്കുന്നത്‌! മലയിടക്കുകളില്‍ തട്ടിത്തെറിച്ചു തിരികെ വരുന്ന ആ നിലവിളി താനാസ്വദിക്കുന്നു. എന്തൊരു നിര്‍വൃതിയാണിത്‌? എന്തൊരു സുഖം! ഓടുന്ന ഓട്ടത്തിന്നിടയില്‍ കാലുടുക്കി വീണിടത്തു കിടന്നു കൊണ്ടവള്‍ കൈകൂപ്പി.

എന്നെ.. എന്നെ ഒന്നും ചെയ്യരുതേ.. പ്ലീസ്.. എന്നെ ഒന്നും ചെയ്യരുതേ..

നിന്നെയോ? അവളുടെ മുഖത്തിനു നേരെ കൈവിരല്‍ ചൂണ്ടി ചോദിച്ചു. കരയില്‍ പിടിച്ചിട്ട മീനിനെ പോലെ ഭയന്നു പിടക്കുന്ന അവളുടെ കണ്ണുകളിലേക്ക്‌ രക്‌തദാഹിയായ രക്ഷസ്‌ ഇരയെ നോക്കുന്നതു പോലെ നോക്കി വര്‍ദ്ധിച്ച ക്രൌര്യത്തോടെ പറഞ്ഞു.

നിന്റെ മാറു പിളര്‍ന്നു ചോര കുടിക്കാതെ എനിക്കുറക്കമില്ലെടീ. നീ നശിക്കണം. ഞാന്‍ നശിപ്പിക്കും. നിന്നെ ഞാന്‍ സ്നേഹിച്ചു. പകരം നീയെന്നെ തീമഴയത്തു നിര്‍ത്തി. നിനക്കു മാപ്പില്ലെടി. നിനക്കു മാപ്പില്ല.

അവന്റെയുള്ളിലൊരു വന്യഭാവം വാളെടുത്തു ചിലങ്കയണിഞ്ഞ്‌, രൌദ്രതാളത്തില്‍ നൃത്തം ചവിട്ടി. ആ കണ്ണുകള്‍ മഞ്ചാടിക്കുരു പോലെ ചുവന്നു. കവിളുകള്‍ വിറ കൊണ്ടു. മാംസപേശികള്‍ വലിഞ്ഞു മുറുകി. തന്റെ മുമ്പില്‍ കൈകൂപ്പി നില്‍കുന്ന അവളുടെ മാറിലെ വസ്‌ത്രമവന്‍ വലിച്ചു കീറി. നിറഞ്ഞു തുളുമ്പുന്ന മാറിലെ നഗ്നത ഇരുകൈകളും കൊണ്ടവള്‍ മറച്ചു പിടിച്ചു വാവിട്ടു നിലവിളിക്കവേ, അവനാര്‍ത്തട്ടഹസിച്ചു. ആ നിലവിളിയും അട്ടഹാസവും ഇടകലര്‍ന്നൊരു ഭീകരശബ്ദമായി മലയിടുക്കുകളില്‍ തട്ടി പ്രതിധ്വനിച്ചു.

പെട്ടെന്നാണ്‌ ഉണര്‍ന്നത്‌. മിഴികള്‍ തുറന്നപ്പോള്‍ ബാലാര്‍ക്ക കിരണങ്ങള്‍ കണ്ണുകളെ കുത്തിനോവിച്ചു. ഒന്ന്‌ പകച്ചു പോയി. പിന്നെയാണ്‌ മനസ്സിലായത്‌. പാതിമയക്കത്തില്‍ താന്‍ കണ്ട ഒരു പുലര്‍ക്കാല സ്വപ്നമായിരുന്നതെന്ന്‌. എന്തു നല്ലൊരു സ്വപ്നമെന്ന്‌ മനസ്സറിയാതെ മന്ത്രിച്ചു. അകക്കണ്ണുകള്‍ കൊതിച്ചു. വീണ്ടുമവളുടെയാ ദയനീയ ഭാവമൊന്നു കാണാന്‍. കാതുകളാ നിലവിളി കേള്‍ക്കാനും.

നാട്ടിലെ നായരുകുട്ട്യോളെല്ലാരും തീപെട്ടു പോയോ? മനുവേട്ടനാ കൊല്ലത്തീടെ പിന്നാലെ നടക്കാന്‍? ഞങ്ങള്‍ മാംസം കൊണ്ടുണ്ടാക്കിയ ചിലരൊക്കെ ഇവിടുണ്ടായിരുന്നല്ലോ? അച്ഛന്‍ പെങ്ങളുടെ മോള്‍ ഭാമിനിയുടെ ചോദ്യത്തിലെ പരിഹാസം കാളകൂടം പോലെ വിഷമയമായിരുന്നു. താനൊരുത്തി ചമഞ്ഞൊരുങ്ങി മുന്നിലൂടെ നടന്നിട്ടും ഇന്നോളം തന്നെയൊന്നു ഗൌനിക്കാത്തതിന്റെ കുറുമ്പ്‌ തീര്‍ക്കാന്‍ മുറപ്പെണ്ണിനിപ്പോഴാണല്ലോ അവസരം വന്നിരിക്കുന്നത്‌. അവളോടു തര്‍ക്കിക്കാനോ കയര്‍ക്കാനോ നിന്നില്ല! എല്ലാവര്‍ക്കും പുണ്ണില്‍ കുത്തി രസിക്കാനാണിഷ്ടം. പരിഹാസങ്ങളുടെ തീക്കനല്‍ കല്ലുകള്‍ ഒരുക്കൂടി നെഞ്ചിലൊരു തീമലയായിട്ടുണ്ട്‌. അതു കാണാന്‍ മാത്രം ആര്‍ക്കും കണ്ണില്ല! ആര്‍ക്കും! അതു കൊണ്ട്‌, അണപ്പല്ലുകള്‍ പരസ്പരം കോര്‍ത്ത്‌ സ്വയം സഹിക്കുക! ആസ്വദിക്കുക! എത്ര നോവുന്നോ അത്രയും സുഖമുണ്ടാവും. അവളോടുള്ള പ്രതികാരത്തിന്‌.

ഒരൊറ്റ ദിവസം കൊണ്ടച്ഛന്‍ വൃദ്ധനായിപ്പോയോ? അദ്ദേഹത്തിനു ജരാനരകള്‍ ബാധിച്ചുവോ? ഒരായുസിന്റെ നോവു മുഴവന്‍ ഒരു രാവു കൊണ്ടു തിന്നു തീര്‍ത്തോ? അമ്മയെ സാക്ഷി നിര്‍ത്തി അചഛന്‍ പറഞ്ഞ ഓരോ വാക്കുകള്‍ക്കും ഉമിത്തീയിന്റെ ചൂടുണ്ടായിരുന്നു. ഉപദേശത്തിന്റെ തേന്‍മഴക്ക്‌ നെഞ്ചിലെ തീമല കെടുത്താനുള്ള ശക്‌തിയില്ലായിരുന്നു. ഒറ്റമകനായിപ്പോയതിന്റെ പേരില്‍ അവന്റെ വളര്‍ച്ച അറിയാതെ പോയ വേവലാതിയുണ്ടായിരുന്നു ഓരോ വാക്കിലും. അവസാനം മുറപ്പെണ്ണായ ഭാമിനിയെ മകന്റെ ജീവിതത്തോടു കൂട്ടിക്കെട്ടാനുള്ള തീരുമാനവും, കൊല്ലത്തിപ്പെണ്ണ്‌ കുടുംബത്തില്‍ വന്നു കയറുന്നതിനെക്കാള്‍ നല്ലത്‌, തറവാടിനു തീയിട്ട്‌ എല്ലാവരും അതില്‍ ചാടിച്ചാകുന്നതാണെന്നെ പ്രഖ്യാപനവും. ചെമ്പരത്തിപ്പൂ പോലെ ചുവന്ന മുഖവുമായി ഭാമിനി ഓടിപ്പോകുമ്പോള്‍ അവനൊരു ശിലാ പ്രതിമ പോലെ നില്‍ക്കുകയായിരുന്നു. മനസ്സിലപ്പോള്‍ പ്രണയത്തിന്റെ അണുകണിക പോലും ഇല്ലായിരുന്നു. പകരം അവിടെയെങ്ങും പകയുടെ ചൂളകളായിരുന്നു. കൊടും പകയുടെ കരിമ്പുക തുപ്പുന്ന ചൂളകള്‍!

