Sunday, February 10, 2013

വാദി റഹ്മയിലെ ചുവന്ന പൂക്കള്‍!



ഭാഗം ഒന്ന്: യാത്ര


ഒരു നെടുവീര്‍പ്പിൻറെ നെരിപ്പോടില്‍ അര്‍ദ്ധമയക്കത്തിൻറെ ലാസ്യത കത്തിയെരിഞ്ഞു. മനസ്സ്‌ ഉണര്‍വിൻറെ മുള്‍പ്പടര്‍പ്പിലേക്ക്‌ തിരിച്ചെത്തി. മേഞ്ഞുനടക്കുന്ന ആട്ടിന്‍പറ്റം പോലുള്ള വെള്ളിമേഘങ്ങള്‍ക്കു മുകളിലൂടെ പറക്കുന്ന വിമാനത്തില്‍, മാളത്തില്‍ ചുരുണ്ട പാമ്പിനെ പോലെ തങ്ങളിലേക്കൊതുങ്ങിയ മനസ്സുമായി ഓരോ യാത്രക്കാരനും! 


ഒരു മൂക്കാല്‍ മണിക്കൂര്‍ കൂടി പറക്കേണ്ടി വരും ഈ വ്യോമയാന പേടകം ലബനാനിൻറെ മണ്ണില്‍ തൊടാന്‍.


വാദി റഹ്മയിലേക്കാണെൻറെ യാത്ര. കഴിഞ്ഞ കുറച്ചു മാസങ്ങളായി മുറുക്കിപ്പിരിച്ച കയർ പോലെയാണ് മനസ്സ്‌. തിരിച്ചറിയാനാവാത്ത ദേഷ്യവും സങ്കടവും മനസ്സിനെ അടക്കിഭരിക്കുന്നു. എൻറെ മനോസംഘര്‍ഷം തിരിച്ചറിഞ്ഞ സഅദാണ്‌ ജോലിഭാരങ്ങളില്‍ നിന്നൊക്കെ ഒഴിഞ്ഞു മാറി, ഒരു യാത്ര പൊയ്ക്കൂടെ എന്നു ചോദിച്ചത്‌. 


ഭൂമിയില്‍ എനിക്കു സ്നേഹിക്കാനും, എന്നെ സ്നേഹിക്കാനും ജീവനുള്ള ഒരാള്‍ സഅദ്‌ മാത്രമല്ലേ ഉള്ളൂ! 


ശരിയാണ്‌. ഒരു മോചനം വേണം, അക്കങ്ങളുടെ തടവറയില്‍ നിന്ന്. ഉയരവും വേഗവും കീഴടക്കാനുള്ള മനസ്സിൻറെ ചാപല്ല്യത്തില്‍ നിന്ന്. യന്ത്രവാഹനങ്ങളുടെ നിലവിളികളില്ലാത്ത ഒരിടത്തേക്ക്‌ ഓടിപ്പോകണം. ഏകാതാന്തതയോട്‌ പണ്ടുമുതലേ വല്ലാത്തൊരു പ്രണയമുണ്ടെനിക്ക്. നഗരത്തിൻറെ വൃത്തികെട്ട തിരക്കിനോട്, പറഞ്ഞറിയിക്കാനാവാത്ത വെറുപ്പും. 


പക്ഷെ എങ്ങോട്ടു പോകും? വന്നതില്‍ പിന്നൊരിക്കലും കേരളത്തിലേക്കു പോയിട്ടില്ല. ഓര്‍ക്കാനിഷ്ടമില്ലാത്ത ചാരം മൂടിയ അനുഭവങ്ങളുണ്ടവിടെ. ഓർമ്മകളുടെ ചെറുകാറ്റിൽ ഇടയ്ക്കിടെ അവ വീണ്ടും ജ്വലിക്കുമ്പോൾ, ഹൃദയം പൊള്ളിപ്പോകാറുണ്ട്. അസഹനീയമായ പൊള്ളൽ!


"സഅദ്‌... ഹിറാ ഗുഹ പോലെയോ… സൌര്‍ മാളം പോലെയോ വല്ല സ്ഥലവും പറഞ്ഞു തരൂ. കുറച്ചു കാലം… മനുഷ്യരെ കാണാതെ ഞാനൊറ്റക്കു കഴിയട്ടെ. എനിക്കിപ്പോള്‍ എൻറെ മുഖം കണ്ണാടിയില്‍ കാണുന്നതു പോലും അസഹ്യമാണ്‌."


വിഷാദലീനവദനനായി സഅദ്‌ പറഞ്ഞു. "എൻറെ സഹോദരാ... താങ്കള്‍ക്ക് ഭ്രാന്തുണ്ടോ?" 


"യാ അഖീ" (എൻറെ സഹോദരാ) എന്ന വിളി ഒരു മഴയാണ്. വരണ്ടുണങ്ങി വിണ്ടു കീറി നില്‍ക്കുന്ന ഹൃദയത്തിലേക്ക് നേരിട്ടു പെയ്യുന്ന മഴ. അതിന്‌ ഹൃദയത്തേയും അതു വഴി സിരകളെയാകെയും തണുപ്പിക്കാന്‍ കഴിയും! 


ഒറ്റ നിമിഷം കൊണ്ട്‌ കണ്ണുകള്‍ സജലങ്ങളാവുകയും, നീര്‍ത്തുള്ളികള്‍ കവിളിലേക്ക് ചാടിയിറങ്ങുകയും ചെയ്‌തു. മനസ്സറിയാതെ കണ്ണുകള്‍ കാണിച്ചൊരു ധിക്കാരമായിരുന്നു അത്‌. വാക്കുകള്‍ക്ക് വിറയല്‍ ബാധിച്ചിരുന്നു. 


"അതെ സഅദ്‌. ശരിയാണ്. ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയവര്‍ക്കെല്ലാം ഒരു തരം ഭ്രാന്തുണ്ടാവും. മരണം പോലെ തണുത്ത ഏകാന്തതകളിലും... നിശബ്ദമായ രാവുകളിലും... ഞങ്ങള്‍ക്ക്‌ ആ ഭ്രാന്താണ്‌ കൂട്ട്‌. അതുകൊണ്ട്... ഞങ്ങളാ ഭ്രാന്ത് ആസ്വദിക്കാറുണ്ട്.”


കസേരയിലേക്ക് ചാരിയിരുന്ന സഅദ്‌ പറഞ്ഞു. "നീയൊരു കര്യം ചെയ്യൂ. വാദി റഹ്മയിലേക്ക്‌ പോകൂ. അവിടെയിപ്പോള്‍ ശീതക്കാറ്റ് വീശുന്ന സമയമാണ്‌. നിൻറെ മുറിവുകളില്‍ പുരട്ടാനുള്ള മരുന്ന്‌… അവിടെയുണ്ടാകും. അവിടത്തെ ചുവന്ന പൂക്കള്‍ക്കും മരങ്ങള്‍ക്കും മാത്രമല്ല… ശിലകള്‍ക്കു പോലും മനുഷ്യനെ ആശ്വസിപ്പിക്കാനുള്ള കഴിവുണ്ട്‌."


വാദി റഹ്മ സഅദിൻറെ ജന്‍മ സ്ഥലമാണ്‌. ലബനാനിലെ ഏതോ ഒരു ഗ്രാമപ്രദേശം. അദ്ദേഹത്തിൻറെ പിതാവ്‌ സകുടുംബം സൗദിയിലേക്ക്‌ കുടിയേറിപ്പാര്‍ത്തതാണ്‌. എനിക്കദ്ദേഹം മുതലാളിയല്ല. ഞാനദ്ദേഹത്തിനു തൊഴിലാളിയും. ചില ബന്ധങ്ങള്‍ക്ക്‌ മണ്ണില്‍ പേരില്ല. തെരുവില്‍ നിന്നും അദ്ദേഹമെൻറെ കൈ പിടിച്ചപ്പോള്‍ തന്നെ തിരിച്ചറിഞ്ഞതാണ്‌, ആ സ്നേഹത്തിൻറെ തണുത്ത നീരുറവയുടെ സുഖം.


വിമാനത്താവളത്തില്‍ നിന്നും പുറത്തു വരുമ്പോഴേ എൻറെ പേരെഴുതിയ ബോര്‍ഡും പിടിച്ചു നില്‍ക്കുന്ന ആളെ കണ്ടു. ഒരു വയോധികന്‍. അറുപതിൻറെ മുകളില്‍ പ്രായമുണ്ടാവും. അനുഭവങ്ങളുടെ ഉലയില്‍ ചുട്ടെടുത്ത തീഷ്ണമായ കണ്ണുകളും, പഞ്ഞി പോലത്തെ താടിമീശകളും, കഷണ്ടി കയറിയ തലയുമുള്ള ഒരാള്‍. ആഢിത്യം സ്ഫുരിക്കുന്ന മുഖം. അലിയെന്നാണ്‌ അദ്ദേഹം പേരു പറഞ്ഞത്‌. വലിയ ബഹുമാനമാണയാള്‍ കാണിച്ചത്‌. എൻറെ സഹോദരനാണ് വരുന്നതെന്നാണത്രെ, സഅദ്‌ വിളിച്ചു പറഞ്ഞിരിക്കുന്നത്‌. 


ഓ സഅദ്‌. താങ്കളോടുള്ള നന്ദി എൻറെ ഹൃദയത്തിലൊരിക്കലും വറ്റാത്തൊരു തെളിനീര്‍ തടാകമാണ്‌. വാക്കുകള്‍ കൊണ്ട്‌ ഞാനതില്‍ ഓളങ്ങളുണ്ടാക്കുന്നില്ല!


ഞങ്ങൾ യാത്ര തുടങ്ങി. അപരിചിതമായ വീഥികൾ, കാഴ്ചകൾ. ഓരോ യാത്രകളും മനുഷ്യനെ അലക്കിയെടുക്കുന്നു എന്ന് തോന്നാറുണ്ട്. അവൻറെ വേദനകളെ, മുഷിപ്പുകളെ, അലക്കി വെളുപ്പിച്ചെടുത്ത്, ഓരോ യാത്രയും അവനെ ഒരു പുതിയ മനുഷ്യനാക്കുന്നു എന്ന് തോന്നാറുണ്ട്.


കുറെ നേരം ഓടിയപ്പോൾ, വഴിയരികിലെ ഭോജനശാലയ്ക്കരികില്‍ അലി വാഹനം നിര്‍ത്തി. വാദി റഹ്മയിലേക്കിനിയും ദൂരമേറെയുണ്ടത്രെ. 


ഭക്ഷണം എനിക്കത്ര രുചികരമായിയിരുന്നില്ല. ചുട്ടെടുത്ത ആടിൻറെ കുറകും, മാര്‍ദവമില്ലാത്ത റൊട്ടിയും, സുര്‍ക്കയില്‍ പുളിപ്പിച്ച വെള്ളരിയും. പിന്നെ ശരീരമാസകലം പുകഞ്ഞു പോകുന്നൊരു പാനീയവും. അലി ആ ഭക്ഷണം രുചികരമായിട്ടാണു കഴിച്ചത്‌. 


അലി സ്പഷ്ടമായ ഇംഗ്ലീഷാണ്‌ സംസാരിക്കുന്നത്‌. അദ്ദേഹം സംസാരിച്ചുകൊണ്ടേയിരുന്നു. ഞാൻ വെറുമൊരു കേൾവിക്കാരനായിരുന്നു. നാലര മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവില്‍ ഞങ്ങള്‍ വാദി റഹ്മയിലെത്തി.  പഴയതോ പുതിയതോ അല്ലാത്ത ഒരു ഭവനത്തിൻറെ മുന്‍പില്‍ കാര്‍ നിന്നു. കാറില്‍ നിന്നറിങ്ങിയപ്പോള്‍, എൻറെ മുഖം തഴുകിയ, ഒരു തണുത്ത കാറ്റെന്നെ സ്വാഗതം ചെയ്‌തു. ശരീരവും മനസ്സും ഞാനറിയാതെ കുളിര്‍ന്നു നിന്നു. ആ കാറ്റെന്നോട് ചോദിക്കുന്ന പോലെ.


എന്തെ വരാണിത്ര വൈകി?


ആ ഭവനത്തില്‍ ഞാനൊറ്റക്കായിരുന്നു. വേണ്ട ഒത്താശകളൊക്കെ ചെയ്‌തുതന്ന അലി, രാവിലെ വരാമെന്ന് പറഞ്ഞ് യാത്രയാകുന്നതിൻറെ മുന്‍പേ എനിക്കു വേണ്ടി റൊട്ടിയില്‍ ജാം പുരട്ടി വച്ചിരുന്നു. കൂടെ ഒരു മുട്ട വാട്ടിയതും, ഒരു കപ്പു പാലും. തണുത്ത വെള്ളത്തിലെ കുളി യാത്രാക്ഷീണം ഒരല്‍പ്പം കുറച്ചു. ഭക്ഷണത്തിനു പുറമേ പതിവു പോലെ ഉറക്ക ഗുളികയും കഴിച്ചു. കുളിച്ചിട്ടും മാറാത്ത യാത്രാക്ഷീണവും കൂടിയായപ്പോള്‍, ആ രാവിലും ഞാന്‍ സ്വപ്നങ്ങളൊന്നും കാണാതെ നന്നായി ഉറങ്ങി!


ഭാഗം രണ്ട്: വാദി റഹ്മ


കതകിലാരോ ശക്‌തമായി മുട്ടുന്ന ശബ്ദം കേട്ടാണ്‌ ഉണര്‍ന്നത്‌. ആ മുട്ടു കേട്ടാലറിയാം, അതു ചെയ്യുന്ന ആള്‍ കുറേ നേരമായി ആ പ്രയത്നത്തിലാണെന്ന്‌. അയാള്‍ക്ക്‌ ക്ഷമ കെടുകയോ അല്ലെങ്കില്‍ പേടിക്കുകയോ ചെയ്‌തിട്ടുണ്ട്‌. അല്ലെങ്കില്‍ ഇങ്ങിനെ ശക്‌തമായി, നിര്‍ത്താതെ, ഒരു മര്യാദയുമില്ലാതെ ആരും ഒരു കതകിലും മുട്ടില്ല. കതകു തുറന്നപ്പോള്‍ പരിഭ്രമിച്ചു നില്‍ക്കുന്നു അലി. 


എന്നെ കണ്ടപ്പോള്‍ ആ മുഖത്ത്‌ ആശ്വാസത്തിൻറെ വെളിച്ചം. ക്ഷോഭിക്കാനോ പരിഭവിക്കാനോ നില്‍ക്കാതെ കയ്യിലെ സാധങ്ങളുമായി വീടിൻറെ അകത്തേക്കു കയറുന്നതിന്നിടയില്‍ ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു. 


"നല്ല പോലെ ഉറങ്ങിയെന്നു തോന്നുന്നു?"


ഞാനൊന്നു മൂളുക മാത്രം ചെയ്‌തു. കയ്യിലെ സാധനങ്ങള്‍ മേശപ്പുറത്തു വെക്കുന്നതിന്നിടയില്‍ അലി പറഞ്ഞു. 


"പ്രാതലാണ്. സൗകര്യം പോലെ കഴിക്കൂ. സൗകര്യമനുസരിച്ച്‌ പുറത്തേക്കിറങ്ങിയാല്‍ നാടൊക്കെ ഒന്നു കാണാം." 


പ്രഭാത കര്‍മങ്ങള്‍ തീര്‍ത്ത ഞാന്‍ പ്രാതലില്‍ മുഴുകിയപ്പോള്‍ അലി അവിടെയുള്ള പുരാതനമായൊരു ടെലിവിഷനുമായി യുദ്ധത്തിലായിരുന്നു. നിന്നെ നന്നാക്കിയേ ഞാനടങ്ങൂ എന്ന് അലിയും, എന്നാലതൊന്നു കാണട്ടെ എന്ന് ടെലിവിഷനും. അവസാനം അലി തോറ്റു.


ജബലു റഹ്മയുടെ താഴ്‌വാരമാണ്‌ വാദി റഹ്മ. ഇതൊരു ഒരു വിനോദ സഞ്ചാര കേന്ദ്രമൊന്നുമല്ല. ഒരു സഞ്ചാരിക്കു കാണാന്‍ ഒന്നുമില്ലാത്ത കുഗ്രാമം. കര്‍ഷകരായ ഗ്രാമീണരില്‍ അതിസമ്പന്നരോ പരമദരിദ്രരോ ഇല്ല. ആടും ഒട്ടകവും കൃഷിയും കൂടുതലുള്ളവരാണ്‌, കൂട്ടത്തിൽ കൂടുതല്‍ സമ്പന്നര്‍. ഒരു സ്‌കൂളോ, ആരോഗ്യ കേന്ദ്രമോ അവിടെ കണ്ടില്ല. 


രാവിലെ പഴങ്ങളും പച്ചക്കറികളുമായി അവർ ദൂരെയുള്ള പട്ടണത്തിലേക്കു പോകും. വൈകുന്നേരമാവുമ്പോഴേക്കും തിരിച്ചെത്തും. കാര്‍ഷിക വേലയില്‍ സ്‌ത്രീകളും കുട്ടികളും പങ്കു ചേരുന്നു. കഴുതപ്പുറത്തു സഞ്ചരിക്കുന്ന കുട്ടികളേയും സ്‌ത്രീകളേയും എമ്പാടും കാണാം. ദൂരെയെവിടെയോ ഉള്ള സ്‌കൂളിലേക്ക് കുട്ടികൾ പോകുന്നതും കഴുതപ്പുറത്ത് തന്നെ. ആ കാഴ്ച എനിക്കൊരു കൗതുകമായിരുന്നു.


താഴ്‌വരയില്‍ ഒരു കൊച്ചു തടാകമുണ്ട്‌. തടാകമല്ല. ഒരു വലിയ കുളം. അത് വറ്റാറില്ലത്രെ. ആ ജലാശയത്തിൻറെ ചുറ്റിലും വളര്‍ന്നു വന്ന ഗ്രാമമാണ്‌ വാദി റഹ്മ. പച്ച മനുഷ്യരുടെ ജീവിതങ്ങൾ കോർത്തെടുത്ത മുത്തുമാല പോലെ, ജബൽ റഹ്മയുടെ താഴ്വരയിൽ നീണ്ടുകിടക്കുന്നൊരു കുഗ്രാമം!


കണ്ണിനും കരളിനും ആനന്ദദായകമാണ്‌ ഓരോ കൃഷിത്തോട്ടവും. തോട്ടങ്ങളുടെ അതിരുകളിൽ എനിക്ക് പേരറിയാത്തൊരു തരം ചെടികളുണ്ടായിരുന്നു. അവ നിറയെ അഞ്ചിതളുകള്‍ മാത്രമുള്ള ചുവന്ന പുഷ്പങ്ങളുണ്ട്‌. വശ്യമായ സൌന്ദ്യരവും ഗന്ധവുമായിരുന്നു ആ പൂക്കള്‍ക്ക്‌. താഴ്‌വരയില്‍ വീശുന്ന ശീതക്കാറ്റില്‍ ആ ഗന്ധം നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു.


ഗ്രാമീണര്‍ ഇങ്ങോട്ടു വന്നു പരിചയപ്പെടുകയായിരുന്നു. എല്ലാവര്‍ക്കും വലിയ സ്നേഹവും ബഹുമാനവും. അവര്‍ കടും കാപ്പിയും ഈത്തപ്പഴവും നല്‍കി സല്‍ക്കരിച്ചു. സ്വന്തം കൃഷിയിടങ്ങളിൽ നിന്നും വിളവെടുത്ത പഴങ്ങളും ചിലർ നൽകി. പുഞ്ചിരിച്ചു കൊണ്ടു മാത്രം സംസാരിച്ചു. സഅദിൻറെ അടുത്തു നിന്നും വന്നയാളാണെന്നറിഞ്ഞപ്പോള്‍ കഴുതപ്പുറത്തു നിന്നിറങ്ങി ഒരു വൃദ്ധ വിറക്കുന്ന കാലടികളോടെ അടുത്തു വന്നു. ബലമായി എൻറെ ശിരസ്സു പിടിച്ചു താഴ്ത്തി മൂർദ്ദാവിൽ ചുംബിച്ചു. അവര്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഒന്നും മനസ്സിലായില്ല. അവരുടെ കണ്ണുനീരിനു നല്ല ചൂടുണ്ടായിരുന്നു. ആ കണ്ണീര്‍ തുടക്കാനോ എൻറെ രണ്ടു കൈകളിലും പിടിച്ചിരുന്ന അവരുടെ ദുര്‍ബലമായ കൈകളില്‍ നിന്നും മോചിതനാവാനോ ആവാതെ ഞാന്‍ നിന്നു. 


അലിയാണു പറഞ്ഞത്‌. അവര്‍ സഅദിൻറെ ഉമ്മയുടെ സഹോദരിയാണെന്ന്‌. രക്‌തബന്ധങ്ങളുടെ ആഴവും പരപ്പും എന്നെ അത്ഭുതപ്പെടുത്തി. കൊതിപ്പിച്ചു. അസൂയപ്പെടുത്തി.


സഅദ്‌ പറഞ്ഞത് സത്യമായിരുന്നു. എൻറെ മനസ്സിൻറെ മുറിവുകളിൽ പുരട്ടാനുള്ള എന്തോ ഒരു മരുന്ന്‌ ആ താഴ്‌വരയിലുണ്ടായിരുന്നു. 


