Monday, March 4, 2024

ശിലാശില്പം

 




ഹൃദയം നിനക്കായി പാടിയ കാലത്ത്, 
നീയെൻറെയരികിലില്ലായിരുന്നു!
മിഴികൾ നിന്നെ തേടിയലഞ്ഞപ്പോൾ, 
നീ കാണാത്ത ദൂരത്തിലായിരുന്നു!
നീയെന്ന ജീവൻറെ ധന്യത തേടി ഞാൻ,
വിരഹമാം മരുവെത്ര താണ്ടി!

ഇന്നിതാ നീയെന്നരികിലുണ്ടെങ്കിലും  
ഈ മൗനത്തിൽ നാം മുങ്ങിപ്പോയിടുന്നോ?    
ഒരു നൂറു നാവുള്ള മോഹത്തിൻ പൂങ്കുയിൽ 
പാടുന്നുണ്ടിന്നുമെൻ പ്രണയം.
എന്നിട്ടുമിന്നുമെൻ മൗനത്തെ മാത്രം 
നീ സാകൂതം കേൾക്കുകയാണോ?

ഒന്നും കേൾക്കാതെ ഒന്നും പറയാതെ 
നീയൊരു ശില്പമായ് തീർന്നതെന്തേ?
ഇനിയേതു മൃതസഞ്ജീവനി ഞാൻ 
തേടേണ്ടതുണ്ട് നിൻ  പുതുജീവനായ്?
ഒരു ചിരിതരുമോ നീയെനിക്കിന്നൊരു 
വസന്തത്തെ പരിപൂർണ്ണമാക്കിടുവാൻ! 
ഒരു മൊഴിതരുമോ നീയെനിക്കിന്നൊരു 
സ്വപ്നത്തെയെന്നിൽ വരച്ചിടുവാൻ!

പവനലീലയാൽ തരളിതയായൊരു 
പനിനീർകുസുമമായ് ഉണരുകില്ലേ?
വാരിജപൂമിഴി തുറക്കുകില്ലേ 
ഒരുവട്ടമെങ്കിലും നീയെന്ന നോക്കുകില്ലേ?
അന്നോളമീയാത്മ ദാഹമാം തോണിയിൽ 
അനുപധമാം നിൻ സമ്മതം തേടി 
കാത്തിരിപ്പാമീ കടലലയിൽ ഞാൻ 
ഈ പ്രേമഗാനവും മൂളിത്തുഴഞ്ഞോളാം!

അബൂതി ❤️