Tuesday, February 5, 2013

അച്ചായനും സായിപും അച്ചായന്റെ പണിയും!

കമ്പനിയുടെ വീക്കിലി സെയില്‍സ് മീറ്റിംഗില്‍ വച്ച്‌ എക്സിക്യൂട്ടീവ്‌ ഡയറക്റ്ററായ ഐറിഷുകാരന്‍ സായിപിന്റെ വക നാല്‌ ഫക്കു കേട്ടപ്പോള്‍ മുതല്‍ ഡേവിഡച്ചായന്റെ ഉള്ളിലെ ആശയായിരുന്നു സായിപിനൊരു പണി കിട്ടിക്കാണാനുള്ള ആഗ്രഹം! അതിലേക്കായി ദിവസവും കര്‍ത്താവിനോട്‌ മുട്ടിപ്പായി പ്രാര്‍ത്ഥിക്കാറുമുണ്ടായിരുന്നു. പക്ഷെ, പണ്ട്‌ മുത്തശ്ശന്‍ പള്ളിയിലേക്കു കൊടുത്തയച്ച അഞ്ചു രൂപ അടിച്ചു മാറ്റി ഐസുമിഠായി വാങ്ങിച്ചു തിന്നതിന്റെ കണക്കു തീര്‍ക്കാനാണെന്നു തോന്നുന്നു, കര്‍ത്താവാ വിളിയങ്ങു കേള്‍ക്കാത്ത മട്ടില്‍ നില്‍ക്കുകയാണ്‌. വര്‍ഷാന്ത്യം കഴിഞ്ഞപ്പോള്‍ സായിപിന്റെ ശമ്പളം അന്തോം കുന്തോമില്ലാതെ മുതലാളി കൂട്ടിക്കൊടുത്തപ്പോള്‍ കര്‍ത്താവിന്റെ നിലപാട്‌ അച്ചായനു മനസിലായി. സായിപിന്റെ കാര്യത്തില്‍ താനെന്ത്‌ പ്രാര്‍ത്ഥിക്കുന്നുവോ അതിന്റെ വിപരീതമേ കര്‍ത്താവു ചെയ്യൂ. അച്ചായനാരാ മോന്‍. പിറ്റേന്നു മുതല്‍, കര്‍ത്താവേ നീ സായിപിനെ ഉന്നതിയില്‍ നിന്നും ഉന്നതിയിലേക്കു നയിക്കേണമേ. നീ സായിപിനു നല്ല കാലം വരുത്തേണമേ എന്നൊക്കെയായി പ്രാര്‍ത്ഥന. ഹും. അച്ചായനോടാണോ കര്‍ത്താവിന്റെ കളി!?

പ്രാര്‍ത്ഥന ഫലം കണ്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ. ഒരു ദിവസം സായിപിന്റെ ചോദ്യം, നീ ഇത്തവണ വെക്കേഷനു പോകുമ്പോള്‍ ഞാനും കേരളത്തിലേക്കു വരാന്‍ ഉദ്ധ്യേശിക്കുന്നു. എനി പോബ്ലം? 

സന്തോഷം കാരണം അച്ചായന്റെ കണ്ണുകള്‍ തവളയുടെ കണ്ണുകള്‍ പോലെ പുറത്തേക്കു ചാടി! എങ്ങിനെ സന്തോഷിക്കാതിരിക്കും? സായിപിനൊരു പണി കിട്ടിക്കാണണം എന്നേ ആഗ്രഹിച്ചുള്ളൂ. ഇതിപ്പോള്‍ സായിപ്പായിട്ട്‌ ഇങ്ങോട്ടു തന്നെ ആവിശ്യപ്പെടുന്നതോ, എനിക്കൊരു മുട്ടന്‍ പണി തരൂ എന്നാണ്‌. അച്ചായന്‍ വാചാലനായി. തന്റെ നാടിനെ കുറിച്ച്‌! കേരളത്തെ കുറിച്ച്‌! തന്റെ വീടിരിക്കുന്ന കുട്ടനാടന്‍ പ്രകൃതി ഭംഗിയെ കുറിച്ച്‌! വീട്ടു മുറ്റത്തു നിന്നും വെള്ളച്ചാലിലേക്ക്‌ കാലിട്ടിരിക്കുമ്പോള്‍ വിരലിന്റെ തുമ്പത്തു കൊത്തുന്ന പരല്‍ മീനുകളെ കുറിച്ചു പോലും അച്ചായന്‍ വാചാലനായി! ഒക്കെ കൂടി കേട്ടതോടെ സായിപ്പിന്‌ എന്നാലിപ്പോള്‍ തന്നെ പോവുകയല്ലെ എന്ന ഹാലായി. 

അച്ചായന്റെ മനസ്സില്‍ ആഗ്രഹങ്ങള്‍ തൃശൂര്‍ പൂരത്തിനു മുത്തുക്കുട വിരിയുന്ന പോലെ വിരിഞ്ഞു. സായിപിനെ കേരളത്തിലേക്കു കൊണ്ടു പോണം. ഒത്താലൊരു ഹര്‍ത്താലിന്റെ നടുക്കണ്ടത്തില്‍ നിര്‍ത്തണം. സായിപിനു ഭാഗ്യമുണ്ടെങ്കില്‍ ഒരു കല്ലേറിലോ, പോലീസ്‌ ലാത്തിച്ചാര്‍ജിലോ ഒക്കെ പെടുത്തണം. അങ്ങിനെയങ്ങിനെ അച്ചായന്റെ മനസ്സില്‍ സായിപിനോട്‌ പ്രതികാരം വീട്ടാനുള്ള അവസരങ്ങളുടെ ഒരു നീണ്ട ലിസ്റ്റു തന്നെ ഉണ്ടായിരുന്നു. 

അച്ചായന്‍ സായിപിനും തനിക്കും നാട്ടിലേക്കു ടിക്കറ്റെടുത്തത്‌ നമ്മുടെ സ്വന്തം ദേശീയ വിമാനക്കമ്പനിയിലാണ്‌. എയര്‍ഇന്ത്യയെ അച്ചായന്‌ അത്രക്കു വിശ്വാസമായിരുന്നു. മാവേലി സ്റ്റോറിന്റെ മുമ്പിലും ബിവറേജ്‌ സ്റ്റോപിന്റെ മുമ്പിലുമൊക്കെ വരി നിന്നു നല്ല ശീലമുള്ള അച്ചായന്‌ ഒന്നോ രണ്ടോ ദിവസം എയര്‍പോര്‍ട്ടില്‍ കെട്ടിക്കിടന്നാലും വേണ്ടില്ല, സായിപിനൊരു പണി കിട്ടിക്കണ്ടാല്‍ മതി! 

പക്ഷെ എയര്‍ഇന്ത്യ അച്ചായനെ ആ യാത്രയിലും ചതിച്ചു. ലോകാരംഭം തൊട്ടിന്നേ വരെയുള്ള ചരിത്രത്തിലാദ്യമായി എയര്‍ഇന്ത്യയുടെ വിമാനം കൃത്യസമയത്ത്‌ പറന്നു. യാത്രക്കാരെല്ലാവരും അന്തം വിട്ട്‌ പൊന്തമ്മെ കേറി നില്‍ക്കുമ്പോള്‍, അച്ചായന്‍ മാത്രം എയര്‍ ഇന്ത്യയുടെ തന്തക്കു വിളിക്കുകയായിരുന്നു! എങ്ങിനെ തെറി പറയാതിരിക്കും? കഴിഞ്ഞ പ്രാവിശ്യം നാട്ടില്‍ പോയപ്പോള്‍ ഇരുപതു മണിക്കൂറ്‍ എയര്‍പോര്‍ട്ടിന്റെ കഴുക്കോലെണ്ണിച്ച പാര്‍ട്ടീസാണെന്നോര്‍ക്കണം. ഇത്തവണ മണിക്കൂറും മിനിറ്റും എന്തിന്‌ സെകന്റു പോലും കിറു കിറുത്യം! നോക്കണേ, സായിപിനെ കണ്ടപ്പോള്‍ പണ്ടാറം എയര്‍ഇന്ത്യയും കവാത്തു മറന്നു!

എയര്‍ഇന്ത്യാ പണി പാളിയെങ്കിലും അച്ചായന്‍ നാട്ടിലെ ഹര്‍ത്താലില്‍ വിശ്വാസമര്‍പ്പിച്ചു. ആഴിച്ചയില്‍ പത്തു ഹര്‍ത്താലുണ്ടാവുന്ന കേരളം തന്നെ ചതിക്കില്ല! നാട്ടില്‍ സായിപിനെ സ്വന്തം വീട്ടില്‍ തന്നെയാണ്‌ അച്ചായന്‍ താമസിപ്പിച്ചത്‌. സായിപിന്‌ കുട്ടനാടിന്റെ ഉള്ളറയില്‍ ഒരു ഗാര്‍ഹികാന്തരീക്ഷത്തില്‍ താമസിക്കണമത്രെ. മാരണം കുരുവായോ എന്ന്‌ അച്ചായന്‌ അപ്പോഴേ തോന്നിയതാണ്‌. ദിവസവും രാവിലെ സായിപിനേയും കൊണ്ട്‌ നാടു കാണിക്കാനിറങ്ങേണ്ടുന്ന ചുമതല കൂടി സ്വന്തം തലയില്‍ വന്നു ചേര്‍ന്നപ്പോള്‍ പൂര്‍ണമായി. തനിക്കു രണ്ടു തലയുണ്ടായിരുന്നെങ്കില്‍ അച്ചായന്‍ അതിലൊരെണ്ണം എന്തായാലും തല്ലിപ്പൊട്ടിക്കുമായിരുന്നു. അത്രയ്ക്കും ഇഛാഭംഗം അദ്ദേഹത്തിനുണ്ടായിരുന്നു. കാരണം, ഇത്രയും ദിവസമായിട്ടും ഒരൊറ്റ ഹര്‍ത്താലും വന്നിട്ടില്ല. പെങ്ങളുടെ മോള്‍ സ്റ്റെയര്‍ കേസില്‍ നിന്നും വീണു തല പൊട്ടി ആശുപത്രിയിലേക്കു കൊണ്ടു പോയപ്പോള്‍ മാരുതി സെന്നിന്റെ ഗ്ലാസെറിഞ്ഞുടച്ച വിപ്ലവ സിങ്കങ്ങള്‍ക്കെന്താ ഇപ്പോള്‍ ഒരു മാങ്ങാ തൊലിയും കിട്ടിയില്ലെന്നോ? ഇവിടെ ആരും ഐസ്ക്രീം കഴിച്ചില്ലെന്നോ? ആലുവാ മണപ്പുറത്തു കൂടിയൊരു മേത്തന്‍ നടന്നു പോകുമ്പോഴേക്കും ത്രിശൂലം പൊക്കുന്നവരും, സിനിമയിലൊരു ബാങ്കു വിളി കേട്ടാല്‍ കൊട്ടകക്കു കല്ലെറിയുന്നവരും മറ്റുമൊക്കെ എവിടെ? ഇതെന്തൊരു കോത്താഴത്തെ നാടാണ്‌? എവിടെ സംഘികള്‍? എവിടെ അശുദ്ധ ജിഹാദികള്‍? എവിടെ സഭയുടെ ഉത്തരം താങ്ങുന്ന പല്ലികള്‍?

കര്‍ത്താവേ, നീയിതെന്നാലും എന്നോടു ചെയ്യരുതായിരുന്നു. പത്തു ദിവസം കഴിഞ്ഞിരിക്കുന്നു. രണ്ടാഴിച്ചത്തെ വിസിറ്റിംഗ്‌ കഴിഞ്ഞ്‌ സായിപു പോകാനിനി നാലഞ്ചു ദിവസങ്ങള്‍ മാത്രം! സായിപിവിടെ ആര്‍മാദിക്കുകയാണ്‌. പണ്ടാറടങ്ങാനായി ഇഷ്ടന്‍ വായും വയറും കൊണ്ടിങ്ങു വന്നതാണെന്നാ തോന്നുന്നത്‌. ആര്‍ത്തി കണ്ടാല്‍ ആളു സായിപാണോന്ന്‌ പുള്ളിക്കാരന്റെ അച്ഛന്‍ പോലും സംശയിക്കും. ഏതോ ആഫ്രിക്കന്‍ പട്ടിണി രാജ്യത്തു നിന്നും വന്ന പോലെയാണ്‌ പെരുമാറ്റം! ദിവസവും സ്കോച്ചു വേണം. പോരാത്തതിന്‌, ചിക്കനും ബര്‍ഗറും കൊഞ്ചും താറാവും. ഹെന്റെ കര്‍ത്താവേ. ഒരഞ്ചു രൂപാ നേര്‍ച്ചക്കുറ്റിയിലിടാതെ അടിച്ചു മാറ്റിയതിന്‌ നീയെനിക്കിട്ടിങ്ങനെ പണിയേണ്ടായിരുന്നു.

ഇനി രണ്ടു ദിവസം മാത്രം. സായിപിനൊരു പണിയും കൊടുക്കാനാവാതെ  വിഷാദിച്ചിരിക്കുന്ന നേരത്താണ്‌ സായിപൊരാഗ്രഹം പറഞ്ഞത്‌. കുട്ടനാട്ടിലെ ഒരു നാടന്‍ ഷാപില്‍ നിന്നും നല്ല തെങ്ങിന്‍ കള്ളു കുടിക്കണം. ഇനിയിപ്പോള്‍ ഈ ശവത്തിന്‌ അതിന്റെ ഒരു കുറവേ ഉള്ളൂ എന്നു മനസ്സില്‍ പ്രാകിപ്പറഞ്ഞു കൊണ്ട്‌ അച്ചായന്‍ സായിപിനേം കൊണ്ട്‌ കള്ളുഷാപ്പില്‍ ചെന്നു. സ്കോച്ച്‌ മാത്രം കുടിച്ചു ശീലിച്ച സായിപിന്റെ മുമ്പില്‍ നല്ല അന്തിക്കള്ള്‌ കുപ്പിയില്‍ കേറി നാണിച്ചു നിന്നു.നില്‍ക്കുമ്പോള്‍ തൊടു കറിയായി എത്തിയത്‌ അന്നത്തെ സ്പെഷന്‍ കരിമീന്‍ പൊള്ളിച്ചതായിരുന്നു. വായയിലയില്‍ പൊതിഞ്ഞു വച്ച സാധനത്തിലേക്കു നോക്കി അന്തം വിട്ട സായിപ്‌ ഈ ഡിഷിന്റെ  പേരെന്താണെന്നു ചോദിച്ചപ്പോള്‍ ഫിഷ്‌ പൊള്ളിച്ചതാണെന്ന്‌ അച്ചായന്‍ ഒരു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു. ഓ ഫിഷ്‌ പൊല്ലി ചത്തു എന്നു സായിപേറ്റു പറയുന്നതു കേട്ട ഷാപുകാരന്‍ സായിപിനെ തിരുത്തി. അല്ല സായിപേ അല്ല. ചത്തിട്ടു പൊള്ളിച്ചതാ!

സായിപിനുണ്ടോ അതു മനസ്സിലാവുന്നു. സായിപിനു മലയാളം എന്നു വച്ചാല്‍ ഒഴിഞ്ഞ ടിന്നില്‍ ഒരു പിടി മെറ്റലു വാരി കുലുക്കുമ്പോഴുണ്ടാകുന്ന പോലത്തെ ചില ശബ്ദങ്ങള്‍ മാത്രം. പലപ്പോഴും മുഴങ്ങിക്കേള്‍ക്കുന്ന ട ട്ട ഠ! അത്ര തന്നെ!!

സംഗതി സായിപിന്‌ ഇശ്ശി പിടിച്ചു. കരിമീനില്‍ നിന്നും ഒരു പിടിത്തം ഇങ്ങോട്ട്‌ പിടിക്കും. ഒരു കവിള്‍ അന്തി അതിന്റെ തുണക്കായി കുടിക്കും. സ്കോച്ചു വിസ്ക്കിയില്‍ ടൈറ്റാനിക്കിനിടിച്ചത്രയും വലിയ ഐസുകട്ടയിട്ട്‌ പതുക്കെ സിപ്പു ചൈതു കഴിക്കുന്ന സായിപാണെന്നോര്‍ക്കണം. ഇപ്പോഴിതാ നാടന്‍ കള്ള്‌ ഒട്ടകം വെള്ളം കുടിക്കുന്ന പോലെ കുടിക്കുന്നു. കേരളത്തിലെ കാറ്റടിച്ചാല്‍ പിന്നെ ഏതു കുടിയന്റെ സ്റ്റാറ്റസും കാശിക്കു പോകും. എരിവു വലിച്ചു വലിച്ച്‌ കരിമീന്‍ മൂന്നെണ്ണമാണ്‌ ഇഷ്ടന്‍ അകറ്റു കേറ്റിയത്‌. എന്തായാലും ഇച്ചെങ്ങാതി നാളെ സൊല്ല ഒഴിയുമല്ലോ എന്നോര്‍ത്ത്‌ അച്ചായന്‍ സമാധാനിച്ചു.

പിറ്റേന്നു രാവിലെ കൊച്ചു വെളുപ്പാന്‍ കാലത്ത്‌ പൊറാട്ടക്ക്‌ മാവു കുഴക്കുന്നതു പോലെ അച്ചായന്റെ ഭാര്യ അദ്ദേഹത്തെ കുലുക്കി. ഞെട്ടിപ്പിടഞ്ഞെഴുനേറ്റ അച്ചായനോട്‌ വെറും വയറ്റില്‍ ഭാര്യ ചോദിച്ച ചോദ്യം ഒരു ഒന്നൊന്നര ചോദ്യമായിരുന്നു.

അതേയ്‌, ആ സായിപിന്‌ മൂലക്കുരുവുണ്ടോ?

ഭാര്യയുടെ തന്തയ്ക്കു വിളിക്കണോ അതല്ല തള്ളയ്ക്കു വിളിക്കണോ ഇനി രണ്ടു പേര്‍ക്കും കൂടി വിളിക്കണോ എന്നൊരു നിമിഷം അച്ചായനൊന്നു ശങ്കിച്ചു. പിന്നേ; സൌദിയിലെനിക്ക്‌ സായിപിന്റെ മൂലം പരിശോധിക്കലല്ലേ പണി? നാലഞ്ചു തെറികള്‍ക്കു ശേഷമാണ്‌ "നിനക്കെന്താടീ പെട്ടെന്നൊരു വെളിപാട്‌?" എന്നു ചോദിച്ചത്‌.

അയാളതാ രാവിലെ തന്നെ ടോയിലറ്റില്‍ നിന്നും ശരണം വിളിക്കുന്നു!!

ഭാര്യയുടെ മറുപടി പെട്ടന്നായിരുന്നു. അച്ചായനു പെട്ടെന്ന്‌ സ്റ്റേഷന്‍ കിട്ടിയില്ല. ശരണം വിളിക്ക്യേ? സായിപൊ? അതെന്തു പരിപാടിയാ? സായിപിന്റെ മുറിയിലേക്കു ചെന്നു നോക്കിയപ്പോള്‍ ടോയിലറ്റിന്റെ അകത്തു നിന്നും ആടു കരയുന്ന ശബ്ദത്തില്‍ ഒരു അമര്‍ത്തിയ കരച്ചില്‍ കേട്ടു! സംഗതി ശരിയാണ്‌. സായിപിനെന്തോ പറ്റിയിട്ടുണ്ട്‌. വിളിക്കണോ വേണ്ടയോ എന്നൊന്നു ശങ്കിച്ചെങ്കിലും അവസാനം സാര്‍ വാട്ട്‌ ഹാപന്‍ എന്നു വിളിച്ചു ചോദിച്ചതിന്‌ നല്ലൊരു മുഴുത്ത തെറിയായിരുന്നു മറുപടി. ഒരല്‍പനേരം കഴിഞ്ഞപ്പോള്‍ ശരിക്കു കേറ്റാത്ത ബര്‍മൂഡയുമായി സായിപ്‌ പുറത്തു വന്നു. മൂപ്പരുടെ ശ്രീകോവിലും പ്രതിഷഠയുമൊക്കെ കണ്ട അച്ചായന്റെ ഭാര്യ പാമ്പിനെ ചവിട്ടിയ പോലെ ഞെട്ടിച്ചാടി പുറന്തിരിഞ്ഞൊരോട്ടം കൊടുത്തു. പതിനൊന്നു കേവി ലൈനില്‍ പിടിച്ച പോലെ അച്ചായനൊരു നിര്‍ത്തം നില്‍ക്കുകയാണ്‍്‌. സായിപിന്റെ പ്രതിഷ്ഠ കണ്ടപ്പോള്‍ കര്‍ത്താവേ കൊടുക്കുന്നോര്‍ക്കു നീ വാരിക്കോരിക്കൊടുക്കുന്നല്ലോ എന്നായിരുന്നു ആലോചന.

സായിപിന്റെ മുഖത്തേക്കു നോക്കിയപ്പോഴാണു സങ്കടം വന്നത്‌. ആ മുഖം കണ്ടിട്ട് അച്ചാറു കൊണ്ടു ചന്തി കഴുകിയ ഒരു ചേല്. വിക്കി വിക്കി അച്ചായന്‍ പിന്നെയും ചോദിച്ചു. വാട്ട്‌ ഹാപ്പന്‍ സാര്‍?

സായിപിനുണ്ടോ മറുപടി പറയാന്‍ വാക്കു കിട്ടുന്നു. തലേ ദിവസം തിന്ന കരിമീനിന്റെ എരിവു കേറി നമ്പര്‍ ടുവിന്റെ കോമളഭാഗത്ത്‌ എട്ടിന്റെ പണി കൊടുത്തതാണ്‌. ജീവിതത്തിലാദ്യമായിട്ടാണ്‌ സായിപിന്‌ ആ ഭാഗത്ത്‌ അങ്ങിനെ ഒരു പണി കിട്ടുന്നത്‌. അപ്പോള്‍ പിന്നെ അതിനെ എന്തു പേരിട്ടു വിളിക്കണം എന്നു സായിപിനി നിഘണ്ടു നോക്കി പഠിക്കണം!

ഒരു വിധപ്പെട്ടവര്‍ക്കു മനസ്സിലാവുന്ന മുഖഭാവത്തോടു കൂടി സായിപിന്റെ ചോദ്യം.

ഐ ആം ബര്‍ണിംഗ്‌! വാട്ട്‌ ഫക്ക്‌ ഈസ്‌ ദ സൊല്യൂഷന്‍?

അച്ചായന്റെ നാവില്‍ നിന്നും വെള്ളം കൊണ്ടു കഴുകിയാല്‍ മതി എന്നു മുഴുവന്‍ കേള്‍ക്കുന്നതിന്റെ മുന്‍പേ സായിപ്‌ ബര്‍മൂഡ ആകാവുന്നത്ര വലിച്ചു കയറ്റി ഒരോട്ടമായിരുന്നു. വീടിനു പുറത്തേക്ക്‌. പുറത്തേ വെള്ളം നിറഞ്ഞൊഴുകുന്ന തോട്ടിലേക്കൊരു ചാട്ടം. അച്ചായന്‍ ഓടിപ്പാഞ്ഞു ചെന്നു നോക്കുമ്പോള്‍ സായിപുണ്ട്‌ തോട്ടില്‍ കുന്തിച്ചിരുന്ന്‌ മേപ്പോട്ടു വെള്ളം വലിച്ചു കേറ്റുന്നു. അരമുക്കാല്‍ മണിക്കൂറ്‍ ആ പരല്‍ മീനുകളുടെ കൊത്തും കൊണ്ടവിടെ ഇരുന്നതിന്റെ ശേഷം നേരിയ ഒരാശ്വാസം തോന്നിയപ്പോള്‍ കരയിലേക്കു കേറി ഒരു നെടു വീര്‍പ്പോടെ സായിപു പറഞ്ഞു.

നൌ, അയാം അണ്ടര്‍സ്റ്റൂഡ്‌. വൈ യു ഇന്ത്യന്‍സ്‌ ആര്‍ യൂസിംഗ്‌ വാട്ടര്‍ ഇന്‍ ദ ടോയിലറ്റ്‌. ഹോളി ഫക്ക്‌.

വാല്‍കഷ്ണം:
വികാരം വ്രണപെട്ടവര്‍  ദയവായി വികാര രഹിതരായിരിക്കുക! ഞാനിതാ മാപ്പു ചോദിക്കുന്നു. (എനിക്കും ജീവനില്‍ കൊതിയില്ലേ?)

21 comments:

 1. കഴിഞ്ഞ പ്രാവിശ്യം നാട്ടില്‍ പോയപ്പോള്‍ ഇരുപതു മണിക്കൂറ്‍ എയര്‍പോര്‍ട്ടിന്റെ കഴുക്കോലെണ്ണിച്ച പാര്‍ട്ടീസാണെന്നോര്‍ക്കണം. ഇത്തവണ മണിക്കൂറും മിനിറ്റും എന്തിന്‌ സെകന്റു പോലും കിറു കിറുത്യം! നോക്കണേ, സായിപിനെ കണ്ടപ്പോള്‍ പണ്ടാറം എയര്‍ഇന്ത്യയും കവാത്തു മറന്നു!

  ReplyDelete
 2. ഓ ഫിഷ്‌ പൊല്ലി ചത്തു.....

  എന്തായാലും സായിപ്പിന്‍റെ ആസനത്തിനെങ്കിലും ഒരു പണി ആയല്ലോ

  ReplyDelete
 3. "ഓ ഫിഷ്‌ പൊല്ലി ചത്തു എന്നു സായിപേറ്റു പറയുന്നതു കേട്ട ഷാപുകാരന്‍ സായിപിനെ തിരുത്തി. അല്ല സായിപേ അല്ല. ചത്തിട്ടു പൊള്ളിച്ചതാ!" ഈ പോസ്റ്റിലെ മികച്ച വരികള്‍...പകരം വെക്കാനോന്നുമില്ല..

  ReplyDelete
 4. സായിപ്പ് ആനമയക്കി ഒരു കുപ്പി കൊടുക്കാര്ന്നു !അടിച്ചിട്ട് മൂന്ന് ദിവസം ബോധം പോയിക്കിട്ടിയേനെ !

  ReplyDelete
 5. ന്‍റെ അബൂതി ബ്ലോഗിലൂടെ ഒരു നര്‍മം കൊള്ളാവുന്നത് വായിച്ചിട്ട് കൊറേ നാളായിരുന്നു ഇപ്പൊ ആണ് അത് തരായത്
  സായിപ്പിലെ അണ്ട കടാഹം കലങ്ങിയ കളി ഹഹഹ്ഹ

  ReplyDelete
 6. (വീട്ടു മുറ്റത്തു നിന്നും വെള്ളച്ചാലിലേക്ക്‌ കാലിട്ടിരിക്കുമ്പോള്‍ വിരലിന്റെ തുമ്പത്തു കൊത്തുന്ന പരല്‍ മീനുകളെ കുറിച്ചു )ഇത് വായിച്ചപ്പൊ ഓര്‍ത്തത് സായിപ്പെത്തുമ്പോഴുള്ള വരണ്ട കാലാവസ്ഥയാണ്. പക്ഷെ സായിപ്പ് തോട്ടില്‍ ചാടിയപ്പോള്‍ വെള്ളമുണ്ടായിരുന്നത് ഭാഗ്യം. പണി കിട്ടിയത് അച്ചായനും. നല്ല നര്‍മ്മരസം നിറഞ്ഞ എഴുത്ത്. (ഇനിയിപ്പോള്‍ ഈ ശവത്തിന്‌ അതിന്റെ ഒരു കുറവേ ഉള്ളൂ ) ഈ വരി ഇഷ്ടപ്പെട്ടില്ല. ശവം എന്ന വിളി ജയറാമിന്റെ സംഭാഷണം ഓര്‍മ്മിപ്പിച്ചു.

  ReplyDelete
 7. സൂപ്പർ....
  മല്ലൂസ്സ് വെള്ളമുപയോഗിക്കുന്ന കാര്യം സായിപ്പിന് പിടികിട്ടിയല്ലോ..!
  നർമ്മ ഭാവനയാൽ കിണ്ണങ്കാച്ചിയായി അവതരിപ്പിച്ചിരിക്കുന്നു...കേട്ടൊ ഭായ്

  ReplyDelete
 8. ഹഹഹഹഹ കുറെ ചിരിച്ചു. കൊള്ളാട്ടോ

  ReplyDelete
 9. തമാശ സൂപ്പര്‍ ആയി.

  ReplyDelete
 10. സായിപിനു മലയാളം എന്നു വച്ചാല്‍ ഒഴിഞ്ഞ ടിന്നില്‍ ഒരു പിടി മെറ്റലു വാരി കുലുക്കുമ്പോഴുണ്ടാകുന്ന പോലത്തെ ചില ശബ്ദങ്ങള്‍ മാത്രം
  നര്‍മ്മം രസായി.

  ReplyDelete
 11. ഹഹഹ

  ഐ ആം ബര്‍ണിംഗ്

  ReplyDelete
 12. എന്നാലും എന്റെ സായിപ്പേ ! കഥ കലക്കി.

  ReplyDelete
 13. സായിപ്പിന് കിട്ടേണ്ടിടത്ത് തന്നെ പണി കിട്ടി ....
  നര്‍മ്മം നന്നായി എഴുതി ഫലിപ്പിച്ചു

  ReplyDelete
 14. വികാരം വ്രണപെട്ടവര്‍ ദയവായി വികാര രഹിതരായിരിക്കുക!

  എനിക്ക് വികാരംഅങ്ങനെ പെട്ടോ എന്നൊരു സംശയം ഹി ഹി

  ന്നാലും എന്റെ സായിപ്പേ

  ReplyDelete
 15. അയ്യോ, ചിരിച്ചു ചത്തു മാഷേ, ഉഗ്രന്‍ സാധനം!
  ആശംസകള്‍ !

  ReplyDelete