ആ ഗ്രാമവും അവിടത്തെ ആളുകളും അവരുടെ ജീവിതവും സ്നേഹവുമൊക്കെ എൻറെ ഹൃദയത്തില്‍ ഒരു ശീതക്കാറ്റായി വീശാന്‍ തുടങ്ങി. മനസ്സിനു വല്ലാത്തൊരു സുഖം. ചിന്തകള്‍ക്കിപ്പോള്‍ തീ പിടിക്കാറില്ല. കൂടെ ഒരു ഗ്രാമം മുഴുവനുണ്ടെന്ന തോന്നല്‍. ഉറക്കഗുളികയില്ലാതെ ഉറങ്ങാനാവുമെന്ന്‌ മനസ്സിലിരുന്നാരോ മന്ത്രിച്ചു. 


മായമൊന്നുമില്ലാത്ത രാവിൻറെ ഏതോ ഒരു യാമത്തില്‍ നിദ്രകളിമകളില്‍ കൂടുകൂട്ടി. ഞാനുമ്മയെ സ്വപ്നം കണ്ടു. അവരുടെ മരണ ശേഷം അതാദ്യത്തെ അനുഭവം. ആ സുഷുപ്‌തിയില്‍ നിന്നും    ഞാനുല്ലാസവാനായുണർന്നു!


അലിയെ നാട്ടുകാര്‍ക്കെല്ലാം വലിയ ബഹുമാനമാണ്. പൗരപ്രമുഖൻ എന്നു തന്നെ പറയാം. അദ്ദേഹത്തിൻറെ ഒരേയൊരു മകന്‍ ഇസ്രായേലുമായി സദാസമയം യുദ്ധം ചെയ്യുന്ന ഒരു വിശുദ്ധ പോരാളിയായിരുന്നു. 


വീട്ടുമുറ്റത്തെ മുള്ളുപോലെ ഇലകളുള്ള വൃക്ഷച്ചുവട്ടിലിരുന്ന്‌ ഹുക്ക വലിച്ചു കൊണ്ടിരിക്കുന്ന അലിയോട്‌ ഞാനതിനെക്കുറിച്ചന്വേഷിച്ചപ്പോള്‍ സന്തോഷത്തോടെയാണദ്ദേഹം പറഞ്ഞത്‌. 


"അതെ... അബ്ബാസ്‌ ഒരു വിശുദ്ധ പോരാളിയാണ്‌. ഈ മണ്ണില്‍ ചിന്തിയ ചോരയുടെ കണക്കു പറയാനല്ല. തങ്ങളുടെ കിടപ്പാടങ്ങളില്‍ നിന്നും ആട്ടിയോടിക്കുന്നവർക്ക്‌ വേണ്ടി... അയല്‍ രാജ്യങ്ങളുടെ അവകാശങ്ങളേയും അതിരുകളേയും പെരുമ്പാമ്പ്‌ ഇര വിഴുങ്ങുന്നതു പോലെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഇസ്രായേലിനെതിരെ യുദ്ധം ചെയ്യാനാണവന്‍ പോയത്‌. അവൻറെ ജീവനും ജീവിതവും അവനതിന്‌ ഉഴിഞ്ഞു വച്ചിരിക്കുന്നു. എനിക്കതിൽ സന്തോഷമേയുള്ളൂ." 


ഞാനത്ഭുതപ്പെട്ടു. എന്തോ ഒരോര്‍മയില്‍ അദ്ദേഹത്തിൻറെ മുഖത്ത്‌ വിഷാദം ഘനീഭവിച്ചു. ഹുക്കയില്‍ നിന്നും ഒരു കവിൾ പുകയെടുത്ത് പുറത്തേക്കൂതി കുറേ നേരം മിണ്ടാതിരുന്ന അലി,  പിന്നെ പതിയെ പറഞ്ഞു. 


"അബ്ബാസിൻറെ ഉമ്മയില്ലാത്ത ദുഃഖം മാത്രമെ എനിക്കുള്ളൂ. പേരറിയാത്തൊരു മഹാരോഗം അവളുടെ ആയുസു മുഴുവനും തിന്നു തീര്‍ത്തു. ആ സ്നേഹം മാത്രം ബാക്കിയായി. അന്നെൻറെ മോള്‍ക്ക്‌ ഒരു വയസ്സായിരുന്നു. ഒരു വയസ്സ്‌!" 


അതു പറയുമ്പോള്‍ അദ്ദേഹത്തിൻറെ കണ്‍ക്കോണിലൊരു മുത്ത്‌ തിളങ്ങുന്നുണ്ടായിരുന്നു. 


"അങ്ങേയ്ക്ക് ഒരു പുനര്‍വിവാഹം ചെയ്‌തു കൂടായിരുന്നോ?" 


എൻറെ ചോദ്യത്തിനൊരു വിശാലമായ പുഞ്ചിരിയായിരുന്നു ആദ്യത്തെ മറുപടി.  പിന്നെ എൻറെ കണ്ണുകളിലേക്ക് ആർദ്രമായി നോക്കിക്കൊണ്ട് അലി പറഞ്ഞു.  


"എൻറെ ഹൃദയത്തിൻറെ അറ വളരെ ചെറുതാണ്‌ മോനേ. അവിടെ രണ്ടാമതൊരു സ്‌ത്രീക്കു കൂടി വസിക്കാന്‍ സ്ഥലമില്ല!" 


ആ മറുപടിക്കു മുന്‍പിലെൻറെ ചോദ്യം നാണിച്ചു നിന്നു!!!


ഭാഗം മൂന്ന്: ജ്വരം


രണ്ടു ദിവസം കഴിഞ്ഞു വന്ന രാത്രിയിൽ, എന്നിക്ക്‌ ജ്വരം പിടി പെട്ടു. പുലര്‍ച്ചെ അലി വന്നപ്പോള്‍ ഞാന്‍ വല്ലാതെ പനിച്ചു വിറക്കുന്നു. 


വിറച്ച്‌ പല്ലുകള്‍ കൂട്ടിത്തല്ലുന്ന എൻറെ അരികിലിരുന്ന്,  അദ്ദേഹമെൻറെ മുടികളിലൂടെ വിരലോടിച്ചു. ഇന്നോളം അനുഭവിക്കാത്ത ഒരു വികാരം സിരകളിലൂടെ വിദ്യുച്ഛക്തി പോലെ കടന്നു പോയി. എന്താണതെന്ന് എനിക്കപ്പോൾ തിരിച്ചറിയാനായില്ല.


അദ്ദേഹം വലിയ വേവലാതിയിലായിരുന്നു. നനച്ച തുണി കൊണ്ടെൻറെ ശരീരം മുഴുവന്‍ തുടച്ചു. വിറച്ചു വീഴാൻ പോകുന്ന എൻറെ കൈ പിടിച്ചു ശൗച്യാലത്തിലേക്ക് കൊണ്ടു പോയി. ചൂടോടെ സൂപ്പു പോലെ എന്തോ കുടിക്കാന്‍ തന്നു. നെറ്റിയിലെ തുണി പിന്നെയും പിന്നെയും നനച്ചിട്ട്‌ എൻറെ അരികില്‍ തന്നെ ഇരുന്നു. 


ഈ മനുഷ്യൻ എനിക്കാരാണെന്ന് ഇടയ്ക്കിടയ്ക്ക് ഞാനോർത്തുപോയി. വിണ്ണിൻറെ വിദൂരതയിൽ നിന്നും ചെറുപ്പത്തിലെങ്ങോ കണ്ടു മറന്നൊരു കണ്ണുകൾ, ഈ മനുഷ്യൻറെ കണ്ണികളിലൂടെ എന്നെ നോക്കുകയാണോ? 


അറിയില്ല. പക്ഷെ എനിക്കുറപ്പാണ്. ഈ മനുഷ്യൻ എൻറെ ആരോ ആണ്. എനിക്കത്രയും പ്രിയപ്പെട്ട, എൻറെ ആരോ ഒരാൾ!


നാലു ദിവസമാണ്‌ കടുത്ത ജ്വരമെന്നെ ആ കട്ടിലില്‍ തളച്ചിട്ടത്‌. ഒരു വേള മരിച്ചു പോകുമോ എന്നു പോലും ഞാന്‍ കരുതി. സര്‍വാംഗങ്ങളിലും ചവര്‍പ്പിൻറെ സൂചിമുനകള്‍ കുത്തുന്ന ഒരു നാട്ടുമരുന്നാണ്‌ അലി എനിക്കു തന്നത്‌. സ്നേഹപൂര്‍വ്വം നിര്‍ബന്ധിച്ചും, ചിലപ്പോഴൊക്കെ ശാസിച്ചും, അദ്ദേഹം അതെന്നെ കുടിപ്പിച്ചു. അപ്പോഴെല്ലാം,  അദ്ദേഹത്തില്‍ നിന്നും പിതൃസ്നേഹത്തിന്റെ ഒരദൃശ്യസ്പര്‍ശം ഞാനറിഞ്ഞു. 


ഇപ്പോഴിപ്പോൾ എനിക്ക് തിരിച്ചറിയാനാവുന്നുണ്ട്. ഈ മനുഷ്യൻ എൻറെ ഉള്ളിലിൻറെ ഉള്ളിലെ ഏതു കോണിലാണ് കൂടുകൂട്ടിയിരിക്കുന്നതെന്ന്. 


അഞ്ചാം ദിവസം, പനിയുടെ ആലിംഗനത്തില്‍ നിന്നും തെല്ലിട മോചിതനായ ഞാന്‍, അലി വരുന്നതും കാത്തെൻറെ കട്ടിലിൽ ചടഞ്ഞു കിടക്കുകയായിരുന്നു. പത്തു മണിയായിട്ടും അലിയെ കണ്ടില്ല. വിശക്കുന്നുണ്ട്‌. ക്ഷീണവും. ആ കിടത്തത്തിലാണ്, വാതിലില്‍ ആരോ മൃദുവായി മുട്ടുന്ന ശബ്ദം കേട്ടത്. വാതിലിന് വേദനിക്കരുതെന്നാ മുട്ടുന്നയാൾക്ക് നിർബന്ധമുള്ള പോലെ.


ഒരു പെണ്‍ക്കുട്ടിയാണ്‌. ചുറ്റിക്കെട്ടിയ തട്ടത്തിൽ ആ മുഖം, ഇരുൾ തിങ്ങിയ ആകാശത്ത് കത്തുന്ന ഒരേകാന്ത നക്ഷത്രം പോലെ തോന്നിച്ചു. അത്രമേൽ വശ്യം. എന്നെ കണ്ടപ്പോൾ അവൾ അതീവ ഹൃദ്യമായി പുഞ്ചിരിച്ചു. അവള്‍ വന്നതാനെന്ന് തോന്നുന്നു, ഒരു കഴുത മുറ്റത്ത് നില്‍ക്കുന്നു. അവളാരാണെന്ന് മനസ്സിലാവാത്ത ഞാൻ, ഒന്ന് പുഞ്ചിരിക്കാൻ പോലും മറന്നുപോയി.


ഞാനെന്തെങ്കിലും ചോദിക്കുന്ന മുന്‍പേ അവള്‍ പറഞ്ഞു. 


"ബാബയ്ക്ക്‌ നല്ല സുഖമില്ല. കിടപ്പിലായതിനാല്‍… താങ്കളുടെ കാര്യങ്ങളന്വേഷിക്കാനും മറ്റുമൊക്കെ എന്നെ വിട്ടതാണ്‌." 


ഓ, അലിയുടെ മകളാണോ? ഞാൻ തെല്ലൊരു അത്ഭുതത്തോടെ ചോദിച്ചു,


"അദ്ദേഹത്തിനെന്തു പറ്റി?" 


പനിയാണെന്ന് പറഞ്ഞുകൊണ്ടവള്‍,  കയ്യിലെ പ്ലാസ്റ്റിക് കവറില്‍ കരുതിയിരുന്ന ലഘുഭക്ഷണം മേശപ്പുറത്തു വച്ച് അടുക്കളയിലേക്കു പോയി. അല്‍പസമയത്തിന്നുള്ളില്‍ ചായയുമായി തിരികെയെത്തി. ഒന്നും സംസാരിക്കാന്‍ നിൽക്കാതെ, തിരികെ അടുക്കളയിലേക്ക് തന്നെ പോയി. അടുക്കളയില്‍ എന്തൊക്കെയോ തട്ടലും മുട്ടലും കേട്ടു. 


ഒരു ബണ്ണും,  പാൽക്കട്ടിയും, സബർജിൽ പോലെ തോന്നിക്കുന്നൊരു പഴവും, ഏതാനും ഈത്തപ്പഴങ്ങളുമായിരുന്നു പ്രാതൽ. കഴിച്ചു കഴിഞ്ഞപ്പോള്‍ ചായകപ്പും, കുറച്ചു ചായ ബാക്കിയുണ്ടായിരുന്ന ചെറിയ ചായക്കൂജയുമായി പതിവ് പോലെ അടുക്കളയിലേക്കു ചെന്നു. 


അവള്‍ സ്റ്റൗവ്വിലെന്തോ പാകം ചെയ്യുന്നു. തിളച്ചു മറിയുന്ന പാത്രത്തിൽ നിന്നുയർന്ന വെന്ത മാംസത്തിൻറെ മണം, എന്നെ അലോസരപ്പെടുത്തി. മനം പിരട്ടുന്ന പോലെ. ശരീരത്തിലേക്ക് നഖമുനകളാഴ്ത്തിയ പനിയുടെ പരിക്കിൽ നിന്നും, ഉടൽ വേണ്ടത്ര മോചിതനായിട്ടുണ്ടായിരുന്നില്ല. 


എന്നെ കണ്ടപ്പോള്‍ അവളൊന്നു ചൂളി. ആ മുഖഭാവം കണ്ടപ്പോൾ ഞാനും. എനിക്ക് പുറം തിരിഞ്ഞുകൊണ്ടവൾ തൻറെ വസ്ത്രം നേരെയാക്കുന്നതിനിടയിൽ പറഞ്ഞു. 


"ഇവിടെ ആണുങ്ങളൊന്നും അടുക്കളയിലേക്കു വരാറില്ല. പ്രത്യേകിച്ചും അന്യപെണ്ണുങ്ങള്‍ അടുക്കളയിലുണ്ടാവുമ്പോള്‍. ഞങ്ങൾക്കിവിടെയെപ്പോഴും ഹിജാബ് ധരിച്ചിരിക്കാൻ പ്രയാസമാണ്." 


ഞാന്‍ വല്ലാതായി. ഏതൊരു പ്രവാസിയെയും പോലെ താൻ കഴിച്ച പാത്രങ്ങൾ സ്വയം കഴുകുന്ന ശീലമുള്ളത് കൊണ്ട്, അലിയായിരുന്നപ്പോഴും ഞാനിങ്ങനെ വരാറായിരുന്നു. പനിച്ചു കിടന്ന ദിവസങ്ങളിലൊഴികെ. ആ ശീലത്തിൽ വന്നതാണ്.  ഇതിപ്പോൾ വേണ്ടായിരുന്നു. 


സോറി പറഞ്ഞു മെല്ലെ വീടിൻറെ പുറത്തേക്കിറങ്ങി. മുറ്റത്തെ മരത്തണലിലെ കസേരയില്‍ വന്നിരുന്നു. കുറേ നേരം അവളെ കണ്ടില്ല. വെയിലിനു ചൂടു പിടിച്ചു തുടങ്ങിയിരിക്കുന്നു. ഓരോന്നു ചിന്തിച്ചിരിക്കേ അവളെങ്ങോട്ട് വന്നു. ഭക്ഷണം തായ്യാറാക്കി വച്ചിട്ടുണ്ടെന്നും, പോവുകയാണെന്നും, നാളെ വരാമെന്നും പറഞ്ഞ്, നടന്നു തുടങ്ങിയ അവളോട് ഞാൻ വിളിച്ചു പറഞ്ഞു. 


"നില്‍ക്കൂ ഞാനും വരുന്നു. അലിയെ ഒന്നു കാണണം." 


വസ്‌ത്രം മാറാന്‍ വീടിൻറെ ഉള്ളിലേക്കു ചെന്നപ്പോള്‍ അവിടെ നന്നായി വൃത്തിയാക്കിയിട്ടിരിക്കുന്നതു കണ്ടു. മനസ്സിനെന്തെന്നില്ലാത്ത സന്തോഷം തോന്നി. വീടു പൂട്ടി പുറത്തു വന്നപ്പോള്‍ എന്നോടു കഴുതപ്പുറത്തു കയറാന്‍ പറഞ്ഞു. ഇല്ലെന്നു തലയാട്ടികൊണ്ടു ഞാന്‍ പറഞ്ഞു. 


"എനിക്കീ ജന്തുവിൻറെ മേലെ കയറാന്‍ പേടിയാണ്‌." 


അവളൊന്നു ചിരിച്ചു. 


"വീട്ടിലേക്ക്‌ കൂറേ ദൂരമില്ലേ? അസുഖം ശരിക്കു മാറുന്നതിൻറെ മുന്‍പേ നടന്നാല്‍ ഇനിയും രോഗം വരും. ധൈര്യമായി കയറിക്കൊള്ളൂ. ഇവനൊരു പാവം കഴുതയാണ്. ഒരു പക്ഷെ താഴ്‌വരയിലെ ഏറ്റവും പാവപ്പെട്ട കഴുത ഇവനായിരിക്കും." 


ആണോ എന്ന അർത്ഥത്തിൽ ഞാൻ കഴുതയെ ഒന്ന് നോക്കി. ആ മൃഗത്തിൻറെ കണ്ണിൽ ഞങ്ങളുടെയും വീടിൻറെയും പ്രതിബിംബം മാത്രം കണ്ടു. ഒരു ഇളിഭ്യച്ചിരിയോടെ ഞാൻ വേണ്ടെന്ന് തല വെട്ടിച്ചു.


അവള്‍ പിന്നെയും നിര്‍ബന്ധിച്ചു. ഞാനൊരുക്കമായിരുന്നില്ല. അവസാനം അവളും എൻറെ കൂടെ നടന്നു വന്നു. ചുമക്കാൻ ഭാരമൊന്നുമില്ലാതെ അവളുടെ “പാവം” കഴുതയും ഞങ്ങളുടെ കൂടെ നടന്നു.


അലി നന്നേ ക്ഷീണിതനായിരുന്നു. എന്നെ കണ്ടപ്പോള്‍ ആ മുഖത്ത്‌ എന്തെന്നില്ലാത്തൊരു സന്തോഷമുണ്ടായി. പുഞ്ചിരിച്ചു കൊണ്ടദ്ദേഹം എന്നോടു പറഞ്ഞു. 


"നോക്കൂ, ആ പനി എൻറെ കൂടെയിങ്ങു പോന്നു. ചെറുപ്പക്കാരനായ നിങ്ങളെ കീഴടക്കുന്നതിനെക്കാള്‍ എളുപ്പം ഈ വൃദ്ധനെയായിരിക്കും എന്നു പനിക്കറിയാം. എന്തായാലും നിങ്ങള്‍ക്ക്‌ സുഖമായല്ലോ? അതു മതി. ഇവിടെയിരിക്കൂ. എൻറെ അടുത്തിരിക്കൂ." 


ആ ശബ്ദം നന്നേ ദുർബലമായിരുന്നു. എൻറെ കണ്ണിലെ നീര്‍പാട അദ്ദേഹം കാണാതിരിക്കാന്‍ ഞാന്‍ വളരെയധികം പ്രയാസപ്പെട്ടു. ഹൃദയത്തിനു വല്ലാത്ത ഭാരം തോന്നി. ഞാന്‍ അദ്ദേഹത്തിൻറെ കൈകള്‍ എൻറെ മടിയില്‍ എടുത്തു വച്ച്‌ തഴുകിക്കൊണ്ടിരുന്നു. അതു കണ്ടുകൊണ്ടാണവൾ അങ്ങോട്ട് വന്നത്‌. നിറഞ്ഞ പുഞ്ചിരിയോടെ അവള്‍ ഖഹ്‌വയും മുന്തിയ ഈത്തപ്പഴവും തന്നെന്നെ സല്‍ക്കരിച്ചു. 


ഭാഗം നാല്: തർക്കം 


ഒരാഴ്ച അതിവേഗം കടന്നുപോയി. അലിക്ക് അസുഖത്തിന് കുറവൊന്നുമില്ല. ആശുപത്രിയിൽ പോകാനോ ഡോക്ടറെ കാണിക്കാനോ പറഞ്ഞിട്ടദ്ദേഹം അതൊട്ടനുസരിച്ചുമില്ല. നാടൻ വൈദ്യത്തിലുള്ള അദ്ദേഹത്തിൻറെ വിശ്വാസത്തെ ജയിക്കാൻ എൻറെ നിർബന്ധങ്ങൾക്കായില്ല. 


എന്നും അലിയുടെ മകൾ വരും. ഭക്ഷണമുണ്ടാക്കിത്തരും. ചിലപ്പോൾ  അവരുടെ വീട്ടിൽ ഉണ്ടാക്കിയത് കൊണ്ട് വരും. ചിലതൊക്കെ വായ്ക്ക് രുചിയുണ്ടാവും. ചിലത് പ്രയാസപ്പെട്ട് കഴിക്കേണ്ടി വരും. കേരളത്തിൻറെ ഭക്ഷണ സംസ്കാരമായ കടും മസാലക്കൂട്ടുകൾ അവർക്ക് ചിന്തിക്കാൻ പോലുമാവുമാവില്ലല്ലോ.


ഇപ്പോഴവള്‍ കൂടുതല്‍ സ്വാതന്ത്ര്യമെടുക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒരു പാടു സംസാരിക്കാനും. ഗ്രാമത്തെക്കുറിച്ച്. ഗ്രാമത്തിലെ പഴമക്കാർ പറഞ്ഞുകേട്ട പഴമ്പുരാണങ്ങളെ കുറിച്ച്. 


യോദ്ധാക്കളുടെ, നായാട്ടുകാരുടെ, നാടോടികളുടെ, മരുഭൂമിയിലെ തീവെട്ടിക്കൊള്ളക്കാരുടെ, നാടാകെ പേടിച്ചു വിറച്ച മഹാവ്യാധിയുടെ, യുദ്ധങ്ങളുടെ ഒക്കെ കഥകൾ. എന്നിൽ കൗതുകം ജനിപ്പിക്കുന്ന കുറെ കഥകൾ. 


ആ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ്. ഒരു കൊച്ചു കുഞ്ഞിനെ പോലെ, മുഖത്ത് പലപല ഭാവങ്ങളുണ്ടാക്കി, കൈകൾകൊണ്ട് ഒരുപാട് ആംഗ്യങ്ങൾ കാണിച്ച് അവളങ്ങിനെ സംസാരിച്ചുകൊണ്ടിരിക്കും. ഇടയ്ക്കിടയ്ക്ക് സ്വയം ചിരിക്കും. അവരുടെ നാട്ടിലേക്ക് വന്നൊരു അതിഥിയെ ഒട്ടും മുഷിപ്പിക്കരുതെന്നവൾക്ക് നിർബന്ധമുള്ള പോലെയായിരുന്നു ആ പെരുമാറ്റം. 


അവളും, അവളുടെ സാമീപ്യവും, ആ പെരുമാറ്റവും. എല്ലാമെല്ലാം എനിക്ക് പുതിയ അനുഭവങ്ങളായിരുന്നു. ചിലപ്പോഴൊക്കെ എനിക്ക് തോന്നി. കാണെക്കാണെ തിളക്കം കൂടിവരുന്നൊരു നക്ഷത്രമാണവളെന്ന്!


ഭൂതകാലത്തിൻറെ കറുത്ത തേറ്റ, ഇന്നെന്നെ പേടിപ്പിക്കാറില്ല. നല്ല പോലെ ഉറങ്ങാം. സന്തോഷമായി ഉണരാം. ദിനചര്യകൾക്കൊരു ജീവനുണ്ട്. യാന്ത്രികതയിൽ നിന്നൊരു മോചനമുണ്ട്. 


ഞാൻ... ഞാനിപ്പോഴാണോ ജീവിക്കാൻ തുടങ്ങിയത്?  


അവിടെ പൊടിപിടിച്ചു കിടന്നൊരു അറബി പുസ്തകം,  വായിച്ചു മനസ്സിലാക്കാനുള്ള കഠിനശ്രമത്തിലായിരുന്നു ഞാൻ. "സ്വപ്ന സഞ്ചാരിയുടെ ഭാണ്ഡം" എന്ന മനോഹരമായ ടൈറ്റിൽ കണ്ടപ്പോൾ ഒരു കൗതുകത്തിന് തുടങ്ങിയ വായനയാണ്. അവള്‍ അടുക്കളയിലെന്തോ പണിയിലായിരുന്നു. സമയം ഉച്ചയായിട്ടുണ്ട്. അവൾ പോകാനുള്ള നേരമാകുന്നു. അപ്പോഴാണ് ജബലു റഹ്മയുടെ അപ്പുറത്തു നിന്നൊരു ഇരമ്പല്‍ കേട്ടത്. ഒരു ആകാശ വാഹനത്തിൻറെ ഹുങ്കാരം! 


അടുക്കളയിലൊരു പാത്രം വീഴുന്ന ശബ്ദം കേട്ടു. പേടിച്ച പേടമാനിനെപ്പോലെ അവളോടി വന്നു. ഞാനിരിക്കുന്ന കസേരയോടു ചാരി മേശക്കു ചുവട്ടിലേക്കവള്‍ ചുരുണ്ടു. ആ മുഖം കടലാസ് പോലെ വിളറി വെളുത്തിരിക്കുന്നു.


എനിക്കൊന്നും മനസ്സിലായില്ല. അതൊരു ഹെലികോപ്റ്റര്‍ ആയിരുന്നു. അതിൻറെ ശബ്ദം നേര്‍ത്തുനേര്‍ത്തില്ലാതായിട്ടും ഒരൽപ്പം നേരമെടുത്തു, അവള്‍ മേശയുടെ പുറത്തേക്കു വരാന്‍. രക്‌തശൂന്യമായ മുഖം!!! 


"എന്തു പറ്റി?" ഞാന്‍ ചോദിച്ചു. 


"അവരാണെന്നു കരുതി!" വാക്കുകൾക്ക് വിറയലുണ്ടായിരുന്നു.


"ആര്?" എൻറെ ചോദ്യം നിറയെ അത്ഭുതം!


"പട്ടാളം! ഇസ്രായേല്‍ പട്ടാളം!" 


ഞാൻ അത്ഭുതപ്പട്ടുപോയി. ഇസ്രായേല്‍ പട്ടാളമോ? അവരിങ്ങോട്ടൊക്കെ വരാറുണ്ടോ? എനിക്കതറിയില്ലായിരുന്നു. 


അതിർത്തിയിൽ നിന്നധികമൊന്നുമല്ല ഈ ഗ്രാമം. ഹിസ്ബുല്ലയുടെ വേരുകൾ ലബനാനിൻറെ മുക്കിലും മൂലയിലും ഉണ്ട്. ലബനാനിൽ സുന്നി, ശിയാ മുസ്ലിമീങ്ങളും, ക്രിസ്ത്യാനികളും, യഹൂദികളുമുണ്ട്. ഇടയ്ക്കിടയ്ക്ക് ഇസ്രായേൽ ലബനാനിലേക്ക് അതിക്രമിച്ച് കടക്കുന്നത് മാധ്യമങ്ങളിൽ കാണാറുണ്ട്. ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങിക്കുന്നവരാണല്ലോ ഇവരെന്ന്, അത്തരം വാർത്തകൾ കാണുമ്പോൾ തോന്നാറുമുണ്ട്.


എന്നാൽ, ഈ സുന്ദരമായ താഴ്‌വരയിലെ ജനങ്ങള്‍, ഓരോ വിമാനമിരമ്പലിനേയും ഭയക്കുന്നുണ്ടെന്നോ? അതൊരു സത്യമായിരുന്നത്രെ. ക്രൂരമായ സത്യം! 


ജബലു റഹ്മയിലേക്കു വിരല്‍ ചൂണ്ടി അവള്‍ പറഞ്ഞു. 


"ജബലു റഹ്മ കടന്നെത്തുന്ന ശത്രുവിനെ... ഇവിടത്തെ ഓരോ പെണ്ണും ഭയക്കുന്നുണ്ട്‌. ഓരോ പെണ്ണും! മുമ്പൊരിക്കല്‍ അവരിവിടെ വന്നിട്ടുണ്ട്‌. അന്ന്‌ എൻറെ പിതൃസഹോദരൻറെ മകളെ ആ കുന്നിന്‍ ചെരുവിലിട്ടാണ്‌ അവർ ചവച്ചു തുപ്പിയത്‌. കന്യകയായിരുന്ന അവളില്‍ നിന്നും... അണമുറിയാതെ ഒഴുകിയ രക്‌തം… ആ ജീവനെടുത്തു. അന്നീ താഴ്‌വരയിലെ എത്രയോ പെണ്‍ക്കുട്ടികളടക്കം സ്ത്രീകൾ ബലാല്‍കാരത്തിനിരയായി. എത്രയോ പേര്‍ക്ക്‌ ജീവന്‍ നഷ്ടപ്പെട്ടു. യുദ്ധം പെണ്ണിൻറെ മേലേക്കുള്ള കടന്നു കയറ്റം കൂടിയാണ്‌. എന്നും അതങ്ങിനെ തന്നെയാണ്. കയ്യൂക്കുള്ളവൻ എവിടെയും കാര്യക്കാരനാണ്. ഏത് ഹീനകൃത്യവും പൊതിഞ്ഞുകെട്ടാനും...  അത് തങ്ങൾക്കനുകൂലമാക്കാനും... അധികാരവും കയ്യൂക്കുമുള്ളവർക്ക് എന്നും എവിടെയും കഴിയും."


അവളുടെ വാക്കുകൾക്ക് രോക്ഷത്തിൻറെ കനൽചൂടുണ്ടായിരുന്നു. ഇപ്പോളാ മുഖത്ത് ഒട്ടും ഭീതി കാണുന്നില്ല.


"എല്ലാ യുദ്ധങ്ങളും അങ്ങിനെയാണോ?" 


ഞാന്‍ ചോദിച്ചപ്പോൾ, അതെയെന്നര്‍ത്ഥത്തിലവൾ   തലയാട്ടി. ഞാന്‍ വീണ്ടും ചോദിച്ചു. 


"നിൻറെ സഹോദരന്‍ അബ്ബാസും യുദ്ധം ചെയ്യുകയല്ലേ? ചാവേറും തട്ടിക്കൊണ്ടു പോകലും… അങ്ങാടികളിൽ ബോംബിട്ട് നിരപരാധികളെ കൊല്ലലും തീവ്രവാദമല്ലേ?" 


അവളുടെ മുഖഭാവം മാറി. ഒരു കടുവയുടെ അക്രമിക്കുന്നതിൻറെ തൊട്ടുമുൻപത്തെ മുഖം പോലെ ആ മുഖം വലിഞ്ഞു മുറുകി. ഞാൻ ശരിക്കും ചൂളിപ്പോയി. ക്രോധം കലര്‍ന്ന ശബ്ദത്തോടെ ചോദിച്ചു. 


"ആകാശത്തു കൂടി പറന്നു വന്ന്‌… മനുഷ്യൻറെ മേലെ ബോംബിട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക്‌ ഭീരുക്കളെ പോലെ പറന്നകലുന്നതാണോ യഥാര്‍ത്ഥ യുദ്ധം? ബുള്‍ഡൌസറുകളും ടാങ്കുകളുമുപയോഗിച്ച് ഉറങ്ങുന്ന കുഞ്ഞുങ്ങളടക്കമുള്ളറുടെ മേലേക്ക്… അവരുടെ വീടുകൾ ഇടിച്ചു വീഴ്ത്തുന്നതാണോ യുദ്ധം? അത്തരം യുദ്ധങ്ങള്‍ അനാഥരാക്കിയ ആയിരക്കണക്കിന് പിഞ്ചു മക്കളുടെ മുഖം കണ്ടിരിക്കുന്നവരോട്‌ നിങ്ങളീ ന്യായം പറയരുത്‌. അന്യായമായി അക്രമിക്കുന്നവരെ ന്യായീകരിക്കുന്ന, അത് പ്രതിരോധിക്കുന്നവരെ തീവ്രവാദികളാക്കുന്ന കാപട്യത്തിനു നിങ്ങളുടെ ഹൃദയത്തിലുമുണ്ടായിരുന്നോ ഇടം? നിങ്ങൾ യുദ്ധമെന്തെന്ന് കേട്ടിട്ടേയുള്ളൂ. അല്ലെങ്കിൽ കണ്ടിട്ടേയുള്ളൂ. അതനുഭവിച്ചിട്ടില്ല. നിങ്ങൾക്ക് യുദ്ധത്തെക്കുറിച്ചൊരു ചുക്കുമറിയില്ല. ദാ... നോക്ക്." 


ചൂണ്ടു വിരലും തള്ളവിരലും തൊട്ടു തൊട്ടില്ല എന്ന മട്ടിൽ അടുപ്പിച്ചുകൊണ്ടെൻറെ മുഖത്തിനു നേരെ ഉയർത്തിപ്പിടിച്ചുകൊണ്ടവൾ തുടർന്നു.  


"നിങ്ങൾക്ക് യുദ്ധത്തെക്കുറിച്ച് ഇത്രപോലുമറിയില്ല. ഇത്ര പോലും." 


ക്ഷോഭം കാരണം അവള്‍ കിതക്കുന്നുണ്ടായിരുന്നു. വാക്കുകൾ നഷ്ടപ്പെട്ടവനെ പോലെ ഞാൻ നിൽക്കവേ,  അവള്‍ അവിടെ നിന്നും ഇറങ്ങിപ്പോയി. ഞാന്‍ വിളിച്ചിട്ടും നിന്നില്ല. തൻറെ കഴുതയുടെ ചെവിയും പിടിച്ചുവലിച്ചുകൊണ്ടവൾ അതിവേഗം നടന്നകലുന്നത്, ഇതികര്‍ത്തവ്യതാമൂഢനായി ഞാൻ നോക്കി നിന്നു.  


ഛെ... വേണ്ടായിരുന്നു. യുദ്ധത്തിൻറെ കെടുതികള്‍ അനുഭവിച്ചവരോട്‌... അതു കേട്ടുകേള്‍വി മാത്രമുള്ളവൻറെ മനുഷ്യത്വവും ധർമ്മബോധവും വിളമ്പാന്‍ പാടില്ലായിരുന്നു. ഉണ്ടുറങ്ങി പട്ടുമെത്തയിൽ കിടന്നുറങ്ങുന്നവൻറെ നീതിയും ധർമ്മവുമല്ലല്ലോ… ഒരു വേടന്റേതും... അവൻറെ ഇരയുടേതും! 


വൈകുന്നേരം പതിവു പോലെ അലിയെ കാണാന്‍ ചെന്നു. അന്നു പതിവിലധികം അലി സംസാരിച്ചു. ഗ്രാമവാസികളെല്ലാം ഭയന്നിരുന്നു. യുദ്ധം ജീവനുള്ള എല്ലാ മനുഷ്യർക്കും പേടിയാണ്. മണ്ണിലൂടെ മനുഷ്യ ശരീരത്തിലേക്ക് പടരുന്ന അധിനിവേശങ്ങൾ അവർ മുൻപേ കണ്ടിട്ടുണ്ട്. അനുഭവിച്ചിട്ടുണ്ട്. പുരുഷന്മാർ വധിക്കപ്പെടുകയും, സ്ത്രീകൾ ബലാൽക്കാരം ചെയ്യപ്പെടുകയും, കുഞ്ഞുങ്ങൾ അനാഥരാക്കപ്പെടുകയും ചെയ്യുന്ന യുദ്ധങ്ങൾ, അവരുടെ മണ്ണിലൂടെ തേരോട്ടം നടത്തിയിട്ടുണ്ട്. അതിൻറെ ഓർമ്മകൾ ഇന്നുമവരെ പേടിപ്പിക്കുന്നുണ്ട്. മുന്‍ക്കാലത്തുണ്ടായ മുറിപ്പാടുകള്‍ ഇന്നും വേദനിപ്പിക്കുന്നുണ്ട്. 


തളർന്ന ശബ്ദത്തിൽ അലി പറഞ്ഞു. "ഞങ്ങളുടെ സ്ത്രീകൾ യോദ്ധാക്കളെ ഗർഭം ചുമന്നു. അഭിമാനത്തോടെ അവരെ പ്രസവിച്ചു. വളർത്തി. അടർക്കളത്തിലവർ മരിച്ചു വീഴുമ്പോൾ ഞങ്ങൾക്കഭിമാനമേ ഉള്ളൂ. അറബികൾ അന്തസ്സുള്ള മരണം ആഗ്രഹിക്കുന്നവരാണ്. അന്തസുള്ള മരണം!" 


ഒന്ന് നിർത്തിയ ശേഷം അദ്ദേഹം തുടർന്നു. "യവനന്മാരും.. പേർഷ്യക്കാരും... ബാബിലോൻകാരുമൊക്കെ ഈ മണ്ണിലൂടെ യുദ്ധരഥമുരുട്ടി. എത്രയെത്ര യുദ്ധങ്ങളിതിലൂടെ കടന്നു പോയി. പക്ഷെ  ഇന്നത്തെ യുദ്ധങ്ങൾ കുതന്ത്രങ്ങളുടെ തായം കളി മാത്രമാണ്. അതിൽ പുരുഷന്മാർ ചതിയിലൂടെ കൊല്ലപ്പെടുന്നു. മുറിവേറ്റ പുരുഷൻറെ മുൻപിൽ വച്ചവൻറെ കുഞ്ഞുങ്ങൾ വധിക്കപ്പെടുന്നു. സ്ത്രീകൾ അപമാനിക്കപ്പെടുന്നു. ഞങ്ങൾക്ക് ഞങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും കുറിച്ചല്ലാതെ വേവലാതിയില്ല."


ഞാൻ വെറുതെ കേട്ടിരുന്നു. മനസ്സ് കലുഷിതമായിരുന്നു.  അവളെയൊന്നു കണ്ടെങ്കിൽ. ഒന്ന് സംസാരിച്ചിരുന്നെങ്കിൽ മനസ്സിൻറെ പിരിമുറുക്കമൊന്ന് കുറഞ്ഞേനേ. പക്ഷെ, ഞാനെത്ര തിരഞ്ഞിട്ടും അവളെ കണ്ടില്ല. അങ്ങോട്ടു വന്നതേയില്ല. പിണക്കമാവാം. 


അവളെ തേടിത്തളർന്ന കണ്ണുകൾ, പേരറിയാത്തൊരു മനോവേദനയിലേക്ക് മടങ്ങി!


ഭാഗം അഞ്ച്: യുദ്ധം


രാത്രിയെനിക്കുറക്കം വന്നതേയില്ല. കണ്ണുകൾ ഇറുക്കെയടച്ച് കൺപോളകൾക്ക് വേദനയെടുക്കുമ്പോൾ, ഇരുട്ടിലേക്ക് മിഴികൾ തുറക്കും. ഇരുൾ കണ്ടു മടുക്കുമ്പോൾ വീണ്ടും കണ്ണുകൾ പൂട്ടും. അങ്ങിനെ തിരിഞ്ഞും മറിഞ്ഞും കിടക്കവേ, രാത്രിയുടെ ഏതോ ഒരവസാനയാമത്തിൽ ഞാനുറക്കത്തിലേക്കാണ്ടു  പോയി.


പ്രഭാതം അതിൻറെ കുളിർമ്മയിൽ നിന്നും പതുക്കെ മോചിതയാകുന്നതേയുണ്ടായിരുന്നുള്ളൂ. ഉറക്കക്ഷീണത്തോടെ വീട്ടുമുറ്റത്തെ മരച്ചുവട്ടിൽ തിരിച്ചറിയാനാവാത്ത എന്തോ ചിന്താഭാരത്തോടെയിരിക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് ജബലു റഹ്മയുടെ അപ്പുറത്തു നിന്നൊരു ഇരമ്പൽ കേൾക്കുന്നത്. ഞെട്ടിപ്പിടഞ്ഞെഴുനേറ്റ ഞാനങ്ങോട്ട് നോക്കി. 


ഉദിച്ചു വരുന്ന സൂര്യനെ മറച്ചുകൊണ്ടൊരു ഹെലികോപ്റ്റർ. അതാണാദ്യം കണ്ടത്. പിന്നീട് അതിൻറെ ഇരുവശങ്ങളിലുമായി വേറെയും കോപ്ടറുകൾ. അവ ഇരമ്പിക്കൊണ്ട് എൻറെ തലയ്ക്ക് മുകളിലൂടെ പറന്നുപോയി. ഞൊടിയിട നേരം കൊണ്ട് ഗ്രാമത്തിൻറെ പലഭാഗങ്ങളിൽ നിന്നും ഉഗ്രസ്ഫോടനങ്ങളുടെ ശബ്ദം കേട്ടെൻറെ  ഹൃദയം കിടുങ്ങി. ഞരമ്പുകളിൽ രക്തം നിശ്ചലമായ പോലെ. 


ഞാൻ പരിക്ഷീണനായി കുന്നിൻ മുകളിലേക്ക് നോക്കിയപ്പോൾ, ഓടിവരുന്ന ചെന്നായ്ക്കൂട്ടം പോലെ ധാരാളം സൈനികർ കുന്നിറങ്ങി വരുന്നത് കണ്ടു. ഞാൻ ഭയന്ന് വിറച്ചു. ഒളിക്കാനൊരു ഇടം തേടി, എൻറെ കണ്ണുകൾ അലഞ്ഞു. എന്നാൽ, എന്നെ കണ്ട ഭാവം പോലും കാണിക്കാതെ ആ പട്ടാളക്കൂട്ടം എന്നെ കടന്നു പോയി. 


ഞാൻ ശില പോലെ നിൽക്കുകയായിരുന്നു. എനിക്ക് ഉറക്കെ നിലവിളിക്കണം എന്നുണ്ട്. ആവുന്നില്ല. എങ്ങോട്ടെങ്കിലും ഓടിയൊളിക്കണം എന്നുണ്ട്. അതിനുമാവുന്നില്ല. 


അധികം വൈകിയില്ല. ചുറ്റുഭാഗങ്ങളിൽ നിന്നും വെടിയൊച്ചകളും സ്ഫോടന ശബ്ദങ്ങളുമുയർന്നു. അതിൻറെ ഉഗ്രശബ്ദത്തിനിടയിലും സ്ത്രീകളുടെയും കുഞ്ഞുങ്ങളുടേയും നിലവിളികൾ കേട്ടു. 


ഒരു ഗ്രാമം ചുട്ടു ചാമ്പലാക്കപ്പെടുകയാണ്. മനുഷ്യ ജീവനുകൾ പിടഞ്ഞു തീരുകയാണ്. എതിർക്കാൻ പോലും കെൽപ്പില്ലാത്ത മനുഷ്യ ജീവനുകൾ!


അലിക്കും കുടുംബത്തിനും എന്തായിട്ടുണ്ടാവും. ആ ചിന്ത എനിക്ക് എന്തെന്നില്ലാത്ത ഊർജ്ജം തന്നു. ഞാൻ ഓടുകയായിരുന്നു. എനിക്ക് പറക്കാനായെങ്കിലെന്ന് ഞാനാഗ്രഹിച്ചു. എനിക്കിതിന് മുൻപ് പറക്കാൻ കഴിയുമായിരുന്നോ? ആരാണെൻറെ ചിറകുകൾ അരിഞ്ഞെടുത്തത്? 


തെരുവിൽ അങ്ങിനെങ്ങായി മരിച്ചു കിടക്കുന്ന പുരുഷന്മാർ. മൃതശരീരങ്ങള്കരികിൽ വാവിട്ടു നിലവിളിക്കുന്ന കുഞ്ഞുങ്ങൾ. അഗ്നിയുടെ പെരുംവായിൽ  എരിഞ്ഞമരുന്ന വീടുകൾ.   എവിടെ നിന്നൊക്കെയോ കേൾക്കുന്ന സ്ത്രീകളുടെ നിലവിളികൾ!!! 


കണ്ണുകളും കാതുകളും ഹൃദയവും പേടിച്ചു വിറയ്ക്കുന്ന കാഴ്ചകളും ഘോഷങ്ങളും!!!


അലിയുടെ വീട് ഒരു വലിയ തീമലയായിട്ടുണ്ട്. അതിൻറെ മുറ്റത്ത് നാലഞ്ച് പട്ടാളക്കാർ ഒരു സ്ത്രീയെ അങ്ങോട്ടുമിങ്ങോട്ടും പിടിച്ചു വലിക്കുന്നു. അവളുടെ നിലവിളി എൻറെ ഹൃദയത്തിലൂടെ ഈർച്ചവാള് പോലെ കടന്നുപോയി. എന്താണ് ചെയ്യേണ്ടത് എന്നറിയുന്നില്ല. 


എന്തുകൊണ്ടാണ് ആ പട്ടാളക്കാർ എന്നെയൊന്നും ചെയ്യാത്തത്. അവരെന്നെ കാണുന്നില്ലേ? അതല്ല... ഞാനൊരു അനറബിയാണെന്നെൻറെ നെറ്റിയിൽ എഴുതി വച്ചിട്ടുണ്ടോ?


പെട്ടെന്ന് അവർക്കടുത്തേക്ക് പാഞ്ഞു വരുന്ന അലിയുടെ മകളെ ഞാൻ കണ്ടു. ഒരു ഈറ്റപ്പുലിയെ പോലെ അവൾ അവർക്കടുത്തേയ്ക്ക് വരുന്നത് കണ്ടപ്പോൾ പട്ടാളക്കാരിലൊരാളുടെ തോക്ക് തുടരെ ശബ്ദിച്ചു. അവൾ ഒരു പഴന്തുണി പോലെ വീണുപോകുന്നത് കണ്ടപ്പോൾ എൻറെ തൊണ്ടയിൽ നിന്നൊരു വൃത്തികെട്ട ശബ്ദമുയർന്നു. അതിന് ആ വെടിശബ്ദത്തെക്കാൾ കരുത്തുണ്ടായിരുന്നില്ല.


എന്നാൽ വീണിടത്ത് നിന്നും അവളെഴുനേറ്റു. ആ മുഖത്തുനിന്നും രക്തം കിനിയുന്നുണ്ടായിരുന്നു. അവൾ വേച്ചുവേച്ച്, മുടന്തിക്കൊണ്ടവരുടെ നേരെ നടന്നു വന്നു. അവരുടെ അരികിലേക്ക് അവൾ എത്തിയിരുന്നില്ല, അതിനു മുൻപേ അവളൊരു തീഗോളമായി മാറി. എൻറെ തൊണ്ടയിൽ നിന്നും അറിയാതെ ഒരു നിലവിളി പുറത്തേയ്ക്ക് ചാടി. 


ആ നിലവിളിയോടെ ഞാനുണർന്നു. ഞെട്ടിപ്പിടഞ്ഞ് കിടക്കയിൽ എഴുനേറ്റിരുന്ന ഞാൻ ചുറ്റിലും നോക്കി. നേരം നല്ലോണം വെളുത്തിട്ടുണ്ട്. ജാലകച്ചില്ലിലൂടെ വെളിച്ചത്തിൻറെ അടയാളങ്ങൾ കിടപ്പുമുറിയിയിലേക്ക് ചിതറിവീഴുന്നു. 


ഹൊ... വല്ലാത്തൊരു സ്വപ്നം തന്നെ. ഞാൻ നെറ്റിയിൽ നിന്നും വിയർപ്പുകണങ്ങൾ തുടച്ചു. അപ്പോൾ, ആരോ കതകിൽ മൃദുവായി മുട്ടുന്ന ശബ്ദം കേട്ടു. 


കേട്ടാലറിയാം. അതവളാണ്. അവളിന്ന് പതിവിലും നേരത്തെ വന്നോ?


അവളെന്നെ നോക്കിയൊന്ന് പുഞ്ചിരിച്ചു. ആ മുഖത്ത് പിണക്കമോ പരിഭവമോ ഒന്നും ഉണ്ടായിരുന്നില്ല. എനിക്ക് എന്തെന്നില്ലാത്ത ആശ്വാസമായി. നെഞ്ചിൽ നിന്നൊരു ഭാരം ഒഴിഞ്ഞുപോയ പോലെ. ഞാനും അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു. ഞങ്ങൾക്കിടയിലെ നേർത്ത മൗനത്തിൻറെ ഇടനാഴിയിൽ വച്ച്, ആ പുഞ്ചിരികൾ പരസ്പരം ആലിംഗനം ചെയ്തിരിക്കുമോ? എല്ലാ പിണക്കങ്ങളും അലിഞ്ഞില്ലാതാവുന്ന സൗഹൃദത്തിൻറെ ഊഷ്മളമായൊരാലിംഗനം!?  


ഞാൻ കണ്ട സ്വപ്നത്തെക്കുറിച്ചവളോട് പറഞ്ഞാലോ? വേണ്ട. ദുഃസ്വപ്നങ്ങൾ ആരോടും പറയരുതെന്നല്ലേ? അവളെക്കൂടി എന്തിന് പേടിപ്പിക്കണം? ഞാൻ മെല്ലെ മുറ്റത്തേക്കിറങ്ങി, ഒരൽപം ഭീതിയോടെ കുന്നിൻ മുകളിലേക്ക് നോക്കി. കുന്നിൻ മുകളിൽ ജ്വലിക്കുന്ന വെളുത്ത സൂര്യൻ. അരികിൽ ആരോ പറത്തുന്ന പട്ടം പോലെ ഒരു കുഞ്ഞു വെള്ളിമേഘത്തുണ്ട്.


ഞാൻ കാതോർത്തു നോക്കി. വല്ല ഇരമ്പലും കേൾക്കുന്നുണ്ടോ? ഇല്ല. എല്ലാം ശാന്തമാണ്. എല്ലാം ശാന്തം!

   

തലേന്നത്തെ ഭക്ഷണം മുഴുവനും ബാക്കിയായിരുന്നു. എനിക്കു വിശപ്പു തോന്നിയിരുന്നില്ല. രാത്രിയും ഞാനൊന്നും കഴിച്ചിരുന്നില്ല. അതു കണ്ടവള്‍ അസ്വസ്ഥയായി. കയ്യിലൊരു തളികയിൽ, ഖഹ്‌വ നിറച്ച ചെറുകൂജയും ഗ്ലാസുമായവൾ എൻറെ അരികിലേക്ക് വന്നു. മുറ്റത്തെ മരച്ചുവട്ടിൽ നിന്ന് ഞാനപ്പോഴും കുന്നിന്മുകളിലേക്ക് നോക്കുകയായിരുന്നു. മരച്ചുവട്ടിലെ ചെറിയ മജ്‌ലിസിലെ സ്ടൂളിലേക്ക് തളിക വച്ചവൾ എന്നെ നോക്കി. 


"എന്നോട്‌ ദേഷ്യമാണോ?" 


അവളുടെ ചോദ്യം വളരെ ദുർബലമായിരുന്നു. ഞാനവളുടെ മുഖത്തേക്ക് കൗതുകത്തോടെ നോക്കി. 


"എന്തിന്?"


"അല്ല... ഞാനിന്നലെ ദേഷ്യപ്പെട്ടിറങ്ങിപ്പോയതല്ലേ?" അവളുടെ ശബ്ദത്തിൽ വിഷാദച്ഛവി.

 

ഞാനൊന്ന് പുഞ്ചിരിച്ചു. "ആദമിൻറെ മക്കൾക്കിടയിൽ കലഹവും പിണക്കവും സർവ്വ സാധാരണമാണ്. ഞാനിന്നല്ലെയെന്തോ പറഞ്ഞു. നിനക്കതിഷ്ടമായില്ല. അതിനെന്തിന് പിണങ്ങണം?"


അവളുടെ മുഖത്ത് പിന്നെയും വിഷാദം. "അല്ല... താങ്കളിന്നലെ ഞാനുണ്ടാക്കിയതൊന്നും കഴിച്ചില്ല."


"ഓഹോ.... അതാണോ? ഇന്നലെ അതെന്നല്ല... ഞാനൊന്നും കഴിച്ചില്ല. മനസ്സിലൊരു കാട്ടു തീയെരിയുന്നുണ്ടായിരുന്നു.  വിശപ്പുണ്ടായിരുന്നില്ല."      


ഞാൻ പറഞ്ഞുനിർത്തിയപ്പോൾ, സ്വയം തലയ്ക്കടിച്ചു കൊണ്ടവള്‍ പറഞ്ഞു. "എന്നോടു ക്ഷമിക്കണം, ഇന്നലെ ഞാന്‍ താങ്കളെ പട്ടിണിക്കിട്ടു. ഞാനൊരു മണ്ടിയാണ്‌. ചില നേരത്ത്‌ ഞാനൊരു മരമണ്ടി കൂടിയാണ്‌."


ഞാനറിയാതെ പൊട്ടിചിരിപ്പിച്ചു. അവൾ ഒരല്പ നേരം എൻറെ മുഖത്തേയ്ക്ക് നോക്കി നിന്നു. പിന്നെ പൂചന്തമുള്ളൊരു പുഞ്ചിരി സമ്മാനിച്ച് തിരിച്ച് നടന്നു. വാതിൽക്കലെത്തിയപ്പോൾ ഒന്ന് തിരിഞ്ഞു നോക്കി. അവളെ തന്നെ നോക്കിനിൽക്കുകയായിരുന്നു എൻറെ കണ്ണുകൾ അവളുടെ കണ്ണുകളുമായി കൊരുത്തു.


ആ കണ്ണുകൾ എന്നോടെന്തെങ്കിലും പറയുന്നുണ്ടോ? നിങ്ങൾ ആളൊരു  മഹാകുറുമ്പനാണെന്നാണോ അത്? അതല്ല വേറെ എന്തെങ്കിലുമാണോ? 


അറിയില്ല. കണ്ണുകളുടെ സംസാരഭാഷ ഞാനിനിയും പഠിക്കേണ്ടിയിരിക്കുന്നു!



ഭാഗം ആറ്: നിലാവിലെ പെൺകിടാങ്ങൾ


ജോലികൾ തീർത്ത് പോകാന്നേരമവള്‍ ചോദിച്ചു. 


"ഗ്രാമാതിര്‍ത്തിയിലൊരു കനീസയുണ്ട്. കാണാനാഗ്രഹമുണ്ടോ? ഉണ്ടെങ്കില്‍ നമുക്ക് വൈകുന്നേരം പോകാം. ചോദിക്കാൻ പറഞ്ഞിരുന്നു… ബാബ."


ഞാൻ സമ്മതഭാവത്തിൽ തലയാട്ടി. അവളെയും വഹിച്ചുകൊണ്ടാ കഴുത കണ്ണിൽ നിന്നും മറയുന്നതുവരെ, ഞാൻ നോക്കിനിന്നു.


അതൊരു പുരാത കൃസ്ത്യൻ ദേവാലയമായിരുന്നു. അതിൻറെ മുറ്റത്തൊരു വിചിത്ര സസ്യമുണ്ടായിരുന്നു. ഒറ്റത്തടിയായി രണ്ടാൾ പൊക്കത്തില്‍ വളര്‍ന്നത്‌. അറ്റത്തു നിന്നും ശാഖകള്‍ പിരിഞ്ഞ്, ഒരു ഓലക്കുട പോലെ തോന്നിക്കുന്നത്. ഞങ്ങൾ ചെല്ലുമ്പോൾ അതിൻറെ ചുവട്ടിലൊരു കന്യാസ്ത്രീ ഏതാനും കുട്ടികൾക്ക് ഏതോ കഥ പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു. ആ രംഗം എൻറെ മനസ്സിൽ കടുംചായത്തിൽ വരയ്ക്കപ്പെട്ടു. 


അവിടന്ന് തിരികെ മടങ്ങുമ്പോഴും എൻറെ മനസ്സിൽ ആ രംഗമുണ്ടായിരുന്നു. ആ ദേവാലയത്തോടടുത്തുണ്ടായിരുന്ന തെളിനീർ കിണറോ, ആ പുരാതന നിർമ്മിതിയോ ഒന്നും എൻറെ മനസ്സിൽ നിന്നില്ല. പക്ഷെ, ആ മരവും അതിൻറെ ചുവട്ടിലെ കുഞ്ഞുങ്ങളും, അവരുടെ കണ്ണിലെ കൗതുകവും, മനസ്സിൽ നിന്നും മാഞ്ഞതേയില്ല.


വെയില്‍ ചാഞ്ഞു തുടങ്ങിയിരുന്നു. ചുവന്ന സൂര്യൻ പകുതിയോളം ദൂരെയൊരു കുന്നിൻറെയപ്പുറത്തേയ്ക്ക് മറഞ്ഞിട്ടുണ്ട്. അവള്‍ വാചാലയായിരുന്നു. പതിവ് പോലെ ഗ്രാമത്തെ ചുറ്റിപ്പറ്റിയുള്ള പഴമ്പുരാണങ്ങൾ. അവളുടെ ആ കലപില സംസാരം കേട്ടുരസിക്കുകയാണ് ഞാൻ. ഇടയ്ക്കൊക്കെ അവളുടെ ചോദ്യങ്ങൾക്ക് ഒരു മൂളലിലോ വാക്കിലോ മറുപടി പറയുന്നുമുണ്ട്. 


കുറെ നേരം സംസാരിച്ചതിൻറെ ശേഷം, എന്തുകൊണ്ടോ അവൾ പിന്നെ മൗനം പൂണ്ടു. ഇടയ്ക്കിടെ അവൾ എന്നെ നോക്കും. അവളെന്താണ് ആലോചിക്കുന്നതെന്ന് എനിക്കൊരെത്തും പിടിയും കിട്ടിയില്ല. ആ മൗനം എനിക്കൊരു അസ്വസ്ഥതയുണ്ടാക്കി. അവളെന്തേ ഇപ്പോഴൊന്നും പറയാത്തത്? അവളുടെ കഥകളുടെ സ്റ്റോക്ക് തീർന്നോ?


അപ്പോഴാണ് ആ ചോദ്യം എൻറെ നെഞ്ചിൽ നിന്നും തികട്ടിവന്നത്. കുറച്ചു ദിവസങ്ങളായി എൻറെയുള്ളിൽ ആ ചോദ്യമുണ്ട്. 


"എന്തേ... കല്യാണം കഴിക്കാത്തെ? പഠിത്തമൊക്കെ കഴിഞ്ഞിട്ട് കുറെ ആയില്ലേ?"   


"ബാബയ്ക്കിഷ്ടപ്പെട്ട ആലോചനകളൊന്നും വന്നില്ല. എനിക്കും ബാബയെ വിട്ടു പോകാന്‍ മടി." വളരെ നിസംഗമായിരുന്നു ആ മറുപടി. 


കുസൃതി കലർന്നൊരു കൗതുകത്തോടെ ഞാൻ ചോദിച്ചു. "നിനക്കൊരു നല്ല ആലോചന വന്നില്ലെന്നോ? അതിശയം തന്നെ. നിന്നെപ്പോലെ സുന്ദരിയെ സ്വന്തമാക്കാനാഗ്രഹിക്കാത്ത യുവാക്കളുണ്ടാകുമോ ഈ ഗ്രാമത്തിൽ? ഇവിടത്തെ യുവാക്കൾക്കെന്തുപറ്റി?" 


അവള്‍ ശബ്ദമുണ്ടാക്കിച്ചിരിച്ചു. "സുന്ദരിയോ? ഞാനോ? നിങ്ങൾ കണ്ടിട്ടുണ്ടാവില്ല. എന്നേക്കാള്‍ സുന്ദരികള്‍ എത്രയോ  പേരുണ്ട്  ഈ ഗ്രാമത്തില്‍. ഇവിടെ ജനിക്കുന്നത് പെൺകുഞ്ഞാണെങ്കിൽ ആ രാത്രി ഉമ്മമാര്‍ അവരെ നിലാവില്‍ കിടത്തും. നിലാവിൻറെ സൗന്ദര്യം കിട്ടാനാണത്രെ അത്‌. എന്നെ എൻറെ ഉമ്മ നിലാവില്‍ കിടത്തിയില്ല. അതു കൊണ്ടെനിക്കു സൗന്ദര്യവും കുറവാണു." 


എൻറെ കണ്ണുകള്‍ കൗതുകം കൊണ്ട് വികസിച്ചു. അവള്‍ തമാശ പറഞ്ഞതാണോ, അതല്ല കാര്യം പറഞ്ഞതാണോ? എനിക്കു മനസ്സിലായില്ല. പോക്കുവെയില്‍ സ്വര്‍ണം പൂശിയ അവളുടെ കോമള മുഖത്തേക്കു നോക്കിയപ്പോള്‍, ആ നിഷ്കളങ്കമായ പുഞ്ചിരി കണ്ടപ്പോൾ അവൾ കളവു പറയുകയാണെന്ന് തോന്നിയില്ല. കൗതുകം കൊണ്ടാവാം എൻറെ നാവിൽ വികടസരസ്വതി വിളയാടി.


"അപ്പോൾ നിലാവില്ലാത്ത ദിവസം ജനിക്കുന്ന പെൺകുഞ്ഞുങ്ങൾക്കിവിടെ സൗന്ദര്യം കുറവാണോ?"


"ക്ഷമിക്കണം. ഞാൻ ആളുകളുടെ സൗന്ദര്യമങ്ങിനെ നോക്കാറില്ല." അവളുടെ മറുപടിയിൽ ഒരൽപ്പം പരിഭവമുണ്ടോ? നോക്കിയപ്പോൾ ആ ചുണ്ടിലൊരു ഗൂഢസ്മിതമുണ്ടായിരുന്നു.


അവളൊരാത്മഗതം പോലെ പറഞ്ഞു. "നിങ്ങളാണുങ്ങൾ തൊലിപ്പുറത്തേയ്ക്ക് നോക്കുന്നു. ഞങ്ങൾ അകത്തേയ്ക്ക് നോക്കുന്നു. ഞാനെൻറെ കഴുതയെ കെട്ടിയിട്ടില്ലെന്ന് താങ്കളെന്നെക്കൊണ്ട് പറയിപ്പിക്കുമോ?"


“തൊലിപ്പുറത്തെയും അകത്തേയും സൗന്ദര്യമൊക്കെ വിടൂ. വാദി റഹ്മയിലെ യുവതികളുടെ അഴകളവെടുക്കാനെനിക്കുമില്ല താലപര്യം. പക്ഷെ..” 


ഒരു പുഞ്ചിരിയോടെ ഞാനൊന്ന് നിർത്തിയപ്പോൾ, അവളാകാംഷയോടെ നോക്കി.


“ആ കെട്ടിയിടാത്ത കഴുതയുടെ കഥയെന്താണ്? അതും ഞാനും തമ്മിലെന്ത് ബന്ധം?”


അനിയന്ത്രിതമായവൾ ഒന്ന് പൊട്ടിച്ചിരിച്ചു. മൂന്നാല് നിമിഷങ്ങൾ അങ്ങിനെ ചിരിച്ചതിൻറെ ശേഷം, പെട്ടെന്നവൾ രണ്ടു കൈകളും കൊണ്ട് വായപൊത്തി ചുറ്റിലുമൊന്നു നോക്കി. യുവതിയായ അവൾ അന്യനായ എൻറെ മുൻപിൽ, ഒരു പൊതുവഴിയിൽ  വച്ചങ്ങിനെ ചിരിക്കുന്നതാരെങ്കിലും കണ്ടുവോ എന്നാവും അവൾ നോക്കിയത്. അവിടെയെങ്ങും ആരുമില്ലായിരുന്നു. സന്ധ്യ ഇരുണ്ടു തുടങ്ങിയിരിക്കുന്നു.


അവൾ ഒരൽപം വേഗതയോടെ നടന്നു. ഇടയിലവൾ പറഞ്ഞു. 


"പണ്ടൊരാൾ വിജനമായ വഴിയിലൂടെ നടന്നു പോകവേ, തൻറെ കുറെ മുൻപിലായൊരു സ്ത്രീ നടന്നു പോകുന്നത് കണ്ടു. അതൊരു സുന്ദരിയായ യുവതിയായിരിക്കുമെന്ന് കരുതിയ അയാൾ അതിവേഗം നടന്നാ സ്ത്രീയുടെ അരികിലെത്തി. അപ്പോഴാണയാൾ കണ്ടത്. അത് സൗന്ദര്യം തീരെയില്ലാത്തൊരു സ്ത്രീയായിരുന്നു. അപ്പോളയാൾ കിതപ്പോടെ പറഞ്ഞത്രെ: ഓ... ഞാനെൻറെ കഴുതയെ കെട്ടിയിട്ടില്ലല്ലോ. ഒരാളെ കുറിച്ചുള്ള പ്രതീക്ഷകൾ തെറ്റുമ്പോൾ ഉപയോഗിക്കുന്ന ഒരു ശൈലിയായി അത് പിന്നെ മാറി. നിങ്ങളെക്കുറിച്ച് ഞാൻ മനസിലാക്കിയത് തെറ്റാതിരിക്കട്ടെ എന്നെ ഞാൻ ഉദ്ധ്യേശിച്ചുള്ളൂ."


ഞങ്ങൾ രണ്ടാളും ചെറുതായി കിതക്കുന്നുണ്ട്. ആ കിതപ്പിനിടയിലും ഞാനൊരു ചെറുപുഞ്ചിരിയോടെ പറഞ്ഞു. 


"നീ ഭയക്കേണ്ട. അലിയുടെ മകളുടെ മനസ്സിലെന്നെക്കുറിച്ചെന്തായാലും... മോശമാവില്ലെന്നെനിക്കുറപ്പുണ്ട്. അതെന്നും അങ്ങിനെ തന്നെയുണ്ടാവും. പോരെ?"


അവളൊരു പ്രഭാമയമായ പുഞ്ചിരിയാണ് മറുപടിയായി തന്നത്. എന്തൊക്കെയോ ചോദ്യങ്ങൾ പിന്നെയും എൻറെ മനസ്സിലുണ്ടെങ്കിലും ഞാനൊന്നും ചോദിച്ചില്ല. അവളും ഒന്നും പറഞ്ഞില്ല. 

  

ഒരല്പ ദൂരം നടന്നപ്പോൾ അവള്‍ ചോദിച്ചു. "നിങ്ങൾക്ക്  ഇന്ത്യയിൽ ആരൊക്കെയുണ്ട്? കുട്ടികളൊക്കെയുണ്ടോ?" 


ഒരു പകപ്പോടെ ഞാനവളെ നോക്കി. കുടുംബം. ഭാര്യ. കുട്ടികൾ. മാതാപിതാക്കൾ!!! 


എൻറെ നെഞ്ചില്‍ ചാരം മൂടിയ ചില കനലുകള്‍ പിന്നെയും ജ്വലിക്കാന്‍ തുടങ്ങി. മറവിയുടെ ചർമ്മമുരിഞ്ഞ് ഓർമ്മകൾ വീണ്ടും ഉംന്മാദനൃത്തമാടുന്നു!!!



ഭാഗം ഏഴ്: ആത്മകഥ


ഒരു കുഗ്രാമത്തിലാണ് ജനനം. ഓര്‍മ വെക്കുന്നതിൻറെ മുന്‍പേ ഉപ്പ മരിച്ച ഒരനാഥനായിരുന്നു ഞാന്‍. ഉപ്പ ഗള്‍ഫില്‍ കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്തുക്കള്‍ മുഴുവനും വാങ്ങിച്ചിരുന്നത്‌ വല്ലിപ്പയുടെ പേരിലായിരുന്നു. ഉപ്പ മരിച്ചപ്പോള്‍ ആ സ്വത്തുക്കള്‍ മൂത്താപ്പയുടെ കയ്യില്‍ വന്നു ചേര്‍ന്നു. എനിക്കോ ഉമ്മയ്ക്കോ ആ സ്വത്തില്‍ അവകാശമൊന്നും കിട്ടാതിരിക്കാന്‍ മൂത്താപ്പ വൃദ്ധനായ വല്ലിപ്പയെ പലതും പറഞ്ഞു പറ്റിച്ചു. പാവപ്പെട്ട കുടുംബത്തിലെ ഒരു നാട്ടുമ്പുറത്തുകാരിയായ ഉമ്മയ്ക്ക്‌, ഒന്നിനും കഴിഞ്ഞിരുന്നില്ല. ഒന്നിനും!


എല്ലാം സഹിച്ച് നെടുവീർപ്പും കണ്ണീരുമായി കഴിയുകയായിരുന്ന ഉമ്മയ്ക്ക് അതിനേക്കാൾ വലിയ ശിക്ഷയാണ് മൂത്താപ്പ നൽകിയത്. ഉമ്മയേയും എന്നേയും പടിയിറക്കി വിട്ടെന്ന് നാട്ടുകാരില്‍ മുറുമുറുപ്പുണ്ടാകാതിരിക്കാന്‍ മുത്താപ്പ കണ്ടെത്തിയ വഴിയായിരുന്നു, ഉമ്മയെ മൂത്താപ്പ വിവാഹം കഴിക്കുക എന്നത്‌! 


അതിനെ ത്യാഗമെന്നു വാഴ്ത്താന്‍ ചിലരുണ്ടായി. വിധവയായ ഒരു സ്ത്രീയെയും അവളുടെ കുഞ്ഞിനേയും സംരക്ഷിക്കാൻ കാണിച്ച വലിയ മനസ്സിനെ വാഴ്ത്തിപ്പാടാൻ ലോകരുണ്ടായി. ഉമ്മയുടെ നെഞ്ചിലെ തീ മാത്രം ആരും കണ്ടില്ല. ആരും. 


ജ്യേഷ്ടസഹോദരനെ പോലെ കണ്ടിരുന്ന ഒരാളെ ഭര്‍ത്താവായി കാണുക! ഉമ്മയുടെ വിധി വല്ലാത്തതായിരുന്നു. ഒരു പക്ഷെ, സ്വന്തം വീട്ടിൽ ദാരിദ്യം മാത്രമേ പങ്കുവെക്കാനുള്ളു എന്നറിയാവുന്ന ഉമ്മ, എന്നെയോർത്താവും മനസ്സില്ലാ മനസ്സോടെ ആ വിവാഹത്തിന് സമ്മതിച്ചത്. എന്നാൽ ആ വിവാഹം കഴിഞ്ഞതോടെ, മൂത്തുമ്മാൻറെ ആട്ടും തുപ്പും പുലയാട്ട് പാട്ടും കേട്ട്, ഉമ്മയുടെ കാതുകൾ മരവിച്ചു പോയിട്ടുണ്ടാവും.  തീർച്ചയാണ്.


അടുക്കളപ്പുറത്തെ ചായിപ്പിലായിരുന്നു ഉമ്മയുടെയും എന്റേയും സ്ഥാനം. അടിമപ്പണിയായിരുന്നു ഉമ്മയ്ക്കവിടെ. ആ വീട്ടിലെ പണി മുഴുവൻ ഉമ്മ ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നു. എന്ത് സൗന്ദര്യമുണ്ടായിരുന്നു ഉമ്മയ്ക്കെന്നോ? പക്ഷെ ഉപ്പ മരിച്ചതിൽ പിന്നെ, ചിരിക്കാനറിയാത്ത ഒരു പേക്കോലമായി ഉമ്മ മാറി. 


വല്ലിപ്പയുടെ മരണത്തോടെ അതു നരകമായി. എൻറെ പിതാവ്‌ അദ്ധ്വാനിച്ചുണ്ടാക്കിയതായിരുന്നു അതെല്ലാം. എങ്കിലും ഒരു ഉറുപ്പിക എനിക്കു വേണമെങ്കില്‍ ഞാന്‍ മൂത്തപ്പൻറെ കാലു കഴുകിയ വെള്ളം കുടിക്കണമായിരുന്നു. ഒരു പുഴുത്ത പട്ടിയോടെന്നവണ്ണമാണ് ആ മനുഷ്യനെന്നോട് പെരുമാറിയത്.


ഉമ്മ അധികം നിന്നില്ല. എൻറെ പന്ത്രണ്ടാമത്തെ വയസ്സില്‍ ഒരു മഞ്ഞപ്പിത്തം ഉമ്മയെ കൊണ്ടുപോയി. ഞാന്‍ പിന്നെയുമവിടെ ആട്ടും തുപ്പുമേറ്റു കഴിഞ്ഞു. വേറെ നിവർത്തിയില്ലായിരുന്നു. അതിന്നിടയിൽ എങ്ങിനെയൊക്കെയോ ഞാൻ സ്‌കൂളിൽ പോകുന്നുണ്ടായിരുന്നു. മിക്ക ദിവസങ്ങളിലും നേരം വൈകിയെത്തുന്ന ഞാൻ, അദ്ധ്യാപകർക്കും കുട്ടികൾക്കും ശാസിക്കാനും കളിയാക്കാനുമുള്ളൊരു ഉപകരണം മാത്രമായിരുന്നു.


അങ്ങിനെയിരിക്കെ ഞങ്ങളുടെ സ്‌കൂളിലേക്ക് രാമചന്ദ്രൻ എന്നൊരു മാഷ് വന്നു. അദ്ദേഹത്തിന് എന്തോ, എന്നോട് അലിവ് തോന്നി. അദ്ദേഹമെനിക്ക് പുസ്തകങ്ങൾ വാങ്ങിച്ചു തന്നു. നല്ല വസ്ത്രങ്ങൾ വാങ്ങിച്ചു തന്നു. ഉച്ചയ്ക്കെന്നും അദ്ദേഹത്തിൻറെ വീട്ടിൽ കൊണ്ട് പോയി വയറു നിറച്ച് ഭക്ഷണം തന്നു. ഇന്നും എൻറെ നാവിലുണ്ട് അന്ന് കഴിച്ച ആ ഭക്ഷണത്തിൻറെ രുചി. വിളമ്പിത്തന്ന ആയമ്മയുടെ സ്നേഹം.


അങ്ങിനെ ഞാൻ പഠിച്ചു. ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അദ്ദേഹവും കുടുംബവും അദ്ദേഹത്തിൻറെ ജന്മനാട്ടിലേക്ക് പോയത്.  ഞാൻ വീണ്ടും തനിച്ചായി. ഉമ്മയുടെ സ്വന്തക്കാരെന്ന് പറയാൻ ഒരു സഹോദരി മാത്രമേയുണ്ടായിരുന്നുള്ളൂ. സ്വന്തം കുടുംബമായി കഴിയുന്ന അവർക്കെന്തോ, എന്നെ തീരെ ഇഷ്ടമായിരുന്നില്ല. ഭാഗ്യം കേട്ട ജന്മമാണെന്റെയെന്ന് എന്നോടാദ്യം പറഞ്ഞത് അവരായിരുന്നു. ഡിഗ്രി കിട്ടിയതിൽ പിന്നെ നാടു വിട്ടതാണ്‌. പിന്നീടൊരിലും അങ്ങോട്ടു പോയിട്ടില്ല. കാത്തിരിക്കാനാരുമില്ലാത്തിടത്തേയ്ക്ക് എന്തിന് മടങ്ങിച്ചെല്ലണം?


എവിടെയൊക്കെയോ അലഞ്ഞു നടന്നു. ആ നടത്തത്തിന്നിടയിലൊരു ദിവസം ദിനപത്രത്തിലൊരു വാർത്ത കണ്ടു. ഒരു വാഹനാപകടത്തിൽ രാമചന്ദ്രൻ മാഷും, ഭാര്യയും ഏകമകനും കൊല്ലപ്പെട്ടെന്ന്. സങ്കടത്തിനൊരു അതിർത്തിയുണ്ടെന്ന് അന്നെനിക്ക് മനസ്സിലായി. അവിടെയെത്തിയാൽ പിന്നെ, എല്ലാം ഒരു മരവിപ്പ് മാത്രമാണ്. മരവിപ്പ് മാത്രം!  


പിന്നെ അലഞ്ഞു നടന്ന ജീവിതത്തിൻറെ ഒഴുക്ക് എന്നെ ജിദ്ധയിലാണ് കൊണ്ട് തള്ളിയത്. ഇങ്ങിനെ ജീവിക്കുന്നു. ആരോരുമില്ലാതെ ഒരപ്പൂപ്പന്‍ താടി പോലെ. ചിലപ്പോള്‍ തോന്നും ഇതൊരു സുഖമാണെന്ന്‌. ചിലപ്പോള്‍ തോന്നും. എന്തിനാണിങ്ങനെ ഒരു ജീവിതമെന്ന്‌.


ആരുമില്ലാത്തവൻറെ ഏകാന്തത... ഭയാനകമാണ്. നിനക്കത് മനസ്സിലാവുമോ എന്നറിയില്ല.


പറഞ്ഞു നിർത്തിയപ്പോഴേക്കും കണ്ണുകൾ നിറഞ്ഞിരുന്നു. ഓർക്കാറില്ല ഞാനൊന്നും. ഓർക്കാനിഷ്ടവുമില്ല.


"എങ്കിലും നിങ്ങളുമ്മാൻറെ സ്നേഹം അറിയുകയെങ്കിലും ചെയ്‌തല്ലോ."


ഞാൻ നോക്കുമ്പോൾ അവൾ കണ്ണുകള്‍ തുടയ്ക്കുന്നതാണ് കണ്ടത്. ഒരു വിങ്ങല്‍ അവള്‍ പിടിച്ചു നിര്‍ത്തിയതാണോ? എൻറെ കണ്ണുകളിലേക്ക് നോക്കാതെ അവൾ തുടർന്നു.


"എനിക്കെൻറെ ഉമ്മയെ കണ്ട ഓർമ്മ പോലുമില്ല. പറഞ്ഞു കേട്ടിട്ടുണ്ട്. ഉമ്മ വളരെ പ്രയാസപ്പെട്ടാണ് എനിക്ക് പാൽ തന്നിരുന്നതെന്ന്. കുറെ വേദന തിന്നിട്ടും മരണം വരെ ഉമ്മയത് മുടക്കിയിട്ടില്ലത്രെ." 


എനിക്കെന്ത് പറയണമെന്നറിയില്ലായിരുന്നു. ഏതാനും നിമിഷങ്ങൾ മൗനമായി കടന്നുപോയി. വളരെ പെട്ടെന്ന് തന്നെ അവളുടെ മുഖം തെളിഞ്ഞു. ഒരു വിഷമവും അവളെ ബാധിച്ചിട്ടില്ലാത്ത പോലെ, എന്നോടവൾ പുഞ്ചിരിയോടെ ചോദിച്ചു. 


"എന്തേ ഒറ്റയായിട്ടും ഇതു വരെ കല്ല്യാണമൊന്നും കഴിക്കാഞ്ഞൂ?" 


"ഒന്നുമില്ല. ഇതു വരെയങ്ങിനെ തോന്നിയില്ല. പൊഴിഞ്ഞു പോകുന്ന വര്‍ഷങ്ങളുടെ കണക്ക്‌ സഅദ്‌ ഇടക്കിടെ ഓര്‍മിപ്പിക്കും. പക്ഷെ എനിക്ക് പേടിയാണ്. എന്നെ സ്നേഹിക്കുന്നവർക്കും ഞാൻ സ്നേഹിക്കുന്നവർക്കും ആയുസ്സ് കുറവാണെന്നൊരു തോന്നൽ." 


“നന്മയും തിന്മയും അല്ലാഹുവിൽ നിന്നാണെന്ന് വിശ്വസിക്കുന്നൊരു മുസ്ലിമിന് ഭൂഷണമല്ല... ഈ തോന്നൽ. ഓരോ ജീവിയും അല്ലാഹു നിശ്ചയിച്ച അവധി വരെ ജീവിക്കും. ആരും മുന്നിടുകയോ പിന്നിടുകയോയില്ല. താങ്കളോ താങ്കളുടെ സ്നേഹമോ... ഒരാളുടെ ആയുസ്സിനെ കൂട്ടുകയോ കുറയ്ക്കുകയോയില്ല.”


ഒരു തത്വജ്ഞാനിയെപ്പോലെ അവളത് പറഞ്ഞപ്പോൾ  ഞാൻ പതുക്കെ പറഞ്ഞു. "ഞാനൊരു തർക്കത്തിനില്ല. നിൻറെ വിശ്വാസമെൻറെ ഭയത്തെ ഇല്ലാതാക്കുന്നുമില്ല."


അവളെന്തോ ആലോചനയിൽ ഒരല്പ ദൂരം നടന്നു. പിന്നെ പതിയെ പറഞ്ഞു. "ഈ ഒറ്റപ്പെടലിൻറെ ഇരുട്ടിലേക്ക് വെളിച്ചവുമായി ഒരാൾ വരട്ടെ. മനുഷ്യനെ അല്ലാഹു ഇണകളായല്ലേ സൃഷ്ടിച്ചത്."


ഞാനൊന്ന് മൂളുക മാത്രം ചെയ്തു. ആ സംസാരം മുന്നോട്ട് കൊണ്ട് പോകാൻ എനിക്കൊട്ടും താല്പര്യമില്ലായിരുന്നു. പിന്നീട് അലിയുടെ വീടെത്തുവോളം ഞങ്ങളൊന്നും സംസാരിച്ചില്ല. അപ്പോൾ, ആ മൗനമെന്നെ അലോസരപ്പെടുത്തിയതുമില്ല.


അന്ന് പതിവു തെറ്റിച്ച്‌ അലിയുടെ ചാരെ ഒരുപാടു നേരമിരുന്നു. അദ്ദേഹം നന്നേ ക്ഷീണിതനായിരുന്നു. ആ ശബ്ദം വളരെ ദുർബലമായിരുന്നു. എങ്കിലും ഒരുപാടൊരുപാടു നേരം അദ്ദേഹം സംസാരിച്ചിരുന്നു. ഞാന്‍ വെറുമൊരു കേള്‍വിക്കാരനായിരുന്നു.


അന്നു രാത്രി എൻറെ നെഞ്ചിനൊരു ഭാരക്കുറവുണ്ടായിരുന്നു. പേരറിയാത്ത വിഷമങ്ങളൊക്കെ ചിറപൊട്ടിയൊലിച്ചു പോയ പോലെ. എന്നിട്ടും എന്തോ ഉറക്കം വന്നില്ല. കാതിൽ അവളുടെ വാക്കുകളായിരുന്നു. 


ഈ ഒറ്റപ്പെടലിൻറെ ഇരുട്ടിലേക്ക് വെളിച്ചവുമായി ഒരാൾ വരട്ടെ. മനുഷ്യനെ അല്ലാഹു ഇണകളായല്ലേ സൃഷ്ടിച്ചത്.


വേണ്ട. സമുദ്രം പോലെ വിശാലമായ ജീവിതമാസ്വദിക്കുന്നൊരാളെയും... എൻറെയീ ഇടുങ്ങിയ... തളം കെട്ടിനിൽക്കുന്ന ജീവിതത്തിലേക്ക് വിളിക്കേണ്ട. പൂക്കാതെ കാഴ്ക്കാതെ... ഉണങ്ങിപ്പോകുന്നൊരു വൃക്ഷമാവട്ടെ ഞാൻ. ജീവിച്ചിരുന്നു എന്നതിനൊരു അവശേഷിപ്പും ബാക്കി വെക്കാത്തൊരാൾ.


അതിനും ഒരു സുഖമുണ്ടല്ലോ? ഭൂമിയിൽ കാലടികളൊന്നും ശേഷിപ്പിക്കാതെ കടന്നു പോവുക എന്നതും… ഒരു സുഖം തന്നെ.  


അറിയാതെ കണ്ണുകളിൽ കൂടുകൂട്ടിയ ഉറക്കത്തിൻറെ മടിയിൽ ഞാനൊരു ശിശുവിനെ പോലെ ചുരുണ്ടുകൂടി. വാതിലില്‍ അസഹ്യമായി ആരോ മുട്ടുന്നത് കേട്ടാണുണര്‍ന്നത്‌. 


പത്തു മണി കഴിഞ്ഞിരിക്കുന്നു. ഓ... ഞാനൊരുപാടുറങ്ങിയിരിക്കുന്നു. ഇന്നെന്തേ അവൾ വന്നില്ലേ?


വാതില്‍ തുറന്നപ്പോള്‍ നീണ്ടു കൂര്‍ത്ത മുഖമുള്ള ഒരു ചെറുപ്പക്കാരന്‍. അവനെ കണ്ടാലേ അറിയാം നല്ലതൊന്നും അയാള്‍ക്കു പറയാനുണ്ടാവില്ല എന്ന്‌. 


ശരിയായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ എൻറെ ഹൃദയ സ്പന്ദനം നിന്നു പോകുന്ന ഒരു വാര്‍ത്തയായിരുന്നു അയാള്‍ക്കു പറയാനുണ്ടായിരുന്നത്‌. അലി മരിച്ചിരിക്കുന്നു!


ഭാഗം എട്ട്: പാഥേയം


മരിച്ചവൻറെ ഹൃദയം പോലെ, എൻറെ ഹൃദയം മരവിച്ചിരിക്കുന്നു. കാഴ്കൾ അന്യമാവുകയും കേൾവികൾ കൊട്ടിയടക്കുകയും ചെയ്തിരിക്കുന്നു. എന്നിട്ടും, അഗ്നിപർവ്വതം ചുരത്തുന്ന ലാവ പോലെ  കവിളിലൂടെ ഇടയ്ക്കിടയ്ക്ക് ചില കണ്ണീർ തുള്ളികൾ ഒഴികിയിറങ്ങി. അതെൻറെ ആത്മാവിനെപ്പോലും പൊള്ളിക്കുന്നുണ്ട്. അസഹ്യമായ വേദനയുടെ കറുത്ത ഗുഹയിൽ ഒരു ശില പോലെ ഞാനിരുന്നു. എൻറെ അരികിൽ തന്നെ അലിയുടെ മയ്യിത്തുണ്ടായിരുന്നു.


