Thursday, March 25, 2021

ചിലന്തിവലയിൽ ഒരു ചിത്രശലഭം!



അദ്ധ്യയം 38: സൽക്കാരം 


കാറിൽ വച്ച് ഫ്രെഡി ഒന്നും സംസാരിച്ചില്ല. ലിസി സംസാരിക്കാൻ ശ്രമിച്ചപ്പോഴൊക്കെ അവനൊരു വാക്കിലോ മൂളലിലോ തൻറെ മറുപടിയൊതുക്കി. ലിസിക്ക് നിരാശയായി. തൻറെ സൗന്ദര്യം പിന്നെയും പിന്നെയും വെല്ലുവിളിക്കപ്പെടുന്ന പോലെ തോന്നി. 


ഇന്നോളം ഏതൊരു പുരുഷനെയും നിസാരമായി തന്നിലേക്ക് വലിച്ചിടാൻ കഴിയുന്നവളാണ് താനെന്ന് കരുതിയത് തെറ്റാണെന്ന് തോന്നിയപ്പോൾ, അവളിൽ ഒരു വിരോധിയുടെ മനസ്സ് ജനിച്ചു. ഫ്രെഡിയെ ഇടയ്ക്കിടെ അവൾ ഏറുകണ്ണിട്ട് നോക്കി. ഫ്രെഡി ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിച്ചിരിക്കുകയാണ്. അവൾ മനസ്സിൽ ചിലതൊക്കെ കണക്ക് കൂട്ടുകയായിരുന്നു.


ഫ്ലാറ്റ് സമുച്ചയത്തിൻറെ കോമ്പൗണ്ടിലേക്ക് കാർ കയറി. മഴ തോർന്നിട്ടില്ല. കാർ നിർത്തിയപ്പോൾ  ലിസി പറഞ്ഞു.


“സാർ. ഒന്ന് കയറിയിട്ട് പോവാം.” 


ഫ്രെഡി താല്പര്യമില്ലാത്ത മുഖഭാവത്തോടെ പറഞ്ഞു. "ഓ... വേണ്ട. പിന്നീടാവാം."

  

ലിസിയുടെ മുഖം മങ്ങി. "പ്ലീസ് സാർ. ഇത്രേം വരെ വന്നിട്ട്. ഞങ്ങളുടെ... ഒരു സന്തോഷത്തിനെങ്കിലും. "


ഫ്രെഡി ഒന്ന് പുഞ്ചിരിച്ചു. ശരിയെന്നർത്ഥത്തിൽ തലയാട്ടി. ഫ്രെഡി കാർ പാർക്ക് ചെയ്ത് വരുവോളം അവൾ കാത്തു നിന്നു. രണ്ടുപേരും ഒരുമിച്ച് ലിഫ്‌റ്റിൻറെ അരികിലേക്ക് നടക്കവേ, മഴ പെയ്യുന്നത് കാരണം കളി മുടങ്ങിയ കുട്ടികൾ ഫ്രെഡിയെ നോക്കി കൈവീശിക്കാണിച്ചു.ഫ്രെഡി തിരിച്ചും.


“സാറിനെ ഇവിടെ എല്ലാർക്കും അറിയാമല്ലേ?”


"ഉം..." ഫ്രെഡിയൊന്ന് മൂളുക മാത്രം ചെയ്തു. ലിഫ്റ്റിൽ കയറി കണ്ണാടിയിൽ നോക്കി, ചെറിയ നനവുള്ള മുടി ഒന്ന് വിടർത്തിയിട്ടു ലിസി. വിരലുകൾ കൊണ്ടത് കൊത്തിക്കൊണ്ടിരിക്കെ, ഇടയ്ക്കവൾ ഫ്രെഡിയെ ഒന്ന് നോക്കി. കൗതുകത്തോടെ തൻറെ പ്രവർത്തി നോക്കിനിൽക്കുന്ന ഫ്രെഡിയോടവൾ പുഞ്ചിരിയോടെ പറഞ്ഞു.    


"സോറി സാർ. നനവ് നിന്നാൽ മുടി വേഗം കേടുവരും." ഫ്രെഡി സുന്ദരമായൊന്ന് പുഞ്ചിരിച്ചു. അവൻറെ കുറുകിയ കണ്ണുകളിലേക്ക് നോക്കി ലിസി ചോദിച്ചു. "എന്താ സാർ? എന്തിനാ ചിരിക്കുന്നത്?"


"ചുമ്മാ..." ഫ്രെഡി വേഗം നോട്ടം അവളിൽ നിന്നും മാറ്റി. ലിഫ്റ്റ് നിന്നിരുന്നു. ലിസി വേഗം മുടിയൊതുക്കി. 


ഫ്ലാറ്റിൻറെ ഡോറിൻറെ ഹാൻഡിൽ തിരിച്ചുനോക്കി നിരാശയോടെ ലിസി പറഞ്ഞു. "അയ്യോ... അച്ചായനെത്തിയില്ലേ? ഇതെവിടെ പോയി? ഒന്നും പറയാതെ." 


അവൾ മൊബൈൽഫോൺ ഡയൽ ചെയ്തു. ചെവിയോട് ചേർത്തു. നിരാശയോടെ, ഒരൽപം ഭീതി കലർന്ന കണ്ണുകളോടെ, ഫ്രെഡിയെ നോക്കി. ഫ്രെഡി തൻറെ മൊബൈലിലും ഒരു ശ്രമം നടത്തി നോക്കി. നിങ്ങൾ വിളിക്കുന്ന ആൾ മൊബൈൽ ഫോൺ സ്വച്ച് ഓഫ് ചെയ്തിരിക്കുകയാണെന്ന അറിയിപ്പ് മാത്രം. 


"എനിക്ക് പേടിയാവുന്നു സാർ..." ലിസിയുടെ പതറിയ ശബ്ദം. ഫ്രെഡി മുഖമുയർത്തി അവളെ നോക്കി. അവളിപ്പോൾ കരയും എന്നമട്ടിൽ നിൽക്കുകയാണ്. നോക്കിനിൽക്കെ അവളുടെ കണ്ണുകൾ നിറഞ്ഞുവന്നു. ഫ്രെഡി വല്ലാതായി. 


"ഏയ്... ഈസി. നമുക്കന്വേഷിക്കാം. ഫോൺ ചാർജ് തീർന്നിരിക്കും." 


അവൾ തേങ്ങാൻ തുടങ്ങി. എന്ത് ചെയ്യണമെന്നറിയാതെ ഫ്രെഡി ഒരു നിമിഷം കുഴഞ്ഞു. അവനവളുടെ അരികിലെത്തി. അവളുടെ തേങ്ങൽ ശക്തികൂടിവരുന്നെന്ന് മനസ്സിലായ ഫ്രെഡി പതറിപ്പോയി.  ഈ കൊച്ചിതെന്താണ് കാട്ടുന്നതെന്നവൻ മനസ്സിലോർത്തു. ആരെങ്കിലും കണ്ടാൽ എന്താ കരുതുക?


"ലിസീ... നീ വാതിൽ തുറക്ക്. ഇവിടെ നിന്നിങ്ങനെ കരയാതെ. നമുക്ക് അന്വേഷിക്കാമെന്ന് പറഞ്ഞില്ലേ.."


ലിസി വാതിൽ തുറന്നു. പിന്നെ തേങ്ങിക്കൊണ്ട് ഉള്ളിലേക്ക് ഒരോട്ടമായിരുന്നു. സ്വീകരണറൂമിലെ സോഫയിലേക്ക് കമഴ്ന്നു വീണവൾ ഉച്ചത്തിൽ കരയാൻ തുടങ്ങി. ഒരു നിമിഷം വാതിലടക്കണോ വേണ്ടയോ എന്ന് ശങ്കിച്ച ഫ്രെഡി, ആ കരച്ചിലിൻറെ ശക്തി കണ്ടപ്പോൾ വാതിൽ ചാരി. അവൻ ലിസിയുടെ അടുക്കൽ ചെന്ന് എന്ത് ചെയ്യണമെന്നറിയാതെ നിന്നു.


“ലിസീ...” മെല്ലെയവളെ തട്ടിവിളിച്ചു. അവൾ കരച്ചിൽ തന്നെ. വീണ്ടും ഫോൺ  ചെയ്തുനോക്കി. ഇല്ല. മാറ്റമൊന്നുമില്ല. 


"ലിസീ... വിഷമിക്കണ്ട. ഞാൻ ഹസ്സനെ വിളിച്ചു പറയാം. വീ വിൽ ഫൈൻഡ് ഹിം. ഡോണ്ട് വറി." 


ഫ്രെഡി ഹസ്സനെ വിളിക്കാനൊരുങ്ങുമ്പോൾ ലിസിയുടെ മൊബൈൽ റിംഗ് ചെയ്യാൻ തുടങ്ങി. ചാടിപ്പിടഞ്ഞെഴുനേറ്റ ലിസി ഫോണെടുത്തു.


"ഹലോ..." ഫ്രെഡി നോക്കിനിൽക്കെ അവളുടെ മുഖം വിടർന്നു. കണ്ണീരിലും അവളുടെ പുഞ്ചിരി അങ്ങേയറ്റം വശ്യമായിരുന്നു. അവൾ ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ല. വെറുതെ മൂളിക്കൊണ്ടിരുന്നു. അവസാനം പറഞ്ഞു. 


"ഞാൻ ഫ്രെഡി സാറിൻറെ കൂടെ. ദാ... ഇവിടുണ്ട്. കൊടുക്കാട്ടോ..."


അവൾ ഫോൺ നീട്ടി. ഫ്രെഡിയുടെ കണ്ണിൽ നോക്കിയപ്പോൾ നാണം കൊണ്ടവൾ ചൂളിപ്പോയി. അവളുടെ ശബ്ദം താഴ്ന്നിരുന്നു. "അച്ചായനാ... ഓഫീസിലുണ്ടത്രെ."   


ഫ്രെഡി ഫോൺ വാങ്ങി. ചെവിയോട് ചേർത്ത് ഹലോ പറഞ്ഞു. 


“ഓ.. ജീസസ്! ഇപ്പോഴാ ഒരാശ്വാസമായത്. സാറേ... ഞാനാകെ പേടിച്ചു പോയി. ലിസിയോടിങ്ങോട്ട് വരാൻ പറഞ്ഞത് മറന്നു. അവിടെ ചെന്നപ്പോഴാ... ഓർത്തത്. നേരെ ഇങ്ങോട്ടു പോന്നു. നശിച്ച മഴ കാരണം നേരത്തിനെത്താനായില്ല. വണ്ടിക്കെന്തോ ഒരു മിസ്സിംഗ്‌.  മൊബൈലാണെങ്കിൽ ഓഫ്.  ഇവിടെ വന്നപ്പോൾ അവളെ കാണാതെ വല്ലാതെ പേടിച്ചു. മറ്റവന്മാരെങ്ങാനും വന്നോന്നൊരു പേടി. സെക്യൂരിറ്റിയാ സാറിൻറെ കാറിൽ കയറിപ്പോയെന്ന് പറഞ്ഞത്. അപ്പോഴാ ഒരാശ്വാസമയത്.  സാറവിടെ വെയിറ്റ് ചെയ്യ്. ഞാനിതാ എത്തി.” 


“യ്യോ... ഇമ്മാനുവൽ. ഐ ആം ആൾറെഡി ലേറ്റ്. ഞാനിപ്പോൾ പോകും.”


“സാർ ഞങ്ങളുടെ വീട്ടിലേക്ക് ആദ്യം വരികയല്ലേ. ഒന്നിരിക്ക് സാറേ. ഞാനിതാ വന്നു.”


ഫ്രെഡിക്ക് എന്തെങ്കിലും പറയാൻ കഴിയുന്നതിൻറെ മുൻപേ ഫോൺ ഡിസ്കണക്ടായി. ഫോണും കയ്യിൽ പിടിച്ച് നാലഞ്ച് നിമിഷങ്ങൾ വെറുതെ നിന്നു. പിന്നെ ഫോൺ ലിസിയുടെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.


"സമാധാനമായില്ലേ...? എൻറെ ലിസീ. ഇങ്ങിനെ കരയരുത് കേട്ടോ. കരച്ചിൽ കണ്ടിട്ടെൻറെ കരള് കത്തിപ്പോയി. ഒരു പെണ്ണ് ഇങ്ങിനെ കരയുന്നത് ആദ്യമായിട്ട് കാണുകയാ."


ലിസിയുടെ മുഖത്ത് ലജ്ജ പടർന്നു. അവൾ കടക്കണ്ണുകൊണ്ട് ഫ്രെഡിയെ നോക്കി. "അത് ഞാൻ പേടിച്ചിട്ടാ."


"ഉം... മനസ്സിലായി മനസ്സിലായി. എന്നാലും ഇങ്ങനെയുമുണ്ടോ പെണ്ണുങ്ങൾ?" ഫ്രെഡി ഊറിച്ചിരിച്ചു.


"കളിയാക്കല്ലെ സാറെ. സാർ ഇരിക്ക്. ഞാൻ ചായയെടുക്കാം." 


ഫ്രെഡിക്ക് എന്തെങ്കിലും പറയാൻ കഴിയുന്നതിൻറെ മുൻപേ അവൾ അകത്തേയ്ക്ക് പോയി. ഫ്രെഡി സോഫയിലിരുന്നുകൊണ്ട് കയ്യിൽ കിട്ടിയ ഒരു വനിതാ മാഗസിൻ മറിച്ചുനോക്കി. ഇടയ്ക്ക് സൂസൻറെ മെസ്സേജ് വന്നു. നേരം വൈകുമെന്ന് ആദ്യമേ പറഞ്ഞിരുന്നു. ഉടനെയെത്തുമെന്നൊരു മെസ്സേജിട്ടു. വീണ്ടും മാഗസിൻറെ താളുകൾ മറിച്ചുകൊണ്ടിരുന്നു.


“സാറിന് ബോറടിച്ചോ?” ലിസിയുടെ ചോദ്യം കേട്ടാണ് തലയുയർത്തിയത്. അവൾ വസ്ത്രം മാറ്റിയിട്ടുണ്ടായിരുന്നു. ആ വസ്ത്രത്തിൽ അവളുടെ സൗന്ദര്യം ഒന്നുകൂടി കൂടിയ പോലെ. ഫ്രെഡി വേഗം കണ്ണുകൾ മാറ്റി. 


"ഇല്ല." 


"ചായയെടുത്തുവച്ചിട്ടുണ്ട്."


“ഇമ്മാനുവലിനെ കണ്ടില്ലല്ലോ?”


“അച്ചായൻ വന്നോളും. മഴയല്ലേ. സാറ് വാ. ചായ തണുക്കും. പിന്നെ കൊള്ളത്തില്ല.”


ഡൈനിംഗ് ടേബിളിൽ ചായയും പരിപ്പ് വടയുമുണ്ടായിരുന്നു. ഫ്രെഡി അത്ഭുതത്തോടെ ചോദിച്ചു.


“ഇത് താനുണ്ടാക്കിയതാണോ?”


“അതെ? ഇഷ്ടമല്ലേ? ഈ മഴയുടെ തണുപ്പിൽ, ശരിക്കും കട്ടൻ ചായയും പരിപ്പുവടയും ഒരപാര കോമ്പിനേഷനാണ്. സാറിനെങ്ങിനെയാ കട്ടൻ ചായ തരിക? അതോണ്ട് പാൽചായയാക്കി.” അവൾ നിഷ്കളങ്കമായൊന്ന് ചിരിച്ചു


മേശയിൽ കൈമുട്ടുകളൂന്നി, വിരലുകൾ പരസ്പരം കൊരുത്ത്, അതിൽ താടി താങ്ങി ഫ്രെഡി അവളെ ഒന്ന് നോക്കി. താനാള് കൊള്ളാമല്ലോ എന്ന മട്ടിൽ. അവൾ ഒരു പരിപ്പുവടയെടുത്ത് ഫ്രെഡിക്ക് നേരെ നീട്ടി.    അത് വാങ്ങി ഒന്ന് കടിച്ചു നോക്കി. നല്ല രുചിയുണ്ടായിരുന്നു. ഉപ്പും എരിവുമൊക്കെ കൃത്യമായ അളവിൽ ചേർന്ന നല്ല പോലെ മൊരിഞ്ഞ ഒരു പരിപ്പുവട. 


“ഉം... ഫന്റാസ്റ്റിക്ക്. ഇമ്മാനുവൽ ഈസ് എ ലക്കിമാൻ...” 


“ഓ.. താങ്ക്യൂ സാർ. സാർ കഴിക്ക്.”


ഫ്രെഡി പക്ഷെ ഒരു വട മാത്രമേ തിന്നുള്ളൂ. പിന്നെ  പാതി കുടിച്ച ചായ ഗ്ലാസ്സുമായി നേരെ സ്വീകരണമുറിയിലേക്ക് തിരികെയെത്തി. പിന്നാലെ വന്ന ലിസി അതെ സോഫയിൽ അരികിലായിരുന്നപ്പോൾ ഫ്രെഡി അസ്വസ്ഥനായി. 


“എന്ത് പറ്റി സാർ. ഇഷ്ടായില്ലേ. സാറ് കഴിച്ചില്ല.” 


“ആ... ഞാനധികം... എണ്ണപ്പലഹാരം കഴിക്കാറില്ല. നല്ല ടേസ്റ്റുണ്ടായിരുന്നു കേട്ടോ. നല്ല പോലെ കുക്കിംഗ് അറിയാമല്ലേ?”


“ഊം... കുറച്ചൊക്കെ. സാറിനി വരുമ്പോൾ നമുക്ക് ബിരിയാണിയുണ്ടാക്കാം. നല്ല ചിക്കൻ ബിരിയാണി.” 


ഫ്രെഡി അവളെയൊന്ന് നോക്കി. നിഷ്കളങ്ക ഭാവത്തിൽ തന്നെയും നോക്കി മനോഹരമായി പുഞ്ചിരിക്കുന്ന അവളെ അങ്ങിനെ നോക്കി രണ്ടു മൂന്നു നിമിഷം നിന്നു. പിന്നെ ഒരു പുഞ്ചിരിയോടെ തൻറെ നോട്ടം പിൻവലിച്ചു. ഫ്രെഡി സൂസനെ ഓർത്തു. അവളൊരിക്കലും കിച്ചണിൽ കയറി ഭക്ഷണം ഉണ്ടാക്കാറില്ല. അവളങ്ങിനെ ശീലിച്ചിട്ടേ ഇല്ല. ഞാനും  നിർബന്ധിച്ചിട്ടില്ല.  നെടുവീർപ്പോടെ കയ്യിലെ ഗ്ലാസിൽ ബാക്കിയുണ്ടായിരുന്ന ചായ തീർത്തു. അവനെഴുനേറ്റു.


“ഞാൻ പോട്ടെ. ഇമ്മാനുവൽ വരുമ്പോൾ പറഞ്ഞാൽ മതി. തിരക്കുണ്ട്.”


“അയ്യോ... പ്ലീസ് സാർ.... പോവരുത്. അച്ചായൻ വന്നാലെന്നെ വഴക്ക് പറയും.”


അവൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ ഫ്രെഡിയുടെ വട്ടം നിന്നു. ഫ്രെഡി അത്ഭുതത്തോടെ നോക്കി. അവൾ ഒന്നുകൂടി ഫ്രെഡിയുടെ അരികിലെത്തി.     അവളിൽ നിന്നൊരു വശ്യഗന്ധം ഫ്രെഡിക്ക് അനുഭവപെട്ടു.  തലകുടഞ്ഞുകൊണ്ട് ചോദിച്ചു. 


“വാട്ട് ആർ യു ഡൂയിങ്ങ് ലിസീ... മാറ്... ലെറ്റ് മീ ഗോ.”


അവൾ രണ്ടു കൈകളും വിരിച്ച്, മാറിടം കുറച്ച് മുന്നോട്ട് തള്ളി, ഒന്നുകൂടി അടുക്കുകയാണ് ചെയ്തത്. യൗവ്വനത്തിൻറെ ധിക്കാരം പോലെ ഉയർന്ന, അവളുടെ മാറിടങ്ങൾ അവൻറെ ശരീരത്തിൽ തട്ടുമാറ് അവളവനിലേക്ക് ചേർന്നു നിന്നു. ഒരു കുഞ്ഞിനെ പോലെ കൊഞ്ചിക്കൊണ്ടവൾ പറഞ്ഞു. 


“വേണ്ട സാർ. പ്ലീസ്... പോണ്ട.” 


ഫ്രെഡിക്ക് തല പെരുക്കുന്ന പോലെ തോന്നി. ഇതെങ്ങാനും കണ്ടുകൊണ്ട് ഇമ്മാനുവൽ വന്നാൽ....?


ഈ പെണ്ണിതെന്ത് ഭാവിച്ചാണ്. ഇതിന് നല്ല ബുദ്ധിയില്ലേ? അവനു വല്ലാതെ ദേഷ്യം വന്നു. ഒട്ടും നിയന്ത്രിക്കാൻ പറ്റാത്ത ആ സമയത്ത്, ഫ്രെഡി അവളെ പിടിച്ച് ഒരു തള്ള് തള്ളി. അവളൊരു ഭാഗത്തേയ്ക്ക് തെറിച്ചുപോയി ചുമരിലിടിച്ചു നിന്നു.


അതൊന്നും ശ്രദ്ധിക്കാൻ നിൽക്കാതെ ഫ്രെഡി വേഗം വാതിൽ തുറന്ന് ഇറങ്ങിപ്പോയി. ദേഷ്യമോ സങ്കടമോ എന്തൊക്കെയോ വികാരങ്ങൾ ഇരച്ചുകയറുന്നുണ്ടായിരുന്നു. അവളെന്താണ് അങ്ങിനെ ചെയ്തതെന്നോ, തനിക്കെന്ത് കൊണ്ടിങ്ങനെ ദേഷ്യം വരുന്നതെന്നു അവനു മനസ്സിലായില്ല. പാവം ഇമ്മാനുവൽ. അവൻ ചതിക്കപ്പെടുകയാണോ? ലിസി എന്ത് കൊണ്ടാണിങ്ങനെ? 


കാറിൽ കയറാൻ നേരം ഫ്രെഡി ഒരു വോയ്‌സ് മെസ്സേജയച്ചു. "ഇമ്മാനുവൽ. സോറി. ഐ ആം ഇൻ ഹറി. ഞാനിറങ്ങുന്നു. സീ യു റ്റുമാറോ. ആ... പിന്നെ.. ലിസി ആകെ പേടിച്ച് പോയിട്ടുണ്ട്. നെക്സ്റ്റ് ടൈം കുറച്ചുകൂടി കെയർ ചെയ്യണം. കേട്ടൊ."


തുടരും

1 comment: