Wednesday, March 17, 2021

ചിലന്തിവലയിൽ ഒരു ചിത്രശലഭം!



അദ്ധ്യായം 36: ചൂണ്ട 


അൾത്താരയിൽ, ലാസറിൻറെ മുൻപിൽ മിന്നു കെട്ടാൻ തല കുനിച്ചു നിൽക്കവേ, ലിസിയുടെ ഉള്ളൊന്നു പിടഞ്ഞു. കർത്താവേ...  ഇതൊരു നാടകമാണല്ലോ! സ്വപ്നത്തേക്കാൾ സുന്ദരമായൊരു നാടകം!    


അവിടെ മിത്രയിലെ ഒരുപാട് ജീവനക്കാരുണ്ടായിരുന്നു. ഫ്രെഡിയും സൂസനുമുണ്ടായിരുന്നു. സോഫിയയും, അവളുടെ കയ്യിൽ പാല്പുഞ്ചിരികൊണ്ട് കാണുന്നവരുടെ മുഴുവൻ മനസ്സും കവർന്നെടുത്ത ആദമും. 


ലിസിയെ കണ്ടപ്പോൾ ചില പുരുഷന്മാർക്ക് ലാസറിനോടും, ചില സ്ത്രീകൾക്ക്, ലിസിയോടും, അസൂയ തോന്നി. സൂസൻ ഫ്രെഡിയുടെ കാതിൽ അടക്കം പറഞ്ഞു. 


“ഫ്രെഡീ... ഈ കൊച്ച് ഇമ്മാനുവലിനെ ഇത്തിരി വെള്ളം കുടിപ്പിക്കും.” 


“ഉം...?” 


“അല്ല... അച്ചൻറെ വരെ നോട്ടം തെറ്റുന്നുണ്ട്... ചിലപ്പോൾ.”


ഫ്രെഡി ഗൂഢമായൊന്ന് ചിരിച്ചു. മിണ്ടാതിരിക്കൂ എന്ന് സൂസനോട് കണ്ണുകൊണ്ടാംഗ്യം കാണിച്ചു. സൽക്കാരവേളയിൽ വേദിയിലെ മണവാളൻറെയും മണവാട്ടിയുടെയും അരികിലെത്തി. ഇമ്മാനുവൽ ബഹുമാനപൂർവ്വം അവരെ ലിസിക്ക് പരിചയപ്പെടുത്തി. ലിസി തിളങ്ങുന്ന കണ്ണുകളോടെ ഫ്രെഡിയെ നോക്കി ചിരിച്ചു. ആ പുഞ്ചിരിയുടെ മനോഹാരിത കണ്ടപ്പോൾ, സൂസൻ എന്തിനെന്നറിയാതെ അസ്വസ്ഥയായി.  


ഫ്രെഡി കയ്യിൽ കരുതിയിരുന്ന ഒരു ചെറിയ ചുവന്ന റിബൺ കെട്ടിയ കൊച്ചു ബോക്സ്, ഇമ്മാനുവലിൻറെ  കയ്യിൽ വച്ചുകൊടുത്തു. 


“ഒരു ചെറിയ സമ്മാനം. ഞങ്ങളുടെ... മിത്രയുടെ വക.” 


അതൊരു ഫ്ലാറ്റിൻറെ കീ ആയിരുന്നു. ഉപചാരങ്ങളൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന നേരം സൂസൻ ഫ്രെഡിയോട് ചോദിച്ചു. 


"ഈ ആണുങ്ങളൊക്കെ എന്താ ഇങ്ങിനെ? പെണ്ണുങ്ങളെ കാണാത്ത പോലെയാണ് മിക്കവരും ആ കൊച്ചിനെ നോക്കുന്നത്."


"ഈ പെണ്ണുങ്ങൾക്കെന്താ ഇത്ര കുശുമ്പ് എന്ന ചോദ്യത്തിന് എന്തുത്തരമാണോ... അത് തന്നെയാണിതിന്റെയും ഉത്തരം."


സൂസൻ പരിഭവത്തോടെ ഫ്രെഡിയെ നോക്കി. പിൻസീറ്റിൽ സോഫിയ ശബ്ദമില്ലാതെ ചിരിച്ചു. ഫ്രെഡിയുടെ മുഖത്തൊരു പുഞ്ചിരി തത്തിക്കളിച്ചു. പതുക്കെ പതുക്കെ അത് ഒരു തെളിഞ്ഞ പുഞ്ചിരിയായി മാറി.


ലാസറിൻറെ ഫ്ലാറ്റിൽ ലിസി ഫ്രെഡിയുടെ ചിരിക്കുന്നൊരു ഫോട്ടോ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. പിന്നിലൂടെ വന്ന ലാസർ ചോദിച്ചു.


“ഹൗ ഈസ് ഹി? കണ്ടിട്ട് എന്ത് തോന്നുന്നു?”


അവൾ ഫോട്ടോയിൽ നിന്നും മുഖമുയർത്തി. ഒരു പുഞ്ചിരിയോടെ പറഞ്ഞു. "സുന്ദരൻ. സുമുഖൻ. പോരാത്തതിന് റിച്ചും." 


ലാസർ ചിരിച്ചുകൊണ്ടവളുടെ അരികിലിരുന്നു. “ഞാൻ ചോദിച്ചത് അതല്ല. ഫ്രെഡിയെ... നമ്മൾ കരുതിയ പോലെ കൈകാര്യം ചെയ്യാനാവുമെന്ന് തോന്നുന്നുണ്ടോ നിനക്ക്?”


“ചെയ്യാൻ പറ്റണമല്ലോ? എന്നെ അതിനു വേണ്ടിയല്ലേ... സാറിങ്ങോട്ടു കൊണ്ട് വന്നത്?” 


“ഊം... ഇനി... ഈ സാറു വിളി വേണ്ട. ഇമ്മാനുവലെന്ന് വിളിച്ചോളൂ.”


“അയ്യോ... അത് വേണ്ട. ഞാൻ അച്ചായാന്ന് വിളിച്ചോട്ടെ?”


"ഹഹഹ... കൊള്ളാം. അച്ചായൻ. അച്ചായനെങ്കിലച്ചായൻ." 

     

"അച്ചായനെന്താ... ഇയാളോട് ഇത്ര പക? വെറും പണത്തിനു വേണ്ടിയല്ല... അച്ചായനിത് ചെയ്യുന്നതെന്നൊരു തോന്നൽ." 


ലാസർ അവളെ സൂക്ഷിച്ചു നോക്കി. "ഞാൻ പറഞ്ഞിട്ടില്ലേ... അത്തരം ചോദ്യങ്ങൾ വേണ്ടെന്ന്?"


"സോറി..."  ലിസി ശബ്ദം താഴ്ത്തി. 


താൻ ആരാണെന്നോ, തൻറെ യഥാർത്ഥ ലക്ഷ്യമെന്താണെന്നോ ലാസർ അവളോട് പറഞ്ഞില്ല. ഫ്രെഡിയുടെ പക്കൽ നിന്നും വലിയൊരു തുക സ്വന്തമാക്കുക എന്നതാണ് തൻറെ പദ്ധതിയെന്നാണ്, ലാസർ അവളെ ധരിപ്പിച്ചിരിക്കുന്നത്. അതിൻറെ ഭാഗമായാണ് ഈ വിവാഹമത്രെ. 


ഇതിന് എന്തിനാ വിവാഹമൊക്കെ... ഞാൻ അയാളെ ചുമ്മാ വശീകരിച്ചാൽ പോരെ?  ഈ ചോദ്യം ലിസി ചോദിച്ചപ്പോൾ ലാസറിൻറെ വിശദീകരണം ഇങ്ങിനെയായിരുന്നു.


അത് പറ്റില്ല. ഏതെങ്കിലും ഒരു പെണ്ണ് വശീകരിക്കാൻ ശ്രമിച്ചാലൊന്നും ഫ്രെഡി വീഴില്ല. അവനൊരു ബിസിനസുകാരനാണ്. ഒരു അപരിചിതയെ സംശയത്തോടെയായിരിക്കും അവൻ നോക്കിക്കാണുക. 


