Tuesday, March 19, 2013

ഖുര്‍ആൻ പരിഭാഷ: അൽബഖറ (1-7)ഒരല്പം പരിചയപ്പെടുത്തൽ:-

ഖുര്‍ആനിലെ ഒരു സൂറത്ത്‌ എന്നു പറയുന്നത്‌ ഒരു അദ്ധ്യായമാണ്‌. സൂറത്തുല്‍ യാസീന്‍ എന്നു പറഞ്ഞാല്‍ യാസീന്‍ എന്ന അദ്ധ്യായം എന്നാണ്‌ അര്‍ത്ഥം. ഒരു ആയത്ത്‌ എന്നു പറഞ്ഞാല്‍ ഒരു വചനം എന്നാണ്‌ അര്‍ത്ഥം. ആയത്തുല്‍ കുര്‍സിയ്യ്‌ എന്നു പറഞ്ഞാല്‍ അല്‍കുര്‍സിയ്യ്‌ എന്ന വചനം എന്നാകുന്നു. ഖുര്‍ആനിനെ പാരായണ സൌകര്യാര്‍ത്ഥം മുപ്പതു ഭാഗങ്ങളാക്കിയിട്ടുണ്ട്‌. ഓരോ ഭാഗത്തിനും ഓരോ ജുസ്‌അ്‌ എന്നു പറയുന്നു.

ഖുര്‍ആനിന്റെ അവതരണം നീണ്ട ഇരുപത്തിമൂന്നു വര്‍ഷക്കാലം കൊണ്ടാണ്‌ അവതീര്‍ണമായിട്ടുള്ളത്‌. ഓരോ സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച്‌ ഒന്നോ അതില്‍ കൂടുതലോ ആയിട്ടുള്ള വചനങ്ങള്‍ അപ്പപ്പോള്‍ പ്രവാചകനിലേക്ക്‌ എത്തിക്കുകയായിരുന്നു. അല്ലാഹുവിങ്കല്‍ നിന്നും ജിബ്‌രീല്‍ എന്ന മാലാഖയാണ്‌ പ്രവാചകനെ വചനങ്ങള്‍ ഓതിക്കേള്‍പ്പിച്ചിരുന്നത്‌. ഓരോ വചനങ്ങള്‍ അവതീര്‍ണമാവുമ്പോഴും നബിതങ്ങള്‍ അത്‌ ഇന്ന അദ്ധ്യായത്തിന്റെ ഇന്ന വചനമായി എഴുതിച്ചേര്‍ക്കുക എന്ന്‌ തന്റെ അനുചരന്‍മാരോട്‌ പറയുകയാണ്‌ ചെയ്‌തിരുന്നത്‌. അപ്രകാരം പ്രവാചകാനുയായികളില്‍ എഴുത്തും വായനയും അറിയുന്നവര്‍ അപ്രകാരം എഴുതി വെക്കുകയും ചെയ്‌തു. അങ്ങിനെ പ്രവാചകന്റെ കാലത്തു തന്നെ ഖുര്‍ആന്‍ പല പല ഭാഗങ്ങളായി എഴുതി വെക്കപ്പെട്ടിരുന്നു. ഒരുപാട്‌ പ്രവാചകാനുചരന്‍മാര്‍ക്ക്‌ ഖുര്‍ആന്‍ ഹൃദ്യസ്ഥമായിരുന്നു.

പ്രവാചക കാലശേഷം യുദ്ധത്തില്‍ ഖുര്‍ആന്‍ ഹൃദ്യസ്ഥമായിരുന്ന ചില പ്രവാചകാനുയായികള്‍ രക്‌തസാക്ഷിത്വം വരിച്ചപ്പോള്‍ ഉമര്‍ റദിയല്ലാഹു അന്‍ഹുവിന്റെ അഭ്യര്‍ത്ഥന പ്രകാരം ഒന്നാം ഖലീഫയായ അബൂബക്കര്‍ സിദ്ദീഖ്‌ റദിയല്ലാഹു അന്‍ഹുവാണ്‌ വിശുദ്ധ ഖുര്‍ആന്‍ ഒരു ഗ്രന്ഥ രൂപത്തിലാക്കിയത്‌. അതിനായി ഒരു സംഘം രൂപീകരിക്കപെട്ടു. അവർ എഴുതി വച്ചത് മുഴവനും ശേഖരിച്ചു. ഹൃദ്യസ്ഥമാക്കിയവരുമായി ഒത്തു നോക്കിയാണ് അന്ന് അവർ അത് പൂർത്തിയാക്കിയത്. പില്‍ക്കാലത്ത്‌ മൂന്നാം ഖലീഫയായ ഉസ്മാന്‍ റദിയല്ലാഹു അന്‍ഹു അതിന്റെ പല കോപ്പികള്‍ എടുത്ത്‌ ലോകത്തിന്റെ പല പല പ്രവിശ്യകളിലേക്കും അയക്കുകയുണ്ടായി. നാലാം ഖലീഫയായ അലി റദിയല്ലാഹു അന്‍ഹുവാണ്‌ അറബി ഭാഷയില്‍ ഇന്നു കാണുന്ന പാരായണ സഹായക ചിഹ്നങ്ങള്‍ ഉണ്ടാക്കിയത്‌. അത്‌ അനറബികളായ മുസ്ളിമീങ്ങള്‍ക്ക്‌ ഖുര്‍ആന്‍ പാരായണം സുഗമമാക്കാന്‍ വേണ്ടിയായിരുന്നു.

