Wednesday, April 7, 2021

ചിലന്തിവലയിൽ‌ ‌ഒരു‌ ‌ചിത്രശലഭം!



അദ്ധ്യായം 42: മനസ്സ് മുറിഞ്ഞവൾ 


നിർത്താതെ അടിക്കുന്ന മൊബൈൽ ഫോണിലേക്ക് സൂസൻ അമ്പരപ്പോടെ നോക്കി. ഒരു പരിചയമില്ലാത്ത നമ്പർ. 


“ഹലോ...” 


“ചേച്ചീ... ഇത് ഞാനാ. സനൽ. ചേച്ചിക്കോർമ്മയില്ലേ. പുതുമലയിലെ സനൽ...”


“ആആ... ഓർമ്മയുണ്ട്. എന്താ...?”


“ചേച്ചീ... എനിക്ക് ചേച്ചിയെ ഒന്ന് കാണണം. വളരെ സീരിയസ്സായൊരു കാര്യം പറയാനുണ്ട്.”     


“എന്താണ്? പറഞ്ഞോളൂ.” 


“ഇങ്ങിനെ പോര ചേച്ചീ. കുറച്ച് ഗൗരവമുള്ളതാണ്. ഞാൻ ബംഗ്ളാവിലേക്ക് വരട്ടെ?” 


“ഇങ്ങോട്ടോ? വാ...”


“അച്ചായനെപ്പോഴാ ഓഫീസിൽ പോവുക?”


“ഫ്രെഡിയോ? ആളിവിടെയുണ്ട്. ഇന്നലെ തോട്ടത്തിൽ നിന്നും വന്നതല്ലേ. ദാ... ഓഫീസിൽ പോകാനൊരുങ്ങുന്നു. ഫ്രെഡിയെ കാണാനാണെങ്കിൽ ഒരു അര മണിക്കൂറിനകം വരണം.” 


“അല്ല. എനിക്ക് ചേച്ചിയെയാണ് കാണേണ്ടത്. അച്ചായനില്ലാത്ത സമയം ഞാൻ വരാം.”


“അതെന്താടാ...? അച്ചായനില്ലാത്തപ്പോ. നീ കളിക്കാതെ കാര്യം പറ.”


“അതൊക്കെയുണ്ട് ചേച്ചീ. ഞാനൊരു പത്ത് മണിയാകുമ്പോൾ വരാം.” 


സനൽ ഫോൺ കട്ട് ചെയ്തു. സൂസൻ തിരികെ നമ്പർ ഡയൽ ചെയ്യാൻ നേരം ഫ്രെഡി ആദമിനെയും കൊണ്ട് സ്റ്റെപ്പിറങ്ങി വന്നു. ആദം കരയുന്നുണ്ടായിരുന്നു. ഫ്രെഡി ഓഫീസിൽ പോകാൻ നേരം ആ കരച്ചിൽ ഇപ്പോൾ ഒരു പതിവാണ്. സൂസന് ആദമിനെ ബലമായി എടുക്കേണ്ടി വന്നു. അവൻ ഉച്ചത്തിൽ കരയാൻ തുടങ്ങിയപ്പോൾ സൂസൻ അവനെയും കൊണ്ട് അടുക്കളയിലേക്ക് പോയി. ഒരു കുക്കീസ് കിട്ടിയാൽ ചിലപ്പോൾ കുറുമ്പ് മാറും. അല്ലെങ്കിൽ അതും വലിച്ചെറിഞ്ഞ് പിന്നെയും കരയും. 


ഫ്രെഡി പോയിക്കഴിഞ്ഞും. കുറെ നേരം കരഞ്ഞ ആദം, പിന്നെ ഉറങ്ങി. അപ്പോൾ മാത്രമാണ് സൂസൻ സനലിനെ കുറിച്ചോർത്തത്. ആ നമ്പറിലേക്ക് ഡയൽ ചെയ്തു. സനലിനെ അറിയാം. അപ്പച്ചൻറെ സ്വത്തിൽ നിന്നും ഭാഗം കിട്ടിയ തൻറെ തോട്ടത്തിലെ തൊഴിലാളിയായിരുന്നു അവൻറെ അപ്പച്ചൻ. സോഫിയയെ പോലെ തന്നെ. അവനൊരു കുഞ്ഞു പെങ്ങളുണ്ടായിരുന്നു. പത്തു വര്ഷം മുൻപ് അവൾക്ക് കിഡ്നിക്ക് അസുഖം വന്നപ്പോൾ ആവശ്യമുള്ളത്രയും പണം നൽകി അവരെ സാഹിയിച്ചിരുന്നു. ചിലപ്പോൾ ഇപ്പോഴും എന്തെങ്കിലും സഹായം ചോദിച്ചാവും. ആ പെണ്ണിന് പിന്നെയും അസുഖമായോ?


“ആ ചേച്ചീ... ഞാനങ്ങോട്ടു വരട്ടെ?”


“നീയെവിടെയാ?”


“ഞാനിതാ... ഇവിടെ... ഗേറ്റിൻറെ കുറച്ചിപ്പുറത്തുണ്ട്.”   


“ആഹാ... എന്നാ കേറിപ്പോര്.”


സൂസൻ മോണിറ്ററിലേക്ക് നോക്കി നിൽക്കെ മതിലിൻറെ ഓരം ചാരി സനൽ ഗേറ്റിൻറെ മുന്നിലെത്തി. അവൾ ഗേറ്റ് തുറന്നു. തൻറെ മുന്നിൽ വന്നു ഒരു പരുങ്ങലോടെ നിൽക്കുന്ന സനലിനോട് സൂസൻ ചോദിച്ചു. 


“എന്താ സനൽ? എന്താ പ്രശ്നം?”


“ചേച്ചീ നമുക്കിരുന്ന് സംസാരിക്കാം.” 


“നീ കാര്യം പറ സനൽ.”


“ചേച്ചീ... കാര്യം ഇത്തിരി സീരിയസാണ്. അച്ചായനെ കുറിച്ചാണ് പറയാനുള്ളത്. നമുക്കെവിടെയെങ്കിലുമിരുന്ന് സംസാരിക്കാം.” 


സൂസൻ അമ്പരന്നു. അവൾക്കൊന്നും മനസ്സിലായില്ല. അവർ ഹാളിലെ സോഫയിൽ വന്നിരുന്നു. സനൽ ആകെ ചുറ്റിലും ഒന്ന് നോക്കി അടുത്തെങ്ങും ആരുമില്ലെന്ന് ഉറപ്പാക്കി. ഒരു വീർപ്പുമുട്ടലോടെ അവനെയും നോക്കിയിരിക്കുകയാണ് സൂസൻ.


“ചേച്ചീ... എനിക്കിന്നലെ അച്ചായൻറെ തോട്ടത്തിലേക്കൊരു ട്രിപ്പുണ്ടായിരുന്നു.” 


“ആഹാ... ഫ്രെഡി ഇന്നലെ അവിടെയുണ്ടായിരുന്നല്ലോ. എന്നിട്ട്...?” സൂസൻ ആകാംഷയോടെ ചോദിച്ചു.


“അത് ചേച്ചീ... ബഹളമൊന്നും ഉണ്ടാക്കരുത്. അച്ചായൻറെ കൂടെ ഒരു പെൺകുട്ടിയുണ്ടായിരുന്നു.” 


സൂസൻറെ സർവ്വ നാഡികളും തളർന്നു. ഒരു നിലവിളി തൊണ്ടയിൽ കുരുങ്ങിക്കിടന്നു. ശ്വാസം നിലയ്ക്കുന്ന പോലെ. ആ വീടും താനും ഭൂമി പിളർന്ന്, താന്ന് പോവുകയാണെന്ന് അവൾക്ക് തോന്നി. തല കറങ്ങുന്ന പോലെ. കണ്ണുകൾക്ക് മുൻപിൽ കാഴ്ചകൾ മങ്ങുന്നു. മുന്നിലിരിക്കുന്ന സനൽ ഒരു മങ്ങിയ നിഴൽ മാത്രമാകുന്നു. 


"ചേച്ചീ... ചേച്ചീ..." ഒരു ഗുഹയ്ക്കകത്തു നിന്നെന്ന വണ്ണം സനലിൻറെ വിളി കേൾക്കാം. ഒരല്പ സമയമെടുത്തു അവൾ ബോധമണ്ഡലത്തിലേക്ക് തിരികെയെത്താൻ. അവളുടെ ചുണ്ടുകൾ വിതുമ്പി. കണ്ണുകൾ നിറഞ്ഞു. ദയനീയമായി അവൾ സനലിനെ നോക്കി 


“ചേച്ചീ... ബഹളം വെക്കാനോ... തളരാനോ പാടില്ല. ചേച്ചി സ്ട്രോങ്ങായിട്ട് നിൽക്കണം. ഈ വിവരം അറിഞ്ഞിട്ട്... അത് ചേച്ചിയെ അറിയിക്കാതിരിക്കുന്നത് നന്ദി കേടാവും. അതാ ഞാൻ നേരെ ഇങ്ങോട്ട് തന്നെ പോന്നത്.” 

 

അവളൊന്നും മിണ്ടിയില്ല. സർവ്വം തകർന്നവളെ പോലെ ഇരുന്നു. സനൽ മൊബൈൽ ഫോണിൽ ഫോട്ടോ ഗാലറി എടുത്ത് അവളുടെ നേരെ നീട്ടി. 


“ദാ ചേച്ചീ. ഇതാണ് അവൾ. ഞാൻ ഇന്നലെയവർ അറിയാതെയെടുത്തതാ.”    


വിറയ്ക്കുന്ന കൈകൾ നീട്ടി അവളത് വാങ്ങി നോക്കി. അവളുടെ തളർച്ചയുടെ ആക്കം കൂടി. ഫ്രെഡിയും ലിസിയും. നാലഞ്ച് ഫോട്ടോകളുണ്ടായിരുന്നു. അവർ സന്തോഷത്തോടെ ചേർന്ന് നിന്ന് തോട്ടത്തിലെ കാഴ്ചകൾ കാണുന്നു. അവളുടെ കണ്ണുകളിൽ നിന്ന് ഏതാനും ചില തുള്ളികൾ, മൊബൈലിൻറെ സ്ക്രീനിലേക്ക് വീണുടഞ്ഞു. 


ഇവളെ... ഇവളെ ആദ്യമായി കണ്ടപ്പോൾ മുതലെൻറെ നെഞ്ചിലൊരു തീയെരിയുന്നുണ്ട്. എന്തിനാണെന്നോ... എന്തുകൊണ്ടെന്നോ അറിയാതെ. ഈശോയെ... അതിതിനായിരുന്നോ? എന്നാലും ഫ്രെഡീ... നിനക്കെന്താ പറ്റിയത്? നിനക്കെങ്ങിനെ സാധിച്ചു? 


“ചേച്ചി ഇവളെ അറിയുമോ?” സനലിൻറെ ചോദ്യം 


“ഊം...” അവൾ തലകുലുക്കി.   


“ചേച്ചീ... ബഹളമൊന്നുമുണ്ടാക്കാതെ ആലോചിച്ച് വേണ്ടത് ചെയ്യണം. ചേച്ചി ഇതറിഞ്ഞെന്ന് അച്ചായനറിയണ്ട. അറിഞ്ഞാൽ പിന്നെ ഇപ്പോഴുള്ള ഈ മറയങ്ങ് പോകും.” 


അവൾ അവനെ തുറിച്ചു നോക്കവേ അവൻ തുടർന്നു. “അവളെ കണ്ടൊന്ന് സംസാരിച്ചു നോക്ക്. പൈസയാണ് വേണ്ടതെങ്കിൽ... കുറച്ച് പൈസ കൊടുത്തൊഴിവാക്കാൻ നോക്ക്.”


അവൾ തല വെട്ടിച്ചു. “പൈസ കൊടുത്താലൊന്നും പോകില്ല. അവളങ്ങിനത്തെ ഒരിനമാണ്. അവളെ ആദ്യം കണ്ടപ്പോഴേ എൻറെ ഇടങ്കണ്ണ് തുടിച്ചതാണ്.” 

  

“എന്നാൽ പിന്നെ... അങ്ങ് തട്ടിക്കള. വേറെ വഴിയില്ല. ചേച്ചിക്ക് ചേച്ചിയുടെ ജീവിതമല്ലേ വലുത്. അല്ലാതിപ്പോൾ വേറെന്താ?” 


“എന്ത് ഭ്രാന്താണ് പറയുന്നത്? കൊല്ലാനോ? നോ...” 


“ചേച്ചി ആലോചിച്ച് നോക്ക്. എന്നിട്ട് വേണ്ടതെന്താച്ചാ ചെയ്യ്. ഞാൻ പോട്ടെ ചേച്ചീ. എന്ത് സഹായം വേണമെങ്കിലും ഞാനുണ്ട്. അതിപ്പോൾ അവളെ ഇവിടന്നു തല്ലിയോടിക്കാനാണെങ്കിലും... അതല്ല... ഇല്ലാതാക്കാനാണെങ്കിലും.  സ്വന്തം കൂടപ്പിറപ്പിനെ പോലെ... ചേച്ചിക്കെന്നെ വിശ്വസിക്കാം. അത്രയ്ക്കുണ്ട് കടപ്പാട്.”


സനൽ എഴുനേറ്റു. നടന്നു തുടങ്ങിയ അവനെ അവൾ വിളിച്ചു. “സനൽ. ആ ഫോട്ടോകളൊക്കെ ഡിലീറ്റ് ചെയ്യണം. വേറെ ആരെങ്കിലും കണ്ടാൽ...”


“ചേച്ചി പേടിക്കേണ്ട. ദാ... ഇപ്പോൾ തന്നെ ചെയ്യാം.” 


അവൻ അവളുടെ മുൻപിൽ വച്ച് തന്നെ അതെല്ലാം ഡിലീറ്റ് ചെയ്തു. അവൻ പോകുന്നതും നോക്കി വാതിൽക്കൽ, അവളൊരു ശില പോലെ നിന്നു. പിന്നെ ഒഴുകുന്ന കണ്ണുനീർ തുടക്കാൻ  മറന്നവൾ കിടപ്പറയിലേക്കോടി. അവിടെ ഉറങ്ങുന്ന ആദമിൻറെ അരികിലിരുന്നപ്പോൾ, അവൾക്ക് കരച്ചിലടക്കാനായില്ല. ശബ്ദമമർത്തിപ്പിടിച്ചവൾ ചങ്കുപൊട്ടിക്കരഞ്ഞപ്പോൾ തൊണ്ട അസഹ്യമായി വേദനിച്ചു. അപ്പോഴാണ് വാതിൽക്കൽ ഒരു നിഴലനങ്ങിയത്. സോഫിയ വാതിൽക്കൽ നിന്ന് വേവലാതിയോടെ ചോദിച്ചു.


“എന്ത് പറ്റി ചേച്ചീ? എന്തിനാ കരയുന്നത്..?”


അവൾ മുഖം അമർത്തിത്തുടച്ചു. "ഒന്നുമില്ല... ഒന്നുമില്ല."


“സാറിനെ വിളിക്കണോ?”


“വേണ്ട. ഒന്നുമില്ലെന്ന് പറഞ്ഞില്ലേ. നീ പോയേ.”


സോഫിയ പിന്നെയും ചില നിമിഷങ്ങൾ അവിടെ നിന്നു. പിന്നെ മെല്ലെ തിരിഞ്ഞു നടന്നു. സൂസൻ മുഖം അമർത്തിത്തുടച്ചുകൊണ്ട് ഒരു ദീർഘ നിശ്വാസമുതിർത്തു. അവൾ ആദമിനെ നോക്കി.


ഇല്ല... എൻറെ ജീവിതം... അതെൻറെ അവകാശമാണ്. അത് നശിപ്പിക്കാൻ ഞാൻ ആരെയും അനുവദിക്കില്ല. ഫ്രെഡി തെറ്റ് ചെയ്തു. ക്ഷമിക്കുകയല്ലാതെ എനിക്ക് വേറെ വഴിയില്ല. എനിക്കീ വിവരം അറിയാമെന്ന് ഫ്രെഡി അറിഞ്ഞാൽ പിന്നെ ജീവിതമൊരിക്കലും പഴയ പോലെ ആകില്ല. 


എന്താണ് ചെയ്യേണ്ടത്? എങ്ങിനെയാണ് ഇതിൽ നിന്നും ജീവിതം തിരിച്ചു പിടിക്കേണ്ടത്? എന്ത് ചെയ്തായാലും വേണ്ടില്ല... എങ്ങനെയായാലും വേണ്ടില്ല... എൻറെ ജീവിതം എനിക്ക് തിരിച്ച് കിട്ടിയേ പറ്റൂ. യെസ്... ഡെസ്പരേറ്റ് ടൈംസ് കാൾ ഫോർ ഡെസ്പരേറ്റ് മെഷർ.


അവൾ മൊബൈൽ ഫോൺ എടുത്ത്, സനലിനെ വിളിച്ചു. 


“എന്താ ചേച്ചീ...?”


“എനിക്കവളെ ഒഴിവാക്കണം. ഇനി ഞങ്ങളുടെ ഇടയിൽ അവളുണ്ടാവരുത്. നീ എന്നെ സഹായിക്കണം. നിനക്കെന്താണ് വേണ്ടതെന്ന് പറഞ്ഞോളൂ. ഞാൻ തരാം.”


“ചേച്ചീ... ഞാനൊരു അര മണിക്കൂർ കഴിഞ്ഞ് വിളിക്കാം. ചേച്ചി ഒന്നുകൊണ്ടും വിഷമിക്കേണ്ട. ചീഞ്ഞാൽ ചീഞ്ഞിടം കണ്ടിച്ചു കളയണം. അത്ര തന്നെ.”


അവൾ ഒന്നും പറഞ്ഞില്ല. ഒരു മൂളൽ മാത്രം.  അത് സ്വയമുറപ്പിക്കുന്ന പോലെ അവളൊന്ന് തലകുലുക്കി.. ഫോൺ കട്ട് ചെയ്ത് ആദമിൻറെ അരികിൽ തന്നെ കാത്തിരുന്നു. അവൻറെ മുഖത്തേയ്ക്ക് നോക്കുമ്പോഴൊക്കെ അവൾക്ക് സങ്കടം കൂടിക്കൂടി വന്നു. 


എന്നാലും ഫ്രെഡീ. എന്തിനായിരുന്നു...? എന്തിനായിരുന്നു.??


ആ ചോദ്യം അവളുടെ നെഞ്ചിൽ പെരുമ്പറ മുഴക്കി. അവളുടെ ഉള്ളിൽ ലിസിയുടെ ജ്വലിക്കുന്ന മുഖം തെളിഞ്ഞു വന്നപ്പോൾ വിദ്വേഷം കൊണ്ട് കണ്ണുകൾ ചുവന്നു. ആ വിഷജന്തുവിനെ കണ്ടപ്പോൾ മുതൽ, മനസ്സിലൊരു ഭാരമുണ്ടയിരുന്നു. അതിപ്പോൾ... ദാ ഇങ്ങനെയായി.  


എന്നാലും ഫ്രെഡീ. എങ്ങിനെ സാധിച്ചു... എന്നെ ചതിക്കാൻ. എന്നെ കൊന്നുകളയാമായിരുന്നില്ലേ? അതായിരുന്നില്ലേ.... ഇതിനേക്കാൾ നല്ലത്? എങ്കിലെനിക്കിത്രയും വേദനിക്കില്ലായിരുന്നില്ലല്ലോ?


വീണ്ടും ചോദ്യം പെരുമ്പറയുടെ രുദ്രതാളം കൊണ്ട് ഇടനെഞ്ചിനെ കുലുക്കി. ഓരോ മനോവിചാരങ്ങളുടെ വിഷാദ വീഥിയിൽ കൂടി അവൾ ഇടറി നീങ്ങവേ, അരമണിക്കൂർ ആകുന്ന മുൻപേ സനൽ തിരികെ വിളിച്ചു. 


"ചേച്ചീ... അവളുടെ ഡീറ്റെയിൽസ് പറഞ്ഞു താ. എനിക്ക് പൈസയൊന്നും വേണ്ട. പക്ഷെ ചേച്ചി എനിക്കൊരു ഉറപ്പ് തരണം. എങ്ങാനും പാളിയാൽ... എന്നെ പോലീസ് പിടിച്ചാൽ... കുടുംബത്തുള്ളോർക്ക് ചേച്ചി തുണയായിരിക്കണം." 


“ഏറ്റു...” 


അവളുടെ വാക്കിന് ബ്ലേഡിനേക്കാൾ മൂർച്ചയുണ്ടായിരുന്നു.


തുടരും


1 comment: