Saturday, March 23, 2013

ഖുര്‍ആന്‍ പരിഭാഷ: അല്‍ബഖറ (8-20)


8. ജനങ്ങള്‍ക്കിടയില്‍ ഒരു വിഭാഗമുണ്ട്‌. അല്ലാഹുവിലും അന്ത്യനാളിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്നവര്‍ പറയും. (സത്യത്തില്‍) അവര്‍ വിശ്വാസിച്ചവരില്‍ പെടില്ല.

9. അവര്‍ അല്ലാഹുവിനേയും സത്യവിശ്വാസികളേയും വഞ്ചിക്കാനാണ്‌ ശ്രമിക്കുന്നത്‌. എന്നാല്‍ അവര്‍ സ്വയം വഞ്ചിതരാവുകയാണ്‌. അവര്‍ (ഈ കാര്യം) മനസ്സിലാക്കുന്നില്ല.

10. അവരുടെ ഹൃദയത്തില്‍ രോഗമുണ്ട്‌. അല്ലാഹു അവരുടെ രോഗം വര്‍ധിപ്പിക്കുകയും ചെയ്‌തു. അവര്‍ കള്ളം പറയുന്ന കാരണം, അവര്‍ക്കു വേദനയേറിയ ശിക്ഷയാണുള്ളത്‌.

ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കള്‍ എന്നാണ്‌ വ്യാജപ്രവാചകന്‍മാരെ ബൈബിളില്‍ വിശേഷിപ്പിച്ചിരിക്കുന്നത്‌. അതു പോലെ ഒരു വിഭാഗം ആളുകള്‍ മുസ്ലിമീങ്ങള്‍ എന്നു പറഞ്ഞു നടക്കുന്നവരില്‍ ഉണ്ട്‌. അവരാകുന്നു കപട വിശ്വാസികള്‍. പ്രവാചകന്റെ കാലം മുതല്‍ക്കു തന്നെ അവര്‍ മുസ്ലിമീങ്ങളുടെ ഇടയില്‍ ഉണ്ട്‌. അവര്‍ക്ക്‌ പല അടയാളങ്ങളും ഉണ്ട്‌. അറബിയില്‍ ഇവരെ മുനാഫിഖ്‌ എന്നു വിളിക്കുന്നു. അല്ലാഹുവിന്റെ ശിക്ഷകളില്‍ ഏറ്റവും കഠിനമായ ശിക്ഷ ഇവര്‍ക്കുള്ളതാകുന്നു. പ്രവാചകന്‍ മുനാഫിഖുകളുടെ ലക്ഷണങ്ങളായി പറഞ്ഞ കാര്യങ്ങള്‍ ഇവയാണ്‌. കളവു പറയുക. അവരെ വിശ്വസിക്കുന്നവരെ അവര്‍ വഞ്ചിക്കും. അവരോട്‌ ആരെങ്കിലും തെറ്റിയാല്‍ അവര്‍ തെറ്റിയവരെ കുറിച്ച്‌ ദോഷം പറയും. കപട വിശ്വാസികള്‍ മുസ്ലിമീങ്ങളോടു പറയുന്നത്‌ ഞങ്ങാള്‍ അല്ലാഹുവിലും അന്ത്യദിനത്തിലുമൊക്കെ വിശ്വസിച്ചിരിക്കുന്നു എന്നാണ്‌. എന്നാല്‍ അവര്‍ക്കതില്‍ ഉറച്ച വിശ്വാസമൊന്നും ഇല്ല. നിവര്‍ത്തി കേടു കൊണ്ട്‌ അവരങ്ങിനെ പറയുന്നതാണ്‌. മുസ്ലിമായി മുസ്ലിമീങ്ങള്‍ക്കിടയില്‍ ജീവിക്കുന്നതു കൊണ്ടു ലഭിക്കുന്ന ഭൌതിക നേട്ടമാണ്‌ അവര്‍ ലക്ഷ്യം വെക്കുന്നത്‌. അവര്‍ കരുതുന്നത്‌, ഇങ്ങിനെയൊക്കെ മതി എന്നാണ്‌. അല്ലാഹുവിനേയും സത്യവിശ്വാസികളേയും വഞ്ചിക്കുകയാണവര്‍. പക്ഷെ യഥാര്‍ത്ഥത്തില്‍ അവര്‍ അവരുടെ സ്വന്തം ആത്മാവുകളെ തന്നെയാണ്‌ വഞ്ചിക്കുന്നത്‌. അവരുടെ ഹൃദയത്തെ ബാധിച്ചിരിക്കുന്ന രോഗം, അവരുടെ അഹങ്കാരവും അവരുടെ ദേഹേഛയുമാകുന്നു. അവരുടെ അഹങ്കാരത്തെയാണ്‌ അവര്‍ വിശ്വസിക്കുന്നത്‌. അവരുടെ ഇഛകളെ ആണവര്‍ പിന്‍പറ്റുന്നത്‌. അല്ലാഹു അവരുടെ മനസ്സില്‍ കുടി കൊള്ളുന്ന തിന്‍മകള്‍ കാരണം അവരുടെ അഹങ്കാരവും, ദേഹേഛയോടുള്ള ദാഹവും വര്‍ദ്ധിപ്പിക്കുന്നു. അങ്ങിനെ അവര്‍ കൂടുതല്‍ കൂടുതല്‍ കടുത്ത ഹൃദയമുള്ളവരായി മാറുകയും അതിലായിക്കൊണ്ടു തന്നെ മരണത്തെ വരിക്കുകയും ചെയ്യുന്നു. ഏറ്റവും വേദനയേറിയ ശിക്ഷയാകുന്നു അല്ലാഹു അവര്‍ക്ക്‌ വാഗ്ദാനം ചെയ്‌തിരിക്കുന്നത്‌.

11. ഭൂമിയില്‍ കുഴപ്പമുണ്ടാക്കാതിരിക്കുവിന്‍ എന്നവരോടു പറയപ്പെട്ടാല്‍ അവര്‍ പറയും. തീര്‍ച്ചയായും ഞങ്ങള്‍ നന്‍മ ചെയ്യുന്നവര്‍ മാത്രമാകുന്നു.

12. (നബിയേ താങ്കള്‍) അറിയുക: തീര്‍ച്ചയായും അവര്‍ തന്നെയാണ്‌ കുഴപ്പക്കാര്‍. പക്ഷെ അവര്‍ അതു മനസ്സിലാക്കുന്നില്ല.

കപട വിശ്വാസികള്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കുന്നവരായിരിക്കും. ആളുകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയും കുത്തിത്തിരിപ്പുണ്ടാക്കുകയും ചെയ്യുക എന്നത്‌ അവരുടെ വിനോദമായിരിക്കും. കപട വിശ്വാസികള്‍ വര്‍ഗീയവാദികളായിരിക്കും. മതം കൊണ്ടും കുലം കൊണ്ടും ഭാഷ കൊണ്ടും അവര്‍ വര്‍ഗീയത പറയും. വര്‍ഗീയത എന്നാല്‍ തങ്ങളില്‍ പെട്ട ഒരാള്‍ ഒരു തെറ്റ്‌ ചെയ്‌താല്‍ അവന്‍ തങ്ങളില്‍ പെട്ടവനാണ്‌ എന്നതു കൊണ്ട്‌ അവന്റെ തെറ്റിനെ ന്യായീകരിക്കുന്നതും, അവനെ ആ തെറ്റില്‍ സഹായിക്കുന്നതുമാണ്‌ എന്ന്‌ നാം തിരിച്ചറിയെണ്ടതുണ്ട്‌. വര്‍ഗീയതയില്‍ മതത്തിനു ഒരു പ്രത്യേക സ്ഥാനമൊന്നും ഇല്ല. ചില മഹാവിഡ്ഡികള്‍ അങ്ങിനെ വിശ്വസിച്ചു വരുന്നു എന്നു മാത്രം. ഒരു സംഘം ആളുകള്‍ ചില മനുഷ്യരെ നിഷ്ഠൂരമായി വധിച്ചു കളഞ്ഞതില്‍ പിന്നെ അവര്‍ നിയമ നടപടികള്‍ നേരിട്ടപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ പിരിവെടുത്തും മറ്റുമൊക്കെ ആ കൊലപാതകികളെ സഹായിക്കാന്‍ വെണ്ടി വലിയൊരു സംഘം തുനിഞ്ഞിറങ്ങിയത്‌ നൂറില്‍ നൂറു ശതമാനവും വര്‍ഗീയത തന്നെയാണ്‌. ഭാഷകളുടെ പേരിലും ദേശങ്ങളുടെ പേരിലും രാജ്യങ്ങളുടെ പേരിലുമൊക്കെ ആളുകള്‍ വര്‍ഗീയത പ്രകടിപ്പിക്കുന്നുണ്ട്‌. എല്ലാ വര്‍ഗീയതയുടേയും മൂലകാരണം അവരുടെ സ്വാര്‍ഥ താല്‍പര്യം മാത്രമാണ്‌. അത്‌ അവരുടെ ദേഹേച്ചയാണ്‌. മുസ്ലിമീങ്ങള്‍ക്കിടയില്‍ പെട്ട കപട വിശ്വാസികള്‍ നാട്ടില്‍ കുഴപ്പങ്ങളുണ്ടാക്കുമ്പോള്‍ മുസ്ലിമീങ്ങളില്‍ നിന്നൊരു വിഭാഗം അവരോടു നിങ്ങള്‍ നാട്ടില്‍ കുഴപ്പങ്ങളുണ്ടാക്കരുത്‌ എന്നു പറഞ്ഞാല്‍ കപട വിശ്വാസികളുടെ മറുപടി ഞങ്ങള്‍ നന്‍മയല്ലാതെ മറ്റൊന്നും ഉദ്ധ്യേശിക്കുന്നില്ല എന്നായിരിക്കും. നോക്കൂ, നമ്മുടെ ചുറ്റുപാടുകളില്‍ നിന്നും നമ്മള്‍ക്കെത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നില്ലേ? തീര്‍ച്ചയായും ഇസ്ലാം എല്ലാ കാലത്തും കപട വിശ്വാസികളുടെ ഭീഷണി നേരിട്ടിട്ടുണ്ട്‌. ഒരു അമുസ്ലിമായ ഇസ്ലാമിന്റെ ശത്രുവിനെക്കാള്‍ ഇസ്ലാമിനെ ദ്രോഹിക്കുന്നതും, കുഴപ്പത്തിലാക്കുന്നതും ഇസ്ലാമിന്റെ അകത്തു നിന്ന്‌, മുസ്ലിം  സമൂഹത്തിന്റെ കൂടെ ജീവിച്ച്‌, അതിടെ ഗുണഭോക്‌താക്കളായ ഈ കപട വിശ്വാസികളാകുന്നു.

13 . (യഥാര്‍ത്ഥ വിശ്വാസികളായ) ജനങ്ങള്‍ വിശ്വസിച്ചതു നിങ്ങളും വിശ്വസിക്കുവിന്‍ എന്നവരോടു പറയപ്പെട്ടാല്‍ അവര്‍ പറയുന്നു: ഈ മൂഢന്‍മാര്‍ വിശ്വസിച്ചതു പോലെ ഞങ്ങള്‍ വിശ്വസിക്കുകയോ? എന്നാല്‍ അവര്‍ തന്നെയാകുന്നു മൂഢന്‍മാര്‍. പക്ഷെ അതവര്‍ മനസ്സിലാക്കുന്നില്ല.

കപട വിശ്വാസികളുടെ മറ്റൊരു അടയാളമാണ്‌ അവര്‍ യഥാര്‍ത്ഥ മുസ്ലിമുകളുടെ വിശ്വാസത്തെ പരിഹസിക്കും എന്നത്‌. പരിഹാസം അവരുടെ മുഖമുദ്രയാണ്‌. മതപരമായ കാര്യങ്ങളില്‍ ഭിന്നിപ്പുണ്ടാക്കുമ്പോള്‍, അതല്ലെങ്കില്‍ വിശ്വാസകാര്യങ്ങളില്‍ അവര്‍ക്ക്‌ സംശയമുണ്ടാകുമ്പോള്‍ മുസ്ലിമീങ്ങള്‍ അവരോട്, നിങ്ങള്‍ ഞങ്ങളെ പോലെ ഉറച്ചു വിശ്വസിക്കൂ എന്നു പറഞ്ഞാല്‍ അവര്‍ മുസ്ലിമീങ്ങളെ പരിഹസിക്കും. വിഡ്ഡികള്‍ എന്നു വിളിക്കും. അല്ലാഹു പറയുന്നു. സത്യത്തില്‍ കപട വിശ്വാസികള്‍ തന്നെയാണ്‌ വിഡ്ഡികള്‍. പക്ഷെ അവര്‍ കരുതുന്നതോ അവരാണ്‌ എല്ലാം തികഞ്ഞവര്‍ എന്ന്‌.

14. സത്യവിശ്വാസികളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയുന്നു: ഞങ്ങളും വിശ്വസിച്ചിരിക്കുന്നു. എന്നാല്‍ അവര്‍ അവരുടെ പിശാചുകളുമായി തനിച്ചാകുമ്പോള്‍ പറയും: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളോടൊപ്പമാണ്‌. ഞങ്ങളവരെ പരിഹസിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌.

15. എന്നാല്‍ അല്ലാഹു അവരെ ആകുന്നു പരിഹസിക്കുന്നത്‌. തങ്ങളുടെ അതിക്രമത്തില്‍ വിഹരിക്കാന്‍ അല്ലാഹു അവര്‍ക്ക്‌ അവസരം നീട്ടിക്കൊടുക്കുകയും ചെയ്യുന്നു.

ഇരട്ട മുഖമായിരിക്കും അവര്‍ക്കുണ്ടാവുക. അവരെവിടെയാണോ നില്‍ക്കുന്നത്‌ അവര്‍ക്കനുസിരിച്ച് അവര്‍ സംസാരിക്കും. മുസ്ലിമീങ്ങളുടെ കൂടെയാകുമ്പോള്‍ അവര്‍ മുസ്ലിമീങ്ങളോടൊത്ത്‌ മുസ്ലിമീങ്ങളുടെ കാര്യം സംസാരിക്കും. ഞങ്ങള്‍ വിശ്വാസികളാണ്‌ എന്നു പറയും. ഇനി ഇസ്ലാമിന്റെ ശത്രുക്കളുടെ അടുത്തെത്തിയാലോ; അവര്‍ അവരുടെ കൂടേ കൂടി ഇസ്ലാമിനേയും മുസ്ലിമീങ്ങളേയും പരിഹസിക്കുകയും ചെയ്യും. അവരുടെ പിശാചുകള്‍ എന്നതിന്റെ വിവഷ, പ്രവാചക വിരോധികളും ഇസ്ലാമിക വിരോധികളുമാകുന്നു. അവര്‍ സത്യത്തില്‍ അവരെ തന്നെയാണ്‌ പരിഹസിക്കുന്നത്‌. അവര്‍ക്ക്‌ വരാനിരിക്കുന്ന കഠിനമായ വിപത്തിനെ കുറിച്ച്‌ അവര്‍ അശ്രദ്ധരാകുന്നു. അതാണ്‌ അല്ലാഹു അവരെ പരിഹസിക്കുന്നു എന്നതിലൂടെ വെളിവാക്കുന്നത്‌. അവര്‍ ചെയ്‌തു കൊണ്ടിരിക്കുന്ന പ്രവര്‍ത്തിയില്‍ വിഹരിക്കുവാനുള്ള അവസരം നീട്ടിക്കൊടുക്കുന്നതിലൂടെ അവര്‍ കൂടുതല്‍ കൂടുതല്‍ തിന്‍മ ചെയ്യുന്നു. അങ്ങിനെ അവര്‍ തങ്ങള്‍ക്കുള്ള ശിക്ഷയുടെ കാഠിന്യം കൂട്ടിക്കൊണ്ടേ ഇരിക്കും.

16. സന്‍മാര്‍ഗം കൊടുത്ത്‌ ദുര്‍മാര്‍ഗം വാങ്ങിച്ചവരാകുന്നു അവര്‍. അതിനാല്‍ അവരുടെ കച്ചവടം ഒട്ടും ലാഭകരമല്ല തന്നെ. അവര്‍ നേര്‍മാര്‍ഗം പ്രാപിച്ചതും ഇല്ല.

ഇസ്ളാം എന്ന നല്ലതിനെ കളഞ്ഞവരാകുന്നു കപട വിശ്വാസികള്‍. ഏറ്റവും നല്ലതിനു പകരം ഏറ്റവും മോശമായതിനെ അവര്‍ സ്വന്തമാക്കി. നല്ല നിലത്തല്ല അവര്‍ കൃഷിയിറക്കിയത്‌. നല്ല വിത്തല്ല അവര്‍ വിതച്ചത്‌. അങ്ങിനെ അവരുടെ പ്രവര്‍ത്തി എല്ലാ അര്‍ത്ഥത്തിലും നഷ്ടമായി.

17. അവരുടെ ഉപമ തീ കൊളുത്തിയവന്റെ ഉപമ പോലെ ആകുന്നു. ആ തീ ചുറ്റുപാടും പ്രകാശം പരത്തിയപ്പോള്‍ അല്ലാഹു അവരുടെ പ്രകാശം എടുത്തു കളയുകയും ഒന്നും കാണാത്തവരായി അവരെ അന്ധകാരത്തില്‍ ഉപേഷിക്കുകയും ചെയ്‌തു.

18. അവര്‍ ബധിരരും മൂകരും അന്ധരും ആകുന്നു. അതിനാല്‍ അവര്‍ (സത്യത്തിലേക്ക്‌) മടങ്ങുകയില്ല.

ഇവിടെ തീ കത്തിച്ചവന്‍ എന്നു പറയുന്നത്‌ പ്രവാകനെ ആണ്‌. ഇസ്ലാമാണ്‌ കത്തിക്കപ്പെട്ട വിളക്ക്‌. അതിന്റെ പ്രകാശത്തിലേക്ക്‌ ആളുകൾ വന്നു. പക്ഷെ കപട വിശ്വാസിയുടെ മനസ്സിലെ സ്വാര്‍ത്ഥതയും സംശയവും അഹങ്കാരവും അവനെ ആ പ്രകാശത്തിലേക്ക്‌ എത്തുന്നതില്‍ നിന്നും തടുത്തു. സത്യത്തിന്റെ പ്രകാശം കാണാന്‍ അവര്‍ക്കായില്ല. സത്യത്തിന്റെ വിളി കേള്‍ക്കാന്‍ അവര്‍ക്കായില്ല. സത്യം പറയുവാനും അവര്‍ക്കായില്ല. അമുസ്ലിമീങ്ങള്‍ ഇസ്ലാമില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല എന്നു തുറന്നു പറഞ്ഞപ്പോള്‍ കപട വിശ്വാസികള്‍ ശരിക്കും വിശ്വാസത്തെ ഉള്‍ക്കൊള്ളാതെ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്നു കള്ളം പറയുകയാണ്‌ ചെയ്‌തത്‌.