ഓർമ്മയിൽ കരഞ്ഞുകലങ്ങിയ കണ്ണുകളിൽ നിന്നും ഉഷ്ണനീരൊലിക്കുന്ന ബാല്യമുണ്ട്. ഉമ്മയുടെ ജീവനില്ലാത്ത ശരീരത്തിന്നരികിൽ, ഇനിയെന്തെന്നൊരു ചോദ്യത്തിൻറെ മുൻപിൽ പകച്ച മനസ്സുമായി നിന്ന ആ കൗമാരക്കാരൻ. ഇന്നിതാ അതുപോലൊരു അവസ്ഥയിലൂടെ വീണ്ടും.


അറബികൾക്ക് മരണം ഒരു സാധാരണ സംഭവമാണ്. അവിടെ മാറത്തടിച്ച് നിലവിളിക്കുന്ന സ്ത്രീകളെയോ, പതം പറഞ്ഞ് കരയുന്ന പുരുഷന്മാരെയോ കാണുകയില്ല. അത്തരം കാഴ്ചകൾ അപൂർവ്വമാണ്.


ഗ്രാമവാസികൾ മുഴുവനും ഒത്തുകൂടിയിട്ടുണ്ട്. മയ്യത്ത് കുളിപ്പിക്കാൻ എടുത്തു വച്ചു. ആകെയുള്ള മകൻ, അബ്ബാസ് ഇത് വരെ വന്നിട്ടില്ല. വിവരമറിയിച്ചിട്ടുണ്ട്. എപ്പോഴെത്തുമെന്ന് ആർക്കുമറിയുകയുമില്ല.


വിഷാദിച്ചു നിൽക്കുന്ന എൻറെയരികിലേക്ക് പ്രായമായൊരാൾ വന്നു. അലിയുടെ മയ്യിത്ത് കുളിപ്പിക്കാൻ ഞാൻ കൂടി ചെല്ലണമെന്ന്. നിങ്ങളെ അലി ഒരു മകനെപ്പോലെയല്ലേ കണ്ടതെന്ന് ചോദിച്ചപ്പോൾ, ഞാൻ വേവലാതിയോടെ പറഞ്ഞു. 


"എനിക്കറിയില്ല. ഒരു മയ്യിത്തിനെയെങ്ങിനെ പരിപാലിക്കണമെന്നറിയാത്തൊരു വിഡ്ഢിയാണ് ഞാൻ. ഞാനത് പഠിച്ചിട്ടില്ല. എനിക്കവസരം കിട്ടിയിട്ടില്ല."


അയാൾ എന്നെ ചുമലിൽ തട്ടിയാശ്വസിപ്പിച്ചു. "വിഷമിക്കേണ്ട. നിങ്ങളാ കൂടാരത്തിലൊന്ന് ചെന്ന് നിന്നാൽ മതി. അലിയുടെ വിരൽ തുമ്പ് പിടിച്ചു വളർന്ന അബ്ബാസിന് പകരം... നിങ്ങളൊന്നാ കൂടാരത്തിൽ വന്നു നിന്നാൽ മാത്രം മതി." 


മയ്യിത്ത് കുളിപ്പിച്ച്, മൂന്ന് കഷ്ണം ശുഭ്രശീലയിൽ പൊതിഞ്ഞു. തലഭാഗത്തും, കാൽഭാഗത്തും, അരക്കെട്ടിനും ഓരോ കെട്ടുകൾ. ജനാസയെടുത്ത് മയ്യിത്ത് കട്ടിലിൽ വച്ചു. പിന്നെ പൊതുശ്മശാനത്തിലേക്ക്. അത് ഗ്രാമത്തിൻറെ പുറത്തായിരുന്നു. 


മന്ദമന്ദം ഞങ്ങൾ അലിയുടെ വീട്ടിൽ നിന്നകന്നു. മയ്യത്തുകട്ടിലിൻറെ ഒരു ഭാഗം എൻറെ ചുമലിലുണ്ടായിരുന്നു. അപ്പോഴും മരവിപ്പ് മാറാത്ത മനസ്സിനെ, മാംസം കൊണ്ട് പൊതിഞ്ഞൊരു പാവ മാത്രമായിരുന്നു ഞാൻ.


ഖബറടക്കം കഴിഞ്ഞ്‌ ആളുകള്‍ പിരിഞ്ഞു. മണ്ണില്‍ നിന്നും വന്ന മനുഷ്യന്‍ മണ്ണിലേക്ക്‌ തന്നെ തിരിച്ചു മടങ്ങി. 


ആ ചെറിയ മണ്‍കൂനയ്ക്കു മുന്നില്‍ വിഷാദത്തിൻറെ തിരതല്ലലടക്കാനാവാതെ ഞാന്‍ നിന്നു


“സർവ്വ ലോക രക്ഷിതാവേ. ഈ ആത്മാവിനെ നീ ശുദ്ധീകരിക്കുകയും സ്വീകരിക്കുകയും ചെയ്യേണമേ. ഞങ്ങളിൽ നിന്നും മരണപ്പെട്ട മറ്റുള്ളവരേയും. ഞങ്ങളേയും. തീർച്ചയായും നിൻറെ കരുണ എല്ലാത്തിലും വലുതും… നീ ഏറെ പൊറുക്കുന്നവനും സഹിക്കുന്നവനുമാകുന്നു.”


കണ്ണുകളിലൂറിയ നീർതുള്ളികൾ തുടച്ചുമാറ്റിക്കൊണ്ട് ഞാൻ മന്ത്രിച്ചു.


“പ്രിയപ്പെട്ട അലീ... അല്ലാഹുവിൻറെ സന്നിധിയിൽ അവൻ നമ്മെയൊരുമിച്ചു കൂട്ടട്ടെ. മരണം വരെ ഞാൻ താങ്കളെ മറക്കാതിരിക്കട്ടെ.”


എനിക്കെന്നെ നിയന്ത്രിക്കാനായില്ല. ആ ഖബറിൻറെയരികിൽ മുട്ടികുത്തിയിരുന്ന് ഞാൻ വിങ്ങിപ്പൊട്ടി. എന്തൊരു ദുര്‍വിധിയാണിത്‌. ഞാന്‍ സ്നേഹിക്കുന്നവരെ, എന്നെ സ്നേഹിക്കുന്നവരെ, ഈ ഭൂമിയെന്തിനു തിരസ്കരിക്കുന്നു. അവരെയൊക്കെ ജീവനോടെ വിട്ട്‌ എൻറെ ജീവനെടുത്തു കൂടായിരുന്നോ?


കാത്തിരിക്കാനാരുമില്ലാത്ത, ആര്‍ക്കും ഒരുപകാരവുമില്ലാത്ത എൻറെ ജീവന്‍! 


ഈ മണ്ണില്‍ ഇപ്പോള്‍ ഈ നിമിഷം ഞാന്‍ മരിച്ചു വീണെങ്കിലെന്നു ഞാനാഗ്രഹിക്കുന്നു. മനുഷ്യന്‍ ആഗ്രഹിക്കുന്ന സമയത്ത്‌ മരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! 


ഇരുട്ടുവോളം ആ ഖബര്‍സ്ഥാനില്‍ ഞാനിരുന്നു. ഒരു വൃദ്ധനായ ഗ്രാമീണൻ വന്നെൻറെ അരികിലിരുന്നു. അയാൾ മെല്ലെയെന്നോട് പറഞ്ഞു. "മകനേ... അലിയുടെ ആത്മാവിനെ നിന്നിൽ നിന്നും നീ സ്വാതന്ത്ര്യനാക്കൂ. അല്ലാഹുവിൻറെ അറിവോ സമ്മതമോ ഇല്ലാതെ ഇവിടെയൊരു മരവും ഇലപൊഴിക്കുന്നില്ലല്ലോ? സുന്ദരമായ ക്ഷമകൊണ്ട് അവൻ നമ്മെ അനുഗ്രഹിക്കട്ടെ."


ഞാനാ മനുഷ്യനെ തുറിച്ചുനോക്കി. ഇരുട്ട് കാരണം എനിക്കാ മുഖം വ്യക്തമായിരുന്നില്ല. അയാൾ മെല്ലെ ഖബർസ്ഥാനിൽ നിന്നുമകന്ന് പോയപ്പോൾ, ഞാനും  ഹൃദയഭാരത്തോടെ അവിടന്നകന്നു.


രാത്രി ഉറങ്ങാതെ മുറ്റത്തെ മരച്ചൂവട്ടിലിരുന്നു. എൻറെ തൊട്ടടുത്ത്‌ അലിയുടെ ഹുക്കയുണ്ടായിരുന്നു. അപ്പോഴാണ് ഞാൻ അലി ബാക്കിയാക്കിപ്പോയതിനെക്കുറിച്ചോർത്തത്. അവളെക്കുറിച്ചോർത്തത്. 


അവളെ  ഞാനീ പകൽ മുഴുവൻ മറന്നു കളഞ്ഞല്ലോ?


തനിച്ചാ വീട്ടില്‍ അവളെങ്ങിനെ കഴിയും. എങ്ങിനെ അവള്‍ അവളുടെ പിതാവിൻറെ വേര്‍പ്പാടിൻറെ വേദന താങ്ങും. 


അന്നാദ്യമായി ജീവിതത്തില്‍ ഞാന്‍ മറ്റൊരാളുടെ വേദനയെ കുറിച്ചു ചിന്തിച്ചു. ആ ചിന്തകള്‍ എന്നെ അലോസരപ്പെടുത്തുകയും ചെയ്‌തു. 


ഇനി നാലു ദിവസം കൂടിക്കഴിഞ്ഞാല്‍ തിരിച്ചു മടങ്ങണം. ജീവിതത്തിലെ ഏറ്റവും നല്ലയോർമ്മകൾ എനിക്കു തന്ന ഈ താഴ്‌വരയില്‍ നിന്നും തിരിച്ചു മടങ്ങണം. അലിയുടെ മരണമെന്ന വലിയ ദുഃഖമെനിക്ക് തന്നുതുമീ താഴ്വരയാണല്ലോ.


ഞാനറിയാതെ എൻറെ കണ്ണുകള്‍ നിറഞ്ഞു. ശബ്ദമുയര്‍ത്തി ഒന്നുറക്കെ പൊട്ടിക്കരയാനായെങ്കിലെന്നു ഞാന്‍ അത്മാര്‍ത്ഥമായിട്ടും ആഗ്രഹിച്ചു.


ഉറക്കമില്ലാത്തൊരു  രാത്രി കടന്നു പോയി. ഉച്ചയായിട്ടും വിശപ്പു  തോന്നിയില്ല. ആരും അങ്ങോട്ടു വന്നതുമില്ല. എനിക്കിരിക്കപ്പൊറുതി കിട്ടിയില്ല. അവള്‍ വല്ലതും കഴിച്ചിരിക്കുമോ? അവളെ ആശ്വസിപ്പിക്കാന്‍ ആരെങ്കിലും ഉണ്ടാകുമോ? അങ്ങോട്ടൊന്നു ചെല്ലേണ്ടതല്ലേ? വെറുതെയെങ്കിലും  ഒരാശ്വാസവാക്കെങ്കിലും പറയേണ്ടതല്ലേ?


കാലുകള്‍ വലിച്ചു വച്ച്‌ നടന്നു. അവളുടെ വീടിൻറെ വാതില്‍ അടഞ്ഞു കിടക്കുന്നു. ആരെയും കണ്ടില്ല. വാതിലില്‍ മെല്ലെ മുട്ടി. അകത്ത്‌ ആളനക്കം. വാതില്‍ തുറന്നത്‌ ആരോഗ്യദൃഢഗാത്രനായ ഒരാളാണ്‌.


ഞാനമ്പരന്നു. അയാള്‍ എൻറെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി. പിന്നെ ഞാനെന്നെ പരിചയപ്പെടുത്തുന്ന മുൻപേ, എനിക്ക് ശ്വാസം മുട്ടുമാറെന്നെ വാരിപ്പുണര്‍ന്നു. 


“സഹോദരാ, ഇതു ഞാനാണ്‌. അബ്ബാസ്‌. അലിയുടെ പുത്രന്‍. ഞാന്‍ താങ്കളെ കാണാൻ വരാനിരിക്കുകയായിരുന്നു.” 


എൻറെ സിരകളില്‍ ഞാനാ സ്പര്‍ശനം തിരിച്ചറിഞ്ഞു. താഴ്‌വരയിലെ ശീതക്കാറ്റിനെക്കാള്‍ തണുപ്പുണ്ടായിരുന്നു അതിന്‌.


അയാള്‍ വാചാലനായിരുന്നു. അലിക്കെന്നോടുള്ള സ്നേഹത്തെ കുറിച്ച്‌. ഒരു മകൻറെ സ്ഥാനത്തു നിന്നും ഞാനദ്ദേഹത്തെ സ്നേഹിച്ചതിനെ കുറിച്ച്‌. അങ്ങിനെയങ്ങിനെ ഒരുപാടു കാര്യങ്ങള്‍ അയാള്‍ സംസാരിച്ചു.


എനിക്കവളെ കുറിച്ചെന്തെങ്കിലും ചോദിക്കണം എന്നുണ്ട്. പക്ഷെ അറബികളെ എനിക്കറിയാം. ഞാനങ്ങനെ ചോദിച്ചാൽ അത് അബ്ബാസിനിഷ്ടമായില്ലെങ്കിലോ? എൻറെ ക്ഷമയില്ലാത്ത കണ്ണുകൾ ആ പരിസരങ്ങളിലൂടെ അലഞ്ഞുതിരിഞ്ഞു. 


അവസാനം ഞാൻ മടിച്ചുമടിച്ച് ചോദിച്ചു. "താങ്കൾ ഇനി തിരികെ പോകുന്നുണ്ടാവില്ലല്ലോ അല്ലെ? താങ്കൾ പോയാൽ സഹോദരി ഇവിടെ ഒറ്റയ്ക്കാവില്ലേ?"


"പോകണം." അബ്ബാസ് പറഞ്ഞു. "പോകാതെ വയ്യ. അവളും കൂടെയുണ്ടാവും. അവിടെ ക്യാമ്പിൽ പരിക്കേറ്റവരെയും രോഗികളെയുമൊക്കെ പരിചരിക്കാമല്ലോ. പ്രായപൂർത്തിയായ അവളെ ഞാനെങ്ങനെ തനിച്ചാക്കിപ്പോകും?"


എനിക്ക്  തല പെരുക്കുന്ന പോലെ തോന്നി. എന്ത് പറയണമെന്നറിയാതെ ഞാൻ കുറെ നേരം അവിടെ ഇരുന്നു. ഒരു ഗുഹാമുഖത്ത് നിന്നെന്ന വണ്ണം അബ്ബാസിൻറെ വാക്കുകൾ കേൾക്കാം. അയാളെന്താണ് പറയുന്നതെന്ന് എനിക്ക് മനസ്സിലായില്ല. അവസാനം, എനിക്ക് നല്ല സുഖമില്ല, ഒന്ന് വിശ്രമിക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് ഞാനവിടന്ന് മെല്ലെ നടന്നകന്നു.


എൻറെയുള്ളിൽ അമാവാസിയുടെ കൂരിരുൾ കൂട് കൂട്ടിയിട്ടുണ്ടോ? മനസ്സ് ആ ഇരുട്ടിൻറെ ഗർഭപാത്രത്തിലേക്ക് ചുരുണ്ടു കൂടുകയാണോ?  


ഭാഗം ഒൻപത്: യാത്രാമൊഴി


രാത്രി വെരുകിനെ പോലെ, ഞാനുറക്കമില്ലാതെ വീട്ടുമുറ്റത്ത്‌ ഉലാത്തി. വീശിയടിക്കുന്ന ശീതക്കാറ്റെന്നെ ഒട്ടും അലോസരപ്പെടുത്തിയില്ല. ക്രോധവും നിരാശയും ആത്മനിന്ദയുമൊക്കെ എന്നെ കാര്‍ന്ന് തിന്നുന്നുണ്ടായിരുന്നു. 


പൂപോലുള്ളൊരു പെണ്‍ക്കുട്ടി നാളെ മുജാഹിദുകളുടെ ക്യാമ്പിലേക്കു യാത്രയാവും. ഞാന്‍ വെറുതെ നോക്കി നില്‍ക്കും. 


ആ മലയിറങ്ങി ശത്രുവിൻറെ പട്ടാളക്കാർ വരുമോ എന്നു പേടിച്ചു കഴിഞ്ഞവള്‍! 


ഒരു വിമാനത്തിൻറെ ഇരമ്പല്‍ കേള്‍ക്കുമ്പോള്‍ പേടിച്ചു മേശയ്ക്കടിയിലൊളിക്കുന്നവള്‍! 


അവളാണ്‌ അങ്ങോട്ടു പോകുന്നത്‌! 


ഇതിനാണോ കണ്ണിലെ കൃഷ്ണമണി പോലെ അലി അവളെ വളര്‍ത്തിയത്‌? 


എനിക്കൊന്നും ചെയ്യാനാവുന്നില്ലല്ലോ? ഒന്നും!


എങ്ങിനെയൊക്കെയോ നേരം പുലർന്നു. പുലരണ്ടായിരുന്നു. ഇതൊരു ഇരുണ്ട പുലരിയാണ്. കടലിൻറെ ഏറ്റവും ആഴത്തിലുള്ള ഇരുട്ട് പോലെ ഇരുണ്ടത്.


ഒരു രാത്രിയുടെ മുഴുവൻ ഉറക്കവും കനം തൂങ്ങി ചുവന്ന കണ്ണുകൾ, പ്രകാശം നേരിടാനാവാതെ  വിഷമിച്ചു. ഒരു കപ്പ് കടും ചായ കിട്ടിയിരുന്നെങ്കിൽ.


മെല്ലെ അടുക്കളയിലേക്ക് ചെന്നു. അവൾ കഴുകിയടുക്കി വെച്ച അടുക്കള കണ്ടപ്പോൾ വല്ലാതെ ശ്വാസം മുട്ടി. കരയിൽ പിടിച്ചിട്ട മീനിനെ പോലെ മനസ്സ് പിടയുകയാണ്.


എങ്ങിനെ അവളെ രക്ഷിക്കും. അവളെ കൊണ്ട് പോകരുതെന്ന് പറയാൻ ഞാനാരാണ്. രണ്ടു ദിവസങ്ങൾക്ക് ശേഷം തിരികെ പോകുന്നൊരു അതിഥി മാത്രം. 


അതിഥിയെ അവർ മാന്യമായി സൽക്കരിച്ചു. വേണ്ട മര്യാദകളൊക്കെ തന്നു. അർഹമായതിൽ കൂടുതൽ. പക്ഷെ അതിഥി എന്നും അതിഥി മാത്രമാണ്. വീട്ടുകാര്യത്തിൽ അഭിപ്രായം പറയാൻ അവകാശമില്ലാത്ത വെറും അതിഥി. ഒരവധിവരെ അത്താഴമേശ പങ്കിടാൻ മാത്രം അവകാശമുള്ളയാൾ. അവധി കഴിഞ്ഞാൽ തിരികെ മടങ്ങണം. ആതിഥേയരുടെയുള്ളിൽ മഞ്ഞു പോലെ തണുത്ത ഓർമ്മകൾ മാത്രം ബാക്കിയാക്കികൊണ്ട്.    


ചായയുണ്ടാക്കാൻ മനസ്സ് വന്നില്ല. മെല്ലെ മുറ്റത്ത് വന്നു. മരച്ചുവട്ടിൽ  അലിയുടെ ഹുക്ക കണ്ടപ്പോൾ മനസ്സൊന്ന് പിടഞ്ഞു. 


പ്രിയപ്പെട്ട അലീ. ഇത്രമേൽ നിസ്സഹാനായി ഞാനെൻറെ ജീവിതത്തെ അഭിമുഖീകരിച്ചിട്ടില്ലല്ലോ! ഞാനീ ഗ്രാമം വിടുന്നത് വരെ പരമകാരുണികൻ താങ്കൾക്കായുസ്സ് നീട്ടിത്തന്നിരുന്നെങ്കിൽ... ഞാൻ.. ഞനീ അഗ്നിപർവ്വതത്തിൻറെ പടുകുഴിയിൽ വീഴില്ലായിരുന്നല്ലോ?  


സമയം ഇഴഞ്ഞു നീങ്ങി. ഏകദേശം ഉച്ചയാകാനായിരിക്കുന്നു. അവരിപ്പോൾ പോയിട്ടുണ്ടാകുമോ? ഒരു നല്ല യാത്രാമൊഴിയെങ്കിലും പറയാനായെങ്കിൽ! 


വെറുതെ ഒന്ന് പോയി നോക്കിയാലോ? അവസാനമായി ഒരു നോക്ക് കാണുകയെങ്കിലും ചെയ്യാമലോ. കണ്ടു നിൽക്കാനെനിക്കാവില്ലെങ്കിലും!. 


മനസ്സ് ഒരിടത്തും ഉറച്ചു നിന്നില്ല. മെല്ലെ വഴിയിലേക്കിറങ്ങി. കാലുകൾ വലിച്ചു വച്ച് നടന്നു. അലിയുടെ വീട്ടിൽ ഏതാനും ആളുകളെ കണ്ടപ്പോൾ മനസ്സിലായി. അവർ പോയിട്ടില്ല. കണ്ടുപരിചയമുള്ള ഏതാനും ആളുകൾ മജ്ലിസിൽ ഇരിക്കുന്നുണ്ട്. അബ്ബാസിനെ കണ്ടില്ല.


സലാം പറഞ്ഞു ചെന്ന എന്നെ മജ്ലിസിലെ ഒരു വയസ്സൻ ഗ്രാമീണൻ സ്വാഗതം ചെയ്തു. തൻറെ അടുത്തിരിക്കാൻ അയാൾ കൈകൊണ്ട് ആംഗ്യം കാണിച്ചു. അയാളുടെ ചാരെയിരുന്ന ഞാൻ പതുക്കെ അയാളോട് ചോദിച്ചു.


"അബ്ബാസ് പോയോ?"


"ഇല്ല. അവരൊരുങ്ങുകയാണ്. അധികം വൈകില്ല."


ഞാൻ വെറുതെ കേട്ടിരുന്നു. ഒരു നെടുവീർപ്പ് നെഞ്ചിൽ കിടന്ന് പിടയുന്നുണ്ട്. ശരീരമാകെ ഒരു അസ്വസ്ഥത പോലെ. പ്രാണനുരുകുന്ന പോലെ.  


അബ്ബാസ് അങ്ങോട്ട് വന്നപ്പോൾ ഞാൻ അറിയാതെ എഴുനേറ്റു. എന്നെ കണ്ടപ്പോൾ പുഞ്ചിരിയോടെ അടുത്ത് വന്ന അബ്ബാസ് എന്നെ തന്നിലേക്ക് ചേർത്തു പിടിച്ചു. ആ സമയം, എന്നെ നിയന്ത്രിക്കുന്ന വികാരമേതെന്ന്‌ തിരിച്ചറിയാന്‍ എനിക്കാവതില്ലായിരുന്നു. ഞാൻ മെല്ലെ വിളിച്ചു.


"അബ്ബാസ്..."


എന്നിൽ നിന്നടർന്നു മാറിയ അബ്ബാസിൻറെ രണ്ടു കൈകളും ഞാൻ കൂട്ടിപ്പിടിച്ചു. അബ്ബാസ് എൻറെ കണ്ണുകളിലേക്ക് നോക്കി. ഞാൻ മെല്ലെ പറഞ്ഞു.  


"നോക്കു അബ്ബാസ്‌, ഞാനൊരിന്ത്യക്കാരനാണ്‌...." 


പുഞ്ചിരിയോടെ അയാള്‍ പറഞ്ഞു. "ഇന്ത്യക്കാരെ ഞങ്ങള്‍ക്കിഷ്ടമാണ്‌. വലിയൊരു പാരമ്പര്യത്തിൻറെ ഉടമസ്ഥരാണു നിങ്ങള്‍. നിങ്ങളെ പരിചയെപ്പെടാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. തീർച്ചയായും നിങ്ങളെൻറെ പിതാവിൻറെ സ്നേഹം നേടിയയാളാണ്. എൻറെ പിതാവ് സ്നേഹിച്ചവരെയെല്ലാം.. ഞാനും സ്നേഹിക്കുന്നു. പറയൂ.... നിങ്ങൾക്കെന്താണെന്നോട് പറയാനുള്ളത്?"  


കുറച്ചു നേരത്തേയ്ക്ക് എനിക്ക് വാക്കുകളൊന്നും കിട്ടിയില്ല. എന്താണ് അബ്ബാസിനോട് പറയേണ്ടതെന്ന് അപ്പോഴുമെനിക്കറിയില്ല. അബ്ബാസ് ക്ഷമയോടെ എൻറെ മുഖത്തോയ്ക്ക് നോക്കി നിന്നു. 


"അബ്ബാസ്... നിങ്ങള്‍ക്കവളെ... നിങ്ങളുടെ സഹോദരിയെ കൊണ്ടു പോവാതിരുന്നു കൂടെ?"


അബ്ബാസിൻറെ മുഖത്ത് പടരുന്ന വികാരമെന്താണെന്ന് തിരിച്ചറിയുന്നില്ല. അത് ദേഷ്യമാണോ... അതല്ല അത്ഭുതമാണോ? എന്നിട്ടും ഞാൻ തുടർന്നു.


"അവൾക്കെല്ലാ യുദ്ധങ്ങളും പേടിയാണ്. ഓരോ പട്ടാളക്കാരനേയും പേടിയാണ്. അങ്ങിനെയുള്ള അവളെങ്ങിനെ നിങ്ങളുടെ... മുജാഹിദുകളുടെ ക്യാമ്പിൽ നിർഭയയായിരിക്കും?" 


അബ്ബാസ് എന്തോ പറയാനാഞ്ഞപ്പോഴേക്കും ഞാനത് തടഞ്ഞുകൊണ്ട് തുടർന്നു.

 

"അവള്‍ ജീവിക്കട്ടെ അബ്ബാസ്‌. അവളുടെ സ്വപ്നങ്ങള്‍ ജീവിക്കട്ടെ. അവളെ ഞാൻ കൊണ്ട് പൊയ്ക്കൊള്ളാം. സൗദിയിലവൾ തീർച്ചയായും സുരക്ഷിതയായിരിക്കും. അവിടെ സഅദും കുടുംബവുമൊക്കെയുണ്ടല്ലോ?"


ആ വീട്‌ വലിയൊരു മൗനത്തില്‍ മുങ്ങി. എല്ലാവരും എന്നെ തന്നെ നോക്കി നില്‍ക്കുകയാണ്‌. അബ്ബാസ്‌ എൻറെ കഴുത്തിനു പിടിച്ച്‌ വെളിയിലേക്കു തള്ളുമെന്നാണ്‌ ഞാന്‍ കരുതിയത്‌. പക്ഷെ കുറെ നേരം എന്തോ ആലോചിച്ച ശേഷം അബ്ബാസ് ചോദിച്ചു.


"നോക്കൂ... ഞങ്ങൾ അറബികൾ ഞങ്ങളുടെ സ്ത്രീകളെക്കുറിച്ച് അങ്ങേയറ്റം സൂഷ്മതയുള്ളവരാണ്. അപ്പോൾ ഞാനെങ്ങനെ താങ്കളുടെ കൂടെ അവളെ ഒറ്റയ്ക്ക് വിടും?"


ഒരല്പ നേരം ഞാൻ തല താഴ്ത്തി നിന്നു. ശരിയാണ്. എന്തൊക്കെ പറഞ്ഞാലും ഞാൻ ഒരന്യൻ മാത്രമാണ്. വെറും ഒരന്യൻ.  ആ ചിന്താഭാരത്തിനിടയിലും എൻറെയുള്ളിലെവിടെ നിന്നെന്നറിയാതെയൊരു ഊർജ്ജം നിറഞ്ഞു. ഞാൻ അബ്ബാസിൻറെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പതിയെ ചോദിച്ചു.


"അവളെൻറെ കൂടി സഹോദരിയല്ലേ അബ്ബാസ്?" 


അബ്ബാസിൻറെ മുഖത്തൊരു വിശാലമായ പുഞ്ചിരി വിടർന്നു. വളരെ ശാന്തമായ സ്വരത്തിൽ അബ്ബാസ് പറഞ്ഞു.


"ആദമിൻറെ സന്തതികളെല്ലാം... സകല മനുഷ്യരും സഹോദരീ സഹോദരന്മാരല്ലേ? അങ്ങനെയല്ലേ നമ്മൾ വിശ്വസിക്കുന്നത്. പക്ഷെ ആണിനും പെണ്ണിനുമിടയിൽ... നമ്മുടെ മതത്തിനും... ഞങ്ങൾ അറബികൾക്കും ശക്തമായ ചില അതിർ വരമ്പുകളുണ്ട്. നമ്മൾ ഹൃദയം കൊണ്ടുറപ്പിച്ച് വായ കൊണ്ട് പറയുന്ന ചില വാക്കുകളേക്കാൾ… അതിന് ശക്തിയുണ്ട്. അതല്ലാഹുവിൻറെ നിയമമല്ലേ? നിങ്ങളുടെ ഹൃദയവിശാലത ഞാൻ മനസ്സിലാക്കുന്നു. തീർച്ചയായും നിങ്ങളുടെ ഹൃദയം ചില്ലുകൂട്ടിൽ കത്തുന്നൊരു വിളക്ക് പോലെയെനിക്ക് കാണാം. ഞാൻ നന്ദിയുള്ളവനായിരിക്കും. എന്നും. ഇപ്പോഴും."


ഇനിയെന്ത് പറയണമെന്നറിയാതെ ഞാൻ പകച്ചുനിൽക്കെ അബ്ബാസ് തുടർന്നു.


"അവൾക്ക് വിവാഹപ്രായമായപ്പോൾ... വിവാഹമാലോചിച്ചുതുടങ്ങിയപ്പോൾ അവളൊരു ഉപാധിയെന്നോട് പറഞ്ഞിരുന്നു. ഞങ്ങളുടെ പിതാവിനോളം നല്ലൊരാളെ അവൾക്ക് വേണ്ടി കണ്ടുപിടിക്കാൻ. ഞങ്ങളുടെ ഉമ്മ മരിച്ചുപോയിട്ടും... അവരെ മാത്രം സ്നേഹിച്ച് ജീവിതം കഴിച്ച ഞങ്ങളുടെ പിതാവിനെക്കാളും നല്ലൊരാളെ കണ്ടെത്താൻ ഇന്നോളമെനിക്കായിട്ടില്ല. പക്ഷെ...."


അബ്ബാസ് ഒന്ന് നിർത്തി. ആ ചുണ്ടിലപ്പോഴുമുണ്ടായിരുന്നു വിശാലമായ ആ പുഞ്ചിരി. അദ്ദേഹമെന്താണ് പറയാൻ പോകുന്നതെന്ന ആകാംക്ഷയിൽ ഞാനാ മുഖത്തേക്ക് തുറിച്ചു നോക്കി.


"പക്ഷെ... ഇന്ന് ഞാനവൾക്ക് ചേർന്നൊരാളെ കണ്ടെത്തിയെന്ന് വിശ്വസിക്കുന്നു. ഞങ്ങൾ അറബികൾ... പെൺകുട്ടികളെ വേണോ എന്ന് അങ്ങോട്ട് ചോദിക്കാറില്ല. അത് ഞങ്ങളുടെ പെൺകുട്ടികളുടെ വില ഇകഴ്ത്തുന്നത് പോലെയാണ്. പകരം അവരെ ചോദിച്ച് ആഢ്യന്മാരായ മാന്യന്മാർ വരാരാണ് പതിവ്.  നിങ്ങളൊരു ആഢ്യനായ മാന്യനാണെന്ന് ഞാൻ വിശ്വസിക്കുന്നു."


എനിക്ക് ഒന്നും മനസ്സിലായില്ല. അബ്ബാസ് എന്താണ് ഉദ്ധ്യേശിക്കുന്നത്? എന്നെ ആ മജ്ലിസിലേക്ക് സ്വാഗതം ചെയ്ത വൃദ്ധനായ ഗ്രാമീണൻ എഴുനേറ്റു വന്നു. എൻറെ ചുമലിൽ അദ്ദേഹത്തിൻ്റെ വിറയ്ക്കുന്ന കൈകൾ വച്ചു. പിന്നെ അബ്ബാസിനെ നോക്കി പറഞ്ഞു.


"ഇതെൻറെ മകനാണ്. നിൻറെ സഹോദരിയെ  നീയിവന് കൊടുക്കുമോ?"


എൻറെ തല പെരുക്കുന്നത് പോലെ തോന്നി. ഇവിടെയിപ്പോൾ കാര്യങ്ങൾ എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്കൊരെത്തും പിടിയും കിട്ടിയില്ല. ഇല്ല. ഇതല്ല ഞാനുദ്ധ്യേശിച്ചത്. അബ്ബാസിനെന്തെങ്കിലും പറയാനാവുന്നതിൻറെ മുൻപേ ഞാൻ ചോദിച്ചു.


"അബ്ബാസ്... നിങ്ങളുടെ പിതാവ് മരിച്ചിട്ട് രണ്ടു ദിവസമെല്ലെയായുള്ളൂ. ആ വേദനയുടെ കണ്ണീർ നമ്മുടെയാരുടെ കവിളിലും ഉണങ്ങിയിട്ടില്ലല്ലോ?"


അബ്ബാസിൻറെ പുഞ്ചിരി മാഞ്ഞു. സ്വയം സമ്മതിക്കുന്ന പോലെ തലകുലുക്കിക്കൊണ്ടദ്ദേഹം പറഞ്ഞു. 


"ശരിയാണ് സഹോദരാ… ശരിയാണ്! നമ്മുടെയൊക്കെ ഹൃദയമിപ്പോഴും തേങ്ങുന്നുണ്ട്. സത്യമാണ്. പക്ഷെ... ജീവിച്ചിരിക്കുന്നവർക്ക് സ്വന്തം ജീവിതത്തോട് ഉത്തരവാദിത്വമില്ലേ? ഇന്ന് ഈ ചോദ്യം താങ്കളോട് ചോദിക്കിക്കാനെനിക്ക് കഴിഞ്ഞില്ലെങ്കിൽ പിന്നീടൊരിക്കലുമെനിക്കതിനാവില്ല. താങ്കളുടെ കൂടെയവൾ ഈ ഭൂമിയിലെവിടെയാണെങ്കിലും... സന്തോഷമായിരിക്കുമെന്നെനിക്കുറപ്പാണ്. എൻറെ പിതാവൊരു പക്ഷേ അതാഗ്രഹിച്ചിട്ടുണ്ടാകും. അല്ലെങ്കിൽ... അവൾക്കു വേണ്ടിയെന്നോട് സംസാരിക്കാൻ താങ്കൾക്ക് തോന്നില്ലായിരുന്നു. ഈ ഭൂമിയിൽ ജനിച്ചുവീഴുന്ന ഓരോ കുഞ്ഞിൻറെയും മാതാപിതാക്കളെ അല്ലാഹു നിശ്ചയിച്ചതാണ്. ആ ഒരു വിശ്വാസത്തിൽ തന്നെ ഞാൻ ചോദിക്കുന്നു. ഈ സമയമോ... അതിൻറെ അനൗചിത്യമോ ഞാൻ വകവെക്കുന്നില്ല. പറയൂ... എൻറെ സഹോദരിക്ക്.... താങ്കളവൾക്കെന്ത് മഹർ നൽകും?"


എനിക്ക്‌ ശ്വാസം വിലങ്ങുന്ന പോലെ തോന്നി. മഹറോ? അതിനു ഞാന്‍ അങ്ങിനെ കരുതിയിരുന്നില്ലല്ലോ? ഞാനങ്ങിനെ മോഹിച്ചിരുന്നില്ലല്ലോ? അലിയുടെ ഹൃദയത്തിൻറെ കഷ്ണമായ  അവളെ സ്വന്തമാക്കാൻ ഞാനാഗ്രഹിച്ചിട്ടില്ലല്ലോ? അതിനെനിക്കെന്താണ് യോഗ്യത? അവളൊരു നക്ഷത്രവും ഞാൻ വെറുമൊരു മഞ്ഞുതുള്ളിയും മാത്രമല്ലേ? ഇരുളടഞ്ഞ എൻറെ ഏകാന്തതയല്ലാതെ വേറെന്തുണ്ട് എൻറെ കയ്യിൽ? അതെല്ലാം പോട്ടെ. അവള്‍ക്കു സമ്മതമാവുമോ? അവൾക്കും സ്വപ്നങ്ങളുണ്ടാവില്ലേ? അതിനും വിലയുണ്ടല്ലോ? അവളുടെ വിദൂരസ്വപ്നത്തിൽ പോലും അനറബിയായ ഞാനുണ്ടാവില്ലല്ലോ? ഇല്ല ഇത് സമ്മതിക്കാൻ വയ്യ. 


അബ്ബാസ്… നിങ്ങളവളെ മുജാഹിദുകളുടെ ക്യാമ്പിലേക്കല്ല കൊണ്ട് പോകുന്നതെങ്കിൽ... ഞാനെത്ര സന്തോഷത്തോടെ നിങ്ങളെ യാത്രയയക്കുമായിരുന്നെന്നോ? ഇത് വേണ്ട അബ്ബാസ്. എനിക്ക് അലിയോടുള്ള സ്നേഹത്തിന്... ഇങ്ങിനെയൊരു വില വേണ്ട.  


ഇങ്ങിനെ പറയാനാണ് എൻറെ മനസ്സ് ആഗ്രഹിച്ചതെങ്കിലും, അത് പറയാനാണെനിക്കയില്ല. അതിനു മുൻപേ,  വാതില്‍വിരിക്കപ്പുറത്തു നിന്നും ഒരു നേർത്ത ശബ്ദമുയര്‍ന്നത്. 


"അബ്ബാസ്‌... വാദി റഹ്മയിലെ ചുവന്ന പൂക്കള്‍ കൊണ്ടൊരു മാല കെട്ടിത്തന്നാല്‍... അലിയുടെ മകള്‍ അതു കൊണ്ടു തൃപ്‌തയാണെന്നദ്ദേഹത്തോട് പറയൂ." 


എൻറെ കണ്ണുകൾ ഈറനണിഞ്ഞു. ഇതുവരെ എല്ലാം കേട്ടുകൊണ്ടവൾ ആ വാതിൽവിരിക്കപ്പുറത്തുണ്ടായിരുന്നോ? ഇനിയെന്താണ് ഞാൻ അബ്ബാസിനോട് പറയേണ്ടത്? എനിക്കെൻറെ വാക്കുകൾ നഷ്ടമായല്ലോ?


പടച്ചവനെ... മരുഭൂമി പോലെ വരണ്ടൊരു ജീവിതമല്ലാതെ എൻറെ കൈയിൽ പങ്കുവെക്കാൻ വേറൊന്നുമില്ലല്ലോ! ഒന്നും!   


കണ്ണുകള്‍ നിറഞ്ഞു. അതൊഴുകിക്കൊണ്ടേയിരുന്നു. നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് ചിരിക്കുന്ന അബ്ബാസിൻറെ മുഖം, കാഴ്ച മറയ്ക്കുന്ന കണ്ണീരിനിടയിലൊരു മിന്നായം പോലെ കണ്ടു. 


ഒരു മിന്നായം പോലെ!  


ശുഭം 😑


55 comments:

  1. വാദി റഹ്മ ഒരു വിനോദ സഞ്ചാര കേന്ദ്രമൊന്നുമല്ല. ഒരു സഞ്ചാരിക്കു കാണാന്‍ ഒന്നുമില്ലാത്ത കുഗ്രാമം. കര്‍ഷകരായ ഗ്രാമീണരില്‍ അതിസമ്പന്നരോ പരമ ദരിദ്രരോ ഇല്ല. ആടും ഒട്ടകവും എണ്ണത്തില്‍ കൂടുതലുള്ളവരാണ്‌ കൂടുതല്‍ സമ്പന്നര്‍. രാവിലെ പച്ചക്കറികളുമായി ദൂരെയുള്ള പട്ടണത്തിലേക്കു പോകും. വൈകുന്നേരമാവുമ്പോഴേക്കും തിരിച്ചെത്തും. കാര്‍ഷിക വേലയില്‍ സ്‌ത്രീകളും കുട്ടികളും പങ്കു ചേരുന്നു. കഴുതപ്പുറത്തു സഞ്ചരിക്കുന്ന കുട്ടികളേയും സ്‌ത്രീകളേയും എമ്പാടും കാണാം.

    ReplyDelete
  2. നല്ല കഥയാ കേട്ടോ. അഭിനന്ദനങ്ങള്‍.
    വായിച്ച് ആഹ്ലാദിച്ചു.
    ഒരുപാട് മനോഹര വാചകങ്ങള്‍ ഈ കഥയിലുണ്ട്.

    ReplyDelete
  3. വാദി റഹ്മ എന്ന പേര് തീരെ പരിചയമുണ്ടായിരുന്നില്ല

    ReplyDelete
    Replies
    1. വാദി റഹ്മ എന്നാല്‍ താഴ് വര!! തലക്കെട്ട് അങ്ങനെ തന്നെ മലയാളീകരിച്ചാല്‍ അനുഗ്രഹത്തിന്റെ താഴ്വര !!

      Delete
    2. വാദി റഹ്മ എന്ന് പറഞ്ഞാല്‍ കാരുണ്യ'വാദി'...

      Delete
  4. വളരെ നന്നായിട്ടുണ്ട് രചന, അവസാനിച്ചത് അല്പം അവിശ്വസനീയമായ രീതിയിലായിപ്പോയതൊഴിച്ചല്‍ .... അഭിനന്ദനങ്ങള്‍ ....

    ReplyDelete
  5. നീണ്ട കഥ, എങ്കിലും ഭാഷയുടെ ഒഴുക്ക് കൊണ്ട് വായനയില്‍ ഒട്ടും മുഷിപ്പ് തോന്നിയില്ല. മരുഭൂമിയില്‍ നന്മയുടെ ഉറവ പൊടിയുന്നത് കഥയിലൂടെ അനുഭവവേദ്യമാകുന്നു.

    ജബലുറഹ്മ വിശുദ്ധ മക്കക്കു അടുത്തു അറഫായിലല്ലേ. ആ സ്ഥലം പ്രസിദ്ധമാണല്ലോ. അപ്പോള്‍ ഇസ്രായേലിന്റെ ആക്രമണം അവിടെ എങ്ങിനെ. ഇനി സൌദിയുടെ ഏതെങ്കിലും അതിര്‍ത്തി പട്ടണത്തില്‍ എവിടെയെങ്കിലും അങ്ങിനെ ഒരു "ജബലുറഹ്മ" ഉണ്ടോ. കൂടാതെ കഥാ നായികയുടെ ഇടപെടല്‍ അറബ് സംസ്ക്കാരത്തിന്റെ, പൊതു ജീവിതത്തിന്റെ പതിവ് രീതികളോട് ഒട്ടും യോജിക്കാതെ പോയില്ലേ എന്നൊരു സംശയം.

    അല്പം കൂടെ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഈ ന്യൂനതകള്‍ ഒഴിവാക്കാമായിരുന്നു. ഇനി എന്റെ ഊഹങ്ങള്‍ തെറ്റാണെങ്കില്‍ ഈ കഥ അതി മനോഹരം എന്ന് തന്നെ ഞാന്‍ പറയുന്നു.

    ഒന്നു ഉറപ്പിച്ചു പറയാം. നല്ല കഥ പറയാനുള്ള സുന്ദരമായ ഭാഷ താങ്കള്‍ക്കുണ്ട്. മുകളില്‍ എച്ചുമു പറഞ്ഞ പോലെ ചില പ്രയോഗങ്ങള്‍ അതിനു അടിവരയിടുന്നു. ഭാവുകങ്ങള്‍.

    ReplyDelete
  6. കഥയുടെ ഒഴുക്ക് തന്നെയാണ് എന്നെയും മുഴുവനായി വായിപ്പിച്ച്ചത്. ആശംസകള്‍ അബൂതി.

    ReplyDelete
  7. വാദി റഹ്മയെക്കുറിച്ച് ഒന്നും അറിയില്ല. പക്ഷെ ഈ കഥയില്‍ നിന്ന് അവിടുത്തെ ഗ്രാമീണരുടെ നന്മ മനസ്സിലാവുന്നു. മനോഹരമായ ഒരു കഥ എന്ന് നിസ്സംശയം പറയാം 

    ReplyDelete
  8. നല്ല രസമുള്ള, സന്തോഷം തരുന്ന കഥ!

    ReplyDelete
  9. നന്നായി ന്നല്ല ; ഗംഭീരമായി ...... നല്ല ഒഴുക്കുള്ള എഴുത്ത് . വാക്കുകള്‍ തന്ന് ദൈവം നിങ്ങളെ അനുഗ്രഹിച്ചിട്ടുണ്ട് തീര്‍ച്ച ...
    ഇന്നിയും വരാം

    ReplyDelete
  10. ഇടയ്ക്കു വെച്ച് നിര്ത്താനേ തോന്നിയില്ല...മനോഹരം ആയ
    വാചക ഘടന .....നല്ല ഒഴുക്കോടെ വായിച്ചപ്പോള്‍ കഥയുടെ
    നീളം പോലും അറിഞ്ഞില്ല.....

    അഭിനന്ദനങ്ങള്‍ അബൂതി....ഒരു കാല ഘടതിന്റെയും ഒരു ജനതയുടെയും
    ഒരു ചരിത്രതിന്റെയും തിരു ശേഷിപ്പുകള്‍ ആയി ഇന്നും ആ ഗ്രാമവും
    അത് പോലെ അനവധി ഗ്രാമങ്ങളും.മനസ്സില്‍ സ്പര്‍ശിച്ച വാചകങ്ങള്‍ പലതുണ്ട്
    ഇതില്‍..അതില്‍ ഒന്ന്....എല്ലാ യുധങ്ങളും സ്ത്രീകളുടെ മേലുള്ള കടന്നു കയറ്റം
    ആണ്..
    (ഒരു തരിഅതില്‌ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍)....സത്യം....

    ReplyDelete
  11. കഥ നല്ല ഒഴുക്കോടെ പറഞ്ഞു... ഇഷ്ടായി

    ReplyDelete
  12. മനോഹരമായിരിക്കുന്നു... മനസ്സ് കുളിര്‍ത്തു.

    ReplyDelete
  13. ആഴത്തില്‍ വിലയിരുത്താനോന്നും അറിയില്ല. പകുതിക്ക് കുറച്ചു അലസമായി. വായിച്ചിരിക്കാന്‍ എനിക്കിഷ്ടമായി.

    ReplyDelete
  14. നീളം കൂടിയെങ്കിലും കഥ നന്നായിട്ടുണ്ട്. ഒഴുക്കോടെ അവതരിപ്പിച്ചു. അബസ്വരാശംസാസ്

    ReplyDelete
  15. മൊട്ടിൽ, ഇതളിൽ, ഇലകളിൽ...
    തായ്ത്തടികളിലും വേരിലും പൂക്കുന്നു
    പോരാട്ടവഴിയിലെ പേരറിയാ ശ്വേതവർണ്ണപ്പൂക്കൾ...
    പക്ഷേ,
    വാദി റഹ്മയിലിപ്പോൾ അനുരാഗപരിമളം,
    ഒരു തേന്മഴക്കോള്.....
    ഒരു ജീവിതപ്പകർച്ചയുടെ ഒഴുക്കാർന്ന പ്രതിപാദനം
    അഭിനന്ദനങ്ങൾ!

    ReplyDelete
  16. ഭാഷയുടെ ഒഴുക്ക് കൊണ്ട് വായനയില്‍ ഒട്ടും മുഷിപ്പ് തോന്നിയില്ല. മരുഭൂമിയില്‍ നന്മയുടെ ഉറവ പൊടിയുന്നത് കഥയിലൂടെ അനുഭവവേദ്യമാകുന്നു.

    ReplyDelete
  17. കൊള്ളാം നല്ല കഥ..... ആശംസകള്‍...,,,,

    ReplyDelete
  18. അനുഗ്രഹത്താഴ്വര

    ReplyDelete
  19. വാദി റഹ്മയെക്കുറിച്ച് ഈ നീണ്ട ഒട്ടും
    മടുപ്പില്ലാത്ത വായനയിലൂടെ അടുത്തറിഞ്ഞൂ
    ഈ നല്ല വരികൾക്കഭിനന്ദനം കേട്ടൊ ഭായ്

    ReplyDelete
  20. ഇതേ വാദി റഹ്മ മുമ്പും ആരുടെയോ പോസ്റ്റിലൂടെ വായിച്ചതായോര്‍മ്മ വരുന്നു. .ഒരു കഥയായല്ല ഞാനിതു വയിച്ചു തീര്‍ത്തത്,അത്രയും മുഷിപ്പില്ലാതെ ഒറ്റയിരുപ്പിനു വായിച്ചു തീരണമെങ്കില്‍ എന്താ മാസ്മരികത ഇതിനുണ്ട്.പ്രത്യേകിച്ചും കഥകള്‍ അധികം വായിക്കാനിഷ്ടപ്പെടാത്ത എന്നെപ്പോലുള്ളവര്‍ക്ക്. അഭിനന്ദനങ്ങള്‍...!

    ReplyDelete
  21. സുപ്രഭാതം..

    പേരെടുത്തു പറഞ്ഞ ഓരോ കഥാപാത്രങ്ങൾക്കും രൂപം തെളിഞ്ഞു വരുന്ന വായന നൽകി,
    വായിക്കുകയായിരുന്നില്ല ഞാൻ..കാണുകയായിരുന്നു..
    ആ നക്ഷത്ര പുഞ്ചിരി കാണാൻ എന്തു ഭംഗിയാണെന്നൊ..
    അവളിലൂടെ പെയ്തിറങ്ങിയ ഓരോ വരികളിൾക്കും ചുവന്ന പൂക്കളുടെ സൗരഭ്യം..
    ചിന്തകൾകൊണ്ടും മനസ്സു കൊണ്ടും പുതപ്പിക്കാൻ ആ ഗ്രാമത്തിനായി..
    നന്ദി ട്ടൊ..!

    ReplyDelete
  22. വാദി റഹ്മയിലെ ചുവന്ന പൂക്കള്‍ കൊണ്ടു മാലകെട്ടിയതുപോലെത്തന്നെ മനോഹരമായ ശൈലി.അലിയുടെ മകളെ മാത്രമല്ല ആരെയും തൃപ്തിപ്പെടുത്തുന്ന ഹൃദ്യമായ അവതരണം.മാനുഷികചിന്തകളും യുദ്ധതീവ്രതകളും സമന്വയിപ്പിച്ച കഥാസന്ദര്‍ഭങ്ങളുടെ പാശ്ച്ചാത്തലങ്ങള്‍ അപരിചിതമായതെങ്കിലും കഥയില്‍ അതൊരനുഭവം തന്നെയായി.
    പക്ഷേ, കഥാപാത്രങ്ങളുടെ ഭാവപ്രകടങ്ങളില്‍ അവിശ്വസനീയമായ ഭാവനകള്‍ കലര്‍ത്തിയത് പോലെ തോന്നി.
    അഭിനന്ദനങ്ങള്‍

    ReplyDelete
  23. പ്രിയപ്പെട്ട അഭൂതി ഒരെയുത്തുക്കാരന്‍ എന്തിനെ കുറിച്ച് പറയുന്നു എന്നല്ല ആരെ കുറിച്ച് പറയുന്നു എന്നല്ല എങ്ങനെ പറയുന്നു എന്നതാണ് പ്രധാനം , ഇവിടെ അഭൂതി അത്തരത്തില്‍ മികച്ച ഒരു രീതി തന്നെയാണ് അവലംഭിചിരിക്കുന്നത് . മികച്ച രചന എന്ന് ഇതിനെ ഞാന്‍ പറയുന്നു ഭാവുകങ്ങള്‍ സുഹൃത്തെ

    ReplyDelete
  24. വായിച്ചു തീര്‍ന്നപ്പോള്‍ ഇത് കഥയല്ല യാഥാര്‍ത്ഥ്യം തന്നെ ആയിരുന്നെങ്കില്‍ എന്ന് കൊതിച്ചു പോകുന്നു .ഒരു വല്ലാത്ത നിര്‍വൃതിയോടെ യാണ് വായിച്ചു തീര്‍ത്തത് ഒത്തിരി ഇഷ്ടായി കേട്ടോ ഒരു പ്രത്യേക ശൈലി ഉണ്ട് ഈ എഴുത്തിനു ഇനിയും എഴുതുക ഒത്തിരി നന്മയോടെ ഒരു കുഞ്ഞുമയില്‍പീലി

    ReplyDelete
  25. വാദി രഹ്മയില്‍ വിരിഞ്ഞ ആ ചുവന്നപൂവ് പോലെ ഹൃദ്ധ്യമായ എഴുത്ത് .യുദ്ധം തകര്‍ത്ത് എറിയുന്ന നല്ല മനുഷ്യരുടെ ജീവിതം കൃത്യമായി വരച്ചു കാണിക്കുന്നു .വായനക്കാരനെ മുഷിപ്പില്ലാതെ നിലനിര്‍ത്തുന്ന എഴുത്ത് തന്നെ ഗംഭീരം ......ആശംസകള്‍ .

    ReplyDelete
  26. മികച്ച രചന, വാദി റഹ്മയിലെ ചുവന്ന പൂക്കള്‍ കൊണ്ടു മാലകെട്ടിയതുപോലെ മനോഹരമായി.. മനസ്സ് കുളിര്‍ത്തു.

    ആശംസകള്‍

    ReplyDelete
  27. വായനാ സുഖം തന്ന നല്ല കഥ ...

    കഥയുടെ ദൈര്‍ഘ്യകൂടുതല്‍ ഒരു തരത്തിലും അലസോരപ്പെടുത്താത്ത മികച്ച എഴുത്ത്.

    ഇന്നൊരു വായനയുടെ വസന്തം തന്നെ ലഭിച്ചു. ആദ്യം റൈനിയുടെ ഒരു മികച്ച കഥ.
    ഇപ്പോള്‍ അബൂതിയുടെ സുന്ദരമായ കഥ. ബ്ലോഗ്ഗിടങ്ങില്‍ വഴിഞ്ഞൊഴുകുന്ന സര്‍ഗ്ഗശക്ത്തിയുടെ പ്രത്യക്ഷ ഉദാഹരണങ്ങളില്‍ ചിലതാണ് ഇത്തരം മികച്ച രചനകള്‍.

    ReplyDelete
  28. വളരെ നന്നായിട്ടുണ്ട്, ആശംസകള്‍...,,,,

    ReplyDelete
  29. ഹൃദയത്തെ തൊടുന്ന ഭാഷയിൽ പറഞ്ഞ മികച്ചൊരു കഥ.

    ReplyDelete
  30. ഒന്നും പറയാനില്ല.....
    അത്രയ്ക്ക് മികച്ചത്..

    ReplyDelete
  31. അതി മനോഹരമായ വരികളില്‍ ചമച്ചെടുത്ത കഥ. വളരെ സന്തോഷം ഇത് വായിക്കാനായതില്‍ .ഈ സമയമത്രയും ഞാനും അവരോടൊപ്പം വാദി റഹ്മയില്‍ ആയിരുന്നു. ആശംസകള്‍.

    ReplyDelete
  32. നന്നായി എഴുതി.... അഭിനന്ദനങ്ങൾ....

    ReplyDelete
  33. പാരായണക്ഷമത ഈ രചനയുടെ എടുത്ത് പറയേണ്ട മികവാണ്. നന്മയുടെ നറുമണം ചുരത്തുന്നതാണ് കഥാപാത്രങ്ങളുടെ ചിത്തവ്ര്‌ത്തികൾ. പക്ഷെ നേരത്തെ പ്ലാൻ ചെയ്തുവെച്ച ഒരു പരിസമാപ്തിയിലേയ്ക്ക് കഥയെ കരുതലോടെ കൈപിടിച്ച് കൊണ്ടുപോകുന്ന പ്രതീതി ന്യൂനതയായനുഭവപ്പെട്ടു. വലിയ കേൻവാസിൽ പറയേണ്ട ബ്ര്‌ഹത്തായൊരു പ്രമേയം ഒരു നീണ്ട കഥയിൽ ഒതുക്കിയപ്പോൾ ഉണ്ടായ പ്രശ്നമായിരിക്കാം അത്. അറബി ഗ്ര്‌ഹങ്ങളിലെ അന്ത:പുരസംസ്ക്കാരം ഈ കഥയിൽ പരാമർശിക്കപ്പെട്ടതിൽ നിന്ന് ഏറെ വിഭിന്നമാണെന്ന അക്ബറിന്റെ അഭിപ്രായവും പ്രസക്തമാണ്. ഏതായാലും മനോഹരമായ ഭാഷയിൽ എഴുതപ്പെട്ട ഈ കഥ ഗൌരവപൂർവ്വമായ വായന അർഹിക്കുന്നതാണെന്ന് കുറിക്കാൻ സന്തോഷമുണ്ട്. കൂടുതൽ രചനകൾ പ്രതീക്ഷിക്കുന്നു. ആശംസകൾ.

    ReplyDelete
  34. എഴുത്തിന്റെ മാന്ത്രികത മടുപ്പില്ലാത്ത വായനക്ക് കളമൊരുക്കി. ഒരു പാടിഷ്ടമായി

    ReplyDelete
  35. നല്ല കഥ.നന്നായി പറഞ്ഞു. ആശംസകള്‍

    ReplyDelete
  36. അവതരണത്തില്‍ മേന്മ പുലര്‍ത്തിയ കഥ. തുടക്കം ഒരു യാത്രാ വിവരണം പോലെ തോന്നി.. ആശംസകള്‍....

    ReplyDelete
  37. നന്നായിരിക്കുന്നു, ആസ്വദിച്ചു വായിച്ചു, നടക്കാന്‍ പോകുന്നതെന്തെന്നരിഞ്ഞിട്ടു പോലും, വായനക്ക് കോട്ടം തട്ടിയില്ല എന്ന് തന്നെ പറയണം. ഇഷ്ടപ്പെട്ടു, ആശംസകള്‍ !

    ReplyDelete
  38. വളരെ നല്ല കഥ, മനോഹരമായി നല്ല ഒഴുക്കോടെ പറഞ്ഞു. വീണ്ടും വരാം.

    ReplyDelete
  39. ബൂലോകത്ത് ഇത്രയും മനോഹരമായ കഥകള്‍ വരുന്നത് അപൂര്‍വ്വമായാണ് . ഒട്ടും മുഷിപ്പിക്കാതെ കയ്യടക്കത്തോടെ പറഞ്ഞ ഒരു കഥ ,ജബല് രഹ്മയില്‍ അശാന്തിയുടെ ഹെലികോപ്റ്റര്‍ ശബ്ദം മുഴങ്ങുമ്പോള്‍ വായനക്കാരന്‍റെ മനസ്സിലും അതെ തീവ്രത അനുഭവിപ്പിക്കാന്‍ കഥാകാരന് കഴിഞു എന്ന് പറയാം . ."യുദ്ധം പെണ്ണിന്റെ മേലേക്കുള്ള കടന്നു കയറ്റം കൂടിയാണ്‌." എന്നതു യുദ്ധത്തിന്റെ ഏറ്റവും വലിയ ഇരകളെന്നും കുട്ടികളും സ്ത്രീകളുമായിരിക്കും എന്ന നിരീക്ഷണത്തില്‍ നിന്നുമാകാം . യുദ്ധവും പ്രണയവും കുറച്ചു ഭാഗങ്ങളിലെങ്കിലും അനുഭവവുമൊക്കെയായി വായനക്കാരനെ പിടിച്ചിരുത്തുന്നതില്‍ ഏറെ വിജയിച്ച ഒരു കഥ .ആശംസകള്‍ .

    ReplyDelete
  40. ബൂലോകത്ത് കഥയുടെ പൂക്കാലം ആണിപ്പോള്‍ ,നിലവാരമുള്ള നിരവധി കഥകള്‍ പുറത്തിറങ്ങുന്നു ,അക്കൂട്ടത്തില്‍ ഒന്ന് കൂടി ,..അഭിനന്ദനങ്ങള്‍

    ReplyDelete

  41. ഏകാന്തതയും, ദുഃഖവും, യുദ്ധവും, പ്രണയവും ഒക്കെയുള്ള ഗ്രാമീണാന്തരീക്ഷത്തിൽ മെനഞ്ഞെടുത്ത ഈ കഥ പ്രതിപാദനരീതിയിൽ മുന്നിട്ടുനിൽക്കുന്നു. മനോഹരമായിരിക്കുന്നു. നിലാവത്തു കിടത്താതെതന്നെ


    ReplyDelete
  42. വളരെ അനുഭൂതി ദായകമായി എഴുതിയ കഥ അതീവ ഹൃദ്യമായ
    ഒരു വായന നല്‍കി. കഥയും ഭാഷയും നന്നായാല്‍ നീളം
    എത്ര കൂടിയാലും പ്രശ്നമില്ല എന്ന് ഈ കഥ തെളിയിക്കുന്നു
    വാദി റഹ്മയിലെ ഓരോ കഥാപാത്രവും നന്മയുടെ നേരുകലായി
    കണ്മുന്നില്‍ തിളങ്ങുന്നു.

    ReplyDelete
  43. അനുഗ്രഹത്തിന്‍റെ താഴ്വര വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു എല്ലാ ആശംസകളും !

    ReplyDelete
  44. അനുഗ്രഹത്തിന്റെ താഴ്വര ..വളരെ നന്നായിരിക്കുന്നു ... :)

    ReplyDelete
  45. ശിലകള്‍ക്ക്‌ പോലും മനുഷ്യനെ ആശ്വസിപ്പിക്കാനുള്ള കഴിവുണ്ടെന്ന് വാദി റഹ്മ ചുറ്റിക്കറങ്ങിയപ്പോള്‍ മനസ്സിലായി.
    വാക്കുകളുടെ ലാളിത്യം വായന സുഖമമാക്കി.

    ReplyDelete
  46. ദൈര്‍ഘ്യം കൊണ്ട് മടുപ്പുളവാകേണ്ടിയിരുന്ന ഈ കഥ അതിന്റെ മാസ്മരിക രചനകൊണ്ട് വശ്യമായി. വരികളോടൊപ്പം മനസ്സും കണ്ണുകളും കൂടെപ്പോന്നു. ജീവനുള്ള കഥാപാത്രങ്ങളായി തോന്നിപ്പിച്ചു.
    ആശംസകള്‍

    ReplyDelete
  47. ജോലി തിരക്ക്‌ കാരണം വൈകിയാണ് ഈ കഥ വായിക്കാന്‍ പറ്റിയത്.
    സത്യം പറയാലോ അബൂതി ഇത് വായിച്ചപ്പോള്‍
    ആ താഴ്വരയില്‍ എത്തിപെട്ട ഒരു അനുഭൂതിയാണ് അനുഭവപെട്ടത്‌.
    ആശംസകള്‍--

    ReplyDelete
  48. കുറെക്കാലമായി ബുക്മാര്‍ക്ക് ചെയ്തു വച്ചിട്ട് . ഇന്നാണ് വായിച്ചത് .റാഷിയുടെ കാരുണ്യവാദി ടയലോഗ് കണ്ടിരുന്നു . ഇടക്കിടക്ക് ഒരു ചിരിയുടെ അകമ്പടിയോടെ അത് വായില്‍ വരും .

    സൗന്ദര്യവും രാഷ്ട്രീയവുമുള്ള നല്ലൊരു പോസ്റ്റ്‌ . ഇഷ്ടമായി .

    ReplyDelete
  49. മനോഹരമായ കഥ. അക്ബറിക്ക പറഞ്ഞ സംശയങ്ങള്‍ എനിക്കും ഉണ്ടായിരുന്നു. എങ്കിലും സൌദിയെപറ്റി വലിയ ഗ്രാഹ്യമില്ലാത്തതുകൊണ്ടാവാം കഥാകാരന്‍ കല്പനികതയില്‍ മെനഞ്ഞ ഒരു ഗ്രാമമായെ എനിക്ക് തോന്നിയുള്ളൂ. സൌന്ദര്യം വഴിഞ്ഞൊഴുകുന്ന ഭാഷ.
    ആശംസകള്‍!!!!!!

    ReplyDelete