Tuesday, February 26, 2013

പ്രസവ പുരാണം!



മൂസാക്കാൻറെ രണ്ടാം ബീടര്‍ക്ക്‌ കന്നിപ്രസവത്തിന്റെ മുറവിളി തുടങ്ങിയത്‌, നിലാവോ നക്ഷത്രങ്ങളോ ഇല്ലാത്തൊരു ഇരുണ്ട രാവിൻറെ രണ്ടാം പദത്തിലാണ്. സൂര്യനസ്തമിച്ച് കഴിഞ്ഞാൽ പിന്നെ വീടിന് പുറത്തിറങ്ങാത്ത മൂപ്പക്ക്, വന്നു ഭവിച്ച ഹലാക്കിന്റെ ഔലുങ്കഞ്ഞി എന്നല്ലാതെ ഈ പേറ്റുപുരാണത്തെ വിശേഷിപ്പാന്‍ ഈരേഴു പതിനാലു ലോകത്തും പദങ്ങളൊന്നുമില്ല. അത്രയ്ക്കു കെങ്കേമമായിരുന്നു അതിന്റെ വിശേഷങ്ങള്‍!

ഒരു ഭാര്യയും പെൺമക്കളുമായി സുഖജീവിതം നയിക്കുന്നതിനിടയിൽ, ജാതകവശാൽ, ശിഷ്ടകാലം മോശമായൊരു സമയത്ത് കെട്ടേണ്ടി വന്നതാണ് ഒരു രണ്ടാം കെട്ട്. ഇന്നിപ്പോൾ, കാലവകാശം ഒന്നാം ബീടരും, കയ്യവകാശം രണ്ടാം ബീടരും പങ്കിട്ടെടുത്ത, പാവം മൂസാക്കാന്റെ അവസ്ഥ ഒസ്സാന്റെ കല്ലു പോലെയായി. കുഴിഞ്ഞ കവിളും കണ്ണും, ഉന്തിയ നെഞ്ചുമായി മൂസാക്ക ചലിക്കുന്നൊരു കങ്കാളമാണ്‌. എങ്ങിനെയിരുന്ന മനുഷ്യനായിരുന്നെന്നു നോക്കണം. സ്നേഹഭോജനത്തിലാക്ക്രാന്തം പിടിച്ച ഭാര്യമാര്‍ തരാതരത്തിന്‌ അദ്ദേഹത്തിന്റെ ഊര്‍ജവും ഓജസുമൊക്കെ പാനം ചെയ്‌തു കഴിഞ്ഞിരിക്കുന്നു. ഇപ്പോഴദ്ദേഹം രണ്ടാമതൊരു പെണ്ണു കൂടി കെട്ടാന്‍ പൂതി മൂത്തു നടക്കുന്ന നാട്ടിലെ കാക്കാന്‍മാര്‍ക്കൊക്കെ നല്ലൊന്നാന്തരമൊരു താക്കീതാണ്‌.

എന്നാല്‍ ഇതിപ്പേള്‍ മൂപ്പരു പിടിച്ചിരിക്കുന്നത്‌ നല്ലൊന്നാന്തരം മൂര്‍ഖനെ തന്നെയാണ്‌. ഈ പേറ്റു നോവെടുത്ത്‌ അട്ടം നോക്കി കരയുന്ന രണ്ടാം ബീടരെ ഒന്നാശുപത്രിയില്‍ കൊണ്ടു പോകണം. എങ്ങിനെ കൊണ്ടു പോകും? മുറ്റത്ത്‌ സ്വന്തമായൊരു ഓട്ടോറിക്ഷയുണ്ട്‌, പക്ഷെ അതോടിക്കാനറിയില്ല. അതോടിക്കുന്നവൻറെ വീട്‌ മുള്ളമ്പാറ അങ്ങാടിയിലാണ്‌. അങ്ങോട്ടു പോകുന്ന വഴിക്കാണ്‌ ആശാരിമാരുടെ ശവപ്പറമ്പ്‌. കഴുത്തില്‍ കയറിട്ട്‌ കെട്ടി വലിച്ചാലും മൂസാക്ക ഇന്നേരത്ത്‌ ആ വഴി പോകില്ല. അവസാനം അയല്‍വാസിയായ ഷറഫുദ്ധീനെ വിളിക്കാം എന്ന തീരുമാനത്തിലെത്തി. അങ്ങിനെ വഴിയില്‍ വച്ചൊരു കീടാണുവിനെ പോലും കണ്ടു മുട്ടരുതേ എന്നു പ്രാര്‍ത്ഥിച്ചു കൊണ്ട്,  ഒരടി മുന്നോട്ടു നടന്നാല്‍ അഞ്ചു പ്രാവിശ്യം തിരിഞ്ഞു നോക്കി മൂസാക്ക ഒരു വിധം ഷറഫുദ്ദീന്റെ വീട്ടിലെത്തി.

ഒന്നരയിഞ്ചിൻറെ ഇരുമ്പാണി സല്‍ഫ്യൂരിക്കാസിഡില്‍ മുക്കിയെടുത്തതിനു സമം ശരീര പ്രകൃതമുള്ള ഷറഫുദ്ധീന്‍ ഉറക്കത്തിലഴിഞ്ഞു പോയ മുണ്ട്‌ ഉടുക്കണോ വേണ്ടയോ എന്നൊരു ചിന്താശണ്‍ഠയോടു കൂടിയാണ്‌ മൂസാക്കാൻറെ മുമ്പിലെത്തിയത്‌. ആ മഹാ അന്ധകാരപ്രളയത്തില്‍ മൂസാക്കയെ ഒറ്റക്കു കണ്ട അവൻറെ കണ്ണുകള്‍ ബലിഷ്ട കരങ്ങളില്‍ കഴുത്തു പെട്ട ദുര്‍ബലൻറെ കണ്ണുകള്‍ പോലെ തുറിച്ചു വന്നു. എങ്ങിനെ തുറിക്കാതിരിക്കും? ആളു മൂസാക്കയാണ്‌. പള്ളിയുടെ ഒതുക്കിറങ്ങുമ്പോള്‍ നരന്തു പോലൊരു ചെക്കന്‍, "മൂസാക്കാൻറെ കാലിന്റെ ചോട്ടിലൊരു പാമ്പ്‌" എന്നൊന്നു തമാശക്ക്‌ പറഞ്ഞതാണ്‌. മൂന്നു ദിവസമാണ്‌ മൂപ്പര്‌ കൊരമ്പാശുപത്രിയുടെ ഐസിയുവില്‍ അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ കിടന്നത്‌. അങ്ങിനെയുള്ള മൂപ്പരൊറ്റക്ക്‌ ഇരുട്ടത്ത്‌ എന്തൊക്കെയോ ഓതിപ്പറഞ്ഞു കൊണ്ടു നില്‍ക്കുന്നു.

ഷറഫുദ്ദീനെ കണ്ടപ്പോള്‍ മൂസാക്കാന്റെ മുഖം തെളിഞ്ഞു. ഒറ്റശ്വാസത്തില്‍ സംഗതി പറഞ്ഞു. അതേ വേഗതയോടെ ഷറഫുദ്ദീന്‍ തനിക്കോട്ടോ ഓടിക്കാനറിയില്ല എന്നും പറഞ്ഞു. സാരമില്ല, നമുക്ക്‌ ചെതലിനെ വിളിക്കാമെന്നു ഷറഫുദ്ദീന്‍ പറഞ്ഞപ്പോഴാണ്‌ മൂസാക്കാക്ക്‌ വിലങ്ങനെ വീണ ശ്വാസമൊന്നു നേരെ വീണത്‌. ചിതലെന്ന പേരിനെ സാക്ഷ്യപ്പെടുത്തുന്ന ശരീരവടിവുള്ള ഷെരീഫ്‌ അങ്ങിനെ ആ ആപത്ഘട്ടത്തിൽ മൂസാക്കായുടെ ഓട്ടോറിക്ഷയുടെ സാരഥിയായി. എല്ലാവരും കൂടി നമ്പലം പിടിച്ചവളേയും കൊണ്ട്‌ മഞ്ചേരിയിലെ ഒരു സ്വകാര്യാശുപത്രിയിലെത്തി.

ലേബര്‍ റൂമിന്റെ മുമ്പില്‍ അന്തോം കുന്തോമില്ലാതെ നില്‍ക്കുമ്പോളൊരു നയ്സ്‌ വന്നു. നബീസാൻറെ കൂടെ വന്നതാരാ?  ചോദ്യം കേട്ടാല്‍ തല്ലാനാണെന്നു തോന്നും. ഞാനാണെന്നു പറഞ്ഞു മുന്നോട്ടു ചെന്ന മൂസാക്ക ഓപ്പറേഷന്‍ വേണ്ടി വരും, ചോര വേണം, B+ എന്ന നയ്സിന്റെ പ്രഖ്യാപനം കേട്ടപ്പോള്‍ "അന്തം വിട്ടായിച്ചാത്ത" ജിന്നു കേറി നിൽക്കുന്ന പോലൊരു നിര്‍ത്തം നിന്നു. മുട്യാങ്കാലത്ത്‌ മുച്ചീര്‍പ്പന്‍ കൊലച്ച പോലായായല്ലൊ. പടച്ചോനേ, ഇനിയെന്തു ചെയ്യുമെന്ന ചിന്തയോടെ അറിഞ്ഞോ അറിയാതെയോ അദ്ദേഹം നോക്കിയത്‌ ഷറഫുദ്ധീന്റെ മുഖത്തേക്കായിരുന്നു. അവന്‍ മൂസാക്കയെ തുറിച്ചൊരു നോട്ടം. ദുഷ്ടാ; നട്ടപ്പാതിരാ നേരത്ത്‌ വിളിച്ചോണ്ടു വന്നിട്ട്‌ ചോരയൂറ്റാന്‍ നോക്കുന്നോ എന്നൊരു ചോദ്യം ആ നോട്ടത്തിലുണ്ടായിരുന്നു. അവിടെ വല്ല്യ പ്രതീക്ഷയില്ലെന്ന് കണ്ടപ്പോള്‍ ഷെരീഫിനെ നോക്കി. ആ നോട്ടം പ്രതീക്ഷിരുന്ന ഷെരീഫ്‌, പിന്നേ; കൊതുക്‌ പോലിരിക്കുന്ന എന്റെ മേത്തല്ലേ ചോര? എന്നൊരു ചോദ്യം ചോദിക്കാതെ ചോദിച്ച്‌ മെല്ലെ അവിടെ നിന്നും പുറത്തേക്ക്‌ സ്ക്കൂട്ടി. ഒന്നാം ബീടരെ മൂസാക്ക നോക്കിയില്ല. മൂട്ടയ്ക്കു പോലും ഒരു തുള്ളി ചോര കൊടുക്കാത്തോളാണ്‌. പിന്നെയല്ലേ സപത്നിക്ക്‌?

അല്ല.. മൂസാക്കാക്ക്‌ കൊടുത്തൂടെ എന്ന ഷറഫുദ്ധീന്റെ ചോദ്യത്തിന്‌ ഒരല്‍പ്പം ദേഷ്യത്തോടെ ഇന്റേത്  A+ ആണ്. ഓള്‍ക്ക്‌ മാണ്ട്യേത്‌ B+ല്ലേ മൊയന്തേ എന്നൊരു മറു ചോദ്യം മൂസാക്ക ചോദിച്ചു. ഷറഫുദ്ധീന്‍ മനസ്സില്‍ പറഞ്ഞു. ഊം A പോസീറ്റാവാണ്‌. വെറുതല്ലെ രണ്ടെണ്ണം കെട്ട്യേത്‌. അവൻറെ ഓര്‍മയില്‍ വട്ടക്കൂറ ശങ്കരന്‌ ആക്സിഡന്റായപ്പോള്‍ B+  രക്‌തം കൊടുത്ത തല്‍ച്ചക്ക്രം കുഞ്ഞാപ്പുവിൻറെ മുഖം തെളിഞ്ഞു വന്നു. ഒരഞ്ഞൂറു ഉറുപ്പ്യ കൊടുത്താ സംഗതി നടക്കും. അങ്ങിനെ B+ ചോരക്കായി തല്‍ച്ചക്രം കുഞ്ഞാപ്പാനെ തേടി, ആശുപത്രിയില്‍ നിന്നും മുള്ളമ്പാറയിലേക്ക്‌ പോകുന്ന പോക്കില്‍, നര്‍ത്തകി തീഴേറ്ററിൻറെ  അടുത്തെത്തിയപ്പോഴാണ്‌ ചിതല്‍ അന്നേരത്ത്‌ അവനെയേറ്റവും ഭീതിപ്പെടുത്താന്‍ പോന്ന ആ കാഴ്ച്ച കണ്ട്‌ ഞെട്ടിയത്‌.

