Saturday, May 19, 2012

പൂക്കാരി!


ഒട്ടും നിനച്ചിരിക്കാത്ത നേരത്ത്‌ നല്ലൊരു മഴ! 
കാറ്റത്ത്‌ മഴത്തുള്ളികള്‍ ശരീരത്തിലേക്ക്‌ വീശി വന്നപ്പോള്‍ ആരോ ചരല്‍ കൊണ്ടെറിയുന്നത്‌ പോലെ!
പാതി നനഞ്ഞ ഞാന്‍ ഓടിക്കേറി നിന്നത്‌, ഹോട്ടല്‍ ഡി റോസിന്റെ സൈഡിലെ പൂക്കടയുടെ ഇറയത്തായിരുന്നു. അന്ന്‌, അവിടെ വച്ചാണ്‌ ഞാനവളെ ആദ്യമായി കാണുന്നത്‌. ആരോ ഇറുത്തു വേദനിപ്പിച്ച പുക്കളെ, പിന്നെയും വേദനിപ്പിക്കാതെ ശ്രദ്ധയോടെ മാല കെട്ടുകയാണവള്‍ !
ഇടക്കൊക്കെ അവള്‍ കടയുടെ മുന്നിലൂടെ പോകുന്നവരേയും നോക്കുന്നുണ്ട്‌. അവളെയും നോക്കി തണുത്ത്‌ വിറച്ച്‌ കൂട്ടിയടിക്കുന്ന പല്ലുകളുമായി നില്‍ക്കുന്ന എന്നെ കണ്ടപ്പോള്‍ അവളൊന്ന്‌ പുഞ്ചിരിച്ചു. 
എനിക്കാ കാഴ്ച്ച ഒരു കൌതുകമായിരുന്നു. ഉള്ളതില്‍ പാതിയും പുഴുക്കുത്ത്‌ വീണ പല്ലുകള്‍ . അവയില്‍ തന്നെ എന്തൊക്കെയോ കറകള്‍ പറ്റിപ്പിടിച്ചിരിക്കുന്നു. അവളുടെയാ പല്ലുകള്‍ , നേര്‍ത്ത മൃദുലമായ ആ ചുണ്ടുകളുടെ ഭംഗിയെ ബാധിക്കുന്ന ഗ്രഹണമായിരുന്നു. 
അവളുടെ പിന്നില്‍ കടയുടമയെന്നു തോണുന്ന ഒരാള്‍ ; ഒരു വൃദ്ധന്‍ , ഏതോ ഒരു പുസ്‌തകം വായിച്ചിരിക്കുന്നു. അയാള്‍ മറ്റൊന്നും കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നുണ്ട്‌ എന്ന്‌ തോണുന്നില്ല. ഏതോ അപസര്‍പ്പക കഥയിലെ നിഗൂഢമായ വീഥികളില്‍ കൂടി അയാള്‍ സഞ്ചരിച്ച്‌ കൊണ്ടിരിക്കുകയണെന്ന്‌ തോണുന്നു. 
മഴ കൊള്ളാതിരിക്കാനായി പൂക്കടയുടെ ഇറയത്ത്‌ കയറി നില്‍കുന്ന ഒരാള്‍ അവളെ തുറിച്ച്‌ നോക്കി നില്‍ക്കുന്നത്‌ കണ്ടു. മുറ്റത്തു കൂടെ അരിച്ച്‌ പോകുന്ന തേരട്ടയെ വീട്ടിലെ പൂച്ച അങ്ങിനെ നോക്കി നില്‍ക്കുന്നത്‌ കണ്ടിട്ടുണ്ട്‌. പൂച്ച തേരട്ടയുടെ മേല്‍ ചാടിവീണതോര്‍ത്തപ്പോള്‍ , അയാള്‍ അടുത്തേതെങ്കിലുമൊരു നിമിഷം അവളുടെ മേലേക്ക്‌ ചാടി വീഴുമോ എന്നു ഞാന്‍ ഭയപ്പെട്ടു. 
അവളുടെ പിഞ്ഞിത്തുടങ്ങിയ വസ്‌ത്രത്തിന്റെ നേര്‍ത്ത വിടവുകളില്‍ കൂടി പുറത്തേക്കെത്തി നോക്കുന്ന അര്‍ദ്ധ നഗ്നതകളിലാണ്‌ അയാളുടെ കണ്ണുകളുടക്കിക്കിടക്കുന്നതെന്ന്‌ തിരിച്ചറിയാന്‍ അന്നെനിക്കായില്ല. അയാളുടെ കണ്ണുകളിലെ കാമത്തിന്റെ രസത്രന്ത്രവും എനിക്കന്ന്‌ മനസ്സിലായില്ല. അന്ന്‌ മഴ പെയ്‌ത്‌ തോരുന്നത്‌ വരെ ഞാനാ പെണ്‍ക്കുട്ടി മാലകോര്‍ക്കുന്നതും നോക്കി നിന്നു. ഇരുണ്ട നിറമുള്ള ഓമനത്വമുള്ള ആ മുഖവും, അവളുടെ കയ്യിലെ മലര്‍ പോലെ മനോഹരമായ ആ പുഞ്ചിരിയും, അവിടെ നിറഞ്ഞു നില്‍ക്കുന്ന ആ സുഗന്ധവും, എല്ലാം കൂടി, എനിക്കാ പൂക്കടയും പൂക്കായിരും പ്രയപ്പെട്ടതായി തോണി. 
പിന്നീടങ്ങോട്ട്‌ എന്നും ഞാനവളെ കാണാറുണ്ടായിരുന്നു. അവളെന്നെയും. 
എന്നും അവളെന്നെ നോക്കിച്ചിരിക്കാറുണ്ടായിരുന്നു. ഞാനവളെയും. 
ഉമ്മ നെയ്യപ്പം ചുടുന്നതും നോക്കി കൊതിയോടെ ഞാനിരുന്നു. റമദാനിലെ ഇരുപത്തേഴാം രാവില്‍ ധാരാളം പലഹാരമുണ്ടാക്കിയില്ലെങ്കില്‍ പിന്നെ ദീനുല്‍ ഇസ്ലാമിന് പുറത്തു പോകും എന്നൊരു തെറ്റുധാരണയുണ്ടായിട്ടാണാവോ നോമ്പ്‌ പിടിച്ചുകൊണ്ടുമ്മമാര്‍ ഇങ്ങിനെ പലഹാരമുണ്ടാക്കുന്നത്‌!?. 
വീട്ടിലെ കുട്ടികള്‍ക്ക്‌ മിക്കവാറും അന്ന്‌ അര നോമ്പായിരുക്കും. എനിക്കന്ന്‌ കാല്‍നോമ്പ്‌ പോലുമില്ലായിരിക്കും. 
പഞ്ഞി പോലെ മാര്‍ദവമേറിയതായിരുന്നു ഉമ്മയുണ്ടാക്കിയിരുന്ന നെയ്യപ്പം. അതിന്റെ സ്വാദ്‌ ഇന്ന്‌ വെറുമൊരോര്‍മ മാത്രമല്ല, ഒരു മോഹം കൂടിയാണ്‌. 
നെയ്യപ്പം തിന്നപ്പോഴാണോ, അതോ പിന്നീടെപ്പോഴെങ്കിലുമാണോ അങ്ങിനെ ഒരു ചിന്ത എന്റെ മനസ്സില്‍ വന്നത്‌? 
ഒന്നുരണ്ടു നെയ്യപ്പം ആ പൂക്കാരിക്ക്‌ കൊണ്ടു കൊടുത്താലോ? നാളെ സ്ക്കൂളിലേക്ക്‌ പോകുമ്പോള്‍ !??
എന്തു കൊണ്ടങ്ങിനെ ഒരു ചിന്ത? ഒന്നുമില്ലായിരുന്നു. വെറും ഒരു രസം മാത്രം. അല്ലെങ്കിലൊരു കൌതുകം മാത്രം. വീട്ടിലെ ആട്ടിന്‍ കുട്ടിയെ ഇല കാട്ടി രണ്ടു കാലില്‍ നടത്തി രസിക്കാറുണ്ടായിരുന്ന അഞ്ചാം ക്ലാസുകാരന്റെ കൌതുകം മാത്രം!
ഉമ്മ കാണാതെ രണ്ടു നെയ്യപ്പമെടുത്ത്‌ സ്ക്കൂള്‍ ബോക്സില്‍ പാത്തു വെക്കാന്‍ ഒട്ടും പ്രയാസപ്പെടേണ്ടി വന്നില്ലെനിക്ക്‌. മാനത്ത്‌ നിന്നും മാലാഖമാര്‍ വന്ന്‌ എന്റെ തലയില്‍ പുഷ്പ്പ കിരീടമണിയിക്കുന്നതും സ്വപ്നം കണ്ട്‌ അന്ന്‌ ഞാനുറങ്ങി. 
നല്ല തിമര്‍ത്തു പെയ്യുന്ന മഴ! ഓടിട്ട മേല്‍കൂരയില്‍ നിന്നും, മണ്ണില്‍ സ്വയമലിഞ്ഞ്‌ മണ്ണിന്റെ ദാഹം തീര്‍ക്കാന്‍ മണ്ണിലേക്കോടുന്ന മഴനൂല്‍ തുള്ളികളെ നോക്കി ആ പ്രഭാതത്തില്‍ ഞാനിറയത്ത്‌ നിന്നു. അപ്പോഴും എന്റെ മനസ്സില്‍ തിളക്കമുള്ള രണ്ടു കണ്ണുകളും, പ്രഭാതം പോലെ പ്രശോഭിതമായ ഒരു പുഞ്ചിരിയുമുണ്ടായിരുന്നു. 
ആര്‍ത്തലച്ചു പെയ്യുന്ന മഴയത്ത്‌ കുട ചൂടി അടഞ്ഞു കിടക്കുന്ന പൂക്കടയുടെ മുമ്പില്‍ ഞാനമ്പരന്ന്‌ നിന്നു. ഇന്നാ കട തുറന്നിട്ടില്ല. അവള്‍ വന്നിട്ടില്ല. പുസ്‌തകപ്പുഴുവായ കടയുടമയേയും കാണാനില്ല! 
സ്ക്കൂളിലദ്ധ്യാപകര്‍ പറയുന്നത്‌ ചിലപ്പോഴെങ്കിലും ഞാന്‍ കേട്ടില്ല. എന്റെ മനസ്സില്‍ പൂക്കാരിയും അവള്‍ക്ക്‌ കൊടുക്കാനായി ഞാന്‍ കൊണ്ടു വന്ന നെയ്യപ്പവും മാത്രമായിരുന്നു. അവ എന്റെ പെട്ടിയില്‍ മരവിച്ച്‌ കിടന്നു. പെട്ടി തുറക്കുമ്പോള്‍ അത്‌ സഹപാഠികള്‍ കാണാതിരിക്കാന്‍ ഞാനൊരുപാട്‌ പ്രയാസപ്പെടുന്നുണ്ടായിരുന്നു. 
വൈകുന്നേരം മാനം തെളിഞ്ഞു നിന്നിരുന്നു. പോക്കു വെയിലിന്റെ നാളങ്ങള്‍ നക്കുന്ന മുഖം ചുളിച്ച്‌ പിടിച്ച്‌, കൊച്ചു കാലുകള്‍ നീട്ടിച്ചവിട്ടി ഞാന്‍ വന്നു. പൂക്കടയുടെ അടുത്തെത്തുന്നതിന്റെ മുമ്പേ എനിക്കവിടത്തെ ജനക്കൂട്ടത്തെ കാണാമായിരുന്നു. പതിവലിധികം ജനങ്ങള്‍ , ഒഴുക്കിന്ന്‌ തട വന്ന വെള്ളം പോലെ അവിടെ കെട്ടിക്കിടക്കുന്നു. 
എല്ലാവരുടെയും നോട്ടം പൂക്കടക്കെതിര്‍ വശത്തുള്ള പണി തീരാത്ത ബഹുനില കെട്ടിടത്തിലേക്കാണ്‌. 
തെരുവോരത്ത്‌ നിര്‍ത്തിയിട്ടിരിക്കുന്ന പോലീസ്‌ ജീപ്പും ആംബുലന്‍സും. 
ജീപ്പിനടുത്ത്‌ ഒരു പോലീസുകാരനോട്‌ എന്തൊക്കെയോ സംസാരിച്ച്‌ കൊണ്ടിരിക്കുന്ന പൂക്കടക്കാരന്‍. 
കെട്ടിടത്തിന്റെ അകത്തു നിന്നും കേള്‍ക്കുന്ന ഒരു സ്‌ത്രീയുടെ കരച്ചില്‍ . 
എനിക്കൊന്നും മനസ്സിലായില്ല. ഞാന്‍ വെറുതെ പൂക്കടയിലേക്ക്‌ നോക്കിയപ്പോള്‍ അതപ്പോഴും അടഞ്ഞു തന്നെ കിടക്കുന്നു. 
അവിടെ എന്താണ്‌ സംഭവിക്കുന്നത്‌ എന്നറിയാനുള്ള ആകാംഷയോടെ ഞാനവിടെ നില്‍ക്കവേ, ആ കെട്ടിടത്തില്‍ നിന്നും കൈവിലങ്ങു വച്ചൊരു ആജാനുബാഹുവായ മനുഷ്യനെ പോലീസുകാര്‍ കൊണ്ടു വന്ന്‌ ജീപ്പിലേക്ക്‌ കയറ്റുന്നത്‌ കണ്ടു. ആളുകള്‍ക്കിടയില്‍ നിന്നും തേനീച്ചയുടെ ഇരമ്പല്‍ പോലെ ഒരു പിറുപിറുക്കലുയര്‍ന്നു. 
ഇടക്ക്‌ അയാളുടേയും എണ്റ്റെയും കണ്ണുകളൊന്ന്‌ കൂട്ടിമുട്ടിയോ?
ആ ചുവന്ന കണ്ണുകള്‍ എന്റെ ഹൃദയത്തിലേക്ക്‌ ഭയത്തിന്റെ തണുത്ത ചരല്‍ കല്ലുകള്‍ വാരിയിട്ടു. മെറ്റലും മണലും മരക്കഷ്ണങ്ങളും നിറഞ്ഞു നില്‍ക്കുന്ന ആ കെട്ടിടത്തിന്റെ മുന്‍ഭാഗത്തേക്ക്‌ അപ്പോള്‍ ചിലര്‍ ഒരു സ്ട്രെച്ചര്‍ എടുത്തു കൊണ്ടു വന്നു. 
അതില്‍ വെളുത്ത തുണി കൊണ്ട്‌ മൂടിയൊരു ശരീരം. ഒരു കാറ്റടിച്ചതെനിക്കു വേണ്ടി മാത്രമായിരുന്നു. മുഖ ഭാഗത്തു നിന്നും തുണി മാറിയപ്പോള്‍ ഞാന്‍ കണ്ടു!
മരണത്തിന്റെ തണുത്ത പുതപ്പിന്നടിയില്‍ അവള്‍ ! പ്രഭാതം പോലെ മനോഹരമായ പുഞ്ചിരി ഇപ്പോഴാ മുഖത്തില്ലാതിരുന്നു. പകരം, ചെന്നായ കടിച്ചു പറിച്ചിട്ടെന്ന പോലെ ചില ചുവന്ന അടയാളങ്ങള്‍ മാത്രം!!
പത്രക്കാരുടെ ക്യാമറയുടെ ഫ്ളാഷ്‌ ലൈറ്റുകള്‍ തുടരെ തുടരെ മിന്നി. അവര്‍ക്കതൊരു വാര്‍ത്ത മാത്രമായിരുന്നു! 
കൂട്ടം കൂടി നിന്ന ആളുകളെ ആട്ടിപ്പായിക്കുന്ന പോലീസുകാര്‍ക്കതൊരു കേസു മാത്രമായിരുന്നു!
കണ്ടു നില്‍ക്കുന്ന ആളുകള്‍ക്കതൊരു കൌതുകം മാത്രമായിരുന്നു! 
ദൃംഷ്ടകളാലുണ്ടായ മുറിവുകളില്‍ പൊടിഞ്ഞ രക്‌തം കട്ട പിടിച്ച ആ മുഖത്തേക്ക്‌ നോക്കി, ചങ്കു പൊട്ടിക്കരുന്ന ഒരമ്മ! 
മാതൃത്വമപ്പോഴും ചുരത്തുന്ന തന്റെ മാറിലടിച്ച്‌ കരയുന്ന ആ അമ്മക്ക്‌ മാത്രം അതൊരു ദുരന്തമായിരുന്നു. നോവിന്റെ നെരിപ്പോട്‌ നെഞ്ചിലെരിയുന്ന ഒരു ദുരന്തം. 
ഒരു നേര്‍ത്ത നീര്‍പാട വന്നെന്റെ കാഴ്ച്ചകളെ മറച്ചു. പിന്നെയാ നീരിന്റെ ഭാരം താങ്ങുവാനാവാതെ കണ്ണുകളവ പുറത്തെക്കെറിഞ്ഞു. കേടു വന്നു തുടങ്ങിയ രണ്ടു നെയ്യപ്പം അപ്പോഴും എന്റെ സ്ക്കൂള്‍ ബോക്സിലുണ്ടായിരുന്നു!!

30 comments:

 1. മാനത്ത്‌ നിന്നും മാലാഖമാര്‍ വന്ന്‌ എന്റെ തലയില്‍ പുഷ്പ്പ കിരീടമണിയിക്കുന്നതും സ്വപ്നം കണ്ട്‌ അന്ന്‌ ഞാനുറങ്ങി.

  ReplyDelete
 2. ചെകുത്താന്‍മാരുടെ ലോകത്തില്‍ എത്തിപ്പെട്ട മാലാഖമാര്‍ മനസ്സില്‍ ഒരു നൊമ്പരമായി....

  നന്നായി എഴുതി ട്ടോ... അക്ഷരത്തെറ്റുകള്‍ തിരുത്തിയാല്‍ വായനാസുഖം കൂടുമായിരുന്നു.ശ്രദ്ധിക്കുമല്ലോ ...

  ReplyDelete
 3. നന്നായി എഴുതി,
  ആശംസകള്‍.
  അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കണം.

  ReplyDelete
 4. നന്നായി അവതരിപ്പിച്ച നല്ല കഥ.
  എഴുത്തു കൊള്ളാം, ഇഷ്ട്ടായി

  ReplyDelete
 5. നല്ല വാക്കുകള്‍ കോര്‍ത്തിണക്കി ഒതുക്കത്തില്‍
  പറഞ്ഞ ഒരു കൊച്ചു കഥ...വാക്കുകളുടെ
  മിതത്ത്വം ഒരു കൊച്ചു മാലാഖയുടെ സൌന്ദര്യത്തോടെ
  പൂക്കാരിയെ മനസ്സിനെ ഉള്ളില്‍ വേദന ആയി കുടിയിരുത്തുന്നു..

  അഭിനന്ദനങ്ങള്‍....

  ReplyDelete
 6. എന്റെ ഒരു സുഹൃത്തിന്റെ മെയിലാണ് എന്നെ ഈ കഥയിലേക്ക് നടത്തിച്ചത്.! വരവ് വെറുതേയായില്ല. മനോഹരമായി പറഞ്ഞു പോയ ഈ കാലത്തിന്റെ യാഥാർത്ഥ്യം.! നന്നായിരിക്കുന്നു.ആ ജീപ്പിലേക്ക് കയറ്റുന്ന ആജാനുബാഹുവിന് പണ്ട് മഴയത്ത് കയറി നിന്നപ്പോൾ നോക്കിയ ആ ആളുടെ മുഖ:ഛായ ഉണ്ടാവുകയായിരുന്നെങ്കിൽ പ്രതീക്ഷിതമാവുന്ന അവസാനമാകുമായിരുന്നു. ആശംസകൾ.

  ReplyDelete
 7. നന്നായി എഴുതി, അഭിനന്ദനങ്ങൾ.

  ReplyDelete
 8. മനസ്സില്‍ നൊമ്പരം ഉണര്‍ത്തുന്ന നല്ലൊരു കഥ... മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ് എന്നൊരു ഫേസ് ബുക്ക്‌ ഗ്രൂപ്പ് ഉണ്ട്. അവിടെ അംഗമായാല്‍ കൂടുതല്‍ വായനക്കാര്‍ എത്തും. ആശംസകള്‍ സുഹൃത്തേ.

  ReplyDelete
 9. നല്ല അവതരണം. പൂക്കാരി കൊല്ലപ്പെടുന്നു എന്നതാണല്ലോ ക്ലൈമാക്സ്. അവിടെ നിര്‍ത്തി പിന്നീടുള്ളതു വായനക്കാരുടെ മനോധര്‍മ്മത്തിനു വിട്ടു കൊടുത്ത് കഥാകാരന്‍ പിന്‍വാങ്ങുകയായിരുന്നു ഭംഗി. കഥാന്ത്യം അല്പം ഇഴഞ്ഞു പോയി എന്നൊരു അഭിപ്രായം. എങ്കിലും മോശമായില്ല. അഭിനന്ദനങ്ങള്‍.

  ReplyDelete
 10. നന്നായിരിക്കുന്നു,, ഇനിയും എഴുതുക

  ReplyDelete
 11. ...നമ്മായി എഴുതി...

  ReplyDelete
 12. മിതവാക്കുകളിൽ ഔചിത്യദീക്ഷയോടെ കഥ പറഞ്ഞു. നന്നായി.

  ReplyDelete
 13. നന്നായിരിക്കുന്നു.
  ഇനിയും എഴുതുക.

  ReplyDelete
 14. എവിടേയും എന്നും വിങ്ങുന്നത് ഒരു മാതൃത്വം മാത്രം എന്ന സത്യം വിളിച്ചു പറയുന്ന നല്ല ഒരു കഥ.

  ReplyDelete
 15. മനോഹരമായ അവതരണം. ഒതുക്കത്തോടെ മനസ്സിൽ തട്ടുന്ന രീതിയിൽ.. അഭിനന്ദനങ്ങൾ

  ReplyDelete
 16. നന്നായിരിക്കുന്നു കഥയെഴുത്ത്

  ReplyDelete
 17. valare nannayi ezhuthiyittund. ishtaayi

  ReplyDelete
 18. കഥാവാസാനം വല്ലാതെ വലിച്ചു നീട്ടേണ്ടായിരുന്നു...കേട്ടൊ

  ReplyDelete
 19. കഥ നന്നായി, അഭിനന്ദനങ്ങള്‍!..

  ReplyDelete
 20. നല്ല എഴുത്ത് , ഭാവുകങ്ങള്‍

  ReplyDelete
 21. നന്നായി എഴുതി ട്ടോ...!!

  ReplyDelete
 22. കൂട്ടം കൂടി നിന്ന ആളുകളെ ആട്ടിപ്പായിക്കുന്ന പോലീസുകാര്‍ക്കതൊരു കേസു മാത്രമായിരുന്നു!
  കണ്ടു നില്‍ക്കുന്ന ആളുകള്‍ക്കതൊരു കൌതുകം മാത്രമായിരുന്നു!
  മാതൃത്വമപ്പോഴും ചുരത്തുന്ന തന്റെ മാറിലടിച്ച്‌ കരയുന്ന ആ അമ്മക്ക്‌ മാത്രം അതൊരു ദുരന്തമായിരുന്നു.

  കഥ മുഴുവന്‍ ഈ വരികളിലേക്ക് ആവാഹിച്ചിരിക്കുന്നു. നന്നായി എഴുതി.
  കൂടെ കഥ പറയുന്ന ആളും പിന്നെ സ്കൂള്‍ ബോക്സിലെ അപ്പവും കൂടെ ഈ വരികളിലേക്ക് ഉള്‍ക്കൊള്ളിച്ചിരുന്നെങ്കില്‍ ഒന്ന് കൂടെ നന്നായേനെ.

  ഇനിയും വരാം.

  ReplyDelete
 23. മാസങ്ങള്‍ക്ക് ശേഷം ഒരു ബ്ലോഗ്‌ സന്ദര്‍ശിക്കുകയും, വായിക്കുകയും ചെയ്തതു
  ഈ "പൂക്കാരി"യാണ്.ഒട്ടും നിരാശപെട്ടില്ല. വിലപ്പെട്ട സമയം നഷ്ടപ്പെട്ടതില്‍.

  മുന്പോന്നും കാണാത്ത ഒരു പുതിയ ബ്ലോഗ്ഗര്‍.എഴുത്തില്‍ നല്ല ശൈലി,
  വൈഭവമുള്ള ഒരെഴുത്തുകാരന്റെ കൃത്യതയുള്ള വരികള്‍.തിരുത്താനോ,
  വെട്ടിക്കളയാനോ ഒന്നും ഉണ്ടെന്നു തോന്നാത്ത കഥപറച്ചില്‍.
  പടിയിറങ്ങുമ്പോള്‍ ആ പൂക്കാരി മനസ്സില്‍ തങ്ങുന്നു.

  അഭിനന്ദനങള്‍
  --- ഫാരിസ്‌

  ReplyDelete
 24. ഒട്ടു നൊമ്പരമുണര്‍ത്തിയ കഥ. വളരെ നന്നായി പറഞ്ഞു.

  ReplyDelete
 25. ഇഷ്ടായിട്ടോ...

  അഭിനന്ദനങ്ങള്‍

  ReplyDelete