കടയിലിരുന്നാല്‍ റോഡിന്റെ അപ്പുറത്തെ ബസ്‌ വെയിറ്റിംഗ്‌ ഷെഡില്‍ പട്ടണത്തിലേക്ക്‌ ബസു കാത്തു നില്‍ക്കുന്ന വൃന്ദയെ കാണാം. അവളെ നോക്കുന്ന അവന്റെ കണ്ണുകള്‍ക്ക്‌ വന്യമായ ഒരു തിളക്കമുണ്ടായിരുന്നു. അവളാകട്ടെ, അവനുമായി ജീവിതത്തിലെന്തെങ്കിലും പ്രശ്നമുണ്ടെന്ന ഭാവം പോലും കാണിക്കാതെ, ഒരു തരം ശില പോലെ നില്‍ക്കുകയാണ്‌. അവന്റെ കടയുടെ ഭാഗത്തേക്ക്‌ അറിയാതെ പോലും നോക്കരുത്‌ എന്നൊരു നിര്‍ബന്ധം അവള്‍ക്കുണ്ടെന്നാ നിര്‍ത്താം കണ്ടാല്‍ തോന്നും. സുധാകരന്‍ അവന്റെ കടയില്‍ വന്നു പോയതിന്റെ പിന്നെ ഇതൊരു പതിവാണ്‌. അണപ്പല്ലുകള്‍ കേര്‍ത്തു വലിച്ചു കൊണ്ടുള്ള അവന്റെ നോട്ടവും, . കണ്ണുകളൊരിക്കലും കൂട്ടിമുട്ടരുതെന്ന അവളുടെ നിര്‍ബന്ധവും. അമ്പലക്കുളക്കടവില്‍, അങ്ങാടിയില്‍, കൂട്ടുകാരെയും പരിചയക്കാരെയും കണ്ടുമുട്ടുന്ന എല്ലായിടങ്ങളിലും വച്ച്‌ പരിഹാസ ശരങ്ങളേറ്റു പിന്നെയും പിന്നെയും വൃണപ്പെടുന്നു മനസ്സില്‍, ദിനമോരോന്നു കഴിയുന്തോറും പ്രതികാരാഗ്നി കൂടുതല്‍ കൂടുതല്‍ ജ്വലിച്ചു. ന്യായാന്യായങ്ങളെ കുറിച്ചു ചിന്തിക്കാന്‍ ആ മനസ്സശക്‌തമായിരുന്നു!

കയ്യിലെ ക്ലോറോഫോം കുപ്പിയിലേക്ക്‌ അവന്‍ സൂക്ഷിച്ചു നോക്കി. എല്ലാം ഇന്നു തീരും. അവളെ ഞാനിന്നു ചവിട്ടിമെതിക്കും. എല്ലാത്തിന്റെയും തുടക്കം ഹാജിയാരുടെ കശുമാവിന്‍ തോട്ടത്തിലായിരുന്നല്ലോ? അവിടെ വച്ചു തന്നെ അവളോടു താന്‍ പ്രതികാരം ചെയ്യും. വെണ്ണീറു മൂടാതെ നെഞ്ചില്‍ കഴിഞ്ഞ മൂന്നാഴിച്ചയായി സൂക്ഷിച്ച പ്രതികാരത്തിന്റെ കനല്‍ ഇന്നു ഞാനണക്കും! അവന്‍ മുമ്പേ കൊണ്ടു വന്നു വച്ചിരുന്ന ക്യാമറയെടുത്തു. എന്തോ ഒരോര്‍മയുടെ സുഖം അവന്റെ ചുണ്ടിലൊരു പുഞ്ചിരിയായി വിടര്‍ന്നു. ജീവനുള്ള ആരു കണ്ടാലും ഭയപ്പെടുന്ന ഒരു ഭാവം ആ പുഞ്ചിരിയില്‍ നിറഞ്ഞു നിന്നിരുന്നു.