നര്‍ത്തകിക്കപ്പുറത്ത്‌ നിര്‍ത്തിയിട്ട പോലീസ്‌ ജീപിനടുത്ത്‌ വട്ടം കൂടി നില്‍ക്കുന്ന പോലീസുകാര്‍! ചെക്കിംഗാണ്‌! ആ വകയില്‍ പൊലീസുകാര്‍ ഓട്ടോയ്ക്ക്‌ കൈകാണിക്കുന്നത്‌ കൂടി കണ്ടപ്പോള്‍ ചിതലിന്റെ സപ്‌ത നാഡികളും തളര്‍ന്നു പോയി. കുറുനരിയുടെ ഓരിയിടല്‍ പോലുള്ള അവന്റെ നിലവിളി കേട്ടപ്പോള്‍ സംഗതിയെന്താണന്വേഷിച്ച മൂസാക്കാനോടവന്‍ പറഞ്ഞത്‌ തനിക്ക്‌ ലൈസന്‍സില്ല എന്നായിരുന്നു. ഷറഫുദ്ധീനാണ്‌ നര്‍ത്തകിക്കു പിറകിലെ ഈടു റോഡിലേക്കു ചൂണ്ടിക്കൊണ്ട്‌ ഇതിലെ വിട്ടോ എന്നവനോടു പറഞ്ഞത്‌. വിനാശകാലേ വിപരീത ബുദ്ധി എന്നല്ല അതിനൊന്നും പറയേണ്ടത്‌. വിനാശകാലേ വിശേഷ ബുദ്ധി എന്നാണ്‌. അവരുടെ മുമ്പിലപ്പോള്‍ വിനാശ കാലം പുഞ്ചിരി തൂവി നില്‍ക്കുന്നുണ്ടായിരുന്നു.

അരമിനിറ്റു പോലുമായില്ല. ഓട്ടോ ഫുള്‍സ്പീഡില്‍ ചീറിപ്പാഞ്ഞു പോകുമ്പോള്‍ സൂര്യനുദിച്ച പോലെ അവിടമാകെ പ്രകാശ പൂരിതമാക്കിക്കൊണ്ട്‌ അവരുടെ പിന്നിലൊരു ജീപ്പിൻറെ ഹെഡ്‌ലൈറ്റ്‌ തെളിഞ്ഞു. അടുത്ത ഏതാനും സെകന്റുകള്‍ക്കുള്ളില്‍, മനോഹരന്‍ വക്കീലിന്റെ വീടിന്റെ മുമ്പില്‍ വച്ച്‌ സിനിമാ സ്റ്റൈലില്‍ പോലീസ്‌ ജീപ്പ്‌ അവരുടെ കുറുകെ വട്ടം നിന്നു. ചടപടാന്ന്‌ ചാടിയിറങ്ങിയ പോലീസുകാരിലൊരാള്‍ ഓട്ടോയുടെ മുന്നില്‍, അപ്പോഴേക്കും ഉടുമുണ്ട്‌ നനച്ചു കഴിഞ്ഞിരുന്ന ചിതലിനെ പിടിച്ചു വലിച്ച്‌ ഓട്ടോയ്ക്ക്‌ വെളിയിലിട്ട്‌ മുഖമടച്ച്‌ ഒരടി. അവൻറെ കണ്ണുകളില്‍ പൂത്തിരി, കമ്പിത്തിരി, മത്താപ്പ് എന്നിവയൊക്കെ നന്നായി മിന്നി. വലത്തെ ചെവിയില്‍ തീവണ്ടിയുടെ കൂവലും, ഇടത്തെ ചെവിയില്‍ ആനയുടെ ചിന്നം വിളിയും ഒരുമിച്ചു കേട്ടു. ആത്മാവു പോലും കെട്ടു പോവുന്നൊരു തെറിയുടെ അകമ്പടിയോടെ പോലീസുകാരന്‍ എന്തിനാടാ ഞങ്ങളെ കണ്ടപ്പോള്‍ മുങ്ങിയതെന്നു ചോദിച്ചു. പാവം ചിതല്‌, പത്തു വയസ്സ്‌ അപ്പോഴേ നഷ്ടപ്പെട്ടിരുന്നു. ഈ സമയം ഷറഫുദ്ദീന്‍ മെല്ലെ ഓട്ടോയുടെ പുറത്തേക്കിറങ്ങി. അവൻറെ അടുത്തേക്കു വന്ന പോലീസുകാരൻറെ എവിടെ പോയിരുന്നെടാ എന്ന ചോദ്യത്തിന്‌ ഷറഫുദ്ദീന്‍ ആശുപത്രിയിലേക്കെന്ന മറുപടി പറഞ്ഞു. പോലീസുകാരന്‍ ജില്ലാ ആശുപത്രിയുടെ ഭാഗത്തേക്ക്‌ കൈ ചൂണ്ടി അതിനാശുപത്രി ഇവിടല്ലേടാ എന്നു ചോദിച്ചപ്പോള്‍ ഷറഫുദ്ദീന്‍ അല്ല, ഞങ്ങള്‍ ബ്രൈറ്റിലേക്കാ പോയെതെന്നു പറഞ്ഞ്‌ നേരെ എതിര്‍ വശത്തേക്ക്‌ കൈ ചൂണ്ടി. പോലീസുകാരനൊന്നു അമര്‍ത്തി മൂളി. ഊം.. ആര്‍ക്കാ അസുഖം?

ഇയാള്‍ക്ക്‌. ഷറഫുദ്ദീന്‍ അപ്പോഴും ഓട്ടോയുടെ അകത്ത്‌ ആലില പോലെ വിറച്ചിരിക്കുന്ന മൂസാക്കാൻറെ നേരെ കൈചൂണ്ടി. ഓട്ടോയിലേക്ക്‌ നോക്കി പോലീസുകാരന്റെ ചോദ്യം. ഇനി ആനയും അമ്പാരിയും വേണോടാ, റാസ്ക്കള്‍, നിനക്കിങ്ങോട്ടിറങ്ങാന്‍? മൂസാക്ക ചാടിയിറങ്ങി. പോലീസുകാരന്‍ നോക്കുമ്പോള്‍ അയാള്‍ക്കൊരു കുഴപ്പവും ഇല്ല. ഷറഫുദ്ദീൻറെ തോളില്‍ പിടിച്ച്‌ സ്വന്തം കൈപാട്ടിലേക്ക്‌ മാറ്റി നിര്‍ത്തി പോലീസുകാരന്‍ ചോദിച്ചു. ഇയാള്‍ക്കെന്താണാവോ അസുഖം? ഷറഫുദ്ദീന്‌ ആലോചിക്കാനൊന്നും ഉണ്ടായിരുന്നില്ല.

പ്രസവ വേദനയെടുത്തിട്ട്‌ വന്നതാ!!!!!

പോലീസുകാരന്‍ മൂസാക്കാന്റെ മുഖത്തേക്കൊന്ന്‌ നോക്കി. പിന്നെ ഷറഫുദ്ദീന്റെ നേരെ കയ്യോങ്ങിക്കൊണ്ട്‌ ദേഷ്യത്തോടെ ചോദിച്ചു.