19. അല്ലെങ്കില്‍ (അവരുടെ ഉപമ): ആകാശത്തു നിന്നും പേമാരി വര്‍ഷിക്കുന്നു. അതോടൊപ്പം കൂരിരുട്ടും ഇടിയും മിന്നലുമുണ്ട്‌. ഇടിനാദം കേള്‍ക്കുമ്പോള്‍ മരണ ഭീതിയാല്‍ അവര്‍ തങ്ങളുടെ വിരലുകള്‍ സ്വന്തം ചെവിയിലേക്കു തിരുകുന്നു. അല്ലാഹു സത്യനിഷേധികളെ വലയം ചെയ്‌തവനാകുന്നു.

20. മിന്നല്‍ അവരുടെ കണ്ണുകളെ റാഞ്ചിയെടുക്കുന്നു. വെളിച്ചം കിട്ടുമ്പോഴൊക്കെ അവരതിലൂടെ നടക്കുന്നു. ഇരുട്ട്‌ അവരെ മൂടുമ്പോള്‍ അവര്‍ നിശ്ചലരാവുകയും ചെയ്യുന്നു. അല്ലാഹു ഉദ്ധ്യേശിച്ചിരുന്നെങ്കില്‍ അവരുടെ കേള്‍വിയും കാഴ്ച്ചയും (പൂര്‍ണമായും) അവന്‍ എടുത്തു മാറ്റുമായിരുന്നു. നിശ്ചയം അല്ലാഹു എല്ലാറ്റിനും കഴിവുള്ളവന്‍ തന്നെയാകുന്നു.

മഹാകഷ്ടമാണ്‌ കപട വിശ്വാസിയുടെ കാര്യം. മുസ്ലിമീങ്ങളുടെ കൂട്ടത്തില്‍ ജീവിക്കുന്നതിലൂടെ കിട്ടുന്ന ലാഭങ്ങളൊക്കെ അവര്‍ക്കു വേണം. എന്നാല്‍ മുസ്ലിമായതിന്റെ പേരില്‍ വന്നുഭവിച്ചേക്കാവുന്ന കഷ്ടപ്പാടുകളും ത്യാഗങ്ങളും അവരെ ഭയപ്പെടുത്തുകയും ചെയ്യുന്നു. ഇരുട്ടും പേമാരിയുമുള്ള രാത്രി മിന്നല്‍ വെളിച്ചത്തില്‍ തപ്പിത്തടഞ്ഞ്‌ നടക്കുന്നവരെ പോലെയാണവര്‍. മിന്നലവരെ പേടിപ്പിക്കുന്നു. ഇടിനാദമെന്നാല്‍ ഖുര്‍ആന്‍ വചനങ്ങളാണ്‌. മിന്നല്‍ വെളിച്ചം ഇസ്ലാമിന്റെ ഭാഗത്തു നിന്നും അവര്‍ക്ക്‌ കിട്ടുന്ന ഗുണങ്ങളാണ്‌. ഖുര്‍ആന്‍ സൂക്‌തങ്ങള്‍ കേട്ടാലും അവര്‍ കേട്ട ഭാവം നടിക്കില്ല. സര്‍വ്വ സ്വതന്ത്രരാവാന്‍ അവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അല്ലാഹുവിന്റെ ആധിപത്യത്തില്‍ നിന്നും പുറത്തു പോകാന്‍ അവര്‍ക്കാവില്ല. അവര്‍ക്കെന്നല്ല. ആര്‍ക്കുമാവില്ല.

പ്രവാചാകന്‍ മദീനയിലേക്കു വരുമ്പോള്‍ അവിടെയുണ്ടായിരുന്നത്‌ ഔസ്‌, ഖസ്‌റജ്‌ എന്നീ പേരില്‍ അറിയപ്പെട്ടിരുന്ന വിഗ്രഹാരാധകരായ രണ്ട്‌ അറബി ഗോത്രങ്ങളായിരുന്നു. കൂടെ ബനൂ ഖൈനുഖാഅ, ബനൂ നദീര്‍, ബനൂ ഖുറൈദ എന്നീ യഹുദ ഗോത്രങ്ങളും. രണ്ട്‌ അറബ്‌ ഗോത്രങ്ങള്‍ക്കിടയില്‍ നല്ല സ്വാധീനമുള്ള വ്യക്‌തിയായിരുന്ന അബ്ദുല്ല ഇബ്നു ഉബയ്യ്‌ എന്ന വ്യക്‌തി ഖസ്‌റജ്‌ ഗോത്രക്കാരനായിരുന്നു. തങ്ങള്‍ക്കിടയില്‍ അബ്ദുല്ലയെ ഒരു പൊതു നേതാവായി വാഴിക്കാന്‍ രണ്ടു ഗോത്രത്തിലെ ആളുകളും നിശ്ചയിച്ച സമയത്താണ്‌ പ്രവാചകന്റെ ആഗമനം. മദീനയില്‍ പെട്ടെന്നാണ്‌ ഇസ്ലാം വ്യാപിച്ചത്‌. മഹാഭൂരിപക്ഷം ജനങ്ങളും കേവല ദിവസങ്ങള്‍ കൊണ്ടു തന്നെ ഇസ്ലാം സ്വീകരിച്ചു. ഇതു മൂലം അബ്ദുല്ലയ്ക്ക്‌ നഷ്ടപ്പെട്ടത്ത്‌ തന്റെ നേതൃത്വ സ്ഥാനമാണ്‌. ജനങ്ങള്‍ പ്രവാചകനെ ആണു പിന്നീട്‌ നേതാവായി കണ്ടത്‌. അബ്ദുല്ലയ്ക്ക്‌ ഇതു മൂലം പ്രവാചകനോട്‌ വിരോധം തോന്നി. അവനും ഒരു കൂട്ടം ആളുകള്‍ സില്‍ബന്തികളായി ഉണ്ടായിരുന്നു. പക്ഷെ ജനങ്ങള്‍ക്കിടയില്‍ തങ്ങള്‍ ഒറ്റപ്പെട്ടു പോകുമെന്നു ഭയന്ന അവര്‍ പ്രവാചന്റെയും മുസ്ലിമീങ്ങളുടേയും കൂടെ ചേര്‍ന്നു. എന്നാല്‍ അവര്‍ വിശ്വസിച്ചിട്ടൊന്നും ഇല്ലായിരുന്നു. മുസ്ലിമീങ്ങള്‍ക്കിടയില്‍ അവര്‍ വലിയ ആശയകുഴപ്പമുണ്ടാക്കി. പ്രവാചകന്റെ ഏറ്റവും വലിയ തലവേദനയായിരുന്നു ഇക്കൂട്ടര്‍. ഇവരെ തിരിച്ചറിയാവുന്ന ചില പ്രവാചകാനുയായികള്‍ അവരെ വധിച്ചു കളയാന്‍ പ്രവാചകനോടു അനുവാദം ചോദിച്ചു. പ്രവാചകന്‍ അനുവാദം കൊടുത്തില്ല. പ്രവാചകന്‍ സ്വല്ലല്ലാഹു അലൈഹിവസല്ല തങ്ങള്‍ പറഞ്ഞത്‌: മുഹമ്മദ്‌ മുഹമ്മദിന്റെ അനുയായികളെ കൊന്നു കളഞ്ഞവനാണെന്നു നാളെ ലോകം പറയാതിരിക്കാന്‍ വേണ്ടി ഞാന്‍ അവരെ അല്ലാഹുവിലേക്കു വിടുന്നു എന്നാണ്‌. അന്നുതൊട്ടിന്നേ വരെ മുസ്ലിമീങ്ങള്‍ക്കിടയില്‍ അവര്‍ കഴിഞ്ഞു കൂടുന്നു. അല്ലാഹുവിന്റെ ശിക്ഷകളില്‍ ഏറ്റവും കഠിനമായ ശിക്ഷയായിരിക്കും അവര്‍ക്കു നല്‍കുക.

(തുടരും)

5 comments:

  1. 12. (നബിയേ താങ്കള്‍) അറിയുക: തീര്‍ച്ചയായും അവര്‍ തന്നെയാണ്‌ കുഴപ്പക്കാര്‍.
    പക്ഷെ അവര്‍ അതു മനസ്സിലാക്കുന്നില്ല. ...................!
    ഈ ഭാഗം അതീവ ശ്രദ്ധ കിട്ടേണ്ട ഒന്നു തന്നെയാണ് അബൂതീ ...
    വിശ്വാസ്സികളെന്ന് ഉറക്കേ പറയുകയും , വിശ്വാസ്സികള്‍ അല്ലാതിരിക്കുകയും
    ചെയ്യുന്നവരാണ് ഏറ്റം അപകടകാരികള്‍ .. പരിശുദ്ധ ഖുറാന്‍ ബോധ്യപെടുത്തന്നതിലൂടെ
    ഇന്നു നടമാടുന്ന മിക്ക കുഴപ്പങ്ങള്‍ക്കും കാരണം , എതൊരു വശത്തായാലും
    ഇതു തന്നെയാകാം , ഇല്ലാത്തത് ഉണ്ടെന്ന് നടിക്കുകയും , അതിലൂടേ
    ഉള്ളവരില്‍ വിഷം കുത്തി വയ്ക്കുകയും ചെയ്യുന്നത് എതൊരു മേഖലയിലും
    നടമാടുന്ന ഒന്നു തന്നെ , ഇന്ന് പകര്‍ന്നു തന്ന വരികളില്‍ ഒരുപാട് കാര്യഗൗരവമായി
    ചിന്തിക്കേണ്ട വിഷയങ്ങളുണ്ട് കൂട്ടുകാര , വിശ്വാസ്സികളുടെ കൂട്ടത്തിലേ
    ഇവരെയാണ് കൂടുതല്‍ പേടിക്കേണ്ടത് , കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതും
    ഇവരു തന്നെയാകാം , ശത്രുക്കളുടെ ആയുധത്തിന്റെ മൂര്‍ച്ച കൂട്ടാനേ
    ഇവരെ കൊണ്ട് കഴിയൂ , തുടരുക പ്രീയ സോദര , താല്പര്യമുണ്ട് അറിയുവാന്‍ ..!

    ReplyDelete
  2. വളരെ സന്തോഷം പ്രിയ സുഹൃത്തെ.ഈ പുണ്യ സംരംഭത്തിനു ആശംസകള്‍ !

    ReplyDelete
  3. വിശ്വാസികളായി ഭാവിച്ചു നടക്കുന്നവരില്‍ ബഹുഭൂരിപക്ഷവും (ഏത് മതത്തിലുള്ളവര്‍ ആയാലും) യഥാര്‍ത്ഥ വിശ്വാസികളല്ല.അവര്‍ നേട്ടം കാംക്ഷിക്കുന്ന നാട്യക്കാര്‍ മാത്രമാണു.

    ReplyDelete
  4. നന്മകള്‍ നേരുന്നു ഈ കുഞ്ഞുമയില്‍പീലി

    ReplyDelete
  5. ഇസ്ലാമില്‍ എന്നല്ല ഏതു മതത്തിലും ഉള്ള കപടവിശ്വാസികളും, മനുഷ്യദൈവങ്ങളുമാണ് ആ മതത്തിന്‍റെ അന്തസ്സത്ത, മൂല്യങ്ങള്‍ ഇവയെല്ലാം നശിപ്പിക്കുന്നത്... ആശംസകള്‍ അബൂതി...

    ReplyDelete