കശുമാവിന്‍ തോട്ടത്തിലെ നടവഴിയുടെ അരികിലെ തെച്ചിക്കാടിന്റെ പിറകിലവന്‍ അവളെയും കാത്തിരുന്നു. ഇപ്പോള്‍ വരും. ക്ലോറോഫോമുമായി അവളുടെ മുമ്പിലേക്കു ചാടിവീഴണം. തന്നെ കണ്ടു ഭയക്കുന്ന അവളുടെ കണ്ണുകളിലെ ഭയമാസ്വദിച്ചു കൊണ്ടു തന്നെ അവളെ ക്ലോറോഫോം മണപ്പിക്കണം. പിന്നെ ഈ കുറ്റിക്കാടുകള്‍ക്കിടയിലെവിടേക്കെങ്കിലും വലിച്ചു കൊണ്ടു വന്നു മതിവരെ ഭോഗിക്കണം. പിന്നെ കുറേ ഫോട്ടോകള്‍! ആ നായിന്റെ മോളെങ്ങിനെ അവളുടെ ആങ്ങളയോടു പറയും, താനവളെ നന്നായി അനുഭവിച്ചെന്ന്‌? അവളുടെ ആ ഫോട്ടൊകളെന്റെ കയ്യിലുണ്ടെങ്കില്‍ പിന്നെ അവളെന്റെ കാല്‍ച്ചുവട്ടിലെ പട്ടിയെ പോലെ അല്ലെ? അങ്ങിനെ നരകിച്ചു കഴിയണം അവള്‍. ജീവിതം നഷ്ടപ്പെട്ട്‌, പുഴുത്ത പട്ടിയെ പോലെ. എന്നാലെ എന്റെ നെഞ്ചിലെ മുറിവിനൊരു ചെറുവാട്ടമെങ്കിലും വരൂ. പക മനുഷ്യത്ത്വത്തെ ഹിംസിച്ച മനസ്സ്‌ പൂര്‍ണമായും മൃഗമായി മാറിയിരുന്നു.

കുറേ ദൂരെ, ഇടവഴിയില്‍ നിന്നും അവള്‍ കശുമാവിന്‍ തോട്ടത്തിലെ ഈടുവഴിയിലേക്കു കയറുന്നതു കണ്ടു. അവന്റെ ഹൃദയം പെറുമ്പറ കൊട്ടാന്‍ തുടങ്ങി. അവള്‍ വരുന്നു. അതെ, അവള്‍ വരുന്നു. തന്റെ ഇര. തന്റെ മാനം തച്ചുടച്ചവള്‍. തന്നെ നികൃഷ്ടമായി അവഗണിച്ചവള്‍. തന്റെ പ്രണയം ചവിട്ടിയെറിഞ്ഞവള്‍. അവളെ എനിക്കും ചവിട്ടിയെറിയണം. ജീവിതത്തിനായി തന്റെ കാലു പിടിച്ചു കരയുമ്പോഴൊക്കെ അവളെ തന്റെ പുറങ്കാലു കൊണ്ടു ചവിട്ടിയെറിയണം. ഇതാ അതിനുള്ള സമയമായി. ഹൊ.. എന്തൊരു സുന്ദരമായ മുഹൂര്‍ത്തം!! അവന്റെ മനസ്സൊരു കലാശക്കൊട്ട്‌ പോലെ തുടിച്ചു തുള്ളി!

ക്ലോറോഫോം കുപ്പിയില്‍ നിന്നും പഞ്ഞിയിലേക്ക്‌ പകര്‍ത്തുന്നതിന്റെ ഇടയിലാണവന്‍ തന്റെ തൊട്ടടുത്തു നിന്നൊരു ശബ്ദം കേട്ടത്‌. ആരോ ഊതുന്ന പോലൊരു ശബ്ദം! അമ്പരപ്പോടെ തിരിഞ്ഞു നോക്കിയപ്പോള്‍ ഞെട്ടിത്തരിച്ചു പോയി. ഞരമ്പുകളില്‍ രക്‌തം ഉറഞ്ഞു കട്ടയാവുന്നതു പോലെ! മുഖത്തിന്റെ ഒരു ചാണ്‍ ദൂരത്തില്‍ ഒരു സര്‍പ്പം നാവുനീട്ടിയണക്കുന്നു! ഒരു കുളിര്‍ അവന്റെ ഉടലാകെ മിന്നിപ്പടര്‍ന്നു. രോമകൂപങ്ങള്‍ എഴുന്നേറ്റു നിന്നു. ഞെട്ടിത്തെറിച്ചു പിറകിലേക്കു ചാടിമാറാന്‍ നോക്കിയപ്പോഴേക്കും സര്‍പ്പം ഒരു വെടിയുണ്ട കണക്കെ മുന്നോട്ടാഞ്ഞിരുന്നു. സര്‍പ്പത്തിനു നേരെ വീശിയ വലങ്കയ്യിന്റെ തണ്ടയിലാണ്‌ ദംശനമേറ്റത്‌! ഒരു മിന്നല്‍ ആ കൈതണ്ടയില്‍ നിന്നും മൂര്‍ദ്ധാവിലേക്ക്‌ പാഞ്ഞു കയറി. ശിരസിന്റെ ഉച്ചിയില്‍ ഒരായിരം മുള്ളാണികള്‍ ഒരുമിച്ചു തറക്കുന്ന പോലൊരു വേദന! ശ്വാസം തൊണ്ടയില്‍ വിലങ്ങി നിന്നു. സര്‍പ്പം പിന്നെയും ചീറ്റിക്കൊണ്ടു മുന്നോട്ടാഞ്ഞു. ഇത്തവണ വലത്തേ കവിളിലായിരുന്നു. ആയിരം മിന്നലുകള്‍ ഒരുമിച്ചു കണ്ണുകളില്‍ മിന്നി. നാവു വരണ്ടുണങ്ങിപ്പോകവേ, കണ്ണുകളില്‍ ഇരുട്ട്‌ വ്യാപിച്ചു. മുന്നിലെ കാഴ്ച്ചകള്‍ മങ്ങുന്ന പോലെ. ദൃശ്യങ്ങള്‍ക്കും കണ്ണിനുമിടയില്‍ ഒരു വെളുത്ത കര്‍ട്ടനുള്ള പോലെ. ഒരു നിഴല്‍ പോലെ കാണാം. വൃന്ദ! അധികം ദൂരെയല്ലാതെ അവള്‍ നടന്നു വരുന്നത്‌! കാറ്റു പിടിച്ച ഒരു കരിന്തുണി പോലെയായിരുന്നു അപ്പോള്‍ അവളുടെ രൂപം. അതു നേര്‍ത്തു നേര്‍ത്തു വരുന്നു.