ചിലര്‍ വാദിക്കാറുണ്ട്‌. ഇന്നു കാണുന്ന ഖുര്‍ആന്‍ പ്രവാചകന്റെ കാല ശേഷം ഉസ്മാന്റെ കാലത്ത്‌ എഴുതപ്പെട്ടതാണ്‌ എന്ന്‌. തനിക്കിഷ്ടമില്ലാത്തതൊന്നും തന്നെ ചരിത്രത്തില്‍ നിന്നും വായിക്കരുത്‌ എന്ന്‌ നിര്‍ബന്ധമുള്ളതു കൊണ്ടാണ്‌ അവരങ്ങിനെ പറയുന്നത്‌. സത്യത്തില്‍ ഖുര്‍ആന്‍ അന്നും ഇന്നും എന്നും നിലനില്‍ക്കുന്നത്‌ എഴുതപ്പെട്ട കടലാസുകളില്‍ അല്ല. പകരം അത്‌ ഹൃദ്യസ്ഥമാക്കിയവരുടെ ഹൃദയത്തിലാണ്‌. ഇന്നൊരാള്‍ ഖുര്‍ആനിന്റെ മുഴുവന്‍ പ്രതികളും നശിപ്പിച്ചു കളഞ്ഞാലും, അടുത്ത ദിവസം തന്നെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുള്ള മുസ്ളിമീങ്ങള്‍ക്കും അതതു ഭാഗങ്ങളിലെ ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കിയവരുടെ സഹായത്തോടെ എഴുതിയെടുക്കാന്‍ കഴിയും. അങ്ങിനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച്‌ എഴുതിയുണ്ടാക്കപ്പെടുന്ന ഖുര്‍ആനുകളെ ഒന്നാകെ ഒരുമിച്ചു കൂട്ടി പരിശോധിച്ചാലും അവയിലൊന്നും ഒരു വള്ളിക്കോ പുള്ളിക്കോ വിത്യാസം കണ്ടെത്താന്‍ കഴിയുകയില്ല.

പരിഭാഷ: അൽബഖറ 
വിശുദ്ധ ഖുര്‍ആന്‍ ശരീഫിലെ രണ്ടാമത്തെ അദ്ധ്യായമാണ്‌ അല്‍ ബഖറ. ബഖറ എന്ന വാക്കിന്റെ അര്‍ത്ഥം പശു എന്നാണ്‌. ഈ അദ്ധ്യായത്തില്‍ 286 വചനങ്ങളാണ്‌ ഉള്ളത്‌. ഈ ഒരദ്ധ്യായത്തിന്റെ വ്യാഖ്യാനമായി തന്നെ പണ്ഡിതന്‍മാര്‍ വലിയ ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്‌. എന്റെ അറിവിലേക്ക്‌ പരിശ്രമവും കൂടിച്ചേര്‍ത്ത്‌ ഞാന്‍ അറിയാത്തവര്‍ക്കു വേണ്ടി ഇത്‌ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു എന്നു മാത്രം. ഈ ഗ്രന്ഥത്തെ കുറിച്ചുള്ള അത്രയും തെറ്റിദ്ധാരണ ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ഗ്രന്ഥത്തെക്കുറിച്ചും ഉണ്ടായിട്ടില്ല. എന്റെ അറിവ്‌ നിങ്ങളുമായി പങ്കു വെക്കല്‍ എന്റെ ബാധ്യതയാണ്‌ എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.

അല്‍ ബഖറ സൂറത്ത്‌ മദീനയില്‍ അവതരിച്ചതാണ്‌. ഖുര്‍ആന്‍ അദ്ധ്യായങ്ങളെ മദീനയില്‍ അവതരിച്ചത്‌ മക്കയില്‍ അവതരിച്ചത്‌ എന്നിങ്ങനെ രണ്ടായി തരം തിരിച്ചിട്ടുണ്ട്‌. മത നിയമങ്ങള്‍ കൂടുതലായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്‌ മദീനയില്‍ അവതരിച്ച അദ്ധ്യായങ്ങളില്‍ ആണ്‌.

1. അലിഫ്‌ ലാം മീം

അലിഫ്‌ ലാം മീം എന്നത്‌ കേവലം അറബി അക്ഷരങ്ങളാകുന്നു. പരിശുദ്ധ ഖുര്‍ആനില്‍ ധാരാളം അദ്ധ്യായങ്ങള്‍ തുടങ്ങുന്നത്‌ ഇത്തരത്തിലുള്ള കേവല അക്ഷരങ്ങള്‍ കൊണ്ടാണ്‌. ഇത്തരം വചനങ്ങളെ കുറിച്ച്‌ ധാരാളം അഭിപ്രായങ്ങളും നിലവിലുണ്ട്‌. അതില്‍ പ്രബലമായ ഒന്ന്‌ ഞാന്‍ നിങ്ങളുമായി പങ്കു വെക്കുന്നു.

ഖുര്‍ആന്‍ അറബിയിലാണ്‌. അതില്‍ ഉപയോഗിച്ചിരിക്കുന്ന പദങ്ങളും അക്ഷരങ്ങളുമൊക്കെ സാധാരണ അറബികളായ ആളുകള്‍ അവരുടെ ജീവിതത്തില്‍ ഉപയോഗിക്കുന്ന പദങ്ങളും മറ്റുമാണ്‌. അത്‌ ആളുകള്‍ക്ക്‌ മനസ്സിലാകാന്‍ പ്രയാസമോ ബുദ്ധിമുട്ടോ ഇല്ല. അറബി ഭാഷ അതിന്റെ ഉന്നതിയില്‍ വിരാജിക്കുന്ന സമയത്ത്‌ അവതീര്‍ണമായ ഖുര്‍ആന്‍ ദൈവീക ഗ്രന്ഥമല്ല എന്നു പറയുന്ന ഒരാള്‍ക്കും അറബിയില്‍ ഖുര്‍ആനിനോ, അതിന്റെ അദ്ധ്യായത്തിനോ, വചനത്തിനോ തുല്ല്യമായതൊന്നും എഴുതിയുണ്ടാക്കാന്‍ സാധിക്കുന്നില്ല. അതു കൊണ്ടു തന്നെ ശുദ്ധമായ അറബിയിലുള്ള ഈ ഗ്രന്ഥം ദൈവീകമാണ്‌ എന്നു സമര്‍ത്ഥിക്കാന്‍ വേണ്ടിയാണ്‌ ഇത്തരം കേവല അക്ഷരങ്ങള്‍ കൊണ്ട്‌ അദ്ധ്യായങ്ങള്‍ തുടങ്ങിയിരിക്കുന്നത്‌.

2. ഇത്‌ (അല്ലാഹുവിന്റെ) ഗ്രന്ഥമാകുന്നു. അതില്‍ യാതൊരു സംശയവും ഇല്ല. സൂഷ്മത പാലിക്കുന്നവര്‍ക്ക്‌ മാര്‍ഗദര്‍ശനമാകുന്നു (ഈ ഗ്രന്ഥം)

ഖുര്‍ആന്‍ ദൈവീക ഗ്രന്ഥമാണ്‌ എന്ന പ്രഖ്യാപനത്തോടെയാണ്‌ തുടങ്ങുന്നത്‌. മാത്രമല്ല അത്‌ സൂഷ്മത പാലിക്കുന്നവര്‍ക്കുള്ള സന്‍മാര്‍ഗ ദര്‍ശനമാണ്‌ എന്നു കൂടി പറയുന്നു. സൂഷ്മത എന്നു പറഞ്ഞാല്‍ കാര്യങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുകയും, ചിന്തിക്കുകയും, സത്യാസത്യങ്ങളെ വേര്‍ത്തിരിച്ചറിയുന്നവരുമാണ്‌. പരിശുദ്ധ ഖുര്‍ആനിന്റെ കാഴ്ച്ചപ്പാടില്‍ ആരാണ്‌ സൂഷ്മത പുലര്‍ത്തുന്നവര്‍ എന്നതാണ്‌ ഇനി വരുന്ന രണ്ടു വചനങ്ങളില്‍ വെളിപ്പെടുത്തുന്നത്‌.

3. അവര്‍ അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുന്നവരും, നമസ്ക്കാരം മുറപ്പ്രകാരം നിര്‍വഹിക്കുന്നവരും, നാം നല്‍കിയതില്‍ നിന്നും ചിലവഴിക്കുന്നവരുമാകുന്നു.

അവര്‍ അദൃശ്യമായ കാര്യങ്ങളില്‍ വിശ്വസിക്കുന്നവരാണ്‌. മനുഷ്യന്റെ ഇന്ദ്രിയങ്ങള്‍ക്ക്‌ അപ്രാപ്യമായ കാര്യങ്ങളെ, അറിവുകളെയാണ്‌ അദൃശ്യ കാര്യങ്ങള്‍ എന്ന്‌ പറയുന്നത്‌. ഉദാഹരണത്തിന്‌ മരണാനന്തര ജീവിതം, മാലാഖമാര്‍, പിശാച്‌, ദൈവം, സ്വര്‍ഗം, നരകം തുടങ്ങിയവ. ഇവയൊന്നും കണ്ടിട്ടോ അനുഭവിച്ചിട്ടോ അല്ല വിശ്വസിക്കുന്നത്‌. പകരം യുക്‌തി കൊണ്ടും ബുദ്ധി കൊണ്ട്‌ ഈ പ്രപഞ്ചത്തില്‍ വെളിവാക്കപ്പെട്ടിട്ടുള്ള ദൃഷ്ടാന്തങ്ങളെ കണ്ടു മനസ്സിലാക്കി നമ്മള്‍ വിശ്വസിക്കുന്നു. അദൃശ്യ വര്‍ത്തമാനങ്ങള്‍ വിശ്വസിക്കില്ല എന്നു പറയുന്ന ഓരാളോട്‌ ദൈവമുണ്ട്‌, മരണാനന്തരം ജീവിതമുണ്ട്‌, സ്വര്‍ഗനരകമുണ്ട്‌ എന്നൊക്കെ പറഞ്ഞിട്ട്‌ വല്ല കാര്യവുമുണ്ടോ? യാതൊരു കാര്യവും ഇല്ല.

എന്നാല്‍ ഇങ്ങിനെ യുക്തിവാദമുഖികളായ ആളുകള്‍ തന്നെ സ്വന്തം ഭാര്യയെ വിശ്വസിച്ച്‌ അവള്‍ പ്രസവിക്കുന്ന കുട്ടികളെ സ്വന്തം മക്കളായി സ്വീകരിക്കുന്നു. അമ്മയെ വിശ്വസിച്ച്‌ അമ്മ ചൂണ്ടിക്കാണിക്കുന്ന ആളെ പിതാവായി അംഗീകരിക്കുന്നു. ഇവിടെ രണ്ടിടത്തും നമുക്ക്‌ നമ്മളല്ല തെളിവ്‌.

നമസ്ക്കാരം മുറപ്പ്രകാരം നിര്‍വഹിക്കുക എന്നത്‌ മുസ്ലിമിന്റെ ബാധ്യതയാണ്‌. അതാണ്‌ IDENTITY. ബുദ്ധിയുള്ള ജൈവശാസ്‌ത്രപരമായി പ്രായം തികഞ്ഞ (അത്‌ ഏറിയാല്‍ പതിനഞ്ച്‌ വയസ്സാണ്‌) ഓരോ മുസ്ലിമിനും അവന്റെ ഏതവസ്ഥയിലും അഞ്ചു നേരത്തെ നമസ്ക്കാരം നിര്‍ബന്ധമാണ്‌. ആരോഗ്യമുള്ളവന്‌ നിന്നും, ഇല്ലാത്തവന്‌ ഇരുന്നു, അതിനും കഴിയാത്തവര്‍ക്ക്‌ കിടന്നും, ഒന്നിനും കഴിയാത്തവര്‍ മനസ്സു കൊണ്ടെങ്കിലും നമസ്ക്കരിക്കണം. ഒരു ഒഴിവു കഴിവും ഇല്ല. ഇനി ഒരാള്‍ ഭയത്തിലാണെങ്കില്‍ നടന്നു കൊണ്ടും നമസ്ക്കരിക്കാം. ഓടുന്ന വാഹനത്തില്‍ വച്ചും നമസ്ക്കരിക്കാവുന്നതാണ്‌.

നമസ്ക്കാരത്തിന്റെ ഏറ്റവും വലിയ ഭൌതിക ഗുണമെന്നു പറയുന്നത്‌ മനുഷ്യനെ അത്‌ വര്‍ത്തമാനത്തില്‍ ജീവിപ്പിക്കാന്‍ പഠിപ്പിക്കുന്നു എന്നതാണ്‌. ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു. ഭൂതവും ഭാവിയുമൊക്കെ മറന്ന്‌, നമസ്ക്കാരമെന്ന ആ കര്‍മത്തിലേക്ക്‌ മനുഷ്യന്‍ തന്റെ മനസ്സിനെ കൊണ്ടു വരുന്നു. മാത്രമല്ല, അല്ലാഹുവുമായി തന്റെ ബന്ധം പുതുക്കിക്കൊണ്ടേ ഇരിക്കുകയും ചെയ്യുന്നു. അത്‌ തിന്‍മകളെ തടുക്കുന്നു. നമസ്ക്കാരത്തില്‍ സൂഷ്മതയും കൃത്യതയുമുള്ള ഒരാള്‍ക്ക്‌ ജീവിതത്തിലൊരിക്കലും അറിഞ്ഞു കൊണ്ടു മദ്യപിക്കാന്‍ സാധിക്കില്ല. വെറും വിനോദങ്ങളില്‍ തന്റെ സമയം നഷ്ടപ്പെടുത്താനും കഴിയില്ല.

അവര്‍ അല്ലാഹു നല്‍കിയതില്‍ നിന്ന്‌ ചിലവഴിക്കുന്നവരുമാണ്‌ എന്നതു കൊണ്ട്‌, ദാന ധര്‍മങ്ങളാണ്‌ ഉദ്ധ്യേശിക്കുന്നത്‌. ധനമുള്ള ധനത്തില്‍ നിന്നും, അറിവുള്ളവന്‍ അറിവില്‍ നിന്നും, അങ്ങിനെ തനിക്കെന്താണോ ഉള്ളത്‌ അതില്‍ നിന്നെല്ലാം മനുഷ്യന്‍ ഇല്ലാത്തവര്‍ക്ക്‌ കൊടുക്കണം. കാരണം ഉള്ളവന്‌ അത്‌ കൊടുത്തതും ഇല്ലാത്തവന്‌ അത്‌ തടഞ്ഞതും അല്ലാഹുവാണ്‌. ഉള്ളവനും ഇല്ലാത്തവനും അത് പരീക്ഷണം ആണ്. ഉള്ളവന്റെ ഉള്ളതില്‍ നിന്നും ഇല്ലാത്തവന്‌ അവകാശമുണ്ട്‌. അത്‌ ഉള്ളവന്റെ ഔദാര്യമല്ല. പകരം ഇല്ലാത്തവന്റെ അവകാശമാണ്‌.

4. (നബിയേ) താങ്കള്‍ക്ക്‌ അവതരിക്കപ്പെട്ടതിലും, താങ്കള്‍ക്ക്‌ മുന്നേ ഇറക്കപ്പെട്ടിട്ടുള്ളതിലും, പരലോകത്തിലും വിശ്വസിക്കുന്നവരാകുന്നു അവര്‍. (മേല്‍പറയപ്പെട്ട കാര്യങ്ങളില്‍) അവര്‍ ദൃഢതയുള്ളവരാകുന്നു.

താങ്കള്‍ക്ക്‌ ഇറക്കപ്പെട്ടതിലും താങ്കള്‍ക്ക്‌ മുന്നേ ഇറക്കപ്പെട്ടതിലും എന്നു പറയുന്നത്‌ പരിശുദ്ധ ഖുര്‍ആനിനേയും ഖുര്‍ആനില്‍ പേരെടുത്തു പറഞ്ഞ മുന്‍ വേദങ്ങളേയും ആണ്‌. ഈ ലോകത്ത്‌ ധര്‍മച്യുതി സംഭവിക്കുമ്പോള്‍ സത്യം നീതി ധര്‍മം സത്യം എന്നിവയെക്കിറിച്ചെല്ലാം പ്രബോധനം നടത്താനായി അല്ലാഹു പ്രവാചകന്‍മാരെ അയച്ചിട്ടുണ്ട്‌. അങ്ങിനെ മനുഷ്യന്‍ എവിടെയൊക്കെ താമസിക്കുന്നുണ്ടോ അവിടെയൊക്കെ പ്രവാചകന്‍മാര്‍ വന്നിട്ടുണ്ട്‌. അതില്‍ പലര്‍ക്കും പല വേദഗ്രന്ഥങ്ങളും അവതരിപ്പിച്ചു നല്‍കിയിട്ടുണ്ട്‌. മുസ്ലിമീങ്ങള്‍ ഖുര്‍ആന്‍ എങ്ങിനെ അംഗീകരിക്കുന്നോ അപ്രകാരം തന്നെ ഖുര്‍ആനില്‍ പരാമര്‍ശിച്ച മറ്റു വേദഗ്രന്ഥങ്ങളും അംഗീകരിക്കാന്‍ ബാധ്യസ്ഥരാണ്‌.

പരലോകത്തിലുള്ള വിശ്വാസം ഒരു അദൃശ്യ കാര്യത്തിലുള്ള വിശ്വാസം മാത്രമല്ല, മറിച്ച്‌ ഭൂമിയിലെ ജീവിതത്തിന്റെ ബാക്കി അവിടെ വച്ചു കാണേണ്ടി വരും എന്നൊരു സൂഷ്മത കൂടി അതിലുണ്ട്‌. ഒരാള്‍ ദൈവമുണ്ടെന്നു വിശ്വസിച്ചാലും അയാള്‍ക്കെങ്ങിനെ വേണമെങ്കിലും ജീവിക്കാം. ഭൂമിയിലെ ജീവിതത്തിലെ മനുഷ്യ നിര്‍മിത നിയമങ്ങളെ മാത്രം നോക്കിയാല്‍ മതി. അങ്ങിനെ വരുമ്പോള്‍ കയ്യൂക്കുള്ള ഒരാള്‍ക്കിവിടെ എന്തുമാവാം. പക്ഷെ മരണത്തിന്റെ ശേഷം ഒരു ജീവിതമുണ്ടെന്നു വിശ്വസിക്കുകയും, ആ ജീവിതം ഭൂമിയിലെ ജീവിതത്തിന് അനുസരിച്ചായിരിക്കുമെന്നു വിശ്വസിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക്‌, അങ്ങിനെ തോന്നിയ പോലെ ജീവിക്കാന്‍ പറ്റില്ല. തന്റെ ഓരോ പ്രവര്‍ത്തിയും തന്റെ മരണാനന്തര ജീവിതത്തില്‍ എങ്ങിനെ പ്രതിഫലിക്കും എന്നു പരിശോധിക്കേണ്ടി വരും.

ഇതെല്ലാമാണ്‌ സൂഷ്മതയുള്ളവരുടെ പ്രത്യക്ഷ അടയാളങ്ങളെന്ന്‌ പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു. വിശ്വസിക്കുക എന്നു പറഞ്ഞാല്‍ ഒരു ഒഴുക്കന്‍ മട്ടിലുള്ള വിശ്വാസമല്ല, പകരം ഉറച്ച വിശ്വാസമാണ്‌ എന്നാണ്‌ അവര്‍ ദൃഢതയുള്ളവരാകുന്നു എന്നതു കൊണ്ടുദ്ധ്യേശിക്കുന്നത്‌. മുസ്ലിമായി ജനിച്ചതു കൊണ്ട്‌ ഒരു വിശ്വാസമങ്ങു വിശ്വസിക്കുന്നു എന്നാണെങ്കില്‍ അത്‌ ശരിയായ വിശ്വാസമാവില്ല. സര്‍ക്കാര്‍ ഫോറങ്ങള്‍ പൂരിപ്പിക്കേണ്ടി വരുമ്പോള്‍ കോളം തികയ്ക്കാന്‍ വേണ്ടി കൊണ്ടു നടക്കുന്ന മതം മനുഷ്യന്‌ ഒരു ഭാരം തന്നെ ആയിരിക്കും. യാതൊരു സംശയവും ഇല്ല.

5. അവര്‍ അവരുടെ രക്ഷിതാവില്‍ നിന്നുള്ള സന്‍മാര്‍ഗത്തിലാകുന്നു. അവര്‍ തന്നെയാണ്‌ വിജയിച്ചവരും.

സൂഷ്മത പാലിക്കുന്നവരെ അല്ലാഹു തിന്മകളിൽ നിന്നും തടുക്കുകയും കൂടുതൽ കൂടുതൽ നന്മ ചെയ്യാൻ അവസരങ്ങൾ ഉണ്ടാക്കി കൊടുക്കുകയും ചെയ്യും. അങ്ങിനെ ശാശ്വതമായ വിജയത്തിലേക്ക് അവർ എത്തപ്പെടുന്നു

6. എന്നാല്‍ ആരാണോ നിഷേധിച്ചവര്‍, (നബിയേ) താങ്കള്‍ അര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കുന്നതും നല്‍കാതിരിക്കുന്നതും തുല്ല്യമാണ്‌. അവര്‍ വിശ്വസിക്കുകയില്ല.

ആരാണ്‌ നിഷേധിച്ചവരെന്ന ചോദ്യത്തിന്‌ ഒരുപാടു പേരുണ്ട്‌ എന്നാണ്‌ ഉത്തരം. അറബിയിലെ കാഫിര്‍ എന്ന പദമാണ്‌ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്‌. കാഫിര്‍ എന്ന പദത്തിന്‌ വളരെ വിശാലമായ ഒരു അര്‍ത്ഥമുണ്ട്‌. നമ്മുടെ നാട്ടില്‍ അതൊരു തെറിയായിട്ടാണ്‌ ചിലര്‍ കാണുന്നത്‌. സത്യം മനസ്സിലാക്കി അതംഗീകരിക്കാന്‍ തയ്യാറല്ലാത്തവനെ കാഫിര്‍ എന്നു വിളിക്കാം. ഭാഷാപരമായി, കര്‍ഷകനെയും, ഒരു വസ്തു ഒളിച്ചു വെക്കുന്നവനെയും ഒക്കെ കാഫിര്‍ എന്നു വിളിക്കാം. ഖുര്‍ആന്‍ സത്യമാണ്‌, മുഹമ്മദ്‌ നബി സ്വല്ലല്ലാഹു അലൈഹി വസല്ലം അല്ലാഹുവിന്റെ പ്രവാചകനാണ്‌ എന്നൊക്കെ വ്യക്‌തമായി അറിയാമായിരുന്ന ഒരു പാടു പേര്‌, നബിയുടെ കാലത്തു തന്നെ ഉണ്ട്‌. സാമൂഹികമായതോ മറ്റോ ചില കാരണങ്ങള്‍ കൊണ്ടോ, അതല്ലെങ്കില്‍ സ്വന്തം അഹങ്കാരം കൊണ്ടോ അവര്‍ ഖുര്‍ആനിനേയോ പ്രവാചകനേയോ അംഗീകരിക്കാന്‍ തയ്യാറായില്ല. അതു കൊണ്ട്‌ അവരെ കാഫിര്‍ എന്നു വിളിക്കേണ്ടി വരുന്നു. ഇവിടെ പരാമര്‍ശിക്കുന്നത്‌ അത്തരം ആളുകളെ ആണ്‌. കാരണം അവരോട്‌ പ്രബോധനം നടത്തിയാലും ഫലമില്ല എന്നു പറയുന്നുണ്ടല്ലോ. അവര്‍ വിശ്വസിക്കില്ല. എന്നാല്‍ ഒരു സാധാരണ അമുസ്ലിം നാളെ ചിലപ്പോള്‍ മുസ്ലിമായി എന്നു വരാം. അതായത് ഒരു സാധാരണ അമുസ്ലിമിനോടു പ്രബോധനം നടത്തിയാൽ ഫലമുണ്ടായേക്കാം. എന്നാൽ ചിലര്ക്ക് ഒരു ഫലവും ചെയ്യില്ല. ചിലപ്പോളതു വിപരീത ഫലവും ചെയ്തെക്കാം.

7. അല്ലാഹു അവരുടെ ഹൃദയത്തെയും കാതുകളേയും മുദ്ര വച്ചിരിക്കുന്നു. അവരുടെ കണ്ണുകള്‍ക്ക്‌ മീതെ ഒരു മറയുമുണ്ട്‌. അവര്‍ക്ക്‌ കഠിനമായ ശിക്ഷയാണുള്ളത്‌.

അത്തരം ആളുകളുടെ അഹങ്കാരവും ധിക്കാരവും കാരണം അവരുടെ ഹൃദയത്തെ അല്ലാഹു സീല്‍ ചെയ്‌തിരിക്കുകയാണ്‌. അവരുടെ മരണാനന്തര ജീവിതത്തിലേക്ക്‌ ഉപകരിക്കുന്നതൊന്നും അവര്‍ കേള്‍ക്കില്ല. അത്തരം കാര്യങ്ങളൊന്നും അവര്‍ക്ക്‌ കാണാനും കഴിയില്ല. അങ്ങിനെ കടുത്ത നിഷേധത്തിലും ധിക്കാരത്തിലുമായി അവര്‍ മരണപ്പെടുകയും അങ്ങിനെ കഠിനമായ ശിക്ഷയില്‍ ചെന്നു ചേരുകയും ചെയ്യും.

(തുടരും)

8 comments:

 1. അല്ലാഹുവിന്റെ ത്രിപ്തിക്കായി ഞാൻ ഇത് നിങ്ങൾക്ക് സമർപ്പിക്കുന്നു.

  ReplyDelete
 2. ഇഞ്ചീല്‍ , തൗറാത്ത് , സബൂറ് ..വേറൊന്ന് കൂടി ഉണ്ടൊ ? അറിയില്ല
  ഓര്‍മയുണ്ടായിരുന്നേട്ടൊ ഖുറാനില്‍ പ്രതിപാധിച്ചിരുന്ന മുന്‍ വേദങ്ങള്‍ , മറന്നു പൊയി ..
  നോയമ്പ് കാലത്ത് മലയാളം പരിഭാഷ വഴി കൂടുതലറിയാന്‍ ശ്രമിച്ചിട്ടുണ്ട്
  ഖുറാനെന്ന വിശുദ്ധ ഗ്രന്ഥത്തേ , പത്ത് വര്‍ഷമായി നോയമ്പ് എടുക്കുന്നുമുണ്ട്
  ഇടക്കുള്ള അനിവാര്യമായ ഇടവേളകള്‍ ഒഴിച്ചാല്‍ .....
  ഏക ദൈവമെന്ന വിശ്വാസ്സാം മഹത്വരമാണ് ..
  അദൃശ്യമായ ആ കാരുണാമയനിലേക്ക് കൈകള്‍ നീട്ടീ കേഴുമ്പൊള്‍
  മനസ്സ് വിശുദ്ധമാകുന്നത് അറിഞ്ഞിട്ടുണ്ട് ,
  സമൂഹത്തിന്റെ അച്ചടക്കത്തിനും , അരക്ഷിതവസ്ഥയേ തരണം ചെയ്യുവാനും
  ഖുറാന്‍ മുന്നോട്ട് വയ്ക്കുന്ന അദൃശ്യ വിശ്വാസ്സം മഹനീയം തന്നെ ..
  ഇതു വെറും വഴിയമ്പലമാണെന്നും നമ്മുടെ ലോകവും ജീവിതവും
  മരണശേഷവുമാണെന്നും , ഈ ക്ഷണികജീവിതം പരീക്ഷണ
  കാലഘട്ടമാണെന്നും , അതിലൂടെ കിട്ടുന്ന ആകേതുകയാകും
  നമ്മുടെ മരണശേഷത്തിലെക്കുള്ളതില്‍ നിശ്ശ്ചയിക്കുന്ന അളവുകൊലെന്ന്
  നൂറാവര്‍ത്തി പറഞ്ഞാലും , ആരു വിശ്വസ്സിക്കുന്നു , ആരു കേള്‍ക്കുന്നു ..
  സ്ഥായി ആയി ഇവിടെ വിരാജിക്കാമെന്നും , എന്നില്‍ വലിയവന്‍ ആരുമില്ലെന്നുമുള്ള
  അഹങ്കാരത്തിന്റെ , " കാഫിറുകള്‍ " വാഴുന്ന ഈ ലോകത്ത് എന്തു പറയാന്‍ ...
  തുടരുക പ്രീയപെട്ട കൂട്ടുകാര , വായിക്കുവാനും അറിയുവാനും താല്പര്യമുണ്ട്
  ഇസ്ലാം ഏറ്റം കൂടുതല്‍ സംശയദൃഷ്ടികളിലൂടെ കടന്നു പൊകുന്ന ഈക്കാലത്ത്
  അതിന്റെ പരിശുദ്ധത എന്തെന്ന് കാട്ടി കൊടുക്കുവാന്‍ ഈ എളിയ ശ്രമങ്ങള്‍ക്കാകും ..
  ഹൃദയത്തില്‍ നിന്നും സ്നേഹപൂര്‍വം..

  ReplyDelete
 3. Alhamdulillah.. Quran revealed for entire mankind.. no border no geographical differences, no barriers.. this is the Light in the Darkness.

  ReplyDelete
 4. പ്രിയപ്പെട്ട റിനീ

  ഇഞ്ചീൽ തൌറാത്ത് സബൂര് പിന്നെ ഖുറാൻ എന്നിവയാണ് ഖുറാനിൽ പരാമര്ശിക്കുന്ന വേദഗ്രന്തങ്ങൽ.

  നന്ദിയുണ്ട് റിനീ.. ഒരു രചന അതർഹിക്കുന്ന ഒരു വായന കിട്ടുക എന്നതാണ് പ്രാധാന്യം, അല്ലാതെ അതിനെത്ര കമന്റ് കിട്ടുന്നു എന്നതല്ല

  ReplyDelete
 5. രാമായണവും ഖുറാനും ബൈബിളും ഒക്കെ ചെറുപ്പം മുതല്‍ വായിക്കണം എന്ന് വിചാരിച്ചതല്ലാതെ ഒന്നും വായിക്കാന്‍ സാധിച്ചില്ല ഇന്നുവരെ. അതുകൊണ്ട് തന്നെ ഇങ്ങിനെ ചിലതൊക്കെ വല്ലപ്പോഴും വായിക്കുന്നത് ഒന്നും ഓര്‍മ്മയില്‍ തങ്ങാറില്ല. ചില കാര്യങ്ങളൊക്കെ അറിയാന്‍ കഴിഞ്ഞു.

  ReplyDelete
 6. തുടരട്ടെ ഈ ശ്രമം അഭൂതി

  ReplyDelete
 7. ഇത് വായിക്കുമ്പോള്‍ ബൈബിളിലൂടെ കടന്നു പോകുന്ന പ്രതീതിയുണ്ട് , ഇനിയും എഴുതൂ വായിക്കാം .

  ReplyDelete