Wednesday, April 21, 2021

ചിലന്തിവലയിൽ ഒരു ചിത്രശലഭം!



അദ്ധ്യായം 46: വനദേവത 


ഇരുട്ട്! എല്ലാം തികഞ്ഞ ഇരുട്ട്!! 


ഇരുട്ട് നിറഞ്ഞ ഒരു കിണറിൻറെ ഉള്ളിലാണ് താൻ. അതിന് പാതാളത്തോളം ആഴമുണ്ട്. ആ ഇരുട്ടിൽ താൻ ഏകനാണ്. വെളിച്ചത്തിൻറെ കണിക പോലുമില്ല! താനേകനാണ്!!!! 


എന്താണിത്ര നിശ്ശബ്ദത? എൻറെ ഹൃദയം മിടിക്കുന്നില്ലേ? ഞാൻ ശ്വസിക്കുന്നില്ലേ?   എന്താണിത്ര നിശ്ശബ്ദത?!


എന്തുകൊണ്ടാണിവിടെ കാറ്റിനൊരു ചലനവുമില്ലാത്തത്? എന്തുകൊണ്ടാണെനിക്കുറക്കെ ശബ്ദമുണ്ടാക്കാനാവാത്തത്? ഒന്ന് നിലവിളിക്കാനാവാത്തത്??


ദൂരെ നിന്നെന്തോ ശബ്ദം കേൾക്കുന്നുണ്ടോ? കാതോർത്ത് നോക്കി. ഒരു ആരവം പോലെ എന്തോ ഒന്ന്. ആരാണത്? എവിടെ നിന്നാണത്?


മുകളിൽ നിന്നാണോ? അതോ താഴെ നിന്നോ? അറിയുന്നില്ല. ആരോ ആരെയോ വിളിക്കുന്ന പോലെ. അത് ഒരുപാട് ദൂരെയാണ്. ആകാശഗംഗയുടെ അങ്ങേയറ്റത്ത് നിന്നും ആരോ ഒരാൾ, ഇത് വരെ കാണാത്ത ആരെയോ വിളിക്കുന്ന പോലെ.


ദൂരെയൊരു പ്രകാശത്തിൻറെ രേഖ തെളിഞ്ഞു വരുന്നു. അതിലൂടെ ആയിരം സൂര്യനിൽ നിന്നുള്ള കിരണങ്ങൾ ഒരുമിച്ച് കണ്ണിലേക്ക് തുളച്ചുകയറിയ പോലെ. കണ്ണുകൾ ഇറുക്കെ അടച്ചു. പിന്നെ പതുക്കെ പതുക്കെ തുറന്നു. 


ആദ്യം കണ്ടത്, ഒരു ബാലികയുടെ മുഖമാണ്. അവളുടെ ആകാംഷ മുറ്റിയ കുഞ്ഞു കണ്ണുകൾ. രണ്ടു ചിത്രശലഭങ്ങൾ പോലെ, അങ്ങോട്ടുമിങ്ങോട്ടും തെന്നിമാറുന്ന രണ്ടു കണ്ണുകൾ! 


ഏതോ ഗുഹാന്തർ ഭാഗമെന്ന പോലെ തോന്നുന്ന കുടുസുമുറി. മേൽക്കൂരയുടെ സുക്ഷിരങ്ങളിൽ കൂടി അകത്തേയ്ക്ക് തുളച്ചുകയറുന്ന സൂര്യരശ്മികൾ. തീരെ പരിചിതമല്ലാത്ത എന്തൊക്കെയോ തൂങ്ങിക്കിടക്കുന്ന മൺചുവർ.


ഫ്രെഡി വളരെ പ്രയാസപ്പെട്ട് ബാലികയോട് ചോദിച്ചു. "ആരാ..?"


അവളൊരു വിചിത്രശബ്ദമുണ്ടാക്കിക്കൊണ്ട് പുറത്തേയ്‌ക്കോടി. അവളുടെ ശബ്ദം അകന്നു പോകുന്നതും, പിന്നെ അതൊരു കൂട്ടം ശബ്ദമായി മാറുന്നതും, അവ്യക്തമായ ഒരു ബോധമണ്ഡലത്തിൽ ഫ്രെഡി അറിഞ്ഞു. 


തൻറെ ശരീരം ഒന്നനക്കാൻ പോലുമാവുന്നില്ലല്ലോ? വിരലൊന്ന് മടക്കാനോ, ഒന്ന് തിരിഞ്ഞു കിടക്കാനോ ആവുന്നില്ല. തല മെല്ലെ ഒന്നനക്കി നോക്കി. അസഹ്യമായ വേദനയുണ്ടായി. കഴുത്തിൻറെ പിറകിൽ ആയിരം സൂചിമുനകൾ കൊണ്ടപോലെ. അറിയാതെ അലറിപ്പോയി.

     

ആ മുറിയിലേക്ക് ആരൊക്കെയോ വരുന്നു. പഞ്ഞിപോലെ നരച്ച താടിയും മുടിയുമുള്ള ഒരാൾ, ഒരു വൃദ്ധൻ, അയാളെയാണാദ്യം കണ്ടത്. അയാളുടെ പിന്നിൽ നിഴൽ പോലെ നിൽക്കുന്നൊരു ചെറുപ്പക്കാരൻ. അപ്പുറത്ത് മാറി, മൂക്കളയൊലിപ്പിക്കുന്നൊരു കുഞ്ഞിനെ ഒക്കത്തെടുത്തൊരു യുവതി. പിന്നെ ആ ബാലികയും. 


വൃദ്ധൻ ഫ്രെഡിയുടെ അടുത്തെത്തി. ചുക്കിച്ചുളിഞ്ഞ കൈവിരൽ നീട്ടി കൺപോളകൾ വലിച്ചു തുറന്നു. കണ്ണിലേക്ക് തുറിച്ചു നോക്കി. നെറ്റിയിലും കഴുത്തിലും ഉള്ളങ്കൈ വച്ചു നോക്കി. നാഡി പിടിച്ചു നോക്കി. അവസാനം അയാളുടെ ചുണ്ടിലൊരു നേർത്ത മന്ദഹാസം വിരിഞ്ഞു. അയാൾ തിരിഞ്ഞു ചെറുപ്പക്കാരനോട് എന്തോ പറഞ്ഞു. ഫ്രെഡിക്കൊന്നും മനസ്സിലായില്ല.


ചെറുപ്പക്കാരൻ പുഞ്ചിരിച്ചുകൊണ്ട് മുന്നോട്ടു വന്നു. ഫ്രെഡിയുടെ കണ്ണിൽ നോക്കി അവൻ പറഞ്ഞു. 


“പേടിക്കണ്ട... നിങ്ങൾ രക്ഷപ്പെടും. മേനിയിളക്കണ്ട. ഭയങ്കര വേദനയാവും. നിങ്ങളുടെ മേനിയിലിനി പൊട്ടാൻ എല്ലൊന്നും ബാക്കിയില്ല. ജീവിച്ചിരിക്കുന്നത് തന്നെ മഹാത്ഭുതമാണ്.” 


ഒരു പകപ്പോടെ ഫ്രെഡി ആ ചെറുപ്പക്കാരനെ നോക്കി. 


“മൂന്ന് ഉണ്ടകളാണ് നെഞ്ചിൽ നിന്നും കിട്ടിയത്. നിങ്ങൾ എങ്ങിനെയാ മരിക്കാതിരുന്നത്? മൂപ്പൻ പറഞ്ഞത്... നിങ്ങളൊരു അത്ഭുത മനുഷ്യനാണെന്നാണ്. മരിച്ചു പോയിട്ടും ജീവനോടെ വന്നൊരാൾ. ആട്ടെ... നിങ്ങളാരാ? ആരാ നിങ്ങളെ കൊല്ലാൻ നോക്കിയത്?”


ഞാൻ ആരാ? എന്നെ കൊല്ലാൻ നോക്കിയെന്നോ? ആര്? ഞാൻ.... ഞാനാരാ? ഫ്രെഡിയുടെ കണ്ണുകൾ അതിവേഗം അങ്ങോട്ടുമിങ്ങോട്ടും ചലിച്ചുകൊണ്ടിരുന്നു. പിന്നെ അത് മേൽക്കൂരയിൽ തറച്ചു നിന്നു. മെല്ലെ മെല്ലെ കണ്ണുകളിലേക്ക് ഇരുട്ട് വീണ്ടും കയറുകയായിരുന്നു. വീണ്ടുമാ ഇരുട്ട് നിറഞ്ഞ പാതാളക്കിണറിലേക്ക് വീണു.


അതൊരു ആദിവാസി ഊരായിരുന്നു. പുറം ലോകവുമായി വലിയ ചങ്ങാത്തമില്ലാത്ത കാട്ടുമനുഷ്യരുടെ ഊര്. ചാത്തൻ ചോല ചെന്ന് ചേരുന്ന പുഴയൊഴുകുന്ന വഴിയിൽ, കൊടും വനത്തിൻറെ  ഉൾഭാഗത്തിൻറെയും ഉൾഭാഗത്ത്, തങ്ങളുടെ ലോകവും, തങ്ങളുടെ രീതികളുമായി ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യർ. 


പുഴക്കരയിൽ നിന്ന്,  ആറേഴു ദിവസങ്ങൾക്ക് മുൻപ് അവർക്കൊരു മനുഷ്യശരീരം കിട്ടി.  ആര് കണ്ടാലും പേടിച്ചു പോകുമാറ് പരിക്ക് പറ്റിയ, പൂർണ്ണ നഗ്നമായൊരു ശരീരം. ജീവൻറെ യാതൊരു അടയാളങ്ങളുമില്ലാത്തത്! 


മൂപ്പൻ കൂറേ നേരം നാഡി പിടിച്ചു നോക്കിയിട്ട് പറഞ്ഞു: "ഈ മനുഷ്യ ശരീരത്തിനുള്ളിലെവിടെയോ, നിഗൂഢമായൊരു കോശത്തിൽ അയാളുടെ ജീവനൊളിച്ചിരിക്കുന്നു. അയാൾ മരിച്ചോ എന്ന് ചോദിച്ചാൽ മരിച്ചു. ഇല്ലേന്ന് ചോദിച്ചാലില്ല."


പിന്നെ അവർ അയാളുടെ ജീവനെ തിരികെ കൊണ്ട് വരാനുള്ള കഠിന പ്രയത്നത്തിലായിരുന്നു. അവർക്ക് മാത്രമറിയാവുന്ന കാടൻ ചികിത്സ. അവർ കാത്തിരുന്നു. അയാളുടെ കണ്ണുകളിൽ കൂടി പ്രകാശമരിച്ചിറങ്ങി, ആ ഉടലിൻറെ ഉള്ളിലെവിടെയോ ഒളിച്ചിരിക്കുന്ന ജീവൻ തിരികെ വരുന്നതും കാത്ത്.


രണ്ടു ദിവസങ്ങൾക്ക് ശേഷം ഫ്രെഡിക്ക് വീണ്ടും ബോധം വന്നു. അപ്പോഴും ആദ്യം കണ്ടത് ആ പഴയ ബാലികയുടെ മുഖമായിരുന്നു. അവളാദ്യം അവനെ നോക്കിയൊന്ന് ചിരിച്ചു. പിന്നെ പുറത്തേയ്‌ക്കോടിപ്പോയി. 


അല്പം കഴിഞ്ഞപ്പോൾ മൂപ്പൻ വന്നു. അയാൾ ഫ്രെഡിയോട് എന്തൊക്കെയോ ചോദിക്കുകയോ പറയുകയോ ചെയ്തു. ഫ്രെഡിക്ക് ഒന്നും മനസ്സിലായില്ല. തമിഴ് പോലെ ഒരു ഭാഷ. ഇടയ്ക്കൊക്കെ ചില മലയാളം വാക്കുകളുണ്ട്. ഫ്രെഡിയുടെ നിരാശ നിറഞ്ഞ മുഖം കണ്ടപ്പോൾ അയാൾ സംസാരം നിർത്തി. ചിരിച്ചുകൊണ്ട് ഫ്രെഡിയോടെന്തോ പറഞ്ഞ് പുറത്തേയ്ക്ക് പോയി. 


കാടിൻറെ വന്യതയും, രാവിൻറെ വന്യതയും ഒരുമിച്ചു. ഫ്രെഡി അരണ്ട വെളിച്ചത്തിലേക്ക് മിഴികൾ തുറന്നു കിടക്കുകയാണ്. അസഹ്യമായ വേദനയുണ്ട്. അസ്ഥിയുടെ ഉള്ളിലേക്ക് തുളഞ്ഞുകയറുന്ന തണുപ്പും. തണുത്തു വിറച്ച് പല്ലുകൾ കൂട്ടിത്തല്ലുന്നു.


ഒരു നിഴൽ അടുത്തു വന്നു.  ചൂടുള്ള ഒരു കൈത്തലം കവിളിലും നെറ്റിയിലും സ്പർശിച്ചു. ഒരു ഇരുണ്ട രൂപം മാത്രമെ തെളിയുന്നുള്ളൂ. ആ രൂപം കുനിഞ്ഞു. ചൂടുള്ള ശ്വാസം, നേർത്ത നനവുള്ള മുടിഴിയകളോട് കൂടി മുഖത്തിഴഞ്ഞു. കാറ്റിൻറെ മർമ്മരം പോലൊരു ചോദ്യം... "എന്നാച്ച്...? വലിക്കതാ...? ഓ... കുളിരാ…?"


ആ രൂപം അകന്നു പോയി. അൽപനേരം കഴിഞ്ഞപ്പോൾ തിരികെ വന്നു. ഒരു മണ്ണെണ്ണ വിളക്കുണ്ടായിരുന്നു. ഒരു കൈകൊണ്ട് കാറ്റിൽ വിളക്കണയാതിരിക്കാൻ നാളം പൊത്തിപ്പിടിച്ചിട്ടുണ്ടായിരുന്നു. അപ്പോൾ  എല്ലാ പ്രകാശവും അവളുടെ മുഖത്ത് കേന്ദ്രീകരിച്ച പോലെ. എല്ലാ പ്രകാശവും അവളുടെ തിളക്കമുള്ള കണ്ണുകൾ ആവാഹിച്ച പോലെ. 


അവൾ വിളക്കൊരിടത്ത് വച്ചു. പിന്നെ അയയിൽ നിന്നൊരു കറുത്ത പുതപ്പെടുത്ത് ഫ്രെഡിയെ പുതപ്പിച്ചു. ഫ്രെഡി നന്ദിയോടെ അവളെ നോക്കി. അവളൊരു വനദേവതയാണെന്നും, അവളുടെ തലയിലൊരു പുഷ്പകിരീടമുണ്ടെന്നും ഫ്രെഡിക്ക് തോന്നി.


ഉള്ളം കൈ കൂട്ടിത്തിരുമ്മി ചൂടാക്കി അവൾ ഫ്രെഡിയുടെ കവിളിലും നെറ്റിയിലും വെച്ചു. ഉള്ളിലേക്ക് സൂചിമുനകളാഴ്ത്തുന്ന തണുപ്പിൽ നിന്നും ഫ്രെഡി പതുക്കെ പതുക്കെ മോചിതനായി. അവൻറെ കട്ടിലിൻറെ അരികിലിരുന്ന അവൾ തൻറെ ഉള്ളം കയ്യിലൂടെ അവനിലേക്ക് ജീവൻറെ ചൂട് പകർന്നുകൊണ്ടിരുന്നു. 


കണ്ണുകൾ അടഞ്ഞു തുടങ്ങിയ, ഉറക്കത്തിനും ഉണർവ്വിനും ഇടയിലുള്ള ഏതോ ഒരു നിമിഷത്തിൽ ഫ്രെഡി പ്രയാസപ്പെട്ട് ചോദിച്ചു. "നിൻറെ പേരെന്താ?"


അവളവനെ നോക്കി മനോഹരമായി പുഞ്ചിരിച്ചു. "മയിൽ.."  


ഫ്രെഡി അത് കേട്ടുവോ എന്തോ. അവൻറെ കണ്ണുകൾ അടഞ്ഞിരുന്നു. അവൾ അവൻറെ മുഖത്തേയ്ക്ക് നോക്കിയിരുന്നു. ഇടയ്ക്കിടയ്‌ക്കൊക്കെ സ്വന്തം ഉള്ളം കൈകൾ ചൂടാക്കി അവന് ചൂട് പകർന്നു കൊണ്ട്, അവളാ രാത്രി അവന് കൂട്ടിരുന്നു. 


തുടരും     

       

1 comment: