Monday, March 25, 2013

ഖുര്‍ആന്‍ പരിഭാഷ: അൽബഖറ (21-29)



21. ഹേ ജനങ്ങളേ; നിങ്ങളേയും, നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച, നിങ്ങളുടെ രക്ഷിതാവിന്‌, നിങ്ങള്‍ വഴിപ്പെടുവിന്‍. നിങ്ങള്‍ സൂഷ്മതയുള്ളവരാകുവാന്‍ വേണ്ടി.
 
22. ഭൂമിയെ നിങ്ങള്‍ക്ക്‌ വിരിപ്പും, ആകാശത്തെ മേലാപ്പുമാക്കിത്തരികയും, ആകാശത്തു നിന്നും മഴ വര്‍ഷിപ്പിക്കുകയും, അതു മൂലം നിങ്ങള്‍ക്കാഹരിക്കുവാനായി കായ്കനികള്‍ മുളപ്പിക്കുകയും ചെയ്യുന്നവനാകുന്നു അവന്‍. അപ്പോള്‍ ഇതെല്ലാം അറിയുന്നവരായിക്കൊണ്ടു നിങ്ങള്‍ അല്ലാഹുവിന്‌ സമന്‍മാരെ കല്‍പ്പിക്കരുത്‌.

മനുഷ്യ വംശത്തെയാകമാനം അഭിസംബോധന ചെയ്‌ത്‌, അല്ലാഹു നിങ്ങള്‍ എനിക്ക്‌ വഴിപ്പെടണമെന്ന്‌ കല്‍പ്പിക്കുകയും ചെയ്യുന്നു. അല്ലാഹു മനുഷ്യന്‌ ഭൂമിയില്‍ മഹത്തായ അനുഗ്രഹങ്ങള്‍ നല്‍കിയിരിക്കുന്നു. മാത്രമല്ല, നന്‍മ തിന്‍മകള്‍ നിറഞ്ഞ ലോകത്തേക്ക്‌, മനുഷ്യനെ വിവേചനാധികാരത്തോടെ വിടുകയും, സ്വീകാര്യമായ വഴികളേതാണെന്നും, അസ്വീകാര്യമായ വഴികളേതാണെന്നും പഠിപ്പിക്കുകയും ചെയ്‌തിരിക്കുന്നു. അവനു വഴിപ്പെടുന്നതും വഴിപ്പെടാതിരിക്കുന്നതും മനുഷ്യന്റെ വിവേചനാധികാരത്തിന്റെ തിരഞ്ഞെടുക്കലുകളാണ്‌. മനുഷ്യന്‍ ഇന്ന്‌ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങളും അല്ലാഹു നല്‍കിയതാണ്‌. സൃഷ്ടിയോ രക്ഷയോ ശിക്ഷയോ അല്ലാഹുവില്‍ നിന്നല്ലാതെ ഉണ്ടാവുന്നില്ല. അപ്പോള്‍ ഇതിലേതെങ്കിലും ഒരു കാര്യത്തിന്‌ അല്ലാഹുവല്ലാത്ത മറ്റൊരു ശക്‌തിക്ക്‌ കഴിയും എന്നു വിശ്വസിക്കലോ അതനുസരിച്ച്‌ പ്രവര്‍ത്തിക്കലോ ആകുന്നു അല്ലാഹുവിന്‌ സമന്‍മാരെ ഉണ്ടാക്കല്‍ എന്നതു കൊണ്ട്‌ ഉദ്ധ്യേശിക്കുന്നു. അല്ലാഹുവിങ്കല്‍ ഇത്‌ ഏറ്റവും വലിയ തെറ്റാകുന്നു.

23. നമ്മുടെ ദാസന്‌ നാം അവതരിപ്പിച്ചിട്ടുള്ളതില്‍ (ഖുര്‍ആനില്‍) നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍, നിങ്ങള്‍ സത്യസന്ധന്‍മാരാണെങ്കില്‍ ഇതു പോലുള്ള ഒരു അധ്യായമെങ്കിലും നിങ്ങള്‍ (എഴുതി ഉണ്ടാക്കി) കൊണ്ടു വരൂ. അതിനായി അല്ലാഹുവിനെ കൂടാതെയുള്ള നിങ്ങളുടെ സഹായികളേയും നിങ്ങള്‍ വിളിച്ചു കൊള്ളുക.

24. അപ്പോള്‍ നിങ്ങളങ്ങിനെ ചെയ്യുന്നില്ലെങ്കില്‍, ഇനി ഒരിക്കലും നിങ്ങള്‍ക്കതിനാവുകയും ഇല്ല. മനുഷ്യനേയും കല്ലുകളേയും വിറകുകളാക്കുന്ന നരകത്തെ നിങ്ങള്‍ സൂക്ഷിക്കുക. അവിശ്വാസികള്‍ക്കായി അത്‌ ഒരുക്കപ്പെട്ടിരിക്കുന്നു.

ഖുര്‍ആനിന്റെ ദൈവീകത ചോദ്യം ചെയ്യുന്നവരോടുള്ള ഒരു വെല്ലുവിളി ആണിത്‌. ഖുര്‍ആനില്‍ പല സ്ഥലത്തും ഇതിനു സമമായത്‌ ആവര്‍ത്തിച്ചിട്ടും ഉണ്ട്‌. മനുഷ്യ സൃഷ്ടിയാണ്‌ ഖുര്‍ആനെങ്കില്‍ ഖുര്‍ആന്‍ പോലൊരു ഗ്രന്ഥം മനുഷ്യര്‍ക്ക്‌ എഴുതിയുണ്ടാക്കുക വലിയ പ്രയാസമൊന്നും ഉള്ള കാര്യമല്ല. ഖുര്‍ആനില്‍ ചരിത്രം, അടിസ്ഥാന ജീവശാസ്‌ത്രം, സാമൂഹിക വ്യവസ്ഥിതിക്ക്‌ ഏറ്റവും അനുയോജ്യമായ നിയമാവലികള്‍, അടിസ്ഥാന ഗോളശാസ്‌ത്രം, തത്വജ്ഞാനം എന്നിവയൊക്കെ അടങ്ങിയിരിക്കുന്നു. ഇതെല്ലാം വെറുതെ ഒരു ഗ്രന്ഥത്തില്‍ എഴുതുകയല്ല ചെയ്‌തിരിക്കുന്നത്‌. അറബ്‌ സാഹിത്യം അതിന്റെ ഏറ്റവും ഉന്നതിയില്‍ നിന്ന കാലത്ത്‌, അറബ്‌ സാഹിത്യത്തിലെ ഏറ്റവും വലിയ സാഹിത്യ കൃതി കൂടിയാണ്‌ ഖുര്‍ആന്‍. സാഹിത്യ സമ്പൂര്‍ണമാണ്‌ അതിലെ ഓരോ വരികളും. അറബി ഭാഷയുടെ വ്യാകരണം ഖുര്‍ആന്‍ അടിസ്ഥാനമാക്കിയാണ്‌ ഇന്നും നിലനില്‍ക്കുന്നത്‌. ഇതൊക്കെ കൊണ്ടു തന്നെ ഖുര്‍ആന്‍ മറ്റേതൊരു അറബ്‌ ഗ്രന്ഥത്തില്‍ നിന്നും വിത്യസ്ഥമായി നിലനില്‍ക്കുന്നു. ഈ വെല്ലുവിളി ആര്‍ക്കും സ്വീകരിക്കാവുന്നതാണ്‌. എന്നാല്‍ അതില്‍ ആരും വിജയിക്കില്ല എന്നു ഖുര്‍ആന്‍ തന്നെ തറപ്പിച്ചു പറയുകയും ചെയ്യുന്നു.

25. (നബിയേ) വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ക്ക്‌ സന്തോഷ വാര്‍ത്ത അറിയിക്കുക. താഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ആരാമങ്ങള്‍ അവര്‍ക്കുള്ളതാകുന്നു. അതിലെ കനികള്‍ അവര്‍ക്കു ഭക്ഷിക്കാനായി നല്‍കുമ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ക്കു നേരത്തെ നല്‍കിയതു തന്നെയാണല്ലോ ഇതു. (എന്നാല്‍) സാദൃശ്യമുള്ളതായി അവര്‍ക്ക്‌ നല്‍കപ്പെടുകയാണത്‌. അവര്‍ക്കവിടെ വിശുദ്ധരായ ഇണകളുണ്ടായിരിക്കും. അവര്‍ അവിടെ ശാശ്വതവാസികളായിരിക്കും.

സ്വര്‍ഗം എന്നത്‌ ചിലര്‍ക്ക്‌ പരിഹാസ വസ്‌തുവാണ്‌. ഖുര്‍ആനിലെ സ്വര്‍ഗത്തില്‍ പെണ്ണുണ്ട്‌, ശിശുഭോഗമുണ്ട്‌, മദ്യമുണ്ട്‌ എന്നൊക്കെ കളിയാക്കുന്നവരെ എമ്പാടും കാണാം. മനുഷ്യന്റെ ഭാവനയ്ക്കുള്‍കൊള്ളാന്‍ കഴിയു ന്ന വിധത്തില്‍ കാര്യങ്ങള്‍ പറഞ്ഞു എന്നതാണ്‌ സത്യം. അതിനെ തെറ്റായി വ്യാഖ്യാനിച്ചവര്‍ അവരുടെ വ്യാഖ്യാനം ദുരുപയോഗം ചെയ്യുന്നു എന്നു മാത്രം. സ്വര്‍ഗം നരകം എന്നിവയൊന്നും ഒരു മനുഷ്യനും വിഭാവനം ചെയ്യാനാവില്ല. അവ ഉണ്ട്‌ എന്ന്‌ വിശ്വസിക്കണം. എന്നാല്‍ സ്വര്‍ഗത്തിലേക്ക്‌ മനുഷ്യനെ ആകര്‍ഷിപ്പിക്കേണ്ടതുണ്ട്‌. നരകത്തിനോട്‌ മനുഷ്യന്‌ വെറുപ്പും തോന്നേണ്ടതുണ്ട്‌. അതിനനുസരിച്ചാണ്‌ ഖുര്‍ആന്‍ കര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്‌. തോട്ടം/ആരാമം/ഉദ്ദ്യാനം എന്നൊക്കെ അർത്ഥം വരുന്ന ജന്നത്‌ എന്ന പദമാണ്‌ അറബിയില്‍ സ്വര്‍ഗത്തെ കുറിച്ച്‌ പറഞ്ഞിടത്തു ഉപയോഗിച്ചിരിക്കുന്നത്‌. അതില്‍ നല്ല നദികളുണ്ട്‌. മേന്‍മയേറിയ കായ്കനികളുണ്ട്‌. ഓരോ കായ്കനികളും വേറെ വേറെ ആയിരിക്കുമെങ്കിലും അവ സാമ്യമുള്ളതായി തോന്നാം. രൂപത്തില്‍ സാമ്യമുള്ളതും രുചിയില്‍ വിത്യാസമുള്ളതുമായിരിക്കും അവ. മാത്രമല്ല. സ്വര്‍ഗവാസികള്‍ക്ക്‌ അവിടെ വിശുദ്ധരായ ഇണകളുമുണ്ടായിരിക്കും. ഇതൊക്കെ മോശമാണ്‌ എന്നാണ്‌ ഖുര്‍ആന്‍ വിരോധികളുടെ വാദം. അവരുടെ വാദപ്രകാരം സ്വര്‍ഗം എന്നാൽ മരുഭൂമി പോലെ ജീവനില്ലാത്ത ഒരു സ്ഥലമായിരിക്കണം. പക്ഷെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന സ്വര്‍ഗം സന്തോഷവും സമാധാനവും മാത്രം പ്രദാനം ചെയ്യുന്ന ഒരു സ്ഥലമാണ്‌.

26. ഒരു കൊതുകിനെ കൊണ്ടോ, അതല്ലെങ്കില്‍ അതിനെക്കാള്‍ വലിയ ഒന്നിനെ കൊണ്ടോ, ഒരു ഉപമ പറയുന്നതിൽ അല്ലാഹു ലജ്ജിക്കുന്നില്ല. സത്യവിശ്വാസികള്‍ അത്‌ അല്ലാഹുവിങ്കൽ നിന്നുള്ള സത്യമാണെന്ന്‌ തിരിച്ചറിയുന്നു. എന്നാല്‍ സത്യനിഷേധികള്‍ ചോദിക്കും. ഇതു പോലൊരു ഉപമയിലൂടെ അല്ലാഹു എന്താണാവോ ഉദ്ധ്യേശിച്ചത്‌? (ഈ വിധം ഒരേ വചനത്തിലൂടെ) അല്ലാഹു കുറേ പേരെ വഴികേടിലാക്കുന്നു. കുറേ പേരെ നേര്‍വഴിയിലുമാക്കുന്നു. എന്നാല്‍ ധിക്കാരികളെ അല്ലാതെ അല്ലാഹു വഴികേടിലാക്കുകയില്ല.

ഖുര്‍ആനിലൂടെ തന്റെ ഏതൊരു സൃഷ്ടിയെ കൊണ്ടും ഒരു ഉപമ പറയുന്നതിന്‌ അല്ലാഹുവിന്‌ ലജ്ജയൊന്നും ഇല്ല. അല്ലാഹു ലജ്ജിക്കേണ്ട കാര്യവും ഇല്ല. പക്ഷെ, ഖുര്‍ആനിലെ ചില ഉപമകള്‍ കാരണം ചിലര്‍ ഖുര്‍ആനിനെ പരിഹസിക്കുന്നു. ഇത്തരം നിസാര കാര്യങ്ങള്‍ പറയാനാണോ ഖുര്‍ആന്‍ എന്നു ചോദിച്ചവര്‍ പോലുമുണ്ട്‌. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം, ഖുര്‍ആനിലെ എല്ലാ വചനങ്ങളും അല്ലാഹുവില്‍ നിന്നുള്ള സത്യവചനങ്ങളാകുന്നു. അക്രമികൾ ആ വചനങ്ങളില്‍ ചിന്താകുഴപ്പത്തിലായി അതിനെ പരിഹസിച്ച്‌ വഴിപിഴച്ചു പോവുകയും ചെയ്യുന്നു. ഇപ്രകാരം ഒരൊറ്റ വചനം തന്നെ ചിലര്‍ നന്നാവാനും ചിലര്‍ പിഴക്കാനും കാരണമാവുന്നു.

27. അല്ലാഹുവുമായിട്ടുള്ള പ്രതിജ്ഞ ഉറപ്പിച്ച ശേഷം അതു ലംഘിക്കുകയും അല്ലാഹു കൂട്ടിച്ചേര്‍ക്കാന്‍ കല്‍പ്പിച്ചതിനെ വേര്‍പ്പെടുത്തുകയും ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരുമാകുന്നു അവര്‍. അവര്‍ തന്നെയാകുന്ന നഷ്ടം സംഭവിച്ചവര്‍.

ഭൂമിയില്‍ ജനിച്ചു കഴിഞ്ഞതും ഇനി ജനിക്കാനിരിക്കുന്നതുമായ മുഴുവന്‍ മനുഷ്യാത്മാവുകളേയും അല്ലാഹു ഒരുമിച്ചു ചേര്‍ക്കുകയും അവരെ കൊണ്ട്‌, അല്ലാഹുവാണ്‌ രക്ഷിതാവെന്നും, അല്ലാഹുവിനെ വഴിപെട്ട്‌ ജീവിക്കാമെന്നും, അല്ലാഹുവില്‍ പങ്കു ചേര്‍ക്കുകയില്ലെന്നും സത്യം ചെയ്യിച്ചിട്ടുണ്ട്‌. അതു കൊണ്ടു തന്നെ ഓരോ മനുഷ്യനും ജനിക്കുന്നത്‌ പരിശുദ്ധരായാണ്‌. അതായത്‌ ശുദ്ധ പ്രകൃതിയില്‍. നന്‍മയിലേക്കും ഏക ദൈവ വിശ്വാസത്തിലേക്കുമൊക്കെയുള്ള ഒരു ത്വര മനുഷ്യരില്‍ അന്തര്‍ലീനമായിട്ടുണ്ട്‌. എന്നാല്‍ ചില മനുഷ്യര്‍ക്ക്‌ അവരുടേ ദേഹേഛകള്‍ കാരണം ആ വിളിക്കുത്തരം നല്‍കാനാവില്ല.

28. നിങ്ങള്‍ക്ക്‌ എങ്ങിനെയാണ്‌ അല്ലാഹുവിനെ നിഷേധിക്കാന്‍ കഴിയുന്നത്‌? നിങ്ങള്‍ക്ക്‌ ജിവനില്ലായിരുന്നു. അപ്പോള്‍ അവന്‍ നിങ്ങള്‍ക്ക്‌ ജീവന്‍ നല്‍കി. ഇനിയും അവന്‍ നിങ്ങളെ മരിപ്പിക്കും. പിന്നീട്‌ അവന്‍ തന്നെ നിങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. ശേഷം അവനിലേക്കു തന്നെ നിങ്ങള്‍ മടക്കപ്പെടും.

മനുഷ്യന്‍ ഇല്ലായിമയില്‍ നിന്നും ഉണ്ടാകുന്നതാണ്‌. ബീജവും അണ്ഡവും പുതുതായി സൃഷ്ടിക്കപ്പെടുന്നതാണ്‌. അല്ലാഹു മനുഷ്യനെ സൃഷ്ടിക്കുന്നു. നമ്മള്‍ മരിക്കുകയും ചെയ്യും. ശേഷം നമ്മെ വിചാരണ ചെയ്യുന്നതും രക്ഷാശിക്ഷകളിലേക്ക്‌ നമ്മെ ചേര്‍ക്കുന്നതും അല്ലാഹു മാത്രമാകുന്നു. അങ്ങിനെയുള്ള അല്ലാഹുവിനെ നിഷേധിക്കാന്‍ എങ്ങിനെയാണ്‌ മനുഷ്യന്‌ സാധിക്കുന്നത്‌?

29. ഭൂമിയില്‍ ഉള്ളതെന്തൊക്കെയാണോ അവ സര്‍വത്രയും നിങ്ങള്‍ക്കായി സൃഷ്ടിച്ചത്‌ അവനാകുന്നു. എന്നിട്ടവന്‍ ഉപരിലോകത്തേക്ക്‌ തിരിയുകയും അതിനെ ഏഴ്‌ ആകാശങ്ങളായി സംവിധാനിക്കുകയും ചെയ്‌തു. അവന്‍ എല്ലാറ്റിനും കഴിവുള്ളവനാകുന്നു.

ഭൂമിയില്‍ ആദ്യമനുഷ്യന്റെ സൃഷ്ടിപ്പിന്റെ മുന്‍പു തന്നെ അവന്‍ മനുഷ്യനു വേണ്ടതെല്ലാം സൃഷ്ടിച്ചിരുന്നു. പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണ്‌. ആകാശം അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്‌. നെബുലകളില്‍ പുതിയ പുതിയ നക്ഷത്രങ്ങള്‍ ജനിക്കുന്നു. ചിലത്‌ നശിച്ചു പോകുന്നു. പുതിയ താരാപഥങ്ങള്‍ ഉണ്ടാകുന്നു. ആകാശത്തെ അല്ലാഹു ഏഴാകാശങ്ങളായി സംവിധാനിച്ചിരിക്കുന്നു. ഭൂമിയില്‍ നിന്നുമുള്ള ദൂരത്തെ അടിസ്ഥാനമാക്കിയായിക്കാം അതെന്നു വിശ്വസിക്കാം. അത്തരം സൂചനകള്‍ തരുന്ന വചനങ്ങള്‍ ഖുര്‍ആനില്‍ പല ഭാഗത്തും ഉണ്ട്‌. മനുഷ്യൻ ഭൂമിയിൽ നിന്നും നോക്കുമ്പോള്‍ ഭൂമി വിട്ടുള്ള എല്ലാം ആകാശമാണ്‌. ആകാശത്തിലൂടെ പറക്കുന്ന പറവ എന്നു പോലും നമ്മള്‍ പറയാറുണ്ട്‌. ആകാശം ഒരു മേഖലയാണ്‌ എന്നാണ്‌ അതിന്റെ അര്‍ത്ഥം. അത്‌ ഭൂമി പോലെ തൊട്ടു മനസ്സിലാക്കാന്‍ കഴിയുന്ന ഒരു സൃഷ്ടിയല്ല. എന്നാല്‍ പ്രപഞ്ചത്തിലെ ഭൂമിയല്ലാത്ത മറ്റെല്ലാ വസ്‌തുക്കളും മനുഷ്യന്‌ ആകാശത്തിലെ വസ്‌തുക്കളാണ്‌. അതു കൊണ്ടാണ്‌ ഭൂമിയുടെ സൃഷ്ടിപ്പിന്റെ ശേഷമാണ്‌ ആകാശത്തിന്റെ സംവിധാനത്തിലേക്ക്‌ തിരിഞ്ഞത്‌ എന്നു പറയാന്‍ കാരണം. ഇപ്പോഴും ആകാശത്തിന്റെ സംവിധാനം നടന്നു കൊണ്ടിരിക്കുകയാണ്‌. അല്ലാഹു മുഴുവന്‍ സമയം കര്‍മനിരതനാണ്‌ എന്നൊരു വചനം ഖുര്‍ആനിലുണ്ട്‌. അതു കൊണ്ട്‌ അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം സൃഷ്ടി കഴിഞ്ഞു, ഇപ്പോള്‍ വിശ്രമിക്കുകയാണ്‌ എന്നൊരു അവസ്ഥ ഇല്ല. അവനിപ്പോഴും പുതിയത്‌ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ചിലത്‌ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ബാക്കിയുള്ളവ സംരക്ഷിക്കുകയും ചെയ്യുന്നു. അവന്‍ എല്ലാറ്റിനും കഴിയ്യുന്ന സര്‍വ്വ ശക്‌തനായ ഏകാരാധ്യനാകുന്നു.

(തുടരും)

7 comments:

  1. ഖുറാൻ ഇഷ്ടപ്പെടുന്നവർ ഈ പോസ്റ്റ് കഴിയുന്നത്ര പ്രച്ചരിപ്പിക്കുമല്ലോ

    ReplyDelete
  2. വിജ്ഞാനം പകരുന്ന ഈ പുണ്യകര്‍മ്മം തുടരുക.അഭിനന്ദനങ്ങള്‍

    ReplyDelete
  3. ഈ പുണ്യകര്‍മ്മം തുടരുക.......

    ReplyDelete
  4. വിശ്വാസ്സവും മനസ്സുമാണ് പ്രധാനം , അള്ളാഹുവിനാല്‍ എല്ലാം നല്‍കപെട്ടു കഴിഞ്ഞു
    ഇനി ഉണ്ടാകുന്നതും , ഇല്ലായ്മ ചെയ്യപെടുന്നതും ഒക്കെ അവനിലൂടെ തന്നെ ..
    ജനിക്കുമ്പൊള്‍ നാം ശുദ്ധരും , ഏകദൈവത്തിങ്കല്‍ നിന്നും ജീവന്‍ നല്‍കപെട്ടവനുമാകുന്നു ..
    പിന്നീടുള്ള വഴികളില്‍ എവിടെയാണ് നാം അധപതിച്ചു പൊകുന്നത് ?
    സ്വര്‍ഗ്ഗവും , നരകവും എന്നത് മിഥ്യയാണെന്ന് വാദിക്കുന്നവര്‍ക്ക് എന്താണ് ലക്ഷ്യം ..
    അങ്ങനെയൊന്നുണ്ട് എന്ന വിശ്വസ്സിക്കുന്നവര്‍ ദൈവത്തേ ഉള്ളേറ്റി , സമൂഹത്തില്‍
    ദൈവ ഭയത്തൊടെ ജീവിക്കുന്നത് നന്മയല്ലാതെ , തിന്മ കൊണ്ട് വരുമോ ..?
    അബോധമനസ്സിനേ പൊലും സ്വാധീനിക്കാന്‍ പ്രാപ്ത്മായ പലതും വരികളിലൂടെ
    നമ്മളിലേക്ക് പകരും , അറബ് സാഹിത്യത്തിന്റെ "ക്ലാസ്സിക്ക് " എന്ന് ഏതൊരു
    വായനക്കാരനേയും പൊലെ എനിക്കും പറയാം , അതു ഹൃദയത്തിലേറ്റി
    പ്രവര്‍ത്തികളില്‍ പരിപാലിക്കുവനായാല്‍ അവിടം തൊട്ട് നാം മനുഷ്യനായീ ...!
    പ്രീയപെട്ട അബൂതീ , വായിക്കും തൊറും വീണ്ടും വായിക്കുവാനും
    അറിയുവാനുമുള്ള ത്വര ഉണ്ട് ഉള്ളില്‍ നിന്നും , പറയുന്നതും ഉള്ളീന്ന് തന്നെ
    വെറും വാക്കല്ല ,, തുടരുക പ്രീയ സഖേ .. കാത്തിരിക്കുന്നു ..!

    ReplyDelete
  5. ബ്ലോഗ്ഗർമാർക്കിടയിലെ വേറിട്ട ശബ്ദം അബൂതി ഈ പോസ്റ്റിലും തികച്ചും വേറിട്ട്‌ നില്ക്കുന്നു

    ReplyDelete
  6. ഏവര്‍ക്കും അറിവ് പകരാന്‍ ഉപകരിക്കുന്ന പുണ്യകര്‍മ്മം തുടരുക...
    ആശംസകള്‍

    ReplyDelete
  7. അർത്ഥവ്യാപ്തിയോടെയുള്ള
    ഇത്തരം വിശകലനങ്ങൾ വളരെ നന്ന്..
    തുടരുക...

    ReplyDelete