അമ്മേ.. അവനുറക്കെ വിളിക്കാന്‍ നോക്കി. ഇല്ല. ശബ്ദം തൊണ്ടയില്‍ കുരുങ്ങിക്കിടക്കുന്നു. വായിലെന്തോ ഒരു പശപശപ്പ്‌. പേശികള്‍ വലിഞ്ഞു മുറുകുന്ന പോലെ. സന്ധിബന്ധങ്ങളുടെ നോവിന്റെയിടയില്‍ വായയില്‍ രുചിച്ച കൊഴുത്ത ദ്രാവകം അവന്‍ തുപ്പി. ഒരു തുടം കൊഴുത്ത രക്‌തം! പിന്നെ അതിലേക്ക്‌ മുഖം കുത്തി വീഴുമ്പോള്‍ നിലത്തു വീണു കിടക്കുന്ന ക്ലോറോഫോമിന്റെ കുപ്പിയില്‍ നിന്നും ആ ദ്രാവകം മണ്ണിലേക്കൊലിച്ചിറങ്ങുന്നത്‌ അവന്‍ ഒരു മങ്ങിയ കാഴ്ച്ച പോലെ കണ്ടു. അവന്റെ കണ്ണുകളിലെ വെളിച്ചത്തിന്റെ അവസാനത്തെ തിരിയും അണയുകയായിരുന്നു. അതു വരെ കശുമാവിന്‍ തോട്ടത്തെ ചൂഴ്ന്നു നിന്നിരുന്ന ചൂടുള്ള കാറ്റ്‌ ഒരു നേര്‍ത്ത നോവിന്റെ പാട്ടുമായി വീശിയകന്നു. തന്റെ ഉണ്ണിക്കു കണ്ണേറു ദോഷം മാറാനായി പുള്ളുവന്‍ പാട്ടു പാടിച്ചു മതി വരാത്ത, ഇനിയും പേറ്റുനോവു മാറിയിട്ടില്ലാത്ത, ഒരമ്മയുടെ കണ്ണുനീര്‍ കാണാന്‍ ആ കാറ്റിനും ശക്‌തിയില്ലായിരുന്നു. 

22 comments:

  1. നിന്റെ മാറു പിളര്‍ന്നു ചോര കുടിക്കാതെ എനിക്കുറക്കമില്ലെടീ. നീ നശിക്കണം. ഞാന്‍ നശിപ്പിക്കും. നിന്നെ ഞാന്‍ സ്നേഹിച്ചു. പകരം നീയെന്നെ തീമഴയത്തു നിര്‍ത്തി. നിനക്കു മാപ്പില്ലെടി. നിനക്കു മാപ്പില്ല.

    ReplyDelete
  2. പ്രിയപ്പെട്ട അബൂതി,

    സുപ്രഭാതം !


    ശുദ്ധവും പവിത്രവുമായ സ്നേഹം ഒരിക്കലും പ്രതികാരം ആഗ്രഹിക്കുന്നില്ല

    വലിച്ചു നീട്ടാതെ, ഒതുക്കി പറയാമായിരുന്നു.

    കൊതിച്ചതെല്ലാം കിട്ടണം എന്ന വാശി ഉപേക്ഷിക്കണം.

    ഈ ജീവിതം മനോഹരമാണ് !

    ആശംസകള്‍ !

    സസ്നേഹം,

    അനു

    ReplyDelete
  3. അനുപമാ, നന്ദി! വായനക്കും ആദ്യ കമണ്റ്റിനും. പ്രണയം തിരിച്ചു കിട്ടുമ്പോള്‍ മാത്രമാണ്‌ അതു യഥാര്‍ത്ഥ പ്രണയമാകുന്നുള്ളൂ. അതു വരെ അതൊരു ഇഷ്ടം മാത്രമായിരിക്കും. പ്രതികാരം ഒരു പ്രതിപ്രവര്‍ത്തനം മാത്രമാണു. അതാര്‍ക്കും ആരോടും വരാം. നാല്‍പ്പതു വര്‍ഷം ഒരുമിച്ചു സ്നേഹത്തോടെ കഴിഞ്ഞതിണ്റ്റെ ശേഷവും ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ പോലും അതുണ്ടാവാം. നമ്മുടെ ചുറ്റുപാടുകളില്‍ അതുണ്ടാവുകയും ചെയ്യുന്നുണ്ട്‌. ഭര്‍ത്താവിന്നെ കോടാലി കൊണ്ട്‌ വെട്ടിക്കൊന്നു വീടിണ്റ്റെ അകത്തു കുഴിച്ചിട്ട്‌ ആ കുഴിമാടത്തിണ്റ്റെ മുകളില്‍ പായവിരിച്ചു കിടന്നുറങ്ങിയ ഭാര്യയെ അറിയാം എനിക്ക്‌. അവര്‍ക്കിടയിലും പ്രണയമുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ ആ പ്രണയം അവര്‍ക്കു നഷ്ടപ്പെടുകയായിരുന്നു. അതാണു ജീവിതം.

    ReplyDelete
    Replies
    1. Abooty, Pranayam athu poornnatharyilethathe, jeevitham muzhuvan pranayichu nadakkan or sukhamaanu, Prathikaaram athu branthavum....

      Delete

  4. ശുദ്ധവും പവിത്രവുമായ സ്നേഹം ഒരിക്കലും പ്രതികാരം ആഗ്രഹിക്കുന്നില്ല !
    ennaal ഭര്‍ത്താവിന്നെ കോടാലി കൊണ്ട്‌ വെട്ടിക്കൊന്നു വീടിണ്റ്റെ അകത്തു കുഴിച്ചിട്ട്‌ ആ കുഴിമാടത്തിണ്റ്റെ മുകളില്‍ പായവിരിച്ചു കിടന്നുറങ്ങിയ ഭാര്യയെ അറിയാം എനിക്ക്‌. അവര്‍ക്കിടയിലും പ്രണയമുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ ആ പ്രണയം അവര്‍ക്കു നഷ്ടപ്പെടുകയായിരുന്നു.

    "അതാണു ജീവിതം". അതെ അങ്ങനെയും കാണും ജീവിതങ്ങള്‍ എന്ന് ഞാന്‍ തിരുത്തുന്നു

    ആശംസകള്‍ !

    ReplyDelete
  5. "അതാണു ജീവിതം". അതെ അങ്ങനെയും കാണും ജീവിതങ്ങള്‍ എന്ന് ഞാന്‍ തിരുത്തുന്നു

    yes Rainy, me too

    ReplyDelete
  6. പഴയ ഒരു മലയാള പടത്തിന്റെ ഒരു മിന്നലാട്ടം. എന്റെ തോന്നലാകാം അല്ലെ അബൂതി. ആശംസകള്‍..

    ReplyDelete
  7. ഉവ്വോ.. പടം ഏതാണെന്നു മനസ്സിലായില്ല.. നായിയകക്കു പാമ്പു കടി കൊള്ളുന്ന പടം അല്ലല്ലോ. അല്ലെ! ആണെങ്കില്‍ ഞാന്‍ കണ്ടിട്ടില്ല. പഴയതും പുതിയതും.

