Showing posts with label ഇസ്ലാമിക ചരിത്രം. Show all posts
Showing posts with label ഇസ്ലാമിക ചരിത്രം. Show all posts

Saturday, August 28, 2021

ഫക്കീറിൻറെ ഒട്ടകം!


 



ഖലീഫാ ഉമറിൻറെ മുൻപിലൊരു ദിവസം മൂന്ന് ചെറുബാല്യക്കാരായ കുട്ടികൾ ഒരാളെ ഹാജരാക്കി. ആ കുട്ടികളുടെ മുഖം കണ്ണീരിൽ കുതിർന്നിരുന്നു. അവർ വളരെ വിഷമത്തോടെ ഖലീഫയോട് ആവലാതി പറഞ്ഞു.


"സത്യവിശ്വാസകികളുടെ നേതാവേ. ഈ മനുഷ്യൻ ഞങ്ങളുടെ പിതാവിനെ വധിച്ചിരുന്നു. ഞങ്ങൾക്ക് അങ്ങ് നീതി നടപ്പിലാക്കിത്തരണം."


ആ മനുഷ്യൻ ആകെ പരവശനായ നിലയിലായിരുന്നു. മുഖമാകെ സങ്കടം നിറഞ്ഞിരുന്നു. ഒരു കൊലപാതകിയുടെ മുഖത്തിന് ഒട്ടും ചേരാത്ത ഭാവം. ഖലീഫാ ഉമർ അദ്ദേഹത്തോട് ചോദിച്ചു.


"എന്താണ് നിൻറെ കഥ?"


അയാൾ പറഞ്ഞു. "ഞാനൊരു ഫക്കീറാണ്. ദൂരദേശത്താണെൻറെ വീട്. എനിക്കാകെയുള്ള സമ്പാദ്യം ഒരു ഒട്ടകമാണ്. അതിൻറെ പുറത്തേറി, ജീവിതോപാധി തേടി, ദൂരദേശങ്ങളിലൂടെ സഞ്ചരിക്കുന്നൊരു സഞ്ചാരിയാണ് ഞാൻ. ഒരു യാത്രയ്ക്ക് ശേഷം, വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ക്ഷീണം മാറ്റാനായി വഴിയിലൊരു തോട്ടത്തിൻറെ അരികിൽ വിശ്രമിക്കവേ ഉറങ്ങിപ്പോയി. ആ സമയം എൻറെ ഒട്ടകം, അടുത്തുള്ള തോട്ടത്തിലേക്ക് കയറി വിളകൾ തിന്നു പോയി. അത് കണ്ടപ്പോൾ തോട്ടക്കാരൻ അതിനെ അടിച്ചോടിക്കാൻ ശ്രമിച്ചു. നിർഭാഗ്യവശാൽ മർമ്മഭാഗത്ത് അടികൊണ്ട ഒട്ടകം ചത്തുപോയി. ആ മനുഷ്യൻ ആ വിവരം എന്നോട് വന്നു പറഞ്ഞപ്പോൾ, അപ്പോഴത്തെ ദേഷ്യത്തിന് ഞാൻ അയാളെ അടിച്ചു. എൻറെ കഷ്ടമേ!! അയാൾ മരിച്ചു പോയി. ആരും അത് കണ്ടവരില്ല. ആരെങ്കിലും അറിയുന്നതിൻറെ മുൻപേ ഓടിരക്ഷപ്പെട്ടാലോ എന്ന് ഞാൻ കരുതി. അപ്പോഴാണ് എല്ലാമറിയുന്ന പടച്ച തമ്പുരാനെ ഓർത്തത്. അവനിൽ നിന്നും ഞാൻ എവിടേക്കാണ് ഓടിയൊളിക്കുക? അവസാനം ഞാൻ ആ മനുഷ്യൻറെ മക്കളോട് വിവരങ്ങൾ പറഞ്ഞു. അവർ നിയമം നടപ്പിലാക്കാനായി എന്നെ അങ്ങയുടെ മുൻപിൽ കൊണ്ട് വരികയും ചെയ്തു."


ഉമർ: "നിങ്ങൾക്ക് വധശിക്ഷയാണ് ലഭിക്കുക എന്നറിയില്ലേ?" 


അയാൾ: "അറിയാം"


ഉമർ കുട്ടികളോട്: "നിങ്ങൾ ഇയാളിൽ നിന്നും പ്രതിവിധിയായി വല്ലതും കൈപ്പറ്റിയോ കൈപറ്റാതെയോ ഇയാൾക്ക് ക്ഷമിച്ചു കൊടുക്കാൻ തയ്യാറുണ്ടോ? 


കുട്ടികൾ ഏകസ്വരത്തിൽ: "ഇല്ല. വൃദ്ധനും സാധുവുമായിരുന്ന ഞങ്ങളുടെ പിതാവിനെ വധിച്ചുകളഞ്ഞ ഇയാളോട് ക്ഷമിക്കുകയോ? ഒരിക്കലുമില്ല. ഞങ്ങളെ അനാഥകളാക്കിയ ഇയാൾക്ക് ശിക്ഷ ലഭിക്കുക തന്നെ വേണം. ഞങ്ങൾക്ക് നീതി വേണം."


ഉമർ: "അല്ലാഹുവിൻറെ ഗ്രന്ഥത്തിൽ നിന്നും, പ്രവാചകൻറെ ചര്യയിൽ നിന്നും, ഇയാൾക്ക് വധശിക്ഷ വിധിക്കുന്നു."


വധശിക്ഷയ്ക്കായി കൊണ്ട് പോകാനൊരുങ്ങവേ അയാൾ വിളിച്ചു പറഞ്ഞു. "സത്യവിശ്വാസികളുടെ നേതാവേ, എനിക്കൊരു അപേക്ഷയുണ്ട്."


എന്താണത് എന്നർത്ഥത്തിൽ ആളുകൾ അയാളെ നോക്കിനിൽക്കെ അയാൾ തുടർന്നു.


"എൻറെ വീട്ടിൽ, എൻറെ വരവും കാത്തിരിക്കുന്ന വൃദ്ധരായ മാതാപിതാക്കളുണ്ട്. പിഞ്ചുമക്കളുണ്ട്. സ്നേഹനിധിയായ ഭാര്യയുണ്ട്. അവർ ഈ വൃത്താന്തമൊന്നുമറിയാതെ എൻറെ വരവും കാത്ത് വഴിക്കണ്ണുമായി കാത്തിരിക്കുകയാവും. മാത്രമല്ല എനിക്ക് കുറച്ചു കടങ്ങളും ഉണ്ട്. എനിക്കൊരു മൂന്ന് ദിവസത്തെ സമയം തരണം. ഞാൻ പോയി, അവരെ കണ്ടൊന്ന് യാത്ര പറയട്ടെ. എൻറെ കടങ്ങളൊക്കെ വീട്ടട്ടെ. അവർക്കും എനിക്കും അതൊരു ആശ്വാസമാവുമല്ലോ?"


ആളുകൾ പരസ്പരം മുഖത്തോട് മുഖം നോക്കി. കൊലയാളിയായ ഒരാൾ! അയാൾ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്നു! അയാളെ വിട്ടയച്ചാൽ അയാൾ പിന്നെ മരിക്കാൻ വേണ്ടി മാത്രമായി തിരികെ വരുമോ? 


"നിങ്ങളെ എങ്ങിനെ വിട്ടയക്കും? നിങ്ങൾ തിരികെ വരുമെന്നുള്ളതിന് എന്താണുറപ്പ്? ആരെങ്കിലും നിങ്ങൾക്ക് വേണ്ടി ജാമ്യം നിൽക്കാനുണ്ടോ?" 


ഖലീഫാ ഉമർ ചോദിച്ചപ്പോൾ, അയാൾ നിരാശയോടെ പറഞ്ഞു. "ഞാൻ അറിയുന്ന, എന്നെ അറിയുന്ന ആരും ഇവിടെയില്ല." ആൾക്കൂട്ടത്തിലേക്ക് നോക്കി അയാൾ കേണു. "അനുഗ്രഹീതരെ, നിങ്ങളിൽ ആരെങ്കിലും എനിക്ക് വേണ്ടി ജാമ്യം നിൽക്കുമോ? തീർച്ചയായും ഞാൻ തിരികെ വരും."


ആൾക്കൂട്ടത്തിൽ നിന്നും മുറുമുറുപ്പുയർന്നു. വധശിക്ഷ വിധിച്ചൊരാൾക്കെങ്ങിനെ ജാമ്യം നിൽക്കും? അയാളെങ്ങാനും തിരികെ വന്നില്ലെങ്കിൽ പകരം ജാമ്യക്കാരൻ വധിക്കപ്പെടും. ആർക്കും അതിന് ധൈര്യമുണ്ടായില്ല. അയാൾ വീണ്ടും ജനങ്ങളിലേക്ക് നോക്കി കെഞ്ചി. അപ്പോൾ ഗിഫ്ഫാർ ഗോത്രത്തിൻറെ നേതാവായിരുന്ന അബൂദർറുൽ ഗിഫ്ഫാർ  മുന്നോട്ട് വന്നു.


"നിങ്ങൾ തിരികെ വരുമെന്നതിന് എന്താണുറപ്പ്? എനിക്കും നിങ്ങൾക്കുമിടയിൽ അങ്ങിനെ വല്ല ഉറപ്പുമുണ്ടോ?"


അയാൾ വിളിച്ചു പറഞ്ഞു. "സർവ്വേശ്വരനായ അല്ലാഹുവല്ലാതെ വേറെ ഒന്നുമില്ല"


അബൂദർറ് : "അത് മതി. ഞാൻ നിങ്ങൾക്ക് ജാമ്യമാണ്."


ആളുകൾ ആശ്‌ചര്യത്തോടെ ചോദിച്ചു.  "അബൂദർറ്... താങ്കൾ ശരിക്കും ആലോചിച്ചിട്ടാണോ?"


അബൂദർറ് : "ഇസ്‌ലാമിൻറെ മുൻപ്, അജ്ഞതയുടെ കാലത്ത്, ആരെങ്കിലും അല്ലാഹുവിനെ കൊണ്ട് സത്യം ചെയ്താൽ നമ്മൾ അംഗീകരിച്ചിരുന്നല്ലോ? പിന്നെയെന്തിനാണ് ഞാനിപ്പോൾ ഭയക്കുന്നത്? ഞാനുറപ്പിച്ചു കഴിഞ്ഞു. സത്യവിശ്വാസികളുടെ നേതാവേ, ഞാൻ ഇയാൾക്ക് വേണ്ടി ജാമ്യം നിൽക്കാം. ഇയാൾ സ്വന്തം കുടുംബത്തോട് യാത്രപറഞ്ഞ്, കടവും കടമയും വീട്ടി വരട്ടെ."


അയാൾ വിട്ടയക്കപ്പെട്ടു. അതിവേഗം അയാൾ അവരിൽ നിന്നും മറയുകയും ചെയ്തു. മരണപ്പെട്ട വൃദ്ധൻറെ മക്കൾ മദീനയിൽ അയാളെയും കാത്തിരുന്നു. മൂന്നാം ദിവസം. ഇന്നാണ് അയാൾ വരാമെന്ന് പറഞ്ഞത്. മരണശിക്ഷയേറ്റുവാങ്ങാൻ. അക്ഷമരായി ആ മക്കൾ കാത്തിരിക്കുകയാണ്. അബൂദർറും കാത്തിരിക്കുകയാണ്. പകൽ അവസാനിക്കാറായപ്പോൾ ആ മക്കൾ ഖലീഫയുടെ മുൻപിലെത്തി. 


"ഞങ്ങൾ ഞങ്ങളുടെ പിതാവിൻറെ ഘാതകനെ അങ്ങയുടെ മുൻപിൽ ഹാജറാക്കി. ഒരു ജാമ്യക്കാരനെ വിശ്വസിച്ച് അങ്ങ് അയാളെ വിട്ടയച്ചു. അയാൾ പറഞ്ഞ അവധി കഴിഞ്ഞല്ലോ? ഞങ്ങൾക്ക് നീതി വേണം."


"അബൂദർറ്, താങ്കൾക്കെന്താണ് പറയാനുള്ളത്?"


ഖലീഫയുടെ ചോദ്യത്തിന് ശാന്തനായിക്കൊണ്ട് അബൂദർറ് മറുപടി പറഞ്ഞു. "അസ്തമയം വരെ കാക്കണം. അയാൾ വന്നില്ലെങ്കിൽ, അയാൾക്ക് പകരം ആ വധശിക്ഷയ്ക്ക് ഞാൻ അർഹനാണ്."


അവർ കാത്തിരുന്നു. അസ്തമയമായി. ഇനി സമയമില്ല. അയാൾക്ക് പകരം ജാമ്യക്കാരൻ വധിക്കപ്പെടണം. അബൂദർറ് സ്വന്തം വിധി സ്വീകരിക്കാനൊരുങ്ങി. വധശിക്ഷയ്ക്ക് വേണ്ട തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കെ, ഖലീഫാ ഉമർ ദുഃഖിതനായിരുന്നു. ശ്രേഷ്ടനായ പ്രവാചകാനുയായിയാണ് അബൂദർറ്. ഒരു ഗോത്രത്തിൻ്റെ നേതാവാണ്. പൗരപ്രമുഖനാണ്. സർവ്വോപരി തൻറെ വലിയ സുഹൃത്തുമാണ്. എന്ത് ചെയ്യാം. നീതിയും നിയമവും നടപ്പാക്കുമ്പോൾ, സ്വന്തബന്ധങ്ങളോ ആളുകളുടെ സ്ഥാനമാനങ്ങളോ നോക്കാൻ പാടില്ലല്ലോ.


ആ മുഹൂർത്തമായി. നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ഇരുണ്ടു തുടങ്ങിയ തെരുവീഥിയിൽ കൂടി ഒരാൾ ഓടിവന്നുകൊണ്ട് വിളിച്ചു പറഞ്ഞു.


"ആ നിരപരാധിയെ വിട്ടയക്കണേ. അപരാധി ഇതാ വന്നിരിക്കുന്നു."


ആളുകൾ നോക്കിയപ്പോൾ അത്ഭുതപ്പെട്ടു. ഓടിക്കിതച്ച് പരവശനായി വന്നത് അയാളായിരുന്നു. അയാൾ അവർക്ക് മുൻപിലേക്ക് തളർന്നു വീണു. പ്രയാസപ്പെട്ടുക്കൊണ്ട് അയാൾ പറഞ്ഞു.


"നേരം വൈകിയതിന് ക്ഷമിക്കണം. വഴി വളരെ ഇടുങ്ങിയതായിരുന്നു. നീണ്ടതും. സമയത്തിനെത്താൻ വേണ്ടി ഞാൻ ഓടിവരികയായിരുന്നു. എന്നിട്ടും എനിക്കതിനായില്ല. എനിക്ക് പകരം ഇദ്ദേഹത്തെ ശിക്ഷിക്കുമോ എന്നായിരുന്നു ഞാൻ ഭയന്നത്. അല്ലാഹുവിന് സ്തുതി. നിങ്ങൾ അദ്ദേഹത്തെ വിട്ടേക്കൂ. ഞാൻ ഇതാ ഇവിടെയുണ്ടല്ലോ."


ആ മൂന്ന് കുട്ടികൾ കരഞ്ഞുകൊണ്ട് അയാളുടെ അരികിലേക്ക് വന്നു. "അല്ലാഹുവിനോടുള്ള കരാർ പാലിച്ച നിങ്ങളോട് ഞങ്ങൾ എങ്ങിനെയാണ് പ്രതികാരം ചെയ്യുക. അല്ലാഹു ഞങ്ങളുടെ പിതാവിനോട് കരുണ ചെയ്യട്ടെ. ഞങ്ങൾ നിങ്ങൾക്ക് വിട്ടുതന്നിരിക്കുന്നു. നിങ്ങൾക്ക് നിങ്ങളുടെ കുടുംബത്തിലേക്ക് തിരിച്ചു പോകാം."


ആ മുഹൂർത്തത്തിൽ അവിടെ പുഞ്ചിരികൾക്കല്ലാതെ വാക്കുകൾക്കെന്ത് സ്ഥാനം!


ശുഭം 

Wednesday, January 16, 2013

മീലാദുന്നബി! (നബിതങ്ങളുടെ ജനനം)


സംസം കിണറിന്റെ കാര്യത്തിലൊരു തര്‍ക്കമുണ്ടാവുകയും നാട്ടുപ്രമാണിമാരില്‍ ചിലര്‍ തന്നെ ഉപദ്രവിക്കാന്‍ വരികയും ചെയ്‌തപ്പോള്‍ തന്റെ ഏക പുത്രന്‍ ഹാരിസ്‌ അവരോട്‌ എതിരിടാന്‍ അശക്‌തനാണ്‌ എന്നു തിരിച്ചറിഞ്ഞ അബദുല്‍ മുഥ്വലിബിന്റെ മനസ്സുരുകി. കഅ്ബയുടെ നാഥാ, എനിക്ക്‌ പത്തു ആണ്‍മക്കളുണ്ടായാല്‍ അതില്‍ നിന്നൊരാളെ നിനക്കു ഞാന്‍ ബലിയായി നല്‍കാമെന്നദ്ദേഹം നേര്‍ച്ച നേര്‍ന്നു. ഓര്‍ക്കുക. ഇസ്ലാമിന്റെ മുമ്പുള്ള ഒരു കാലഘട്ടമായിരുന്നു അത്‌. പ്രവാചകതിരുമേനിയുടെ ജനനത്തിന്റെ മുന്‍പ്‌! 

ജാഹിലിയാ കാലഘട്ടം (അജ്ഞാന കാലഘട്ടം) എന്നറിയപ്പെട്ടിരുന്ന ചരിത്രത്തിന്റെ ഇരുണ്ട കാലഘട്ടം. തനിക്കൊരു പെണ്‍കുഞ്ഞു ജനിച്ചാല്‍ ആ കുഞ്ഞിനെ ജീവനോടെ മരുഭൂമിയില്‍ കുഴിച്ചു മൂടുന്നത്‌ അറബികള്‍ അന്തസായിക്കണ്ടിരുന്ന കാലഘട്ടം! ചന്തയില്‍ നിന്നും ലേലം കൊണ്ടുവരുന്ന സ്‌ത്രീ അടിമകളെ ഉടമകള്‍ നിര്‍ബന്ധപൂര്‍വ്വം വേശ്യാവൃത്തിക്ക്‌ വിധേയരാക്കിയിരുന്ന കാലഘട്ടം! തന്റെ പിതാവ്‌ മരണപ്പെടുമ്പോള്‍ തന്റെ മാതാവല്ലാത്ത പിതാവിന്റെ ഭാര്യമാരെ അനന്തര സ്വത്തു പോലെ ഏറ്റെടുത്ത്‌ ഭാര്യമാരാക്കിയിരുന്ന മക്കള്‍ ജീവിച്ചിരുന്ന കാലഘട്ടം! അത്തരം ഒരു കാലഘട്ടത്തിലായിരുന്നു അബ്ദുല്‍ മുഥ്വലിബിന്റെ ഈ നേര്‍ച്ച! കാലചക്ക്രം തിരിയവേ അദ്ദേഹത്തിന്‌ പത്ത്‌ ആണ്‍മക്കള്‍ തികഞ്ഞു. അദ്ദേഹം തന്റെ നേര്‍ച്ച നടത്തുവാന്‍ തീരുമാനിക്കുകയും ചെയ്‌തു!

പത്ത്‌ ആണ്‍മക്കളില്‍ നിന്നൊരാളെ നറുക്കെടുത്തപ്പോള്‍ ലഭിച്ചത്‌ അദേഹത്തിന്‌ ഏറ്റവും പ്രിയപ്പെട്ട പുത്രന്‍ അബ്ദുല്ലയുടെ നാമമായിരുന്നു! പക്ഷെ തന്റെ തീരുമാനവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ച അദ്ദേഹത്തെ പെണ്‍മക്കളും ബന്ധുക്കളും നാട്ടുപ്രമാണിമാരും തടഞ്ഞു. സ്വപുത്രനെ ബലി നല്‍കുന്നതില്‍ നിന്നും രക്ഷ നേടാന്‍ അബ്ദുല്ലയ്ക്കു പകരം പത്ത്‌ ഒട്ടകങ്ങളെ ബലി നല്‍കിയാല്‍ മതി എന്നൊരു അഭിപ്രായം അദ്ദേഹത്തോടാരൊ പറഞ്ഞു. ദൈവഹിതം എന്തെന്നറിയാന്‍ അദ്ദേഹം പത്ത്‌ ഒട്ടകങ്ങളുടെ പേരും അബ്ദുല്ലയുടെ പേരും നറുക്കിട്ടപ്പോള്‍ നറുക്കു വീണത്‌ പിന്നെയും അബ്ദുല്ലയ്ക്കായിരുന്നു. ആളുകള്‍ പിന്നെയും തടസം നിന്നു. പത്ത്‌ ഒട്ടകങ്ങളെ കൂടി അപ്പുറത്തു വച്ചു നറുക്കിട്ടു. നറുക്ക്‌ അബ്ദുല്ലയ്ക്കു തന്നെ. ഒട്ടകങ്ങളുടെ എണ്ണം പിന്നെയും പിന്നെയും കൂട്ടി. അങ്ങിനെ നൂറ്‌ ഒട്ടകങ്ങള്‍ തികഞ്ഞപ്പോള്‍ നറുക്ക്‌ ഒട്ടകങ്ങള്‍ക്കു വീണു. ഈ സംഭവം ഓര്‍ത്തു കൊണ്ട്‌ പില്‍ക്കാലത്ത്‌ പ്രവാചകന്‍ (സ്വ. അ.) ഇങ്ങിനെ പറയുകയുണ്ടായി. ഞാന്‍ രണ്ടു ബലികളുടെ സന്തതിയാകുന്നു. ഒന്നാമത്തെ ബലി അവിടുത്തെ പിതാമഹനായ ഇസ്മാഈലിന്റെ (അ. സ.) ബലി. രണ്ടാമത്തേതു സ്വപിതാവായ അബ്ദുല്ലയുടെ ബലി. 

അബ്ദുല്ലയ്ക്ക്‌ പതിനെട്ടു വയസ്സായപ്പോഴാണ്‌ അദ്ദേഹം വഹബിന്റെ പുത്രി ആമിനയെ വിവാഹം ചെയ്‌തത്‌. മധുവിധുവിന്റെ നാളുകളില്‍ തന്നെ ആമിന ഗര്‍ഭം ധരിക്കുകയും, ഗര്‍ഭം രണ്ടു മാസമായപ്പോഴേക്കും അബ്ദുള്ള ശാമിലേക്ക്‌ (ഇന്നത്തെ സിറിയ) കച്ചവടത്തിനായി പോവുകയും ചെയ്‌തു. ശാമില്‍ നിന്നും തിരിച്ചു മടങ്ങുമ്പോള്‍ യത്‌രിബ്‌ (ഇന്നത്തെ മദീനത്തുല്‍ മുനവ്വറ) എന്ന പട്ടണത്തിലെ തന്റെ അമ്മാവന്റെ വീട്‌ സന്ദര്‍ശിക്കവേ, അവിടെ വച്ച്‌ അസുഖബാധിതനായ അദ്ദേഹം ഒരു മാസം അസുമായി കിടക്കുകയും മരണപ്പെടുകയും ചെയ്‌തു. അദ്ദേഹത്തിന്റെ അസുവിവരമറിഞ്ഞു മക്കയില്‍ നിന്നും പുറപ്പെട്ടു വന്ന സഹോദരന്‍ അടുത്തെത്തുന്നതിന്റെ മുന്‍പേ അദ്ദേഹം മരണപ്പെട്ടിരുന്നു. 

