Wednesday, November 14, 2018

വിയോഗിയുടെ ദാഹം



നീറിപ്പൊടിഞ്ഞു തുളുമ്പുന്ന കണ്ണുകൾ,
നിൻ വിരൽ തുമ്പ് കൊതിച്ചു.
നീറിപ്പടർന്നു പൊരിയുന്ന മോഹങ്ങൾ
നിന്നെ തലോടാൻ കൊതിച്ചു.
നിനവിലും കനവിലും നീറുന്ന നിശ്വാസം
നിന്നോട് ചേരാൻ കൊതിച്ചു.

എത്ര നനഞ്ഞാലും കുളിരാത്തയുഷ്ണങ്ങൾ
നിൻ സ്നേഹവര്ഷം കൊതിച്ചു.
എത്ര പുതച്ചാലുമടരാത്ത കുളിരുകൾ
നിൻ മാറിൻ താപം കൊതിച്ചു.
മഴയായി മഞ്ഞായി തണലായി മാറും
നിൻ സ്നേഹമോർത്തു കൊതിച്ചു!

ഊഷര ഭൂമിയിലുരുകുന്നയുള്ളം
നിന്നിഴൽ കുളിര് കൊതിച്ചു.
ഉർവ്വരം തേടി മടങ്ങുന്ന സ്വപ്നങ്ങൾ
നിൻ മടിത്തട്ട് കൊതിച്ചു.
നിദ്രാഭംഗത്തിൻ നിശ്ശബ്ദയാമങ്ങൾ
നെടുവീർപ്പിൻ ചൂളം വിളിച്ചു.

വിരഹമീ സാഗരം നീന്തിക്കടന്നു ഞാ-
നൊരുനാളിൽ നിൻ ചാരെയെത്തും.
അന്നോളമെന്നുടെയീമിഴിക്കോണിൽ
ഒരു വിരഹാർദ്രനക്ഷത്രം തിളങ്ങും
മെല്ലെയിഴയുമീ സമയത്തിനോടന്നോളം
എന്നാത്മദാഹം കലഹിച്ചിടും!

* ശുഭം *
-- ചിത്രത്തിന് കടപ്പാട്, പേരറിയാത്ത ചിത്രകാരനോട്...

5 comments:

  1. വിയോഗിക്ക് നിയോഗം ഉണ്ടാകട്ടെ...........എത്രയും വേഗം...

    ReplyDelete
  2. നല്ല വരികൾ
    ആശംസകൾ

    ReplyDelete