Sunday, November 16, 2014

അഗ്നിനക്ഷത്രങ്ങള്‍...


വിശാല വിജനവീഥിയിലവളുടെ നിണമണിഞ്ഞ കാല്‍പാദങ്ങളിടറുന്നു. കണ്ണീരുണങ്ങിയ കവിളുകൾ. ജീവനറ്റ മിഴിയിൽ ദൈന്യവും. ചുട്ടെടുക്കാനെന്ന വാശിയിലവളെ നക്കിത്തുടക്കുന്ന സൂര്യകിരണങ്ങള്‍. ഒരുമാത്ര അവളൊന്നാടി നിന്നു. പിന്നെ മുഖം കുത്തി വീണു. 

 

ഒരുള്‍ക്കിടിലത്തോടെ ഈ രാപാതിയിലും ഞാന്‍ ഞെട്ടിയുണര്‍ന്നിരിക്കുന്നു. നിമിഷ നേരത്തെ അന്ധാളിപ്പ്‌. പെടുന്നനെ അഗ്നിയില്‍ ചുട്ടെടുത്ത ലോഹമുനകളുമായി ഓര്‍മകളുടെ ഘോഷയാത്ര തുടങ്ങുകയായി. ഇതെല്ലാം പതിവുകളാണ്‌. വെറും പതിവുകള്‍! 

 

കാതുതുള്ളക്കുന്നൊരു ശബ്ദം, ഏതോ ചീവീടാണ്‌. അതൊട്ടും അലോസരപ്പെടുത്തുന്നില്ല. അല്‍പ്പ നേരം കട്ടിലില്‍ തന്നെയിരുന്നു. സീറോ ബള്‍ബിൻറെ ചുവന്ന വെളിച്ചത്തില്‍ മേശപ്പുറത്തെ ഫ്ലാസ്ക്കും കൂജയും കാണാം. ബള്‍ബിന്നടുത്ത്‌ ഇരയെ പാര്‍ത്തിരിക്കുന്ന പല്ലി. വെളിച്ചം ചിലര്‍ക്ക്‌ മരണത്തിലേക്കുള്ള നാട്ടക്കുറിയാകുന്നു. 

 

ഫ്ലാസ്ക്കില്‍ നിന്നും ഗ്ലാസിലേക്ക്  കട്ടന്‍കാപ്പി പകരുന്നതിന്നിടയില്‍ തട്ടുമ്പുറത്തെന്തോ ശബ്ദ കോലാഹലം കേട്ടു. പൂച്ചയോ മരപ്പട്ടിയോ ആവാം. മാറാല പിടിച്ച ഈ വലിയ വീട്ടില്‍ ഞാനൊറ്റയ്ക്കല്ലല്ലോ. 

 

കാപ്പിക്കപ്പും സിഗററ്റുമായി പൂമുഖത്തെത്തി. നിദ്രയുടെ കാലൊച്ച പോലും ഇന്നിനി കേള്‍ക്കില്ല. ചില രാവുകളങ്ങിനെയാണ്‌. സ്വപ്നശൈലങ്ങളുടെ ഉച്ഛിയില്‍ നിന്നും, ഉണര്‍ച്ചയുടെ ശൂലമുനകളിലേക്ക്‌ ഞെട്ടി വീഴും. പിന്നെ ഇരുന്ന് വെളുപ്പിക്കണം. 

 

നിലാമഴയില്‍ കുതിര്‍ന്ന ഭൂമി, രാത്രീഞ്ചരന്‍മാരായ ചില പക്ഷികളുടെ ചിലയ്ക്കല്‍. ചെറുകാറ്റില്‍ ഇലകളനക്കുന്ന മരങ്ങള്‍ തിങ്ങിയ പറമ്പിലേക്കു സൂക്ഷിച്ചു നോക്കി. 

 

പരസ്പരം പുണരുന്ന നിഴലിനും നിലാവിനുമിടയില്‍ നാട്ടുകാര്‍ പറയാറുള്ള പ്രേതങ്ങളുണ്ടോ? 

 

ഇടവഴിയില്‍ വെച്ച്‌ മരക്കാരെ പേടിപ്പിച്ചു കൊന്ന പ്രേതങ്ങള്‍? 

 

പിന്നെയും നാട്ടുകാരില്‍ ചിലര്‍ ഇവിടെ പ്രേതങ്ങളെ കണ്ടിട്ടുണ്ടത്രെ. പക്ഷെ, ഞാനൊരിക്കലും കണ്ടിട്ടില്ല. അവര്‍ പറയും, ഈ പ്രേതഭവനത്തില്‍ കഴിയുന്ന എനിക്കു ഭ്രാന്താണെന്ന്‌. കൊടും ഭ്രാന്ത്‌. കൂമ്പടഞ്ഞ സ്വപ്നങ്ങളും, ആട്ടിയോടിച്ചാലും വിട്ടു പോകാതെ മനസ്സിനെ കടിച്ചു കുടയുന്ന ഓര്‍മകളും മാത്രമുള്ള ഞാനെന്തിനു ഭയക്കണം? അതും സ്വന്തം ഉമ്മയുടേയും അനിയത്തിയുടേയും പ്രേതങ്ങളെ?

 

ചെറുതായി വീശുന്ന കാറ്റില്‍ മുറ്റത്തെ പവിഴമുല്ലയുടെ പരിമളം നിറഞ്ഞു നില്‍ക്കുന്നു. ഫൗസിയക്ക് ഒരുപാടിഷ്ടമായിരുന്നു പവിഴമുല്ല. തണുത്ത വെളുപ്പാന്‍ കാലത്ത്, പൊഴിഞ്ഞു വീണ പവിഴമുല്ലകള്‍ പെറുക്കിയെടുത്തവള്‍ ഉമ്മാക്ക്‌ കൊടുക്കും. തെങ്ങോലയുടെ നാരില്‍ ഉമ്മയതു കോര്‍ക്കും. 

 

ഓര്‍മകളിലതും കഴുത്തിലിട്ടീ മുറ്റത്തു കൂടി ഇന്നുമവള്‍ ഓടിക്കളിക്കുന്നു. ഒരു  കിലുക്കാം പെട്ടി പോലെ. സുഖമെന്ന്‌ തോന്നുന്ന ഓര്‍മകള്‍ക്കു പോലും കരളില്‍ കുത്തുന്ന മുള്ളുകളുണ്ടെന്നു മാത്രം. അതെൻറെ വിധി. എൻറെ മാത്രം ദുര്‍വിധി!

 

പൂത്താങ്കീരികളുടെ ചിലക്കലിനു ചെവിയോര്‍ക്കാതെ, കിണറ്റില്‍ നിന്നും വെള്ളം കോരി, തൊട്ടിയില്‍ നിന്നും നേരെ തലയിലേക്കൊഴിച്ച്‌ കുളിക്കുകയാണ്‌ ഞാന്‍. അതാണ്‌ ശീലം. ഇന്നൊരു രജിഷ്ട്രേഷനുണ്ട്‌. ഉപ്പയുണ്ടാക്കിയതൊക്കെ വിറ്റുമുടിക്കുന്നുവെന്ന് ബന്ധുക്കള്‍ക്കു പരാതിയുണ്ട്. വെറുപ്പാണെനിക്കവരോട്.  എൻറെ ജീവിതം തച്ചുടച്ചതും, ഈ വിശാലഭൂമിയിലെന്നെ തനിച്ചാക്കിയതും മറ്റാരുമല്ലല്ലോ? 

 

അല്ലെങ്കിലും ഈ സ്വത്തൊക്കെ ഇനിയാര്‍ക്ക്‌? ജീവിതം കരിന്തിരി കത്തുന്ന എനിക്കോ? 

 

ഞാനും ഈ വീടും ഇന്നെല്ലാവര്‍ക്കും ഒരു ദുശ്ശകുനമാണ്‌. അവര്‍ക്കീ വീടിടുച്ചു നിരത്തണമത്രെ. ഇവിടെ പ്രേതങ്ങളുണ്ടത്രെ. പ്രേതങ്ങൾ!

 

എനിക്കോ? ജീവനും ജീവിതവും ഈ വീടാണ്‌. ഉമ്മയുടേയും ഫൗസിയയുടേയും ശ്വാസം തിങ്ങി നില്‍ക്കുന്ന വീട്‌. ചെവിയോര്‍ത്താലെനിക്കിപ്പോഴും കേള്‍ക്കാം. വീടിൻറെ ഏതോ ഒഴിഞ്ഞ മൂലയില്‍ നിന്നും ഉപ്പാൻറെ അമര്‍ത്തിപ്പിടിച്ച തേങ്ങല്‍. അതെ. ഇതെല്ലാം ഭ്രാന്തുകളാണ്‌. എന്നാലും, ഈ ഭ്രാന്തുകളെ ഞാനിഷ്ടപ്പെടുന്നു. വല്ലാതെ ഇഷ്ടപ്പെടുന്നു. 

 

കുളിച്ചു തോര്‍ത്തിക്കൊണ്ടിരിക്കുമ്പോഴാണ്‌ കണ്ടത്‌, കലായി കടന്നു വരുന്ന രഘുനന്ദനെ. മുഷിഞ്ഞ വേഷം. പാറിപ്പക്കുന്ന തലമുടിയും താടിരോമങ്ങളും. ആ തോള്‍സഞ്ചിയില്‍ പോലും എമ്പാടും അഴുക്കായിരുന്നു. കറവീണ പല്ലുകള്‍ കാട്ടിയവന്‍ പുഞ്ചിരിച്ചു. തോള്‍സഞ്ചി പൂമുഖത്തെ അരമതിലില്‍ വച്ച്‌ നേരെ കിണറ്റുകരയിലേക്കു നടക്കുമ്പോള്‍ തിരിഞ്ഞു നോക്കാതെ പറഞ്ഞു. 

 

“ഒന്നു കുളിച്ചുറങ്ങണം. ഇത്തവണ… ഭ്രാന്തു പിടിച്ച യാത്രയായിരുന്നു. നീയെങ്ങോട്ടാച്ചാ പോയിട്ടു വാ. ഞാനിവിടുണ്ടാകും.” 

 

ഞാന്‍ വിളിച്ചു ചോദിച്ചു. "നീയെന്തെങ്കിലും തിന്നോ?"

 

കിണറ്റിലേക്കു തൊട്ടിയിടുന്ന ശബ്ദത്തിൻറെ കൂടെ അവൻറെ മറുപടി കേട്ടു.

 

“ജീവന്‍ നിലനിര്‍ത്താനുള്ള അരവയര്‍ തീറ്റയൊഴിച്ച്‌… ബാക്കിയെല്ലാം പാഷാണമാണെടോ. പാഷാണം. ഭക്ഷണത്തെ ഞാനിപ്പോള്‍ കീഴടക്കിക്കഴിഞ്ഞു.” 

 

അപ്പോള്‍ അകത്തു നിന്നും മൊബൈലിൻറെ ചിലക്കല്‍ കേട്ടു. ബ്രോക്കറാവും. രജിഷ്ട്രേഷൻറെ കാര്യം ഓര്‍മിപ്പിക്കാന്‍ വിളിക്കുന്നതാവും. 

 

സഞ്ചാരിയാണ്‌ രഘുനന്ദന്‍. എൻറെ ബാല്യകാലം മുതലേയുള്ള സുഹൃത്ത്‌. ചെറുപ്പത്തിൻറെയേതോ ഘട്ടത്തില്‍ സന്യാസത്തിനോടൊരിഷ്ടം തോന്നി. അമ്പലങ്ങള്‍ തോറും അലഞ്ഞു നടക്കുന്ന ഒരു മോക്ഷാന്വേഷി! 

 

ഉറ്റവരെ കാണാന്‍ വല്ലപ്പോഴും നാട്ടില്‍ വരും. ആദ്യം വരിക ഇവിടെയാണ്‌. കിടത്തവും ഇവിടെ തന്നെ. അതെന്താണു ചോദിച്ചാല്‍ അവൻറെ ഉത്തരം "ഭൂമിയില്‍ നീ തനിച്ചല്ലെന്ന്‌… എനിക്കെന്നെയെങ്കിലും വിശ്വസിപ്പിക്കണ്ടേ?" എന്ന മറുചോദ്യമാണ്. അവന്‍ കുളിച്ചു വന്നപ്പോഴേക്കും ചായയിട്ടു വച്ചിരുന്നു. ആവിയൂതി ചായ കുടിക്കുന്നതിന്നിടയിലവന്‍ ചോദിച്ചു. 

 

“നാട്ടുകാരുടെ പ്രേതഭയമൊക്കെ കുറഞ്ഞോ?” 

 

"ലേശം കൂടിയിട്ടേയുള്ളൂ." ഞാന്‍ നിസംഗതയോടെ പറഞ്ഞു. 

 

"ഊം... ദൈവത്തെ പേടിക്കാത്തവൻ മറ്റെല്ലാത്തിനേയും പേടിക്കും..." അവന്നൊരാത്മഗതം പോലെ പറഞ്ഞു.

 

ചുമരളമാറിയില്‍ നിന്നും അവനൊരു പാനാസോണിക്കിൻറെ ടേപ്‌ റിക്കോഡറെടുത്തു. വല്ലപ്പോഴും അവന്‍ വരുമ്പോഴേ അതെടുക്കാറുള്ളൂ. ഉമ്മയുടെ പ്രിയപ്പെട്ട സെറ്റാണത്. അത്‌ കാണുമ്പോഴെല്ലാം എൻറെ  നെഞ്ചിലൊരു പിടച്ചിലാണ്‌. അതിലെ പൊടി തട്ടിക്കൊണ്ടവന്‍ പറഞ്ഞു. 

 

“എത്ര പാട്ടുകളറിയാമായിരുന്നു ഉമ്മാക്ക്‌. ഇപ്പോഴും ഈ വീടിൻറെ അകത്താ പാട്ടു കേള്‍ക്കാം.” 

 

ഞാനവൻറെ മുഖത്തേക്കു നോക്കി. സത്യത്തിലെൻറെ ഓര്‍മകളെ ചുരമാന്തുകയാണുകവന്‍. ഹൃദയഭിത്തികളില്‍ മുറിവേല്‍ക്കുന്നതും രക്‌തം കിനിയുന്നതും ആ പാവമറിയുന്നില്ല. ഒരു പഴയ ഗസല്‍ കേട്ട്‌ അവന്‍ മെല്ലെ കിടക്കയിലേക്ക്‌ മലര്‍ന്നു. കണ്ണുകളടച്ചു കിടക്കുന്ന അവനിനിയൊന്നും സംസാരിക്കില്ല. ഞാന്‍ വേഗം വസ്‌ത്രം മാറി വാതില്‍ ചാരി കാലുകള്‍ വലിച്ചു വച്ച്‌ നടന്നു. ആ നടത്തം നിന്നത്‌ വായനശാലയിലാണ്‌. പതിവു പോലെ ഓരോ മലയാളം പത്രത്തിന്റേയും ചരമ കോളം അരിച്ചു പൊറുക്കി നോക്കി. ഉപ്പയുടെ പേരുള്ള ആരെങ്കിലും മരിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ അടയാളം കൊണ്ടെനിക്കു തിരിച്ചറിയാവുന്ന ഒരജ്ഞാത മൃതദേഹത്തിൻറെ വിവരമുണ്ടോ? ഇല്ല, ഇന്നുമൊന്നും കണ്ടില്ല. ഞാനെഴുനേറ്റു. ഇനി നേരെ രജിസ്ട്രാര്‍ ഓഫീസിലേക്ക്‌. അവിടെ എന്നെയും കാത്ത്‌ വസ്ഥു വാങ്ങാന്‍ വന്നവരുണ്ടാകും. 

 

രാത്രി മുറ്റത്തു പായയില്‍ മലര്‍ന്നു കിടക്കുകയാണു ഞങ്ങള്‍. പവിഴമുല്ലയുടെ ഗന്ധമാണ് അന്തരീക്ഷത്തിലെങ്ങും. യാത്രയിലെ ഓരോ അനുഭവങ്ങല്‍ പറയുകയാണ്‌ അവന്‍. അവനങ്ങിനെയാണ്‌. യാത്രയിലവനെ ഏറ്റവും കൂടുതല്‍ വേട്ടയാടിയ ഒരു കഥ എന്നോടു പറയും. ഇത്തവണ പറഞ്ഞത്‌ ഒരു മകളുടെ കഥയായിരുന്നു. 

 

അച്ഛൻറെ പാപം ഗര്‍ഭപാത്രത്തില്‍ നിന്നും നീക്കം ചെയ്യാന്‍ അബോര്‍ഷന്‍ ടേബിളില്‍ കിടക്കേണ്ടി വന്നവളുടെ കഥ. വാര്‍ത്ത തേടി വന്നവര്‍ മാംസഭോജികളായിരുന്നു. അവര്‍ക്ക്‌ മറ്റൊരിരയെ കിട്ടിയപ്പോള്‍ സമൂഹത്തിൻറെ മുന്‍പില്‍ അവള്‍ മാത്രം ബാക്കിയായി. 

 

ജന്‍മനക്ഷത്രത്തിൻറെ പാപദോഷം മാറാന്‍ പരിഹാസത്തിൻറെ കൂരമ്പുകള്‍ നിറച്ച ഭാണ്‍ഡവും പേറി ഇന്നമ്പലങ്ങള്‍ തോറും അവളലയുന്നു. എല്ലാം അവളുടെ തെറ്റായിരുന്നത്രെ. 

 

മദ്യലഹരിയില്‍ കാമത്തോടേ തൻറെ മുഖത്തിനു നേരെ താഴ്ന്നു വരുന്ന അച്ഛൻറെ മുഖം കണ്ടപ്പോള്‍ അവള്‍ ഞെട്ടി വിറച്ചു പോയി. ശബ്ദം നഷ്ടപ്പെട്ടു പോയി. നിലവിളിക്കാനോ അച്ഛൻറെ മുഖത്തടിക്കാനോ അവള്‍ മറന്നു പോയി. 

 

അതെല്ലാം അവളുടെ തെറ്റുകളായിരുന്നു. അവളുടെ തെറ്റുകൾ!

ആഗ്രഹിക്കുമ്പോള്‍ ഭൂമി പിളര്‍ന്നു മണ്ണിലേയ്ക്കു താന്നു പോകാന്‍ അവള്‍ സീതയായിരുന്നില്ലല്ലോ

 

ഞാനെല്ലാം കേട്ടു കൊണ്ട്‌ വെറുതെ കിടന്നു. ആകാശത്തെ നക്ഷത്രങ്ങളെ ചൂണ്ടിക്കാട്ടി അവന്‍ പറഞ്ഞു. 

 

“നോക്കൂ… മനുഷ്യൻറെ ദുഃഖങ്ങള്‍ നക്ഷത്രങ്ങള്‍ പോലെയാണ്‌. വേറെ വേറെ. എന്നാലോ... എല്ലാം നക്ഷത്രങ്ങൾ. മനുഷ്യദുഃഖത്തിലും കഥകള്‍ക്കു മാത്രമേ വിത്യസ്‌തമുള്ളൂ. വെറും കഥകള്‍ക്കു മാത്രം! ഓരോ കഥയും ഓരോ അഗ്നിനക്ഷത്രമാണ്. ഹൃദയത്തെ ഉരുക്കുന്ന അഗ്നിനക്ഷത്രം.”

  

രണ്ടാഴ്ച കഴിഞ്ഞു. അവനിന്നു പോവുകയാണ്. ഉദിച്ചുയരുന്ന സൂര്യകിരണങ്ങളെ സാക്ഷി നിര്‍ത്തി വിതുമ്പുന്ന കണ്ണുകളോടെ അമ്മയും അച്ഛനും അവനെ യാത്രയാക്കി. പെങ്ങളും ചേട്ടനും ശോഭമൂകരായി നില്‍ക്കേ എല്ലാവരോടും യാത്രപറഞ്ഞവനവസാനം എൻറെ അടുത്തു വന്നു. എന്നെ സ്വന്തം മാറോടു ചേര്‍ത്തു. ഒരു ദീര്‍ഘ നിശ്വാസത്തിൻറെ പിന്നാലെ അവൻറെ വാക്കുകള്‍ പതറി. 

 

“നിറയെ തെളിച്ചു വച്ച വിളക്കുകളുടെ പ്രകാശത്തില്‍… നിൻറെ വീട്‌ നിറഞ്ഞു നില്‍ക്കുന്നതായിരുന്നു ഇന്നെൻറെ പുലര്‍ക്കാല സ്വപ്നം. അടുത്ത പ്രാവിശ്യം ഞാനിങ്ങോട്ടു വരുമ്പോള്‍ എന്നെ സ്വീകരിക്കാന്‍ നീ മാത്രമായിരിക്കില്ലെന്നെൻറെ മനസ്സ്‌ പറയുന്നു. യോഗിയല്ല ഞാന്‍. ഇതൊരു പ്രവചനവുമല്ല. എൻറെ ആഗ്രഹവും പ്രാര്‍ത്ഥനയും മാത്രം.”

 

മറുപടിക്കു കാത്തു നില്‍ക്കാതെ അവന്‍ നടന്നകലുമ്പോള്‍  അറിയാതെ ഒഴുകുന്ന മിഴികള്‍ തുടക്കാന്‍ മറന്നു ഞാന്‍ നോക്കി നിന്നു. കഴിഞ്ഞ രണ്ടാഴ്ച വീട്ടിലെനിക്കു സംസാരിക്കാന്‍ കൂടെ അവനുണ്ടായിരുന്നു. ഇനി കുറച്ചു കാലം ഞാന്‍ തനിച്ചു തന്നെ. മെല്ലെ ഇടവഴിയിലേക്കിറങ്ങി.

 

എന്താണവന്‍ പറഞ്ഞതിൻറെ അര്‍ത്ഥം? എൻറെ വിവാഹമോ? ഭ്രാന്തനെന്നു നാട്ടുകാരില്‍ വലിയൊരു വിഭാഗവും വിശ്വസിക്കുന്നവനു പെണ്ണു കിട്ടില്ലെന്നാണ്‌ മുന്‍ക്കാല അനുഭവങ്ങളുടെ സാക്ഷ്യം! 

 

പോരാത്തതിന്‌ പ്രേതബാധയുള്ള വീടും! 

 

തേടിമടുത്തപ്പോള്‍ ഊതിക്കെടിത്തിയ മോഹവിളക്കാണത്‌. 

 

ഒരു കൂട്ട്‌.  വല്ലാതെ കൊതിച്ചിട്ടുണ്ട്. സ്വപ്നങ്ങളില്ലാത്ത ഇരുണ്ട ഈ ജീവിതത്തിലേക്ക്‌ ഇനിയാരു വരാനാണ്‌? മരണം മാത്രമണ്‌ ഉറപ്പുള്ള അതിഥി! 

 

നമ്മുടെ സകല ദുഃഖങ്ങളും, സ്വയമേറ്റെടുക്കുന്ന മരണം മാത്രം!

 

ചെറുകാറ്റില്‍ പറന്നു വന്ന ഒരപ്പൂപന്‍ താടി എന്റെ മുഖത്തു തട്ടി. പിന്നെ പറന്നു പോയി ഇടവഴിയോരത്തെ വേലിപ്പടര്‍പ്പില്‍ കുരുങ്ങിക്കിടന്നു. അപ്പൂപ്പന്‍ താടികള്‍ക്കു പിന്നാലെ ഓടിച്ചെന്ന്‌ അതു പിടിച്ച്‌ മുകളിലേക്കൂതി വിടുമ്പോള്‍ ഫൗസിയ പറയും. അതു സ്വര്‍ഗത്തിലേക്കു പോവുകയാണെന്ന്. എൻറെ പിന്നില്‍ നിന്നും മാറാതെ നടന്ന കുഞ്ഞനിയത്തി. 

 

ഒരു ബലി പെരുന്നാളിന്‌ എൻറെ കൂടെ കുളിച്ച്‌ പൌഡറിട്ട്‌ കണ്ണെഴുതി അങ്ങാടിയിലേക്കു വന്നതാണവള്‍. ഉപ്പ കൊടുത്ത പെരുന്നാള്‍ പൈസയ്ക്കൊരു കുരങ്ങു ബലൂണ്‍ വാങ്ങാന്‍. പിന്നില്‍ നിന്നും ഉമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു, "കുട്ടിയെ നോക്കണേ" എന്ന്‌. 

 

എന്നിട്ടും ബലൂണ്‍ കച്ചവടക്കാരൻറെ അടുത്തു വച്ചളെ കാണാതായി. പതിനാലു വയസ്സുള്ള ഞാന്‍ അങ്ങാടി മുഴുവന്‍ കരഞ്ഞു വിളിച്ചു നടന്നു. അന്ന്‌, ആ ജനമഹാമധ്യത്തില്‍ വച്ചാണ്‌, എൻറെ ജീവിതത്തിൻറെ പ്രകാശം കെട്ടു പോയത്‌!

 

രണ്ടുദിവസം കഴിഞ്ഞപ്പോല്‍ ചൗടിക്കുളത്തില്‍ നിന്നും ഫൗസിയയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കരയിലേക്കെടുക്കുമ്പോള്‍ ഉടലും തലയും വേര്‍പ്പെട്ടിരുന്നു.

 

ഒരു നിധി സ്വന്തമാക്കാന്‍ അടുത്ത ബന്ധുവായൊരു കിരാതസ്‌ത്രീയും, ഭര്‍ത്താവും, സിദ്ധനും കൂടിയൊരുക്കിയ ഒരു നരബലി. 

 

ബലൂണ്‍ കച്ചവടക്കാരൻറെ അടുത്തു നിന്നും തൻറെ തോളില്‍ പിടിച്ച ബന്ധു സ്‌ത്രീയോടൊപ്പം ചിരിച്ചു കൊണ്ടവള്‍ പോയത്‌ അവളുടെ മരണത്തിലേക്കായിരുന്നു.

 

പിന്നീടൊരിക്കലും ഉമ്മയോ ഉപ്പയോ ചിരിച്ചു കണ്ടിട്ടില്ല. ഉമ്മയുടെ മനസ്സിൻറെ താളം, അവളെ കാണാതായി എന്ന വാര്‍ത്ത കേട്ടോപ്പോഴേ തെറ്റിയിരുന്നു. പിന്നെ മഞ്ഞും മഴയുമറിയാതെ, ഉണ്ണാണുമുടുക്കാനുമറിയാതെ പൂമുഖത്തെ അരമതിലില്‍ ഉമ്മയിരിക്കും. കല്‍പ്രതിമ പോലെ. ഇമവെട്ടാത്ത മിഴികള്‍ ഇടവഴിയിലേക്കു പാകിവച്ച്‌.

 

 "മോളെന്താ വരാത്തേ" എന്നൊരു ചോദ്യം മാത്രമൊരു മന്ത്രം പോലെ അവരില്‍ നിന്നുയരും. വീടിൻറെ ഇരുണ്ട മൂലകളില്‍ ഒറ്റയ്ക്കിരുന്ന് കരയുന്ന ഉപ്പയും, കാണുന്നിടത്തു വച്ചെല്ലാം കുറ്റപ്പെടുത്തന്ന നാട്ടുകാരും. ഞാന്‍ തളര്‍ച്ചയില്‍ നിന്നും തളര്‍ച്ചയിലേക്കള്ള പെരുമ്പാച്ചിലിലായിരുന്നു. 

 

രാത്രിയില്‍ ചിലപ്പോള്‍ ഉമ്മ ഞെട്ടിപ്പിടഞ്ഞെഴുനേല്‍ക്കും. ൻറെ കുട്ടി വരുന്നുണ്ടെന്ന്‌ പറഞ്ഞ്‌ ഓടിച്ചെന്നു വാതില്‍ തുറക്കും. പിന്നെ ഇരുട്ടിലേക്ക് നോക്കിയിരിക്കും. ബലമായി പിടിച്ചെഴുനേല്‍പ്പിക്കാതെ ഉമ്മ പൂമുഖത്തു നിന്നെഴുനേല്‍ക്കാറേ ഇല്ലായിരുന്നു.

 

വര്‍ഷങ്ങള്‍ ആറു കടന്നു പോയി. മഴയും മഞ്ഞുമൊക്കെ മാറി മാറി വന്നെങ്കിലും എൻറെ വീട്ടിലെ അവസ്ഥ മാത്രം മാറിയില്ല. ഉപ്പയോ ഞാനോ വല്ലതും വേവിച്ചു വെക്കും. വാരിക്കൊടുത്താലുമ്മ തിന്നും. ഒരുദിവസം രാത്രി ഏറെ ചെന്നിട്ടും ഉപ്പ വന്നില്ല. അന്നുമ്മയുടെ കൂടെ ഇടവഴിലേക്കു കണ്ണും നട്ട്‌ ഞാനും രാത്രി വെളുപ്പിച്ചു. 

 

ഉമ്മ ഫൗസിയേയും, ഞാനുപ്പയേയും കാത്തിരുന്നു. പക്ഷെ, ഉപ്പ വന്നില്ല. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഒരു രജിഷ്ട്രേഡ്‌ കവര്‍ കിട്ടി. 

 

"ഞാന്‍ പോകുന്നു. എല്ലാം നിൻറെ പേരില്‍ മാറ്റിയെഴുതിയിട്ടുണ്ട്‌. ഉമ്മയെ നല്ലോണം നോക്കണം. ഇനിയും ഞാനിവിടെ നിന്നാല്‍ ഭ്രാന്തു പിടിച്ച ഞാനും നിനക്കൊരു ഭാരമാവും." 

 

മറ്റൊന്നും ഉപ്പയ്ക്കെന്നോടു പറയാനില്ലായിരുന്നോ? എനിക്കിന്നുമറിയില്ല. 

 

ഉപ്പയെ കുറിച്ച് പിന്നെ ഒരു വിവരവും ഇല്ല. എനിക്കത്‌ വല്ലാത്തൊരു ഷോക്കായിരുന്നെങ്കിലും ഉമ്മയെ ബാധിച്ചതേ ഇല്ല. ഉമ്മ അപ്പോഴും കരയാതെ, ചിരിക്കാതെ ഫൗസിയയെ കാത്താ പൂമുഖത്തിരിക്കുകയായിരുന്നു. നാലു വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ നല്ല മഴയുള്ളൊരു കര്‍ക്കിടക രാത്രിയിലുമ്മ പുറത്തേക്കിറങ്ങിയതു ഞാനറിഞ്ഞില്ല. പുലര്‍ച്ചെ ജീവനറ്റ ഉമ്മയെയാണ്‌ ഞാന്‍ കണ്ടത്‌. ശാപഭാരങ്ങള്‍ ചുമന്നു തളരാന്‍ ഞാന്‍ മാത്രം ബാക്കിയാണ്‌. 

 

എങ്കിലും ഞാന്‍ സ്വപ്നം കാണുന്നു. ഒരേ ഒരു സ്വപ്നം. ഒരിക്കലുപ്പ തിരിച്ചു വരും. ഇത്രയും നാളു വരാതിരുന്നതിന് എന്നോടൊരു ന്യായം പറയും. എൻറെ മനസ്സിനെ തണുപ്പിക്കുന്ന ഒരു ന്യായം. ആ ഒരു സ്വപ്നം മാത്രം കെടാതെ ഞാനെൻറെ നെഞ്ചില്‍ കാത്തു സൂക്ഷിക്കുന്നു. 

 

ഒരു സ്വപ്നമെങ്കിലും വേണമല്ലോ… നമ്മുടെ നെഞ്ചിന്നുള്ളില്‍… നാമകത്തേക്കെടുത്ത ശ്വാസത്തിനു പുറത്തേക്കുള്ള വഴി കാണിച്ചു കൊടുക്കാന്‍! 

 

അഞ്ചാറു ദിവസങ്ങള്‍ കഴിഞ്ഞു പോയി. ഇന്നു ശനി. രാവിലെ പത്രത്തില്‍ കണ്ടൊരു വാര്‍ത്തയാണ്‌ എന്നെ ഇളങ്കൂരിലെത്തിച്ചത്‌. ഒരു മരണ വാര്‍ത്ത. പരേതൻറെ ചിത്രം കണ്ടപ്പോള്‍ മനസ്സൊന്നു പിടഞ്ഞു. പേരും അതു തന്നെ. ബന്ധുമിത്രാദികളൊന്നുമില്ല. അഞ്ചാറു വര്‍ഷങ്ങള്‍ക്കു മുന്‍പവിടെ വന്നൊരു വാടക വീട്ടില്‍ തനിച്ചു താമസമാക്കിത്തുടങ്ങിയതാണത്രെ. ആരോടും അധികം അടുപ്പമൊന്നുമില്ല. മരണപ്പെട്ടപ്പോള്‍ ബന്ധുക്കളാരെങ്കിലുമുണ്ടെങ്കില്‍ തിരിച്ചറിഞ്ഞു വരട്ടെ എന്നു കരുതി നാട്ടുകാര്‍ കൊടുത്തതാണ്‌ വാര്‍ത്ത. അവിടെ എത്തുന്നതു വരെ മനസ്സിലെ അഗ്നിപർവ്വതം ലാവതുപ്പിക്കൊണ്ടിരുന്നു. 

 

പക്ഷെ, ആളെ നേരില്‍ കണ്ടപ്പോള്‍ ആ സംശയം മാറി. ഇതൊരു കുറിയ മനുഷ്യനായിരുന്നു. മാത്രമല്ല, സഹോദരിമാരെന്നും ഭര്‍ത്താക്കന്‍മാരെന്നും പറഞ്ഞ്‌ ചിലര്‍ വന്നിട്ടുണ്ട്‌. 

 

ആയകാലത്ത്‌ സഹോദരിമാര്‍ക്കു വേണ്ടി ജീവിച്ച്‌, പിന്നീടവരാല്‍ നന്ദികേടിൻറെ അസ്‌ത്രങ്ങളേറ്റ് നാടും വീടും വിട്ടൊരു പാവം മനുഷ്യന്‍. 

 

രഘുനന്ദന്‍ പറയുന്ന പോലെ ഓരോരുത്തര്‍ക്കുമുണ്ട്‌ ഒരോ കഥകള്‍. മറ്റുള്ളവര്‍ക്കത് വെറും കഥകള്‍ മാത്രം.  പക്ഷെ, അനുഭവസ്തര്‍ക്ക്, അതഗ്നി കൊണ്ടുള്ള പുതപ്പായിരിക്കും!

 

തിരിച്ചു മടങ്ങവേ കൂമന്‍കുളം എന്ന സ്ഥലത്തെത്തിയപ്പോഴാണത്‌ കണ്ടത്‌. പത്തുപതിനാറു വയസ്സ്‌ പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി. നാടോടിയാണെന്നു തോന്നുന്നു. മുഷിഞ്ഞ വസ്‌ത്രം പിഞ്ഞിത്തുടങ്ങിയിട്ടുണ്ട്‌. അവിടവിടെ കീറിയ വസ്ത്രത്തിൻറെ പുറത്തേക്കെത്തി നോക്കുന്ന നഗ്നത. ജഢകുത്തിയ തലമുടിയും അഴുക്കു പുരണ്ട മുഖവും. ആകെക്കൂടി കണ്ടാലൊരു കാട്ടാളത്തിയെ പോലെ. കണ്ടാൽ പേടിയാവും. 

 

എന്നാല്‍ റോഡരികില്‍ അവളുടെ ചാരെ നില്‍ക്കുന്ന നാലഞ്ച്‌ ചെറുപ്പക്കാരെ കണ്ടപ്പോള്‍, ഉള്ളൊന്നു കാളി. അവരുടെ കണ്ണുകളിലെ വന്യമായ തിളക്കം, ഇരയുടെ നേരെ കരുതലോടെ നീങ്ങുന്ന ഹിംസമൃഗങ്ങളുടെ കണ്ണുകളിലെ തിളക്കത്തെക്കാള്‍ ക്രൗര്യം നിറഞ്ഞതാണ്‌. 

 

ഞാന്‍ ബൈക്ക്‌ തിരിച്ചു അവളുടെ അടുത്തു ചെന്നു. എന്നെ കണ്ടപ്പോള്‍ ചെറുപ്പക്കാരുടെ മുഖത്ത്‌ വല്ലാത്തൊരു ഭാവം. ഇര കൈവിട്ടു പോകുമോ എന്ന ഭീതി. ഞാനവളോട് പേരു ചോദിച്ചു നോക്കി. മലയാളിയല്ല എന്നു മാത്രമല്ല, പാവത്തിൻറെ മനസ്സിൻറെ താളവും തെറ്റിയിരിക്കുന്നു. 

 

മുഖത്തു നോക്കി എന്തൊക്കെയോ പറഞ്ഞു. ഭക്ഷണം വായിലേക്കു കൊണ്ടു പോകുന്ന ആംഗ്യം കാണിച്ചപ്പോള്‍ മനസ്സിലായി, പാവത്തിന്‌ നല്ല പോലെ വിശക്കുന്നുണ്ടെന്ന്‌. 

 

കയ്യും കാലും കണ്ണും മൂക്കുമൊക്കെ ഇല്ലാതെ മനുഷ്യരുണ്ട്‌. പക്ഷെ വായും വയറുമില്ലാതെ ആരുമില്ലല്ലോ? 

 

നോക്കിയാല്‍ കാണുന്ന ദൂരത്തൊരു പലചരക്കു കടയുണ്ട്. അവിടന്ന് അരക്കിലോ നേന്ത്രപ്പഴം വാങ്ങിച്ചു കൊണ്ടു വന്നു. ഒരു ഫ്രൂട്ടി ജ്യൂസും. 

 

ആര്‍ത്തിയോടെ അവള്‍ പഴം തിന്നുന്നത്‌ കണ്ടപ്പോള്‍ എന്തോ ഒരു സുഖം. ഫൗസിയയുടെ മുഖം മനിസ്സിലേക്കോടി വന്നു. നേന്ത്രപ്പഴം പുഴുങ്ങിയത്‌ എത്ര തിന്നാലും അവള്‍ക്ക്‌ മതിയാവില്ലായിരുന്നു. ആ ചെറുപ്പക്കാര്‍ മെല്ലെ പറ്റിക്കൂടി ഞങ്ങളുടെ അടുത്തു വന്നിരിക്കുന്നു. ദുഷിച്ച നോട്ടമാണവര്‍ക്കിപ്പോഴും. എന്നെ ദഹിപ്പിക്കാനുള്ള നോട്ടം. ഒരുത്തന്‍ ചോദിച്ചു. 

 

“നിങ്ങളറിയുമോ ഈ കുട്ടിയെ?”

 

ഇല്ലെന്ന്‌ തലയാട്ടിയപ്പോള്‍ അവരുടെ മുഖത്ത്‌ വീണ്ടും ക്രൗര്യം. ഞാനവളുടെ മുഖത്തേക്കു നോക്കി. ഈ ലോകത്തു നടക്കുന്നതൊന്നും അവളറിയുന്നില്ല. അവള്‍ക്കിപ്പോള്‍ ശ്രദ്ധ മുഴുവന്‍ ആ പഴത്തിലായിരുന്നു. ഭക്ഷിക്കുന്ന രീതി കണ്ടപ്പോള്‍ തൊലി കൂടി തിന്നുമെന്നു തോന്നി. 

 

ഇടക്കവള്‍ തലയുയര്‍ത്തി നോക്കും. ചുണ്ടു പിളരാതെ ഒന്നു പുഞ്ചിരിച്ചു കാണിക്കും. 

 

അതു തന്നെ വശ്യമായിരുന്നു. തൊട്ടപ്പുറത്തെ കൂമന്‍ കുളത്തിലൊന്നു മുക്കിയെടുത്താല്‍ ആളു സുന്ദരിയാവുമെന്നു തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ അസ്വസ്ഥനായി. 

 

എനിക്കു പോകണം. ഇവള്‍ക്ക്‌ കാവലിരിക്കാന്‍ പറ്റുമോ? 

 

ബൈക്കില്‍ കയറിയിരുന്ന്‌ സ്റ്റാര്‍ട്ടാക്കാനുള്ള ശ്രമത്തിന്നിടയില്‍ കണ്ണാടിയിലൂടെ കണ്ടു, ചെറുപ്പക്കാരിലൊരുത്തൻറെ ആഹ്ലാദ പ്രകടനം. ശല്ല്യമൊഴിഞ്ഞെന്ന ചേല്‌. 

 

പെട്ടെന്നാണ്‌ ഓര്‍മ വന്നത്‌. കഴിഞ്ഞ പ്രാവിശ്യം സ്ഥലം വാങ്ങിയത്‌ സ്ഥലം S.I ആണ്‌. നമ്പറുണ്ട്‌ കയ്യില്‍. ഒന്നു വിളിച്ചു പറഞ്ഞാലോ? 

 

അവസരം കിട്ടിയാല്‍ ചെന്നായ്ക്കളായി മാറാന്‍ തയ്യാറുള്ളവരുടെ മുന്നില്‍ അവളെ അങ്ങിനെ ഇരുത്തിയിട്ട്‌ പോകാന്‍ മനസ്സു വരുന്നില്ല. 

 

വിളിച്ചപ്പോള്‍ "അവിടെ നില്‍ക്കൂ ഞങ്ങളിതാ വരുന്നു" എന്നദ്ദേഹം പറഞ്ഞു. 

 

ഒന്നിനു പിറകെ മറ്റൊന്നായി സിഗററ്റുകള്‍ പുകച്ചു കൊണ്ടിരിക്കെ ദേഷ്യം വന്ന മുഖവുമായി ചെറുക്കപ്പാര്‍ അപ്പുറത്തേക്കു മാറി നിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ കൂടി വന്നു. നിങ്ങളാരാണ്‌, എന്തിനാണ്‌ ഇവിടെ നില്‍ക്കുന്നത്‌ എന്നൊക്കെയുള്ള ചോദ്യങ്ങളായി. പോലീസുകാരനാണ്‌ ഈ കുട്ടിയെ കൊണ്ടു പോകാന്‍ വണ്ടി വരുന്നതും കാത്തിരിക്കുകയാണെന്നൊരു കള്ളം പറഞ്ഞു. 

 

പിന്നെ ആരും അവിടെ നിന്നില്ല. അരമണിക്കൂറെങ്കിലും കഴിഞ്ഞാണ്‌ പോലീസുകാര്‍ വന്നത്‌. പോലീസുകാരെ കണ്ടപ്പോള്‍ അവളൊന്നു ഞെട്ടി. പേടിയോടെ എൻറെ കണ്ണില്‍ നോക്കി. വനിതാ പോലീസുകാര്‍ ബലമായി പിടിച്ചു പോലീസ്‌ ജീപ്പിലേക്കു കയറ്റിയപ്പോള്‍ ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലാകാത്ത ഭാഷയില്‍ അവളെന്തൊക്കെയോ വിളിച്ചു പറഞ്ഞു കുതറന്നുണ്ടായിരുന്നു. 

 

വൈകുന്നേരം S.I വിളിച്ചിരുന്നു. അവളെ കുറിച്ചാണു സംസാരിച്ചത്‌. അവളില്‍ നിന്നും ഊരോ പോരോ ഒന്നും അറിയാന്‍ കഴിഞ്ഞില്ല. നോര്‍ത്തിന്ത്യയിലെ ഏതോ കാട്ടുവാസിയാണെന്ന്‌ തോന്നുന്നത്രെ. അവളുടെ ഭാഷ ഏതാണെന്നു മനസ്സിലാക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍. തല്‍ക്കാലം ഒരു അഭയ കേന്ദ്രത്തില്‍ പാര്‍പ്പിക്കാന്‍ വേണ്ട ഏര്‍പ്പാടാക്കിയിട്ടുണ്ട്‌. വനിതാ പോലീസുകാര്‍ ഒന്നു കുളിപ്പിച്ചെടുത്തപ്പോള്‍ ആളൊരു സുന്ദരിയാണ്‌. ഫോണ്‍ വെക്കാന്നേരം അവസാനമായി അദ്ദേഹം പറഞ്ഞു. 

 

“നിങ്ങള്‍ ചെയ്‌തതൊരു വലിയ കാര്യമാണ്‌. നിങ്ങളവളെ അവിടെ ഉപേഷിച്ചു പോന്നിരുന്നെങ്കില്‍ നാളെ അവളുടെ ഡെഡ്‌ ബോഡിക്ക്‌ കാവലിരിക്കേണ്ടി വരുമായിരുന്നു ഞങ്ങള്‍ക്ക്.” 

 

എൻറെ മനസ്സിലൂടെ ഒരു കൊള്ളിമീന്‍ മിന്നി. തലയും ഉടലും വേര്‍പ്പെട്ട ഒരു ബാലികയുടെ മൃതശരീരം ചൗടിക്കുള്ളത്തിൻറെ കരയില്‍ കിടന്ന രംഗം മനസ്സില്‍ പിന്നെയും ചുരമാന്താന്‍ തുടങ്ങി. 

 

ഒരു നെടുവീര്‍പ്പിനെ നെഞ്ചില്‍ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു ഞാനപ്പോള്‍! 

 

നാലാം ദിവസം S.I വീണ്ടും വിളിച്ചു. അവളെ കൊണ്ടു പോകാന്‍ നാളെ ബന്ധുക്കാള്‍ വരുന്നുണ്ടത്രെ. ഒരു കൗതുകത്തിനു വേണ്ടി വെറുതെ ചെന്നതാണ്‌. 

 

മകളെ ഉടുമ്പിനെ പോലെ കെട്ടിപ്പിടിച്ച്‌ വിതുമ്പിക്കരയുന്ന ആ അമ്മയെ കണ്ടപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരം നെഞ്ചില്‍ കൂടു കൂട്ടി. അച്ഛനെന്നു തോന്നുന്ന ഒരാള്‍ S.I-യുടെ മുന്‍പില്‍ കൈകൂപി കണ്ണീരോടെ എന്തൊക്കെയോ പറയുന്നു. 

 

അവള്‍ക്കുമുണ്ടായിരുന്നു ഒരു കഥ. പ്രായത്തിൻറെ ചാപല്യത്തിൽ, മുന്നും പിന്നും നോക്കാതെ കാമുകൻറെ കൂടെ ഒളിച്ചോടിയതാണ്‌. പണവും സ്വര്‍ണവും കൈക്കലാക്കി അവനവളെ പാതിവഴിയിലുപേഷിച്ചു. 

 

ചില നാടോടികളുടെ കൂടെ, രണ്ടു മാസമായി അലഞ്ഞു തിരിഞ്ഞു നടക്കുന്നു. എങ്ങിനെയോ കൂട്ടം തെറ്റി. ഞങ്ങളുടെ കയ്യില്‍ കിട്ടുമ്പോള്‍ മനസ്സ്‌ പാടെ നഷ്ടപ്പെട്ടിരുന്ന അവള്‍ക്കിപ്പോഴതിൻറെ, പാതിയെങ്കിലും തിരിച്ചു കിട്ടിയിട്ടുണ്ട്‌. 

 

പോലീസ്‌ സ്റ്റേഷനിലെ പ്രോസീജ്യറൊക്കെ കഴിഞ്ഞു. കാറിലേക്കു കയറാന്‍ തുടങ്ങുമ്പോഴവള്‍ ഒന്നു തിരിഞ്ഞു നോക്കി. പിന്നെ ഓടിപ്പിടഞ്ഞെൻറെ അടുത്തു വന്നു. ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

 

കൈകൂപ്പിക്കൊണ്ട് അവളെന്തൊക്കെയോ പറഞ്ഞു. എനിക്കൊന്നും മനസിലായില്ല. ആ കണ്ണീരിലും അവള്‍ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. 

 

അറിയാതെ, മനസ്സറിയാതെ എൻറെ ചുണ്ടിലും ഒരു പുഞ്ചിരി വിടര്‍ന്നു. പതുക്കെ പതുക്കെ അതെൻറെ മനസ്സിലേക്കും പടര്‍ന്നു പിടിച്ചു. 

 

തിരിച്ചു മടങ്ങുമ്പോള്‍ മനസ്സ്‌ നിറഞ്ഞു തുളുമ്പിയിരുന്നു. അറിഞ്ഞോ അറിയാതെയോ നാം ചെയ്യുന്ന ഓരോ സല്‍പ്രവര്‍ത്തിയും നമ്മുടെ മനസ്സിനെ ശാന്തമാക്കുമെന്ന്‌ ഞാന്‍ തിരിച്ചറിയുകയായിരുന്നു. നമ്മുടെ ദുഃഖങ്ങളെ അത്‌ കുറയ്ക്കും. 

 

അങ്ങാടിയിലെ പീടികയില്‍ നിന്നും സിഗററ്റ്‌ വാങ്ങിക്കുമ്പോഴാണ്‌ അസര്‍ ബാങ്ക്‌ കേട്ടത്‌. ഒരുപാടു കാലങ്ങള്‍ക്കു ശേഷം അന്നാദ്യമായി ഞാന്‍ ബാങ്ക്‌ വിളി ശ്രദ്ധിച്ചു. അറിയാതെ പള്ളിയിലേക്കു കേറി. എത്രയോ കാലമായി ഞാനെൻറെ രക്ഷിതാവിൻറെ മുമ്പിലൊന്നു ശിരസ്സു നമിച്ചിട്ട്‌. 

 

ഈ മസ്ജിദിൻറെ അകത്ത്‌, ഇപ്പോള്‍ ഞാനനുഭവിക്കുന്ന മാനസിക ശാന്തിയും സുഖവും എന്നെ കുറ്റപ്പെടുത്തി. എന്തെ നീയിത്രയും കാലവും വന്നില്ലെന്ന്‌ മസ്ജിദിൻറെ ചുമരുകളെന്നോടു ചോദിക്കുന്ന പോലെ. 

 

ഉറങ്ങുന്ന കുഞ്ഞിനെ പോലെ ശാന്തമായ മനസ്സുമായി മസ്ജിദില്‍ നിന്നും ഞാനിറങ്ങി വരുമ്പോള്‍ കൗതുകത്തോടെ നാട്ടുകാര്‍ എന്നെ നോക്കുന്നത്‌ കണ്ടില്ലെന്നു നടിച്ചു. കണ്ണുകള്‍ തമ്മില്‍ കൂട്ടിമുട്ടിയവര്‍ക്കൊക്കെ ഞാനെൻറെ ചുണ്ടിലെ പുഞ്ചിരി സമ്മാനിച്ചു. 

 

ഇന്നിപ്പോള്‍ നിറഞ്ഞ മനസ്സാണെന്റേത്‌. ഭാരങ്ങളില്ലാത്ത മനസ്സ്‌. ഒരുപാടു വൈകിയെത്തിയ ഈ ശാന്തി മനസ്സിൻറെ ഉമ്മറത്തൊരു വിളക്കു വച്ചിരിക്കുന്നു. മനസ്സിലിപ്പോള്‍ നിലാവുണ്ട്‌. നല്ല തെളിഞ്ഞ നിലാവ്‌! 

 

സന്ധ്യാ സമയത്ത്‌ ഇടവഴിയില്‍ നിന്നും കലായി കടന്ന്‌ വീടിൻറെ മുറ്റത്തേക്കിറങ്ങിയപ്പോള്‍ ഞാനതു കണ്ടു ഞെട്ടി. 

 

വീടിൻറെ മുറ്റത്ത്‌ പവിഴമുല്ലയുടെ ചോട്ടിലിരുന്ന്‌, വാടിയ പൂവുകള്‍ പെറുക്കിയെടുക്കുന്ന ഒരു കൊച്ചു പെണ്‍ക്കുട്ടി. 

 

കാലടി ശബ്ദം കേട്ടപ്പോള്‍ അവള്‍ തിരിഞ്ഞു നോക്കി. അത്ഭുതം കൊണ്ടോ പരിഭ്രമം കൊണ്ടോ, എന്നില്‍ നിന്നും വല്ലാത്തൊരു ശബ്ദം നിര്‍ഗളിച്ചു. ഞാന്‍ ഞെട്ടി ഒരടി പിന്നോട്ടു മാറി. 

 

കാരണം അവള്‍ക്ക് ഫൗസിയയുടെ മുഖമായിരുന്നു. 

 

എന്നെ നോക്കി അവളൊന്നു പുഞ്ചിരിച്ചു. പക്ഷെ എൻറെ ഭാവം കണ്ടപ്പോള്‍ ഭയന്നെന്നു തോന്നുന്നു. കയ്യിലെ പൂക്കള്‍ വലിച്ചെറിഞ്ഞവള്‍ കിണറിൻറെ ഭാഗത്തേക്കോടി. 

 

പടച്ചോനേ, ഇതെന്തു കഥ? എനിക്കൊരെത്തും പിടിയും കിട്ടിയില്ല. 

 

പെട്ടെന്ന്‌ പൂമുഖത്തേക്കുള്ള വാതില്‍ ഞരങ്ങിക്കൊണ്ടു തുറന്നു. അവിടെ സൂര്യോദയം പോലെ പ്രകാശപൂരിതമായ പുഞ്ചിരിയുമായി രഘുനന്ദന്‍. 

 

അന്തിച്ചു നില്‍ക്കുന്ന എന്നോട്‌, നീ ഫൗസിയയെ കണ്ടോ എന്നവന്‍ വിളിച്ചു ചോദിച്ചു. 

 

എനിക്കൊന്നും മനസ്സിലാകുന്നില്ല. എൻറെ ബുദ്ധിക്കു വല്ല പ്രശ്നവുമുണ്ടായോ? ഇതെല്ലാം ഒരു തരം മതിഭ്രമത്തിൻറെ മായക്കാഴ്ച്ചകളാണോ? 

 

“ഞെട്ടണ്ട.. നീ കണ്ടതു സത്യമാണ്‌. അവള്‍ നിൻറെ പെങ്ങളാണ്‌. ഫൗസിയ!”

 

അവന്‍ വിളിച്ചു പറയുന്നത്‌ വിദൂരത്തു നിന്നെന്ന വണ്ണം കേട്ടു. ഭൂമിയില്‍ കാലുകള്‍ കുഴിച്ചിട്ടവനെ പോലെ ഞാനവിടെ നില്‍ക്കവേ, മുമ്പിലെത്തിയ രഘുനന്ദനെൻറെ തോളില്‍ പിടിച്ചു. കണ്ണുകളുടെ ആഴങ്ങളിലേക്കു നോക്കി സൗമ്യമായ ശബ്ദത്തില്‍ പറഞ്ഞു. 

 

“നോക്കൂ. ഉപ്പയ്ക്കും നിന്നോടൊരു കഥ പറയാനുണ്ടായിരുന്നു. അതു പറയാനദ്ദേഹം ഇന്നില്ല. മൂന്നു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ അദ്ദേഹം പോയി. നിനക്കവള്‍ മാത്രമല്ല. ഒരുമ്മ കൂടിയുണ്ട്‌. മിനിഞ്ഞാനു വൈകുന്നേരം കാടാമ്പുഴയിലൂടെയുള്ള ഒരലസനടത്തത്തിന്നിടയിലാണ്‌ ഞാനിവളെ കണ്ടത്‌. ഒറ്റനോട്ടത്തില്‍ ഫൗസിയയുടെ മുഖം. മറക്കാനാവുമോ നമുക്കവളുടെ മുഖം?” 

 

ഒന്നും പറയാനാവാതെ ഞാനവൻറെ കണ്ണുകളിലേക്കു നോക്കി. മാനസസരസു പോലെ ആ കണ്ണുകളിലൊരു തെളിനീര്‍ തടാകമുണ്ടായിരുന്നു. നിറഞ്ഞു കവിഞ്ഞ എൻറെ കണ്ണുകളില്‍ നിന്നും രണ്ടരുവികള്‍ ജനിച്ചു. മണ്ണു തേടി അശ്രുകണങ്ങള്‍ കവിളിലൂടെ താഴോട്ടോടി. 

 

അടുക്കള മുറ്റത്തു നിന്നുമെത്തി നോക്കിയ അവളെ രഘുനന്ദന്‍ മാടി വിളിച്ചപ്പോള്‍ മടിച്ചു മടിച്ചവള്‍ അടുത്തേക്കു വന്നു. ആ മുഖത്തേക്കു നോക്കിയപ്പോളെനിക്കു നിയന്ത്രണം വിട്ടു പോയി. 

 

ഓടിച്ചെന്നു ഞാനവളെ വാരിപ്പുണര്‍ന്നു. എത്ര നേരം എൻറെ കരവലയിത്തിലവള്‍ ശ്വാസം മുട്ടി മാറോടു ചേര്‍ന്നു എന്നെനിക്കറിയില്ല. അപരിചിതത്വത്തിൻറെ ഒരമ്പരപ്പും പരിഭ്രമവും ആ മിഴികളിലുണ്ടെങ്കിലും അവളെൻറെ മാറിലേക്കു പിന്നെയും പിന്നെയും ഒട്ടിച്ചേരുകയായിരുന്നു. 

 

ചില മര്‍മരങ്ങള്‍ കേട്ടാണ്‌ തിരിഞ്ഞു നോക്കിയത്‌. പൂമുഖത്തു നില്‍ക്കുന്ന നാലഞ്ചാളുകളില്‍ നിന്നും രഘുനന്ദൻറെ മാതാപിതാക്കളെ തിരിച്ചറിഞ്ഞു. നാട്ടുകാരനായ പ്രമാണിയേയും. എനിക്കറിയാത്തൊരു പുരുഷനും സ്‌ത്രീയുമുണ്ട്. 

 

അടയാളം കൊണ്ടിപ്പോള്‍ എനിക്കാ സ്‌ത്രീയെ തിരിച്ചറിയാം. അതെ. അതെൻറെ ഉമ്മയാണ്‌. ഉമ്മ! 

 

എങ്ങിനെ ഈ കണ്ണുനീരു ഞാനടക്കി വെക്കും? ഉപ്പയുടെ മരണവാര്‍ത്ത നല്കുന്ന വേദന ഘനഭാരമായി മിഴികളില്‍ പെയ്യാനൊരുങ്ങി നില്‍ക്കുന്നു. 

 

എങ്ങിനെ ഞാനുറക്കെ ചിരിക്കാതിരിക്കും? അര്‍ത്ഥശൂന്യമായ ഏകാന്തതയുടെ ഈ മരുഭൂമിയില്‍ നിന്നും, ജീവിതാര്‍ത്ഥത്തിൻറെ സുവര്‍ണ്ണ മീനുകള്‍ നീന്തിത്തുടിക്കുന്ന തെളിനീര്‍ തടാകത്തിൻറെ തീരത്തേക്ക് പടച്ചവനെന്നെ പറിച്ചു നട്ടിരിക്കുന്നു. 

 

എനിക്ക് ഒന്നുറക്കെ കരയാന്‍ കഴിഞ്ഞെങ്കില്‍. ഒന്നുറക്കെ ചിരിക്കാനായെങ്കില്‍  . പടച്ചവനെ എനിക്കൊന്നിനുമാവുന്നില്ലല്ലോ. 

 

ഞാനെൻറെ കണ്ണുകള്‍ മെല്ലെ അടച്ചു. അകക്കണ്ണാല്‍ ഞാന്‍ കണ്ടതു രണ്ടു മീസാന്‍ കല്ലുകളായിരുന്നു. വള്ളിപ്പുല്ലുകള്‍ പടര്‍ന്നു പിടിച്ച ചെറുമണ്‍ക്കൂനയ്ക്കിരു വശത്തുമുള്ള രണ്ടു മീസാന്‍ കല്ലുകള്‍. അതൊരു ഖബറാണ്‌. എൻറെ ഉപ്പയുറങ്ങുന്ന ഖബര്‍. 

 

എന്നോടു പറയാനുണ്ടായിരുന്ന ന്യായങ്ങളും കഥകളുമൊക്കെ പറയാതെ പറഞ്ഞുറങ്ങുന്നു എൻറെ ഉപ്പ. 

 

മഗ്‌രിബ്‌ ബാങ്കിൻറെ ഒലികള്‍ നേര്‍ത്തു കേള്‍ക്കാം. 

 

ആകാശത്തിപ്പോള്‍ ചില നക്ഷത്രങ്ങളുണ്ട്‌. ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ടേയിരിക്കുന്ന ചില നക്ഷത്രങ്ങള്‍. 

 

അഗ്നിനക്ഷത്രങ്ങളുടെ അസ്തമയത്തിനു ശേഷമുദിക്കുന്ന അര്‍ത്ഥനക്ഷത്രങ്ങള്‍.  

 

ഇനി അവ പൊലിയാതിരിക്കട്ടെ. ഇനിയീ പവിഴമുല്ലയുടെ അവകാശിയെ, കാലമേ തിരിച്ചു വിളിക്കാതിരിക്കുക. ഈ നെഞ്ചില്‍ നിന്നവളെ പറിച്ചെടുക്കാതിരിക്കുക. മിഴികളടച്ച് ഞാനെൻറെ ഹൃദയത്തിൻറെ മേലേക്ക് അവളെ പിന്നെയും ചേര്‍ത്തു വച്ചു.

 

ശുഭം


നിങ്ങളുടെ മുഖസ്തുതി എന്നെ ഉറക്കുമെങ്കിലും. വിമര്‍ശനങ്ങള്‍ എന്നെ ഉണര്‍ത്തിയേക്കാം.  അത് കൊണ്ട് താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.. 


28 comments:

  1. നോക്കൂ, മനുഷ്യന്റെ ദുഃഖങ്ങള്‍ നക്ഷത്രങ്ങള്‍ പോലെയാണ്‌. വേറെ വേറെ. പക്ഷെ എല്ലാം സമം. മനുഷ്യദുഃഖത്തിലും കഥകള്‍ക്കു മാത്രമേ വിത്യസ്‌തമുള്ളൂ. വെറും കഥകള്‍ക്കു മാത്രം! ഓരോ കഥയും ഓരോ അഗ്നിനക്ഷത്രമാണ്. ഹൃദയത്തെ ഉരുക്കുന്ന അഗ്നിനക്ഷത്രം.

    ReplyDelete
  2. വലിയ പോസ്റ്റ് ആണല്ലോ, വായിച്ചില്ല. പിന്നെ വായിയ്ക്കാം.

    ReplyDelete
  3. തിരിച്ചു മടങ്ങുമ്പോള്‍ എന്റെ മനസ്സ്‌ നിറഞ്ഞു തുളുമ്പിയിരുന്നു. അറിഞ്ഞോ അറിയാതെയോ നാം ചെയ്യുന്ന ഓരോ സല്‍പ്രവര്‍ത്തിയും നമ്മുടെ മനസ്സിനെ ശാന്തമാക്കുമെന്ന്‌ ഞാന്‍ തിരിച്ചറിയുകയായിരുന്നു.

    വായിച്ചു... ഒറ്റ വായനയിൽ ഇഷ്ടപ്പെട്ട കഥ .. ഭാഷാ സൌന്ദര്യം ഭ്രമിപ്പിക്കുന്നു...

    നമോവാകം സുഹൃത്തേ...

    ReplyDelete
  4. സംഭവലോകം ഈദൃശ മുഖങ്ങളാല്‍ മുഖരിതം.കഥ അനുവാചക മനസ്സില്‍ ശോകഛവി പരത്തുന്നു.ശൈലി അഭിനന്ദനീയം !

    ReplyDelete
  5. ഹൃദയസ്പര്‍ശിയായ കഥ
    ആശംസകള്‍

    ReplyDelete
  6. നന്നായിരിക്കുന്നു കഥ.
    ആശംസകൾ...

    ReplyDelete
  7. സിനിമാക്കഥപോലെ ഒരുപാട് ട്വിസ്റ്റുകളുള്ള കഥ...ഇഷ്ടമായി...... വായനക്കാരെ ബോറടിപ്പിക്കാതെ കൊണ്ടുപോകാന്‍ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്..അഭിനന്ദനങ്ങള്‍

    ReplyDelete
  8. വിമര്‍ശിക്കാനൊ...?
    അതും ഇതുപോലുള്ളൊരു ഹൃദയസ്പര്‍ശിയായ ഒരു കഥാ സംഭവത്തെ
    ഇതുപോലുള്ള ഒരു ആവിഷ്കാരത്തിന് അനേകമനേകം സ്തുതികൾ നേർന്നു കൊള്ളുന്നു

    ReplyDelete
  9. Read it at one stretch friend. Brought tears. Good luck

    ReplyDelete
  10. കൂട്ടരെ... ഒരിടവേളയ്ക്കു ശേഷമുള്ള എന്റെ ഒരു രചനയെ വായിച്ചവര്ക്കും അഭിപ്രായം പറഞ്ഞവര്ക്കും നന്ദി..
    വീണ്ടും വരാൻ മറക്കാതിരിക്കുക...

    ReplyDelete
  11. വേദനനകളുടെ ഒരു ഖോഷയാത്ര ആണല്ലോ :(

    ReplyDelete
  12. കഥ ഇഷ്ടായിട്ടോ....

    ReplyDelete
  13. ആദ്യാവസാനം ഉദ്വേഗം നിലനിർത്തി ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാൻ പ്രേരിപ്പിക്കുന്ന ശൈലി.... കഥ ഇഷ്ടമായി..

    ReplyDelete

  14. നഷ്ട്ടപ്പെട്ടെന്നു കരുതിയവരെ തിരിച്ചു കിട്ടുമ്പോഴുള്ള സന്തോഷം.

    ReplyDelete
  15. നൊമ്പരങ്ങളിൽനിന്നുതിരുന്ന നക്ഷത്ര കുഞ്ഞുങ്ങളുടെ തിളക്കം വളരെയേറെ മിഴിവേകി...ആശംസകൾ

    ReplyDelete
  16. ആശംസകള്‍.. അബൂദി നന്നായി എഴുതി ,ഇനിയും പ്രതീക്ഷിക്കുന്നു ..

    ReplyDelete
  17. മനസ്സിലേക്ക്‌ ഒരു നൊമ്പരമയി വാക്കുകൾ കടന്നു കയറുന്നു.തിരിച്ചു പൊകാത്ത ശോകചിന്തകൾ.അത്രക്കും മനോഹരമായ ആഖ്യാനവും ശൈലിയും.

    ReplyDelete
  18. നീള കൂടുതൽ കാരണം വായന മാറ്റി വെച്ചു.
    അത് നന്നായി എന്ന് തോന്നുന്നു.കാരണം
    ശാന്തം ആയ വായന ഒരു അനുഭവം ആക്കിതന്നു
    ഈ എഴുത്ത്...

    ഒരു സിനിമാ തിരക്കഥ പോലെ സംഭവങ്ങളുടെ
    പെരു മഴ.അത് നികുഞ്ചതിലെ ഒരു രീതി ആണല്ലോ.
    ഇഷ്ട്ടപെട്ടു വായന.കഥയിലൂടെ മാത്രം കണ്ണോടിച്ചു
    പോവുമ്പോൾ കണ്ണ് നിറയ്ക്കാൻ പോന്ന വാക്കുകൾ
    ധാരാളം..അഭിനന്ദനങ്ങൾ അബൂത്തി..

    വളരെ ഇഷ്ട്ടപെട്ട വരികൾ.


    ഒരു സ്വപ്നമെങ്കിലും വേണമല്ലോ നമ്മുടെ നെഞ്ചിന്നുള്ളില്‍, നാമകത്തേക്കെടുത്ത ശ്വാസത്തിനു പുറത്തേക്കുള്ള വഴി കാണിച്ചു കൊടുക്കാന്‍.
    ഓരോരുത്തര്‍ക്കുമുണ്ട്‌ ഒരോ കഥകള്‍. മറ്റുള്ളവര്‍ക്കത് വെറും കഥകള്‍ മാത്രം. പക്ഷെ, അനുഭവസ്തര്‍ക്ക് അതഗ്നി കൊണ്ടുള്ള പുതപ്പായിരിക്കും.

    ReplyDelete
  19. കഥ ഹൃദയസ്പര്‍ശിയായി. ഓരോരുത്തരും ഇവിടെ അവനവന്റെ ഭാഗം ആടിത്തീര്‍ക്കുകയാണ്. ഒന്നു പറയട്ടെ,ചില അക്ഷരത്തെറ്റുകള്‍,ഘടനാപരമായ ചില തെറ്റുകള്‍,ഇവ വായിച്ചു തിരുത്തിയിരുന്നെങ്കില്‍ ഒന്നാന്തരമായേനെ.

    ReplyDelete
  20. അവതരണവും ശൈലിയും ചിന്തകളും എല്ലാം മനസ്സിനെ തൊടുന്നു. നല്ല വായനാ സുഖം ലഭിക്കുന്ന ശൈലിയാണ്. ആശംസകള്‍. ആശയങ്ങളിലും പ്രമേയങ്ങളിലും പുതുമ കൊണ്ടുവരുവാന്‍ ശ്രമിക്കണം.

    ReplyDelete
  21. ആഗ്രഹിക്കുമ്പോള്‍ ഭൂമി പിളര്‍ന്നു മണ്ണിലേയ്ക്കു താന്നു പോകാന്‍ അവള്‍ സീതയായിരുന്നില്ല.

    നിറയെ സംഭവങ്ങള്‍ നിറഞ്ഞ കഥ.

    ReplyDelete
  22. നീളം അല്ലം കൂടിയെന്ന് വിമർശിച്ച് കൊണ്ട് പറയട്ടെ.. ഹൃദയസ്പർശിയായി..

    ReplyDelete
  23. "അറിഞ്ഞോ അറിയാതെയോ നാം ചെയ്യുന്ന ഓരോ സല്‍പ്രവര്‍ത്തിയും നമ്മുടെ മനസ്സിനെ ശാന്തമാക്കുമെന്ന്‌ ഞാന്‍ തിരിച്ചറിയുകയായിരുന്നു."
    കഥ കൊള്ളാം..
    ആശംസകൾ.

    ReplyDelete
  24. നൊമ്പരങ്ങളിലൂടെ വളര്‍ന്ന് ശുഭപര്യവസായിയാകുന്ന ചില ജീവിതങ്ങള്‍!

    ReplyDelete
  25. കുറെ നാളുകള്‍ക്കു ശേഷം നല്ലൊരു കഥ ....ആശംസകള്‍

    ReplyDelete
  26. കഥയുടെ ഒഴുക്ക് ഗംഭീരം...ഈ കഥയെ എന്‍തു പറഞ്ഞാണ് വമര്‍ശിക്കുക.!! അവസാനം വരെ ആകാംഷ നിലനിന്നു..ഏത് ഭാഗത്ത്ും അടുത്തതെന്‍ത് എന്ന് ഊഹിക്കാന്‍ ആയില്ല. ആശംസകള്‍....

    ReplyDelete
  27. രഘുനന്ദന്‍ പറയുന്ന പോലെ ഓരോരുത്തര്‍ക്കുമുണ്ട്‌ ഒരോ കഥകള്‍. മറ്റുള്ളവര്‍ക്കത് വെറും കഥകള്‍ മാത്രം. പക്ഷെ, അനുഭവസ്തര്‍ക്ക് അതഗ്നി കൊണ്ടുള്ള പുതപ്പായിരിക്കും....... ഇഷ്ടമായി ആശംസകള്‍ പ്രിയ അബൂതി

    ReplyDelete