മാറുയർന്ന സാലഭഞ്ജികകൾ
താലമേന്തിയ സ്വപ്നവീഥികൾ;
താരുലഞ്ഞുടർന്ന നീർതുള്ളികൾ;
കസവുടുത്തെത്തിയ സന്ധ്യകൾ;
കാതിൽ കാറ്റ് മൂളിയ പാട്ടുകൾ;
മധുരമാം തേൻ ചുരത്തിയ പൂക്കൾ;
കണ്ട കിനാക്കളെത്ര മോഹനം!
മഞ്ഞുമണിയിൽ മുഖം നോക്കി
പുഞ്ചിരിച്ചെത്തിയ പുലരികൾ;
അസർ മുല്ലപ്പൂക്കളെ പതിയെ
ചുംബിച്ചുണർത്തിയ പകലുകൾ;
ആയിരം പൊൻക്കിനാക്കളുടെ
നൂപുരമിളക്കിയയിരവുകൾ;
പൂപൂത്ത ദിനങ്ങളെത്ര വശ്യം!
നേർത്ത നിലാമഴയേറ്റ് കുളിരാൻ
കൊതിച്ചു തുറന്നിട്ടെൻ ജാലകം;
വസന്തം പൂത്ത പൂവയനിലക്കരെ
മതിമുഖം കൊണ്ട് കൊതിച്ചൊരു
രാക്കിളിയുടെ നേർത്ത ഗാനം;
അതിലാനുരാഗ ബാഷ്പ മന്ത്രം;
ആഹ! ഈ രാവിതെത്ര സുന്ദരം!
പവിഴമല്ലിപ്പൂവിൻറെ ദൂതുമായൊരു
തണുത്ത കാറ്റിതുവഴി വരവേ;
ഇന്നോളം കാണാത്തൊരു കിനാവ്
മെല്ലെമെല്ലെ നൂപുരമിളക്കവേ;
നറുനിലാവിൻ ചന്ദനച്ചാന്ത് ചാർത്തി
വന്ന ഗഗാനാംഗനയുടെ മന്ദസ്മിതം
ശതകോടി പൂചൂടി നിൽക്കയായി!
ചന്ദ്രകിരണത്തിൻ സ്വപ്ന സരോവരം
കുഞ്ഞലകളാലുണർത്തിയ താമരപ്പൂ;
തളിരങ്കുരിച്ചൊരാ മാറിടം കാൺകെ
മാർക്കച്ച കവരാൻ കൊതിച്ച നേരം;
തരളമാനസം തഴുകിയുണർത്തുന്നു
വ്രീളാവിവശമാം നീൾമിഴിമുനകൾ.
ആഹാ! ഈ നിമിഷങ്ങതെത്ര ധന്യം!
ഇനിയീ സ്വപ്നസൗപർണ്ണികയിലെ
നീലോല്പലങ്ങലെ തൊട്ടുണർത്താൻ
ഒരുമാത്ര വരൂ നീയിതുവഴിയൊരു
പവിഴമല്ലിമണമേന്തിയ കുളിർക്കാറ്റായി.
നോക്കും വാക്കും മൃദുഹാസവും കൊണ്ട്
നീയെൻറെ കരളിൽ കോറിയിട്ടു
ഈ ഋതുകന്യയുടെ വസന്തകവിത!
ഈ മലർതൽപ്പത്തിലെന്നെരികിൽ
ഇത്തിരിനേരമിരിക്ക നീയിനി
നിൻറെ പ്രണയത്തിൻറെ സ്നിഗ്ദ്ധമാം
രാഗപ്രവാഹത്തിലലിഞ്ഞു ചേരാൻ
ഇനിയെന്നെയനുവദിക്കുക നീ!
എത്രയായീ ജന്മാന്തര വീഥികളിൽ
നിന്നെത്തേടി ഞാനലഞ്ഞെന്നോ?
നീയെന്ന ജന്മസാഫല്യത്തിൻറെ
ഹൃത്തടത്തിൽ കാലം പാത്തുവെച്ച
പ്രണയവും സൗഹൃദവും ദാഹവും
വരമേകിയെന്നെ നീ നിൻറെ
മാറിലേക്ക് ചേർക്കുക മെല്ലെ.
എല്ലാം മറന്നിനിയിത്തിരി നേരമാ
ഹൃദയത്തിലേക്ക് ചാഞ്ഞുറങ്ങാട്ടെ ഞാൻ!
നാഗത്താൻ കാത്ത മാണിക്ക്യം പോലെ
ഞാൻ കാത്തു കാത്തൊരെൻ പ്രണയം;
എൻറെ ജീവനിൽ രക്തത്തിൽ മജ്ജയിൽ
പണ്ടേയ്ക്ക് പണ്ടേയലിഞ്ഞൊരീ പ്രണയം;
ഇന്നോളമാരും കാണാത്ത പ്രണയമുദ്രയും;
ആരും കേൾക്കാത്ത പ്രണയമന്ത്രവും;
നിനക്കേകി ഞാൻ നിന്നെയെടുത്തിടാം!
ഒരനാഘ്രാത കുസുമ സുഗന്ധമായി
നീയിനിയെൻറെ ജീവനിൽ നിറയുക!
ചന്ദ്രകിരണങ്ങൾ ചാന്ത് ചാർത്തിയ
മാലേയമേഘവർഷമായുണരുക!
ഇന്ദ്രിയങ്ങളാകെയുമനുഭൂതിയുടെ
പുളകങ്ങളുണർത്തുന്ന തണുത്ത
കാറ്റായി നീയീന്നിലേക്ക് വീശുക!
അബൂതി