Wednesday, October 17, 2018

എൻറെ പ്രണയം




നിനക്കു ഞാനെൻറെ പ്രണയം മുഴുവൻ തരാം!
മറ്റാർക്കുമിന്നോളം നൽകാത്തതെല്ലാം തരാം!
എൻറെ പ്രണയം; അഗ്നിപോൽ പരിശുദ്ധമാണ്!
കനൽ ചൂടും, പുലരിയുടെ കുളിരുമുണ്ടതിന്!
എനിക്കറിയാം! ഒരു സൽകിനാവിനെ പോലെ;
അതെന്നുമെന്നും നിന്നെ കൊതിപ്പിക്കുമെന്ന്!

പക്ഷെ; നിനക്കത് മുഴുവനും നുകരുവാനാവുമോ?
നീയത്ഭുതം കൂറുന്നു! എങ്ങിനെയതിനാവില്ലെന്ന്! 
ഞാൻ പറയാം! നിനക്കതിന് കുറുക്കു വഴികളില്ല! 
എൻറെ പ്രണയത്തിലേക്ക് ചേർന്നിരിക്കുമ്പോൾ;
അഗ്നിയിലേക്ക് പറക്കുന്ന ഒരീയലായി നീ മാറും!
ചിറകുകൾ കരിഞ്ഞു നീയെന്നിലേയ്ക്ക് വീഴും! 
എന്നിലലിഞ്ഞു ചേർന്നഭയം തേടേണ്ടി വരും!
ഞാനെന്ന പൂവിനു മണമായി മാറേണ്ടി വരും!
വരണ്ടു വിണ്ടൊരെൻ ഹൃത്തടത്തിലേക്ക് നീ; 
പുനർജീവനേകുന്ന വർഷമായുതിരേണ്ടി വരും!

നോക്കൂ; ഈ വഴിയിവിടെ രണ്ടായി പിരിയിയുന്നു!
നനഞ്ഞ പാതയോരങ്ങളിൽ പൂത്ത പൂവരശുകൾ! 
ആ ശിഖരങ്ങളിൽ പഞ്ചമം പാടുന്ന കോകിലങ്ങൾ! 
തരളമൃദുലമാം പാദങ്ങൾക്ക് പൂക്കൾ പരവതാനിയും!
ഇത് നിൻറെ പാത! നിനക്കേകയായിതിലെ പോകാം!

നീയീ വിജനമായ പാത കണ്ടോ? നീണ്ടുമെലിഞ്ഞ പാത?
അഗ്നിശിലകൾ പാകിയ, വരണ്ട തീരങ്ങളിലൂടെയുള്ളത്? 
തണലുകൾ പോലുമാരോ കട്ടെടുത്തതിൽ പിന്നെ
ഇലകൾ പൊഴിച്ച മരങ്ങൾ അതിരിട്ടു നിൽക്കുന്ന പാത? 
പാട്ടിൻറെ പേടകങ്ങൾ കാട്ടാളന്മാരാൽ നെഞ്ചിൽ നിന്ന- 
ടർത്തിയതിൽ പിന്നെ; ജീവനറ്റ കിളികൾ വീണ പാത? 
നീ കൂടെയില്ലെന്നാൽ ഞാനതിലെയാണ് നീങ്ങേണ്ടത്!

ഇത് രണ്ടുമല്ലാത്തൊരു വീഥിയുണ്ട് നമുക്കായി!
ഉടലാകെ കുളിരുമായെത്തുന്ന ഇണക്കിളികൾക്ക്
ചൂട് പങ്കുവെക്കാനുള്ള മഞ്ഞുകൂടാരങ്ങളുയരുന്ന 
സ്വപ്ന മേടയിലേക്കുള്ള പാത! നമുക്കുള്ള പാത!
ഒറ്റയ്ക്ക് പോവാനാവാത്ത സോപാനത്തിനപ്പുറം;
രമ്യഹർമത്തിലെ സൗപര്ണികയിലേക്കുള്ള പാത!
പരസ്പരം മേഘങ്ങളാവാൻ കൊതിക്കുമ്പോൾ 
നമ്മൾ വെട്ടിത്തെളിച്ചുണ്ടാക്കേണ്ടതാണാ പാത!

പ്രണയത്താൽ മാത്രം കാമനയുടെ പീലിയാട്ടുന്ന 
എൻറെ മനസ്സിവിടെ കാതോർത്തിരിക്കുകയാണ്. 
ഇതിലേത് വീഥിയാണ് നിനക്ക് ഇഷ്ടമെന്നറിയാൻ.
ധൃതിയില്ല! തപമിരിക്കുമൊരു ശിലയാണ് ഞാൻ. 
ജന്മങ്ങളെത്രയോയായി നോമ്പ് നോറ്റൊരു ശില!

* ശുഭം *

1 comment:

  1. പ്രണയത്താൽ മാത്രം കാമനയുടെ പീലിയാട്ടുന്ന
    എൻറെ മനസ്സിവിടെ കാതോർത്തിരിക്കുകയാണ്.
    ഇതിലേത് വീഥിയാണ് നിനക്ക് ഇഷ്ടമെന്നറിയാൻ.
    ധൃതിയില്ല! തപമിരിക്കുമൊരു ശിലയാണ് ഞാൻ.
    ജന്മങ്ങളെത്രയോയായി നോമ്പ് നോറ്റൊരു ശില...!

    ReplyDelete