Sunday, March 3, 2013

ന്റെ വല്ലിപ്പാക്കൊരു വടിയുണ്ടായിരുന്നു!




വല്ലിപ്പയെ കുറിച്ചു പറയുകയാണെങ്കില്‍, സത്യം പറഞ്ഞാല്‍ ഓര്‍മകള്‍ ചന്തിപൊത്തിയോടുകയാണ്‌. മുറ്റത്ത്‌ കാവല്‍ നില്‍ക്കുന്ന നാലു മണിപ്പൂക്കളും, ഉണ്ടമല്ലികയും, പവിഴമുല്ലയും, തൊടിയതിരില്‍ വേലിയോടു കിന്നാരം പറയുന്ന ആടലോടകങ്ങളുമൊക്കെ ആ ഓട്ടത്തിനെത്ര സാക്ഷികളായിരിക്കുന്നു. 


ബാല്യമൊരു ഉന്നക്കായ പൊട്ടിത്തെറിച്ച പോലെയായിരുന്നു. നല്ല ആരോഗ്യമുണ്ടായിരുന്ന വല്ലിപ്പ, കുരുത്തക്കേടിന്‌ കയ്യും കാലും വെച്ച, എൻറെ പിന്നാലെ ഓടിയോടി ഒരു ആസ്മാ രോഗിയായി മാറിയിരുന്നു. അത്രയ്ക്കുണ്ടായിരുന്നു, ബാല്യകാലത്തെ തല്ലുകൊള്ളിത്തരം! 


എന്നെ തല്ലുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം കൊണ്ടു നടന്നിരുന്ന ഒരു മുളവടിയുണ്ടായിരുന്നു. തള്ളവിരല്‍ വണ്ണമുള്ള ഒരു മൂത്ത മുളവടി. സ്ക്കൂള്‍ വിട്ടു വന്നാല്‍ പിന്നെ കൂട്ടുകാരോടൊത്ത് തൊടിയിലും പറമ്പിലുമൊക്കെ ഓടിക്കളിക്കുന്നതിന്നിടയില്‍ മുനിസിപ്പാലിറ്റിയുടെ സൈറന്‍ മുഴങ്ങും. കൃത്യം ആറു മണിക്ക്‌. കൂട്ടുകാര്‍ കളി തുടരുമ്പോള്‍ വല്ലിപ്പയെ കൊത്തിയരിഞ്ഞു പ്രാകിക്കൊണ്ട്‌ ഞാന്‍ വീട്ടിലേക്കു വരും. വന്നില്ലെങ്കില്‍ വല്ലിപ്പ അങ്ങോട്ടു വരും. വന്നാലടി ഉറപ്പാണ്. പിന്നെ ജാലകത്തിലൂടെ വ്യസനപൂര്‍വ്വം കൂട്ടുകാര്‍ കളിക്കുന്നതും നോക്കി നിൽക്കും. അപ്പോഴൊക്കെ മനസ്സ് വല്ലാതെ സങ്കടപ്പെടും. എനിക്ക് മാത്രമെന്താ ഇങ്ങിനെ എന്നോർക്കും. വല്ലിപ്പയോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നും. 


ഇശാമഗ്‌രിബിൻറെ ഇടയിലാണ്‌ ഗൃഹപാഠമെന്ന കണ്ടകശ്ശനി. വായില്‍ തോന്നിയ പോലുള്ള ഖുര്‍ആന്‍ പാരായണത്തിനാവും ഉഴിച്ചിലും പിഴിച്ചിലും കൂടുതലും ലഭ്യമാവുക. പേനയും പെന്‍സിലുമൊക്കെ മഹാകുരിശുകളായിരുന്നു. മണ്ണെണ്ണ വിളക്കിൻറെ വെളിച്ചത്തില്‍ ഗാഗുല്‍ത്താന്‍ മലയോളം ഭാരമുള്ള പാഠപുസ്‌തകങ്ങളില്‍ നോക്കി ശൈശവത്തെ പ്രാകിപ്പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍, വിളക്കിൻറെ തിരിത്തുമ്പത്ത്‌ ബള്‍ബ്‌ പോലെ ഉരുണ്ടു നില്‍ക്കുന്ന കരി, കല്ല് പെന്‍സില്‍ കൊണ്ട്‌ കുത്തിപ്പൊട്ടിക്കാന്‍ നോക്കുന്ന നഫീസയുടെ ഉദ്യമം വിളക്കണക്കും. അങ്ങിനെ ഒരിക്കല്‍ മലയാളം പുസ്‌തകത്തില്‍ നിന്നും രണ്ടാം പാഠം വായിച്ചു തുടങ്ങതിങ്ങനെയായി.


"പാഠം രണ്ടെ...  കൊക്കും ഞണ്ടും. ഇമ്മാാാാ, നഫീസ വെളക്കൂതി.." 


ഇരുട്ടില്‍ ചൊറിയും കുത്തിയിരിക്കവെ വിളക്കുമായി വന്നതു വല്ലിപ്പയാണ്‌. കയ്യിലെ വടി കൊണ്ട്‌ നടും പുറത്തു കൂടി ഒരെണ്ണം തന്നൊരു ചോദ്യം.. "ഓള്‌ വെളക്കൂതുന്നത്‌ നോക്കണ്ടെടാ ബലാലെ.." 


ഒരു ഞായറാഴിച്ച ദിവസം വൈകുന്നേരം ചീച്ചിപ്പാറയുടെ മുകളിലിരുന്ന്, താഴെ പാടവരമ്പത്തു കൂടി അങ്ങാടിയിലേക്കു പോകുന്നവരേയും, സാധനങ്ങള്‍ വാങ്ങി തിരികെ വരുന്നവരേയും നോക്കി വെറുതെ സൊറ പറഞ്ഞിരിക്കുന്നതിന്നിടയിലാണ്‌ പാമ്പന്‍ ലഥ്വീഫിൻറെ വക ചോദ്യം. 


"ടാ, ഞമ്മക്ക്‌ ഇസ്ക്കൂളിലെ യൂത്ത്ഫെസ്റ്റ്‌വല്ലിനൊരു നാടകമിട്ടാലോ?"


ആണൊരുത്തൻറെ വായില്‍ നിന്നൊരു പഞ്ചാര വര്‍ത്തമാനം കേട്ട നാട്ടുകന്യകയുടെ കവിള്‍ തടം  പോലെ ചുവക്കാന്‍ തുടങ്ങിയ സൂര്യന്‍ പാടത്തിൻറെ അക്കരെയുള്ള പറങ്കൂച്ചിക്കുന്നിൻറെ അപ്പുറത്തേക്ക്‌ ചാടാനൊരുങ്ങി നില്‍ക്കവേ; പാടത്തിൻറെ മുകളില്‍ ഒറ്റയ്ക്കും കൂട്ടമായും പറക്കുന്ന പറവകളെ ശ്രദ്ധിച്ചിരിക്കുകയാണ്  ഞാനെങ്കിലും, ആ ചോദ്യം ആദ്യം തട്ടിയുണര്‍ത്തിയത്‌ എന്നെ തന്നെയായിരുന്നു. നാടകം.. ആഹ.. ഒരു കഥയെഴുതാനുള്ള സ്കോപ്പുണ്ട്‌. കഥയും കവിതയുമൊക്കെ എഴുതുമെന്ന്‌ പണ്ടെക്കും പണ്ടേ എൻറെ ഉള്ളിലൊരു മിഥ്യാ ധാരണയുണ്ട്‌. എന്തെങ്കിലുമൊന്നെഴുതുയാലോ, പിന്നീടതു വായിക്കുമ്പോള്‍ എനിക്കു തന്നെ; അയ്യേ ഇതേതു മങ്കുര്‍ണിയെഴുതിയതാണെന്നേ തോന്നാറുള്ളൂ. പക്ഷെ, അന്നും ഇന്നും എന്നും, എൻറെ നിഴലിനോടു പോലും ഞാനത്‌ സമ്മതിച്ചു കൊടുത്തിട്ടില്ല. 


അങ്ങിനെ ആ ചര്‍ച്ച പുരോഗമിച്ചു. അഞ്ചാളുകള്‍ക്ക്‌ അഭിനയിക്കാന്‍ പറ്റുന്ന ഒരു നാടകമുണ്ടാക്കണം. കഥയെന്തു വേണം? 


കഥയെന്നു പറയുമ്പോള്‍ ഹാസ്യം മുന്നിട്ട് നിൽക്കണം. കണ്ടാലാളുകള്‍ ചിരിച്ചുചിരിച്ച്‌ മണ്ണു കപ്പണം. അങ്ങനത്തെയൊരു കഥ വേണം.


നാലഞ്ചു ദിവസം ഊണിലും ഉറക്കിലും ആലോചിച്ചൊരു കഥ രൂപപ്പെടുത്തി. വളരെ ലളിതമായ ഒരു കഥ. ഒരു കുട്ടിച്ചാത്തന്‍ ഒരു രാജാവിൻറെ അന്തഃപ്പുരത്തിലെത്തുന്നു. അവന്‍ മൂലം ആ അന്തഃപ്പുരത്തില്‍ നടക്കുന്ന ചില കോലാഹലങ്ങള്‍ കോര്‍ത്തെടുത്ത ഒരു കഥ. സാമൂഹിക വിഷയങ്ങളെ കുറിച്ചൊന്നും ചിന്തിക്കാനോ അവ വച്ചൊരു കഥയുണ്ടാക്കാനോ, അന്ന് ലോകപരിചയമോ പക്വതയോ ആയിട്ടില്ല. ആകെ അറിയുന്ന ലോകം ഞമ്മളെ നാടും, ഏറ്റവും വലിയ പ്രശ്നം ഞമ്മളെ വല്ലിപ്പയുമായിരുന്നു! 


അങ്ങിനെ ചീച്ചിപ്പാറയുടെ മുകളില്‍ വച്ച്‌ കൂട്ടുകാരോട്‌ കഥപറഞ്ഞു. അയ്യേ ഇയ്യേ എന്നൊക്കെ പറഞ്ഞെങ്കിലും  കഥ അവര്‍ക്കിഷ്ടപ്പെട്ടു. ചില ചെറിയ മാറ്റങ്ങളോടെ സംഗതി അതു തന്നെ വീശാമെന്ന്‌ വച്ചു. സാഹിത്യസമാജത്തില്‍ ക്ലാസിലൊരു നാടകമവതരിപ്പിച്ചപ്പോള്‍ വില്ലന്‍ വന്നൊരു സാദുവിനെ വെടിവെക്കുന്ന സീനുണ്ടായിരുന്നു. കടലാസുപൂക്കള്‍ വെള്ളത്തിലിട്ടു ഞെരടി ചോരപോലെ ചുവപ്പിച്ച്‌ ബലൂണിലാക്കി നെഞ്ചിലൊളിപ്പിച്ചായിരുന്നു സാദു നിന്നിരുന്നത്‌. വില്ലന്‍ വെടി വെച്ചപ്പോള്‍ അമ്മേന്ന്‌ നിലവിളിച്ച്‌ നെഞ്ചിലെ ബലൂന്‍ പൊട്ടിച്ച്‌ സാദു നിലത്തു വീണു. ഫലം അപ്രതീക്ഷിതമായിരുന്നു. മുന്‍ബെഞ്ചിലെ പെണ്‍ക്കിടാങ്ങളൊക്കെ വലിയ വായില്‍ നിലവിളിച്ച്‌ ബെഞ്ചിൻറെ മോളില്‍ കേറി നിന്നു. നാടകം പാളി എന്നു പറഞ്ഞാല്‍ മതിയല്ലോ? അത്തരം ദുരനുഭവങ്ങളുണ്ടാവരുത്‌. അതിനാൽ ഭയാനക രംഗങ്ങളും ആക്ഷന്‍ രംഗങ്ങളും വേണ്ടെന്ന് വെച്ചു. 


അങ്ങിനെ വീട്ടുകാരൊന്നുമറിയാതെ ഞങ്ങള്‍ നാടകത്തിൻറെ ഒരുക്കങ്ങള്‍ തുടങ്ങി. ഭ്രാന്തനിബ്രാഹീം, പാമ്പന്‍ ലഥ്വീഫ്‌, വെണ്ടക്ക കുഞ്ഞാപ്പു, പഴഞ്ചോറ്‌ ഹനീഫ, പിന്നെ ഞാനും. ഇത്രയും പേരടങ്ങിയ സംഘം മാമാൻറെ തൊടു എന്നറിയപ്പെടുന്ന കാടും പടലും പിടിച്ചു കിടക്കുന്നൊരു ഒഴിഞ്ഞ മൂന്നേക്കര്‍ വളപ്പിലെ പൊളിഞ്ഞു വീഴാനായ ചായിപ്പില്‍ നാടകത്തിൻറെ റിഹേയ്സല്‍ തുടങ്ങി. 


വീട്ടില്‍ വല്ലിപ്പയറിഞ്ഞാല്‍ എന്നെയെടുത്ത്‌ കാവടിയാടും എന്നെനിക്ക്‌ നല്ലോണമറിയാമായിരുന്നതിനാല്‍ നടകത്തിൻറെ വിവരമൊന്നും വീട്ടില്‍ കാമാന്ന്‌ മിണ്ടിയിട്ടില്ല. സ്ക്കൂള്‍ വിട്ടു വീട്ടില്‍ വന്നാല്‍ നേരെ മാമൻറെ തൊടിയിലേക്കു പോകും പിന്നെ ആറുമണിവരെ റിഹേയ്സലോട്‌ റിഹേയ്സലായിരുന്നു. എൻറെ മുഴുവന്‍ ശ്രദ്ധയും നാടകത്തിലായിരുന്നതിനാല്‍ എന്നെ തല്ലാനുള്ള പഴുതുകളൊന്നും വല്ലിപ്പയ്ക്കു കിട്ടിയില്ല. അദ്ദേഹത്തിൻറെ മുളവടി ദാഹിച്ചു മോഹിച്ച്‌ ഒരു വേഴാമ്പലിനെപ്പോലെ കാത്തിരുന്നു. 


മൂന്നു ദിവസം കഴിഞ്ഞാല്‍ യുവജനോത്സവം. ഇനി ഒരു റിഹേയ്സല്‍ കൂടിയുണ്ട്‌. ഇന്നു ഞായറാഴിച്ചയാണ്‌. ഇന്ന്‌ മേക്കപ്പൊക്കെയിട്ടാണ്‌ റിഹേയ്സല്‍. അവസാനത്തെ റിഹേയ്സല്‍. മേയ്ക്കപ്പു സാധനങ്ങളൊക്കെ കൂട്ടുകാരില്‍ ഓരോരുത്തര്‍ സ്പോന്‍സര്‍ ചെയ്‌തിരിക്കുന്നു. എൻറെ വല്ലിപ്പയെ കുറിച്ച്‌ നാട്ടിലെല്ലാവര്‍ക്കും, വിശിഷ്യാ എൻറെ കൂട്ടുകാർക്ക്, നല്ലോണം അറിയാമെന്നതിനാല്‍ ഞാന്‍ തല്‍ക്കാലം ഒന്നും കൊണ്ടു വരണ്ടായിരുന്നു.


അങ്ങിനെ അന്നത്തെ റിഹേയ്സലിനു സമയമായി. കുട്ടിച്ചാത്തനായിരുന്നു നാടകത്തിലെ കേന്ദ്രകഥാപാത്രം. കൂട്ടുകാരോട്‌ ചില മുറിന്യായങ്ങളൊക്കെ പറഞ്ഞ്‌ സൂത്രത്തില്‍ ആ വേഷം ഞാന്‍ വസൂലാക്കിയിരുന്നു ആട്ടിറച്ചി വില്‍ക്കുന്ന സൈനുദ്ദീന്‍ കാക്കാൻറെ മോനെ സോപ്പിട്ട്‌ ഇബ്രാഹീം സംഘടിച്ച ആട്ടിന്‍ കൊമ്പില്‍ ചരടൊക്കെ കോര്‍ത്തു തലയില്‍ വെച്ചപ്പോള്‍, അതു ശരിക്കും തലയില്‍ മുളച്ച കൊമ്പു പോലെയുണ്ടായിരുന്നു. ചോക്കുപൊടി കൊണ്ടു വരച്ച കോമ്പല്ലും ദേഹമാസകലം കരി കൊണ്ടു വരച്ചതും, പുല്ലാണി വള്ളി കൊണ്ടു റെഡിയാക്കിയ വാലും, അതു മറക്കാനായി കറുത്ത തുണി കൊണ്ടൊരു കോണകവുമുടുത്തപ്പോള്‍, ഇനിയെന്നെക്കണ്ടാല്‍ ഒരുവിധപ്പെട്ട കുട്ടിച്ചാത്തിമാരൊക്കെ പ്രണയാഭ്യാര്‍ത്ഥനയുമായി വരുമെന്നായി. അത്രയ്ക്കു കേമമായിരുന്നു കുട്ടിച്ചാത്തന്‍.


അങ്ങിനെ റിഹേയ്സല്‍ തുടങ്ങി. ആറുമണിയുടെ സൈറനു ഞാന്‍ ചെവി വട്ടം പിടിച്ചിരുന്നു. എന്നിട്ടും സൈറനോ ചെവിയോ, രണ്ടാലൊന്ന്‌ ചതിച്ചു. ആറുമണി കഴിഞ്ഞ്‌ സമയം ആറരയും കഴിഞ്ഞിരിക്കുന്ന എന്ന ദുര്‍സത്യമറിയാതെ ഞങ്ങള്‍ നാടകത്തിൻറെ റിഹേയ്സല്‍ പൊടിപൊടിക്കുമ്പോള്‍ വല്ലിപ്പ ആയുധവും കയ്യില്ലെടുത്ത്‌ എന്നെ തിരഞ്ഞിറങ്ങിയിരുന്നു. 


എന്തു ചെയ്യാം! കഷ്ടകാലത്തിന്‌ കൊമ്പും വാലും മുളക്കുന്ന ഓരോരോ സമയം നോക്കണേ. 


തൊടിയിലും പാടത്തും പറമ്പിലും തോട്ടിലും കുളത്തിലുമൊക്കെ എന്നെ തിരഞ്ഞു നടന്നു വല്ലിപ്പ, നെഞ്ചാം കുഴിയിലെ വലിവു കാരണം പീപ്പിളി വിളിച്ചു കൊണ്ടിരിക്കുന്ന നേരത്താണ്‌ വട്ടപ്പൊന്തക്കലെ അസുവിനെ കണ്ടത്‌. ഒരു ഓയില്‍ സീല്‍ വട്ടുമുരുട്ടി ടര്‍ര്‍ര്‍ന്നു ശബ്ദവുമുണ്ടാക്കി വരുന്ന അവനോട്‌ വല്ലിപ്പ എന്നെ കണ്ടോന്ന് ചോദിച്ചപ്പോള്‍ "ആ ഓലൊക്കെ മാമാൻറെ തൊടൂക്ക്‌ പോണത്‌ കണ്ടീന്നൂ" ന്ന്‌ ആ നശൂലം പിടിച്ച ചെക്കനു പറയേണ്ടുന്ന വല്ല കാര്യവുമുണ്ടായിരുന്നോ? 


അങ്ങിനെ അവസാനം വല്ലിപ്പാക്ക്‌ ഡെസ്റ്റിനേഷന്‍ മനസ്സിലായി. ശ്വാസം മുട്ടലുണ്ടായിട്ടും സല്‍മാ ബീഡിയുമായുള്ള ബന്ധം വേര്‍പ്പെടുത്താനാവാത്ത അദ്ദേഹം ഒരെണ്ണമെടുത്ത്‌ ചുണ്ടില്‍ വച്ച്‌ നേരെ മാമാൻറെ തൊടിയിലേക്ക്‌ വച്ചു പിടിച്ചു.


കഥയൊന്നുമറിയാതെ, പകലിലും അകത്തിരുട്ടുണ്ടായിരുന്ന ചായിപ്പില്‍ കത്തിച്ചു വച്ച മണ്ണെണ്ണ വിളക്കിൻറെ വെളിച്ചത്തില്‍ റിഹേയ്സല്‍ ചെയ്യുന്ന ഞങ്ങളറിയാതെ വല്ലിപ്പ ചായിപ്പിൻറെ പുറത്തെത്തി. അകത്തു നിന്നും കുശുകുശുപ്പു കേട്ട്‌ അകത്തേക്കു ഒരു ദ്വാരത്തിലൂടെ ഒളിഞ്ഞു നോക്കി. മൂപ്പര്‍ക്ക്‌ സംഗതിയങ്ങോട്ട്‌ പിടി കിട്ടിയില്ല. മാത്രമല്ല, വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ കണ്ണടയെടുക്കാന്‍ മറന്നതിനാല്‍ ടാര്‍ജറ്റായ എന്നെയും മനസ്സിലായില്ല. എല്ലാവരും മേയ്ക്കപ്പിലാണല്ലോ? 


ആ സമയം റിഹേയ്സല്‍ നടന്നു കൊണ്ടിരിക്കുന്നത്‌ ഒരു പ്രത്യേക രംഗമായിരുന്നു. രാജാവിൻറെ അന്തഃപുരത്തിലെത്തിയ കുട്ടിച്ചാത്തന്‍ മന്ത്രിയായി വേഷം മാറി റാണിയെ ഒളിഞ്ഞു നോക്കി. റാണി അതു കണ്ടു. സംഗതി പ്രശ്നമായി. മേല്‍പ്പടി വിഷയത്തിന്‌ രാജാവു മന്ത്രിയെ ചോദ്യം ചെയ്യുന്ന രംഗമാണ്‌. രാജാവ്‌ ഇബ്രാഹീമും, മന്ത്രി ലഥ്വീഫുമാണ്‌. വല്ലിപ്പ ഒളിഞ്ഞു നോക്കുന്ന ദ്വാരത്തിന്‌ പുറന്തിരിഞ്ഞാണ്‌ ലഥ്വീഫ്‌ നില്‍ക്കുന്നത്‌. അഭിമുഖമായി ഇബ്രാഹീം. രംഗത്ത്‌ ഞാനുമുണ്ട്‌. എല്ലാം കണ്ടു രസിക്കുന്ന കുട്ടിച്ചാത്തനായി. കുട്ടിച്ചാത്തന്‍ അദൃശ്യശക്‌തിയുള്ളവനാണ്‌. ഈ സമയത്താണ്‌ കഷ്ടകാലത്തിന്‌ ആസ്ഥാന ഗായകന്‍ വെണ്ടക്കയുടെ വക രാഗവിസ്ഥാരം. വൈശാഖ സന്ധ്യെ എന്ന പാട്ടിന്റെ പാരഡി; ലവൻറെ വക. 


"വയസ്സായ തന്തെ. നിന്‍ ചുണ്ടിലെന്തെ? എരിഞ്ഞു പുകഞ്ഞു കത്തും കഞ്ചാവു ബീഡിയോ?"


ഈ പാട്ടു കേട്ട്‌ വല്ലിപ്പാൻറെ അഷ്ടാംഗങ്ങളും ചൊറിഞ്ഞു കയറിയിട്ടുണ്ടാവും. സന്ദര്‍ഭവശാല്‍ മൂപ്പരാണല്ലോ അപ്പോള്‍ ചുണ്ടിലൊരു എരിയുന്ന സല്‍മാ ബീഡിയുമായി നില്‍ക്കുന്നത്‌? വെണ്ടക്കയെ കുറ്റം പറയാന്‍ പറ്റില്ല. ഒരുവിധപ്പെട്ട പാട്ടിന്റെയൊക്കെ ആദ്യത്തെ രണ്ടോ മൂന്നോ വരിക്ക്‌ പാരഡിയുണ്ടാക്കാന്‍ അവനെ കഴിഞ്ഞേ ആളുള്ളൂ. "ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നിന്‍ കിനാക്കളെല്ലാം" എന്ന പാട്ടിന്‌ അവന്റെ പാരഡിയായ "എല്ലാം മറന്നു ബീഡീം വലിച്ചു തൂറാനിരുന്ന കാക്ക" എന്ന പാരഡി കേട്ടാല്‍ ഒറിജിനല്‍ കവി വരെ ശിഷ്യപ്പെട്ടു പോകും.


വെണ്ടക്കയുടെ പാരഡി കേട്ട്‌ ഒന്നു ചിരിക്കണം എന്നുണ്ടായിരുന്നെങ്കിലും ചിരിക്കാതെ താനിപ്പോള്‍ ഒരു രാജാവാണ്‌ എന്ന ഗമയില്‍ കയ്യിലെ ഓലമടല്‍ ചെത്തിയുണ്ടാക്കിയ ഉടവാള്‍ മന്ത്രിയായ പാമ്പനൻറെ നേരെ ചൂണ്ടി ഭ്രാന്തനിബ്രാഹീം കഠോരമായ ഘനഗാംഭീര്യ ശബ്ദത്തില്‍ ചോദിച്ചു. 


"രാജാധി രാജന്‍... കോരവര്‍മത്തമ്പുരാൻറെ അന്തഃപുരത്തിലേക്കൊളിഞ്ഞു നോക്കാന്‍... നിനക്കെങ്ങിനെ ധൈര്യം വന്നെടാ... പടുകിഴവാ?"


"അയ്യോ അടിയനൊളിഞ്ഞു നോക്കിയില്ലേ" എന്നു മന്ത്രി താന്നുകേണു പറയണം. അതാണ്‌ ഡയലോഗ്. പറയാനായി വളഞ്ഞു നിന്ന പാമ്പന്‍ നാവു വളച്ചെങ്കിലും, രാജാവിനെക്കാള്‍ ബാസില്‍ ഒരു ശബ്ദം, ഒരു ചോദ്യം അവിടെ മുഴങ്ങി. 


"ഒളിച്ചു നോക്ക്യ... ഇജ്ജെന്താടാ കാട്ടാ, നായിൻറെ മോനെ...?" 


മറ്റെല്ലാവരും വണ്ടറടിച്ചു നില്‍ക്കേ ഞാനാലോചിക്കുകയായിരുന്നു. ഇതേതാപ്പോ ഇത്ര പരിചയമുള്ളൊരു ശബ്ദം. 


ആ ശബ്ദം... അതെ.. ആ ശബ്ദം തന്നെ.. പടച്ചോനേ വല്ലിപ്പ... ഇന്നിവിടെ കുത്ത്‌ റാത്തീബ്‌ നടക്കും... 


ചായിപ്പിൻറെ തടുക്കുവാതില്‍ തള്ളിത്തുറന്ന്‌ വല്ലിപ്പ അകത്തേക്കു വന്നു. കയ്യില്‍ വജ്രായുധം പോലുള്ള ആ മുളവടി കൂടി കണ്ടപ്പോള്‍, ഞാനാരോടും ചോദിക്കാനും പറയാനുമൊന്നും നിന്നില്ല. ബദറില്‍ മലക്കിറങ്ങുന്നത്‌ കണ്ട ഇബ്‌ലീസ്‌ ഓടിയ പോലെ, ചായിപ്പിൻറെ ഒരു ഭാഗം പൊളിച്ചു കൊണ്ട്‌ പുറത്തേക്ക്‌ ചാടി. മണ്ണെണ്ണ വിളക്കിൻറെ അരണ്ട വെളിച്ചത്തില്‍ ആരെയും തിരിച്ചറിയാഞ്ഞതിനാല്‍ വല്ലിപ്പ ആദ്യം കയ്യില്‍ കിട്ടിയ ഭ്രാന്തനിബ്രാഹീമിൻറെ നടും പുറത്തു തന്നെ കൊടുത്തു രണ്ടെണ്ണം.


"ഇന്നെ തച്ചൊല്ലുന്നേ" എന്ന അവൻറെ ഭ്രാന്തമായ നിലവിളി ഒട്ടും ശ്രദ്ധിക്കാതെ ഞാന്‍ നൂറേ നൂറ്റിപ്പത്തില്‍ നേരെ വീട്ടിലേക്ക്‌ വിട്ടു. വല്ലിപ്പ പിശുക്കൊന്നും കൂടാതെ കയ്യില്‍ കിട്ടിയവരെയൊക്കെ അടിച്ചു പരത്തുന്നതിന്നിടയില്‍, അടി കിട്ടിയവര്‍ കിട്ടിയവര്‍ കിട്ടാത്തവര്‍ക്കായി അവസരമുണ്ടാക്കി കണ്ണില്‍ കണ്ട പഴുതുകളില്‍ കൂടിയൊക്കെ നാലുപാടും ചിതറിയോടി. 


വീട്ടിലടുക്കളയില്‍ രാത്രിഭക്ഷണം തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ഉമ്മയുടെയും നഫീസയുടെയും മുമ്പിലേക്കാണ്‌,  മൂവ്വന്തി നേരത്ത് ഞാനൊരു വെള്ളിടി പോലെ വെട്ടിയിറങ്ങിയത്‌. ഞാന്‍ മേക്കപ്പിലാണെന്നോര്‍ക്കണം! 


ജനിച്ചിട്ടിന്നേ വരെ അതു പോലൊരു കോലം കണ്ടിട്ടില്ലാത്ത ഉമ്മയും നഫീസയും പരസ്പരം കെട്ടിപ്പിടിച്ച്‌ അടുത്ത ജില്ലയിലേക്കു വരെ കേള്‍ക്കാവുന്നത്രയും ഉച്ചത്തില്‍ നിലവിളിച്ചു. നിവലിളിയുടെ കാഠിന്യം കാരണം വീടിൻറെ  ഉത്തരത്തിലുണ്ടായിരുന്ന പല്ലികള്‍ പോലും താഴെ വീണു ചത്തു പോയി എന്നു പറഞ്ഞാല്‍ അതിശയോക്‌തിയാവില്ല!


പക്ഷെ അതു കൊണ്ടൊരു ഗുണമുണ്ടായി. ചായിപ്പിലെ കൂട്ടത്തല്ലു കഴിഞ്ഞ്‌ ആസ്മയുടെ വലിവുമായി വന്ന വല്ലിപ്പ എന്നെ വലിച്ചിട്ട്‌ ചള്‍ക്കേ പള്‍ക്കേ എന്നു തല്ലുമ്പോള്‍ പിടിച്ചു വെക്കാന്‍, ഓടിക്കൂടിയ ആരൊക്കെയോ ഉണ്ടായി. അല്ലായിരുന്നെങ്കില്‍... ഹൊ... ഓർക്കാൻ കൂടി വയ്യ.  


ആ സംഭവത്തില്‍ പിന്നെ നാട്ടുകാർ റേഷന്‍ കാര്‍ഡില്‍ പോലും എൻറെ പേരു മാറ്റിക്കളഞ്ഞു. കുട്ടിച്ചാത്തനെന്ന്‌. ചില നശൂലപ്പിള്ളാര്‌ ലുട്ടാപ്പിയെന്നും മായാവിയെന്നുമൊക്കെ തരാതരത്തിനു വിളിക്കാറുണ്ടായിരുന്നു.


---- ശുഭം -------

നല്ല വിമര്‍ശനങ്ങള്‍ നല്ല പ്രോത്സാഹനമാണ്  അഭിപ്രായങ്ങള്‍ വിശാലമായി അറിയിക്കുക 

35 comments:

  1. (2013 ഫെബ്രുവരി ലക്കം ഇമഷിയില്‍ വന്ന എന്റെ രചന)

    പാഠം രണ്ടെ... കൊക്കും ഞണ്ടും. ഇമ്മാാാാ, നഫീസ വളക്കൂതി..

    ReplyDelete
  2. ഹ..ഹ്ഹ.... ഞാന്‍ ആദ്യത്തെ കമന്റ്‌ ഇടട്ടെ.
    വിശദം ആയ കമന്റ്‌ പിന്നെ.ഓടിച്ചു ഒന്ന്
    വായിചു.ഇഷ്ടം ആയി

    ReplyDelete
  3. കുട്ടിച്ചാത്തന്‍റെ വേഷത്തില്‍ വല്ലിപ്പയെ ഒന്ന് പേടിപ്പിക്കാമായിരുന്നു. എങ്കില്‍ മൂപ്പര്‍ ഒരിക്കലും മുളവടി കയ്യിലെടുക്കുകയില്ല. ഇഷ്ടപ്പെട്ടു ഈ നര്‍മ്മം 