മറ്റൊന്ന്, സ്വന്തം കുടുംബമെന്നത് ഫ്രെഡിക്ക് വളരെ വിലപ്പെട്ടതാണ്. സാധാരണ സമ്പന്നരായ ഭാര്യാഭർത്താക്കന്മാർക്കിടയിലെ ഈഗോ ക്ലാഷൊന്നും ഇല്ലാത്തൊരു കുടുംബമാണ് ഫ്രെഡിയുടേത്. ഫ്രെഡിയെ ഏതവസ്ഥയിലും  സ്വാധീനിക്കാൻ കഴിയുന്നയാളാണ് സൂസൻ. അവർക്കിടയിലേക്ക് നുഴഞ്ഞുകയറുകയെന്നാൽ, അതൊരു പ്രയാസകരമായ  കാര്യം തന്നെയാണ്.


കാര്യങ്ങൾ നമ്മൾ കരുതിയിടത്തേയ്ക്കെത്തിക്കാൻ കുറച്ചധികം സമമെടുത്തേക്കാം. അതിന് നല്ല പ്ലാനിംഗ്‌ വേണം. കരുതലോടെ നീങ്ങണം. ഫ്രെഡിയുമായി ഒരു സൗഹൃദം ഉണ്ടാക്കിയെടുക്കുക. വളരെ പതുക്കെ നമ്മുടെ ട്രാക്കിലേക്ക് കൊണ്ട് വരിക. പിന്നെ നിഷേധിക്കാൻ പറ്റാത്ത വിധം പൂട്ടുക. നേടിയെടുക്കാൻ കഴിക്കുന്നതിൻറെ പരമാവധി നേടിയെടുത്താൽ പിന്നെ, ലിസിക്ക് സ്വന്തം ഇഷ്ടത്തിന് എവിടേയ്ക്ക് വേണമെങ്കിലും പോകാം. കയ്യിലിഷ്ടംപോലെ പണവുമായി.


“ഇയാൾക്ക് ഫെയ്‌സ്ബുക്ക്... ഇൻസ്റ്റാഗ്രാം... അങ്ങിനെയെന്തെങ്കിലുമുണ്ടോ?”


“ഉണ്ട്. പക്ഷെ അത് സെക്രട്ടറിയാണ് കൈകാര്യം ചെയ്യുന്നത്. ആ വഴിയൊന്നും അപ്രോച്ച് ചെയ്യരുത്. വളരെ യാദൃശ്ചികമായ ഒരു തുടക്കമാണ് വേണ്ടത്. ഒരു പാമ്പ് ഇരവിഴുങ്ങന്നത് പോലെ... പതുക്കെപ്പതുക്കെ വേണം അവനെ വീഴ്ത്താൻ.”


ലിസിയുടെ കയ്യിലെ ഫോട്ടോ വാങ്ങി അതിലേക്ക് നോക്കിക്കൊണ്ട് ലാസർ തുടർന്നു. “നീയാദ്യം അവനെ ദൂരെ നിന്നൊന്ന് പഠിക്ക്. നമുക്കൊരു വഴി തുറന്നു കിട്ടാതിരിക്കില്ല.”

 

ലിസി സമ്മതഭാവത്തിൽ തല കുലുക്കി. ലാസറിൻറെ ചുണ്ടിൽ ഗൂഢമായൊരു പുഞ്ചിരിയുണ്ടായിരുന്നു. തൻറെ ഇരയെ  ഉന്നം വച്ചു കഴിഞ്ഞൊരു വേട്ടക്കാരൻറെ ചിരി. ലിസി ഫ്രെഡിയെയും തന്നെയും ഒരുമിച്ച് ചതിച്ചു എന്നെ ഫ്രെഡിക്ക് തോന്നാവു. ലിസിയുടെ ബാക്ക്ഗ്രൗണ്ട് അത്തരത്തിലായതിനാൽ അവനത് വിശ്വസിച്ചോളും. 


ഫ്രെഡി  വിവാഹ സമ്മാനമായി നൽകിയ ഫ്ലാറ്റിലേക്ക് പിറ്റേന്ന് തന്നെ അവർ താമസം മാറ്റി. സാധാരണ പോലെ ദിവസങ്ങൾ കഴിഞ്ഞു പോയി. ലിസി സാധ്യമായ രീതിയിലൊക്കെ ഫ്രെഡിയെ പിന്തുടർന്നുകൊണ്ടേയിരുന്നു. 


ആറുമാസക്കാലം അങ്ങിനെ കഴിഞ്ഞു പോയി. ഇടയിൽ ഒന്ന് രണ്ടു വട്ടം ലിസി ഫ്രെഡിയുമായി മുഖാമുഖം വന്നു. അതെല്ലാം വെറും ഒരു പുഞ്ചിരിയിലും, സാധാരണ കുശലാന്വേഷങ്ങളിലും അവസാനിച്ചു. ലിസിക്ക് മനസ്സിലായി. ഫ്രെഡിയെ വശീകരിക്കുക എന്നത് കരുതിയതിനേക്കാൾ പ്രയാസമുള്ള കാര്യമാണെന്ന്. അതവളിൽ അവളറിയാതെ തന്നെ ഒരു വാശിയുണ്ടാക്കുകയാണ് ചെയ്തത്. തൻറെ സൗന്ദര്യം ചലഞ്ച് ചെയ്യപ്പെടുന്നത് പോലെ അവൾക്ക് തോന്നി.


അങ്ങനെയിരിക്കെയാണ്, ഫ്രെഡി സ്വന്തം സ്ഥാപനത്തിലെ ജോലിക്കാർക്കും അവരുടെ  കുടുംബങ്ങൾക്കുമായി ഒരു ഗെറ്റ്റ്റുഗതർ സംഘടിപ്പിച്ചത്. അത് ഇടയ്ക്കിടയ്ക്ക് സംഘടിപ്പിക്കാറുള്ളതാണ്. എല്ലാവരും ഒരിടത്ത് ഒരുമിച്ച് കൂടുക. കലാപരിപാടികൾ അവതരിപ്പിക്കുക. ഒരുമിച്ച് ഭക്ഷണം കഴിക്കുക. ജോലിക്കാരുടെ മാനസികോല്ലാസത്തിനും, പരസ്പരമുള്ള സഹവർത്തിത്വത്തിനും അത് വളരെ നല്ലതാണെന്ന് ഫ്രെഡിയുടെ അഭിപ്രായം.


അന്ന്, ആ  പരിപാടി നടക്കുന്ന ദിവസം. വളരെ മനോഹരമായ വസ്ത്രങ്ങൾ ധരിച്ച്, ലിസി അതിൽ പങ്കെടുത്തു. വേദിയിൽ ഏതൊക്കെയോ കുട്ടികൾ പാട്ടും ഡാൻസുമൊക്കെയാണ്. ലിസി, ഫ്രെഡിയും സൂസനും ഇരിക്കുന്നതിൻറെ അരികിൽ, ഫ്രെഡിക്ക് തന്നെ കാണാവുന്ന വിധം ഇരുന്നു. ലാസർ അവിടെയൊന്നും ഉണ്ടായിരുന്നില്ല. സ്റ്റേജിൻറെ പിന്നാമ്പുറത്തെവിടെയോ ആയിരുന്നു. 


സോഫിയ കരയുന്ന ആദമിനെയും കൊണ്ട് ഫ്രെഡിയുടെയും സൂസൻറെയും അരികിലെത്തി. ആദമിന് ജനക്കൂട്ടത്തെ കണ്ടപ്പോൾ ഒരു അസ്വസ്ഥത. സൂസനും സോഫിയയും ആദമിനെയും കൊണ്ട്, കുഞ്ഞിന്  മുല കൊടുക്കാനായി ലാക്ടേഷൻ റൂമിലേക്ക് പോയി.  


ഫ്രെഡി സ്റ്റേജിലേക്കും നോക്കി ഇരിക്കുകയായിരുന്നു. അവിടെ ഒരു പെൺകുട്ടി പഴയൊരു സിനിമാ ഗാനം പാടിക്കൊണ്ടിരിക്കുന്നു. അലക്ഷ്യമായി മേശപ്പുറത്തു താളം പിടിച്ച്  അതാസ്വദിച്ചുകൊണ്ടിരിക്കുന്ന ഫ്രെഡിയെ, ലിസി നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെൺകുട്ടി പാടിക്കഴിഞ്ഞപ്പോൾ കയ്യടിക്കുന്നവരുടെ കൂടെ ലിസിയും കയ്യടിച്ചു. കുറച്ച് ഉറക്കെ. മറ്റുള്ളവരുടെ കയ്യടി കഴിഞ്ഞിട്ടും പിന്നെ മൂന്നാല് സെക്കന്റ് അവളുടെ കയ്യടി നീണ്ടു നിന്നു. പലരുടെയും ശ്രദ്ധ അവളിലേക്ക് മാറി. ഫ്രെഡിയുടെയും. 


ആളുകളെ നോക്കി അമളി പറ്റിയ പോലെ അവളൊന്നു ജാള്യതയോടെ പുഞ്ചിരിച്ചു. അവളുടെ നോട്ടം അവസാനം ചെന്ന് നിന്നത്, തന്നെ നോക്കി ഊറിച്ചിരിക്കുന്ന ഫ്രെഡിയിലാണ്. അവൾ അത്ഭുതഭാവത്തോടെ ഒന്ന് നോക്കി. പിന്നെ ഭവ്യതയോടെ എഴുനേറ്റു. ഫ്രെഡിയുടെ അടുത്തേയ്ക്ക് വന്നു.


“ഹായ് സാർ.” 


“ഹായ്. ഹൗ ആർ യു?”


“ഐ ആം ഫൈൻ സാർ. ആൻഡ് യു?”


“ഫൈൻ. പാട്ട് വല്ലാതെ ഇഷ്ടമായെന്ന് തോന്നുന്നു.”


ലിസി മനോഹരമായി പുഞ്ചിരിച്ചു. 


“ഊം... പാട്ടെന്നു വച്ചാലെനിക്ക് ജീവനാ. ആ കുട്ടി നന്നായി പാടിയല്ലേ...?”


അതേയെന്നർത്ഥത്തിൽ ഫ്രെഡി തലകുലുക്കി. അയാൾ മൗനത്തിലേക്ക് മടങ്ങുന്നു എന്ന് മനസ്സിലാക്കിയപ്പോൾ ലിസി ചോദിച്ചു?


“ചേച്ചി എവിടെ സാർ?”


“ആദം കരഞ്ഞപ്പോൾ ഫീഡ് ചെയ്യാൻ പോയിരിക്കുകയാണ്. ഇയാളെന്താ നിൽക്കുന്നത്. ഇരിക്ക്. ഇമ്മാനുവൽ നല്ല ബിസിയാണല്ലേ?”


ലിസി ഫ്രെഡിക്ക് അഭിമുഖമായി ഇരുന്നുകൊണ്ട്. “ആ... അച്ചായന് എപ്പോഴാ തിരക്കൊഴിഞ്ഞിട്ട് നേരം.“


ഫ്രെഡി ഒന്ന് ചിരിക്കുക മാത്രം ചെയ്തു. അപ്പോഴേക്കും കുറച്ചു പ്രായമായൊരാൾ സ്റ്റേജിൽ കയറി ഒരു ഹിന്ദി ഗസൽ പാടിത്തുടങ്ങിയിരുന്നു. കണ്ണുകളടച്ച് ലിസി അതാസ്വദിച്ചുകൊണ്ടിരിക്കെ, ഒരു കൗതുകത്തോടെ ഫ്രെഡി അവളെ നോക്കി. ലിസി പതുക്കെ മൂളുന്നുണ്ടായിരുന്നു. വരികളുടെ അർത്ഥങ്ങൾക്കനുസരിച്ച് അവളുടെ മുഖത്ത് ഭാവങ്ങൾ മാറി മറിഞ്ഞു വന്നു. അവൾ കണ്ണ് തുറന്നതേ ഇല്ല.


ഫ്രെഡി ഒരത്ഭുതം പോലെ അവളെ നോക്കിയിരുന്നു. ഏതോ ഒരു നീലനക്ഷത്രത്തിൻറെ പ്രകാശം, പെണ്ണുടൽ പൂണ്ട്, തൻറെ മുൻപിലിരുന്നൊരു ഗാനം ആസ്വദിക്കുന്നതായി ഫ്രെഡിക്ക് തോന്നി.


തുടരും     

2 comments: