Wednesday, May 13, 2015

ചിതാഗ്നിയുടെ ശേഷിപ്പുകള്‍!
ആലസ്യം മിഴികളില്‍ ഉറക്കച്ചടവിന്റെ മാറാല നെയ്യുന്നുണ്ട്‌. രണ്ട്‌ ദിവസമായി ശരിക്കൊന്നുറങ്ങിയിട്ട്‌. സമയമില്ലാഞ്ഞിട്ടല്ല. കഴിയാഞ്ഞിട്ടാണ്‌. മിഴികളില്‍ നിദ്ര കൂടുകൂട്ടാനൊരുങ്ങവേ, ഭൂതവും വര്‍ത്തമാനവും നെടുവീര്‍പ്പിന്റെ ചൂളം വിളിച്ചെത്തും. ചിലര്‍ക്ക്‌ നെടുവീര്‍പ്പൊരാശ്വാസമാണ്‌. അതവരുടെ ഉള്ളില്‍ തിങ്ങിവിങ്ങി നില്‍ക്കുന്ന സങ്കടങ്ങളെ പുറത്തേക്കു തള്ളും. ചിലര്‍ക്കത്‌ പ്രഷര്‍ കുക്കറിന്റെ ചൂളം വിളി പോലെയാണ്‌. ഉള്ളിലെ ചൂടൊട്ടും കുറക്കാനാവാത്ത നോവിന്റെ അമര്‍ത്തിയ നിലവിളി മാത്രം. സദാ നെഞ്ചിലെരിയുന്ന ചൂളയില്‍ ഹൃദയവും കരളും വെന്തു കൊണ്ടേയിരിക്കും. 

നിരത്തില്‍ വലിയ തിരക്കില്ല. തൊട്ടുമുന്നിലൊരു ബൈക്കുണ്ട്‌. എപ്പോഴുമെന്ന പോലെ, മിതമായ വേഗതയിലാണ്‌ ഞാന്‍ കാറോടിക്കുന്നത്‌. ഒരു വളവു തിരിഞ്ഞപ്പോള്‍ മുന്നിലൊരു കൂട്ടം സ്ക്കൂള്‍ കുട്ടികള്‍ റോഡ്‌ മുറിച്ചു കടക്കുന്നു. വെപ്രാളത്തോടെ ബ്രേക്കിലാഞ്ഞു ചവിട്ടി. നിരങ്ങിച്ചെന്ന കാര്‍ സ്ലോ ചെയ്‌ത ബൈക്കിലിടിച്ചു. അത്‌ റോഡിന്റെ അരികിലേക്കു തെന്നിപ്പോയി. രണ്ടുമൂന്നു നിമിഷത്തെ അമ്പരപ്പിന്റെ ശേഷം, ഡോര്‍ തുറന്നോടിച്ചെല്ലുമ്പോള്‍, ആരൊക്കെയോ അങ്ങോട്ട്‌ ഓടിക്കൂടുന്നുണ്ടായിരുന്നു. 

അതൊരു ചെറുപ്പക്കാരനായിരുന്നു. നല്ല പരിക്കുണ്ടായിരുന്നു. ഓടിക്കൂടിയവരില്‍ രണ്ടാളുകള്‍ അയാളെ കാറിലേക്കു കയറ്റി. പതിവിലും വേഗതയില്‍ കാറോടിച്ച എന്റെ ലക്ഷ്യം, നഗരത്തിലെ പ്രമുഖ സ്വകാരാശുപത്രിയായിരുന്നു. മൂക്കിലൂടെ തലച്ചോറിലേക്ക്‌ തുളഞ്ഞു കയറുന്ന ആശുപത്രിയുടെ ഗന്ധമെനിക്കൊട്ടും ഇഷ്ടമല. ഇപ്പോളത്‌ സഹിക്കുക തന്നെ. കയ്യില്‍ കറന്‍സിയുടെ കുറവുണ്ടായിരുന്നത്‌ കൊണ്ട്‌, മാനേജറെ നേരില്‍ കാണേണ്ടി വന്നു. വിസിറ്റിംഗ്‌ കാര്‍ഡ്‌ കണ്ടപ്പോള്‍, അറിയപ്പെടുന്നൊരു ബിസിനസ്‌ സ്ഥാപനത്തിന്റെ മേല്‍വിലാസം മാത്രം മതിയായിരുന്നു അദ്ദേഹത്തിന്‌. കാലിന്റെ അസ്ഥിക്ക്‌ ഒടിവും ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ മുറിവുകളും മുന്‍പല്ലിലൊന്നിന്‌ ചെറിയൊരു പൊട്ടലും. ആകെ കൂടി നോക്കിയാല്‍ ആ ചെറുപ്പക്കാരന്റെ പരിക്ക്‌ മോശമല്ലായിരുന്നു. ആശുപത്രിയില്‍ സ്വകാര്യ മുറി തന്നെ സൌകര്യപ്പെടുത്തി കൊടുത്തു. പോലീസ്‌ കേസൊക്കെ നോക്കാന്‍ ലീഗല്‍ അഡ്വൈസറോട്‌ ഫോണില്‍ ചട്ടം കെട്ടി. കൂടെ വന്ന രണ്ടു പേരും തലചൊറിഞ്ഞു നിന്നത്‌, മടങ്ങിപ്പോകാനുള്ള വണ്ടിക്കൂലിക്കു വേണ്ടി മാത്രമല്ല, ഇന്നത്തെ ജോലി മുടങ്ങിയതിന്‌ നഷ്ടപരിഹാരത്തിനു കൂടിയായിരുന്നു. ഉച്ചയായപ്പോഴേക്കും ആശുപത്രിയില്‍ നിന്നും ഞാനെന്റെ തിരക്കുകളിലേക്ക്‌ മടങ്ങി. 

ഇന്നൊരു എടങ്ങേറായ ദിവസം തന്നെ. നന്നായിട്ടൊന്നു ശ്വാസം വിടാന്‍ പോലും സമ്മതിക്കാതെ ജോലിത്തിരക്ക്‌ എന്നെ വരിഞ്ഞ്‌ മുറുക്കി. അഞ്ചു മണിയായപ്പോഴാണ്‌ അയാളെ കുറിച്ചോര്‍ത്തത്‌. ഒന്നു പോയി വിവരങ്ങള്‍ അന്വേഷിക്കാതിരിക്കുന്നത്‌ മഹാമോശമാണല്ലോ? ഘ്രാണശക്‌തിയെ ശപിച്ചു കൊണ്ടാണ്‌ ആശുപത്രിയിലേക്ക്‌ കയറിയത്‌. റൂമിന്റെ വാതിലില്‍ ഒന്നു മുട്ടി നോക്കി ഒരല്‍പ്പം കാത്തിരുന്നു. ആരും തുറക്കാഞ്ഞപ്പോള്‍ തള്ളി നോക്കി. അത്‌ ചാരിയിട്ടേ ഉണ്ടോയിരുന്നുള്ളൂ. അയാളുടെ കാലിന്‌ പ്ലാസ്റ്റര്‍ ഇട്ടിരിന്നു. വേദനയ്ക്കുള്ള മരുന്നുകള്‍ കാരണമാവാം, ഗാഢനിദ്രയിലാണയാള്‍. ബാത്ത്‌റൂമില്‍ നിന്നും ആള്‍പെരുമാറ്റത്തിന്റെ ശബ്ദം കേട്ടു. ഒരല്‍പ്പം കഴിഞ്ഞപ്പോള്‍ അതിന്റെ വാതില്‍ തുറന്നു. അറിയാതെ നോക്കിപ്പോയതാണ്‌. കാലിന്റെ അടിയില്‍ നിന്നും ഉഛിയിലേക്കൊരു വൈദ്യുതി പ്രവാഹമുണ്ടായി. അവളും എന്നെ തിരിച്ചറിഞ്ഞ്‌ ശില പോലെ നില്‍ക്കുകയാണ്‌. മഹാമൗനത്തിന്റെ ഇരുണ്ടൊരു ഗഹനത്തില്‍, രണ്ടപരിചിതരെ പോലെ നിമിഷങ്ങളോളം ഞങ്ങള്‍ മിഴികളില്‍ മിഴി കോര്‍ത്ത്‌ വെറുതെ നിന്നു. എന്റെ ഹൃദയമൊരു തീവണ്ടിയെഞ്ചിന്‍ പോലെ ഛക്ഛക്‌ ശബ്ദമുതിര്‍ത്തു. കാല്‍ച്ചുവട്ടില്‍ നിന്നും ഭൂമി എന്നെ വിഴുങ്ങിയിരുന്നെങ്കില്‍. ഈ നിമിഷം മറ്റെന്താണ്‌ ഞാന്‍ ആഗ്രഹിക്കേണ്ടത്‌? നിശ്ചയം; ഈ കൂടിക്കാഴ്ച്ചയെക്കാള്‍ നല്ലതെനിക്ക്‌ അതു തന്നെയാണ്‌! 

ആകാശം പനിനീരു പോലെ ചുവന്നു. പിന്നെ കറുത്തു. കാവല്‍ നക്ഷത്രങ്ങളില്ലാതെ ചക്രവാളങ്ങള്‍ ഇരുട്ടിന്റെ കംബളത്തിലൊളിച്ചു. രാവൊരുപാട്‌ വൈകിയിരിക്കുന്നു. വീഥിയിലെ കട്ട കുത്തിയ ഇരുട്ടില്‍ കാറിന്റെ ഹെഡ്‌ലൈറ്റുകള്‍ പ്രകാശഗഹ്വരം തീര്‍ത്തു. മനസ്സിലൊരു മിന്നാമിനുങ്ങിന്റെ വെട്ടം പോലുമില്ല. ഉള്ളിലാരോ തമ്പോറടിക്കുന്നുണ്ട്‌. നെഞ്ച്‌ പിളര്‍ന്നു പുറത്തു വരാന്‍ വെമ്പുന്ന ആ ശബ്ദഘോഷം തൊണ്ടയെ കുത്തി നോവിക്കുന്നുണ്ട്‌. ചുവന്ന മിഴികളിലൊരു മാഹാമാരിമേഘം പൈതൊഴിയാതെ കെട്ടിക്കിടക്കുന്നു. നിരാശയാണോ, നിന്ദ്യതയാണോ ഇപ്പോളെന്നെ ഭരിക്കുന്നത്‌? അറിയില്ല. ഒന്നും പറയാതെ, നിറമിഴികളോടെ മുഖം തിരിച്ചവള്‍ ബാത്ത്‌റൂമിലേക്കു തിരിച്ചു കയറിയപ്പോള്‍ മുതല്‍, മനസ്സ്‌ ഓര്‍മകളാള്‍ കലുഷിതമാണ്‌. 

ഓടിപ്പിടഞ്ഞെത്തിയ കാര്‍ പോര്‍ച്ചില്‍ കിതച്ചു കൊണ്ട്‌ നിന്നു. മുന്‍വാതില്‍ തുറന്നത്‌ താഹിറയുടെ ഉപ്പയാണ്‌. ആ കണ്ണുകളിള്‍ ആകാംഷയും ആശ്വാസവും. എന്തു പറ്റി, എവിടെയായിരുന്നു, മൊബൈലിനെന്തു പറ്റി എന്നു തുടങ്ങി ഒരു ശ്വാസത്തില്‍ നിറയെ ചോദ്യങ്ങള്‍. അപ്പോഴാണ്‌ മനസ്സിലായത്‌. മൊബൈല്‍ ഫോണെപ്പോഴോ ചത്തിരുന്നു. മുകള്‍ നിലയിലെ മുറിയിലേക്ക്‌ ചെല്ലുമ്പോള്‍ കട്ടിലില്‍ മയങ്ങുന്ന താഹിറയുടെ ചാരെയിരിക്കുകയായിരുന്നു അവളുടെ ഉമ്മ. വിഷാദ മേഘങ്ങള്‍ ഘനീഭവിച്ച മുഖവുമായി, എന്നെ കണ്ടപ്പോള്‍ അവരെഴുനേറ്റു. താഹിറ ഉറക്കമായിട്ട്‌ ഒരല്‍പ്പനേരമേ ആയുള്ളൂ അത്രെ. ഇന്നവള്‍ക്ക്‌ വേദന ഇത്തിരി കൂടുതലുമായിരുന്നത്രെ. ഞാനാ ശയ്യാതലത്തിലിരിക്കവേ, അവര്‌ മുറിവിട്ട്‌ പുറത്തേക്ക്‌ പോയി. നാഡീവ്യൂഹങ്ങളെ തളര്‍ത്തുന്ന രാസമരുന്നുകളുടെ ആക്രമണത്താല്‍ സുഷുപ്തിയുടെ ആഴങ്ങളിലാണ്‌ താഹിറ. അങ്ങിനെ നോക്കി നില്‍ക്കെ സങ്കടം രണ്ടു നീര്‍ത്തുള്ളികളായെന്റെ കണ്‍ക്കോണില്‍ തിളങ്ങി. ഞാനാ ശിരസ്സിലൊന്നു തലോടി. നെറ്റിയിലൊരുമ്മ വച്ചു. മുഖമുയര്‍ത്തുമ്പോളെന്റെ മിഴികള്‍ പുറത്തേക്കെറിഞ്ഞ അശ്രുകണങ്ങളാ നെറ്റിയില്‍ വജ്രം പതിച്ചിട്ടുണ്ടായിരുന്നു. മനസ്സറിയാതെ മന്ത്രിച്ചു. ഹാ, കഷ്ടം. കുപ്പയിലെ സാളഗ്രാമം പോലൊരു പെണ്‍ക്കുട്ടി. എരിഞ്ഞു തീരുന്നൊരു ജീവിതം. പടച്ചവനേ, ഞാനൊരു ഉണക്കമരമാണല്ലോ! ദുരനുഭവങ്ങളുടെ ആയിരം കഴുകന്‍മാര്‍ കൂടു കെട്ടിയ, വെറുമൊരു ഉണക്കമരം! 

പാതിരാ കഴിഞ്ഞിരിക്കുന്നു. ടെറസിലിരിക്കുന്ന എന്റെ ചുണ്ടിലെരിയുന്ന സിഗററ്റുണ്ട്‌. കട്ടകുത്തിയ ഇരുട്ടിലേക്ക്‌ നോക്കിയങ്ങിരിക്കവേ, ഓര്‍മകളുടെ ജാലകം തുറന്നു. ആതിര നിലാവു പോലെ ഉള്ളിലവളുടെ മുഖം തെളിഞ്ഞു. പ്രണയം മുന്തിരിച്ചാറ്‌ പോലെ ഹൃദയത്തില്‍ നുരയ്ക്കുന്ന കൗമാരത്തില്‍, അതിന്റെ ലഹരിയില്‍ ഞാന്‍ കവിയോടും ഭ്രാന്തനോടും സമപ്പെട്ടിരുന്നു. അവളെ സ്വപ്നം കാണാന്‍ വേണ്ടി മാത്രം ഞാനന്നുറങ്ങി. അവളോടു മിണ്ടാന്‍ വേണ്ടി മാത്രമുണര്‍ന്നു. അന്നെന്റെ പകല്‍ കിനാവിന്റെ മുന്‍പില്‍, ഇന്ദ്രധനുസ്സിന്റെ ചാരുത പോലും നാണിച്ചു നില്‍ക്കാറുണ്ടായിരുന്നു. വളപ്പൊട്ടുകളും, മഞ്ചാടി മണികളുമൊക്കെ പാത്തു വെക്കുന്ന നാടന്‍ പെണ്‍ക്കിടാവിനെ പോലെ, പ്രണയത്തില്‍ ചാലിച്ച ഒരായിരം സ്വപ്നങ്ങള്‍ ഞാനെന്റെ നെഞ്ചില്‍ പാത്തു വച്ചു. മാനത്ത്‌ നിന്നും വീഴുന്ന പാമ്പിനെ പോലെ, ഒരു മിന്നല്‍പിണര്‍ ദൂരെ കഷണ്ടിക്കുന്നിന്റെ മുകളിലേക്ക്‌ പുളഞ്ഞു വീണപ്പോള്‍, അവളെന്റെ മേലേക്ക്‌ ഒന്നു കൂടി ഇറുകി. അതൊരു മനോഹരമായ മഴക്കാലമായിരുന്നു. കോളേജു കുന്നിലെ മൊട്ടപ്പാറയില്‍ ഒരു കുടക്കീഴിലങ്ങിനെ നില്‍ക്കുമ്പോള്‍, ഇനിയും ഒരായിരം മിന്നലുകള്‍ ഉണ്ടായെങ്കിലെന്ന്‌, ഞാന്‍ കൊതിച്ചു പോയിരുന്നു. അന്നൊക്കെ ആ കുന്നിനെ തഴുകിയെത്തുന്ന കാറ്റിനും, കുന്നിലെമ്പാടുമുള്ള കുറ്റിക്കാടുകളിലെ പേരറിയാ പൂക്കള്‍ക്കും, പൂമ്പാറ്റകള്‍ക്കുമൊക്കെ അസൂയ തോന്നിയ പ്രണയമായിരുന്നു ഞങ്ങളുടേത്‌. അവളുടെ കൊലുസ്സിന്റെ മൃദുമന്ത്രണമെന്റെ ഹൃത്തടത്തിലെ മലര്‍ മണ്ഡപത്തിലുയരുന്ന നൂപുരധ്വനികളായി. മൊട്ടക്കുന്നിന്റെ ചരിവിലെ കരിമ്പാറക്കെട്ടില്‍ വച്ച്‌ കൈമാറിയ ചുംബനങ്ങളും, കോട്ടക്കുന്നിന്റെ മുകളില്‍ തൊട്ടുരുമ്മിയിരുന്ന്‌ നെയ്‌തുകൂട്ടിയ സ്വപ്നങ്ങളും, കൂള്‍ബാറില്‍ വച്ച്‌ പങ്കിട്ട പഴച്ചാറും, ഞങ്ങള്‍ക്കെത്രമാത്രം പ്രിയപ്പെട്ടതായിരുന്നു. നിന്നെയല്ലാതെ മറ്റൊരാളെയും സ്നേഹിക്കാനെനിക്കാവില്ലെന്ന്‌ പരസ്പരം പറയാന്‍ ഞങ്ങള്‍ മത്സരിച്ചു. പക്ഷെ..... 

എംഎ പരീക്ഷ കഴിഞ്ഞ്‌ റിസല്‍റ്റ്‌ കാത്തിരിക്കുന്ന നേരം. ധനാഢ്യനായൊരു മനുഷ്യന്റെ മകളുമായുള്ള വിവാഹാലോചനയുമായി, ദൗര്‍ഭാഗ്യം ബന്ധുവിന്റെ രൂപത്തിലൊരു ത്രിസന്ധ്യാസമയത്ത്‌, അട്ടത്ത്‌ മണ്ണെണ്ണ വിളക്കിന്റെ കരിപുരണ്ട മാറാലകളുള്ള എന്റെ മണ്‍ക്കുടിലേക്ക്‌ വന്നു. ബാപ്പയില്ലാത്ത എന്നെയും, മൂന്നനിയത്തിമാരെയും വളര്‍ത്താന്‍, കഷ്ടപ്പെടുന്ന ഉമ്മയ്ക്ക്‌, എന്റെ ഇഷ്ടമറിയാമായിരുന്നെങ്കിലും, എല്ലാവര്‍ക്കും രക്ഷപ്പെടാനുള്ള ആ മാര്‍ഗം ഉപേഷിക്കാനായില്ല. പത്തുമാസം ചുമന്ന്‌ പ്രസവിച്ച കണക്കിന്റെ മുന്‍പില്‍ മാത്രമല്ല, രണ്ടു കൈകളും കൊണ്ടുമ്മ കഠിനാദ്ധ്വാനം ചെയ്‌തു വളര്‍ത്തിയ വര്‍ഷങ്ങളുടെ കണക്കിന്റെ മുന്‍പിലും, മത്സരിച്ച്‌ വളരുന്ന അനിയത്തിമാരുടെ ഭാവിയുടെ വേവലാതിയുടെ മുമ്പിലും, ഞാന്‍ വിറങ്ങലിച്ച്‌ നിന്നു. അഞ്ചാം വയസ്സിലോ മറ്റോ വന്ന ഒരു ദീനത്തിന്റെ പേരില്‍ താഹിറയുടെ ഉപ്പയുടെ നേര്‍ച്ചയാണത്രെ, മകളെ ഒരു യത്തീമിനേ ഇണയാക്കിക്കൊടുക്കൂ എന്ന്‌. ആണും പെണ്ണുമായിട്ടുള്ള ഒരൊറ്റ മകളെ പിരിഞ്ഞിരിക്കാനിഷ്ടമില്ലാത്തതിനാല്‍, അവര്‍ക്ക്‌ വേണ്ടതൊരു ദത്ത്‌ മരുമകനേയും. എന്റെ എതിര്‍പ്പുകളുടെ ശൂലമുനകള്‍ക്ക്‌, ഉമ്മയുടെ നിരാഹാര സമരത്തിന്റെയും കൂട്ട ആത്മഹത്യാ ഭീക്ഷണിയുടേയും മുമ്പില്‍ ഒട്ടും മൂര്‍ച്ചയില്ലായിരുന്നു. വാവാഹദിവസം വില കൂടിയ വസ്‌ത്രത്തിന്റെ ഉള്ളില്‍ അകവും പുറവും വെന്തു നീറി ഞാന്‍ നില്‍ക്കവേ, കൂട്ടുകാരന്‍ സത്താര്‍ എന്നെ തേടിയെത്തി. ഉരുക്കിയ ലോഹം പോലെ അവന്റെ വാക്കുകളെന്റെ കാതിലേക്ക്‌ ഒലിച്ചിറങ്ങി. അവള്‍ വിവരമറിഞ്ഞാത്മഹത്യക്ക്‌ ശ്രമിച്ചിരിക്കുന്നു. ഏതോ കീടനാശിനി കുടിച്ച്‌ അവളിപ്പോള്‍ ആശുപത്രിയില്‍ മരണത്തോട്‌ മല്ലടിയിക്കുകയാണ്‌. എനിക്കു തരാന്‍ ഇതിനെക്കാള്‍ നല്ലൊരു വിവാഹ സമ്മാനം അവളുടെ പക്കലുണ്ടാവില്ലല്ലോ? 

രാവിരുണ്ടപ്പോള്‍ ഒരലങ്കൃത മണിയറയില്‍ തടവിലാക്കപ്പെട്ടു ഞാന്‍. പുറത്തു നേര്‍ത്തൊരു മഴയുണ്ട്‌. പിരിധിയില്‍ കവിഞ്ഞൂതി വീര്‍പ്പിച്ചൊരു ബലൂണ്‍ പോല്ലെയാണെന്റെ ഉള്ളം. ശബ്ദമുണ്ടാക്കാതെ തുറന്ന വാതില്‍ കടന്ന്‌, കയ്യിലൊരു കപ്പ്‌ പാലുമായി, നമ്മ്രമുഖിയായി താഹിറ വന്നു. ആത്മനിന്ദയെന്ന മൃഗം അറപ്പുളവാക്കുന്ന നാവു കൊണ്ടെന്റെ മുഖത്ത്‌ നക്കിത്തുടക്കുന്നുണ്ട്‌. എനിക്കപ്പോള്‍ വെറുപ്പാണ്‌ തോന്നിയത്‌. ഈ ലോകത്തിനോടും, ഇതിലെ ജീവിതത്തോടുമെക്കെ വല്ലാത്തൊരു വെറുപ്പ്‌. ഒന്നും മിണ്ടാതെ നിമിഷങ്ങളധികം കഴിഞ്ഞു. നീട്ടിയ ഗ്ലാസുമായി നിന്നു മടുത്തപ്പോഴാവാം, അവള്‍ മുഖമുയര്‍ത്തി എന്നെ നോക്കി. ഒന്നു പുഞ്ചിരിച്ചു. എന്റെ ഭാവം കണ്ടപ്പോളാ പുഞ്ചിരി മാഞ്ഞു പോയി. മുഖത്തങ്കലാപ്പിന്റെ കാര്‍മേഘങ്ങളുരുണ്ടു കൂടി. അന്ന്‌ ജീവിതത്തിന്റെ നല്ല വസന്തങ്ങള്‍ മോഹിച്ചെന്റെ മുന്നിലെത്തിയ അവളോടെനിക്ക്‌, ഒരു ദയയുമില്ലാതെ പറയേണ്ടി വന്നു. എന്റെ മനസ്സാശുപത്രിക്കിടക്കയില്‍ ഊര്‍ദ്ധ്വാന്‍ വലിച്ച്‌ കിടക്കുകയാണ്‌. ഇപ്പോളതിന്‌ ജീവനുണ്ടോ എന്നെനിക്കറിയില്ല. മനസ്സു നിറയെ മറ്റൊരുത്തിയുള്ളപ്പോള്‍, ഇനിയൊരാളെ സ്നേഹിക്കാനെനിക്കാവില്ല. എന്തു വേണമെങ്കിലും നിനക്കു തീരുമാനിക്കാം. പെട്ടെന്നാണ്‌ മണ്ണിലേക്കൊരു ഇടി വെട്ടിയിറങ്ങിയത്‌. എല്ലാ ദീപങ്ങളുമണഞ്ഞു. കൂരിരുട്ടില്‍ പാല്‍ഗ്ലാസ്‌ താഴെ വീഴുന്ന ശബ്ദം, ഞരമ്പുകളില്‍ രക്‌തമുറഞ്ഞു പോകുന്ന വിധത്തിലുള്ള താഹിറയുടെ വല്ലാത്തൊരു അലര്‍ച്ചയില്‍ മുങ്ങിപ്പോയി. 

ഏതോ രാക്കിളിയുടെ കരച്ചില്‍ കേട്ടാണ്‌ ചിന്തകളില്‍ നിന്നുണര്‍ന്നത്‌. നാട്ടുവെളിച്ചം പാകിയ മുറ്റത്തേക്കും തൊടിയിലേക്കുമൊക്കെ വെറുതെയൊന്ന്‌ നോക്കി. പിന്നെ കതകടച്ച്‌ നേരെ ബാത്ത്‌റൂമിലെത്തി, മുഖം കഴുകാന്‍ വാഷ്ബേസിന്റെ മുമ്പിലെത്തിയപ്പോള്‍ മുന്നിലെ കണ്ണാടിയിലെ പ്രതിരൂപത്തിന്റെ ചുണ്ടിലൊരു പരിഹാസച്ചിരിയുണ്ടായിരുന്നു. നിന്നെയല്ലാതെ മറ്റൊരാളെയും സ്നേഹിക്കാനെനിക്കാവില്ലെന്ന്‌ ഞങ്ങളെത്ര സുന്ദരമായി പരസ്പരം കള്ളം പറഞ്ഞു. കേള്‍ക്കാന്‍ രസമുള്ള ചില കള്ളങ്ങള്‍ മാത്രമാണോ പ്രണയം? അറിയില്ല. എങ്കിലും അവള്‍ സുഖമായിരിക്കുന്നല്ലോ. സന്തോഷം. എനിക്കെന്നും തോന്നിയിട്ടുണ്ട്‌. ആ ശാപാഗ്നിയില്‍ എന്റെ ഹൃദയം വെന്തു നീറുന്നുണ്ടെന്ന്‌. ഇനിയും ശാപമോക്ഷത്തിന്റെ വരം തേടി ഒരു വട്ടം കൂടി അവളെ ഒന്നു കണ്ടാലോ? വേണ്ട. ഇനിയൊരു കണ്ടു മുട്ടലില്ലാതിരിക്കട്ടെ. പൂര്‍വ്വകാല പ്രണയബന്ധങ്ങള്‍, കമിതാക്കളുടെ വിവാഹ ശേഷം അവരുടെ നെഞ്ചില്‍ ചാരം മൂടിക്കിടക്കുന്നൊരു കനല്‍ക്കട്ടയാണ്‌. അനുകൂല സാഹചര്യത്തിന്റെ ഒരു നേര്‍ത്ത കാറ്റുമതി. ആതാളിക്കത്താന്‍. അതില്‍ വെന്ത്‌ വെണ്ണീറാവുന്നതെപ്പോഴും നിരപരാധികളായ അവരുടെ ഇണകളുടെ മനസ്സായിരിക്കും. കുഞ്ഞുങ്ങളുടെ ജീവിതമായിരിക്കും. ക്രൂരവിനോദമാണത്‌. ആകാശത്തും ഭൂമിയിലുമുള്ള ആര്‍ക്കും ക്ഷമിക്കാനാവാത്ത ക്രൂരവിനോദം. അവളാ ശിഖരത്തില്‍ ചേക്കേറട്ടെ. മേഘവര്‍ഷങ്ങളില്‍ നിന്നവള്‍ക്ക്‌ മറയായി, സൂര്യവര്‍ഷത്തില്‍ തണലായുമിരിക്കട്ടെ. ആയിരം പൂര്‍ണചന്ദ്രനെ കണ്ടവള്‍ സന്തോഷമായി കഴിയട്ടെ. ഞാനോ എന്റെ ദുഃഖമോ അവളെ വേട്ടയാടാതിരിക്കട്ടെ. നന്‍മകള്‍ മാത്രം നേരാം. നന്‍മകള്‍ മാത്രം. 

ബാത്ത്‌റൂമില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ കിടക്കയില്‍ എഴുനേറ്റിരിക്കുന്ന താഹിറ. എന്റെ മുഖത്തേക്ക്‌ നോക്കി ക്ഷീണച്ച സ്വരത്തില്‍ ചോദിച്ചു. ന്താ.. ഇന്നൊറങ്ങാത്തത്‌? ഉറക്കം വരുന്നില്ലെന്ന്‌ പറഞ്ഞവളുടെ അടുത്തിരുന്നു. അവളെ മെല്ലെ കിടത്തി. അവളെന്റെ വലം കൈ എടുത്തവളുടെ ഹൃദയത്തിന്റെ മുകളില്‍ വച്ചു. വിരലുകളള്‍ പരസ്പരം കോര്‍ത്തങ്ങിനെ കിടന്നു. കുറേ നേരം കഴിഞ്ഞപ്പോള്‍ ഒരു നെടു വീര്‍പ്പോടെ പറഞ്ഞു. വല്ലാത്ത നോവ്‌. സഹിക്കാമ്പറ്റണില്ല. ആ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഞാനാ നെറ്റിയില്‍ മെല്ലെ തഴുകിക്കൊണ്ടൊരുന്നു. കിടക്കുന്നില്ലേ? ക്ഷീണിച്ച ശബ്ദത്തിലവള്‍ ചോദിച്ചു. ഒരു മൂളലില്‍ ഞാനെന്റെ മറുപടിയൊതുക്കി. ദുര്‍ബലമായ തന്റെ കൈകളാല്‍ എന്നെ തന്നിലേക്ക്‌ വലിക്കുന്നതിന്നിടയില്‍ അവള്‍ പറഞ്ഞു. വാ.. ഇവിടെ കിടക്ക്‌. എന്നിട്ടെന്നെ നല്ലോണം കെട്ടിപ്പിടിക്ക്‌. 

ഒരു മുട്ട വിരിഞ്ഞ്‌ പക്ഷിക്കുഞ്ഞ്‌ പുറത്തു വരുന്നതു പോലെ ഉഷ്ണത്തിന്റെയും കാത്തിരിപ്പിന്റെയും ഒരു നിര്‍ണിത അവധിക്കൊടുവില്‍, കലക്കവെള്ളം തെളിയുന്ന പോലെ പതുക്കെ തെളിഞ്ഞു വന്നതായിരുന്നു ഞങ്ങളുടെ ജീവിതം. തപോബലമുള്ള കന്യകയുടെ മുന്‍പില്‍ കാട്ടാളഹൃദയം ഉരുകിയൊലിക്കുന്നത്‌ പൊലെ, താഹിറയുടെ മുന്‍പിലെന്റെ മനസ്സുരുകി. കാലം ഹൃദയത്തിലൊരു നീര്‍ച്ചുഴി തീര്‍ത്തു. കൊടുംചതിയുടെ ഓര്‍മകളെ അത്‌ നിശബ്ദം മനസ്സിന്റെ അടിത്തട്ടിലേക്ക്‌ വലിച്ചു കൊണ്ടുപോയി. എങ്കിലും ചിലപ്പോഴൊക്കെ ഓര്‍മയുടെ മേഘഗര്‍ജനങ്ങളുയരും. അപ്പോള്‍ വേട്ടനായ്ക്കളെ കണ്ട മുയല്‍ക്കുഞ്ഞുങ്ങളെ പോലെ ഉറക്കേതോ മാളത്തില്‍ പോയൊളിക്കും. താഹിറയുടെ സ്നേഹം ആലിപ്പഴം പോലെ പെയ്യുകയും, ക്ഷമയും സഹനവും തെന്നലായെന്നെ തഴുകുകയും ചെയ്യുന്നില്ലായിരുന്നെങ്കില്‍ എന്നേ ഞാനൊരു പിടി ചാരമായി മാറുമായിരുന്നു. താഹിറയുടെ ക്ഷമാശീലം ഒരത്ഭുതം തന്നെയായിരുന്നു. അവളുടെ ഭാഷയില്‍ പറഞ്ഞാല്‍; ക്ഷമയുടെ പ്രതിഫലം സുബര്‍ക്കമത്രെ. 

താഹിറ ഒരു മാണിക്ക്യമായിരുന്നു. വായിക്കാനും സ്വപ്നം കാണാനിഷ്ടപ്പെടുന്നവള്‍. പുസ്‌തകങ്ങളും അതിലെ കഥാപാത്രങ്ങളുമായിരുന്നവള്‍ക്ക്‌ കൂട്ട്‌. ഒരുപാട്‌ പകല്‍ക്കിനാവുകളില്‍ രൂപമില്ലാത്ത എന്നെ അവള്‍ കണ്ടിട്ടുണ്ടത്രെ. ആ അരൂപിയെ അവളൊരുപാട്‌ സ്നേഹിച്ചിരുന്നത്രെ. എന്നെങ്കിലുമൊരിക്കല്‍, സ്വജീവിതം പങ്കിട്ടെടുക്കാനെത്തുന്ന, തന്റേത് മാത്രമായ, തന്നെ മാത്രം സ്നേഹിക്കുന്ന ഒരാളെ. പകല്‍ക്കിനാവുകളെ യാഥാര്‍ഥ്യമായി കാണുന്ന ഒരു വിചിത്രമായ രോഗമായിരുന്നു അത്‌. ആ സ്വപ്നസൗധത്തില്‍ നിന്നും യാഥാര്‍ത്ഥ്യത്തിന്റെ പൊരിവെയിലിലേക്കിറങ്ങി വന്നപ്പോളവള്‍ക്ക്‌ നഷ്ടപ്പെട്ടത്‌, പ്രണയം തനിക്കുമാത്രം നീക്കി വച്ച ഒരാളെന്ന സ്വപ്നമായിരുന്നു. അവളത്‌ ക്ഷമിച്ചു. പകരം വേണ്ടതൊരു വരമായിരുന്നു. ബാക്കിയുള്ള പ്രണയം മുഴുവന്‍ അവള്‍ക്ക്‌ മാത്രമുള്ളതാണെന്ന വരം. 

മഴയും മണ്ണുമെന്ന പോലെ, മഞ്ഞും നിലാവുമെന്ന പൊലെ, പരസ്പരം കൊതിതീരാതെ ഞങ്ങള്‍ ജീവിച്ച്‌ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അവള്‍ക്കെന്നോടുള്ള സ്നേഹവും കരുതലും കണ്ടപ്പോള്‍, ആര്‍ക്കാണസൂയ തോന്നിയത്? തലച്ചോറിലെ മുഴകള്‍ പതിയെ തിന്നുതീര്‍ക്കുന്ന താഹിറയുടെ ജീവനും, ആ മിഴികളില്‍ നിന്നും പ്രകാശമൂറ്റിക്കുടിക്കുന്ന നോവിനും കൂട്ടിരിക്കുകയാണ്‌ ഞാനിപ്പോള്‍. നോക്കിയാല്‍ കാണുന്ന ദൂരെയാണ്‌ അവള്‍ക്കിപ്പോളവളുടെ മരണം. കാലം ചിലപ്പോഴൊക്കെ ചിലത്‌ കാട്ടി നമ്മെ കൊതിപ്പിക്കും. മോഹങ്ങള്‍ ഹൃദയത്തില്‍ വേരോടിക്കഴിയുമ്പോള്‍ നിര്‍ദയം അത്‌ പിഴുതെടുക്കും. ആ നോവിന്റെ തേങ്ങലുകളെ നമ്മുടെയുള്ളില്‍ ശ്വാസം മുട്ടിച്ച്‌ കൊല്ലുന്നതിനെക്കാള്‍ പ്രയാസകരമായതൊന്നും നമുക്കില്ലെന്ന്‌ നാമപ്പോള്‍ തിരിച്ചറിയും. ഈ വേദനയുടെ ക്ഷാരഭൂമിയിലേക്ക്‌ വഴി തെറ്റി വന്നതല്ല ഞാന്‍. സ്വന്തം ഇഷ്ടത്തിനുമല്ല. ഒരുപക്ഷെ ഇങ്ങിനെയൊക്കെയാവും ജീവിതം. ഏതോ സൂഫിക്കഥയില്‍ പറഞ്ഞ പോലെ, ലോകത്തൊരു മനുഷ്യനും തന്റെ ദുഃഖം മറ്റൊരാള്‍ക്ക്‌ കൊടുത്ത്‌, പകരം അപരന്റെ ദുഃഖമേറ്റെടുക്കാറില്ല. എല്ലാവര്‍ക്കും അവരവരുടെ ദുഃഖം വലുതെന്നു മാത്രമല്ല, പ്രിയപ്പെട്ടതു കൂടിയാണ്‌. 

നിശ്ചലം. നിര്‍ജീവം. താഹിറ എന്റെ മുമ്പില്‍ നീണ്ടു നിവര്‍ന്ന്‌ മലര്‍ന്ന്‌ കിടക്കുകയാണ്‌. പകല്‍ക്കിനാവിന്റെ രാജകുമാരി, രാജകുമാരനെ തനിച്ചാക്കി, മുഷിഞ്ഞ ശരീരമെന്ന വസ്‌ത്രമഴിച്ചിട്ട്‌ യാത്ര തിരിച്ചിരിക്കുന്നു. അറ്റുപോയ ജപമാലയില്‍ നിന്നുതിരുന്ന മുത്തുമണികള്‍ പോലെ ഒന്നിനു പിന്നാലെ മറ്റൊന്നായി ഓര്‍മകള്‍ ഉള്ളിലെ രംഗപടത്തിലെത്തുന്നു. സങ്കടമൊരു കടലോളമുണ്ടുള്ളില്‍. പക്ഷെ, ഒരു തുള്ളി പോലും ഞാനതെന്റെ കണ്ണിലൂടെ നഷ്ടപ്പെടുത്തിയില്ല. എനിക്കഭിമുഖമായി ഇരിക്കുന്ന ഉമ്മയുടെ കണ്ണുകള്‍ കര്‍ക്കിടക മേഘം പോലെ പെയ്യുന്നു. എന്നെ ഗര്‍ഭം ചുമന്നതിന്റെയും വളര്‍ത്തിയതിന്റെയും കണക്കു തീര്‍ത്തപ്പോള്‍ എനിക്ക്‌ മിച്ചം കിട്ടിയത്‌ നമുക്കിടയിലെ ഈ മയ്യത്തു മാത്രമാണെന്ന്‌ എനിക്കവരോട്‌ പറയണം എന്നുണ്ട്‌. കഴിയുന്നില്ല. 

കുളിപ്പിച്ച്‌ കഫന്‍ ചൈത എന്റെ താഹിറയേയും വഹിച്ച്‌ കൊണ്ട്‌ മയ്യത്തു കട്ടിലിന്റെ യാത്ര. പള്ളിക്കാട്ടിലേക്ക്‌. മയ്യത്തു കട്ടില്‍ ഒരോര്‍മപ്പെടുത്തലാണ്‌. ചുമക്കുന്നവന്‍ നാളെ ചുമക്കപ്പെടുമെന്ന ഓര്‍മപ്പെടുത്തല്‍. മൂന്ന്‌ പിടി മണ്ണു കൊണ്ട്‌ ബന്ധത്തിന്റെ അവസാന കണക്കും തീര്‍ത്ത ബന്ധുക്കളെല്ലാം പിരിഞ്ഞു പോയി. ആ ചെറു മണ്‍ക്കൂനയ്ക്കരികില്‍ ഞാന്‍ മാത്രം ബാക്കിയായി. പേഴ്സില്‍ നിന്നും ഞാനൊരു കടലാസു കഷ്ണമെടുത്തു. ഒരു നോട്ട്‌ ബുക്കില്‍ നിന്നും ചീന്തിയെടുത്തതാണത്‌. താഹിറ അവളുടെ കൈകൊണ്ടെഴുതിയ ചില വരികളായിരുന്നു അത്‌. അവളെനിക്ക്‌ സ്നേഹ പൂര്‍വ്വം തന്നത്‌. എന്റെ പ്രാണനെ പോലെ ഞാനാ വരികളെ സ്നേഹിച്ചിരുന്നു. ഒരിക്കല്‍ കൂടി ഞാനാ വരികളിലൂടെ കണ്ണോടിച്ചു. ഓരോ അക്ഷരങ്ങളും എന്റെ മനസ്സില്‍ എന്നോ കൊത്തിവച്ചതായിരുന്നെങ്കിലും. 

മുഹബത്തിന്നാലിപ്പഴം പൊഴിയുന്ന
ഭൂമികയാണെന്റെ മാനസം. 
പൂന്തേന്‍ക്കിനാവുകളായിരം പൂക്കളായ്‌
മൊട്ടിട്ടു വിടരുന്ന മാനസം. 
മലരിലുറങ്ങുമീ ഹിമബിന്ദു പോലെ 
നിന്‍ മടിത്തട്ടിലുറങ്ങേണം 
മാസ്മരവീചിയിലമ്പിളി പോലുള്ള
നിന്‍ മലര്‍ഹാസം കാണേണം. 
കാനനകോകിലം വഴിമാറിനില്‍ക്കുമാ
മൊഞ്ചേറുമിശലൂകള്‍ കേള്‍ക്കേണം. 
കണ്ണേ നിന്‍മിഴി കല്‍പനയേന്തുമ്പോള്‍
ആ മലര്‍ ചൊടികള്‍ നുകരേണം. 
നിന്‍രതികൂജനമുയരുന്ന കുളിരിലെന്‍ 
ആത്മാവു നിന്നിലലിയേണം 
ഒന്നിച്ചുചേര്‍ന്നുനാമങ്ങിനെയങ്ങിനെ
ഒന്നിച്ചൊരൊന്നായി മാറേണം. 

അറിയാതെയൊഴികിയ മിഴികള്‍ കൊണ്ട്‌ ഞാനാ കടലാസു തുണ്ടിനെ കുളിപ്പിച്ചു. പിന്നെയാ മണ്‍ക്കൂനയുടെ മുകളില്‍ വച്ചു. അതിന്റെ നാലു മൂലകളില്‍ ചെറുമണ്‍ക്കൂനകള്‍ കൊണ്ട്‌ കനം വച്ചു. പിന്നെയെന്റെ പാദുകങ്ങളൂരി കബറിന്റെ അരികെ വച്ചു. ഇനിയെനിക്കീ മണ്ണിലിതു വേണ്ട. എന്റെ താഹിറ അലിഞ്ഞു ചേര്‍ന്ന ഈ മണ്ണില്‍, നഗ്നപാദങ്ങളോടെ നടക്കാനാണിഷ്ടം. ഇനിയെനിക്ക്‌ വേഗം സഞ്ചരിക്കേണ്ടതുണ്ട്‌. അതിവേഗമെന്റെ വഴിയിലെന്നെയും കാത്തിരിക്കുന്ന മരണത്തെ തേടിക്കണ്ടെത്തേണ്ടതുണ്ട്‌. ഇനിയെന്റെ ജീവിതത്തിലെ എറ്റവും സുന്ദരമായ നിമിഷം അതു മാത്രമായിരിക്കും. അത്‌ മാത്രം. 

വഴി രണ്ടായി പിരിയുകയാണ്‌. വിജനമായൊരു വഴി. നിഴലോ നിലാവോ നീര്‍ചാലുകളോ ഇല്ലാത്ത, ഏകാന്ത പഥികന്റെ വഴി. വഴിവിളക്കുകളെന്നേയണഞ്ഞ നിര്‍ജീവമായ വഴി. പിന്നെയുള്ളത്‌ മൂന്ന്‌ വൃദ്ധജനങ്ങളുടെ മന്ദിരങ്ങള്‍ക്കടുത്ത്‌ കൂടിയുള്ള പ്രാണന്റെ വഴിയാണ്‌. അഗ്നിപര്‍വതം നക്കിത്തിന്ന കാനനത്തിന്റെ കണ്ണീര്‍ ചാരത്തില്‍ നിന്ന്‌, പിന്നെയും മുളക്കുന്ന നാമ്പു പോലെ ഈ വഴിയില്‍ ജീവിതത്തിന്റെ പൂരണങ്ങളുണ്ട്‌. വിരഹത്തിന്റെ തീജ്വാലയില്‍ ചുട്ടു നീറി നില്‍ക്കുന്ന മൃത്യുവിനെ പുണര്‍ന്നാശ്വസിപ്പിക്കാന്‍ ഞാനിനി ഏതു വഴി സഞ്ചരിക്കണം? ഒരു വേള ഞാനൊന്നാലോചിച്ചു. പിന്നെയെന്റെ നഗ്നപാദങ്ങള്‍ നനയ്ക്കുന്ന വീഥിയിലൂടെ, ചിതാഗ്നിയുടെ ശേഷിപ്പുകള്‍ മിഴിവാര്‍ത്തു നില്‍ക്കുന്ന വീഥിയിലൂടെ, ചുവന്ന സൂര്യനഭിമുഖമായി അതിവേഗം നടന്നു തുടങ്ങി. 

** ശുഭം **


17 comments:

 1. പ്രിയരേ, ഒരുപാട് നാളുകൾക്ക് ശേഷമാണ് ഒരു കഥ പോസ്റ്റ്‌ ചെയ്യുന്നത്.. വ്യക്തമായ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്...

  ReplyDelete
 2. ഏറെ നാളുകളായെങ്കിലും അതിന്റെ ഒരു കുറവ് അത്രത്തോളമൊന്നും എഴുത്തിൽ പ്രതിഫലിച്ചു കാണുന്നില്ല എന്നതിനാൽ തന്നെ തിരിച്ച് വരവിൽ ഭയം വേണ്ട, നന്നായെഴുതിയിരിക്കുന്നു, ഭാഷയും ശൈലിയും എന്നെ സംബന്ധിച്ചിടത്തോളം വല്ലാത്ത ഒരു സുഖമായി അനുഭവപ്പെട്ടിരുന്നു. അസ്തമനത്തിന് നേരെയുള്ള നടത്തിൽ ഒപ്പം നടക്കുന്നു.. #BacktoBlog ആശംസകൾ...!!

  ReplyDelete
 3. "ഭൂതവും വര്‍ത്തമാനവും നെടുവീര്‍പ്പായി ചൂളം വിളിച്ചെത്തും. ചിലര്‍ക്ക്‌ നെടുവീര്‍പ്പൊരാശ്വാസമാണ്‌. അതവരുടെ ഉള്ളില്‍ തിങ്ങിവിങ്ങി നില്‍ക്കുന്ന സങ്കടങ്ങളെ പുറത്തേക്കു തള്ളും. ചിലര്‍ക്കത്‌ പ്രഷര്‍ കുക്കറിന്റെ ചൂളം വിളി പോലെയാണ്‌. ഉള്ളിലെ ചൂടൊട്ടും കുറക്കാനാവാത്ത നോവിന്റെ അമര്‍ത്തിയ നിലവിളി മാത്രം. സദാ നെഞ്ചിലെരിയുന്ന ചൂളയില്‍ ഹൃദയവും കരളും വെന്തു കൊണ്ടേയിരിക്കും". കൊതിച്ചത് കിട്ടാത്ത നിര്‍ഭാഗ്യവാന്മാര്‍.വിധിയുടെ ബലിമൃഗങ്ങളായി കുറ്റിയില്‍ കിടന്ന് നട്ടംതിരിയുന്നവര്‍...
  പരത്തിപ്പറഞ്ഞില്ലെങ്കിലും വേദനയനുഭവിക്കുന്നവരുടെ ഉള്ളറകളിലേക്ക്‌ കടന്നുചെല്ലാന്‍ അനുവാചകന് കഴിയുന്നു എന്നാണ് കഥ വായിച്ചുതീര്‍ന്നപ്പോള്‍ എനിക്ക് തോന്നിയത്...
  ആശംസകള്‍

  ReplyDelete
 4. എല്ലാവര്‍ക്കും അവരവരുടെ ദുഃഖം വലുതെന്നു മാത്രമല്ല, പ്രിയപ്പെട്ടതു കൂടിയാണ്‌. !!!!!!!!!!!!!!

  ReplyDelete
 5. സ്നേഹത്തിന്റെയും ജീവിതത്തിന്റെയും സഞ്ചാരപഥങ്ങൾ സങ്കൽപ്പങ്ങളേക്കാൾ എത്ര വിചിത്രമാണ്. ഈ കഥ അത്തരം ഒരു ഓർമപ്പെടുത്തലാണ്. നന്നായിരിക്കുന്നു.

  ReplyDelete
 6. വഴി രണ്ടായി പിരിയുകയാണ്‌. വിജനമായൊരു വഴി. നിഴലോ നിലാവോ നീര്‍ചാലുകളോ ഇല്ലാത്ത, ഏകാന്ത പഥികന്റെ വഴി. വഴിവിളക്കുകളെന്നേയണഞ്ഞ നിര്‍ജീവമായ വഴി. പിന്നെയുള്ളത്‌ മൂന്ന്‌ വൃദ്ധജനങ്ങളുടെ മന്ദിരങ്ങള്‍ക്കടുത്ത്‌ കൂടിയുള്ള പ്രാണന്റെ വഴിയാണ്‌. അഗ്നിപര്‍വതം നക്കിത്തിന്ന കാനനത്തിന്റെ കണ്ണീര്‍ ചാരത്തില്‍ നിന്ന്‌, പിന്നെയും മുളക്കുന്ന നാമ്പു പോലെ ഈ വഴിയില്‍ ജീവിതത്തിന്റെ പൂരണങ്ങളുണ്ട്‌. വിരഹത്തിന്റെ തീജ്വാലയില്‍ ചുട്ടു നീറി നില്‍ക്കുന്ന മൃത്യുവിനെ പുണര്‍ന്നാശ്വസിപ്പിക്കാന്‍ ഞാനിനി ഏതു വഴി സഞ്ചരിക്കണം? ഒരു വേള ഞാനൊന്നാലോചിച്ചു. പിന്നെയെന്റെ നഗ്നപാദങ്ങള്‍ നനയ്ക്കുന്ന വീഥിയിലൂടെ, ചിതാഗ്നിയുടെ ശേഷിപ്പുകള്‍ മിഴിവാര്‍ത്തു നില്‍ക്കുന്ന വീഥിയിലൂടെ, ചുവന്ന സൂര്യനഭിമുഖമായി അതിവേഗം നടന്നു തുടങ്ങി.

  ദു:ഖം പേറിയുള്ള ഒരു ദുരിതയാത്ര....

  ReplyDelete
 7. വിരഹാര്‍ദ്രമായ മനസ്സിന്‍റെ, ദുരന്തപൂര്‍ണ്ണമായ ജീവിതത്തിന്റെ ഹൃദ്യമായ ആവിഷ്കാരം..

  ReplyDelete
 8. കണക്കുകൂട്ടലുകൾക്കപ്പുറത്ത് ജീവിതം കരുതിവെച്ചത് ഏറ്റെടുക്കാനും എഴുതിക്കഴിഞ്ഞ തിരക്കഥകൾക്കൊത്ത് ആടാനും വിധിക്കപ്പെട്ട ജീവിതങ്ങളെ അടയാളപ്പെടുത്തുന്ന കഥനം. ഭാഷയും ശൈലിയും ഭാവോന്മീലനസമർത്ഥമായിരിക്കുന്നു. ആശംസകൾ.

  ReplyDelete
 9. ബന്ധങ്ങള്‍ അലിഞ്ഞു ചേര്‍ന്ന ഈ മണ്ണില്‍, നഗ്നപാദങ്ങളോടെ നടക്കാന്‍ആണ് എനിക്കും ഇഷ്ടം. ആശംസകള്‍.

  ReplyDelete
 10. വളരെ നാളുകൾക്കു ശേഷം ബ്ലോഗ്‌ പോസ്റ്റ്‌
  വായിക്കുന്നതിന്റെ സുഖം...

  കഥ നന്നായി അബൂത്തി....

  പലരുടെയും ജീവിതം ഇങ്ങനെയാണ്..മറ്റുള്ളവർക്ക്
  വിശദീകരണം കൊടുക്കാനോ തന്നെത്താൻ മനസ്സിലാക്കാനോ
  പറ്റാത്ത ചില അവസരങ്ങൾ...കഥാ പാത്രങ്ങൾ മനസ്സിലൂടെ
  വ്യക്തം ആയി അനുഭവങ്ങൾ പങ്കു വെച്ചു കടന്നു പോയി.
  എന്നാലും വേദനകൾ വാക്കുകൾ ആക്കിയപ്പോൾ കഥ
  അല്പം നീണ്ടു പോയത് പോലെ...അല്ലെങ്കിൽ തന്നെ
  കത്തുന്ന വേദനകൾക്ക് കുത്ത് ഇടാൻ കഥാ കൃത്തിനു
  എളുപ്പമല്ലല്ലോ....ആശംസകൾ

  ReplyDelete
 11. തിരിച്ച് വരവ് അസ്സലായി, ഇനിയും എഴുതുക...എല്ലാവിധ ആശംസകളും നേരുന്നു

  ReplyDelete
 12. കഥ നന്നായി. ഇടക്കൊന്നിഴഞ്ഞ പോലെ തോന്നി. എങ്കിലും കഥ അവസാനിപ്പിച്ച രീതി ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ

  ReplyDelete
 13. നല്ല ആവിഷ്കാരം ഏറെ
  ഇഷ്ടമായി... ആശംസകൾ.

  ReplyDelete
 14. നല്ല കഥ. ഇഷ്ടപ്പെട്ടു.

  ReplyDelete
 15. കഥ എഴുത്ത് തുടരുക ധൈര്യമായി

  ReplyDelete
 16. അയത്ന ലളിത ശൈലി.അതീവ ഹൃദ്യമായ അവതരണം.ദുഃഖം ഒരു സ്വകാര്യ അഹങ്കാരമാണ് എന്ന് തോന്നിപ്പിക്കുന്ന കഥ. എഡിറ്റ്‌ ചെയ്തു നീളം കുറച്ചാല്‍ കുറേക്കൂടി വായനാസുഖം കിട്ടും. ഇതെന്റെ മാത്രം അഭിപ്രായമാണ് കേട്ടോ.

  ReplyDelete
 17. കഥ നന്നായി കേട്ടോ നമുക്ക് ചുറ്റും സംഭവിച്ചു കൊണ്ടിരിക്കുന്നതോ നമ്മുടെ തന്നെയോ ജീവിതം എഴുതിവെച്ചതെന്നോചിലപ്പോളൊക്കെ തോന്നിപ്പോയി, കാലം ചിലതൊക്കെ കാട്ടി കൊതിപ്പിക്കും വല്ലാതെ ചിലപ്പോ നമുക്കായിതരും പറയാതെ തിരിച്ചും എടുക്കും ജിവിതം അങ്ങനല്ലേ

  ReplyDelete