    ReplyDelete
  8. കഥ മനസ്സിനെ സ്പര്‍ശിക്കാതെ കടന്നുപോയതെന്തുകൊണ്ടാണ്..?

    ReplyDelete
  9. ഇതിനകത്ത് പ്രണയമൊന്നും ഇല്ല. വെറും ആകർഷണം മാത്രം. പ്രണയമെന്തെന്നറിയാത്ത ഇപ്പോഴത്തെ തലമുറയിലെ ചിലരുടെ ദുഷ്ട ചെയ്തികൾ മാദ്ധ്യമങ്ങളിലൂടെ നാം കാണാറുള്ളതല്ലെ.
    ആത്മാർത്ഥമായ പ്രണയത്തിനുള്ളിൽ പ്രതികാരത്തിന് സ്ഥാനമുണ്ടാകില്ല.
    കഥ നന്നായിരിക്കുന്നു.
    ആശംസകൾ...

    ReplyDelete
  10. വലിച്ചു നീട്ടിയതായി തോന്നി.
    പ്രണയമാണോ പിടിച്ചു വാങ്ങാന്‍ ഇത്രയൊക്കെ ചെയ്തു കൂട്ടിയത്.
    ഇങ്ങിനെയും ആളുകള്‍ ഉണ്ടായിരിക്കാം അല്ലേ.
    വായിച്ചു പോകാന്‍ വലിയ കുഴപ്പം തോന്നിയില്ല.

    ReplyDelete
  11. കഥ സംഭവബഹുലമാണല്ലോ

    ReplyDelete
  12. കുഴപ്പമില്ല...
    ഇങ്ങനെയും കുറെ ജീവിതങ്ങള്‍...

    ReplyDelete
  13. അടി, ഇടി, പ്രണയം.... അകെ ബഹളമാണല്ലോ അബൂതി

    ReplyDelete
  14. അതു വരെ കശുമാവിന്‍ തോട്ടത്തെ ചൂഴ്ന്നു നിന്നിരുന്ന ചൂടുള്ള കാറ്റ്‌ ഒരു നേര്‍ത്ത നോവിന്റെ പാട്ടുമായി വീശിയകന്നു..... :)


    കുഴപ്പമില്ലാതെ വായിച്ചു തീര്‍ന്നു

    ReplyDelete
  15. പ്രതികാരം മൂത്ത് തെറ്റു ചെയ്യാനിറങ്ങി.അങ്ങിനെ വല്ലതും നടന്നാല്‍ കുത്തേറ്റ് മരിക്കുമായിരുന്നു. അച്ഛനമ്മമാരുടെ കണ്ണുനീര്‍ അവന്‍ കണ്ടതല്ലേ. എന്നിട്ടും എന്തേ തെറ്റു തിരുത്താന്‍ ആ പയ്യന് തോന്നിയില്ല.

    ReplyDelete
  16. ഒരാളുടെ ഭാഗത്തു നിന്നു മാത്രമുള്ള ഇഷ്ടം എങ്ങനെ 'പ്രണയം' ആകും? എന്നിട്ട് അതിനു വേണ്ടി പ്രതികാരമനോഭാവത്തോടെ ഇറങ്ങിയിട്ടെന്തായി?

    ഒരു സിനിമാക്കഥ പോലെ എഴുതി... പ്രമേയത്തില്‍ പുതുമ പറയാനില്ലെങ്കിലും വായനാസുഖമുണ്ട്.

    ReplyDelete
  17. പ്രതികാരാഗ്നി ആളിക്കത്തിയ ഒരു പുത്തൻ
    വൺ വേയ് പ്രണയത്തിന്റെ തിരക്കഥയാണല്ലൊ ഇത്

    ReplyDelete
  18. പുതിയ കഥ വായിച്ച രസത്തില്‍ വിട്ടു പൊയ പഴയ കഥ വായിച്ചു,അബദ്ധമായിപ്പൊയി.എന്തൊ ഉള്ള മതിപ്പും പോയി. തീര്‍ന്നു കിട്ടാന്‍ തന്നെ വളരെ കഷ്ടപ്പെട്ടു. ഒന്നു മനസ്സിലായി,ഇങ്ങനെയും കഥയെഴുതാം. ഇങ്ങനെ പറയേണ്ടി വന്നതില്‍ ക്ഷമിക്കണം.

    ReplyDelete