തനിക്കു ജനിക്കാന്‍ പോകുന്ന പൈതലിനെ അനാഥനാക്കിക്കൊണ്ടൊരു മരണം. അതും വളരെ ചെറിയ പ്രായത്തില്‍ തന്നെ. നൂറു ഒട്ടകങ്ങള്‍ക്കു പകരം പരമകാരുണികനായ അല്ലാഹു ബലിയില്‍ നിന്നും അബ്ദുല്ലയെ രക്ഷിച്ചത്, താന്‍ ചുമന്നു കൊണ്ടിരിക്കുന്ന പ്രവാചകത്വത്തിന്റെ പ്രകാശമടങ്ങിയ ബീജം ആമിനയുടെ ഗര്‍ഭാശയത്തിലേക്കു നിക്ഷേപിക്കുക എന്ന ദൌത്യത്തിനു വേണ്ടി മാത്രമായിരിക്കുമോ? അല്ലാഹു അഅ്‌ലം. അവന്‍ താന്‍ ഉദ്ധ്യേശിച്ചത്‌ ചെയ്യുന്നു!

മക്കയില്‍ പ്രിയഭര്‍ത്താവിനെ കാത്തിരുന്ന ആമിന കേള്‍ക്കുന്നത്‌ പ്രിയതമന്റെ മരണ വാര്‍ത്തയാണ്‌. ആ കാതുകളില്‍ ചൊല്ലുവാനായി എന്തെന്തു കുസൃതികള്‍ ആമിന തന്റെ ഹൃദയത്തില്‍ സൂക്ഷിച്ചു വച്ചിട്ടുണ്ടാവണം! ആ തരുണിയുടെ കണ്ണുകള്‍ കര്‍ക്കിടക മാസത്തെ കാര്‍മേഘങ്ങള്‍ പോലെ പെയ്‌ത ദിനമായിരുന്നു അത്‌. പിന്നീടങ്ങോട്ട്‌ വിങ്ങലും വിതുമ്പലുമായി അവര്‍ ദിനങ്ങളെണ്ണിത്തീര്‍ത്തു. തന്റെ ഗര്‍ഭാശയത്തില്‍ വളരുന്ന മുമൊന്നു കാണാന്‍ കൊതിച്ച്‌, അവള്‍ കാത്തിരുന്നു. ഓരോരോ സ്വപ്നങ്ങളും ഒരു ഓമനമുത്തെ കുറിച്ചു മാത്രമായി. 

അങ്ങിനെ ആ സുദിനമെത്തി. ആനക്കലഹം (ആനകളടങ്ങിയ ഒരു സൈന്യം വിശുദ്ധ കഅ്ബ പൊളിക്കാന്‍ വന്ന സംഭവം) കഴിഞ്ഞിട്ട്‌ അന്‍പതോ അന്‍പത്തി അഞ്ചോ ദിവസങ്ങളെ കഴിഞ്ഞുള്ളൂ. റബിയ്യുല്‍ അവ്വല്‍ മാസം ഒന്‍പതോ അല്ലെങ്കില്‍ പന്ത്രണ്ടോ ആയിരുന്നു അത്‌. തിങ്കളാഴിച്ച ദിവസം. അന്ന്‌ പ്രഭാതത്തോടടുത്ത സമയം, ആമിനാ ബീവി ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചു. ആ കുഞ്ഞിന്റെ പേരാണ്‌ മുഹമ്മദ്‌ മുസ്ഥ്വഫാ (സ്വല്ലല്ലാഹു അലൈഹി വസല്ലം). ആ കുഞ്ഞാണ്‌ തൊഴിലാളിയുടെ നെറ്റിയിലെ വിയര്‍പ്പാറുന്നതിന്റെ മുന്‍പേ അവന്റെ കൂലി കൊടുക്കാന്‍ മുതലാളിമാരോട്‌ കല്‍പ്പിച്ചത്‌. തണ്റ്റെ അയല്‍വാസിയുടെ പട്ടിണിക്കു പരിഹാരം കാണാന്‍ മനുഷ്യരോട്‌ പറഞ്ഞത്‌. ഉള്ളവന്റെ സ്വത്തില്‍ ഇല്ലാത്തവന്‌ അവകാശമുണ്ടെന്ന്‌ വിധിച്ചത്‌. കറുത്തവനും വെളുത്തവനും തമ്മില്‍ , അറബിയും അനറബിയും തമ്മില്‍ നന്‍മ കൊണ്ടല്ലാതെ യാതൊരു വിത്യാസവും ഇല്ല എന്നു പ്രഖ്യാപിച്ചതു. ആ കുഞ്ഞാണ്‌ പില്‍ക്കാലത്ത്‌ നിങ്ങളില്‍ ഒരാള്‍ ചെയ്യുന്ന തെറ്റ്‌, സ്വന്തം ആള്‍ എന്ന നിലയില്‍ നിങ്ങള്‍ ന്യായീകരിക്കുന്നതാണ്‌ വര്‍ഗീയത എന്നു പറഞ്ഞു കൊണ്ട്‌ എന്താണ്‌ വര്‍ഗീയത എന്നു ലോകത്തെ പഠിപ്പിച്ചത്‌. ആ കുഞ്ഞാണ്‌, ഈ ലോകത്ത്‌ ഏറ്റവും അധികം സ്നേഹിക്കപ്പെടുന്ന വ്യക്‌തിത്വം. കാരണം; പരിശുദ്ധനായ അല്ലാഹു അവന്റെ ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നു. ((സകല ലോകങ്ങള്‍ക്കും അനുഗ്രഹമായിട്ടല്ലാതെ, നബിയേ; അങ്ങയെ ഞാന്‍ അയച്ചിട്ടില്ല)) അതെ! ആ കുഞ്ഞാണ്‌ കോടിക്കണക്കിനു വരുന്ന മുസ്ലിമിന്റെ ചങ്കിലെ ചോരയും ജീവന്റെ തുടിപ്പും കണ്ണിന്റെ ദാഹവും. 

ഇസ്ലാമിനു മുന്‍പ്‌ അറബികള്‍ ഒരു ഏകീകൃത കലണ്ടര്‍ സംവിധാനം ഉപയോഗിച്ചിരുന്നില്ല. നാട്ടില്‍ നടക്കുന്ന പ്രധാന സംഭവങ്ങളുമായി ബന്ധപ്പെടുത്തിയാണ്‌ അവര്‍ കാര്യങ്ങളെ രേഖപ്പെടുത്തി വച്ചിരുന്നത്‌. അതു കൊണ്ടു തന്നെ പ്രവാചകന്റെ ജന്‍മദിനം ചരിത്രകാരന്‍മാരില്‍ ചില ആശയകുഴപ്പങ്ങള്‍ക്കു കാരണമായി. എങ്കിലും ചരിത്രം അത്‌ രേപ്പെടുത്തി വച്ചിരിക്കുന്നു. പ്രവാചകന്റെ ജനനവും ജീവിതവും ഒരു മിഥ്യായോ അനുമാനമോ ഐതീഹ്യമോ അല്ല. പകരം ചരിത്രത്തിന്റെ താളുകളില്‍ വജ്രശോഭയോടെ രേപ്പെടുത്തപ്പെട്ടിരിക്കുന്ന സത്യങ്ങളാകുന്നു. പ്രവാചക വിരോധികള്‍ എത്ര തന്നെ ശ്രമിച്ചാലും, പ്രവാചകന്‍ കൊളുത്തു വച്ച മഹത്തായ ആ പ്രകാശം മാനവചരിത്രത്തിന്റെ മഹാനഭസ്സില്‍ സഹസ്ര സൂര്യശോഭയോടെ പ്രകാശം പരത്തിക്കൊണ്ടേ ഇരിക്കും. അതില്‍ യാതൊരു സംശയവും ഇല്ല. 

പ്രവാചകന്റെ ജന്‍മദിനത്തില്‍ സന്തോഷിക്കുന്നവരും, ആഘോഷിക്കുന്നവരും, ഒരു വികാരവുമില്ലാത്ത ആളുകളും ഇന്ന്‌ ഇസ്ലാമിക ലോകത്തുണ്ട്‌. ഹബീബായ റസൂലിന്റെ ജനനം ഒരു മുസ്ലിം എന്നുള്ള നിലയില്‍ എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന ഒന്നാണ്‌. ആ ഓര്‍മകള്‍ എന്നെ കാറ്റ്‌ മേഘങ്ങളെ തണുപ്പിക്കുന്നതു പോലെ തണുപ്പിക്കുന്നു. ആ ദിവസം ഈ പ്രകൃതി വിളംബരം ചെയ്‌ത അടയാളങ്ങള്‍ ഇസ്ലാമിക ചരിത്ര ഗ്രന്ഥങ്ങള്‍ സുവര്‍ണ ലിപികളാല്‍ രേപ്പെടുത്തപ്പെട്ടിരിക്കുന്നു. അതു നിഷേധിക്കാന്‍ ഞാനൊരു യുക്‌തിവാദിയല്ല. അവയെ കുറിച്ചെഴുതാതെ എനിക്കീ എഴുത്ത്‌ നിര്‍ത്താനുമാവില്ല! മുഹമ്മദ്‌ നബി (സ്വ. അ.) തങ്ങളുടെ ജനനദിവസം മാത്രമല്ല പ്രകൃതി ഇങ്ങിനെ അടയാളം കാട്ടിയത്‌. മുന്‍ക്കാല പ്രവാചകന്‍മാരുടെ ജന്‍മസമയങ്ങളിലും പ്രകൃതി അടയാളം കാട്ടിയിട്ടുണ്ട്‌. അത്‌ അല്ലാഹുവിന്റെ തീരുമാനമാണ്‌. അവന്റെ തീരുമാനങ്ങള്‍ അവന്‍ നടപ്പിലാക്കുന്നു. 

കഅ്ബാലയത്തിലെ മുന്നൂറിലധികം വരുന്ന വിഗ്രഹങ്ങള്‍ ഭൂചലനം സംഭവിച്ചാലെന്ന പോലെ മുവും കുത്തി വീണുപോയതാണ്‌ പരിശുദ്ധനായ അല്ലാഹുവിന്റെ ഹബീബായ റസൂലിന്റെ ജന്‍മദിനത്തില്‍ സംഭവിച്ച അസാധാരണ സംഭവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട സംഭവമായി ഇസ്ലാമിക ചരിത്രകാരന്‍മാര്‍ എഴുതിയിരിക്കുന്നത്‌. ഒരു വിഭാഗം ജനങ്ങള്‍ ആരാധിച്ചിരുന്ന സാവാ തടാകം ആ പ്രഭാതം തെളിഞ്ഞപ്പോഴേക്കും വറ്റി വരണ്ടുപോയതും, പേര്‍ഷ്യയിലെ കിസ്രാ ചക്രവര്‍ത്തിയുടെ കൊട്ടാരത്തിനും അതിന്റെ പതിനാലു ഗോപുരങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ പറ്റിയതും, സാംവാ മരുഭൂമിയിലെ ആരാധിക്കപ്പെട്ടിരുന്ന നീര്‍പ്രവാഹം നിലച്ചതും, അഗ്നിയാരാധകരായിരുന്ന പേര്‍ഷ്യയിലെ മജൂസികള്‍ വര്‍ഷങ്ങളായി അണയാതെ കാത്തു സൂക്ഷിച്ചിരുന്ന അഗ്നികുണ്ഡം അണഞ്ഞു പോയതും, ആ രാത്രി ഹിജാസിന്റെ (ഇന്നത്തെ സൌദി) മണ്ണില്‍ കണ്ണഞ്ചിപ്പിച്ചു കൊണ്ടൊരു പ്രകാശം ആകാശത്തു തെളിഞ്ഞതും അതു കിഴക്കോട്ട്‌ പടര്‍ന്നതുമൊക്കെ, പ്രവാചകന്‍ ജനിച്ച ദിവസം, അല്ല, ആ പ്രഭാതത്തില്‍ സംഭവിച്ച അത്ഭുതങ്ങളാണ്‌. ഇസ്ലാമിക ചരിത്രകാരന്‍മാര്‍ അവ വളരെ വ്യക്‌തമായിട്ടു തന്നെ രേഖപ്പെടുത്തിയിരികുന്നു.

നബിദിനം ഒരു ദിവസത്തിന്റെ ഓര്‍മപ്പെടുത്തലാണ്‌. അതായത്‌ ഇസ്ലാമിന്റെ ഒരു ഓര്‍മപ്പെടുത്തല്‍ . മുസ്ലിം ഹൃദയങ്ങളില്‍ മരണക്കിടക്കയില്‍ കിടന്ന്‌ ഊര്‍ദ്ധ്വാന്‍ വലിക്കുന്ന പ്രവാചക സ്നേഹത്തിന്‌ ലഭിക്കുന്ന ഒരു തുള്ളി ദാഹജലം! അതു ചിലപ്പോള്‍ ആ ഹൃദയത്തെ നനവാര്‍ന്നതാക്കി മാറ്റിയേക്കാം. അതാണ്‌ ആ ദിവസത്തിന്റെ പ്രത്യേകത. അതു കൊണ്ടു തന്നെ ആ ദിവസത്തിന്‌ പ്രത്യേകതയും ഉണ്ട്‌. ആ ദിവസത്തെ, ആ ഓര്‍മയെ നാം അംഗീകരിക്കേണ്ടതുണ്ട്‌, ബഹുമാനിക്കേണ്ടതുണ്ട്‌. എങ്ങിനെ എന്നു ചോദിച്ചാല്‍ പ്രവാചക തിരുമേനിയുടെ നേരനുചരന്‍മാര്‍ അതെങ്ങിനെ അംഗീകരിച്ചുവോ അങ്ങിനെ. എങ്ങിനെ ബഹുമാനിച്ചുവോ അങ്ങിനെ. അതാണ്‌ ഇസ്ലാമിന്റെ രീതി. ആ രീതികളെ പുറം ചുമലിലൂടെ വലിച്ചെറിഞ്ഞ്‌ പുതിയ രീതികള്‍ തേടിപ്പിടിക്കുമ്പോള്‍ അവ അനിസ്ലാമികമായ രീതികളാകുന്നു. 

തിങ്കളായിച്ച ദിവസത്തെ നോമ്പ്‌ പ്രവാചകചര്യയില്‍ പെട്ടതാണ്‌. ആ നോമ്പിനെ കുറിച്ച്‌ അവിടുത്തോടു ചോദിക്കപ്പെട്ടപ്പോള്‍ തന്റെ അനുചരന്‍മാരോട്‌ റസൂല്‍ കരീം സ്വല്ലല്ലാഹു അലൈഹിവസല്ലമ പറഞ്ഞത്‌; അന്നു ഞാന്‍ ജനിച്ച ദിവസമാകുന്നു, അന്നു തന്നെയാണ്‌ എനിക്ക്‌ സന്ദേശം നല്‍കപ്പെട്ടതും എന്നാണ്‌. ഓര്‍ക്കുക; പ്രവാചകന്‍ പറഞ്ഞ രണ്ടു ദിവസങ്ങളില്‍ ഒന്നാണ്‌ ലൈലത്തുല്‍ ഖദര്‍.  റമദാനിലെ ഒരു രാത്രി. ആയിരം മാസത്തെക്കാള്‍ ശ്രേഷ്ടതയുണ്ടെന്ന്‌ പരിശുദ്ധ ഖുര്‍ആനില്‍ സൂചിപ്പിച്ച ഈ ദിവസം തന്നെയാണ്‌ ഹിറാ ഗുഹയില്‍ പരിശുദ്ധ ഖുര്‍ആനിന്റെ പൊന്നൊളിയുമായി ജിബ്‌രീല്‍ (അ. സ.) എന്ന മലാഖ പ്രവാചകന്റെ അടുത്തു വന്നു കൊണ്ട്‌, വായിക്കുക. നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ നീ വായിക്കുക എന്നു വിളംബരം ചെയ്‌തത്‌! ആ ദിവസത്തിന്റെ കൂടെയാണ്‌ പ്രവാചകന്‍ അന്നു താന്‍ ജനിച്ച ദിവസമാണ്‌ എന്നു കൂടി പറഞ്ഞത്‌. അത്‌ ആ ദിവസം ഇസ്ലാമിക ലോകത്തിന്‌ വിലപ്പെട്ടതാണ്‌ എന്നൊരോര്‍മപ്പെടുത്തല്‍ കൂടിയാണ്‌. അന്നേ ദിവസം പ്രവാചകന്‍ നോമ്പെടുത്തു. അതാഘോഷമായിരുന്നില്ല. മറിച്ചു അതല്ലാഹുവിലേക്കുള്ള ഒരു നന്ദിപ്രകാശനമായിരുന്നു. സകല ലോകങ്ങള്‍ക്കും കാരുണ്യമായി ഈ ഭൂമിയില്‍ നബിതിരുമേനി ജനിച്ചതിന്റെ ആ നന്ദി ഓരോ മുസ്ലിമിന്റെ നെഞ്ചിലും ഉണ്ടായിരിക്കണം. അതിനച്ചടക്കം വേണം. ഇസ്ലാമികമായ ഒരു അച്ചടക്കം. ഇന്ന്‌ മുസ്ളിം ലോകത്തിന്‌ ഏറെക്കുറെ നഷ്ടപ്പെട്ടു കഴിഞ്ഞ ആ അച്ചടക്കം!

നാം ഇന്നു കാണുന്ന രീതിയില്‍ ഉള്ള നബിദിനാഘോഷങ്ങള്‍ക്ക്‌ ഈജിപ്‌തില്‍ നിന്നുമാണ്‌ തുടക്കമെന്നതൊരു ചരിത്ര വസ്‌തുതയാണ്‌. ഈജിപ്‌തില്‍ ഫാഥ്വിമീ ഭരണാധികാരികളാണ്‌ റബ്ബിയുല്‍ അവ്വല്‍ മാസത്തിലെ ആദ്യത്തെ പത്തു ദിവസങ്ങള്‍ നബിദിനാഘോഷം എന്നെ രീതിയില്‍ ആഘോഷിക്കാനാരംഭിച്ചത്‌. അന്ന്‌ രണ്ടു ഹറമുകളുടെ (മക്കയിലേയും മദീനയിലേയും ഹറം പള്ളികള്‍) മേലും അവര്‍ക്കായിരുന്നു ആധിപത്യം. അതു കൊണ്ടു തന്നെ മക്കയിലും മദീനയിലുമൊക്കെ ഈ ആഘോഷത്തിന്റെ അടയാളങ്ങള്‍ ഉണ്ടായിരുന്നു. അക്കാലങ്ങളില്‍ ഹജ്ജിനും ഉംറക്കും വേണ്ടി മക്കയിലും മദീനയിലും വന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള മുസ്ലിമീങ്ങള്‍ ഇത്‌ മതപരമായ ഒരു ആചാരമാണ്‌ എന്ന നിലയില്‍ തന്നെ സ്വീകരിച്ച്‌ തന്താങ്കളുടെ നാടുകളിലും പ്രചരിപ്പിച്ചു. പോകെ പോകെ അത്‌ മുസ്ലിം സമുദായത്തിന്റെ വിശ്വാസത്തിന്റെ ഒരു ഭാഗമെന്ന പോലെ കടന്നു കൂടുകയും ചെയ്‌തു. പുതുതായി കടന്നു വരുന്ന എന്തു കാര്യത്തിന്റെ കൂടെയും കുറെ അനാചാരങ്ങള്‍ കൂടി അനുഗമിക്കും എന്നുള്ള പ്രകൃതിതത്വം ഇവിടെയും ആവര്‍ത്തിക്കപ്പെട്ടു. ഇനി നബിദിനം എന്ന വിശാലമായ തെളിനീരുള്ള ഈ ജലാശയത്തില്‍ നിന്നും അശുദ്ധപായലുകളെ നീക്കി പ്രവാചക സ്നേഹത്തിന്റെ തെളിനീര്‍ ജനങ്ങളിലേക്കെത്തിക്കേണ്ട ചുമതല, സത്യത്തില്‍ നബിദിനം കൊണ്ടാടുന്നവരുടെ നേതാക്കന്‍മാരുടെ കടമയാണ്‌. കടമകള്‍ മറന്നു പോയ മതനേതാക്കാന്‍മാരാണ്‌ ഇന്നത്തെ മുസ്ലിം സമുദായത്തിന്റെ ഏറ്റവും വലിയ ശാപവും. 

അല്ലാഹുവേ നീ ഞങ്ങളുടെ ഹൃദയങ്ങളേയും പാദങ്ങളേയും നിന്റെ മതത്തില്‍ ഉറപ്പിച്ചു നിര്‍ത്തേണമേ. (ആമീന്‍)

സകല ലോകര്‍ക്കും നന്‍മയും സമാധാനവും നേരുന്നു. 

അസ്സലാമു അലൈക്കും വറഹ്മത്തുല്ല്ളാഹി വബറകാത്തു

Tuesday, January 8, 2013

ഖലീഫാ ഉമറിന്റെ ഘാതകന്‍


അബൂ ലുഅ്‌ലുഅ്‌ എന്ന നാമം ഇസ്ലാമിക ചരിത്ര ഗ്രന്ഥങ്ങളില്‍ രക്‌തം കൊണ്ടെഴുതിപ്പിടിപ്പിച്ച ഒരു നാമമാണ്‌. ആ രക്‌തം ഇസ്ലാമിന്റെ രണ്ടാമത്തെ ഖലീഫയുടെ രക്‌തമാണ്‌. ഖഥ്വാബിന്റെ പുത്രന്‍ ഉമറുല്‍ ഫാറൂഖിന്റെ (റ.അ) രക്‌തം. പ്രവാചകന്‍ (സ.അ) അദ്ദേഹത്തെ ഫാറൂഖ്‌ എന്നു വിശേഷിപ്പിച്ചു. നന്‍മതിന്‍മകളെ വേര്‍തിരിച്ചു നിര്‍ത്തുന്നവന്‍ എന്നത്രെ ആ വാക്കിന്റെ അര്‍ത്ഥം. അതായിരുന്നു ഉമര്‍ (റ.അ). നന്‍മയുടെ ഭാഗത്തേ ഉമര്‍ (റ.അ) നില്‍ക്കൂ. അപ്പുറത്താരായിരുന്നാലും ഉമറിന്‌ അതൊരു പ്രശ്നമായിരുന്നില്ല. ഈ ഉമറിനെ (റ.അ) പ്രവാചകന്‍ (സ.അ) വിളിച്ചിരുന്നതാവട്ടെ. അബാ ഹഫ്സ്‌ എന്നായിരുന്നു. എന്നു വച്ചാല്‍ കടുവക്കുട്ടിയുടെ പിതാവെന്ന്‌. ബദര്‍ രണാങ്കണത്തില്‍ വച്ചാണ്‌ പ്രവാചകന്‍ (സ.അ) തന്നെ ആദ്യമായി അങ്ങിനെ വിളിച്ചത്‌ എന്ന്‌ ഉമര്‍ (റ.അ) ഊറ്റം കൊള്ളാറുണ്ടായിരുന്നു. 

അദ്ദേഹം ഖലീഫയായി അധികാരമേറ്റെടുത്തപ്പോള്‍ തന്റെ കുടുംബക്കാരെ വിളിച്ചു കൂട്ടി അവരോട്‌ താക്കീത്‌ ചെയ്‌തു. മാംസവില്‍പ്പനശാലയില്‍ തൂക്കിയിട്ട മാംസത്തിലേക്ക്‌ തെരുവുനായ്ക്കള്‍ ആര്‍ത്തിയോടെ നോക്കുന്നതു പോലെ ആളുകള്‍ നിങ്ങളെ നോക്കും. നിങ്ങളില്‍ നിന്നൊരു തെറ്റ്‌ സംഭവിച്ചാല്‍ ആ തെറ്റ്‌ തങ്ങള്‍ക്കും ചെയ്യാമായിരുന്നു എന്നവര്‍ ആഗ്രഹിക്കും. അതു കൊണ്ട്‌ നിങ്ങളില്‍ നിന്നാരെങ്കിലും ഒരു തെറ്റ്‌ ചെയ്‌താല്‍, ഓര്‍ക്കുക, നിങ്ങളെ ഞാന്‍ ഇരട്ടിയായി ശിക്ഷിക്കുന്നതാണ്‌. 

ഒരിക്കലദ്ദേഹം പലസ്ഥീന്‍ പ്രദേശത്തേക്ക്‌ യാത്രയായി. ഒരു കോവര്‍ കഴുതയുടെ പുറത്ത്‌ പരുക്കന്‍ വസ്‌ത്രം ധരിചു വന്ന അറേബ്യയുടെ ചക്രവര്‍ത്തിയെ കണ്ട്‌ പലസ്ഥീനിലെ ക്രിസ്‌ത്യന്‍ മതനേതാക്കന്‍മാര്‍ അമ്പരന്നു. അവരുടെ അഭ്യാര്‍ത്ഥന മാനിച്ച്‌ ഉമര്‍ ഒരു ഒട്ടകപ്പുറത്തു കയറി. ഒരല്‍പ്പ ദൂരം യാത്ര ചെയ്‌തപ്പോള്‍ ഒട്ടപ്പുറത്തു നിന്നും ചാടിയിറങ്ങി ഉമര്‍ (റ.അ) പറഞ്ഞു. ഞാനൊരു ചെകുത്താന്റെ പുറത്താണ്‌ കയറിയത്‌ എന്ന്‌ തോന്നുന്നു. ഭൂമിയിലെ സുഖ സൌകര്യങ്ങള്‍ പൈശാചികമാണ്‌ എന്നായിരിക്കാം അദ്ദേഹം ഉദ്ധ്യേശിച്ചത്‌. അല്ലാഹു അഅ്‌ലം. നദി മുറിച്ചു കടക്കവെ, തന്റെ വാഹനത്തിന്റെ മൂക്കുകയര്‍ പിടിച്ചു കൊണ്ട്‌ നദിയിലെ വെള്ളത്തില്‍ അദ്ദേഹം മുന്നേ നടപ്പോള്‍ ആ നാട്ടുകാരായ പ്രമാണിമാര്‍ പറഞ്ഞു. താങ്കള്‍ക്ക്‌ അതൊരു ഭൃത്യനെ എല്‍പ്പിക്കാമായിരുന്നു. ഉമറിന്റെ (റ.അ) മറുപടി ഞാനും അവനും തമ്മില്‍ വിത്യാസമൊന്നുമില്ല എന്നായിരുന്നു. 

അന്ന്‌ ക്രിസ്‌ത്യന്‍ നേതാക്കന്‍മാര്‍ അദ്ദേഹത്തോടുള്ള ബഹുമാനം പ്രകടിക്കാനായി തങ്ങളുടെ ഒരു പള്ളിയില്‍ അദ്ദേഹത്തോട്‌ ഇസാമിക രീതിയില്‍ പ്രാര്‍ത്ഥന നടത്താന്‍ പറഞ്ഞു. അത്‌ സമൂഹത്തിലെ മത മൈത്രിക്ക്‌ നല്ലതായിരിക്കും എന്നവര്‍ പറഞ്ഞു. ഉമറിന്റെ (റ.അ) മറുപടി വളരെ കണിശമായിരുന്നു. പറ്റില്ല. നാളെ ചിലപ്പോള്‍ മുസ്ലിമീങ്ങള്‍ നിങ്ങളുടെയാ പള്ളിക്ക്‌ മേല്‍ അവകാശ വാദമുന്നയിക്കാന്‍ ഇതൊരു കാരണമായേക്കും. 

അബൂ ലുഅ്‌ ലുഅ്‌ ഒരു അടിമയായിരുന്നു. മദീനയില്‍ സ്വന്തമായി അലങ്കാര വസ്‌തുക്കള്‍ ഉണ്ടാക്കി വില്‍ക്കലായിരുന്നു അവന്റെ ജോലി. തന്റെ വരുമാനത്തില്‍ നിന്നും ഒരു പങ്ക്‌ തന്റെ ഉടമയ്ക്ക്‌ നല്‍കണം എന്നൊരു വ്യവസ്ഥ അവനും ഉടമയും തമ്മിലുണ്ടായിരുന്നു. അവനു നല്ല വരുമാനമുണ്ടായിരുന്നു. ഒരിക്കല്‍ ഉമറിന്റെ മുമ്പിലേക്കൊരു പരാതിയുമായി അബൂ ലുഅ്‌ ലുഅ്‌ വന്നു. അവന്റെ ഉടമ അവനില്‍ നിന്നും കൂടുതല്‍ പണം വസൂലാക്കുന്നു എന്നതായിരുന്നു അവന്റെ പരാതി. ഉമറിന്റെ (റ.അ) അന്വേഷണത്തില്‍ അബൂ ലുഅ്‌ ലുഅ്‌ ദിവസവും നല്ല വരുമാനം നേടുന്ന ആളാണെന്ന്‌ മനസ്സിലാക്കിയതിനാല്‍ ഉടമ കൂടുതല്‍ ചോദിച്ച പണം നല്‍കണം എന്നു പറയുകയാണ്‌ ചെയ്‌തത്‌. ആ വിധി അവനെ ചൊടിപ്പിച്ചു. ഉമര്‍ എന്റെ ഹൃദയം തിന്നിരിക്കുന്നു, ഒരിക്കല്‍ ഉമറിന്റെ  ഹൃദയം ഞാന്‍ പുറത്തെടുക്കും എന്നു പിറു പിറുത്തു കൊണ്ടവന്‍ അവിടന്നു പോയി. 

അങ്ങ്‌ പേര്‍ഷ്യയില്‍ രാജാവിന്റെ  അന്തഃപുരത്തില്‍ വച്ച്‌, നാല്‍പതു പ്രാവിശ്യം വിഷത്തിലൂട്ടിയ നടുപിളര്‍ത്തിയ ഒരു കഠാരി കാണിച്ചു കൊടുത്തു കൊണ്ട്‌ അബൂലുഅ്‌ ലുഅ്‌ പറഞ്ഞു. ഈ കഠാര കൊണ്ട്‌ ഞാന്‍ ഉമറിന്റെ ജീവനെടുക്കും. ആ ഒരു ലക്ഷ്യവുമായി അവന്‍ വീണ്ടും മദിനയിലെത്തി. എ. ഡി അറുനൂറ്റി നാല്‍പ്പത്തിനാലില്‍ നവംബര്‍ മൂന്നാം തിയതി സുബഹി നമസ്ക്കാരത്തിന്‌ നേതൃത്വം നല്‍കുന്ന ഉമറിനെ (റ.അ) ആറു പ്രാവിശ്യം അവന്‍ പിന്നില്‍ നിന്നും കുത്തി. എന്നെ ഒരു നായ കടിച്ചു, അല്ലെങ്കിലാരോ എന്നെ കുത്തി എന്നു വളിച്ചു പറഞ്ഞു കൊണ്ട്‌ ഉമര്‍ (റ.അ) ചരല്‍ മണ്ണിലേക്ക്‌ വീണു. അബൂ ലുഅ്‌ ലുഅ്‌ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ആളുകള്‍ അവനെ വളഞ്ഞിരുന്നു. പന്ത്രണ്ടു പേര്‍ക്കു കൂടി അവന്റെ കയ്യില്‍ നിന്നും കുറ്റേത്തു. അതില്‍ എട്ടോ ഒന്‍പതോ പേര്‍ മരണപ്പെട്ടു. അവസാനം അവന്‍ സ്വയം അതേ കത്തി കൊണ്ട്‌ വയറിനു കുത്തി മരിക്കുകയായിരുന്നു. 

അവന്റെ മരണം കാരണം, ഉമറിന്റെ (റ.അ) കൊലപാതകത്തിന്റെ പിന്നില്‍ നടന്ന യഥാര്‍ത്ഥ ഗൂഡാലോചന പുറം ലോകമറിയാനുള്ള എല്ലാ വാതിലുകളും അടക്കപ്പെട്ടു. കേവലം ചില ചില്ലറത്തുട്ടുകളുടെ പേരില്‍ അബൂ ലുഅ്‌ലുഅ്‌ എന്ന വ്യക്‌തിക്ക്‌ ഉമറിനോടുണ്ടായിരുന്ന വ്യക്‌തി വൈരാഗ്യം അദ്ദേഹത്തിന്റെ കൊലപാതകം വരെ കൊണ്ടെത്തിക്കാന്‍ എന്തു തന്നെ ആയാലും വലിയ രീതിയിലുള്ള ഗൂഡാലോചനകള്‍ നടന്നിട്ടുണ്ടാവണം. 

ഖലീഫാ ഉമറിന്റെ (റഅ) മരണത്തോടെ പ്രവാചകന്‍ (സ.അ) തങ്ങളുടെ ഒരു പ്രവചനത്തിന്റെ തുടക്കം ആവുകയായിരുന്നു. പ്രവാചകന്റെ ഒരു പ്രവചനമുണ്ട്‌. ഉമര്‍ പ്രശ്നങ്ങളെ തടുത്തു നിര്‍ത്തുന്നവനാണ്‌. ഉമറിന്റെ മരണ ശേഷം ഈ സമുദായം പ്രശ്നങ്ങള്‍ നേരിടാന്‍ തുടങ്ങും. അറ്റു പോയ ഒരു മാലയില്‍ നിന്നും ഒന്നിനു പിറകെ മറ്റൊന്നായി ഊര്‍ന്നുവരുന്ന മുത്തുകള്‍ പോലെ ഈ സമുദായം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. അത്‌ അന്ത്യനാള്‍ വരെ തുടരുകയും ചെയ്യും. തീര്‍ച്ചയായും ഈ പ്രവചനം അക്ഷരംപ്രതി പുലര്‍ന്നു കൊണ്ടിരിക്കുകയാണ്‌. ഉമര്‍ (റ.അ) വിടവാങ്ങിയതിന്റെ ശേഷം പിന്നെ ഇസ്ലാമിക ലോകത്ത്‌ ഇന്നോളം ആഭ്യന്തരമായും അല്ലാതെയും പ്രശ്നങ്ങളേ ഉള്ളൂ. പരിഹാരങ്ങള്‍ വളരെ കുറവാണ്‌. ഒരു നേതാവിന്റെ കീഴില്‍ ഒരൊറ്റെക്കെട്ടായി നിന്നിരുന്ന അനുയായികള്‍ വിഭജിച്ച്‌ പല പല ഗ്രൂപ്പുകളായി. അങ്ങിനത്തെ ഗ്രൂപ്പുകളില്‍ ചിലരൊക്കെ വിശ്വാസപരമായി തന്നെയാണ്‌ വേര്‍പ്പെട്ടു പോയത്‌. തീര്‍ച്ചയായും അബൂ ലുഅ്‌ ലുഅ്‌ അറുത്തത്‌ ഇസ്ളാമിന്റെ   കണ്‍ഠഞരമ്പു തന്നെയാണ്‌. 

Wednesday, October 24, 2012

ബലിയര്‍പ്പണത്തിന്റെ സ്മൃതിമണ്ഡപത്തില്‍


തന്റെ പ്രിയപുത്രനേയും പത്നി ഹാജിറയേയും പരമകാരുണികന്റെ കല്‍പ്പന പ്രകാരം വിജനമായ മരുഭൂമിയില്‍ താമസിപ്പിച്ചു തിരിച്ചു പോന്നതില്‍ പിന്നെ മഹാനായ പ്രവാചകന്‍ ഇബ്രാഹീ ഖലീലുല്ലാഹി (അ.സ) തന്റെ പ്രവര്‍ത്തികളില്‍ മുഴുകി ഭാര്യ സാറയോടൊപ്പം കഴിഞ്ഞു. ഹാജിറയുടേയും ഇസ്‌ മാഈലിന്റെയും കാര്യത്തില്‍ അല്ലാഹുവിന്റെ സഖാവിന്‌ ഒട്ടും വേവലാതിയില്ലായിരുന്നു.

ഭൂമിക്കടിയിലെ ശിലകള്‍ക്കുള്ളിലെ പുഴുക്കള്‍ക്ക്‌ പോലും ഭക്ഷണമെത്തിച്ചു കൊടുക്കുന്ന മഹാനായ രക്ഷിതാവിനെ അറിയുന്ന രക്ഷിതാവിന്റെ പ്രവാചകന്‍ എന്തിന്‌ വേവലാതിപ്പെടണം? ധിക്കാരിയായ ചക്രവര്‍ത്തിയുടെ അഗ്നികുണ്ഡത്തിലേക്ക്‌ വലിച്ചെറിയപ്പെട്ടപ്പോഴും അദ്ദേഹം വേവലാതിപ്പെട്ടിരുന്നില്ലല്ലോ! പിന്നെ ഒരിക്കലാ ചക്ക്രവര്‍ത്തി അദ്ദേഹത്തോട്‌ പറഞ്ഞു. 

ഇബ്രാഹീം. നീ നിന്റെ ദൈവത്തിനോട്‌ പറയൂ, അവന്റെ സൈന്യവുമായി വരാന്‍. ഞാനിതാ എന്റെ സൈന്യത്തെ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നു. 

അല്ലാഹുവിന്റെ സഖാവിനു കാണാമായിരുന്നു. ലക്ഷത്തില്‍ കൂടുതല്‍ പടയാളികളുള്ള ആ സൈന്യത്തെ. പാറകളെ ചവിട്ടിമെതിക്കാന്‍ കെല്‍പ്പുള്ള പടയാളികള്‍! പക്ഷെ അതു കണ്ടപ്പോഴും അദ്ദേഹം വേവലാതി പൂണ്ടില്ല. ആ സെന്യം തമ്പടിച്ച താഴ്‌വരയുടെ അടുത്തുള്ള കുന്നിന്റെ സുഷിരങ്ങളില്‍ നിന്നും പറന്നുയര്‍ന്ന കൊതുകുകള്‍ ആ സൈന്യത്തെ എത്ര നിസാരമായാണ്‌ നശിപ്പിച്ചത്‌. അല്ലാഹുവുമായി യുദ്ധം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ടവന്‌ ഒരു കൊതുകില്‍ നിന്നു പോലും രക്ഷകിട്ടിയില്ല. 

നുരുമ്പിച്ച ആ സൈന്യത്തെ തന്റെ പിന്നിലാക്കി അല്ലാഹുവിന്റെ സഖാവ്‌ തന്റെ കര്‍മഭൂമിയിലേക്ക്‌ നടന്നു. ഒട്ടും വേവലാതിപ്പെടാതെ!പക്ഷെ, പിരിഞ്ഞിരിക്കുന്ന തന്റെ പുത്രനെ ഓര്‍ത്ത്‌ അദ്ദേഹത്തിന്റെ ഹൃദയം പിടക്കാറുണ്ടായിരുന്നു. ഇബ്രാഹീം എന്ന നാമത്തിന്റെ അര്‍ത്ഥം തന്നെ ദയാലുവായ പിതാവ്‌ എന്നാണല്ലോ! 

പുത്രനെ ഓര്‍ത്ത്‌ മിഴികള്‍ പാകിയ നീരുണങ്ങിയ കവിളുമായി ദിനങ്ങള്‍ തള്ളി നീക്കവെ അല്ലാഹുവിന്റെ അനുമതി വന്നു. ഇനി പുത്രനേയും ഹാജിറയേയും സന്ദര്‍ശിക്കാം. മരുഭൂമിയിലൂടെ അന്നദ്ദെഹത്തേയും വഹിച്ചു പാഞ്ഞ ഒട്ടകം പോലും ആ സന്തോഷത്തില്‍ മതിമറന്നിരിക്കും. വിജനമായ ഒരു സ്ഥലത്തായിരുന്നു അദ്ദെഹം തന്റെ ഭാര്യയേയും മകനേയും പാര്‍പ്പിച്ചിരുന്നത്‌. പക്ഷെ, ഇന്നദ്ദേഹം അമ്പരന്ന കണ്ണുകളോടെയാണ്‌ ആ താഴ്‌വര കണ്ടത്‌. കെട്ടിനിര്‍ത്തപ്പെട്ട ഒരു ജലാശയത്തിന്റെ അടുത്തതാ ധാരാളം വീടുകള്‍. 

ആ താഴ്‌വരയുടെ ഉടമസഥ, ആ ജലാശയത്തിണന്റെ ഉടമസ്ഥ, തന്റെ പ്രിയപ്പെട്ട ഭാര്യയാണെന്നറിഞ്ഞപ്പോള്‍ അദ്ദേഹം രക്ഷിതാവിനു നന്ദിയോതിക്കൊണ്ട്‌ ആ മണ്ണില്‍ സുജൂദില്‍ വീണു. ഇബ്രാഹീമിന്റെ രക്ഷിതാവ്‌ തന്നില്‍ ഭാരമര്‍പ്പിച്ചവരുടെ കാര്യത്തില്‍ സര്‍വ്വ പ്രതാപസ്ഥന്‍ തന്നെ. 

കാലം വീണ്ടും കഴിഞ്ഞു. ഇസ്മാഈല്‍ ബാലനായി. ചുറുചുറുക്കുള്ള ബാലന്‍. മക്കാതാഴ്‌വരയുടെ കണ്ണിലുണി. ഹാജിറയുടെ ഹൃദയത്തിന്റെ മിടിപ്പ്‌ പോലും അവനു വേണ്ടിയിട്ടായിരുന്നു. അങ്ങിനെ ഒരു ദിവസം ഉറങ്ങിക്കിടക്കുമ്പോള്‍ പ്രവാചകനായ ഇബ്രാഹീ ഒരു സ്വപ്നം കണ്ടു. ആകാശ ലോകത്ത്‌ നിന്നും അദ്ദേഹത്തോട്‌ ആരോ ബലിയര്‍പ്പിക്കുക എന്ന്‌ വിളിച്ച്‌ പറയുന്നതായിട്ട്‌. ആ സ്വപ്നം അദ്ദെഹം മൂന്ന്‌ ദിവസം തുടര്‍ച്ചയായി കണ്ടു. പ്രവാചകനാണ്‌ ഇബ്രാഹീം. അല്ലാഹുവിന്റെ സഖാവ്‌. പ്രവാചകന്‍മാര്‍ പേകിനാവുകള്‍ കാണാറില്ല. അവരുടെ സ്വപ്നങ്ങള്‍ അവര്‍ക്കുള്ള നിര്‍ദേശങ്ങളാണ്‌. അവരത്‌ അനുസരിക്കാന്‍ ബാധ്യസ്ഥനാണ്‌. എന്താണ്‌ ബലിനല്‍കേണ്ടത്‌ എന്നദ്ദേഹം ആലോചിച്ചപ്പോഴാണ്‌ കാര്യങ്ങള്‍ വ്യക്‌തമാക്കപ്പെട്ടത്‌. തന്റെ പൊന്നോമന പുത്രനെ അല്ലാഹുവിന്‌ ബലി നല്‍കണം. 

നരബലി മനുഷ്യനോട്‌ അല്ലാഹു കല്‍പ്പിച്ചിട്ടില്ല. മനുഷ്യ രക്‌തം അല്ലാഹിന്‌ വേണ്ട. പക്ഷെ, ഇബ്രാഹീം സാധാരണ മനുഷ്യനല്ല. മറിച്ച്‌ അല്ലാഹുവിന്റെ പ്രവാചകനാണ്‌. പോര, അല്ലാഹുവിന്റെ സഖാവാണ്‌. അദ്ദേഹത്തിന്‌ തിരിച്ചറിയാന്‍ കഴിയുന്നുണ്ടായിരുന്നു. ഇത്‌ അല്ലാഹുവിന്റെ വ്യക്‌തമായ പരീക്ഷണമാണെന്ന്‌. എന്റെ രക്ഷിതാവ്‌ എന്നോട്‌ എന്ത്‌ കല്‍പിച്ചുവോ, ഞാന്‍ അത്‌ ചെയ്യുക തന്നെ ചെയ്യും. 

അദ്ദേഹം ഹാജിറയുടെ അടുത്തെത്തി. പിറ്റേ ദിവസം പുലര്‍ച്ചെ തനിക്കും പുത്രനും ഒരു യാത്രയുണ്ട്‌, ആയതിനാല്‍ പുത്രനെ ഒരുക്കി നിര്‍ത്തണം എന്നദ്ദേഹം കല്‍പ്പിച്ചു. പുത്രവിയോഗം അദ്ദേഹം മുന്‍ക്കൂട്ടി കാണുന്നുണ്ടായിരുന്നു. എങ്കിലും അല്ലാഹുവിനോടുള്ള സ്നേഹവും ആരാധനയ്ക്കും മുന്‍പില്‍ അദ്ദേഹത്തിന്‌ മറ്റൊന്നുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്‌ അദ്ദേഹത്തിന്റെ രക്ഷിതാവിനെ അറിയാം. രക്ഷിതാവിന്‌ അദ്ദേഹത്തെയും. 

തന്റെ ഭര്‍ത്താവ്‌ എങ്ങോട്ടാണ്‌ പുത്രനെ കൊണ്ടു പോകുന്നത്‌ എന്ന്‌ ഹാജിറക്കറിയില്ലായിരുന്നു. അവര്‍ പ്രഭാതത്തില്‍ പുത്രനെ കുളിപ്പിച്ചു. തലമുടയില്‍ എണ്ണ തേച്ച്‌ ഭാംഗിയായി വാര്‍ന്ന്‌ കൊടുത്തു. കുഞ്ഞുടുപ്പുകള്‍ ധരിപ്പിച്ച്‌ കൊടുത്തു. സുഗന്ധ ദ്രവ്യം പുരട്ടി. ഇപ്പോള്‍ ഇസ്മാഈലിനെ കണ്ടാല്‍ ബാലാര്‍ക്കന്‍ നാണിച്ച്‌ നില്‍ക്കും. അത്രയ്ക്ക്‌ ശോഭനമായിരുന്നു ആ ബാലന്റെ മുഖം. ആ കവിളില്‍ ഉമ്മ നല്‍കി ആ മാതാവ്‌ തന്റെ ഭര്‍ത്താവിന്റെ കൂടെ തങ്ങളുടെ പുത്രനെ സന്തോഷത്തോടെ യാത്രയാക്കി. തന്റെ ഭര്‍ത്താവും പുത്രനും നടന്നു മറയുവോളം ഒരാത്മനിര്‍വൃതിയോടെ അവരത്‌ നോക്കി നിന്നു. അവര്‍ കാഴ്ച്ചയില്‍ നിന്നും മറഞ്ഞപ്പോള്‍, തിരിച്ച്‌ തന്റെ ഭവനത്തിലേക്ക്‌ കയറാന്‍ നേരം, അവര്‍ തന്റെ പിന്നില്‍ നിന്നൊരു വിളി കേട്ടു. തിരിഞ്ഞു നോക്കിയപ്പോള്‍ വൃദ്ധനായ ഒരു മനുഷ്യന്‍ വടിയൂന്നി നില്‍ക്കുന്നു. ആ മനുഷ്യന്‍ അവരോട്‌ ചോദിച്ചു. 

എവിടെയാണ്‌ ഇസ്മാഈല്‍?? 

ഇസ്മാഈല്‍ അവന്റെ പിതാവിന്റെ കൂടെ ഒരു യാത്ര പുറപ്പെട്ടിരിക്കുന്നു. നിങ്ങളാരാണ്‌?

ഹാ കഷ്ടം. ഇബ്രാഹീം അവനെ കൊണ്ടു പോയിരിക്കുന്നത്‌ കൊല്ലാനാണ്‌. വേഗം ചെല്ലൂ. നിങ്ങളുടെ കുഞ്ഞിനെ രക്ഷിക്കൂ. 

ഹാജിറാ ബീവിയുടെ നെഞ്ചില്‍ തീയാളി. അവര്‍ ചോദിച്ചു. 

എന്താണ്‌ നിങ്ങള്‍ പറയുന്നത്‌?

ഞാന്‍ സത്യമാണ്‌ പറയുന്നത്‌. അല്ലാഹുവാണേ സത്യം. ഇബ്രാഹീം ഇസ്മാഈലിനെ കൊണ്ടു പോയിരിക്കുന്നത്‌ അല്ലാഹുവിന്‌ ബലി നല്‍കാനാണ്‌. 

അല്ലാഹുവിന്‌ ബലി നല്‍കാനോ? ഹാജിറായ്ക്ക്‌ ആശ്ചര്യം. 

അതെ അല്ലാഹുവിന്‍ ബലി നല്‍കാന്‍? 

അല്ലാഹുവിന്റെ കല്‍പ്പനയുണ്ടോ?

ഉണ്ടാവും. 

എങ്കില്‍ പിന്നെ നീ നില്‍ക്കേണ്ടതില്ല. അല്ലാഹുവിനറിയാം എന്താണ്‌ വേണ്ടതെന്ന്‌. അല്ലാഹുവിന്റെ കല്‍പ്പന അനുസരിക്കലാണ്‌ അല്ലാഹുവിന്റെ അടിമകളുടെ കടമ. നീ അതില്‍ നിന്നും പിന്തിരിപ്പാന്‍ നോക്കുന്ന പിശാചല്ലേ? 

ഹാജിറാ ബീവിയുടെ ശബദം ഉറച്ചതായിരുന്നു. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തന്നെയും തന്റെ പുത്രനേയും മരണത്തിന്റെ ഈ താഴ്‌വരയില്‍ ഇറക്കി വച്ച്‌ തന്റെ ഭര്‍ത്താവ്‌ തിരിച്ചുമടങ്ങുമ്പോഴും ഹാജിറ പകച്ചിരുന്നില്ല. അന്നും അവര്‍ ഭാരമേല്‍പ്പിച്ചത്‌ തന്റെ രക്ഷിതാവായ അല്ലാഹുവില്‍ തന്നെയായിരുന്നു. 

പിശാച്‌ സ്വന്തം മുഖത്തടിച്ച്‌ അവിടെ നിന്നും ഓടിപ്പോയി. നേരെ ഇബ്രാഹീമിന്റെ അടുത്തെത്തി ഇങ്ങിനെ വിളിച്ചു പറഞ്ഞു. 

ഹേ ഇബ്രാഹീം.. നിങ്ങള്‍ക്കാകെ ഒരു പുത്രനല്ലേ ഉള്ളൂ? നിങ്ങളവനെ അറുക്കാന്‍ കൊണ്ടു പോവുകയാണോ? നിങ്ങളെ തികഞ്ഞ വഴികേടിലാണ്‌ ഞാന്‍ കാണുന്നത്‌. 

ഇബ്രാഹീം അലൈഹിസ്സലാം താഴെ നിന്നും ഒരു കല്ലെടുത്ത്‌ പിശാചിനെ എറിഞ്ഞു. പിശാച്‌ അവിടെ നിന്നും ഓടിപ്പോയി. പിന്നെയും വന്നു. അവന്‍ ഇസ്മാഈലിനോട്‌ ഇങ്ങിനെ വിളിച്ച്‌ പറഞ്ഞു. 

കുഞ്ഞു മകനേ,, ഇസ്മാഈലെ,, നിന്റെ പിതാവ്‌ നിന്നെ ബലി നല്‍കാന്‍ കൊണ്ടു പോവുകയാണ്‌. അയാള്‍ നിന്നെ അറുക്കും. നിന്നെ കൊല്ലും. നീ വേഗം ഓടി രക്ഷപ്പെടൂ.. 

കുഞ്ഞു ഇസ്മാഈല്‍ പിശാചിനോട്‌ പറഞ്ഞു. 

ഞാന്‍ അല്ലാഹുവിന്റെ അടിമയാണ്‌. അവനുള്ള ബലിയാണ്‌ ഞാനെങ്കില്‍ എനിക്കത്‌ വലിയ ഇഷ്ടമാണ്‌. ഞാന്‍ സ്വര്‍ഗം കാണുന്നു. നീ വിളിക്കുന്ന നരകത്തിലേക്ക്‌ വരാന്‍ ഞാനില്ല. 

എല്ലായിടത്തും പരാജിതനായപ്പോള്‍ വലിയ ശബ്ദത്തില്‍ അമറികൊണ്ട്‌ പിശാച് എവിടെയോ പോയൊളിച്ചു. 

വിജനമായ പ്രദേശം. ഇബ്രാഹീ നബി തന്റെ പുത്രനോട്‌ പറഞ്ഞു. 

എന്റെ പൊന്നുമകനേ. നിന്നെ എനിക്കു തന്നത്‌ അല്ലാഹുവാണ്‌. ആ അല്ലാഹുവിന്റെ കല്‍പ്പന നിന്നെ അല്ലാഹുവിന്‌ ബലി നല്‍കണം എന്നാണ്‌. ഞാന്‍ അത്‌ തീരുമാനിച്ചിരിക്കുന്നു. എന്നാല്‍ നിനക്ക്‌ തീരുമാനിക്കാം. നിനക്ക്‌ ബലിയാകാന്‍ മനസ്സുണ്ടോ ഇല്ലയോ?

പുഞ്ചിരിയോടെ ഇസ്മാഈല്‍ പറഞ്ഞു. 

പ്രിയപ്പെട്ട പിതാവേ. ഞാന്‍ മതിവരുവോളം സംസമിലെ വെള്ളം മോന്തിയിരിക്കുന്നു. മതിവരുവോളം എന്റെ കൂട്ടുകാരോടൊത്ത്‌ ചിലവഴിച്ചിരിക്കുന്നു. എന്റെ ആത്മാവ്‌ ആരുടെ കയ്യിലാണോ അവന്‍ ഉദ്ധ്യേശിക്കുന്ന പക്ഷം അടുത്ത നിമിഷം ഞാന്‍ വെറും ജഡമാണ്‌. പിന്നെ ഞാനെന്തിന്‌ വിസമ്മതിക്കണം അവനു ബലിയാവാന്‍. സ്വര്‍ഗം എന്നെ മാടിവിളിക്കുന്നു പിതാവേ. അങ്ങത്‌ സന്തോഷത്തോടെ ചെയ്യുക.  അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ എന്നെ അങ്ങ് ക്ഷമാശീലരുടെ കൂട്ടത്തില്‍ കണ്ടെത്തുന്നതാണ്. 

അല്ലാഹു ഹൃദയങ്ങളെ ഇണക്കിയവരാണവര്‍. മനുഷ്യരില്‍ ശ്രേഷ്ടര്‍. അല്ലാഹുവിന്റെ പ്രവാചകന്‍മാര്‍. അല്ലാഹുവില്‍ നിന്നും അറിവിന്റെ വാതായനങ്ങള്‍ തുറന്നു കിട്ടിയവര്‍. അല്ലാഹുവിന്റെ ഇഷ്ടത്തിന്റെ ശാദ്വാലതീരത്തു ജീവിക്കുന്നവര്‍. 

ഇബ്രാഹീം അലൈഹിസ്സലാം സ്വപുത്രനെ വെറും മണ്ണില്‍ മലര്‍ത്തിക്കിടത്തി. പക്ഷെ സ്വപുത്രന്റെ മുഖം കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സ്‌ പിടഞ്ഞു പോയി. അദ്ദേഹം ഇസ്മാഈലിനെ കമഴ്ത്തിക്കിടത്തി. ആ ഇളം പിരടിയിലേക്ക്‌ തന്റെ കയ്യിലെ കഠാര വച്ചു. 

പക്ഷെ അല്ലാഹുവിന്റെ ഇംഗിതം മറ്റൊന്നായിരുന്നു. മനുഷ്യരക്‌തമൊഴുക്കിക്കൊണ്ടല്ല പരിശുദ്ധനായ അല്ലാഹു തന്നെ ആരാധിക്കാന്‍ തന്റെ അടിമകളോട്‌ പറഞ്ഞത്‌. അല്ലാഹുവില്‍ നിന്നുമുള്ള കല്‍പ്പന ഇബ്രാഹീ നബിക്ക്‌ എത്തപ്പെട്ടു. മാലാഖ പ്രത്യക്ഷപ്പെട്ട്‌ കൊണ്ട്‌ അല്ലാഹുവിന്റെ സന്ദേശം അല്ലാഹുവിന്റെ സഖാവിനെ അറിയിച്ചു 

ഇബ്രാഹീം.. നിര്‍ത്തുക. താങ്കള്‍ വിജയിച്ചിരിക്കുന്നു. ഇതാ ഈ ആട്ടിന്‍ക്കുട്ടിയെ പുത്രനു പകരം നിങ്ങള്‍ അല്ലാഹുവിന്‌ ബലിനല്‍കുക. 

മാലാഖ ഒരാട്ടിന്‍ കുട്ടിയെ ഇബ്രാഹീം അലൈഹിസ്സലാമിന്‌ നല്‍കി. യഥാവിധി അറുക്കുകയും ബലി നടപ്പിലാക്കുകയും ചെയ്‌തു. പരിശുദ്ധനായ നാഥന്‌ സ്‌തുതിയായിരിക്കട്ടെ. തന്റെ അടിമ സ്വപുത്രനെ വധിക്കുന്നതില്‍ നിന്നും പരിശുദ്ധനായ നാഥന്‍ തന്റെ സഖാവിനെ രക്ഷിച്ചിരിക്കുന്നു. അവന്റെ യുക്‌തി എത്ര വിശാലമാണ്‌. 

*****                                         *****                                         *****                                         *****

ഈ ദിവസത്തിന്റെ ഓര്‍മയ്ക്കാകുന്നു ലോക മുസ്ലിമീങ്ങള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്‌. അതൊരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ്‌. മഹത്തായ ഒരു ഓര്‍മപ്പെടുത്തല്‍. അല്ലാഹുവിനെ ആരാധിക്കുക എന്നതാണ്‌ മനുഷ്യന്റെ കടമ. അവനെ ആരാധിക്കേണ്ടതിലേക്കായി മനുഷ്യന്‍ സദാചാരങ്ങളെ മുറുകെ പിടിക്കുകയും ദുരാചാരങ്ങളെ കൈവെടിയുകയും വേണം. ഏതൊരു ശരീരവും മരണത്തെ രുചിക്കും. മരണത്തിന്റെ ശേഷം നുരുമ്പിച്ച അവന്റെ അവശിഷ്ടങ്ങളില്‍ നിന്നും അവനെ അവന്റെ രക്ഷിതാവ്‌ പുനര്‍ നിര്‍മിക്കുക തന്നെ ചെയ്യും. വെറുമൊരു ബീജാവസ്ഥയിലായിരുന്ന ഒരു കാലഘട്ടം നമുക്കോരോരുത്തര്‍ക്കും ഉണ്ടായിരുന്നില്ലേ? 

നമ്മുടെ ചുറ്റും നമുക്കെത്രയോ പരീക്ഷണങ്ങളുണ്ട്‌. നാമെന്ന നമ്മുടെ അഹങ്കാരം നമ്മെ നരകത്തിലേക്ക്‌ തള്ളുന്നതിന്റെ മുന്‍പേ നാം സഹജീവികളോട്‌ സഹാനുഭൂതിയുള്ളവരാവുക. മനുഷ്യന്റെയോ മൃഗത്തിന്റെയോ രക്‌തമോ മാംസമോ ഭുജിച്ചല്ല പരിശുദ്ധനായ അല്ലാഹു അടിമകളുടെ മേല്‍ സംതൃപ്‌തരാവുന്നത്‌. ബലിപെരുന്നാല്‍ ദിവസവും അല്ലാത്ത ദിവസങ്ങളിലും മുസ്ലിമീങ്ങള്‍ അല്ലാഹുവിനായി മൃഗങ്ങളെ ബലി കൊടുക്കാറുണ്ട്‌. അങ്ങിനെ ബലി കൊടുക്കുന്ന മൃഗങ്ങള്‍ മനുഷ്യന്‌ ആഹാര യോഗ്യമായ മൃഗങ്ങളെയായിരിക്കും. അല്ലാഹുവിനുള്ള മൃഗബലി എന്നാല്‍, ഒരാള്‍ ആഹാരയോഗ്യമായ ഒരു മൃഗത്തെ അറുത്ത്‌ അതിന്റെ മാംസം അല്ലാഹുവിന്റെ പ്രീതി കാംഷിച്ച്‌ കൊണ്ട്‌ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതാണ്‌. ബലിമൃഗത്തിന്റെ മാംസം പുരോഹിതന്‍മാര്‍ക്കോ മറ്റേതെങ്കിലും ഒരു വിഭാഗം ആളുകള്‍ക്കോ മാറ്റിവെക്കപ്പെടുന്നില്ല. അത്‌ ദരിദ്രജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യപ്പെടുന്നു. അതാണ്‌ അല്ലാഹുവിനുള്ള മൃഗബലി. അതിന്റെ ഗുണഭോക്‌താക്കള്‍ ദരിദ്രരാകുന്നു. അത്‌ ചെയ്യുന്നതാകട്ടെ സമ്പന്നരുമാകുന്നു. 

പ്രിയപ്പെട്ടവരെ. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഈ വിനീത സഹോദരന്റെ പ്രാര്‍ത്ഥനകളോടു കൂടിയ പെരുന്നാള്‍ ആശംസകള്‍. 

Tuesday, July 24, 2012

മദീനയുടെ സ്മരണയില്‍


മദീന ഞെട്ടിത്തരിച്ച ദിവസം. മദീനയിലെ ഓരോ മണല്‍തരിയും കണ്ണീര്‍ വാര്‍ത്ത ദിവസം. 

മദീനാ നിവാസികള്‍ക്കിടയില്‍ കാട്ടു തീ പോലെ ആ വാര്‍ത്ത പരന്നു. അസുഖമായി കിടക്കുകയായിരുന്ന പ്രവാചകന്‍ (സ.അ) ഇഹലോകവാസം വെടിഞ്ഞിരിക്കുന്നു. ഹസ്രത്ത്‌ ആയിഷയുടെ മടിയില്‍ കിടന്ന്‌ അദ്ദേഹം അന്ത്യശ്വാസം വലിച്ചിരിക്കുന്നു. 

മസ്ജിദുന്നബയിലേക്ക്‌ (പ്രവാചകന്റെ പള്ളി) ആളുകള്‍ ഓടിവന്നു. സ്‌ത്രീകളും കുട്ടികളും വൃദ്ധരുമായ പ്രവാചകന്റെ അനുചരന്‍മാരുമെല്ലാം ഓടിക്കൂടി. എങ്ങും കടുത്ത നിലവിളികളുയര്‍ന്നു. ആര്‍ക്കും അത്‌ നിയന്ത്രിക്കാനായില്ല. മദീനാനിവാസികള്‍ , വിശിഷ്യാ പ്രവാചകാനുയായികള്‍ പ്രവാചകന്‍ മരണപ്പെടുമെന്ന്‌ വിശ്വസിച്ചിരിന്നില്ല. ഏറ്റവും ചുരുങ്ങിയത്‌ തങ്ങളുടെ കാലം കഴിയുന്നത്‌ വരെയെങ്കിലും. 

പ്രവാചകാനുയായികളില്‍ പ്രമുഖനായ, ഉമര്‍ (റ.അ) വന്നു. പ്രവാചകനെ (സ.അ) പുതപ്പിച്ചിരുന്ന വെളുത്ത പുതപ്പ്‌ ഒന്നുയര്‍ത്തി നോക്കി. ശേഷം തന്റെ വാള്‍ ഊരിപ്പിടിച്ചു കൊണ്ട്‌ ഉറക്കെ വിളിച്ചു പറഞ്ഞു. 

ആര്‍ക്കാണ്‌ എന്റെ ഹബീബായ പ്രവാചകന്‍ മരിച്ചെന്ന്‌ പറയാനുള്ള ധൈര്യം. അവരുടെ കഴുത്ത്‌ ഞാന്‍ വെട്ടും. നിങ്ങളാരെങ്കിലും ധരിച്ച പോലെ പ്രവാചകന്‍ മരിച്ചതല്ല. അദ്ദേഹം മൂസയെ (അ.സ) പോലെ അല്ലാഹുവുമായുള്ള ഒരു ഉന്നത സംസാരത്തന്‌ പോയതാണ്‌. അത്‌ കഴിയുമ്പോള്‍ ഒരു ഉറക്കമുണരുന്നത്‌ പോലെ അദ്ദേഹം ഉണരുക തന്നെ ചെയ്യും. 

ആ സമയത്താണ്‌ അബൂബക്കര്‍ (റ.അ) ഓടി വന്നത്‌. അദ്ദേഹം പ്രവാചകന്റെ അരികിലിരുന്നു. അവിടുത്തെ തിരുമുഖത്ത്‌ തന്റെ മുഖമമര്‍ത്തി. ചുംബിച്ചു. അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ വാര്‍ന്നൊഴുകി. വിതുമ്പികൊണ്ടദ്ദേഹം പ്രവാചകന്റെ മുഖത്തു നോക്കി ഇങ്ങിനെ പറഞ്ഞു.  

എന്റെ മാതാപിതാക്കളെ ഞാന്‍ അങ്ങേയ്ക്ക്‌ ബലി നല്‍കുന്നു പ്രവാചകരേ. അല്ലാഹു നിശ്ചയിച്ച ഒരു മരണത്തിന്റെ ശേഷം അങ്ങേയ്ക്ക്‌ മറ്റൊരു മരണമുണ്ടാവുകയില്ല. അങ്ങേയ്ക്ക്‌ അല്ലാഹു നിശ്ചയിച്ച ആ മരണം വന്നെത്തിക്കഴിഞ്ഞിരിക്കുന്നല്ലോ. 

അദ്ദേഹം എഴുനേറ്റ്‌ പുറത്ത്‌ വന്നു. ഉമര്‍ റദിയല്ലാഹു  അന്‍ഹുവിനെ ഒന്നു നോക്കി. പിന്നെ ജനങ്ങളെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ പറഞ്ഞു. 

ഹേ ജനങ്ങളെ, നിങ്ങളില്‍ ആരെങ്കിലും മുഹമ്മദിനെ ആരാധിച്ചിരുന്നെങ്കില്‍ ഇതാ മുഹമ്മദ്‌ മരണപെട്ടിരിക്കുന്നു. നിങ്ങളില്‍ നിന്നാരെങ്കിലും അല്ലാഹുവിനെ ആരാധിച്ചിരുന്നെങ്കില്‍ , അല്ലാഹു ജീവിച്ചിരിക്കുന്നവനും മരണമില്ലാത്തവനുമാണ്‌. 

ശേഷം അദ്ദേഹം ഈ ഖുര്‍ആന്‍ വചനം പാരായണം ചെയ്‌തു. 

മുഹമ്മദ്‌ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിനു മുന്‍പും ദൂതന്‍മാര്‍ വന്നിട്ടുണ്ട്‌. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പിന്തിരിഞ്ഞ്‌ പോവുകയാണോ? ആരെങ്കിലും പിന്തിരിഞ്ഞു പോകുന്ന പക്ഷം അല്ലാഹുവിന്‌ അവരുടെ പിന്തിരിയല്‍ യാതൊരു ദ്രോഹവും വരുത്തുകയില്ല. നന്ദി കാണിക്കുന്നവര്‍ക്ക്‌ അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്‌. 

അപ്പോള്‍ മാത്രമാണ്‌ തങ്ങള്‍ ആ ഖുര്‍ആന്‍ വചനം ഓര്‍ത്തത്‌ എന്നാണ്‌ പ്രമുഖ പ്രവാചകാനുയായികള്‍ പില്‍ക്കാലത്ത്‌ പറഞ്ഞത്‌. അവര്‍ പ്രവാചകന്റെ (സ.അ) മരണം ഉള്‍ക്കൊണ്ടു. മദീനയെ ചൂഴ്ന്നു നിന്നിരുന്ന കാറ്റ്‌ പോലും വിതുമ്പിയ വേളയായിരുന്നു അത്‌. 

ഏറ്റവും ശക്‌തരായ അനുയായികളുടെ നേതാവ്‌, മരണ സമയത്ത്‌ അവര്‍ക്കിടയിലെ ഏറ്റവും ദരിദ്രനായിരുന്നു. സമ്പത്തിനു വേണ്ടിയോ, അധികാരത്തിനു വേണ്ടിയോ മറ്റേതെങ്കിലും ഭൌതിക നേട്ടത്തിനു വേണ്ടിയോ ആയിരുന്നില്ല പ്രവാചകന്‍ (സ.അ) തന്റെ പ്രബോധനം നടത്തിയിരുന്നത്‌ എന്നതിന്റെ സംസാരിക്കുന്ന ദൃഷ്ടാന്തമത്രെ അത്‌. 

മരണാനന്തരം നമസ്ക്കാര സമയമായപ്പോള്‍ പ്രവാചകന്റെ മുഅദ്ദിനായിരുന്ന (ബാങ്ക്‌ വിളിക്കുന്ന ആള്‍) ബിലാല്‍ (റ.അ) ബാങ്ക്‌ വിളിക്കാന്‍ തുടങ്ങി. പക്ഷെ അത്‌ മുഴുവിപ്പിക്കാനാവാതെ, സങ്കടപ്പെട്ട്‌ പൊട്ടിക്കരഞ്ഞു കൊണ്ട്‌ അദ്ദേഹം വീണു പോയി. പ്രവാചകനില്ലാത്ത മദീനയിലെ ജീവിതം ബിലാല്‍ (റ.അ) തങ്ങള്‍ക്ക്‌ സാധ്യമായ ഒന്നായിരുന്നില്ല. പ്രവാചകന്റെ ഓര്‍മയില്‍ ഒഴുകുന്ന കണ്ണുനീരുമായി അദ്ദേഹം ദമാസ്ക്കസിലേക്ക്‌ പോയി, അവിടെയാണ്‌ ശിഷ്ട കാലം ജീവിച്ചു തീര്‍ത്തത്‌. 

ഇടയ്ക്കൊരു വട്ടം പ്രവാചകന്റെ ഖബര്‍ സന്ദര്‍ശിക്കാനായി അദ്ദേഹം മദീനയിലെത്തി. പ്രവാചകന്റെ മരണ ശേഷം അദ്ദേഹം തന്റെ മുഴുവിക്കാനാവാത്ത ആ ഒരു ബാങ്കല്ലാതെ മറ്റൊരു ബാങ്ക്‌ വിളിച്ചിട്ടില്ലായിരുന്നു. 

ഖലീഫ അദ്ദേഹത്തെ നിര്‍ബന്ധിച്ചു. ആ സ്വരമാധുരി ഒന്നു കൂടി കേള്‍ക്കാന്‍ കൊതിച്ചു. ബിലാല്‍ റദിയല്ലാഹു അന്‍ഹു ബാങ്കു വിളിക്കാനായി നിന്നു. വിതുമ്പുന്ന ആത്മാവുമായി അദ്ദേഹം ബാങ്ക്‌ വിളിച്ചു. മദീനയിലെ മലനിരകള്‍ ഉള്‍പുളകത്തോടെ വീണ്ടുമാ സ്വരമാധുരി കേട്ടു. ഈന്തപ്പനയോലകളുമായി കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഇളം തെന്നല്‍ പോലും കോരിത്തരിച്ച്‌ നിന്നു പോയി. 

പക്ഷെ, മദീനയിലെ ഭവനങ്ങളില്‍ നിന്നും ആബാലവൃദ്ധം ജനങ്ങളും പുറത്തേക്ക്‌ വന്നു. ബിലാലിന്റെ (റ.അ) ബാങ്കൊലി കേട്ടപ്പോള്‍ അവരെല്ലാവരും പ്രവാചകനെ ഓര്‍ത്ത്‌ കരഞ്ഞു കൊണ്ട്‌ മസ്ജിദുന്നബവിയിലേക്ക്‌ ഓടി വന്നു. അവരെല്ലാവര്‍ക്കും പ്രവാചകനെ മാത്രം ഓര്‍ത്ത്‌ തുടിക്കുന്ന ഒരു ഹൃദയമേ ഉണ്ടായിരുന്നുള്ളൂ. 

നിറഞ്ഞൊഴുകുന്ന കണ്ണുനീരും, ഗദ്ഗദം കൊണ്ട്‌ മുറിഞ്ഞു പോകുന്ന വാക്കുകളുമയി ബിലാലെന്ന പൂങ്കുയില്‍ , പ്രവാചകന്റെ പ്രിയപ്പെട്ട അനുയായി, തന്റെ ബാങ്ക്‌ മുഴുവനാക്കി. പക്ഷെ അപ്പോഴേക്കും ആ പരിസരമാകെ ഒഴുകുന്ന മിഴികളും തപിക്കുന്ന ഹൃദയവുമായി മദീനാനിവാസികളെ കൊണ്ട്‌ നിറഞ്ഞിരുന്നു. ഒരിക്കലും അണമുറിയാത്ത പ്രവാചക സ്നേഹത്തിന്റെ മന്ത്രധ്വനികളുമായി. ഇന്നും ലോകമുസ്ലിമീങ്ങളുടെ നെഞ്ചില്‍ ബാക്കിയുള്ളത്‌ ആ പ്രവാചക സ്നേഹത്തിന്റെ അണമുറിയാത്ത നീരുറവ തന്നെ!

ഫിദാക്ക അബീ വഉമ്മീ യാ റസൂലല്ലാഹ്‌. 

Tuesday, July 3, 2012

ദത്തുപുത്രന്റെ ഭാര്യ


യുവാവായ സൈദ്‌ പ്രവാചകന്റെ ദത്തുപുത്രനായിരുന്നു. തന്റെ അടിമയായിരുന്ന സൈദിനെ പ്രവാചകന്‌ സമ്മാനിച്ചത്‌ പ്രവാചകന്റെ ഭാര്യയായിരുന്ന ഖദീജയായിരുന്നു. സൈദിനെ പ്രവാചകന്‍ സ്വതന്ത്രനാക്കി. ബാലനായിരുന്ന സൈദിനെ തന്റെ സംരക്ഷണയില്‍ വളര്‍ത്തി വലുതാക്കുകയും ചെയ്‌തു. ഒരിക്കല്‍ അടിമയായിരുന്നവര്‍ പിന്നീട്‌ സ്വതന്ത്രരാക്കപ്പെട്ടാല്‍ അത്തരക്കാരെ വിളിച്ചിരുന്നത്‌ "മവാലികള്‍" എന്നായിരുന്നു. സമൂഹത്തിലെ നാലാംകിട പൌരന്‍മാര്‍. അവര്‍ അടിമകളാണോ എന്നു ചോദിച്ചാല്‍ അല്ല. എന്നാല്‍ സമൂഹത്തില്‍ അവര്‍ക്ക്‌ വല്ല സ്ഥാനവുമുണ്ടോ എന്നു ചോദിച്ചാല്‍ അതുമില്ലായിരുന്നു. 

മക്കയില്‍ നിന്നും പലായനം ചെയ്‌തു മുസ്ലിമീങ്ങള്‍ മദീനയിലെത്തി. മദീനയാണ്‌ ലോകം കണ്ട ഏറ്റവും വലിയ വിപ്ലവത്തിന്റെ സിരാ കേന്ദ്രം. അവിടെ നിന്നാണ്‌ പ്രവാചകന്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു ജനവിഭാഗത്തിന്റെ കൈപിടിച്ച്‌, സമൂഹത്തിലെ ഉന്നതരെന്ന്‌ നടിച്ചിരുന്നവരുടെ മുന്നേ നടന്നു പോയത്‌. അവിടെ വച്ചാണ്‌ പ്രവാചകന്‍ അടിമത്വത്തില്‍ നിന്നും മോചിതനായ കറുത്ത നീഗ്രോയായ ബിലാലിനെ തന്റെ ഒരു കൈ കൊണ്ടും, വെളുത്ത്‌ തുടുത്ത, സ്വര്‍ണവര്‍ണമുള്ള തലമുടിയുള്ള സല്‍മാനുല്‍ ഫാരിസിയെ തന്റെ മറ്റേ കൈകൊണ്ടും തന്നിലേക്ക്‌ ചേര്‍ത്ത്‌ പിടിച്ച്‌, ഇവര്‍ രണ്ടു പേരും എന്റെ സ്വന്തക്കാര്‍ തന്നെയാണെന്ന പ്രഖ്യാപനം നടത്തിയത്‌. 

അറേബ്യ എല്ലാ വിധ ഉച്ചനീചത്വങ്ങളുടേയും ഈറ്റില്ലമായിരുന്നു. ഉച്ചനീചത്വങ്ങളില്‍ ഏറ്റവും കടുത്തത്‌, ഗോത്രത്തിന്റെയും തറവാടിന്റെയും നിറത്തിന്റെയും ഭാഷയുടെയുമൊക്കെ പേരില്‍ മനുഷ്യര്‍ പരസ്പരം മേനി നടിക്കുന്നതാണ്‌. ഒരു മനുഷ്യന്‍ തന്റെ രക്ഷിതാവായ ദൈവത്തിന്റെ മുമ്പില്‍ അവന്റെ ഭക്‌തി കൊണ്ടല്ലാതെ തരം തിരിക്കപ്പെടുന്നില്ല. ഒരൊറ്റ മനുഷ്യന്‍ പോലും ദൈവത്തിന്റെ മുമ്പില്‍ ഇന്നാലിന്ന മാതാപിതാക്കള്‍ക്ക്‌ ജനിച്ചവന്‍ എന്നതു കൊണ്ട്‌ പ്രത്യേകം മേന്‍മ നേടുന്നില്ല. എല്ലാ മനുഷ്യനും ശുദ്ധ പ്രകൃതിയില്‍ ജനിക്കുന്നു. അവന്റെ മാതാപിതാക്കള്‍ അവനെ മുസ്ലിമും ഹിന്ദുവും ക്രിസ്‌ത്യാനിയും യാഹുദിയുമൊക്കെ ആക്കുന്നു. ചിലര്‍ മാത്രം മാതാപിതാക്കളുടെ മാര്‍ഗം വെടിഞ്ഞ്‌ തങ്ങള്‍ക്ക്‌ സത്യമെന്ന്‌ തോന്നിയതിലേക്ക്‌ തിരിയുന്നു. 


ഇസ്ലാമിക കാഴ്ച്ചപ്പാട്‌ പ്രകാരം ഓരോ മുസ്ലിമും ഒരു ചീര്‍പ്പിന്റെ പല്ലുകളെന്ന പോലെ സമന്‍മാരാണ്‌. ഒരാളും മറ്റൊരാളെക്കാള്‍ തന്റെ ഭക്‌തിയും നന്‍മയും കൊണ്ടല്ലാതെ അല്ലാഹുവിങ്കല്‍ മേന്‍മപ്പെട്ടിട്ടില്ല. തന്റെ തിന്‍മയും നിഷേധവും കൊണ്ടല്ലാതെ ഇകഴ്ത്തപ്പെട്ടിട്ടുമില്ല. ഇതാണ്‌ ഇസ്ലാമിന്റെ  പ്രാധമികാധ്യാപനങ്ങളില്‍ ഒന്ന്‌. ഇത്‌ ജനങ്ങളിലേക്കെത്തണം. തന്റെ കുടുംബത്തില്‍ നിന്നു തന്നെ ആവട്ടെ അതിന്റെ തുടക്കം എന്ന്‌ പ്രവാചകനുറച്ചു. സൈദ്‌ എന്ന തന്റെ വളര്‍ത്തു പുത്രന്, അടിമത്വത്തില്‍ നിന്നും മോചിപ്പിക്കപ്പെട്ട സൈദിന്, പ്രവാചകന്‍ വിവാഹമാലോചിച്ചത്‌ സ്വന്തം പിതാവിന്റെ സഹോദരിയുടെ പുത്രിയും സുന്ദരിയുമായ സൈനബിനെ ആയിരുന്നു. 


സൈദിനെ വിവാഹം കഴിക്കണം എന്ന്‌ പ്രവാചകന്‍ പറഞ്ഞപ്പോള്‍ സൈനബ്‌ അമ്പരന്നു പോയി. അവര്‍ക്കത്‌ ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒന്നായിരുന്നില്ല. മവാലിയായ സൈദ്‌ തന്റെ ഭര്‍ത്താവാകുകയോ? ബനൂഹാഷിം കുടുംബത്തില്‍ പിറന്ന, പ്രവാചകന്റെ കുടുംബക്കാരിയായ താനെവിടെ, അടിമച്ചന്തയില്‍ ലേലം ചെയ്‌ത്‌ വില്‍ക്കപ്പെടുകയും, പ്രവാചകന്റെ കാരുണ്യം കൊണ്ട്‌ സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്‌ത സൈദെവിടെ? അവര്‍ തന്റെ മനസ്സ്‌ പ്രവാചകന്റെ മുമ്പില്‍ അവതരിപ്പിച്ചു. 


അല്ലാഹുവിന്റെ റസൂലേ, അങ്ങ്‌ എന്നെ അതിനു നിര്‍ബന്ധിക്കരുത്‌. എനിക്കദ്ദേഹത്തെ സ്വീകരിക്കാന്‍ പ്രയാസമുണ്ട്‌. 


മറുപടി പ്രവാചകന്‍ മുന്‍ക്കൂട്ടി കണ്ടതു തന്നെ. കുടുംബ മഹാത്മ്യത്തിന്റെ മുള്‍മുരിക്കുകളില്‍ ദുരഭിമാനത്തിന്റെ മൂക്കുകയര്‍ കുടുങ്ങിപ്പോയ ഒരു ജനതയാണ്‌ തന്റേത്‌ എന്ന്‌ അദ്ദേഹത്തോളം മറ്റാര്‍ക്കുമറിയില്ലല്ലോ. അല്ലാഹുവിങ്കല്‍ നിന്നുള്ള നിലപാടുകള്‍ കര്‍ശനമാക്കിയില്ലായിരുന്നെങ്കില്‍ മനുഷ്യനെ മനുഷ്യനായി നിലനിര്‍ത്താനാവുമായിരുന്നില്ല. പ്രവാചകനോ അല്ലാഹുവോ ഒരു തീരുമാനമെടുത്താല്‍ , പിന്നെ വ്യക്‌തിപരമായ വിവേചനാധികാരത്തിനു പ്രസക്‌തിയില്ല എന്ന ഖുര്‍ആന്‍ വചനം കണ്‍മുമ്പില്‍ തെളിഞ്ഞപ്പോള്‍ സൈനബ്‌ ഒന്നഴഞ്ഞു. അവര്‍ ചോദിച്ചു. 


അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങ്‌ സൈദിനെ എന്റെ ഭര്‍ത്താവായി തൃപ്‌തിപ്പെട്ടിട്ടുണ്ടോ?


ഉണ്ട്‌ എന്നായിരുന്നു പ്രവാചകന്റെ മറുപടി. സൈനബിന്റെ മച്ചുണന്‍ കൂടിയാണ്‌ പ്രവാചകന്‍ . സൈനബിന്റെ ജീവിത വിഷയങ്ങളില്‍ ഇടപെടാന്‍ അധികാരമുള്ള ഒരാള്‍ തന്നെ. കുടുംബത്തിലെ ഉത്തരവാദിത്വപ്പെട്ട വ്യക്‌തിത്വം. സൈനബ്‌ അല്ലാഹിന്റെ പ്രവാചകന്റെ തൃപ്‌തിയും അതിലൂടെ അല്ലാഹുവിന്റെ പൊരുത്തവും ആഗ്രഹിച്ച്‌ സൈദുമായുള്ള വിവാഹത്തിന്‌ സമ്മതം മൂളി. അങ്ങിനെ സൈനബ എന്ന കുലീനയായ യുവതി സൈദ്‌ എന്ന മവാലിയുടെ ഭാര്യയായി. മദീനയില്‍ പിന്നെയും വിവാഹങ്ങള്‍ നടന്നു. പലതും ഉയര്‍ന്ന കുടുംബങ്ങളില്‍ നിന്നും താഴേ തട്ടിലുള്ള കുടുംബങ്ങളിലേക്കു തന്നെ. മാറ്റം പ്രവാചകന്‍ തന്റെ കുടുംബത്തില്‍ നിന്നാണ്‌ കാണിച്ചു കൊടുത്തത്‌. പക്ഷെ, സൈദും സൈനബും തമ്മിലുള്ള ബന്ധം ഏച്ചു  കെട്ടിയ കയറുകള്‍ പോലെ മുഴച്ചു നില്‍ക്കുക തന്നെ ചെയ്‌തു. അതു പ്രവാചകന്‌ ഒരു സൊല്ലയാകാതെ ഇരുന്നതുമില്ല. വിവാഹം കഴിഞ്ഞ നാളുകള്‍ കഴിഞ്ഞിട്ടും സൈദിനെ പൊരുത്തപ്പെടാന്‍ സൈനബിനായില്ല. അവരിലെ ആ ആഢിത്യഭാവം പാവപ്പെട്ട സൈദിനെ വല്ലാതെ പ്രയാസത്തിലാക്കി. സഹിക്കാന്‍ വയ്യാത്ത വിധമായപ്പോള്‍ പ്രവാചക സന്നിധിയില്‍ വന്ന്‌ സൈദ്‌ പരാതി പറഞ്ഞു. വിവാഹ മോചനത്തിന്‌ അനുവാദം നല്‍കണം എന്നപേഷിച്ചു. അപ്പോഴെല്ലാം പ്രവാചകന്റെ മറുപടി. ക്ഷമിക്കുക, സഹിക്കുക. അല്ലാഹുവിനെ സൂക്ഷിക്കുക എന്നായിരുന്നു. 


എങ്കിലും പ്രവാചകന്‌ അറിയാമായിരുന്നു പൊട്ടാന്‍ നില്‍ക്കുന്ന ഒരു നീര്‍കുമിള മാത്രമാണ്‌ ആ ബന്ധമെന്ന്‌. അവസാനം, അത്‌ സംഭവിക്കുക തന്നെ ചൈതു. അവര്‍ വേര്‍ പിരിഞ്ഞു. അത്‌ പ്രവാചകനെ അങ്ങെയറ്റം ദുഃഖത്തിലാഴ്ത്തിയ ഒരു സംഭവമായിരുന്നു. അതിന്നിടയിലാണ്‌ ദത്തു പുത്രന്‍മാരുടെ കാര്യത്തില്‍ അറബികള്‍ക്കിടയില്‍ അന്നു നിലവിലുണ്ടായിരുന്ന ചില ആചാരങ്ങളും കീഴ്‌വഴക്കങ്ങളും പാടേ നിഷേധിച്ചു കൊണ്ടും, ഭാര്യമാരെ "ദിഹാര്‍" ചെയ്യുന്നത്‌ നിരോധിച്ചു കൊണ്ടും ഖുര്‍ആന്‍ വചനങ്ങളിറങ്ങി. 


ഒരു മനുഷ്യന്റെ ഉള്ളിലും അവന്‌ അല്ലാഹു രണ്ട്‌ ഹൃദയങ്ങള്‍ സൃഷ്ടിച്ചിട്ടില്ല. നിങ്ങള്‍ നിങ്ങളുടെ മാതാക്കളെ പോലെയായി പ്രഖ്യാപിക്കുന്ന നിങ്ങളുടെ ഭാര്യമാരെ അവന്‍ നിങ്ങള്‍ക്ക്‌ മാതാക്കളാക്കിയിട്ടുമില്ല. നിങ്ങള്‍ നിങ്ങളിലേക്ക്‌ ചേര്‍ത്തു വിളിക്കപ്പെടുന്ന ദത്തുപുത്രന്‍മാരെ അവന്‍ നിങ്ങളുടെ മക്കളുമാക്കിയിട്ടില്ല. അവയെല്ലാം നിങ്ങള്‍ നിങ്ങളുടെ വായ കൊണ്ട്‌ പറയുന്ന ചില വാക്കുകള്‍ മാത്രമാകുന്നു. അല്ലാഹു സത്യം പറയുന്നു. അവന്‍ നിങ്ങള്‍ക്ക്‌ നേര്‍വഴി കാണിച്ചു തരികയും ചെയ്യുന്നു. നിങ്ങളവരെ (ദത്തുപുത്രന്‍മാരെ) അവരുടെ പിതാക്കളിലേക്ക്‌ ചേര്‍ത്തു വിളിക്കുക. അതാണ്‌ അല്ലാഹുവിങ്കല്‍ ഏറ്റവും നീതിപൂര്‍വകമായിട്ടുള്ളത്‌. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ക്കറിയില്ലെങ്കില്‍, മതത്തില്‍ അവര്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അറിയാതെ ചെയ്‌തതില്‍ നിങ്ങള്‍ക്ക്‌ കുറ്റമില്ല. എന്നാല്‍ നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞു കൊണ്ട്‌ ചെയ്‌തത്‌ കുറ്റകരമാകുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും കാരുണ്യവാനുമാകുന്നു


അത്രയും കാലം സെദ്‌ ഇബ്നു മുഹമ്മദ്‌ (മഹമ്മദിന്റെ പുത്രന്‍ സൈദ്‌) എന്നു വിളിക്കപ്പെട്ടിരുന്ന സൈദ്‌ അന്നു മുതല്‍ സൈദ്‌ ഇബ്നു ഹാരിസ്‌ (ഹാരിസിന്റെ പുത്രന്‍ സൈദ്‌) എന്ന്‌ വിളിക്കപ്പെട്ടു. സമൂഹത്തില്‍ ദത്തെടുക്കലുമായി ധാരാളം മാമൂലുകള്‍ നിലനില്‍ക്കുന്നുണ്ട്‌. ആ മാമൂലുകള്‍ മുഴുവനും മാറ്റപ്പെടേണ്ടതാണ്‌. അവയെല്ലാം ജനമനസ്സുകളില്‍ ആഴത്തില്‍ വേരോടിയവയും നാട്ടില്‍ യഥേഷ്ടം നടപ്പുല്ലതുമാണ്. പ്രവാചകന്‌ മുന്‍ക്കൂട്ടി അറിയാമായിരുന്ന ഒരു കര്യമാണ്‌, സൈദ്‌ സൈനബിനെ വിവാഹമോചനം ചെയ്യുമെന്നും, അതിന്റെ ശേഷം അവരെ താന്‍ സ്വീകരിക്കേണ്ടി വരുമെന്നും. പക്ഷെ ആ വിവാഹം ഉണ്ടാക്കിയേക്കാവുന്ന കോലാഹലങ്ങളെ കുറിച്ചദ്ദേഹത്തിനു വേവലാധിയുണ്ടായിരുന്നു. ദത്തുപുത്രന്‍മാരെ സ്വപുത്രന്‍മാരായിട്ട്‌ കണ്ടിരുന്നവരാണ്‌ അറബികള്‍. അവരുടെ ഭാര്യമാര്‍ സ്വപുത്രന്‍മാരുടെ ഭാര്യമാരെ പോലെയും. സ്വപുത്രന്‍മാരുടെ ഭാര്യമാരെ വിവാഹം കഴിക്കല്‍ എല്ലാ നിലക്കും ഇസ്ലാമില്‍ വിരുദ്ധവുമാണ്‌. 


ദത്തുപുത്രന്‍മാരെ സ്വപുത്രന്‍മാരെ കാണരുതെന്നും, അവര്‍ക്ക്‌ അനന്തരാവകാശമില്ലെന്നുമൊക്കെ നിയമങ്ങള്‍ പുതുതായി വന്നെങ്കിലും ജനങ്ങള്‍ ഇപ്പോഴും പഴയ ചില മാമൂലുകളില്‍ കുടുങ്ങിക്കിടക്കുകയാണ്‌. പ്രവാചകന്‍ ജനങ്ങള്‍ എന്തു പറയുമെന്ന്‌ ഭയന്നത്‌ സ്വാഭാവികം മത്രമായിരുന്നു. സൈനബയെ പ്രവാചകന് നേരത്തെ അറിയാം. അവര്‍ സുന്ദരിയാണെന്നറിയാം. എന്നാല്‍ അവരെ വിവാഹം കഴിക്കാന്‍ പ്രവാചകന്‍ ആഗ്രഹിച്ചിരുന്നേ ഇല്ല. ഉണ്ടായിരുന്നെങ്കില്‍ സൈദിനു വേണ്ടി വിവാഹമാലോചിക്കില്ലായിരുന്നു. നിര്‍ബന്ധിച്ച്‌ കല്ല്യാണം നടത്തിക്കില്ലായിരുന്നു. കന്യകയായിരിക്കുന്ന അവസ്ഥയില്‍ തന്നെ അവരെ സ്വന്തമാക്കാന്‍ പ്രവാചകന്‌ അന്ന്‌ യാതൊരു തടസ്സവുമില്ലായിരുന്നു. 


പക്ഷെ, സൈദ്‌ വിവാഹമോചനം നടത്തിയപ്പോള്‍ അല്ലാഹുവിന്റെ ഹിതപ്രകാരം പ്രവാചകന്‍ സൈനബിനെ വിവാഹമാലോചിക്കാന്‍ നിര്‍ബന്ധിതനായി. അന്നാ വിവാഹാലോചനയുമായി പ്രവാചകന്‍ സൈനബിന്റെ അടുത്തേക്ക്‌ അയച്ചതാവട്ടെ അവരടെ മുന്‍ഭര്‍ത്താവ്‌ സൈദിനെ തന്നെ ആയിരുന്നു. പ്രവാചകന്റെ ദത്തു പുത്രനെ. 


അദ്ദേഹം ചെല്ലുമ്പോള്‍ സൈനബ്‌ ഗോതമ്പു മാവ്‌ കുഴച്ചു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന്‌ അവരെ കണ്ടപ്പോള്‍ സൈദിന്‌ എന്തോ ഒരു പ്രയാസം തോന്നി. അവര്‍ക്ക്‌ പുറം തിരിഞ്ഞു നിന്നു കൊണ്ടാണ്‌ അദ്ദേഹം തന്റെ ആഗമനോദ്ധ്യേശം അറിയിച്ചത്‌. 


സൈനബ്‌, സന്തോക്കുക. അങ്ങേയറ്റം സന്തോഷിക്കുക. അല്ലാഹുവിന്റെ പ്രവാചകന്റെ ഭാര്യയായിരിക്കാന്‍ നിങ്ങള്‍ക്ക്‌ സമ്മതമാണോ എന്ന്‌ പ്രവാചകന്‍ അന്വേഷിക്കുന്നു. 


എന്നാല്‍ സൈനബ്‌ പറഞ്ഞത്‌, അല്ലാഹുവിന്റെ കല്‍പ്പന കിട്ടാതെ എനിക്കൊന്നും പറയാനാവില്ല എന്നായിരുന്നു. സംഗതിവശാല്‍ , ദത്തുപുത്രന്‍മാരെ അവരുടെ പിതാക്കന്‍മാരിലേക്ക്‌ ചേര്‍ത്തു വേണം പേരുകള്‍ വിളിക്കാന്‍ എന്നൊക്കെ നിയമമായെങ്കിലും, അവരുടെ വിധവകളേയോ, അവരില്‍ നിന്നും വിവാഹമോചനമായവരേയോ വിവാഹം കഴിക്കാമെന്ന പ്രത്യക്ഷ നിയമങ്ങളൊന്നും ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ അപ്പോള്‍ നിലവിലില്ല. ആ നിലക്ക്‌, തന്റെ മുന്‍ഭര്‍ത്താവ്‌ പ്രവാചകന്റെ ദത്തുപുത്രനാകയാല്‍ ഈ വിവാഹം സമൂഹത്തിലുണ്ടാക്കിയേക്കാവുന്ന കോലിളക്കങ്ങളെ കുറിച്ച്‌ അവരും ചിന്തിച്ചിരിക്കാം. സൈനബ്‌ ഇങ്ങിനെ പറഞ്ഞപ്പോള്‍ തന്നെ ആ വിവാഹത്തെ സാധൂകരിച്ചു കൊണ്ടും, ആ വിവാഹം നടത്തിക്കൊടുത്തു കൊണ്ടും ഖുര്‍ആന്‍ വചനങ്ങള്‍ അവതീര്‍ണമായി. ആ വചനങ്ങളുടെ അവതീര്‍ണത്തോടെ സൈനബ എന്ന മഹിള പ്രവാചകന്റെ ഭാര്യആവുകയായിരുന്നു. 


അല്ലാഹു അനുഗ്രഹം ചെയ്യുകയും താങ്കള്‍ അനുഗ്രഹിക്കുകയും ചെയ്‌തവനോട്‌ നിന്റെ ഭാര്യയെ നിനക്കായി വച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക എന്ന്‌ താങ്കള്‍ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക). അല്ലാഹു വെളിവാക്കാന്‍ പോകുന്ന കാര്യം താങ്കള്‍ മനസ്സില്‍ മറച്ചു വെക്കുകയും ജനങ്ങളെ ഭയക്കുകയും ചെയ്യുന്നു. അല്ലാഹുവാണ്‌ താങ്കള്‍ക്ക്‌ ഭയക്കുവാന്‍ അവകാശപ്പെട്ടവന്‍. അങ്ങിനെ സൈദ്‌ അവളെ വിവാഹമോചനം ചെയ്‌തപ്പോള്‍ അവളെ നാം താങ്കള്‍ക്ക്‌ വിവാഹം ചെയ്‌തു തരുന്നു. വിശ്വാസികള്‍ക്ക്‌ അവരുടെ ദത്തുപുത്രന്‍മാരുടെ ഭാര്യമാരെ അവര്‍ അവരില്‍ നിന്നും വിവാഹമോചനം നേടിക്കഴിഞ്ഞാല്‍ ; അവരുടെ കാര്യത്തില്‍ വിഷമമില്ലാതിരിക്കാന്‍ വേണ്ടിയാകുന്നു (ഈ നടപടി). അല്ലാഹുവിന്റെ കല്‍പന നടപ്പില്‍ വരിക തന്നെ ചെയ്യും. 


പ്രവാചകന്‍ ഭയന്നത്‌ സംഭവിക്കുക തന്നെ ചെയ്‌തു. ഇത്‌ ഒച്ചപ്പാടായി. മുഹമ്മദ്‌ മകന്റെ ഭാര്യയെ വിവാഹം കഴിച്ചിരിക്കുന്നെന്നും, മുഹമ്മദ്‌ തന്റെ ഇഷ്ടത്തിനനുസരിച്ച്‌ ഖുര്‍ആന്‍ ചമക്കുകയാണെന്നും കപട വിശ്വാസികളും, പ്രവാചക വിരോധികളും പറഞ്ഞു നടക്കാന്‍ തുടങ്ങി. അവരുടെ പിന്‍ഗാമികള്‍ ഇന്നും അതെല്ലാം പറഞ്ഞു നടക്കുന്നുമുണ്ട്‌. അവരുടെ വായടപ്പിക്കാന്‍ പടച്ച തമ്പുരാനെ ആവൂ. 


കണ്ണടച്ച്‌ ഇരുട്ടാക്കുകയാണവര്‍ . കാരണം പ്രവാചകന്‍ ഒരിക്കലും ദത്തുപുത്രന്റെ ഭാര്യയെ സ്വന്തമാക്കിയിട്ടില്ല. അവര്‍ അപ്പോള്‍ വിവാഹ മോചിതയായിരുന്നു. ഭര്‍ത്താവ്‌ മരിക്കുകയോ ഉപേഷിക്കുകയോ ചെയ്‌താല്‍ ആ സ്‌ത്രീയെ മറ്റൊരാള്‍ പുനര്‍വിവാഹം ചെയ്യുക എന്നത്‌ നാട്ടുനടപ്പാണ്‌. അറബികള്‍ക്കിടയില്‍ ദത്തുപുത്രന്‍മാര്‍ക്ക്‌ നല്‍കിയിരുന്ന അനാവിശ്യമായ സ്ഥാനം നിര്‍ത്തലാക്കേണ്ടത്‌ ഇസ്ലാമിക ശരീഅത്തിന്റെ ഒരു ഭാഗമാണ്‌. ഒരാള്‍ക്ക്‌ തന്റെ സഹോദരന്റെ ഭാര്യയെ സഹോദരന്റെ മരണ ശേഷമോ, സഹോദരനില്‍ നിന്നും വിവാഹമോചനം നേടിയാലോ വിവാഹം കഴിക്കുന്നതിന്‌ ഇസ്ലാമിക വിധിപ്രകാരം വിരോധമൊന്നുമില്ല. അതു പോലെ ഭാര്യയുടെ സഹോദരിയെ ഭാര്യയുടെ മരണശേഷമോ ഭാര്യയില്‍ നിന്നും വിവാഹ മോചനം നേടിയോ വിവാഹം കഴിക്കാം. എന്നാല്‍ ഒരേ സമയം സഹോദരിമാരെ വിവാഹം കഴിക്കല്‍ നിഷിദ്ധമാകുന്നു. ഇത്തരം ബന്ധങ്ങളൊന്നും തന്നെ ഇണകള്‍ക്ക്‌ മാനസികപ്രശ്ണങ്ങള്‍ ഉണ്ടാക്കുന്നതല്ല. മനുഷ്യനെ സൃഷ്ടിച്ച അല്ലാഹുവാണ്‌ നിങ്ങള്‍ ഇന്നവരെയെല്ലാം വിവാഹം ചെയ്‌തോളൂ ഇന്നവരെയെല്ലാം ചെയ്യരുത്‌ എന്ന്‌ പറഞ്ഞത്‌. സത്യത്തില്‍ ഈ കാര്യത്തില്‍ പ്രവാചകനെ കുറ്റപ്പെടുത്തേണ്ട ആവിശ്യമൊന്നും ഇല്ലെങ്കിലും, പഴുതുകള്‍ അന്വേഷിച്ചു നടക്കുന്നവരോട്‌ നമ്മള്‍ ന്യായം പറഞ്ഞിട്ടൊന്നും കാര്യമില്ല. 


മറ്റേതൊരു സ്‌ത്രീയേയും പോലെ, ഭാര്യയേയും പോലെ പ്രവാചകന്റെ പ്രിയഭാര്യയായിരുന്ന ആയിഷ റദിയല്ലാഹു അന്‍ഹയും പ്രതികരിച്ചു. വൈകാരികമായി തന്നെ. "അങ്ങയുടെ ആഗ്രഹങ്ങള്‍ അങ്ങയുടെ നാഥന്‍ എത്ര വേഗമാണ്‌ സമ്മതിച്ചു തരുന്നത്‌" എന്നൊരു ചോദ്യത്തോടെയായിരുന്നു പ്രവാചകനെ ബഹുമാനപ്പെട്ട ആയിഷ നേരിട്ടത്‌. ആയിഷയുടെ മുമ്പിലെപ്പോഴും പ്രവാചകന്‍ ചിരിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത മനോഹരമായ പുഞ്ചിരി. സ്വന്തം ഭര്‍ത്താവ്‌ മറ്റൊരു സ്‌ത്രീയെ കൂടി വിവാഹം ചെയ്യുന്നതില്‍ , അത്‌ എത്രയൊക്കെ നാട്ടുനടപ്പായാലും ഏതൊരു സ്‌ത്രീക്കും നീരസമുണ്ടാവുക സ്വാഭാവികമാണ്‌. അതും പുതുതായി വരുന്നവള്‍ സുന്ദരിയും ചെറുപ്പക്കാരിയുമാണെങ്കില്‍ പ്രത്യേകിച്ചും. പക്ഷെ, ആയിഷയുടെ സ്‌ത്രീ സഹജമായ ഈ സംസാരം ആധുനിക പ്രവാചക വിരോധികള്‍ പ്രവാചകനെതിരെ എടുത്തുപയോഗിക്കാറുണ്ട്‌. പക്ഷെ, സത്യത്തിന്റെ മുമ്പില്‍ അവയ്ക്കൊന്നും യാതൊരു വിലയുമില്ല. 


ബഹുമാനപ്പെട്ട സൈനബ്‌ റദിയല്ലാഹു അന്‍ഹ വളരെയധികം ദാനശീലമുള്ള ഒരു മഹിളയായിരുന്നു. ഊറക്കിട്ട മൃഗത്തോലു കൊണ്ട്‌ കരകൌശല സാധനങ്ങളുണ്ടാക്കി അവര്‍ വില്‍ക്കാറുണ്ടായിരുന്നു. ആ വഴിക്ക്‌ അവര്‍ക്ക്‌ വരുമാനവുമുണ്ടായിരുന്നു. എന്നാല്‍ ഇങ്ങിനെ കിട്ടുന്ന വരുമാനമെല്ലാം അവര്‍ സാധുക്കള്‍ക്ക്‌ നല്‍കാറായിരുന്നു പതിവ്‌. പ്രവാചകന്‍ പറഞ്ഞതായി ഹസ്രത്ത്‌ ആയിഷ പറയുന്നു. 


പ്രവാചകന്‍ ഞങ്ങളോട്‌ പറയാറുണ്ടായിരുന്നു. നിങ്ങളില്‍ നിന്നും കൈക്ക്‌ നീളം കൂടിയ ആളായിരിക്കും എന്റെ മരണശേഷം ആദ്യമായി എന്നോട്‌ ചേരുക എന്ന്. പ്രവാചകന്റെ വഫാത്തിനട്ട് ശേഷം ഞങ്ങള്‍ പ്രവാചക പത്നിമാരെല്ലാവരും ഒത്തു കൂടിയാല്‍ പരസ്പരം കയ്യിന്റെ നീളം പരിശോധിക്കുമായിരുന്നു. സൈനബ്‌ മരിക്കുന്നതു വരെ ഞങ്ങള്‍ അത്‌ തുടര്‍ന്നു കൊണ്ടേ ഇരുന്നു. കയ്യയച്ച്‌ ദാനധര്‍മങ്ങള്‍ ചെയ്യുന്ന ആള്‍ എന്നാണ്‌ നീളമുള്ള കൈ എന്നതു കൊണ്ട്‌ പ്രവാചകന്‍ ഉദ്ധ്യേശിച്ചത്‌ എന്ന്‌ അപ്പോഴാണ്‌ ഞങ്ങള്‍ക്ക്‌ മനസ്സിലായത്‌. 

Sunday, June 10, 2012

നൂറു ഒട്ടകങ്ങളും മുഹമ്മദിന്റെ തലയും.






മക്കയുടെ കരളിന്റെ കഷ്ണങ്ങളായ ഖുറൈഷി ചെറുപ്പക്കാരേ.. 
അംറുബ്നു ആസിന്റെ ശബ്ദം മക്കയിലെ മലയിടുക്കുകളില്‍ തട്ടി പ്രതിധ്വനിക്കവെ, അയാള്‍ തന്റെ മുമ്പിലെ ചെറുപ്പക്കാരെ നോക്കി. അബൂസുഫ്‌യാനും, ഉത്ബതും ശൈബത്തുമൊക്കെ അവിടെയുണ്ടായിരുന്നു. അബൂജഹല്‍ തുടര്‍ന്നു. 
നാം ഈ മണ്ണില്‍ അഭിമാനത്തോടെയും സന്തോഷത്തോടെയും ഐക്ക്യത്തോടെയും ജീവിച്ചുപോന്നു. നാം ആരാധിച്ചു വരുന്ന ഈ ദൈവങ്ങള്‍ നമ്മുടെ പൂര്‍വികരുടേയും ദൈവങ്ങളായിരുന്നു. നമുക്ക്‌ പാരമ്പര്യമായി കിട്ടിയ സമ്പ്രദായങ്ങളും ആചാരങ്ങളും കീഴ്‌വഴക്കങ്ങളുമുണ്ടായിരുന്നു. ഏതൊരു സദസ്സിലും നാം ആദരിക്കപ്പെട്ടിരുന്നു. നാം അറേബ്യയിലെ ഉന്നതരും ശക്‌തരുമായിരുന്നു. എന്നാല്‍ ; നമ്മുടെ കൂടെ ജീവിച്ച്‌, നമ്മുടെ പ്രീതി പിടിച്ചു പറ്റിയ ഒരാള്‍ , മുഹമ്മദെന്ന ഭ്രാന്തനായ മാരണക്കാരന്‍ , ഇന്നിതാ നമുക്കിടയില്‍ വമ്പിച്ച കുഴപ്പങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്നു. നമ്മുടെ ഭവനങ്ങളില്‍ നമ്മള്‍ കാണാത്ത മതിലുകള്‍ അവന്‍ പണിഞ്ഞിരിക്കുന്നു. മാതാപിതാക്കളേയും സന്താനങ്ങളേയും അവന്‍ തമ്മിലകറ്റുന്നു. 
വന്യമായ കണ്ണുകളോടെ തന്റെ വാക്കുകള്‍ ശ്രദ്ധിച്ച്‌ കേള്‍ക്കുന്ന ആ ജനക്കൂട്ടത്തെ സൂക്ഷിച്ചു നോക്കി അവന്‍ സംസാരത്തിന്‌ ഒരിടവേള കൊടുത്തു. പിന്നെ തുടര്‍ന്നു. 
ഹേ വീരയോദ്ധാക്കളേ; മുന്തിയ ഒട്ടകങ്ങളില്‍ നിന്നും ഏറ്റവും മുന്തിയ നൂറൊട്ടകങ്ങള്‍ ! ചുവന്ന നുറു പെണ്‍ ഒട്ടകങ്ങള്‍ ! മുഹമ്മദിന്റെ തലയെടുക്കുന്നത് ആരാണോ; ആ ഒട്ടകങ്ങള്‍ അവര്‍ക്കുള്ളതാകുന്നു. ഈ മനുഷ്യസഞ്ചയവും, ഈ പൌരപ്രമുഖരും, പിന്നെയീ കഅ്ബാലയത്തിലെ ഇരിക്കുന്നതും നില്‍ക്കുന്നതുമായ ദൈവങ്ങളും സാക്ഷി!
കൂടി നിന്ന ആളുകള്‍ക്കിടയില്‍ നിന്നും പിറുപിറുക്കലുയര്‍ന്നു. സംഗതി കൊള്ളാം. നൂറ്‌ ഒട്ടകങ്ങള്‍ . അതും ഗോപുരം പോലെ പൂഞ്ഞ പൊങ്ങിയ ചുവന്ന ഒട്ടകങ്ങള്‍ . താഴ്‌വരയുടെ നേതാവിന്റെ പ്രഖ്യാപനം ആരെയും പ്രലോഭിപ്പിക്കുന്നതാണ്‌. പക്ഷെ പകരം വേണ്ടതോ? അത്‌ മുഹമ്മദിന്റെ തലയാണ്‌. മുഹമ്മദിന്റെ തല!
മുഹമ്മദ്‌ ഒരു പോരാളിയല്ല. യുദ്ധത്തില്‍ പങ്കെടുത്ത്‌ പ്രാവീണ്യം തെളിയിച്ചവനല്ല. കംബോളത്തില്‍ നടക്കാറുള്ള കലഹങ്ങളില്‍ പങ്കെടുത്തു എതിരാളിയെ ഒറ്റയടിക്ക്‌ കൊല്ലുന്നവനുമല്ല. പക്ഷെ മുഹമ്മദിന്റെ കുടുംബം!? അബ്ദു മനാഫിന്റെ കുടുംബമാണ്! അവരുടെ പ്രതികാര നടപടി കടുത്തതായിരുക്കും. മഹാശൂരന്‍മാരായ പോരാളികളുണ്ടവര്‍ക്കിടയില്‍ . അവരില്‍ അധിക പേരും മുഹമ്മദിന്റെ മതത്തില്‍ വിശ്വസിച്ചവരല്ലെങ്കിലും, നാട്ടുനടപ്പനുസരിച്ചുള്ള പ്രതികാരത്തിനവര്‍ തയ്യാറാവും. 
എല്ലാമോര്‍ത്ത്‌ ആ കര്‍മമേറ്റെടുക്കാനുള്ള ധൈര്യമില്ലാതെ ആളുകള്‍ നില്‍ക്കവേ, പുരുഷാരത്തിന്റെ അങ്ങേ അറ്റത്ത്‌ നിന്നും ഒരു  ശബ്ദമുയര്‍ന്നു. 
അബുള്‍ ഹക്കം! മുഹമ്മദിന്റെ തലക്കു പകരം, നീ പറഞ്ഞ പോലെ മുന്തിയതില്‍ മുന്തിയ നൂറ്‌ ഒട്ടകങ്ങളെ നല്‍കാമെങ്കില്‍ , ഞാനതിനു തയ്യാറാണ്‌. പക്ഷെ, നീ വാക്കു പാലിച്ചില്ലെങ്കില്‍ നിന്റെ മരണം എന്റെ കൈകൊണ്ടായിരിക്കും. ദാ ഈ വാളു കൊണ്ട്‌ നിന്റെ പിരടി ഞാന്‍ വെട്ടും. 
ആളുകളെല്ലാവരും തിരിഞ്ഞു നോക്കി. അവിടെ ഉയര്‍ത്തിപ്പിടിച്ച തന്റെ വാളുമായി നില്‍ക്കുന്നു; ഖഥ്വാബിന്റെ പുത്രന്‍ ഉമര്‍. എണ്ണം പറഞ്ഞ പോരാളി. ആ കണ്ണുകളില്‍ ശൌര്യം തീക്കണല്‍ പോലെ ജ്വലിക്കുന്നുണ്ടായിരുന്നു. 
ഉമറിന്റെ വാക്കുകള്‍ കേട്ട ഒരൊറ്റ മനുഷ്യനും സംശയിച്ചു പോയില്ല, ഉമറില്‍ നിന്നും മുഹമ്മദിന്‌ വല്ല രക്ഷയുമുണ്ടെന്ന്‌. മുഹമ്മദ്‌ എത്ര വലിയ മാരണവും കാട്ടട്ടെ. അവനാകാശത്തു നിന്നും തീമഴ പെയ്യിക്കട്ടെ. ഭൂമി പിളര്‍ത്തി ഇതു വരെ ഒരു കണ്ണുകളും ദര്‍ശിക്കാത്ത ഭീകര സത്വങ്ങളെ കൊണ്ടു വരട്ടെ. എന്നാലും ഉമര്‍ ജയിക്കും. ഉമര്‍ ജയിക്കുക തന്നെ ചെയ്യും. ഖുറൈഷികള്‍ക്കതില്‍ യാതൊരു സംശയവും ഇല്ല. 
അബൂജാഹില്‍ ഓടിച്ചെന്ന്‌ ഉമറിന്റെ കൈപിടിച്ചു കൊണ്ടു പറഞ്ഞു. 
ഓ ധീരനായ പിതാവിന്റെ ധീരനായ പുത്രാ! നിന്റെ വാളിന്റെ മൂര്‍ച്ച കൂട്ടാനായി നീയെന്റെ പിരടിയില്‍ രാകുക. എന്നാലും നീ മുഹമ്മദിനെ വധിക്കുമെങ്കില്‍ അതാണെനിക്ക്‌ സന്തോഷം. 
തന്റെ കാണാതായ കുഞ്ഞിനെ തിരഞ്ഞു നടക്കുന്ന സിംഹണിയെ പോലെ ഉമര്‍ മക്കയുടെ മുക്കും മൂലയും മുഹമ്മദിനെ തിരഞ്ഞു നടക്കുകയാണ്‌. മുഹമ്മദിനെ പിടിക്കണം. ആ നെഞ്ചില്‍ ചവിട്ടി വീഴ്ത്തണം. കമഴ്ത്തിക്കിടത്തി ആ പിരടിയില്‍ വെട്ടി തല അറുത്തെടുക്കണം. അത്‌ നൂറ്‌ ഒട്ടകങ്ങളുടെ കാര്യം മാത്രമല്ല. അറേബ്യയുടെ, മക്കയുടെ, ഖുറൈഷികളുടെ ഐക്ക്യമാണ്‌ മുഹമ്മദ്‌ തകര്‍ത്തത്‌. കാലങ്ങളായി കൊണ്ടാടുന്ന ആചാരങ്ങളെയാണ്‌ അവന്‍ പുച്ഛിച്ചു തള്ളിയത്‌. പാരമ്പര്യമായി കിട്ടിയ ദൈവങ്ങളെയാണ്‌ അവന്‍ നിഷേധിച്ചത്‌. നൂറ്റാണ്ടുകളുടെ വളര്‍ച്ചയുള്ള സംസ്ക്കാരത്തിന്റെ നേരെയാണ്‌ വിരല്‍ ചൂണ്ടിയത്‌. ഇല്ല. മുഹമ്മദ്‌ ഇനി ജീവിച്ചിരിക്കാന്‍ പാടില്ല. ഉമറിന്റെ തീരുമാനം ഉറച്ചതായിരുന്നു. 
മലഞ്ചെരുവില്‍ വച്ചാണ്‌ ഉമര്‍ നുഐമിനെ കണ്ടത്‌. ക്രൌര്യം തിളങ്ങുന്ന മുഖവുമായി, ഊരിപ്പിടിച്ച വാളുമായി വരുന്ന ഉമറിനെ കണ്ട്‌ നുഐമൊന്ന്‌ അന്തം വിട്ടു. അവരാകട്ടെ ബാല്യകാലം മുതല്‍ ചങ്ങാതിമാരും. കണ്ടപാടെ നുഐമിനോട്‌ ഉമര്‍ ചോദിച്ചു.
നുഐം, നീയാ മുഹമ്മദിനെ കണ്ടോ? ഇന്നവന്റെ അവസാനമാണ്‌... 
മുഹമ്മദിനെ കൊല്ലാനോ, നീയോ? അല്ലാഹു സത്യം, നിന്നെയാരോ പറഞ്ഞു പറ്റിച്ചിരിക്കുന്നു. മുഹമ്മദിനെ കൊന്നാല്‍ അബ്ദു മനാഫിന്റെ കുടുംബം നിന്നെ വെറുതെ വിടുമോ? നുഐം ചോദിച്ചു.
അബ്ദു മനാഫിന്റെ കുടുംബത്തിന്‌ ഉമറിന്റെ ഒരു രോമമെങ്കിലും പറിക്കാനാവുമെന്ന്‌ നീ കരുതുന്നുണ്ടോ? അല്ലാഹു സത്യം, ഉമറങ്ങിനെ ചിന്തിക്കുന്നു പോലുമില്ല. ഇല്ല.. ഇനി എന്റെ തീരുമാനത്തില്‍ നിന്നെന്നെ പിന്തിരിപ്പിക്കാന്‍ ഒന്നിനുമാവില്ല. ഒന്നിനും. !
പുചഛത്തോടെ ഉമര്‍ അങ്ങിനെ പറഞ്ഞപ്പോള്‍ നുഐം മുഖത്തടിച്ച പോലെ പറഞ്ഞു. 
ഖഥ്വാബിന്റെ പുത്രന്‍ മുഹമ്മദിനെ കൊല്ലാന്‍ നടക്കുന്നു. ഖഥ്വാബിന്റെ കുടുംബത്തിലുള്ളവരാവട്ടെ മുഹമ്മദിന്റെ മതത്തില്‍ വിശ്വസിക്കുന്നു. എന്തൊരു വിരോധാഭാസം! നിനക്കു ലജ്ജയില്ലെ ഉമര്‍ ? നിന്റെ കുടുംബത്തിനെ അടക്കി നിര്‍ത്താതെ  മുഹമ്മദിനെ തിരഞ്ഞു നടക്കാന്‍ ?
ഉമറിന്റെ കണ്ണുകളില്‍ നിന്നും രക്‌തത്തുള്ളികളിറ്റു വീഴുമെന്ന പോല്‍ , ആ മിഴികള്‍ ചുവന്നു. തന്റെ കളിക്കൂട്ടുക്കാരന്റെ ഉടുപ്പില്‍ പിടിച്ച്‌ തന്നിലേക്ക്‌ വലിച്ചടുപ്പിച്ച്‌ ഉമര്‍ ചോദിച്ചു. 
നുഐം, നീയെന്താണ്‌ പറഞ്ഞതെന്നും, ആരോടാണ്‌ പറഞ്ഞതെന്നുമറിയുമോ?
നുഐം ഒരല്‍പ്പം ഭയക്കാതിരുന്നില്ല. ഉമര്‍ തന്നെ കൊന്നു കളഞ്ഞാല്‍ ഉമറിനോടതു ചോദിക്കാന്‍ മക്കയിലാര്‍ക്കും ധൈര്യമുണ്ടാവില്ല. എങ്കിലും നുഐം പറഞ്ഞു. 
ഖഥ്വാബിന്റെ പുത്രാ, എനിക്കത്‌ ശരിക്കുമറിയാം. ഞാന്‍ പറഞ്ഞത്‌ നിന്റെ സഹോദരി ഫാഥ്വിമയെ കുറിച്ചാണ്‌. അവളും ഭര്‍ത്താവും മുഹമ്മദിന്റെ മതം സ്വീകരിച്ചത്‌ നീയറിഞ്ഞില്ലെന്നോ? അതോ നീ അറിഞ്ഞ ഭാവം നടിക്കുന്നില്ലെന്നോ?
ഉമര്‍ നുഐമിനെ വിട്ടു. ഉള്ളിലെ നിരാശ കാരണം തല വെട്ടിച്ച്‌ കൊണ്ടു ഉമര്‍ തന്നത്താന്‍ പറഞ്ഞു. 
ഉമറിന്റെ ഉമ്മക്ക്‌ നാശം. ഈ അപമാനം ഖഥ്വാബിന്റെ കുടുംബത്തിലെ പുരുഷന്‍മാരെങ്ങിനെ താങ്ങും? ഭൂമിയേ, നീ പിളരുകയും എന്നെ വിഴുങ്ങുകയും ചെയ്‌തിരുന്നെങ്കില്‍ ! ആകാശമേ, നീയടര്‍ന്ന്‌ ഉമറിന്റെ തലയിലേക്ക്‌ വീഴുക! മരുഭൂമിയിലെ മണ്ണു തിന്ന്‌ ജീവിക്കലായിരുന്നല്ലോ ഉമറിന്‌ ഇതിനെക്കാള്‍ ഭേദം. 
അമറുന്ന പോലെ ഉമര്‍ നുഐമിനോട്‌ പറഞ്ഞു. 
നീ നോക്കിക്കൊ. നീ പറഞ്ഞത്‌ സത്യമാണെങ്കില്‍ ഫാഥ്വിമയുടേയും അവളുടെ ഭര്‍ത്താവിന്റെയും കഥ കഴിച്ചിട്ടെ ഉമര്‍ മുഹമ്മദിന്റെ തലയെടുക്കൂ. മറിച്ചാണെങ്കില്‍ നിന്റെ കഥ കഴിച്ചിട്ടേ ഉമറ്‌ മുഹമ്മദിനെ തേടുകയുള്ളൂ. 
കലി തുള്ളി സ്വന്തം സഹോദരിയുടെ ഭവനം ലക്ഷ്യമാക്കി പോകുന്ന ഉമറിനെ നോക്കി നില്‍ക്കേ നുഐം അഗാധമായ വ്യസനത്തിലാണ്ടു.  മുഹമ്മദിനെ ഉമറിന്റെ കയ്യില്‍ നിന്നും രക്ഷിക്കുക എന്നൊരു ലക്ഷ്യമേ ഫാഥ്വിമയുടെ ഇസ്ലാം സ്വീകരണം ഉമറിനോട്‌ പറയുന്നതിലൂടെ നുഐമിന്‌ ലക്ഷ്യമുണ്ടായിരുന്നുള്ളൂ. എന്നാലിതാ ഇന്നു താന്‍ കാരണം ഫാഥ്വിമയും ഭര്‍ത്താവും അപകടത്തിലാവുന്നു. അവരും തന്നെ പോലെ രഹസ്യമായി ഇസ്ലാം സ്വീകരിച്ചവരാണ്‌. ഖുറൈഷികളില്‍ നിന്നുണ്ടായേക്കാവുന്ന കൊടിയ മര്‍ദ്ധനങ്ങള്‍ ഭയന്ന്‌ തങ്ങളെ പോലെ പലരും ഇസ്ലാമികാശ്ലേഷണം രഹസ്യമാക്കി വച്ചിരിക്കുകയാണ്‌. ഇനിയെന്തൊക്കെ നടക്കും? ആരുണ്ട്‌ ഉമറിനെ തടുക്കാന്‍? പ്രവാചകന്റെ അടുത്തേക്കാണ്‌ ഉമര്‍ പോയിരുന്നതെങ്കില്‍ അവിടെ ഹംസയെങ്കിലുമുണ്ടാവുമായിരുന്നു. ഇപ്പോഴിതാ ഫാഥ്വിമയും ഉമറിന്റെ മുമ്പില്‍ ദുര്‍ബലനായ അവളുടെ ഭര്‍ത്താവും. ഹാ, കഷ്ടം.
ഫാഥ്വിമയും ഭര്‍ത്താവ്‌ സഈദും കൂട്ടുകാരന്‍ ഖബ്ബാബും കൂടി പ്രവാചകന്‌ പുതുതായി അവതീര്‍ണമായ ഖുര്‍ആന്‍ വചനങ്ങളെ കുറിച്ചുള്ള ചര്‍ച്ചയിലാണ്‌. പരമ രഹസ്യമായ ഒരു കൂടിക്കാഴ്ച്ചയാണ്‌ അത്‌. പുറം ലോകമറിഞ്ഞാലുണ്ടാവുന്ന ഭവിഷ്യത്തുകള്‍ വളരെ വലുതായിരിക്കും. എങ്കിലും തങ്ങള്‍ക്ക്‌ വന്നെത്തിച്ചേര്‍ന്ന സത്യപാശത്തെ അവര്‍ മുറുകെ പിടിക്കാന്‍ തയ്യാറാണ്‌. ഈ ഇരുട്ടിന്റെ ഗഹ്വരത്തില്‍ നിന്നും ജനങ്ങളൊരിക്കല്‍ സത്യത്തിന്റെ തെളിനീര്‍ തടത്തിലേക്കിറങ്ങി വരുമെന്നവര്‍ വിശ്വസിക്കുന്നു. മാലിന്യത്തില്‍ നിന്നും പറന്നു വരുന്നൊരു ഈച്ച തന്നില്‍ വന്നിരിക്കുന്നത്‌ തടയാന്‍ പോലുമാവാത്ത വിഗ്രഹങ്ങളെ ആരാധിക്കുന്നതില്‍ നിന്നും, ഈ ജനങ്ങള്‍ സൃഷ്ടിയും സ്ഥിതിയും നീതിയും കയ്യാളുന്ന ഏകനായ ദൈവത്തെ ആരാധിക്കുന്നതിലേക്കെത്തിച്ചേരുമെന്നവര്‍ വിശ്വസിക്കുന്നു. 
എന്തോ ഒരു ശബ്ദം കേട്ട്‌ ജാലകത്തിലൂടെ പുറത്തേക്കെത്തിയപ്പോള്‍ ഖബ്ബാബ്‌ കണ്ടത്‌ ഊരിപ്പിടിച്ച വാളുമായി വരുന്ന ഉമറിനെയാണ്‌. ഖബ്ബാബിന്റെ സര്‍വാംഗങ്ങളും വിറച്ചുപോയി. ആ വരവു കണ്ടാലറിയാം ഉമറെല്ലാം അറിഞ്ഞിട്ടുള്ള വരവാണെന്ന്‌. ഉമറിന്റെ സ്വഭാവമനുസരിച്ച്‌ ചിലപ്പോള്‍ ചോദിക്കലും പറയലുമൊന്നും ഉണ്ടായി എന്നു വരില്ല. കണ്ടാല്‍ കാണുന്ന മാത്രയില്‍ ഉമര്‍ പണി തീര്‍ക്കും. ഖബ്ബാബ്‌ പരക്കം പാഞ്ഞു. തനിക്ക്‌ കിട്ടിയ ഒരു പഴുതില്‍ ഖബ്ബാബ്‌ ഒളിക്കുകയും ചെയ്‌തു. അപ്പോഴേക്കും വാതിലില്‍ മുട്ടു കേട്ടു  തുടങ്ങി. കൂടെ വാതില്‍ തുറക്കാനുള്ള ഉമറിന്റെ കല്‍പനയും. 
ഫാഥ്വിമ ഖബ്ബാബ്‌ കൊണ്ടുവന്ന തോല്‍ക്കഷ്ണം ചുരുട്ടിപ്പിടിച്ച്‌ തന്റെ വസ്‌ത്രത്തിനുള്ളിലൊളിപ്പിച്ചു. അതിലാണ്‌ ഖുര്‍ആനിന്റെ വചനങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്‌. അത്‌ പ്രവാചകന്റെ കല്‍പനയാണ്‌. ആ എഴുതിയത്‌ ഉമര്‍ കണ്ടു പ്രശ്ണമുണ്ടാക്കണ്ട എന്നു കരുതിയാണ്‌ അവരങ്ങിനെ ചെയ്‌തത്‌. 
സഈദ്‌ ചെന്ന്‌ വാതില്‍ തുറന്നു. ഉള്ളിലെ ഭയം മറച്ചു വച്ച്‌ കോപിഷ്ഠനായി നില്‍ക്കുന്ന ഭാര്യാസഹോദരനെ തന്റെ ഭവനത്തിലേക്ക്‌ സ്വാഗതം ചെയ്‌തു. വലിഞ്ഞു മുറുകിയ മുഖവുമായി അകത്തു കയറിയ പാടെ സഈദിനോട്‌ ഉമറിന്റെ വക ചോദ്യം. 
ഞാനിങ്ങോട്ടു വരുമ്പോള്‍ ചില അവ്യക്‌ത സൂക്‌തങ്ങള്‍ കേട്ടല്ലോ? എന്തായിരുന്നു അത്‌?
പടച്ചവനേ, ഉമര്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത്‌ കേട്ടിരിക്കുന്നു. 
ഹേയ്‌.. ഞങ്ങളിങ്ങനെ ഓരോ കാര്യങ്ങള്‍ പറഞ്ഞിരിക്കുകയായിരുന്നു. 
അല്ല, നീ കളവ്‌ പറയുന്നു, മക്കയിലെ മാരണക്കാരന്‍ മുഹമ്മദിന്റെ മതത്തില്‍ ചേര്‍ന്നുവോ നീ? പാരമ്പര്യമായി കിട്ടിയ നമ്മുടെ ദൈവങ്ങളെ നീ തള്ളിപ്പഞ്ഞോ? എന്റെ സഹോദരിയെ നീയതിന്‌ പ്രേരിപ്പിച്ചോ?
സഈദ്‌ സ്‌തബ്ധനായി നിന്നു. ഉമര്‍ അറിഞ്ഞിരിക്കുന്നു. ഞങ്ങള്‍ ഇത്രയും കാലം രഹസ്യമാക്കി വച്ചത്‌ പരസ്യമായിരിക്കുന്നു. ഇനിയങ്ങോട്ട്‌ ഓര്‍ത്താല്‍ പോലും ഭയപ്പെടുന്ന വിധത്തിലുള്ള പീഢനങ്ങളേറ്റു വാങ്ങാം. അതും ഉമര്‍ ഞങ്ങളെ ജീവനോടെ വിട്ടാല്‍ . ശബ്ദം കുറച്ച്‌, ഉറച്ച വാക്കുകളോടെ സഈദ്‌ പറഞ്ഞു. 
അതെ ഉമര്‍ , ഞങ്ങള്‍ മുഹമ്മദില്‍ വിശ്വസിച്ചിരിക്കുന്നു. എകനായ അല്ലാഹുവില്‍ ഞങ്ങള്‍ അഭയം തേടിയിരിക്കുന്നു. അവനല്ലാതെ ഒരാരാധ്യനില്ലെന്നും മുഹമ്മദ്‌ അവന്റെ പ്രവാചകനാണെന്നും ഞങ്ങള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു. 
നശിച്ചവനെ, ഖഥ്വാബിന്റെ കുടുംബത്തിലോ നിന്റെ ധിക്കാരം? 
ഉമര്‍ സഈദിനെ തലങ്ങും വിലങ്ങും തല്ലാന്‍ തുടങ്ങി. ഭര്‍ത്താവിനെ ഉമര്‍ മര്‍ദ്ധിക്കുന്നത്‌ കണ്ടപ്പോള്‍ ഫാഥ്വിമ ഓടിവന്നു. ഉമറിനെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിന്നിടയില്‍ ഫാഥ്വിമക്കും കിട്ടി ഉമറിന്റെ വക തല്ല്‌. ഉമറിന്റെ തല്ലു കൊണ്ട്‌ ഫാഥ്വിമ മുഖം കുത്തി വീണു. അവിടെ നിന്നും രക്‌തമൊലിക്കുന്ന മുഖത്തോടെ എഴുന്നേറ്റ്‌ തന്റെ ഭര്‍ത്താവിന്റെയും സഹോദരന്റെയും ഇടയില്‍ നിന്നു കൊണ്ട്‌ ഫാഥ്വിമ ഉറച്ച ശബ്ദത്തോടെ പറഞ്ഞു. 
ഉമര്‍ , ദേഷ്യം നിന്നെ അന്ധനാക്കിയിരിക്കുന്നു. നീയെന്തു പറഞ്ഞാലും, നീയെന്തു ചെയ്‌താലും ഞങ്ങള്‍ ഇസ്ലാം  സ്വീകരിച്ചിരിക്കുന്നു. മുഹമ്മദിനെ പ്രവാചകനായി അംഗീകരിച്ചിരിക്കുന്നു. നിനക്കു ഞങ്ങളെ കൊല്ലണമെങ്കില്‍ കൊല്ലാം. പക്ഷെ ഞങ്ങളൊരിക്കലും പിന്തിരിയില്ല തന്നെ. 
ആ വാക്കുകള്‍ ഉമറിന്റെ ഹൃദയത്തെ പിടിച്ചുലച്ചു. ആ നിശ്ചയദാര്‍ഢ്യം ഉമറിനെ അമ്പരപ്പിച്ചു. അവന്‍ തന്റെ സഹോദരിയുടെ മുഖത്തേക്ക്‌ നോക്കി. വായില്‍ നിന്നും മൂക്കില്‍ നിന്നും രക്‌തം വരുന്നു. കവിള്‍ മുറിഞ്ഞിരിക്കുന്നു. മുഖത്തു നിന്നും രക്‌തം അവരുടെ മാറിടത്തിലേക്ക്‌ ചാലിട്ടൊഴുകുന്നു. സ്വന്തം സഹോദരിയെ ആ വിധം കാണേണ്ടി വന്നപ്പോള്‍ ഉമര്‍ വ്യസനിച്ചു. സഹോദര സ്നേഹം ഉമറിന്റെ സിരകളെ തണുപ്പിച്ചു കളഞ്ഞു. ഉമര്‍ ശാന്തനായി. കുറേ നേരം ഒന്നും മിണ്ടാതെ അവരെയും നോക്കി നിന്നു. പിന്നെ ചോദിച്ചു. 
നിങ്ങള്‍ എന്തായിരുന്നു പാരായണം ചെയ്‌തു കൊണ്ടിരുന്നത്‌? എനിക്കതൊണ്‌ കാണണം. 
ഉമറിന്റെ പെട്ടെന്നുള്ള ആ മാറ്റം ഫാഥ്വിമക്ക്‌ വിശ്വാസമായില്ല. അതു കൊണ്ടു തന്നെ അവര്‍ പറഞ്ഞു. 
ഇല്ല ഉമര്‍ . ഇതിപ്പോള്‍ നിനക്ക്‌ തരില്ല. നീ ക്ഷുഭിതനാണ്‌. നിനക്കിപ്പോള്‍ ശുദ്ധതയില്ല. നീയൊരു കാര്യം ചെയ്യ്‌, കുളിച്ചിട്ട്‌ വരൂ. നിനക്കപ്പോള്‍ തരാം. 
ഉമര്‍ ഒന്നും പറയാതെ കുളിക്കാന്‍ പോയി. വെള്ളം തലയിലൂടെ കോരിയൊഴിച്ച്‌ തല തണുക്കുവോളം ഉമര്‍ കുളിച്ചു. ഈറനോടെ തിരിച്ച്‌ വന്ന്‌ സഹോദരിയുടെ നേരെ കൈ നീട്ടി. 
അതെനിക്ക്‌ തരൂ, ഞാനതൊന്ന്‌ വായിച്ച്‌ നോക്കട്ടെ. 
ഫാഥ്വിമ വിറക്കുന്ന കൈകളോടെ ഉമറിന്റെ നേരെ ആ തോല്‍ക്കഷ്ണം നീട്ടി. അദ്ധ്യായം ഥ്വാഹയിലെ ആദ്യത്തെ ചില വചനങ്ങളായിരുന്നു അതില്‍ ഉണ്ടായിരുന്നത്‌. ഉമര്‍ അതിലേക്ക്‌ കണ്ണോടിച്ചു. വായിച്ച്‌ തുടങ്ങി. മുഴുവന്‍ വായിച്ച്‌ കഴിഞ്ഞപ്പോള്‍ , കാറ്റിനെ പോലെ പതിഞ്ഞ ശബ്ദത്തില്‍ മന്ത്രിച്ചു. 
എത്ര സുന്ദരം! എത്ര മഹത്വമേറിയ വാക്യങ്ങള്‍ ! ഇത്രയും അര്‍ത്ഥ സമ്പുഷ്ടമായ സൂക്‌തങ്ങള്‍ നിരക്ഷരനായ മുഹമ്മദിന്‌ ഒരിക്കലുമെഴുതാനാവില്ല. എവിടെ മുഹമ്മദ്‌. എനിക്കദ്ദേഹത്തെ കാണണം. 
ദാറു അര്‍ഖം ഒരു ഒളിസങ്കേതമാണ്‌. അവിടെയാണ്‌ പ്രവാചകനും ദുര്‍ബലരായ അനുയായികളും മക്കക്കാരുടെ പീഢനം സഹിക്കവയ്യാതായപ്പോള്‍ ഒളിച്ചു താമസിക്കുന്നത്‌. ഹംസയുണ്ടവിടെ. അതു കൊണ്ടു തന്നെ അങ്ങോട്ടു വന്നാരും പീഢിപ്പിക്കാന്‍ ധൈര്യപ്പെടില്ല. ആ ഭവനത്തില്‍ തന്റെ അനുചരന്‍മാരോടൊത്ത്‌ പ്രവാചകന്‍ ഇരിക്കവെ ഒരനുചരന്‍ പേടിയോടെ പറഞ്ഞു.
അല്ലാഹുവിന്റെ ദൂതരേ, ഖഥ്വാബിന്റെ പുത്രന്‍ ഉമര്‍ വരുന്നു. അവന്റെ കയ്യില്‍ ഊരിപ്പിടിച്ച വാളുണ്ട്‌. ആ വരവ്‌ ഒരിക്കലും നല്ലതിനാവില്ല തന്നെ. 
പ്രവാചകന്റെ പിതൃവ്യനായ ഹംസ പറഞ്ഞു. ആരും ഭയപ്പെടേണ്ട. ഉമര്‍ വരുന്നത്‌ നല്ലതിനാണെങ്കില്‍ അത്‌ ഉമറിന്‌ നന്നു. മറിച്ചാണെങ്കില്‍ അവന്റെ വാള്‍ തന്നെ അവന്റെ തലയരിയും. 
ഹംസ വീടിന്റെ വാതില്‍ക്കല്‍ വിലങ്ങനെ നിന്നു. ഉമര്‍ വന്നു. വീടിന്റെ മുറ്റത്ത്‌ നിന്നു. വാതില്‍ക്കല്‍ മഹാപര്‍വ്വതം പോലെ ഉറച്ചു നില്‍ക്കുന്ന ഹംസയെന്ന പോരാളികളില്‍ പോരാളി. ആ കൈ ഒന്നു തട്ടിമാറ്റാന്‍ പോലും തന്റെയീ ഇരുപത്തേഴാം വയസ്സില്‍ പോലും താനശക്‌തനാണെന്ന്‌ ഉമര്‍ മനസ്സിലാക്കിയപ്പോള്‍ , അകത്തളത്തിരിക്കുന്ന പ്രവാചകനെ നോക്കി ഇങ്ങിനെ വിളിച്ചു പറഞ്ഞു. 
അല്ലാഹുവിന്റെ പ്രവാചകരെ, ഉമര്‍ കീഴടങ്ങി വന്നവനാകുന്നു. ഉമര്‍ പ്രകാശം തേടി വന്നതാകുന്നു. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ്‌ അല്ലാഹുവിന്റെ പ്രവാചകനാണെന്നും ഉമര്‍ സാക്ഷ്യം വഹിക്കുന്നു. 
ഭയന്നു നില്‍ക്കുകയായിരുന്ന പ്രവാചകാനുയായികള്‍ തക്ബീര്‍ ധ്വനികള്‍ മുഴക്കി. ആഹ്ളാദത്തിന്റെ ആരവമാണത്‌. ഉമര്‍ മുസ്ലിമായിരിക്കുന്നു. ഉമര്‍ പ്രചാകന്റെ കൂടെ ചേര്‍ന്നിരിക്കുന്നു. ഉന്നത കുലജാതനായ ഉമര്‍ . ധീരനായ ഉമര്‍ . ഉത്തമനായ ഉമര്‍ .
അവര്‍ സന്തോഷം കൊണ്ട്‌ പരസ്പരം കെട്ടിപ്പുണരവെ പ്രവാചകനോടായി ഉമറിന്റെ ചോദ്യം. 
അങ്ങ്‌ അല്ലാഹുവിന്റെ പ്രവാചകനല്ലെയോ?
പ്രവാചകാനുചരന്‍മാര്‍ പരസ്പരം നോക്കി. ചുണ്ടു പിളര്‍ന്ന്‌ പല്ലു കാണാത്ത വിധത്തില്‍ പ്രവാചകന്‍ ഒന്നു പുഞ്ചിരിച്ചു. 
അതെ ഉമര്‍ , ഞാന്‍ അല്ലാഹുവിന്റെ പ്രവാചകനാകുന്നു. എങ്കില്‍ ഇറങ്ങുക. വെളിച്ചത്തിലേക്കിറങ്ങി അങ്ങ്‌ ഉറക്കെ ഉറക്കെ പ്രബോധനം നടത്തുക. ഉമറിണ്റ്റെ ശവത്തിന്റെ നെഞ്ചില്‍ ചവിട്ടാതെ, അങ്ങയുടെ നേരെ ഒരാളും ദേഷ്യത്തോടെ ഒന്നു നോക്കാന്‍ പോലും ധൈര്യപ്പെടില്ല. 
അബൂജഹലും കൂട്ടരും ഉമറിനെ കാത്തിരിക്കുകയാണ്‌. ഉമറിപ്പോള്‍ മുഹമ്മദിന്റെ തലയെടുത്തിട്ടുണ്ടാവും, കഴുത്ത്‌ നല്ലവണ്ണം നീട്ടി വെട്ടിയിട്ടുണ്ടാവുമെന്നൊക്കെ അവര്‍ പരസ്പരം പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ഒരു ഇരമ്പല്‍ കേട്ടു തുടങ്ങി. പതുക്കെപ്പതുക്കെ ആ ശബദം അല്ലാഹു അക്ബര്‍ എന്ന തക്ബീര്‍ ധ്വനിയായി അവര്‍ക്ക്‌ കേള്‍ക്കാനായി. അവര്‍ അന്തം വിട്ടു. ഈ പകല്‍ മക്കയില്‍ മുഹമ്മദിന്റെ മതത്തിന്റെ അനുയായികള്‍ ഇത്ര പരസ്യമായി തക്ബീര്‍ മുഴക്കി നടക്കുകയോ? എങ്കിലവരെ ഒരു പാഠം പഠിപ്പിച്ചിട്ടു തന്നെ കാര്യം. എല്ലാവരും സജ്ജരായി നോക്കി നില്‍ക്കേ അതാവരുന്നു, ഒരു കൊച്ചു പ്രകടനം. രണ്ടു വരി. ഒരു വരിയുടെ മുന്നില്‍ അബ്ദുല്‍ മുഥ്വലിബിന്റെ പുത്രന്‍ ഹംസ. പ്രവാചകന്റെ പിതൃവ്യന്‍ . മറ്റേ വരിയുടെ മുന്നില്‍ .... !!? 
അതെ! അത്‌ ഉമറാണ്‌!! 
അബൂജഹലിനും കൂട്ടര്‍ക്കും തല കറങ്ങുന്നത്‌ പോലെ തോന്നി. കണ്ണുകള്‍ മുറുക്കിത്തിരുമ്മി പിന്നെയും നോക്കി. അതെ. ഉമറു തന്നെ. മുഹമ്മദിന്റെ തലയെടുക്കാനെന്നും പറഞ്ഞു പോയ അതേ ഉമര്‍ . ആ ഊരിപ്പിടിച്ച വാള്‌ ഇപ്പോഴും അവന്റെ കയ്യിലുണ്ട്‌. അന്തം വിട്ട്‌ പകച്ചു നില്‍ക്കുന്ന തന്റെ കൂട്ടുകാരോടായി അബൂജഹല്‍ പറഞ്ഞു. 
മുഹമ്മദിനെ പിടിക്കാന്‍ പോയ ഉമറിനെ മുഹമ്മദ്‌ പിടിച്ചിരിക്കുന്നു. അവന്റെ മാരണം മഹാമാരണം തന്നെയാകുന്നു....