ആളെ കളിയാക്കുന്നോടാ നായിൻറെ മോനെ? നിന്റെയൊക്കെ വീട്ടില്‍ തന്തമാരാണോടാ പെറ്റുകൂട്ടുന്നത്‌? പേടിച്ചു പോയ ഷറഫുദ്ദീന്‍ തലക്കു മുകളില്‍ കൈ വച്ച്‌ ചെമ്മീന്‍ പോലെ വളഞ്ഞ്‌, പൂച്ച കരയുന്നതു പോലൊരു ശബ്ദമുണ്ടാക്കി. പേടിയോടെയാണെങ്കിലും മൂസാക്കയാണു പറഞ്ഞത്‌.

സാറെ. ന്റെ ഭാര്യക്കാ വേദന!

എന്തിനാ വണ്ടി നിര്‍ത്താതെ പോയത്‌?

അതോന്‌ ലൈസന്‍സില്ലാന്ന്‌ പറഞ്ഞപ്പോ..

ആരുടെ വണ്ടിയാ?

ഇൻറെ വണ്ട്യാ...

എതായാലും സ്റ്റേഷനിലൊന്ന്‌ വന്ന്‌ ഒരൊപ്പൊക്കെ ഇട്ട്‌ പോവാം. ന്തേ?

സാറെ.. ൻറെ ഭാര്യക്ക്‌ ഓപ്പറേഷന്‍ മാണം. ചോരക്ക്‌ പോണ പോക്കാണ്‌.

മര്യാദക്ക്‌ വണ്ടീ കേറെടാ,,.. പോലീസുകാരനൊരലര്‍ച്ചയായിരുന്നു. നിമിഷ നേരം പോലും വേണ്ടി വന്നില്ല മൂവരും പോലീസ്‌ ജീപ്പിലേക്ക്‌ ചാടിക്കയറി. ജീപ്പ്‌ നീങ്ങിത്തുടങ്ങിയപ്പോള്‍ ഒരു പോലീസുകാരന്‍ ഓട്ടോ ഓടിച്ച്‌ പിറകെ വന്നു. സ്റ്റേഷനിലെത്തി. മൂസാക്കാക്ക്‌ മുട്ടിടിക്കുന്നുണ്ടായിരുന്നു. നോക്കുമ്പോള്‍ ചിതലുണ്ട്‌ കോമരം തുള്ളുന്ന പോലെ വിറക്കുന്നു. ഷറഫുദ്ദീന്‌ ഭയാധിക്യം കാരണമാണെന്ന്‌ തോന്നുന്നു, മുഖം കല്ലില്‍ കൊത്തിവച്ച പോലെ നിര്‍വികാരമായിട്ടുണ്ട്‌. അവര്‍ സ്റ്റേഷനിലെത്തി ഒരു മിനിറ്റു പോലും ആയില്ല. അപ്പോഴേക്കും ഒരു ജീപ്പ്‌ വന്നു നിന്നു. സിവില്‍ ഡ്രസ്സ്‌ ധരിച്ചൊരു മാന്യന്‍ അതില്‍ നിന്നും ചാടിയിറങ്ങി. അതു സിഐ ആയിരുന്നു. പിന്‍ഭാഗത്തു നിന്നും രണ്ടു പോലീസുകാര്‍ രണ്ടു പേരെ പൂച്ചക്കുട്ടിയെ പിടിച്ച പോലെ കുപ്പായത്തിന്റെ കോളര്‍ പിറകില്‍ നിന്നും ചുരുട്ടിപ്പിടിച്ച നിലയില്‍ കൊണ്ടു വന്നു. അവര്‍ രണ്ടു പേരുടേയും കയ്യില്‍ ഓരോ ചെറിയ കടലാസു കെട്ടുകള്‍ ഉണ്ടായിരുന്നു. സ്റ്റേഷന്റെ അകത്തേക്കു അവരെ കയറ്റേണ്ട താമസം, കൊണ്ടു വന്നവരിലൊരുത്തനെ വളച്ചു നിര്‍ത്തി മുതുകത്ത്‌ മുട്ടു കൈ കൊണ്ട്‌ സിഐ രണ്ടിടി. ആ രംഗം കണ്ടതോടെ മൂസാക്ക തന്റെ ഭാര്യക്ക്‌ പ്രസവ വേദനായാണെന്നോ, താനിപ്പോള്‍ രക്‌തം സംഘടിപ്പിക്കാന്‍ വന്നതാണെന്നോ ഉള്ള കാര്യമൊക്കെ അങ്ങ്‌ മറന്നു.

നീ പോലീസുകാരോട്‌ നിയമം പറയും അല്ലേടാ മൈ--?

സിഐ ചോദിക്കുമ്പോള്‍ രണ്ടുപേരില്‍ മറ്റവന്‍ അമ്പലത്തില്‍ ചെന്ന പോലെ കൈകൂപ്പി നില്‍ക്കുകയാണ്‌. തന്റെ കൂടെ കൊണ്ടു വന്നവനെ സിഐ ലാളിക്കുന്നത്‌ കണ്ടപ്പോള്‍ ആ മുഖത്ത്‌ സന്തോഷം പരന്നു. അതധിക നേരം നീണ്ടു നിന്നില്ല. കുനിച്ചു നിര്‍ത്തിയവനെ വിട്ട്‌ സിഐ അവന്റെ നേരെ തിരിഞ്ഞു. മഞ്ചേരി ബസ്റ്റാന്റ് നിന്റെ തന്തന്റെ വകയാണോടാ നായിന്റെ മോനെ എന്നായിരുന്നു ചോദ്യം. അവനെന്തോ പറയാന്‍ തുനിഞ്ഞതാണ്‌. പ്ലക്കേന്നടി വീണു. അടിക്കല്ലേ സാറേ എന്നൊരു നിലവിളിയോടെ അവന്‍ സിഐയുടെ മുമ്പില്‍ സാഷ്ടാംഗം വീണു. ഇതെല്ലാം കണ്ട മൂസാക്കയുടേയും കൂട്ടരുടേയും അവസ്ഥ നഞ്ഞു കലക്കിയ കുളത്തിലെ മത്സ്യങ്ങളുടെ അവസ്ഥ പോലെയായിരുന്നു. ചങ്കില്‍ കേറി ഇടിക്കുന്ന ഹൃദയവുമായി തങ്ങളെ ശ്രദ്ധിക്കാതെ പുതുതായി കിട്ടിയ രണ്ടിരകളെ ഓഹരി വെക്കാന്‍ വട്ടം കൂടിയ പോലീസുകാരെ നോക്കി അവരവിടെ നിന്നു. നടയടി കഴിഞ്ഞപ്പോള്‍ സിഐ ഒന്നാമനോടു ചോദിച്ചു.

നീയെന്തിനാടാ ഇവന്റെ പോസ്റ്ററിന്റെ മുകളില്‍ നിന്റെ മൂലക്കുരുവിന്റെ പോസ്റ്ററൊട്ടിച്ചത്‌?

കണ്ണുമിഴിച്ചു കൊണ്ടവന്‍ പറഞ്ഞു. അല്ല സാറേ, എന്റെ പോസ്റ്ററിന്റെ പുറത്ത്‌ ഇവനാ പോസ്റ്ററൊട്ടിച്ചത്‌. സിഐ മറ്റവനെ നോക്കി. അല്ലെന്നര്‍ത്ഥത്തില്‍ അവന്‍ തലയാട്ടി. എന്തെങ്കിലുമൊന്നു പറയാനാവാതെ കുഴങ്ങിയ അവന്‍ അപരന്റെ നേരെ കൈ ചൂണ്ടുന്നുണ്ടായിരുന്നു. കഥകളി കാണിക്കുന്നോടാ? സിഐ അവന്റെ നേരെ ഒന്നു മുരണ്ടു. അവന്റെ പാതി ജീവന്‍ അപ്പോള്‍ തന്നെ പോയിട്ടുണ്ടാവും. എന്തോന്നാ നിന്റെ പരിപാടി എന്ന സിഐയുടെ ചോദ്യത്തിന്‌ സാറെ, ഇവന്‍ മറ്റവനാ, ലൈംഗീകം! എന്നു മറുപടി പറഞ്ഞത്‌ അവനെ തൂക്കിപ്പിടിച്ചോണ്ടു വന്ന പോലീസുകാരനാണ്‌. ആഹാ, നീ വെടിമരുന്നിന്റെ കച്ചവടക്കാരനാണല്ലെ എന്നു പറഞ്ഞു സിഐ അവനെ പിടിച്ചു വളച്ചു നിര്‍ത്തി മുട്ടുകാലു കൊണ്ട്‌ താഴെ നിന്നും മുട്ടുകൈ കൊണ്ട്‌ മേലെ നിന്നും ചെറുതായൊന്നു സേവിച്ചു. ആ സേവ കണ്ടപ്പോള്‍ തല ചുറ്റിയ മൂസാക്ക വീഴാണ്ടിരിക്കാന്‍ ഒരു കൈ കൊണ്ട്‌ ഷറഫുദ്ദീന്റെ തോളില്‍ അള്ളിപ്പിടിച്ചു.

ഒരാള്‌ മൂലക്കുരു സ്പെഷലിസ്റ്റ്‌. ഒരുത്തന്‍ ലൈംഗീകരോഗ വിദഗ്ധന്‍. സ്വന്തമായി മരുന്നുണ്ടാക്കി, സ്വന്തമായി ചികിത്സിക്കുന്നു! സ്വന്തമായി പോസ്റ്ററൊട്ടിക്കുന്നു! എന്നിട്ട്‌ രാത്രി സമയത്ത്‌ ബസ്റ്റാന്റില്‍ കിടന്ന്‌ പോസ്റ്ററിന്റെ പേരും പറഞ്ഞ്‌ തല്ല്‌! നിന്നെയൊക്കെ ഏതു കുരുപ്പാടാ ഡോക്റാക്കിയത്‌? നീയൊക്കെ ഏതു മെഡിക്കല്‍ കോളേജിലാടാ പഠിച്ചത്‌?

സിഐ നല്ല ചൂടിലാണ്‌. ലൈംഗീകം കൈ കൂപ്പിക്കൊണ്ടു പറഞ്ഞു. സാറെ ഞാന്‍ യൂനാനിയാണ്‌.

യൂനാനി.. നിന്റമ്മേടെ യോനാനിയാണ്‌. സത്യം പറയെടാ, നിനക്ക്‌ ചികിത്സിക്കാനറിയോ? സിഐ ചോദിച്ചപ്പോള്‍ ഒരലങ്കാരത്തിനു വേണ്ടിയാണെന്നു തോന്നുന്നു ഒരു കോണ്‍സ്റ്റബിള്‌ അവന്റെ പിരടിക്ക്‌ ഒരടി കൊടുത്തു.

അറിയാം സാറെ.

എന്തിനൊക്കെ ചികിത്സിക്കും? ഇവന്റെ പോസ്റ്ററെവിടെ? സിഐ ചോദിച്ചപ്പോള്‍ ഒരു പോലീസുക്കാരന്‍ പോസ്റ്ററെടുത്തു കൊടുത്തു. അതിവേഗം അതൊന്നു വായിച്ചു നോക്കി സിഐ. രൂക്ഷമായൊരു നോട്ടം നോക്കി. എയിഡ്സിനല്ലാതെ മറ്റെല്ലാ സംഗതിക്കും നിന്റടുത്തു മരുന്നുണ്ടല്ലോടാ. സമയം കൂട്ടാന്‌, പിന്നെയും കൂട്ടാന്‌, വണ്ണം കൂട്ടാന്‌, നീളം കൂട്ടാന്‌, പിന്നെ ഒരു നൂറു രോഗങ്ങള്‍ക്കും പരിഹാരം. നീയാരെടാ? കാമദേവന്റെ കൊച്ചു മോനൊ?

സിഐ അവനെ നോട്ടം കൊണ്ടു ദഹിപ്പിക്കുമ്പോള്‍ മൂസാക്കാനോട്‌ ഷറഫുദ്ദീന്‍ രഹസ്യമായി ചോദിച്ചു.

അല്ല മൂസാക്കാ, ഈ വലിപ്പം കൂട്ടാനൊക്കെ മരുന്നുണ്ടോ?

മൂസാക്കയുടെ കാലിന്റെ അടിയില്‍ നിന്നൊരു സാധനം ഉരുണ്ടു പിടഞ്ഞ്‌ മേലോട്ടു കേറി. തിന്നാനെന്ന വണ്ണം അദ്ദേഹം ഷറഫുദ്ദീനെ നോക്കി. ബലാലിന്‌ നീളം കൂട്ടാന്‍ കണ്ട ഒരു സ്ഥലം? അതും പോലീസ്റ്റേഷനില്‌. ബാക്കിയുള്ളോരിവിടെ ചെമ്പില്‌ പുഴുങ്ങാനിട്ട അമ്പഴങ്ങ പോലെ നില്‍ക്കുവാ. തടിയും കൊണ്ടൊന്ന്‌ കഴിച്ചിലായാ മതിയായിരുന്നു. അന്നേരത്താ ഹമുക്കിന്റെ നീളം കൂട്ടല്‌. ഇവിടന്നറങ്ങീട്ട്‌ ഒരു കല്ലും കെട്ടിത്തൂക്കി നടന്നൊ.. അല്ല പിന്നെ. അതിന്റെ നീളം കൂട്ടീട്ടെന്തിനാ? അതും കുത്തിച്ചാടാമ്പോകുന്നുണ്ടോ? ചെയ്ത്താനെ....

മൂസാക്കാന്റെ ടെമ്പര്‍ തെറ്റിയപ്പോള്‍ പിന്നെ ഷറഫുദ്ദീന്‍ മിണ്ടാതിരുന്നു. കണ്ണിലിരുട്ടു കയറിയ പോലെ നില്‍ക്കുന്ന ഷെരീഫിന്‌ ഇതിലൊന്നും വലിയ താല്‍പര്യവുമില്ലായിരുന്നു. അവനിവിടെന്നെങ്ങിനെയെങ്കിലും ഒന്നു ഇറങ്ങിക്കിട്ടണം, വീട്ടിലെത്തണം. അത്രമാത്രമേ ഉള്ളൂ! സിഐ പിന്നെ മൂലക്കുരു വിദഗ്ദ്ധന്റെ നേരെ തിരിഞ്ഞു. അവന്റെ കയ്യില്‍ ഓപ്പറേഷന്‍ ചെയ്യാതെ മൂലക്കുരു മാറ്റുന്ന വിദ്യയുണ്ടെന്നറിഞ്ഞപ്പോള്‍ മൂസാക്കാക്ക്‌ അവന്റെ അഡ്രസൊന്ന്‌ കിട്ടിയാല്‍ കൊള്ളാം എന്നായി. ആ രണ്ടു വിദഗ്ദ്ധന്‍മാരെയും മാറി മാറി ലാളിക്കുന്നതിന്നിടയില്‍ സിഐ യാദൃശ്ചികമായാണ്‌ സ്റ്റേഷന്റെ മൂലയില്‍ പതുങ്ങി നില്‍ക്കുന്ന ആ മൂവര്‍ സംഘത്തെ കണ്ടത്‌. അവരുടെ നേരെ ചൂണ്ടി സിഐ പോലീസുകാരോട്‌ ഇവരെന്താ കേസെന്നു ചോദിച്ചപ്പോള്‍ മൂസാക്കാക്കു മാത്രമല്ല, മറ്റു രണ്ടു പേര്‍ക്കും കൂടി കുളിരും പനിയും വന്നു. ഓട്ടോ തടഞ്ഞ പോലീസുകാരിലൊരാളാണു പറഞ്ഞത്‌, അതാ താടി വച്ച ആള്‌ പ്രസവിക്കാന്‍ വന്നതാ!!

പ്രസവിക്കാനോ? സിഐയുടെ അത്ഭുതത്തിന്‌ അതിരില്ലായിരുന്നു. അദ്ദേഹം അടുത്തു വന്നപ്പോള്‍ മൂസാക്ക ഐസില്‍ കിടത്തിയവനെ പോലെ വിറച്ചു കൊണ്ടു തത്ത പറയുന്നതു പോലെ ഭാര്യയ്ക്കു പ്രസവ വേദന തുടങ്ങിയതു മുതല്‍ക്കുള്ള കാര്യം ഒന്നും വിടാതെ പറഞ്ഞു. പാവം സിഐ! അദ്ദേഹത്തിന്റെ ശിലാഹൃദയം അലിഞ്ഞില്ലാതായി എന്നു പറഞ്ഞാല്‍ മതിയല്ലോ. അദ്ദേഹം ഹോസ്പിറ്റലിലേക്കു വിളിച്ചു ചോദിക്കാന്‍ ഒരു കോണ്‍സ്റ്റബിളിനോടു പറഞ്ഞു. അങ്ങിനെ സംഗതി സ്ഥിരീകരിക്കപ്പെട്ടു. ഭാഗ്യം കൊണ്ട് പോലീസ്‌ സ്റ്റേഷനില്‍ നിന്നിറങ്ങിയെങ്കിലും ലൈസന്‍സുള്ള ആള്‍ വരാതെ ഓട്ടോ കൊണ്ടു പോവാന്‍ പറ്റില്ലെന്ന്‌ സിഐ കട്ടായം പറഞ്ഞു. കച്ചേരിപ്പടിയില്‍ നിന്നും മറ്റൊരു ഓട്ടോ പിടിച്ച്‌ അവര്‍ മുള്ളമ്പാറയെത്തി. തിരിച്ചാശുപത്രിയില്‍ ചെന്നപ്പോള്‍ അവിടെ അതിലും രസം!

കാത്തിരുന്നു മടുത്തപ്പോള്‍ ഭാര്യയങ്ങു പ്രസവിച്ചു. ഒരു ഓപ്പറേഷനും വേണ്ടി വന്നില്ല. നല്ലൊന്നാന്തരം ഒരാണ്‍ക്കുഞ്ഞ്‌. അമ്മയ്ക്കും കുഞ്ഞിനും സുഖമെന്നു പറഞ്ഞാല്‍ പോര, പരമ സുഖം. അപ്പോള്‍ പിന്നെ ഓപ്പറേഷന്‍ വേണമെന്നു പറഞ്ഞതെന്തിനാണെന്ന ചോദ്യവുമായി തല്‍ച്ചക്ക്രം കുഞ്ഞാപ്പു പ്രശ്നമുണ്ടാക്കി. കുഞ്ഞാപ്പു പെട്ടെന്ന്‌ "അല്‍മിന്യേം" കേറുന്ന സ്വഭാവക്കാരനാണ്‌. ഒന്നും രണ്ടും പറഞ്ഞ്‌ ആശുപത്രിയിലെ ആളുകളും കുഞ്ഞാപ്പുവും പൊരിഞ്ഞ കച്ചറ. കുഞ്ഞാപ്പു തന്തയ്ക്കും തള്ളയ്ക്കും വിളിക്കാന്‍ തുടങ്ങിയതോടെ ആശുപത്രിക്കാര്‍ പോലീസിനു ഫോണ്‍ ചൈതു. പത്തു മിനിറ്റായില്ല. ദാ വരുന്നു പോലീസ്‌ ജീപ്പ്‌.

ജീപ്പില്‍ നിന്നും സിഐ ഇറങ്ങുന്നതു കണ്ടപ്പോള്‍ തന്നെ മൂസാക്കയും ഷറഫുദ്ദീനും ഷെരീഫും എങ്ങോട്ടൊക്കെയോ പോയൊളിച്ചു. നായിൻറെ മോനെ, നേരം വെളുക്കാന്നേരമായാലും മനുഷ്യനെ ഒന്നു കെടന്നൊറങ്ങാന്‍ സമ്മതിക്കൂലെ എന്നു ചോദിച്ച സിഐ കുഞ്ഞാപ്പുവിനെ ചുരുട്ടിക്കൂട്ടി ജീപ്പിലേക്കിട്ടു. സിഐയുടെ ചൂടും മട്ടും കണ്ടപ്പോള്‍ ആശുപത്രിക്കാരും കൂടുതലൊന്നും പറയാന്‍ നിന്നില്ല. അതു കൊണ്ടു കൂട്ടുപ്രതികളായ നിലയില്‍ വീണ്ടും സ്റ്റേഷന്‍ സന്ദര്‍ശനം ചെയ്യാതെ അവര്‍ മൂന്നു പേരും രക്ഷപ്പെട്ടു. എന്തായാലും മൂസാക്ക പിറ്റേന്ന്‌ ഡ്രൈവറേം കൊണ്ടു ചെന്നു ഓട്ടോ സ്റ്റേഷനില്‍ നിന്നിറക്കിയപ്പോള്‍ കൂടെ കുഞ്ഞാപ്പുവിനേയും ഇറക്കി. മൂലക്കുരു സ്പെഷലിസ്റ്റും സെക്സോളജിസ്റ്റും അപ്പോഴും സ്റ്റേഷനില്‍ നീരുവന്ന മുഖത്തോടു മുഖം നോക്കിയിരിക്കുന്നുണ്ടായിരുന്നു. പോലീസുകാര്‍ വല്ലതും ചൈതോടാ എന്ന മൂസാക്കാന്റെ ചോദ്യത്തിന്‌ ഹേയ്‌ എന്നു കുഞ്ഞാപ്പു മറുപടി പറഞ്ഞെങ്കിലും അവന്റെ മുതുകത്ത്‌ നീരുവന്നു കല്ലച്ചു കിടക്കുന്ന ചില പാടുകള്‍ പിന്നീടു മൂസാക്കയ്ക്ക കാണ്‍മാനിടയായി. വെറുതെ കണ്ടതല്ല. ഔഷധബത്ത സംഘടിപ്പിക്കാനായി കുഞ്ഞാപ്പു തന്നെ കാണിച്ചു കൊടുത്തതാണ്‌.

ശുഭം

അഭിപ്രായങ്ങളും വിമര്‍ശനങ്ങളും അറിയിക്കുമല്ലോ? :)

36 comments:

  1. നാട്ടുപ്രമാണിയായ മൂസാക്കാന്റെ രണ്ടാം ബീടര്‍ക്ക്‌ കന്നിപ്രസവത്തിന്റെ മുറവിളി തുടങ്ങിയത്‌ ചെകുത്താന്‍മാര്‍ പോലും കിടന്നുറങ്ങുന്ന രാവിന്റെ അവസാന യാമങ്ങളിലൊന്നില്‍! അതും നിലാവോ നക്ഷത്രങ്ങളോ ഇല്ലാത്ത ഇരുണ്ട രാത്രിയില്‍! സൂര്യനസ്‌തമിച്ചു കഴിഞ്ഞാല്‍ പിന്നെ വീടിന്റെ പുറത്തേക്ക് ഇറങ്ങണമെങ്കില്‍ ഇടത്തും വലത്തും ഓരോരുത്തര്‍ വേണം! ആ മനുഷ്യനു വന്നു ചേര്‍ന്ന ഹലാക്കിന്റെ ഔലുങ്കഞ്ഞി എന്നല്ലാതെ ഈ പേറ്റുപുരാണത്തെ വിശേഷിപ്പാന്‍ ഈരേഴു പതിനാലു ലോകത്തും പദങ്ങളൊന്നുമില്ല. അത്രയ്ക്കു കെങ്കേമമായിരുന്നു അതിന്റെ വിശേഷങ്ങള്‍!

    ReplyDelete
  2. നല്ല വിശേഷങ്ങള്‍...,.. :)
    എന്തായാലും സുഖപ്രസവമായിരുന്നല്ലോ.. പടച്ചോന്‍ കാത്തു...

    ആശംസകള്‍ ഭായ്....

    ReplyDelete
  3. ഞാന്‍ ആദ്യമായാണ്‌ ഇവിടെ എത്തുന്നത്. നിരാശപ്പെടുത്തിയില്ല. കുറച്ചു പിറകോട്ടു നോക്കി നല്ല എഴുത്തുകള്‍ ധാരാളം ഉണ്ട്.

    ReplyDelete
  4. ഓള് പെറ്റൂല്ലോ നിക്ക് അതുമതി ..... ഇജ്ജ് കലക്കീട്ടോ

    ReplyDelete
  5. എഴുത്ത് രസകരം. മൂസ്സാക്കയും ടീമും കൊള്ളാം

    ReplyDelete
  6. കാലവകാശം ഒന്നാം ബീടരും, കയ്യവകാശം രണ്ടാം ബീടരും പങ്കിട്ടെടുത്തപ്പോള്‍ , പാവം മൂസാക്കാന്റെ അവസ്ഥ ഒസ്സാന്റെ കല്ലു പോലെയായി..
    മൂസ്സാക്കാടെ കിസ്സാ രസകരം.

    ReplyDelete
  7. അബൂതി...

    കലക്കി... പോലീസെ സ്ടഷനിലെ അവസ്ഥ എന്നെ
    ശരിക്കും ചിരിപ്പിചു.. തനി പോലീസെ സ്റ്റൈല്‍
    ഭാഷയും.അതിനിടക്ക് ഓരോരുത്തരുടെ സംശയങ്ങള്‍.

    അഭിനന്ദനങ്ങള്‍ ..നന്നായി എഴുതി..

    അക്ഷരം അല്പം കൂടി വലുത് ആക്കിയാല്‍ വായന
    കുറേക്കൂടി രസം ആയെനെ..

    ReplyDelete
  8. ഹാസ്യം എഴുതുന്നതിലും ആളു വിദഗ്ദനാണല്ലേ...
    ചിലയിടങ്ങളിലൊക്കെ വല്ലാതെ ചിരിച്ചു.
    അഭിനന്ദനങ്ങള്‍

    ReplyDelete
  9. "ഹലാക്കിന്റെ ഔലുങ്കഞ്ഞി............"

    ReplyDelete
  10. കൊള്ളാം... നന്നായിട്ടുണ്ട് എഴുത്ത്..
    ആശംസകൾ...

    ReplyDelete
  11. ഈ പേറ് പുരാണം ഇത്ര പകിട്ടാക്കിയത്
    ഇതിലെ ആ ചിരി വരികളുടെ പൊട്ടിക്കലുകൾ
    തന്നെയാണ് കേട്ടൊ ഭായ്

    ReplyDelete
  12. വായിക്കാന്‍ നല്ല രസമുണ്ടായിരുന്നു ...ആശംസകള്‍

    ReplyDelete
  13. നന്നായിരിക്കുന്നൂ ട്ടൊ..നർമ്മം ആസ്വാദിച്ചു..


    നാട്ടുപ്രമാണിയായ മൂസാക്കാക്ക്‌ ഒരു ഓട്ടൊ മാത്രമേ സ്വന്തമയുള്ളു എന്നത്‌ ഒരു ചേരായ്മയായി തോന്നിച്ചു..
    കഥയുടെ ഉടനീളം ഓട്ടോയും ഒരു കഥാപാത്രമായി വരുന്നതിനാൽ അതൊന്ന് ശ്രദ്ധിക്കാമായിരുന്നു..

    ഭാഷാപ്രയോഗങ്ങളും മറ്റും വളരെ നന്നായിട്ടുണ്ട്‌..ആശംസകൾ..!

    ReplyDelete
  14. ചിരിക്കാനുള്ള വക ഒത്തിരിയുണ്ട്.. വീണ്ടും വായിക്കട്ടെ,,

    ReplyDelete
  15. അബൂതിക്ക് ഹാസ്യവും നന്നായി വഴങ്ങുന്നു...

    ReplyDelete
  16. ഹഹഹ
    പോസ്റ്ററുകളുടെ പൂരമല്ലേ ഇപ്പോള്‍

    നല്ല രസമായിട്ടെഴുതി

    ReplyDelete
  17. അപ്പോ സംഗതി ഞമ്മട നാട്ടിലൊക്കെ തന്നെയാ...ന്നാലും 2 ബീഡര്‍മാരും മൂസാക്കയും ഒന്നിച്ച് ഒരു വീട്ടില്‍.അതും ഒറ്റക്കു പുറത്തിറങ്ങാന്‍ പേടിയുള്ള പേടിത്തൊണ്ടന്‍..? ങ് ഹാ നടക്കട്ടെ.കൂട്ടത്തില്‍ അല്പം യൂനാനിയും....

    ReplyDelete
  18. ന്റെ അബൂതി പഹയാ ചിരിച്ചു പണ്ടാരടങ്ങി ഈ കല്ല്‌ കെട്ടി നീളം കൂട്ടാന്‍ ഇതെന്താ പടലങ്ങയോ ?സംഗതി കസ കസറി

    ReplyDelete
  19. മുള്ളമ്പാറ, കൊരമ്പാശുപത്രി, നര്‍ത്തകി, ബ്രൈറ്റ്, ബസ്‌ സ്റ്റാന്റ്‌ - മഞ്ചേരിയിലെ ഒട്ടുമിക്ക സ്ഥലങ്ങളും ഉണ്ടല്ലോ!
    നന്നായിട്ടുണ്ട് ഈ പ്രസവ പുരാണം!

    ReplyDelete
  20. രസകരമായി അബൂതി:)

    ReplyDelete
  21. ഇത് കൊള്ളാട്ട, നല്ല രസമുണ്ട്..

    ReplyDelete
  22. ആദ്യായിട്ടാ ഇവ്ടെ വരുന്നത്‌.. വരവെന്തായാലും നിരാശപ്പെടുത്തിയില്ല.. സംഭവം കലക്കീട്ട്ണ്ട്‌ ട്ടാ.. കൊറെ ചിരിച്ചു.. :)

    ReplyDelete
  23. അങ്ങനെ മൂസ്സാക്കാന്റെ ഓളും പെറ്റൂല്ലോ..അത് മതി.നല്ല രസികന്‍ ശൈലി -വീണ്ടും കാണാം.

    ReplyDelete
  24. ആദ്യമായാണിവിടെ.
    നല്ല ആഖ്യാനം...ഇഷ്ടായി ഭായ് ...
    ആശംസകള്‍

    ReplyDelete
  25. ചെറിയ ഒരു ത്രെഡില്‍ നിന്ന് ഹാസ്യത്തിന്റെ തായമ്പക തീര്‍ത്തു!. നാട്ടിന്‍ പുറത്തെ കഥാപാത്രങ്ങളെ നന്നായി വിന്യസിച്ചു. ആശുപത്രി, പോലീസ് സ്റ്റേഷന്‍, സമൂഹ മനസ്സ് എന്നിവയെ ഗംഭീരമായി 'തലോടിയിട്ടുണ്ട്'. 'പ്രാവിശ്യം', 'ആവിശ്യം' തുടങ്ങിയ പ്രയോഗങ്ങള്‍ ശരിയാക്കുമല്ലോ. അഭിനന്ദനങ്ങള്‍ .

    ReplyDelete
  26. രസകരമായ എഴുത്ത്‌. നന്നായി ആസ്വദിച്ചു.

    ReplyDelete
  27. സംഗതി നല്ല ഒരൊന്നൊന്നര പ്രസവം തന്നെ

    ReplyDelete
  28. ഞാന്‍ ആദ്യമായാണ്‌ ഇവിടെ എത്തുന്നത്.ചിരിക്കാനുള്ള വക ഒത്തിരിയുണ്ട്..

    ReplyDelete
  29. വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു ,എല്ലാ ആശംസകളും .

    ReplyDelete
  30. ഹ..ഹ..രസകരമായ എഴുത്ത്..പ്രസവപുരാണം കലക്കന്‍...

    ReplyDelete
  31. നര്‍മ്മമയം. മൂസാക്ക & കമ്പനിയുടെ ഓരോ കാര്യങ്ങളേയ്....

    ReplyDelete
  32. ഇങ്ങനയും പ്രസവിക്കാം എന്ന് മനസ്സിലായി. ങ്ങള് കലക്കീ ട്ടാ ... ഓട്ടോ പിടിച്ചതിനു ശേഷം പെരുത്തിഷ്ട്ടായി ..

    ReplyDelete
  33. അബൂതി ഇവിടെതാന്‍ അല്‍പ്പം വൈകി
    വരികള്‍ നീണ്ടവ യെങ്കിലും വായിച്ചു പോകാന്‍ രസമുള്ളവ
    പ്രസവപുരാണം അസ്സലായി അവതരിപ്പിച്ചു
    കൊള്ളാം ഇനി ഏതാണോ അടുത്ത പുരാണം
    എന്തായാലും കൊള്ളാം സമയ ദാരിദ്ര്യം ഉള്ള ഈ കാലത്ത്
    പുരാണമാണെങ്കിലും കുറേക്കൂടി ചുരുക്കിപ്പറയാന്‍ ശീലിക്കുക
    ആശംസകള്‍. വീണ്ടും കാണാം , എഴുതുക അറിയിക്കുക

    ReplyDelete
  34. ഇരുമ്പാണി സല്‍ഫ്യൂരിക്കാസിഡില്‍ മുക്കിയെടുത്തതിനു സമം ........ ഇത് എന്താ സംഭവം എന്ന് മനസ്സിലായില്ല, കറുപ്പ് നിറം ആണോ ? എന്തായാലും അടിപൊളി.

    ReplyDelete