Saturday, March 20, 2021

ചിലന്തിവലയിൽ ഒരു ചിത്രശലഭം!


 

അദ്ധ്യായം 37: മഴ 


കണ്ണ് തുറന്നു നോക്കിയ ലിസി കണ്ടത്, തന്നെയും നോക്കി കൗതുകത്തോടെയിരിക്കുന്ന ഫ്രെഡിയെയാണ്. അവളുടെ ഉള്ളിലൊരു ഗൂഢസ്മിതം പൊട്ടിവിടർന്നു. അതിൻറെ അലയൊലികൾ അവളുടെ ചുണ്ടിൽ തത്തിക്കളിച്ചു. കണ്ണുകളിൽ നേർത്ത ലജ്ജയുടെ സുറുമയിട്ടു.


"ഇയാൾ നന്നായി പാടുമെന്ന് തോന്നുന്നു?" 


ഫ്രെഡി ചോദിച്ചപ്പോൾ അവൾ പതുക്കെ പറഞ്ഞു. "അയ്യോ... അങ്ങനെയൊന്നുമില്ല. കുറേശെ."


"എന്നാലൊരു പാട്ട് പാടെന്നെ. ഞങ്ങൾക്കൊക്കെ കേൾക്കാമല്ലോ..."


അവൾ മെല്ലെ തലയാട്ടി. ഫ്രെഡി എഴുനേറ്റു പോയി. അല്പം കഴിഞ്ഞപ്പോൾ തിരികെ വന്നു. ലിസിയോട് പറഞ്ഞു.


“വിളിക്കുമ്പോൾ പോയി പാടിക്കൊള്ളൂ.”


“അയ്യോ... ഏതു പാട്ടാ സാറേ?”


“തനിക്കിഷ്ടമുള്ളതെന്തെങ്കിലും.” ഫ്രെഡി പുഞ്ചിരിച്ചു


“സാറ് പറ. സാറിനെങ്ങിനെയുള്ള പാട്ടാ ഇഷ്ടം.” 


ഫ്രെഡി അതേ പുഞ്ചിരിയോടെ പറഞ്ഞു. “എൻറെയിഷ്ടം നോക്കണ്ട. എനിക്കെല്ലാ പാട്ടുകളും ഇഷ്ടമാണ്.”


അവൾ പിന്നെ ഒന്നും പറഞ്ഞില്ല. ഒരല്പ സമയം കഴിഞ്ഞപ്പോൾ ഗസൽ പാടിക്കഴിഞ്ഞ്, അയാൾ സ്റ്റേജിൽ നിന്നും ഇറങ്ങി. ഉടനെ മൈക്കിൽ കൂടി ആരോ “അടുത്തതായി നമുക്ക് വേണ്ടി മിസ്സിസ് ഇമ്മാനുവൽ ഒരു ഗാനം പാടുന്നതായിരിക്കും” എന്ന് അനൗൺസ് ചെയ്തു. ലിസി ഫ്രെഡിയെ നോക്കിയപ്പോൾ, പോയി പാടൂ എന്നയാൾ കണ്ണുകൊണ്ടാംഗ്യം കാണിച്ചു. 


സഭാകമ്പമൊന്നുമില്ലാതെ ലിസി പാടി. ജാനകിയമ്മയുടെ ഒരു ഹിറ്റ് ഗാനം,  മനോഹരമായി അവൾ പാടിത്തുടങ്ങിയപ്പോൾ  സദസ്സ് മുഴുവൻ അത്ഭുതത്തോടെ അവളെ നോക്കി. ഫ്രെഡി ഒരു ശരാശരി ഗാനമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ലിസിയുടെ ആലാപനം കേട്ടപ്പോൾ ശരിക്കും അത്ഭുതപ്പെട്ടു. നല്ല സ്വരശുദ്ധിയുള്ള ആലാപനം.


ഗാനത്തിനിടയിലാണ് സൂസൻ അങ്ങോട്ട് വന്നത്. ഫ്രെഡിയുടെ ചാരെയിരുന്ന് അവൾ ലിസിയുടെ ഗാനം കേട്ടു. ഫ്രെഡി ആ പാട്ടിൽ മുഴുകിപ്പോയിരിക്കുന്നു എന്ന് കണ്ടപ്പോൾ ഒന്ന് പുഞ്ചിരിച്ചു. അവൾക്കറിയാം. പാട്ട് ഫ്രെഡിക്ക് ഇഷ്ടമാണ്. നന്നായി പാടുകയും ചെയ്യും. 


തനിക്ക് ഒട്ടും പാടാനറിയില്ല. ഫ്രെഡിയുടെ മുന്നിൽ പോലും ഒരു രണ്ടു വരി മൂളാൻ കഴിയില്ല. പലപ്പോഴും ഫ്രെഡി പറയും. ഒരു പാട്ട് പാടെടോ എന്ന്. സാധിക്കാറില്ല. എനിക്ക് കഴിയില്ല ഫ്രെഡീ എന്ന് പറയുമ്പോഴൊക്കെ ഫ്രെഡി പറയും. 


“പാട്ട് പാടാനുള്ള കഴിവുണ്ടോ ഇല്ലയോ എന്നതല്ല പ്രധാനം. അതിനു മനസ്സുണ്ടോ എന്നതാണ്.” 


സങ്കടം തോന്നാറുണ്ട് അപ്പോഴൊക്കെ. എന്നാലും പാടാറില്ല. കഴിഞ്ഞിട്ടില്ല ഇതുവരെ. 


പാട്ട് കഴിഞ്ഞപ്പോൾ എല്ലാവരും കയ്യടിച്ചു. നീണ്ടു നിന്ന കരഘോഷത്തിന് തല കുനിച്ചൊരു  നന്ദി രേഖപ്പെടുത്തി സ്റ്റേജിൽ നിന്നും ഇറങ്ങി വന്ന ലിസി ഫ്രെഡിയുടെ അരികിലേക്ക് വന്നു. അവിടെ സൂസനെ കണ്ടപ്പോൾ ഒന്ന് പരുങ്ങിയെങ്കിലും, മുഖഭാവം വിത്യാസപ്പെടുത്താതെ, ഭവത്യയോടെ പറഞ്ഞു.


“താങ്ക്യൂ സാർ.” 


ഫ്രെഡി കൗതുകത്തോടെ ചോദിച്ചു. “എന്തിന്? പാട്ട് കേട്ടതിനോ?”


ലിസി ജാള്യത കലർന്ന പുഞ്ചിരിയോടെ. “അല്ല... പാടാൻ ചാൻസ് തന്നതിന്.”


“ഹഹഹ.... അത് കൊള്ളാം. നിങ്ങളെ പോലുള്ളവർക്ക് പാടാനും ആടാനുമൊക്കെയല്ലേ നമ്മളിങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചത് തന്നെ. എനി ഹൗ... പാട്ട് നന്നായിരുന്നു.” 


അവൾ വശ്യമായൊന്നു പുഞ്ചിരിച്ചു. സൂസനെയും ഫ്രെഡിയെയും മാറി മാറി നോക്കി ഭവ്യതയോടെ തൻറെ പഴയ സ്ഥാനത്ത് പോയിരുന്നു. സൂസൻ ഒരല്പനേരം അവളെ നോക്കിയിരുന്നു. ലിസിയുടെ കത്തുന്ന സൗന്ദര്യവും, വശ്യമായ പുഞ്ചിരിയുമൊക്കെ, എന്ത് കൊണ്ടാണ് തന്നെ അസ്വസ്ഥയാക്കുന്നതെന്ന് അവൾ ആലോചിച്ചു. ലിസിയെ ആദ്യമായി കണ്ടതു മുതൽ, എന്തെന്നറിയാത്തൊരു എന്തോ ഒന്ന് തൻറെ ഉള്ളിലുണ്ട്. ഒരു തരം അസ്വസ്ഥത പോലെ. പേടി പോലെ. ഒരു കനം.


ലിസിയുടെ കണ്ണുകൾ ഫ്രെഡിയിലേക്ക് തെന്നിപ്പോകുന്നത് രണ്ടുമൂന്നു പ്രാവശ്യം സൂസൻ ശ്രദ്ധിച്ചു. അവൾ ലിസിയറിയാതെ ലിസിയെ നിരീക്ഷിക്കുകയായിരുന്നു. നോക്കുമ്പോൾ ഫ്രെഡി സ്റ്റേജിലേക്ക് തന്നെ നോക്കിയിരിക്കുകയാണ്. ലിസിയുടെ ആ നോട്ടം അവളെ കൂടുതൽ അസ്വസ്ഥയാക്കി. അവൾ ചെന്നികളിൽ വിരൽകൊണ്ട് തിരുമ്മി  തല താഴ്ത്തിയിരുന്നു. ഇടയ്ക്കിടെ ഏറുകണ്ണിട്ട് ലിസിയെ നോക്കി.


“ഏയ്...” ഫ്രെഡി വിളിച്ചപ്പോഴാണ് സൂസൻ മുഖമുയർത്തിയത്. 


“എന്ത് പറ്റി? ഒരാലോചന. മോൻ ഓക്കെ ആയോ?”


“ഹേയ്... ഒന്നുമില്ല. മോനുറങ്ങി. സോഫിയ അവിടെയുണ്ട്. നമുക്ക് പോയാലോ? എനിക്കെന്തോ... ഒരു സുഖം തോന്നുന്നില്ല.” 


“ഊം... എന്ത് പറ്റി?” 


“അറിയില്ല. വാ നമുക്ക് പോകാം.”


“ഓക്കെ. ഞാനൊന്ന് പറയട്ടെ. നിങ്ങൾ കാറിൽ കേറിക്കൊള്ളൂ.”


ഫ്രെഡിയും സൂസനും പോകുന്നത് അമ്പരപ്പോടെ ലിസി നോക്കിയിരുന്നു.  പോകുന്ന പോക്കിൽ സൂസൻ അവളെയൊന്നു തിരിഞ്ഞു നോക്കി. ലിസി പുഞ്ചിരിച്ചു. സൂസൻ തിരികെ പുഞ്ചിരിച്ചെന്നു വരുത്തി. 


കാറിൽ വച്ച് ഡോക്ടറെ കാണണോ എന്ന ഫ്രെഡിയുടെ ചോദ്യത്തിന് സൂസൻ വേണ്ടെന്ന് പറഞ്ഞു. അതല്ലാതെ വേറെയൊന്നും അവർ സംസാരിച്ചില്ല. വീട്ടിലെത്തിയപ്പോൾ കുഞ്ഞിനെ തൻറെ നേരെ നീട്ടിയ സോഫിയയോട് സൂസൻ പറഞ്ഞു. 


“ഞാനൊന്ന് കിടക്കട്ടെ. കരഞ്ഞാൽ മാത്രമെന്നെ വിളിച്ചാൽ മതി.” 


സോഫിയ തലയാട്ടി. സൂസൻ നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ വസ്ത്രം മാറ്റിക്കൊണ്ടിരിക്കുന്ന ഫ്രെഡിയുടെ പിന്നാലെ ചെന്നവൾ കെട്ടിപ്പിടിച്ചു. 


“ആഹാ... സുഖമില്ലാന്ന് പറഞ്ഞിട്ട്.” 


ചോദിച്ചു കൊണ്ട് തിരിഞ്ഞ ഫ്രെഡിയുടെ മാറിലേക്ക് ചേർന്നുകൊണ്ടവൾ പറഞ്ഞു. 


“ഊം... മാറി. എനിക്കെന്തോ അവിടെ ആ ക്രൗഡിൽ... ഒരുമാതിരി അസ്വസ്ഥത.”

 

ഫ്രെഡി അവളുടെ താടിയിൽ പിടിച്ചുയർത്തി കണ്ണിലേക്ക് നോക്കി.  “എന്താടോ? എന്താണൊരു ഡിസ്റ്റർബിങ്ങ്?”


“ഐ ഡോണ്ട് നോ. ഐ ഡോണ്ട് നോ.” അവൾ മെല്ലെ മന്ത്രിച്ചു. ഫ്രെഡി മെല്ലെ മുഖം താഴ്ത്തി അവളുടെ നെറ്റിയിൽ ചുംബിച്ചു. കണ്ണുകളടച്ച് അവൾ അതിൽ ലയിച്ചു നിന്നു. ചുണ്ടുകൾ അവളുടെ ചെവിയോടടുപ്പിച്ച് ഫ്രെഡി മെല്ലെ പറഞ്ഞു.


“ഐ ലവ് യു ഡിയർ. ഐ ലവ് യു. ഡോണ്ട് വറി. ഐ ആം ഹിയർ ഫോർ യു.” 


ഫ്രെഡി മുഖമുയർത്താൻ നേരം അവൾ അവൻറെ കഴുത്തിലൂടെ കൈപിണച്ചു ബലമായി മുഖം തന്നിലേക്ക് ചേർത്തു.. ചൂടുള്ള ശ്വാസം അവളുടെ കവിളിൽ തൊട്ടു. അത് കഴുത്തിലേക്ക് പടർന്നപ്പോൾ, രോമഹർഷങ്ങളുടെ പെരുമഴ തുടങ്ങി. കൂമ്പിയ കണ്ണുകളിൽ മായക്കാഴ്ച്ചകൾ വിടർന്നു.


അനുഭൂതിയുടെ ഭൂമികയിൽ, സ്വർണവർണ്ണമുള്ള രണ്ടു നാഗങ്ങൾ. പരസ്പരം കെട്ടുപിണഞ്ഞ് പോരടിച്ചു. മുളന്തണ്ടിൽ ചൂളം കുത്തുന്ന ചൂടുള്ള കാറ്റിൽ, ഇതളുകൾ വിടർത്തുന്ന ചുവന്ന പൂക്കൾ. നിശ്വാസമാകുന്ന ചെറു കാറ്റിലടർന്നുടലിലേക്ക് വീഴുന്ന ഇതളുകൾക്ക് സുഖദമായ ഉഷ്ണം. പരസ്പരം പിണഞ്ഞു പിടഞ്ഞ ഉടലുകൾക്കിടയിൽ ഞെങ്ങിഞെരുങ്ങുന്ന സ്ത്രൈണതയുടെ കൂമ്പിയ താമരപ്പൂക്കൾ. നെഞ്ചിനുള്ളിൽ കുറുകുന്ന പ്രാക്കൾ. ഉന്മാദ നൃത്തത്തിൻറെ കലാശക്കൊട്ടിൽ സ്വർണ്ണനാഗങ്ങൾ പരസ്പരം മത്സരിക്കുന്നു. അവസാനം, ജനിമൃതികളുടെ സമസ്യയുമായി തലമുറകൾ കടന്നു പോകുന്ന, ഉഷ്ണജലമൊഴുകുന്നൊരു നദിയുടെ കരയിൽ, ഒരു മുല്ലപ്പൂവള്ളിക്കുടിലിനുള്ളിൽ കിതച്ചുകൊണ്ടവർ ചേർന്നു കിടന്നു. 


ദിനരാത്രങ്ങൾ പിന്നെയുമൊട്ടു കടന്നുപോയി. ഫ്രെഡി എന്ന ലക്ഷ്യത്തിലേക്കിനിയുമൊത്തിരി ദൂരം താണ്ടേണ്ടതുണ്ടെന്ന തിരിച്ചറിവിൽ ലിസി അവസരം കാത്തിരുന്നു. “ധൃതി വേണ്ട. കൃത്യമായൊരു അവസരത്തിനായി കാത്തിരിക്കണം. ക്ഷമയോടെ കാത്തിരിക്കണം. അസ്ത്രമെടുക്കുന്നതിലോ... ഞാണിൽ തൊടുക്കുന്നതിലോ അല്ല വേട്ടക്കാരൻറെ മിടുക്ക്. അത് കൃത്യസമയത്ത് എയ്യുന്നതിലാണ്. അതിനായി കാത്തിരിക്കുന്നതിലാണ്. ശരീരം കൊണ്ടല്ല ഫ്രെഡിയെ ആകർഷിക്കേണ്ടത്. നിനക്കതിനാവില്ല. പക്ഷെ... എത്ര നിറഞ്ഞൊഴുകുന്ന പുഴയിലും ചില ചുഴികളുണ്ടാകും. മേലൊഴുക്കിൻറെ കീഴിൽ ഒളിച്ചിരിക്കുന്ന നിരാശയുടെ ചുഴികൾ. അവിടെ വേണം തൊടാൻ. സൂസൻ നിറയ്ക്കാൻ മറന്നുപോയ ആ ഇടങ്ങൾ. അവിടെയെ തൊടാവൂ.”


മഴക്കാലം തുടങ്ങി. മാനം പൊളിഞ്ഞു വീഴുന്ന പോലെ  മഴപെയ്യുന്നൊരു ദിവസം. ഓഫീസിൽ ഫ്രെഡിക്ക് കുറച്ചധികം ജോലികളുണ്ടായിരുന്നു. കൂടെ ഫെർണാണ്ടസും ഉണ്ട്. ജർമ്മനിയുള്ള ഒരു മരുന്ന് കമ്പനിയുമായി ഒരു കരാറുണ്ടാക്കാനുള്ള ശ്രമമാണ്. 


എല്ലാം കഴിഞ്ഞ് ഫെനർണാണ്ടസ് യാത്ര പറഞ്ഞു പോയി. ഫ്രെഡിക്ക് പിന്നെയും ഒരു പത്തു മിനിറ്റ് താമസമുണ്ടായിരുന്നു. പുറത്തേയ്ക്കിറങ്ങുമ്പോൾ, നല്ല മഴയുണ്ട്.   സ്വന്തം കാറിന്നരികിലേക്ക് പോകാൻ നിൽക്കവേ അടഞ്ഞ ഗേയ്റ്റിൻറെ അപ്പുറത്തൊരു ഓട്ടോ വന്നു നിന്നു. ഫ്രെഡി നോക്കി നിന്നു. ആരാണിപ്പോൾ ഈ നേരത്ത് വരുന്നെതെന്ന ആകാംഷയോടെ.   


അത് ലിസിയായിരുന്നു. ഓട്ടോ പറഞ്ഞു വിട്ടവൾ അടഞ്ഞ ഗേറ്റിൻറെ അപ്പുറത്ത് നിന്നു. മഴ കൊള്ളാതിരിക്കാനെന്ന വണ്ണം, തലയ്ക്കു മുകളിലൊരു കൈ വച്ചിട്ടുണ്ട്. ഫ്രെഡി കാറ് അവളുടെ അരികിൽ നിർത്തി. ഗ്ലാസ്സ് താഴ്ത്തിയപ്പോൾ അവൾ കുനിഞ്ഞ് കാറിൻറെ ഉള്ളിലേക്ക് നോക്കി.


അവളുടെ വശ്യമായ പുഞ്ചിരി ആ  നനഞ്ഞ മുഖത്തിന് അങ്ങേയറ്റം ചേതോഹരമായൊരു ഭാവം നൽകി. 


"ഓ... സാറായിരുന്നോ? അച്ചായനില്ലേ? വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല."  


"ഇമ്മാനുവൽ നേരത്തെ പോയതാണല്ലോ? ഓഫീസ് സമയമൊക്കെ കഴിഞ്ഞില്ലേ?"


"അയ്യോ...  പോയോ? പർച്ചേയ്‌സുണ്ടായിരുന്നു. എന്നോട് വരാൻ പറഞ്ഞതാ. മഴ കാരണം സ്കൂട്ടി എടുക്കാനായില്ല. ഓട്ടോ കാത്തു നിന്ന് നേരം വൈകി. അച്ചായനാണെങ്കിൽ കുറേ നേരമായി വിളിച്ചിട്ടെടുക്കുന്നില്ല. ഇനിയെങ്ങാനും ഫോണിൻറെ ചാർജ്ജ് കഴിഞ്ഞോ ആവോ. ഇന്നച്ചായനെന്നെ കൊല്ലും. ഭയങ്കര ദേഷ്യക്കാരനാ."


“ഹഹഹ... ഇമ്മാനുവലിന് ദേഷ്യപ്പെടാനൊക്കെ കഴിയുവോ? ആ... കൂടെ കിടക്കുന്നവർക്കല്ലേ... രാപ്പനിയറിയൂ. എന്തായാലും മഴ നനഞ്ഞു നിൽക്കണ്ട. കേറ്. ഞാൻ കൊണ്ട് വിടാം.”


അവൾ ഒരു പുഞ്ചിരിയോടെ മുൻഭാഗത്തെ സീറ്റിലിരുന്നു. നനഞ്ഞ മുഖം ചുളിച്ചുകൊണ്ടവൾ ചുമൽ കൂച്ചി. 


“തണുക്കുന്നുണ്ടോ?” 


ഫ്രെഡി കാറിൻറെ എസിയിൽ ചൂട് വച്ചു. റ്റിഷ്യു ബോക്സ് അവളുടെ നേരെ നീട്ടി. 


“ഇന്നാ മുഖമൊക്കെ തുടച്ചോളൂ.” 


ഫ്രെഡി കാർ മുന്നോട്ടെടുത്തു. കുറച്ചകലെ ഫ്രെഡിയുടെ ശ്രദ്ധയിൽ പെടാതെ വാഹനമൊതുക്കി നിർത്തിയിരുന്ന ലാസർ ബൈനാക്കുലറിലൂടെ ഇതെല്ലം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ലിസി കയറിയ ആ വാഹനം മുന്നോട്ട് പോകവേ, ലാസറിൻറെ മുഖത്തൊരു വിജയിയുടെ ഭാവം തെളിഞ്ഞു. ചുണ്ടിലൊരു ക്രൂരമായ പുഞ്ചിരി തെളിഞ്ഞു.    


തുടരും.

         

2 comments:

  1. 'അനുഭൂതിയുടെ ഭൂമികയിൽ, സ്വർണവർണ്ണമുള്ള രണ്ടു നാഗങ്ങൾ. പരസ്പരം കെട്ടുപിണഞ്ഞ് പോരടിച്ചു. മുളന്തണ്ടിൽ ചൂളം കുത്തുന്ന ചൂടുള്ള കാറ്റിൽ, ഇതളുകൾ വിടർത്തുന്ന ചുവന്ന പൂക്കൾ. നിശ്വാസമാകുന്ന ചെറു കാറ്റിലടർന്നുടലിലേക്ക് വീഴുന്ന ഇതളുകൾക്ക് സുഖദമായ ഉഷ്ണം. പരസ്പരം പിണഞ്ഞു പിടഞ്ഞ ഉടലുകൾക്കിടയിൽ ഞെങ്ങിഞെരുങ്ങുന്ന സ്ത്രൈണതയുടെ കൂമ്പിയ താമരപ്പൂക്കൾ. നെഞ്ചിനുള്ളിൽ കുറുകുന്ന പ്രാക്കൾ. ഉന്മാദ നൃത്തത്തിൻറെ കലാശക്കൊട്ടിൽ സ്വർണ്ണനാഗങ്ങൾ പരസ്പരം മത്സരിക്കുന്നു. അവസാനം, ജനിമൃതികളുടെ സമസ്യയുമായി തലമുറകൾ കടന്നു പോകുന്ന, ഉഷ്ണജലമൊഴുകുന്നൊരു നദിയുടെ കരയിൽ, ഒരു മുല്ലപ്പൂവള്ളിക്കുടിലിനുള്ളിൽ കിതച്ചുകൊണ്ടവർ ചേർന്നു കിടന്നു. '
    സൂപ്പർ ..!

    ReplyDelete