Saturday, March 27, 2021

ചിലന്തിവലയിൽ ഒരു ചിത്രശലഭം!



അദ്ധ്യായം 39: ദയ 


വീട്ടിലെത്തിയപ്പോഴും ഫ്രെഡി അസ്വസ്ഥനായിരുന്നു. സൂസന് അത് വളരെ വേഗം മനസ്സിലായി. എന്ത്പറ്റി എന്ന ചോദ്യത്തിന് എന്ത് പറയണം എന്നറിയാതെ ഫ്രെഡി ഒന്നാലോചിച്ചു. പിന്നെ, ലിസി തന്നെ തടയാൻ ശ്രമിച്ചതും, താനവളെ പിടിച്ചു തള്ളിയതുമൊഴികെ, എല്ലാം അവളോട് പറഞ്ഞു. ടെൻഷൻറെ കാരണമായി പറഞ്ഞത് ലിസിയുടെ കരച്ചിലായിരുന്നു.  ലിസിയും ഫ്രെഡിയും തനിച്ചൊരു ഫ്ലാറ്റിൽ, കുറച്ചുനേരമെങ്കിലും ഒരുമിച്ചായി എന്നറിഞ്ഞപ്പോൾ, അങ്ങേയറ്റം അസ്വസ്ഥയായെങ്കിലും, സൂസൻ അത് പുറത്തുകാണിച്ചില്ല. ഫ്രെഡിയെ ആശ്വസിപ്പിക്കാനെന്ന വണ്ണം പറഞ്ഞു. 


"ആ കൊച്ചിനല്ലെങ്കിലും ഒരു തലയും വാലുമില്ലാത്ത പോലെയാ. ഒടുക്കത്തെ സൗന്ദര്യമാണെങ്കിലും... ഒട്ടും ബുദ്ധിയില്ല. ഈ ഇമ്മാനുവലിനിതെവിടന്ന് കിട്ടിയോ ആവോ?"


ടെൻഷൻ മറന്ന് ഫ്രെഡിയൊന്നു ചിരിച്ചു. "ഹഹഹ... കുശുമ്പിൻറെ അംശം ചേരാതെ കർത്താവൊരു പെണ്ണിനേയും സൃഷ്ടിച്ചിട്ടില്ലെന്ന് തോന്നുന്നു."


സൂസൻ മുഖം കൂർപ്പിച്ചിരുന്നു. ഫ്രെഡി അവളുടെ അരികിലിരുന്നു. തന്നിലേക്കവളെ ചേർത്തു. അവളവൻറെ മാറിലേക്ക് ചാഞ്ഞു. അവനവളുടെ മുതുകിൽ മെല്ലെ മെല്ലെ തട്ടിക്കൊണ്ടിരുന്നു. അതാസ്വദിച്ച് അവൾ കണ്ണുകളടച്ച്, അവൻറെ മാറിൽ മുഖം പൂഴ്ത്തി. 


പതിവ് പോലെ ഉണർന്ന ഫ്രെഡി പല്ലുതേപ്പും കുളിയുമൊക്കെ കഴിഞ്ഞ് ടിവിയിൽ ന്യുസ് കണ്ടുകൊണ്ടിരിക്കെയാണ് മൊബൈൽ ബെല്ലടിച്ചത്. 


"ഗുഡ് മോർണിംഗ് ഇമ്മാനുവൽ"


"ഗുഡ് മോർണിംഗ്. സോറി സാർ. ഞാനിന്നൊരല്പം വൈകും. ലിസിയെ ഒന്നാശുപത്രി വരെ കൊണ്ടുപോണം."


ഫ്രെഡി അമ്പരന്നു. "എന്തേ? എന്ത് പറ്റി?"


“ഓ... ഇന്നലെ സാറ് പോയിക്കഴിഞ്ഞ ശേഷമാണത്രെ...  അവൾ ബാത്ത് റൂമിലൊന്ന് തെന്നി വീണു. മുഖമടച്ചാ വീണത്. ഞാൻ വരുമ്പോൾ തന്നെ മുഖത്തൊക്കെ നല്ല നീരുണ്ടായിരുന്നു. പിന്നെ ഐസൊക്കെ വച്ചു. രാത്രി നല്ല പനി. നേരം വെളുത്തപ്പോഴേക്കും മുഖത്ത് നല്ല വീക്കം. മൂക്കിൽ നിന്നൊരു നേരിയ ബ്ലീഡിംഗും ഉണ്ട്. 


"ഓ... ജീസസ്. ടേക്ക് യുവർ ഓൺ ടൈം. ഇന്ന് ലീവെടുത്തലും കുഴപ്പമൊന്നുമില്ല."


"താങ്ക്യൂ സാർ." 


ഫോൺ ഡിസ്കണക്ടായപ്പോൾ ഫ്രെഡി ആലോചിച്ചു. ഇന്നലെ താനവളെ പിടിച്ചു തള്ളിയപ്പോൾ ചുമരിൽ ചെന്നു മുട്ടിയിരുന്നു. അപ്പോഴത്തെ ഒരു ദേഷ്യത്തിന് അത് നോക്കിയതുമില്ല. അപ്പോൾ പറ്റിയതാവും. ഷിറ്റ്. ഓരോരോ നാശങ്ങൾ രാവിലെ തന്നെ മനുഷ്യൻറെ സ്വസ്ഥത നശിപ്പിക്കാൻ.


"എന്താ ഫ്രെഡീ? എന്ത് പറ്റി? ഒരു ടെൻഷൻ!"


കാപ്പിയുമായി വന്ന സൂസൻ അവൻറെ അരികിലിരുന്നു. അവളുടെ ഒക്കത്തിരിക്കുന്ന ആദം ഫ്രെഡിയെ നോക്കി എന്തൊക്കെയോ ശബ്ദമുണ്ടാക്കി. 


"നതിംഗ്. ഇമ്മാനുവലിന് ഇന്ന് വരാൻ പറ്റില്ലത്രേ. നല്ല സുഖമില്ലെന്ന്. ഇന്നാണെങ്കിലൊരു മീറ്റിംഗ് ഉണ്ട്. ഇനിയിപ്പോൾ ഞാൻ തന്നെ നോക്കണം." 


"ആഹാ... അതിനാണോ ഇത്ര ടെൻഷൻ. ദേ കൊച്ചിനെ കളിപ്പിച്ചേ. ആ ടെൻഷനൊക്കെ ഒന്ന് പോട്ടെ." 


ഫ്രെഡി പുഞ്ചിരിയോടെ ആദമിനെ വാങ്ങി. ആ തേൻ കൊഞ്ചലിൽ അവൻറെ ചിന്തകളും മാറിമറിഞ്ഞു.  സൂസൻ അവരുടെ അരികിൽ ആ പിതാവിൻറെയും പുത്രൻറെയും വിനോദങ്ങൾ നോക്കിയിരുന്നു.


ഓഫീസിലെത്തിയിട്ടും ഫ്രെഡി ഇടയ്ക്കിടയ്ക്ക് അസ്വസ്ഥനായി. ലിസിക്ക് പറ്റിയ പരിക്ക് എത്ര കടുത്തതാണാവോ? ഒന്ന് ശ്രദ്ധിക്കായിരുന്നു. അവളെ ആ സോഫയിലേക്ക് തള്ളിയിട്ടാൽ മതിയായിരുന്നു. കഷ്ടം. 


ഉച്ചയായപ്പോൾ വാട്ട്സ്ആപ് മെസ്സേജിട്ടു. ലിസിക്ക് എങ്ങിനെയുണ്ടെന്ന്. ഉടൻ തന്നെ മറുപടിയുണ്ടായി. കുഴപ്പമില്ല. വീട്ടിൽ തിരികെയെത്തിയിട്ടുണ്ട്. റസ്റ്റിലാണ്. മൂക്കിൻറെ ഉള്ളിൽ ചതവുണ്ട്. നല്ല തലവേദനയും. പെട്ടെന്ന് മാറട്ടെ എന്നൊരു മെസ്സേജ് അയച്ച ഫ്രെഡി, സ്വന്തം സീറ്റിലേക്ക് ചാരിയിരുന്നു.


ഒന്ന് പോയിക്കണ്ടാലോ? വേണോ? എൻറെ കയ്യിൽ നിന്നും പറ്റിയതല്ലേ? എന്നിട്ടും ഇമ്മാനുവലിനോട് അവൾ പറഞ്ഞത് ബാത്ത്റൂമിൽ വഴുതി വീണെന്ന്. എന്തിനാണവൾ കള്ളം പറഞ്ഞത്? ചിലപ്പോൾ ഇമ്മാനുവലിനെ പേടിച്ചാവും. ഇമ്മാനുവലിനെ അവൾ വല്ലാതെ പേടിക്കുന്നുണ്ടെന്ന് തോന്നുന്നു.

    

പോകണോ വേണ്ടയോ എന്ന ചിന്താകുഴപ്പത്തിൽ ഫ്രെഡി കുറെയധികം നേരം ഒന്നിലും ശ്രദ്ധിക്കാനാവാതെ കഴിഞ്ഞു. വൈകുന്നേരം ഒരു മൂന്ന് മണിയായപ്പോൾ പോകാൻ തന്നെ തീരുമാനിച്ചു. ഓഫീസിൽ നിന്നുമിറങ്ങി കാർ നേരെ അവരുടെ ഫ്ലാറ്റിലേക്ക് വിട്ടു.


ഫ്രെഡി ചെല്ലുമ്പോൾ സ്വീകരണമുറിയിൽ സോഫയിൽ ഒരു കുഞ്ഞു ബ്ലാങ്കറ്റ് പുതച്ച് ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു ലിസി. വാതിൽ തുറന്നു കൊടുത്ത ലാസർ ഫ്രെഡിയെ സ്വാഗതം ചെയ്തു. ഫ്രെഡിയെ കണ്ടപ്പോൾ ലിസി വിഷമത്തോടെ എഴുനേൽക്കാൻ ശ്രമിച്ചു. ഫ്രെഡി കിടന്നോളൂ എന്ന് കൈ കൊണ്ടാംഗ്യം  കാണിച്ചു. 


"ഹൌ ഈസ് ഷീ നൗ?" 


"ഷീ ഈസ് ഓക്കെ. കുറച്ചു പെയിൻ ഉണ്ട്. പിന്നെ ടെമ്പറേച്ചറും."


ഫ്രെഡി ലിസിയുടെ മുഖത്തേയ്ക്ക് നോക്കി. പൗർണ്ണമിത്തിങ്കൽ പോലെ ചന്തമുണ്ടായിരുന്ന ആ മുഖമിപ്പോൾ ചുവന്നിരുണ്ടിരിക്കുന്നു. ആമ്പൽ പൂ പോലുള്ള കണ്ണുകളിൽ ക്ഷീണം ഘനീഭവിച്ചിരിക്കുന്നു. ചുണ്ടുകൾക്ക് പോലുമുണ്ട് ഒരു നീലിച്ച നിറം. 


അവൾ ഫ്രെഡിയെ നോക്കി. അങ്ങേയറ്റം ക്ഷീണിച്ച ആ പുഞ്ചിരി കാണെ, ഫ്രെഡിയുടെ മനസ്സിൽ എന്തെന്നില്ലാത്തൊരു ദയ അവളോട് തോന്നി. കഷ്ടം. ദേഷ്യം വന്നപ്പോൾ ആ ചെവിക്ക് പിടിച്ചൊന്ന് മാറ്റി നിർത്തിയാൽ മതിയായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഫ്രെഡി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. സാരമില്ലെന്ന അർത്ഥത്തിൽ രണ്ടു കണ്ണുകളും അടച്ചു കാണിച്ചു.


ലാസർ അകത്തേയ്ക്ക് പോയി. സ്വീകരണമുറിയിൽ തങ്ങൾ തനിച്ചായപ്പോൾ ഫ്രെഡി മെല്ലെ ലിസിയോട് ചോദിച്ചു. 


“ഇന്നലെ ഞാൻ പിടിച്ച് തള്ളിയപ്പോഴല്ലേ... നിനക്കിത് പറ്റിയത്?”


അതിനവൾ ഫ്രെഡിയുടെ കണ്ണിലേക്ക് നോക്കി പുഞ്ചിരിയോടെ രണ്ടു കണ്ണുകളും അടച്ചു കാണിച്ചു. നേരത്തെ ഫ്രെഡി അടച്ചു കാണിച്ച പോലെ. ഫ്രെഡിയുടെ ചുണ്ടിലൊരു ചെറു പുഞ്ചിരി ഓടിവന്നു. അപ്പോഴാണ് ലാൻഡ്‌ ഫോൺ അടിക്കാൻ തുടങ്ങിയത്. കയ്യിലൊരു ഗ്ലാസിൽ ശീതളപാനീയവുമായി ലാസർ ഓടിവന്നു. ഗ്ലാസ്സ് ഫ്രെഡിക്ക് നൽകി, നേരെ ചെന്ന് ഫോണെടുത്തു.


"ഹലോ... അതെ. ആ... വന്നോ? ഞാനിതാ വരുന്നു."


ഫോൺ കട്ട് ചെയ്ത് ഫ്രെഡിയുടെ നേരെ തിരിഞ്ഞ്: “സാറിരിക്ക്. ഒരഞ്ചു മിനിറ്റ്. ഞാനിതാ എത്തി. താഴെ ഒരാളെ കാണാനുണ്ട്."   


ഫ്രെഡിക്ക് എന്തെങ്കിലും പറയാനവസരം നൽകാതെ അവൻ ഡോർ തുറന്ന് പോയി. കയ്യിലെ ഗ്ലാസ് മുന്നിലെ ടീപ്പോയിൽ വച്ച് ഫ്രെഡി ലിസിയെ നോക്കി.


“ഇപ്പോഴെങ്ങിനെയുണ്ട്? നല്ല വേദനയുണ്ടോ? പനിക്ക് കുറവുണ്ടോ?”


അവൾ പ്രയാസപ്പെട്ട് എഴുന്നേറ്റിരുന്നു. നേർത്ത ശബ്ദത്തിൽ പറഞ്ഞു.


“നന്നായി. അസുഖായോണ്ടല്ലേ... സാറ് വന്നത്. ഞാനിന്നലെ അങ്ങിനെയൊന്നും പെരുമാറാൻ പാടില്ലായിരുന്നു. ചില നേരത്ത് ഞാൻ കുട്ടികളെ പോലെയാണ്. സാറ് ക്ഷമിക്കണം.” 


ചിരിച്ചുകൊണ്ട് തല വെട്ടിച്ചു ഫ്രെഡി. താനെന്തൊരു സംഭവമാടോ എന്ന പോലെ, കൈകൊണ്ട് ഒരു ആംഗ്യം കാണിച്ചു. നേർത്ത ലജ്ജയോടെ ലിസി ചോദിച്ചു.


“സാറ് കരാട്ടെ പഠിച്ചിട്ടുണ്ടോ? എന്തൊരു തള്ളായിരുന്നു.” 


ഇല്ലെന്ന് തലവെട്ടിച്ചു ഫ്രെഡി. ലിസി പിന്നെയും ചോദിച്ചു.


“സാറിനെന്നോട് ദേഷ്യം തോന്നിയോ?”  


അതെയെന്ന് തലകുലുക്കിയ ഫ്രെഡി അവളെന്തോ പിന്നെയും ചോദിക്കാനാഞ്ഞപ്പോൾ പറഞ്ഞു. 


“അധികം സംസാരിക്കേണ്ട. പിന്നെ തല വേദനയാവും. അപ്പോൾ ദേഷ്യം തോന്നി. ഇപ്പോൾ ദേഷ്യമൊന്നുമില്ല. ഐ ആം സോറി. പറ്റിപ്പോയി. വേദനിപ്പിക്കണം എന്ന് കരുതിയില്ല. ഇന്നലെ നീയങ്ങിനെ നിൽക്കുന്നതും കണ്ട് ഇമ്മാനുവലെങ്ങാനും വന്നിരുന്നെങ്കിൽ? എന്നേം നിന്നേം ഒരുമിച്ചു കൊല്ലും. അന്യരോട് പെരുമാറുമ്പോൾ കുറച്ചുകൂടി കരുതുക. ജീവിതമാണ്. ഞാൻ  പറഞ്ഞു തരേണ്ടല്ലോ? കൈവിട്ടാൽ പിന്നെ തിരികെ കിട്ടാൻ ഇത്ര പ്രയാസമുള്ള വേറൊന്നില്ല.”


"അതിന് സാറ് ഞങ്ങളുടെ സാറല്ലേ. അന്യനല്ലല്ലോ?" ലിസി അൽപ്പം കൊഞ്ചലോടെ പറഞ്ഞു.


ഫ്രെഡി അവളെ അത്ഭുതത്തോടെ നോക്കി. ഈ പെണ്ണിന് തലക്ക് നല്ല സുഖമില്ലെന്ന് തോന്നുന്നു. ഇമ്മാനുവൽ വന്നിരുന്നെങ്കിൽ പോകാമായിരുന്നു. ഫ്രെഡി മൊബൈൽ ഫോൺ ഡയൽ ചെയ്തപ്പോൾ വീടിൻറെ അകത്തു നിന്നാണ് മൊബൈൽ റിംഗ് ചെയ്തത്.


ഓ.... ഇമ്മാനുവൽ മൊബൈൽ എടുത്തിട്ടില്ല. അപ്പോളെന്തായാലും ഇപ്പോൾ വരുമായിരിക്കും.


“സാറേ....” ലിസി മെല്ലെ വിളിച്ചു.  ഫ്രെഡി എന്തെ എന്നർത്ഥത്തിൽ അവളെ നോക്കി.


“സാറ് കരുതുന്നുണ്ടോ? എനിക്ക് വട്ടാണെന്ന്? അല്ലെങ്കിൽ ഞാനിപ്പോഴും ചീത്തയാണെന്ന്.?”


ഫ്രെഡി അത്ഭുതത്തോടെ നോക്കി നിൽക്കെ അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു.


“വട്ടൊന്നുമല്ല സാറേ. ഈ കൂട്ടിൽ ഒറ്റയ്ക്കായിട്ട് ഭ്രാന്ത് പിടിക്കുന്നു. അച്ചായന് ജോലി ജോലി എന്നൊരു ചിന്തയേ ഉള്ളൂ.  എന്നോട് സ്നേഹമില്ലെന്നല്ല കേട്ടോ. സത്യത്തിൽ ഞാൻ ഭയങ്കര ലക്കിയല്ലേ? അച്ചായനെപ്പോലെ ഒരാളെ സ്വപ്നം കാണാൻ പോലും പറ്റില്ലെനിക്ക്.” 


ഫ്രെഡി അവളെ ഒന്നും മനസ്സിലാകാത്ത ഒരാളെ പോലെ നോക്കി നിൽക്കെ അവൾ തുടർന്നു. 


“ഞാൻ ശരിക്കും ലക്കിയാ. പക്ഷെ എനിക്കീ നാട്ടിലൊരു ഫ്രണ്ട് പോലുമില്ല. ഒന്ന് സംസാരിക്കാൻ. വല്ലപ്പോഴും ഒന്ന് തമാശ പറഞ്ഞു ചിരിക്കാൻ. ആരുമില്ല. ബന്ധുക്കളുമില്ല. അയല്പക്കത്തൊന്നും പോവുന്നത് അച്ചായനിഷ്ടമല്ല.  ഈ ഏകാന്തതയ്ക്കൊരു വല്ലാത്ത ശ്വാസം മുട്ടലാണ്. ഇന്നലെ സാറിവിടെ വന്നപ്പോൾ സന്തോഷം കൊണ്ട് എനിക്ക് എന്നെ തന്നെ കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല. അതോണ്ടാ പോവുന്നൂന്ന് പറഞ്ഞപ്പോ... ഞാനറിയാതെ... അങ്ങിനെയൊക്കെ. സോറി.”


ഫ്രെഡിയുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു. സമ്മതഭാവത്തിൽ അവൻ മെല്ലെ തല കുലുക്കി. ഒരു നെടുവീർപ്പോടെ ലിസി മനോഹരമായൊന്ന് പുഞ്ചിരിച്ചു. 


തുടരും   

     

1 comment: