Tuesday, October 28, 2014

സ്വപ്നത്തിലില്ലാത്തതും സ്വപ്നങ്ങളില്ലാത്തതുംഗ്രാമവീഥിയിലൂടെ പൊടിപടലങ്ങളുയര്‍ത്തി ഇരമ്പിയകലുന്ന വാഹനവ്യൂഹത്തെയും നോക്കി അയാള്‍ നിന്നു. തന്റെ കരളിന്റെ കഷ്ണമായ മോളുടെ മംഗല്ല്യം കഴിഞ്ഞവള്‍ യാത്രയായി. ഒരു പുതിയ ജീവിതത്തിലേക്ക്‌. പുതിയ സ്വപ്നങ്ങളിലേക്ക്‌. നന്‍മമാത്രം നേരുന്ന അയാളുടെ തപ്‌ത ഹൃദയം വിതുമ്പി നിന്നു. മിഴികളിലെ വൈഢൂര്യമുത്തുകള്‍ സൂര്യപ്രകാശത്തില്‍ തിളങ്ങി. തിരക്കൊഴിഞ്ഞ പന്തലില്‍ നിന്നും ആരൊക്കെയോ ചിലര്‍ യാത്ര പറഞ്ഞ്‌ പിരിഞ്ഞ്‌ പോയി. ചാവി കൊടുത്ത യന്ത്രം കണക്കെ അവസാനത്തെ ആളെയും അയാള്‍ യാത്രയാക്കി. 

നീണ്ടു പരന്നു കിടക്കുന്ന വയലുകള്‍ക്കപ്പുറത്തെ ചെറുകുന്നിന്റെ മുകളില്‍ സൂര്യന്‍ ചുവന്നു തുടുത്തു നില്‍ക്കവേ, വീട്ടു വരാന്തയില്‍ ശ്യാമാംബരത്തിലെ ചെറു മേഘങ്ങളേയും നോക്കി വെറുതെ നില്‍ക്കുകയാണയാള്‍. പിന്നില്‍ നിന്നും വേലക്കാരിയുടെ ശബ്ദം കെട്ടാണ്‌ ഞെട്ടിയുണര്‍ന്നത്‌. 

താത്ത വിളിക്കുന്നൂട്ടൊ.. 

ആ നിമിഷത്തെ അയാള്‍ ഭയന്നിരുന്നു. ആ മുഖഭാവം അതു വിളിച്ചു പറയുന്നുണ്ട്‌. ഗോവണിപ്പടികള്‍ കയറുമ്പോള്‍ നെഞ്ചിനു നല്ല ഭാരം തോന്നി. അറയിലെത്തിയപ്പോള്‍ മാറ്റി ഒരുങ്ങി നില്‍ക്കുന്ന ഭാര്യ! 

ആ കണ്ണുകളില്‍ കത്തി നില്‍ക്കുന്ന തീഷ്ണത! അതിന്റെ ആഴങ്ങളില്‍ ജീവിതത്തോടുള്ള അടങ്ങാത്ത പക! അയാളെ കണ്ടപ്പോള്‍, കിടക്കയിലെ കറുത്ത പെട്ടി കയ്യിലെടുക്കുന്നതിന്നിടയില്‍ അവള്‍ പറഞ്ഞു. 

ഞാന്‍ പോകുണു.. 

ഒരു ശില പോലെ അയാള്‍ നില്‍ക്കവെ, അവള്‍ അയാളെ മറി കടന്ന്‌ മുറിക്ക്‌ പുറത്തേക്ക്‌ നടന്നു. ഒരു കാറ്റിന്റെ മര്‍മരം പോലെ പതിഞ്ഞ ശബ്ദത്തില്‍ അയാള്‍ വിളിച്ചു.. 

ഫൗസിയാ... 

അവള്‍ വിളി കേള്‍ക്കുകയോ തിരിഞ്ഞു നോക്കുകയോ ചെയ്‌തില്ല. എങ്കിലും നിന്നു. അവളുടെ മുന്നിലേക്ക്‌ നടന്നുകൊണ്ടയാള്‍ പറഞ്ഞു. 

പതിനാല്‌ വര്‍ഷം മുന്‍പ്‌ എനിക്കൊരു തെറ്റ്‌ പറ്റി. അവിടന്നിങ്ങോട്ട്‌ എന്റെ ജീവിതം മുഴുവന്‍ പ്രായശ്ചിതമായിരുന്നില്ലേ? ഇനിയും എന്നോട്‌ ക്ഷമിക്കാനായില്ലേ നിനക്ക്‌? എന്നോട്‌ മിണ്ടില്ലെങ്കിലും, എന്നെ ശ്രദ്ധിച്ചില്ലെങ്കിലും നീയീ വീട്ടിലുണ്ടാകുന്നത്‌ എനിക്കൊരാശ്വാസമാണ്‌. പ്ലീസ് ഫൗസിയാ.. പ്ലീസ്.. പോകരുത്‌.. 

ഹും.. അവളുടെ മുഖത്തൊരു പുച്ഛ രസം വിടര്‍ന്നു. 

മകളുടെ വിവാഹത്തിന്റെ അന്ന്‌ ഭാര്യ പിണങ്ങിപ്പോയെന്ന്‌ നാട്ടുകാരറിയുമ്പോള്‍ അവരോട്‌ സമാധാനം പറയേണ്ടി വരുമല്ലൊ അല്ലെ? ആത്മാഭിമാനത്തിന്‌ മുറിവേല്‍ക്കുമായിരിക്കും? തറവാടിന്‌ ചീത്തപ്പേരു കേള്‍ക്കുമായിരിക്കും?

ഒന്നും പറയാനാവാതെ അയാള്‍ നില്‍ക്കെ അവള്‍ തുടര്‍ന്നു. 

എനിക്ക്‌ സൗകര്യമില്ല. ഇതുവരെ ഞാനിവിടെ കഴിഞ്ഞത്‌ എന്റെ മോളെ ഓര്‍ത്താണ്‌. ഞാന്‍ പ്രസവിച്ച എന്റെ മോളെ ഓര്‍ത്ത്‌. 

അവള്‍ വല്ലാതെ കിതക്കാന്‍ തുടങ്ങി. ആ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. കയ്യിലെ പെട്ടി നിലത്തു വച്ചു. അവളയാളുടെ കണ്ണുകളില്‍ നോക്കി. നോട്ടമൊന്ന്‌ പിന്‍വലിക്കാനോ, ആ നോട്ടം തുടരാനോ ആവാതെ അയാളുരുകുന്നുണ്ടായിരുന്നു.

ഫൗസിയ പ്ലീസ്. ഞാന്‍ നിന്റെ കാലു പിടിക്കാം. നമ്മുടെ മോളെ ഓര്‍ത്ത്‌. അവളെ കെട്ടിച്ച വീട്ടിലവള്‍ക്ക്‌ വല്ല വിലയും കിട്ടുമോ?

കിട്ടും! 

അവളുടെ ശബ്ദം ഉറച്ചതായിരുന്നു. 

ഭര്‍ത്താവ്‌ ചെയ്യുന്ന എല്ലാ തെറ്റുകളും പൊറുത്തു കൊടുത്ത്‌ ആ കാല്‍ചുവട്ടിലെ അടിമയായിക്കഴിയാന്‍ എല്ലാ സ്‌ത്രീകളും തയ്യാറാവില്ലെന്ന്‌ അവളുടെ ഭര്‍ത്താവറിയണം. ആ തിരിച്ചറിവ്‌ അവനുള്ളൊരു താക്കീതാണ്‌. നാളെ എനിക്ക്‌ പറ്റിയ ചതി എന്റെ മകള്‍ക്ക്‌ പറ്റരുത്‌. എനിക്ക്‌ പോണം. നമ്മള്‍ തമ്മില്‍ ഇനി ഒരു കറാറില്ല. ഒരു ബന്ധവുമില്ല. കാണുന്നവര്‍ക്ക്‌ നമ്മളടുത്താണ്‌. പക്ഷെ, എനിക്കറിയാം, എന്റെ മനസ്സിന്റെ കണ്ണെത്തുന്ന ദൂരത്തൊന്നും നിങ്ങളില്ലെന്ന്‌. 

ശരിയാണ്‌... 

അവളുടെ മുഖത്തു നിന്നു കണ്ണെടുത്ത്‌ അയാള്‍ പറഞ്ഞു. 

ശരിയാണ്‌... ഞാനാണ്‌ തെറ്റ്‌ ചെയ്‌തത്‌. ഒരു ന്യായീകരണവുമില്ല. പക്ഷെ, കഴിഞ്ഞ പതിനാലു കൊല്ലം ഞാന്‍ ജീവിക്കുകയായിരുന്നില്ല.. 

അപ്പോള്‍ ഞാനോ? അവളുടെ ശബ്ദത്തിന്‌ ബ്ലേഡ് പോലെ മൂര്‍ച്ചയുണ്ടായിരുന്നു. 

ഞാനിവിടെ സുഖിച്ച്‌ കഴിയുകയായിരുന്നോ? കഴിഞ്ഞ പതിനാലു കൊല്ലം നിങ്ങള്‍ക്കു വേണ്ടി നിങ്ങളുണ്ടാക്കിയ ഈ തടവറയില്‍ ചെയ്യാത്ത തെറ്റിന്‌ ശിക്ഷിയനുഭവിക്കുകയായിരുന്നു ഞാനും. എന്റെ നഷ്ടങ്ങള്‍ക്ക്‌ കണക്കൊന്നും ഇല്ല. എന്റെ ജീവിതം. നല്ല പ്രായം. സന്തോഷം. സമാധാനം. ഒരു ഭര്‍ത്താവില്‍ നിന്ന്‌ എനിക്ക്‌ കിട്ടേണ്ടതെല്ലാം, ഇതൊക്കെ എങ്ങിനെയാണ്‌ നഷ്ടപ്പെട്ടത്‌. ഞാന്‍ വല്ലവന്റേയും കിടക്ക വിരി തേടിപ്പോയിട്ടല്ല. പകരം നിങ്ങള്‍.... നിങ്ങള്‍... 

അവള്‍ മുഴുവിക്കാവാതെ നിന്ന്‌ കിതച്ചു. പതിനാല്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം അവള്‍ ആദ്യമായായിരുന്നു അയാളോട്‌ അത്രയധികം സംസാരിക്കുന്നത്‌ തന്നെ. അയാളൊന്ന്‌ സംസാരിക്കാന്‍ തുനിഞ്ഞാല്‍ തന്നെ അവളതിന്‌ അവസരം നല്‍കാറില്ലായിരുന്നു. പക്ഷെ, ഇന്ന്‌ അവള്‍ക്ക്‌ സംസാരിച്ചേ പറ്റൂ. നെഞ്ചില്‍ ഇരുകിത്തിളക്കുന്ന ഒരഗ്നിപര്‍വതവുമായി അവളാ വീട്ടില്‍ കഴിയാന്‍ തുടങ്ങിയിട്ട്‌ പതിനാലു വര്‍ഷങ്ങളായി. നീണ്ട പതിനാലു വര്‍ഷങ്ങള്‍. ഇന്നവള്‍ ഈ വീട്‌ വിട്ട്‌ പോവുകയാണ്‌. പതിനാലു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പൊരു രാത്രി, ഇതേ പോലെ ഈ വീടു വിട്ടിറങ്ങാനവള്‍ തുനിങ്ങപ്പോള്‍ അവളുടെ കാലു പിടിച്ച്‌ അയാള്‍ നേടിയതാണ്‌ ഈ വരം. അവരുടെ മകളുടെ വിവാഹം കഴിയുന്നത്‌ വരെ പുറം ലോകത്തിന്റെ കണ്ണില്‍ ഭാര്യാഭര്‍ത്താക്കന്‍മാരായി കഴിയാമെന്ന വരം. മകളുടെ ഭാവിയെ ഓര്‍ത്ത്‌ അവളന്ന്‌ അതിന്‌ സമ്മതിച്ചു. ഇന്ന്‌, മകളുടെ വിവാഹം കഴിഞ്ഞപ്പോള്‍ ആ സമയം കഴിഞ്ഞിരിക്കുന്നു. 

ഇതു വരെ അവര്‍ ജീവിച്ചത്‌ ഓരോ മുഖംമൂടികള്‍ അണിഞ്ഞായിരുന്നു. മകളുടെയും ലോകത്തിന്റെയും മുമ്പില്‍ ഭാര്യാഭര്‍ത്താക്കന്‍മാരായി അവര്‍ വേഷം കെട്ടിയാടി. എങ്കിലും അവരൊരുമിച്ച്‌ എങ്ങോട്ടും യാത്ര ചെയ്‌തില്ല. ഒരുമിച്ചൊരിക്കലും ഭക്ഷണം കഴിച്ചില്ല. മറ്റാരും കാണാതെ അവര്‍ക്കിടയില്‍ അവരൊരു മറയിട്ടിരുന്നു. ഇപ്പുറത്തു നിന്നും അയാള്‍ അവളെ നോക്കുമ്പോഴൊക്കെ വെറുപ്പിന്റെ മഹാശിലകള്‍ കൊണ്ട്‌ അവള്‍ പണിത മതിലുകള്‍ മാത്രമേ അയാള്‍ കണ്ടുള്ളൂ. 

ഏതൊരു പെണ്ണിനേയും പോലെ മനസ്സു നിറയെ സ്വപ്നവുമായി അയാളുടെ മണിയറയിലേക്കു വന്നവളാണു ഫൗസിയ. സ്നേഹം കൊണ്ട്‌ അവര്‍ പരസ്പരം വിരിപ്പും പുതപ്പുമായി. ഒരു കുഞ്ഞു പിറന്നപ്പോള്‍ അവള്‍ക്ക്‌ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ സ്‌ത്രീ താനാണെന്നവള്‍ കരുതി. 

മഴയുള്ള ഒരു രാത്രി, അര്‍ദ്ധരാത്രി അവള്‍ ഉറക്കം വിട്ടുണര്‍ന്നു. അതൊരു പതിവായിരുന്നില്ല. ഉറക്കം പിടിച്ചാല്‍ പിന്നെ നേരം വെളുത്തേ അവളുണരാരുണ്ടായിരുന്നു. ആന കുത്തിയാലും ഉണരാത്ത ഉറക്കക്കാരി എന്ന കളിയാക്കലുകള്‍ ധാരാളം കേട്ടിട്ടുണ്ടവള്‍. ഉണര്‍ന്നപ്പോള്‍ തന്റെ ചാരെ കിടന്നിരുന്ന ഭര്‍ത്താവിനെ കണ്ടില്ല. മഴയുടെ സുഖമുള്ള തണുപ്പിലും പുതപ്പ്‌ മാറ്റി അവള്‍ കിടക്ക വിട്ടു. വാതില്‍ തുറന്ന്‌ പുറത്തിറങ്ങി. അവിടെയെങ്ങും അയാളെ കണ്ടില്ല. ഗോവണിയിറങ്ങി താഴെ വന്നപ്പോള്‍ അനിയത്തിയുടെ മുറിയില്‍ നിന്നും ചില ശബ്ദങ്ങള്‍ അവളുടെ നെഞ്ചിലെ ഭാരം കൂട്ടി. അടുത്തുള്ള നഗരത്തില്‍ പഠിക്കാനുള്ള സൗകര്യത്തിന്‌ ഇത്തയുടെ കൂടെ വന്നു താമസിക്കുകയാണ്‌ അനിയത്തി. ചാരിയിരുന്ന വാതി തുറന്നവള്‍ അകത്തേക്കു കയറിയപ്പോള്‍ പാമ്പിനെ ചവിട്ടിയാലെന്ന പോലെ നടുങ്ങി വിറച്ചു. 

ഒന്നായിമാറിയ രണ്ടു നഗ്നശരീരങ്ങള്‍ ഞെട്ടിപ്പിടഞ്ഞു വേര്‍പ്പെട്ടു. നാണം മറക്കാനൊരു നിഴലിന്റെ മറ പോലുമില്ലാതെ തന്റെ മുമ്പില്‍ പകച്ചു നില്‍ക്കുന്ന അവരെ കണ്ടപ്പോള്‍ ആ വീട്‌ അപ്പാടെ തന്റെ തലയിലേക്കു തകര്‍ന്നു വീണിരുന്നെങ്കിലെന്നവള്‍ ആഗ്രഹിച്ചു. ഇപ്പോള്‍ ഈ നിമിഷം മരിച്ചിരുന്നെങ്കിലെത്ര നന്നായിരുന്നേനെ. തൊണ്ട വറ്റിവരളുന്നു. ഈ രാത്രി, ഈ നിമിഷം, എന്റെ പടച്ചവനേ, എന്നെക്കാള്‍ ഭാഗ്യം കെട്ടൊരു പെണ്ണീ ദുനിയാവിലുണ്ടോ?

ശബ്ദങ്ങള്‍ നഷ്ടപ്പെട്ട നിമിഷങ്ങളവര്‍ക്കിടയില്‍ ചത്തു വീണു. പിന്നെ ഒന്നും മിണ്ടാതെ സജലങ്ങളായ മിഴികളോടെ അവള്‍ തിരിച്ചു ഗോവണി കയറി. സ്വന്തം മുറിയിലിലിരിക്കവെ രണ്ടു കൈകൊണ്ടും മുഖം പൊത്തി അവള്‍ വാവിട്ടു കരഞ്ഞു. പുറത്തെ ആര്‍ത്തലക്കുന്ന മഴയില്‍ ആ ശബ്ദവും നനഞ്ഞു പൊതിര്‍ന്നു പോയി. 

ഫൗസിയാ എന്ന വിളി കേട്ടവള്‍ മുഖത്തു നിന്നും കൈകള്‍ മാറ്റി. നിര്‍വികാര മുഖഭാവത്തോടെ അയാളവളുടെ മുന്‍പില്‍ നിന്നു. എന്തോ പറയാന്‍ വേണ്ടി അയാള്‍ ചുണ്ടനക്കിയപ്പോഴേക്കും അവള്‍ ചാടിയെഴുനേറ്റു കൊണ്ടയാളുടെ മുഖത്തിനു നേരെ വിരല്‍ ചൂണ്ടി അമര്‍ത്തിയ ശബ്ദത്തില്‍ പറഞ്ഞു. 

മിണ്ടരുത്‌.. എന്നൊടൊരക്ഷരം മിണ്ടരുത്‌. 

ഒരു ബ്ലേഡിനെക്കാള്‍ മൂര്‍ച്ചയുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്‌. പെട്ടെന്നവള്‍ മുറി വിട്ട്‌ പുറത്തേക്ക്‌ നടന്നു. ചാടിക്കടക്കുന്നതു പോലെ ഗോവണിയിറങ്ങി താഴെയെത്തി. മുറിയില്‍ കിടക്കയിലിരുന്ന്‌ കൈകളില്‍ തല താങ്ങിയിരിക്കുന്ന അനിയത്തി ഞെട്ടിപ്പിടഞ്ഞെഴുനേറ്റു. ആ മുഖത്തേക്ക്‌ കൈവലിച്ചൊരൊറ്റ അടിയായിരുന്നു. ഫൗസിയയുടെ കൈ പോലും വേദനിച്ചു പോയി. കരയാന്‍ മറന്നു നില്‍ക്കുന്ന അനിയത്തിയോട്‌ ഒരേ ഒരു ചോദ്യമേ ഫൌസിയ ചോദിച്ചുള്ളൂ. 

ഒരുമ്മാന്റെ വയറ്റീന്നല്ലെടീ ഞാനും നീയും വന്നത്‌? എന്നിട്ടും... 

ഒരൊറ്റ പൊട്ടിക്കരച്ചിലോടെ അനിയത്തില്‍ പറഞ്ഞു. 

സോറി ഇത്താ.. സോറി.. 

സോറിയൊ.. ഇല്ലെടീ.. പുഴുത്തു ചാകേണ്ടി വന്നാലും നിനക്കു മാപ്പില്ല. 

അവള്‍ വസ്‌ത്രങ്ങള്‍ പെട്ടിയിലേക്ക്‌ വാരിവലിച്ചിടുമ്പോള്‍ അമ്പരന്നു നില്‍ക്കുകയായിരുന്നു അയാള്‍. അര്‍ദ്ധ രാത്രി ആ മഴയത്ത്‌ വീടിന്റെ മുന്‍വാതില്‍ തുറന്ന്‌ പുറത്തിറങ്ങിയപ്പോഴാണ്‌ അയാള്‍ അവളുടെ മുന്‍പില്‍ യാചനയുമായി നിന്നത്‌. കാലു പിടിച്ചയാള്‍ അവളോടൊരു വരം ചോദിച്ചു. ക്ഷമയല്ല. മകളുടെ ഭാവിയോര്‍ത്ത്‌, മകളുടെ വിവാഹം കഴിയുന്നതു വരെ ഈ സംഭവം ആരുമറിയാതിരിക്കാന്‍ വേണ്ടി അവളുടെ ജീവിതം ആ വീട്ടില്‍ ഹോമിക്കണമെന്ന്‌. എല്ലാ വേദനകള്‍ക്കും നിരാശകള്‍ക്കും അപ്പുറത്തു നിന്ന്‌ അമ്മ എന്ന വികാരം തന്റെ മാറിടം ചുരത്തി. പിന്നെ പതിനാലു വര്‍ഷങ്ങള്‍ രണ്ടു ധ്രുവങ്ങളിലെന്ന പോലെ അവര്‍ കഴിഞ്ഞു. ഇന്നവരുടെ മകളുടെ വിവാഹമായിരുന്നു. ഇന്നവള്‍ പോവുകയാണ്‌. 

ഗോവണിയിറങ്ങിവരുമ്പോള്‍ അവളുടെ പിന്നാലെ അയാളുണ്ടായിരുന്നു. 

ഫൗസിയാ. 

ശിലപോലുമലിയുന്ന വിധത്തിലായിരുന്ന അയാളുടെ വിളി. പക്ഷെ, ആ പെണ്‍മനസ്സുരുകിയില്ല. അവള്‍ തിരിഞ്ഞു നോക്കിയതുമില്ല. മുറ്റത്തേക്കിറങ്ങി അവള്‍ പോകുന്നത്‌ കാണാന്‍ അയാള്‍ നിന്നില്ല. മെല്ലെ തിരിഞ്ഞു നടന്നു. കിടപ്പു മുറിയിലേക്ക്‌. വാതില്‍ ചാരി കൊളുത്തിട്ടു. തന്റെ കട്ടിലിലിരുന്നു. അകറ്റിയിട്ട അവളുടെ കട്ടിലില്‍ അഴിച്ചിട്ട വിലകൂടിയ സാരി അയാള്‍ കണ്ടു. മെല്ലെ ചെന്ന്‌ അതെടുത്ത്‌ നാലഞ്ചു നിമിഷങ്ങള്‍ അതില്‍ തെരുപിടിച്ചു കൊണ്ടു നിന്നു. പിന്നെ കറങ്ങിക്കൊണ്ടിരിക്കുന്ന സീലിംഗ്‌ ഫാനിന്റെ സ്വിച്ചിന്റെ അടുത്തേക്ക്‌ നടന്നു. 

മലര്‍ന്നു കിടക്കുന്ന ഗേറ്റിന്റെ അരികില്‍ അവളൊരു മാത്ര നിന്നു. ഒരു ശില പോലെ. പിന്നെ മെല്ലെ ആ വീടിന്റെ നേരെ ഒന്നു തിരിഞ്ഞു നോക്കി. ഒരു നെടുവീര്‍പ്പ്‌ അവളുടെ നെഞ്ചില്‍ പിടഞ്ഞമര്‍ന്നു. ഒരു പിന്‍വിളി കേട്ടുവോ? അവളൊന്നു ശങ്കിച്ചു. തിരിച്ചറിയാനാവാത്ത ഒരു നൊമ്പരം നെഞ്ചില്‍ കാരമുള്ളു പോലെ കുത്തിക്കയറുന്നു. ഉത്തരം കിട്ടാത്ത ഒരു ചോദ്യം അവളുടെ നെഞ്ചില്‍ കിടന്ന്‌ നിലവിളിച്ചു കൊണ്ടിരുന്നു. 

ഇന്ന്‌, ഈ നിമിഷം ഞാനയാള്‍ക്ക്‌ എല്ലാം പൊറുത്തു കൊടുക്കണോ? അതോ വേണ്ടെയോ?

ശുഭം 

പ്രിയ വായനക്കാരുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കായി കാതോര്ത്തിരിക്കുന്നു 

9 comments:

 1. മരണമാഗ്രഹിക്കുന്ന നിരാശയും, ആത്മനിന്ദയും മാത്രം ഇണയ്ക്ക് നല്കുന്ന ഒന്നാണ് വഞ്ചന. അത് ചെറുതാണെങ്കിലും വലുതാണെങ്കിലും.

  ReplyDelete
 2. എന്ത് പറ്റി, എവിടെയൊക്കെയോ അടുക്കും ചിട്ടയും ചോർന്നുപോയ പോലെ. മുന്പെഴുതിയതിന്റെ അത്രയും എത്തിയില്ലാട്ടോ ഈ കഥ. ഇനിയും നല്ല എഴുത്തുകൾ ഇവിടെ ഉണ്ടാകട്ടെ. എല്ലാ വിധ ആശംസകളും.

  ReplyDelete
 3. അനുവാചകനിലേക്ക് നല്ലൊരു ഭാരം ഏല്‍പ്പിച്ചുകൊണ്ട് ഒളിഞ്ഞിരിക്കുകയായിരിക്കും സൂത്രധാരന്‍.....
  ഏതയാലും മോശമില്ല.നന്നായിട്ടുണ്ട്.
  ചിന്തിക്കട്ടെ.എല്ലാവരുടെയും മനസ്സുപോലെ ശുഭപര്യവസായിയാകാന്‍ ശ്രമിക്കട്ടെ!
  ആശംസകള്‍

  ReplyDelete
 4. ഒന്ന് കൂടി എഡിറ്റ് ചെയ്ത് എഴുതിയെങ്കിൽ
  ഒന്ന് കൂടി കേമമാക്കാമായിരുന്നു ഇക്കഥ..കേട്ടൊ ഭായ്

  ReplyDelete
 5. അബൂതിയില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിച്ചു, അത് കൊണ്ടാവും.... ആശംസകള്‍

  ReplyDelete
 6. സംഭാഷണങ്ങങ്ങളിലെ കൃത്രിമത്വം. വാക്കുകളുടെ അനാവശ്യ ആവർത്തനം (ഉദാ. പതിനാലു വർഷം, പതിനാലു വർഷം) ഇതെല്ലാം ഒഴിവാക്കി ഒന്നൂടെ എഡിറ്റ് ചെയ്യേണ്ടതുണ്ട് എന്ന് തോന്നുന്നു. അവിഹിതം പുതുമ നഷ്ടപ്പെട്ട വിഷയമാണ്. അപ്പോൾ എഴുത്തുന്റെ ആകർഷണീയത കൊണ്ട് അതിനെ മറി കടക്കേണ്ടതുണ്ട്. ഇവിടെ അതുണ്ടായില്ല.

  ReplyDelete
 7. കഥവായിച്ചു......വളിപ്പില്ലാതെ ഒഴുക്കോടെ എഴുതിയിരിക്കുന്നു...എങ്കിലും കഥാപാത്രങ്ങളുടെ മാനസിക വികാരം ഒരു ഘട്ടത്തിലും വായനക്കാരിലേക്ക് സംക്രമിപ്പിക്കാന് കഴിയുന്നില്ല എന്നൊരു പോരായ്മയുണ്ട്. ഒരു പ്രത്യേക സാഹചര്യത്തില് ഭര്ത്താവിന് പറ്റിപ്പോയൊരു തെറ്റ്. അതില് തന്റെ അനിയത്തി കൂടി ഭാഗഭാക്കുമാണ്. ഭര്ത്താവാകട്ടെ ആ തെറ്റില് പശ്ചാത്തപിക്കുന്നുമുണ്ട്. എന്നിട്ടും പതിനാലു വര്ഷമായി ഒരു സ്ത്രീ വെറുപ്പും വിദ്വേഷവും മനസ്സില് സൂക്ഷിക്കുന്നു എന്നു പറയുമ്പോള് എവിടെയോ ഉള്ക്കൊള്ളാന് കഴിയുന്നില്ല. കഥയുടെ അവസാനം അവരുടെ പുനര്സമാഗമമായി എഴുതിയിരുന്നെങ്കില് ഈ കഥയ്ക്ക് സവിശേഷമായ ഒരു വൈകാരിക അനുഭൂതി ലഭിക്കുമായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  ReplyDelete
 8. കാലം ഉണക്കാത്ത മുറിവുകളില്ലെന്നാണ് കേട്ടിട്ടുള്ളത്.!!
  14 വര്‍ഷത്തിനു ശേഷമുള്ള പ്രതികാരത്തില്‍ കഴമ്പില്ലെന്നും തോന്നുന്നു...

  ReplyDelete