Wednesday, May 23, 2012

സംസം


വിജനമായ ഈ മരുഭൂമിയില്‍ , തുഛമായ ഭക്ഷണവും വെള്ളവും മാത്രം ഞങ്ങള്‍ക്കു തന്ന്‌ അങ്ങ്‌ പോവുകയാണോ? അങ്ങ്‌ ഇത്രമേല്‍ ഞങ്ങളെ വെറുത്തോ?
അകലുന്ന ഒട്ടകത്തിന്റെ പിന്നാലെ ഓടിക്കൊണ്ട്‌ ബീവി ഹാജിറ വിളിച്ചു ചോദിച്ചു? 
അത്‌ കേള്‍ക്കാത്ത മട്ടില്‍ അകലുകയാണ്‌ അല്ലാഹുവിന്റെ ഖലീലായ ഇബ്രാഹിം നബി. അകന്നു പോകുന്ന ആ വാഹനത്തിന്റെ പിറകെ ഓടി ഹാജറ പിന്നെയും നിലവിളിച്ച്‌ കൊണ്ടിരുന്നു. 
ഖലീലില്‍ നിന്നും മറുപടിയൊന്നും കേള്‍ക്കുന്നില്ല. അവസാനം അവര്‍ ഇങ്ങിനെ വിളിച്ചു  ചോദിച്ചു. 
വിജനമായ ഈ മണല്‍ക്കാട്ടില്‍ ഞങ്ങളെ തനിച്ചാക്കുവാന്‍ അല്ലാഹുവിന്റെ കല്‍പ്പനയുണ്ടോ?
ഒട്ടകം നിന്നു. ഇബ്രാഹീം നബി വിളിച്ചു പറഞ്ഞു. 
ഉണ്ട്‌.. അല്ലാഹുവിന്റെ കല്‍പ്പനയുണ്ട്‌...
ഹാജിറ താഴ്‌വരയിലേക്ക്‌ തിരിച്ച്‌ നടന്നു കൊണ്ട്‌ പറഞ്ഞു. 
എങ്കില്‍ ഞങ്ങളുടെ കാര്യം നോക്കാന്‍ അല്ലാഹു മതി. എനിക്ക്‌ യാതൊരു വേവലാതിയുമില്ല.
മുന്നോട്ട്‌ നടന്നു തുടങ്ങിയ ഒട്ടകത്തിന്റെ പുറത്തിരുന്ന മഹാനായ ആ പ്രവാചകന്‍ തന്റെ രക്ഷിതാവിനോട്‌ ഇങ്ങിനെ പ്രാര്‍ത്ഥിച്ചു. 
പരിശുദ്ധനായ അല്ലാഹുവേ; വിജനമായ ഈ സ്ഥലത്ത്‌, വിശന്ന്‌ വലഞ്ഞ ചെന്നായ്ക്കളും, ഊഴം കാത്തിരിക്കുന്ന കഴുകന്‍മാരുമുള്ള മരുഭൂമിയില്‍ , എന്റെ പ്രിയഭാര്യയേയും കുഞ്ഞിനേയും ഇറക്കി വച്ച്‌, നിന്റെ അടിമ, നിന്റെ കല്പനപ്രകാരം തിരിച്ച്‌ മടങ്ങുന്നു. അവരുടെ കയ്യില്‍ ഭക്ഷണവും വെള്ളവും കുറവാണ്‌. അവരെ ഞാന്‍ നിന്നെ ഭാരമേല്‍പ്പിക്കുന്നു. തീര്‍ച്ചയായും നീ സര്‍വ്വജ്ഞനും കരുണാമയനും തന്നെയാകുന്നു. 
അടിമയായിരന്നു ഹാജിറ. ഇബ്രാഹീം നബിയുടെ ഭാര്യ സാറയുടെ പ്രിയപെട്ട അടിമ.
ഒരു സന്താനത്തെ ലഭിക്കുക എന്ന അടങ്ങാത്തെ മോഹത്തിനായി, ഇബ്രാഹീം നബി, തന്റെ പ്രിയ ഭാര്യയുടെ സ്നേഹപൂര്‍വമായ നിര്‍ബന്ധത്തിന്‌ വഴങ്ങി അവരെ വിവാഹം ചെയ്‌തു. അങ്ങിനെ സാറയുടെ അടിമയായിരുന്ന ഹാജിറ അവരുടെ സപത്നിയായി. 
വിവാഹാനന്തരം നീണ്ടുപോയ വര്‍ഷങ്ങള്‍ക്കൊടുവില്‍ , ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കാനും, തന്റെ ഭര്‍ത്താവിന്റെ പരമ്പര ഈ ഭൂമുഖത്ത്‌ നിലനിറുത്താനും തനിക്കാവില്ല എന്ന്‌ സ്വയം ഉറപ്പ്‌ തോന്നിയപ്പോഴാണ്‌, സാറ ആ തീരുമാനമെടുത്തത്‌. 
ഇസ്മാഈല്‍ ! 
ഇബ്രാഹീം നബിക്ക്‌ ഹാജിറയുലുണ്ടായ ഓമനക്കിടാവിന്റെ പേരായിരുന്നു അത്‌. ഒരു ദിവസം ഹാജിറയുടെ മടിയില്‍ നിന്നും ഇസ്മാഈലിനെ വാരിയെടുത്ത്‌ ഇബ്രാഹീം നബി വല്ലാത്തൊരു വാത്സല്യത്തോടെ ചുംബിക്കുന്നത്‌ കണ്ടപ്പോള്‍ സാറ അസ്വസഥയായി. 
തന്റെ അടിമയായിരുന്ന ഹാജിറയോടും അവളുടെ കുഞ്ഞിനോടുമാണ്‌ തന്റെ ഭര്‍ത്താവിന്‌ ഇപ്പോള്‍ കൂടുതല്‍ സ്നേഹം എന്നവര്‍ ധരിച്ചുപോയി. 
അസഹ്യമായ ഒരു വികാരത്തിന്‌ അവര്‍ അടിമപ്പെട്ടു. അത്‌ സഹിക്ക വയ്യാതായപ്പോള്‍ അവര്‍ ഇബ്രാഹീം നബിയോട്‌ ആവിശ്യപ്പെട്ടത്‌ വളരെ കടുത്ത ഒരു കാര്യമായിരുന്നു. 
ഹാജിറയേയും പുത്രനേയും നാടു കടത്തണം!
ഇബ്രാഹീം നബി അമ്പരന്ന്‌ പോയി. സാറയില്‍ നിന്നും അങ്ങിനെ ഒരാവിശ്യം; അതദ്ദേഹം ഒട്ടും പ്രതീക്ഷിച്ചതേ ആയിരുന്നില്ല. പക്ഷെ വൈകാതെ തന്നെ ഇബ്രാഹീം നബി തിരിച്ചറിയുക തന്നെ ചെയ്തു. 
അല്ലാഹുവിന്റെ ഇംഗിതവും ഹാജിറയേയും കുഞ്ഞിനേയും പിരിഞ്ഞിരിക്കുക എന്നണ്ണ്‍! 
അദ്ദേഹം വാഹനത്തെ തയ്യാറാക്കി. ഹാജിറയേയും കുഞ്ഞിനേയും കൂട്ടി യാത്ര പുറപ്പെട്ടു. ഒരുപാട്‌ ദൂരം സഞ്ചരിച്ച്‌ മരുഭൂമിയില്‍ മലനിരകളാള്‍ ചുറ്റപ്പെട്ട ഒരു താഴ്‌വരയിലെത്തി. 
വിജനമായ സ്ഥലം! 
അതൊരു കച്ചവട സംഘത്തിന്റെയും പാതയല്ല. അടുത്തെവിടെയെങ്കിലുമൊരു മനുഷ്യജീവനുമില്ല. ജലസാധ്യത ഇല്ലേ ഇല്ല. 
അല്ലാഹുവിന്റെ കല്‍പ്പന അതായിരുന്നു. അവിടെ; ആ വിജനതയില്‍ , അല്ലാഹുവിന്റെ കാരുണ്യത്തെ മാത്രം പ്രതീക്ഷിച്ച്‌, തന്റെ ഭാര്യയേയും സന്താനത്തേയും ഉപേക്ഷിച്ച്‌ തിരിച്ച്‌ പോവുക. 
ഖലീലാണ്‌ ഇബ്രാഹീം. അല്ലാഹുവിന്റെ സഖാവ്‌. അല്ലാഹു എന്തു കല്‍പ്പിക്കുന്നുവോ, അത്‌ ഇബ്രാഹീം  ചെയ്‌തിരിക്കും. തന്നെ സന്തോഷിപ്പിക്കാന്‍ അല്ലാഹു മതി എന്ന അടിയുറച്ച വിശ്വാസത്തിന്‌ യാതൊരു ചാഞ്ചല്ല്യവുമില്ലാത്ത മഹാനായ പ്രവാചകനായിരുന്നു ഖലീലുല്ലാഹി ഇബ്രാഹീം നബി. 
ഭക്ഷണം കഴിഞ്ഞിട്ട്‌ ദിവസങ്ങള്‍ രണ്ടു മൂന്നായി. ഇപ്പോഴിതാ വെള്ളവും കഴിഞ്ഞിരിക്കുന്നു. ആ മാതാവിന്റെ മാറിടം ചുരത്താതായിരിക്കുന്നു. കുഞ്ഞിന്റെ കരച്ചില്‍ ആ താഴ്‌വരയെ പൊതിഞ്ഞു വച്ചിരിക്കുന്ന മലനിരകളിലെ പാറക്കല്ലുകളെ പോലും അലിയിക്കുന്നുണ്ടായിരുന്നു. 
പരിശുദ്ധനായ അല്ലാഹുവിലേക്ക്‌ മുഖം തിരിച്ച്‌ ആ മാതാവ്‌ ഒരു രക്ഷാ മാര്‍ഗത്തിനായി കേണു കൊണ്ടിരുന്നു. ഇന്നിപ്പോള്‍ കുഞ്ഞിന്റെ കരച്ചില്‍ അസഹ്യമാണ്‌. ഏതൊരു നിമിഷവും തന്റെയും കുഞ്ഞിന്റെയും പ്രാണന്‍ ഈ വിജനതയില്‍ പൊലിഞ്ഞു പോകും. 
ഒരിറ്റ്‌ വെള്ളം കിട്ടിയിരുന്നെങ്കില്‍ , ദാഹിച്ച്‌ തൊണ്ട പൊട്ടിക്കരയുന്ന കുഞ്ഞിന്റെ ചുണ്ടെങ്കിലുമൊന്ന്‌ നനച്ച്‌ കൊടുക്കാമായിരുന്നു. 
ഹാജിറ കൂടാരത്തില്‍ നിന്നിറങ്ങി ചുറ്റും നോക്കി. എന്തു കാണാന്‍ ? മല നിരകള്‍ മാത്രം!
തൊട്ടടുത്തുള്ള സഫാമലയുടെ മുകളിലേക്ക്‌ അവര്‍ കയറി. അതിന്റെ ഉച്ചിയിലെത്തി പ്രതീക്ഷയോടെ വിദൂരതയിലേക്ക്‌ മിഴികള്‍ പാകി. 
ഒരു കച്ചവട സംഘത്തെ കണ്ടെങ്കില്‍ ,,,, 
അല്ലെങ്കില്‍ തങ്ങളേയും തിരിക്കി ഇബ്രാഹീം തിരിച്ചു വന്നെങ്കില്‍ ,, 
ഞങ്ങള്‍ മൃതിയുടെ സമീപമെത്തിയിരിക്കുന്നു എന്ന്‌ അല്ലാഹു അദ്ദേഹത്തെ അറിയിച്ചിരിക്കുമെന്നവര്‍ വിശ്വസിച്ചിരിക്കാം. 
പക്ഷെ അവര്‍ ആരെയും കണ്ടില്ല. അവര്‍ മെല്ലെ ഇറങ്ങി. താഴെയെത്തിയപ്പോള്‍ ഓടിപ്പോയി തൊട്ടപ്പുറത്തെ മര്‍വയിലേക്ക്‌ കയറി. പ്രതീക്ഷയോടെ അവിടെ നിന്നും മരുഭൂമിയിലേക്ക്‌ നോക്കി നിന്നു. 
ഒരിറ്റു വെള്ളവുമായി ആരെങ്കിലും വരുന്നുണ്ടെങ്കില്‍ . ഒരു കൈവിരല്‍ നഖത്തില്‍ പറ്റിപ്പിടിക്കാവുന്നത്രയും വെള്ളമെങ്കിലും ലഭിച്ചിരുന്നെങ്കില്‍ . 
അല്ലാഹുവേ, ഈ മരുഭൂമിയില്‍ ഞാനെങ്ങിനെ എന്റെ കുഞ്ഞിന്റെ ദാഹം ശമിപ്പിക്കും. നിന്റെ കല്‍പ്പന പ്രകാരമല്ലെയോ, എന്റെ ഭര്‍ത്താവ്‌ എന്നെ ഈ വിജനതയിലാക്കി പോയത്‌?
കുറെ നേരം മര്‍വയില്‍ നിന്നും നോക്കിയ അവര്‍ പിന്നെയും സഫയുടെ ഉ ച്ചി യിലേക്ക്‌ തിരിച്ചോടി. അവിടെ കുറേ നേരം. താഴ്‌വരെയെ ചുറ്റുന്ന മലയിടക്കുകള്‍ തട്ടി പ്രതിധ്വനിക്കുന്ന കുഞ്ഞു ഇസ്മാഈലിന്റെ ഹൃദയം പിളര്‍ത്തുന്ന കരച്ചില്‍ കേള്‍ക്കവെ അവര്‍ക്ക്‌ എവിടെയും സ്വസ്ത്ഥത ലഭിച്ചില്ല. സഫയില്‍ നിന്നും മര്‍വയിലേക്കും, മര്‍വയില്‍ നിന്നും സഫയിലേക്ക്‌ തിരിച്ചും ആ മാതാവ്‌ ദാഹിച്ചവശയായി, നഗ്നപാദങ്ങളുമായി ഓടിക്കൊണ്ടിരുന്നു. ആ നട്ടുച്ച സമയത്ത്‌, ആ പൊള്ളുന്ന പാറക്കെട്ടുകളിലൂടെ അവരേഴു പ്രാവിശ്യം അങ്ങിനെ അല്ലാഹുവിന്റെ കാരുണ്യവും തേടി ഓടി. 
മര്‍വയുടെ മുകളില്‍ നിന്നും ദൂരേക്ക്‌ നോക്കി നില്‍ക്കവെ, കുഞ്ഞിന്റെ കരച്ചിലിപ്പോള്‍ കേള്‍ക്കുന്നില്ല എന്നവര്‍ തിരിച്ചറിഞ്ഞു. എന്റെ കുഞ്ഞിനെന്ത്‌ പറ്റി ഭയന്നു പോയി. ഓടിപ്പിടഞ്ഞ്‌ താഴെ വന്ന്‌ നോക്കുമ്പോള്‍ ..........  
ഇസ്മാഈലിന്റെ കാല്‍ചുവട്ടില്‍ നിന്നും പതഞ്ഞു പൊങ്ങുന്ന വെള്ളം! 
വെള്ളം നഞ്ഞ കൈവിരലുകള്‍ വായിലിട്ട്‌ നനവില്‍ സുഖമായി കിടന്ന്‌ കൈകാലിട്ടടിച്ച്‌ കളിക്കുന്ന  ഇസ്മാഈല്‍ ! 
ഉറവ പതഞ്ഞു പൊങ്ങുകയാണ്‌. അവിടെയെങ്ങും വെള്ളം തളം കെട്ടാന്‍ തുടങ്ങി. ആ താഴ്‌വര മുഴുവന്‍ വെള്ളം കൊണ്ട്‌ മൂടുമെന്ന്‌ ബീവി ഹാജിറ ഭയപ്പെട്ടപ്പോള്‍ ഉറക്കെ വിളിച്ച്‌ പറഞ്ഞു. 
മതി.. മതി.. മതി.. മതി.. 
ഉറവയുടെ പതച്ചുപൊങ്ങല്‍ നിന്നു. അപ്പോഴേക്കും ആ താഴ്‌വരയില്‍ വെള്ളം ഒരു കുളത്തിലെന്ന വണ്ണം തളം കെട്ടിയിരുന്നു. 
ഹാജിറ ഇഷ്ടം പോലെ വെള്ളം കുടിച്ചു. അല്ലാഹുവിനെ സ്‌തുതിച്ചു. നിര്‍ജീവമായ ആ പ്രദേശത്തിന്‌ ആ വെള്ളം ജീവന്‍ നല്‍കി. ജലസാനിധ്യമറിഞ്ഞ്‌ പക്ഷികളും മരുജീവികളുമെത്തി. വിത്തു പിളര്‍ന്ന്‌ നാമ്പുകള്‍ പുറത്തേക്ക്‌ വന്നു. കണ്ണിനും കരളിനും കുളിര്‍മ നല്‍കുന്ന ചെടികളുണ്ടായി. 
ദിവസങ്ങള്‍ ചിലത്‌ കഴിഞ്ഞ്‌ പോയി. ഹാജിറയ്ക്കും കുഞ്ഞിനും സുഖമായിരുന്നു. ഇഷ്ടം പോലെ വെള്ളം. ചെറു ജീവികളും പറവകളും ചെറു സസ്യങ്ങളുമായി ഇഷ്ടം പോലെ ഭക്ഷണം. തങ്ങളെ തിരിച്ച്‌ കൊണ്ടു പോകാനായി ഇബ്രാഹീം നബി തിരിച്ച്‌ വരുന്ന ഒരു ദിവസവും കാത്ത്‌ ഹാജിറ വഴിക്കണ്ണുമായി കാത്തിരുന്നു. 
ആ താഴ്‌വരയുടെ കുറച്ചകലെ കൂടെ ഒരു കച്ചവട സംഘം യാത്ര ചെയ്യുന്നുണ്ടായിരുന്നു. തങ്ങളുടെ കയ്യിലെ വെള്ളസംഭരിണികള്‍ മുഴുവനും വരണ്ടുണങ്ങിയ ആ കച്ചവട സംഘത്തലവന്‍ അങ്ങ്‌ ദൂരെ ആകാശത്ത്‌ വട്ടമിട്ട്‌ പറക്കുന്ന പറവകളെ കണ്ട്‌ അഹ്ളാദിച്ചു. 
അയാള്‍ക്കറിയാമായിരുന്നു. അവിടെ ഒരു മരുപ്പച്ചയുണ്ടാവുമെന്ന്‌! 
മലകയറി താഴ്‌വരയിലേക്ക്‌ നോക്കിയ കച്ചവട സംഘം അന്തം വിട്ട്‌ പോയി. കെട്ടിനിര്‍ത്തിയ ഒരു ജലാശയത്തിന്നരികിലൊരു യുവതിയും കുഞ്ഞും. തികഞ്ഞ വിജനതയിലവര്‍ക്ക്‌ കൂട്ട്‌ പറവകളും മൃഗങ്ങളും മാത്രം!
കച്ചവട സംഘത്തലവന്‍ ബീവി ഹാജിറയോട്‌ ചോദിച്ചു. 
നിങ്ങളാരാണ്‌? ഈ വെള്ളം ആരുടേതാണ്‌?
പ്രവാചക ശ്രേഷ്ടനായ ഇബ്രാഹീമിണ്റ്റെ ഭാര്യയാണ്‌ ഞാന്‍. ഇത്‌ അദ്ദേഹത്തിന്റെ കുഞ്ഞാണ്‌. ഈ വെള്ളം അല്ലാഹു എനിക്ക്‌ നല്‍കിയതാണ്‌. 
ഈ വെള്ളത്തില്‍ നിന്നും ഞങ്ങക്ക്‌ തരുമോ? ഈ താഴ്‌വരയില്‍ ഞങ്ങളേയും താമസിക്കാന്‍ അനുവദിക്കുമോ? നോക്കൂ.. ഞങ്ങള്‍ നിങ്ങള്‍ക്ക്‌ തക്കതായ പ്രതിഫലം നല്‍കാം. 
ഹാജിറ അതിന്‌ സമ്മതമേകി. അന്നോളം നിര്‍ജീവമായിക്കിടന്ന്‌ ആ താഴ്‌വര ഒരു ജനവാസ കേന്ദ്രമായി മാറുകയായിരുന്നു. ആദ്യം തമ്പടിച്ച കച്ചവട സംഘത്തിന്റെ ശേഷം പിന്നെയും കച്ചവട സംഘങ്ങള്‍ എത്തി. താഴ്‌വരയെ ചുറ്റിപ്പൊതിഞ്ഞ മല നിരകള്‍ക്കപ്പുറത്തും ആളുകള്‍ താമസിക്കന്‍ തുടങ്ങി. 
അല്ലാഹുവിന്റെ അനുമതി കിട്ടി ഇബ്രാഹീം നിബി തിരിച്ച്‌ വരുമ്പോള്‍ തന്റെ ഭാര്യയേയും സന്താനത്തേയും ഉപേഷിച്ച ആ വിജനമായ താഴ്‌വര ഒരു ജനവാസ കേന്ദ്രമായി മാറിയിരുന്നു. പിന്നീട്‌ ഇബ്രാഹീം നബി മകന്‍ ഇസ്മാഈല്‍ നബിയോടൊത്ത്‌ അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം ആ ജനവാസ കേന്ദ്രത്തില്‍ പുനര്‍നിര്‍മിച്ച ആരാധനാലയത്തിന്റെ പേരാണ്‌ കഅ്ബ. 
ആ താഴ്‌വര ഒരു നഗരമായി വികസിച്ചപ്പോള്‍ ആ നഗരത്തിന്‌ മക്ക എന്ന്‌ പേര്‍ ലഭിച്ചു. 
ഒരൊറ്റ ഉറവ കൊണ്ട്‌ അല്ലാഹു മരുഭൂമിയില്‍ ഒരു മഹാനഗരത്തെ സംവിധാനിപ്പിച്ചു. പിന്നീട്‌ ആ നഗരം ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായി. എത്ര മനോഹരമായാണ്‌ അല്ലാഹു അവനുദ്ധ്യേശിക്കുന്ന കാര്യങ്ങള്‍ നടപ്പില്‍ വരുത്തുന്നത്‌. തീര്‍ച്ചയായും അവന്‍ സര്‍വ്വജ്ഞന്‍ തന്നെ. 
ഇബ്രാഹീം നബി അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം തന്റെ ഭാര്യയെയും കുഞ്ഞിനേയും ആ താഴ്‌വരയില്‍ ഉപേക്ഷിക്കുമ്പോള്‍ , അതിന്റെ പിന്നില്‍ അല്ലാഹു വലിയ രഹസ്യങ്ങള്‍ ഒളിപ്പിച്ച്‌ വച്ചിട്ടുണ്ടായിരുന്നു. 
ഓര്‍ക്കുക, അതില്‍ ചിലതാണ്‌, കഅ്ബയും, പ്രവാചകനും, ഹജ്ജും ഉംറയുമൊക്കെ!!! 
യാ റബ്ബീ. നിനക്ക്‌ സ്‌തുതി.. നിനക്കൊരായിരം സ്‌തുതി.

14 comments:

 1. വിജനമായ ഈ മരുഭൂമിയില്‍ , തുഛമായ ഭക്ഷണവും വെള്ളവും മാത്രം ഞങ്ങള്‍ക്കു തന്ന്‌ അങ്ങ്‌ പോവുകയാണോ? അങ്ങ്‌ ഇത്രമേല്‍ ഞങ്ങളെ വെറുത്തോ?
  അകലുന്ന ഒട്ടകത്തിന്റെ പിന്നാലെ ഓടിക്കൊണ്ട്‌ ബീവി ഹാജിറ വിളിച്ചു ചോദിച്ചു?

  ReplyDelete
 2. ചരിത്രത്തില്‍ നിന്നുള്ള ഒരു ഏട്. അതിനെ ഭംഗിയായി പറഞ്ഞു. അറിവ് നല്‍കുന്ന നല്ല പോസ്റ്റു.

  ReplyDelete
 3. ഇന്ന് മക്കയില്‍ ചെല്ലുമ്പോള്‍ ആ ചരിത്രം ഓര്‍ക്കാതെ ആ മണ്ണില്‍ നമ്മുക്ക് നില്ക്കാന്‍ ആവുമോ ? ഏതായാലും അബൂതി നന്നായി ഒന്ന് കൂടെ ഓര്‍മിപ്പിച്ചു ചരിത്രം ......

  ReplyDelete
 4. ജീവജലം...എന്തോരനുഗ്രഹം.

  ReplyDelete
 5. യാ റബ്ബീ, നിനക്ക്‌ സ്‌തുതി,നിനക്കൊരായിരം സ്‌തുതി...!

  ReplyDelete
 6. ചരിത്രത്തിലെ ആ ഓര്‍മ്മപ്പെടുത്തല്‍ നന്നായി.അല്ലാഹു അനുഗ്രഹിക്കട്ടെ.

  ReplyDelete
 7. ഈ ചരിത്ര പാഠം നന്നായി പകര്‍ത്തി.
  മറന്നു പോവാന്‍ പാടില്ലാത്ത അദ്ധ്യായം

  ReplyDelete
 8. http://www.youtube.com/watch?v=OIrT1TzFxMU

  ReplyDelete
 9. http://www.youtube.com/watch?v=OIrT1TzFxMU

  ReplyDelete
 10. zam Zam nishedhikunna madavoorikal e post vayikuka

  ReplyDelete
 11. അറിഞ്ഞ ചരിത്രം തന്നെ - എങ്കിലും വായന ഹൃദയത്തില്‍ തൊടുന്നു. ഇതൊരു വായനയല്ല അനുഭവിക്കലാണ്‌ ഹജരയുടെ കൂടെ , ഇസ്മയില്‍ നബിയോട് കൂടെ - നന്നാല്‍ രചനക്കൊരായിരം പൂച്ചെണ്ടുകള്‍

  ReplyDelete