Wednesday, January 16, 2013

മീലാദുന്നബി! (നബിതങ്ങളുടെ ജനനം)


സംസം കിണറിന്റെ കാര്യത്തിലൊരു തര്‍ക്കമുണ്ടാവുകയും നാട്ടുപ്രമാണിമാരില്‍ ചിലര്‍ തന്നെ ഉപദ്രവിക്കാന്‍ വരികയും ചെയ്‌തപ്പോള്‍ തന്റെ ഏക പുത്രന്‍ ഹാരിസ്‌ അവരോട്‌ എതിരിടാന്‍ അശക്‌തനാണ്‌ എന്നു തിരിച്ചറിഞ്ഞ അബദുല്‍ മുഥ്വലിബിന്റെ മനസ്സുരുകി. കഅ്ബയുടെ നാഥാ, എനിക്ക്‌ പത്തു ആണ്‍മക്കളുണ്ടായാല്‍ അതില്‍ നിന്നൊരാളെ നിനക്കു ഞാന്‍ ബലിയായി നല്‍കാമെന്നദ്ദേഹം നേര്‍ച്ച നേര്‍ന്നു. ഓര്‍ക്കുക. ഇസ്ലാമിന്റെ മുമ്പുള്ള ഒരു കാലഘട്ടമായിരുന്നു അത്‌. പ്രവാചകതിരുമേനിയുടെ ജനനത്തിന്റെ മുന്‍പ്‌! 

ജാഹിലിയാ കാലഘട്ടം (അജ്ഞാന കാലഘട്ടം) എന്നറിയപ്പെട്ടിരുന്ന ചരിത്രത്തിന്റെ ഇരുണ്ട കാലഘട്ടം. തനിക്കൊരു പെണ്‍കുഞ്ഞു ജനിച്ചാല്‍ ആ കുഞ്ഞിനെ ജീവനോടെ മരുഭൂമിയില്‍ കുഴിച്ചു മൂടുന്നത്‌ അറബികള്‍ അന്തസായിക്കണ്ടിരുന്ന കാലഘട്ടം! ചന്തയില്‍ നിന്നും ലേലം കൊണ്ടുവരുന്ന സ്‌ത്രീ അടിമകളെ ഉടമകള്‍ നിര്‍ബന്ധപൂര്‍വ്വം വേശ്യാവൃത്തിക്ക്‌ വിധേയരാക്കിയിരുന്ന കാലഘട്ടം! തന്റെ പിതാവ്‌ മരണപ്പെടുമ്പോള്‍ തന്റെ മാതാവല്ലാത്ത പിതാവിന്റെ ഭാര്യമാരെ അനന്തര സ്വത്തു പോലെ ഏറ്റെടുത്ത്‌ ഭാര്യമാരാക്കിയിരുന്ന മക്കള്‍ ജീവിച്ചിരുന്ന കാലഘട്ടം! അത്തരം ഒരു കാലഘട്ടത്തിലായിരുന്നു അബ്ദുല്‍ മുഥ്വലിബിന്റെ ഈ നേര്‍ച്ച! കാലചക്ക്രം തിരിയവേ അദ്ദേഹത്തിന്‌ പത്ത്‌ ആണ്‍മക്കള്‍ തികഞ്ഞു. അദ്ദേഹം തന്റെ നേര്‍ച്ച നടത്തുവാന്‍ തീരുമാനിക്കുകയും ചെയ്‌തു!

പത്ത്‌ ആണ്‍മക്കളില്‍ നിന്നൊരാളെ നറുക്കെടുത്തപ്പോള്‍ ലഭിച്ചത്‌ അദേഹത്തിന്‌ ഏറ്റവും പ്രിയപ്പെട്ട പുത്രന്‍ അബ്ദുല്ലയുടെ നാമമായിരുന്നു! പക്ഷെ തന്റെ തീരുമാനവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ച അദ്ദേഹത്തെ പെണ്‍മക്കളും ബന്ധുക്കളും നാട്ടുപ്രമാണിമാരും തടഞ്ഞു. സ്വപുത്രനെ ബലി നല്‍കുന്നതില്‍ നിന്നും രക്ഷ നേടാന്‍ അബ്ദുല്ലയ്ക്കു പകരം പത്ത്‌ ഒട്ടകങ്ങളെ ബലി നല്‍കിയാല്‍ മതി എന്നൊരു അഭിപ്രായം അദ്ദേഹത്തോടാരൊ പറഞ്ഞു. ദൈവഹിതം എന്തെന്നറിയാന്‍ അദ്ദേഹം പത്ത്‌ ഒട്ടകങ്ങളുടെ പേരും അബ്ദുല്ലയുടെ പേരും നറുക്കിട്ടപ്പോള്‍ നറുക്കു വീണത്‌ പിന്നെയും അബ്ദുല്ലയ്ക്കായിരുന്നു. ആളുകള്‍ പിന്നെയും തടസം നിന്നു. പത്ത്‌ ഒട്ടകങ്ങളെ കൂടി അപ്പുറത്തു വച്ചു നറുക്കിട്ടു. നറുക്ക്‌ അബ്ദുല്ലയ്ക്കു തന്നെ. ഒട്ടകങ്ങളുടെ എണ്ണം പിന്നെയും പിന്നെയും കൂട്ടി. അങ്ങിനെ നൂറ്‌ ഒട്ടകങ്ങള്‍ തികഞ്ഞപ്പോള്‍ നറുക്ക്‌ ഒട്ടകങ്ങള്‍ക്കു വീണു. ഈ സംഭവം ഓര്‍ത്തു കൊണ്ട്‌ പില്‍ക്കാലത്ത്‌ പ്രവാചകന്‍ (സ്വ. അ.) ഇങ്ങിനെ പറയുകയുണ്ടായി. ഞാന്‍ രണ്ടു ബലികളുടെ സന്തതിയാകുന്നു. ഒന്നാമത്തെ ബലി അവിടുത്തെ പിതാമഹനായ ഇസ്മാഈലിന്റെ (അ. സ.) ബലി. രണ്ടാമത്തേതു സ്വപിതാവായ അബ്ദുല്ലയുടെ ബലി. 

അബ്ദുല്ലയ്ക്ക്‌ പതിനെട്ടു വയസ്സായപ്പോഴാണ്‌ അദ്ദേഹം വഹബിന്റെ പുത്രി ആമിനയെ വിവാഹം ചെയ്‌തത്‌. മധുവിധുവിന്റെ നാളുകളില്‍ തന്നെ ആമിന ഗര്‍ഭം ധരിക്കുകയും, ഗര്‍ഭം രണ്ടു മാസമായപ്പോഴേക്കും അബ്ദുള്ള ശാമിലേക്ക്‌ (ഇന്നത്തെ സിറിയ) കച്ചവടത്തിനായി പോവുകയും ചെയ്‌തു. ശാമില്‍ നിന്നും തിരിച്ചു മടങ്ങുമ്പോള്‍ യത്‌രിബ്‌ (ഇന്നത്തെ മദീനത്തുല്‍ മുനവ്വറ) എന്ന പട്ടണത്തിലെ തന്റെ അമ്മാവന്റെ വീട്‌ സന്ദര്‍ശിക്കവേ, അവിടെ വച്ച്‌ അസുഖബാധിതനായ അദ്ദേഹം ഒരു മാസം അസുമായി കിടക്കുകയും മരണപ്പെടുകയും ചെയ്‌തു. അദ്ദേഹത്തിന്റെ അസുവിവരമറിഞ്ഞു മക്കയില്‍ നിന്നും പുറപ്പെട്ടു വന്ന സഹോദരന്‍ അടുത്തെത്തുന്നതിന്റെ മുന്‍പേ അദ്ദേഹം മരണപ്പെട്ടിരുന്നു. 

തനിക്കു ജനിക്കാന്‍ പോകുന്ന പൈതലിനെ അനാഥനാക്കിക്കൊണ്ടൊരു മരണം. അതും വളരെ ചെറിയ പ്രായത്തില്‍ തന്നെ. നൂറു ഒട്ടകങ്ങള്‍ക്കു പകരം പരമകാരുണികനായ അല്ലാഹു ബലിയില്‍ നിന്നും അബ്ദുല്ലയെ രക്ഷിച്ചത്, താന്‍ ചുമന്നു കൊണ്ടിരിക്കുന്ന പ്രവാചകത്വത്തിന്റെ പ്രകാശമടങ്ങിയ ബീജം ആമിനയുടെ ഗര്‍ഭാശയത്തിലേക്കു നിക്ഷേപിക്കുക എന്ന ദൌത്യത്തിനു വേണ്ടി മാത്രമായിരിക്കുമോ? അല്ലാഹു അഅ്‌ലം. അവന്‍ താന്‍ ഉദ്ധ്യേശിച്ചത്‌ ചെയ്യുന്നു!

മക്കയില്‍ പ്രിയഭര്‍ത്താവിനെ കാത്തിരുന്ന ആമിന കേള്‍ക്കുന്നത്‌ പ്രിയതമന്റെ മരണ വാര്‍ത്തയാണ്‌. ആ കാതുകളില്‍ ചൊല്ലുവാനായി എന്തെന്തു കുസൃതികള്‍ ആമിന തന്റെ ഹൃദയത്തില്‍ സൂക്ഷിച്ചു വച്ചിട്ടുണ്ടാവണം! ആ തരുണിയുടെ കണ്ണുകള്‍ കര്‍ക്കിടക മാസത്തെ കാര്‍മേഘങ്ങള്‍ പോലെ പെയ്‌ത ദിനമായിരുന്നു അത്‌. പിന്നീടങ്ങോട്ട്‌ വിങ്ങലും വിതുമ്പലുമായി അവര്‍ ദിനങ്ങളെണ്ണിത്തീര്‍ത്തു. തന്റെ ഗര്‍ഭാശയത്തില്‍ വളരുന്ന മുമൊന്നു കാണാന്‍ കൊതിച്ച്‌, അവള്‍ കാത്തിരുന്നു. ഓരോരോ സ്വപ്നങ്ങളും ഒരു ഓമനമുത്തെ കുറിച്ചു മാത്രമായി. 

അങ്ങിനെ ആ സുദിനമെത്തി. ആനക്കലഹം (ആനകളടങ്ങിയ ഒരു സൈന്യം വിശുദ്ധ കഅ്ബ പൊളിക്കാന്‍ വന്ന സംഭവം) കഴിഞ്ഞിട്ട്‌ അന്‍പതോ അന്‍പത്തി അഞ്ചോ ദിവസങ്ങളെ കഴിഞ്ഞുള്ളൂ. റബിയ്യുല്‍ അവ്വല്‍ മാസം ഒന്‍പതോ അല്ലെങ്കില്‍ പന്ത്രണ്ടോ ആയിരുന്നു അത്‌. തിങ്കളാഴിച്ച ദിവസം. അന്ന്‌ പ്രഭാതത്തോടടുത്ത സമയം, ആമിനാ ബീവി ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചു. ആ കുഞ്ഞിന്റെ പേരാണ്‌ മുഹമ്മദ്‌ മുസ്ഥ്വഫാ (സ്വല്ലല്ലാഹു അലൈഹി വസല്ലം). ആ കുഞ്ഞാണ്‌ തൊഴിലാളിയുടെ നെറ്റിയിലെ വിയര്‍പ്പാറുന്നതിന്റെ മുന്‍പേ അവന്റെ കൂലി കൊടുക്കാന്‍ മുതലാളിമാരോട്‌ കല്‍പ്പിച്ചത്‌. തണ്റ്റെ അയല്‍വാസിയുടെ പട്ടിണിക്കു പരിഹാരം കാണാന്‍ മനുഷ്യരോട്‌ പറഞ്ഞത്‌. ഉള്ളവന്റെ സ്വത്തില്‍ ഇല്ലാത്തവന്‌ അവകാശമുണ്ടെന്ന്‌ വിധിച്ചത്‌. കറുത്തവനും വെളുത്തവനും തമ്മില്‍ , അറബിയും അനറബിയും തമ്മില്‍ നന്‍മ കൊണ്ടല്ലാതെ യാതൊരു വിത്യാസവും ഇല്ല എന്നു പ്രഖ്യാപിച്ചതു. ആ കുഞ്ഞാണ്‌ പില്‍ക്കാലത്ത്‌ നിങ്ങളില്‍ ഒരാള്‍ ചെയ്യുന്ന തെറ്റ്‌, സ്വന്തം ആള്‍ എന്ന നിലയില്‍ നിങ്ങള്‍ ന്യായീകരിക്കുന്നതാണ്‌ വര്‍ഗീയത എന്നു പറഞ്ഞു കൊണ്ട്‌ എന്താണ്‌ വര്‍ഗീയത എന്നു ലോകത്തെ പഠിപ്പിച്ചത്‌. ആ കുഞ്ഞാണ്‌, ഈ ലോകത്ത്‌ ഏറ്റവും അധികം സ്നേഹിക്കപ്പെടുന്ന വ്യക്‌തിത്വം. കാരണം; പരിശുദ്ധനായ അല്ലാഹു അവന്റെ ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നു. ((സകല ലോകങ്ങള്‍ക്കും അനുഗ്രഹമായിട്ടല്ലാതെ, നബിയേ; അങ്ങയെ ഞാന്‍ അയച്ചിട്ടില്ല)) അതെ! ആ കുഞ്ഞാണ്‌ കോടിക്കണക്കിനു വരുന്ന മുസ്ലിമിന്റെ ചങ്കിലെ ചോരയും ജീവന്റെ തുടിപ്പും കണ്ണിന്റെ ദാഹവും. 

ഇസ്ലാമിനു മുന്‍പ്‌ അറബികള്‍ ഒരു ഏകീകൃത കലണ്ടര്‍ സംവിധാനം ഉപയോഗിച്ചിരുന്നില്ല. നാട്ടില്‍ നടക്കുന്ന പ്രധാന സംഭവങ്ങളുമായി ബന്ധപ്പെടുത്തിയാണ്‌ അവര്‍ കാര്യങ്ങളെ രേഖപ്പെടുത്തി വച്ചിരുന്നത്‌. അതു കൊണ്ടു തന്നെ പ്രവാചകന്റെ ജന്‍മദിനം ചരിത്രകാരന്‍മാരില്‍ ചില ആശയകുഴപ്പങ്ങള്‍ക്കു കാരണമായി. എങ്കിലും ചരിത്രം അത്‌ രേപ്പെടുത്തി വച്ചിരിക്കുന്നു. പ്രവാചകന്റെ ജനനവും ജീവിതവും ഒരു മിഥ്യായോ അനുമാനമോ ഐതീഹ്യമോ അല്ല. പകരം ചരിത്രത്തിന്റെ താളുകളില്‍ വജ്രശോഭയോടെ രേപ്പെടുത്തപ്പെട്ടിരിക്കുന്ന സത്യങ്ങളാകുന്നു. പ്രവാചക വിരോധികള്‍ എത്ര തന്നെ ശ്രമിച്ചാലും, പ്രവാചകന്‍ കൊളുത്തു വച്ച മഹത്തായ ആ പ്രകാശം മാനവചരിത്രത്തിന്റെ മഹാനഭസ്സില്‍ സഹസ്ര സൂര്യശോഭയോടെ പ്രകാശം പരത്തിക്കൊണ്ടേ ഇരിക്കും. അതില്‍ യാതൊരു സംശയവും ഇല്ല. 

പ്രവാചകന്റെ ജന്‍മദിനത്തില്‍ സന്തോഷിക്കുന്നവരും, ആഘോഷിക്കുന്നവരും, ഒരു വികാരവുമില്ലാത്ത ആളുകളും ഇന്ന്‌ ഇസ്ലാമിക ലോകത്തുണ്ട്‌. ഹബീബായ റസൂലിന്റെ ജനനം ഒരു മുസ്ലിം എന്നുള്ള നിലയില്‍ എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന ഒന്നാണ്‌. ആ ഓര്‍മകള്‍ എന്നെ കാറ്റ്‌ മേഘങ്ങളെ തണുപ്പിക്കുന്നതു പോലെ തണുപ്പിക്കുന്നു. ആ ദിവസം ഈ പ്രകൃതി വിളംബരം ചെയ്‌ത അടയാളങ്ങള്‍ ഇസ്ലാമിക ചരിത്ര ഗ്രന്ഥങ്ങള്‍ സുവര്‍ണ ലിപികളാല്‍ രേപ്പെടുത്തപ്പെട്ടിരിക്കുന്നു. അതു നിഷേധിക്കാന്‍ ഞാനൊരു യുക്‌തിവാദിയല്ല. അവയെ കുറിച്ചെഴുതാതെ എനിക്കീ എഴുത്ത്‌ നിര്‍ത്താനുമാവില്ല! മുഹമ്മദ്‌ നബി (സ്വ. അ.) തങ്ങളുടെ ജനനദിവസം മാത്രമല്ല പ്രകൃതി ഇങ്ങിനെ അടയാളം കാട്ടിയത്‌. മുന്‍ക്കാല പ്രവാചകന്‍മാരുടെ ജന്‍മസമയങ്ങളിലും പ്രകൃതി അടയാളം കാട്ടിയിട്ടുണ്ട്‌. അത്‌ അല്ലാഹുവിന്റെ തീരുമാനമാണ്‌. അവന്റെ തീരുമാനങ്ങള്‍ അവന്‍ നടപ്പിലാക്കുന്നു. 

കഅ്ബാലയത്തിലെ മുന്നൂറിലധികം വരുന്ന വിഗ്രഹങ്ങള്‍ ഭൂചലനം സംഭവിച്ചാലെന്ന പോലെ മുവും കുത്തി വീണുപോയതാണ്‌ പരിശുദ്ധനായ അല്ലാഹുവിന്റെ ഹബീബായ റസൂലിന്റെ ജന്‍മദിനത്തില്‍ സംഭവിച്ച അസാധാരണ സംഭവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട സംഭവമായി ഇസ്ലാമിക ചരിത്രകാരന്‍മാര്‍ എഴുതിയിരിക്കുന്നത്‌. ഒരു വിഭാഗം ജനങ്ങള്‍ ആരാധിച്ചിരുന്ന സാവാ തടാകം ആ പ്രഭാതം തെളിഞ്ഞപ്പോഴേക്കും വറ്റി വരണ്ടുപോയതും, പേര്‍ഷ്യയിലെ കിസ്രാ ചക്രവര്‍ത്തിയുടെ കൊട്ടാരത്തിനും അതിന്റെ പതിനാലു ഗോപുരങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ പറ്റിയതും, സാംവാ മരുഭൂമിയിലെ ആരാധിക്കപ്പെട്ടിരുന്ന നീര്‍പ്രവാഹം നിലച്ചതും, അഗ്നിയാരാധകരായിരുന്ന പേര്‍ഷ്യയിലെ മജൂസികള്‍ വര്‍ഷങ്ങളായി അണയാതെ കാത്തു സൂക്ഷിച്ചിരുന്ന അഗ്നികുണ്ഡം അണഞ്ഞു പോയതും, ആ രാത്രി ഹിജാസിന്റെ (ഇന്നത്തെ സൌദി) മണ്ണില്‍ കണ്ണഞ്ചിപ്പിച്ചു കൊണ്ടൊരു പ്രകാശം ആകാശത്തു തെളിഞ്ഞതും അതു കിഴക്കോട്ട്‌ പടര്‍ന്നതുമൊക്കെ, പ്രവാചകന്‍ ജനിച്ച ദിവസം, അല്ല, ആ പ്രഭാതത്തില്‍ സംഭവിച്ച അത്ഭുതങ്ങളാണ്‌. ഇസ്ലാമിക ചരിത്രകാരന്‍മാര്‍ അവ വളരെ വ്യക്‌തമായിട്ടു തന്നെ രേഖപ്പെടുത്തിയിരികുന്നു.

നബിദിനം ഒരു ദിവസത്തിന്റെ ഓര്‍മപ്പെടുത്തലാണ്‌. അതായത്‌ ഇസ്ലാമിന്റെ ഒരു ഓര്‍മപ്പെടുത്തല്‍ . മുസ്ലിം ഹൃദയങ്ങളില്‍ മരണക്കിടക്കയില്‍ കിടന്ന്‌ ഊര്‍ദ്ധ്വാന്‍ വലിക്കുന്ന പ്രവാചക സ്നേഹത്തിന്‌ ലഭിക്കുന്ന ഒരു തുള്ളി ദാഹജലം! അതു ചിലപ്പോള്‍ ആ ഹൃദയത്തെ നനവാര്‍ന്നതാക്കി മാറ്റിയേക്കാം. അതാണ്‌ ആ ദിവസത്തിന്റെ പ്രത്യേകത. അതു കൊണ്ടു തന്നെ ആ ദിവസത്തിന്‌ പ്രത്യേകതയും ഉണ്ട്‌. ആ ദിവസത്തെ, ആ ഓര്‍മയെ നാം അംഗീകരിക്കേണ്ടതുണ്ട്‌, ബഹുമാനിക്കേണ്ടതുണ്ട്‌. എങ്ങിനെ എന്നു ചോദിച്ചാല്‍ പ്രവാചക തിരുമേനിയുടെ നേരനുചരന്‍മാര്‍ അതെങ്ങിനെ അംഗീകരിച്ചുവോ അങ്ങിനെ. എങ്ങിനെ ബഹുമാനിച്ചുവോ അങ്ങിനെ. അതാണ്‌ ഇസ്ലാമിന്റെ രീതി. ആ രീതികളെ പുറം ചുമലിലൂടെ വലിച്ചെറിഞ്ഞ്‌ പുതിയ രീതികള്‍ തേടിപ്പിടിക്കുമ്പോള്‍ അവ അനിസ്ലാമികമായ രീതികളാകുന്നു. 

തിങ്കളായിച്ച ദിവസത്തെ നോമ്പ്‌ പ്രവാചകചര്യയില്‍ പെട്ടതാണ്‌. ആ നോമ്പിനെ കുറിച്ച്‌ അവിടുത്തോടു ചോദിക്കപ്പെട്ടപ്പോള്‍ തന്റെ അനുചരന്‍മാരോട്‌ റസൂല്‍ കരീം സ്വല്ലല്ലാഹു അലൈഹിവസല്ലമ പറഞ്ഞത്‌; അന്നു ഞാന്‍ ജനിച്ച ദിവസമാകുന്നു, അന്നു തന്നെയാണ്‌ എനിക്ക്‌ സന്ദേശം നല്‍കപ്പെട്ടതും എന്നാണ്‌. ഓര്‍ക്കുക; പ്രവാചകന്‍ പറഞ്ഞ രണ്ടു ദിവസങ്ങളില്‍ ഒന്നാണ്‌ ലൈലത്തുല്‍ ഖദര്‍.  റമദാനിലെ ഒരു രാത്രി. ആയിരം മാസത്തെക്കാള്‍ ശ്രേഷ്ടതയുണ്ടെന്ന്‌ പരിശുദ്ധ ഖുര്‍ആനില്‍ സൂചിപ്പിച്ച ഈ ദിവസം തന്നെയാണ്‌ ഹിറാ ഗുഹയില്‍ പരിശുദ്ധ ഖുര്‍ആനിന്റെ പൊന്നൊളിയുമായി ജിബ്‌രീല്‍ (അ. സ.) എന്ന മലാഖ പ്രവാചകന്റെ അടുത്തു വന്നു കൊണ്ട്‌, വായിക്കുക. നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ നീ വായിക്കുക എന്നു വിളംബരം ചെയ്‌തത്‌! ആ ദിവസത്തിന്റെ കൂടെയാണ്‌ പ്രവാചകന്‍ അന്നു താന്‍ ജനിച്ച ദിവസമാണ്‌ എന്നു കൂടി പറഞ്ഞത്‌. അത്‌ ആ ദിവസം ഇസ്ലാമിക ലോകത്തിന്‌ വിലപ്പെട്ടതാണ്‌ എന്നൊരോര്‍മപ്പെടുത്തല്‍ കൂടിയാണ്‌. അന്നേ ദിവസം പ്രവാചകന്‍ നോമ്പെടുത്തു. അതാഘോഷമായിരുന്നില്ല. മറിച്ചു അതല്ലാഹുവിലേക്കുള്ള ഒരു നന്ദിപ്രകാശനമായിരുന്നു. സകല ലോകങ്ങള്‍ക്കും കാരുണ്യമായി ഈ ഭൂമിയില്‍ നബിതിരുമേനി ജനിച്ചതിന്റെ ആ നന്ദി ഓരോ മുസ്ലിമിന്റെ നെഞ്ചിലും ഉണ്ടായിരിക്കണം. അതിനച്ചടക്കം വേണം. ഇസ്ലാമികമായ ഒരു അച്ചടക്കം. ഇന്ന്‌ മുസ്ളിം ലോകത്തിന്‌ ഏറെക്കുറെ നഷ്ടപ്പെട്ടു കഴിഞ്ഞ ആ അച്ചടക്കം!

നാം ഇന്നു കാണുന്ന രീതിയില്‍ ഉള്ള നബിദിനാഘോഷങ്ങള്‍ക്ക്‌ ഈജിപ്‌തില്‍ നിന്നുമാണ്‌ തുടക്കമെന്നതൊരു ചരിത്ര വസ്‌തുതയാണ്‌. ഈജിപ്‌തില്‍ ഫാഥ്വിമീ ഭരണാധികാരികളാണ്‌ റബ്ബിയുല്‍ അവ്വല്‍ മാസത്തിലെ ആദ്യത്തെ പത്തു ദിവസങ്ങള്‍ നബിദിനാഘോഷം എന്നെ രീതിയില്‍ ആഘോഷിക്കാനാരംഭിച്ചത്‌. അന്ന്‌ രണ്ടു ഹറമുകളുടെ (മക്കയിലേയും മദീനയിലേയും ഹറം പള്ളികള്‍) മേലും അവര്‍ക്കായിരുന്നു ആധിപത്യം. അതു കൊണ്ടു തന്നെ മക്കയിലും മദീനയിലുമൊക്കെ ഈ ആഘോഷത്തിന്റെ അടയാളങ്ങള്‍ ഉണ്ടായിരുന്നു. അക്കാലങ്ങളില്‍ ഹജ്ജിനും ഉംറക്കും വേണ്ടി മക്കയിലും മദീനയിലും വന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള മുസ്ലിമീങ്ങള്‍ ഇത്‌ മതപരമായ ഒരു ആചാരമാണ്‌ എന്ന നിലയില്‍ തന്നെ സ്വീകരിച്ച്‌ തന്താങ്കളുടെ നാടുകളിലും പ്രചരിപ്പിച്ചു. പോകെ പോകെ അത്‌ മുസ്ലിം സമുദായത്തിന്റെ വിശ്വാസത്തിന്റെ ഒരു ഭാഗമെന്ന പോലെ കടന്നു കൂടുകയും ചെയ്‌തു. പുതുതായി കടന്നു വരുന്ന എന്തു കാര്യത്തിന്റെ കൂടെയും കുറെ അനാചാരങ്ങള്‍ കൂടി അനുഗമിക്കും എന്നുള്ള പ്രകൃതിതത്വം ഇവിടെയും ആവര്‍ത്തിക്കപ്പെട്ടു. ഇനി നബിദിനം എന്ന വിശാലമായ തെളിനീരുള്ള ഈ ജലാശയത്തില്‍ നിന്നും അശുദ്ധപായലുകളെ നീക്കി പ്രവാചക സ്നേഹത്തിന്റെ തെളിനീര്‍ ജനങ്ങളിലേക്കെത്തിക്കേണ്ട ചുമതല, സത്യത്തില്‍ നബിദിനം കൊണ്ടാടുന്നവരുടെ നേതാക്കന്‍മാരുടെ കടമയാണ്‌. കടമകള്‍ മറന്നു പോയ മതനേതാക്കാന്‍മാരാണ്‌ ഇന്നത്തെ മുസ്ലിം സമുദായത്തിന്റെ ഏറ്റവും വലിയ ശാപവും. 

അല്ലാഹുവേ നീ ഞങ്ങളുടെ ഹൃദയങ്ങളേയും പാദങ്ങളേയും നിന്റെ മതത്തില്‍ ഉറപ്പിച്ചു നിര്‍ത്തേണമേ. (ആമീന്‍)

സകല ലോകര്‍ക്കും നന്‍മയും സമാധാനവും നേരുന്നു. 

അസ്സലാമു അലൈക്കും വറഹ്മത്തുല്ല്ളാഹി വബറകാത്തു

18 comments:

 1. ആമിനാ ബീവി ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചു. ആ കുഞ്ഞിന്റെ പേരാണ്‌ മുഹമ്മദ്‌ മുസ്ഥ്വഫാ (സ്വല്ലല്ലാഹു അലൈഹി വസല്ലം). ആ കുഞ്ഞാണ്‌ തൊഴിലാളിയുടെ നെറ്റിയിലെ വിയര്‍പ്പാറുന്നതിന്റെ മുന്‍പേ അവന്റെ കൂലി കൊടുക്കാന്‍ മുതലാളിമാരോട്‌ കല്‍പ്പിച്ചത്‌. തണ്റ്റെ അയല്‍വാസിയുടെ പട്ടിണിക്കു പരിഹാരം കാണാന്‍ മനുഷ്യരോട്‌ പറഞ്ഞത്‌. ഉള്ളവന്റെ സ്വത്തില്‍ ഇല്ലാത്തവന്‌ അവകാശമുണ്ടെന്ന്‌ വിധിച്ചത്‌. കറുത്തവനും വെളുത്തവനും തമ്മില്‍ , അറബിയും അനറബിയും തമ്മില്‍ നന്‍മ കൊണ്ടല്ലാതെ യാതൊരു വിത്യാസവും ഇല്ല എന്നു പ്രഖ്യാപിച്ചതു.

  ReplyDelete
 2. വ്യക്തമായ ഈ വിവരണം വളരെ നന്നായിട്ടുണ്ട്. എവിടെയൊക്കെയോ വായിച്ച അവ്യക്തമായ ഓര്‍മ്മകളും അറിവുകളുമേ ഉണ്ടായിരുന്നുള്ളൂ...

  "നബിദിനം എന്ന വിശാലമായ തെളിനീരുള്ള ഈ ജലാശയത്തില്‍ നിന്നും അശുദ്ധപായലുകളെ നീക്കി പ്രവാചക സ്നേഹത്തിന്റെ തെളിനീര്‍ ജനങ്ങളിലേക്കെത്തിക്കേണ്ട ചുമതല, സത്യത്തില്‍ നബിദിനം കൊണ്ടാടുന്നവരുടെ നേതാക്കന്‍മാരുടെ കടമയാണ്‌. കടമകള്‍ മറന്നു പോയ മതനേതാക്കാന്‍മാരാണ്‌ ഇന്നത്തെ മുസ്ലിം സമുദായത്തിന്റെ ഏറ്റവും വലിയ ശാപവും. "

  വളരെ ശരി.

  ReplyDelete
 3. നമ്മളേയും നബി(സ)യുടെ അരികിൽ സ്വർഗത്തിൽ എത്തിക്കട്ടേ, അമീൻ

  ReplyDelete
 4. എന്നും നബിയെ (സ അ ) ഓര്‍മ്മിക്കാതെ ഒരു വിശ്വാസിക്ക് മുന്നോട്ടു പോവാനാവില്ല. ഓരോ ദിവസവും പല വട്ടം ഉച്ചരിക്കുന്ന നാമം. എങ്കിലും യഥാര്‍ഥ ജീവിതത്തില്‍ നമ്മള്‍ ആ പാത പിന്തുടരുന്നുണ്ടോ എന്ന് ആത്മ പരിശോധന നടത്താന്‍ ഈ ദിനം ഉപകരിക്കട്ടെ.

  ReplyDelete
 5. നബി ദിനത്തിന്റെ അവധിക്കു വേണ്ടി കാത്തിരിക്കുന്ന
  എനിക്ക് കിട്ടിയ നല്ലൊരു വായന....

  നല്ല വെള്ളത്തില്‍ കെട്ടിക്കിടന്നു അതും കേടാക്കുന്ന പായലുകളെ
  തിരിച്ചു അറിയാന്‍ വയ്യാതെ പോകുന്നത് ആണ് സമൂഹത്തിന്റെ
  ന്യുനത...
  ചരിത്രത്തോടൊപ്പം സാമൂഹ്യ ചിന്തയും പങ്കു വെയ്ക്കുന്ന ഈ
  ലേഖനത്തിന് അഭിനന്ദനങ്ങള്‍....

  ഒസ്കാര് അവാര്‍ഡ്‌ nominated സിനിമ The Life of Pie ഇന്നലെ
  കണ്ടു.. പോണ്ടിചേരിയും മൂന്നാറും അതില്‍ കാണിക്കുന്നുണ്ട്..
  ഹിന്ദുവും ക്രിസ്ത്യനും മുസ്ലിമും ദൈവത്തിങ്കലേക്ക് വഴികള്‍ തുറക്കേണ്ട
  മതം ആയി എങ്ങനെ മാറുന്നു എന്നൊരു കാഴ്ചപ്പാടും....

  നബി ദിനത്തിന്റെ ആശംസകള്‍ നേരുന്നു....

  ReplyDelete
 6. നബിജന്മദിനാശംസകള്‍...

  ReplyDelete
 7. ഒരു കഥ പറയുന്നതുപോലെ അവതരിപ്പിച്ചപ്പോള്‍ വായന രസമായിരുന്നു. അതിലൂടെ ഒരു പിടി കാര്യങ്ങള്‍ എനിക്ക് വായിക്കാനായി. എല്ലാ രംഗത്തും ഇന്ന് കയറിക്കൂടിയിരിക്കുന്ന ചില പുഴുക്കുത്തുകള്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി എന്തു ചരിത്രവും വളച്ചൊടിച്ച് സ്വന്തം കാര്യങ്ങള്‍ക്കായി തിരിക്കുമ്പോള്‍ അതറിയാതെ പിന്നാലെ നീങ്ങുന്നവരാണ് അധികവും. അതിന് ഏതെങ്കിലും മതത്തിന്റെ നിറം കൂടി ഉണ്ടെങ്കില്‍ ആരും മറുത്തൊന്നും ചിന്തിക്കാറില്ല.
  നന്നായിരിക്കുന്നു.

  ReplyDelete
 8. താങ്കളുടെ ലേഖനം വളരെ ശ്രദ്ധാപൂര്‍വ്വം വായിച്ചു. പക്ഷെ നബിദിനം എന്നാ ഏര്‍പ്പാടിനോടുള്ള താങ്കളുടെ അപിപ്രയം എവിടെയും പറഞ്ഞില്ല...!

  ReplyDelete
  Replies
  1. നബിദിനം ഒരു ദിവസത്തിന്റെ ഓര്‍മപ്പെടുത്തലാണ്‌. അതായത്‌ ഇസ്ലാമിന്റെ ഒരു ഓര്‍മപ്പെടുത്തല്‍ . മുസ്ലിം ഹൃദയങ്ങളില്‍ മരണക്കിടക്കയില്‍ കിടന്ന്‌ ഊര്‍ദ്ധ്വാന്‍ വലിക്കുന്ന പ്രവാചക സ്നേഹത്തിന്‌ ലഭിക്കുന്ന ഒരു തുള്ളി ദാഹജലം! അതു ചിലപ്പോള്‍ ആ ഹൃദയത്തെ നനവാര്‍ന്നതാക്കി മാറ്റിയേക്കാം. അതാണ്‌ ആ ദിവസത്തിന്റെ പ്രത്യേകത. അതു കൊണ്ടു തന്നെ ആ ദിവസത്തിന്‌ പ്രത്യേകതയും ഉണ്ട്‌. ആ ദിവസത്തെ, ആ ഓര്‍മയെ നാം അംഗീകരിക്കേണ്ടതുണ്ട്‌, ബഹുമാനിക്കേണ്ടതുണ്ട്‌. എങ്ങിനെ എന്നു ചോദിച്ചാല്‍ പ്രവാചക തിരുമേനിയുടെ നേരനുചരന്‍മാര്‍ അതെങ്ങിനെ അംഗീകരിച്ചുവോ അങ്ങിനെ. എങ്ങിനെ ബഹുമാനിച്ചുവോ അങ്ങിനെ. അതാണ്‌ ഇസ്ലാമിന്റെ രീതി.

   Delete
 9. ഈ ജന്മചരിത്രം ഇത്രത്തോളം വിപുലമായി അജ്ഞാതമായിരുന്നു.
  നന്ദി

  ReplyDelete
 10. pravachaka snehaththinu labhikkunna oru thulli dhaahajalam !nalla post congratulations .

  ReplyDelete
 11. വളരെ നല്ല ലേഖനം, നബിദിനാശംസകള്‍

  ReplyDelete
 12. നല്ലൊരു ഓർമ്മപ്പെടുത്തലായി,

  നബിദിനം ഒരു ദിവസത്തിന്റെ ഓര്‍മപ്പെടുത്തലാണ്‌. അതായത്‌ ഇസ്ലാമിന്റെ ഒരു ഓര്‍മപ്പെടുത്തല്‍ . മുസ്ലിം ഹൃദയങ്ങളില്‍ മരണക്കിടക്കയില്‍ കിടന്ന്‌ ഊര്‍ദ്ധ്വാന്‍ വലിക്കുന്ന പ്രവാചക സ്നേഹത്തിന്‌ ലഭിക്കുന്ന ഒരു തുള്ളി ദാഹജലം! അതു ചിലപ്പോള്‍ ആ ഹൃദയത്തെ നനവാര്‍ന്നതാക്കി മാറ്റിയേക്കാം. അതാണ്‌ ആ ദിവസത്തിന്റെ പ്രത്യേകത. അതു കൊണ്ടു തന്നെ ആ ദിവസത്തിന്‌ പ്രത്യേകതയും ഉണ്ട്‌. ആ ദിവസത്തെ, ആ ഓര്‍മയെ നാം അംഗീകരിക്കേണ്ടതുണ്ട്‌, ബഹുമാനിക്കേണ്ടതുണ്ട്‌. എങ്ങിനെ എന്നു ചോദിച്ചാല്‍ പ്രവാചക തിരുമേനിയുടെ നേരനുചരന്‍മാര്‍ അതെങ്ങിനെ അംഗീകരിച്ചുവോ അങ്ങിനെ. എങ്ങിനെ ബഹുമാനിച്ചുവോ അങ്ങിനെ. അതാണ്‌ ഇസ്ലാമിന്റെ രീതി.

  ReplyDelete
 13. ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ കുറച്ച് അറിയാമായിരുന്നു. കൂടുതല്‍ അറിയാന്‍ സാധിച്ച,ഈ മനോഹര വായനക്കെത്താന്‍ വൈകിയത് എന്‍റെ തെറ്റ്....

  ReplyDelete
 14. Mr.Aboothi

  Ningal ENTHAN UDHESHICHATH ENN VYAKTHAMAAKKIAAL KOLLAAM AAYIRUNNU

  nabi dinam aagosham aayi kondaadanda enno...

  Inn naam kaanunna reethyil ennu udheshichath enthaanu...

  Onnu clear cheyyanam..

  ReplyDelete
 15. പ്രിയ സഹോദരാ, എണ്റ്റെ ലേഖനം മുഴുവനും വായിച്ചിട്ടും മനസ്സിലാകാത്തത്‌ ഇനി ഈ ചെറിയ കമണ്റ്റില്‍ മനസ്സിലാവുമോ? അറിയില്ല. നബി ദിനം ഒരു ആഘോഷമാക്കുന്നത്‌ ഇസ്ളാമികമല്ല. കാരണം ഇസ്ളാമില്‍ അഘോഷങ്ങള്‍ ഒന്നും ഇല്ല. രണ്ടു പെരുന്നാളുകള്‍ പോലും മലയാളത്തില്‍ ആഘോഷം എന്നു പറയുന്ന അര്‍ത്ഥത്തിലല്ല ഇസ്ളാം കാണുന്നത്‌. എങ്കിലും നമ്മള്‍ അങ്ങിനെ തന്നെ പറയുന്നു. ഇസ്ളാമില്‍ മൂന്നു തീര്‍ത്ഥാടന കേന്ദ്രമേ ഉള്ളൂ എന്നതു പോലെ രണ്ടു ആഘോഷമേ ഉള്ളൂ എന്നതും ഒരു സത്യമാണ്‌. എന്നാല്‍ നബിദിനത്തിന്‌ നബിയെ ഓര്‍ക്കലും ഓര്‍മിപ്പിക്കലുമൊക്കെ സംഘടിപ്പിക്കാവുന്നതാണ്‌. ഇസ്ളാമികമായ രീതിയില്‍ ആ സന്തോഷം (ഉള്ളവര്‍ക്ക്‌) അതു പങ്കുവെക്കുന്നതില്‍ തെറ്റില്ല. ഇന്നു നാട്ടില ചില സംഘടനകള്‍ സംഘടിപ്പിക്കുന്ന നബിദിനം പരസ്പരം ശക്തി കാണിക്കാനുള്ള ഒരു ഉപായം മാത്രമാണു. അത്‌ ഇസ്ളാമികമാണെന്നു സമ്മതിക്കാന്‍ എനിക്കാവില്ല.

  ReplyDelete
 16. അബൂതി നല്ല കുറിപ്പ്. നബിദിനാശംസകള്‍..

  ReplyDelete
 17. രസമായ എഴുത്തിൽ കൂടി
  നല്ല ഒരു വായന തന്ന ലേഖനം...
  അഭിനന്ദനങ്ങൾ...കേട്ടൊ ഭായ്

  ReplyDelete