Sunday, March 14, 2021

ചിലന്തിവലയിൽ ഒരു ചിത്രശലഭം!



അദ്ധ്യായം 35: കച്ചവടം 


"സാറിൻറെ കയ്യിൽ കാശുണ്ടോ? കുറച്ചൊന്നും മതിയാവില്ല. കുറച്ചധികം തന്നെ വേണ്ടിവരും. പണം കൊണ്ട് തുലാഭാരം നടത്താനുള്ളത്രയും!"


"എത്ര വേണ്ടി വരും?" 


ക്ലാവർ ഒരാലോചനയോടെ പറഞ്ഞു. "ഇവിടെയൊക്കെ എത്തിപ്പെടുന്ന കന്യകമാരായ പെൺകുട്ടികളെ, വല്ല്യ വിലകൊടുത്ത് അതിസമ്പന്നരായ ചിലർ വാങ്ങിക്കൊണ്ടുപോകാറുണ്ട്. ഇവളിവിടെ വന്നപ്പോൾ കന്യകയായിരുന്നില്ല.  കന്യകമാർക്ക് മാത്രമേ അത്തരം ഒരു ഡിമാന്റുള്ളൂ. കന്യകയല്ലെങ്കിൽ എത്ര സുന്ദരിയായിട്ടും കാര്യമില്ല. എന്നാലും... നല്ല വില കൊടുത്താൽ... ചിലപ്പോൾ... ഇവളെ അവർ സാറിന് തരും. "


ക്ലാവർ ഒഴിഞ്ഞ ഗ്ലാസിലേക്ക് വീണ്ടും മദ്യമൊഴിച്ചു. വെള്ളം പോലും ചേർക്കാതെ ഒരു കവിൾ കുടിച്ച്, നെഞ്ചുഴിഞ്ഞുകൊണ്ടായാൾ പറഞ്ഞു. 


"എനിക്കുറപ്പൊന്നുമില്ല. സംസാരിച്ചുനോക്കാം. അവർ പറയുന്ന വില കൊടുക്കേണ്ടി വരും. ഇവിടെ ബാർഗേയിനൊന്നുമില്ല. റെഡി ക്യാഷ് വേണ്ടി വരും. ചെക്കും മണ്ണാങ്കട്ടയുമൊന്നും പറ്റില്ല. കറൻസി, അല്ലെങ്കിൽ ഗോൾഡ്. ഇതേ നടക്കൂ." 


"എന്നാലും... എത്രയാവും? നീയത് പറ." അയാൾ പറഞ്ഞു നിർത്തിയപ്പോൾ ലാസർ ചോദിച്ചു.


"പെട്ടെന്ന് പറയാനൊക്കില്ല. ഒരു മുപ്പതോ നാല്പതോ അതിൽ കൂടുതലോ ആവും"


"ലക്ഷം?" ലാസർ അത്ഭുതത്തോടെ ചോദിച്ചു 


"അല്ലാതെപിന്നെ? നടക്കില്ലെങ്കിൽ സാറിതാലോചിക്കുകയെ വേണ്ട." 


ലാസർ ലിസിയെ നോക്കി. അവളുടെ മുഖത്ത് നിരാശയുടെ മേഘങ്ങൾ ഉരുണ്ടുകൂടി. എങ്ങിനെയെങ്കിലും ഈ നരകത്തിൽ നിന്നൊന്ന് രക്ഷപ്പെടാനാവുമെന്നവൾ വെറുതെ ആശിച്ചിരുന്നു. മെല്ലെ തലകുലുക്കിക്കൊണ്ട് ലാസർ പറഞ്ഞു.


"സമ്മതം. ഒരു മുപ്പതൊക്കെ ഓക്കെ. കൂടുതലായാൽ പ്രയാസമാകും." 


"ഞാൻ നോക്കാം. ഉറപ്പല്ല. പിന്നെ സംഗതി നടന്നാൽ എത്രയും പെട്ടെന്ന് ഇവളെയും കൊണ്ട് നാട്ടിലേക്ക് പൊയ്ക്കൊള്ളണം. ഇവളെ പിന്നെയിവിടെ നിർത്തുകയേ ചെയ്യരുത്. ഞാനൊരു തമിഴൻറെ നമ്പർ തരാം. അയാൾ ഡ്യൂപ്ലിക്കേറ്റ് പാസ്പോർട്ടൊക്കെ ഉണ്ടാക്കുന്ന ഒരാളാണ്. നാട്ടിൽ ചെന്ന് അയാളെ വിളിച്ചാൽ മതി. ആവശ്യമുള്ള പേപ്പറുകളൊക്കെ അയാൾ ശരിയാക്കിത്തരും. ഒരാളെങ്കിലും രക്ഷപെടട്ടെ. ഈ നശിച്ച കിടങ്ങിൽ നിന്നൊരാളെങ്കിലും രക്ഷപെടട്ടെ."


ക്ലാവർ ആടിയാടി പോയി. ലിസി എഴുനേറ്റ് വന്നു. അരികിലിരുന്ന് ലാസറിൻറെ ചുമലിലേക്ക് തല ചായ്ച്ചു മെല്ലെ ചോദിച്ചു. 


"നിങ്ങളാരാണ്? എന്തിനാണിത്രയും വിലകൊടുത്തെന്നെ സ്വന്തമാക്കുന്നത്?" 


"ഞാൻ ഇമ്മാനുവൽ. തല്ക്കാലം... നീയിപ്പോളത്രയുമറിഞ്ഞാൽ മതി. എല്ലാം ഞാൻ വഴിയേ പറയാം." 


അവളൊന്നും പറഞ്ഞില്ല. മെല്ലെ തലയുയർത്തി. പിന്നെ കവിളിലൊരു ഗാഢമായ ചുംബനം നൽകി. ലാസർ നോക്കിയപ്പോൾ അവളുടെ കണ്ണുകൾ രണ്ടു മുത്തുകൾ പോലെ തിളങ്ങുന്നുണ്ടായിരുന്നു.


ആ രാത്രി കഴിഞ്ഞു. പിറ്റേ പകൽ വൈകുന്നേരം വരെ ബിസിനസ്സ് പരമായ കൂടിക്കാഴ്ചകളും ചർച്ചകളുമായി ലാസർ തിരക്കിലായിരുന്നു. കരാറുകൾ എല്ലാം തന്നെ മിത്രയ്ക്ക് അനുകൂലമായ രീതിയിൽ എഴുതിക്കാൻ ലാസറിന് കഴിഞ്ഞു. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നാളെ മടങ്ങാം. ഫ്രെഡിയെ വിളിച്ച് ബിസിനസ്സ് കാര്യങ്ങളൊക്കെ ധരിപ്പിച്ചു. ഫ്രെഡിക്ക് വലിയ സന്തോഷമായി. തിരികെ ഹോട്ടലിലെത്തിയപ്പോൾ, ക്ലാവർ ലോബിയിൽ കാത്തിരിക്കുന്നുണ്ട്. 


"സാറെ... നിങ്ങളുടെ ജാതകം ഒന്ന് തരണം. അതിലെ ഭാഗ്യ യോഗമെന്താണെന്ന് ഒന്നറിഞ്ഞിരിക്കാനാ." 


"അവർ സമ്മതിച്ചോ?" ലാസർ ആകാംഷയോടെ ചോദിച്ചു.


"ഉം... സമ്മതിച്ചു. ഭാഗ്യം അതല്ല. ഞാനൊരു മുപ്പതോ നാൽപ്പതോ ചോദിക്കുമെന്നാ കരുതിയത്. ഇതിപ്പോൾ ഇരുപത്തിയഞ്ച് മതി. അവളെ പോലെ സുന്ദരിയായ ഒരാളെ അവരെന്തുകൊണ്ട് ഒഴിവാക്കുന്നു എന്നറിയില്ല.. നാളെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് മുൻപ് റെഡി ക്യാഷായിട്ട് വേണം. പന്ത്രണ്ടേ അഞ്ചിന് കിട്ടിയിട്ട് കാര്യമില്ല. സാറിന് മനസ്സിലാവുന്നുണ്ടോ?"


ലാസർ സമ്മതഭാവത്തിൽ തലകുലുക്കി. ക്ലാവർ നാളെ കാണാമെന്ന് പറഞ്ഞു പോയപ്പോൾ അയാളാലോചിച്ചു. ഇരുപത്തിയഞ്ച് ലക്ഷം. അക്കൗണ്ടിലൊരു മുപ്പത്തിയഞ്ചു ലക്ഷത്തോളം കാണും. ബാങ്കിൻറെ ശാഖ ഇവിടെ ഉണ്ടെങ്കിലും... ഇരുപത്തിയഞ്ച് ലക്ഷം ഒറ്റയടിക്ക് പിൻവലിക്കുമ്പോൾ.. ചിലപ്പോൾ പന്ത്രണ്ട് മണിക്ക് മുൻപ് പണം കിട്ടി എന്ന് വരില്ല. ഇനിയിപ്പോൾ എന്ത് ചെയ്യും. കപ്പിനും ചുണ്ടിനുമിടയിൽ വച്ച് അവസരം നഷ്ടമാവരുതല്ലോ.


നേരെ ഫ്രെഡിയെ വിളിച്ചു. ഒരു കഥയുണ്ടാക്കിപ്പറഞ്ഞു. ആരുമില്ലാത്തൊരു പെൺകുട്ടി, ഇത്തരം ചുറ്റുപാടുകളിൽ പെട്ടുപോയിരിക്കുന്നു. അവളെ രക്ഷിക്കണം. അതിന് പണം വേണം. ഇരുപത്തിയഞ്ച് ലക്ഷം രൂപ നാളെ പകൽ പന്ത്രണ്ടു മണിക്ക് മുൻപ് എത്തിച്ചു കൊടുത്താൽ, അവളെ രക്ഷിക്കാം. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഫ്രെഡി ചോദിച്ചു. 


"നീ സീരിയസാണോ?" 


"അവളെ ഇവിടെ ഉപേഷിച്ച് പോരാൻ തോന്നുന്നില്ല.  എൻറെ അക്കൗണ്ടിൽ പൈസയുണ്ട്. ബട്ട്... വിഡ്രോ ചെയ്യുമ്പോൾ ലേറ്റാവുമോയെന്നൊരു പേടി."


“തന്നെയിത്രയ്ക്ക് കൊതിപ്പിക്കാനവളെന്താടോ... വല്ല അപ്സര കന്യകയുമാണോ? ഊം... പണത്തെയോർത്ത് ബേജാറാവണ്ട. നാളെ ഒരു പത്തുമണിയാകുമ്പഴേക്കും ക്യാഷ് ഹോട്ടലിലെത്തിയിരിക്കും. നമ്മുടെ ഭൂപതിയില്ലേ അവിടെ. ഞാൻ വിളിച്ചു പറഞ്ഞോളാം. പോരെ?”


“ഓ... താങ്ക്യൂ സാർ. താങ്ക്യൂ വെരിമച്ച്.” 


“അതേയ്..... ഒരു കാര്യം....” ഫ്രെഡി ഇടയ്ക്ക് നിർത്തി 


“എന്താ സാർ....”


“സൂക്ഷിക്കണം. അവരൊക്കെ വളരെ ഡൈഞ്ചറസ്സായ ആളുകളാണ്. എത്രയും പെട്ടെന്ന് അവിടന്ന് മടങ്ങിക്കൊള്ളൂ.”


“ഓക്കെ സാർ. ഐ വിൽ....”


അതിയായ സന്തോഷത്തോടെയാണ് ലാസർ റൂമിലേക്ക് പോയത്. വാതിൽ തുറന്ന ലിസി അയാളുടെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കി. തൻറെ കയ്യിലെ ബാഗ് സോഫയിലേക്കിട്ടുകൊണ്ടവൻ ലിസിയെ അണച്ച് പിടിച്ചു. ഒരു ദയയും കൂടാതെ അവളുടെ കവിളിൽ കടിച്ചു. നോവ് കാരണം ലിസി, "ഹാ" എന്നൊരു ശബ്ദമുണ്ടാക്കി. ചിരിച്ചുകൊണ്ട് ലാസർ പറഞ്ഞു.


“ഐ ഓൺ യു സ്വീറ്റ് ഹേർട്ട്. ഐ ഓൺ യു.” 


അവളുടെ കണ്ണുകൾ തിളങ്ങി. സന്തോഷാധിക്യത്തിൻറെ പരവേശത്തോടെ അവൾ ചോദിച്ചു. 


"റിയലി? അവർ സമ്മതിച്ചോ? ഓ മൈ ഗോഡ്. അറ്റ് ലാസ്റ്റ്... ഐ മെറ്റ്... മൈ ഗാർഡിയൻ ഏഞ്ചൽ."   


വിടർന്ന കണ്ണുകളോടെ ലാസർ അവളെ, അതിശയത്തോടെ നോക്കി. ഇവളാള് കൊള്ളാമല്ലോ. സാമാന്യം വിദ്യാഭ്യാസമൊക്കെയുള്ള കൂട്ടത്തിലാണെന്ന് തോന്നുന്നു. അവൾ ഒരൽപം കൊഞ്ചലോടെ ചോദിച്ചു. 


“മൈ ലോഡ്... ഹൗ ഐ വിൽ മെയ്ക്ക് യു... മോർ ഹാപ്പി? ഇൻ ദിസ് മോസ്റ്റ് ബ്യുട്ടിഫുൾ... എൻചാൻഡിങ് ഈവനിംഗ്?”


“ഊം.. ജസ്റ്റ് മിക്സ് സം ഡ്രിങ്ക്. ഫോർ യു... ആൻഡ് മീ.”


അവളവൻറെ കണ്ണുകളിലേക്ക് നോക്കി. ആകാശനക്ഷത്രം പോലെ തിളങ്ങുന്ന അവളുടെ കണ്ണുകളിലപ്പോൾ, അനുരാഗ സാഗരം തിരതല്ലുന്നുണ്ടായിരുന്നു. 


പിറ്റേന്ന് ഒൻപതരമണിയായപ്പോഴേക്കും ഭൂപതിയുടെ ആളെത്തി. പത്തുമണിയായപ്പോൾ ക്ലാവറും, കൂടെ ഒരാളുമുണ്ടായിരുന്നു. പണം വാങ്ങിയ ശേഷം ക്ലാവറിൻറെ കൂടെയുണ്ടായിരുന്നയാൾ പോയി. ക്ലാവർ ലാസറിനോട് പറഞ്ഞു.


"ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് മുൻപ് ഈ നഗരം വിട്ടോളണം. ഇവൾ ഇനിയൊരിക്കലും ഇങ്ങോട്ടു വരരുത്. പൊലീസോ മീഡിയയോ ഒന്നുമറിയരുത്. എവിടെയെങ്കിലും പോയി സമാധാനമായി ജീവിച്ചോളൂ." 


അയാളൊരു മൊബൈൽ നമ്പർ മാത്രമെഴുതിയ കാർഡ് നീട്ടി. ലാസർ അത് വാങ്ങി. 


"ആ നമ്പറിൽ വിളിച്ചാൽ... ഇനി നിങ്ങൾക്കാവശ്യമുള്ള എല്ലാ രേഖകളും... അയാളുണ്ടാക്കിത്തരും. നാട്ടിൽ ചെന്നിട്ട് മതി." ലിസിയുടെ മുഖത്തേയ്ക്ക് നോക്കി. "ഇനി ഒരിക്കലും കാണാനിട വരാതിരിക്കട്ടെ. പൊയ്ക്കോളൂ... സന്തോഷായിട്ട് പൊയ്ക്കൊള്ളൂ."

 

അയാളുടെ മുഖത്ത് മുൻപുണ്ടായിരുന്ന വഷളൻ ചിരി ഇപ്പോഴില്ല. മറുപടിക്ക് കാത്തു നിൽക്കാതെ അയാൾ പോയി. ലാസർ വേഗം യാത്രയ്ക്കുള്ള ഒരുക്കങ്ങളൊക്കെ തുടങ്ങി. മൂന്നു മണിക്ക് അവർ ആ നഗരം വിട്ടു. 


ഉയർന്നു പൊങ്ങിയ വിമാനത്തിലിരുന്ന് ലിസി ആ മഹാ നഗരത്തെ നോക്കിക്കണ്ടു. എന്തെല്ലാം മധുര മോഹന സ്വപ്നങ്ങളുമായി ഈ നഗരത്തിൽ തീവണ്ടിയിറങ്ങിയവളാണ് ഞാൻ. ഒന്നും ഓർക്കാതിരിക്കാം. മുൻപ്  സംഭവിച്ച ബുദ്ധിമോശങ്ങൾക്ക് വിലകൊടുത്തു കഴിഞ്ഞ ജീവിതത്തിൻറെ ബാക്കിയാണിനിയുള്ളത്. ഇനി പുതിയൊരു ജീവിതം. പുതിയ എന്തോ ഒന്ന്.


അവൾ മെല്ലെ ലാസറിനെ നോക്കി. സീറ്റിലേക്ക് ചാരി കണ്ണുകളടച്ച് എന്തോ ആലോചനയിൽ മുഴുകിയിരിക്കുന്ന അവൻറെ ചുമലിലേക്ക് അവൾ മെല്ലെ തല ചായ്ച്ചു. അവൾക്കവൻ പുതിയൊരു രക്ഷകൻ തന്നെ.


തുടരും


2 comments:

  1. പുതിയ നല്ലൊരു ജീവിതത്തിലേക്കോ അതോ ദുരിതങ്ങളിലേക്കോ ഇനി അവർ എത്തിച്ചേരുക ..?

    ReplyDelete