ശുഭം  

Wednesday, May 23, 2012

സംസം


വിജനമായ ഈ മരുഭൂമിയില്‍ , തുഛമായ ഭക്ഷണവും വെള്ളവും മാത്രം ഞങ്ങള്‍ക്കു തന്ന്‌ അങ്ങ്‌ പോവുകയാണോ? അങ്ങ്‌ ഇത്രമേല്‍ ഞങ്ങളെ വെറുത്തോ?
അകലുന്ന ഒട്ടകത്തിന്റെ പിന്നാലെ ഓടിക്കൊണ്ട്‌ ബീവി ഹാജിറ വിളിച്ചു ചോദിച്ചു? 
അത്‌ കേള്‍ക്കാത്ത മട്ടില്‍ അകലുകയാണ്‌ അല്ലാഹുവിന്റെ ഖലീലായ ഇബ്രാഹിം നബി. അകന്നു പോകുന്ന ആ വാഹനത്തിന്റെ പിറകെ ഓടി ഹാജറ പിന്നെയും നിലവിളിച്ച്‌ കൊണ്ടിരുന്നു. 
ഖലീലില്‍ നിന്നും മറുപടിയൊന്നും കേള്‍ക്കുന്നില്ല. അവസാനം അവര്‍ ഇങ്ങിനെ വിളിച്ചു  ചോദിച്ചു. 
വിജനമായ ഈ മണല്‍ക്കാട്ടില്‍ ഞങ്ങളെ തനിച്ചാക്കുവാന്‍ അല്ലാഹുവിന്റെ കല്‍പ്പനയുണ്ടോ?
ഒട്ടകം നിന്നു. ഇബ്രാഹീം നബി വിളിച്ചു പറഞ്ഞു. 
ഉണ്ട്‌.. അല്ലാഹുവിന്റെ കല്‍പ്പനയുണ്ട്‌...
ഹാജിറ താഴ്‌വരയിലേക്ക്‌ തിരിച്ച്‌ നടന്നു കൊണ്ട്‌ പറഞ്ഞു. 
എങ്കില്‍ ഞങ്ങളുടെ കാര്യം നോക്കാന്‍ അല്ലാഹു മതി. എനിക്ക്‌ യാതൊരു വേവലാതിയുമില്ല.
മുന്നോട്ട്‌ നടന്നു തുടങ്ങിയ ഒട്ടകത്തിന്റെ പുറത്തിരുന്ന മഹാനായ ആ പ്രവാചകന്‍ തന്റെ രക്ഷിതാവിനോട്‌ ഇങ്ങിനെ പ്രാര്‍ത്ഥിച്ചു. 
പരിശുദ്ധനായ അല്ലാഹുവേ; വിജനമായ ഈ സ്ഥലത്ത്‌, വിശന്ന്‌ വലഞ്ഞ ചെന്നായ്ക്കളും, ഊഴം കാത്തിരിക്കുന്ന കഴുകന്‍മാരുമുള്ള മരുഭൂമിയില്‍ , എന്റെ പ്രിയഭാര്യയേയും കുഞ്ഞിനേയും ഇറക്കി വച്ച്‌, നിന്റെ അടിമ, നിന്റെ കല്പനപ്രകാരം തിരിച്ച്‌ മടങ്ങുന്നു. അവരുടെ കയ്യില്‍ ഭക്ഷണവും വെള്ളവും കുറവാണ്‌. അവരെ ഞാന്‍ നിന്നെ ഭാരമേല്‍പ്പിക്കുന്നു. തീര്‍ച്ചയായും നീ സര്‍വ്വജ്ഞനും കരുണാമയനും തന്നെയാകുന്നു. 
അടിമയായിരന്നു ഹാജിറ. ഇബ്രാഹീം നബിയുടെ ഭാര്യ സാറയുടെ പ്രിയപെട്ട അടിമ.
ഒരു സന്താനത്തെ ലഭിക്കുക എന്ന അടങ്ങാത്തെ മോഹത്തിനായി, ഇബ്രാഹീം നബി, തന്റെ പ്രിയ ഭാര്യയുടെ സ്നേഹപൂര്‍വമായ നിര്‍ബന്ധത്തിന്‌ വഴങ്ങി അവരെ വിവാഹം ചെയ്‌തു. അങ്ങിനെ സാറയുടെ അടിമയായിരുന്ന ഹാജിറ അവരുടെ സപത്നിയായി. 
വിവാഹാനന്തരം നീണ്ടുപോയ വര്‍ഷങ്ങള്‍ക്കൊടുവില്‍ , ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കാനും, തന്റെ ഭര്‍ത്താവിന്റെ പരമ്പര ഈ ഭൂമുഖത്ത്‌ നിലനിറുത്താനും തനിക്കാവില്ല എന്ന്‌ സ്വയം ഉറപ്പ്‌ തോന്നിയപ്പോഴാണ്‌, സാറ ആ തീരുമാനമെടുത്തത്‌. 
ഇസ്മാഈല്‍ ! 
ഇബ്രാഹീം നബിക്ക്‌ ഹാജിറയുലുണ്ടായ ഓമനക്കിടാവിന്റെ പേരായിരുന്നു അത്‌. ഒരു ദിവസം ഹാജിറയുടെ മടിയില്‍ നിന്നും ഇസ്മാഈലിനെ വാരിയെടുത്ത്‌ ഇബ്രാഹീം നബി വല്ലാത്തൊരു വാത്സല്യത്തോടെ ചുംബിക്കുന്നത്‌ കണ്ടപ്പോള്‍ സാറ അസ്വസഥയായി. 
തന്റെ അടിമയായിരുന്ന ഹാജിറയോടും അവളുടെ കുഞ്ഞിനോടുമാണ്‌ തന്റെ ഭര്‍ത്താവിന്‌ ഇപ്പോള്‍ കൂടുതല്‍ സ്നേഹം എന്നവര്‍ ധരിച്ചുപോയി. 
അസഹ്യമായ ഒരു വികാരത്തിന്‌ അവര്‍ അടിമപ്പെട്ടു. അത്‌ സഹിക്ക വയ്യാതായപ്പോള്‍ അവര്‍ ഇബ്രാഹീം നബിയോട്‌ ആവിശ്യപ്പെട്ടത്‌ വളരെ കടുത്ത ഒരു കാര്യമായിരുന്നു. 
ഹാജിറയേയും പുത്രനേയും നാടു കടത്തണം!
ഇബ്രാഹീം നബി അമ്പരന്ന്‌ പോയി. സാറയില്‍ നിന്നും അങ്ങിനെ ഒരാവിശ്യം; അതദ്ദേഹം ഒട്ടും പ്രതീക്ഷിച്ചതേ ആയിരുന്നില്ല. പക്ഷെ വൈകാതെ തന്നെ ഇബ്രാഹീം നബി തിരിച്ചറിയുക തന്നെ ചെയ്തു. 
അല്ലാഹുവിന്റെ ഇംഗിതവും ഹാജിറയേയും കുഞ്ഞിനേയും പിരിഞ്ഞിരിക്കുക എന്നണ്ണ്‍! 
അദ്ദേഹം വാഹനത്തെ തയ്യാറാക്കി. ഹാജിറയേയും കുഞ്ഞിനേയും കൂട്ടി യാത്ര പുറപ്പെട്ടു. ഒരുപാട്‌ ദൂരം സഞ്ചരിച്ച്‌ മരുഭൂമിയില്‍ മലനിരകളാള്‍ ചുറ്റപ്പെട്ട ഒരു താഴ്‌വരയിലെത്തി. 
വിജനമായ സ്ഥലം! 
അതൊരു കച്ചവട സംഘത്തിന്റെയും പാതയല്ല. അടുത്തെവിടെയെങ്കിലുമൊരു മനുഷ്യജീവനുമില്ല. ജലസാധ്യത ഇല്ലേ ഇല്ല. 
അല്ലാഹുവിന്റെ കല്‍പ്പന അതായിരുന്നു. അവിടെ; ആ വിജനതയില്‍ , അല്ലാഹുവിന്റെ കാരുണ്യത്തെ മാത്രം പ്രതീക്ഷിച്ച്‌, തന്റെ ഭാര്യയേയും സന്താനത്തേയും ഉപേക്ഷിച്ച്‌ തിരിച്ച്‌ പോവുക. 
ഖലീലാണ്‌ ഇബ്രാഹീം. അല്ലാഹുവിന്റെ സഖാവ്‌. അല്ലാഹു എന്തു കല്‍പ്പിക്കുന്നുവോ, അത്‌ ഇബ്രാഹീം  ചെയ്‌തിരിക്കും. തന്നെ സന്തോഷിപ്പിക്കാന്‍ അല്ലാഹു മതി എന്ന അടിയുറച്ച വിശ്വാസത്തിന്‌ യാതൊരു ചാഞ്ചല്ല്യവുമില്ലാത്ത മഹാനായ പ്രവാചകനായിരുന്നു ഖലീലുല്ലാഹി ഇബ്രാഹീം നബി. 
ഭക്ഷണം കഴിഞ്ഞിട്ട്‌ ദിവസങ്ങള്‍ രണ്ടു മൂന്നായി. ഇപ്പോഴിതാ വെള്ളവും കഴിഞ്ഞിരിക്കുന്നു. ആ മാതാവിന്റെ മാറിടം ചുരത്താതായിരിക്കുന്നു. കുഞ്ഞിന്റെ കരച്ചില്‍ ആ താഴ്‌വരയെ പൊതിഞ്ഞു വച്ചിരിക്കുന്ന മലനിരകളിലെ പാറക്കല്ലുകളെ പോലും അലിയിക്കുന്നുണ്ടായിരുന്നു. 
പരിശുദ്ധനായ അല്ലാഹുവിലേക്ക്‌ മുഖം തിരിച്ച്‌ ആ മാതാവ്‌ ഒരു രക്ഷാ മാര്‍ഗത്തിനായി കേണു കൊണ്ടിരുന്നു. ഇന്നിപ്പോള്‍ കുഞ്ഞിന്റെ കരച്ചില്‍ അസഹ്യമാണ്‌. ഏതൊരു നിമിഷവും തന്റെയും കുഞ്ഞിന്റെയും പ്രാണന്‍ ഈ വിജനതയില്‍ പൊലിഞ്ഞു പോകും. 
ഒരിറ്റ്‌ വെള്ളം കിട്ടിയിരുന്നെങ്കില്‍ , ദാഹിച്ച്‌ തൊണ്ട പൊട്ടിക്കരയുന്ന കുഞ്ഞിന്റെ ചുണ്ടെങ്കിലുമൊന്ന്‌ നനച്ച്‌ കൊടുക്കാമായിരുന്നു. 
ഹാജിറ കൂടാരത്തില്‍ നിന്നിറങ്ങി ചുറ്റും നോക്കി. എന്തു കാണാന്‍ ? മല നിരകള്‍ മാത്രം!
തൊട്ടടുത്തുള്ള സഫാമലയുടെ മുകളിലേക്ക്‌ അവര്‍ കയറി. അതിന്റെ ഉച്ചിയിലെത്തി പ്രതീക്ഷയോടെ വിദൂരതയിലേക്ക്‌ മിഴികള്‍ പാകി. 
ഒരു കച്ചവട സംഘത്തെ കണ്ടെങ്കില്‍ ,,,, 
അല്ലെങ്കില്‍ തങ്ങളേയും തിരിക്കി ഇബ്രാഹീം തിരിച്ചു വന്നെങ്കില്‍ ,, 
ഞങ്ങള്‍ മൃതിയുടെ സമീപമെത്തിയിരിക്കുന്നു എന്ന്‌ അല്ലാഹു അദ്ദേഹത്തെ അറിയിച്ചിരിക്കുമെന്നവര്‍ വിശ്വസിച്ചിരിക്കാം. 
പക്ഷെ അവര്‍ ആരെയും കണ്ടില്ല. അവര്‍ മെല്ലെ ഇറങ്ങി. താഴെയെത്തിയപ്പോള്‍ ഓടിപ്പോയി തൊട്ടപ്പുറത്തെ മര്‍വയിലേക്ക്‌ കയറി. പ്രതീക്ഷയോടെ അവിടെ നിന്നും മരുഭൂമിയിലേക്ക്‌ നോക്കി നിന്നു. 
ഒരിറ്റു വെള്ളവുമായി ആരെങ്കിലും വരുന്നുണ്ടെങ്കില്‍ . ഒരു കൈവിരല്‍ നഖത്തില്‍ പറ്റിപ്പിടിക്കാവുന്നത്രയും വെള്ളമെങ്കിലും ലഭിച്ചിരുന്നെങ്കില്‍ . 
അല്ലാഹുവേ, ഈ മരുഭൂമിയില്‍ ഞാനെങ്ങിനെ എന്റെ കുഞ്ഞിന്റെ ദാഹം ശമിപ്പിക്കും. നിന്റെ കല്‍പ്പന പ്രകാരമല്ലെയോ, എന്റെ ഭര്‍ത്താവ്‌ എന്നെ ഈ വിജനതയിലാക്കി പോയത്‌?
കുറെ നേരം മര്‍വയില്‍ നിന്നും നോക്കിയ അവര്‍ പിന്നെയും സഫയുടെ ഉ ച്ചി യിലേക്ക്‌ തിരിച്ചോടി. അവിടെ കുറേ നേരം. താഴ്‌വരെയെ ചുറ്റുന്ന മലയിടക്കുകള്‍ തട്ടി പ്രതിധ്വനിക്കുന്ന കുഞ്ഞു ഇസ്മാഈലിന്റെ ഹൃദയം പിളര്‍ത്തുന്ന കരച്ചില്‍ കേള്‍ക്കവെ അവര്‍ക്ക്‌ എവിടെയും സ്വസ്ത്ഥത ലഭിച്ചില്ല. സഫയില്‍ നിന്നും മര്‍വയിലേക്കും, മര്‍വയില്‍ നിന്നും സഫയിലേക്ക്‌ തിരിച്ചും ആ മാതാവ്‌ ദാഹിച്ചവശയായി, നഗ്നപാദങ്ങളുമായി ഓടിക്കൊണ്ടിരുന്നു. ആ നട്ടുച്ച സമയത്ത്‌, ആ പൊള്ളുന്ന പാറക്കെട്ടുകളിലൂടെ അവരേഴു പ്രാവിശ്യം അങ്ങിനെ അല്ലാഹുവിന്റെ കാരുണ്യവും തേടി ഓടി. 
മര്‍വയുടെ മുകളില്‍ നിന്നും ദൂരേക്ക്‌ നോക്കി നില്‍ക്കവെ, കുഞ്ഞിന്റെ കരച്ചിലിപ്പോള്‍ കേള്‍ക്കുന്നില്ല എന്നവര്‍ തിരിച്ചറിഞ്ഞു. എന്റെ കുഞ്ഞിനെന്ത്‌ പറ്റി ഭയന്നു പോയി. ഓടിപ്പിടഞ്ഞ്‌ താഴെ വന്ന്‌ നോക്കുമ്പോള്‍ ..........  
ഇസ്മാഈലിന്റെ കാല്‍ചുവട്ടില്‍ നിന്നും പതഞ്ഞു പൊങ്ങുന്ന വെള്ളം! 
വെള്ളം നഞ്ഞ കൈവിരലുകള്‍ വായിലിട്ട്‌ നനവില്‍ സുഖമായി കിടന്ന്‌ കൈകാലിട്ടടിച്ച്‌ കളിക്കുന്ന  ഇസ്മാഈല്‍ ! 
ഉറവ പതഞ്ഞു പൊങ്ങുകയാണ്‌. അവിടെയെങ്ങും വെള്ളം തളം കെട്ടാന്‍ തുടങ്ങി. ആ താഴ്‌വര മുഴുവന്‍ വെള്ളം കൊണ്ട്‌ മൂടുമെന്ന്‌ ബീവി ഹാജിറ ഭയപ്പെട്ടപ്പോള്‍ ഉറക്കെ വിളിച്ച്‌ പറഞ്ഞു. 
മതി.. മതി.. മതി.. മതി.. 
ഉറവയുടെ പതച്ചുപൊങ്ങല്‍ നിന്നു. അപ്പോഴേക്കും ആ താഴ്‌വരയില്‍ വെള്ളം ഒരു കുളത്തിലെന്ന വണ്ണം തളം കെട്ടിയിരുന്നു. 
ഹാജിറ ഇഷ്ടം പോലെ വെള്ളം കുടിച്ചു. അല്ലാഹുവിനെ സ്‌തുതിച്ചു. നിര്‍ജീവമായ ആ പ്രദേശത്തിന്‌ ആ വെള്ളം ജീവന്‍ നല്‍കി. ജലസാനിധ്യമറിഞ്ഞ്‌ പക്ഷികളും മരുജീവികളുമെത്തി. വിത്തു പിളര്‍ന്ന്‌ നാമ്പുകള്‍ പുറത്തേക്ക്‌ വന്നു. കണ്ണിനും കരളിനും കുളിര്‍മ നല്‍കുന്ന ചെടികളുണ്ടായി. 
ദിവസങ്ങള്‍ ചിലത്‌ കഴിഞ്ഞ്‌ പോയി. ഹാജിറയ്ക്കും കുഞ്ഞിനും സുഖമായിരുന്നു. ഇഷ്ടം പോലെ വെള്ളം. ചെറു ജീവികളും പറവകളും ചെറു സസ്യങ്ങളുമായി ഇഷ്ടം പോലെ ഭക്ഷണം. തങ്ങളെ തിരിച്ച്‌ കൊണ്ടു പോകാനായി ഇബ്രാഹീം നബി തിരിച്ച്‌ വരുന്ന ഒരു ദിവസവും കാത്ത്‌ ഹാജിറ വഴിക്കണ്ണുമായി കാത്തിരുന്നു. 
ആ താഴ്‌വരയുടെ കുറച്ചകലെ കൂടെ ഒരു കച്ചവട സംഘം യാത്ര ചെയ്യുന്നുണ്ടായിരുന്നു. തങ്ങളുടെ കയ്യിലെ വെള്ളസംഭരിണികള്‍ മുഴുവനും വരണ്ടുണങ്ങിയ ആ കച്ചവട സംഘത്തലവന്‍ അങ്ങ്‌ ദൂരെ ആകാശത്ത്‌ വട്ടമിട്ട്‌ പറക്കുന്ന പറവകളെ കണ്ട്‌ അഹ്ളാദിച്ചു. 
അയാള്‍ക്കറിയാമായിരുന്നു. അവിടെ ഒരു മരുപ്പച്ചയുണ്ടാവുമെന്ന്‌! 
മലകയറി താഴ്‌വരയിലേക്ക്‌ നോക്കിയ കച്ചവട സംഘം അന്തം വിട്ട്‌ പോയി. കെട്ടിനിര്‍ത്തിയ ഒരു ജലാശയത്തിന്നരികിലൊരു യുവതിയും കുഞ്ഞും. തികഞ്ഞ വിജനതയിലവര്‍ക്ക്‌ കൂട്ട്‌ പറവകളും മൃഗങ്ങളും മാത്രം!
കച്ചവട സംഘത്തലവന്‍ ബീവി ഹാജിറയോട്‌ ചോദിച്ചു. 
നിങ്ങളാരാണ്‌? ഈ വെള്ളം ആരുടേതാണ്‌?
പ്രവാചക ശ്രേഷ്ടനായ ഇബ്രാഹീമിണ്റ്റെ ഭാര്യയാണ്‌ ഞാന്‍. ഇത്‌ അദ്ദേഹത്തിന്റെ കുഞ്ഞാണ്‌. ഈ വെള്ളം അല്ലാഹു എനിക്ക്‌ നല്‍കിയതാണ്‌. 
ഈ വെള്ളത്തില്‍ നിന്നും ഞങ്ങക്ക്‌ തരുമോ? ഈ താഴ്‌വരയില്‍ ഞങ്ങളേയും താമസിക്കാന്‍ അനുവദിക്കുമോ? നോക്കൂ.. ഞങ്ങള്‍ നിങ്ങള്‍ക്ക്‌ തക്കതായ പ്രതിഫലം നല്‍കാം. 
ഹാജിറ അതിന്‌ സമ്മതമേകി. അന്നോളം നിര്‍ജീവമായിക്കിടന്ന്‌ ആ താഴ്‌വര ഒരു ജനവാസ കേന്ദ്രമായി മാറുകയായിരുന്നു. ആദ്യം തമ്പടിച്ച കച്ചവട സംഘത്തിന്റെ ശേഷം പിന്നെയും കച്ചവട സംഘങ്ങള്‍ എത്തി. താഴ്‌വരയെ ചുറ്റിപ്പൊതിഞ്ഞ മല നിരകള്‍ക്കപ്പുറത്തും ആളുകള്‍ താമസിക്കന്‍ തുടങ്ങി. 
അല്ലാഹുവിന്റെ അനുമതി കിട്ടി ഇബ്രാഹീം നിബി തിരിച്ച്‌ വരുമ്പോള്‍ തന്റെ ഭാര്യയേയും സന്താനത്തേയും ഉപേഷിച്ച ആ വിജനമായ താഴ്‌വര ഒരു ജനവാസ കേന്ദ്രമായി മാറിയിരുന്നു. പിന്നീട്‌ ഇബ്രാഹീം നബി മകന്‍ ഇസ്മാഈല്‍ നബിയോടൊത്ത്‌ അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം ആ ജനവാസ കേന്ദ്രത്തില്‍ പുനര്‍നിര്‍മിച്ച ആരാധനാലയത്തിന്റെ പേരാണ്‌ കഅ്ബ. 
ആ താഴ്‌വര ഒരു നഗരമായി വികസിച്ചപ്പോള്‍ ആ നഗരത്തിന്‌ മക്ക എന്ന്‌ പേര്‍ ലഭിച്ചു. 
ഒരൊറ്റ ഉറവ കൊണ്ട്‌ അല്ലാഹു മരുഭൂമിയില്‍ ഒരു മഹാനഗരത്തെ സംവിധാനിപ്പിച്ചു. പിന്നീട്‌ ആ നഗരം ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായി. എത്ര മനോഹരമായാണ്‌ അല്ലാഹു അവനുദ്ധ്യേശിക്കുന്ന കാര്യങ്ങള്‍ നടപ്പില്‍ വരുത്തുന്നത്‌. തീര്‍ച്ചയായും അവന്‍ സര്‍വ്വജ്ഞന്‍ തന്നെ. 
ഇബ്രാഹീം നബി അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം തന്റെ ഭാര്യയെയും കുഞ്ഞിനേയും ആ താഴ്‌വരയില്‍ ഉപേക്ഷിക്കുമ്പോള്‍ , അതിന്റെ പിന്നില്‍ അല്ലാഹു വലിയ രഹസ്യങ്ങള്‍ ഒളിപ്പിച്ച്‌ വച്ചിട്ടുണ്ടായിരുന്നു. 
ഓര്‍ക്കുക, അതില്‍ ചിലതാണ്‌, കഅ്ബയും, പ്രവാചകനും, ഹജ്ജും ഉംറയുമൊക്കെ!!! 
യാ റബ്ബീ. നിനക്ക്‌ സ്‌തുതി.. നിനക്കൊരായിരം സ്‌തുതി.