Monday, November 3, 2014

ശരശയ്യ......



ശിലയില്‍ ഞാന്‍ വെറുതേയെഴുതിയതാണ്‌.
വൃത്തമോ താളമോ ഇതിനില്ല.
എഴുതുമ്പോള്‍ വിറക്കുന്ന കൈകള്‍,
അക്ഷരത്തിന്റെ സൌന്ദര്യവും കവരുന്നു. 

എന്റെ ഹൃദയമാണിത്‌.
വൈക്കോലു പോല്‍ നുരുമ്പിയതോ, 
പിഞ്ഞിയ ഉടുപ്പു പോലെയോ, 
സുന്ദരമല്ലാതിന്നതു നിനക്കു കാണാം. 

ഈ ജീവിതമൊരു യുദ്ധമാണ്‌. 
ഞാനോ? തോറ്റൊരു യോദ്ധാവാണ്‌. 
എന്നെ തോല്‍പ്പിച്ചതു നീയാണ്‌. 
ജയിച്ചാര്‍ത്തട്ടഹസിക്കുന്നതവനാണ്‌. 

ചത്തു കിടക്കുന്നതെന്‍ മനസ്സാണ്‌. 
ശവം കൊത്തുന്നത്‌ നിരാശകളാണ്‌. 
കൂടെ ആത്മനിന്ദയും വെറുപ്പും. 
മനസ്സിനെ കൊന്നതും നീയാണ്‌. 

എന്റെ സ്വപ്നങ്ങളെ കണ്ടുവോ നീ, 
അവയുടഞ്ഞ വളപ്പൊട്ടുകള്‍ പോലില്ലേ? 
പൊട്ടിയ കണ്ണാടിയിലെന്‍ മുഖം കണ്ടോ? 
തോലും മാംസവുമില്ലാത്ത വികൃതമുഖം? 

കാട്ടുനായ്ക്കളെ കണ്ട മുയലിനെപ്പോല്‍
എന്നുറക്കമേതോ മാളത്തിലൊളിച്ചു. 
രാവിന്റെ ദൃംഷ്ടകളെന്നിലാഴ്ന്നിറങ്ങവേ
നൊന്തുകരയുന്നതാരും കേള്‍ക്കാറുമില്ല. 

നോവിന്റെയീ ശരശയ്യയിലിങ്ങനെ 
കിടക്കാം ഞാനിനി മരണവുമെത്തുവോളം 
ഇരുട്ടിലേക്കിങ്ങനെ തുറന്ന മിഴികളില്‍
ഊര്‍ദ്ധ്വാന്‍ വലിക്കുന്ന ജീവമോഹവുമായി. 

-----------------------------------------------------------------------------------
പ്രിയവായനക്കാരുടെ തുറന്ന അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്........ 

9 comments:

  1. ഹൃദയം നീറി നില്‍ക്കുമ്പോള്‍, വെറുതെ കിട്ടുന്ന ഒരാശ്വാസമാണ്‌ അക്ഷരങ്ങളുമായുള്ള ഈ ഗുസ്തി. നിലവാരമില്ലായിമയില്‍ പ്രിയവായനക്കാര്‍ സദയം ക്ഷമിക്കുക...

    ReplyDelete
  2. ചത്തു കിടക്കുന്നതെന്‍ മനസ്സാണ്‌.
    ശവം കൊത്തുന്നത്‌ നിരാശകളാണ്‌.
    കൂടെ ആത്മനിന്ദയും വെറുപ്പും.
    മനസ്സിനെ കൊന്നതും നീയാണ്‌.

    ReplyDelete
  3. ഉള്ളുരുകി കണ്ണീരായി ഒഴുകിയിറങ്ങുന്ന വരികള്‍ നൊമ്പരമുണര്‍ത്തുന്നു.
    ആശംസകള്‍

    ReplyDelete
  4. വരികളില്‍ കണ്ണീരിന്റെ നനവ്.... :(

    ReplyDelete
  5. ഉള്ളിലുള്ള നിരാശയും ദു:ഖവുമൊക്കെ പ്രതിഫലിപ്പിക്കാന്‍ വരികളിലൂടെ കഴിയുന്നുണ്ട്......എന്നാലും സംഗതി കവിതയിലൊക്കെ കണ്ടുവരുന്ന സ്ഥിരം ക്ലീഷേയാണ്........അബൂതിയെന്ന പ്രതിഭാശാലിയായ എഴുത്തുകാരനില്‍ നിന്ന് ഇതൊന്നുമല്ല ബ്ലോഗ് സമൂഹം പ്രതീക്ഷിക്കുന്നത്......

    ReplyDelete
  6. ഈ നോവൊക്കെ പെട്ടെന്ന് കഴിഞ്ഞുപോകും! പിന്നെ പുത്തുണര്‍വിന്റെ ഒരു കാലം!!

    ReplyDelete
  7. ആദ്യത്തെ ഭാഗങ്ങളിൽ ഒരു സ്റ്റാർട്ടിംങ് ട്രബിൾ ഉള്ള പോലെ.
    വരികൾ കൊള്ളാം. കൊള്ളേണ്ടിടത്തൊക്കെ കൊള്ളുമായിരിക്കും ;)
    --
    ആയുഷ്ക്കാലത്തിൽ ശ്രീനിവാസൻറെ കവിതയാണ് തലക്കെട്ട് കണ്ടപ്പൊ ഓർമ്മ വരുന്നത്.
    ഭൂമീ ദേവിക്കിന്നും ശരശയ്യ, ശരശയ്യ, ശരശയ്യാ......!!!

    ReplyDelete
  8. 'എന്‍റെ വഴിയിലെ വെയിലിനും നന്ദി ....നിഴലിനും നന്ദി '(സുഗതകുമാരിയുടെ വരികളോട് കടപ്പാട് ) വേനലും വര്‍ഷവും പോല്‍ സുഖ ദു:ഖ സമ്മിശ്രം ജീവിതം.അതു കൊണ്ടല്ലേ ഇവിടെ ഒരു കവിത പിറന്നത്‌ .

    ReplyDelete
  9. തളര്‍ത്തുന്ന കവിത ....തളരാതെ പിടിച്ചു നില്‍കുന്നതും കവിത , ജീവിത കാമ്പ് കൊണ്ടൊരു കവിത ആശംസകള്‍

    ReplyDelete