    ReplyDelete
  4. അറവ്‌ കോഴി എന്നായിരുന്നു ബല്ലദ്‌ തലക്കെട്ട്‌..ഹ ഹ..നല്ല ശൈലി

    ReplyDelete
  5. നിഷ്കളങ്കമായ നര്‍മമാണ് നാട്ടില്‍ പുറത്തിന്റെ ആ സുഖം നല്ലോണം ള്ള എഴുത്ത് ആശംസകള്‍

    ReplyDelete
  6. സൂപ്പർ വല്ലിപ്പയും കുട്ടിച്ചാത്തനും,,

    ReplyDelete
  7. നര്‍മ്മമയം......
    ഭാവുകങ്ങള്‍.
    http://drpmalankot0.blogspot.com

    ReplyDelete
  8. വല്ലാതെ പരത്തി പറഞ്ഞു,
    എന്നാലും വായിച്ചു.... നന്നായിട്ടുണ്ട്....:)

    ReplyDelete
  9. നല്ല നര്‍മം...
    കുട്ടിച്ചാത്തനെ എനിക്കും ഇഷ്ടായി... :)

    ആശംസകള്‍...,..

    ReplyDelete
  10. ഇതേ സംഭവം എനിക്കുമുണ്ടായിട്ടുണ്ട്.., ഉമ്മായായിരുന്നു താരം.., വേഷം കെട്ടിയത് മാവേലിയായി.., ഓടിയ ഓട്ടത്തിൽ തുണി വരെ പറിഞ്ഞു പോയി..

    ReplyDelete
  11. ഒന്ന് കൂടി വിശദം ആയി വായിച്ചപ്പോള്‍ എല്ലാ
    രംഗവും മുന്നില്‍ കണ്ട പോലെ ആസ്വദിച്ചു.ഒട്ടും ബോര്‍
    അടിച്ചില്ല.മിക്ക നാടന്‍ ശൈലികളും അത്ര പരിചയം ഉള്ളവ
    (ഞാന്‍ കോട്ടയത്ത്‌ കാരന്‍ ആണ്) അല്ല എങ്കിലും നന്നായി രസിച്ചു
    വായിച്ചു.

    ഒരു ചോദ്യം ബാക്കി.ലുടാപ്പി ആവുന്നതിനു മുമ്പ് പാമ്പന്‍ ലത്തീഫ്,
    ഭ്രാന്തന്‍ ഇബ്രാഹിം,വെണ്ടയ്ക്ക കുഞ്ഞാപ്പു ,പഴംചോറു ഹനീഫ പിന്നെ
    'ഒരാളുടെ' പേര് എന്തായിരുന്നു.പരസ്യം ആക്കണ്ട.എനിക്ക് ഒന്ന്
    മെയില്‍ ചെയ്‌താല്‍ മതി കേട്ടോ !!!!

    ReplyDelete
  12. "വീട്ടിലടുക്കളയില്‍ രാത്രിഭക്ഷണം തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ഉമ്മയുടെയും നഫീസയുടെയും മുമ്പിലേക്കാണ്‌ ഞാനൊരു വെള്ളിടി പോലെ വെട്ടിയിറങ്ങിയത്‌. ഞാന്‍ മേക്കപ്പിലാണെന്നോര്‍ക്കണം!"

    "ഒരു സംവിധായകന്‍" ഒക്കെ ആകണ്ട കലാകാരന്‍റെ അനുഭവം വളരെ നന്നായി പറഞ്ഞു.
    വല്ല്യുപ്പയെ പെരുത്ത്‌ഷ്ടായി.. :) ഇന്ന് കുട്ടികളെ അടിക്കാന്‍ പാടില്ലത്രേ!

    ReplyDelete
  13. ലുട്ടാപ്പിക്ക്‌ മറ്റൊരു മുഖവും..ആഹ്ഹ്ഹ്ഹ്‌..നന്നായിരിക്കുന്നു..
    ആശംസകൾ ട്ടൊ..!

    ReplyDelete
  14. നല്ല നര്‍മം..രസകരമായിട്ടുണ്ട് കേട്ടോ :)

    ReplyDelete
  15. സൂപ്പർ...........നര്‍മ്മമയം...... രസകരo.......ഇഷ്ടായി...

    ReplyDelete
  16. "മങ്കുര്‍ണി " :) ഈ വാക്ക് എനിക്കൊരുപാടിഷ്ടായേട്ടൊ ..:)
    "ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നിന്‍ കിനാക്കളെല്ലാം"
    ഇതിന്റെ പാരഡിയും .. ചിരിച്ചു കേട്ടൊ കൂട്ടുകാര ...!
    ഒരിടത്ത് പോലും മുറിയാതെ , വച്ച് കെട്ടലുകളില്ലാതെ
    ഒഴിവാക്കലുകളില്ലാതെ വളരെ മനോഹരമായ നര്‍മ്മം ..
    മനസ്സ് വല്ലാതെ അസ്വസ്ത്ഥമായിരുന്നു , ഈ വരികള്‍
    അതിനേ മറ്റൊരു തലത്തിലേക്കെത്തിച്ചു നന്ദി സഖേ ..!

    ReplyDelete
  17. എന്റെ കുട്ടിച്ചാത്താ..ആട്ടിന്‍ കൊമ്പുമായി വീട്ടില്‍ വന്ന രംഗമോര്‍ക്കാന്‍ വയ്യ

    ReplyDelete
  18. നല്ല നര്‍മ്മമയം കുട്ടിച്ചാത്തനെ എനിക്കും ഇഷ്ടായി

    ReplyDelete
  19. ഓയിൽ സീലിന്റെ വട്ടും പിന്നെ മങ്കുർണിയുമെല്ലാം, പഴയ കാലത്തെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി.
    പ്ലാസ്റ്റിക് സഞ്ചിയിലെ ചുവന്ന മഷി ചീരയാക്കിയ പഴയ നാടകരംഗവും ഓർമ്മയിൽ തെളിഞ്ഞു.

    സ്വാഭാവിക നർമ്മത്തിന്റെ സുഖം വേണ്ടുവോളം.

    ReplyDelete
  20. രസായിട്ടൂണ്ട്. അഭിനന്ദനങ്ങൾ..

    ReplyDelete
  21. ഒരുപാടിഷ്ടമായി... നല്ല കഥ ... അബൂതി

    ReplyDelete
  22. രസപ്പായാസം പോല്‍ കുടിച്ചു വായിച്ചു.എഴുത്തിന്‍റെ രസപ്രധാന ബിംബങ്ങള്‍ ഒളിഞ്ഞിരുന്നു ചിരിക്കുന്നുണ്ട്,വായനാനന്തരം ...!
    അഭിനന്ദനങ്ങള്‍ !

    ReplyDelete
  23. വായിച്ചിരുന്നു .... ഇ മഷിയില്‍ ഈ ചിരി മരുന്ന് .. ഇപ്പൊ ഒരു വട്ടം കൂടെ വായിച്ചു ...
    മാഷ്‌ കലക്കി .. എല്ലാ ആശംസകളും .........

    ReplyDelete
  24. ശരിക്കും വാക്കുകള് കൊണ്ട് വരഞ്ഞിട്ട ഒരു കാര്ട്ടൂണ് ചിത്രം പോലെ ഇതിലെ കഥാപാത്രങ്ങളും സംഭവങ്ങളും മനസ്സില് തന്നെ നില്ക്കുന്നു. ദൈര്ഘ്യമുണ്ടായിട്ടും വായനയില് ഒരിടത്തും വിരസത അനുഭവപ്പെട്ടിട്ടില്ല.ചടുലമായ ഒരു കോമഡി ചലചിത്രം കാണുന്നതുപോലെ റീലുകള് മനസ്സിലൂടെ ഓടിപ്പോകുന്നു. നല്ല എഴുത്തിന് അഭിനന്ദനങ്ങള്

    ReplyDelete
  25. അടുക്കളയിലേക്ക് ഓടിയെത്തിയ രംഗം കലക്കിട്ടോ!കുട്ടിച്ചാത്തന്‍ ചിരിപ്പിച്ച് കൊല്ലും....

    ആശംസകള്‍

    ReplyDelete
  26. നന്നായിരിക്കുന്നു എഴുത്ത്..
    ആശംസകൾ...

    ReplyDelete
  27. കുട്ടിച്ചാത്തന്റെ ഓട്ടവും, അടുക്കളയില്‍ നിന്നുള്ള കരച്ചിലും ഭാവനയില്‍ ഒന്ന് കണ്ടു നോക്കി.. :) അടിപൊളി...

    ReplyDelete
  28. നല്ല രസായിട്ടുണ്ട് ...ഞാന്‍ പല്ലികള് ചത്ത്‌ വീഴുന്നത് ഒന്ന്‍ ആലോചിച്ചു നോക്കി പോയി..

    ReplyDelete
  29. നന്നായിരിക്കുന്നു ..കുറിക്കു കൊള്ളുന്ന നര്‍മ്മം.

    ReplyDelete
  30. കുട്ടിച്ചാത്തന്റെ പേര് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ? ആടിന്റെ കൊമ്പ് മതിയല്ലേ തലയില്‍?
    അവതരണം വളരെ സരസമാകുന്നതിനാല്‍ വായിച്ച് പോകുന്നത് അറിയില്ല.

    ReplyDelete
  31. വല്ലിപ്പാക്ക് മുള വടിയല്ലാതെ നല്ലൊരു ചൂരല്‍ കൊടുക്കാമായിരുന്നു.ദൈര്‍ഘ്യം കഴിയുന്നതും കുറക്കാന്‍ നോക്കണം. ഇപ്പോള്‍ എല്ലാം മിനിയേച്ചറാണല്ലോ? വായിക്കാനും സുഖമാവും..അഭിനന്ദനങ്ങള്‍!

    ReplyDelete
  32. ജീവിതത്തിലെ ചില ചില്ലറ സംഭവങ്ങളെ ഇത്തരത്തില്‍ ഹാസ്യ വല്‍ക്കരിക്കാനുള്ള കഴിവ് അപാരം തന്നെ. കുട്ടിച്ചാത്തനേയും , വല്ലുപ്പയേയും നന്നായി നര്‍മ്മത്തില്‍ പുതപ്പിച്ചിട്ടുണ്ട്. ((നിവലിളിയുടെ കാഠിന്യം കാരണം വീടിന്റെ ഉത്തരത്തിലുണ്ടായിരുന്ന പല്ലികള്‍ പോലും താഴെ വീണു ചത്തു പോയി എന്നു പറഞ്ഞാല്‍ അതിശയോക്‌തിയാവില്ല!)) ആ വരവ് വളരെ ഇഷ്ട്ടപ്പെട്ടു.

    ReplyDelete
  33. വളരെ രസകരം .വായിച്ചു തീര്‌ന്നതെ അറിഞ്ഞില്ല .ഒരുപാട് ചിരിച്ചു .
    ആദ്യായിട്ടായിരുന്നു ഞാന്‍ ഈ വഴി .

    ReplyDelete
  34. സൂപ്പറായി കേട്ടോ

    ReplyDelete
  35. "ഇന്നെ തച്ചൊല്ലുന്നേ"........... :P

    ReplyDelete